Tuesday, February 3, 2009

അദ്ധ്യായം 78 :അന്നബഅ് :രണ്ടാം ഭാഗം

അദ്ധ്യായം 78 (അന്നബ അ് : 21 മുതൽ 30 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം )
1 മുതൽ 20 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം ഇവിടെ വായിക്കുക

إِنَّ جَهَنَّمَ كَانَتْ مِرْصَادًا (
21
നിശ്ചയം ജഹന്നം (നരകം) ഒരു പതിസ്ഥലമാകുന്നു.

അക്രമികളായ ധിക്കാരികളെ പതിയിരുന്ന് പിടികൂടുന്ന സ്ഥലമാണ്‌ നരകം. ഇരകളെ കുടുക്കാൻ വെണ്ടി ഒരുക്കുകയും ഇരകൾ അറിയാതെ അതിൽ കുടുങ്ങുകയും ചെയ്യുന്ന സ്ഥലമാണ്‌ പതിസ്ഥലം. നരകത്തെ കുറിച്ചാണ്‌ അല്ലാഹു ഇങ്ങനെ പറഞ്ഞിരിക്കുന്നത്‌.ഒരു ചെക്ക്‌ പോസ്റ്റിൽ രേഖ പരിശോധിക്കുമ്പോലെ നരകത്തിനു മീതെ അല്ലാഹു സ്ഥാപിച്ച പാലം കടക്കാൻ എല്ലാവരും പരലോകത്ത്‌ നിർദ്ദേശിക്കപ്പെടും രേഖകൾ ക്ലിയറുള്ളവർ പാലം കടന്ന് സ്വർഗ്ഗത്തിലെത്തുകയും അല്ലാത്തവർ നരകത്തിൽ ആപതിക്കുകയും ചെയ്യും(അല്ലാഹു നമ്മെ രക്ഷിക്കട്ടെ ആമീൻ) മഹനായ ഇബ്നു കസീർ പറയുന്നു 'നരകം വിട്ട്‌ കടക്കാതെ ഒരാൾക്കും സ്വർഗ്ഗത്തിലെത്താനാവില്ല..വിട്ട്‌ കടക്കാനാവശ്യമായ രേഖയുള്ളവൻ വിട്ട്‌ കടക്കുകയും അല്ലാത്തവൻ തടവു പുള്ളിയായി നരകത്തിലെത്തിപ്പെടുകയും ചെയ്യും(ഇബ്നു കസീർ 4/675) ഖുർആൻ ഈ ആശയം ഇങ്ങനെ വിവരിക്കുന്നു.
وان منكم الاواردها كان علي ربك حتما مقضيا ثم ننجي الذين اتقواونذر الظالمين فيها جثيا (مريم 71 .72
നിങ്ങളിലാരും നരകത്തിങ്കൽ എത്തിച്ചേരാതെയില്ല അത്‌ തങ്ങളുടെ നാഥന്റെ ഖണ്ഡിതവും നടപ്പിലാക്കപ്പെടുന്നതുമായ ഒരു തീരുമാനമാകുന്നു പിന്നീട്‌ ദോഷബാധയെ സൂക്ഷിച്ച്‌ ജീവിച്ചവരെ നാം രക്ഷപ്പെടുത്തുകയും അക്രമികളെ മുട്ട്‌ കുത്തിയവരായി നാം നരകത്തിൽ ഉപേക്ഷിക്കുകയും ചെയ്യും(മർയം 71/72)

അല്ലാഹുവിന്റെ ഭൂമിയിൽ ആരും ചോദിക്കാനില്ലെന്ന ധാരണയിൽ അവനെ ധിക്കരിക്കുന്നവരെ പിടികൂടാനുള്ള ഈ സം വിധാനം സൂക്ഷിക്കാത്തവരുടെ കാര്യം കഷ്ടം തന്നെ!

لِلْطَّاغِينَ مَآبًا (22
അതിക്രമികൾക്കുള്ള വാസസ്ഥലമായിക്കൊണ്ട്‌.

