അദ്ധ്യായം 88 സൂറ: അൽ ഗാശിയ | മക്കയിൽ
അവതരിച്ചു | സൂക്തങ്ങൾ 26
വെള്ളിയാഴ്ച ജുമുഅ:യിലും പെരുന്നാൾ നിസ്ക്കാരത്തിലും
പെരുന്നാളും ജുമുഅയും ഒന്നിച്ചു വന്നാൽ രണ്ടിലും നബി(ﷺ)രണ്ടാം റക് അത്തിൽ ഈ
സൂറ:ഓതാറുണ്ട്)
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
17.أَفَلَا يَنظُرُونَ إِلَى الْإِبِلِ كَيْفَ خُلِقَتْ
എന്നാൽ അവർ ഒട്ടകങ്ങളിലേക്ക് നോക്കുന്നില്ലേ? അത്
എങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന്?
സ്വർഗ്ഗാവകാശികളുടെ സൗഭാഗ്യവും നരകക്കാരുടെ നിന്ദ്യതയും ഉണർത്തിയതിനു ശേഷം
ഇതൊക്കെ നിർവ്വഹിക്കുന്ന അല്ലാഹുവിന്റെ കഴിവിനെക്കുറിച്ച് ചിന്തിക്കാനായി കുശാഗ്ര
ബുദ്ധിയോ ഉയർന്ന പഠിപ്പോ ഇല്ലാത്തവർക്കു പോലും കണ്ടും ചിന്തിച്ചും മനസ്സിലാക്കാനുതകുന്ന
ചില ദൃഷ്ടാന്തങ്ങൾ അല്ലാഹു വിശദീകരിക്കുകയാണിവിടെ. മേൽപോട്ട് നോക്കിയാൽ കാണുന്ന
ആകാശം,ചുറ്റും കാണുന്ന പർവ്വതങ്ങൾ, തഴോട്ട്
നോക്കിയാൽ കാണുന്ന ഭൂമി അറബികൾക്കു സുപരിചിതമായ ഒട്ടകം എന്നിവയൊക്കെ ആരു
സൃഷ്ടിച്ചു ! ഇവയോരോന്നിന്റെയും നിർമ്മാണത്തിലെ വൈദഗ്‌ദ്യം എന്തുമാത്രം
സൂക്ഷ്മമാണ് ! തുടങ്ങി ഇവയോരൊന്നിനെക്കുറിച്ചും ആലോചിച്ചാൽ ഏതൊരു നിഷ്ക്കളങ്ക
ഹൃദയനും അല്ലാഹുവിന്റെ മഹത്വവും കഴിവും ബോദ്ധ്യപ്പെടും അതു വഴി പരലോകം, പുനർജ്ജന്മം, മരണാനന്തര
ജീവിതം എന്നിവയുടെ സാധ്യത സമ്മതിക്കേണ്ടിയും വരും ഇതിനായി ചിന്തിക്കാൻ തന്റെ
മുന്നിൽ കാണുന്ന ചിലത് അല്ലാഹു പറഞ്ഞു തരികയാണ്.
ഇമാം ഖുർത്വുബി (رحمة الله عليه)എഴുതുന്നു സജ്ജനങ്ങളുടെയും
ദുർജ്ജനങ്ങളുടെയും അവസ്ഥ അല്ലാഹു വിശദീകരിച്ചപ്പോൾ അവിശ്വാസികൾ അത്ഭുതപ്പെടുകയും
ഇതൊന്നും നടപ്പില്ലെന്നു പറഞ്ഞു അതിനെ കളവാക്കുകയും ചെയ്തപ്പോൾ അല്ലാഹു തന്റെ
ശക്തിയും പ്രവർത്തന ശൈലിയും പഠിപ്പിച്ചു കൊണ്ട് അല്ലാഹുവിനു ഇതൊന്നും ഒരു
പ്രയാസകരമായ വിഷയമല്ലെന്നു ചൂണ്ടിക്കാണിക്കുകയാണ്.എന്നിട്ട് അല്ലാഹു ആദ്യം
ഒട്ടകത്തെക്കുറിച്ച് ചിന്തിക്കാൻ പറയുന്നു.കാരണം ഖുർആനിന്റെ പ്രബോധനം ആദ്യമായി
അറബികളെ അഭിമുഖീകരിച്ചാണല്ലോ നടക്കുന്നത്.അവർക്കിടയിൽ ഒട്ടകം ധാരാളമുണ്ട് എന്നാൽ
അവർ ആനയെ പരിചയമുള്ളവരുമല്ല.ആ ഒട്ടകം സാമാന്യം വലിയ ജീവിയായിട്ടു കൂടി ചെറിയ
മനുഷ്യനു അതിനെ കീഴ്പ്പെടുത്തിക്കൊടുത്തതും അവർ അതിനെ യഥേഷ്ടം ഉപയോഗിക്കുന്നതും
