Monday, December 29, 2008

അദ്ധ്യായം 1 (ഫാതിഹ) സൂക്തം 7

صراط الذين أنعمت عليهم
(അതായത്‌ നീ അനുഗ്രഹിച്ചവരുടെ വഴി)

ആറാം സൂക്തത്തില്‍ പറഞ്ഞ നേര്‍വഴിയുടെ വിശദീകരണമാണിത്‌. വഴി പലവിധമുണ്ട്‌. യാത്രക്ക്‌ പറ്റുന്നതും പറ്റാത്തതും, അപകടം പിടിച്ചതും അല്ലാത്തതും! ഒറ്റനോട്ടത്തില്‍ കുഴപ്പമില്ലെന്ന് തോന്നുന്ന വഴിതന്നെ ചിലപ്പോള്‍ അപകടം ഒളിഞ്ഞിരിക്കുന്നതാവാം ! വഴിപിഴച്ചാല്‍ ലക്ഷ്യത്തിലെത്തില്ല. ചില അപകടം പിടിച്ച വഴിയില്‍ നടന്നാല്‍ തിരിച്ച്പോരാനും സാധ്യമാവില്ല. അതിനാല്‍ യാത്രക്ക്‌ തിരഞ്ഞെടുക്കുന്ന വഴി നേരേ ലക്ഷ്യത്തിലെത്തുന്നതാണെന്ന് ഉറപ്പ്‌ വരുത്തണം. വളഞ്ഞ വഴി പലപ്പോഴും സമയം കളയും. ലക്ഷ്യം തെറ്റിക്കുകയും ചെയ്യും! ഇത്‌ പൊതുവിലുള്ള കാര്യമാണെങ്കില്‍ നാം പറയുന്നത്‌ തല്‍ക്കാലം സമയം കളയുന്ന, പരിഹരിക്കാന്‍ സാധ്യമാകുന്ന വഴിതെറ്റലല്ല. കാരണം നാം ഫാത്തിഹയില്‍ ചര്‍ച്ച ചെയ്യുന്നത്‌ അല്ലാഹുവിലേക്കുള്ള വഴിയാണ്‌. അത്‌ പരമമാണ്‌ അത്‌ പിഴച്ചാല്‍ പിഴയും പരമമാവും. പക്ഷെ അത്‌ പിഴച്ചു എന്ന് ബോധ്യമാവുന്നത്‌ പരലോകത്ത്‌ വെച്ചാവും തിരുത്താനുള്ള സമയം അവിടെ ലഭ്യമല്ല താനും. അഥവാ തിരുത്താനുള്ള ലോകം ഈ ലോകമാണ്‌. ഈ ലോകം അവസാനിച്ചാലാണല്ലോ പരലോകം ആരംഭിക്കുന്നത്‌. ഇത്‌ ഇത്രയും സങ്കീര്‍ണ്ണമാണെന്ന് നമ്മെ ബോധ്യപ്പെടുത്താനാണ്‌ ഏഴാം സൂക്തത്തിലൂടെ അല്ലാഹു നേര്‍ വഴി വിശദീകരിക്കുന്നത്‌.

അല്ലാഹു നിര്‍ദ്ദേശിക്കുന്നത്‌ ഏതോ അതാണ്‌ നേര്‍വഴി.
(وانك لتهدي الي صراط مستقيم صراط الله الذي له مافي السموات ومافي الارض الا الي الله تصير الامور(الشوري 52 53
അല്ലാഹു പറയുന്നു ''തീര്‍ച്ചയായും തങ്ങള്‍ നേരായ പാതയിലേക്കാകുന്നു മര്‍ഗദര്‍ശനം നല്‍കുന്നത്‌. ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും ഏതൊരുവന്നുള്ളതാണോ, ആ അല്ലാഹുവിന്റെ പാതയിലേക്ക്‌ ശ്രദ്ധിക്കുക അല്ലാഹുവിലേക്കാകുന്നു കാര്യങ്ങള്‍ ചെന്നെത്തുന്നത്‌'' (ശൂറാ 52:53)

നേര്‍വഴി അല്ലാഹു നിര്‍ദ്ദേശിക്കുന്നുവെന്നും നബി(സ്വ)അതിലേക്ക്‌ നയിക്കുന്നുവെന്നും ഇതില്‍ നിന്ന് വ്യക്തമായി അല്ലാഹു അനുഗ്രഹിച്ചവരെല്ലാം ഇതേ വഴിയാണ്‌ തിരഞ്ഞെടുത്തത്‌ എന്നാല്‍ അല്ലാഹുവിന്റെ കോപത്തിനു വിധേയരും പിഴച്ചവരും ഈ വഴി തിരസ്ക്കരിക്കുകയായിരുന്നു അപ്പോള്‍ അനുഗ്രഹികള്‍ തിരഞ്ഞെടുത്തതും അല്ലാഹു നിര്‍ദ്ദേശിച്ചതും ഒരേ വഴിയാണെന്ന് വരുമ്പോള്‍ ഇവരുടെ വഴി ആവശ്യപ്പെടല്‍ അല്ലാഹുവിന്റെ വഴി ആവശ്യപ്പെടല്‍ തന്നെയായി! ഏത്‌ കക്ഷിയും തന്റെതാണ്‌ നേര്‍വഴി എന്ന് അവകാശ വാദമുന്നയിക്കുക സ്വാഭാവികമാണ്‌ അതിനാല്‍ മനുഷ്യന്റെ അവകാശ വാദങ്ങള്‍ക്ക്‌ വിട കൊടുത്ത്‌ അല്ലാഹു തന്നെ ആ വഴി വിശ്ദീകരിക്കുന്നു ഇനിയും ദുര്‍വ്യാഖ്യാനങ്ങള്‍ നടത്തി നേര്‍വഴിയുടെ കുത്തകക്ക്‌ ആരും കഷ്ടപ്പെടണമെന്നില്ല! മുസ്‌ലിംകളിലെ ചിലരില്‍നിന്ന് സാധാരണ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു ശബ്ദമാണ്‌ ഞങ്ങള്‍ ഖുര്‍ആനും സുന്നത്തും മുറുകെ പിടിക്കുന്നവരാണ്‌ അതാണ്‌ പ്രമാണം എന്നൊക്കെ ! ഖുര്‍ആനും സുന്നത്തും അടിസ്ഥാന പ്രമാണമായിരിക്കെ നേര്‍വഴി വിശദീകരിക്കുന്നിടത്ത്‌ അല്ലാഹു അത്‌ പറയാതിരുന്നത്‌ ശ്രദ്ധേയമാണ്‌.

ഖുര്‍ആനും സുന്നത്തും പലരും കൃത്യമല്ലാത്ത വ്യാഖ്യാനങ്ങള്‍ നടത്തി വഴി പിഴക്കാറുണ്ട്‌ ഇതിന്‌ ഉദാഹരണം പോലും പറയേണ്ടാത്ത വിധം വ്യക്തമായ കാര്യമാണ്‌. വഴിതെറ്റിയവരൊക്കെയും പ്രമാണം ഖുര്‍ആനാണെന്ന് പറഞ്ഞവരാണ്‌. എന്നിട്ടും എന്തേ അവര്‍ പിഴച്ചത്‌? ഖുര്‍ആന്‍ മനസിലാക്കാനുള്ള മാനദണ്ഡം അവര്‍ അവഗണിച്ചു. അതായത്‌ പ്രവാചകര്‍(സ്വ)യും ശിഷ്യന്മാരും പിന്നീട്‌ വന്ന പൂര്‍വസൂരികളും എങ്ങനെയാണോ ഖുര്‍ആന്‍ മനസ്സിലാക്കിയത്‌ അങ്ങനെ ഖുര്‍ആന്‍ മനസിലാക്കിയില്ലെങ്കില്‍ തെറ്റിപ്പോകും! ഇത്‌ പഠിപ്പിക്കാനാണ്‌ അല്ലാഹു നേര്‍മാര്‍ഗം വിശദീകരിക്കുന്നിടത്ത്‌ ഖുര്‍ആനും സുന്നത്തും അംഗീകരിച്ചവര്‍ എന്ന് പറയുന്നതിനു പകരം അവന്‍ അനുഗ്രഹിച്ച ചില നല്ലവരുടെ മാര്‍ഗം എന്ന വിശദീകരണം നല്‍കിയത്‌. അതായത്‌ പ്രമാണങ്ങളായ ഖുര്‍ആനും സുന്നത്തും ശരിയായി മനസിലായത്‌ ആ മഹാന്മാര്‍ക്കാണെന്നും അവരെ അവഗണിച്ചൊരാള്‍ക്കും ഖുര്‍ആനും സുന്നത്തും സ്വീകരിക്കാനാവില്ലെന്നും അവരെ തള്ളിപ്പറയുന്നവര്‍ നേര്‍വഴിയുടെ നാലയലത്ത്‌ പോലും വരാന്‍ യോഗ്യരല്ലെന്നും അല്ലാഹു വ്യക്തമാക്കുകയാണിവിടെ!

ഇവിടെയാണ്‌ വിശ്വാസികള്‍ ഗൗരവമായി തന്നെ ആലോചിക്കേണ്ടത്‌. പൂര്‍വീക മഹത്തുക്കള്‍ മനസിലാക്കിയത്‌ പോലെ മാത്രമേ നാം ഖുര്‍ആന്‍ മനസിലാക്കാവൂ! കാരണം ഖുര്‍ആന്‍ ഭാഷാ പ്രാവീണ്യം കൊണ്ട്‌ മാത്രം മനസിലാക്കാന്‍ സാധ്യമല്ല. സന്ദര്‍ഭവും സാഹചര്യവും അത്‌ വിശദീകരിക്കുമ്പോഴുള്ള പ്രവാചകരുടെ മുഖഭാവം പോലും ശരിയായ വ്യാഖ്യാനത്തിന്‌ അത്യാവശ്യമത്രെ! അതിനാല്‍ പ്രവാചക സന്നിധിയില്‍ നിന്ന് ഖുര്‍ആനും നബി ചര്യയും ഉള്‍ക്കൊണ്ട ശിഷ്യന്മാരും അത്‌ അങ്ങനെ തന്നെ ഏറ്റെടുത്ത പിന്‍ഗാമികളും അവരെ അംഗീകരിച്ച അവരുടെ ശേഷക്കാരും അങ്ങനെ ഇന്നോളം ഈ മതം -നേര്‍വഴി-തുടര്‍ന്ന് വരുന്നു. നാം നമ്മുടെ മുന്‍തലമുറയില്‍ നിന്നും അവര്‍ അവരുടെ മുന്‍തലമുറയില്‍ നിന്നും അങ്ങനെ പ്രവാചകര്‍(സ്വ)വരെ മുറിയാത്ത സുഭദ്രമായ പരമ്പരയാണ്‌ മത വിഷയത്തില്‍ നമ്മുടെ മാതൃക. അപ്പോള്‍ മുന്‍ തലമുറയെ വിശ്വാസത്തിലെടുത്ത്‌ മുന്നോട്‌ പോകുന്നവരാണ്‌ നേര്‍വഴിക്ക്‌ അവകാശികള്‍! ഖുര്‍ആനിലെന്തു പറഞ്ഞു എന്നും പ്രവാചക ചര്യ എന്താണെന്നും ഓരോതലമുറയും അതിന്റെ മുന്‍ തലമുറയില്‍ നിന്ന് മനസിലാക്കുമ്പോള്‍ തീര്‍ച്ചയായും അങ്ങേതലക്കുള്ള നബി(സ്വ)യും ഇങ്ങേത്തലയിലുള്ള നാമും തമ്മില്‍ അകലം അല്‍പവും തോന്നാത്ത വിധം അടുത്ത്‌ നില്‍ക്കുകയാണ്‌.

ഈ പാരമ്പര്യ ചിന്തയാണ്‌ നേര്‍വഴിയുടെ ആധാരം എന്നാണ്‌ ''നീ അനുഗ്രഹിച്ച ആളുകളുടെ മാര്‍ഗത്തില്‍ ഞങ്ങളെ വഴി നടത്തേണമേ'' എന്ന പ്രാര്‍ഥനയുടെ കാതല്‍. അപ്പോള്‍ പൂര്‍വീകര്‍ നമ്മുടെ പിന്‍ബലമാണ്‌ അവരെ ദുഷിക്കുന്നവര്‍ക്ക്‌ നേര്‍വഴിയിലെത്താന്‍ സാധ്യമല്ല തന്നെ! അത്‌ കൊണ്ടാണ്‌ ഖുര്‍ആന്‍ ''പൂര്‍വീകരോട്‌ മനസില്‍ ഒരു വിഷമവും തോന്നിക്കല്ലേ'' എന്ന് പ്രാര്‍ഥിക്കാന്‍ നമ്മെ പഠിപ്പിച്ചത്‌
والذين جاءو من بعدهم يقولون ربنااغفرلنا ولاخواننا الذ ين سبقونا بالايمان ولاتجعل في قلوبنا غلا للذين امنوا ربنا انك رءوف رحيم(الحشر 10)
പിന്നീട്‌ വന്നവര്‍ പ്രാര്‍ഥിക്കുന്നു ''നാഥാ! ഞങ്ങല്‍ക്കും ഞങ്ങള്‍ക്ക്‌ മുമ്പേ വിശ്വാസികളായിത്തീര്‍ന്ന ഞങ്ങളുടെ സഹോദരങ്ങള്‍ക്കും നീ പൊറുത്തു തരേണമേ !'' ഞങ്ങളുടെ ഹൃദയങ്ങളില്‍ വിശ്വാസികളോട്‌ വിദ്വേഷമുണ്ടാക്കരുതേ നീ കനിവുറ്റവനും അളവറ്റ ദയാപരനുമല്ലോ!(അല്‍ ഹശ്‌ര്‍ :10)

അപ്പോള്‍ നേര്‍വഴി ഒരു വിഭാഗം നടന്ന വഴിയാണെന്ന് അല്ലാഹു അറിയിക്കുമ്പോള്‍ ഖുര്‍ആനും നബി ചര്യയും അവഗണിക്കുകയല്ല മറിച്ച്‌ ഒരിക്കലും തെറ്റിപ്പോകാത്ത വിധം അതുള്‍‍ക്കൊള്ളാനുള്ള സംവിധാനം ചെയ്തിരിക്കുകയാണ്‌ അല്ലാഹു. ഇവിടെയാണ്‌ നേര്‍വഴി അഹ്‌ലുസ്സുന്നത്തി വല്‍ ജമാ അത്താണെന്ന് (സുന്നി) നാം തറപ്പിച്ച്‌ പറയുന്നത്‌ . കാരണം സുന്നികളല്ലാത്തവരൊക്കെ ഞങ്ങള്‍ ഖുര്‍ആനും സുന്നത്തും അംഗീകരിക്കുകയാനെന്നും ഖോജാക്കന്മാരെ (മഹാന്മരായ പൂര്‍വ്വികര്‍)പിന്നാലെ പോകാന്‍ ഞങ്ങളെ കിട്ടില്ലെന്നും തെല്ല് അഭിമാന(?)ത്തോടെ തന്നെ പറഞ്ഞ്‌ കൊണ്ടിരിക്കുന്നു. എന്നിട്ടും അവര്‍ക്ക്‌ അടിസ്ഥാന വിഷയങ്ങളില്‍ പോലും യോജിക്കാന്‍ സാധിക്കുന്നില്ല! സുന്നികള്‍ ഖുര്‍ആനും സുന്നത്തും തന്നെ പ്രമാണമായി സ്വീകരിക്കുമ്പോഴും അത്‌ യഥാവിധി ഉള്‍ക്കൊണ്ട ഖോജാക്കളെ കൂടി പരിഗണിച്ചു. അവര്‍ ഒന്നായി വഴി തെറ്റി പോകില്ലെന്ന ഉറപ്പ്‌ നമുക്കുണ്ട്‌. നബി(സ്വ) പറഞ്ഞു. ''എന്റെ സമുദായം വഴികേടില്‍ ഏകോപിക്കില്ല! ഈ മഹാന്മരായ പൂര്‍വ്വികരെ‍ പരിഗണിക്കണമെന്ന ശക്തമായ നിര്‍ദ്ദേശമാണീ ''നീ അനുഗ്രഹിച്ചവരുടെ മാര്‍ഗം'' എന്ന അല്ലാഹുവിന്റെ വിശദീകരണം! അപ്പോള്‍ അനുഗ്രഹിച്ചവ എന്നൊരു തസ്തിക അല്ലാഹുവാണ്‌ സ്ഥിരപ്പെടുത്തുന്നത്‌. അവര്‍ ഈ ദീനില്‍ ഖോജാക്കള്‍ തന്നെയാണ്‌ അവരെ പരിഗണിക്കല്‍ മതവും അവഗണിക്കല്‍ വഴികേടുമത്രെ! അതു കൊണ്ടാണ്‌ നല്ലവരൊക്കെ പറഞ്ഞത്‌
فكل خير في اتباع من سلف= وكل شر في ابتداع من خلف
എല്ലാ നന്മയും കുടികൊല്ലുന്നത്‌ പൂര്‍വീകരെ പിന്തുടരുന്നതിലും തിന്മയെല്ലാം (പൂര്‍വീകര്‍ക്കെതിരില്‍) പിന്‍ തലമുറ പുതുതായി കണ്ടെത്തുന്നതിലുമാണ്‌.

ഇനി തര്‍ക്കത്തിലിരിക്കുന്ന ഓരോ വിഷയത്തിലും നമുക്ക്‌ പരിശോധിക്കാം ആര്‍ക്കാണ്‌ മുന്‍ഗാമികലുടെ മാതൃക മത വിഷയങ്ങളിലുള്ളതെന്ന്! നിഷ്പക്ഷമായ അന്വേഷണം തീര്‍ച്ചയായും അഹ്‌ലുസ്സുന്നത്തിന്റെ (സുന്നി)മാര്‍ഗം പ്രമാണ ബദ്ധവും മുന്‍തലമുറയുടെ മാതൃക കൊണ്ട്‌ ധന്യവുമാണെന്ന് കണ്ടെത്താന്‍ സഹായിക്കും. ഇത്‌ തന്നെയാണ്‌ ഒരു വിഭാഗത്തിന്റെ വഴി എന്ന ആശയം ഖുര്‍ആന്‍ ഉണര്‍ത്തിയത്‌. ആ വിഭാഗത്തിന്‌ അല്ലാഹു ഒരു യോഗ്യത പറയുന്നു അവന്‍ അനുഗ്രഹിച്ചവര്‍ എന്ന്.

