Monday, December 22, 2008

അദ്ധ്യായം1 (ഫാതിഹ) സൂക്തം 6

(ചൊവ്വായ വഴിയിൽ നീ ഞങ്ങളെ വഴി നടത്തേണമേ!)

ആറാം സൂക്തമാണിത്‌ ഫാത്തിഹയുടെ ഹൃദയം !
അല്ലാഹു തന്നെ തയാറാക്കിത്തന്ന അപേക്ഷയാണിത്‌ ''നിന്നോട്‌ മാത്രം സഹായം തേടുന്നു''വെന്നാണല്ലോ കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞത്‌. ആ സഹായതേട്ടത്തിന്റെ പ്രധാന ഭാഗം ഹിദായത്ത്‌(സന്മാർഗം) ലഭിക്കാനുള്ള തേട്ടമാണ്‌. എല്ലാ കഴിവും കാര്യവും അല്ലാഹുവിൽ നിന്ന് മാത്രമേ താൻ പ്രതീക്ഷിക്കുന്നുള്ളൂവെന്ന് വിശ്വാസി പ്രഖ്യാപിക്കുമ്പോൾ എന്ത്‌ സഹയമാണ്‌ തനിക്ക്‌ വേണ്ടതെന്നൊരു സാങ്കൽപ്പിക ചോദ്യത്തിന്റെ ഉത്തരമാണ്‌ ഈ സൂക്തം. അഥവാ എനിക്കു ലഭിക്കേണ്ട പ്രധാന സഹായം നേർമാർഗത്തിലെത്താനുള്ള സഹായമാണ്‌ എന്ന്! അപ്പോൾ തനിക്ക്‌ അവശ്യം ആവശ്യമായ എല്ലാ കാര്യങ്ങളും ചുരുങ്ങിയ വാക്കുകളിൽ ഉൾക്കൊള്ളിച്ചുകൊണ്ട്‌ അവൻ പ്രാത്ഥിക്കുന്നു ''ചൊവ്വായ വഴിയിൽ ഞങ്ങളെ വഴി നടത്തേണമേ'' എന്ന് ഒരു ലക്ഷ്യത്തിലേക്കുള്ള ഏറ്റവും ചൊവ്വായ വഴിക്കാണ്‌ 'മുസ്തഖീം'എന്ന് പറയുക. അതു തന്നെയായിരിക്കും എളുപ്പ വഴിയും!

മനുഷ്യ ജീവിതത്തിന്‌ മഹത്തായ ലക്ഷ്യമുണ്ടെന്നും അതു പ്രാപിക്കുമ്പോൾ മാത്രമേ അവൻ ജീവിത വിജയം കരസ്ഥമാക്കിയവൻ ആവുകയുള്ളൂവേന്നും അത്‌ നഷ്ടപെട്ടാൽ ജീവിതം തന്നെ പാഴായിപ്പോകുമെന്നും ഈ ലക്ഷ്യത്തിലേക്കുള്ള വഴിയിൽ തെറ്റ്‌ പറ്റി നാശത്തിലകപ്പെടാൻ സാധ്യതയുണ്ടെന്നും ഈ യാത്രയിൽ തനിക്ക്‌ ലക്ഷ്യം തെറ്റാതിരിക്കാൻ അല്ലാഹുവിന്റെ സഹായം കൂടാതെ കഴിയില്ലെന്നും ഈ വാക്യം പഠിപ്പിക്കുന്നു. സന്മാർഗം (നേർവ്വഴി)എന്ന ആശയം സ്പർശിക്കാത്ത മേഘലയില്ല. ഇതിനെ നമുക്ക്‌ രണ്ടായി തിരിക്കാം 1) ശാരീരികം മാനസികം(ഭൗതികം ആത്മീയം) 2) ഐഹികം പാരത്രികം എന്നും പറയാം. ഈ മേഘലകളിലെല്ലാം നേരിന്റെ പക്ഷത്ത്‌ നെഞ്ചുറപ്പോടെ നിലകൊള്ളാനുള്ള വിശ്വാസിയുടെ അടങ്ങാത്ത അഭിലാഷമാണീ പ്രാർത്ഥന പ്രതിഫലിപ്പിക്കുന്നത്‌ തന്റെ കയ്യും കണ്ണും കാലും ഖൽബും(ഹൃദയം) നാവും എന്ന് വേണ്ട താൻ തന്നെ നേർമാർഗത്തിന്റെ ജീവിക്കുന്ന ഉദാഹരണമാവണം എന്നതാണ്‌ ഇതിന്റെ താൽപര്യം.
الم نجعل له عينين ولسانا وشفتين وهديناه النجدين(البلد 8-10
(അവനു നാം രണ്ട്‌ കണ്ണുകളും ഒരു നാവും രണ്ട്‌ ചുണ്ടുകളും ഉണ്ടാക്കി കൊടുക്കുകയും (വ്യക്തമായി കാണുന്ന)രണ്ട്‌ വഴികൾ കാണിച്ച്‌ കൊടുക്കുകയും ചെയ്തില്ലേ(അൽ ബലദ്‌ 8.10)

തനിക്ക്‌ അല്ലാഹു നൽകിയ കണ്ണും മറ്റ്‌ അവയവങ്ങളും ഉപയോഗപ്പെടുത്തി രണ്ട്‌ വഴികളിൽ (സന്മാർഗം, ദുർമാർഗം)നിന്ന് നല്ലത്‌ തിരഞ്ഞെടുക്കാനുള്ള ആഹ്വാനമാണിത്‌ വ്യക്തമാക്കുന്നത്‌. അഥവാ വിശ്വാസി തന്റെ എല്ലാവാക്കിലും നോക്കിലും സന്മാർഗമുണ്ടെന്നുറപ്പ്‌ വരുത്തണം ജീവിത യാത്രക്കിടയിൽ ഒരിക്കലും ഈ ശൈലി കൈമോശം വരരുതെന്ന നിർബന്ധ ബുദ്ധിയിൽ നിന്നാണീ പ്രാർത്ഥന. അല്ലാതെ ഇപ്പോൾ താൻ സന്മാർഗത്തിലല്ലാത്തത്‌ കൊണ്ടല്ല. നിങ്ങൾ ഇപ്പോൾ സന്മാർഗത്തിലല്ലേ? ആണെങ്കിൽ പിന്നെന്തിനാണീ പ്രാർത്ഥന എന്ന ചോദ്യം അനാവശ്യമാണെന്ന് ഈ വിശദീകരണത്തിൽ നിന്ന് മനസിലായിരിക്കുമല്ലോ!ലഭിച്ച സന്മാർഗം നഷ്ടപ്പെടാതെ കാത്ത്‌ സൂക്ഷിക്കാനുള്ള ശുഷ്ക്കാന്തിയാണിത്‌.
ربنا لاتزغ قلوبنا بعد اذ هديتنا وهب لنا من لدنك رحمة انك انت الوهاب(ال عمران 8
(ഞങ്ങളുടെ നാഥാ! സന്മാർഗത്തിലാക്കിയ ശേഷം ഞങ്ങളുടെ ഹൃദയങ്ങളെ(അതിൽ നിന്ന്) നീ തെറ്റിച്ചു കളയരുതേ!നിന്റെ പക്കൽ നിന്നുള്ള കാരു‍ണ്യം ഞങ്ങൾക്ക്‌ സൗജന്യമായി നൽകേണമേ! നിശ്ചയം നീ തന്നെയാണ്‌ ഏറ്റവും സൗജന്യം നൽകുന്നവൻ(ആലു ഇം റാൻ8)

