Tuesday, November 12, 2019

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | ഭാഗം -09


അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89


സുഖ്‌റുഫ്’ എന്നാൽ സ്വർണം.  ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണം, അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾ, അറബികളുടെ സത്യ നിഷേധം, പൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾ, പരലോക ശിക്ഷകൾ, പരലോക നേട്ടങ്ങൾ, മൂസാ നബിയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട്


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


ഭാഗം -09  ( 74 മുതൽ 80 വരെ )

(74)
إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ

നിശ്ചയം കുറ്റവാളികൾ നരക ശിക്ഷയിൽ നിത്യ വാസികളായിരിക്കും

സ്വർഗാവകാശികളുടെ അവസ്ഥയും അവർക്ക് ലഭിക്കുന്ന സന്തോഷങ്ങളും കഴിഞ്ഞ സൂക്തങ്ങളിലൂടെ വിശദീകരിച്ച അള്ളാഹു അവരുടെ നേർവിപരീത ശൈലി സ്വീകരിച്ചവരുടെ അവസ്ഥ വിശദീകരിക്കുകയാണിവിടെ. അനുസരണമുള്ളവർക്ക് ധിക്കാരികളേക്കാൾ എന്ത് മാത്രം സ്ഥാനമുണ്ടെന്ന് ബോദ്ധ്യപ്പെടാൻ (ഖുർതുബി)

ഭൂമിയിൽ അള്ളാഹുവിനെ നിഷേധിക്കുക എന്ന മഹാകുറ്റം അവർ ചെയ്തതിനാൽ അതിന്റെ പ്രതിഫലമായി നിത്യ നരകം അള്ളാഹു അവർക്ക് നിശ്ചയിക്കുന്നു (ഥബ്‌രി)

“മുജ്‌രിം” എന്ന പദം അവിശ്വാസിയെയും വിശ്വാസികളിലെ ദുർനടപ്പുകാരെയും ഉൾക്കൊള്ളുന്നതാണെങ്കിലും ഇവിടെ അവിശ്വാസിയെ മാത്രമാണ് ഉദ്ദേശിച്ചത്. കാരണം മനസ്സിൽ സത്യ വിശ്വാസത്തിന്റെ കണികയെങ്കിലുമുള്ളവരാരും സാശ്വത നരകത്തിനർഹരല്ല.(അവരുടെ തിന്മകൾക്ക് അള്ളാഹു നിശ്ചയിച്ച കാലാവധി വരെ നരകത്തിൽ കിടക്കുമെങ്കിലും അവരെയും അള്ളാഹു നരകത്തിൽ നിന്ന് രക്ഷപ്പെടുത്തും.) അത് കൊണ്ട് തന്നെ ഈ അദ്ധ്യായത്തിലെ അറുപത്തിയെട്ടാം സൂക്തത്തിൽ പറഞ്ഞ   “എന്റെ അടിമ
ളേ! നിങ്ങൾക്ക് ഭയം വേണ്ട നിങ്ങൾ ദു:ഖിക്കുന്നവരുമല്ല”  എന്ന സന്തോഷത്തിനു അവരും അർഹരാണ്. അഥവാ ശാശ്വതമായി നരകത്തിൽ താമസിക്കും എന്ന താക്കീത് അവർക്ക് ഭാധകമല്ല. അപ്പോൾ ഇവിടെ പറയുന്ന ‘കുറ്റവാളികൾ’ അവിശ്വാസികൾ തന്നെ എന്ന് സ്ഥിരപ്പെട്ടു (റാസി)


(75)
لَا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ

അവർക്ക് അത് ലഘൂകരിച്ച് കൊടുക്കപ്പെടുകയില്ല അവർ അതിൽ നിരാശരായിരിക്കും

നരകത്തിലെത്തിയ ആ കുറ്റവാളികൾക്ക് ഒരു സമയത്തും ശിക്ഷയിൽ ലഘൂകരണം നൽകപ്പെടുക പോലുമുണ്ടാവില്ല. ഇത് ബോദ്ധ്യമാവുന്നതോടെ അവരിൽ നിരാശ ബാധിക്കും അവർ നരകത്തിലെ ശിക്ഷ കുറച്ച് കിട്ടുവാനും വെള്ളവും ഭക്ഷണവും ലഭിക്കുവാനുമായി ധാരാളം കെഞ്ചുമെന്നും പക്ഷ അനുകൂലമായ ഒരു പ്രതികരണവും ലഭിക്കാതെ വരുമ്പോൾ അവർ നിരാശരാവുമെന്നും ഖുർആൻ പല സ്ഥലങ്ങളിലായി നടത്തിയ പരാമർശനങ്ങളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം ഉദാഹരണമായി ഇരുപത്തിമൂന്നാം അദ്ധ്യായം അൽ മുഅ്മിനൂനയുടെ 107-108 സൂക്തങ്ങൾ പറയുന്നു

“ഞങ്ങളുടെ നാഥാ! ഞങ്ങളെ ഈ നരകത്തിൽ നിന്ന് നീ പുറത്ത് കടത്തേണമേ. പിന്നെയും ഞങ്ങൾ (പഴയ സ്വഭാവത്തിലേക്ക്) മടങ്ങിയാൽ ഞങ്ങൾ അക്രമികൾ തന്നെ . അള്ളാഹു പറയും നിങ്ങൾ അവിടെ തന്നെ നിന്ദ്യരായി കഴിയുക. എന്നോട് സംസാരിക്കരുത്”, 


രക്ഷയുടെ വഴികളെല്ലാം അടഞ്ഞു എന്ന് അവർക്ക് ബോധ്യപ്പെടുന്ന സന്ദർഭമാണിത്. അതാണ് അവരിൽ നിരാശ ബാധിക്കും എന്ന് പറഞ്ഞത്


