അദ്ധ്യായം 81 സൂറ: അത്തക്വീർ | മക്കയിൽ
അവതരിച്ചു | സൂക്തങ്ങൾ 29
ഇമാം
തുർമുദി(رحمة الله عليه ) റിപ്പൊർട്ട് ചെയ്ത ഒരു നബി
വചനത്തിൽ ഇങ്ങനെ കാണാം നബി(ﷺ) പറഞ്ഞതായി
ഇബ്നു ഉമർ(رضي الله عنه ) പറയുന്നു. ഖിയാമത്ത് നാളിനെ
നോക്കി കാണുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവർ സൂറ:81(തക്വീർ), സൂറ:
82(ഇൻഫിത്വാർ), സൂറ:
84(ഇൻശിഖാഖ്)
എന്നിവ പാരായണം ചെയ്യട്ടെ (അന്ത്യനാളിന്റെ നേർക്കാഴ്ച്ചയാണിവ)
( 1 മുതൽ 14 വരെ സൂക്തങ്ങളുടെ വിശദീകരണം ) part-1
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു (ബിസ്മിയുടെ വിശദീകരണം ഇവിടെ വായിക്കാം )
1. إِذَا الشَّمْسُ كُوِّرَتْ
സൂര്യൻ ചുരുട്ടപ്പെടുമ്പോൾ.
അന്ത്യ
നാളിനോടനുബന്ധിച്ചുണ്ടാകുന്ന കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത് സൂര്യന്റെ ചില
ഭാഗങ്ങൾ മറ്റ് ചില ഭാഗങ്ങളിലേക്ക് കൂട്ടപ്പെടുകയും സൂര്യന്റെ പ്രകാശം
നഷ്ടപ്പെടുകയും ചെയ്യും എന്നാണ് ഇവിടെ പറഞ്ഞതിന്റെ താൽപര്യം.
2. وَإِذَا النُّجُومُ انكَدَرَتْ
നക്ഷത്രങ്ങൾ ഉതിർന്ന് വീഴുകയും ചെയ്യുമ്പോൾ.
ഇമാം റാസി(رحمة الله عليه )എഴുതുന്നു. ആകാശം അന്ന് മഴത്തുള്ളി കണക്കെ
നക്ഷത്രങ്ങളെ ഭൂമിയിലേക്ക് വർഷിക്കും അവസാനം ആകാശത്ത് ഒരു നക്ഷത്രവുമില്ലാത്ത
അവസ്ഥ വരും(റാസി 31/61).
നബി(സ്വ) പറഞ്ഞതായി ഇബ്നു അബ്ബാസ്(رضي الله عنه ) ഉദ്ധരിക്കുന്നു ആകാശത്തുള്ള എല്ലാ
നക്ഷത്രങ്ങളും അന്ന് ഭൂമിയിലേക്ക് വീഴുകയും ജനം അത് കണ്ട് ഭയപ്പെടുകയും
ചെയ്യും(ഖുർത്വുബി 19/160)
3. وَإِذَا الْجِبَالُ سُيِّرَتْ
പർവ്വതങ്ങൾ (അതിന്റെ സ്ഥാനം വിട്ട്) നടത്തപ്പെടുകയും ചെയ്യുമ്പോൾ.
പർവ്വതങ്ങൾ
അവയുടെ സ്ഥാനങ്ങൾ വിട്ട് നീക്കപ്പെടുകയും പൊടി പൊടിയാക്കി പാറ്റപ്പെടുകയും ചെയ്യും
(കൂടുതൽ വിശദീകരണം സൂറ 78: സൂക്തം 20 ന്റെ വിശദീകരണം നോക്കുക)
وَإِذَا الْعِشَارُ عُطِّلَتْ . 4
പൂർണ്ണ ഗർഭിണികളായ ഒട്ടകങ്ങൾ(ഉപേക്ഷിച്ച്)വിടപ്പെടുകയും ചെയ്യുമ്പോൾ.
