Monday, July 22, 2024

അദ്ധ്യായം 35 : സൂറത്തു ഫാത്വിർ سورة فاطر | ഭാഗം 04

അദ്ധ്യായം 35  | സൂറത്തു ഫാത്വിർ  سورة فاطر

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 45

(Part -4  -   സൂക്തം 36 മുതൽ 4വരെ സൂക്തങ്ങളുടെ വിവരണം )

 

بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(36)
وَٱلَّذِينَ كَفَرُوا۟ لَهُمْ نَارُ جَهَنَّمَ لَا يُقْضَىٰ عَلَيْهِمْ فَيَمُوتُوا۟ وَلَا يُخَفَّفُ عَنْهُم مِّنْ عَذَابِهَا ۚ كَذَٰلِكَ نَجْزِى كُلَّ كَفُورٍۢ


അവിശ്വാസികൾക്കാണ് നരകാഗ്നി. അവരുടെ മേൽ (മരണം) വിധിക്കപ്പെടുന്നതല്ല. എങ്കിൽ അവർക്ക് മരിക്കാമായിരുന്നു. അതിലെ ശിക്ഷയിൽ നിന്ന് ഒട്ടും അവർക്ക് ഇളവ് ചെയ്യപ്പെടുകയുമില്ല. അപ്രകാരം എല്ലാ നന്ദികെട്ടവർക്കും നാം പ്രതിഫലം നൽകുന്നു


വിജയികളുടെ അവസ്ഥ വിവരിച്ച ശേഷം അവിശ്വാസികളുടെ അവസ്ഥ വിവരിക്കുകയാണ് അവർ നരകത്തിലെത്തിയ ശേഷം കഠിന ശിക്ഷ അനുഭവിക്കുമ്പോൾ മരണം മുഖേന ഇതിൽ നിന്ന് രക്ഷപ്രാപിക്കാൻ മരിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കും പക്ഷ അവർക്ക് ആശ്വാസമാവും വിധം മരണം അവർക്ക് അവിടെയുണ്ടാവില്ല ആശ്വാസം നൽകുന്ന ജീവിതവും അവർക്കവിടെയില്ല സത്യനിഷേധികൾക്ക് ഇങ്ങനെയാണ് നമ്മുടെ പ്രതിഫലം


(37)

وَهُمْ يَصْطَرِخُونَ فِيهَا رَبَّنَآ أَخْرِجْنَا نَعْمَلْ صَـٰلِحًا غَيْرَ ٱلَّذِى كُنَّا نَعْمَلُ ۚ أَوَلَمْ نُعَمِّرْكُم مَّا يَتَذَكَّرُ فِيهِ مَن تَذَكَّرَ وَجَآءَكُمُ ٱلنَّذِيرُ ۖ فَذُوقُوا۟ فَمَا لِلظَّـٰلِمِينَ مِن نَّصِيرٍ


അവർ അവിടെ വെച്ച് മുറവിളി കൂട്ടും
ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളെ നീ (നരകത്തിൽ നിന്ന്) പുറത്തയക്കേണമേ.(മുമ്പ്) ചെയ്തിരുന്നതിൽ നിന്ന് വ്യത്യസ്തമായി ഞങ്ങൾ സൽക്കർമം ചെയ്തു കൊള്ളാം. (അപ്പോൾ നാം പറയും) ആലോചിക്കുന്നവനു ആലോചിക്കാൻ മാത്രം നിങ്ങൾക്ക് നാം ആയുസ്സ് തന്നില്ലേ? താക്കീതുകാരൻ നിങ്ങളുടെ അടുത്ത് വരികയും ചെയ്തു.അതിനാൽ നിങ്ങൾ അനുഭവിച്ചു കൊള്ളുക അക്രമികൾക്ക് യാതൊരു സഹായിയുമില്ല