'സന്മാർഗത്തിലാക്കിയതിനു ശേഷം ഞങ്ങളുടെ മനസുകളെ നീ തെറ്റിക്കല്ലേ' എന്ന പ്രാർത്ഥന ഈ തത്വം തന്നെയാണ്‌ പഠിപ്പിക്കുന്നത്‌. 'ഞങ്ങൾ', 'ഞങ്ങളെ' നേർവഴി നടത്തേണമെ എന്നാണല്ലോ പ്രാർത്ഥന! 'എന്നെ' എന്ന് പോരേ? ഇതിന്റെ ഉത്തരം. 'ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നു' എന്ന് പറഞ്ഞതിന്റെ വിശദീകരണത്തിൽ നാം പറഞ്ഞിട്ടുണ്ട്‌. വിശ്വാസിയുടെ സാമൂഹ്യ ബോധവും എല്ലാവരും നന്മയിലെത്തണമെന്ന ആഗ്രഹവും ഇതിൽ പ്രതിഫലിക്കുന്നു. മാത്രമല്ല തന്റെ പ്രാർത്ഥന ഒരു കാരണവശാലും തള്ളപ്പെടരുതെന്നും അവൻ ആഗ്രഹിക്കുന്നു. ഈ 'ഞങ്ങൾ' പ്രയോഗത്തിലൂടെ ഇതെല്ലാം വിശ്വാസി നേടുന്നു! ഇമാം റാസി(റ)എഴുതുന്നത്‌ കാണുക.

لم قال اهدنا ولم يقل اهدني؟ والجواب من وجهين (الاول) ان الدعاء كلما كان اعم كان الي الاجابة اقرب فان السنة اذا اراد ان يذكر دعاء ان يصلي اولا علي النبي صلي الله عليه وسلم ثم يدعو ثم يختم الكلام بالصلاة علي النبي صلي الله عليه وسلم ثانيا لان الله تعالي يجيب الداعي في صلاته علي النبي صلي الله عليه وسلم ثم اذا اجيب في طرفي دعائه امتنع ان يرد في وسطه

എന്തിനാണീ ബഹു വജനം? അതിനു രണ്ട്‌ കാരണമുണ്ട്‌. ഒന്ന് പ്രാർത്ഥന എത്രമാത്രം പൊതു സ്വഭാവം ഉൾക്കൊള്ളുന്നുവോ അതിനനുസരിച്ച്‌ സ്വീകാര്യതയുടെ സാധ്യത വർദ്ധിക്കും കാരണം എന്നെ നേർവ്വഴിയിലാക്കണം എന്നത്‌ തള്ളപ്പെട്ടാലും ഞങ്ങളെ നേർവ്വഴിയിലാക്കണം എന്നത്‌ തള്ളപ്പെടില്ല കാരണം ഞങ്ങൾ എന്നതിൽ കുറേ ആളുകൾ എന്തായാലും ഉത്തരം ലഭിക്കുന്നവർ തന്നെയാണ്‌ എന്നാൽ ഒരേ അപേക്ഷയിലെ കുറേ പേരെ കൊള്ളാനും കുറെ പേരെ തള്ളാനും ഏറ്റവും മാന്യതയുള്ള അല്ലാഹു ഇഷ്ടപ്പെടില്ല അത്‌ കൊണ്ടാണല്ലോ പ്രാർത്ഥനയുടെ തുടക്കത്തിലും ഒടുക്കത്തിലും നബി(സ)യുടെ മേൽ സലാത്ത്‌(നബിക്ക്‌ അനുഗ്രഹത്തിനായുള്ള പ്രാർത്ഥന) ചൊല്ലണമെന്ന് ഇസ്‌ലാം കൽപ്പിച്ചത്‌ അഥവാ തുടക്കത്തിലും ഒടുക്കത്തിലുമുള്ള സലാത്തുകൾക്ക്‌ അല്ലാഹു ഉത്തരം ചെയ്യുമെന്നത്‌ ഉറപ്പാണ്‌ ആ സ്ഥിതിക്ക്‌ ഇടക്കുള്ളവ മാത്രം അല്ലാഹു തള്ളിക്കളയില്ല.
والثاني قال صلي الله عليه وسلم ادعوا الله بألسنة ما عصيتموه بها قالوا يارسول الله ومن لنا بتلك الالسنة قال يدعو بعضكم لبعض لأنك ما عصيت بلسانه وهو ما عصي بلسانك (تفسير رازي
(രണ്ട്‌ : നിങ്ങൾ തെറ്റ്‌ ചെയ്തിട്ടില്ലാത്ത നാവു കൊണ്ട്‌ അല്ലാഹുവോട്‌ പ്രാർത്ഥിക്കണം എന്ന് നബി(സ)പറഞ്ഞു അപ്പോൾ ശിഷ്യന്മാർ ചോദിച്ചു അങ്ങനെയുള്ള നാവ്‌ ഞങ്ങൾക്കൊന്നുമില്ലല്ലോ എന്ന് ?പ്രവാചകർ(സ) പറഞ്ഞു മറ്റൊരാളുടെ നാവ്‌ കൊണ്ട്‌ നിങ്ങളോ നിങ്ങളുടെ നാവു കൊണ്ട്‌ അവരോതെറ്റ്‌ ചെയ്തിട്ടില്ലല്ലോ?(റാസി)

അപ്പോൾ 'ഞങ്ങൾ' എന്ന പ്രയോഗത്തിലൂടെ വിശ്വാസി മറ്റുള്ളവരെ സഹായിക്കുകയും താൻ രക്ഷപ്പെടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ അതിഗംഭീരമായ അനുഗ്രഹമത്രെ ഇത്‌. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ (അല്ലാഹുവിനു സർവ്വ സ്തുതിയും).

