Monday, May 11, 2009

അദ്ധ്യായം 83 സൂറ: മുതഫ്ഫീൻ سورة المطففين ( ഭാഗം -3)

അദ്ദ്യായം 83 സൂറ: അൽ മുതഫ്ഫീൻ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 36
(നബി മദീനയിൽ എത്തിയ ഉടനെ അവതരിച്ചത് എന്നും അഭിപ്രായമുണ്ട്)


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

22 മുതൽ 36 വരെയുളള സൂക്തങ്ങളുടെ വിവരണം ഭാഗം 3

1 മുതൽ 7 വരെ ഭാഗം-1
7 മുതൽ 21 വരെ ഭാഗം-2

22.إِنَّ الْأَبْرَارَ لَفِي نَعِيمٍ

നിശ്ചയമായും പുണ്യവാന്മാർ സുഖാനുഗ്രഹങ്ങളിൽ തന്നെയായിരിക്കും.

നിർബന്ധങ്ങൾ നിറവേറ്റിയും അരുതായ്മകൾ കയ്യൊഴിച്ചും അല്ലാഹുവെ സൂക്ഷിക്കുന്നവരാണ്‌ പുണ്യവാന്മാർ

23.عَلَى الْأَرَائِكِ يَنظُرُونَ

അലംകൃത കട്ടിലുകളിലായി അവർ നോക്കിക്കൊണ്ടിരിക്കും.

അവർക്ക്‌ അല്ലാഹു നൽകിയ അനുഗ്രഹങ്ങളും ആദരവുകളും അവർ നോക്കിക്കൊണ്ടിരിക്കും എന്നും നരകാവകാശികൾക്ക്‌ അല്ലാഹു നൽകിയ ശിക്ഷ നോക്കുമെന്നും അഭിപ്രായമുണ്ട്‌(അപ്പോഴാണല്ലോ അവർക്ക്‌ ലഭിച്ച അംഗീകാരത്തിന്റെ വില മനസിലാവുക)

24.تَعْرِفُ فِي وُجُوهِهِمْ نَضْرَةَ النَّعِيمِ

അവരുടെ മുഖങ്ങളിൽ സുഖാനുഗ്രഹങ്ങളുടെ തേജസ്സ്‌ തങ്ങൾക്ക്‌ (കണ്ട്‌)അറിയാവുന്നതാണ്‌.

നിറഞ്ഞ മനസ്സും അർഹമായ അംഗീകാരവും എല്ലാം കൈക്കുമ്പിളിൽ ലഭ്യം എന്ന സാഹചര്യവും പൂർവ്വോപരി അല്ലാഹുവിന്റെ തൃപ്തിയുമാണ്‌ ഇത്രയും തേജസ്സ്‌ മുഖത്ത്‌ പ്രതിഫലിക്കാൻ കാരണം.

25يُسْقَوْنَ مِن رَّحِيقٍ مَّخْتُومٍ 

സീൽ വെക്കപ്പെട്ട ശുദ്ധമായ മദ്യത്തിൽ നിന്ന് അവർക്ക്‌ കുടിപ്പിക്കപ്പെടും.


26.خِتَامُهُ مِسْكٌ وَفِي ذَلِكَ فَلْيَتَنَافَسِ الْمُتَنَافِسُونَ

അതിന്റെ സീൽ കസ്തൂരിയായിരിക്കും.കിടമത്സരം നടത്തുന്നവർ അതിൽ കിടമത്സരം നടത്തട്ടെ

27.وَمِزَاجُهُ مِن تَسْنِيمٍ

അതിന്റെ ചേരുവ തസ്‌നീമിൽ നിന്നാണ്‌

28.عَيْنًا يَشْرَبُ بِهَا الْمُقَرَّبُونَ

അതായത്‌ (അല്ലാഹുവിങ്കൽ) സാമീപ്യം സിദ്ധിച്ചവർ കുടിച്ച്‌(ആസ്വദിക്കുന്ന)​‍ഉറവുജലം.

