അദ്ധ്യായം 82 സൂറ : അൽഇൻഫിത്വാർ | മക്കയിൽ
അവതരിച്ചു | സൂക്തങ്ങൾ 19
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
1. إِذَا السَّمَاء انفَطَرَتْ
ആകാശം പൊട്ടിപ്പിളരുമ്പോൾ.
കഴിഞ്ഞ അദ്ധ്യായത്തിൽ
(അദ്ധ്യായം 81 )സൂചിപ്പിച്ച
പോലെ ഖിയാമത്ത് നാളിലെ ചില സംഭവങ്ങൾ തന്നെയാണ് ഇവിടെയും പരാമർശം. സൂറ:അത്തക്‌വീറിലെ പതിനൊന്നാം
സൂക്തമാണ് ഇതിലെ ഒന്നാം സൂക്തത്തിന്റെ ആശയം സൂചിപ്പിക്കുന്നത്. മൃഗത്തിന്റെ തൊലി
പൊളിക്കുന്നത് പോലെ ആകാശത്തിന്റെ മറകളെല്ലാം നീക്കി അവ വെളിവാക്കപ്പെടുമെന്ന്
അവിടെ വിശദീകരിച്ചത് ഓർക്കുക.ആ മാറ്റത്തിന്റെ പര്യവസാനമായിരിക്കും പൊട്ടിപ്പിളരുക
എന്ന് ഇവിടെ സൂചിപ്പിച്ചത്
2.وَإِذَا الْكَوَاكِبُ انتَثَرَتْ
(നക്ഷത്ര)ഗ്രഹങ്ങൾ കൊഴിഞ്ഞു
വീഴുകയും ചെയ്യുമ്പോൾ.
മുൻ അദ്ധ്യായത്തിലെ രണ്ടാം
സൂക്തവും ഇതിലെ രണ്ടാം സൂക്തവും ഒരേ ആശയം പ്രതിഫലിപ്പിക്കുന്നു നക്ഷത്ര
ഗ്രഹങ്ങളെല്ലാം അതിന്റെ സ്ഥാനവും ക്രമവും വിട്ട് കൊഴിഞ്ഞു വീഴുന്നു
3.وَإِذَا الْبِحَارُ فُجِّرَتْ
സമുദ്രങ്ങൾ പൊട്ടി ഒഴുക്കപ്പെടുകയും ചെയ്യുമ്പോൾ.
മുൻ അദ്ധ്യായത്തിലെ ആറാം
സൂക്തവും ഇതിലെ മൂന്നാം സൂക്തവും ഒരേ വിഷയത്തെ കുറിച്ചാണ് സംസാരിക്കുന്നത് അന്നേ
ദിനം ഭൂമിയിലുണ്ടാവുന്ന മാറ്റത്തിന്റെ ഭാഗമായി സമുദ്രം തിളച്ച് മറിയുകയും
കരകവിഞ്ഞൊഴുകുകയും ചെയ്യുന്നതാണ്.
4.وَإِذَا الْقُبُورُ بُعْثِرَتْ
ഖബ്‌റുകൾ (അടിയോടെ)ഇളക്കി മറിക്കപ്പെടുകയും ചെയ്യുമ്പോൾ.
ഈ പറഞ്ഞതിന്റെ ഉദ്ദേശ്യം ഖബറുകളിലുള്ളവരെ രണ്ടാമത്
ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുമെന്നാണ്. ഇമാം റാസി رحمة الله عليه എഴുതുന്നു. ‘ഇവിടെ രണ്ട് വ്യാഖ്യാനമുണ്ട്.
(1)
ഖബറുകൾ ഇളക്കി മറിക്കപ്പെടുന്നത് അതിനകത്തുള്ള മയ്യിത്തുകൾക്ക് ജീവൻ നൽകി പുറത്ത് കൊണ്ട് വന്ന് കൊണ്ടാണ്
(2)
ഭൂമിക്കകത്തുള്ള സ്വർണ്ണം വെള്ളി തുടങ്ങിയ വസ്തുക്കൾ പുറത്ത് കൊണ്ട് വരുമെന്നാണ്. കാരണം അന്ത്യ നാളിന്റെ അടയാളങ്ങളിൽ ഇങ്ങനെയുള്ള നിക്ഷേപങ്ങൾ പുറത്തെത്തിച്ചതിനു ശേഷമാണ് മരണപ്പെട്ടവർക്ക് പുനർജന്മം നൽകുക എന്ന് കാണാം. എന്നാൽ ഒന്നാമത്തെ വ്യാഖ്യാനമാണ് ഇവിടെ ഏറ്റവും യോജിക്കുന്നത് (റാസി.31/71).