(76)
وَمَا ظَلَمْنَاهُمْ وَلَكِن كَانُوا هُمُ الظَّالِمِينَ

നാം അവരോട് അക്രമം ചെയ്തിട്ടില്ല പക്ഷെ അവർ തന്നെയായിരുന്നു അക്രമകാരികൾ

അള്ളാഹുവിനു പുറമേ നിങ്ങൾ  എന്തിനെ ആരാധിക്കുന്നതും നിങ്ങൾക്ക് വലിയ ശിക്ഷ വാങ്ങിത്തരുമെന്ന് അവർക്ക് നേരത്തേ താക്കീത് നൽകിയതായിരുന്നു. ആ മുന്നറിയിപ്പ് അവഗണിച്ച്, അള്ളാഹുവെ നിഷേധിച്ചും  മറ്റു ദൈവങ്ങളെ ആരാധിച്ചും സ്വയമേവ ഈ ശിക്ഷ നിങ്ങൾ ഏറ്റുവാങ്ങുകയായിരുന്നു എന്ന് സാരം(77)
وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّاكِثُونَ

അവർ വിളിച്ച് പറയും ഹേ മാലിക്! താങ്കളുടെ രക്ഷിതാവ് ഞങ്ങളുടെ മേൽ മരണം വിധിക്കട്ടെ അദ്ദേഹം (മാലിക്) പറയും നിങ്ങൾ ഇവിടെ താമസിക്കേണ്ടവർ തന്നെയാണ്


നരകത്തിന്റെ അസഹനീയമായ ശിക്ഷ ഏറ്റുവാങ്ങുമ്പോൾ നരകക്കാരുടെ വിലാപവും മാലിക്
عليه السلام എന്ന നരകത്തിന്റെ കാവൽക്കാരനായ മലക്കിന്റെ ഉത്തരവുമാണിത്.അതായത് മാലികേ! അള്ളാഹു ഞങ്ങളെ ഒന്ന് മരിപ്പിച്ചു തരട്ടെ എന്നാൽ ഈ വിഷമത്തിൽ നിന്ന് രക്ഷപ്പെടാമല്ലൊ എന്ന് അവർ പറയും.അപ്പോൾ മാലിക് എന്ന മലക്ക് പറയും നിങ്ങൾ മരിക്കില്ല ഇവിടെ ഈ നിലയിൽ ദുരിതം പേറി താമസിക്കും.ഈ ആശയം ഖുർആൻ പലയിടത്തും പറഞ്ഞിട്ടുണ്ട് “ധിക്കാരികൾ നരകത്തിൽ കിടന്ന് വെന്തെരിയും പിന്നീട് (ആ ശിക്ഷയിൽ  നിന്ന് രക്ഷപ്പെടും വിധം) അവർ മരിക്കുകയില്ല (എന്നാൽ അവർക്ക് ആശ്വാസം നൽകും വിധം) അവർ ജീവിക്കുകയുമില്ല” (അഅ്ലാ.11-13)

ഇമാം ബഗ്‌വി എഴുതുന്നു. മാലിക്
عليه السلام എന്ന മലക്കിനോട് അവർ ഇങ്ങനെ ഒരു ആവശ്യം നിരന്തരം നാല്പത് വർഷം ഉന്നയിച്ച് കൊണ്ടിരിക്കും അതിനു ശേഷമാണ് നിങ്ങൾ ഇവിടെ തന്നെ താമസിക്കുമെന്ന് മറുപടി പറയുക.അപ്പോൾ അവർ അള്ളാഹുവെ വിളിച്ച് പറയും.  “നാഥാ! ഞങ്ങളുടെ നിർഭാഗ്യം ഞങ്ങളെ അതിജയിച്ചു കളഞ്ഞു ഞങ്ങൾ വഴിപിഴച്ചു പോയ ഒരു ജനവിഭാഗമായിപ്പോയി ഞങ്ങളുടെ നാഥാ! ഞങ്ങളെ ഈ നരകത്തിൽ നിന്ന് നീ പുറത്ത് കടത്തേണമേ.പിന്നെയും ഞങ്ങൾ (പഴയ സ്വഭാവത്തിലേക്ക്) മടങ്ങിയാൽ ഞങ്ങൾ അക്രമികൾ തന്നെ”(അൽ മുഅ്മിനൂൻ 106/107)

അങ്ങനെ അവർ അള്ളാഹുവോട് നിരന്തരം പ്രാർത്ഥിക്കും.ദുനിയാവ് രണ്ട് തവണ കഴിച്ചു കൂട്ടാനുള്ള കാലാവധി കഴിയുമ്പോൾ അള്ളാഹു അവർക്ക് ഇങ്ങനെ മറുപടി കൊടുക്കും

“നിങ്ങൾ അവിടെ തന്നെ നിന്ദ്യരായി കഴിയുക.എന്നോട് സംസാരിക്കരുത്”(അൽ മുഅ്മിനൂൻ 108)

.പിന്നീട് അവർക്കൊന്നും പറയാൻ സാധിക്കാതെ നരകത്തിന്റെ അസഹനീയമായ വേദന സഹിച്ചുള്ള അട്ടഹാസവും അലർച്ചയും മാത്രം ബാക്കിയാവും (ബഗ്‌വി)

മാലിക്
عليه السلام ന്റെ മറുപടിയും ഇവരുടെ പ്രാർത്ഥനയും തമ്മിലുള്ള കാലാവധിയുടെ കണക്ക് സംബന്ധമായി നൂറ് കൊല്ലം, ആയിരം കൊല്ലമെന്നിങ്ങനെ  വേറെയും അഭിപ്രായങ്ങൾ വ്യാഖ്യാതാക്കൾ ഉദ്ധരിച്ചിട്ടുണ്ട് (റാസി)(78)
لَقَدْ جِئْنَاكُم بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ


(അള്ളാഹു പറയും) തീർച്ചയായും നാം നിങ്ങൾക്ക് സത്യം കൊണ്ട് വന്ന് തരികയുണ്ടായി പക്ഷെ നിങ്ങളിൽ അധികപേരും സത്യത്തെ വെറുക്കുന്നവരാകുന്നു

