Tuesday, June 16, 2009

അദ്ധ്യായം 87 സൂറ: അൽ അഅലാ

അദ്ധ്യായം 87 സൂറത്തുൽ അഅ്ലാ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 19


രണ്ട്‌ പെരുന്നാൾ നിസ്ക്കാരങ്ങളിലും വെള്ളിയാഴ്ച ജുമുഅ: നിസ്ക്കാരത്തിലും പെരുന്നാളും ജുമുഅയും ഒന്നിച്ചു വന്നാൽ രണ്ട്‌ നിസ്ക്കാരത്തിലുംسَبِّحِ اسْمَ رَبِّكَ الْأَعْلَى
എന്ന ഈ സൂറയും അടുത്ത സൂറ: هَلْ أَتَاكَ حَدِيثُ الْغَاشِيَةِ എന്നതും ഓതാറുണ്ടായിരുന്നു. വിത്‌ർ നിസ്ക്കാരത്തിലെ ഒന്നാമത്തെ റക്‌അത്തിലും നബി ഈ സൂറത്ത്‌ ഓതാറുണ്ടായിരുന്നു(അദ്ദുർ അൽ മൻഥൂർ 6/565)

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.سَبِّحِ اسْمَ رَبِّكَ الْأَعْلَى

അങ്ങയുടെ അത്യന്നതനായ നാഥന്റെ നാമത്തെ പ്രകീർത്തനം ചെയ്യുക(പരിശുദ്ധിയെ വാഴ്ത്തുക)

2الَّذِي خَلَقَ فَسَوَّى
സൃഷ്ടിച്ച്‌ ശരിപ്പെടുത്തിയവനായ


3.وَالَّذِي قَدَّرَ فَهَدَى 
(വ്യവസ്ഥ) നിശ്ചയിച്ച്‌ മാർഗ ദർശനം നൽകിയവനായ

4.وَالَّذِي أَخْرَجَ الْمَرْعَى
മേച്ചിൽ സ്ഥലം(സസ്യങ്ങളെ) മുളപ്പിച്ചവനായ

5.فَجَعَلَهُ غُثَاء أَحْوَى

എന്നിട്ടതിനെ ഇരുണ്ട ചാരനിറമുള്ള ചവറാക്കിത്തീർക്കുകയും ചെയ്തവനായ(നാഥന്റെ നാമം പ്രകീർത്തനം ചെയ്യുക)

ഓരോ വസ്തുവിനും അതാതിന്റെ രൂപം,പ്രകൃതി,ആകൃതി,സ്വഭാവം,ആദിയായ കാര്യങ്ങൾ വ്യവസ്ഥപ്പെടുത്തി സൃഷ്ടിക്കുകയും ഓരോന്നിന്നും ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുകയും കന്നുകാലികൾ മുതലായ ജന്തുക്കൾക്കും ജീവികൾക്കും മേഞ്ഞു തിന്നുവാനുതകുന്ന സസ്യങ്ങൾ ഉൾപ്പാദിക്കുകയും പിന്നീട്‌(പച്ച വർണ്ണമായിരുന്ന) അവയെ ഉണക്കി ചാര നിറത്തിലുള്ള ചണ്ടിയും ചവറുമാക്കി മാറ്റുകയും ചെയ്ത അത്യുന്നതനായ നാഥനെ പ്രകീർത്തിക്കുവാനും അവന്റെ വിശുദ്ധി വാഴ്ത്തിപ്പറയുവാനും നിർദ്ദേശിച്ചിരിക്കുകയാണിവിടെ

فَسَبِّحْ بِاسْمِ رَبِّكَ الْعَظِيمِ  (അങ്ങയുടെ മഹാനായ നാഥന്റെ നാമത്തെ സ്തോത്ര പ്രകീർത്തനം ചെയ്യുക) എന്ന സുറ:വാഖിഅ:യിലെ സൂക്തം അവതരിച്ചപ്പോൾ ഇത്‌ നിങ്ങളുടെ റുകൂഇൽ ആക്കുവീൻ എന്നും, ഈ സൂറയിലെ ഒന്നാം സൂക്തം سَبِّحِ اسْمَ رَبِّكَ الْأَعْلَى  അവതരിച്ചപ്പോൾ ഇത്‌ നിങ്ങളുടെ സുജൂദിൽ ആക്കുവീൻ എന്നും നബി പ്രസ്താവിക്കുകയുണ്ടായി എന്ന ഹദീസ്‌ അബൂദാവൂദ്‌ ഇബ്നുമാജ:തുടങ്ങിയവർ റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌. ഇത്‌ അനുസരിച്ചാണ്‌ റുകൂഇൽ سبحان ربي العظيم എന്നും സുജൂദിൽ
سبحان ربي الأعلي  എന്നും ചൊല്ലുന്നത്‌.

