അദ്ധ്യായം 1 (ഫാത്തിഹ) സൂക്തം 1 (ബിസ്മി)
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാ നിധിയുമായ അല്ലാഹുവിന്റെ എല്ലാനാമവും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു.
ഫാത്തിഹയിലെ ഒന്നാമത്തെ സൂക്തമായ ബിസ്മി ധാരാളം കാര്യങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. വിശ്വാസിയുടെ എല്ലാ സൽകാര്യങ്ങളും ആരംഭിക്കേണ്ടത് ബിസ്മി കൊണ്ടാണെന്ന് നബി വചനത്തിൽ കാണാം. ബിസ്മി കൊണ്ടാരംഭിക്കാത്ത എല്ലാ ശ്രദ്ധേയമായ കാര്യങ്ങളും അനുഗ്രഹശൂന്യമായിരിക്കും. ഖുർആൻ പാരായണം ചെയ്യുമ്പോൾ അഊദു ഓതണമെന്ന് മുമ്പ് നാം പറഞ്ഞല്ലോ. പാരായണത്തിന്റെ തുടക്കത്തിൽ ബിസ്മിയും ഓതണം അഥവാ പാരയണത്തിന്റെ ഭാഗമാണ്‌ബിസ്മി. ആദ്യമിറങ്ങിയ ഖുർആൻ വചനം തന്നെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ ഓതുക എന്നാണല്ലോ !
അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു എന്നത് അതാത് വിഷയത്തോട് ചേർത്ത് മനസ്സിലാക്കണം. അഥവാ ഖുർആൻ പാരായണ സമയത്ത് ബിസ്മി ചൊല്ലിയാൽ പാരായണമാരംഭിക്കുന്നുവെന്നും, ഭക്ഷണം കഴിക്കുമ്പോൾ ചൊല്ലിയാൽ ഭക്ഷണം കഴിക്കാൻ ആരംഭിക്കുന്നുവെന്നും മനസിലാക്കണം. താൻ ചെയ്യാനുദ്ദേശിക്കുന്ന ഏത് കാര്യവും ചെയ്തു തീർക്കാനോ വിജയിപ്പിക്കാനോ സ്വന്തമായ കഴിവോ കാര്യമോ ഇല്ലാത്തവനാണ് താനെന്നും പ്രത്യുത കരുണാമയനായ നാഥന്റെ അനുഗ്രഹം കൊണ്ട് മാത്രമേ തനിക്കിത് വിജയിപ്പിക്കാൻ കഴിയുകയുള്ളുവേന്നും ഉറച്ച് വിശ്വസിക്കുന്ന മനുഷ്യൻ ബിസ്മി ചൊല്ലുമ്പോൾ തന്റെ അടിമത്വവും നാഥന്റെ ഉടമാവകാശവും വ്യക്തമായി പ്രകാശിപ്പിക്കുന്നു. താൻ ചെയ്യാനുദ്ദേശിക്കുന്ന കാര്യത്തിലേക്ക് അല്ലാഹുവിന്റെ സഹായം വന്നെത്താൻ ഇത് കാരണമാവുകയും ചെയ്യുന്നു. കാരണം അവൻ റഹ്‌മാനാണല്ലോ!
അല്ലാഹുവിന് ധാരാളം നാമങ്ങളുണ്ട്. ആനാമങ്ങൾ പറഞ്ഞ്കൊണ്ട് അല്ലാഹുവോട് നിങ്ങൾ പ്രാർത്ഥിക്കുക എന്ന് ഖുർആൻ(അൽ അ.അ്റാഫ് :180) പറയുന്നു. പൈശാചിക ബാധയിൽ നിന്ന് രക്ഷപ്പെടാനും തന്റെ ഖുർആൻ പാരായണം കുറ്റമറ്റതാക്കാനും അല്ലാഹു റഹ്‌മാൻ, റഹീം, ഉൾപ്പെടെയുള്ള നാമങ്ങൾ പറഞ്ഞ് കാവലിനെ തേടുന്ന വിശ്വാസി ദൈവിക സഹായത്തിന് അർഹനാവുക തന്നെ ചെയ്യും. ഇത്കൊണ്ട് തന്നെയാണ് എല്ലാ വിഷയത്തിലും ബിസ്മി കൊണ്ട് ആരംഭിക്കാൻ നിർദ്ദേശമുണ്ടായതും.
