Monday, March 16, 2009

അദ്ധ്യായം 80 (അബസ ) سورة عبس part-2അദ്ധ്യായം 80 സൂറത്ത്  അബസ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  42

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

part-2 സൂക്തങ്ങൾ ( 17-32)

click here to read part-1 സൂക്തങ്ങൾ ( 1-16)

قُتِلَ الْإِنسَانُ مَا أَكْفَرَهُ. 17

മനുഷ്യൻ നാശമടയട്ടെ(ശപിക്കപ്പെടട്ടെ) അവനെ ഇത്ര നന്ദി കെട്ടവൻ(സത്യ നിഷേധി) യാക്കിയതെന്താണ്‌?

18مِنْ أَيِّ شَيْءٍ خَلَقَهُ

ഏതൊരു വസ്തുവിൽ നിന്നാണ്‌ അല്ലാഹു അവനെ സൃഷ്ടിച്ചത്‌?


19مِن نُّطْفَةٍ خَلَقَهُ فَقَدَّرَهُ 

ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്ന് അല്ലാഹു അവനെ സൃഷ്ടിച്ചു എന്നിട്ട്‌ അവനെ വേണ്ട വിധം വ്യവസ്ഥപ്പെടുത്തി

20ثُمَّ السَّبِيلَ يَسَّرَهُ

പിന്നെ തന്റെ (ജീവിത) മാർഗങ്ങളെ അവന്നു സുഗമമാക്കിക്കൊടുത്തു21ثُمَّ أَمَاتَهُ فَأَقْبَرَهُ


പിന്നീട്‌ അവനെ മരണപ്പെടുത്തി എന്നിട്ടവനെ മറവു ചെയ്യിപ്പിച്ചു(ഖബ്‌റിലാക്കി)


ثُمَّ إِذَا شَاء أَنشَرَهُ .22

പിന്നീട്‌ അല്ലാഹു ഉദ്ദേശിക്കുമ്പോൾ അവനെ പുനർജ്ജീവിപ്പിക്കുന്നതാണ്‌.


മുൻ സൂക്തങ്ങളിൽ ദരിദ്രന്മാരായ വിശ്വാസികളോട്‌ പരിഹാസപൂർവ്വം അഹങ്കാരം നടിച്ചവരെ കൂടുതൽ പരിഗണിക്കാനായി സാധുക്കളെ മാറ്റിനിർത്തേണ്ടതില്ലെന്ന് ഉണർത്തിയിരുന്നവല്ലോ. ആ ധനികന്മാർക്ക്‌ സാധുക്കളുടെ മേൽ അഹങ്കരിക്കാൻ എന്തു യോഗ്യതയാണുള്ളത്‌? അവന്റേയും ആദ്യം മ്ലേഛമായി കരുതുന്ന ഇന്ദ്രിയവും അവസാനം ചീഞ്ഞളിയുന്ന ശവവും അതിനിടക്ക്‌ കാഷ്ടം പേറി നടക്കുകയും ചെയ്യുന്ന അവസ്ഥയല്ലേ? അവൻ എത്ര അഹങ്കരിച്ചാലും സൃഷ്ടിപ്പിലെ ഈ അവസ്ഥയോ അവസാനത്തിൽ വരുന്ന ആ സാഹചര്യമോ ഇപ്പോഴുള്ള ഈ നിസ്സഹായതയോ അവനു ഇല്ലാതാക്കാനാവുമോ? ഇല്ല .എന്നാണ്‌ ഉത്തരമെങ്കിൽ അവൻ എങ്ങനെ സത്യ നിഷേധിയാവുന്നു? എന്ന മനസിലേക്ക്‌ തുളച്ച്‌ കയറുന്ന ചോദ്യമാണ്‌ അല്ലാഹു ചോദിക്കുന്നത്‌ എന്നിട്ട്‌ ആ നിഷേധത്തിന്റെ പേരിൽ അവനെതിരെയുള്ള ശക്തമായ പ്രാർത്ഥനയാണ്‌ അവൻ കൊല്ലപ്പെടട്ടെ! ശപിക്കപ്പെടട്ടെ! നാശമടയട്ടെ! എന്നൊക്കെ അർത്ഥം പറയാവുന്ന വാക്കിലൂടെ അല്ലാഹു പ്രകടിപ്പിക്കുന്നത്‌.