ഇങ്ങനെ നേർവ്വഴിക്കായി പ്രാർത്ഥിക്കേണ്ടി വന്നത്‌ മാറി മാറി വരുന്ന സാഹചര്യങ്ങളാണ്‌. മനുഷ്യനു ധാരാളം സുഹൃത്തുക്കളുണ്ടാവും ഓരോരുത്തരുടെയും കാഴ്ച്ചപ്പാട്‌ വ്യത്യസ്തവും! സ്നേഹജങ്ങൾ ഒരു വഴിക്ക്‌ തന്നെ വിളിക്കുമ്പോള്‍ ശത്രുക്കൾ മറ്റൊന്നിലേക്ക്‌ ക്ഷണിക്കും. പിശാച്‌ വേറൊരു വഴി കാണിച്ചു തരും. അങ്ങനെ എങ്ങോട്ട്‌ പോകണമെന്നറിയാതെ മനുഷ്യൻ പകച്ച്‌ നിൽക്കാൻ സാധ്യതയുണ്ട്‌ ! അവിടെ എല്ലാം അറിയുന്ന അല്ലാഹുവിന്റെ സഹായം ആവശ്യമുള്ളിടത്തേക്ക്‌ തന്നെ വഴികാണിക്കാൻ ലഭിച്ചാൽ അവൻ സുരക്ഷിതനാവുന്നു. അതിനാണീ‍ പ്രാർത്ഥന!

ജനങ്ങൾ പല തട്ടിലാണ്‌ വിശ്വാസി അവിശ്വാസി സാധാരണക്കാർ പ്രവാചകന്മാർ അവരിൽ തന്നെ വ്യത്യസ്ഥ പദവികൾ അലങ്കരിക്കുന്നവർ ഇവർക്കെല്ലാം നേർവ്വഴി ആവശ്യമാണ്‌ സ്വയം നേർവ്വഴി കണ്ടെത്താൻ ആർക്കും സാധ്യമല്ല പ്രത്യുത അല്ലാഹു കാണിച്ച്‌ കൊടുക്കണം അല്ലാഹു നബി(സ)യോട്‌ പറയുന്നത്‌ നോക്കുക
..وكذلك أوحينا روحا من أمرنا ماكنت تدري ماا لكتاب ولاالايمان ولكن جعلناه نورا نهدي به من نشاء من عبادنا وانك لتهدي الي صراط مستقيم (الشورى52
(അപ്രകാരം നമ്മുടെ ഉത്തരവിന്റെ ഭാഗമായി തങ്ങളിലേക്ക്‌ നാം ആത്മാവെ അയച്ചു ഗ്രന്ഥമെന്തെന്നും വിശ്വാസമെന്തെന്നും തങ്ങൾക്കറിയുമായിരുന്നില്ല എങ്കിലും അത്‌ നാം പ്രകാശമാക്കി നമ്മുടെ ദാസരിൽ നാം ഉദ്ദേശിച്ചവരെ അത്‌ മുഖേന നാം നേർവ്വഴി നയിക്കുന്നു തീർച്ച തങ്ങൾ നേർവ്വഴിക്ക്‌ നയിക്കുന്നു(ശൂറാ 52)

ഇവിടെ സൂക്ഷ്മമായൊരു കാര്യമുണ്ട്‌. നേർവ്വഴി നയിക്കുക , നേർവ്വഴിക്ക്‌ നയിക്കുക രണ്ടിനും ഹിദായത്ത്‌(സന്മാർഗം)എന്ന് തന്നെയാണ്‌ പറയുക പക്ഷെ നേർവ്വഴി നയിക്കുക എന്നത്‌ അല്ലാഹു മാത്രം ചെയ്യുന്നതാണ്‌ രണ്ടാമത്തേത്‌ പ്രവാചകരും മറ്റും ചെയ്യുന്നു. ഒന്നാമത്തേത്‌ നേർവ്വഴി സൃഷ്ടിക്കലും രണ്ടാമത്തേത്‌ സൃഷ്ടിക്കപ്പെട്ട വഴി കാണിക്കലോ അറിയിക്കലോ ഒക്കെയാണ്‌ ഒന്നാമത്തേത്‌ ഹർഫ്‌ (അവ്യയം)ഇല്ലാതെയാണ്‌ ('ഇഹ്‌ദിനാ' പോലെ) സാധാരണ ഉപയോഗിക്കുക . രണ്ടാമത്തേത്‌ അവ്യയത്തോട്കൂടിയും ('ഇലാ സിറാത്തിൻ' പോലെ). കോഴിക്കോട്‌ അന്വേഷിക്കുന്നയാളെ ലക്ഷ്യ സ്ഥാനത്ത്‌ എത്തിക്കലും അങ്ങോട്ട്‌ വഴി പറഞ്ഞ്‌ കൊടുക്കലും പോലെ നമുക്കിത്‌ മനസിലാക്കാം.

നബി(സ)യും മറ്റു മഹാന്മാരും വഴി കാണിക്കുന്നവരാണ്‌. ലക്ഷ്യ സഥാനത്ത്‌ അത്‌ എത്താം എത്താതിരിക്കാം അതേ സമയം അല്ലാഹു നേർവ്വഴി ആക്കുന്നവനാണ്‌. ഈ വ്യത്യാസം അല്ലാഹു ഖുർആനിൽ തന്നെ പറയുന്നു.
انك لاتهدي من أحببت ولكن الله يهدي من يشاء وهو أعلم بالمهتدين(القصص56
(തങ്ങൾ ഇഷ്ടപ്പെട്ടയാളെ നിങ്ങൾ നേർവ്വഴി നയിക്കില്ല(ഖസസ്‌ 56)

നേർവ്വഴിക്ക്‌ നയിക്കൽ സഹായമാണ്‌. നേർവ്വഴി നയിക്കൽ പരമ സഹായവും !ഇത്‌ മുൻ സൂക്തത്തിലെ വിശദീകരണത്തിലുണ്ടല്ലോ! അപ്പോൾ പ്രവാചകരെ കുറിച്ച്‌ ഹാദി(നേർവ്വഴിക്ക്‌ നയിക്കുന്നവർ) എന്ന് പറയുന്നത്‌ തെറ്റല്ല (ശൂറാ 52ൽ പറഞ്ഞപോലെ) നല്ലവരായ അനുയായികളെ കുറിച്ചും ഹാദികൾ എന്ന് പ്രയോഗം ആക്ഷേപാർഹമല്ല.