അല്ലാഹുവിന് മഹത്തായ നാമം(അൽ-ഇസ്മുൽ അഅ്ളം)ഉണ്ട് അതേതാണെന്ന വിഷയത്തിൽ ഇമാമുകൾക്കിടയിൽ അഭിപ്രായ വിത്യാസമുണ്ട്. അത് കൊണ്ട് (അൽ-ഇസ്മുൽ അഅ്ളംകൊണ്ട് )പ്രാർത്ഥിച്ചാൽ ഉത്തരം ഉറപ്പെന്നാണ് പണ്ഡിത മതം. അസ്മാ-ഉൽ ഹുസ്നാ എന്ന തൊണ്ണൂറ്റൊമ്പത് നാമം പഠിക്കുന്നവന് സ്വർഗം ഉറപ്പാണെന്ന നബി വചനം ഇത്തരുണത്തിൽ സ്മര്യമാണ്.
അള്ളാഹു എന്ന നാമം
പടച്ചവന്റെ പേരാണ് അല്ലാഹു എന്നത്. യഥാര്‍ത്ഥത്തില്‍ ആരധിക്കപ്പെടുന്നവൻ എന്നാണ് അതിന്റെ താൽപര്യം. ലോകത്ത് പലതും ആരാധിക്കപ്പെടുന്നു പക്ഷെ പടക്കുക (സൃഷ്ടിക്കുക) എന്ന ഗുണം അവക്കൊന്നുമില്ല. സ്വതന്ത്രമായ കഴിവും കാര്യവും ഇല്ല. അതിനാൽ ഏറ്റവും വലിയ താഴ്മ എന്ന ആരാധനക്കും അവയൊന്നും അർഹമല്ല. അൽ ഇലാഹ് എന്നതില്‍ നിന്നാണ് അല്ലാഹു എന്ന ഒറ്റ പദം ഉണ്ടായത്. അപ്പോൾ യഥാർത്ഥ ആരാധ്യന്‍ എന്ന അർത്ഥത്തിൽ അല്ലാഹു എന്ന നാമം പടച്ചവന് മാത്രം സ്വന്തം.
യഥാർത്ഥത്തിൽ ആരാധിക്കപെടുന്നവനാണ്(പരമമായ വണക്കം അർപ്പിക്കപ്പെടുന്നവൻ)അല്ലാഹു എന്ന് വരുമ്പോൾ ആരാധിക്കുന്നവന്റെ ഉദ്ദേശം അല്ലാഹുവിന്റെ ഇഷ്ടം കരസ്ഥമാക്കുക എന്നായിരിക്കണം. അപ്പോൾ ഏത് ആരാധന നിർവ്വഹിക്കുന്നവനും അല്ലാഹു എന്ന നിയന്താവിന്റെ മഹത്വവും, തന്റെ അടിമത്വമെന്ന എളിമയും വ്യക്തമായി പ്രകാശിപ്പിക്കുന്നു. നാവിൽ നിന്ന് വരുന്ന അല്ലാഹു എന്ന മന്ത്രവും മറ്റ് അവയവങ്ങളിൽ നിന്നുണ്ടാകുന്ന ആരാധനയുടെ ഭാഗമായ ചലനങ്ങളും ഇതിന്റെ പരസ്യ പ്രകടനങ്ങളായി നാം കാണുന്നു. അല്ലാഹു എന്ന പദത്തിന്റെ ധാതു ഏതാണെന്ന് ചർച്ച ചെയ്ത പണ്ഡിതന്മാർ എന്തു ഭാരവും ഇറക്കി വെക്കാനുള്ള അഭയകേന്ദ്രമായി നാം കാണുന്നതും കാണേണ്ടതും അവനെയാണെന്ന് വിശദീകരിക്കുന്നു. ഇതാണല്ലോ ففروا الي الله എന്ത് പ്രതിസന്ധിയിലും അല്ലാഹുവിലേക്ക് നിങ്ങൾ ഓടിവരിക എന്ന് അവൻ നിർദ്ദേശിച്ചത്. ധനികൻ പലപ്പോഴും ദരിദ്രന്റെ നേരെ വാതിൽ കൊട്ടിയടക്കുമ്പോൾ ആകാശ ഭൂമി കണക്കെ വിശാലമായ തന്റെ അനുഗ്രഹം കൊണ്ട് അടിമയെ മൂടുകയാണ് അല്ലാഹു. അപ്പോൾ അല്ലാഹു എന്നുച്ചരിക്കുന്ന മനുഷ്യന് വല്ലാത്തൊരു സുരക്ഷിതത്വബോധവും സമാധാനവും അനുഭവിക്കാനാവും. ഇതൊക്കെ അല്ലാഹു എന്ന് പറയുമ്പോൾ വിശ്വാസിയുടെ മനസ്സിലേക്കെത്തുന്ന യാഥാർത്ഥ്യങ്ങളാണ്.
