Monday, November 24, 2008

അദ്ധ്യായം 1,സൂക്തം 4

സൂക്തം 4 مَـالِكِ يَوْمِ الدِّينِ


(പ്രതിഫല ദിനത്തിന്റെ ഉടമസ്ഥൻ)



മുൻ സൂക്തങ്ങളിൽനിന്ന് എല്ലാറ്റിന്റെയും ഉടമസ്ഥൻ അല്ലാഹുവാണെന്ന് വ്യക്തമായിരിക്കെ ഈ സൂക്തത്തിന്റെ പ്രസക്തി എന്താണ്‌ എന്ന് ചിന്തിച്ചേക്കാം ! പ്രസക്തിയുണ്ട്‌. ഈ ലോകത്ത്‌ യഥാർത്ഥ ഉടമ അല്ലാഹുവാണെങ്കിലും ബാഹ്യമായി അധികാരം കയ്യാളാനും അവകാശവാദങ്ങളുന്നയിക്കാനും ധാരാളമാളുകൾക്ക്‌ അല്ലാഹു അവസരം നൽകി. അത്‌ ദുരുപയോഗം ചെയ്തു കൊണ്ട്‌ ദൈവം ചമയാൻ പോലും ഫറോവയെ പോലുള്ളവർ ധാർഷ്ട്യം കാണിച്ചു എന്നാൽ അങ്ങനെയുള്ളവരുൾപ്പെടെ ബാഹ്യമായി പോലും അവകാശ വാദവുമായി ഒരാളും അവിടെ വരില്ലെന്ന് മാത്രമല്ല അന്ന് (പ്രതിഫല നാളിൽ) എല്ലാവരും മിണ്ടാപ്രാണികളായിരിക്കും.



(لِّمَنِ الْمُلْكُ الْيَوْمَ لِلَّهِ الْوَاحِدِ الْقَهَّارِ (غافر16
''ആർക്കാണ്‌ ഇന്ന് അധികാരം ? ഏകനും സർവ്വാധിപതിയുമായ അല്ലാഹുവിനു തന്നെ! (സൂറ:ഗാഫിർ16)


الْمُلْكُ يَوْمَئِذٍ الْحَقُّ لِلرَّحْمَنِ (الفرقان26 അന്ന് യഥാർത്ഥമായ അധികാരം കരുണാവാരിധിയായ അല്ലാഹുവിനു മാത്രമാകുന്നു(സൂറ:അൽഫുർഖാൻ26)


الْمُلْكُ يَوْمَئِذٍ لِّلَّهِ يَحْكُمُ بَيْنَهُمْ (الحج 56) ആനാളിൽ ആധിപത്യം അല്ലാഹുവിന്റേതായിരിക്കും അവൻ അവർക്കിടയിൽ തീർപ്പു കൽപ്പിക്കും(സൂറ:അൽ ഹജ്ജ്‌ 56)



അപ്പോൾ പ്രതിഫല ദിനത്തിന്‌ അവകാശിയായി മറ്റാരുമില്ല.ഭൂമിയിൽ അങ്ങനെയുള്ള(താൽക്കാലികമാണെങ്കിലും) വർ ധാരാളമുണ്ട്‌.എങ്കിൽ ഈ വിശേഷണം തികച്ചും പ്രസക്തം തന്നെ!നാം സാധാരണ പറയാറില്ലേ ഇപ്പോൾ അദ്ദേഹത്തിന്റെ സമയമാണ്‌ ഏതെങ്കിലും മേഘലയിൽ ഒരാൾ 'താര' മായി അറിയപ്പെടുമ്പോൾ ഇത്‌ അദ്ദേഹത്തിന്റെ സമയമാണെന്ന് പറയും അഥവാ എല്ലാ ശ്രദ്ധയും അദ്ദേഹത്തിലേക്ക്‌ തിരിയുന്നു എന്നാണിതിന്റെ താൽപര്യം. ഈ നിലക്ക്‌ പരലോകം മുഴുവനും അല്ലാഹുവിന്റേതാണ്‌ അവൻ ശ്രദ്ധിക്കപ്പെടുന്നു. അംഗീകരിക്കപ്പെടുന്നു അറിയപ്പെടുന്നു പറയപ്പെടുന്നു. മറ്റുള്ളവർക്ക്‌ സംസാരിക്കാൻ പോലും അവന്റെ അനുവാദം വേണം