وجعلنا منهم أئمة يهدون بأمرنا لما صبروا وكانوا باياتنا يوقنون(24)
(അവർ ക്ഷമ കൈകൊള്ളുകയും നമ്മുടെ ദൃഷ്ടാന്തങ്ങളിൽ ദൃഢമായി വിശ്വസിക്കുകയും ചെയ്തപ്പോൾ അവരിൽ നിന്ന് നമ്മുടെ കൽപന അനുസരിച്ച്‌ മാർഗ ദർശനം നൽകുന്ന നേതാക്കളെ നാം ഉണ്ടാക്കുകയും ചെയ്തു(സജദ:24)

ഇതാണ്‌ അല്ലാഹു ഇഷ്ടപ്പെട്ടവരൊക്കെ നമ്മുടെ സഹായികളാണെന്നതിന്റെ താൽപര്യം. അബൂ ഹുറൈറ:(റ) ന്റെ ഉമ്മയുടെ സംഭവം നോക്കുക. അബൂ ഹുറൈറ:(റ) ഉമ്മയെ ഇസ്‌ലാമിലേക്ക്‌ കൊണ്ട്‌ വരാൻ നന്നായി ശ്രമിച്ചു വിജയിച്ചില്ല. അവസാനം നബി(സ)യോട്‌ വന്ന് കാര്യം പറഞ്ഞു പ്രവാചകൻ ''പടച്ചവനേ അബൂഹുറൈറ:(റ)യുടെ ഉമ്മയെ നീ നേർവ്വഴി നയിക്കൂ'' എന്ന് പ്രാർത്ഥിച്ചു അബൂ ഹുറൈറ: വീട്ടിലെത്തുംബോൾ ശഹാദത്ത്കലിമ:(വിശ്വാസിയാവാനുള്ള സാക്ഷ്യ വചനം )ചൊല്ലിക്കൊണ്ട്‌ തന്നെ സ്വീകരിക്കുന്ന ഉമ്മയെ കണ്ടു!!. മൂസാ(അ)യുടെ ആവശ്യപ്രകാരം ഹാറൂൻ(അ) നെ പ്രവാചകനാക്കിയ അല്ലാഹു നബി(സ)യുടെ പ്രാർത്ഥനാ ഫലമായി അബൂ ഹുറൈറയുടെ ഉമ്മയേയും നേർവ്വഴി നടത്തി. ''അല്ലാഹുവേ! ഞങ്ങളെ നിസ്ക്കാരക്കാരാക്കണേ''! , "നോമ്പ്‌കാരാക്കണേ'' ! എന്ന് പ്രാർത്ഥിക്കുന്നതിനു പകരം ഇവിടെ നേർവ്വഴി നടത്താനാണ്‌ പ്രാർത്ഥിച്ചത്‌. കാരണം നിസ്ക്കരിച്ചത്‌ കൊണ്ട്‌ മാത്രം നന്നാകില്ല മറിച്ച്‌ നന്നായ ശേഷം നിസ്ക്കരിക്കുകയാണ്‌ വേണ്ടത്‌. നന്നായാൽ ഇതൊക്കെ ചെയ്ത്‌ കൊള്ളും ഇതാണ്‌ നബി(സ) പറഞ്ഞത്‌.
انما الاعمال بالنيات (തീർച്ച സുകൃതങ്ങൾ മനക്കരുത്ത്‌ കൊണ്ട്‌ മാത്രമാണ്‌(ബുഖാരി)

വിശ്വാസം മനക്കരുത്തിന്റെ ഭാഗമാണ്‌. വിശ്വാസമാണ്‌ നേർവ്വഴി. ഈ വഴിയിൽ യാത്ര ചെയ്യുമ്പോൾ ഉപയോഗിക്കാനുള്ള ഭക്ഷ്യ പദാർത്ഥങ്ങളാണ്‌ നിസ്ക്കാരാദി കർമ്മങ്ങൾ! ഒരാൾ മഹാനായ ഇബ്‌റാഹീമുബ്നു അദ്‌ഹം(റ)നെ വഴിയിൽ വെച്ചു കണ്ടു. അദ്ദേഹം വാഹനപ്പുറത്താണ്‌. ഇബ്‌റാഹീംബിൻ അദ്‌ഹം (റ) നടക്കുകയാണ്‌. എങ്ങോട്ടാണെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ മക്കയിലേക്കാണെന്നു ഇബ്‌റാഹീം ബിൻ അദ്‌ഹം പറഞ്ഞു. യാത്രക്കു വേണ്ട വാഹനമോ ഭക്ഷണ സാധനങ്ങളോ ഇല്ലാതെയുള്ള യാത്ര കണ്ടപ്പോൾ അദ്ദേഹം ചോദിച്ചു ഇത്ര ദൂരം വാഹനവും ഭക്ഷണവുമില്ലാതെ നിങ്ങൾ എങ്ങനെ പോകും? ഇബ്‌റാഹീം ബിൻ അദ്‌ഹം(റ) പറഞ്ഞു. എനിക്ക്‌ ധാരാളം വാഹനങ്ങളുണ്ട്‌ താൻ കാണുന്നില്ലെന്ന് മാത്രം ! അദ്ദേഹം ചോദിച്ചു; എന്താണത്‌? മഹാൻ പറഞ്ഞു. എനിക്ക്‌ പരീക്ഷണങ്ങൾ നേരിട്ടാൽ ക്ഷമ എന്ന വാഹനത്തിൽ ഞാൻ കേറും അനുഗ്രഹങ്ങൾ ലഭിച്ചാൽ നന്ദി എന്ന വാഹനപ്പുറത്താവും എന്റെ യാത്ര! അല്ലാഹുവിന്റെ വിധി വരുമ്പോൾ തൃപ്തി എന്ന വാഹനത്തിൽ ഞാൻ കേറും! എന്റെ ശരീരം എന്തെങ്കിലും ആഗ്രഹം പ്രകടിപ്പിച്ചാൽ വയസ്സ്‌ വളരെ കുറച്ചേ എനിക്ക്‌ ബാക്കിയുള്ളൂവേന്നും അതിനാൽ അല്ലാഹുവിന്റെ കൽപനക്ക്‌ വിരുദ്ധമായ താൽപര്യങ്ങൾക്ക്‌ തൽക്കാലം നിന്നെ ഞാൻ അനുവദിക്കില്ലെന്ന എന്റെ തീരുമാനം ഞാൻ ശരീരത്തെ അറിയിക്കും! ഇത്‌ കേട്ടപ്പോൾ വാഹനപ്പുറത്തുള്ളയാൾ പറഞ്ഞത്‌ നിങ്ങൾ യഥാർത്ഥ വാഹനത്തിൽ തന്നെയാണെന്നും നിങ്ങൾക്ക്‌ ശുഭയാത്ര നേരുന്നു എന്നുമായിരുന്നു!(റാസി)