ഖുർആൻ
അവതരിക്കുന്ന കാലത്തെ അറബികളെ സംബന്ധിച്ചിടത്തോളം അവർക്ക് ഏറ്റവും വിലപ്പെട്ട
സമ്പത്താണ് പ്രസവിക്കാറായ ഒട്ടകം ആ സമയത്ത് അവക്ക് പ്രത്യേക പരിചരണവും
ശ്രദ്ധയും അവരിൽ നിന്ന് ലഭിക്കും എന്നാൽ അന്ത്യ നാളിന്റെ ഇടിപ്പടക്കങ്ങൾ കൺ
മുന്നിൽ കാണുമ്പോൾ ഈ ഒട്ടകങ്ങളെ പോലും അവർ അവഗണിക്കും (അതിനു മാത്രം ഗൗരവമാണ്
അന്നത്തെ അവസ്ഥ!)അന്ന് അവർ ഒട്ടകത്തെ അവഗണിക്കും എന്നതിനർത്ഥം ജനം അവരുടെ ഏറ്റവും
പ്രിയപ്പെട്ട സമ്പത്ത് സംരക്ഷിക്കുന്നതിൽ പോലും അശ്രദ്ധരാകും വിധം ഭീകരാന്തരീക്ഷം
അന്നേദിവസം സംജാതമാവുമെന്നാണ്.
ഇമാം റാസി(رحمة الله عليه ) എഴുതുന്നു. ‘ഈ പറഞ്ഞതിന്റെ താൽപര്യം സമ്പത്തും
അധികാരങ്ങളുമൊക്കെ വലിച്ചെറിഞ്ഞു ജനങ്ങൾ അന്ന് സ്വന്തം ശരീരത്തെ കുറിച്ച് (അതിനെ
എങ്ങനെ രക്ഷിക്കാമെന്ന്)ചിന്തിച്ച് കൊണ്ടിരിക്കുമെന്നാണ്(റാസി 31/62)’
5. وَإِذَا الْوُحُوشُ حُشِرَتْ
കാട്ടു ജന്തുക്കൾ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുമ്പോൾ.
പരസ്പരം
അക്രമിക്കുകയും പിടിച്ചു തിന്നുകയും ചെയ്തിരുന്ന കാട്ടു ജീവികൾ ഒരേ സ്ഥലത്ത് ഒരു
മിച്ചു കൂടും എന്നാൽ ഒന്നും മറ്റൊന്നിനെ അക്രമിക്കില്ല കാരണം ആ ദിനത്തിന്റെ ഭീതി
തന്നെ! എന്തിനാണീ വന്യ ജീവികളെയും മറ്റും ഒരു മിച്ച് കൂട്ടുന്നത് ?
ഇമാം റാസി(رحمة الله عليه ) എഴുതുന്നു. ‘അല്ലാഹു എല്ലാ ജീവികളെയും അന്ന് ഒരുമിച്ചു
കൂട്ടുകയും എന്നിട്ട് ഭൂമിയിൽ വെച്ച് അക്രമം കാണിച്ചവരിൽ നിന്ന് പ്രതിക്രിയ
ചെയ്യാൻ മർദ്ദിതരായ ജീവികൾക്ക് അവസരം കൊടുക്കുകയും ശേഷം മണ്ണാവാൻ അവയോട്
നിർദ്ദേശിക്കുകയും ചെയ്യും അല്ലാഹുവിന്റെ നീതി വെളിവാക്കാനാണ് അവകളെ അല്ലാഹു
ഹാജറാക്കുന്നത് ബുദ്ധിയില്ലാത്ത അവക്കിടയിൽ തന്നെ അല്ലാഹു അവിടെ നീതി
നടപ്പാക്കുമെങ്കിൽ വിശേഷ ബുദ്ധിയും നിയമങ്ങളും നിർദ്ദേശങ്ങളും ബാധകമായിരുന്ന
മനുഷ്യ-ഭൂത വർഗങ്ങളെ അല്ലാഹു എന്തായാലും അവിടെ ഒരുമിച്ചു കൂട്ടുകയും അവരുടെ
പ്രവർത്തനങ്ങളെ വിജാരണക്ക് വിധേയമാക്കുകയും ചെയ്യുമെന്ന് മനസിലാക്കാൻ
പ്രയാസമില്ലല്ലോ!’(റാസി
31/62)
6. وَإِذَا الْبِحَارُ سُجِّرَتْ
സമുദ്രങ്ങൾ തിളച്ചു മറിക്കപ്പെടുകയും ചെയ്യുമ്പോൾ.