സത്യം നാം നിങ്ങൾക്ക് വിശദീകരിച്ചു തന്നു പക്ഷെ നിങ്ങളിൽ മിക്കവരുടെയും പ്രകൃതം സത്യത്തെ നിഷേധിക്കുകയും അസത്യത്തെ വാരിപ്പുണരുകയും ചെയ്യുകയും സത്യത്തിന്റെ വക്താക്കളോട് കടുത്ത പക വെച്ച് പുലർത്തുകയും ചെയ്യുക  എന്നതായിരുന്നു അതിനാൽ ഇന്ന്ഖേദം ഫലപ്പെടാത്ത ദിനത്തിൽ നിങ്ങൾ ഖേദിക്കുകയും നിങ്ങൾ സ്വയം ആക്ഷേപിക്കുകയും ചെയ്യുക (ഇബ്നു കസീർ)
പറയുന്നത് ഖുറൈശികളോട് നബി തങ്ങളെക്കുറിച്ച് സത്യം കൊണ്ടു വന്നു പക്ഷെ നിങ്ങൾ അതിനെ നിഷേധിച്ചു എന്ന അർത്ഥത്തിൽ പറഞ്ഞതാണെന്നും വ്യാഖ്യാനമുണ്ട് (ബഗ്വി)

(79)
أَمْ أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَ

അതല്ല അവർ നമുക്കെതിരിൽ  വല്ല കാര്യവും തീരുമാനിച്ചിരിക്കുകയാണോ? എന്നാൽ നാം തന്നെയാകുന്നു തീരുമാനമെടുക്കുന്നവൻ

നബി തങ്ങളെ ചതിക്കാൻ അവർ വല്ല പദ്ധതിയും ഇട്ടിട്ടുണ്ടെങ്കിൽ  (അത് നടപ്പില്ലെന്നും ) അതിന് അർഹമായ പ്രതിഫലം നാം നൽകുക തന്നെ ചെയ്യുമെന്നും സാരം

നബി തങ്ങളെ കൊലപ്പെടുത്താൻ സ്വകാര്യമായി അവർ പദ്ധതി തയ്യാറാക്കിയതും അള്ളാഹു അത് തകർത്തുകളഞ്ഞതുമാണീ സൂക്തം അവതരിക്കാൻ കാരണം എന്ന് ഇമാം ഖുർതുബി പറഞ്ഞിട്ടുണ്ട്


(80)
أَمْ يَحْسَبُونَ أَنَّا لَا نَسْمَعُ سِرَّهُمْ وَنَجْوَاهُم بَلَى وَرُسُلُنَا لَدَيْهِمْ يَكْتُبُونَ

അതല്ല അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേൾക്കുന്നില്ല എന്ന് അവർ വിചാരിക്കുന്നുണ്ടോ?അതെ നമ്മുടെ ദൂതന്മാർ അവരുടെയടുക്കൽ എഴുതിയെടുക്കുന്നുണ്ട്

അവർ സ്വകാര്യമായി നടത്തുന്ന സംസാരങ്ങളും കുതന്ത്രങ്ങളും അള്ളാഹുവിൽ നിന്ന് മറച്ചു വെക്കാൻ അവർക്ക് സാധിക്കില്ല അത് കൊണ്ട് ഗൂഢാലോചനയിലൂടെ സത്യത്തെ തമസ്ക്കരിക്കാമെന്ന് അവർ കണക്ക് കൂട്ടേണ്ടതില്ല എന്ന് സാരം
. സൂക്തം അവതരിക്കാനുണ്ടാ കാരണം മൂന്നാളുകൾ അ്ബയുടെ പരിസരത്ത് വെച്ച് സംസാരിച്ചു ഒരാൾ മറ്റു രണ്ട് പേരോട് ചോദിച്ചു .നമ്മുടെ സംസാരം അള്ളാഹു കേൾക്കുമോ എന്താണ് നിങ്ങളുടെ അഭിപ്രായം? ഒരാൾ പറഞ്ഞു ഉറക്കെ സംസാരിച്ചാൽ കേൾക്കും പതുക്കെ സംസാരിച്ചാൽ കേൾക്കില്ല .രണ്ടാമൻ പറഞ്ഞു ഉറക്കെ സംസാരിക്കുന്നത് കേൾക്കുമെങ്കിൽ പതുക്കെ സംസാരിക്കുന്നതും കേൾക്കും അപ്പോഴാണ് സൂക്തം അവതരിച്ചത്.അതായത് നിങ്ങൾ അള്ളാഹുവിൽ നിന്ന് ഒന്നും മറച്ചു വെക്കാൻ ശ്രമിച്ചിട്ട് കാര്യമില്ല.അള്ളാഹു കേൾക്കുന്നുവെന്ന് മാത്രമല്ല മലക്കുകൾ അതെല്ലാം രേഖപ്പെടുത്തുകയും ചെയ്യുന്നുണ്ട് (ഥബ്രി/ഖുർതുബി)

യഹ് ബിൻ മുആദ് എന്നവരിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു ജനങ്ങളിൽ നിന്ന് ഒരാൾ തന്റെ ദോഷങ്ങൾ മറച്ചു വെക്കുകയും ആകാശങ്ങളിലുള്ള കാര്യങ്ങൾ പോലും അവ്യക്തമല്ലാത്ത അള്ളാഹുവിനു മുമ്പിൽ അവൻ അത് വെളിപ്പെടുത്തുകയും ചെയ്താൽ അവനിലേക്ക് നോക്കുന്നവരിൽ ഏറ്റവും നിസ്സാരനായി അവൻ അള്ളാഹുവിനെ ആക്കുകയാണ് ചെയ്യുന്നത് അത് കാപട്യത്തിന്റെ ലക്ഷണമാണ് (റാസി) അതായത് സ്വകാര്യ ജീവിതത്തിൽ നാം തെറ്റുകൾ ചെയ്യാൻ ധൈര്യപ്പെടുമ്പോൾ അള്ളാഹു അത് കാണുന്നതിൽ നമുക്ക് ഒരു പ്രയാസവും ലജ്ജയും തോന്നുന്നില്ലെങ്കിൽ നാം അള്ളാഹുവെ വിലവെക്കുന്നില്ല എന്നല്ലേ അതിൽ നിന്ന് മനസ്സിലാക്കേണ്ടത്. അതിനാൽ പരസ്യ ജീവിതം നന്നാക്കുന്നതോടൊപ്പം രഹസ്യ ജീവിതവും സംശുദ്ധമാക്കാൻ നാം പരിശ്രമിക്കണം അള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ ആമീൻ
(തുടരും)