അനുഗ്രഹീതര്‍

ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ അല്ലാഹു ഓരോരുത്തരെയും അനുഗ്രഹിക്കുന്നുണ്ട്‌ ആപേക്ഷികമായി ഏറ്റവ്യത്യാസം കാണാമെങ്കിലും. ഇമാം ബൈളാവി(റ) എഴുതുന്നു അനുഗ്രഹം രണ്ട്‌ വിധം 1) ഭൗതികം دنيوي
2) പാരത്രികം اخروي

ഭൗതികം : ഇത്‌ വീണ്ടും രണ്ടായി തരം തിരിയുന്നു a) وهبي (ഔദാര്യമായി ലഭിച്ചത്‌)
b) كسبي (നാം അധ്വാനിച്ച്‌ നേടിയത്‌)

ഔദാര്യമായി ലഭിക്കുന്നത്‌
വീണ്ടും രണ്ടായി തിരിയുന്നു. روحاني (ആത്മീയം), جسماني (ശാരീരികം)
ആത്മീയം എന്നതിന്‌ ആത്മാവ്‌ ലഭിച്ചത്‌, ചിന്താശേഷി പോലുള്ള അനുഗ്രഹങ്ങൾ ഉദാഹരണമായെടുക്കാം അദ്ധ്വാനിച്ച്‌ നേടിയതിന്‌ സൽ സ്വഭാവം കൈക്കൊള്ളുക, ധനം സമ്പാദിക്കുക എന്നത്‌ ഉദാഹരണം. പാരത്രികമായ അനുഗ്രഹമെന്നാൽ നമ്മിൽ നിന്ന് സംഭവിച്ചേക്കാവുന്ന കുറ്റങ്ങൾ അല്ലാഹു പൊറുത്ത്‌ തരുന്നതും നമ്മെ അല്ലാഹു തൃപ്തിപ്പെടുന്നതും ഒക്കെയാണ്‌(തഫ്സീർ ബൈളാവി). അനുഗ്രഹീതരിൽ ചിലർ അനുഗ്രഹത്തിന്‌ നന്ദി കാണിച്ച്‌ അല്ല്ലാഹുവിന്റെ വഴി തിരഞ്ഞെടുത്തവരാണ്‌ ഇവർക്ക്‌ അല്ലാഹു ശാശ്വതമായ അനുഗ്രഹം നൽകുന്നു.
لئن شكرتم لأزيدنكم(ابراهيم7
നിങ്ങൾ എനിക്ക്‌ നന്ദി ചെയ്താൽ ഞാൻ (അനുഗ്രഹം)വർദ്ധിപ്പിച്ച്‌ തരിക തന്നെ ചെയ്യും(സൂറ: ഇബ്‌റാഹീം7 )

ഇതിന്റെ ഭാഗമായി വിശ്വാസിക്കേറ്റവും ആനന്ദകരമായ അല്ലാഹുവിന്റെ ദർശനം പോലും അവൻ നൽകുന്നു ( للذين أحسنوا الحسني وزيادة (يونس 26
നന്മ ചെയ്തവർക്ക്‌ ഏറ്റവും നന്മയും വർദ്ധനയമുണ്ട്‌(സൂറ:യൂനുസ്‌ 26)എന്നാണ്‌ അല്ലാഹു പറഞ്ഞത്‌ ഈ അനുഗ്രഹത്തെ അപേക്ഷിച്ച്‌ ഭൗതികമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ യഥാർത്ഥത്തിൽ അനുഗ്രഹമല്ല അല്ലാഹുവിന്റെ വെറും ആനുകൂല്യമാണ്‌ ഇതാണ്‌ അനുഗ്രഹീതർ എന്ന ഫാത്തിഹയിലെ പരാമർശം. നബിമാർ, സിദ്ധീഖുകള്‍, രക്ത സാക്ഷികൾ, സാലിഹുകൾ എന്നിങ്ങനെ നാലു വിഭാഗത്തിലായി അല്ലാഹു തന്നെ ക്ലിപ്തപ്പെടുത്തിയത്‌ അല്ലാഹു പറയുന്നു..
ومن يطع الله والرسول فأولئك مع الذين انعم الله عليهم من النبيين والصديقين والشهداء والصالحين وحسن اولئك رفيقا(النساء 69

അല്ലാഹുവിനും അവന്റെ റസൂലിനും ആരെങ്കിലും വഴിപ്പെട്ടു നടന്നാല്‍ അവര്‍(പരലോകത്ത്‌)അല്ലാഹുവിന്റെ അനുഗ്രഹം സിദ്ധിച്ചവരുടെ(നബിമാര്‍,സിദ്ധീക്കുകള്‍, ശുഹദാക്കള്‍, സാലിഹുകള്‍ )എന്നിവരുടെ കൂടെയായിരിക്കും. അവരത്രെ നല്ല കൂട്ടുകാര്‍(സൂറ:നിസാഅ 69)

നീ അനുഗ്രഹിച്ചവര്‍ എന്ന പ്രയോഗം വ്യാപകമാണ്‌ അഥവാ അനുഗ്രഹീതരായ നാല്‌ വിഭാഗക്കാര്‍ എന്നത്‌ സ്ഥലകാല വ്യത്യാസമില്ലാതെ അംഗീകരിക്കപ്പെടേണ്ടവരാണ്‌. ഞാന്‍ പ്രവാചകനെ മാത്രമേ അംഗീകരിക്കൂ മറ്റുള്ളവരെയൊന്നും എനിക്ക്‌ വേണ്ട എന്ന ശൈലി തീരെ ശരിയല്ല. കാരണം അല്ലാഹു അംഗീകരിക്കാന്‍ നിര്‍ദ്ദേശിച്ചവരാണ്‌ ഈ നാല്‌ വിഭാഗവും. അവരെയൊക്കെ നിയമാനുസൃതം അംഗീകരിക്കാന്‍ തന്നെയാണ്‌ അല്ലാഹു ഈ വ്യാപകമായ അര്‍ഥത്തില്‍ വിശദീകരിച്ചത്‌. അല്ലെങ്കില്‍ ''പ്രവാചകന്മാരുടെ വഴിയില്‍ നീ ഞങ്ങളെ നയിക്കണമേ'' എന്നാണല്ലോ പറയേണ്ടിയിരുന്നത്‌!സ്വന്തമായ വഴിമേല്‍ വിശദീകരണത്തില്‍നിന്ന് വ്യക്തമാവുന്ന ഒരു കാര്യമുണ്ട്‌ മതത്തില്‍ നമുക്ക്‌ സ്വന്തം കണ്ട്പിടുത്തങ്ങള്‍ നടത്താന്‍ വകുപ്പില്ല എന്നാണത്‌. അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയേ പോയേ പറ്റൂ! ഇതാണ്‌ നീ അനുഗ്രഹിച്ചവരുടെ വഴി എന്ന് പറഞ്ഞത്‌. ആര്‍ക്കും സ്വന്തമായ വഴി പറ്റില്ല എന്ന് പറഞ്ഞതില്‍ നിന്ന് ഗവേഷണപടുക്കളായ ഇമാമുകളുടെ ഗവേഷണം പറ്റില്ല എന്ന് അര്‍ത്ഥമാക്കരുത്‌ കാരണം അവരുടെ ഗവേഷണം സ്വന്തമായ വഴിയല്ല മറിച്ച്‌ യഥാര്‍ത്ഥ പ്രമാണങ്ങള്‍ എന്തു പറയുന്നു എന്ന് അത്‌ അറിയാത്തവരെ ബോധ്യപ്പെടുത്താനുള്ള ചില മാര്‍ഗങ്ങള്‍ സ്ഥാപിച്ചതാണവര്‍. അത്‌ ഈ അനുഗ്രഹീതരുടെ വഴി തന്നെയാണ്‌ താനും! അതിനാല്‍ വഴി അവരുടെ സ്വന്തമല്ല.

ഉദാഹരണമായി ഖുര്‍ആന്‍ പാരായണം അല്ലാഹു അനുഗ്രഹിച്ചവരുടെ വഴിയാണല്ലോ എന്നാല്‍ മനപാഠമില്ലാത്തവര്‍ നോക്കി ഓതുന്നു. കാഴ്ച്ച ശക്തി കുറവുള്ളവര്‍ കണ്ണട വെക്കുന്നു. മുമ്പുള്ളവര്‍ കണ്ണട വെച്ചിട്ടുണ്ടോ എന്ന് ക്രമപ്രശ്നം ഉന്നയിക്കരുത്‌. കാരണം ഖുര്‍ആന്‍ ഓത്ത്‌ മുമ്പുള്ളവരുടെ വഴിയാണ്‌ അത്‌ സുഗമമാക്കാന്‍ കണ്ണട വെക്കുകയാണ്‌ നാം ചെയ്തത്‌. ഇത്‌ പോലെ ഖുര്‍ആനും സുന്നത്തും മനസിലാക്കാനുള്ള നിയമപരമായ കണ്ണടയാണ്‌ ഇമാമുകളുടെ ഗവേഷണം. ലോകത്ത്‌ ഈ കണ്ണടയുടെ *നാല്‌ കമ്പനികളാണ്‌ വിശ്വസ്തവും പ്രസിദ്ധവുമായി നിലവിലുള്ളത്‌. വേണ്ടത്ര കാഴ്ച്ചയില്ലാത്തവന്‌ ഖുര്‍ആന്‍ നോക്കാന്‍ കണ്ണട വേണമെന്ന് തത്വത്തില്‍ നാം സമ്മതിച്ചാല്‍ ഖുര്‍ആന്‍ വേണ്ടത്ര മനസിലാവാത്തവന്‌ ഈ നാല്‌ കമ്പനികളിലൊന്നിനെ ആശ്രയിച്ചേ പറ്റൂ! ഇവിടെ ചിലര്‍ ഞങ്ങള്‍ക്ക്‌ അവരെയൊന്നും ആശ്രയിക്കാനാവില്ല ഞങ്ങല്‍ സ്വയം ഗവേഷണം നടത്താം എന്ന് പറയുന്നത്‌ ഇസ്‌ലാമികമല്ല ബുദ്ധി പരവുമല്ല. കാരണം വ്യാജ ഡോക്ടര്‍ നടത്തുന്ന ഓപ്പറേഷന്‍ വിജയകരമായാല്‍ പോലും അയാള്‍ കുറ്റക്കാരനാണ്‌. ഗവേഷണത്തിനു വേണ്ട ഒരു യോഗ്യതയും ഇന്ന് നമുക്കൊന്നുമില്ല. അതിനാല്‍ യോഗ്യരാണെന്ന് ലോകം സമ്മതിച്ചവരെ സ്വീകരിക്കുക നമ്മുടെ വിശ്വാസവും കര്‍മ്മവും കുറ്റമറ്റതാക്കുക ഇതാണ് കാലാകാലങ്ങളിലുള്ള വിശ്വാസികളുടെ നിലപാട്‌. മുസ്‌ലിം സമൂഹം ഒന്നിച്ച്‌ പിഴക്കില്ലെന്ന് നബി(സ്വ) പറഞ്ഞിട്ടുണ്ട്‌ എന്നാല്‍ നാലില്‍ ഒരു മദ്‌ഹബ്‌ സ്വീകരിക്കുക എന്നത്‌ കാലങ്ങളായി മുസ്‌ലിം സമൂഹം നിരാക്ഷേപം തുടര്‍ന്ന് വന്ന നടപടിക്രമമാണ്‌ അതിനെതിരില്‍ ശബ്ദിക്കുന്നവര്‍ പക്ഷെ കൂടുതല്‍ വിശ്വാസയോഗ്യരായ പണ്ഡിതന്മാരെ തള്ളി ഒരു യോഗ്യതയുമില്ലാത്ത സ്വന്തം നേതാക്കള്‍ പറയുന്നതെന്തും അങ്ങനെ തന്നെ വിഴുങ്ങുന്നത്‌ കാണുമ്പോള്‍ സഹതാപമാണ്‌ തോന്നുന്നത്‌. ചുരുക്കത്തില്‍ നേര്‍വഴി എന്നാല്‍ നേരത്തെ പറഞ്ഞ നാല്‌ വിഭാഗം നടന്ന വഴിയാണ്‌. ആ വിഭാഗത്തെ ഉള്‍ക്കൊള്ളാതെ അത്‌ സാധ്യമല്ല. ആ നാല്‌ വിഭാഗം ആരാണ്‌ അവരുടെ ഉത്തരവാദിത്വം എന്താണ്‌ തുടങ്ങിയ വിഷയങ്ങള്‍ ചെറുതായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്‌.
തുടരും (ഇന്‍ശാ അല്ലാഹ്‌)
*പ്രസിദ്ധമായ നാലു മദ്‌ഹബുകളെ അഥവാ നാലു വഴികളെയാണു ഇവിടെ സൂചിപ്പിക്കുന്നത്‌. ( ശാഫീ, ഹനഫി, ഹമ്പലി , മാലികി )

NB: ഈ സൂക്തത്തിന്റെ ബാക്കി വിശദീകരണം അടുത്ത പോസ്റ്റില്‍

Monday, December 22, 2008

അദ്ധ്യായം1 (ഫാതിഹ) സൂക്തം 6

(ചൊവ്വായ വഴിയിൽ നീ ഞങ്ങളെ വഴി നടത്തേണമേ!)

ആറാം സൂക്തമാണിത്‌ ഫാത്തിഹയുടെ ഹൃദയം !
അല്ലാഹു തന്നെ തയാറാക്കിത്തന്ന അപേക്ഷയാണിത്‌ ''നിന്നോട്‌ മാത്രം സഹായം തേടുന്നു''വെന്നാണല്ലോ കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞത്‌. ആ സഹായതേട്ടത്തിന്റെ പ്രധാന ഭാഗം ഹിദായത്ത്‌(സന്മാർഗം) ലഭിക്കാനുള്ള തേട്ടമാണ്‌. എല്ലാ കഴിവും കാര്യവും അല്ലാഹുവിൽ നിന്ന് മാത്രമേ താൻ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് വിശ്വാസി പ്രഖ്യാപിക്കുമ്പോൾ എന്ത്‌ സഹയമാണ്‌ തനിക്ക്‌ വേണ്ടതെന്നൊരു സാങ്കൽപ്പിക ചോദ്യത്തിന്റെ ഉത്തരമാണ്‌ ഈ സൂക്തം. അഥവാ എനിക്കു ലഭിക്കേണ്ട പ്രധാന സഹായം നേർമാർഗത്തിലെത്താനുള്ള സഹായമാണ്‌ എന്ന്! അപ്പോൾ തനിക്ക്‌ അവശ്യം ആവശ്യമായ എല്ലാ കാര്യങ്ങളും ചുരുങ്ങിയ വാക്കുകളിൽ ഉൾക്കൊള്ളിച്ചുകൊണ്ട്‌ അവൻ പ്രാത്ഥിക്കുന്നു ''ചൊവ്വായ വഴിയിൽ ഞങ്ങളെ വഴി നടത്തേണമേ'' എന്ന് ഒരു ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ചൊവ്വായ വഴിക്കാണ്‌ 'മുസ്തഖീം'എന്ന് പറയുക. അതു തന്നെയായിരിക്കും എളുപ്പ വഴിയും!

മനുഷ്യ ജീവിതത്തിന്‌ മഹത്തായ ലക്ഷ്യമുണ്ടെന്നും അതു പ്രാപിക്കുമ്പോൾ മാത്രമേ അവൻ ജീവിത വിജയം കരസ്ഥമാക്കിയവൻ ആവുകയുള്ളൂവേന്നും അത്‌ നഷ്ടപെട്ടാൽ ജീവിതം തന്നെ പാഴായിപ്പോകുമെന്നും ഈ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ തെറ്റ്‌ പറ്റി നാശത്തിലകപ്പെടാൻ സാധ്യതയുണ്ടെന്നും ഈ യാത്രയിൽ തനിക്ക്‌ ലക്ഷ്യം തെറ്റാതിരിക്കാൻ അല്ലാഹുവിന്റെ സഹായം കൂടാതെ കഴിയില്ലെന്നും ഈ വാക്യം പഠിപ്പിക്കുന്നു. സന്മാർഗം (നേർവ്വഴി)എന്ന ആശയം സ്പർശിക്കാത്ത മേഘലയില്ല. ഇതിനെ നമുക്ക്‌ രണ്ടായി തിരിക്കാം 1) ശാരീരികം മാനസികം(ഭൗതികം ആത്മീയം) 2) ഐഹികം പാരത്രികം എന്നും പറയാം. ഈ മേഘലകളിലെല്ലാം നേരിന്റെ പക്ഷത്ത്‌ നെഞ്ചുറപ്പോടെ നിലകൊള്ളാനുള്ള വിശ്വാസിയുടെ അടങ്ങാത്ത അഭിലാഷമാണീ പ്രാർത്ഥന പ്രതിഫലിപ്പിക്കുന്നത്‌ തന്റെ കയ്യും കണ്ണും കാലും ഖൽബും(ഹൃദയം) നാവും എന്ന് വേണ്ട താൻ തന്നെ നേർമാർഗത്തിന്റെ ജീവിക്കുന്ന ഉദാഹരണമാവണം എന്നതാണ്‌ ഇതിന്റെ താൽപര്യം.
الم نجعل له عينين ولسانا وشفتين وهديناه النجدين(البلد 8-10
(അവനു നാം രണ്ട്‌ കണ്ണുകളും ഒരു നാവും രണ്ട്‌ ചുണ്ടുകളും ഉണ്ടാക്കി കൊടുക്കുകയും (വ്യക്തമായി കാണുന്ന)രണ്ട്‌ വഴികൾ കാണിച്ച്‌ കൊടുക്കുകയും ചെയ്തില്ലേ(അൽ ബലദ്‌ 8.10)

തനിക്ക്‌ അല്ലാഹു നൽകിയ കണ്ണും മറ്റ്‌ അവയവങ്ങളും ഉപയോഗപ്പെടുത്തി രണ്ട്‌ വഴികളിൽ (സന്മാർഗം, ദുർമാർഗം)നിന്ന് നല്ലത്‌ തിരഞ്ഞെടുക്കാനുള്ള ആഹ്വാനമാണിത്‌ വ്യക്തമാക്കുന്നത്‌. അഥവാ വിശ്വാസി തന്റെ എല്ലാവാക്കിലും നോക്കിലും സന്മാർഗമുണ്ടെന്നുറപ്പ്‌ വരുത്തണം ജീവിത യാത്രക്കിടയിൽ ഒരിക്കലും ഈ ശൈലി കൈമോശം വരരുതെന്ന നിർബന്ധ ബുദ്ധിയിൽ നിന്നാണീ പ്രാർത്ഥന. അല്ലാതെ ഇപ്പോൾ താൻ സന്മാർഗത്തിലല്ലാത്തത്‌ കൊണ്ടല്ല. നിങ്ങൾ ഇപ്പോൾ സന്മാർഗത്തിലല്ലേ? ആണെങ്കിൽ പിന്നെന്തിനാണീ പ്രാർത്ഥന എന്ന ചോദ്യം അനാവശ്യമാണെന്ന് ഈ വിശദീകരണത്തിൽ നിന്ന് മനസിലായിരിക്കുമല്ലോ!ലഭിച്ച സന്മാർഗം നഷ്ടപ്പെടാതെ കാത്ത്‌ സൂക്ഷിക്കാനുള്ള ശുഷ്ക്കാന്തിയാണിത്‌.
ربنا لاتزغ قلوبنا بعد اذ هديتنا وهب لنا من لدنك رحمة انك انت الوهاب(ال عمران 8
(ഞങ്ങളുടെ നാഥാ! സന്മാർഗത്തിലാക്കിയ ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ(അതിൽ നിന്ന്) നീ തെറ്റിച്ചു കളയരുതേ!നിന്റെ പക്കൽ നിന്നുള്ള കാരു‍ണ്യം ഞങ്ങൾക്ക്‌ സൗജന്യമായി നൽകേണമേ! നിശ്ചയം നീ തന്നെയാണ്‌ ഏറ്റവും സൗജന്യം നൽകുന്നവൻ(ആലു ഇം റാൻ8)

'സന്മാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കല്ലേ' എന്ന പ്രാർത്ഥന ഈ തത്വം തന്നെയാണ്‌ പഠിപ്പിക്കുന്നത്‌. 'ഞങ്ങൾ', 'ഞങ്ങളെ' നേർവഴി നടത്തേണമെ എന്നാണല്ലോ പ്രാർത്ഥന! 'എന്നെ' എന്ന് പോരേ? ഇതിന്റെ ഉത്തരം. 'ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നു' എന്ന് പറഞ്ഞതിന്റെ വിശദീകരണത്തിൽ നാം പറഞ്ഞിട്ടുണ്ട്‌. വിശ്വാസിയുടെ സാമൂഹ്യ ബോധവും എല്ലാവരും നന്മയിലെത്തണമെന്ന ആഗ്രഹവും ഇതിൽ പ്രതിഫലിക്കുന്നു. മാത്രമല്ല തന്റെ പ്രാർത്ഥന ഒരു കാരണവശാലും തള്ളപ്പെടരുതെന്നും അവൻ ആഗ്രഹിക്കുന്നു. ഈ 'ഞങ്ങൾ' പ്രയോഗത്തിലൂടെ ഇതെല്ലാം വിശ്വാസി നേടുന്നു! ഇമാം റാസി(റ)എഴുതുന്നത്‌ കാണുക.

لم قال اهدنا ولم يقل اهدني؟ والجواب من وجهين (الاول) ان الدعاء كلما كان اعم كان الي الاجابة اقرب فان السنة اذا اراد ان يذكر دعاء ان يصلي اولا علي النبي صلي الله عليه وسلم ثم يدعو ثم يختم الكلام بالصلاة علي النبي صلي الله عليه وسلم ثانيا لان الله تعالي يجيب الداعي في صلاته علي النبي صلي الله عليه وسلم ثم اذا اجيب في طرفي دعائه امتنع ان يرد في وسطه

എന്തിനാണീ ബഹു വജനം? അതിനു രണ്ട്‌ കാരണമുണ്ട്‌. ഒന്ന് പ്രാർത്ഥന എത്രമാത്രം പൊതു സ്വഭാവം ഉൾക്കൊള്ളുന്നുവോ അതിനനുസരിച്ച്‌ സ്വീകാര്യതയുടെ സാധ്യത വർദ്ധിക്കും കാരണം എന്നെ നേർവ്വഴിയിലാക്കണം എന്നത്‌ തള്ളപ്പെട്ടാലും ഞങ്ങളെ നേർവ്വഴിയിലാക്കണം എന്നത്‌ തള്ളപ്പെടില്ല കാരണം ഞങ്ങൾ എന്നതിൽ കുറേ ആളുകൾ എന്തായാലും ഉത്തരം ലഭിക്കുന്നവർ തന്നെയാണ്‌ എന്നാൽ ഒരേ അപേക്ഷയിലെ കുറേ പേരെ കൊള്ളാനും കുറെ പേരെ തള്ളാനും ഏറ്റവും മാന്യതയുള്ള അല്ലാഹു ഇഷ്ടപ്പെടില്ല അത്‌ കൊണ്ടാണല്ലോ പ്രാർത്ഥനയുടെ തുടക്കത്തിലും ഒടുക്കത്തിലും നബി(സ)യുടെ മേൽ സലാത്ത്‌(നബിക്ക്‌ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന) ചൊല്ലണമെന്ന് ഇസ്‌ലാം കൽപ്പിച്ചത്‌ അഥവാ തുടക്കത്തിലും ഒടുക്കത്തിലുമുള്ള സലാത്തുകൾക്ക്‌ അല്ലാഹു ഉത്തരം ചെയ്യുമെന്നത്‌ ഉറപ്പാണ്‌ ആ സ്ഥിതിക്ക്‌ ഇടക്കുള്ളവ മാത്രം അല്ലാഹു തള്ളിക്കളയില്ല.
والثاني قال صلي الله عليه وسلم ادعوا الله بألسنة ما عصيتموه بها قالوا يارسول الله ومن لنا بتلك الالسنة قال يدعو بعضكم لبعض لأنك ما عصيت بلسانه وهو ما عصي بلسانك (تفسير رازي
(രണ്ട്‌ : നിങ്ങൾ തെറ്റ്‌ ചെയ്തിട്ടില്ലാത്ത നാവു കൊണ്ട്‌ അല്ലാഹുവോട്‌ പ്രാർത്ഥിക്കണം എന്ന് നബി(സ)പറഞ്ഞു അപ്പോൾ ശിഷ്യന്മാർ ചോദിച്ചു അങ്ങനെയുള്ള നാവ്‌ ഞങ്ങൾക്കൊന്നുമില്ലല്ലോ എന്ന് ?പ്രവാചകർ(സ) പറഞ്ഞു മറ്റൊരാളുടെ നാവ്‌ കൊണ്ട്‌ നിങ്ങളോ നിങ്ങളുടെ നാവു കൊണ്ട്‌ അവരോതെറ്റ്‌ ചെയ്തിട്ടില്ലല്ലോ?(റാസി)

അപ്പോൾ 'ഞങ്ങൾ' എന്ന പ്രയോഗത്തിലൂടെ വിശ്വാസി മറ്റുള്ളവരെ സഹായിക്കുകയും താൻ രക്ഷപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അതിഗംഭീരമായ അനുഗ്രഹമത്രെ ഇത്‌. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ (അല്ലാഹുവിനു സർവ്വ സ്തുതിയും).