ഭൂമിയുടെ
സ്വഭാവം അന്ത്യ നാളിനോടനുബന്ധിച്ച് പാടെ മാറി പോകുന്നതിന്റെ ഭാഗമായി സമുദ്രം
തിളച്ച് മറിയും. അന്നേ ദിനം ഭൂമിയുടെ സ്വഭാവത്തിൽ വരുന്ന മാറ്റത്തിന്റെ ഭാഗമായി
സമുദ്രങ്ങൾ തിളച്ച് മറിയുകയും കര കവിഞ്ഞൊഴുകുകയും ചെയ്യും സമുദ്ര ജലം വറ്റി
തൽസ്ഥാനത്ത് തീ പിടിച്ച് പോകുന്നു എന്നും അഭിപ്രായമുണ്ട്. ഇമാം ത്വബരി(رحمة الله عليه ) എഴുതുന്നു. ‘വ്യാഖ്യാതാക്കൾ ഇവിടെ ഭിന്നാഭിപായക്കാരാണ്
ചിലർ പറയുന്നത് വെള്ളം വറ്റി തീ കത്തുകയും കരിയുകയും ചെയ്യുമെന്നാണ് മറ്റു ചിലർ
പറയുന്നത് കവിഞ്ഞൊഴുകുമെന്നാണ്.’ ഇതിൽ ഏറ്റവും പ്രബലമായ അഭിപ്രായം നിറഞ്ഞ്
കവിഞ്ഞ് ഒഴുകുമെന്നതാണ്. കാരണം മറ്റൊരു സ്ഥലത്ത് (82/1)സമുദ്രം
പൊട്ടിപ്പിളരുമ്പോൾ എന്ന്
പറഞ്ഞതിൽ നിന്ന് ഇതാണ് കൂടുതൽ വ്യക്തമാവുന്നത്(ത്വബരി 15/72) ഈ പറഞ്ഞ ആറു
കാര്യങ്ങൾ ഖിയാമത്തിന്റെ ഭാഗമായി ലോകം നശിക്കുന്നതിനു മുമ്പേ സംഭവിക്കാം.
ഇമാം റാസി(رحمة الله عليه ) എഴുതുന്നു. ‘ഈ പറഞ്ഞ ആറു അടയാളങ്ങൾ ലോകം നശിക്കാൻ
ആരംഭിക്കുന്ന ആദ്യ സമയത്തോ അന്ത്യനാളിനു ശേഷമോ ആവാം. എന്നാൽ ഇനി പറയുന്നവ
എന്തായാലും ഖിയാമത്ത് നാൾ സംഭവിച്ചതിനു ശേഷമേ സംഭവിക്കുകയുള്ളൂ’(റാസി 31/63).
ഇമാം
ഖുർത്വുബി (رحمة الله عليه ) എഴുതുന്നു. ‘ഇബയ്യുബ്നു കഅ്ബ്(رضي الله عنه ) പറഞ്ഞിരിക്കുന്നു. ‘ആറു
അടയാളങ്ങൾ ഖിയമത്ത്നാൾ സംഭവിക്കുന്നതിനു മുമ്പാണ് നടക്കുക. അതായത് ജനങ്ങൾ
അവരുടെ തൊഴിലുകളിലും അങ്ങാടികളിലും ആയിരിക്കെ സൂര്യന്റെ പ്രകാശം നഷ്ടപ്പെടുകയും
നക്ഷത്രങ്ങൾ വെളിപ്പെടുകയും ചെയ്യും അസമയത്തുള്ള നക്ഷത്രങ്ങളുടെ രംഗപ്രവേശനവും
സൂര്യന്റെ മങ്ങലും കണ്ട് അവർ പരിഭ്രമിച്ച് നിൽക്കുമ്പോൾ ഈ നക്ഷത്രങ്ങൾ ഉതിർന്നു
വീഴും. അപ്പോൾ തന്നെ പർവ്വതങ്ങൾ ഭൂമുഖത്ത് വീഴുകയും അത് തകർന്ന് ധൂളികളായി
പാറുകയും ചെയ്യും അപ്പോൾ മനുഷ്യർ ഭയത്തോടെ ഒത്തു കൂടും. ജിന്നുകളും ഒത്ത് കൂടും
കന്ന് കാലികളും വന്യ ജീവികളും ഇഴ ജന്തുക്കളും പക്ഷികളും ഭയത്തോടെ ഒത്ത് കൂടും.