നരക ശിക്ഷ അനുഭവിക്കുന്ന നേരത്ത് അവർ ഞങ്ങൾക്ക് ഭൂമിയിലേക്ക് ഒരിക്കൽ കൂടി തിരിച്ച് പോകാൻ അനുവദിക്കണം .നേരത്തെയുണ്ടായിരുന്ന സത്യനിഷേധം വരാതെ ഞങ്ങൾ നിന്നെ അനുസരിക്കുന്നവരായി മാറാം എന്ന് പറഞ്ഞ് അവർ അള്ളാഹുവോട് കെഞ്ചും .എന്നാൽ അവരെ ഒരിക്കൽ കൂടി ഭൂമിയിൽ അയച്ചാലും അവർക്ക് മാറ്റമൊന്നും വരില്ലെന്നും പഴയ നിഷേധം അവർ വീണ്ടും ആവർത്തിക്കുമെന്നും അറിയുന്ന അള്ളാഹു അവരുടെ ഈ ആവശ്യത്തിനു അനുകൂലമായി പ്രതികരിക്കില്ല  എന്ന് മാത്രമല്ല നിങ്ങൾ ധാരാളം കാലം ഭൂമിയിൽ ജീവിക്കുകയും സത്യവിശ്വാസം നിങ്ങൾക്ക് പഠിപ്പിക്കാനായി താക്കീതുകാരനെ ഞാൻ  അയക്കുകയും ചെയ്തിരുന്നില്ലേ? നിങ്ങൾക്ക് എന്തേ ഉപകരിക്കാതിരുന്നത് .അതിനാൽ സത്യനിഷേധം കൈക്കൊണ്ട അക്രമികൾക്ക് ഒരു സഹായിയും ഉണ്ടാവില്ല നിശ്ചയിച്ച ശിക്ഷ അനുഭവിക്കുക എന്ന് അള്ളാഹു പറയും


(38)
إِنَّ ٱللَّهَ عَـٰلِمُ غَيْبِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ ۚ إِنَّهُۥ عَلِيمٌۢ بِذَاتِ ٱلصُّدُورِ

 


തീർച്ചയായും
അള്ളാഹു ആകാശങ്ങളിലെയും ഭൂമിയിലേയും അദൃശ്യ കാര്യങ്ങൾ അറിയുന്നവനാകുന്നു തീർച്ചയായും അവൻ ഹൃദയങ്ങളിലുള്ളത് അറിയുന്നവനാകുന്നു

ഒരോ രഹസ്യവും മനസിൽ സുക്ഷിക്കുന്നതും അള്ളാഹു അറിയുകയും ഓരോരുത്തരുടെയും അവസ്ഥയനുസരിച്ച് പ്രതിഫലം നൽകുകയും ചെയ്യും

 


(39)
هُوَ ٱلَّذِى جَعَلَكُمْ خَلَـٰٓئِفَ فِى ٱلْأَرْضِ ۚ فَمَن كَفَرَ فَعَلَيْهِ كُفْرُهُۥ ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ عِندَ رَبِّهِمْ إِلَّا مَقْتًۭا ۖ وَلَا يَزِيدُ ٱلْكَـٰفِرِينَ كُفْرُهُمْ إِلَّا خَسَارًۭا


അവനാണ് നിങ്ങളെ ഭൂമിയിൽ പ്രതിനിധികളാക്കിയവൻ. ആകയാൽ വല്ലവനും അവിശ്വസിക്കുന്ന പക്ഷം അവൻ്റെ അവിശ്വാസത്തിൻ്റെ ദോഷം അവന്നു തന്നെ. അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം അവരുടെ രക്ഷിതാവിങ്കൽ കോപമല്ലാതൊന്നും വർദ്ധിപ്പിക്കുകയില്ല അവിശ്വാസികൾക്ക് അവരുടെ അവിശ്വാസം നഷ്ടമല്ലാതൊന്നും വർദ്ധിപ്പിക്കുകയില്ല