ഇങ്ങനെ നേർവ്വഴിക്കായി പ്രാർത്ഥിക്കേണ്ടി വന്നത്‌ മാറി മാറി വരുന്ന സാഹചര്യങ്ങളാണ്‌. മനുഷ്യനു ധാരാളം സുഹൃത്തുക്കളുണ്ടാവും ഓരോരുത്തരുടെയും കാഴ്ച്ചപ്പാട്‌ വ്യത്യസ്തവും! സ്നേഹജങ്ങൾ ഒരു വഴിക്ക്‌ തന്നെ വിളിക്കുമ്പോള്‍ ശത്രുക്കൾ മറ്റൊന്നിലേക്ക്‌ ക്ഷണിക്കും. പിശാച്‌ വേറൊരു വഴി കാണിച്ചു തരും. അങ്ങനെ എങ്ങോട്ട്‌ പോകണമെന്നറിയാതെ മനുഷ്യൻ പകച്ച്‌ നിൽക്കാൻ സാധ്യതയുണ്ട്‌ ! അവിടെ എല്ലാം അറിയുന്ന അല്ലാഹുവിന്റെ സഹായം ആവശ്യമുള്ളിടത്തേക്ക്‌ തന്നെ വഴികാണിക്കാൻ ലഭിച്ചാൽ അവൻ സുരക്ഷിതനാവുന്നു. അതിനാണീ‍ പ്രാർത്ഥന!

ജനങ്ങൾ പല തട്ടിലാണ്‌ വിശ്വാസി അവിശ്വാസി സാധാരണക്കാർ പ്രവാചകന്മാർ അവരിൽ തന്നെ വ്യത്യസ്ഥ പദവികൾ അലങ്കരിക്കുന്നവർ ഇവർക്കെല്ലാം നേർവ്വഴി ആവശ്യമാണ്‌ സ്വയം നേർവ്വഴി കണ്ടെത്താൻ ആർക്കും സാധ്യമല്ല പ്രത്യുത അല്ലാഹു കാണിച്ച്‌ കൊടുക്കണം അല്ലാഹു നബി(സ)യോട്‌ പറയുന്നത്‌ നോക്കുക
..وكذلك أوحينا روحا من أمرنا ماكنت تدري ماا لكتاب ولاالايمان ولكن جعلناه نورا نهدي به من نشاء من عبادنا وانك لتهدي الي صراط مستقيم (الشورى52
(അപ്രകാരം നമ്മുടെ ഉത്തരവിന്റെ ഭാഗമായി തങ്ങളിലേക്ക്‌ നാം ആത്മാവെ അയച്ചു ഗ്രന്ഥമെന്തെന്നും വിശ്വാസമെന്തെന്നും തങ്ങൾക്കറിയുമായിരുന്നില്ല എങ്കിലും അത്‌ നാം പ്രകാശമാക്കി നമ്മുടെ ദാസരിൽ നാം ഉദ്ദേശിച്ചവരെ അത്‌ മുഖേന നാം നേർവ്വഴി നയിക്കുന്നു തീർച്ച തങ്ങൾ നേർവ്വഴിക്ക്‌ നയിക്കുന്നു(ശൂറാ 52)

ഇവിടെ സൂക്ഷ്മമായൊരു കാര്യമുണ്ട്‌. നേർവ്വഴി നയിക്കുക , നേർവ്വഴിക്ക്‌ നയിക്കുക രണ്ടിനും ഹിദായത്ത്‌(സന്മാർഗം)എന്ന് തന്നെയാണ്‌ പറയുക പക്ഷെ നേർവ്വഴി നയിക്കുക എന്നത്‌ അല്ലാഹു മാത്രം ചെയ്യുന്നതാണ്‌ രണ്ടാമത്തേത്‌ പ്രവാചകരും മറ്റും ചെയ്യുന്നു. ഒന്നാമത്തേത്‌ നേർവ്വഴി സൃഷ്ടിക്കലും രണ്ടാമത്തേത്‌ സൃഷ്ടിക്കപ്പെട്ട വഴി കാണിക്കലോ അറിയിക്കലോ ഒക്കെയാണ്‌ ഒന്നാമത്തേത്‌ ഹർഫ്‌ (അവ്യയം)ഇല്ലാതെയാണ്‌ ('ഇഹ്‌ദിനാ' പോലെ) സാധാരണ ഉപയോഗിക്കുക . രണ്ടാമത്തേത്‌ അവ്യയത്തോട്കൂടിയും ('ഇലാ സിറാത്തിൻ' പോലെ). കോഴിക്കോട്‌ അന്വേഷിക്കുന്നയാളെ ലക്ഷ്യ സ്ഥാനത്ത്‌ എത്തിക്കലും അങ്ങോട്ട്‌ വഴി പറഞ്ഞ്‌ കൊടുക്കലും പോലെ നമുക്കിത്‌ മനസിലാക്കാം.

നബി(സ)യും മറ്റു മഹാന്മാരും വഴി കാണിക്കുന്നവരാണ്‌. ലക്ഷ്യ സഥാനത്ത്‌ അത്‌ എത്താം എത്താതിരിക്കാം അതേ സമയം അല്ലാഹു നേർവ്വഴി ആക്കുന്നവനാണ്‌. ഈ വ്യത്യാസം അല്ലാഹു ഖുർആനിൽ തന്നെ പറയുന്നു.
انك لاتهدي من أحببت ولكن الله يهدي من يشاء وهو أعلم بالمهتدين(القصص56
(തങ്ങൾ ഇഷ്ടപ്പെട്ടയാളെ നിങ്ങൾ നേർവ്വഴി നയിക്കില്ല(ഖസസ്‌ 56)

നേർവ്വഴിക്ക്‌ നയിക്കൽ സഹായമാണ്‌. നേർവ്വഴി നയിക്കൽ പരമ സഹായവും !ഇത്‌ മുൻ സൂക്തത്തിലെ വിശദീകരണത്തിലുണ്ടല്ലോ! അപ്പോൾ പ്രവാചകരെ കുറിച്ച്‌ ഹാദി(നേർവ്വഴിക്ക്‌ നയിക്കുന്നവർ) എന്ന് പറയുന്നത്‌ തെറ്റല്ല (ശൂറാ 52ൽ പറഞ്ഞപോലെ) നല്ലവരായ അനുയായികളെ കുറിച്ചും ഹാദികൾ എന്ന് പ്രയോഗം ആക്ഷേപാർഹമല്ല.

وجعلنا منهم أئمة يهدون بأمرنا لما صبروا وكانوا باياتنا يوقنون(24)
(അവർ ക്ഷമ കൈകൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്തപ്പോൾ അവരിൽ നിന്ന് നമ്മുടെ കൽപന അനുസരിച്ച്‌ മാർഗ ദർശനം നൽകുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു(സജദ:24)

ഇതാണ്‌ അല്ലാഹു ഇഷ്ടപ്പെട്ടവരൊക്കെ നമ്മുടെ സഹായികളാണെന്നതിന്റെ താൽപര്യം. അബൂ ഹുറൈറ:(റ) ന്റെ ഉമ്മയുടെ സംഭവം നോക്കുക. അബൂ ഹുറൈറ:(റ) ഉമ്മയെ ഇസ്‌ലാമിലേക്ക്‌ കൊണ്ട്‌ വരാൻ നന്നായി ശ്രമിച്ചു വിജയിച്ചില്ല. അവസാനം നബി(സ)യോട്‌ വന്ന് കാര്യം പറഞ്ഞു പ്രവാചകൻ ''പടച്ചവനേ അബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേർവ്വഴി നയിക്കൂ'' എന്ന് പ്രാർത്ഥിച്ചു അബൂ ഹുറൈറ: വീട്ടിലെത്തുംബോൾ ശഹാദത്ത്കലിമ:(വിശ്വാസിയാവാനുള്ള സാക്ഷ്യ വചനം )ചൊല്ലിക്കൊണ്ട്‌ തന്നെ സ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!. മൂസാ(അ)യുടെ ആവശ്യപ്രകാരം ഹാറൂൻ(അ) നെ പ്രവാചകനാക്കിയ അല്ലാഹു നബി(സ)യുടെ പ്രാർത്ഥനാ ഫലമായി അബൂ ഹുറൈറയുടെ ഉമ്മയേയും നേർവ്വഴി നടത്തി. ''അല്ലാഹുവേ! ഞങ്ങളെ നിസ്ക്കാരക്കാരാക്കണേ''! , "നോമ്പ്‌കാരാക്കണേ'' ! എന്ന് പ്രാർത്ഥിക്കുന്നതിനു പകരം ഇവിടെ നേർവ്വഴി നടത്താനാണ്‌ പ്രാർത്ഥിച്ചത്‌. കാരണം നിസ്ക്കരിച്ചത്‌ കൊണ്ട്‌ മാത്രം നന്നാകില്ല മറിച്ച്‌ നന്നായ ശേഷം നിസ്ക്കരിക്കുകയാണ്‌ വേണ്ടത്‌. നന്നായാൽ ഇതൊക്കെ ചെയ്ത്‌ കൊള്ളും ഇതാണ്‌ നബി(സ) പറഞ്ഞത്‌.
انما الاعمال بالنيات (തീർച്ച സുകൃതങ്ങൾ മനക്കരുത്ത്‌ കൊണ്ട്‌ മാത്രമാണ്‌(ബുഖാരി)

വിശ്വാസം മനക്കരുത്തിന്റെ ഭാഗമാണ്‌. വിശ്വാസമാണ്‌ നേർവ്വഴി. ഈ വഴിയിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാനുള്ള ഭക്ഷ്യ പദാർത്ഥങ്ങളാണ്‌ നിസ്ക്കാരാദി കർമ്മങ്ങൾ! ഒരാൾ മഹാനായ ഇബ്‌റാഹീമുബ്നു അദ്‌ഹം(റ)നെ വഴിയിൽ വെച്ചു കണ്ടു. അദ്ദേഹം വാഹനപ്പുറത്താണ്‌. ഇബ്‌റാഹീംബിൻ അദ്‌ഹം (റ) നടക്കുകയാണ്‌. എങ്ങോട്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ മക്കയിലേക്കാണെന്നു ഇബ്‌റാഹീം ബിൻ അദ്‌ഹം പറഞ്ഞു. യാത്രക്കു വേണ്ട വാഹനമോ ഭക്ഷണ സാധനങ്ങളോ ഇല്ലാതെയുള്ള യാത്ര കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു ഇത്ര ദൂരം വാഹനവും ഭക്ഷണവുമില്ലാതെ നിങ്ങൾ എങ്ങനെ പോകും? ഇബ്‌റാഹീം ബിൻ അദ്‌ഹം(റ) പറഞ്ഞു. എനിക്ക്‌ ധാരാളം വാഹനങ്ങളുണ്ട്‌ താൻ കാണുന്നില്ലെന്ന് മാത്രം ! അദ്ദേഹം ചോദിച്ചു; എന്താണത്‌? മഹാൻ പറഞ്ഞു. എനിക്ക്‌ പരീക്ഷണങ്ങൾ നേരിട്ടാൽ ക്ഷമ എന്ന വാഹനത്തിൽ ഞാൻ കേറും അനുഗ്രഹങ്ങൾ ലഭിച്ചാൽ നന്ദി എന്ന വാഹനപ്പുറത്താവും എന്റെ യാത്ര! അല്ലാഹുവിന്റെ വിധി വരുമ്പോൾ തൃപ്തി എന്ന വാഹനത്തിൽ ഞാൻ കേറും! എന്റെ ശരീരം എന്തെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചാൽ വയസ്സ്‌ വളരെ കുറച്ചേ എനിക്ക്‌ ബാക്കിയുള്ളൂവേന്നും അതിനാൽ അല്ലാഹുവിന്റെ കൽപനക്ക്‌ വിരുദ്ധമായ താൽപര്യങ്ങൾക്ക്‌ തൽക്കാലം നിന്നെ ഞാൻ അനുവദിക്കില്ലെന്ന എന്റെ തീരുമാനം ഞാൻ ശരീരത്തെ അറിയിക്കും! ഇത്‌ കേട്ടപ്പോൾ വാഹനപ്പുറത്തുള്ളയാൾ പറഞ്ഞത്‌ നിങ്ങൾ യഥാർത്ഥ വാഹനത്തിൽ തന്നെയാണെന്നും നിങ്ങൾക്ക്‌ ശുഭയാത്ര നേരുന്നു എന്നുമായിരുന്നു!(റാസി)

അപ്പോൾ കൂടുതൽ നിസ്ക്കരിച്ച്‌ നന്നാകാൻ ശ്രമിക്കുകയല്ല കൂടുതൽ നന്നായി നിസ്ക്കരിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌ വിശ്വാസം നന്നാവാതെ നിസ്ക്കരിച്ചിട്ട്‌ കാര്യമില്ല. ഒരിക്കൽ നബി(സ) സ്വഹാബത്തിനിടയിൽ(പ്രവാചക ശിഷ്യന്മാർ ) ഒരു ധനം വിതരണം നടത്തുകയായിരുന്നു ഇത്‌ വീക്ഷിക്കുന്ന ഒരാൾ വന്ന് പറഞ്ഞു; 'താങ്കൾ നീതി പാലിക്കുക'! 'ഞാൻ നീതി പാലിച്ചില്ലെങ്കിൽ പിന്നെ ആരാണത്‌ പാലിക്കുക' ?എന്നായിരുന്നു നബി(സ) യുടെ പ്രതികരണം. ഉടൻ അവനെ കൊല്ലാൻ ഉമർ(റ) അനുവാദം തേടിയെങ്കിലും നബി(സ) പറഞ്ഞത്‌ വേണ്ടാ ഇവനുമായി ബന്ധമുള്ള ഒരു വിഭാഗം വരാനുണ്ട്‌ അവരുടെ നിസ്ക്കാരവും നോമ്പും കണ്ടാൽ നിങ്ങളുടേത്‌ വളരെ നിസ്സാരം എന്ന് നിങ്ങൾക്ക്‌ തോന്നും അവർ ഖുർആൻ ഓതും പക്ഷെ അത്‌ തൊണ്ടക്കുഴി വിട്ടിറങ്ങില്ല അസ്ത്രം ഉരുവിൽ നിന്നെന്ന പോലെ അവർ മതത്തിൽ നിന്ന് പുറത്ത്‌ ചാടും(ബുഖാരി മുസ്‌ലിം).

ഇവിടെ നീതി ചെയ്യാൻ പറഞ്ഞതാണോതെറ്റ്‌? അല്ല ഇത്‌ പറഞ്ഞത്‌ നബിയോടാണ്‌. നബി(സ) നീതി ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നാണ്‌ അയാൾ വിശ്വസിക്കുന്നത്‌. വാസ്തവത്തിൽ അനീതിയുടെ യാതൊരു സാധ്യതയും നബിയിലില്ല എന്നാണ്‌ അഹ്‌ലുസ്സ‍ൂന്നയുടെ വിശ്വാസം. ഈ ശരിയായ വിശ്വാസത്തിന്റെ അഭാവമാണ്‌ അയാളെക്കൊണ്ട്‌ അപക്വമായ ഈ പ്രഖ്യാപനം നടത്തിച്ചത്‌. ആർക്കെതിരെയും എന്തും വിളിച്ച്‌ പറയാനുള്ള ചിലരുടെ ധാർഷ്ട്യം ഈ ശരിയായ വിശ്വാസത്തിന്റെ അഭാവം തന്നെ! ഈ ഹദീസി(പ്രവാചക വജനം)ൽ നബി(സ) വ്യക്തമാക്കുന്നത്‌ നന്നായി നിസ്ക്കരിക്കുന്നവരും അസൂയാർഹമാം വിധം ഖുർആൻ ഓതുന്നവരും മതത്തിൽ നിന്ന് തെറിക്കുന്നുവെന്നാണ്‌ അവർ മതത്തിൽ നിന്ന് തെറിച്ചത്‌ നിസ്ക്കരിച്ചത്‌ കൊണ്ടല്ല മറിച്ച്‌ വിശ്വാസം ശരിയാവാത്തത്‌ കൊണ്ടാണ്‌ എന്ന് വരുമ്പോൾ നേർവഴി നയിക്കാനുള്ള പ്രാർത്ഥനയുടെ അനിവാര്യത വ്യക്തമല്ലേ? തന്നെയുമല്ല എല്ലാവർക്കും വേണ്ടിയാണീ പ്രാർത്ഥന അഥവാ വിശ്വാസമില്ലാത്തവന്‌ അതുണ്ടാണ്ടാവാനും ഉള്ളവന്റേത്‌ ദൃഢമാവാനും ദൃഢവിശ്വാസമുള്ളവരെ ഭാവിയിൽ ഉറപ്പിച്ചു നിർത്താനും ഉദ്ദേശിച്ചാണീ പ്രാർത്ഥന ഏത്‌ കർമ്മവും വിശ്വാസത്തിനു ശേഷമേ സ്വീകാര്യമാവൂ എന്നത്‌ കൂടി പരിഗണിക്കുമ്പോൾ സാമൂഹ്യ പ്രാധാന്യമുള്ള ഈ പ്രാർത്ഥനയിൽ ഓരോ മെമ്പർക്കും ആവശ്യമായത്‌ പരിഗണിച്ചാണ്‌ നേർവ്വഴിക്കായുള്ള പ്രാർത്ഥന. മറ്റൊന്നും ഇവിടെ പ്രസക്തമല്ല മേൽ വിശദീകരണത്തിൽ നിന്ന് സന്മാർഗം എന്നത്‌ ആപേക്ഷികമാണെന്ന് മനസിലായല്ലോ അഥവാ സമൂഹത്തിലെ ഓരോരുത്തരുടെയും സന്മാർഗം ഓരോ വിധത്തിലാണ്‌. അവിശ്വാസിയെ വിശ്വാസത്തിലേക്കും വിശ്വാസിയെ ദൃഢതയിലേക്കും അവനെ സ്ഥിരതയിലേക്കും നയിക്കലാണിത്‌ ഈ ഹിദായത്ത്‌ എല്ലാവർക്കും ബാധകമാണ്‌. ഔലിയാക്കൾക്കും അമ്പിയാക്കൾക്കും അടക്കം!അവരെ നേർവ്വഴി നയിക്കുക എന്നതിനർത്ഥം. അവരെ ഓരോ പദവിയിൽ നിന്നും അതിലേറെ ഉയർന്നതിലേക്ക്‌ മാറ്റുക എന്നാണ്‌ ഇവരെ ഓരോ നിമിഷവും അല്ലാഹു ഉയർത്തുകയാണ്‌ സമൂഹത്തിൽ മെമ്പർമാർ വർദ്ധിക്കുകയും അല്ലാഹു എന്ന നാമം ഉച്ചരിക്കുകയും ചെയുമ്പോൾ ഇവർക്ക്‌ പുണ്യം വർദ്ധിക്കുകയാണ്‌. കാരണം ഓരോന്നിനു പിന്നിലും ഇവരുടെ ശ്രമമുണ്ട്‌ ലോകത്തുള്ളവരുടെയെല്ലാം സ്വലാത്തും തർളിയത്തും(ഓരോ മഹാന്മാരുടെ നാമം കേൾക്കുമ്പോഴും റളിയല്ലാഹു അൻഹു അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്ന് പറയൽ) മുഖേന ഇവർ അനു നിമിഷം ആദരിക്കപ്പെടുകയാണ്‌. അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു(ഓ നബിയേ അവിടത്തേക്ക്‌ അല്ലാഹുവിന്റെ സമാധാനമുണ്ടാവട്ടെ)എന്ന് പറയപ്പെടാത്ത ഒരു സമയവും ലോകത്ത്‌ കഴിഞ്ഞു പോകുന്നില്ല ورفعنا لك ذكرك(الشرح 4) തങ്ങളുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു(അശ്ശറഹ്‌ 4)എന്ന് അല്ലാഹു പറഞ്ഞതിതാണ്‌. ഇങ്ങനെയാണെങ്കിൽ ഓരോ നിമിഷവും നബി(സ) ഉയരുകയാണ്‌ 'ഞങ്ങൾ' പ്രയോഗത്തിന്റെ അനിവാര്യത നാം നേരത്തേ വ്യക്തമാക്കിയല്ലോ.