ഇമാം ഖുർത്വുബി(رحمة الله عليه) എഴുതുന്നു. അബൂലഹബിന്റെ മകൻ ഉത്ബത്ത്‌ എന്നവന്റെ വിഷയത്തിലാണീസൂക്തം അവതരിച്ചത്‌. അവൻ നിഷേധത്തിന്റെയും അഹങ്കാരത്തിന്റെയും ഉച്ചിയിൽ നിലയുറപ്പിച്ചപ്പോൾ അല്ലാഹുവിന്റെ പ്രത്യേകമായ സിംഹം അവനെ കൊന്നുകളയട്ടെ എന്ന് നബി() പ്രാർത്ഥിച്ചിരുന്നു. അങ്ങനെ ശാമിലേക്ക്‌ കച്ചവടത്തിനു പോകുന്ന സംഘത്തിൽ ഇവനും പുറപ്പെടുകയും, 'ഗാളിറ:' എന്ന സ്ഥലത്ത്‌ വിശ്രമിക്കാനിറങ്ങിയപ്പോൾ നബി()യുടെ പ്രാർത്ഥന ഇവന്ന് ഓർമ്മ വരികയും എന്നെ നന്നായി ശ്രദ്ധിക്കണമെന്നും ഞാൻ സുരക്ഷിതനായി നേരം പുലർന്നാൽ എന്നെ സംരക്ഷിക്കുന്നവർക്ക്‌ ആയിരം ദീനാർ ഞാൻ നൽകുമെന്നും അവൻ വാഗ്ദാനം ചെയ്തു. അങ്ങനെ യാത്രാ സംഘത്തിന്റെ മദ്ധ്യഭാഗത്ത്‌ ഇവനെ കിടത്തുകയും കൂടെയുള്ള സാധനങ്ങളെല്ലാം ചുറ്റും വെച്ച്‌ പ്രതിരോധം തീർക്കുകയും ചെയ്തിട്ടും കാട്ടിൽ നിന്ന് മണം പിടിച്ച്‌ വന്ന സിംഹം ഇവന്റെ മേലെ ചാടി വീഴുകയും അവനെ പിച്ചിച്ചീന്തുകയും ചെയ്തു. മകന്റെ അതി ദാരുണമായ മരണ വാർത്തയറിഞ്ഞ അബൂലഹബിന്റെ പ്രതികരണം  ماقال محمد شيئا قط الاكان   മുഹമ്മദ്‌ പറഞ്ഞ ഒന്നും നടക്കാതെ പോകില്ല എന്നായിരുന്നു (ഖുർത്വുബി 19/153)

മറ്റൊരു നിലക്ക്‌ ചിന്തിച്ചാൽ മനുഷ്യൻ അല്ലാഹുവിനോട്‌ കാണിക്കുന്ന സത്യനിഷേധത്തിന്റെയും നന്ദികേടിന്റെയും ഗൗരവം അല്ലാഹു ഉണർത്തുകയാണ്‌ അവൻ എങ്ങനെ നിഷേധിയാവും! അവന്റെ തുടക്കം ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്നല്ലേ? ഇത്‌ അവൻ സ്വയം പര്യാപ്തനല്ലെന്നും അവൻ അല്ലാഹുവിന്റെ ഔദാര്യത്തിൽ ജന്മം നൽകപ്പെട്ടവനാണെന്നും അവൻ ഓർക്കേണ്ടതല്ലേ! അതെ! കേവലം നിസ്സാരമായ ഒരു ഇന്ദ്രിയ തുള്ളിയിൽ നിന്നാണവന്റെ ജന്മം! അങ്ങനെ അവന്നു പൂർണ്ണമായ മനുഷ്യരൂപം നൽകി ആകൃതിയും പ്രകൃതിയും നിശ്ചയിച്ചു. ഭക്ഷണവും ആയുസ്സുമെല്ലാം വ്യവസ്ഥ ചെയ്തു. വിജയ പരാജയത്തിന്റെ വഴികൾ ഏതാണെന്ന് വിശദീകരിച്ചു കൊടുത്തു. ജീവിതാവസാനമെത്തിയപ്പോൾ മരണപ്പെടുത്തുകയും ഭൂമിയിൽ മറവു ചെയ്യപ്പെടാനാവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. ഇത്രയും കാര്യങ്ങൾ ഇവിടെ നിരന്തരം നടന്നു കൊണ്ടിരിക്കുന്നു എന്നത്‌ ഒരാൾക്കും നിഷേധിക്കാനാവാത്ത അനുഭവമാണ്‌ എന്ന് സമ്മതിച്ചാൽ ഇതിന്റെയെല്ലാം കർത്താവായ അല്ലാഹു താൻ ഉദ്ദേശിക്കുമ്പോൾ ഇവർക്ക്‌ പുനർജ്ജന്മം നൽകുമെന്നതിനെ നിഷേധിക്കുന്നത്‌ എന്തു മാത്രം നിരർത്ഥകമാണ്‌ എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ്‌ അല്ലാഹു ഇവൻ എങ്ങനെ ഇത്ര വലിയ നിഷേധിയായി എന്ന് ചോദിക്കുന്നത്‌.