لَّا يَتَكَلَّمُونَ إِلَّا مَنْ أَذِنَ لَهُ الرحْمَنُ وَقَالَ صَوَابًا (النبأ38
അല്ലാഹു അനുവാദം നൽകുകയും സത്യം പറയുകയും ചെയ്തവരല്ലാതെ ആരും അന്ന് സം സാരിക്കുകയില്ല(സൂറ:അന്നബഅ് 38)



സത്യം പറഞ്ഞവരും സം സാരിക്കാൻ അല്ലാഹു അനുവാദം കൊടുത്തവരും പ്രവാചകന്മാർ തുടങ്ങിയ മഹാത്മാക്കളാണ്‌ അവർക്ക്‌ അല്ലാഹു പ്രത്യേകം അനുവാദം നൽകും. അവർ ശഫാഅത്ത്‌ (ശുപാർശ) ചെയ്യുകയും പാപികളെ രക്ഷിക്കുകയും ചെയ്യും. ഇതും (ശുപാർശ) അല്ലാഹുവിന്റെ അധികാരത്തിൽ പെട്ടത്‌ കൊണ്ടാണ്‌ ശുപാർശക്ക്‌ അനുമതി ആവശ്യമായി വന്നത്‌. من ذا الذي يشفع عنده الاباذنه ആരാണ്‌ അല്ലാഹുവിന്റെ അനുമതിയില്ലാതെ അവന്റെ അടുക്കൽ ശുപാർശ ചെയ്യുന്നവൻ ( അൽ ബഖറ:) എന്ന് അല്ലാഹു ചോദിച്ചതും ഇത്‌ കൊണ്ടാണ്‌. അപ്പോൾ അനുമതിയുള്ളവർക്ക്‌ ശുപാർശ ചെയ്യാം ! ചെയ്യും ! എന്നെല്ലാം വ്യക്തം. നബി(സ്വ) യുടെ സുപ്രധാനമായ ശുപാർശ ഈ ദിനത്തിലെ പ്രത്യേക സംഭവം തന്നെയാണ്‌. യൗമുൽ ഖിയാമ:(തയാറെടുപ്പ്‌ ദിനം) യൗമുൽ ഹശ്‌ർ (സംഗമ ദിനം) യൗമുൽ ഹിസാബ്‌(കണക്കെടുപ്പ്‌ ദിനം) യൗമുൽ ബഅ്സ്‌(പുനർജന്മദിനം) യൗമുത്തഗാബുൻ( നഷ്ടത്തിന്റെ ദിനം) യൗമുൽ ആഖിർ(അവസാനദിനം) യൗമുൽ ഫസ്‌ൽ(തീർപ്പ്‌ കൽപ്പിക്കുന്ന ദിനം) എന്നിങ്ങനെ ധാരാളം നാമങ്ങൾ ഈ ദിനത്തിനുണ്ട്‌. ബ്രായ്ക്കറ്റിൽ കൊടുത്ത അർത്ഥങ്ങളെല്ലാം ആദിനത്തിലെ പ്രധാന സംഭവങ്ങളാണ്‌ ഈ ലോകത്ത്‌ അല്ലാഹു ഉദ്ദേശിച്ചതൊക്കെ നടക്കും അഥവാ നടക്കാൻ പോകുന്നതൊക്കെ അല്ലാഹു മുൻകൂട്ടി മനസിലാക്കുന്നു. എന്നാൽ അത്‌ അവൻ ആഗ്രഹിക്കുന്നതാവണമെന്നില്ല അതായത്‌ അല്ലാഹു ആഗ്രഹിക്കാത്തതും എന്നാൽ മുൻകൂട്ടി മനസ്സിലാക്കിയതും ഈ ലോകത്ത്‌ നടക്കും പക്ഷെ അവൻ ആഗ്രഹിക്കുന്നത്‌ മാത്രമേ പരലോകത്ത്‌ നടക്കൂ അതാണ്‌ പരലോകം അവന്റെ സമയമാണെന്ന് പറഞ്ഞത്‌. എന്നാൽ അല്ലാഹുവിന്റെ ആഗ്രഹം നമ്മുടെ ആഗ്രഹം പോലെയല്ല അല്ലാഹു പ്രതിഫലം തരാമെന്ന് വഗ്ദാനം ചെയ്ത കാര്യമേതാണോ അതാണ്‌ അവൻ ആഗ്രഹിക്കുന്നതും ഇഷ്ടപ്പെടുന്നതും നമ്മിൽ നിന്ന് ആവശ്യപ്പെടുന്നതും അല്ലാതെ അല്ലഹുവിനു നമ്മെ പോലെ കുറെ അഭിലാഷങ്ങളും മോഹങ്ങളുമുണ്ടെന്നും അത്‌ നടന്നില്ലെങ്കിൽ അവന്‌ മോഹഭംഗവും നിരാശയും ഉണ്ടാകുമെന്നല്ല വിചാരണ ദിവസം ഈ ലോകത്ത്‌ നന്മ ചെയ്യുന്നവരേയും തിന്മ ചെയ്യുന്നവരേയും കാണാം മര്‍ദ്ദിതനും മര്‍ദ്ദകനുമുണ്ടാവും. ഇവരിലെ നന്മയുടെ വക്താക്കൾക്ക്‌ പലപ്പോഴും ഈ ലോകം കൈപ്പേറിയ അനുഭവങ്ങൾ സമ്മാനിക്കുമ്പോൾ തെമ്മാടിയും അക്രമിയും ഇവിടെ സ്വതന്ത്രമായി വിലസുന്നു. മരണം എല്ലാവർക്കും നാം അനുഭവത്തിൽ കാണുകയും ചെയ്യുന്നു. മരണത്തോടെ എല്ലാം അവസാനിക്കുകയാണോ ? ആണെന്ന് വന്നാൽ ഈ ലോകത്ത്‌ അക്രമ വാസന ഇനിയും വർദ്ധിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മര്യാദക്കാരനായി ജീവിക്കുന്നവൻ വെറുമൊരു വിഢ്ഢിയാണെന്ന് ബുദ്ധിയുള്ളവർ പറയുമോ? ഇല്ലെങ്കിൽ മര്യാദക്കാരനും തെമ്മാടിയും അക്രമിയും നീതിമാനും ശരിക്കും തീരുമാനിക്കപ്പെടുന്ന ഒരു രംഗം വേണ്ടേ? ഇവിടെ അതില്ലെന്നുറപ്പ്‌. അതിന്റെ പരിഹാരമാണ്‌ ലോകരക്ഷിതാവ്‌ ഉണ്ടാക്കുന്നത്‌ പ്രതിഫല ദിനം!