ഇൻശാ അള്ളാഹ്


Wednesday, November 6, 2019

അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | ഭാഗം-08


അദ്ധ്യായം 43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89

ഭാഗം-08

സുഖ്‌റുഫ്’ എന്നാൽ സ്വർണം.  ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ സംബന്ധിച്ച വിവരണം, അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾ, അറബികളുടെ സത്യ നിഷേധം, പൂർവ ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾ, പരലോക ശിക്ഷകൾ, പരലോക നേട്ടങ്ങൾ, മൂസാ നബിയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ അദ്ധ്യായത്തിൽ ചർച്ചയുണ്ട് بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


ഭാഗം -08  ( 66 മുതൽ 73 വരെ )
(66)
هَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً وَهُمْ لَا يَشْعُرُونَ

അവർ ഓർക്കാതിരിക്കെ പെട്ടെന്ന് അന്ത്യ നാൾ അവർക്ക് വന്നത്തലിനെയല്ലാതെ അവർ നോക്കിയിരിക്കുന്നുണ്ടോ?

പ്രവാചകന്മാരെ നിഷേധിച്ചു നടന്നവർ അപ്രതീക്ഷിതമായി പെട്ടെന്ന് അന്ത്യനാൾ സംഭവിക്കലിനെയല്ലാതെ പ്രതീക്ഷിക്കേണ്ടതില്ല. ആ ദിനത്തിനു വേണ്ടി അവർ യ്യാറാവാതിരിക്കുകയും അതെക്കുറിച്ച് അശ്രദ്ധരാവുകയും ചെയ്തുകൊണ്ടിരിക്കെ ദിനം വന്നത്തുക തന്നെ ചെയ്യും. ഓരോരുത്തരും പ്രവർത്തിച്ചതിന്റെ പ്രതിഫലം അനുഭവിക്കാൻ പോകുന്ന അന്ന് നല്ല ജീവിതം നയിക്കാതിരുന്നതിൽ അവർക്ക് ദു:ഖമുണ്ടാകും പക്ഷെ ആദു:ഖം അവർക്ക് എന്തെങ്കിലും ഉപകാരം നൽകുകയോ അവർക്കുള്ള ശിക്ഷയെ പ്രതിരോധിക്കുകയോ ചെയ്യുകയില്ല (ഇബ്നു കസീർ)(67)
الْأَخِلَّاء يَوْمَئِذٍ بَعْضُهُمْ لِبَعْضٍ عَدُوٌّ إِلَّا الْمُتَّقِينَ

സുഹൃത്തുക്കൾ അന്നേ ദിനം പരസ്പരം ശത്രുക്കളായിരിക്കും. സൂക്ഷ്മ ജീവിതം നയിക്കുന്നവരൊഴികെ