(1)
ഖബറുകൾ ഇളക്കി മറിക്കപ്പെടുന്നത് അതിനകത്തുള്ള മയ്യിത്തുകൾക്ക് ജീവൻ നൽകി പുറത്ത് കൊണ്ട് വന്ന് കൊണ്ടാണ്
(2)
ഭൂമിക്കകത്തുള്ള സ്വർണ്ണം വെള്ളി തുടങ്ങിയ വസ്തുക്കൾ പുറത്ത് കൊണ്ട് വരുമെന്നാണ്. കാരണം അന്ത്യ നാളിന്റെ അടയാളങ്ങളിൽ ഇങ്ങനെയുള്ള നിക്ഷേപങ്ങൾ പുറത്തെത്തിച്ചതിനു ശേഷമാണ് മരണപ്പെട്ടവർക്ക് പുനർജന്മം നൽകുക എന്ന് കാണാം. എന്നാൽ ഒന്നാമത്തെ വ്യാഖ്യാനമാണ് ഇവിടെ ഏറ്റവും യോജിക്കുന്നത് (റാസി.31/71).
ഈ നാല്
സൂക്തങ്ങളുടെ ക്രമീകരണത്തെ കുറിച്ച് ഇമാം റാസി رحمة الله عليه എഴുതുന്നത്
ചിന്താർഹമാണ്. ‘ഈ ഈ
സൂക്തങ്ങളുടെ ഉദ്ദേശ്യം ലോകം നശിക്കുമെന്നും നിർദ്ദേശങ്ങൾ നിലക്കുമെന്നും ആകാശം
മേൽക്കൂര പോലെയും ഭൂമി കെട്ടിടം പോലെയും ആണെന്നും ഒരു കെട്ടിടം
പൊളിക്കാനുദ്ദേശിക്കുന്നവൻ ആദ്യം അതിന്റെ മേൽക്കൂരയാണ് തകർക്കുക. ഇതാണ് ആകാശം
പൊട്ടിപ്പിളരുമ്പോൾ എന്നതിന്റെ താൽപര്യം. ആകാശം തകരുന്നതോടെ നക്ഷത്രങ്ങൾ തകർന്ന്
വീഴുക സ്വാഭാവികം മാത്രം. ഇതാണ് രണ്ടാം സൂക്തം നക്ഷത്രങ്ങൾ ഉതിർന്ന് വീഴുമ്പോൾ
എന്ന് പറഞ്ഞത് ആകാശത്തിന്റെ തകർച്ചയും നക്ഷത്രങ്ങളുടെ വീഴ്ച്ചയും കഴിഞ്ഞാൽ
ഭൂമുഖത്തുള്ളവയുടെ നാശം ആരംഭിക്കും. അതാണ് മൂന്നാം സൂക്തം സൂചിപ്പിക്കുന്നത്
അവസാനം ഭൂമിയാകുന്ന കെട്ടിടത്തിന്റെ സമൂല നാശം നടക്കും അതാണ് നാലാം സൂക്തം
സൂചിപ്പിക്കുന്നത്. ഈ ചിന്തനീയമായ ക്രമമാണ് ഖുർആൻ മുന്നോട്ട് വെച്ചത്’(റാസി 31/71)
5.عَلِمَتْ نَفْسٌ مَّا قَدَّمَتْ وَأَخَّرَتْ
(അപ്പോൾ) ഓരോ ആളും താൻ മുമ്പ് ചെയ്ത് വെച്ചതും
(ചെയ്യാതെ)പിന്നേക്ക് വെച്ചതും എന്താണെന്ന് അറിയുന്നതാണ്.