ഇതോടു കൂടി وبحمده എന്നുകൂടി നബി ചൊല്ലിയിരുന്നതായി ഇമാം അബൂദാവൂദ്‌ رحمة الله عليه റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്‌ അതിനാൽ وبحمده എന്നു കൂടി ചൊല്ലലാണ്‌ സുന്നത്തെന്ന് ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്‌ ഉദാഹരണത്തിനു ഇമാം നവവി رحمة الله عليه ന്റെ ശർഹുൽ മുഹദ്ദബ്‌ 3/266 നോക്കുക.

سَبِّحِ اسْمَ رَبِّكَ الْأَعْلَىഎന്ന് ഓതിയാൽ سبحان ربي الأعلي എന്ന് പറഞ്ഞിരുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്‌ .


6.سَنُقْرِؤُكَ فَلَا تَنسَى

തങ്ങൾക്ക്‌ നാം ഓതിത്തരും അപ്പോൾ തങ്ങൾ മറക്കുകയില്ല

7.
 إِلَّا مَا شَاء اللَّهُ إِنَّهُ يَعْلَمُ الْجَهْرَ وَمَا يَخْفَى

അല്ലാഹു ഉദ്ദേശിച്ചതൊഴികെ. നിശ്ചയം അവൻ പരസ്യവും അവ്യക്തമായതും അറിയുന്നു.

8.وَنُيَسِّرُكَ لِلْيُسْرَى

കൂടുതൽ എളുപ്പ(സുഗമ)മായതിലേക്ക്‌ തങ്ങൾക്ക്‌ നാം സൗകര്യപ്പെടുത്തി-ത്തരുന്നതാണ്‌.

എല്ലാ സൃഷ്ടികൾക്കും പൊതുവായി മാർഗദർശനം നൽകിയതിനെക്കുറിച്ച്‌ പറഞ്ഞശേഷം നബി ക്ക്‌ പ്രത്യേകമായി നൽകിയ മാർഗ ദർശനത്തെക്കുറിച്ചാണ്‌ ഇവിടെ ഉണർത്തുന്നത്‌. അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ عليه السلام മുഖേന വഹ്‌യ്‌(ദിവ്യബോധനം) ആയി ഖുർആൻ ഓതിക്കേൾപ്പിക്കുക, എഴുത്തും വായനയും പഠിക്കാത്ത ആളായിരിക്കെ അറിയിക്കപ്പെടുന്ന വഹ്‌യ്‌ അവിടുന്ന് മന:പാഠമാക്കുക അതിൽ നിന്ന് അല്ലാഹു ഉദ്ദേശിച്ചതല്ലാതെ ഒന്നും മറന്ന് പോകാതിരിക്കുക, മത സംബന്ധമായും പ്രബോധന സംബന്ധമായും കൂടുതൽ എളുപ്പമായ മാർഗങ്ങൾ തങ്ങൾക്ക്‌ ഉണ്ടാക്കി കൊടുക്കുക എന്നിവയൊക്കെയാണത്‌. നബി ക്ക്‌ അല്ലാഹുവിൽ നിന്ന് നൽകപ്പെടുന്ന സന്ദേശങ്ങൾ; അത്‌ ഖുർആനാകട്ടെ അല്ലാത്തത്താകട്ടെ, പിന്നേക്ക്‌ ഓർമ്മയിലിരിക്കൽ ആവശ്യമില്ലാത്ത വല്ലതുമുണ്ടെങ്കിൽ അതാണ്‌ അല്ലാഹു ഉദ്ദേശിച്ചാൽ മറപ്പിക്കുക. അത്‌ മൂലം ദോഷമൊന്നും വരാനില്ല അല്ലാഹു എല്ലാ രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനാണ്‌ ഒരു കാര്യവും അവന്റെ ശ്രദ്ധയിൽ നിന്ന് വിട്ട്‌ പോകുകയില്ല