ഇമാം റാസി(رحمة الله عليه) എഴുതുന്നു. 'ഏതൊരു പുതിയതിനും മൂന്ന് അവസ്ഥകളുണ്ട്‌. തുടക്കം, മദ്ധ്യം, അവസാനം. എന്നിവയാണ്‌ അത്‌. ഈ മൂന്ന് അവസ്ഥകളാണ്‌ 18- ം സൂക്തം മുതൽ 22 കൂടിയ സൂക്തങ്ങളിൽ അല്ലാഹു പറയുന്നത്‌. എന്തിൽ നിന്ന് പടച്ചു? എന്ന ചോദ്യം ആ സാദനം വളരെ നിസ്സാരം എന്ന് അറിയിക്കാൻ വേണ്ടിയത്രെ!. ഇന്ദ്രിയത്തിൽ നിന്നു പടച്ചു എന്ന മനുഷ്യ സൃഷ്ടിപ്പിന്റെ തുടക്കം വിവരിച്ചതിലൂടെ വളരെ നിസ്സാരമായ ഇന്ദ്രിയത്തിൽ നിന്ന് പടക്കപ്പെട്ട ഒരാൾക്ക്‌ അഹങ്കരിക്കുക എന്ന അവസ്ഥ ചേരില്ല എന്നുണർത്തിയിരിക്കുകയാണ്‌ 19- ം സൂക്തത്തിൽ പറഞ്ഞ വ്യവസ്ഥപ്പെടുത്തി എന്നതിന്റെ താൽപര്യം അവൻ അഭിമുഖീകരിക്കുന്ന വിവിധ ഘട്ടങ്ങളാണ്‌ അതായത്‌ ഇന്ദ്രിയം പിന്നീട്‌ രക്തക്കട്ടയും അത്‌ പിന്നീട്‌ മാംസക്കട്ടയും അതിന്റെ വളർച്ചയുടെ പ്രധാന ഘട്ടത്തിൽ ആണോ പെണ്ണോ എന്ന് വേർത്തിരിക്കപ്പെട്ടതും വിജയിയോ പരാജയിയോ എന്ന തീരുമാനവുമെല്ലാം ആ വ്യവസ്ഥപ്പെടുത്തുക എന്നതിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളാണ്‌. ഓരോ അവയവവും അതിന്റെ കൃത്യമായ ആകാരത്തിലും അളവിലും ആവുന്നതും വ്യവസ്ഥപ്പെടുത്തിയതിന്റെ ഭാഗമത്രെ! മദ്ധ്യ ഘട്ടം എന്നതാണ്‌ 20- ം സൂക്തം സൂചിപ്പിക്കുന്നത്‌ വഴി എളുപ്പമാക്കുക എന്നതിന്റെ പരിധിയിൽ വരുന്ന കാര്യങ്ങളെ കുറിച്ച്‌ വിവിധ അഭിപ്രായങ്ങളുണ്ട്‌. ഉമ്മയുടെ വയറ്റിൽ നിന്നു തനിക്കു പുറത്തേക്കുള്ള വഴി എളുപ്പമാക്കി എന്നതാണ്‌ ഒരു വ്യാഖ്യാനം ഉമ്മയുടെ ഗർഭപാത്രത്തിൽ തല മുകളിലും കാൽ താഴെയുമായാണ്‌ കുട്ടിയുടെ കിടപ്പ്‌. എന്നാൽ പ്രസവ സമയം അത്‌ തിരിഞ്ഞു വരുന്നു!ആരാണ്‌ കുട്ടിക്ക്‌ തിരിയാനുള്ള ക്ലാസ്സ്‌ കൊടുത്തത്‌? അല്ലാഹു തന്നെ!അതെ! വളരെ ചെറിയൊരു ദ്വാരത്തിലൂടെ ഈ കുഞ്ഞ്‌ ഭൂമിയിലെത്തിയത്‌ വഴി അല്ലാഹു എളുപ്പമാക്കിയത്‌ കൊണ്ട്‌ തന്നെ!രണ്ടാമത്തെ വ്യാഖ്യാനം വഴി എളുപ്പമാക്കി എന്നാൽ മതപരവും ഭൗതികവുമായ വിഷയങ്ങളിൽ നന്മയുടെയും തിന്മയുടെയും വഴികൾ വിവേചിച്ച്‌ മനസിലാക്കാൻ ആവശ്യമായ വിശേഷ ബുദ്ധിയും ഗ്രന്ഥങ്ങളിലൂടെയും പ്രവാചക ഉത്ബോധനങ്ങളിലൂടെയുള്ള ദിശാബോധവും അല്ലാഹു നൽകി എന്നതാണ്‌ മൂന്നാം ഘട്ടമാണ്‌ 21- 22 സൂക്തങ്ങളിൽ അല്ലാഹു പറയുന്നത്‌. അഥവാ മരണവും അനുബന്ധ വിഷയങ്ങളും!