لِيَجْزِيَ الَّذِينَ أَسَاؤُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى (النجم 31


''തിന്മ ചെയ്തവർക്ക്‌ അവർ പ്രവർത്തിച്ചതിനനുസരിച്ച്‌ പ്രതിഫലം നൽകുവാനും നന്മ ചെയ്തവർക്ക്‌ ഏറ്റവും നല്ല പ്രതിഫലം (സ്വർഗീയാനുഗ്രഹങ്ങൾ) നൽകുവാനും വേണ്ടിയത്രെ (സന്മാർഗികളിൽ നിന്ന് ദുർമാർഗികളെ അവൻ വേർത്തിരിച്ചത്‌ (സൂറ:അന്നജ്മ്‌31)



أَمْ نَجْعَلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ الْمُتَّقِينَ كَالْفُجَّارِ (ص28


സത്യത്തിൽ വിശ്വസിക്കുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ?അതല്ലെങ്കിൽ ഭയ ഭക്തിയോടെ ജീവിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ?(സൂറ:സ്വാദ്‌ 28)



ഇത്‌ പോലെ ധാരാളം സൂക്തങ്ങളിലൂടെ പ്രതിഫല ദിനത്തിന്റെ പ്രസക്തി അല്ലാഹു ചൂണ്ടിക്കാണിച്ചിട്ടുണ്ട്‌. അക്രമികൾ രക്ഷപ്പെടലും നിരപരാധികൾ ശിക്ഷിക്കപ്പെടലുമൊക്കെ ഭൗതിക കോടതികളിലെ നിത്യ കാഴ്ചകളാണല്ലോ ആയിരം കുറ്റവാളി രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്നത്‌ പൊതുവെ അംഗീകരിക്കപ്പെട്ട തത്വമാണ്‌ കാരണം കുറ്റവാളി രക്ഷപ്പെട്ടാലും അവനെ പിന്നീട്‌ പിടികൂടി ശിക്ഷിക്കാൻ സാധിച്ചേക്കും പക്ഷെ നിരപരാധി ശിക്ഷിക്കപ്പെട്ടതിന്‌ ശേഷം അയാളുടെ നിരപരാധിത്വം തെളിഞ്ഞാൽ ശിക്ഷ തിരിച്ചെടുക്കാൻ സാധിക്കുമോ? ഭൗതിക ലോകത്ത്‌ കുറ്റം കണ്ട്‌ പിടിക്കാൻ പോലീസും വിചാരണക്ക്‌ കോടതിയുമുണ്ട്‌ ശിക്ഷിക്കാൻ ജയിലും. പക്ഷെ ഇവിടെ നിന്നൊക്കെ കുറ്റവാളി രക്ഷപ്പെടുന്നു ഇങ്ങനെയുള്ളവനെ പൂട്ടാൻ കുറ്റമറ്റ സംവിധാനം ആവശ്യമാണ്‌. അതിനാണീ പ്രതിഫല ദിവസം. ഒരാളെ കൊന്നവനും