മുൻ അദ്ധ്യായത്തിലെ പതിനാലാം
സൂക്തം സൂചിപ്പിച്ചത് തന്നെയാണ് ഇവിടെയും ഉദ്ദേശ്യം. ഈ ലോകത്ത് വെച്ച് ചെയ്ത
കർമ്മങ്ങളാണ്(മുന്നെ ചെയ്ത് വെച്ചത്)എന്ന് പറഞ്ഞത് പ്രവർത്തിക്കാതെ വിട്ട്
കളഞ്ഞ കാര്യങ്ങളാണ് (പിന്നേക്ക് വെച്ചത്)എന്നതിന്റെ താൽപര്യം. അതായത് ഭൂമിയിൽ
ജീവിച്ചപ്പോൾ ഉത്തരവാദിത്വനിർവ്വഹണത്തിൽ താൻ എത്രത്തോളം വിജയിച്ചിരുന്നുവെന്നും, അപ്പോൾ താൻ
നിർവ്വഹിക്കാതെ വിട്ട് കളഞ്ഞ ഉത്തരവാദിത്വങ്ങൾ എന്തൊക്കെയാണെന്നും അവിടെ വെച്ച്
അറിയും എന്ന് സാരം.
ഇങ്ങനെ
പറഞ്ഞത് ഈ ഭൂമിയിലെ ജീവിതത്തിൽ തെറ്റുകൾ കയ്യൊഴിക്കാനും ആരാധനാ കാര്യങ്ങളിൽ സജീവത
കൈവരിക്കാനും പ്രചോദനം നൽകാനാണ്. കാരണം എന്റെ ജീവിതം ശരിക്കും വിശകലനം നടക്കുന്ന
ഒരു ദിനം വരാനുണ്ടെന്നറിയുന്ന ബുദ്ധിമാൻ മുൻകരുതലെടുക്കാൻ നിർബന്ധിതനാവുമെന്നതിൽ
തർക്കമില്ലല്ലോ! മറ്റൊരു വ്യാഖ്യാനം ഇവിടെയുണ്ട്. ഇമാം സുയൂഥി رحمة الله عليه എഴുതുന്നു. ‘മുന്നേ
ചെയ്ത് വെച്ചതെന്നാൽ താൻ ചെയ്ത നന്മകളും പിന്നേക്ക് വെച്ചതെന്നാൽ താൻ ബാക്കി
വെച്ച നല്ല ചര്യയുമാണ്. അത് പിന്നീട് വരുന്നവർ ചെയ്തു കൊണ്ടിരിക്കും .അതിന്റെ
പേരിൽ തനിക്ക് പ്രതിഫലം ലഭ്യമാവുകയും ചെയ്യും. ഇതാണ് നല്ല മാതൃകകൾ പിൻ
തലമുറക്കായി ബാക്കി വെക്കുന്നത് സൗഭാഗ്യവും, തെറ്റായ കീഴ്‌വഴക്കങ്ങൾ സ്ഥാപിച്ച്
മരണപ്പെട്ട് പോകുന്നത് പരാജയവുമാകുന്നു എന്ന് പറയാൻ കാരണം (അദ്ദുർ അൽ മൻഥൂർ6/534)
6.يَا أَيُّهَا الْإِنسَانُ مَا غَرَّكَ بِرَبِّكَ الْكَرِيمِ
ഹേ മനുഷ്യാ! മാന്യനായ (ഉദാരനായ)നിന്റെ നാഥനെ കുറിച്ച് നിന്നെ വഞ്ചിച്ച്
കളഞ്ഞതെന്താണ്?
7.الَّذِي خَلَقَكَ فَسَوَّاكَ فَعَدَلَكَ
അതെ! നിന്നെ അവൻ സൃഷ്ടിക്കുകയും ശരിപ്പെടുത്തുകയും അവൻ നിന്നെ
പാകപ്പെടുത്തുകയും ചെയ്തു.
8.فِي أَيِّ صُورَةٍ مَّا شَاء رَكَّبَكَ
ഏതൊരു രൂപത്തിലാണോ അവൻ ഉദ്ദേശിച്ചത് ആ രൂപത്തിൽ അവൻ നിന്നെ കൂട്ടിച്ചേർത്തു.