തെറ്റിന്റെ മേലിൽ പരസ്പരം സഹകരിച്ചും സഹായിച്ചും  ഭൂമിയിൽ കഴിഞ്ഞു കൂടിയിരുന്ന ചങ്ങാതിമാർ പരലോകത്ത് പരസ്പരം ശത്രുക്കളായി മാറുകയും പരസ്പരം കുറ്റപ്പെടുത്തുകയും തള്ളിപ്പറയുകയും ചെയ്യും. എന്നാൽ ഭൂമിയിൽ ഭയ ഭക്തിയോടെ ജീവിച്ച കൂട്ടുകാർ അവിടെയും  പരസ്പരം സഹായികളും രക്ഷകരുമായിരിക്കും. ഇമാം ബഗ്‌വി
رحمة الله عليه എഴുതുന്നു. “ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ അലി رضي الله عنه പറഞ്ഞതായി അബൂ ഇസ്‌ഹാഖ് എന്നവരിൽ നിന്ന് ഖതാദ: رحمة الله عليه ഉദ്ധരിക്കുന്നു. “വിശ്വാസികളായ രണ്ട് ചങ്ങാതിമാരും അവിശ്വാസികളായ രണ്ട് ചങ്ങാതിമാരും. വിശ്വാസിയായ ഒരാൾ മരണപ്പെട്ടു.അപ്പോൾ അയാൾ അള്ളാഹുവോട് പറയുന്നു.നാഥാ!എന്റെ ചങ്ങാതി നിന്നെ അനുസരിക്കാനും പ്രവാചകരെ അനുസരിക്കാനും എന്നോട് കല്പിക്കുകയും നന്മ ചെയ്യാനും തിന്മ വെടിയാനും ഉപദേശിക്കുകയും നിന്നെ കണ്ടു മുട്ടുമെന്ന് (ആബോധത്തോടെ ജീവിതം ലക്ഷ്യ ബോധമുള്ളതാക്കി മാറ്റണമെന്ന്) എന്നോട് അറിയിക്കുകയും ചെയ്തിരുന്നു അത് അനുസരിച്ച് ജീവിച്ചാണ് എനിക്ക് ഈ സൌഭാഗ്യം കൈവന്നിരിക്കുന്നത്. അത് കൊണ്ട് എന്നെ നീ സന്മാർഗത്തിലാക്കുകയും എനിക്ക് ആദരവ് നൽകുകയും ചെയ്തത് പോലെ എന്റെ ചങ്ങാതിയെയും നീ സന്മാർഗത്തിലാക്കുകയും വഴികേടിൽ നിന്ന് രക്ഷിക്കുകയും അദ്ദേഹത്തിനു ആദരവ് നൽകുകയും ചെയ്യേണമേ എന്ന്. അങ്ങനെ ആ ചങ്ങാതി കൂടി മരണപ്പെട്ടാൽ അള്ളാഹു അവരെ ഒരുമിച്ച് കൂട്ടും എന്നിട്ട് അള്ളാഹു പറയും നിങ്ങൾ പരസ്പരം പുകഴ്ത്തി പറഞ്ഞോളൂ. അപ്പോൾ അവർ പറയും നല്ല ചങ്ങാതി. നല്ല കൂട്ടുകാരൻ, നല്ല സഹോദരൻ എന്ന്. അവിശ്വാസികളായ കൂട്ടുകാരിൽ നിന്ന് ഒരാൾ മരണപ്പെട്ടാൽ (അവൻ ശിക്ഷകൾ നേരിൽ കാണുകയും താൻ പിടിക്കപ്പെട്ടു എന്ന് ബോധ്യമാവുകയും ചെയ്യുമ്പോൾ) അവൻ പറയും നാഥാ! എന്റെ കൂട്ടുകാരനാണ് നിന്നെയും പ്രവാചകരെയും അനുസരിക്കുന്നതിൽ നിന്ന് എന്നെ തടഞ്ഞതും തിന്മകൾ ചെയ്യാനും നന്മകൾ ഒഴിവാക്കാനും എന്നോട് കല്പിച്ചതും നിന്നെ കണ്ടു മുട്ടുകയില്ലെന്ന് എന്നോട് പറഞ്ഞതും (അത് കൊണ്ട് ജീവിതം പരമാവധി ആസ്വദിക്കുക.ആരും ചോദിക്കാനില്ല എന്ന ചിന്ത എന്നിൽ വളർത്തി. അതിനാൽ ഞാൻ ലക്ഷ്യ ബോധമില്ലാതെ പലതും ചെയ്ത് ഈ പരുവത്തിലായി) എന്ന്.അപ്പോൾ അള്ളാഹു പറയും ചീത്ത കൂട്ടുകാരനും സഹോദരനും ചങ്ങാതിയും എന്ന് .ഇതാണ് ഭക്തന്മാരല്ലാത്ത കൂട്ടുകാർ അന്ന് ശത്രുക്കളായിരിക്കും എന്ന് പറഞ്ഞതിന്റെ സാരം (ബഗ്‌വി)

നല്ല സുഹൃത്തുക്കളിൽ നിന്ന് ഒരാൾ മരണപ്പെടുകയും അവനു സ്വർഗം കൊണ്ട് സന്തോഷവാർത്ത അറിയിക്കപ്പെടുകയും ചെയ്യുമ്പോൾ തന്റെ നന്മക്ക് പ്രചോദനമായ തന്റെ ആത്മ സുഹൃത്തിനെക്കൂടി ഈ സന്തോഷത്തിൽ പങ്കാളിയാക്കാൻ അവൻ അള്ളാഹുവോട് ആവശ്യപ്പെടും അപ്പോൾ അള്ളാഹു പറയും അവനു ഞാൻ ഒരുക്കിയ പ്രതിഫലം നീ കണ്ടാൽ നീ നന്നായി ചിരിക്കും എന്ന് അങ്ങനെ അവൻ മരിച്ചാൽ അവരെ അള്ളാഹു ഒരുമിച്ച് കൂട്ടുകയും പരസ്പരം പ്രശംസ നടത്താൻ അവസരം നൽകുകയും ചെയ്യും.എന്നാൽ ചീത്ത കൂട്ടുകാരിൽ ഒരാൾ മരണപ്പെട്ട് അവൻ നരകം കാണുമ്പോൾ തന്നെ ഈ അവസ്ഥയിലാക്കിയ മറ്റവനെ വെറുതെ വിടരുതെന്നും അവനെ കൂടി ഈ ശിക്ഷയിൽ പങ്കാളിയാക്കണമെന്നും അവനാണ് എന്റെ അധപതനത്തിനു കാരണമെന്നും അവൻ പ
യും.അവൻ കൂടി മരണപ്പെടുമ്പോൾ രണ്ടു പേരെയും നരകത്തിൽ ഒരുമിച്ച് കൂട്ടി പരസ്പരം പ്രശംസിക്കാൻ പറയുമ്പോൾ രണ്ടു പേരും പരസ്പരം പഴിചാരുകയും കുറ്റപ്പെടുത്തുകയും ചെയ്യും.അള്ളാഹുവിനു വേണ്ടിയുള്ള സ്നേഹം പരലോകത്ത് വലിയ വിജയത്തിലേക്കും തിന്മയിലുള്ള സഹകരണവും ചങ്ങാത്തവും നിത്യ ദു:ഖത്തിലേക്കും നമ്മെ എത്തിക്കും.ഇതാണ് ഭക്തരല്ലാത്ത ചങ്ങാതിമാർ പരസ്പരം ശത്രുക്കളായിരിക്കും എന്ന് പറഞ്ഞതിന്റെ സാരം (ഇബ്നു കസീർ)
ഇമാം ഖുർതുബി എഴുതുന്നു. “ഉമയ്യതുബ്നു ഖലഫ് അൽ ജുമഹീ, ഉഖ്ബത്തുബ്നു അബീമുഅയ്ത്ത് എന്നിവരുടെ വിഷയത്തിലാണീ സൂക്തം അവതരിച്ചത് അവർ രണ്ട് പേരും വലിയ ചങ്ങാതിമാരായിരുന്നു. ഉഖ്ബത്ത് നബി തങ്ങളോടൊപ്പവും ഇരിക്കുമായിരുന്നു അപ്പോൾ ഖുറൈശികൾ ഉഖ്ബത്ത് ആശയം മാറിയെന്ന് ആരോപിച്ചു. ആസമയം തന്റെ സൌഹൃദം മുതലെടുത്ത് ഉമയ്യത് ഉഖ്ബത്തിനോട് പറഞ്ഞു നീ ഇനി മുഹമ്മദിനെ കാണുമ്പോൾ നബിയുടെ മുഖത്തേക്ക് തുപ്പിയില്ലെങ്കിൽ എന്റെ മുഖം കാണൽ നിനക്ക് ഹറാമാണ് എന്ന്. ആ സൌഹൃദം സംരക്ഷിക്കാനായി ഉഖ്ബത്ത് ആ കടുത്ത അപരാധം ചെയ്തു.അവർ രണ്ട് പേരും അവിശ്വാസത്തിലായി കൊല്ലപ്പെട്ടു. പരലോകത്ത് ഇവർ പർസ്പരം കുറ്റപ്പെടുത്തുക തന്നെ ചെയ്യും (ഖുർതുബി)