അൽ-റഹ്‌മാൻ
വല്ലാതെ കരുണ ചെയ്യുന്നവൻ എന്നാണിതിന്റെ താൽപര്യം. ഇഷ്ടനെന്നോ ദുഷ്ടനെന്നോ വകഭേദമില്ലാതെ ഭൂമിയിൽ എല്ലാവരേയും അനുഗ്രഹിക്കുന്നവനാണ് അല്ലാഹു. തന്റെ ആസ്തിക്യം തന്നെ ചോദ്യം ചെയ്യുന്നവനും ആവശ്യമുള്ളതൊക്കെ അവൻ ഇവിടെ നൽകുന്നു. അത് കൊണ്ട് തന്നെ മത വിശ്വാസികൾ, വിശ്വാസികളല്ലാത്തവരെ കൊന്നൊടുക്കുന്നവരോ മറ്റുള്ളവരുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കുന്നവരോ ആവാൻ പാടില്ല. അല്ലാഹുവിനെ അനുസരിക്കാത്തതിനുള്ള ശിക്ഷ ഭൂമിയിൽ വെച്ച് നൽകുക എന്ന നയം അല്ലാഹു സ്വീകരിച്ചിട്ടില്ലെങ്കിൽ പിന്നെ മതത്തിന്റെ പേരിൽ അത്തരം ഒന്ന് മുസ്ലിം സ്വീകരിക്കാമോ എന്നത് ഗൗരവമായി ആലോചിക്കണം. "ഒരു വിഭാഗത്തോടുള്ള വെറുപ്പ് അവരോട് അനീതി ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ" എന്ന ഖുര്‍ആനികാദ്ധ്യാപനം എന്തു മാത്രം ചിന്തനീയമാണ്. സമകാലിക സമൂഹത്തിൽ വിശേഷിച്ചും. അപ്പോൾ ഭൂമിയിൽ ലഭിക്കുന്ന അംഗീകാരങ്ങളും സൗകര്യങ്ങളും അല്ലാഹു നമ്മെ ഇഷ്ടപെടുന്നുണ്ടെന്നതിന്റെയോ, അനുഭവിക്കേണ്ടി വരുന്ന വ്യഥയും പ്രയാസങ്ങളും അവനു നമ്മോട് വെറുപ്പുണ്ടെന്നതിന്റെയോ രേഖയല്ല ! അതിനാൽ ഈ ലോകത്ത് ലഭിക്കുന്ന സന്തോഷങ്ങളിൽ മതിമറന്ന് അഹങ്കാരിയാവാനോ വിഷമങ്ങളിൽ അസഹിഷ്ണുത പ്രകടിപ്പിച്ച് ആത്മഹത്യ ചെയ്യാനോ വിശ്വാസിക്ക് സാധ്യമല്ല. കാരണം ഈലോകം പരീക്ഷണത്തിന്റേതാണ്, പ്രതിഫലത്തിന്റേതല്ല.