9.فَذَكِّرْ إِن نَّفَعَتِ الذِّكْرَى 

ആകയാൽ തങ്ങൾ ഉപദേശിക്കുക ഉപദേശം ഫലപ്പെടുന്നുവെങ്കിൽ


10.سَيَذَّكَّرُ مَن يَخْشَى

(അല്ലാഹുവിനെ)ഭയപ്പെടുന്നവർ ഉപദേശം സ്വീകരിക്കുന്നതാണ്‌

ഉപദേശം ഫലപ്രദമെന്ന് തോന്നുന്നിടത്താണത്‌ ചെയ്യേണ്ടതെന്നും മുൻവിധിയോട്‌ കൂടി സത്യം തിരസ്ക്കരിക്കാൻ തീരുമാനിച്ചവർക്ക്‌ അത്‌ ഫലപ്പെടില്ലെന്നും ഇതിൽ സൂചനയുണ്ട്‌. ഇമാം ഇബ്നു കസീർ رحمة الله عليه എഴുതുന്നു. ‘ജനങ്ങൾക്ക്‌ ഉപദേശം നൽകുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു മര്യാദയാണിത്‌. അലി رضي الله عنه പറഞ്ഞതായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുണ്ട്‌ ജനങ്ങളോട്‌ അവർക്ക്‌ മനസിലാകുന്നതിനനുസരിച്ച്‌ വർത്തമാനം പറയുക. അല്ലാഹുവിനെയും റസൂലിനെയും വ്യാജമാക്കപ്പെടുന്നത്‌ നിങ്ങൾ ഇഷ്ടപ്പെടുമോ? അഥവാ ജനങ്ങൾക്ക്‌ ഗ്രഹിക്കാൻ കഴിയാത്തത്‌ പറഞ്ഞ്‌ കൊടുത്താൽ അത്‌ സത്യനിഷേധത്തിനും കുഴപ്പത്തിനും കാരണമാവുകയാവും ഫലം (ഇബ്നു കസീർ 4/730)

ഉപദേശം ഫലം ചെയ്താലും ഇല്ലെങ്കിലും എല്ലാവരെയും വ്യാപകമായി ഉപദേശിക്കണമെന്നും എന്നാൽ ഫലപ്പെടുന്നത്‌ ചിലർക്ക്‌ മാത്രമാണെന്നുമാണ്‌ ചിലരുടെ അഭിപ്രായം(ഖുർത്വുബി 20/15-16)

ഉപദേശം ഫലപ്പെടുക അല്ലാഹുവെക്കുറിച്ചും തന്റെ ഭാവിയെക്കുറിച്ചും ഭയമുള്ളവർക്ക്‌ മാത്രമാണ്‌ ഇത്‌ ചിന്തിക്കാത്ത ഹൃദയം മരവിച്ച ഒരാൾക്കും ഉപദേശം ഫലപ്പെടുകയില്ല അവന്റെ സ്ഥിതി അതിദയനീയം തന്നെ എന്നാണ്‌ അല്ലാഹു തുടർന്ന് പറയുന്നത്‌

11وَيَتَجَنَّبُهَا الْأَشْقَى

ഏറ്റവും ഭാഗ്യം കെട്ടവൻ ഉപദേശത്തെ വിട്ടകന്നു പോകുന്നതാണ്‌.

12.الَّذِي يَصْلَى النَّارَ الْكُبْرَى 


(അതെ) ഏറ്റവും വലിയ അഗ്നിയിൽ കടന്നെ(പ്രവേശിച്ച്) രിയുന്നവൻ.


13.ثُمَّ لَا يَمُوتُ فِيهَا وَلَا يَحْيَى

പിന്നീട്‌ അതിൽ(നരകത്തിൽ) വെച്ചവൻ മരിക്കുന്നതല്ല ജീവിക്കുന്നതുമല്ല.

സ്വന്തം രക്ഷക്കും ശാശ്വത വിജയത്തിന്നും ആവശ്യമായതും യാതൊരു പ്രതിഫലവും നൽകാതെ തന്നെ ലഭിച്ചു കൊണ്ടിരുന്നതുമായ സദുപദേശങ്ങൾ ബോധപൂർവ്വം അവഗണിക്കുകയും തുടർന്ന് ഏറ്റവും വലിയ അഗ്നിയിൽ ആപതിക്കുകയും ചെയ്തവൻ ഏറ്റവും വലിയ നിർഭാഗ്യവാൻ തന്നെ .എന്നാൽ അതി കഠിനമായ ശിക്ഷ അനുഭവിക്കുമ്പോഴും അതിന്റെ കാഠിന്യം കൊണ്ട്‌ അവൻ മരണപ്പെടുകയില്ല. (മരിച്ചാൽ അതോടെ അവന്നു രക്ഷപ്പെടാമായിരുന്നു) .എന്നാൽ ജീവിച്ചിരിക്കുന്നവനാണെന്ന് അവനെ പറ്റി പറയാൻ പറ്റുമോ?ഇല്ല കാരണം ശക്തമായ ശിക്ഷ ഓരോ നിമിഷത്തിലും ഏറ്റുവാങ്ങേണ്ടി വരുന്നതിനാൽ ജീവിക്കുന്നുവെന്ന് തോന്നാത്ത വിധം അസഹനീയമായിരിക്കും അവന്റെ അവസ്ഥ. ഇതാണ്‌ നരകത്തിൽ അവൻ ജീവിക്കുന്നില്ല മരിക്കുന്നുമില്ല എന്ന് പറഞ്ഞത്‌. അല്ലാഹു നമ്മെ കാത്ത്‌ രക്ഷിക്കട്ടെ ആമീൻ


14.قَدْ أَفْلَحَ مَن تَزَكَّى

ആത്മ പരിശുദ്ധി നേടിയവൻ വിജയം പ്രാപിച്ചു.