കഴിഞ്ഞ
സൂക്തങ്ങളിൽ ലോകാവസാനവും പുനർജ്ജന്മവുമൊക്കെ പരാമർശിച്ചപ്പോൾ അതിന്റെ സംഭവ്യതക്ക്
തന്റെ ജീവിതത്തിൽ നിന്ന് തന്നെ തെളിവ് നൽകുകയാണ് അല്ലാഹു. അഥവാ മനുഷ്യൻ തന്നെ
കുറിച്ചു തന്നെയൊന്ന് ചിന്തിച്ചുകൂടെ? അവൻ നിന്നെ ഇന്ദ്രിയ തുള്ളിയിൽ നിന്ന്
പടക്കുകയും നിനക്കാവശ്യമായ അവയവങ്ങൾ നൽകി ശരിപ്പെടുത്തുകയും ഓരോ അവയവവും അതാതിന്റെ
തോതും യോജിപ്പുമനുസരിച്ച് യഥാക്രമം പാകപ്പെടുത്തി നിന്റെയോ മറ്റാരുടെയോ ഇഷ്ടമോ
അഭിപ്രായമോ അനുസരിച്ചല്ലാതെ അവന്റെ ഉദ്ദേശ്യത്തിനനുസരിച്ച് അവൻ നിനക്ക് രൂപം
നൽകുകയും ചെയ്തു. ഇങ്ങനെ നിനക്ക് സൃഷ്ടിയും രൂപവും നൽകി നിന്നെ സംരക്ഷിച്ച്
വരുന്ന അത്യുദാരനും അതി മാന്യനുമായ നിന്റെ നാഥന്റെ അനുഗ്രഹങ്ങൾക്ക് നന്ദി
കാണിക്കാതെയും അവന്റെ ശാപ കോപങ്ങളെ കുറിച്ച് ഭയപ്പെടാതെയും നീ ജീവിക്കുന്നത്
അത്ഭുതം തന്നെ! നിന്റെ തെറ്റുകൾക്ക് ഉടനടി അവൻ ശിക്ഷ നൽകിയില്ല എന്നത് അവന്റെ
മഹാ അനുഗ്രഹമായി മനസിലാക്കി കൂടുതൽ നന്ദിയുള്ളവനാവുന്നതിനു പകരം നീ എന്തേ ഇത്രയും
ധിക്കാരിയായത്? എന്നാണ്
അല്ലാഹു ചോദിക്കുന്നത്.
അല്ലാഹു
ഉദ്ദേശിച്ചത് പോലെയാണ് അവൻ സൃഷ്ടിക്കുന്നതെന്നും നിങ്ങളുടെ അഭിപ്രായത്തിനു അതിൽ
ഒരു കാര്യവുമില്ലെന്നത് കൊണ്ടാണ് കറുത്ത മാതാപിതാക്കൾക്ക് വെളുത്ത കുട്ടിയും
തിരിച്ചും വികലാംഗർക്ക് അല്ലാത്ത കുട്ടിയെ കൊടുത്തതും തിരിച്ചു നൽകുന്നതുമൊക്കെ
എന്ന് നമുക്ക് അനുഭവമല്ലേ?
9.كَلَّا بَلْ تُكَذِّبُونَ بِالدِّينِ
അങ്ങനെ വേണ്ടാ! പക്ഷെ നിങ്ങൾ പ്രതിഫലം നൽകപ്പെടുന്ന ദിനത്തെ നിഷേധിക്കുന്നു.
സൃഷ്ടാവായ
അല്ലാഹുവിൽ നിന്ന് ഭൗതിക ലോകത്ത് വെച്ച് തിരിച്ചടികളും ശിക്ഷകളും
ഉണ്ടാവുന്നില്ലെന്നത് അല്ലാഹുവിനെ തന്നെ നിഷേധിക്കുന്നിടത്തേക്ക് നിങ്ങളെ
എത്തിച്ചിരിക്കുന്നുവെന്നും അത് അത്ഭുതകരമായ വഞ്ചനയിൽ നിങ്ങൾ പെട്ടത്
കൊണ്ടാണെന്നും ഉണർത്തിയ അല്ലാഹു ഈ വഞ്ചനയുടെ ഏറ്റവും വലിയ തെളിവാണ് നിങ്ങൾ
പ്രതിഫല ദിനത്തെ നിഷേധിക്കുന്നത് എന്നും അതൊരിക്കലും ബുദ്ധിയുള്ളവർക്ക് ചേർന്ന
പണിയല്ലെന്നും ഉണർത്താനാണീ പ്രയോഗം ഇത്രയൊക്കെ സൗകര്യങ്ങൾ നിങ്ങൾക്ക് ചെയ്ത്
തന്ന അല്ലാഹു നിങ്ങളുടെ പ്രവർത്തനങ്ങൾ വിലയിരുത്താനും വിചാരണ ചെയ്യാനും ഒരുക്കുന്ന
ദിനമാണ് പ്രതിഫല ദിനം! അത് നിഷേധിക്കുന്നിടത്തോളം നിങ്ങൾ അഹങ്കാരികളായി.