അതാണ് കാട്ട് ജീവികളെ ഒരുമിച്ച് കൂട്ടപ്പെട്ടാൽ(സൂക്തം :5) എന്ന്
പറഞ്ഞത്. അപ്പോൾ ജിന്നുകൾ പറയും ഞങ്ങൾ നിങ്ങൾക്ക് എന്താണ് സംഭവിക്കുന്നത്
എന്നതിനെ കുറിച്ച് വല്ല വാർത്തയും കൊണ്ട് വരാം എന്ന്. അങ്ങനെ അവർ സമുദ്രത്തിന്റെ
അടുത്ത് എത്തുമ്പോൾ അത് നിറഞ്ഞ് കവിയുന്നതും കത്തിയമരുന്നതും കാണും അപ്പോൾ
തന്നെ ഒരു കാറ്റ് അടിക്കുകയും എല്ലാവരും മരിക്കുകയും ചെയ്യും(ഖുർത്വുബി 19/163)
7. وَإِذَا النُّفُوسُ زُوِّجَتْ
ആളുകൾ കൂട്ടി ഇണക്കപ്പെടുകയും ചെയ്യുമ്പോൾ
അന്ത്യനാളിൽ
നല്ലവരെ നല്ലവരോടൊപ്പവും ചീത്ത ആളുകളെ അവരെ പോലുള്ളവരോടൊപ്പവും
കൂട്ടിച്ചേർക്കപ്പെടുന്നതാണ്. ആത്മാക്കളെ അതിന്റെ ജഢവുമായി കൂട്ടിച്ചേർക്കപ്പെടും
എന്നും ഇവിടെ വ്യാഖ്യാനമുണ്ട് ഇമാം ത്വബരി(رحمة الله عليه )എഴുതുന്നു. ഉമർബിൻ അൽഖത്വാബ്(رضي الله عنه ) വിനോട് ഈ സൂകതത്തെ കുറിച്ച്
ചോദിക്കപ്പെട്ടപ്പോൾ മഹാൻ പറഞ്ഞത് സുകൃതം ചെയ്ത ആളെ അതേ പോലെ സുകൃതം
ചെയ്തവനോടൊപ്പം സ്വർഗത്തിലും ചീത്ത മനുഷ്യനെ അതേ പോലെ ചീത്ത പ്രവർത്തിച്ചവനൊപ്പം
നരകത്തിലും ഒരുമിച്ച് കൂട്ടപ്പെടുമെന്നാണ് (ത്വബരി 15/77). ഇബ്നു
അബ്ബാസ്(رضي الله عنه ) പറഞ്ഞതായി ഇമാം റാസി(رحمة الله عليه ) ഉദ്ധരിക്കുന്നു. ‘വിശ്വാസികളെ
സ്വർഗസ്ത്രീകളോടൊപ്പവും അവിശ്വാസികളെ പിശാചുക്കളോടൊപ്പവും ഒരുമിച്ച്
കൂട്ടപ്പെടും(റാസി 31/63)
അന്ന് ജനങ്ങൾ മൂന്ന് തരക്കാരായിരിക്കും സൗഭാഗ്യത്തിന്റെ വലതുപക്ഷക്കാരും
ദൗർഭാഗ്യത്തിന്റെ ഇടത്പക്ഷക്കാരും അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കിയ നന്മയിൽ
മുൻകടന്നവരും ഓരോ വിഭാഗത്തെയും അതേ സ്വഭാവക്കാരോടൊപ്പം ഒരുമിച്ച് കൂട്ടപ്പെടും
എന്ന് സാരം(ഖുർത്വുബി19/163)
അപ്പോൾ ആ
ദിനത്തിൽ ആരുടെ കൂടെ നിൽക്കാനാണ് നാം ആഗ്രഹിക്കുന്നത് അവരുടെ സ്വഭാവവും ജീവിത
രീതിയുമാണ് നാം പിൻ തുടരേണ്ടത്. അവരെയാണ് നാം സ്നേഹിക്കേണ്ടതും! മനുഷ്യൻ അവൻ
സ്നേഹിക്കുന്നവരോടൊപ്പമാണെന്ന നബി വചനം ഇത്തരുണത്തിൽ ശ്രദ്ധേയമത്രെ!
8. وَإِذَا الْمَوْؤُودَةُ سُئِلَتْ
(ജീവനോടെ)കുഴിച്ചു മൂടപ്പെട്ട (പെൺകുട്ടി)ചോദ്യം
ചെയ്യപ്പെടുകയും ചെയ്യുമ്പോൾ.