അല്ലാഹു മനുഷ്യരെ സൂറ: വാഖിഅ:യിൽ മൂന്നായി തരം തിരിച്ചിട്ടുണ്ട്‌ ഒന്ന് അല്ലാഹുവിന്റെ സാമീപ്യം ലഭിച്ച മുഖർറബീങ്ങൾ രണ്ട്‌ സൗഭാഗ്യത്തിന്റെ വലതു പക്ഷം മൂന്ന് ദൗർഭാഗ്യത്തിന്റെ ഇടത്‌ പക്ഷം ഇതിൽ ആദ്യ രണ്ട്‌ കക്ഷികൾ സ്വർഗത്തിലും മൂന്നാം കക്ഷി നരകത്തിലുമാണ്‌.എന്നാൽ സ്വർഗത്തിലെ രണ്ട്‌ കക്ഷികൾക്കും ഒരേ സ്ഥാനമല്ല.ഒന്നാം കക്ഷി ഏറ്റവും ശ്രേഷ്ടരാണ്‌ തസ്‌നീം എന്ന പാനീയം മറ്റൊന്നും കലർത്താതെ കുടിക്കാൻ അവർക്ക്‌ ലഭിക്കുംഎന്നാൽ രണ്ടാം വിഭാഗത്തിനു തസ്നീം ചേർത്ത മദ്യം നൽകപ്പെടും എന്നാണിവിടെ വിശദീകരിക്കുന്നത്‌. സജ്ജനങ്ങളുടെ ഏടുകളെക്കുറിച്ച്‌ പ്രസ്താവിച്ച ശേഷം അവർക്ക്‌ ലഭിക്കാൻ പോകുന്ന ഉന്നതമായ സുഖ സൗകര്യങ്ങൾ വിശകലനം ചെയ്യുകയാണിവിടെ!

അലംകൃതമായ കട്ടിലുകളിലിരുന്ന് അല്ലാഹുവിന്റെ അളവറ്റ അനുഗ്രഹങ്ങൾ നോക്കിക്കാണുക, കസ്തൂരി കൊണ്ട്‌ സീൽ വെക്കപ്പെട്ട, തസ്നീം(അല്ലാഹുവിന്റെ ഇഷ്ടം നേടിയവർക്ക്‌ കുടിച്ചാസ്വദിക്കാനായി സ്വർഗത്തിൽ സംവിധാനിച്ച ഒരു ശ്രേഷ്ടമായ നീരുറവ) എന്ന സ്വർഗത്തിലെ ഉന്നതമായ പാനീയം കലർത്തിയ സീൽപൊട്ടിക്കാത്ത പാത്രങ്ങളിലായി നൽകപ്പെടുന്ന മദ്യം നുകരുക, തുടങ്ങിയ അത്യുന്നത സുഖസൗകര്യങ്ങളോട്കൂടിയ ശാശ്വത സ്വർഗീയ ജീവിതം നയിക്കാനാണ്‌ മനുഷ്യൻ കിടമത്സരം നടത്തേണ്ടത്‌.അതാഗ്രഹിക്കുന്നവർ ഈ ലക്ഷ്യസാക്ഷാത്ക്കാരത്തിനായി മുന്നോട്ട്‌ വരട്ടെ എന്നിങ്ങനെ ആവേശകരമായ ഉത്ബോധനമാണ്‌ ഈ വചനങ്ങളിൽ തെളിഞ്ഞു കാണുന്നത്‌


29.إِنَّ الَّذِينَ أَجْرَمُوا كَانُواْ مِنَ الَّذِينَ آمَنُوا يَضْحَكُونَ

നിശ്ചയം കുറ്റം ചെയ്തവർ സത്യവിശ്വാസികളെക്കുറിച്ച്‌ (പരിഹസിച്ച്‌)ചിരിച്ച്‌ കൊണ്ടിരിക്കുന്നവരായിരുന്നു
30.وَإِذَا مَرُّواْ بِهِمْ يَتَغَامَزُونَ

തങ്ങളുടെ അടുത്ത്‌ കൂടി സത്യ വിശ്വാസികൾ നടന്ന് പോകുമ്പോൾ അവർ പരസ്പരം കണ്ണ്‌കൊണ്ട്‌ (ഗോഷ്ടി) കാണിക്കുകയും ചെയ്തിരുന്നു.