സജ്ജനങ്ങൾ ദുർജ്ജനങ്ങൾ എന്ന വ്യത്യാസമില്ലാതെ എല്ലാവരും ഈ ചെക്ക്‌ പോസ്റ്റിലെത്തുമെങ്കിലും അല്ലാഹു നല്ലവരെ രക്ഷിക്കുകയും അധർമ്മകാരികൾക്ക്‌ മാത്രം നരക്ം വാസസ്ഥലമാക്കുകയും ചെയ്യും(റാസി: 31/13)

അഹങ്കാരത്തോടെ അല്ലാഹുവിന്റെ വിധിവിലക്കുകൾ ലംഘിക്കുകയും അപഥസഞ്ചാരം നടത്തുകയും ചെയ്തവരാണ്‌ അതിക്രമികൾ എന്നത്‌ കൊണ്ട്‌ ഇവിടെ ഉദ്ദേശ്യം അതിനാൽ അത്തരക്കാർക്കുള്ള വാസസ്ഥലമായിട്ടാണ്‌ അല്ലാഹു നരകം ഒരുക്കിയത്‌(ത്വിബ്‌രി 30/11)

സൃഷ്ടാവിന്റെ വിധികൾ ധിക്കരിക്കുകയും പ്രവാചകന്മാർക്കെതിരിൽ നിലയുറപ്പിക്കുകയും ചെയ്തവരാണിവർ( ഇബ്നു കസീർ 4/675)

لَابِثِينَ فِيهَا أَحْقَابًا (
23
അതിൽ അവർ പലയുഗങ്ങൾ താമസിക്കുന്നവരായിക്കൊണ്ട്‌.

ഹുഖുബ്‌
എന്നതിന്റെ ബഹുവജനമാണ്‌ അഹ്ഖാബ്‌ എന്നത്‌. ഹുഖുബ്‌ എന്നാൽ എത്ര കാലമാണ്‌ എന്നതിൽ വിവിധ അഭിപ്രായം കാണാം. മുന്നൂറു കൊല്ലം എന്നാണ്‌ ഒരു വിഭാഗം എൺപത്‌ കൊല്ലമെന്ന് മറ്റൊരു പക്ഷം അലി(റ) ഹിലാൽ അൽ ഹജരിയോട്‌ ചോദിച്ചു ഹുഖുബ്‌ എന്നാൽ എത്രവർഷമായാണ്‌ നിങ്ങൾ എത്തിച്ചത്‌ അദ്ദേഹം പറഞ്ഞു എൺപത്‌ കൊല്ലം. ഓരോകൊല്ലവും പന്ത്രണ്ട്‌ മാസം .ഓരൊ മാസവും മുപ്പത്‌ ദിവസം.ഓരോദിനവും ഭൂമിയിലെ ആയിരം വർഷത്തെ ദൈർഘ്യം! (ത്വിബ്‌ രി 30/13)

ഇങ്ങനെയുള്ള യുഗങ്ങൾ ഒന്ന് തീരുമ്പോൾ അടുത്തത്‌ തുടങ്ങും ഇങ്ങനെ അനന്തമായി അവർ നരകത്തിൽ തന്നെ കഴിയുമെന്നാണ്‌ ഖുർആൻ പറയുന്നത്‌. ഒരിക്കലും അവർക്ക്‌ മോചനം ലഭിക്കില്ല....ഹുഖുബ്‌ എത്ര വർഷമാണെന്നതിൽ വേറെയും അഭിപ്രായമുണ്ട്‌. എന്നാൽ ഒരു ഹുഖുബ്‌ എത്ര വർഷമായാലും ഒന്ന് തീരുമ്പോൾ അടുത്തത്‌ ആരംഭിക്കുകയായി. അങ്ങനെ അനന്തമായി നരകത്തിൽ കഴിയുകയല്ലാതെ രക്ഷപ്പെടാനുള്ള ഒരു പഴുതു അവർക്കുണ്ടാവില്ല. ഖുർആൻ തന്നെ മറ്റൊരു സ്ഥലത്ത്‌ പറയുന്നുന്നു.