ഭൂമിയിൽ ഓരോ സമൂഹങ്ങൾ മാറി മാറി വരുന്നു അവരിൽ ആരെങ്കിലും അവിശ്വാസിയായാൽ അതിൻ്റെ ദോഷം അവൻ തന്നെ അനുഭവിക്കണം നിഷേധികൾക്ക് അള്ളാഹുവിൽ നിന്ന് അകൽച്ചയും ദേഷ്യവുമല്ലാതെ അവരുടെ അവിശ്വാസം കൊണ്ട് ഒന്നും വർദ്ധിക്കുന്നില്ല. ഓരോ നിമിഷവും അവർ പരാചയം വർദ്ധിപ്പിച്ചു കൊണ്ടിരിക്കുകയാണ് .സത്യ വിശ്വാസിക്ക് ഓരോ നിമിഷവും നന്മയാണ് വർദ്ധിച്ചിരുന്നത് കാരണം അവൻ സൽക്കർമങ്ങളായിരുന്നു ചെയ്തു കൊണ്ടിരുന്നത്. അവിശ്വാസിയാവട്ടെ തെറ്റിൽ നിന്ന് തെറ്റിലേക്ക് സഞ്ചരിച്ചു കൊണ്ടേയിരിക്കുകയാണ്



(40)
قُلْ أَرَءَيْتُمْ شُرَكَآءَكُمُ ٱلَّذِينَ تَدْعُونَ مِن دُونِ ٱللَّهِ أَرُونِى مَاذَا خَلَقُوا۟ مِنَ ٱلْأَرْضِ أَمْ لَهُمْ شِرْكٌۭ فِى ٱلسَّمَـٰوَٰتِ أَمْ ءَاتَيْنَـٰهُمْ كِتَـٰبًۭا فَهُمْ عَلَىٰ بَيِّنَتٍۢ مِّنْهُ ۚ بَلْ إِن يَعِدُ ٱلظَّـٰلِمُونَ بَعْضُهُم بَعْضًا إِلَّا غُرُورًا


തങ്ങൾ ചോദിക്കുക
അള്ളാഹുവിനു പുറമേ നിങ്ങൾ ആരാധിക്കുന്ന നിങ്ങളുടെ പങ്കാളികളെപ്പറ്റി നിങ്ങൾ ചിന്തിച്ചു നോക്കിയിട്ടുണ്ടോ?ഭൂമിയിൽ എന്തൊന്നാണ് അവർ സൃഷ്ടിച്ചിട്ടുള്ളതെന്ന് നിങ്ങൾ എനിക്ക് കാണിച്ചു തരിക.അതല്ല ആകാശങ്ങളിൽ അവർക്ക് വല്ല പങ്കുമുണ്ടോ?അതല്ല നാം അവർക്ക് വല്ല ഗ്രന്ഥവും നൽകിയിട്ടതിൽ നിന്നുള്ള തെളിവ് അനുസരിച്ചാണോ അവർ നിലകൊള്ളുന്നത്? അല്ല.അക്രമകാരികൾ അന്യോന്യം വാഗ്ദാനം ചെയ്യുന്നത് വഞ്ചന മാത്രമാണ്