നന്മകൾ ചെയ്യാൻ നമുക്ക് പ്രേരണ നൽകുകയും തിന്മകൾ കാണുമ്പോൾ അത് വിലക്കാൻ ധൈര്യപ്പെടുകയും ചെയ്യുന്നവനാണ് യഥാർത്ഥ സുഹൃത്തെന്നും സൌഹൃദം സംരക്ഷിക്കാൻ എല്ലാ കൊള്ളരുതായ്മക്കും കൂട്ട് നിൽക്കുന്നവൻ ആത്യന്തികമായി നമ്മുടെ ശത്രുവാണെന്നും തിരിച്ചറിയുകയും ചങ്ങാത്തം നമ്മുടെ കുറവുകൾ ചൂണ്ടിക്കാട്ടുന്നവരോടും നന്മക്ക് പ്രചോദനം നൽകുന്നവരോടും ആയിരിക്കണമെന്നും ആ ചങ്ങാത്തം എന്നും നിലനിൽക്കുമെന്നും അല്ലാത്ത ചങ്ങാത്തം കടുത്ത ശത്രുതയിലേക്ക് പരലോകത്ത് വഴിമാറുമെന്നും നാം ചിന്തിക്കണം നല്ല കൂട്ടുകാരെ സമ്പാദിക്കണം.ചീത്ത കമ്പനികളെ നാം ഒഴിവാക്കുക തന്നെ വേണം എന്നൊക്കെ ഇവിടെ അർത്ഥങ്ങളുണ്ട്


(68)
يَا عِبَادِ لَا خَوْفٌ عَلَيْكُمُ الْيَوْمَ وَلَا أَنتُمْ تَحْزَنُونَ

എന്റെ ദാസന്മാരേ! ഇന്ന് നിങ്ങൾക്ക് യാതൊരു ഭയവുമില്ല.നിങ്ങൾ ദു:ഖിക്കേണ്ടതുമില്ല

ഭക്തന്മാർ പരസ്പരം ശത്രുക്കളാവില്ലെന്ന് കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞല്ലോ അതിന്റെ തുടർച്ചയാണിത്.അതായത് ഭൂമിയിൽ നിന്ന് വിടപറഞ്ഞതിനു നിങ്ങൾ വിഷമിക്കേണ്ടതില്ല പുതിയ ലോകത്ത് നിങ്ങൾക്ക് ഭയവും വേണ്ട കാരണം നിങ്ങൾ ഭൂമിയിൽ സത്യ വിശ്വാസം മുറുകെ പിടിക്കുകയും ഇങ്ങനെയൊരു ജീവിതത്തിനു മുന്നൊരുക്കം നടത്തുകയും ചെയ്തതിനാൽ എന്റെ പൊരുത്തവും ഇഷ്ടവും ഞാൻ നിങ്ങൾക്ക് നൽകുന്നു അത് കൊണ്ട് നഷ്ടപ്പെട്ട ദിനിയാവിനേക്കാൾ ഉത്തമമായത് നൽകി നിങ്ങൾക്ക് ഞാൻ നിർഭയത്വം നൽകുന്നു എന്ന് അള്ളാഹു പറയും (ഥബ്‌രി)
“എന്റെ ദാസന്മാരേ, എന്ന ഈ സംബോധന തന്നെ അള്ളഹുവിന്റെ ഭാഗത്ത് നിന്ന് നമുക്ക് ലഭിക്കുന്ന വലിയൊരു അനുഗ്രഹവും സന്തോഷവുമാണ് (റാസി)(69)
الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ

നമ്മുടെ ദൃഷ്ടാന്തങ്ങളിൽ വിശ്വസിക്കുകയും കീഴ്പെട്ട് ജീവിക്കുന്നവരായിരിക്കുകയും ചെയ്തവരാണവർ


“എന്റെ അടിമകളേ നിങ്ങൾക്ക് ഭയമില്ല നിങ്ങൾ ദു:ഖിക്കുകയും വേണ്ട“, എന്ന മുൻ സൂക്തത്തിലെ പ്രഖ്യാപനം കേൾക്കുമ്പോൾ പരലോകത്ത് വെച്ച്  എല്ലാവരും പ്രതീക്ഷ വെക്കും. ഞങ്ങളും നാഥന്റെ അടിമകളാണെന്ന നിലക്ക് തലയുയർത്തും.അപ്പോഴാണ് ഈ സൂക്തം പറയുക. അതായത് ഹൃദയം കൊണ്ട് വിശ്വസിക്കുകയും അവയവങ്ങളെ അള്ളാഹുവിന്റെ തീരുമാനങ്ങൾക്ക് വഴിപ്പെടുത്തുകയും ചെയ്തവരാണവർ .അവർക്കാണിന്ന് ഭയമില്ലാത്തത്.അപ്പോൾ നിഷേധികൾ നിരാശരാവുകയും തല താഴ്ത്തുകയും ചെയ്യും .ഇബ്നു കസീർ എഴുതുന്നു പുനർജന്മ സമയത്ത് എല്ലാവരും ഭയത്തിലായിരിക്കും. ‘എന്റെ അടിമകൾക്ക് ഭയം വേണ്ട‘, എന്ന പ്രഖ്യാപനം കേൾക്കുമ്പോൾ എല്ലാവർക്കും  പ്രതീക്ഷ കൈവരും., വിശ്വസിക്കുകയും അള്ളാഹുവിനു കീഴ്പെട്ട് ജീവിക്കുകയും ചെയ്തവർക്കാണ് ഭയമില്ലാത്തത്, എന്ന് പറയുമ്പോൾ സത്യ വിശ്വാസികളല്ലാത്തവർക്ക് വീണ്ടും നിരാശയുണ്ടാകും (ഇബ്നു കസീർ)