اما الذين فسقوا فمأواهم النار كلما ارادوا ان يخرجوا منها أعيدوا فيها وقيل لهم ذوقوا عذاب النار الذي كنتم به تكذبون (السجدة
20
എന്നാൽ തെമ്മാടികൾ. അവരുടെ വാസസ്ഥലം നരകമാകുന്നു അവർ അതിൽ നിന്നു പുറത്ത്കടക്കാൻ ഉദ്ദേശിക്കുമ്പോഴൊക്കെ അതിലേക്ക്‌ തന്നെ അവരെ മടക്കപ്പെടും നിങ്ങൾ നിഷേധിച്ച്‌ തള്ളിക്കളഞ്ഞിരുന്ന ആ നരകത്തിലെ ശിക്ഷ നിങ്ങൾ ആസ്വദിക്കുക എന്ന് അവരോട്‌ പറയപ്പെടുകയും ചെയ്യും(സജദ:20)

അപ്പോൾ യുഗങ്ങൾ അവിടെ കഴിയേണ്ടിവരും എന്നതിൽ നിന്നു കുറേ കാല ശേഷം അവർക്ക്‌ മോചനമുണ്ടാവുമെന്ന് ആശ്വസിക്കാൻ വകുപ്പില്ല. ഒരിക്കലും അവർക്ക്‌ അവിടെ നിന്ന് മോചനവുമില്ലനരകത്തിലെത്തിപ്പെടാനുള്ള സാഹചര്യം ഒഴിവാക്കാൻ ബുദ്ധിയുള്ള മനുഷ്യൻ ശ്രമിക്കാതിരിക്കുന്നത്‌ മഹാകഷ്ടമല്ലേ!

لَّا يَذُوقُونَ فِيهَا بَرْدًا وَلَا شَرَابًا(24
അതിൽ വെച്ച്‌ ഒരു തണുപ്പാകട്ടെ മറ്റ്‌ വല്ല പാനീയങ്ങളാവട്ടെ അവർ രുചി നോക്കുകയില്ല.

നരകത്തിലെ ശക്തമായ ശിക്ഷയുടെ ഭാഗമായി അല്ലാഹു അവർക്ക്‌ ഭക്ഷണവും വെള്ളവും നിഷേധിക്കുമെന്നാണ്‌ ഇവിടെ പറയുന്നത്‌.ശക്തമായ ചൂടിൽ വെന്തുരുകുന്നവർ ആചൂടിനെ ശമിപ്പിക്കാൻ തണുപ്പ്‌ ആഗ്രഹിക്കുക സ്വാഭാവികമാണല്ലോ. .ചൂട്‌ ശമിപ്പിക്കാൻ എന്തെങ്കിലും കുളിർമ്മ അവർക്കുണ്ടാവില്ലെന്നാണ്‌ തണുപ്പ്‌ ലഭിക്കില്ലെന്ന് പറഞ്ഞത്‌. ഒരു കുളിർ കാറ്റോ ആശ്വാസത്തിനൊരു നിഴലോ പോലും ലഭിക്കില്ല(റാസി 31/14)

അസഹ്യമായ ദാഹത്തിൽ നിന്ന് മോചനം നേടാൻ എന്തെങ്കിലും വെള്ളം(തണുപ്പില്ലെങ്കിലും) കിട്ടിയിരുന്നെങ്കിൽ എന്ന ആഗ്രഹവും അല്ലാഹു സാധിപ്പിക്കില്ലെന്നാണ്‌ പാനീയങ്ങൾ രുചി നോക്കില്ല എന്നതിലൂടെ അല്ലാഹു വ്യക്തമാക്കുന്നത്‌.തണുപ്പെന്നതിനു ഉറക്കമെന്നും ചില പൻഡിതർ അർത്ഥം പറഞ്ഞിട്ടുണ്ട്‌.അഥവാ എത്ര വിഷമത്തിലും ഉറങ്ങിയാൽ ഒരു ആശ്വാസം ലഭിക്കുമല്ലോ...പക്ഷെ ഉറക്കവും ഇവർക്ക്‌ കിട്ടാക്കനി തന്നെ!

إِلَّا حَمِيمًا وَغَسَّاقًا (25
(ദുർഗ്ഗന്ധത്തോടെ ഒഴുകുന്ന) അത്യുഷ്ണ ജലവും അതി ശൈത്യജലവുമല്ലാതെ

