Thursday, June 24, 2010

അദ്ധ്യായം -100- സൂറത്തുൽ ആദിയാത്ത്

സൂറത്തുൽ ആദിയാത്ത്   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ  11

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.وَالْعَادِيَاتِ ضَبْحًا
കിതച്ച് വളരെ വേഗം ഓടുന്നവ തന്നെ സത്യം

2.فَالْمُورِيَاتِ قَدْحًا
അങ്ങനെ (കുളമ്പുകൾ കല്ലിൽ അടിച്ച്)തീ പറപ്പിക്കുന്നവ

3.فَالْمُغِيرَاتِ صُبْحًا
അങ്ങനെ പ്രഭാതത്തിൽ ചെന്ന് ആക്രമണം നടത്തുന്നവ
4فَأَثَرْنَ بِهِ نَقْعًا

എന്നിട്ട് അതിൽ(പ്രഭാതത്തിൽ)അവ പൊടി പടലം ഇളക്കി വിട്ടു

5.فَوَسَطْنَ بِهِ جَمْعًا

എന്നിട്ട് പ്രഭാതത്തിൽ അവ (ശത്രു) സംഘത്തിനു നടുവിൽ പ്രവേശിച്ചു (അങ്ങനെയുള്ളവ തന്നെ സത്യം)

ഇവിടെ പറഞ്ഞത് കൊണ്ട് ഉദ്ദേശിക്കുന്നത് കുതിരയാണെന്നും ഒട്ടകമാണെന്നും അഭിപ്രായമുണ്ട്. കുതിരയാണെന്നതാണ് പ്രബലം(റാസി, ത്വബ്‌രി) കുതിരയെ കൊണ്ട് അല്ലാഹു സത്യം ചെയ്യാൻ കാരണം മറ്റ് മൃഗങ്ങൾക്കില്ലാത്ത പ്രത്യേകത ആ ജീവിക്കുള്ളത് കൊണ്ടാണ്. ഓടിച്ചെന്ന് ശത്രുവിന്റെ നേരെ ചാടിവീഴാനും ഓടി രക്ഷപ്പെടുന്നതിലാണ് ബുദ്ധിയെങ്കിൽ നന്നായി ഓടി രക്ഷപ്പെടാനും മറ്റ് ജന്തുക്കൾക്കില്ലാത്ത കഴിവ് കുതിരക്കുണ്ട്. അതാണ് അവയെക്കൊണ്ട് സത്യം ചെയ്തത്(റാസി32/60)

ആധുനിക യുദ്ധോപകരണങ്ങൾ പ്രചാരത്തിൽ വരുന്നതിനു മുമ്പ് യുദ്ധ രംഗത്ത് കുതിരയുടെ സ്ഥാനം വളരെ വലുതായിരുന്നു. അക്കൂട്ടത്തിൽ അറബിക്കുതിരകൾ ലോക പ്രസിദ്ധമാണ്. അങ്ങനെയുള്ള കുതിരകളുടെ ചില ഗുണങ്ങളാണീ സൂക്തങ്ങളിൽ പ്രതിപാദിക്കുന്നത്. അതിവേഗം കുതിച്ച് പായുക, ഓട്ടത്തിന്റെ ശക്തിയാൽ കുളമ്പ് കല്ലിൽ തട്ടുമ്പോൾ തീപ്പൊരി പാറുക, പ്രഭാതത്തിൽ ശത്രുക്കൾ എഴുന്നേറ്റ് വരും മുമ്പേ അവരുടെ താവളത്തിലെത്തി ആക്രമണം നടത്തി അവിടെ പൊടി പടലങ്ങൾ അന്തരീക്ഷത്തിൽ മുടുമാർ അതിനെ ഇളക്കി വിട്ട് ശത്രു മദ്ധ്യത്തിൽ ചാടി വീണ് പട നടത്തുക. ഇതൊക്കെയാണാ ഗുണങ്ങൾ. ധർമ്മ യുദ്ധം ആവശ്യമായി വരുന്നിടത്ത് നീതിയുടെ സംസ്ഥാപനത്തിനു വേണ്ടി ലക്ഷണമൊത്ത കുതിരകളെയും മറ്റ് യുദ്ധ സാമഗ്രികളൊക്കെയും ഒരുക്കുന്നത് പുണ്യമാണ്. അതിനു വലിയ പ്രതിഫലമുണ്ട് എന്ന് നബി പറഞ്ഞിട്ടുണ്ട്
6إِنَّ الْإِنسَانَ لِرَبِّهِ لَكَنُودٌ

നിശ്ചയം മനുഷ്യൻ തന്റെ നാഥനോട് നന്ദി കെട്ടവൻ തന്നെയാണ്.