നൂറു പേരെ കൊന്നവനും ഏറിക്കഴിഞ്ഞാൽ ഒരു വധ ശിക്ഷയാണ്‌ ഇവിടെ നൽകാനാവുക എങ്കിൽ അത്രയും തവണ തൂക്കാനുള്ള സംവിധാനം കാണണം അതിനാണ്‌ ഭൗതിക ലോകത്തെ പരിമിതികളില്ലാത്ത ഈ സംവിധാനം അല്ലാഹു ഒരുക്കിയത്‌. നീതി അർഹിക്കുന്നവർക്ക്‌ അതും ശിക്ഷ അർഹിക്കുന്നവർക്ക്‌ അതും ലഭിക്കണം എങ്കിലേ റഹ്‌മാൻ, റഹീം, മുൻതഖിം(ശിക്ഷിക്കുന്നവൻ) എന്നിങ്ങനെയുള്ള അല്ല്ലാഹുവിന്റെ നാമങ്ങൾക്ക്‌ പ്രസക്തിയുള്ളൂ! ഇതിനായി കുറ്റമറ്റ അന്വേഷണ സംവിധാനവും അല്ലാഹു ഒരുക്കി. ഇവിടെ കളവ്‌ പറയാൻ മടിയില്ലാത്ത നാവും സമർത്ഥമായി കള്ളം പറയാൻ ശീലിപ്പിക്കുന്ന വക്കീലും കൂടിയാൽ ഏത്‌ അപരാധിയും കുറ്റവിമുക്തനാവുന്ന കാഴ്ച നമുക്ക്‌ കാണാം എന്നാൽ അത്തരം എല്ലാവിക്രിയകളേയും മാറ്റി നിർത്തി തെളിവ്‌ ശേഖരിക്കുന്ന സംവിധാനമാണ്‌ അല്ലാഹു ആവിഷ്ക്കരിച്ചത്‌. മനുഷ്യൻ ഇവിടെ ചെയ്യുന്നതെന്തും റെക്കോർഡ്‌ ചെയ്യാനുള്ള ഉപകരണങ്ങൾ അല്ലാഹു ഏർപ്പെടുത്തിയിട്ടുണ്ട്‌ മലക്കുകൾ എന്ന റഡാർ സംവിധാനം ഇതിന്നായി അവൻ ഉപയോഗിക്കുന്നു ഇത്‌ കുറ്റവാളി കാണാത്ത അതി രഹസ്യ സംവിധാനമാണ്‌ പക്ഷെ അവൻ റഹ്‌മാനായതിനാൽ മുന്നറിയിപ്പ്‌ തന്നിട്ടുണ്ട്‌. റഡാർ ഒളിപ്പിച്ചു വെച്ചാലും റോഡ്‌ റഡാർ കൊണ്ട്‌ നിരീക്ഷിക്കപ്പെടുന്നുണ്ടെന്ന ബോർഡ്‌ നാം കാണാറില്ലേ? അല്ലാഹുവിന്റെ ഈ സംവിധാനം ഒരിക്കലും പിഴക്കില്ല എന്നിട്ടും മനുഷ്യന്‌ വിചാരണ നാളിൽ കാരണം ബോധിപ്പിക്കാൻ അല്ലാഹു അവസരം നൽകും. പക്ഷെ ഭൂമിയിൽ നുണ പറഞ്ഞ്‌ ശീലിച്ച നാവിനു സീൽ ചെയ്ത്‌ കൈകൾ സംസാരിക്കാനും കാലുകൾ സാക്ഷിപറയാനും അല്ലാഹു ഏർപ്പാടാക്കും. യാതൊരു കുത്രന്ത്രങ്ങളും അവിടെ നടക്കില്ലെന്ന് സാരം!