ഹമീം എന്ന് പറഞ്ഞാൽചുണ്ടോടടുപ്പിക്കുമ്പോഴേക്കും കുടൽ പോലും കരിയുന്ന അത്രയും കഠിന ചൂടുള്ള വെള്ളമാണ്‌ നരകത്തിലുള്ളവരുടെ കണ്ണീരും ശരീരം പൊട്ടി ഒലിക്കുന്നതും എല്ലാം കലർന്നതാണ്‌ ഹമീം. ഖുർആൻ വ്യാഖ്യാതാക്കളുടെ വിവിധ അഭിപ്രായങ്ങൾ സാംശീകരിക്കുമ്പോൾ നമുക്ക്‌ മനസിലാക്കാനാവുന്നതാണിത്‌. ഗസ്സാഖ്‌ എന്നാൽ അതി കഠിനമായ ദുർഗ്ഗന്ധം വമിക്കുന്ന നരകത്തിലുള്ളവരുടെ ശരീരത്തിൽ നിന്നും പൊട്ടി ഒലിക്കുന്ന അഴുക്ക്‌ നിറഞ്ഞ നരകത്തിലെ ശക്തമായ ചൂടിനെ വെല്ലുന്ന അതി തണുപ്പ്‌ നിറഞ്ഞ വെള്ളമാണ്‌ ഇതിന്റെ ദുർഗ്ഗന്ധത്തെ കുറിച്ച്‌ നബി(സ്വ) പറഞ്ഞത്‌ ഇങ്ങനെയാണ്‌.
لو ان دلوا من غساق يهراق الى الدنيا لأنتن اهل الدنيا (طبري 30/17 : & رازي 31/15
നരകത്തിലെ ഗസ്സാഖ്‌ എന്ന വെള്ളത്തിൽ നിന്ന് ഒരു ബക്കറ്റ്ഭൂമിയിൽ ഒഴുക്കിയാൽ ലോകരെ മൊത്തം അത്‌ ദുർഗ്ഗന്ധത്തിലാക്കും(ത്വിബ്‌രി 30/17 & സി 31/15)

നരകത്തിൽ ദാഹവും പരവേശവും കൊണ്ട്‌ നിലവിളിക്കുന്നവർക്ക്‌ അല്ലാഹു ആശ്വാസത്തിന്റെ ഭക്ഷണമൊന്നും നൽകില്ലെന്നാണ്‌ കഴിഞ്ഞ സൂക്തത്തിലെങ്കിൽ ശിക്ഷയുടെ ഭാഗമായി നൽകുന്നവയാണ്‌ ഈ സൂക്തത്തിൽ....അല്ലാഹു നമ്മെ ഈ അവസ്ഥയെ തൊട്ട്കാത്ത്‌ രക്ഷിക്കട്ടെ ആമീൻ

جَزَاء وِفَاقًا (26
അവർക്ക്‌ യോജിച്ച പ്രതിഫലമെന്ന നിലക്ക്‌(നൽകപ്പെട്ടതാണിത്‌)

അവർക്ക്‌ നൽകപ്പെടുന്ന ശിക്ഷകൾ അവർക്ക്‌ അർഹതപ്പെട്ടത്‌ തന്നെ എന്നാണ്‌ ഇതിന്റെ താൽപര്യം.മുഖാത്തിൽ എന്നവർ പറയുന്നു.ദോഷത്തിനനുസരിച്ചുള്ള ശിക്ഷയാണിത്‌.ശിർക്കിനേക്കാൾ(ബഹുദൈവത്വം)വലിയ കുറ്റമില്ല നരകത്തേക്കാൾ വലിയ ശിക്ഷയുമില്ല(ഖുർത്വുബി 19/128)

അവരുടെ പ്രവർത്തനങ്ങൾ മോശമായതിനാൽ അവരെ വിഷമിപ്പികുന്ന ശിക്ഷ അല്ലാഹു അവർക്ക്‌ നൽകി എന്ന് മഹാനായ ഇക്‌ രിമ:(റ)ഈ സൂക്തത്തിനു വിശദീകരണം പറയുന്നു(ഖുർത്വുബി 19/128)

إِنَّهُمْ كَانُوا لَا يَرْجُونَ حِسَابًا(27
നിശ്ചയം അവർ വിചാരണയെ പ്രതീക്ഷിക്കുന്നില്ലായിരുന്നു(അങ്ങനെയൊന്ന് അംഗീകരിച്ചില്ലെന്ന് സാരം)