അവരുടെ ഒരു ശക്തികൊണ്ടും അല്ലെന്നും അല്ലാഹു അവർക്കതിനെ അനുസരിപ്പിച്ച്
കൊടുത്തത്താണെന്നും അത് അവന്റെ ഏകത്വത്തിന്റെയും ശക്തിയുടെയും തെളിവാണെന്നും
ഉണർത്തുന്നു(ഖുർത്വുബി20/25)
ഒട്ടകം ചിന്തിക്കാൻ മാത്രം അത്ഭുതങ്ങൾ ഒളിഞ്ഞു കിടക്കുന്ന ജീവിയാണ്.ജീവികളിൽ
ചിലത് ഭക്ഷണമായി ഉപയോഗിക്കും വേറെ ചിലത് യാത്രക്ക് ഉപയോഗിക്കും.ഇനിയും ചിലത്
പാലിനു വേണ്ടിയും വേറെ ചിലത് ഭാരം ചുമക്കാൻ വേണ്ടിയും ഉപയോഗിക്കും എന്നാൽ ഈ നാലു
വകുപ്പിനും ഒരു പോലെ ഉപയോഗിക്കുന്ന ജീവിയാണ് ഒട്ടകം! അതിന്റെ മാംസവും പാലും
ആഹാരമാണ് രോമംകൊണ്ട് വസ്ത്രവും തോലുകൊണ്ട് പലതരം പാത്രങ്ങളും തമ്പുകളും ഉണ്ടാക്കുന്നു
സവാരി നടത്താനും കൃഷിക്കു വെള്ളം നനക്കാനും ഭാരങ്ങൾ വഹിക്കാനും ഒട്ടകത്തെ
ഉപയോഗിക്കുന്നു. മരുഭൂമിയിലെ കപ്പൽ എന്ന് അതിനെ വിശേഷിപ്പിക്കുന്നതിൽ നിന്ന് തന്നെ
ഇതിന്റെ പ്രയോജനം ഗ്രഹിക്കാമല്ലോ! വെള്ളവും തണലുമില്ലാത്ത കണ്ണ് എത്താത്ത
മരുഭൂമിയിലൂടെ സുദീർഘ യാത്ര നടത്തുവാൻ തക്കവണ്ണം അല്ലാഹു അതിനു നൽകിയ കഴിവ് ഒന്നു
വേറെ തന്നെയാണ്! ധാരാളം ദിവസങ്ങൾ വെള്ളം കുടിക്കാതെ അത് കഴിഞ്ഞു കൂടും കുറഞ്ഞ
ഭക്ഷണം കൊണ്ട് തൃപ്തിപ്പെടും വളരെ വിനയമാണതിന്.അറുക്കാൻ കഴുത്ത് നീട്ടി നിന്നു
തരുന്ന ക്ഷമ ഒട്ടകത്തിന്റെ പ്രത്യേകതയാണ്.വെള്ളം സുലഭമായി ലഭിക്കുന്നിടത്ത്
നിന്ന് ധാരാളം വെള്ളം അകത്താക്കി സൂക്ഷിച്ചു വെക്കാനുള്ള ചില അറകൾ അതിന്റെ ഉള്ളിൽ
അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്.ചില മരുഭൂ യാത്രക്കാർ അസഹനീയമായ ദാഹത്തിനു ശമനം കാണാൻ
ഒട്ടകത്തെ അറുത്ത് അതിനകത്തുള്ള ഈ അറകളിലെ വെള്ളം കുടിച്ച് ജീവൻ രക്ഷിക്കാറുണ്ട്
സൗകര്യപ്പെടുമ്പോൾ കഴിക്കുന്ന ഭക്ഷണത്തിന്റെ സത്തെടുത്ത് സൂക്ഷിക്കാനുള്ള ഒരു
സംവിധാനം അല്ലഹു അതിനു നൽകി അതാണ് അതിന്റെ പൂഞ്ഞ! മണലിൽ കാലുകൾ ആണ്ട്
പോകാതിരിക്കാനായി കാലുകൾ പൊക്കുമ്പോൾ ചുരുങ്ങുകയും നിലത്തു വെക്കുമ്പോൾ പരക്കുകയും
ചെയ്യുന്ന കാലടികളാണ് അവക്കുള്ളത് .ഇങ്ങനെ വളരെ അത്ഭുതങ്ങളുള്ള ഒട്ടകത്തെയാണ്
ഒരു അറബി തന്റെ മുന്നിൽ കാണുന്നത്.ഇതൊന്നും ഒരു മനുഷ്യന്റെയോ മറ്റേതെങ്കിലും
ശക്തികളൂടേയോ വൈദഗ്‌ദ്യമല്ലെന്നും സൃഷ്ടാവായ അല്ലാഹുവിന്റെ ശക്തിയാണെന്നും
ചിന്തിക്കാൻ സാധിക്കാതെ പോകുന്നത് നീതീകരിക്കാനാവില്ല.