കൂട്ടായുള്ള പ്രാർത്ഥന വിശ്വാസികളുടെ സ്വഭാവമാണെന്നറിയിക്കുന്ന ധാരാളം സൂക്തങ്ങൾ ഖുർആനിൽ കാണാം ദിക്‌റും ദുആയും കൂട്ടമായി നിർവ്വഹിക്കുന്ന സദസ്സിൽ മലക്കുകൾ സന്നിഹിതരാവുമെന്നും ആ കൂട്ടത്തിൽ അബദ്ധത്തിൽ എത്തിപ്പെട്ടവന്‌ പോലും പാപ മോചനം ലഭിക്കുമെന്നും പ്രബലമായ ഹദീസുകൾ കൊണ്ട്‌ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌ ഇത്‌ നിസ്ക്കാര ശേഷം പാടില്ലെന്ന് പറയാൻ തെളിവുകളില്ല മറിച്ച്‌ തെളിവുണ്ട്‌ താനും. അതിനാൽ കൂട്ടു പ്രാർത്ഥന എപ്പോഴും വിശിഷ്യ പ്രാർത്ഥനക്ക്‌ ഏറ്റവും പറ്റിയ സമയമായ നിസ്ക്കാര ശേഷം നടത്താൻ ശീലിക്കണം. കാരണം കൂട്ട്‌ പ്രാർത്ഥന വിശ്വാസിയുടെ ചിഹ്നമാണ്‌. ഉത്തരം കിട്ടാൻ സാധ്യത വർദ്ധിപ്പിക്കുന്നതുമാണ്‌. കൂട്ടു പ്രാർത്ഥനയെ നിരാകരികരിക്കാൻ ചിലർ പറയുന്ന കാരണം ഓരോരുത്തർക്കും ഓരോ വിഷയത്തിനായിരിക്കും പ്രാർത്ഥിക്കേണ്ടത്‌ ഉദാഹരണമായി ഒരാൾക്ക്‌ രോഗ ശമനം മറ്റൊരാൾക്ക്‌ ജോലി ശരിപ്പെടൽ ഇങ്ങനെ ഇങ്ങനെ പലതും! അപ്പോൾ കൂട്ട്‌ പ്രാർത്ഥന ഫലപ്രദമല്ലല്ലോ എന്നാണ്‌. ഇത്‌ ശരിയല്ല കാരണം, സമൂഹത്തിൽ എല്ലാവർക്കും വേണ്ട വിഷയമാണ്‌ കൂട്ട്‌ പ്രാർത്ഥനയിൽ ഉൾക്കൊള്ളിക്കുക. ഉദാഹരണമായി ഖുർആൻ പഠിപ്പിച്ച ഒരു പ്രാർത്ഥനയാണ്‌.

ربنا اتنا في الدنيا حسنة وفي الاخرة حسنة وقنا عذاب النار(البقرة 201
അല്ലാഹുവേ ഞങ്ങൾക്ക്‌ ഈ ലോകത്തും പരലോകത്തും ഗുണം ചെയ്യുകയും നരക ശിക്ഷയിൽ നിന്ന് ഞങ്ങൾക്ക്‌ കാവൽ നൽകുകയും ചെയ്യേണമേ! (അൽ ബഖറ:201)

എന്താണിതിന്റെ താൽപര്യം? ഇവിടെ ജീവിക്കാൻ ആവശ്യമായതൊക്കെ ഇവിടെയും അവിടേക്ക്‌ ആവശ്യമായതൊക്കെ അവിടെയും നൽകേണമേ എന്ന് ഇതിൽ പെടാത്തൊരു പ്രശ്നം ആർക്കാണുള്ളത്‌? അതിനാൽ എന്റെ വിഷയം പ്രാർത്ഥിക്കുന്നയാൾക്ക്‌ അറിയില്ല അതിനാൽ കൂട്ട്‌ പ്രാർത്ഥനയിൽ ഞാനില്ല എന്ന് പറഞ്ഞവൻ അല്ലാഹു തന്ന സുവർണ്ണാവസരം കളഞ്ഞ്‌ കുളിക്കുന്ന ഹത ഭാഗ്യനാണെന്ന് വ്യക്തം! നേർവ്വഴിക്ക്‌ ഉപയോഗിച്ചത്‌ 'സ്വിറാത്വൽ മുസ്തഖീം' എന്നാണ്‌ വളവും തിരിവുമില്ലാതെ നേരെ ലക്ഷ്യത്തിലെത്തുന്ന വഴിയാണത്‌ വഴിക്ക്‌ സബീൽ, ത്വരീഖ്‌ എന്നൊക്കെ പറയാം അതൊഴിവാക്കി 'സ്വിറാത്‌' എന്ന് പറഞ്ഞത്‌ നരകപ്പാലം കൂടി ഓർമ്മിപ്പിക്കാനാണ്‌ പരലോകത്ത്‌ നരകത്തിന്റെ മുകളിൽ സഥാപിച്ച പാലം കടന്നവർക്ക്‌ മാത്രമേ സ്വർഗം ലഭിക്കുകയുള്ളൂ ഈ പാലം വിശ്വാസിക്ക്‌ വളരെ എളുപ്പം വിട്ട്‌ കടക്കാനാവും വളരെ ചെറുതും നേരെയുമായാണ്‌ വിശ്വാസിക്ക്‌ ഇത്‌ അനുഭവപ്പെടുക എന്നാൽ അവിശ്വാസിക്ക്‌ വളരെ ദുർഘടം പിടിച്ചതായി ഇത്‌ അനുഭവപ്പെടും. ഇത്‌ കേറുന്നതിലും നല്ലത്‌ നേരേ നരകത്തിലേക്ക്‌ ചാടുന്നതാണേന്ന് അവനു തോന്നും. അഥവാ അബദ്ധത്തിൽ രക്ഷപ്പെട്ടാലോ എന്ന് കരുതിയാണ്‌ അവൻ ഇതിൽ കേറാൻ തീരുമാനിക്കുക. പക്ഷെ അവൻ താഴെ വീഴുക തന്നെ ചെയ്യും. അന്നും തന്നെ രക്ഷപ്പെടുത്തണമെന്ന ആശയവും ഈ പ്രാർത്ഥന ഉൾക്കൊള്ളുന്നു അല്ലാഹു നമ്മെയും അഭ്യുദയകാംക്ഷികളെയുമെല്ലാം അവിടെയും രക്ഷിക്കട്ടെ. ആമീൻ..
തുടരും (ഇൻശാ അല്ലാഹ്‌)

Monday, December 15, 2008

അദ്ധ്യായം 1, സൂക്തം 5 (ഭാഗം-2)

അദ്ധ്യായം ഒന്ന് (ഫാതിഹ) സൂക്തം 5 (ഭാഗം-2)

واياك نستعين



(നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു)


####അഞ്ചാം സൂക്തത്തിന്റെ ആദ്യഭാഗത്തിന്റെ (നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു )


വിവരണം ഇവിടെ വായിക്കുക. അതിനു ശേഷം രണ്ടാം ഭാഗം വായിക്കുക####



അല്ലാഹുവിനെ മാത്രം ആരാധിക്കുന്നു വെന്ന പ്രഖ്യാപനത്തിനു ശേഷം സഹായ തേട്ടവും വിശ്വാസി അല്ലാഹുവിൽ മാത്രം അർപ്പിക്കുന്നു. ഈ സൂക്തം ധാരാളം തെറ്റിദ്ദാരണ പലരിലും ഉണ്ടാക്കിയിട്ടുണ്ട്‌. എന്നാൽ നാം അൽഹംദുലില്ലാഹി എന്ന സൂക്തത്തിൽ വിശദീകരിച്ചത്‌ പോലെ ആര്‌ എപ്പോൾ എങ്ങനെ നമ്മെ സഹായിച്ചാലും ആ സഹായം ചെയ്യാൻ അല്ലാഹു അവർക്ക്‌ കഴിവ്‌ നൽകിയത്‌ കൊണ്ടാണെന്ന് വിശ്വസിക്കുന്ന മുസ്‌ലിം യഥാർത്ഥത്തിൽ ആ സഹായത്തിന്റെ ഉടമയായി അല്ലാഹുവിനെ കാണുകയും ഈ സഹായ തേട്ടം യഥാർത്ഥത്തിൽ അല്ലാഹുവിനോട്‌ തന്നെയാണെന്ന് തിരിച്ചറിയുകയും ചെയ്യുന്നു ഇത്‌ കൊണ്ടാണല്ലോ ആരിൽ നിന്ന് നമുക്ക്‌ ഗുണങ്ങളുണ്ടായാലും വിശ്വാസി അല്ലാഹുവിനെ സ്തുതിക്കുന്നത്‌. ഒരു ഉദാഹരണം നോക്കാം. ഒരു സുഹൃത്ത്‌ നമ്മെ ഒരു സൽക്കാരത്തിന്‌ ക്ഷണിക്കുന്നു. നമുക്ക്‌ വിഭവ സമൃദ്ധമായ സധ്യയൊരുക്കാൻ അയാൾ ദിവസങ്ങളായി ഒരുക്കങ്ങൾ നടത്തുന്നു. അങ്ങനെ അതിഥിയായ നാം ആ വീട്ടിലെത്തുന്നു. നമ്മെ അമ്പരപ്പിക്കും വിധം ആ സഹോദരൻ തീൻ മേശക്ക്‌ മുകളിൽ വിഭവങ്ങൾ നിരത്തുന്നു. മൃഷ്ടാന്ന ഭോജനം കഴിഞ്ഞു കൈകഴുകി എഴുന്നെറ്റ്‌ വിശ്വാസി പറയുന്നത്‌;


الحمد لله الذي أطعمني هذا من غير حول مني ولاقوة


(എന്റെ ഒരു കഴിവുമില്ലാതെ എനിക്കീ ഭക്ഷണം നൽകിയ അല്ലാഹുവിന്നത്രെ സർവ്വ സ്തുതിയും! )


എന്നാണ്‌. ദിവസങ്ങളായി നമ്മെ സത്കരിക്കാൻ കഷ്ടപ്പെട്ട ആ സഹോദരൻ ഇതു കേൾക്കുമ്പോൾ വിഷമിക്കുകയോ, നന്ദി കെട്ടവൻ എന്ന് ആക്ഷേപിക്കുകയോ ചെയ്യില്ല ! കാരണം ഞാൻ സൽക്കാരം ഒരുക്കിയത്‌ എനിക്ക്‌ അല്ലാഹു നൽകിയ കഴിവു കൊണ്ടാണെന്ന് അയാൾക്കും വിശ്വാസമുണ്ട്‌.അപ്പോൾ നിന്നോട്‌ മാത്രം സഹായം തേടുന്നു എന്ന് പറയുന്നത്‌ പരമമായ സഹായം നിന്നിൽ നിന്ന് മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന അർത്ഥത്തിലാണ്‌! ഈ സഹായ തേട്ടത്തിൽ തെളിഞ്ഞതെന്നോ മറഞ്ഞതെന്നോ ഉള്ള യാതൊരു വ്യത്യാസവുമില്ല. സാധാരാണ അസാധാരണ എന്ന വിവേചനവുമില്ല. അപ്പോൾ സ്വാഭാവികമായും നമുക്കൊരു സംശയം തോന്നാം അല്ലാഹുവോട്‌ മാത്രമേ സഹായം ചോദിക്കൂ എന്ന് പറഞ്ഞവർ തന്നെ പലരോടും സഹായം ചോദിക്കുന്നുണ്ടല്ലോ ഇത്‌ ഇരട്ടത്താപ്പല്ലേ? നാം വിശദീകരിച്ചതിൽ തന്നെ അതിനു മറുപടി ഉണ്ട്‌ ഒന്നു കൂടി വ്യക്തമായി പറഞ്ഞാൽ, എല്ലാ സഹായത്തിന്റെയും ഉടമ അല്ലാഹുവാണ്‌ അവൻ കഴിവ്‌ നൽകിയാലേ നമുക്ക്‌ എന്തെങ്കിലും ചെയ്യാനാവൂ..والله خلقكم وما تعملون (നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും സൃഷ്ടിക്കുന്നത്‌ അവനത്രെ)

ഈ സൂക്തം മേൽ ആശയം മനസിലാകാൻ എത്രയും മതിയായതാണ്‌. അപ്പോൾ എല്ലാകഴിവിന്റെയും കാര്യത്തിന്റെയും ഉടമ അല്ലാഹുവാണെങ്കിൽ ഈ വിശ്വാസമുള്ളവൻ ആരോട്‌ ചോദിക്കുമ്പോഴും ഈ കാഴ്ചപ്പാടിലാണെങ്കിൽ മറ്റുള്ളവരോടുള്ള സഹായതേട്ടം സാങ്കേതികമായി അവരോടാണെങ്കിലും താത്വികമായി അല്ലാഹുവോട്‌ തന്നെയാണ്‌ ഇതാണ്‌ നിന്നോട്‌ മാത്രം സഹായം തേടുന്നു എന്നതിന്റെ താൽപര്യം. ചുരുക്കത്തിൽ യഥാർത്ഥ സഹായി അല്ലാഹുവാണെന്നും എന്നാൽ ബാഹ്യമായി സഹായിക്കാൻ പലർക്കും അല്ലാഹു കഴിവു നൽകുന്നുണ്ടെന്നും ആ കഴിവിന്റെ അടിസ്ഥാനത്തിലാണ്‌ അവരോട്‌ നാം സഹായം ചോദിക്കുന്നതെന്നും അത്‌ കൊണ്ട്‌തന്നെ തത്വത്തിൽ ഈ ചോദ്യം അല്ലാഹുവോടായതിനാൽ നിന്നോട്‌ മാത്രം എന്നതിന്‌ ഈ പരസ്പര ചോദ്യം എതിരല്ലെന്നും വ്യക്തമായി.

ഭൗതികം, അഭൗതികം

സധാരണ വിഷയങ്ങളിൽ നാം പറഞ്ഞ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പരസ്പരം സഹായം ചോദിക്കാമെന്ന് അംഗീകരിക്കുന്ന ചിലർ ഇതേ മാനദണ്ഡപ്രകാരം അല്ലാഹുവിന്റെ ഇഷ്ടദാസന്മാ‍രോട്‌ സഹായം ചോദിക്കുന്നതിനെ എതിർക്കുകയും അങ്ങനെ ചെയ്യുന്നവർ മഹാപാപമായ ശിർക്കിലാണ്‌ എത്തിപ്പെടുന്നതെന്നും പറയാറുണ്ട്‌. ചില അടിസ്ഥാന വിഷയങ്ങളെ കുറിച്ചുള്ള അജ്ഞതയോ ഭീമമായ തെറ്റിദ്ധാരണയോ അവരെ പിടികൂടിയിട്ടുണ്ട്‌ ഇത്‌ അൽപം വിശദീകരണം ആവശ്യമുള്ള ഭാഗമാണെന്ന് തോന്നുന്നു. അല്ല്ലാഹു എല്ലാവർക്കും ഒരേ കഴിവല്ല നൽകുന്നത്‌. ആത്മീയമായി അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങൾക്ക്‌ അനുസരിച്ച്‌ മാത്രം പ്രവർത്തിക്കുന്നവരുണ്ടിവിടെ. തോന്നിയത്‌ പോലെ ജീവിക്കുകയും സൂക്ഷ്മതയോ അല്ലാഹുവിന്റെ ഇഷ്ടാനിഷ്ടങ്ങളോ പരിഗണിക്കാൻ തയാറാവാത്തവരുമുണ്ട്‌. ഈ രണ്ട്‌ വിഭാഗത്തോടും അല്ലാഹുവിന്റെ സമീപനം ഒരുപോലെയല്ല. അല്ലാഹുവിന്റെ വിധിവിലക്കുകൾ പാലിക്കാത്തവരെ അല്ലാഹു വിലവെക്കുന്നതല്ലെന്നും അതേ സമയം അവന്റെ ഇഷ്ടം നോക്കി ജീവിക്കുന്നവർക്ക്‌ അവൻ വലിയ മഹത്വം നൽകുമെന്നും ഇസ്‌ലാം വ്യക്തമാക്കിയിട്ടുണ്ട്‌. അല്ലാഹു നൽകുന്നതെന്ന നിലക്ക്‌ സാധാരണ സഹായം ചോദിക്കാമെന്ന് സമ്മതിക്കുന്നവർ അല്ലാഹു നൽകുന്ന അസാധാരണ സഹായം ചോദിക്കുന്നതിനെ നിരാകരിക്കുന്നതിലെ(അത്‌ ശിർക്കാക്കാൻ വെമ്പുന്നതിലെ)ഇരട്ടത്താപ്പ്‌ സഹതാപാർഹമാണെന്ന് പറയാതെ വയ്യ.

ആരാണ്‌ മഹാന്മാർ ?

ഇമാം റാസി(റ) എഴുതുന്നു. ദോഷം കലരാത്തവിധം ആരാധനാനിമഗ്നരായി ജീവിക്കുന്ന ദോഷങ്ങളിലേക്ക്‌ പോകാത്ത വിധം ആരാധനാസാഹചര്യങ്ങൾക്കുള്ള അനുകൂലാവസ്ഥ അല്ലാഹു സൃഷ്ടിച്ച്‌ അല്ലാഹു ഏറ്റെടുത്ത വിഭാഗമാണിവർ ഇങ്ങനെ ആരാധന വര്‍ദ്ധനവ്കൊണ്ട്‌ അല്ലാഹുവോട്‌ ഇവരും, തൗഫീക്ക്‌ (അനുഗ്രഹം) എന്നിവ കൊണ്ട്‌ ഇവരോട്‌ അല്ലാഹുവും അടുക്കുന്ന സാഹചര്യമാണ്‌ മഹത്വത്തിന്റെ നിദാനം. ഈ അവസ്ഥയിലെത്തിയവർക്ക്‌ മറ്റാർക്കും നൽകാത്ത പവറുകൾ അല്ലാഹു നൽകുന്നു ഇതാണ്‌ നബിമാരുടെ മുഅ്ജിസത്തും ഔലിയാഇന്റെ കറാമത്തും.


അസാധാരണ സംഭവങ്ങൾ:



അസാധാരണ സംഭവങ്ങൾ പ്രകടിപ്പിക്കുന്നവരെല്ലാം മഹാന്മാരാണെന്ന് തെറ്റിദ്ധരിക്കരുത്‌ അൽഭുതം കാണിക്കുന്നവരെയെല്ലാം നമുക്ക്‌ തോളിലേറ്റാൻ നിവൃത്തിയില്ല കാരണം ഇമാം റാസി തന്നെ എഴുതുന്നു. അസാധാരണ സംഭവങ്ങൾ ഒരു വാദം സ്ഥിരീകരിക്കാനോ അല്ലാതെയോ ഉണ്ടാവാം. വാദം ആരാധ്യനാണെന്നോ, പ്രവാചകനാണെന്നോ, വലിയ്യാണെന്നോ, പിശാചിന്റെ കൂട്ടാളിയാണെന്നോ ആവാം. ചുരുക്കത്തിൽ ഇത്‌ നാലിനമായി.



(1) ദൈവമാണെന്ന വാദം



ഈ ഗണത്തിൽ പലരേയും കാണാം. ഉദാഹരണം ഫറോവ, ദജ്ജാൽ. ദജ്ജാൽ അത്ഭുതങ്ങൾ കാണിക്കുമെന്ന് നബി(സ്വ) അറിയിച്ചിട്ടുണ്ട്‌. മരിച്ചവരെ ജീവിപ്പിക്കുക, മഴ പെയ്യിപ്പിക്കുക, സമൃദ്ധി നൽകുക ഇങ്ങനെ ധാരാളം അത്ഭുതങ്ങൾ അവൻ കാണിക്കും. ദൈവമാണെന്നവൻ വാദിക്കും അത്ഭുതം കാണിക്കൽ മാത്രം മഹത്വത്തിന്റെ മാനദണ്ഡമായാൽ ഇവനെയും മഹത്വവൽക്കരിക്കേണ്ടി വരും. അത്‌ കൊണ്ടാണ്‌ ദജ്ജാലിന്റെ അപകടത്തെ കുറിച്ച്‌ നേരത്തേ തന്നെ മുന്നറിയിപ്പ്‌ നബി(സ്വ) നൽകിയത്‌.



(2)പ്രവാചകത്വ വാദം:



നബി(സ്വ)യുൾപ്പെടെ യഥാർത്ഥ നബിമാർ അവർ നബിമാരാണെന്ന വാദം സ്ഥിരീകരിക്കാൻ ധാരാളം അൽഭുതങ്ങൾ കാണിച്ചിട്ടുണ്ട്‌. ചന്ദ്രനെ പിളർത്തിയതും അദൃശ്യ കാര്യങ്ങൾ പറഞ്ഞതുമൊക്കെ ഉദാഹരണമായി എടുക്കാം.



(3)വിലായത്ത്‌ വാദിക്കൽ:



വിലായത്ത്‌ വാദിച്ച്‌ അൽഭുതം കാണിക്കേണ്ടതില്ല. പക്ഷെ അല്ലാഹുവിന്റെ ഇഷ്ടദാസന്മാരിലൂടെ അത്ഭുതങ്ങൾ (കറാമത്ത്‌) ധാരാളം വെളിപ്പെടും.