മൂന്നാം ഘട്ടം മൂന്ന് ഭാഗമായി വിശദീകരിക്കാം. മരിപ്പിക്കൽ, ഖബറടക്കൽ,പുനർജ്ജനിപ്പിക്കൽ എന്നിങ്ങനെ .ഇതാണ്‌ അവസാന രണ്ട്‌ ആയത്തിൽ വിശദീകരിച്ചത്‌(റാസി 31/56) ഈ മറവു ചെയ്യാനുള്ള നിർദ്ദേശം മരണപ്പെട്ടവനോടുള്ള ആദരവാണ്‌. ഇമാം ഖുർത്വുബി(رحمة الله عليه) എഴുതുന്നു. 'അവനൊരു ഖബ്‌ർ കുഴിക്കുകയും പക്ഷികളും മറ്റ്‌ ജീവികളും അവനെ കൊത്തി വലിക്കാൻ സൗകര്യം ഒരുക്കി അവനെ ഭൂമുഖത്ത്‌ ഇടാതെ അവനെ മറവ്‌ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്തത്‌ അവന്റെ മയ്യിത്തിനോട്‌ കാണിക്കുന്ന ആദരവത്രെ!(ഖുർത്വുബി19/154)

23كَلَّا لَمَّا يَقْضِ مَا أَمَرَهُ

അങ്ങനെ വേണ്ടാ..മനുഷ്യനോട്‌ അല്ലാഹു കൽപ്പിച്ചത്‌ അവൻ നിർവ്വഹിച്ചില്ല


24فَلْيَنظُرِ الْإِنسَانُ إِلَى طَعَامِهِ


എന്നാൽ മനുഷ്യൻ തന്റെ ഭക്ഷണത്തിലേക്കൊന്ന്(ചിന്തിച്ചു) നോക്കട്ടെ


25أَنَّا صَبَبْنَا الْمَاء صَبًّا

അതായത്‌ നാം (മഴ)വെള്ളം (ശക്തിയായ)ചൊരിച്ചു

26ثُمَّ شَقَقْنَا الْأَرْضَ شَقًّا

പിന്നെ ഭൂമിയെ നാം(യുക്തമായ വിധം)പിളർത്തി


27فَأَنبَتْنَا فِيهَا حَبًّا

അങ്ങനെ നാം അതിൽ ധാന്യം മുളപ്പിച്ചു

28وَعِنَبًا وَقَضْبًا

മുന്തിരിയും (പച്ചയിൽ മുറിച്ചെടുക്കുന്ന)സസ്യങ്ങളും

29وَزَيْتُونًا وَنَخْلًا

ഒലീവും ഈത്തപ്പനയും

30 وَحَدَائِقَ غُلْبًا

(വൃക്ഷങ്ങൾ)ഇട തൂർന്ന് നിൽക്കുന്ന തോട്ടങ്ങളും

31وَفَاكِهَةً وَأَبًّا

പഴങ്ങളും മേച്ചിൽ പുല്ലും(കാലിത്തീറ്റ)