മരിച്ചു മണ്ണിൽ ലയിച്ചതിനു ശേഷം വീണ്ടും ജനിക്കില്ലെന്ന് വാദിച്ചതിനാൽ പുനർജ്ജന്മത്തിനു ശേഷം നടക്കുന്ന വിചാരണയെ അവർ ഭയപ്പെടുകയോ അതിനു വേണ്ടി ജീവിതത്തിൽ സൂക്ഷ്മത പുലർത്തുകയോ ചെയ്തില്ല മഹാനായ ഇമാംത്വിബ്‌ രി(റ) എഴുതുന്നു. നർജ്ജന്മത്തിൽ വിശ്വസിക്കാത്ത അവർ വിചാരണയെ ഭയപ്പെട്ടില്ല.വീണ്ടും ജനിക്കുമെന്ന് അംഗീകരിക്കാത്തവൻ എങ്ങനെ വിചാരണയെ ഭയപ്പെടും?(ത്വിബ്‌ രി 30/18)
وَكَذَّبُوا بِآيَاتِنَا كِذَّابًا (28
നമ്മുടെ ലക്ഷ്യങ്ങളെ അവർ (വല്ലാത്ത)നിഷേധിക്കൽ നിഷേധിക്കുകയും ചെയ്തു

സത്യനിഷേധികളുടെ വളരെ അപകടകരമായ നിലപാടാണ്‌ ഈ സൂക്തത്തിലൂടെ അല്ലാഹു നമ്മെ അറിയിക്കുന്നത്‌.ബുദ്ധിയുള്ളവർക്ക്‌ ഒരിക്കലും നിഷേധിക്കാൻ സാധ്യമല്ലാത്ത വിധം വ്യക്തമായ തെളിവുകൾ പ്രവാചകർ(സ്വ) കാണിച്ചുകൊടുത്തിട്ടും അതിനെതിരെ പുറം തിരിഞ്ഞു നിന്നിരുന്നവർ നിഷേധത്തിന്റെ ആൾ രൂപങ്ങളാങ്ങളായി മാറുകയായിരുന്നു അതാണ്‌ അവർക്ക്‌ ഈ ഗതികേട്‌ വരാൻ കാരണം.കഴിഞ്ഞ സൂക്തത്തിൽ അവർ വിചാരണയെ ഭയപ്പെട്ടിരുന്നില്ല എന്ന കുറ്റം അവർക്കെതിരെ ഉന്നയിച്ച അല്ലാഹു തെളിവുകളെ നിഷേധിക്കുക എന്ന മറ്റൊരു കുറ്റം അവർക്കെതിരെ ഉന്നയിച്ചിരിക്കുകയാണ്‌ ..ഇത്‌ വിശദീകരിച്ചുകൊണ്ട്‌ ഇമാം റാസി(റ)എഴുതുന്നു...വിശേഷബുദ്ധിയുള്ള മനുഷ്യനു ചിന്താപരവും കർമ്മപരവുമായ രണ്ട്‌ ശക്തികളുണ്ട്‌. സത്യത്തെ അറിയുക നന്മ അറിഞ്ഞു പ്രവർത്തിക്കുക എന്നിവയാണത്‌ ഇതാണ്‌ ഇബ്‌ റാഹീം(അ) പ്രാർത്ഥിച്ചത്‌ രക്ഷിതാവേ എനിക്ക്‌ നീ വിജ്ഞാനം നൽകുകയും സജ്ജനങ്ങളോട്‌ നീ എന്നെ ചേർക്കുകയും ചെയ്യേണമേ(അശ്ശുഅറാഅ്83)