(4)ആഭിജാര വാദം :


ആഭിജാര വാദക്കാർ ചില പൊടിക്കൈകൾ കാണിക്കും പക്ഷെ അത്‌ കറാമത്തുമായോ മുഅ്ജിസത്തുമായോ ഏറ്റ്‌ മുട്ടിയാൽ ഒരിക്കലും അവർക്ക്‌ പിടിച്ച്‌ നിൽക്കാനാവില്ല. മൂസാ നബി(അ) യെ നേരിടാൻ വന്നവർ തോറ്റത്‌ ഖുർആൻ വിശദീകരിച്ചിട്ടുണ്ടല്ലോ!

ഔലിയാഇന്റെ കറാമത്ത്‌ വിവരിക്കാൻ ഖുർആനിലും ഹദീസിലും ധാരാളം തെളിവുകൾ കാണാം. മർയം ബീവിയുടെയും, ഗുഹാവാസികളു(അസ്‌ഹാബുൽ കഹ്‌ഫ്‌)ടെയും, ബിൽകീസ്‌ രാജ്ഞിയുടെ സിംഹാസനം മൈക്രോ സെക്കന്റിന്റെ വേഗതയിൽ എത്തിച്ചതും തുടങ്ങി ധാരാളം സംഭവങ്ങൾ ഖുർആൻ വിവരിച്ചിട്ടുണ്ട്‌. ഹദീസിലും മഹാന്മാരുടെ വാക്യങ്ങളിലും ധാരാളം സംഭവങ്ങൾ കാണാം. ജുറൈജ്‌(റ)എന്ന മഹാൻ ആരാധനക്കായി ഒരു മലയോരത്ത്‌ ഖൈമ കെട്ടി സ്വതന്ത്രമായി അല്ലാഹുവെ ആരാധിച്ച്‌ കൊണ്ടിരുന്നപ്പോൾ ഒരു ചീത്ത സ്ത്രീ അവരെ വലയിലാക്കാൻ ശ്രമിക്കുകയും നടക്കാതെ വന്നപ്പോൾ ഒരു ആട്ടിടയനുമായി ബന്ധപ്പെട്ട്‌ ഗർഭിണിയായി ഇത്‌ ആരാധനയുമായി കഴിയുന്ന ജുറൈജിന്റെ കുഞ്ഞാണെന്ന് പറയുകയും നാട്ടുകാർ ഒന്നും ആലോചിക്കാതെ അദ്ദേഹത്തിന്റെ ആരാധനാ മണ്ഡപം തകർക്കുകയും അദ്ദേഹത്തെ കയ്യേറ്റം ചെയ്യുകയും ചെയ്തപ്പോൾ സംസാരിക്കാൻ പ്രായമാവാത്ത ആകുഞ്ഞിനോട്‌ മഹാനായ ജുറൈജ്‌(റ) മോനേ നിന്റെ ഉപ്പയാരാണെന്ന് ചോദിച്ചതും ആട്ടിടയനാണെന്ന് ആകുട്ടി പറഞ്ഞതും അബദ്ധം മനസിലാക്കിയ നാട്ടുകാർ ജുറൈജിനോട്‌ ക്ഷമാപണം നടത്തിയതും ഹദീസിലുണ്ട്‌.

നഹാവന്ധ്‌ എന്ന സ്ഥലത്ത്‌ യുദ്ധം നടത്തിക്കൊണ്ടിരുന്ന സംഘത്തിന്‌ മദീനയിലിരുന്ന് നിർദ്ദേശം നൽകിയ ഉമർ (റ)ന്റെ സംഭവം മഹാന്മാരുടെ വാക്കുകളുടെ രേഖയാണ്‌ ദൈര്‍ഘ്യം ഭയന്ന് നീട്ടുന്നില്ല. ചുരുക്കത്തിൽ അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ അല്ലാഹുവെ അനുസരിക്കുകയും അവന്റെ ഇഷ്ടം സമ്പാദിക്കുകയും ചെയ്തപ്പോൾ അവരുടെ ഇഷ്ടങ്ങൾ അല്ലാഹു നടപ്പാക്കുന്നു. അല്ലാഹുവിന്റെ താൽപര്യത്തിനായി വിശുദ്ധ ജീവിതം നയിച്ച അവർക്ക്‌ ആത്മീയമായ ചില സിദ്ധികൾ അല്ലാഹു നൽകുന്നു. ഇതത്രെ മഹാന്മാർ പ്രകടിപ്പിക്കുന്ന അസാധാരണ സംഭവങ്ങൾ!

സാധാരണക്കാർക്ക്‌ അല്ലാഹു നൽകുന്ന സാധാരണ കഴിവുകൾ അവരോട്‌ ചോദിക്കുന്നത്‌, നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ലെങ്കിൽ (അല്ലെന്ന് നാം നേരത്തേ വിശദീകരിച്ചിട്ടുണ്ട്‌) അസാധാരണ കഴിവുകൾ അല്ലാഹു നൽകിയ മഹാന്മാരോട്‌ അത്‌ ചോദിക്കുന്നതും, നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ല. അങ്ങനെ സാധാരണ അനുവദനീയവും അസാധാണ വർജ്ജ്യവുമാക്കാൻ യാതൊരു രേഖയും ഇസ്‌ലാമിൽ ഇല്ല തന്നെ! സാധാരണക്കാരൻ നമ്മെ സഹായിക്കൻ അവന്‌ അല്ലാഹു കഴിവ്‌ കൊടുക്കുമ്പോൾ സാധിക്കുന്നു. പക്ഷെ അസാധാരണക്കാരന്‌ അത്‌ സാധിക്കില്ലെന്ന് വാദിക്കൽ അല്ലാഹുവിന്റെ കഴിവിനെ ചോദ്യം ചെയ്യലാണ്‌. കാരണം തന്റെ ഇഷ്ട ദാസന്മാർക്ക്‌ ഞാൻ അസാധാരണ കഴിവ്‌ കൊടുക്കുമെന്ന് പഠിപ്പിച്ചത്‌ അല്ലാഹുവാണ്‌. അല്ലാഹു കൊടുത്താലും ഞങ്ങൾ സമ്മതിക്കില്ലെന്ന് പറയുന്നത്‌ ഒന്നുകിൽ ധിക്കാരമാണ്‌ അല്ലെങ്കിൽ വിവരക്കേടാണ്‌.


‍قال الله تعالي من اذالي وليا فقد اذنته بالحرب وما تقرب الي عبدي بشيء احب الي مماافترضت عليه ومايزال عبدي يتقرب الي بالنوافل حتي احبه فاذا احببته كنت سمعه الذي يسمع به وبصره الذي يبصر به ويده التي يبطش بها ورجله التي يمشي بها وان سألني لأعطينه ولئن استعاذني لاعيذنه (بخاري



(എന്റെ ഇഷ്ടദാസനെ ആരെങ്കിലും വിഷമിപ്പിച്ചാൽ അവനോട്‌ ഞാൻ യുദ്ധം പ്രഖ്യാപിക്കുന്നു.അടിമ ഏറ്റവും കൂടുതൽ അല്ലാഹുവിലേക്ക്‌ അടുക്കുക അവൻ നിർബന്ധമാക്കിയ കാര്യങ്ങൾ ചെയ്തു കൊണ്ടാണ്‌ എന്നാൽ അതോടൊപ്പം സുന്നത്തായ കാര്യങ്ങൾ കൂടി അവൻ ചെയ്താൽ അല്ലാഹു അദ്ദേഹത്തെ സ്നേഹിക്കും അല്ലാഹു സ്നേഹിച്ചാൽ അവന്റെ കയ്യും കണ്ണും കാതും കാലും താൻ ആവും അവൻ എന്നോട്‌ വല്ലതും ചോദിച്ചാൽ ഞാൻ നൽകുക തന്നെ ചെയ്യും അവൻ എന്നോട്‌ കാവൽ തേടിയാൽ ഞാൻ കാവൽ നൽകുക തന്നെ ചെയ്യും എന്ന് അല്ലാഹു പറയുന്നു ഇമാം ബുഖാരി തന്റെ സഹീഹുൽ ബുഖാരി എന്ന ഗ്രന്ഥത്തിൽ ഈ കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌ ).


ഇത്‌ വിശദീകരിച്ച മഹത്തുക്കൾ പറയുന്നു


.وكذلك العبد اذا واظب علي الطاعات بلغ الي المقام الذي يقول الله كنت له سمعا وبصرا فاذاصار نور جلال الله سمعاله سمع القريب والبعيد واذاصار ذلك النور بصرا له رأي القريب والبعيد واذاصار ذلك النور يدا له قدر علي التصرف في الصعب والسهل والبعيد والقريب(تفسير رازي


(ആരാധനാ നിഷ്ഠയുള്ള ജീവിതം നയിക്കുന്ന അടിമ അല്ലാഹു കണ്ണും കയ്യും കാലുമാവുമെന്ന് പറഞ്ഞ സ്ഥാനത്തേക്ക്‌ എത്തുന്നു ആ സ്ഥാനത്തേക്ക്‌ എത്തിയ അടിമ അടുത്തുള്ളതും ദൂരത്തുള്ളതും കാണുകയും കേൾക്കുകയും അടുത്ത്‌ അകലെ എന്ന വ്യത്യാസമില്ലാതെ പ്രയാസകരമായത്‌ അല്ലാത്തത്‌ എന്ന വ്യത്യാസമില്ലാതെ കൈകാര്യം ചെയ്യാൻ സാധിക്കുന്നവനാവുകയും ചെയ്യുന്നു(റാസി)


നഹാവന്ധിൽ നടക്കുന്ന യുദ്ധം ഉമർ(റ) മദീനയിൽ വെച്ചു കണ്ടതും ഇവിടെ മദീനയിൽ നിന്ന് ഓ സാരിയാ....മലയുടെ ഭാഗം ശ്രദ്ധിക്കണമെന്ന് വിളിച്ച്‌ പറഞ്ഞപ്പോൾ അത്‌ സാരിയ:(റ) കേട്ടതും ദൂരം പ്രശ്നമല്ലാതെ കാണാനും കേൾക്കാനും സാധിക്കുമെന്നതിന്റെ തെളിവാണ്‌. ഖൈബർ യുദ്ധ സമയത്ത്‌ അലി(റ)ഖൈബർ കോട്ടയുടെ വാതിൽ ഒരു കൈകൊണ്ട്‌ പറിച്ച്‌ എടുത്തത്‌ പ്രയാസകരമായ വിഷയങ്ങളിലുള്ള അവരുടെ പ്രവർത്തനത്തിന്റെ രേഖയാണ്‌ അലി(റ) അന്ന് പറഞ്ഞത്‌


والله ماقلعت باب خيبر بقوة جسدانية ولكن بقوة ربانية(رازي


അല്ലാഹുവാണെ സത്യം ഖൈബർ കോട്ടയുടെ വാതിൽ ഞാൻ പറിച്ചെടുത്തത്‌ സാധാ മനുഷ്യ ശക്തികൊണ്ടല്ല പ്രത്യുത അല്ലാഹു നൽകിയ ഒരു പ്രത്യേക ശക്തി കൊണ്ടാണ്‌. ഇത്‌ വരെ നാം വിശദീകരിച്ചതിൽ നിന്ന് ദുരുദ്ദേശമില്ലാതെ വിഷയങ്ങളെ സമീപിക്കുന്നവർക്ക്‌ സാധാരണക്കാർക്ക്‌ സാധാരണ വിഷയങ്ങൾ ചെയ്യാൻ സാധിക്കുംപോലെ അസാധാരണക്കാർക്ക്‌ അസാധാരണ വിഷയങ്ങളും ചെയ്യാൻ സാധിക്കുമെന്നും സാധാരണക്കാരോട്‌ സാധാരണ കാര്യങ്ങളിൽ സഹായം ചോദിക്കുന്നത്‌ നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നതിന്‌ എതിരല്ലാത്തത്‌ പോലെ അസാധാരണക്കാരോട്‌ അസാധാരണ വിഷയത്തിൽ സഹായം ചോദിക്കുന്നതും എതിരല്ല എന്നും ഇത്‌ സംബന്ധമായി ബഹു ഭൂരിപക്ഷം വരുന്ന മുസ്‌ലിംകളെ മുശ്‌രിക്കാക്കുന്ന ഒരു ന്യൂനാൽ ന്യൂനപക്ഷത്തിന്റെ നിലപാട്‌ ഖുർആനിന്റെ മേലുള്ള അക്ഷന്തവ്യമായ കയ്യേറ്റമാണെന്നും മനസിലാവും. കാരണം നിന്നോട്‌ മാത്രം സഹായം ചോദിക്കുന്നു എന്നിടത്ത്‌ അസാധാണ സഹായം എന്നൊരു വ്യഖ്യാനം ഒരു ഖുർആൻ വ്യാഖ്യാതാവും പറയുകയോ ഖുർആനിലും സുന്നത്തിലും അതിലേക്ക്‌ സൂചന നൽകുന്ന എന്തെങ്കിലും രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല ഉദാഹരണമായി നസ്തഈനു എന്നതിന്‌ മഹാനായ ഇബ്നു കഥീർ നൽകിയ വ്യാഖ്യാനം


واياك نستعين علي طاعتك وعلي امورنا كلها

(നിന്നെ ആരാധിക്കുന്നതിനുള്ള സഹായവും ഞങ്ങളുടെ എല്ലാ കാര്യങ്ങളുടെ മേലിലുള്ള സഹായവും നിന്നോട്‌ മാത്രം ഞങ്ങൾ ചോദിക്കുന്നു എന്നാണ്‌ )


എല്ലാകാര്യങ്ങളും(സാധാരണയും അസാധാരണയും)അല്ലാഹുവാണ്‌ ചെയ്ത്‌ തരുന്നത്‌. പക്ഷെ സാധാരണ കാര്യങ്ങൾ അവൻ സാധാരണക്കാരിലൂടെ നല്‍കും പോലെ അസാധാരണ സഹായം അസാധാരണക്കാരിലൂടെയും നൽകുന്നു. ഇതിനു വിരുദ്ധമായി അഭിപ്രായം പറയുന്നവർ ഒന്നുകിൽ അതിനു രേഖ കാണിക്കണം അല്ലെങ്കിൽ ഈ വിതണ്ഡ വാദം അവസാനിപ്പിക്കണം. ഇനി അസാധാരണ സഹായം അല്ലാഹു അല്ലാത്തവരിൽ നിന്ന് ചോദിച്ചതും പ്രതീക്ഷിച്ചതും ഖുർആനിലും സുന്നത്തിലും നിറഞ്ഞ്‌ കിടക്കുന്നത്‌ കാണാം ഉദാഹരണത്തിന്‌ യഅ്കൂബ്‌ നബി(അ)ന്‌ യൂസുഫ്‌ (അ) ന്റെ അസാന്നിധ്യം വലിയ വിഷമമുണ്ടാക്കുകയും മകനോടുള്ള സ്നേഹാധിക്യത്താൽ കരഞ്ഞ്‌ കരഞ്ഞ്‌ കണ്ണിനു മങ്ങൽ ബാധിക്കുകയും അത്‌ സുഖമാവാൻ ഒരു കുപ്പായം യൂസുഫ്‌(അ)കൊടുത്തയച്ചതും ആ കുപ്പായം മുഖത്തിട്ടപ്പോൾ കാഴ്ച്ച ശക്തി പൂർണ്ണമായി തിരിച്ചു കിട്ടിയതും ഖുർആൻ പറയുന്നു.



اذهبوا بقميصي هذا فألقوه علي وجه ابي يأت بصيرا وأتوني بأهلكم أجمعين


(നിങ്ങൾ എന്റെ കുപ്പായവും കൊണ്ട്‌ പോയി അത്‌ എന്റെ പിതാവിന്റെ മുഖത്തിടുക എന്നാൽ അദ്ദേഹം കാഴ്ച്ചയുള്ളവരായിതീരും നിങ്ങൾ മുഴുവൻ കുടുമ്പത്തോടൊപ്പം എന്റെ അടുത്തേക്ക്‌ വരികയും ചെയ്യുക)


.ولما فصلت العير قال ابوهم اني لأجد ريح يوسف لولا ان تفندون


യാത്ര സംഘം (ഈജിപ്തിൽ നിന്ന്) പുറപ്പെട്ടപ്പോൾ അവരുടെ പിതാവ്‌ (അടുത്തുള്ളവരോട്‌)പറഞ്ഞു തീർച്ചയായും എനിക്ക്‌ യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്‌ നിങ്ങളെന്നെ ബുദ്ധി ഭ്രമം പറ്റിയവനായി കരുതുന്നില്ലെങ്കിൽ(നിങ്ങൾക്കിത്‌ വിശ്വസിക്കാവുന്നതാണ്‌)


قالوا تالله انك لفي ضلالك القديم


അവർ പറഞ്ഞു അല്ലാഹുവെ തന്നെയാണേ തീർച്ചയായും താങ്കൾ താങ്കളുടെ പഴയ വഴികേടിൽ തന്നെയാണ്‌.


فلما ان جاء البشير القيه علي وجهه فارتد بصيرا قال الم اقل لكم اني اعلم من الله مالا تعلمون


അനന്തരം സന്തോഷവാർത്ത അറിയിക്കുന്ന ആൾ വന്നപ്പോൾ അദ്ദേഹം ആ കുപ്പായം യഅ്കൂബ്‌(അ)ന്റെ മുഖത്തിട്ടപ്പോൾ അവർ കാഴ്ച്ചയുള്ളവരായി മാറി നിങ്ങൾക്കറിയാത്ത ചിലത്‌ അല്ലാഹുവിൽ നിന്ന് ഞാൻ അറിയുന്നുണ്ടെന്ന് ഞാൻ നിങ്ങളോട്‌ പറഞ്ഞിട്ടില്ലേ എന്ന് യഅ്കൂബ്‌ (അ)പറഞ്ഞു.


قالوا يا ابانا استغفرلنا ذنوبنا انا كنا خطئين


അവർ പറഞ്ഞു ഞങ്ങളുടെ പിതാവേ ഞങ്ങൾക്ക്‌ വേണ്ടി ഞങ്ങളുടെ പാപങ്ങൾ പൊറുത്ത്‌ കിട്ടാൻ വേണ്ടി അങ്ങ്‌ പ്രാർത്ഥിക്കണേ!തീർച്ചയായും ഞങ്ങൾ തെറ്റുകാരായിരിക്കുന്നു


قال سوف استغفر لكم ربي انه هو الغفور الرحيم


നിങ്ങൾക്ക്‌ വേണ്ടി ഞാൻ എന്റെ രക്ഷിതാവിനോട്‌ പൊറുക്കലിനെ തേടാം തീർച്ചയായും അവൻ ഏറെ പൊറുക്കുന്നവനും കരുണാ നിധിയുമാകുന്നു എന്ന് യഅ്കൂബ്‌ നബി(അ)പറഞ്ഞു(സൂറ:യൂസുഫ്‌:93-98)


യൂസുഫ്‌ നബിയുടെ സംഭവത്തിന്റെ പേരിൽ മുതലെടുക്കാനുള്ള ചിലരുടെ മോഹങ്ങൾ തകർത്തെറിഞ്ഞു കൊണ്ടാണ്‌ നിങ്ങൾക്ക്‌ അറിയാത്ത പലതും അല്ലാഹുവിൽ നിന്നു എനിക്കറിയാമെന്ന് നേരത്തേ തന്നെ ഞാൻ പറഞ്ഞിട്ടില്ലേ എന്ന ചോദ്യം! നാം ഈ സംഭവം പറഞ്ഞത്‌ സാധാരണ നിലക്കുള്ള സഹായം അല്ല കാഴ്ച കിട്ടാൻ കുപ്പായം മുഖത്തിടൽ. തികച്ചും അസാധാരണമാണത്‌.അത്‌ യൂസുഫ്‌ നബി ചെയ്യാൻ കൊടുത്തയക്കുകയും യഅ്കൂബ്‌ നബി സമ്മതിക്കുകയും ചെയ്യുന്നു. കണ്ണിന്റെ മങ്ങൽ മാറാൻ കുപ്പായത്തിൽ നിന്ന് പ്രതീക്ഷിച്ച ആ ഗുണം അത്‌ അസാധാരണമാണ്‌ അസാധാരണ സഹായം അല്ലാഹു അല്ലാത്തവരിൽ നിന്ന് പ്രതീക്ഷിക്കൽ തെറ്റായിരുന്നുവെങ്കിൽ ഇ മഹാന്മാരായ പ്രവാചകന്മാർ അത്‌ ചെയ്യുകയോ ഏക ദൈവ സിദ്ധാന്തം അരക്കിട്ടുറപ്പിക്കാൻ വന്ന ഖുർആനിൽ അത്‌ ഉദ്ധരിക്കപ്പെടുകയോ ചെയ്യുമായിരുന്നില്ല. അല്ലാഹു ആദരിച്ചവരിൽ നിന്ന് ഗുണം തേടുക എന്നത്‌ യഅ്കൂബ്‌ നബിയോട്‌ മക്കൾ നടത്തിയ അപേക്ഷയിലും കാണാം അവർ ചെയ്ത തെറ്റിനു അല്ലാഹുവോട്‌ മാപ്പിനപേക്ഷിക്കാൻ മക്കൾ ആപ്രവാചകനെ സമീപിച്ച വികാരം അത്‌ തന്നെയാണ്‌ നമ്മുടെ ഇടതേട്ടവും സഹായാർത്ഥനയുമൊക്കെ ഉന്നം വെക്കുന്നത്‌..(അല്ലാഹുവിന്റെ ഇഷ്ടദാസന്മാർ നമുക്ക്‌ വേണ്ടി നടത്തുന്ന ശുപാർശകൾ സ്വീകരിക്കപ്പെടാൻ സാധ്യത കൂടുതലാണ്‌)



പ്രാർത്ഥന അല്ലാഹുവോട്‌ മാത്രം!