9. بِأَيِّ ذَنبٍ قُتِلَتْ
എന്തു കുറ്റത്തിനാണ് അത് കൊല്ലപ്പെട്ടതെന്ന്.
പെൺകുഞ്ഞ്
ജനിക്കുന്നത് അപമാനമായി കാണുകയും തന്റെ രക്തത്തിൽ പിറന്ന കുഞ്ഞ്
പെണ്ണാണെന്നറിഞ്ഞാൽ നിർദ്ദാക്ഷിണ്യം അതിനെ ജീവനോടെ കുഴിച്ച് മൂടുകയും ചെയ്തിരുന്ന
സമൂഹത്തിനു മുമ്പിൽ ആ കുഞ്ഞുങ്ങൾ എന്ത് കുറ്റം ചെയ്തിട്ടാണ് കുഴിച്ചു
മൂടപ്പെട്ടതെന്ന് ചോദിക്കപ്പെടും പരലോകത്ത് എന്നാണ് അല്ലാഹു പറയുന്നത്. ആ
കുഞ്ഞുങ്ങളോട് ചോദിക്കപ്പെടുന്നത് കുഴിച്ച് മൂടിയവർക്ക് ഒരു ശിക്ഷ എന്ന
നിലക്കാണ്. ഇമാം ഇബ്നുകസീർ (رحمة الله عليه ) എഴുതുന്നു. ‘എന്തിനാണ് നീ കൊല്ലപ്പെട്ടതെന്ന് കുഞ്ഞിനോട്
ചോദിക്കുന്നത് കൊന്നവനെ ഭയപ്പെടുത്താനാണ് കാരണം മർദ്ധിതനോട് തന്നെ
ചോദിക്കപ്പെടുമെങ്കിൽ മർദ്ദിച്ചവന്റെ അവസ്ഥ എന്തായിരിക്കും? (ഇബ്നു കസീർ4/695) ഈ
ആയത്തിറങ്ങിയപ്പോൾ മുമ്പ് ഈ ക്രൂരകൃത്യം ചെയ്തിരുന്ന പലരും ഖേദപ്രകടനവുമായി നബി(ﷺ)യെ
സമീപിക്കുകയും മാപ്പപേക്ഷിക്കുകയും പ്രായശ്ചിത്തമെന്നോണം പലരും ഒട്ടകത്തെ അറുത്ത്
ദാനം ചെയ്യുകയും ചെയ്തിരുന്നതായി ധാരാളം റിപ്പൊർട്ടുകൾ നമുക്ക് കാണാവുന്നതാണ്.
10. وَإِذَا الصُّحُفُ نُشِرَتْ
ഏടുകൾ തുറക്കപ്പെടുകയും ചെയ്യുമ്പോൾ
ഓരോരുത്തരുടെയും
എല്ലാ കർമ്മങ്ങളും രേഖപ്പെടുത്തിയ ഏടുകൾ ഹാജറാക്കപ്പെടുകയും ഓരോരുത്തർക്കും അത്
വായിച്ച് നോക്കാൻ സൗകര്യപ്പെടുമാർ അത് നിവർത്തി കൈകളിൽ നൽകപ്പെടുകയും ചെയ്യും.