مَّتَاعًا لَّكُمْ وَلِأَنْعَامِكُمْ .32

നിങ്ങൾക്കും നിങ്ങളുടെ കന്ന് കാലികൾക്കും ഉപയോഗത്തിനു വേണ്ടി23- ം സൂക്തത്തിൽ കൽപ്പിച്ചത്‌ മനുഷ്യൻ ചെയ്തില്ലെന്ന് പറഞ്ഞത്‌ അവിശ്വാസിയായ മനുഷ്യനെ പറ്റിയാണ്‌. അവനോട്‌ കൽപ്പിക്കപ്പെട്ടിരുന്നത്‌ അഹങ്കാരം ഒഴിവാക്കാനും അല്ലാഹുവിന്റെ ഏകത്വത്തിന്റെ തെളിവുകൾ മനസ്സിലാക്കാനും അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ അത്യത്ഭുതങ്ങൾ ചിന്തിക്കാനും അവന്റെ കഴിവുകൾ സമ്മതിക്കാനുമാണ്‌. പക്ഷെ അവൻ അതൊക്കെ വിസ്മരിച്ചാണ്‌ നടപ്പ് എന്നാണ്‌ അല്ലാഹു ഉണർത്തിയത്‌. ശേഷം അല്ലാഹു ചെയ്ത്‌ കൊടുത്ത അനുഗ്രഹങ്ങൾ ഉണർത്തുകയാണ്‌. മനുഷ്യൻ കഴിക്കുന്ന ഭക്ഷണം, മൃഗങ്ങൾക്ക്‌ ആവശ്യമായ ആഹാരം, അതിനു പ്രകൃതിയിൽ ഒരുക്കേണ്ട സംവിധാനങ്ങൾ എല്ലാം അല്ലാഹു ചെയ്തു വെച്ചിരിക്കുന്നു. മഴ വർഷിപ്പിക്കുന്നതും, അത്‌ ഭൂഗർഭ അറകളിൽ സൂക്ഷിക്കാൻ വേണ്ട സൗകര്യങ്ങൾ ചെയ്തതുമൊക്കെ അലോചിച്ചാൽ തന്നെ അല്ലാഹുവിന്റെ അളവറ്റ ഈ അനുഗ്രഹങ്ങൾക്ക്‌ നന്ദി ചെയ്യാൻ താൻ കടപ്പെട്ടവനാണെന്ന് ചിന്തിക്കുന്നവനു മനസിലാകും. അതിനും പുറമേ എത്ര അനുഗ്രഹങ്ങൾ അവൻ തന്നു. എണ്ണിയാലൊടുങ്ങാത്ത ആ അനുഗ്രഹങ്ങളെല്ലാം അനുഭവിച്ച്‌ നന്ദി കേട്‌ കാണിക്കുന്നവൻ ഉത്തരവാദിത്തം നിർവ്വഹിച്ചില്ലെന്ന് പറയുന്നത്‌ മനുഷ്യന്റെ കണ്ണ്‌ തുറപ്പിക്കേണ്ട പ്രയോഗം തന്നെ!പച്ചയിൽ മുറിച്ചെടുത്ത്‌ ഉപയോഗിക്കുന്ന എല്ലാ പച്ചക്കറി ചെടികൾക്കും പൊതുവിൽ പറയപ്പെടുന്ന പേരാണ്‌ قضب എന്ന പദം. എന്നാൽ മനുഷ്യൻ തിന്നാറില്ലാത്തതും കാലികൾ മേഞ്ഞു തിന്നുന്നതുമായ പുൽച്ചെടികളും മറ്റുമാണ്‌ أب എന്ന് പറഞ്ഞാൽ. തുടർന്ന് 32- ം സൂക്തത്തിൽ ഇതെല്ലാം നിങ്ങൾക്കും കാലികൾക്കും ഗുണത്തിനും സുഖത്തിനും വേണ്ടിയെന്നാണല്ലോ അല്ലാഹു പറഞ്ഞത്‌ ഇതിനു നന്ദി ചെയ്യേണ്ടവനാണു മനുഷ്യൻ എന്ന് കൂടി ഇത്‌ സൂചിപ്പിക്കുന്നു .അതിനെതിരിൽ ചലിക്കുന്നവർക്ക്‌ പാപത്തിന്റെ ശമ്പളം ലഭിക്കാൻ പോകുന്ന വിധി നിർണ്ണയ നാളിനെ കുറിച്ചാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌

PART 3 ( 33-42 )  CLICK HERE TO READ 

14 comments:

വഴികാട്ടി / pathfinder said...

മനുഷ്യൻ നാശമടയട്ടെ(ശപിക്കപ്പെടട്ടെ) അവനെ ഇത്ര നന്ദി കെട്ടവൻ(സത്യ നിഷേധി) യാക്കിയതെന്താണ്‌?
......

അദ്ധ്യായം 80 (അബസ ) سورة عبس part-2 സൂക്തങ്ങൾ ( 17-32)

കാട്ടിപ്പരുത്തി said...

വിളക്കിലെ വെളിച്ചത്തിന്നു നല്ല തിളക്കം

Zulfukhaar-ദുല്‍ഫുഖാര്‍ said...

very good. thank u very much

പാര്‍ത്ഥന്‍ said...