അൽ റഹീം. (കരുണ ചെയ്യുന്നവൻ)
ഇവിടെ പറയുന്ന കരുണ പരലോകത്താണ്. ഭൂമിയിലെ കാരുണ്യവും അതിന്റെ വിശാലതയും അൽറഹ്‌മാൻ എന്നതിൽ നാം കണ്ടല്ലോ. ഭൂമിയിൽ അവന്റെ ഇഷ്ടം കരസ്ഥമാക്കാൻ അദ്ധ്വാനിക്കുന്നവരെ മാത്രമാണ് പരലോകത്ത് അവൻ അനുഗ്രഹിക്കുന്നത്. കാരണം ഭൂമിയിൽ വിവേചനമില്ലാതെ എല്ലാവർക്കും അനുഗ്രഹങ്ങൾ വാരിക്കോരി കൊടുക്കുകയും നിങ്ങളിൽ ആരാണ് നന്നായി പ്രവർത്തിക്കുന്നവർ(അവന്റെ ഇഷ്ടം കരസ്ഥമാക്കാനാവശ്യമായ സത്യ വിശ്വാസവും സത്കർമ്മങ്ങളും അനുഷ്ടിക്കുന്നവർ)എന്ന് പരീക്ഷിക്കാനാണ് താൻ തീരുമാനിച്ചതെന്നും ഈ പരീക്ഷ പാസാവാൻ ദൈവഹിതം മനസ്സിലാക്കി ഭൂമിയിൽ ലക്ഷ്യബോധമുള്ള ജീവിതം നയിക്കലാണ് മാർഗമെന്നും അവൻ മുന്നറിയിപ്പ് നൽകി. ജീവിക്കാൻ വേണ്ട എല്ലാ സംവിധാനങ്ങളും ഒരുക്കിയവൻ ജീവിതത്തിന്റെ ശരിയായ പാതയും കാണിച്ച് തന്നു. അത് കണ്ടെത്താനുള്ള വിശേഷബുദ്ധിയും നൽകി. ഇനിയും അവനെ പരിഹസിച്ചും വെല്ലുവിളിച്ചും നടക്കുന്നത് അക്രമമല്ലേ? എന്നിട്ടും വെല്ലുവിളിച്ചവന് മാറി ചിന്തിക്കാനും നന്മയിലേക്ക് കടന്നു വരാനും അവസരങ്ങൾ ധാരാളം അവൻ നൽകിയത് കൊണ്ടാണ് പെട്ടെന്ന് ശിക്ഷിച്ച് അക്രമികളെ അവൻ ഇല്ലായ്മ ചെയ്യാതിരുന്നത്. ഇത്രയൊക്കെ സാവകാശം നൽകിയിട്ടും അതുൾക്കൊള്ളാത്തവനെ പരലോകത്തും സുഖത്തിൽ കഴിയാൻ അനുവദിക്കണമെന്ന് പറയുന്നത് പരിഹാസ്യമാണ്. അത് കൊണ്ടാണ് പരലോകം തന്റെ ഇഷ്ടദാസര്‍ക്ക് മാത്രം സുഖിക്കാനായി അവൻ മാറ്റിവെച്ചത്. അപ്പോൾ ബുദ്ധിയുള്ള മനുഷ്യൻ ദൈവം തന്ന അനുഗ്രഹങ്ങൾക്ക് നന്ദി രേഖപ്പെടുത്തുകയും അനശ്വരമായ പരലോക ജീവിതം സന്തോഷകരമാക്കാൻ അവന്റെ (അല്ലാഹുവിന്റെ) ഇഷ്ടത്തിനനുസരിച്ചു ഇവിടെ പ്രവർത്തിക്കുകയും ചെയ്യുന്നവനാണ്.
ചുരുക്കത്തിൽ ബിസ്മി മുഴുവനായി വിശകലനം ചെയ്താൽ, ഒന്നിനും സ്വന്തമായി കഴിയാത്ത മനുഷ്യന്, എല്ലാം നൽകി അനുഗ്രഹിച്ച നാഥൻ പകരമായി അവനെ അനുസരിക്കാൻ നമ്മോട് കൽപ്പിക്കുന്നുവെന്നും, കൽപന പാലിച്ചാലും ഇല്ലെങ്കിലും അവന്റെ അനുഗ്രഹത്തിന്റെ സ്വാദ് ഇവിടെ അവൻ അടിമകൾക്ക് നൽകുമെന്നും, കൽപന പാലിച്ചവനെ പരലോകത്ത് ആർക്കും ഊഹിക്കാനാവാത്ത സുഖത്തിലേക്ക് ആനയിക്കുമെന്നും വ്യക്തമായി. ഇനി വിശേഷബുദ്ധിയുള്ള മനുഷ്യനാണ് ചിന്തിക്കേണ്ടത്. ഞാൻ നശ്വരലോകത്തെ താൽക്കാലിക സുഖത്തിന് വേണ്ടി അനശ്വര സൗഭാഗ്യങ്ങൾ തട്ടിത്തെറിപ്പിക്കുന്നത് ബുദ്ധിപരമാണോ എന്ന്.