الْيَوْمَ نَخْتِمُ عَلَى أَفْوَاهِهِمْ وَتُكَلِّمُنَا أَيْدِيهِمْ وَتَشْهَدُ أَرْجُلُهُمْ بِمَا كَانُوا يَكْسِبُونَ (يس65


അന്നാളിൽ അവരുടെ വായകൾ നാം മൂടിക്കെട്ടുകയും കൈകൾ സംസാരിക്കുകയും കാലുകൾ സാക്ഷി പറയുകയും ചെയ്യും അവർ ഇഹലോകത്ത്‌ എന്താണ്‌ ചെയ്ത്‌ കൊണ്ടിരുന്നതെന്ന് (സൂറ:യാസീൻ 65) ഈ ദിനം എന്നാണെന്ന് കൃത്യമായി നിർണ്ണയം നമുക്കറിയില്ല എന്നാണീദിനം എന്ന് ചോദിക്കുന്നവരോട്‌ അത്‌ നാഥൻ വെളിപ്പെടുത്തുമെന്ന് ഉത്തരം പറയാനാണ്‌ നബി(സ്വ) നിർദ്ദേശിക്കപ്പെട്ടത്‌ എന്നാൽ ഓരൊരുത്തരുടെയും മരണത്തോടെ അവന്റെ ഖിയാമം ആരംഭിച്ചുവേന്ന് നബി(സ്വ) അറിയിച്ചു. അതായത്‌ മരണത്തോടെ തന്നെ രക്ഷയോ ശിക്ഷയോ ഭാഗികമായി ആരംഭിക്കുമെന്ന് സാരം അതിനു പുറമേ ആപേക്ഷികമായി ഓരോരുത്തരുടെയും പ്രതിഫലനാൾ ഇവിടെയും രൂപപ്പെടുന്നു. നല്ലവരുടെ നന്മ പ്രകീർത്തിക്കാനും അവരുടെ ഗുണഗണങ്ങൾ എടുത്ത്‌ പറയാനും ജനം മൽസരിക്കുമ്പോൾ ചീത്ത പ്രവർത്തനം നടത്തിയവരെ ആക്ഷേപിക്കാനും ജനം മറക്കുന്നില്ല. നംറൂദ്‌, ഫറോവ ,ഹിറ്റ്ലർ, അബൂജഹ്‌ൽ .. ഉദാഹരണമായെടുക്കാം. മരിക്കുമെന്നതിൽ തർക്കമില്ലാത്ത യുക്തിവാദികളും മറ്റും ഈ അനിവാര്യത ഇപ്പോൾ മനസ്സിലാക്കാത്തത്‌ കഷ്ടമാണ്‌. യഥാർത്ഥ ഖിയാമത്ത്‌ നാളിൽ അവർ മനസിലാക്കും പക്ഷെ അപ്പോഴത്തെ തിരിച്ചറിവ്‌ കൊണ്ട്‌ ഒരു പ്രയോജനവുമില്ല. ചിന്തിച്ച്‌ അപകടത്തിൽ നിന്ന് മുന്നേ രക്ഷപ്പെടുന്നവനാണ്‌ ബുദ്ധിമാൻ എല്ലാം തകർന്ന ശേഷം ചിന്തിക്കുന്നവനല്ല. ഏതായാലും തിയതി നമുക്കറിയാത്ത ഈ നാളിനു വേണ്ടി അന്ന് നല്ല പ്രതിഫലവും സ്വർഗവും വാങ്ങാൻ വേണ്ടി ഒരുങ്ങുകയാണ്‌ നമ്മുടെ കടമ.