അള്ളാഹുവിനു പുറമേ പല ദൈവങ്ങളെയും ആരാധിക്കുന്നവരോട് നബി

തങ്ങൾ ചോദിക്കാനായി അള്ളാഹു കല്പിക്കുന്ന കാര്യങ്ങളാണിത്.പരമമായ വണക്കം ഈ വസ്തുക്കൾക്ക് മുന്നിൽ കാണിക്കാൻ എന്താണ് ഈ ബിംബങ്ങളുടെ യോഗ്യത? അള്ളാഹു സൃഷ്ടിച്ച പോലെ എന്തെങ്കിലും സൃഷ്ടി അവരുടേതായി കാണിക്കാനുണ്ടോ? അല്ലെങ്കിൽ ആകാശത്തിൻ്റെ സൃഷ്ടിപ്പിലോ നിയന്ത്രണത്തിലോ അള്ളാഹുവോടൊപ്പം അവർക്ക് വല്ല പങ്കാളിത്തവും ഉണ്ടോ? അല്ലെങ്കിൽ ഈ ആരാധനക്ക് തെളിവാക്കാൻ പറ്റുന്ന എന്തെങ്കിലും രേഖ നാം അവർക്ക് നൽകിയിട്ടുണ്ടോ? അങ്ങനെയൊന്നും ഇല്ല.സ്വയം മിനഞ്ഞെടുത്ത ചില അഭിപ്രായങ്ങൾ അനുസരിച്ചാണ് ഈ കുറ്റം അവർ ചെയ്യുന്നത് അത് സ്വന്തത്തെ തന്നെ വഞ്ചിക്കുന്ന നടപടിയുമാണ്


(41)
۞ إِنَّ ٱللَّهَ يُمْسِكُ ٱلسَّمَـٰوَٰتِ وَٱلْأَرْضَ أَن تَزُولَا ۚ وَلَئِن زَالَتَآ إِنْ أَمْسَكَهُمَا مِنْ أَحَدٍۢ مِّنۢ بَعْدِهِۦٓ ۚ إِنَّهُۥ كَانَ حَلِيمًا غَفُورًۭا


തീർച്ചയായും
അള്ളാഹു ആകാശങ്ങളെയും ഭൂമിയേയും (യഥാർത്ഥ സ്ഥാനങ്ങളിൽ നിന്ന്) നീങ്ങാതെ പിടിച്ച് നിർത്തുന്നു അവ നീങ്ങിപ്പോവുകയാണെങ്കിൽ അവനു പുറമേ യാതൊരാൾക്കും അവയെ പിടിച്ചു നിർത്താനാവില്ല.തീർച്ചയായും അവൻ സഹന ശീലനും ഏറെ പൊറുക്കുന്നവനുമാകുന്നു

ബിംബങ്ങൾക്ക് ഒരു നിയന്ത്രണവുമില്ല എന്ന് സ്ഥിരപ്പെടുത്തിയ ശേഷം അള്ളാഹുവിൻ്റെ മഹത്തായ കഴിവിനെക്കുറിച്ച് വിവരിക്കുകയാണ് ഉയർന്ന് നിൽക്കുന്ന ആകാശം വീണു പോകാതെയും വിശാലമായ ഭൂമി ചലിക്കാതെയും പിടിച്ച് നിർത്തുന്നത് അള്ളാഹുവാണ് ഇത് രണ്ടിലും വല്ല ചലനവുമുണ്ടായാൽ മറ്റാർക്കും അത് നിയന്ത്രിക്കാനാവില്ല .എന്നിട്ടും അള്ളാഹുവിനെ ധിക്കരിക്കുന്നവരെ പെട്ടെന്ന് ശിക്ഷിക്കാതെ മനം മാറ്റത്തിന് സാവകാശം നൽകുന്ന സഹനവും തെറ്റ് പറ്റിയവർക്ക് മാപ്പും നൽകാൻ അള്ളാഹു തയാറാകുന്നു .അവൻ്റെ മഹത്തായ അനുഗ്രഹമത്രെ അത്


(42)
وَأَقْسَمُوا۟ بِٱللَّهِ جَهْدَ أَيْمَـٰنِهِمْ لَئِن جَآءَهُمْ نَذِيرٌۭ لَّيَكُونُنَّ أَهْدَىٰ مِنْ إِحْدَى ٱلْأُمَمِ ۖ فَلَمَّا جَآءَهُمْ نَذِيرٌۭ مَّا زَادَهُمْ إِلَّا نُفُورًا