വഴികാട്ടിയിൽ - പറയുന്നു:
അല്ലാഹു താൻ ഉദ്ദേശിക്കുമ്പോൾ ഇവർക്ക്‌ പുനർജ്ജന്മം നൽകുമെന്നതിനെ നിഷേധിക്കുന്നത്‌ എന്തു മാത്രം നിരർത്ഥകമാണ്‌ എന്ന് ...

ഇവിടെ പുനർജ്ജന്മം എന്ന് ഉദ്ദേശിക്കുന്നത് എന്താണ്. ഞാൻ മനസ്സിലാക്കിയിട്ടുള്ളത്, ഈ ഭൂമിയിൽ ജനിക്കുക - ഭൂജാതനാവുക - എന്നാണ്. എന്റെ അറിവിന്റെ പരിമിതിയാവാം.

കാട്ടിപ്പരുത്തിയോട് അന്ത്യദിനത്തിലെ പുനർജന്മം എവിടെയാകും എന്നു ചോദിച്ചപ്പോൾ, ഇങ്ങിനെയൊരു മറുപടി കിട്ടിയിരുന്നു.

ഉയര്‍ത്തെഴുനേല്‍പ്പു നാളില്‍ എല്ലാ മനുഷ്യരേയും ഒരുമിച്ചു കൂട്ടുന്നത്‌- മരിക്കുമ്പോളുണ്ടായിരുന്ന പ്രായത്തിലായിരിക്കും - വായനയില്‍ മനസ്സിലായ്ത്‌ ഭൂമിയിലാവില്ല എന്നാണു- അതിന്നു ശേഷം വിചാരണ- പിന്നീട്‌ സ്വര്‍ഗ്ഗം-നരകം-

മുകളിൽ പറഞ്ഞതുപോലെയാണെങ്കിൽ, ഉയർത്തൽ, സ്വഗ്ഗാരോഹണം, തുടങ്ങിയ വാക്കുകളായിരിക്കും ചേരുക.
അങ്ങിനെയാണെങ്കിൽ, പുനർജന്മം എന്ന വാക്ക് തെറ്റിദ്ധരിക്കപ്പെടില്ല. സ്വർഗ്ഗം എന്ന വ്യാമോഹത്തിലാണല്ലോ സ്വേശരമതങ്ങളുടെ നിലനിൽ‌പ്.

വഴികാട്ടി / pathfinder said...

pls be informed that vazhikaatti is in Umra - Ziyarath trip to MAKKA / MADEENA . He will reply for you when he return.

thanks
for,
vazhikaatti

ബഷീർ said...

വിശുദ്ധ ഉം റ -സിയാറത്ത്‌ യാത്ര അല്ലാഹു സ്വീകരിക്കുന്ന വിധത്തിൽ നി ർവ്വഹിക്കുവാൻ എല്ലാ ആശം സകളും പ്രാർത്ഥനയും.. ഞങ്ങൾ ക്കെല്ലാവർക്കുമായി പ്രാർത്ഥിച്ചിരിക്കുമെന്ന വിശ്വാസത്തിൽ

വഴികാട്ടി / pathfinder said...