അതൊരിക്കലും ഉണ്ടാവരുതായിരുന്നു എന്നാണ് ഉണർത്തുന്നത് അഥവാ ഇവിടെ നിങ്ങൾക്ക്
അല്ലാഹു തന്ന സാവകാശം നിങ്ങളെ എന്തും ചെയ്യാൻ കയറൂരി വിട്ടതല്ലെന്നും പ്രവർത്തനം
വിലയിരുത്തി പ്രതിഫലം തരാനായി അല്ലാഹു സംവിധാനിച്ച ദിവസം വരാനിരിക്കുന്നുവെന്നും
അത് ഓർക്കാതെയുള്ള അപഥ സഞ്ചാരം ആപത്താണെന്നും ഉണർത്തുകയാണിവിടെ! ആദിനത്തിന്റെ
സംഭവ്യതക്ക് ആവശ്യമായ തെളിവുകൾ നേരത്തേ പറഞ്ഞത് ഓർക്കുമല്ലോ!
10. وَإِنَّ عَلَيْكُمْ لَحَافِظِينَ
നിശ്ചയം! നിങ്ങളുടെ മേൽ സൂക്ഷ്മമായി നിരീക്ഷണം നടത്തിക്കൊണ്ടിരിക്കുന്ന
ചിലരുണ്ട് താനും.
11.كِرَامًا كَاتِبِينَ
അതായത് (കാര്യങ്ങൾ )എഴുതി രേഖപ്പെടുത്തുന്ന മാന്യന്മാർ!
12.يَعْلَمُونَ مَا تَفْعَلُونَ
നിങ്ങൾ ചെയ്യുന്നതെല്ലാം അവർ അറിയുന്നുണ്ട്.
വിചാരണ
ദിനത്തിലേക്ക് ആവശ്യമായ തെളിവുകൾ നിരത്താൻ അല്ലാഹു തന്നെ ചെയ്ത സംവിധാനമാണിത്.
മനുഷ്യന്റെ ജീവിതം ഒപ്പിയെടുക്കാനും അവരുടെ എല്ലാ കാര്യങ്ങളും എഴുതി വെക്കാനും
ബഹുമാനികളായ മാലാഖമാരെ അല്ലാഹു ഒരുക്കിയിട്ടുണ്ട്. അവരുടെ നിരീക്ഷണത്തിൽ നിന്ന്
പുറത്ത് കടക്കാനോ അവരുടെ കണ്ണ് വെട്ടിച്ച് കുറ്റങ്ങളിൽ മുഴുകാനോ ഒരാൾക്കും
സാദ്ധ്യമല്ല. ഖുർആൻ തന്നെ ധാരാളം സ്ഥലങ്ങളിൽ ഈ മലക്കുകളുടെ സാന്നിദ്ധ്യത്തെ
കുറിച്ച് പരാമർശിച്ചിട്ടുണ്ട്. അവർ പകപോക്കലിന്റെ പേരിൽ എന്തെങ്കിലും എഴുതി
വെക്കുന്നവരല്ലെന്നും മറിച്ച് മാന്യന്മാരാണെന്നും അല്ലാഹു ഉണർത്തുന്നു. നിങ്ങളുടെ
പ്രവർത്തനങ്ങളെല്ലാം അവർ അറിയുന്നു എന്ന പ്രസ്താവന തന്നെ മതി മനുഷ്യന്റെ കണ്ണ്
തുറപ്പിക്കാൻ!