18. وَإِلَى السَّمَاء كَيْفَ رُفِعَتْ
ആകാശത്തിലേക്കും (അവർ നോക്കുന്നില്ലേ?)അത്
എങ്ങനെയാണ് ഉയർത്തപ്പെട്ടിരിക്കുന്നതെന്നും
മേൽപ്പോട്ട് നോക്കിയാൽ സൂര്യ,
ചന്ദ്ര
,നക്ഷത്രാദി കാര്യങ്ങളാൽ അലംകൃതമായ ,നമുക്ക്
കാണാവുന്ന ഒരു തൂണു പോലുമില്ലാതെ വളരെ ഉയരത്തിൽ നിൽക്കുന്ന ആകാശം
ചിന്തിക്കുന്നവർക്ക് വലിയ ദൃഷ്ടാന്തം തന്നെ.നാം ഒരു ചെറിയ പന്തലിടാൻ പോലും എത്ര
തൂണുകളും മറ്റും സംവിധാനിക്കുന്നു എന്നിട്ടും ഒരു കാറ്റടിക്കുമ്പോഴേക്കും അത്
മറിഞ്ഞു വീഴുന്നു!എന്നാൽ ഈ അത്യത്ഭുതങ്ങളായ ധാരാളം വസ്തുക്കളെയും വഹിച്ച് യാതൊരു
ഭാവപ്പകർച്ചയുമില്ലാതെ ഈ ആകാശം ഇങ്ങനെ നിൽക്കുന്നത് അതിന്റെ സംവിധായകനായ
അല്ലാഹുവിന്റെ ശക്തിക്ക് തെളിവല്ലാതെ മറ്റെന്താണ്.
19 وَإِلَى الْجِبَالِ كَيْفَ نُصِبَتْ
പർവ്വതങ്ങളിലേക്കും (അവർ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് നാട്ടിവെക്കപ്പെട്ടിരിക്കുന്നതെന്ന്.
നമ്മുടെ വലത്തും ഇടത്തും നോക്കിയാൽ ആകാശം മുട്ടേ ഉയർന്നു നിൽക്കുന്ന എത്ര
പർവ്വതങ്ങളാണ്. ഭൂമിക്ക് ആണി എന്ന വണ്ണം ആ പർവ്വതങ്ങളെ നാട്ടി നിർത്തിയത്
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തം തന്നെ. ഈ ആണികൾ അഴിച്ചു മാറ്റി പ്രകൃതിയെ തകിടം
മറിക്കുന്നവർ തന്നെ അതിന്റെ ദുരന്തം പേറുന്നുവെന്നത് ഇന്നത്തെ ചിന്താവിഷയം
തന്നെയല്ലേ!
20. وَإِلَى الْأَرْضِ كَيْفَ سُطِحَتْ
ഭൂമിയിലേക്കും (അവർ നോക്കുന്നില്ലേ?) അത് എങ്ങനെയാണ് പരത്തപ്പെട്ടിരിക്കുന്നതെന്ന്?
അതായത് നമുക്ക് ഇരിക്കാനും കിടക്കാനും നടക്കാനുമൊക്കെ സൗകര്യപ്പെടുമാർ ഒരു
പരന്ന അവസ്ഥ ഭൂമിക്ക് നൽകിയിരിക്കുകയാണ്. ഭൂമി ഗോളാകൃതിയിലാണെന്ന്
പറയുന്നതിനെതിരല്ല ഈ പ്രഖ്യാപനം.