മുസ്ലിം ബഹുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ആയുധമാക്കുന്ന പ്രസ്താവനയാണ്‌ മുകളിൽ കണ്ടത്‌...പ്രാർത്ഥന എന്താണ്‌ എന്ന് മനസിലാക്കിയാൽ ഈ വിഷയത്തിന്‌ പരിഹാരമാവും പക്ഷെ ഇവർക്ക്‌ പരിഹാരമല്ല ആവശ്യം സംശയിപ്പിക്കലാണ്‌. ദുആ എന്ന അറബി പദത്തിനാണ്‌ സാധാരണ ഈ പരിഭാഷ നൽകുന്നത്‌. എന്നാൽ ഒരു വാക്കിന്‌ സാങ്കേതികമായി ഒരു അർത്ഥവും ഭാഷാപരമായി ഒരു അർത്ഥവും കാണും മത വിഷയങ്ങൾ കൈകാര്യം ചെയ്യുന്നിടത്തൊക്കെ വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഈ തത്വമാണ്‌ ചിലർ തങ്ങളുടെ അബദ്ധ ധാരണകൾ വിറ്റഴിക്കാൻ കാറ്റിൽ പറത്തുന്നത്‌. ദുആ എന്നത്‌ ഈ ഗണത്തിൽ കാണേണ്ടതാണ്‌. ചിലർ പറയുന്നത്‌ കാണാം പ്രാർത്ഥന അതാണ്‌ ആരാധന എന്ന് നബി (സ്വ) പറഞ്ഞിരിക്കുന്നു അതിനാൽ മരണപ്പെട്ട മഹാന്മാരെ വിളിക്കൽ അവർക്കുള്ള ആരാധനയും തദ്വാര ശിർക്കുമാണ്‌. നാം ഇവിടെ കാണേണ്ട പ്രധാന കാര്യം ഈ ഹദീസിൽ എന്താണ്‌ പറഞ്ഞത്‌ എന്നാണ്‌. ദുആ എന്നതിനു വിളിച്ചു, ക്ഷണിച്ചു എന്നൊക്കെ അർത്ഥമുണ്ട്‌. ഒരാളെ പേരു വിളിക്കുന്നതിനും ദുആ എന്ന് പറയാം ഇതൊക്കെ അവർക്കുള്ള ആരാധനയാണെന്ന് പറഞ്ഞാൽ ഈ പറയുന്നവരുൾപ്പെടെ ശിർക്ക്‌ ചെയ്തവരായി പോകും. അത്‌ അവർക്കും സ്വീകാര്യമായിരിക്കില്ലല്ലോ!

എന്നാൽ എന്താണ്‌ ഈ ഹദീസിനർത്ഥം? ഒന്നുകിൽ എല്ലാ വിളിയും ഇബാദത്താണ്‌എന്ന്! അത്‌ പറ്റില്ല. കാരണം അങ്ങനെ വന്നാൽ ഉമ്മയെ വിളിക്കുന്നതും, ചങ്ങാതിയെ വിളിക്കുന്നതും ഇബാദത്താക്കേണ്ടി വരും ! അത്‌ ഒരു മന്ദബുദ്ധി പോലും പറയില്ല പിന്നെയല്ലേ ബുദ്ധിയിൽ ഏറ്റവും മികച്ച്‌ നിൽക്കുന്ന നബി പറയുക! ഇനിയൊരു സാധ്യതയുള്ളത്‌ ഒരു പ്രത്യേക തരം വിളി ഇബാദത്താണെന്നാണ്‌. അത്‌ ശരിയുമാണ്‌.

എന്താണ്‌ പ്രത്യേക തരം?

ആരാധ്യനാണെന്ന(ഇലാഹാണെന്ന)വിശ്വാസത്തോടെ വിളിക്കുന്ന വിളി ഇബാദത്താണ്‌. ഈ കാഴ്ച്ചപ്പാടിൽ അല്ലാഹുവിനെ മാത്രമേ വിളിക്കാവൂ. കാരണം ആ വിളി ഇബാദത്താണ്‌. ഇബാദത്ത്‌ അല്ലാഹുവിനു മാത്രമേ അർപ്പിക്കാവൂ. ഇതാണ്‌ അദ്ദുആഉ ഹുവൽ ഇബാദ: എന്ന ഹദീസിന്റെ സാഹചര്യം വിശദീകരിക്കുന്നത്‌.നോക്കൂ


عن النعمان بن بشير رضي الله عنه قال سمعت النبي صلي الله عليه وسلم يقول الدعاء هو العبادة ثم قال وقال ربكم ادعوني استجب لكم ان الذين يستكبرون عن عبادتي سيدخلون جهنم داخرين(ترمذي

നുഉമാനുബ്നു ബശീർ(റ)ൽ നിന്ന് നിവേദനം: പ്രാർത്ഥന അത്‌ തന്നെയാണു ആരാധന എന്നു നബി(സ്വ) പറയുന്നത്‌ ഞാൻ കേട്ടു.തുടർന്ന് നബി(സ്വ) ഈ ഖുർആൻ വാക്യം ഓതി കേൾപ്പിച്ചു. 'നിങ്ങളുടെ നാഥൻ പറഞ്ഞു. നിങ്ങൾ എന്നെ വിളിക്കുക എന്നാൽ ഞാൻ നിങ്ങൾക്ക്‌ ഉത്തരം തരും എന്നെ ആരാധിക്കുന്നതിനെ തൊട്ട്‌ ആർ അഹങ്കരിക്കുന്നുവൊ അവർ നിന്ദ്യരായി നരകത്തിൽ പ്രവേശിക്കും (തുർമുദി)


അപ്പോൾ ഇബാദത്താവുന്ന വിളിയാണ്‌ അദ്ദുആഉ എന്ന് പറഞ്ഞത്‌ എന്ന് പകൽ പോലെ വ്യക്തം. ഇബാദത്ത്‌ ആവുന്നത്‌ എങ്ങനെയെന്ന് നിന്നെ മാത്രം ആരാധിക്കുന്നു എന്നിടത്ത്‌ നാം വിശദീകരിച്ചത്‌ ഓർക്കുക. ആരാധ്യനാണെന്ന് കരുതി ആരെ വിളിച്ചാലും, ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ, ജീവിയോ നിർജ്ജീവിയോ എന്ന ഒരു വ്യത്യാസവുല്ലാമിതെ അത്‌ അല്ലാഹു അല്ലാത്തവർക്കുള്ള ഇബാദത്തും തനി ശിർക്കും തന്നെ. ഇത്‌ പഠിപ്പിക്കാനാണ്‌ നബിമാർ മുഴുവനും വന്നത്‌. അതാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്ന ആശയം.

ഇനി നാം നോക്കേണ്ടത്‌ ആരാധ്യനാണെന്ന സങ്കൽപത്തിൽ അല്ലാഹു അല്ലാത്ത ആരെയെങ്കിലും ഏതെങ്കിലും മുസ്ലിം വിളിക്കുന്നുണ്ടോ? ഇല്ല..ഇല്ല..ഇല്ല.. എന്ന് ആരുടെ മുന്നിലും നമുക്ക്‌ പറയാൻ സാധിക്കും. ഇനി ഈ വാദക്കാർ പറയുമ്പോലെ ആരാധ്യനാണെന്ന് സങ്കൽപിച്ചില്ലെങ്കിലും മരണപ്പെട്ട മഹാന്മാരെയോ മറ്റോ സഹായത്തിനു വിളിച്ചാൽ ശിർക്കു വരുമെന്ന് വാദത്തിനു വേണ്ടി സമ്മതിച്ചാൽ ഇവർ നാലു പേരല്ലാതെ മറ്റൊരു മുവഹ്ഹിദും ലോകത്തില്ലെന്ന അപകടം പിടിച്ച വാദം അംഗീകരിക്കേണ്ടി വരും കാരണം മഹാന്മാരെ ജീവിച്ചിരിക്കുമ്പോഴും മരണ ശേഷവും വിളിക്കുന്ന പതിവ്‌ ലോക മുസ്ലിം പാരമ്പര്യത്തിൽ അനുസ്യൂതം തുടർന്നു വന്നു. നിരാക്ഷേപം എന്ന് കാണാൻ സാധിക്കും ലോകത്ത്‌ മഹന്മാരെ വിളിക്കുന്നതിനെതിരെ ആദ്യമായി ഒരു ശബ്ദം കേട്ടത്‌ എട്ടാം നൂറ്റാണ്ടുകാരനായ ഇബ്നു തൈമിയ്യയിൽ നിന്നാണ്‌. അദ്ദേഹം ഇങ്ങനെയൊന്നു പറഞ്ഞപ്പോൾ സമകാലികർ അദ്ദേഹത്തെ പല്ലും നഖവും ഉപയോഗിച്ച്‌ എതിർത്തു പരാജയപ്പെടുത്തുകയും ആ വാദത്തിനെതിരിൽ ഗ്രന്ഥ രചന നടത്തുകയും ചെയ്തു ഇതാണ്‌ ഇതുമായി ബന്ധപ്പെട്ടുള്ള ചരിത്ര വസ്തുത. അല്ലാഹുവിന്റെ ഇഷ്ട ദാസന്മാർ കണ്ണിനും കാതിനും സാധാരണക്കാരന്റെ പരിമിതി ഇല്ലാതായവരാണെന്ന് നാം മനസിലാക്കിയല്ലോ. ഇത്‌ തന്നെയാണ്‌ മുസ്ലിം ഉമ്മത്തിന്റെ വിശ്വാസം.

ഒന്നാം ഖലീഫ അബൂബക്കർ(റ)ന്റെ ജനാസയുമായി ഉമർ(റ)ഉൾപ്പെടെയുള്ള സ്വഹാബികൾ നബി(സ)യുടെ ഖബറുൾക്കൊള്ളുന്ന റൂമിന്റെ കവാടത്തിൽ നിന്ന് നബിയേ! അബൂബക്കർ കവാടത്തിലുണ്ട്‌ (അകത്തേക്ക്‌ പ്രവേശിപ്പിക്കാമോ ?)എന്ന് വിളിക്കുകയും സ്നേഹിതനെ സ്നേഹിതന്റെ അടുത്തേക്ക്‌ പ്രവേശിപ്പിച്ചോളൂ എന്ന് മറുപടി ലഭിക്കുകയും ചെയ്തു(റാസി) ഇബ്നു അബീ ശൈബ:ഉദ്ധരിക്കുന്നു: ഉമർ(റ)ന്റെ ഭരണകാലത്ത്‌ ഒരാൾ നബി(സ്വ)യുടെ ഖബ്‌റിനരികിൽ വരികയും അല്ലാഹുവിന്റെ പ്രവാചകരേ! ജനങ്ങൾ മഴയില്ലാതെ വലിയ നാശത്തിലാണ്‌ അങ്ങ്‌ മഴക്ക്‌ വേണ്ടി അല്ലാഹുവോട്‌ പ്രാർത്ഥിക്കണേ! എന്ന് പറയുകയും അദ്ദേഹം സ്വപ്നത്തിൽ നബി(സ)യെ കാണുകയും മഴ ലഭിക്കുമെന്ന സന്തോഷവാർത്തയും സലാമും ഉമർ(റ) നെ അറിയിക്കാനും ജനങ്ങളോട്‌ ഒന്നു കൂടി മയത്തിൽ വർത്തിക്കാൻ പറയണമെന്നും അറിയിച്ചു. ഇദ്ദേഹം ഉമർ(റ)നോട്‌ ഉണ്ടായ സംഭവങ്ങൾ വിശദീകരിച്ചപ്പോൾ അവിടുന്ന് കരഞ്ഞു.(അൽ ബിദായത്തു വന്നിഹായ:/ഫത്‌ഹുൽ ബാരി) .ഉത്തമ നൂറ്റാണ്ടുകാരായ പ്രവാചകനിൽ നിന്ന് നേരിട്ട്‌ ദീൻ പഠിച്ച സഹാബികൾ മരണപ്പെട്ട മഹാന്മാരോട്‌ സഹായം തേടുന്നത്‌ അവരോടുള്ള പ്രാർത്ഥനയാണെന്നും ശിർക്കാണെന്നും മനസിലാക്കിയിരുന്നെങ്കിൽ നേരത്തേ പറഞ്ഞ ഒരു സംഭവവും നടക്കുകയില്ലായിരുന്നു.

സത്യം ഗ്രഹിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ഇതിൽ തന്നെ വേണ്ടത്ര തെളിവ്‌ ഉണ്ടല്ലോ. ഇനി ഓരോ നൂറ്റാണ്ടിലേയും മുസ്ലിം നേതാക്കളെ പരിശോധിച്ചാൽ അവരൊക്കെ ഈ സഹായാർത്ഥന നടത്തിയതിന്റെ തെളിവുകൾ കാണാം. ചുരുക്കത്തിൽ ദുആ എന്ന പദവും അതിന്റെ വക ഭേദങ്ങളും ആരാധ്യനാണെന്ന സങ്കൽപത്തിൽ വിളിക്കുന്നതിനെ കുറിച്ചാണെന്നും അത്‌ ഇബാദത്താണെന്നും നാം മനസിലാക്കി. എന്നാൽ നാം മഹാന്മാരെ വിളിക്കുന്നത്‌ നമ്മുടെ സഹായികളായി അല്ലാഹു അവരെ നിശ്ചയിച്ചത്‌ കൊണ്ട്‌ അല്ലാഹു അനുവദിച്ച കാരണവുമായി ബന്ധപ്പെടുക എന്ന നിലക്കാണ്‌ ഇത്‌ തെറ്റാണെന്ന് എട്ടാം നൂറ്റാണ്ട്‌ വരെ ഒരു മുസ്ലിം പോലും പറഞ്ഞില്ലെന്നും അത്രയും കാലം ജീവിച്ച മുസ്ലിംകളെയൊക്കെ അബദ്ധം പറ്റിയവരായി പരിഗണിക്കുന്നതിനു പകരം അതിനെതിരെ സസാരിച്ച ഈ ന്യൂനാൽ ന്യൂന പക്ഷത്തെ അവഗണിക്കുന്നതാണല്ലോ കരണീയം.

അല്ലാഹു അല്ലാത്തവരെ വിളിക്കുന്നതിനെതിരെ ഖുർആനിൽ ധാരാളം സൂക്തങ്ങളുണ്ടല്ലോ ! എന്നൊരു സംശയമുണ്ടാകാം. ശരിയാണ്‌. അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് ഖുർആനിലുണ്ട്‌. പക്ഷെ നേരത്തേ നാം ദുആ വിശദീകരിച്ചപ്പോൾ പറഞ്ഞത്‌ പോലെ അല്ലാഹു തന്നെ വിളിക്കരുതെന്ന് പറഞ്ഞത്‌ ആരെ ഉദ്ദേശിച്ചാണെന്ന് വിശദീകരിച്ചിട്ടുണ്ട്‌ ഒരുദാഹരണം നോക്കാം അല്ലാഹു പറയുന്നു


ومن يدع مع الله الها اخر لابرهان له به فانماحسابه عند ربه انه لايفلح الكافرون(المؤمنون117

വല്ലവനും അല്ലാഹുവോടൊപ്പം മറ്റു വല്ല ദൈവത്തെയും വിളിച്ചാൽ അതിനു അവന്റെ പക്കൽ യാതൊരു പ്രമാണവും ഇല്ല തന്നെ. അവന്റെ വിചാരണ അവന്റെ രക്ഷിതാവിന്റെ അടുക്കൽ വെച്ചു തന്നെയായിരിക്കും. സത്യ നിഷേധികൾ വിജയം പ്രാപിക്കുകയില്ല തീർച്ച.(അൽ മുഅ്മിനൂൻ 117)

അപ്പോൾ അല്ലാഹു അല്ലാത്തവരെ വിളിക്കരുതെന്ന് പറഞ്ഞിടത്തെല്ലാം ഉദ്ദേശം അല്ലാഹു അല്ലാത്ത ദൈവങ്ങളെ വിളിക്കരുതെന്നാണ്‌. ഈ ആയത്തുകളോതി അല്ലാഹു നിശ്ചയിച്ച കാരണങ്ങളുമായി ബന്ധപ്പെടുന്നതിനെ വിമർശിക്കുന്നവർ ഖുർആനിനോട്‌ കാണിക്കുന്ന അക്രമം എത്ര വലുതാണെന്ന് ആലോചിക്കാത്തത്‌ കഷ്ടം തന്നെ! ‌ ഇസ്തിഗാസ വിഷയത്തിൽ പ്രമാണങ്ങളുടെ മുന്നിൽ തകർന്നടിയുമ്പോൾ വിമർശകർ സ്വീകരിക്കുന്ന മറ്റൊരു പൊടിക്കൈ കൂടി നമുക്ക്‌ പരിശോധിക്കാം. മഹാന്മാരോട്‌ ചോദിക്കുന്നത്‌ തെറ്റല്ലെങ്കിൽ തന്നെ ഏറ്റവും നല്ലത്‌ അല്ലാഹുവോട്‌ ചോദിക്കലല്ലേ? ഇത്‌ സാധാരണക്കാരെ സംശയിപ്പിക്കാനുള്ള ഒരു തന്ത്രമാണ്‌. പക്ഷെ ഇങ്ങനെയൊരു ചോദ്യം പ്രസക്തമല്ല. കാരണം മഹാന്മാരോട്‌ ചോദിക്കുന്നവനും യഥാർത്ഥ സഹായി അല്ലാഹുവാണെന്ന് വിശ്വസിക്കുന്നവനാണെങ്കിൽ ചോദ്യം വാസ്തവത്തിൽ അല്ലാഹുവോട്‌ തന്നെയാണ്‌. ഈ മഹാൻ കാരണവും.! ഈ കാരണവുമായി ബന്ധപ്പെടുമ്പോൾ അല്ലാഹു ഇഷ്ടപ്പെട്ടവരെ ആദരിക്കുക എന്ന ഒരു സുകൃതം കൂടി അവൻ ചെയ്യുകയാണ്‌. ഒരാൾക്ക്‌ രോഗം വന്നു സുഖമാക്കുന്നവൻ അല്ലാഹുവാണെന്ന് അവൻ വിശ്വസിക്കുന്നു എന്നിട്ടും അവൻ വൈദ്യനെ കാണുന്നില്ലേ. സുഖമാക്കാൻ അല്ലാഹുവോട്‌ പ്രാർത്ഥിക്കുകയും ചെയ്യുന്നു. അപ്പോൾ വൈദ്യനെ കാണൽ എന്ന കാരണം ഉപേക്ഷിക്കലല്ലേ നല്ലത്‌ ? എന്ന് ചോദിക്കാറില്ലല്ലോ അഥവാ ആ ചോദ്യം അനാവശ്യമാണ്‌.

നബി(സ)യെ പുകഴ്ത്തി പാട്ട്പാടാറുള്ള ഹസ്സാൻ (റ) ന്‌ വേണ്ടി നബി (സ) ദുആ ചെയ്തത്‌ 'അല്ലാഹുവേ പരിശുദ്ധാത്മാവിനെ കൊണ്ട്‌ ഹസ്സാനെ ശക്തിപ്പെടുത്തേണമേ (ബുഖാരി)എന്നാണ്‌ ജിബ്‌രീലുണ്ടായാലേ ഹസ്സാനെ ശക്തിപ്പെടുത്താൻ അല്ലാഹുവിനു സാധിക്കൂ എന്ന് നബി(സ) വിശ്വസിക്കില്ലല്ലോ ഇവിടെ ജിബ്‌രീലിന്റെ മാദ്ധ്യസ്ഥത നബി(സ) ആഗ്രഹിച്ചത്‌ അവർ തമ്മിലുള്ള ബന്ധമാണ്‌. ഈ ബന്ധം ഊട്ടിയുറപ്പിക്കലാണ്‌ സഹായാർത്ഥനയിലൂടെ നാം ചെയ്യുന്നത്‌. മഹാന്മാരെ മാറ്റി നിർത്തി ചോദിച്ചാൽ അല്ലാഹുവിനു കൂടുതൽ ഇഷടമാവും എന്നതിനു ഒരു തെളിവും ഖുർആനോ ഹദീസോ പറഞ്ഞിട്ടില്ല മറിച്ച്‌ അല്ലാഹുവിന്റെ ഇഷ്ട ദാസനെ കുറിച്ച്‌ അല്ലാഹു പറയുന്നത്‌ لئن سألني لأعطينه (بخاري അവൻ എന്നോട്‌ ചോദിച്ചാൽ ഞാൻ നൽകുക തന്നെ ചെയ്യും എന്നാണ്‌ (ബുഖാരി) ഈ ചോദ്യം തനിക്ക്‌ ചോദിക്കുമ്പോൾ മാത്രം എന്ന് അല്ലാഹു നിർണ്ണയിച്ചിട്ടില്ല. അഥവാ ഇഷ്ട ദാസൻ ആർക്ക്‌ വേണ്ടി ചോദിച്ചാലും ഉത്തരം നൽകുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. ഇങ്ങനെയൊരു ഉറപ്പ്‌ സാധാരണക്കാരന്റെ ചോദ്യത്തിന്‌ അല്ലാഹു നൽകിയിട്ടില്ല.