15.وَذَكَرَ اسْمَ رَبِّهِ فَصَلَّى

നാഥന്റെ നാമം സ്മരിക്കുകയും എന്നിട്ട്‌ നിസ്ക്കരിക്കുകയും ചെയ്തവൻ.

പരിശുദ്ധി നേടുക എന്നാൽ അവിശ്വാസവും കാപട്യവും ഇല്ലാതാവുകയും അല്ലാഹുവിനെക്കുറിച്ചുള്ള ബോധവും വിചാരവും സജീവമാകുകയും ആ സ്ഥിതിയിൽ അല്ലാഹുവിനെ ആരാധിക്കുകയും വിശിഷ്യാ നിസ്ക്കാരം മുറപ്രകാരം നിർവ്വഹിക്കുകയും ചെയ്തുകൊണ്ട്‌ വിജയം വരിക്കുന്ന അവസ്ഥയാണ്‌.ഈ സൽഗുണങ്ങൾ സ്വായത്താമാക്കാത്തവർ പരാജിതരും ഭാഗ്യം കെട്ടവരും തന്നെ!

تَزَكَّى എന്നാൽ അഭിവൃദ്ധിപ്പെട്ടു, വളർന്നു, പരിശുദ്ധമായി എന്നൊക്കെയാണ്‌ അർത്ഥം. സത്യവിശ്വാസം, സൽസ്വഭാവം, പരലോകചിന്ത, സക്കാത്ത്‌ കൊടുക്കൽ, ദാനധർമ്മങ്ങൾ നിർവ്വഹിക്കൽ തുടങ്ങിയ ആരാധനാകർമ്മങ്ങൾ നിർവ്വഹിക്കുന്നതിലൂടെ ലഭ്യമാകുന്ന ആത്മീയ ശുദ്ധിയും അഭിവൃദ്ധിയുമാണ്‌ ഇവിടെ ഉദ്ദേശ്യം. ചെറിയ പെരുന്നാൾ ദിനത്തിൽ ഫിത്‌ർ സക്കാത്ത്‌ കൊടുക്കുകയും പെരുന്നാൾ നിസ്ക്കാരത്തിനു പുറപ്പെട്ട്‌ വഴിയിലുടനീളം നാഥനെ പ്രകീർത്തിക്കുന്നതുമാണ്‌ ഇവിടെ ഉദ്ദേശ്യം എന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്‌. ധർമ്മം മുഖേന നേടാൻ സാധിക്കുന്ന പരിശുദ്ധിക്ക്‌ ഇവിടെ സവിശേഷ പ്രാധാന്യമുണ്ട്‌.

ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു. മദീനയിൽ ഒരു കപടനുണ്ടായിരുന്നു.അയാളുടെ ഒരു ഈത്തപ്പന മരം ഒരു അൻസാരി(മദീനക്കാരനായ സഹാബി)യുടെ വീട്ട്‌ മുറ്റത്തേക്ക്‌ ചായുകയും കാറ്റടിക്കുമ്പോൾ ഈ ഈത്തപ്പനയിൽ നിന്ന് പഴങ്ങൾ ഈ സ്വഹാബിയുടെ വീട്ട്‌ മുറ്റത്ത്‌ വീഴുകയും തന്റെ കുട്ടികൾ അതെടുത്ത്‌ കഴിക്കുകയും ചെയ്യുന്നതായി ആരോപിച്ച് ഈ കപടൻ ആ അൻസാരിയുമായി വഴക്കടിക്കുകയും ഇവന്റെ ശല്യത്തെക്കുറിച്ച്‌ അൻസാരി നബി യോട്‌ പരാതിപ്പെടുകയും നബി ആ കപടനെ വിളിച്ചു വരുത്തി നിന്റെ ഈത്തപ്പനയിൽ നിന്നു ഈ സഹോദരന്റെ വീട്ട്‌ മുറ്റത്തേക്ക്‌ വീഴുന്ന ഈത്തപ്പഴം അവർ എടുത്ത്‌ കഴിക്കുന്നതിനു പകരമായി സ്വർഗത്തിൽ നിനക്കൊരു ഈത്തപ്പനമരം നൽകിയാൽ നിനക്ക്‌ സന്തോഷമാവില്ലേ? എന്ന് നബി ചോദിച്ചപ്പോൾ കപടൻ പറഞ്ഞത്‌ എനിക്ക്‌ കടമായി നൽകുന്ന വാഗ്ദാനമല്ല ഇപ്പോൾ ലഭിക്കുന്ന വിലയാണ്‌ ആവശ്യം എന്നായിരുന്നു. ആ ഒരു ഈത്തപ്പന സ്വർഗത്തിൽ ലഭിക്കാനായി ഒരു ഈത്തപ്പന തോട്ടം തന്നെ അവനു നൽകി ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه അത്‌ വാങ്ങി അപ്പോഴാണ്‌ ഈ സൂക്തം ഇറങ്ങിയത്‌(ഖുർത്വുബി20/17)  . ഏറ്റവും ഭാഗ്യം കെട്ടവൻ എന്ന പതിനൊന്നാം സൂക്തം ഈ കപടനപ്പോലുള്ളവരെക്കുറിച്ചാണെന്നും മനസ്സിലാക്കാം