ഇമാം
റാസി(റ)എഴുതുന്നു. ‘അല്ലാഹു
ഈ മലക്കുകൾക്ക്, വീക്ഷിക്കുന്നവർ, മാന്യന്മാർ, എഴുത്തുകാർ, നിങ്ങളുടെ
പ്രവർത്തനങ്ങളെല്ലാം അറിയുന്നവർ എന്നിങ്ങനെയുള്ള വിശേഷണങ്ങൾ പറഞ്ഞ് അവരെ
പുകഴ്ത്തിയത് അവരുടെ മഹത്വം പ്രകാശനം ചെയ്യുന്നതോടൊപ്പം പ്രതിഫല ദിനത്തിലെ
കാര്യങ്ങളുടെ ഗൗരവം അറിയിക്കാൻ കൂടിയാണ്’(റാസി 31/77). ചുരുക്കത്തിൽ പരലോകത്തിൽ നടക്കുന്ന വിചാരണ
ഒരിക്കലും പ്രഹസനമായിരിക്കില്ലെന്നും കൃത്യമായ തെളിവുകൾ മാറ്റുരക്കുകയും അതിന്റെ
അടിസ്ഥാനത്തിൽ വിധി വരികയും ചെയ്യുന്ന ദിനമാണത് എന്നും വ്യക്തം! അന്നത്തെ
വിധിയുടെ സ്വഭാവം എങ്ങനെയായിരിക്കുമെന്നാണ് തുടർന്നുള്ള സൂക്തങ്ങളിൽ അല്ലാഹു
സൂചിപ്പിക്കുന്നത് .
13.إِنَّ الْأَبْرَارَ لَفِي نَعِيمٍ
നിശ്ചയം, പുണ്യവാന്മാർ സുഖാനുഗ്രഹങ്ങളിൽ
തന്നെയായിരിക്കും.
പുണ്യവാന്മാർ
എന്ന് പറയപ്പെടണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് നിർബന്ധങ്ങൾ മുഴുവനും
നിർവ്വഹിക്കുകയും നിഷിദ്ധങ്ങൾ കയ്യൊഴിക്കുകയും വേണം. ഇമാം ത്വബ്‌രി رحمة الله عليه എഴുതുന്നു. ‘അല്ലാഹു
നിർബന്ധമാക്കിയതൊക്കെ എടുത്തു കൊണ്ടും ദോഷങ്ങളെ ഉപേക്ഷിച്ച് കൊണ്ടും ഗുണം
പ്രവർത്തിച്ചവർ സ്വർഗ്ഗീയ സുഖങ്ങളിൽ വിരാജിക്കും(ത്വബ്‌രി30/97)’. അപ്പോൾ
സ്വർഗപ്രവേശനം കൊതിക്കുന്നവർ ചുരുങ്ങിയത് നിർബന്ധങ്ങൾ ചെയ്യാനും ഹറാമുകൾ
വർജ്ജിക്കാനും തയ്യാറായേ പറ്റൂ എന്നാണിത് നമ്മെ പഠിപ്പിക്കുന്നത്.
14.وَإِنَّ الْفُجَّارَ لَفِي جَحِيمٍ
(ദുർമാർഗികളായ) തോന്നിവാസികൾ ജ്വലിക്കുന്ന അഗ്നിയിലും
തന്നെയായിരിക്കും.
15.يَصْلَوْنَهَا يَوْمَ الدِّينِ
പ്രതിഫല ദിനത്തിൽ അവർ അതിൽ പ്രവേശിക്കും.
16.وَمَا هُمْ عَنْهَا بِغَائِبِينَ
അവർ അത് (നരകം) വിട്ട് മറഞ്ഞ്(ഒഴിവായി)പോകുന്നവരുമല്ല.