അപ്പോൾ കൂടുതൽ നിസ്ക്കരിച്ച്‌ നന്നാകാൻ ശ്രമിക്കുകയല്ല കൂടുതൽ നന്നായി നിസ്ക്കരിക്കാനാണ്‌ നാം ശ്രമിക്കേണ്ടത്‌ വിശ്വാസം നന്നാവാതെ നിസ്ക്കരിച്ചിട്ട്‌ കാര്യമില്ല. ഒരിക്കൽ നബി(സ) സ്വഹാബത്തിനിടയിൽ(പ്രവാചക ശിഷ്യന്മാർ ) ഒരു ധനം വിതരണം നടത്തുകയായിരുന്നു ഇത്‌ വീക്ഷിക്കുന്ന ഒരാൾ വന്ന് പറഞ്ഞു; 'താങ്കൾ നീതി പാലിക്കുക'! 'ഞാൻ നീതി പാലിച്ചില്ലെങ്കിൽ പിന്നെ ആരാണത്‌ പാലിക്കുക' ?എന്നായിരുന്നു നബി(സ) യുടെ പ്രതികരണം. ഉടൻ അവനെ കൊല്ലാൻ ഉമർ(റ) അനുവാദം തേടിയെങ്കിലും നബി(സ) പറഞ്ഞത്‌ വേണ്ടാ ഇവനുമായി ബന്ധമുള്ള ഒരു വിഭാഗം വരാനുണ്ട്‌ അവരുടെ നിസ്ക്കാരവും നോമ്പും കണ്ടാൽ നിങ്ങളുടേത്‌ വളരെ നിസ്സാരം എന്ന് നിങ്ങൾക്ക്‌ തോന്നും അവർ ഖുർആൻ ഓതും പക്ഷെ അത്‌ തൊണ്ടക്കുഴി വിട്ടിറങ്ങില്ല അസ്ത്രം ഉരുവിൽ നിന്നെന്ന പോലെ അവർ മതത്തിൽ നിന്ന് പുറത്ത്‌ ചാടും(ബുഖാരി മുസ്‌ലിം).

ഇവിടെ നീതി ചെയ്യാൻ പറഞ്ഞതാണോതെറ്റ്‌? അല്ല ഇത്‌ പറഞ്ഞത്‌ നബിയോടാണ്‌. നബി(സ) നീതി ചെയ്യാനും ചെയ്യാതിരിക്കാനും സാധ്യതയുണ്ടെന്നാണ്‌ അയാൾ വിശ്വസിക്കുന്നത്‌. വാസ്തവത്തിൽ അനീതിയുടെ യാതൊരു സാധ്യതയും നബിയിലില്ല എന്നാണ്‌ അഹ്‌ലുസ്സ‍ൂന്നയുടെ വിശ്വാസം. ഈ ശരിയായ വിശ്വാസത്തിന്റെ അഭാവമാണ്‌ അയാളെക്കൊണ്ട്‌ അപക്വമായ ഈ പ്രഖ്യാപനം നടത്തിച്ചത്‌. ആർക്കെതിരെയും എന്തും വിളിച്ച്‌ പറയാനുള്ള ചിലരുടെ ധാർഷ്ട്യം ഈ ശരിയായ വിശ്വാസത്തിന്റെ അഭാവം തന്നെ! ഈ ഹദീസി(പ്രവാചക വജനം)ൽ നബി(സ) വ്യക്തമാക്കുന്നത്‌ നന്നായി നിസ്ക്കരിക്കുന്നവരും അസൂയാർഹമാം വിധം ഖുർആൻ ഓതുന്നവരും മതത്തിൽ നിന്ന് തെറിക്കുന്നുവെന്നാണ്‌ അവർ മതത്തിൽ നിന്ന് തെറിച്ചത്‌ നിസ്ക്കരിച്ചത്‌ കൊണ്ടല്ല മറിച്ച്‌ വിശ്വാസം ശരിയാവാത്തത്‌ കൊണ്ടാണ്‌ എന്ന് വരുമ്പോൾ നേർവഴി നയിക്കാനുള്ള പ്രാർത്ഥനയുടെ അനിവാര്യത വ്യക്തമല്ലേ? തന്നെയുമല്ല എല്ലാവർക്കും വേണ്ടിയാണീ പ്രാർത്ഥന അഥവാ വിശ്വാസമില്ലാത്തവന്‌ അതുണ്ടാണ്ടാവാനും ഉള്ളവന്റേത്‌ ദൃഢമാവാനും ദൃഢവിശ്വാസമുള്ളവരെ ഭാവിയിൽ ഉറപ്പിച്ചു നിർത്താനും ഉദ്ദേശിച്ചാണീ പ്രാർത്ഥന ഏത്‌ കർമ്മവും വിശ്വാസത്തിനു ശേഷമേ സ്വീകാര്യമാവൂ എന്നത്‌ കൂടി പരിഗണിക്കുമ്പോൾ സാമൂഹ്യ പ്രാധാന്യമുള്ള ഈ പ്രാർത്ഥനയിൽ ഓരോ മെമ്പർക്കും ആവശ്യമായത്‌ പരിഗണിച്ചാണ്‌ നേർവ്വഴിക്കായുള്ള പ്രാർത്ഥന. മറ്റൊന്നും ഇവിടെ പ്രസക്തമല്ല മേൽ വിശദീകരണത്തിൽ നിന്ന് സന്മാർഗം എന്നത്‌ ആപേക്ഷികമാണെന്ന് മനസിലായല്ലോ അഥവാ സമൂഹത്തിലെ ഓരോരുത്തരുടെയും സന്മാർഗം ഓരോ വിധത്തിലാണ്‌. അവിശ്വാസിയെ വിശ്വാസത്തിലേക്കും വിശ്വാസിയെ ദൃഢതയിലേക്കും അവനെ സ്ഥിരതയിലേക്കും നയിക്കലാണിത്‌ ഈ ഹിദായത്ത്‌ എല്ലാവർക്കും ബാധകമാണ്‌. ഔലിയാക്കൾക്കും അമ്പിയാക്കൾക്കും അടക്കം!അവരെ നേർവ്വഴി നയിക്കുക എന്നതിനർത്ഥം. അവരെ ഓരോ പദവിയിൽ നിന്നും അതിലേറെ ഉയർന്നതിലേക്ക്‌ മാറ്റുക എന്നാണ്‌ ഇവരെ ഓരോ നിമിഷവും അല്ലാഹു ഉയർത്തുകയാണ്‌ സമൂഹത്തിൽ മെമ്പർമാർ വർദ്ധിക്കുകയും അല്ലാഹു എന്ന നാമം ഉച്ചരിക്കുകയും ചെയുമ്പോൾ ഇവർക്ക്‌ പുണ്യം വർദ്ധിക്കുകയാണ്‌. കാരണം ഓരോന്നിനു പിന്നിലും ഇവരുടെ ശ്രമമുണ്ട്‌ ലോകത്തുള്ളവരുടെയെല്ലാം സ്വലാത്തും തർളിയത്തും(ഓരോ മഹാന്മാരുടെ നാമം കേൾക്കുമ്പോഴും റളിയല്ലാഹു അൻഹു അല്ലാഹു അവരെ തൃപ്തിപ്പെടട്ടെ എന്ന് പറയൽ) മുഖേന ഇവർ അനു നിമിഷം ആദരിക്കപ്പെടുകയാണ്‌. അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു(ഓ നബിയേ അവിടത്തേക്ക്‌ അല്ലാഹുവിന്റെ സമാധാനമുണ്ടാവട്ടെ)എന്ന് പറയപ്പെടാത്ത ഒരു സമയവും ലോകത്ത്‌ കഴിഞ്ഞു പോകുന്നില്ല ورفعنا لك ذكرك(الشرح 4) തങ്ങളുടെ സ്മരണ നാം ഉയർത്തിയിരിക്കുന്നു(അശ്ശറഹ്‌ 4)എന്ന് അല്ലാഹു പറഞ്ഞതിതാണ്‌. ഇങ്ങനെയാണെങ്കിൽ ഓരോ നിമിഷവും നബി(സ) ഉയരുകയാണ്‌ 'ഞങ്ങൾ' പ്രയോഗത്തിന്റെ അനിവാര്യത നാം നേരത്തേ വ്യക്തമാക്കിയല്ലോ.