16.بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا

പക്ഷെ നിങ്ങൾ ഭൗതിക ജീവിതത്തിനു പ്രാധാന്യം നൽകുന്നു.


17.وَالْآخِرَةُ خَيْرٌ وَأَبْقَى

പരലോകമാകട്ടെ ഏറ്റവും ഉത്തമവും അനശ്വരവുമാകുന്നു.

അല്ലാഹുവിനെ സ്മരിച്ചും ദോഷബാധയെ സൂക്ഷിച്ചും നൈമിഷിക സുഖാഢംബരങ്ങളിലും വൈകാരിക പ്രവർത്തനത്തിലും ആശ്വാസവും സന്തോഷവും കണ്ടെത്തുന്നതിനു പകരം അനന്തമായ പരലോകസുഖം നേടാനായിരുന്നു നിങ്ങൾ ശ്രമിക്കേണ്ടതെങ്കിലും പലപ്പോഴും നിങ്ങൾ ഈ നൈമിഷിക സുഖങ്ങൾക്കും താൽപര്യങ്ങൾക്കുമായി എന്നെന്നേക്കുമുള്ള പരാചയം ഏറ്റുവാങ്ങുകയാണ്‌ ഇത്‌ കഷ്ടമല്ലേ എന്നാണിവിടെ സൂചിപ്പിക്കുന്നത്‌


18إِنَّ هَذَا لَفِي الصُّحُفِ الْأُولَى

നിശ്ചയം ഇത്‌ ആദ്യത്തെ ഏടുകളിൽ തന്നെയുണ്ട്‌.

19.صُحُفِ إِبْرَاهِيمَ وَمُوسَى

അതായത്‌ ഇബ്‌റാഹീമി(عليه السلام)ന്റെയും മൂസാ(عليه السلام) യുടെയും ഏടുകളിൽ.

മുഹമ്മദ്‌ നബി() പ്രബോധനം ചെയ്യുന്നതും ഉപദേശിക്കുന്നതുമായ ഈ തത്വങ്ങൾ നബി() തങ്ങൾ മാത്രം പറയുന്നതല്ലെന്നും ഇബ്‌റാഹീം നബി(عليه السلام), മൂസാ(عليه السلام) എന്നിവർക്കെല്ലാം നൽകപ്പെട്ട വേദങ്ങളിലും ഈ തത്വങ്ങൾ തന്നെയാണുള്ളത്‌. അതിനാൽ മുമ്പ്‌ ആരും പറയാത്ത ഒരു പുത്തൻ വാദം അല്ല ഞാൻ പറയുന്നതെന്നും ഈ മഹിതമായ പാരമ്പര്യം നിങ്ങൾ മുറുകെപ്പിടിക്കണമെന്നും സാരം. അല്ലാഹു ഈ നല്ല സമൂഹത്തിൽ നമ്മെയെല്ലാം ഉൾപ്പെടുത്തിത്തരട്ടെ.. ആമീൻ.

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ 
 
وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

3 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 87 സൂറ: അൽ അ അ്ലാ
19 സൂക്തങ്ങളുടെ വിവരണം

വഴികാട്ടി / pathfinder said...

പുതിയ പോസ്റ്റ് അദ്ധ്യായം 88 അൽ ഗാശിയ ഒന്നാം ഭാഗം ഇവിടെ

വഴികാട്ടി / pathfinder said...

edited and updated. pdf file also added