വിശ്വാസ
വിശുദ്ധി കൈവരിക്കാത്തവരും കർമ്മ രംഗത്ത് ശ്രദ്ധയില്ലാതെ അപഥ സഞ്ചാരം
നടത്തിയവരുമൊക്കെ ഓർക്കേണ്ട വാചകമാണിത്. വിശ്വാസം ശരിയല്ലാത്തവരാണ് ഒരിക്കലും
നരകത്തിൽ നിന്ന് രക്ഷപ്പെടില്ലെന്ന് പറഞ്ഞത് കൊണ്ട് ഉദ്ദേശ്യം. അവർ നരകത്തിൽ
നിന്ന് പുറത്ത് കടത്താനും പിന്നീട് നന്നായി ജീവിച്ചോളാം എന്ന് വിലപിക്കാനുമൊക്കെ
തുടങ്ങും. പക്ഷെ ഈ സാഹചര്യത്തെ സംബന്ധിച്ച് വേണ്ടത് പോലെ നേരത്തെ നിങ്ങൾക്ക്
ഉത്ബോധനം ലഭിച്ചിട്ടും അത് അവഗണിച്ച നിങ്ങൾക്ക് വീണ്ടും അവസരം തന്നാലും അത്
തന്നെ തുടരുമെന്നും അതിനാൽ നരകശിക്ഷ തുടരുകയല്ലാതെ കിടന്ന് മോങ്ങേണ്ടതില്ലെന്ന
മറുപടിയാണ് അവരെ കാത്തിരിക്കുന്നത് എന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇത്
ഗൗരവത്തോടെ കാണാനും ജീവിത കാലത്ത് മുൻകരുതലെടുക്കാനും അല്ലാഹു തൗഫീഖ് നൽകട്ടെ.
ആമീൻ.
ഇമാം റാസി رحمة الله عليه എഴുതുന്നു. ‘സുലൈമാനുബ്നു
അബ്ദിൽ മലിക് എന്നവർ അബൂഹാസിം എന്ന മഹാനോട് ചോദിച്ചു നാളെ(പരലോകത്ത് )എങ്ങനെയാണ്
അല്ലാഹുവിന്റെ അടുത്ത് വരിക?എന്ന്. മഹാൻ പറഞ്ഞു. ‘നല്ല വിശ്വാസവും സൽക്കർമ്മങ്ങളുമുള്ളവൻ വിദേശത്ത് പോയവൻ
സാവേശം തന്റെ കുടുംബത്തിലേക്ക് വരുന്നവനെ പോലെ സന്തോഷത്തിലും തിന്മയുടെ വാക്താവ്
ഓടിപ്പോയ അടിമ യജമാനന്റെ അടുത്ത് വരുന്നത് പോലെയുമായിരിക്കും’. അപ്പോൾ
കരഞ്ഞ് കൊണ്ട് സുലൈമാൻ എന്നവർ ചോദിച്ചു അല്ലാഹുവിന്റെ സന്നിധിയിൽ
എനിക്കെന്താണുള്ളത് എന്ന് അറിയാൻ എന്താണ് മാർഗ്ഗം? മഹാൻ പറഞ്ഞു നിന്റെ പ്രവർത്തനങ്ങളെ ഖുർആനിന്റെ
മേൽ വെളിവാക്കുക. സുലൈമാൻ ചോദിച്ചു ഖുർആനിൽ എവിടെയാണ് ഞാൻ നോക്കേണ്ടത് ? അപ്പോൾ മഹാൻ
പറഞ്ഞുനിശ്ചയം പുണ്യവാന്മാർ സുഖത്തിലും ദുർമാർഗ്ഗികൾ നരകത്തിലുമാണ് എന്ന
സൂക്തങ്ങൾ നോക്കുക.
വേറെയും
വ്യാഖ്യാനങ്ങൾ ഇവിടെയുണ്ട്. നഈം എന്നാൽ അല്ലാഹുവിനെ കുറിച്ച് അറിയലും ജഹീം
എന്നാൽ ദേഹേഛയുടെ ഇരുട്ടും ആണ്. അഥവാ നല്ലവർ അല്ലാഹുവിനെ അറിയാനും അവന്റെ
അനുഗ്രഹങ്ങളിലൂടെ അവന്റെ ശക്തി മനസ്സിലാക്കാനും സമയം കണ്ടെത്തുമ്പോൾ ദുർമാർഗ്ഗികൾ
താൽക്കാലിക സുഖങ്ങളിൽ സന്തോഷം കണ്ടെത്തുന്നവരായിരിക്കും ആ സുഖങ്ങൾക്ക് വേണ്ടി
പരലോകം നഷ്ടപ്പെടുത്തുമെന്ന് സാരം. നഈം എന്നാൽ അല്ലാഹുവിൽ ഭരമേൽപ്പിക്കലും ജഹീം
എന്നാൽ അത്യാഗ്രഹം എന്നും, നഈം എന്നാൽ അല്ലാഹുവിന്റെ തൃപ്തിയിൽ ജോലിയാവലും
ജഹീം എന്നാൽ സൃഷ്ടികളുടെ തൃപ്തിയിൽ ജോലിയാവലും എന്നും ചില വ്യാഖ്യാനങ്ങളുണ്ട്(റാസി
31/78-79)
17.وَمَا أَدْرَاكَ مَا يَوْمُ الدِّينِ
പ്രതിഫല ദിവസം എന്നാൽ എന്താണ് എന്ന് താങ്കൾക്ക് അറിവ് നകിയതെന്താണ്?