തങ്ങളുടെ അടുത്ത് ഒരു താക്കീതുകാരൻ വരുന്ന പക്ഷം തങ്ങൾ ഏതൊരു സമുദായത്തേക്കാളും സന്മാർഗം സ്വീകരിക്കുന്നവരാകാമെന്ന് അവരെക്കൊണ്ട് സത്യം ചെയ്യാൻ കഴിയുന്നതിൻ്റെ പരമാവധി അവർ
അള്ളാഹുവിൻ്റെ പേരിൽ സത്യം ചെയ്ത് പറഞ്ഞു എന്നാൽ ഒരു താക്കീതുകാരൻ അവരുടെ അടുത്ത് വന്നപ്പോൾ അത് അവർക്ക് അകൽച്ച മാത്രമേ വർദ്ധിപ്പിച്ചുള്ളൂ


നബി തങ്ങളെ അള്ളാഹു ദൂതനായി അയക്കുന്നതിനു മുമ്പ് ഖുറൈശികൾ ഞങ്ങളിലേക്ക് ഒരു താക്കീതുകാരർ (പ്രവാചകൻ) വന്നാൽ അദ്ദേഹത്തിൻ്റെ ഉപദേശം സ്വീകരിച്ച് ഏറ്റവും നന്നായി ജീവിക്കുന്ന സന്മാർഗം സ്വീകരിക്കുന്ന ജനത ഞങ്ങളായിരിക്കുമെന്ന് സാദ്ധ്യമാകുന്നതിൻ്റെ പരമാവധി ശക്തിയിൽ സത്യം ചെയ്ത് പറഞ്ഞു എന്നാൽ നബി തങ്ങൾ ദൂതനായി വന്നപ്പോഴാകട്ടെ അവിശ്വാസത്തിൻ്റെ അങ്ങേ അറ്റത്തേക്കാണ് അവർ എത്തിയത്

 


(43)

ٱسْتِكْبَارًۭا فِى ٱلْأَرْضِ وَمَكْرَ ٱلسَّيِّئِ ۚ وَلَا يَحِيقُ ٱلْمَكْرُ ٱلسَّيِّئُ إِلَّا بِأَهْلِهِۦ ۚ فَهَلْ يَنظُرُونَ إِلَّا سُنَّتَ ٱلْأَوَّلِينَ ۚ فَلَن تَجِدَ لِسُنَّتِ ٱللَّهِ تَبْدِيلًۭا ۖ وَلَن تَجِدَ لِسُنَّتِ ٱللَّهِ تَحْوِيلًا


ഭൂമിയിൽ അവർ അഹങ്കരിച്ച് നടക്കുകയും ദുഷിച്ച തന്ത്രം കൈക്കൊള്ളുകയും ചെയ്തതിനാലാണിത്. ദുഷിച്ച തന്ത്രം (അതിൻ്റെ ഫലം) അത് പ്രയോഗിച്ചവരിൽ തന്നെയാണ് വന്നുഭവിക്കുക അപ്പോൾ പൂർവ്വീകന്മാരുടെ കാര്യത്തിൽ ഉണ്ടായ നടപടിക്രമമല്ലാതെ എന്താണ് അവർ കാത്തിരിക്കുന്നത്
? അള്ളാഹുവിൻ്റെ നടപടിക്രമത്തിന് യാതൊരു ഭേദഗതിയും തങ്ങൾ കണ്ടെത്തുകയില്ല അള്ളാഹുവിൻ്റെ നടപടിക്രമത്തിന് യാതൊരു മാറ്റവും തങ്ങൾ കണ്ടെത്തുകയില്ല