അപ്പോൾ നമ്മുടെ സഹായികളായി അല്ലാഹു നിശ്ചയിച്ച മഹാന്മാരെ മാറ്റി നിർത്തേണ്ട ഒരാവശ്യവും വിശ്വാസിക്കില്ല. മാറ്റി നിർത്തണമെന്ന് പ്രമാണങ്ങളൊന്നും പറഞ്ഞിട്ടുമില്ല. മറിച്ച്‌ പ്രമാണമുണ്ട്‌ താനും! മഴയില്ലാതെ മദീന വരളുന്നു. ഒരു സ്വഹാബി നബി(സ)യോട്‌ പറയുന്നു 'നബിയേ, ഞങ്ങളുടെ സമ്പത്ത്‌ സന്താനങ്ങളെല്ലാം (വരൾച്ച കാരണം)നശിക്കാറായി'. ഉടൻ നബി(സ) മഴക്ക്‌ പ്രാർത്ഥിക്കുന്നു മഴ പെയ്യുന്നു. ഏറ്റവും നല്ലത്‌ നേരിട്ട്‌ ചോദിക്കലല്ലേ എന്ന ന്യായമനുസരിച്ച്‌ നബി(സ) ചെയ്യേണ്ടത്‌ എന്താണ്‌ ? എന്നോട്‌ ചോദിക്കുന്നവർക്ക്‌ ഞാൻ തരാം എന്ന് അല്ലാഹു പറഞ്ഞതല്ലേ ! ആർക്കാണ്‌ മഴ വേണ്ടതെങ്കിൽ അവർ അല്ലാഹുവോട്‌ ചോദിക്കട്ടെ എന്നാണ്‌ പക്ഷെ നബി(സ) അങ്ങനെ പറഞ്ഞില്ല അപ്പോൾ അല്ലാഹുവിനു കൂടുതൽ ഇഷ്ടമുള്ളവരെ കൊണ്ട്‌ പറയിപ്പിക്കുക എന്ന ശൈലി തൗഹീദിനെതിരല്ലെന്നും അംഗീകൃതമാണെന്നും മനസിലായി. ഇനിയും ഇങ്ങനെയൊരു ദുർന്യായത്തിൽ കടിച്ചു തൂങ്ങുന്നവർക്ക്‌ കുറവ്‌ ഉദ്ദേശ ശുദ്ധിയാണ്‌ അവരെയും അല്ലാഹു നന്നാക്കട്ടെ എന്നു പറയാനേ നമുക്ക്‌ സാധിക്കൂ !

അല്ലാഹു പോരേ അടിമക്ക്‌?


അല്ലാഹു പോരേ അവന്റെ അടിമക്ക്‌ എന്ന് സംശയിക്കുന്നവരുണ്ട്‌. അവർ ചോദിക്കുന്നത്‌ അല്ലാഹു പറഞ്ഞത്‌

اليس الله بكاف عبده(الزمر36
തന്റെ ദാസന്‌ അല്ല്ലാഹു മതിയായവനല്ലയോ(സുമർ36)എന്നാണ്‌. ആസ്ഥിതിക്ക്‌ എന്തിനാണീ മഹാത്മാക്കൾ? ‌ ഈ ചോദ്യം വേണ്ടത്ര ചിന്തിക്കാത്തത്‌ കൊണ്ടാണ്‌ വരുന്നത്‌. സഹായം ചോദിച്ച്‌ വാങ്ങാൻ നമുക്ക്‌ കഴിവ്‌ നൽകുകയും നമ്മെ സഹായിക്കാൻ മഹാത്മാക്കളെ നിശ്ചയിക്കുകയും ചെയ്തത്‌ അല്ലാഹുവാണ്‌ ആ അല്ലാഹുവാണ്‌ ചോദിക്കുന്നത്‌ ദാസന്‌ അല്ലാഹു പോരേ എന്ന് അല്ലാതെ എല്ലാവരും സകല കാര്യത്തിനും അല്ലാഹുവെ മാത്രം ഉപയോഗപ്പെടുത്തുകയെന്നല്ല അതേസമയം അന്തിമ വിശകലനത്തിൽ അല്ലാഹു തന്നെയാണ്‌ എല്ലാം തരുന്നത്‌. ഈ വീക്ഷണത്തിലാണ്‌ ഈ ചോദ്യം (അല്ലാഹു പോരേ എന്നത്‌)പ്രസക്തമാകുന്നത്‌. അല്ലാതെ ഇനി മുതൽ ഭാര്യക്ക്‌ ഭർത്താവോ ശിഷ്യന്‌ ഗുരുവോ മകന്‌ പിതാവോ അനുയായിക്ക്‌ നേതാവോ സാധാരണക്കാരന്‌ മഹാത്മാവോ വേണ്ടെന്നല്ല മറിച്ച്‌ ഇങ്ങനെയുള്ള എല്ലാ സൗകര്യങ്ങളും ബന്ധങ്ങളും നൽകിയ അല്ലാഹു- അതു ഉപയോഗപ്പെടുത്താൻ അനുവദിച്ച അല്ലാഹു- അവൻ പോരേ തന്റെ അടിമക്ക്‌ എന്ന് ചോദിച്ചാൽ മതി എന്ന് തന്നെയാണുത്തരം. അതിനർത്ഥം ഇനിമേൽ ആരെയും ഒന്നിനും ആശ്രയിക്കരുതെന്നല്ല. അവൻ വെച്ച സംവിധാനങ്ങൾ സ്വീകരിക്കലാണ്‌ ശരി. എന്നാൽ രസകരമായ ഒരു കാര്യം മഹാന്മാരെ തള്ളാൻ, അല്ലാഹു പോരേ ? എന്ന് വലിയ വായിൽ പറയുന്നവർ മറ്റു കാര്യങ്ങൾക്കൊക്കെ അല്ലാഹു അല്ലാത്തവരെ സമീപിക്കുന്നു എന്നതാണ്‌. അതിനു അവർക്കു പറയാനുള്ള എല്ലാ ന്യായവും ഇവിടെയും ഉണ്ടെന്നാണ്‌ അന്തിമ വിശകലനത്തിൽ തെളിയുന്നത്‌. ഈ കാര്യം അല്ലാഹു തന്നെ ഖുർആനിൽ പലയിടത്തും സൂചിപ്പിച്ചത്‌ കാണാം ഉദാഹരണമായി സൂറ:അൻഫാലിൽ അല്ലാഹു പറയുന്നു.

ياايها النبي حسبك الله ومن اتبعك من المؤمنين(الأنفال 64

ഓ നബിയേ! അങ്ങേക്ക്‌ അല്ലാഹുവും അങ്ങയെ അനുഗമിച്ച വിശ്വാസികളും മതി(അൻഫാൽ 64)


وان يريدوا ان يخدعوك فان حسبك الله هو الذي ايدك بنصره وبالمؤمنين(الأنفال 62

അവർ തങ്ങളെ വഞ്ചിക്കാനുദ്ദേശിക്കുന്ന പക്ഷം തീർച്ചയായും തങ്ങൾക്ക്‌ അല്ലാഹു മതി അവനാണ്‌ അവന്റെ സഹായം മുഖേനയും വിശ്വാസികൾ മുഖേനയും തങ്ങൾക്ക്‌ പിൻബലം നൽകിയവൻ(അൻഫാൽ 62)


ഇങ്ങനെ എത്രയോ സൂക്തങ്ങൾ കാണാം ഇതൊന്നും അല്ലാഹു പോരാത്തത്‌ കൊണ്ടല്ല മറിച്ച്‌ അവൻ മതിയായത്‌ കൊണ്ടാണ്‌ അവൻ അനുവദിച്ച കാരണങ്ങളിൽ മാത്രം നാം ഒതുങ്ങിയത്‌ ചുരുക്കത്തിൽ എല്ലാ അർത്ഥത്തിലും അല്ലാഹു നമ്മുടെ രക്ഷിതാവും സംരക്ഷകനും പരമ സഹായിയുമാണ്‌ അതിനാൽ നമ്മുടെ ഏറ്റവും വലിയ വണക്കവും വിധേയത്വവും അവന്‌ മാത്രം സമർപ്പിക്കുകയും പരമമായ സഹായം അവനിൽ നിന്ന് മാത്രം നാം തേടുകയും ചെയ്യുന്നു ഈ പ്രൗഢമായ ആശയത്തിന്റെ നിഷ്ക്കളങ്കമായ പ്രകാശനമാണ്‌ നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു എന്നത്‌


തുടരും (ഇൻശാ അല്ലാഹ്‌)

Tuesday, December 2, 2008

അദ്ധ്യായം 1 :സൂക്തം 5

അദ്ധ്യായം 1 :സൂക്തം 5

اياك نعبد واياك نستعين

''നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുകയും,
നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുകയും ചെയ്യുന്നു ''


ഫാത്തിഹ അല്ലാഹുവിനോടുള്ള അപേക്ഷയാണെന്ന് മുമ്പ്‌ നാം പറഞ്ഞത്‌ ഓർക്കുമല്ലോ. കഴിഞ്ഞ നാല്‌ സൂക്തങ്ങളിലായി ( സൂക്തം 1, സൂക്തം 2 , സൂക്തം 3 ,സൂക്തം4 ) അല്ലാഹുവിന്റെ പ്രധാന നാമങ്ങൾ ഉരുവിട്ടും ചിലത്‌ ആവർത്തിച്ചും ഇഹവും, പരവും ആ ഉടമക്ക്‌ സമർപ്പിച്ചും ഉപചാരങ്ങളെല്ലാം പൂർത്തിയാക്കിയ വിശ്വാസി വിഷയത്തിലേക്ക്‌ കടക്കുന്നു. ഫാത്തിഹ എന്ന അപേക്ഷ നമുക്ക്‌ തയാറാക്കി തന്നത്‌ അല്ലാഹുവായതിനാൽ അപേക്ഷ ഫോറത്തിൽ വരാവുന്ന തകരാറു കാരണത്താൽ അപേക്ഷ തള്ളപ്പെടില്ല കാരണം ഈ ഫോറം എഡിറ്റ്‌ ചെയ്തതും അല്ലാഹുവാണ്‌ അതിനാൽ വേണ്ടത്‌ വിടുകയോ വേണ്ടാത്തത്‌ പെടുകയോ ഇല്ല. നിന്നെ ഞങ്ങൾ, എന്ന പ്രയോഗം അവനുമായി അടിമ നേടിയ സാന്നിദ്ധ്യത്തിന്റെ തെളിവാണ്‌. കാരണം അല്ലാഹുവിന്റെ നാമം ജപിക്കുന്നിടത്ത്‌ അവന്റെ സാന്നിദ്ധ്യം ഉണ്ടാകും.

انا عند ظن عبدي بي وانا معه اذاذكرني فان ذكرني في نفسه ذكرته في نفسي وان ذكرني في ملأ ذكرته في ملأ خير منهم (بخاري مسلم


ഞാൻ എന്റെ അടിമ വിചാരിക്കുന്നിടത്താണ്‌. അവൻ ഒറ്റക്ക്‌ എന്റെ നാമം ജപിച്ചാൽ ഞാൻ ഒറ്റക്ക്‌ അവന്റെ നാമം പറയും. അവൻ കൂട്ടത്തിൽ എന്റെ നാമം ജപിച്ചാൽ അതേക്കാൾ ഉത്തമമായ കൂട്ടത്തിൽ ഞാൻ അവനെ പറയും(ബുഖാരി,മുസ്‌ലിം)


നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു എന്നാണല്ലോ പറയുന്നത്‌. ഒറ്റക്ക്‌ നിസ്ക്കരിക്കുന്നവനും പറയേണ്ടത്‌ ഇങ്ങനെ തന്നെ. ഈപ്രയോഗം ധാരാളം കാര്യങ്ങൾ നമ്മെ ഉണർത്തുന്നു. സംഘമായുള്ള നിസ്ക്കാരത്തിന്റെ അനിവാര്യത, മുസ്‌ലിമിന്റെ ഐക്യ ബോധം, ദേശ ഭാഷാ രാഷ്ട്രീയാദി ഭിന്നിപ്പുകളും വൈജാത്യവും നിലനിൽക്കുമ്പോൾ തന്നെ ആത്യന്തികമായി ആദർശത്തിലും കാഴ്ചപ്പാടിലും അവരുടെ യോജിപ്പ്‌ പ്രകടമാകുന്നു.

واعتصموا بحبل الله جميعا ولاتفرقوا

അല്ലാഹുവിന്റെ പാശം നിങ്ങൾ മുറുകെ പിടിക്കുക നിങ്ങൾ ഭിന്നിക്കരുത്‌(ആലു ഇംറാൻ)


'ഞങ്ങൾ' പ്രയോഗത്തിൽ മറ്റൊരു പ്രധാന കാര്യം കൂടിയുണ്ട്‌ അഥവാ ഞാൻ ആരാധിക്കുന്നുവെന്ന് പറയാൻ നമുക്കെന്താണ്‌ യോഗ്യത? നമ്മെ അല്ലാഹു പടച്ചു. ആത്മാവും അവയവങ്ങളും മറ്റ്‌ അനുഗ്രഹങ്ങളും അവൻ നൽകി ഭൂമിയും അതിലുള്ളതും നമുക്കായി അവൻ സൃഷ്ടിച്ചു അങ്ങനെ ഒന്നുമറിയാത്തവനായി, ഒന്നിനും കഴിയാത്തവനായി ഭൂമിയിലേക്ക്‌ വന്ന നമ്മെ അവൻ പരിപാലിച്ചു എന്നിട്ടും പലപ്പോഴും ആ മഹാശക്തിയെ വിസ്മരിച്ച്‌ തെറ്റുകളിലും അധർമ്മങ്ങളിലും മുഴുകിയ നാം ഞാൻ നിന്നെ ആരാധിക്കുന്നു എന്ന് പറയാൻ വിഷമം തോന്നും ! തോന്നണം ! എന്നാൽ ഈ അനുഗ്രഹങ്ങളെല്ലാം അവൻ നൽകിയതാണെന്നും അവനെ അനുസരിക്കലല്ലാത്ത ഒരു കാര്യവും എനിക്കില്ലെന്നും അറിഞ്ഞ കുറെ നല്ലവർ..മഹാന്മാർ..ഇവിടെയുണ്ട്‌. അവർ അല്ലാഹുവിനെ ധിക്കരിച്ചവരല്ല, അരുതായ്മകളിൽ മുഴുകിയവരുമല്ല. അതിനാൽ അവരുടെ പ്രവർത്തനം സ്വീകരിക്കപ്പെടും.

انما يتقبل الله من المتقين

നിശ്ചയം ഭക്തന്മാരിൽ നിന്ന് മാത്രമാണ്‌ അല്ലാഹു കർമ്മങ്ങൾ സ്വീകരിക്കുന്നത്‌


അപ്പോൾ നിസ്ക്കരിക്കാൻ നിൽക്കുന്ന നമ്മൾ നമ്മുടെ കുറവുകൾ തിരിച്ചറിയുകയും ഒറ്റക്ക്‌ ഇതുമായി ചെന്നാൽ തള്ളപ്പെടാനുള്ള സാധ്യത മുൻകൂട്ടി കാണുകയും ചെയ്തപ്പോൾ ഈ പുഴുക്കുത്തുള്ളതും കൂടി നാഥൻ സ്വീകരിക്കാൻ എന്താണ്‌ മാർഗമെന്ന് ആലോചിക്കുകയാണ്‌. അടിമയോട്‌ കാരുണ്യമുള്ള നാഥൻ തന്നെ കാണിച്ചു കൊടുക്കുന്ന വഴിയാണീ ഞങ്ങൾ പ്രയോഗം! അതായത്‌ അല്ലാഹുവേ ഈ നിസ്ക്കരിക്കുന്ന ഞാൻ മോശക്കാരനും നിന്റെ മുന്നിൽ ആരുമല്ലാത്തവനുമാണ്‌ പക്ഷെ നിന്റെ പ്രവാചകന്മാർ ഇഷ്ടദാസന്മാർ തുടങ്ങി പലരും നീ അനുഗ്രഹിച്ചവരും അവരുടെ കർമ്മങ്ങൾ സ്വീകരിക്കുന്നതുമാണല്ലോ. അവർ ഉൾക്കൊള്ളുന്ന സമൂഹത്തിലാണ്‌ ഞാനും. അവരുടെ ആരാധനകൾ നീ സ്വീകരിക്കുമ്പോൾ ആ കൂട്ടത്തിൽ, പാവപ്പെട്ട ഞങ്ങളുടേതും നീ സ്വീകരിക്കേണമേ ഞങ്ങളുടെത്‌ കുറ്റമറ്റതല്ലെങ്കിലും! ഒറ്റക്ക്‌ ചിലവാകാത്തത്‌ കൂട്ടത്തിൽ ചിലവാകുമല്ലോ! ഇത്‌ ചുളുവിൽ അല്ലാഹുവിനെ പറ്റിച്ചതല്ല ! മറിച്ച്‌ കരുണാമയനായ റബ്ബ്‌ നമ്മെ സഹായിച്ചതാണ്‌. കാരണം അവന്റെ ഇഷ്ടദാസന്മാർ മുഖേന അവനിലേക്കെത്തുന്ന കാര്യങ്ങൾ അവൻ പരിഗണിക്കുമെന്ന് തന്നെയാണവന്റെ നിശ്ചയം. അതിനാൽ എനിക്കാരുടെയും വക്കാലത്ത്‌ വേണ്ട ഞാൻ തന്നെ മതി എന്ന അഹന്ത പടച്ചവൻ ഇഷ്ടപ്പെടില്ലെന്ന് ഈ 'ഞങ്ങൾ' പ്രയോഗം മനസിലാക്കി തരുന്നു. അത്കൊണ്ട്‌ തന്നെയാണ്‌ വിഷമ ഘട്ടങ്ങളിലും മറ്റും സ്വഹാബികൾ നബി(സ്വ)യെ സമീപിച്ചതും അവരുടെ പ്രശ്നപരിഹാരത്തിന്‌ നബി(സ്വ) അല്ലാഹുവോട്‌ പ്രാർത്ഥിച്ചതും മഴയില്ലാതെ വിഷമിച്ചഘട്ടത്തിൽ ഒരു ശിഷ്യൻ ഖുതുബ നിർവ്വഹിക്കുന്ന നബിയോട്‌ വരൾച്ചയുടെ തീഷ്ണത ഹൃദയം പൊട്ടി ആവലാതിയായി ബോധിപ്പിക്കുകയും നബി(സ്വ)പ്രാർത്ഥിച്ചതും കത്തിയെരിയുന്ന വെയിലിൽ പള്ളിയിലെത്തിയ സ്വഹാബികൾ കോരിച്ചൊരിയുന്ന മഴയത്ത്‌ വീട്ടിലേക്ക്‌ തിരിച്ചതും, അടുത്തയാഴ്ച വരെ മഴതുടർന്നതിനാൽ വെള്ളപ്പൊക്കത്തിന്റെ കെടുതി ഒരാൾ നബി(സ്വ)യെ അറിയിക്കുകയും മഴമതിയെന്ന് പ്രാർത്ഥിക്കുകയും കോരിച്ചൊരിയുന്ന മഴ മാറി തെളിഞ്ഞ കാലാവസ്ഥയിൽ സഹാബികൾ പള്ളിയിൽ നിന്ന് തിരിച്ച്‌ പോയതും ബുഖാരിയിൽ നമുക്ക്‌ കാണാം. അപ്പോൾ അല്ലാഹുവിന്റെ ഇഷ്ടദാസനായ നബിയോട്‌ പ്രാർത്ഥിക്കാൻ പറയുന്നതും തങ്ങൾ പ്രാർത്ഥിക്കണമെന്ന ഉദ്ദേശത്തോടെ തങ്ങളോട്‌ സഹായം ചോദിക്കുന്നതുമൊക്കെ ഈ ഞങ്ങൾ പ്രയോഗത്തിന്റെ താൽപര്യമാണ്‌ ഇവിടെ ഇമാം റാസി എഴുതുന്നു.