31.وَإِذَا انقَلَبُواْ إِلَى أَهْلِهِمُ انقَلَبُواْ فَكِهِينَ

തങ്ങളുടെ ബന്ധുക്കളിലേക്ക്‌ തിരിച്ച്‌ ചെല്ലുമ്പോൾ രസിച്ച്‌(സംതൃപ്തരായി) കൊണ്ടായിരുന്നു അവർ മടങ്ങി ചെന്നിരുന്നത്‌.

32
.وَإِذَا رَأَوْهُمْ قَالُوا إِنَّ هَؤُلَاء لَضَالُّونَ

ഇവർ പിഴച്ചവർ തന്നെയാണെന്ന് സത്യ വിശ്വാസികളെ കാണുമ്പോൾ അവർ പറയുകയും ചെയ്തിരുന്നു.

33
.وَمَا أُرْسِلُوا عَلَيْهِمْ حَافِظِينَ

സത്യവിശ്വാസികളുടെ മേൽനോട്ടം വഹിക്കുന്നവരായി അവർ നിയോഗിക്കപ്പെട്ടിട്ടില്ല താനും.

ഖുർആൻ അവതരിച്ചു കൊണ്ടിരുന്ന കാലത്തെ മുശ്‌രിക്കുകൾ മുസ്‌ലിംകൾക്കെതിരിൽ അനുവർത്തിച്ച്‌ വന്നിരുന്നതും ഇസ്‌ലാമിന്റെ എതിരാളികളിൽ പലപ്പോഴും കാണപ്പെടുന്നതുമായ ചില കാര്യങ്ങളാണ്‌ അല്ലാഹു ഇവിടെ ചൂണ്ടിക്കാണിക്കുന്നത്‌. മുസ്‌ലിംകളെക്കുറിച്ച്‌ പുച്ഛിച്ച്‌ ചിരിക്കുക,കണ്ണ്‌ കൊണ്ടും മറ്റും ഗോഷ്ടികൾ കാട്ടി പരിഹസിക്കുക,സ്വന്തം ആളുകളുടെ അടുത്തെത്തുമ്പോൾ അതിന്റെ പേരിൽ ദുരഭിമാനം കൊള്ളുക, എന്നോ ലഭിക്കുമെന്ന് പറയുന്ന പരലോക സുഖത്തിനായി ഇവിടെയുള്ള താൽകാലിക സന്തോഷങ്ങൾ പലതും ഉപേക്ഷിക്കുന്നവർ വഴി പിഴച്ചവരെന്നും കൊള്ളരുതാത്തവരെന്നും അവരെപറ്റി വിധി കൽപ്പിച്ച്‌ സ്വയം തൃപ്തരാവുക തുടങ്ങിയവ അവരുടെ സ്വഭാവമായിരുന്നു.

അവിശ്വാസികളിൽ മാത്രമല്ല പുരോഗമന വാദികളെന്ന് സ്വയം ധരിച്ച്‌ വശായ ചില മുസ്‌ലിം നാമധാരികളിലും ഇസ്‌ലാമികമായ പല ആശയങ്ങളെയും അവരുടെ യുക്തിചിന്ത വെച്ച്‌ തള്ളിക്കളയാനുള്ള -അവകളെ പരിഹസിക്കാനുള്ള വ്യഗ്രത-കണ്ടുവരുന്നുണ്ട്‌.എന്നാൽ ഒരു ശരിയായ വിശ്വാസി അതൊന്നും മുഖവിലക്കെടുക്കാതെ അല്ലാഹുവിന്റെ മതം മുറുകെപിടിച്ച്‌ മുന്നോട്ട്‌ പോയാൽ ഈ ആളുകൾ വളരെ പരിഹാസത്തോടെ ലോകം തിരിയാത്തവർ എന്നൊക്കെ പരിഹസിക്കുന്നത്‌ കാണുമ്പോൾ ഈ വിശ്വാസികളുടെ കാര്യങ്ങൾ പരിശോധിക്കാനും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച്‌ മേലന്വേഷണം നടത്താനും  അല്ലാഹുവിനാൽ നിയോഗിക്കപ്പെട്ടവരാണോ ഇവരെന്ന് തോന്നിപ്പോകും!അതില്ലെന്നു തീർച്ച തന്നെ ആസ്ഥിതിക്ക്‌ എന്തിനാണിവർ വിശ്വാസികളെ പരിഹസിക്കാൻ ഒരുങ്ങുന്നത്‌ എന്നാണ്‌ അല്ലഹു ചോദിക്കുന്നത്‌.ഈ ഭൗതിക ജീവിതത്തിൽ അത്തരം പരിഹാസങ്ങൾ സഹിച്ചും അല്ലാഹുവിനു വേണ്ടി ക്ഷമിച്ചും ജീവിക്കുന്നവർക്ക്‌ പരലോകത്ത്‌ അനുഭവം മറിച്ചായിരിക്കുമെന്നും അല്ലാഹു ചൂണ്ടിക്കാണിക്കുന്നു