അള്ളാഹുവിൻ്റെ ദൃഷ്ടാന്തങ്ങൾ സ്വീകരിക്കാതെ അഹങ്കരിക്കുകയും മറ്റുള്ള ജനങ്ങളെ സത്യത്തിൽ നിന്ന് തടഞ്ഞ് നിർത്താനുള്ള കുതന്ത്രങ്ങൾ മിനയുകയും ചെയ്യുകയാണ് അവർ ചെയ്തത്. എന്നാൽ അതിൻ്റെ പ്രത്യാഘാതം അവർ തന്നെയാണ് അനുഭവിക്കേണ്ടി വരിക അർഹമായ ശിക്ഷ അള്ളാഹു അവർക്ക് നൽകുമെന്ന് സാരം. ഇങ്ങനെ സത്യത്തോട് വെല്ലുവിളിക്കുന്നവർ മുൻ കാലത്ത് നിഷേധികളിൽ അള്ളാഹു നടപ്പാക്കിയ തിരിച്ചടിയുടെ നടപടി ക്രമമല്ലാതെ മറ്റെന്താണ് കാത്തിരിക്കുന്നത് . അള്ളാഹുവിൻ്റെ നടപ്പടി ക്രമം മാറ്റപ്പെടുകയോ അള്ളാഹു ഒരു കൂട്ടർക്ക് ശിക്ഷ നൽകാൻ തീരുമാനിച്ചാൽ അവരിൽ നിന്ന് അതിനെ തിരിച്ചു വിടാനോ ആർക്കും സാദ്ധ്യമല്ല

 


(44)
أَوَلَمْ يَسِيرُوا۟ فِى ٱلْأَرْضِ فَيَنظُرُوا۟ كَيْفَ كَانَ عَـٰقِبَةُ ٱلَّذِينَ مِن قَبْلِهِمْ وَكَانُوٓا۟ أَشَدَّ مِنْهُمْ قُوَّةًۭ ۚ وَمَا كَانَ ٱللَّهُ لِيُعْجِزَهُۥ مِن شَىْءٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ ۚ إِنَّهُۥ كَانَ عَلِيمًۭا قَدِيرًۭا


അവർ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുൻഗാമികളുടെ പര്യവസാനം എങ്ങിനെയായിരുന്നു എന്ന് നോക്കിയില്ലേ
? അവർ ഇവരെക്കാൾ മികച്ച ശക്തിയുള്ളവരായിരുന്നു ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അള്ളാഹുവെ തോല്പിക്കാനാവില്ല തീർച്ചയായും അവൻ സർവജ്ഞനും സർവശക്തനുമാകുന്നു

ഈ നിഷേധികളോട് ഭൂമിയിലൂടെ സഞ്ചരിച്ച് മുൻകാല സത്യ നിഷേധികൾ അനുഭവിച്ച തിരിച്ചടികളെ കുറിച്ച് ആലോചിക്കാനാണ് പറയുന്നത്. അവർ തകർന്നടിഞ്ഞ പ്രദേശങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ഇവർക്ക് പഠിക്കാം അള്ളാഹുവിൻ്റെ ശിക്ഷയുടെ ഗൗരവം. മുൻ കാലത്തെ നിഷേധികൾ ഇവരേക്കാൾ കായിക ശക്തിയിലും ആൾ സ്വാധീനത്തിലും സാമ്പത്തിക ഭദ്രതയിലുമെല്ലാം വളരെ മുന്നിലായിരുന്നു എന്നിട്ടും അള്ളാഹുവിൻ്റെ ശിക്ഷകൾ അനുഭവിക്കേണ്ടി വന്നപ്പോൾ പൊടിപോലും കണ്ട് പിടിക്കാനില്ലാത്ത വിധം നാമാവശേഷമായി അവരുടെ കൊട്ടാരങ്ങൾ കാലിയാവുകയും അവരനുഭവിച്ചിരുന്ന അനുഗ്രഹങ്ങൾ അനാഥമാവുകയും അവർ തന്നെ വിസ്മൃതിയിലാവുകയും ചെയ്തു.അപ്പോൾ പിന്നെ അവരേക്കാൾ ദുർബലരായ ഇവരുടെ കാര്യം പറയാനുണ്ടോ എന്ന് സാരം! അള്ളാഹുവെ പരാചയപ്പെടുത്താനുള്ള യാതൊരു നീക്കവും വിജയം കാണില്ല കാരണം അവൻ എല്ലാം അറിയുന്നവനും എല്ലാത്തിനും കഴിവുള്ളവനുമാണ്