പാർത്ഥൻ!,

ഖുർആൻ പറയുന്ന പുനർജ?ം നാം മരണപ്പെട്ടതിനു ശേഷം അന്ത്യനാളിൽ എല്ലാവരെയും വീണ്ടും ജനിപ്പിക്കുന്ന അവസ്ഥയാണ്‌.നേരത്തേ ജനിച്ചവനു മരണശേഷം വീണ്ടും പുനർജ?ം!
ഇവിടെ ജനിക്കുക എന്നത്‌ ഒന്നാം ഘട്ടം.പരലോകത്ത്‌ വീണ്ടും ജ?ം രണ്ടാം ഘട്ടം
ഇസ്ലാം മുന്നോട്ട്‌ വെക്കുന്ന പുനർജ്ജ? സിദ്ധാന്തം ഇതാണ്‌ ഈ പുനജ്ജ?ം ഒന്നാം ജ?ത്തിൽ പ്രവർത്തിച്ചതിന്റെ പ്രതിഫലം അനുഭവിക്കാനുമാണ്‌..ഇവിടുത്തെ ന?ക്ക്‌ അവിടെ ന?യും ഇവിടുത്തെ തി?ക്ക്‌ അവിടെ ശിക്ഷയും കിട്ടുമെന്ന്‌ വരുന്നത്‌ മനുഷ്യനെ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവനാക്കുകയും ചെയ്യും എന്ന്‌ പ്രത്യേകം സ്മര്യ്മാണ്‌
ഉയർത്തൽ സ്വർഗാരോഹണം തുടങ്ങിയ വാക്കുകളുടെ ആവശ്യമില്ലെന്നും പുനർജ്ജ?ം എന്ന വാക്ക്‌ തെറ്റിദ്ധാരണാ ജനകമല്ലെന്നും വ്യക്തമായിരിക്കുമല്ലോ!
മാത്രവുമല്ല സ്വർഗാരോഹണം എന്ന്‌ എല്ലാവർക്കും പറയാവുന്നതുമല്ലല്ലോ.പാപികൾക്കും സ്വർഗമായാൽ പിന്നെ എന്ത്‌ കാര്യം?
സ്വർഗം വ്യാമോഹമാവേണ്ടതല്ല.ശരിയായ ജീവിതം നയിച്ച്‌ പ്രതീക്ഷയോടെ കാത്തിരിക്കേണ്ടതാണ്‌ എന്ന്‌ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്ന്‌ ഉണർത്തട്ടെ
ഈ ഭൂമിക്കും ആകാശത്തിനുമെല്ലാം മാറ്റം വരും.ഭൂമിയെ ഭൂമിയല്ലാതാക്കപ്പെടും പർവ്വതങ്ങൾ ധൂളികളാക്കപ്പെടും പിന്നെയാണ്‌ പുനർജ്ജ?ം അതിനാൽ ഈ ഭൂമിയിൽ പുനർജ്ജ?ം എന്ന കാഴ്ചപ്പാട്‌ ഖുർആൻ മുന്നോട്ട്‌ വെക്കുന്നില്ലെന്ന്‌ വ്യക്തമായല്ലോ!

വഴികാട്ടി / pathfinder said...

കാട്ടിപ്പരുത്തി,
ദുൽഫുഖാർ,
പാർത്ഥൻ,
ബഷീർ വെള്ളറക്കാട്‌,

അഭിപ്രായം അറിയിച്ചതിൽ വളരെ നന്ദി

പ്രാർത്ഥനകൾ സ്വീകരിക്കപ്പെടട്ടെ. ആമീൻ

വഴികാട്ടി / pathfinder said...

വർണ്ണിക്കാൻ സാദ്ധ്യമല്ലാത്ത അത്രയും വിഷമകരമായ അന്ത്യ ദിനം നമ്മുടെ ഓർമ്മയിൽ സൂക്ഷിക്കുകയും ജീവിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്തുകയും ചെയ്യാൻ നാം സദാ ശ്രദ്ധയുള്ളവരാവണം .അല്ലാഹു നമുക്കും ഗുണകാംക്ഷികൾക്കും അതിനു അനുഗ്രഹിക്കട്ടെ ആമീൻ


part-3 സൂക്തങ്ങൾ ( 32-42)

പാര്‍ത്ഥന്‍ said...

താങ്കൾ വിവരിച്ച ഖുർ‌ആനിലെ പുനർജന്മ സിദ്ധാന്തം എനിയ്ക്കു മനസ്സിലായി. പക്ഷെ, ഞാൻ അറിയാൻ ശ്രമിച്ച ഒരു മത ഗ്രന്ഥത്തിലും ഭാഷയിലും - പുനർജന്മമെന്നാൽ മരണശേഷം സ്വർഗ്ഗത്തിലേയ്ക്കോ നരകത്തിലേയ്ക്കോ അയക്കാനുള്ള ശരീരരൂപമാണെന്നു അർത്ഥം വരുന്നില്ല. ഭാരതീയ സംഹിതകളിലും ഭാഷാഗ്രന്ഥങ്ങളിലും പുനർജന്മമെന്നാൽ വീണ്ടും ഭൂമിയിൽ ജനിക്കുക എന്ന അർത്ഥം ആണ് ഉള്ളത്. സ്വർഗ്ഗനരക വിശ്വാസങ്ങളെല്ലാം മനുഷ്യന്റെ നല്ല നടപ്പിനെ ഉദ്ദേശിച്ചിട്ടുള്ളതാണെന്ന്‌ ഈയുള്ളവനും അറിയാം. സൂക്ഷ്മതലത്തിൽ വിശകലനം ചെയ്യുമ്പോൾ അതെല്ലാം നമ്മുടെ മനസ്സിലെ അവസ്ഥകളാണെന്നു മനസ്സിലാക്കുകയും വേണം.

വഴികാട്ടി / pathfinder said...