പരലോകത്തെ ഏറ്റവും വലിയ വിഷയം തന്നെയാണിത്. ജീവിതത്തിൽ നാം ചെയ്യുന്നതെല്ലാം
രേഖപ്പെടുത്താൻ അല്ലാഹു നേരത്തേ തന്നെ സംവിധാനമുണ്ടാക്കുകയും ആ ഗ്രന്ഥം
ഓരോരുത്തർക്കും നൽകി അത് വായിക്കാൻ നിർദ്ദേശിക്കപ്പെടുകയും ചെയ്യും. നാം
ചെയ്തതെല്ലാം അതിൽ രേഖപ്പെട്ട് കിടക്കുന്നുണ്ടാവും. അതിരഹസ്യമായി നാം ചെയ്ത
കാര്യങ്ങളടക്കം എല്ലാം സവിസ്തരം അതിൽ വായിക്കുമ്പോൾ പലരുടെയും കണ്ണ്
തള്ളിപ്പോവും. ചെറുതെന്ന് ഞാൻ കരുതിയിരുന്നവ പോലും വായിക്കേണ്ടി വരുമ്പോൾ
ഇതെന്തൊരു അത്ഭുത ഗ്രന്ഥം! ചെറുതും വലുതും ഒന്നും വിട്ട് കളഞ്ഞിട്ടില്ലല്ലോ എന്ന്
മനുഷ്യൻ വിലപിക്കും. അന്ന് നമ്മെ ദുഃഖിപ്പിക്കാനിടയുള്ള തിന്മകളൊക്കെ ഒഴിവാക്കി
ഗ്രന്ഥം വായിക്കുമ്പോൾ സന്തോഷിക്കാനാവശ്യമായ നല്ല പ്രവർത്തനങ്ങൾ കൊണ്ട്
വിജയിക്കാൻ ശ്രമിക്കുക .അല്ലാഹു അനുഗ്രഹിക്കട്ടെ .ആമീൻ
11. وَإِذَا السَّمَاء كُشِطَتْ
ആകാശം മറ മാറ്റപ്പെടുകയും ചെയ്യുമ്പോൾ
മൃഗങ്ങളുടെ തൊലിയുരിക്കുന്നത്
പോലെ ആകാശത്തിന്റെ മറകളെല്ലാം, തട്ടിമാറ്റി ആകാശം വെളിവാക്കപ്പെടും.ആകാശം
ചുരുട്ടുകയും സ്ഥാനങ്ങളിൽ നിന്ന് നീക്കപ്പെടുകയും ചെയ്യുമെന്നും അർത്ഥമുണ്ട്.
12. وَإِذَا الْجَحِيمُ سُعِّرَتْ
നരകം ആളിക്കത്തിക്കപ്പെടുകയും ചെയ്യുമ്പോൾ.
എത്രയോ കാലമായി
കത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നരകം അല്ലാഹുവിന്റെ കോപത്താലും മനുഷ്യരുടെ
ദോഷത്താലും അതി ശക്തിയായി കത്തിക്കപ്പെടും അന്ന്.
13. وَإِذَا الْجَنَّةُ أُزْلِفَتْ
സ്വർഗം അടുപ്പിച്ചു കൊണ്ട് വരപ്പെടുകയും ചെയ്യുമ്പോൾ.
സ്വർഗ്ഗം
സജ്ജനങ്ങളിലേക്ക് അടുപ്പിക്കപ്പെടുമെന്നാൽ സ്വർഗത്തിനു സ്ഥാന ചലനം
സംഭവിക്കുമെന്നല്ല മറിച്ച് ഭക്തരെ അത് പ്രാപിക്കാൻ പാകത്തിൽ അല്ലാഹു അങ്ങോട്ട്
എത്തിക്കുമെന്നാണ് ഹസൻ(رضي الله عنه ) അഭിപ്രായപ്പെട്ടത്. ഏതായാലും വിശ്വാസികൾക്ക്
വേണ്ടി ചമഞ്ഞൊരുങ്ങി നിൽക്കുന്ന സ്വർഗവും ധിക്കാരികൾക്ക് വേണ്ടി അലറി വിളിക്കുന്ന
നരകവും അന്നേദിനത്തിന്റെ ഏറ്റവും വലിയ പ്രത്യേകതയാണ്.
ഖുർആൻ
പറയുന്നു. (الشعراء 90-91
وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ
وَبُرِّزَتِ الْجَحِيمُ لِلْغَاوِينَ
സ്വർഗം
ഭക്തന്മാരിലേക്ക് അടുപ്പിക്കപ്പെടും ജ്വലിക്കുന്ന നരകം ദുർമാർഗികളിലേക്ക്
വെളിവാക്കപ്പെടുകയും ചെയ്യും (സൂറ:ശുഅറാഅ്90-91)
14. عَلِمَتْ نَفْسٌ مَّا أَحْضَرَتْ
(അപ്പോൾ) ഓരോ ആളും താൻ തയ്യാറാക്കി കൊണ്ട് വന്നത്
എന്താണെന്ന് അറിയുന്നതാണ്.