ജ്ഞാനം നൽകുക എന്നത്‌ ചിന്താശക്തിയുടെ പൂർണ്ണതയും സജ്ജനങ്ങളോട്‌ ചേർക്കേണമേ എന്നത്‌ കർമ്മശക്തിയുടെ പൂർണ്ണതയിലേക്ക്‌ സൂചന നൽകുന്നു..എന്നാൽകർമ്മ ശക്തിയിൽ ഈ നിഷേധികൾ ശൂന്യരാണെന്ന് തെളിയിക്കുന്നതാണ്‌ അവർ വിചാരണയെ ഭയപ്പെട്ടില്ല എന്നത്‌ അഥവാ എല്ലാ വൃത്തികേടുകളും ചെയ്യാനും നന്മകളോടെല്ലാം പുറം തിരിഞ്ഞു നിൽക്കാനും അവർ കാണിച്ച ധൈര്യം ഈ വിചാരണ നിഷേധത്തിൽ നിന്നാണ്‌ ഉൽഭവിക്കുന്നത്‌ ചിന്താശക്തിയിലുള്ള അവരുടെ തകരാറ്‌ ചൂണ്ടിക്കാണിക്കുകയാണ്‌ തെളിവുകളെ നിഷേധിച്ചു അവർ എന്നതിലൂടെ അതായത്‌ ഹൃദയംകൊണ്ട്‌ സത്യത്തെ നിഷേധിക്കുകയും അസത്യത്തിൽ നിലയുറപ്പിക്കുകയും ചെയ്തു അവർ..ഇത്രയും കാര്യങ്ങൾ മനസിലാക്കിയാൽ വ്യക്തമാകുന്ന ഒരു കാര്യം ഈ സത്യനിഷേധികൾ തിന്മയുടെ ഏറ്റവും ഉച്ചിയിലെത്തിയവരാണെന്നും അത്‌ കൊണ്ട്‌ തന്നെ അവർക്ക്‌ നൽകുമെന്ന് അല്ലാഹു പറഞ്ഞ ശിക്ഷ അവർക്ക്‌ അനുയോജ്യമാണെന്നും ആണ്‌ അപ്പോൾ ഖുർ ആനിന്റെ ഘടനയുടെ സൗന്ദര്യം അത്ഭുതം തന്നെ!(റാസി 31/16.17)
وَكُلَّ شَيْءٍ أَحْصَيْنَاهُ كِتَابًا (29
നാമാകട്ടെ എല്ലാകാര്യവും എഴുതി തിട്ടമാക്കി വെച്ചിട്ടുണ്ട്‌.

ഇവർ എല്ലാം നിഷേധിച്ചാലും നാം അവരുടെ പ്രവർത്തനങ്ങളെല്ലാം കൃത്യമായി രേഖപ്പെടുത്തുകയും അതിനു അനുസരിച്ചുള്ള പ്രതിഫലം നാം നൽകുകയും ചെയ്യും എന്നാണ്‌ അല്ലാഹു അറിയിക്കുന്നത്‌..ഇമാം ഇബ്നു കസീർ(റ) പറയുന്നു 'എല്ലാ അടിമകളുടെയും എല്ലാ പ്രവർത്തനങ്ങളെയും നാം അറിയുകയും അത്‌ രേഖപ്പെടുത്തുകയും നന്മക്ക്‌ നന്മയും തിന്മക്ക്‌ തിന്മയും നാം അവർക്ക്‌ പ്രതിഫലം നൽകുകയും ചെയ്യും'( ഇബ്നു കസീർ 4/677)
ഏറ്റവും വലിയ തിന്മ അവിശ്വാസമായതിനാൽ അവരുടെ എല്ലാം തിന്മയുടെ ഗണത്തിലാണ്‌ വരിക.അഥവാ ബാഹ്യമായി നന്മയായി ഗണിക്കാവുന്ന വല്ലതും അവർ ചെയ്തിട്ടുണ്ടെങ്കിലും ഈ വലിയ തിന്മകാരണത്താൽ അതിനും അവർക്ക്‌ നല്ല പ്രതിഫലമുണ്ടാവില്ലെന്ന് ഖുർആൻ ധാരാളം സ്ഥലങ്ങളിൽ വിശദീകരിച്ചിട്ടുണ്ട്‌
فَذُوقُوا فَلَن نَّزِيدَكُمْ إِلَّا عَذَابًا (30
ആകയാൽ അകൃമികളേ! നിങ്ങൾ(ശിക്ഷ) രുചിച്ച്‌ നോക്കൂ ഇനി നിങ്ങൾക്ക്‌ ശിക്ഷയല്ലാതെ ഒന്നും നാം വർദ്ധിപ്പിക്കുന്നതല്ല.