മറിച്ച്
ഭൂമി ഗോളാകൃതിയിലാണെന്നതിനു തെളിവാകുന്നു കാരണം പരന്ന ഒരു സാധനം നീളമുള്ളതോ
ചതുരാകൃതിയിലോ ത്രികോണ രൂപത്തിലുള്ളതോ ഒക്കെ ആയിരിക്കും .അപ്പോൾ ഭൂമി
പരന്നതായിരുന്നുവെങ്കിൽ ആ പരന്ന ഭൂമിയിലൂടെ ഒരാൾ ധീർഘമായി സഞ്ചരിച്ചാൽ അവൻ ഒരു
തെല്ലിൽ എത്തിയേ തീരൂ! എന്നാൽ അങ്ങനെയൊരു തെല്ല് ഭൂമിക്ക് കാണാനാവില്ല മറിച്ച്
എവിടെ ചെന്ന് നോക്കിയാലും ഭൂമദ്ധ്യരേഖയിലോ ഉത്തര ദക്ഷിണ ധ്രുവങ്ങളിലോ എവിടെയും ആവട്ടെ
അതു പരന്നതായേ അനുഭവപ്പെടുകയുള്ളൂ. ഈ അനുഭവമാണ് ഭൂമിയെ പരത്തി എന്ന് പറഞ്ഞത്.ഇങ്ങനെ
എല്ലാ ഭാഗത്ത് നിന്നും പരന്നതായി കാണണമെങ്കിൽ നിർബന്ധമായും അത്
ഉരുണ്ടതായിരിക്കണം ഉരുണ്ട ഭൂമിയുടെ വലിപ്പമാണ് അത് പരന്നതായി
തോന്നിപ്പിക്കുന്നത്.
പ്രപഞ്ചത്തിൽ ധാരാളം അത്ഭുതങ്ങളുണ്ടായിരിക്കേ ഈ നാലു കാര്യങ്ങൾ എടുത്തു
പറഞ്ഞതിലെ തത്വമെന്താണെന്ന ചർച്ചയിൽ ഇമാം റാസി (رحمة الله عليه) എഴുതുന്നു. ഖുർആനിന്റെ
പ്രഥമ പ്രബോധിതരായിരുന്ന അറബികൾ ധാരാളം യാത്ര ചെയ്യുന്നവരായിരുന്നു
ഫലങ്ങളൊന്നുമില്ലാത്ത മരുഭൂമിയിലൂടെയുള്ള ദീർഘ യാത്രയിൽ അധികവും അവർ ഒട്ടകത്തെയാണ്
ആശ്രയിക്കുക.ഏകാന്തമായ ഈ യാത്രകളിൽ മറ്റു നേരമ്പോക്കുകളൊന്നുമില്ലാത്തപ്പോൾ
ചിന്തകളിലേക്ക് കടക്കുന്നത് സ്വാഭാവികം മാത്രം.എന്നാൽ അവിടെ ചിന്തിക്കാനുള്ള
വിഷയം എന്താണ്. ആദ്യമായി അവൻ യാത്ര ചെയ്തു കൊണ്ടിരിക്കുന്ന ഒട്ടകത്തെക്കുറിച്ചു
തന്നെ.മുകളിലേക്ക് നോക്കിയാൽ ആകാശവും ചുറ്റിലും നോക്കിയാൽ മലകളും താഴേ ഭൂമിയും
അവൻ കാണുന്നു ഒറ്റപ്പെടലിന്റെ ഭീകരതയിൽ ഈ ദൃശ്യങ്ങളെക്കുറിച്ച് അവൻ ചിന്തിക്കാൻ
നിർബന്ധിതനാവണമെന്നത്രെ ഇവയെ മാത്രം പ്രത്യേകം പറഞ്ഞതിന്റെ ന്യായം.(റാസി 31/147)
21. فَذَكِّرْ إِنَّمَا أَنتَ مُذَكِّرٌ
അതിനാൽ നബിയേ,
അങ്ങ്
ഉപദേശിക്കുക ഉപദേഷ്ടാവ് മാത്രമാണ് തങ്ങൾ
22.لَّسْتَ عَلَيْهِم بِمُصَيْطِرٍ
തങ്ങൾ അവരുടെ മേൽ അധികാരം ചെലുത്തുന്ന ആളല്ല.