കൂട്ടായുള്ള പ്രാർത്ഥന വിശ്വാസികളുടെ സ്വഭാവമാണെന്നറിയിക്കുന്ന ധാരാളം സൂക്തങ്ങൾ ഖുർആനിൽ കാണാം ദിക്‌റും ദുആയും കൂട്ടമായി നിർവ്വഹിക്കുന്ന സദസ്സിൽ മലക്കുകൾ സന്നിഹിതരാവുമെന്നും ആ കൂട്ടത്തിൽ അബദ്ധത്തിൽ എത്തിപ്പെട്ടവന്‌ പോലും പാപ മോചനം ലഭിക്കുമെന്നും പ്രബലമായ ഹദീസുകൾ കൊണ്ട്‌ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്‌ ഇത്‌ നിസ്ക്കാര ശേഷം പാടില്ലെന്ന് പറയാൻ തെളിവുകളില്ല മറിച്ച്‌ തെളിവുണ്ട്‌ താനും. അതിനാൽ കൂട്ടു പ്രാർത്ഥന എപ്പോഴും വിശിഷ്യ പ്രാർത്ഥനക്ക്‌ ഏറ്റവും പറ്റിയ സമയമായ നിസ്ക്കാര ശേഷം നടത്താൻ ശീലിക്കണം. കാരണം കൂട്ട്‌ പ്രാർത്ഥന വിശ്വാസിയുടെ ചിഹ്നമാണ്‌. ഉത്തരം കിട്ടാൻ സാധ്യത വർദ്ധിപ്പിക്കുന്നതുമാണ്‌. കൂട്ടു പ്രാർത്ഥനയെ നിരാകരികരിക്കാൻ ചിലർ പറയുന്ന കാരണം ഓരോരുത്തർക്കും ഓരോ വിഷയത്തിനായിരിക്കും പ്രാർത്ഥിക്കേണ്ടത്‌ ഉദാഹരണമായി ഒരാൾക്ക്‌ രോഗ ശമനം മറ്റൊരാൾക്ക്‌ ജോലി ശരിപ്പെടൽ ഇങ്ങനെ ഇങ്ങനെ പലതും! അപ്പോൾ കൂട്ട്‌ പ്രാർത്ഥന ഫലപ്രദമല്ലല്ലോ എന്നാണ്‌. ഇത്‌ ശരിയല്ല കാരണം, സമൂഹത്തിൽ എല്ലാവർക്കും വേണ്ട വിഷയമാണ്‌ കൂട്ട്‌ പ്രാർത്ഥനയിൽ ഉൾക്കൊള്ളിക്കുക. ഉദാഹരണമായി ഖുർആൻ പഠിപ്പിച്ച ഒരു പ്രാർത്ഥനയാണ്‌.

ربنا اتنا في الدنيا حسنة وفي الاخرة حسنة وقنا عذاب النار(البقرة 201
അല്ലാഹുവേ ഞങ്ങൾക്ക്‌ ഈ ലോകത്തും പരലോകത്തും ഗുണം ചെയ്യുകയും നരക ശിക്ഷയിൽ നിന്ന് ഞങ്ങൾക്ക്‌ കാവൽ നൽകുകയും ചെയ്യേണമേ! (അൽ ബഖറ:201)

എന്താണിതിന്റെ താൽപര്യം? ഇവിടെ ജീവിക്കാൻ ആവശ്യമായതൊക്കെ ഇവിടെയും അവിടേക്ക്‌ ആവശ്യമായതൊക്കെ അവിടെയും നൽകേണമേ എന്ന് ഇതിൽ പെടാത്തൊരു പ്രശ്നം ആർക്കാണുള്ളത്‌? അതിനാൽ എന്റെ വിഷയം പ്രാർത്ഥിക്കുന്നയാൾക്ക്‌ അറിയില്ല അതിനാൽ കൂട്ട്‌ പ്രാർത്ഥനയിൽ ഞാനില്ല എന്ന് പറഞ്ഞവൻ അല്ലാഹു തന്ന സുവർണ്ണാവസരം കളഞ്ഞ്‌ കുളിക്കുന്ന ഹത ഭാഗ്യനാണെന്ന് വ്യക്തം! നേർവ്വഴിക്ക്‌ ഉപയോഗിച്ചത്‌ 'സ്വിറാത്വൽ മുസ്തഖീം' എന്നാണ്‌ വളവും തിരിവുമില്ലാതെ നേരെ ലക്ഷ്യത്തിലെത്തുന്ന വഴിയാണത്‌ വഴിക്ക്‌ സബീൽ, ത്വരീഖ്‌ എന്നൊക്കെ പറയാം അതൊഴിവാക്കി 'സ്വിറാത്‌' എന്ന് പറഞ്ഞത്‌ നരകപ്പാലം കൂടി ഓർമ്മിപ്പിക്കാനാണ്‌ പരലോകത്ത്‌ നരകത്തിന്റെ മുകളിൽ സഥാപിച്ച പാലം കടന്നവർക്ക്‌ മാത്രമേ സ്വർഗം ലഭിക്കുകയുള്ളൂ ഈ പാലം വിശ്വാസിക്ക്‌ വളരെ എളുപ്പം വിട്ട്‌ കടക്കാനാവും വളരെ ചെറുതും നേരെയുമായാണ്‌ വിശ്വാസിക്ക്‌ ഇത്‌ അനുഭവപ്പെടുക എന്നാൽ അവിശ്വാസിക്ക്‌ വളരെ ദുർഘടം പിടിച്ചതായി ഇത്‌ അനുഭവപ്പെടും. ഇത്‌ കേറുന്നതിലും നല്ലത്‌ നേരേ നരകത്തിലേക്ക്‌ ചാടുന്നതാണേന്ന് അവനു തോന്നും. അഥവാ അബദ്ധത്തിൽ രക്ഷപ്പെട്ടാലോ എന്ന് കരുതിയാണ്‌ അവൻ ഇതിൽ കേറാൻ തീരുമാനിക്കുക. പക്ഷെ അവൻ താഴെ വീഴുക തന്നെ ചെയ്യും. അന്നും തന്നെ രക്ഷപ്പെടുത്തണമെന്ന ആശയവും ഈ പ്രാർത്ഥന ഉൾക്കൊള്ളുന്നു അല്ലാഹു നമ്മെയും അഭ്യുദയകാംക്ഷികളെയുമെല്ലാം അവിടെയും രക്ഷിക്കട്ടെ. ആമീൻ..
തുടരും (ഇൻശാ അല്ലാഹ്‌)

10 comments:

വഴികാട്ടി / pathfinder said...