18.ثُمَّ مَا أَدْرَاكَ مَا يَوْمُ الدِّينِ
വീണ്ടും(ചോദിക്കട്ടെ)പ്രതിഫല ദിവസം എന്നാൽ എന്താണെന്ന് തങ്ങൾക്ക് അറിവ്
നൽകിയത് എന്താണ്?
19.يَوْمَ لَا تَمْلِكُ نَفْسٌ لِّنَفْسٍ شَيْئًا وَالْأَمْرُ يَوْمَئِذٍ لِلَّهِ
ഒരാൾ മറ്റൊരാൾക്ക് ഒന്നും അധീനമാക്കാത്ത ദിവസമാണത് അന്ന് എല്ലാകാര്യങ്ങളും
(അധികാരങ്ങളും)അല്ലാഹുവിനാകുന്നു.
പ്രതിഫല
ദിവസത്തിന്റെ ഭയാനകത ബോദ്ധ്യപ്പെടുത്തുകയാണ് ഈ അവസാന വചനങ്ങൾ എല്ലാ
കാര്യങ്ങളുടെയും നിയന്ത്രണവും അധികാരവും എല്ലാ കാലത്തും അല്ലാഹുവിനു തന്നെയാണെങ്കിലും
ഭൗതികജീവിതത്തിൽ മനുഷ്യനു കുറെ സ്വാതന്ത്ര്യവും കഴിവുകളും അല്ലാഹു
നൽകിക്കൊണ്ടിരിക്കുകയും അതനുസരിച്ച് അവൻ പ്രവർത്തിച്ചു കൊണ്ടിരിക്കുകയും
ചെയ്തിരുന്നു. എന്നാൽ പരലോകത്തതെല്ലാം നിശ്ശേഷം തകരുകയും സംസാരിക്കാൻ പോലും
പലർക്കും അനുവാദമില്ലാതാവുകയും ഭയ വിഹ്വലരായി എല്ലാവരും അല്ലാഹുവിന്റെ വിധി കാത്ത്
നിൽക്കുകയും ചെയ്യും അല്ലാഹു അനുവാദം നൽകുന്നവരല്ലാതെ സംസാരിക്കാൻ പോലും ആർക്കും
സാധിക്കില്ല. അന്നത്തെ ദിനത്തിൽ വിശിഷ്ട പരിഗണന ലഭിക്കുന്നവരിൽ ഉൾപ്പെടാൻ നാം
പ്രവർത്തിക്കുക അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم
باحسان الي يوم الدين والحمد لله رب العالمين
5 comments:
അദ്ധ്യായം 82 അൽ ഇൻഫിത്വാർ
മക്കയിൽ അവതരിച്ചു. സൂക്തങ്ങൾ 19
സത്കര്‍മ്മത്തിന്‍റെ ഈ പാന്ഥാവിലേക്ക് എന്‍റെ എല്ലാ ആശംസകളും നേരുന്നു.
ഈ കർമ്മത്തിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
യൂസ്ഫ്പ,
പ്രചാരകൻ
മറ്റു വായനക്കാർ
എല്ലാവർക്കുൻ നന്ദി
അദ്ധ്യായം 83 മുതഫ്ഫിഫീൻ
1 മുതൽ 6 വരെ സൂക്തങ്ങളുടെ വിവരണം
ഇവിടെ വായിക്കുക
edited and updated. pdf file also available
Post a Comment