എന്നാണ്‌ അന്ത്യനാൾ എന്ന് ചോദിച്ച ശിഷ്യനോട്‌ അതിനു താൻ എന്താണ്‌ ഒരുക്കിയിട്ടുള്ളത്‌ എന്നായിരുന്നു നബി(സ്വ)യുടെ മറു ചോദ്യം .നന്മ പ്രവർത്തിക്കാനാണീ ലോകം പ്രതിഫലം തരാൻ പരലോകവും. എങ്കിൽ ബുദ്ധിയുള്ളവൻ പരലോകത്തെ നല്ല ഫലത്തിനായി അദ്ധ്വാനിക്കില്ലേ? ജീവിതത്തിന്റെ സകല മേഘലയിലും സൂക്ഷ്മത കൈമുതലാക്കുക ! വഞ്ചനയുടെ ലോകത്താണ്‌ നമ്മുടെ ജീവിതം. വിചാരണ നാളിനെ ഭയപ്പെടുന്നവൻ മാത്രമേ അതിൽ നിന്ന് രക്ഷപ്പെടാൻ നിർബന്ധബുദ്ധി കാണിക്കൂ. പാലിൽ വെള്ളം കൂട്ടാൻ നിർദ്ദേശിക്കുന്ന മാതാവിനോട്‌ പരലോകത്ത്‌ വഷളാവുമെന്നതിനാൽ ഞാൻ അത്‌ ചെയ്യില്ലെന്ന് പറഞ്ഞ സ്ത്രീ രത്നങ്ങൾ(ഉമർ(റ)ന്റെ കാലത്ത്‌ നടന്നൊരു സംഭവം) ഈ മഹിത ചിന്തകളുടെ സംഭാവനകളാണ്‌


الكيس من دان نفسه وعمل لما بعد الموت

യഥാർത്ഥ ബുദ്ധിമാൻ തന്നെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു(അതിന്റെ സന്തോഷാവസ്ഥക്ക്‌ )വേണ്ടി പ്രവർത്തിക്കുകയും ചെയ്തവനാണ്‌. ചുരുക്കത്തിൽ നമുക്കൊരുങ്ങാം ! കറകളഞ്ഞ വിശ്വാസവും ആത്മാർത്ഥമായ കർമ്മങ്ങളുമായി.. ഇടക്കെവിടെയോ പറ്റിയ അബദ്ധങ്ങൾ മാപ്പാക്കാനായി നാഥനോട്‌ ഉള്ളുരുകി പ്രാർത്ഥിക്കാം.. അവൻ കരുണാമയനാണല്ലോ ! എല്ലാ നന്മക്കും നാഥൻ അനുഗ്രഹിക്കട്ടെ ..ആമീൻ .
തുടരും ..(ഇൻശാ അള്ളാഹ്‌)

5 comments:

വഴികാട്ടി / pathfinder said...

സൂക്തം 4 ملك يوم الدين

(പ്രതിഫല ദിനത്തിന്റെ ഉടമസ്ഥൻ

കാസിം തങ്ങള്‍ said...

ഉദ്യമം മുന്നോട്ട് ഗമിക്കട്ടെ, ആശംസകള്‍

nazeer arattil said...
This comment has been removed by the author.
Areekkodan | അരീക്കോടന്‍ said...

Due to some font problems I can't read .Inshaallah I'll read after rectifying the problem.

പരലോക തൊഴിലാളി said...

assalamu alikkum, the subject which has selected by you is most importent and i wish all the best in your future progress in explenations and attempts