اهدنا الصراط المستيم(ചൊവ്വായ വഴിയിൽ നീ ഞങ്ങളെ വഴി നടത്തേണമേ!)

muham said...

മുൻ പോസ്റ്റുകൾ പോലെ ഇതും നന്നായിരിക്കുന്നു
ആശംസകൾ!
ഈ വിളക്ക്‌ കത്തിക്കുന്നവർക്ക്‌ നന്മ നേരുന്നു

Unknown said...

വിളക്കില്‍ നിന്നുമുള്ള പ്രകാശം ഇരുടിന്റെ മറവിനെ നീക്കുന്നു...

എനിക്ക് തികച്ചും ഉപാകാരപ്രദം എന്ന് തോന്നിയ ഒരു ബ്ലോഗ്
'വിളിക്കിന്റെ' അണിയറ ശില്പികള്‍ക്ക് ആശംസകളോടെ

സാബിത്.കെ.പി

Unknown said...

ഒരു കാര്യം പറയാന്‍ വിട്ടു

വിളിക്കിന്റെ അണിയറ പ്രവര്‍ത്തകര്‍ ഈ ബ്ലോഗ് ' 'യുക്തിവാദം' 'പോസ്റ്റുകള്‍ക്ക്‌ തക്കതായ മറുപടി നല്‍കുമെന്ന് പ്രധീക്ഷിക്കുന്നു

ബഷീർ said...

കൂടുതല്‍ കൂടുതല്‍ മിഴിവോടെ ഈ വിളക്ക്‌ പ്രകാശിക്കട്ടെ. മനുഷ്യമനസ്സുകളില്‍ അറിവിന്റെ പ്രകാശം ചൊരിഞ്ഞ്‌ മുന്നോട്ടുള്ള ഗമനത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം വഴികാട്ടിക്ക്‌ നേരുന്നു.

salim | സാലിം said...

ഈ വിളക്കിന്റെ പ്രകാശം ഇരുളടഞ്ഞ എന്റെ ഹൃദയത്തിലേറ്റുവാങ്ങാൻ ഇനിയും കാത്തിരിക്കുന്നു.

ഗീത said...

വിളക്കിന്റെ പ്രകാശത്തില്‍ നേരായ വഴി കാണുന്നുണ്ട്. ക്ഷമ, നന്ദി, തൃപ്തി തുടങ്ങിയ വാഹനങ്ങള്‍....
കൊള്ളാം നന്നായിട്ടുണ്ട്.

Mohammed Iqbal Noori said...