34.فَالْيَوْمَ الَّذِينَ آمَنُواْ مِنَ الْكُفَّارِ يَضْحَكُونَ 

എന്നാൽ അന്ന് (അന്ത്യനാളിൽ) സത്യവിശ്വാസികൾ സത്യനിഷേധികളെക്കുറിച്ച്‌ ചിരിക്കുന്നതാണ്‌.

35.عَلَى الْأَرَائِكِ يَنظُرُونَ

അലംകൃത കട്ടിലുകളിലായി അവർ (സത്യനിഷേധികളെ) നോക്കിക്കാണും
ഭൂമിയിൽ മുസ്‌ലിംകളായതിന്റെ പേരിൽ വിശ്വാസികൾക്കുണ്ടായിരുന്ന പ്രയാസങ്ങൾ ചൂണ്ടിക്കാട്ടി അവരെ കളിയാക്കി ചിരിക്കുന്നവരായിരുന്നല്ലോ അവിശ്വാസികൾ!എന്നാൽ സത്യ വിശ്വാസം കൈക്കൊള്ളാത്തതിന്റെ പേരിൽ അവർ ഇന്ന് അനുഭവിക്കുന്ന ശിക്ഷകൾ കാണുമ്പോൾ തങ്ങളെ ഭൂമിയിൽ വെച്ച്‌ കളിയാക്കി ചിരിച്ചവർക്കുള്ള മറുപടിയെന്നോണവും അല്ലാഹു തങ്ങൾക്ക്‌ അവിടെ നൽകിയ അനുഗ്രഹങ്ങളിൽ ആഹ്ലാദിച്ചും വിശ്വാസികൾക്ക്‌ ചിരിക്കാൻ സാധിക്കും അവിടെ

36.هَلْ ثُوِّبَ الْكُفَّارُ مَا كَانُوا يَفْعَلُونَ

സത്യനിഷേധികൾക്ക്‌ അവർ ചെയ്തുകൊണ്ടിരുന്നതിനു പ്രതിഫലം നൽകപ്പെട്ടുവോ?

അതെ! അവർക്കു ലഭിക്കുന്ന പ്രതിഫലങ്ങൾ മേൽ വിവരിച്ച പ്രകാരമായിരിക്കെ ആപ്രതിഫലം ലഭിക്കുന്നതോട്‌ കൂടി യഥാർത്ഥത്തിൽ അവർ അർഹിക്കുന്നതും അവർക്ക്‌ അനുയോജ്യവുമായ പ്രതിഫലം അവർക്ക്‌ കിട്ടിക്കഴിഞ്ഞുവെന്നതിൽ ഒട്ടും സംശയമില്ല. ശിക്ഷ ലഭിക്കുമ്പോൾ അവർക്ക്‌ തന്നെ ഇത്‌ തോന്നുകയും ഇത്‌ തിരുത്താനുള്ള അവസരത്തിനായി കെഞ്ചുകയും ചെയ്യും എന്ന് ഖുർആൻ പല സ്ഥലത്തും വിശദീകരിച്ചിട്ടുണ്ട്‌. അല്ലാഹു നമ്മെയെല്ലാം പരലോക രക്ഷക്കായി പ്രവർത്തിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ. ആമീൻ ..


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  



وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

                              
സന്ദർശിക്കുക  www.vazhikaati.com   വിവരങ്ങൾക്ക് vilakk@gmail.com

2 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 83

22 മുതൽ 36 വരെയുളള സൂക്തങ്ങളുടെ വിവരണം ഭാഗം 3

വഴികാട്ടി / pathfinder said...

edited and updated .pdf file also added