كأن العبد يقول الهي ان لم تكن عبادتي مقبولة فلاتردني لأني لست بوحيد في هذه العبادة بل نحن كثيرون فان لم أستحق الأجابة والقبول فأتشفع اليك بعبادات سائر المتعبدين فأجبني(رازي


ഞങ്ങൾ പ്രയോഗം അടിമ പറയുമ്പോലെയാണ്‌. അല്ലാഹുവേ! എന്റെ ആരാധന സ്വീകരിക്കപ്പെടാൻ അർഹമല്ലെങ്കിലും എന്നെ നീ തട്ടിക്കളയരുത്‌ കാരണം ഈ വിഷയത്തിൽ ഞാൻ ഒറ്റക്കല്ല. മറിച്ച്‌ ധാരാളം പേരുണ്ട്‌. ഞാൻ സ്വീകരിക്കപ്പെടാൻ അർഹനല്ലെങ്കിലും മറ്റുള്ളവരുടെ(സ്വീകരിക്കപ്പെടാൻ അർഹരായവരുടെ) ആരാധനകൾ മുഖേന നിന്നിലേക്ക്‌ ഞാൻ ശുപാർശ വെക്കുന്നു എനിക്ക്‌ കൂടി നീ ഉത്തരം തരേണമേ!(തഫ്സീർ റാസി 1 : 222) ആരാധന ഇബാദത്ത്‌ എന്നതിന്‌ ഭാഷയിൽ പരിചരണം, ശുശ്രൂഷ, വഴിപാട്‌ , വിധേയത്വം, വണക്കം, അനുസരണം എന്നൊക്കെ അർത്ഥമുണ്ട്‌ എന്നാൽ ഇസ്ലാമിന്റെ സാങ്കേതിക ഭാഷയിൽ ഇബാദത്ത്‌ എന്നാൽ പരമമായ അങ്ങേ അറ്റത്തെ താഴ്മ /വണക്കം കാണിക്കുക എന്നാണ്‌ അപ്പോൾ വണക്കം മാത്രം ഇബാദത്തല്ല. അത്‌ പരമമാവുമ്പോഴാണ്‌ ഇബാദത്ത്‌ ആവുക. പലരെയും പലതിനെയും വണങ്ങാനും താഴ്മകാണിക്കാനുമൊക്കെ നമ്മോട്‌ നിർദ്ദേശമുണ്ട്‌. മാതാപിതാക്കൾ, ഗുരുവര്യർ, പ്രായത്തിൽ മൂത്തവർ എല്ലാം ആദരിക്കപ്പെടേണ്ടവരാണ്‌. നബി(സ്വ) യോടുള്ള ആദരവിന്റെ ഭാഗമായി അവിടുത്തെ സവിധത്തിൽ(ജീവിച്ചിരുന്നപ്പോഴും, മരണ ശേഷവും)ഉറക്കെ ശബ്ദിക്കുന്നത്‌ പോലും ഖുർആൻ വിലക്കി. മാതാപിതാക്കളുടെ മുന്നിൽ വിനയത്തിന്റെ ചിറകു താഴ്ത്തി കൊടുക്കാനും, ഛെ!എന്ന പരാമർശം പോലും ഉണ്ടാകാതെ സൂക്ഷിക്കാനും ഖുർആൻ കൽപ്പിക്കുന്നു. പക്ഷെ ഈ ആദരവുകളൊന്നും ആരാധനയല്ല! കാരണം ഇത്‌ പരമമല്ല (അങ്ങേ അറ്റത്തത്‌ -അല്ല ). അപ്പോൾ അങ്ങേ അറ്റത്തതിന്റെ മാനദണ്ഡമെന്താണ്‌? ആരാധനക്കർഹൻ എന്ന കാഴ്ചപ്പാടിൽ നടത്തുന്ന വണക്കവും താഴ്മയുമാണ്‌ ആരാധന. ഈ കാഴ്ച്ചപ്പാട്‌ അല്ലാഹുവിനോട്‌ മാത്രമേ കാണിക്കാൻ പാടുള്ളൂ. ഈ ആശയമാണ്‌ ലാഇലാഹ ഇല്ലല്ലാഹ്‌ എന്നതിന്റെ ചുരുക്കം. ആരാധിക്കപ്പെടാൻ അർഹൻ അല്ലാഹു മാത്രം! എന്ത്കൊണ്ട്‌ അല്ലാഹു മാത്രം ( ആരാധിക്കപ്പെടാൻ അർഹൻ ) എന്ന ചോദ്യമുണ്ടാകാം ! അതിന്റെ ഉത്തരമാണ്‌ നേരത്തേ പറഞ്ഞ അല്ലാഹുവിന്റെ വിശേഷണങ്ങൾ. സൃഷ്ടിക്കുകയും പരിപാലിക്കുകയും ചെയ്യുന്നവനാണ്‌ അല്ലാഹു അഥവാ ഏറ്റവും വലിയ അനുഗ്രഹങ്ങൾ അവനിൽ നിന്നാണ്‌ നമുക്ക്‌ ലഭിച്ചത്‌ അതുകൊണ്ട്‌ തന്നെ നമ്മുടെ ഏറ്റവും വലിയ താഴ്മയും വണക്കവും അവന്ന് അവകാശപ്പെട്ടതാണ്‌. അത്കൊണ്ടാണ്‌ അല്ലാഹു-യഥാർത്ഥത്തിൽ ആരാധിക്കപ്പെടുന്നവൻ-എന്ന് അവനെ പരിജയപ്പെടുത്തിയത്‌ വിധേയത്വം പലവിധമുണ്ട്‌. ഭാര്യക്ക്‌ ഭർത്താവോട്‌, പുത്രന്‌ പിതാവോട്‌ ശിഷ്യന്‌ ഗുരുവോട്‌ അടിമക്ക്‌ ഉടമയോട്‌. എന്നാൽ ഈ വിധേയത്വമൊന്നും പരമമല്ല കാരണം ഇവരിൽ നിന്നൊന്നും ഏറ്റവും വലിയ അനുഗ്രഹം(പടക്കുക എന്നത്‌) നമുക്ക്‌ ലഭിച്ചിട്ടില്ല. ഈ പാശ്ചാത്തലത്തിലാണ്‌ ഏറ്റവും വലിയ വിധേയത്വവും വണക്കവും എന്ന അടിമത്തം അല്ലാഹു മാത്രമേ അർഹിക്കുന്നുള്ളൂ എന്ന് പ്രവാചകന്മാർ പഠിപ്പിച്ചത്‌. അല്ലാഹു അല്ലാത്ത പലതും ഇവിടെ ആരാധിക്കപ്പെട്ടിട്ടുണ്ട്‌ ഇപ്പോഴും ആരാധിക്കപ്പെടുന്നുമുണ്ട്‌ ആരാധിക്കുന്നവർ അതിനു എന്തു ന്യായീകരണം പറഞ്ഞാലും അതൊന്നും നിലനിൽക്കുന്നതല്ല. കാരണം അവക്കൊന്നും യഥാർത്ഥത്തിൽ ആരാധിക്കപ്പെടാൻ അർഹതയില്ല. ഏറ്റവും വലിയ അനുഗ്രഹം അവരൊന്നും നമുക്ക്‌ തന്നില്ലെന്നതു തന്നെ കാരണം!.

وقضي ربك الاتعبدوا الا اياه وبالوالدين احسانا امايبلغن عندك الكبر أحدهما اوكلاهما فلاتقل لهما اف ولاتنهرهما وقل لهما قولا كريما
(واخفض لهما جناح الذل من الرحمة وقل رب ارحمهما كما ربياني صغيرا (الاسراء 23 ,24

അങ്ങയുടെ നാഥൻ വിധിച്ചിരിക്കുന്നു.അവനെയല്ലാതെ നിങ്ങൾ ആരാധിക്കരുതെന്ന്..മാതാപിതാക്കൾക്ക്‌ നന്മചെയ്യാനും(അവൻ വിധിച്ചിരിക്കുന്നു)അവരിൽ ഒരാളോ രണ്ട്‌ പേരുമോ നിന്റെ അരികിൽ വാർദ്ധക്യമെത്തിച്ചാൽ അവരോട്‌ നീ ഛെ എന്ന് പറയരുത്‌ അവരെ വിരട്ടുകയുമരുത്‌.രണ്ട്‌ പേരോടും മാന്യമായി സംസാരിക്കണം കാരുണ്യത്താൽ വിധേയത്വത്തിന്റെ ചിറക്‌ അവർക്ക്‌ നീ താഴ്ത്തി കൊടുക്കണം നീ ഇങ്ങനെ പ്രാർത്ഥിക്കുകയും വേണം എന്റെ നാഥാ ചെറുപ്പത്തിൽ അവരെന്നെ പോറ്റിയത്‌ കൊണ്ട്‌ അവരെ നീ അനുഗ്രഹിക്കേണമേ!(അൽ ഇസ്‌റാഅ് 23 24)

ഈ സൂക്തങ്ങളിൽനിന്ന് പല കാര്യങ്ങളും മനസിലാകുന്നു. ആരാധന അല്ലാഹുവിന്‌ മാത്രമേ പാടുള്ളൂ എന്നാൽ വിധേയത്വവും താഴ്മയും അല്ലാത്തവരോടുമുണ്ട്‌. (മാതപിതാക്കൾ ഉദാഹരണം ) മറ്റാരോടും താഴ്മ കാണിക്കരുതെന്നില്ല എന്നാൽ ഇബാദത്ത്‌ അല്ലാഹുവിനല്ലാതെ പാടില്ലെന്ന് വ്യക്തമാവുകയും ചെയ്തു ബഹുദൈവ വിശ്വാസികൾ ഇവർ അല്ലാഹുവിൽ വിശ്വസിക്കുന്നു എന്ന് പറയുമ്പോൾ തന്നെ ഏറ്റവും വലിയ വണക്കവും വിധേയത്വവും മറ്റുപലർക്കും നൽകി. അഥവാ അവയേയും ഇവർ ദൈവമായി കണ്ടു. ഈസാ(അ)ദൈവമാണെന്ന് വിശ്വസിക്കുന്ന കൃസ്ത്യാനിയും, ലാത്ത ഉസ്സ തുടങ്ങിയവ ദൈവമാണെന്ന് വിശ്വസിച്ച അബൂജഹ്‌ൽ സംഘവും അല്ലാഹുവിന്‌ നൽകേണ്ട ഏറ്റവും വലിയ വിധേയത്വവും വണക്കവും മറ്റ്‌ പലതിനും നൽകി അല്ലാഹുവെ പോലെ ഈ വസ്തുക്കളെ സ്നേഹിക്കുകയും ഭയപ്പെടുകയും ചെയ്തു. അഥവാ അല്ലാഹുവിനോട്‌ സ്നേഹത്തിലും ഭയത്തിലും മറ്റ്‌ പലതിനേയും അവർ പങ്ക്‌ ചേർത്തു ഇത്‌ മഹാ അപരാധം തന്നെ. അല്ലാഹു പറയുന്നു.

ومن الناس من يتخذ من دون الله أندادا يحبونهم كحب الله والذين امنوا اشد حبا لله(البقرة165

ജനങ്ങളിൽ ചിലർ അല്ലാഹുവെ കൂടാതെ തുല്യ ദൈവങ്ങളെ ഉണ്ടാക്കിയവരാണ്‌ അവർ അല്ലാഹുവെ സ്നേഹിക്കേണ്ട പോലെ ആ ദൈവങ്ങളേയും സ്നേഹിക്കുന്നു എന്നാൽ സത്യ വിശ്വാസികൾ അല്ലാഹുവോട്‌ കൂടുതൽ സ്നേഹമുള്ളവരാണ്‌(അൽ ബഖറ :165)

അപ്പോൾ അല്ലാഹു അല്ലാത്തവരെ സ്നേഹിച്ചതോ ആദരിച്ചതോ അല്ല അവർ ചെയ്ത അപരാധം മറിച്ച്‌ അല്ലാഹുവെ പോലെ കണ്ടതാണ്‌ അഥവാ ആരാധനക്കർഹതയുണ്ടിവക്ക്‌ എന്ന് വിശ്വസിച്ചതാണ്‌! അല്ലാഹുവിലേക്ക്‌ അടുപ്പിക്കാനാണീ കീഴ്‌ ദൈവങ്ങൾ എന്ന ബഹുദൈവ വിശ്വാസികളുടെ വാദഗതി ശരിയല്ല കാരണം അങ്ങേ അറ്റത്തെ താഴ്മയായ ആരാധന ഈ അടുപ്പിക്കുന്നവർക്ക്‌ നൽകിയാൽ പിന്നെ അല്ലാഹുവിന്‌ അവർ എന്താണ്‌ നൽകുക. അപ്പോൾ ബഹുദൈവാരാധന (ശിർക്ക്‌ )എന്നത്‌ വളരെ ബാലിശമായ ഒരു ഏർപ്പാട്‌ തന്നെ!


മഹാന്മാർ അല്ലാഹുവിലേക്ക്‌ അടുപ്പിക്കുന്നവർ തന്നെയാണ്‌ ആ കാരണത്തെയല്ല നാം ചോദ്യം ചെയ്യുന്നത്‌. അതിനു സ്വീകരിച്ച മാർഗത്തെയാണ്‌. മഹാന്മാർ അല്ലാഹുവിലേക്ക്‌ നമ്മെ അടുപ്പിക്കാൻ അല്ലാഹു നിശ്ചയിച്ച മാർഗം തന്നെ. പക്ഷെ അതിനായി അവരെ ആരാധിക്കാൻ അല്ലാഹുവോ അവരോ കൽപ്പിച്ചിട്ടില്ലെന്ന് മാത്രമല്ല ആരാധന എന്ന പരമമായ വണക്കം അല്ലാഹുവിനു മാത്രമേ ആകാവൂ എന്ന് കണിശമായി അവനും അവരും പറഞ്ഞിരിക്കുകയാണ്‌.ഏറ്റവും വലിയ വണക്കം അല്ലാവിനു മാത്രം എന്നത്‌ സ്ഥിരപ്പെട്ടാൽ ചെറിയ വണക്കങ്ങൾ പലർക്കുമാവാമെന്ന് വരുന്നു അത്‌ അവർക്കുള്ള ആരാധനയാവുന്നില്ലെന്നും മനസിലാകുന്നു. ഈ വണക്കവും ആളുടെ അവസ്ഥയനുസരിച്ച്‌ വ്യത്യസ്ഥമാവും. പ്രവാചകന്മാർക്ക്‌ നൽകുന്ന അത്ര സഹാബികൾക്ക്‌ നൽകുന്നില്ല അങ്ങനെ താഴോട്ടിറങ്ങും തോറും കുറഞ്ഞ്‌ വരുന്നു. പ്രവാചകന്‌ സ്വലാത്തും സലാമും ചൊല്ലി അഭിവാദനമർപ്പിക്കുമ്പോൾ മറ്റുള്ളവർക്ക്‌ തർളിയത്ത്‌(റളിയല്ലാഹു അൻഹും)ചൊല്ലിയാണ്‌ അഭിവാദനം. അല്ലാഹു അംഗീകരിച്ചവരെ ബഹുമാനിക്കുന്നതും അവരെയും അവരുമായി ബന്ധമുള്ളതിനേയും സമീപിച്ച്‌ അനുഗ്രഹ‍ീതരാവാൻ ശ്രമിക്കുന്നതുമൊന്നും അവർക്ക്‌ ഇബാദത്തല്ല. ഹജറുൽ അസ്‌വദ്‌ എന്ന കല്ലിനെ ചുംബിക്കുന്നതും കഅബയെ ചുറ്റുന്നതും അവക്കുള്ള ഇബാദത്തല്ലല്ലോ! മഹാന്മാരെ ബഹുമാനിക്കാനും അവരുമായി ഊഷ്മളമായ ബന്ധം നിലനിർത്താനും ഇസ്ലാം കൽപ്പിച്ചിട്ടുണ്ട്‌.

ياايهاالذين امنوا لاترفعوا أصواتكم فو صوت النبي ولاتجهرواله بالقول كجهربعضكم لبعض ان تحبط اعمالكم وانتم لاتشعرون ان الذين يغضون اصواتهم عند رسول الله اولئك الذين امتحن الله قلوبهم للتقوي لهم مغفرة واجرعظيم(الحجرات2-3


സത്യവിശ്വാസികളെ! നിങ്ങൾ പ്രവാചകന്റെ ശബ്ദത്തിലേറെ ശബ്ദമുയർത്തരുത്‌ അവിടത്തോട്‌ ഉറക്കെ സം സാരിക്കുകയുമരുത്‌. നിങ്ങളിൽ നിന്ന് ചിലർ ചിലരോട്‌ (ഉറക്കെ സംസാരിക്കുമ്പോലെ)
നിങ്ങളറിയാത്തവിധം നിങ്ങളുടെ സുകൃതങ്ങൾ പൊളിഞ്ഞു പോവും. അല്ലാഹിന്റെ പ്രവാചകനരികിൽ ശബ്ദങ്ങൾ താഴ്ത്തുന്നവരുടെ ഹൃദയങ്ങൾ ഭക്തിക്ക്‌ വേണ്ടി അല്ലാഹു പരിശോധിച്ചിരിക്കുന്നു.അവർക്ക്‌ പാപ മോജനവും മഹത്തായ പ്രതിഫലവുമുണ്ട്‌ (അൽ ഹുജുറാത്ത്‌2:3​) മഹാന്മാരെ എത്രവരെ ബഹുമാനിക്കണമെന്നതിന്‌ വേണ്ടുവോളം സൂജനയും ബഹുമാനിക്കാത്തവർക്കുള്ള ഉഗ്രൻ താക്കീതുമാണീ സൂക്തം! യൂസുഫ്‌ നബി(അ) പിതാവായ യഅഖൂബ്‌ (അ)ന്റെ കാഴ്ച ശക്തിക്ക്‌ തന്റെ കുപ്പായം മുഖത്തിടാൻ പറഞ്ഞത്‌ സൂറ:യൂസുഫി(93)ൽ കാണാം. നബി(സ്വ)യുടെ വിയർപ്പും മുടിയും തുപ്പ്നീരുമൊക്കെ ആദരവോടെ എടുത്തവരെ നബി (സ്വ) നിങ്ങൾ സത്യം പ്രാപിച്ചു എന്ന് പറഞ്ഞാണ്‌ പ്രോത്സാഹിപ്പിച്ചത്‌. ഇതൊക്കെ ആദരവാണ്‌ ആരാധനയല്ല. ആരാധന അല്ലാഹുവിനു മാത്രം സമർപ്പിക്കേണ്ട കാര്യമാണ്‌. അപ്പോൾ ആദരവും ആരാധനയും വേർത്തിരിച്ച്‌ മനസിലാക്കുന്നതിൽ പിശക്‌ പറ്റിയ ചിലർ മഹാന്മാരോടുള്ള വിശ്വാസികളുടെ അടുപ്പത്തെ ആരാധനയും ശിർക്കുമാക്കി മുദ്ര കുത്തുന്നത്‌ സഹതാപാർഹം തന്നെ! ഇനിമറ്റൊരു കാര്യം. ആരാധിക്കുക എന്നത്‌ നമ്മുടെ കടമയാണ്‌. അതിനു പ്രതിഫലം തരാൻ അല്ലാഹു കടപ്പെട്ടവനല്ല(അവൻ ഔദാര്യവാനായതിനാൽ തരുമെന്നത്‌ വേറെ കാര്യം) അതുകൊണ്ട്‌ നാം അല്ലാഹുവിനെ ആരാധിക്കുന്നത്‌ നമ്മുടെ കടമ നിർവ്വഹിക്കാനാണ്‌. പ്രതിഫലം നമ്മുടെ വിഷയമല്ല. നിസ്ക്കരിക്കുന്നവൻ മഗ്‌രിബ്‌ എന്ന ഫർള്‌ അല്ലാഹുവിനുവേണ്ടി ഞാൻ നിസ്ക്കരിക്കുന്നു എന്നല്ലാതെ പ്രതിഫലത്തിന്‌ എന്ന് പറയുന്നില്ല. അല്ലാഹുവിൽ എല്ലാം അർപ്പിക്കുകയാണ്‌ അവന്റെ ബാധ്യത. ചുരുക്കത്തിൽ ഇബാദത്ത്‌ ചെയ്യുന്ന വിശ്വാസി റബ്ബിന്റെ സാമീപ്യവും ഇഷ്ടവുമാണ്‌ ആഗ്രഹിക്കുന്നത്‌. അത്‌ ലഭിച്ചാൽ സ്വർഗവും നരകവും അവനു വിഷയമല്ല. എന്നെ നരകത്തിന്റെ അടിത്തട്ടിലിടുന്നതിലാണ്‌ നിനക്ക്‌ താൽപര്യമെങ്കിൽ ആ നരകമായിരിക്കും എന്റെ സന്തോഷം എന്ന് പറഞ്ഞ മഹാന്മാർ ഈ ആത്മാർത്ഥതയുടെ ശൈലി നമുക്ക്‌ ബോദ്ധ്യപ്പെടുത്തി തന്നവരാണ്‌. അല്ലാഹുവിന്റെ തൃപ്തി കൊതിച്ച്‌ അവനെ ആ‍ാധിക്കാനല്ലാതെ അവരോട്‌ കൽപ്പിക്കപ്പെട്ടില്ലെന്ന ഖുർആൻ വാക്യം നമ്മുടെ കണ്ണ്‌ തുറപ്പിക്കേണ്ടതാണ്‌. അല്ലാഹുവിനെ ആത്മാർത്ഥമയി ആരാധിക്കാൻ അവൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.. തുടരും.... ഇൻശാ അല്ലാഹ്‌

note :
സൂക്തത്തിന്റെ ( സൂക്തം 5)ആദ്യഭാഗം ( നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു ) മാത്രമാണിവിടെ പ്രതിപാതിച്ചിരിക്കുന്നത്‌ . രണ്ടാം ഭാഗം ( നിന്നോട്‌ മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു ) അടുത്ത പോസ്റ്റില്‍ വിവരിക്കുന്നതാണ്‌
..ഇന്‍ശാ അല്ലാഹ്‌

15-12-2008
>>രണ്ടാം ഭാഗത്തിന്റെ വിവരണം ഇവിടെ വായിക്കാം <<