السلام علكم و رحمت الله.
اللهم صل علا سيدنا و شفيعنا محمد وعلا اله وصحبه وسلم

ആദ്ദ്യമായി വഴി കാട്ടിയുടെ വിളക്കിന് പ്രകാശമേറട്ടെ എന്ന് ആശംസിക്കുന്നു.
വിമര്‍ശനമല്ല. അങ്ങിനെ ഉദ്ദേശവുമില്ല. മനസ്സിലാക്കിയ ചില കാര്യങ്ങള്‍ പരസ്പരം പങ്ക് വെക്കുക എന്ന് കരുതി.. وإِيَّاكَ نَسْتَعِينُ
നിന്നോട് മാത്രം സഹായം തേടുന്നു. (വളരെ ചര്‍ച്ച ചൈത ഒരു വിഷയമാണിത്)സത്യത്തില്‍ അല്ലാഹു തആലാ الصِّرَاطَ المُستَقِيمَ ല്‍ ആക്കിയ ഒരു ആള്‍ക്കെ ഇത് പറ്റൂ.ഇവിടെ സുന്നത്ത് ജമാ‍അത്തിന്റ്റെ അഖീദയില്‍ വിശ്ശാസിക്ക് ദീനില്‍ ഭൌതികം അഭൌതികം എന്നൊന്നില്ല. അത് പുത്തന്‍ പ്രസ്താനക്കാരുടെ വാക്കാണ്.ജനങ്ങളുടെ മനസ്സില്‍ നിസ്ക്കാരം,നോന്‍ബ്,തുടങ്ങിയവ അഭൌതികവും, അവരുടെ കച്ചവടം, കുടുംബ ജീവിതം, ജോലി,സംബാദ്യം ഇതോക്കെ ഭൌതികവും.ആരാണ് ഇങ്ങിനെ പടിപ്പിച്ചതെന്നറിയില്ല.قُلْ إِنَّ صَلاَتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلّهِ رَبِّ الْعَالَمِينَ
ഇവിടെ ആരാദനാ കര്‍മ്മങ്ങളും, ജീവിതവും,മരണവും , അല്ലാഹുവിന് വേണ്ഡി മാത്രമാകുമ്പോള്‍ ഭൌതികം വിശ്വാസിക്ക് എവിടെ.അപ്പോള്‍ നിന്നോട് മാത്രം സഹായം അഭ്യര്‍ത്തിക്കുന്നു എന്ന് പറഞ്ഞത് - നിന്നെ മാത്രം ആരാധിക്കുന്നു എന്നു പറഞ്ഞ അടിമയാണ്.പുത്തന്‍ പ്രസ്താനക്കാര്‍ ജനങ്ങളെ കബളിപ്പിച്ച് കൊണ്ഡ് അഭൌതിക കാര്യത്തിന് അല്ലാഹുവിനോട് മാത്രം സഹായം തേടാന്‍ പാടുള്ളൂ.ഭൌതിക കാര്യത്തിന് അല്ലാഹു അല്ലാത്തവരോട് തേടാം. അത് മരിച്ച് പോയവരോട് മാത്രം പറ്റില്ല.അപ്പോള്‍ إِيَّاكَ نَعْبُدُനിന്നെ മാത്രം ആരാധിക്കുന്നു എന്ന് പറഞ്ഞിട്ട് ഭൌതിക കാര്യത്തിന് അല്ലാഹു അല്ലാത്തവരെ ആരാധിക്കാമൊ!?? രണ്ഡ് വാക്കും തമ്മിലുള്ള വ്യത്യാസം എന്താണ്? അല്ലാഹുവിന്റ്റെ റസൂല്‍ (صلاالله عليه وسلم)അടിമ തേടേണ്ഡത് എന്ത് സഹായമാണെന്ന് വ്യക്തമായി പറഞ്ഞതാണ് ഉപ്പിന്റ്റെ കല്ല് തീര്‍ന്നാലും,ചെരിപ്പിന്റ്റെ വാര്‍ പൊട്ടിയാലും അല്ലാഹുവിനോട് മാത്രം ചോദിക്കുക. ഇവിടെ ഒരാളുടെ ജീവിതത്തിലെ ഏറ്റവും നിസ്സാരമായ , വിലയില്ലാത്ത വസ്തുവാണ് നബി صلاالله عليه وسلم പ്രതിപാദിക്കുന്നത്.അപ്പോള്‍ ഈ അടിമയുടെ ആവശ്യം എത്ര ചെറിയതാകട്ടെ എത്ര് വലിയതാകട്ടെ ,എന്താവശ്യമായാലും അല്ലാഹുവിനോട് മാത്രം സഹായം ചോദിക്കുക. നമുക്ക് ഒരു ആവശ്യം വന്നാല്‍ നമ്മുടെ മനസ്സ് എങ്ങോട്ട് പോകുന്നു എന്നാണ് അല്ലാഹു വീക്ഷിക്കുന്നത്. പിന്നത്തെ പ്രശ്നം ആരാണ് ഈ അടിമ ? ആരാണ് എന്റ്റെ ഉടമയായ ഇലാഹായ അല്ലാഹു ? എങ്ങിനെ അല്ലാഹുവിനോട് മാത്രം സഹായം തേടും ? ഇതൊക്കെ പടിക്കേണ്ഡ വിഷയങ്ങളാണ്. നബി صلاالله عليه وسلم നുബുവ്വത്ത് കിട്ടി മിഅറാജിന്ന് പോകുന്നത് വരെയുള്ള 12 ണ്ഡോളം വര്‍ഷം അല്ലാഹുവിനെപ്പറ്റിയാണ് പടിപ്പിച്ചത്.അന്ന് ഈ കാണുന്ന നിസ്കാരമോ ,മറ്റോ നിര്‍ബന്ധമായിട്ടില്ല. ആ ദീന്‍ തന്നെ ഈ കാണുന്ന കിതാബുകളും ഈ മുഴുവന്‍ അറബി കോളേജുകളും,എന്തിനേറെ നമ്മള്‍ വായിച്ച് കൊണ്ഡിരിക്കുന്ന ഈ മുസ്’ഹഫും ( قُرْآنٌ ) രൂപപ്പെടുന്നതിന് മുന്‍പ് അല്ലാഹു പരിപൂര്‍ണ്ണമാക്കിയതാണ്. (الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمُ الإِسْلاَمَ دِينًا) ആ ദീന്‍ ഇന്നും ഉണ്ഡ്. അതിനെ അല്ലാഹു എന്നും നില നിര്‍ത്തും.ആ ദീനാണ് നമുക്കും പടിക്കാനുള്ളത്.ആദ്യമായി ഒരു മനുഷ്യന്‍ അറിയാന്‍ നിര്‍ബന്ധമായത് അവനെ സ്രിഷ്ടീച്ച അവന്റ്റെ എല്ലാ കാര്യങ്ങളും പൂര്‍ത്തീകരിച്ച് കൊണ്ഡിരിക്കുന്ന ഏകനായ ഇലാഹിനെ സ്സംബന്ധിച്ചാണ്. قُرْآنٌ നില്‍ അല്ലാഹു കല്പിച്ചത് ഇലാഹിനെ അറിയാനാണ്. فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ . അങ്ങിനെ അറിഞ്ഞാല്‍ നിന്‍റ്റെ ദോഷവും എല്ലാ മുഅമിന്‍ മുഅമിനാത്തുകളുടെ ദോഷവും അല്ലാഹു പൊറുത്തു തരും. അതറിയാതെ ആ ഇലാഹിനെ എങ്ങിനെ ആ‍രാധിക്കും. അവനോട് മാത്രം എങ്ങിനെ സഹായം തേടും. അല്ലാഹു തൌഫീക്ക് ചെയ്യട്ടെ. ആമീന്‍..വസ്സലാം...

വഴികാട്ടി / pathfinder said...

മുഹം,
സാബിത്‌,
ബഷീര്‍,
സാലിം,
ഗീത്‌

വിളക്കിന്‍ വെട്ടത്ത്‌ വന്ന് അഭിപ്രായ നിര്‍ദ്ധേശങ്ങള്‍ അറിയിച്ചതിനും പ്രയോജനപ്രദമാവുന്നു എന്നറിയുന്നതിലും സന്തോഷം. വളരെ നന്ദി

Sabith .K.P,
സത്യവും അസത്യവും വേര്‍തിരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു. സത്യം പ്രചരിപ്പിക്കാന്‍ ശ്രമിയ്ക്കുക. അസത്യങ്ങള്‍ക്ക്‌ അധികനാള്‍ ആയുസ്സുണ്ടാവില്ല. താങ്കളുടെ നിര്‍ദ്ധേശത്തിനു നന്ദി

Muhammed Iqbal,

ഭൗതികം അഭൗതികം എന്ന വേര്‍ തിരിവ്‌ വഴികാട്ടി പറഞ്ഞിട്ടില്ല മറിച്ച്‌ എല്ലാം അല്ലാഹു നല്‍കുന്നത്‌ എന്ന കാഴ്ചപ്പാട്‌ തന്നെയാണ്‌ മുന്നോട്ട്‌ വെച്ചത്‌. അല്ലാഹു ആരാണെന്നറിയാനുള്ള ചെറിയ ശ്രമങ്ങള്‍ മുന്‍ സൂക്തങ്ങളുടെ വിശദീകരണത്തില്‍ ചൂണ്ടിക്കാണിച്ചത്‌ ശ്രദ്ധിച്ചിരിക്കുമല്ലോ വന്നതിനും പ്രസക്തമായ കമന്റിട്ടതിനും നന്ദി.....

വഴികാട്ടി / pathfinder said...

صراط الذين أنعمت عليهم
(അതായത് നീ അനുഗ്രഹിച്ചവരുടെ വഴി )

ഏഴാം സൂക്തം വിശദീകരണം
പോസ്റ്റ്‌ ചെയ്തിരിക്കുന്നു. വായിക്കുക അഭിപ്രായ നിര്‍ദ്ധേശങ്ങള്‍ അറിയിക്കുക

നന്ദി