23.إِلَّا مَن تَوَلَّى وَكَفَرَ
(പക്ഷെ) തിരിഞ്ഞു പോകുകയും അവിശ്വസിക്കുകയും
ചെയ്തവനൊഴികെ.
24.فَيُعَذِّبُهُ اللَّهُ الْعَذَابَ الْأَكْبَرَ
അപ്പോൾ അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്.
25.إِنَّ إِلَيْنَا إِيَابَهُمْ
നിശ്ചയം നമ്മുടെ അടുത്തേക്കാണ് അവർ മടങ്ങി വരൽ
26.ثُمَّ إِنَّ عَلَيْنَا حِسَابَهُمْ
പിന്നീട് അവരെ വിചാരണ ചെയ്യലും നമ്മുടെ ബാദ്ധ്യത
തന്നെയാകുന്നു.
മുകളിൽ പറഞ്ഞത് പോലുള്ള തെളിവുകൾ വിശദീകരിച്ച് സത്യവിശ്വാസത്തിലെത്താൻ
ഉപദേശിക്കുവാൻ അല്ലാഹു നബി ﷺ യോട് കൽപ്പിക്കുന്നു.തങ്ങൾ ഉപദേശകൻ
മാത്രമാണെന്ന് പറഞ്ഞതിന്റെ താൽപര്യം ആളുകൾ നന്നാവലും നന്നാവാതിരിക്കലും തങ്ങളുടെ വിഷയമല്ലെന്നും
പ്രബോധനം നടത്തിയാൽ തങ്ങളുടെ ബാദ്ധ്യത കഴിഞ്ഞുവെന്നും ആളുകൾ ചീത്തയാവുന്നതിനു
തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്നും അറിയിച്ചു കൊണ്ട് നബി ﷺ യെ
സമാധാനിപ്പിക്കുകയാണിവിടെ. ഉപദേശം ചെവിക്കൊള്ളാതെ സത്യത്തോട് പുറം തിരിഞ്ഞു
നിൽക്കുന്നവരെ നമ്മുടെ വിചാരണക്ക് വിധേയരാക്കപ്പെടുകയും അതിനായി നാം
നിശ്ചയിക്കുന്നിടത്ത് അവരെ പുനർജ്ജനിപ്പിക്കുയും വിചാരണക്ക് ശേഷം അതി ശക്തമായ
ശിക്ഷക്ക് അവർ വിധേയരാക്കപ്പെടുകയും ചെയ്യും. അതിനാൽ ലോകം കണ്ണ് തുറന്ന് കാണാനും
വസ്തുതകൾ ചിന്തിക്കാനും തയാറാവുകയും അല്ലാഹുവിന്റെ വിനീത വിധേയനായ അടിമയായി
മാറുകയും ചെയ്യാൻ നാമെല്ലാം സദാ ശ്രദ്ധാലുക്കളാവണം അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
ഇമാം ബൈളാവി(رحمة الله عليه)എഴുതുന്നു.
നബി ﷺ പറഞ്ഞിരിക്കുന്നു.ആരെങ്കിലും
സൂറ:ഗാശിയ ഓതിയാൽ അവനെ അല്ലാഹു ചെറിയ വിചാരണയേ നടത്തുകയുള്ളൂ (ബൈളാവി 2/592)
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക് സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ.
പിഴവുകൾ
അല്ലാഹു
പൊറുത്തു
തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد واله
وصحبه
ومن تبعهم باحسان الي
يوم الدين والحمد لله رب العالمين
5 comments:
അദ്ധ്യായം 88 അൽ:ഗാശിയ
സൂക്തം 17 മുതൽ 26 വരെ വിവരണം
നല്ല വിവരണം. അല്ലാഹു നമ്മുടെയെല്ലാം വിചാരണ എളുപ്പമാക്കിത്തരട്ടേ ആമീന്‍.
കാസിം തങ്ങൾ, മറ്റ് വായനക്കാർ എല്ലാവർക്കും നന്ദി
പുതിയ പോസ്റ്റ്
അദ്ധ്യായം 89 ന്റെ വിവരണം അൽ ഫ്ജ്ർ ഭാഗം 1 വായിക്കുക
VALARE CHINDIKKAN UPAKARIKKUNNA VIVARANAM.
edited and updated. pdf file also addes
Post a Comment