അല്ലാഹുവിന്റെ നാമങ്ങളെല്ലാം മഹത്വമുള്ളതാണെന്നും അതിനെ അവഗണിക്കാൻ വിശ്വാസിക്ക് സാധ്യമല്ലെന്നും ആ നാമമഹത്വം കൊണ്ട് ദൈവസാന്നിധ്യം ലഭിക്കുന്നവർക്ക് സാധിക്കാത്ത കാര്യങ്ങളില്ലെന്നും ഇസ്‌ലാം പഠിപ്പിക്കുന്നു. വളരെ ദൂരെയുള്ള ബൽഖീസിന്റെ സിംഹാസനം മൈക്രോ സെക്കന്റ്കൊണ്ട് സുലൈമാൻ നബി(അ)യുടെ അടുത്തെത്തിച്ച ആസഫ് എന്ന മഹാൻ അല്ലാഹുവിന്റെ മഹാനാമം ജപിച്ചതിലൂടെയാണിത് കരസ്ഥമാക്കിയത്. നൂഹ് നബി(അ)ന്റെ കപ്പലിന്റെ നിയന്ത്രണം മുഴുവന്‍ ബിസ്മിയിലൂടെയായിരുന്നു. റോം ചക്രവർത്തി കൈസറിന് വിട്ട് മാറാത്ത തലവേദന വന്നപ്പോൾ ഉമർ ബിൻ ഖത്വാബ്(റ)നോട് അദ്ദേഹം മരുന്ന് കൊടുത്തയക്കാൻ ആവശ്യപ്പെടുകയും ഉമർ(റ) ഒരു തൊപ്പി കൊടുത്തയക്കുകയും ചെയ്തു. അത് ധരിച്ചാൽ തലവേദന മാറും ഒഴിവാക്കിയാൽ വേദന വരും. ചക്രവർത്തിക്ക് അതിശയം തോന്നുകയും തൊപ്പി പരിശോധിക്കുകയും ചെയ്തു. ബിസ്മില്ലാഹി എന്നെഴുതിയ കടലാസ് അകത്ത് കണ്ടു. അല്ലാഹുവിന്റെ നാമങ്ങൾ എഴുതിയ ഏലസ്സ് ആകാം എന്നും ഫലപ്രദമാണെന്നും വ്യക്തം. ഖാലിദ് ബിൻ വലീദിനെ വെല്ലുവിളിച്ച ശത്രുവിനു മുന്നിൽ അവൻ കൊണ്ട് വന്ന വിഷം ബിസ്മി ചൊല്ലി കുടിച്ചിട്ട് തനിക്കൊരപകടവും പറ്റാത്തത് പ്രസിദ്ധമാണ്. ബിസ്മിയുടെ മഹത്വം ഇങ്ങനെ നീളുന്നു. വീട്ടിലേക്ക് വരുമ്പോഴും ഭക്ഷണ പാനിയങ്ങൾ ഭുജിക്കുമ്പോഴും പുതിയ വസ്ത്രം ധരിക്കുമ്പോഴും സംയോഗത്തിനൊരുങ്ങുമ്പോഴും എന്ന് വേണ്ട എല്ലാ കുറ്റകരമല്ലാത്ത കാര്യങ്ങളിലും നിർദ്ദേശിക്കപ്പെട്ട ബിസ്മിയുടെ മഹത്വം നാം ഓർക്കുക. നാഥൻ തുണക്കട്ടെ. ആമീൻ..
തുടരും ( ഇന്‍ശാ അല്ലാഹ്)
3 comments:
ഫാത്തിഹയിലെ ഒന്നാമത്തെ സൂക്തമായ ബിസ്മി
സ്വാലിഹായ ഒരു സത്കര്‍മ്മമായി സ്വീകരിക്കുമാറാകട്ടെ. അണിയറയിലെ എല്ലാ പണ്ഡിതന്മാര്‍ക്കും പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍
ഫലപദമായ ഈ സംരംഭത്തിനു എല്ലാ ഭാവുകങ്ങളും
Post a Comment