ഇത്രയും സത്യ വാചകങ്ങൾ പറഞ്ഞ് കൊണ്ട് അല്ലാഹു പറയുന്ന വിഷയം മനുഷ്യൻ നാഥനോട് നന്ദികെട്ടവൻ ആണെന്നാണ്. റബ്ബ് എന്നാൽ നമ്മെ സൃഷ്ടിച്ച് വേണ്ടുന്ന ആരോഗ്യം,ധനം തുടങ്ങി എല്ലാ സംവിധാനങ്ങളും നല്കി നമ്മെ വളർത്തുന്നവൻ എന്നാണ്. നിങ്ങളിലുള്ള എല്ലാ അനുഗ്രഹങ്ങളും അല്ലാഹുവിൽ നിന്നാണെന്ന (സൂറത്തുന്നഹ്‌ൽ 53) വിശുദ്ധ ഖുർആനിന്റെ അദ്ധ്യാപനം ഇവിടെ പ്രസ്താവ്യമാണ്. ആ നാഥന്റെ അനുഗ്രഹങ്ങൾ അനുഭവിച്ച് അതിനു നന്ദിയുള്ള പ്രവർത്തനം നടത്തേണ്ട മനുഷ്യൻ പക്ഷെ നന്ദി കേടാണ് ചെയ്തു കൊണ്ടിരിക്കുന്നത് എന്ന പ്രയോഗം നാം സഗൗരവം കാണേണ്ടതാണ് അല്ലാഹുവിനു നന്ദി ചെയ്യാൻ ധാരാളം നിർദ്ദേശം ഇസ്‌ലാമിൽ കാണാം. അവനെക്കുറിച്ചുള്ള ഓർമ്മയും അവൻ തന്ന അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്തയും അവ അല്ലാഹുവിന്റെ ഇഷ്ടത്തിലായി മാത്രം ഉപയോഗിക്കാനുള്ള നിർബന്ധബുദ്ധിയും ഒക്കെ ഈ നന്ദിയുടെ ഭാഗമാണ്.

ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു. നന്ദി കെട്ടവൻ എന്നതിനു വിവിധ അർത്ഥങ്ങളുണ്ട്. അള്ളാഹുവിന്റെ അനുഗ്രഹങ്ങളെ നിഷേധിക്കുക, ഹസൻ رحمة الله عليه പറഞ്ഞു. അനുഗ്രഹങ്ങളെ മറക്കുകയും പരീക്ഷണങ്ങളെ ഓർക്കുകയും ചെയ്യലാണിത്”,

അബൂബക്കർ അൽ വാസിത്വി رحمة الله عليه പറഞ്ഞു അല്ലാഹു നല്കിയ അനുഗ്രങ്ങളെ തെറ്റിൽ ചിലവഴിക്കലാണത്”. അബൂബക്കർ അൽ വറ്‌റാഖ് رحمة الله عليه പറഞ്ഞു. തനിക്ക് ലഭിച്ച അനുഗ്രഹങ്ങൾ തന്റെ മഹത്വം കൊണ്ട് ലഭിച്ചതാണെന്ന് ധരിക്കലാണത്”, 

ഇമാം തുർമുദി رحمة الله عليه പറഞ്ഞു. അനുഗ്രഹങ്ങളെ കാണുന്ന മനുഷ്യൻ അനുഗ്രഹം ചെയ്ത അല്ലാഹുവിനെ കാണാതിരിക്കലാണത്”, എന്നിങ്ങനെ ധാരാളം വ്യാഖ്യാനങ്ങൾ ഇതിനുണ്ട്(ഖുർതുബി.20/116)

7.وَإِنَّهُ عَلَى ذَلِكَ لَشَهِيدٌ

നിശ്ചയം അവൻ അതിനു(നന്ദി കെട്ടവനാണെന്നതിനു) സാക്ഷ്യം വഹിക്കുന്നവനും തന്നെ

അല്ലാഹുവിനെ ഓർമ്മയില്ല.അവൻ തന്ന അനുഗ്രഹങ്ങളവന്റെ അനിഷ്ടത്തിലായി ഉപയോഗിക്കുന്നു. ഇതൊക്കെ നന്ദി കേടാണ്. ഈ നന്ദികേടിനു താൻ തന്നെ സാക്ഷിയുമാണ് എന്നാണ് അല്ലാഹു ഉണർത്തുന്നത്. നമ്മുടെ ബലഹീനതയും അല്ലാഹു നല്കിയ അനുഗ്രഹങ്ങളുടെ വ്യാപ്തിയും, ശരിക്ക് ചിന്തിച്ചാൽ താൻ നന്ദികേടാണ് ചെയ്യുന്നതെന്ന് നമ്മുടെ മന:സാക്ഷി തന്നെ നമ്മോട് പറയും അതാണ് താൻ നന്ദി കെട്ടവനാണെന്നതിനു താൻ സാക്ഷിയാണെന്ന് അല്ലാഹു ഉണർത്തുന്നത്.