പാർത്ഥൻ!
ഖുർആൻ മുന്നോട്ട്‌ വെക്കുന്ന പുനർജ്ജന്മ സിദ്ധാന്തം താങ്കൾക്ക്‌ മനസിലായെന്നറിഞ്ഞതിൽ സന്തോഷം.
ആ പുനർജ്ജന്മ സിദ്ധാന്തം മറ്റു മത ഗ്രന്ഥങ്ങളിൽ കാണണമെന്ന് വാശി പിടിച്ചാൽ താങ്കൾക്ക്‌ നിരാശനാവേണ്ടി വരും എന്നാണ്‌ വഴികാട്ടിക്ക്‌ പറയാനുള്ളത്‌.
കാരണം ഖുർആൻ മുന്നോട്ട്‌ വെക്കുന്നത്‌ പോലുള്ള സമഗ്രമായ സിദ്ധാന്തം മറ്റു പലതിലും ഇല്ല .
ഉണ്ടെങ്കിലല്ലേ കാണാൻ പറ്റൂ!

വന്നതിനും പറഞ്ഞതിനും ഹൃദയം നിറഞ്ഞ നന്ദി!

പാര്‍ത്ഥന്‍ said...

കാരണം ഖുർആൻ മുന്നോട്ട്‌ വെക്കുന്നത്‌ പോലുള്ള സമഗ്രമായ സിദ്ധാന്തം മറ്റു പലതിലും ഇല്ല .

അതെയതെ.
ബോഗുകളിലെ ചർച്ചകളിൽ നിന്നും അത് മനസ്സിലാക്കുന്നുണ്ട്.

എന്റെ ചോദ്യം സ്വർഗ്ഗ നരകങ്ങളുടെ വിശ്വാസത്തെപ്പറ്റിയല്ലായിരുന്നു. അതെല്ലാം ഓരോ മതത്തിലും ഉള്ളവർക്ക് അവരുടെതായ വിശ്വാസങ്ങൾ ഉണ്ടാകും. അത് എന്താണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളതുകൊണ്ട് അതിനെ ചോദ്യം ചെയ്യുന്നും ഇല്ല. സ്വർഗ്ഗം ഉണ്ടാകാം ഇല്ലായിരിക്കാം. എന്നെ അത് സ്വാധീനിക്കുന്നില്ല.

എന്റെ ചോദ്യം ‘പുനർജന്മം’ എന്ന വാക്കിനെക്കുറിച്ചായിരുന്നു.
അതിനുള്ള മലയാള ഭാഷയുടെ വിശദീകരണമാണ് ഉദ്ദേശിച്ചത്.

വഴികാട്ടി / pathfinder said...

പാർത്ഥൻ!
പുനർജ്ജന്മം എന്ന മലയാള വാക്കിനു വീണ്ടും ജനിക്കുക എന്നാണ്‌ അർത്ഥം.
അതു നിഘണ്ടുവിൽ കാണേണ്ടതില്ലാത്ത വിധം വ്യക്തമാണ്‌.
എന്നാൽ ഈ വീണ്ടും ജനിക്കൽ എങ്ങനെ?
എവിടെ?
എന്നിടത്താണ്‌ പലർക്കും പല കാഴ്ച്ചപ്പാടുള്ളത്‌.അതിൽ ഖുർആനിന്റെ കാഴ്ചപ്പാട്‌ വഴികാട്ടി പറഞ്ഞു.
താങ്കൾക്കും മനസിലായി..
ഇതിനപ്പുറം നിഘണ്ടുകളിൽ ഇങ്ങനെയൊരർത്ഥം കാണണമെന്നതിനു വലിയ പ്രസ്ക്തിയുണ്ടെന്ന് തോന്നുന്നില്ല..
നിഘണ്ടുവിൽ എന്തു പറയുന്നു എന്നത്‌ വിശ്വാസിക്ക്‌ പ്രസക്തവുമല്ല..
നിഘണ്ടു പരിശോധിക്കാൻ ഇപ്പോൾ എനിക്ക്‌ സംവിധാനവും ഇവിടെയില്ല
അതിനാൽ അങ്ങനെയൊരു ഭാഷാ വിശകലനത്തിനു ഇപ്പോൾ സാധിക്കില്ല..
സംവിധാനമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ നമുക്ക്‌ അവരെ സ്വാഗതം ചെയ്യാം....
ഇത്രയേ ഈ വിഷയത്തിൽ വഴികാട്ടിക്കു പറയാനുള്ളൂ!

വീണ്ടും വന്നതിനു നന്ദി!

വഴികാട്ടി / pathfinder said...

EDITED AND UPDATED .PDF FILE ADDED