(70)
ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ

നിങ്ങളും നിങ്ങളുടെ ഇണകളും സന്തോഷഭരിതരായിക്കൊണ്ട് സ്വർഗത്തിൽ പ്രവേശിക്കുക

അള്ളാഹു നൽകിയ ആദരവിൽ സന്തോഷിച്ചും അനുഗ്രഹങ്ങൾ അനുഭവിക്കാനുള്ള താല്പര്യത്തിലും നിങ്ങൾ സ്വർഗത്തിൽ ഇണകൾക്കൊപ്പം പ്രവേശിക്കുക (ഥബ്‌രി)
ഹൃദയത്തിലെ സന്തോഷവും താമസ സ്ഥലത്തെ ആദരവും ശരീരത്തിന്റെ സുഖവും കാഴ്ചയുടെ കുളിരും കേൾക്കുന്നവയുടെ രസവും എല്ലാം ഇതിൽ ഉൾക്കൊള്ളുന്നുണ്ട് (ഖുർതുബി)(71)

يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الْأَنفُسُ وَتَلَذُّ الْأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ


സ്വർണത്തിന്റെ തളികകളും പാന പാത്രങ്ങളും അവർക്ക് ചുറ്റും കൊണ്ടുനടക്കപ്പെടും.മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും.നിങ്ങൾ അവിടെ നിത്യ വാസികൾ ആയിരിക്കുകയും ചെയ്യും


വിശാലമായ പാത്രങ്ങളും വട്ട മുഖമുള്ള കുടിക്കാനുള്ളവയും ആഗ്രഹിക്കുന്നതും ആവശ്യപ്പെടുന്നതുമെല്ലാം അവിടെ ഒരുക്കിയിട്ടുണ്ട്.സ്വർഗത്തിൽ കുതിരയുണ്ടാകുമോ നബിയേ! എനിക്ക് കുതിരയെ വലിയ ഇഷ്ടമാണ് എന്ന് ഒരു സഹാബി ചോദിച്ചപ്പോഴും ഒട്ടകമുണ്ടാകുമോ സ്വർഗത്തിൽ എന്ന് ഒരു ഗ്രാമീണനായ അറബി ചോദിച്ചപ്പോഴും നിങ്ങൾ സ്വർഗത്തിൽ കടന്ന് കഴിഞ്ഞാൽ അതെല്ലാം അവിടെയുണ്ടാകുമെന്നും നിങ്ങൾ ഉദ്ദേശിക്കുന്നിടത്തേക്ക് അവ പറന്നെത്തുമെന്നും തങ്ങൾ പറഞ്ഞു(ബഗ്‌വി)

സ്വർഗത്തിൽ സ്വർണത്തിന്റ പ്ലൈറ്റുകളിലും കൂജകളിലും അവരുടെ ചുറ്റും ഭക്ഷണവും പാനീയവും എത്തിക്കപ്പെടും ഭക്ഷണവും വെള്ളവും പറയാതെ പാത്രവും കൂജയും അവർക്ക് ചുറ്റും കൊണ്ടു നടക്കുമെന്നതിനു അതിൽ അവർക്ക് ഭക്ഷണവും പാനീയവും നൽകുമെന്നല്ലാതെ മറ്റൊരു അർത്ഥവുമില്ല.ഭൂമിയിൽ നിങ്ങൾ പട്ടു വസ്ത്രം ധരിക്കുകയോ സ്വർണത്തിന്റെയും വെള്ളിയുടെയും പാത്രത്തിൽ തിന്നുകയോ കുടിക്കുകയോ ചെയ്യരുത്.കാരണം ഭൂമിയിൽ അവ അവിശ്വാസികൾക്കും സ്വർഗത്തിൽ നിങ്ങൾക്കുമാണെന്ന് നബി തങ്ങൾ പറഞ്ഞത് ഇവിടെ സ്മരിക്കേണ്ടതാണ് നിർദ്ദേശം ലംഘിച്ച് ഭൂമിയിൽ അവ ഉപയോഗിക്കുകയും പശ്ചാത്തപിച്ച് മടങ്ങാതിരിക്കുകയും ചെയ്യുന്നവർക്ക് സ്വർഗത്തിൽ അവ തടയപ്പെടുന്നതാണ് എന്ന് കൂടി നാം ഓർക്കേണ്ടതാണ് (ഖുർതുബി)
സ്വർഗത്തിലെ ഏറ്റവും സ്ഥാനം കുറഞ്ഞയാൾ ഏറ്റവും അവസാനമായി സ്വർഗത്തിൽ കടക്കുന്നവരാണ് എന്നാൽ അയാൾക്ക് തന്നെ നൂറ് വർഷം സഞ്ചരിച്ചാൽ എത്താത്ത അത്രയും വിശാലമായ സ്വർണത്തിന്റെ കൊട്ടാരങ്ങളും മുത്ത് കൊണ്ട് നിർമിച്ച ഭവനങ്ങളും എഴുപതിനായിരം സ്വർണപാത്രങ്ങളിൽ അദ്ദേഹത്തിന്റെ ചുറ്റും കൊണ്ട് നടക്കുന്ന ഭക്ഷണ സാധനങ്ങളും നിരന്തരം നൽകപ്പെടും. ഓരോ പാത്രത്തിലെയും ഭക്ഷണത്തിന്റെ രുചി വ്യത്യസ്ഥമായിരിക്കും ഓരോന്നിനോടുള്ള അദ്ദേഹത്തിന്റെ താല്പര്യവും സമമായി നില നിൽക്കും.ഭൂമിയിലുള്ളവരെ മുഴുവനും ഊട്ടാൻ ആ ഭക്ഷണം വിശാലമാവുകയും അവന്റെ വിഹിതം കുറയാതെ നിലനിൽക്കുകയും ചെയ്യും ഒരു ഭക്ഷണം വായിൽ വെച്ച സ്വർഗാവകാശിയുടെ മനസ്സിൽ മറ്റൊരു ഭക്ഷണത്തിന്റെ രുചി ആഗ്രഹിച്ചാൽ ഉടൻ ആരുചി ഈ ഭക്ഷണത്തിൽ അവനു അനുഭവപ്പെടുകയായി (ഇബ്നു കസീർ)