ഏഴാമത് വാക്യത്തിലെ وَإِنَّهُ എന്ന ളമീർ(സർവ്വ നാമം) മനുഷ്യൻ എന്നതിലേക്ക് മടങ്ങുന്നു എന്ന നിലക്കാണ് ഈ അർത്ഥം. അത് അല്ലാഹുവിലേക്കാണ് മടങ്ങുന്നതെന്നും അഭിപ്രായമുണ്ട്. അപ്പോൾ മനുഷ്യൻ നന്ദി കെട്ടവനാണെന്നതിനു അല്ലാഹു സാക്ഷിയാണ് എന്നാവും അർത്ഥം. നമ്മുടെ എല്ലാം (ചിന്തയും പ്രവർത്തനങ്ങളുമെല്ലാം) അല്ലാഹു നിരീക്ഷിക്കുന്നുണ്ടെന്ന് അല്ലാഹു തന്നെ പറഞ്ഞത് ഖുർആനിലുണ്ടല്ലോ ! അപ്പോൾ ഇത് ശക്തമായ താക്കീതായിട്ടാണ് മനസിലാക്കേണ്ടത്

8وَإِنَّهُ لِحُبِّ الْخَيْرِ لَشَدِيدٌ

നിശ്ചയം അവൻ നല്ലതിനോട് (ധനത്തോട്) അതിയായ പ്രേമം കാട്ടുന്നവനുമാണ്.

ഖൈർ എന്നതിനു ധനം എന്നും ഭൂമിയിൽ നന്നായി ഗണിക്കപ്പെടുന്ന എല്ലാം എന്നും അർത്ഥം പറയാം.എന്തായാലും ഭൗതിക വിഭവങ്ങളോട് മനുഷ്യനുള്ള അമിത ഇഷ്ടം പലപ്പോഴും അവനെ അക്രമിയാക്കി തീർക്കും. പിശുക്ക് കാണിച്ച് ധനത്തിലെ ബാധ്യത പോലും അവൻ മറക്കും. ധന സമ്പാധനത്തിനുള്ള മാർഗം ശരിയോ തെറ്റോ എന്നൊന്നും അവൻ ചിന്തിക്കില്ല ധനത്തോടുള്ള അമിത താല്പര്യത്തിൽ നിന്നാണ് ഈ സ്വഭാവം ഉടലെടുക്കുന്നത്. ഇതിനെ ആക്ഷേപിക്കുകയാണ് അല്ലാഹു.

ഇമാം ഥബരി رحمة الله عليه  എഴുതുന്നു. ഇവിടെ خير എന്ന് പറഞ്ഞത് ദുനിയാവിനെ ഉദ്ദേശിച്ചാണ്. ദുനിയാവ് ചിലപ്പോൾ മനുഷ്യനു ചീത്തയാവുന്നില്ലേ ! ഹറാമായ രൂപത്തിൽ മനുഷ്യൻ അത് സമ്പാദിക്കുന്നില്ലേ എന്നിട്ടുമെന്തേ അത് നന്മ /ഖൈർഎന്ന് വിശേഷിപ്പിച്ചത് എന്ന സന്ദേഹത്തിന്റെ ഉത്തരം എങ്ങനെയായാലും ധനം നല്ലതാണെന്ന് ചിന്തിക്കുന്ന ജനത്തിന്റെ അവസ്ഥ പരിഗണിച്ചാണ് ഇത് പറഞ്ഞത്. എന്നാണ് (ഥബ്‌രി 30/310)


9.أَفَلَا يَعْلَمُ إِذَا بُعْثِرَ مَا فِي الْقُبُورِ

എന്നാൽ അവൻ അറിയുന്നില്ലേ ? ഖബ്‌റിലുള്ളത് ഇളക്കി മറിച്ച് (പുറത്താക്കപ്പെട്ടാൽ)

10وَحُصِّلَ مَا فِي الصُّدُورِ

ഹൃദയങ്ങളിലുള്ളത് പുറത്ത് വരുത്തപ്പെടുകയും ചെയ്താൽ (എന്തായിരിക്കും അപ്പോൾ അവന്റെ സ്ഥിതി?)

11.إِنَّ رَبَّهُم بِهِمْ يَوْمَئِذٍ لَّخَبِيرٌ

നിശ്ചയമായും അവരുടെ നാഥൻ അന്നത്തെ ദിവസം അവരെക്കുറിച്ച് സൂക്ഷ്മമായി അറിയുന്നവൻ തന്നെ.