നരകത്തിൽ ശിക്ഷ അനുഭവിച്ച്കൊണ്ടിരിക്കുന്ന ഈ നിഷേധികളോടുള്ള അല്ലാഹുവിന്റെ വാക്കാണിത്‌..അഥവാ ഈ കഷ്ടപ്പാടിനും ദുരിതത്തിനും എന്നെങ്കിലും ഒരു മാറ്റമുണ്ടാവുമെന്നോ ഇതിൽ നിന്നും നിങ്ങൾ രക്ഷപ്പെടുമെന്നോ ധരിക്കേണ്ടതില്ല..ഇനി നിങ്ങൾക്ക്‌ നാം എന്തെങ്കിലും അധികമായി നൽകുന്നുണ്ടെങ്കിൽ അത്‌ ശിക്ഷ മാത്രമായിരിക്കും എന്നാണ്‌ അല്ലാഹു പറയുന്നത്‌ പ്രതീക്ഷയുടെ എല്ലാ വാതിലുകളും കൊട്ടിയടക്കുന്ന അല്ലാഹുവിന്റെ ഈ പ്രഖ്യാപനം കേൾക്കുമ്പോൾ നിഷേധികൾക്കുണ്ടാവുന്ന നിരാശ വിവരണാതീതമായിരിക്കും.ഇതിന്റെ വ്യാഖ്യാനത്തിൽ ഖുർആൻ വ്യാഖ്യാതാക്കൾ പറയുന്നു അവർക്ക്‌ ശിക്ഷ വർദ്ധിപ്പിക്കപ്പെട്ടുകൊണ്ടേയിരിക്കും(ഇബ്നു കസീർ 4/677)(അദ്ദുർ അൽമൻഥൂർ 6/504)
ഖുർആനിലെ ഏറ്റവും ഗൗരവമേറിയ സൂക്തമാണിതെന്ന് മഹാന്മാർ പറയുന്നത്‌ നോക്കൂ.. ഖുർആനിലെ ഏറ്റവും ഗൗരവമേറിയ സൂക്തം ഏതാണെന്ന് അബൂബർസത്തുൽ അസ്‌ലമീ(റ) നോട്‌ ചോദിക്കപ്പെട്ടപ്പോൾ താൻ പറഞ്ഞത്‌ ശിക്ഷ നിങ്ങൾ രുചിക്കുക നിങ്ങൾക്ക്‌ നാം ശിക്ഷയല്ലാതെ വർദ്ധിപ്പിക്കുകയില്ല എന്ന സൂക്തമാണെന്നാണ്‌(അദ്ദുർഅൽ മൻഥൂർ 6/504)
നബി(സ്വ) പറഞ്ഞതായി ഇമാം റാസി(റ) പറയുന്നു..ഈ സൂക്തം നരകാവകാശികൾക്ക്‌ ഏറ്റവും ഗൗരവമേറിയ സൂക്തമാണ്‌ ഓരോ തരം ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനായി അവർ സഹായം തേടുമ്പോഴെല്ലാം അതിനേക്കാൾ ശക്തമായ ശിക്ഷകൊണ്ടാണ്‌ അവർ സഹായിക്കപ്പെടുക(റാസി 31/18)
എന്തൊരു അവസ്ഥയാണ്‌..നാം ശ്രദ്ധിക്കുക. ജീവിതത്തിന്റെ എല്ലാ ഘട്ടത്തിലും നരകത്തെ സൂക്ഷിച്ചും വിചാരണയെ ഭയപ്പെട്ടും സൂക്ഷമതയോടെ ജീവിക്കാനും പരലോകപുരോഗതിക്കായി അദ്ധ്വാനിക്കാനും ശ്രമിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ

31 മുതൽ 40 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം
അടുത്ത പോസ്റ്റിൽ .തുടരും (ഇൻശാ അല്ലാഹ്‌)

3 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 78 (അന്നബ അ് : 21 മുതൽ 30 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം )

ഇഹ്സാൻ said...

പരലോക ചിന്തയുണർത്താനും ജീവിത വിശുദ്ധി കാത്ത്‌ സൂക്ഷിക്കേണ്ടതിന്റെ അനിവാര്യത മനസ്സിലേക്ക്‌ ബോധ്യപ്പെടാനും സഹായിച്ച തികച്ചും ഭക്തി സാന്ദ്രമായ ഈ പോസ്റ്റിനും ഏഴുത്തുകാർക്കും അഭിനന്ദനങ്ങൾ! അല്ലാഹു ഇതൊരു സൽക്കമ്മമായി സ്വീകരിക്കട്ടെ ആമീൻ

വഴികാട്ടി / pathfinder said...

Ihsan & other readers,

Thank you

അദ്ധ്യായം 78 (അന്നബഅ് ) (സൂക്തം 31 മുതല്‍ 40 വരെയുള്ളതിന്റെ വിശദീകരണം )ഇവിടെ