ഇതാണ് മനസ്സുകൾ
കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും.എന്ന് പറഞ്ഞതിന്റെ വിവക്ഷ.അള്ളാഹു നമുക്കെല്ലാം അതിനു ഭാഗ്യം നൽകട്ടെ ആമീൻ
അവിടെ നിങ്ങൾ നിത്യവാസികളായിരിക്കും എന്ന് പറഞ്ഞാൽ നിങ്ങളെ അവിടെ നിന്ന് പുറത്താക്കപ്പെടുകയോ സ്വമേധയാ അവിടെ നിന്ന് മാറണമെന്ന് നിങ്ങൾ ആഗ്രഹിക്കുകയോ ചെയ്യില്ല എന്നാകുന്നു (ഇബ്നു കസീർ)

(72)
وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ

നിങ്ങൾ പ്രവർത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വർഗമത്രെ അത്

നിങ്ങളുടെ സൽക്കർമങ്ങൾ അള്ളാഹു നിങ്ങൾക്ക് ഇത്രയും അനുഗ്രഹം നൽകാൻ കാരണമായി നിങ്ങളുടെ പ്രവർത്തനത്തിന്റെ ബലത്തിലല്ല മറിച്ച് അള്ളാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് നിങ്ങൾ സ്വർഗത്തിൽ എത്തിയത് പക്ഷെ നിങ്ങളുടെ പ്രവർത്തനത്തിന്റെ തോതനുസരിച്ച് സ്വർഗത്തിൽ നിങ്ങൾക്ക് അവൻ സ്ഥാനവ്യത്യാസങ്ങൾ നൽകിയിരിക്കുന്നു. നരകക്കാർക്ക് അവർ നന്നായി ജീവിച്ചിരുന്നുവെങ്കിൽ സ്വർഗത്തിൽ ലഭിക്കുമായിരുന്ന ഭവനം കാണിച്ചു കൊടുക്കപ്പെടും അപ്പോൾ അവരുടെ നഷ്ടബോധവും ഖേദവും വർധിക്കും. അള്ളാഹു എന്നെ സന്മാർഗത്തിലാക്കിയിരുന്നെങ്കിൽ ഞാനും ഭക്തരിൽ പെട്ടവനായേനേ എന്ന് അവൻ പറയും. സത്യ വിശ്വാസിക്ക് അവൻ മോശക്കാരനായിരുന്നുവെങ്കിൽ നരകത്തിലുള്ള സീറ്റും കാണിക്കപ്പെടും അപ്പോൾ അതിൽ നിന്ന് രക്ഷപ്പെട്ടതിനുള്ള നന്ദിയായി അള്ളാഹു സന്മാർഗം തന്നില്ലായിരുന്നുവെങ്കിൽ നമുക്ക് സന്മാർഗത്തിലെത്താൻ സാധിക്കുമായിരുന്നില്ല എന്ന് അവൻ ആത്മഗതം ചെയ്യും . അങ്ങനെ സ്വർഗത്തിലെത്തിയവർക്ക് നരകത്തിലുള്ളവന്റെ സ്വർഗത്തിലെ ഭവനവും നരകത്തിലെത്തിയവർക്ക് സ്വർഗത്തിലുള്ളവന്റെ നരകത്തിന്റെ ഭവനവും നൽകപ്പെടും അതാണ്
 നിങ്ങൾ
പ്രവർത്തിച്ചു കൊണ്ടിരുന്നതിന്റെ ഫലമായി നിങ്ങൾക്ക് അവകാശപ്പെടുത്തിത്തന്നിട്ടുള്ള സ്വർഗമത്രെ അത്“ എന്ന് പറഞ്ഞതിന്റെ താല്പര്യം (ഇബ്നു കസീർ)(73)
لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِنْهَا تَأْكُلُونَ

നിങ്ങൾക്ക് അതിൽ പഴങ്ങൾ ധാരാളമായി ഉണ്ടായിരിക്കും അതിൽ നിന്ന് നിങ്ങൾക്ക് ഭക്ഷിക്കാം

നിങ്ങൾ ആഗ്രഹിക്കുന്ന എല്ലായിനം പഴങ്ങളും നിങ്ങൾക്കവിടെ ലഭ്യമായിരിക്കും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം.ഭക്ഷണവും പാനീയവും പറഞ്ഞതിനു ശേഷം പഴങ്ങളെ പ്രത്യേകം ഉണർത്തിയത് അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ നിങ്ങൾക്കവിടെ പൂർണ്ണമാണെന്ന് സൂചിപ്പിക്കാനാണ് (ഇബ്നു കസീർ)

ഈ സൌഭാഗ്യത്തിനായി നമ്മുടെ ജീവിതം ക്രമീകരിക്കാൻ അള്ളാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമീൻ

(തുടരും)
ഇൻശാ അള്ളാഹ്