നന്ദി കേടു കാണിക്കുന്ന മനുഷ്യനെ താക്കീത് ചെയ്ത് കൊണ്ട് അല്ലാഹു ചോദിക്കുകയാണ് മരണപ്പെട്ടവരെല്ലാം ഖബ്‌റിൽ നിന്ന് ഉയിർത്തെഴുന്നേല്പ്പിക്കപ്പെടുകയും ഹൃദയത്തിൽ ഒളിഞ്ഞ് കിടപ്പുള്ള എല്ലാ രഹസ്യങ്ങളും വെളിച്ചത്ത് കൊണ്ട് വരികയും ചെയ്യുന്ന ഒരു ദിവസമുണ്ടെന്ന് അവൻ മനസിലാക്കുന്നില്ലേ? അവന്റെ എല്ലാ രഹസ്യങ്ങളും അന്ന് പുറത്ത് വരും .അന്ന് താൻ പരാജയപ്പെടാതിരിക്കാൻ ഇന്ന് തന്നെ നേരത്തെ സൂചിപ്പിച്ച നന്ദികേടുകൾ ഒഴിവാക്കണം.എന്നാണീ താക്കീതിന്റെ ചുരുക്കം

അന്നത്തെ ദിനം അല്ലാഹു അവരെക്കുറിച്ച് സൂക്ഷ്മമായി അറിയും എന്ന് പറയുമ്പോൾ അവിടെ ചില ചോദ്യങ്ങൾ ഉയരുന്നു. 

(1) അന്ന് സൂക്ഷ്മമായി അറിയും എന്ന് പറയുമ്പോൾ അതിനു മുമ്പ് അറിവില്ലായ്മ ഉണ്ടെന്ന് വരില്ലേ അല്ലാഹുവിനു അങ്ങനെയില്ലല്ലോ? മറുപടി ഇതാണ്. അറിവില്ലാത്തവനു തന്നെ പരീക്ഷണങ്ങളിലൂടെ അറിവ് വരുമല്ലോ .അപ്പോൾ എപ്പോഴും അറിവുള്ള അള്ളാഹു ഈ സമയത്ത് നന്നായി അറിയും എന്നാണിതിന്റെ താല്പര്യം(മുമ്പ് അറിഞ്ഞിരുന്നില്ല എന്ന് വരില്ല 

(2) ആ ദിനം പ്രതിഫലത്തിന്റെ ദിനമാണ്. ഇന്ന് ആർക്കാണ് അധികാരം എന്ന് അള്ളാഹു ചോദിക്കുന്ന ദിനമാണത്. അതിന്റെ അർത്ഥം ബാഹ്യമായി പോലും അധികാരിയാണെന്ന് പറയാൻ ആളില്ലാത്ത അന്ന് എല്ലാം അള്ളാഹു സവിസ്തരം അറിയുന്നു എന്നാണ്(റാസി32/64)

മറ്റൊരു ചോദ്യമുണ്ടിവിടെ. അതായത് ഹൃദയത്തിന്റെ പ്രവർത്തനം മാത്രം ഇവിടെ എന്ത് കൊണ്ട് പറഞ്ഞു. അവയവങ്ങളുടെ പ്രവർത്തനവും അവിടെ പുറത്ത് വരില്ലേ ? നിവാരണം ഇങ്ങനെയാണ്. അവയവങ്ങളുടെ പ്രവർത്തനം മനസ്സിന്റെ തീരുമാനത്തോട് തുടർന്ന് വരുന്നവയാണ്. മനസിന്റെ പ്രേരണയാണ് സാധാരണ ഗതിയിൽ അവയവങ്ങളെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നത് അതിനാൽ പ്രവർത്തനങ്ങളുടെ അടിസ്ഥാനമെന്ന നിലക്ക് ഹൃദയത്തെ പറഞ്ഞതാണ്.(അവയവത്തിന്റെ പ്രവർത്തനങ്ങളും പുറത്ത് വരുമെന്ന് ചുരുക്കം) ഈ ശൈലി പലയിടത്തും ഖുർആൻ പ്രയോഗിച്ചിട്ടുണ്ട്(റാസി 32/64)

അല്ലാഹു അന്നേദിനം രക്ഷപ്പെടാനാവശ്യമായ മുൻകരുതലെടുത്ത് വിജയിച്ച സൗഭാഗ്യവാന്മാരിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين   . ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  


  وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

4 comments:

വഴികാട്ടി / pathfinder said...

سورة العاديات

മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 11

Zulfukhaar-ദുല്‍ഫുഖാര്‍ said...

May Almighty Allah bless the author of this blog and the one who behind this work. ameen

വഴികാട്ടി / pathfinder said...

Zulfukhaar,

സന്ദർശനത്തിനും അഭിപ്രായത്തിനും നന്ദി

വഴികാട്ടി / pathfinder said...

edited and updated . pdf file also added