മുമ്പ്
വിശദീകരിച്ച അതീവ ഗൗരവ രംഗങ്ങൾ കണ്ണിൽ കാണുകയും ചെയ്ത് വെച്ച പ്രവർത്തനങ്ങളെല്ലാം
തന്റെ ഏടിലും മനസിലും തെളിഞ്ഞു വരികയും ചെയ്യുമ്പോൾ താൻ ഭൗതിക ജീവിതത്തിൽ
എന്തെല്ലാം ചെയ്തുവെന്നും അത് തനിക്കിവിടെ ഗുണപരമായി മാറുമോ അതോ തന്നെ
പിടിച്ചുലക്കുമോ എന്നെല്ലാം അനുഭവത്തിൽ ബോദ്ധ്യപ്പെടും .പക്ഷെ അവിടെ വെച്ച് തന്റെ
പ്രവർത്തനങ്ങൾ പരാജയമായിരുന്നുവെന്ന് മനസിലാക്കിയാൽ ഒരു പ്രായശ്ചിത്തത്തിനോ
പരിഹാരക്രിയക്കോ സംവിധാനമുണ്ടാവില്ല. കാരണം അത് പ്രതിഫലദിനമാണ് പ്രവർത്തന
ദിനമല്ല. അതിനാൽ ബുദ്ധിയുള്ളവൻ അന്നത്തെ രക്ഷക്ക് വേണ്ട മുൻകരുതൽ ഇന്ന് എടുക്കണം
അല്ലെങ്കിൽ തീരാദു:ഖത്തിലും മാറാവേദനയിലും എത്തിപ്പെടും. നബി(ﷺ)
പറയുന്നു. ‘പരലോകത്ത്
ഒരു ദ്വിഭാഷിയുടെ സഹായമില്ലാതെ ഓരോരുത്തരോടും അല്ലാഹു സംസാരിക്കും അപ്പോൾ മനുഷ്യൻ
തന്റെ വലത് ഭാഗത്തേക്ക് നോക്കിയാൽ താൻ നേരത്തേ ചെയ്ത് വെച്ച കാര്യങ്ങൾ മാത്രമേ
അവൻ കാണുകയുള്ളൂ. ഇടത്തോട്ട് നോക്കിയാലും തഥൈവ!അപ്പോൾ അവന്റെ മുന്നിൽ
അലറിവിളിക്കുന്ന നരകം അവൻ കാണുന്നുണ്ടാവും. അതിനാൽ ഒരു കാരക്കക്കഷ്ണം
കൊണ്ടെങ്കിലും നരകത്തെ സൂക്ഷിക്കാൻ സാധിക്കുന്നവർ അത് ചെയ്യട്ടെ(അഥവാ നരകത്തിൽ
നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന ഒരു കച്ചിത്തുരുമ്പും അവഗണിക്കരുത്) അല്ലാഹു
അന്നേദിനം സന്തോഷത്തോടെ സ്വർഗത്തിലേക്ക് ആനയിക്കപ്പെടുന്നവരിൽ നമ്മെയെല്ലാം
ഉൾപ്പെടുത്തട്ടെ.. ആമീൻ
( 14 മുതൽ 29 വരെ സൂക്തങ്ങളുടെ വിശദീകരണം ) part-2 ഇവിടെ വായിക്കാം
5 comments:
ഇമാം തുർമുദി(റ) റിപ്പൊർട്ട് ചെയ്ത ഒരു നബി വചനത്തിൽ ഇങ്ങനെ കാണാം നബി(സ്വ) പറഞ്ഞതായി ഇബ്നു ഉമർ(റ) പറയുന്നു. ഖിയാമത്ത് നാളിനെ നോക്കി കാണുന്നത് ആരെയെങ്കിലും സന്തോഷിപ്പിക്കുന്നുവെങ്കിൽ അവർ സൂറ:81(തക്വീർ), സൂറ: 82(ഇൻഫിത്വാർ), സൂറ: 84(ഇൻശിഖാഖ്) എന്നിവ പാരായണം ചെയ്യട്ടെ (അന്ത്യനാളിന്റെ നേർക്കാഴ്ച്ചയാണിവ)
വിളക്കിനും അണിയറ വർക്കേഴ്സിനും അഭിനന്ദനങ്ങൾ!!!
പ്രകാശം പരത്തി വിളക്ക് കൂടുതൽ ഹൃദയങ്ങളിലെത്തട്ടെ
ഓൾ ദ ബെസ്റ്റ്
നേരിന്റെ കൂടെ
എ.കെ
നന്ദി
രണ്ടാം ഭാഗം 15 മുതൽ 29 വരെ സൂക്തങ്ങളുടെ വിശദീകരണം ഇവിടെ
edited and updated. pdf file added
Post a Comment