 


(45)
وَلَوْ يُؤَاخِذُ ٱللَّهُ ٱلنَّاسَ بِمَا كَسَبُوا۟ مَا تَرَكَ عَلَىٰ ظَهْرِهَا مِن دَآبَّةٍۢ وَلَـٰكِن يُؤَخِّرُهُمْ إِلَىٰٓ أَجَلٍۢ مُّسَمًّۭى ۖ فَإِذَا جَآءَ أَجَلُهُمْ فَإِنَّ ٱللَّهَ كَانَ بِعِبَادِهِۦ بَصِيرًۢا


അള്ളാഹു മനുഷ്യരെ അവർ പ്രവർത്തിച്ചതിൻ്റെ പേരിൽ  (ഉടനെതന്നെ) പിടിച്ചു ശിക്ഷിക്കുകയായിരുന്നുവെങ്കിൽ ഭൂമുഖത്ത് ഒരു ജന്തുവെയും  അവൻ വിട്ടേക്കുകയില്ലായിരുന്നു എന്നാൽ ഒരു നിശ്ചിത അവധി വരെ അവരെ അവൻ നീട്ടിയിടുന്നു അങ്ങനെ അവരുടെ അവധി വന്നെത്തിയാൽ  (അവർക്ക് രക്ഷപ്പെടാനാവില്ല) കാരണം തീർച്ചയായും അള്ളാഹു തൻ്റെ ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു

ഓരോരുത്തരുടെയും തെറ്റിനുള്ള ശിക്ഷ അതാത് സമയത്ത് തന്നെ നൽകുന്ന രീതി അള്ളാഹു സ്വീകരിച്ചിരുന്നുവെങ്കിൽ ഇവിടെ ആരും ജീവിച്ചിരിപ്പുണ്ടാവില്ല കാരണം മനുഷ്യർക്ക് അള്ളാഹു ശിക്ഷ നൽകുമ്പോൾ മറ്റ് ജീവികളും അതിൻ്റെ ദുരന്തം അനുഭവിക്കേണ്ടി വരും. അതാണ് ഒരു ജന്തുവെയും വിടില്ലായിരുന്നു എന്ന് പറഞ്ഞത് പക്ഷെ അള്ളാഹു അത്തരം പെട്ടെന്നുള്ള ശിക്ഷയിലേക്ക് പോകുന്നില്ല എല്ലാവർക്കും ചിന്തിക്കാനും വീണ്ടുവിചാരത്തോടെ കാര്യങ്ങൾ ആലോചിക്കാനും സമയം നൽകുന്നു മരണാസന്നനാകുന്നതിനു മുമ്പ് തൻ്റെ തെറ്റുകൾ തിരിച്ചറിഞ്ഞ് പശ്ചാത്തപിക്കുന്നവരെയെല്ലാം അള്ളാഹു സ്വീകരിക്കുന്നു എന്നാൽ മരണം മുന്നിൽ കാണുമ്പോൾ സാവകാശം ചോദിക്കുന്നതും നന്നായിക്കൊള്ളാം എന്ന് വിലപിക്കുന്നതും സ്വീകരിക്കപ്പെടുകയില്ല പിന്നെ അവൻ ശിക്ഷ അനുഭവിച്ചേ പറ്റൂ.ഓരോരുത്തർക്കും ലഭിക്കാൻ അർഹതയുള്ള പ്രതിഫലത്തെ പറ്റി അള്ളാഹുവിനു നന്നായറിയാം


അള്ളാഹു നമ്മെ നല്ലവരിലുൾപ്പെടുത്തട്ടെ ആമീൻ


അദ്ധ്യായം അവസാനിച്ചു





No comments: