Thursday, August 5, 2010

അദ്ധ്യായം : 106 -സൂറ:ഖുറൈശ്

സൂറത്ത്  ഖുറൈശ്   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ   4


ഖുറൈശിനെ കുറിച്ച് മാത്രം പ്രതിപാദിച്ചിട്ടുള്ളതും അതേ പേർ നൽകപ്പെട്ടതുമായ അദ്ധ്യായമാണിത്. ഖുറൈശിന്റെ മഹത്വവും പ്രശസ്തിയും ഇത് മൂലം ലോകാവസാനം വരെ നില നിൽക്കും.  




നബി  യുടെ കുടുംബമെന്ന നിലക്കും കഅ്ബയുടെ പരിപാലകരെന്ന നിലക്കുമൊക്കെ പ്രശസ്തരാണല്ലോ ഖുറൈശികൾ!
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ ا അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
1لِإِيلَافِ قُرَيْشٍ

ഖുറൈശികൾക്ക് ഇണക്കമുണ്ടാക്കിക്കൊടുത്തതിനു വേണ്ടി

ഇമാം ഖുർത്വുബിرحمة الله عليه എഴുതുന്നു. ഈ സൂറ ആർത്ഥികമായി മുമ്പ് പറഞ്ഞ സൂറത്തുമായി (സൂറ അൽ ഫീൽ )ബന്ധമുള്ളതാണ്.അതായത് ആനക്കാരെ നശിപ്പിച്ചത് ഖുറൈശികളെ ഇണക്കാനാണ്. അഥവാ നേരത്തെ ഖുറൈശികൾ എല്ലാവരും ആദരിക്കപ്പെട്ടിരുന്നത് കഅബയുടെ പരിപാലകർ എന്ന നിലക്കായിരുന്നു. ആനക്കാരെങ്ങാനും കഅബ തകർക്കുകയും സൻആഇൽ കഅബക്ക് സമാന്തരമായി ഒരു ആരാധനാലയം ഉയരുകയും ചെയ്തിരുന്നുവെങ്കിൽ ഇനിയുള്ള കാലത്ത് ഖുറൈശികൾക്ക് ആ പരിഗണന ലഭിക്കാതെ വരും. അഥവാ കച്ചവട യാത്രകളിൽ അവർ കയ്യേറ്റം ചെയ്യപ്പെടും .അതിൽ നിന്ന് അവരുടെ മനസിനു ഇണക്കം ലഭിക്കാൻ അള്ളാഹു കഅബ പൊളിക്കാൻ വന്നവരെ ശിക്ഷിച്ചത് കാരണമായി. നേരത്തെ ലഭിച്ചിരുന്ന പരിഗണന അവർക്ക് ലഭിച്ചു.ഇത് കൊണ്ട് ഈ സൂറത്തും മുമ്പത്തേതും ബന്ധമുണ്ട്(ഖുർത്വുബി 20/145)

ഖുറൈശ് കിനാനയുടെ മകൻ നള്റിന്റെ സന്താന പരമ്പരയാണ്. നബി ആ ശ്രേഷ്ട പരമ്പരയിലാണ് വന്നത്.

2.إِيلَافِهِمْ رِحْلَةَ الشِّتَاء وَالصَّيْفِ

(അതായത്) ശൈത്യ കാലത്തെയും ഉഷ്ണകാലത്തെയും (കച്ചവട) യാത്ര അവർക്ക് ഇണക്കി കൊടുത്തതിനു വേണ്ടി.
3فَلْيَعْبُدُوا رَبَّ هَذَا الْبَيْتِ

അതിനാൽ ഈ മന്ദിരത്തിന്റെ നാഥനെ അവർ ആരാധിച്ചു കൊള്ളട്ടെ

4الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ 

(അതെ)അവർക്ക് വിശപ്പിനു ഭക്ഷണം നല്കുകയും ഭയത്തിൽ നിന്ന് അഭയമേകുകയും ചെയ്തവനെ(അവർ ആരാധിക്കട്ടെ)

ഖുറൈശികൾ പ്രശസ്തരും ആദരണീയരുമായിരുന്നുവെങ്കിലും ജീവിതോപാധികളുടെ വിഷയത്തിൽ അവർ മറുനാടുകളെ ആശ്രയിക്കാൻ നിർബന്ധിതരായിരുന്നു അതിനാൽ അവർ ശൈത്യ കാലത്ത് തെക്കോട്ട് യമനിലേക്കും ഉഷ്ണകാലത്ത് വടക്കോട്ട് ശാമിലേക്കും കച്ചവട യാത്ര നടത്തും അറേബ്യയുടെ ഭൂമിശാസ്ത്രപരമായ കിടപ്പനുസരിച്ച് ചൂടുകാലത്തെ ചൂടും തണുപ്പ് കാലത്തെ തണുപ്പും അസഹ്യമായിരുന്നു. അത് കൊണ്ടാണ് യാത്രാ സൌകര്യാർത്ഥം രണ്ട് സീസനുകളിൽ രണ്ടിടത്തേക്കുള്ള യാത്ര ക്രമീകരിച്ചത് .നാട്ടിലെ വിഭവങ്ങൾ കയറ്റുമതി ചെയ്ത് അവിടങ്ങളിൽ വിറ്റഴിച്ച് നാട്ടിലേക്ക് ഗോതമ്പ് മുതലായ അവശ്യ വസ്തുക്കൾ ഇങ്ങോട്ട് ഇറക്കുമതി ചെയ്തിരുന്നത് ഈ സംഘങ്ങളാണ്.

ഖുറൈശികൾ സംഘം ചേർന്ന് സാഘോഷമായിരുന്നു ഈ യാത്ര നടത്തിയിരുന്നത്. മാസങ്ങൾ നീണ്ട് നിൽക്കുന്ന മരുഭൂമിയിലൂടെയുള്ള ഈ യാത്രകൾ അവർക്ക് അള്ളാഹു ഇഷ്ടമുള്ളതാക്കി കൊടുത്തു.അങ്ങനെ പട്ടിണിയിൽ നിന്നും വിശപ്പിൽ നിന്നും അള്ളാഹു അവരെ രക്ഷപ്പെടുത്തി.ഇത്തരം യാത്രയുടെ വഴികളിൽ അക്രമിക്കപ്പെടാനും കൊള്ള ചെയ്യപ്പെടാനുമുള്ള സാദ്ധ്യത കൂടുതലായിരുന്ന അക്കാലത്തും കഅബയുടെ പരിപാലകരെന്ന നിലക്ക് ഇവർ കൊള്ളക്കാരിൽ നിന്നും രക്ഷ നേടിയിരുന്നു. കഅബയുടെ പരിസരത്തും സംഘട്ടനങ്ങളും അക്രമങ്ങളും നടക്കാത്തതിനാൽ സ്വന്തം നാട്ടിലും അവർ സുരക്ഷിതരായിരുന്നു. ഈ നിർഭയത്വങ്ങളൊക്കെ അവർക്ക് അള്ളാഹു നൽകിയ അനുഗ്രഹങ്ങളാണെന്ന് ഓർമ്മിപ്പിക്കുകയും അതിന്റെ കാരണം നിങ്ങൾ കഅബയുടെ പരിപാലകരായത് കൊണ്ടാണെന്നും അത് കൊണ്ട് തന്നെ ആ കഅബയുടെ നാഥനെ മാത്രമേ നിങ്ങൾ ആരാധിക്കാവൂ .അത് നിങ്ങളുടെ ബാദ്ധ്യതയാണെന്ന് ഓർമ്മിപ്പിച്ചിരിക്കുകയാണ്

ഇമാം റാസി(رحمة الله عليه) എഴുതുന്നു. അനുഗ്രഹം ചെയ്യൽ രണ്ട് വിധമാണ് (1) ബുദ്ധിമുട്ടുകൾ ഒഴിവാക്കൽ (2) ഉപകാരം കൊണ്ട് വരൽ. എന്നിവയാണത്. ബുദ്ധിമുട്ട് ഒഴിവാക്കൽ ഏറ്റവും പ്രാധമാണ്.അത് കൊണ്ട് കഴിഞ്ഞ അദ്ധ്യായത്തിൽ ആന സംഘത്തിന്റെ ബുദ്ധിമുട്ട് ഒഴിവാക്കി കൊടുത്ത അനുഗ്രഹമാണ് അള്ളാഹു പറഞ്ഞത്. ഉപകാരം ചെയ്തത് ഈ അദ്ധ്യായത്തിലും പറഞ്ഞു. അപ്പോൾ എല്ലാ നിലക്കും അള്ളാഹു ചെയ്ത് കൊടുത്ത അനുഗ്രഹത്തിനു നന്ദി ചെയ്യാൻ ഇവർ ബാദ്ധ്യസ്ഥരാണ്.ആ ബാദ്ധ്യത നിർവഹിക്കാൻ നന്ദി ചെയ്തേ പറ്റൂ. ആ നന്ദി ചെയ്യുമ്പോൾ ഏറ്റവും ആവശ്യമായി വരുന്ന കാര്യമാണ് അള്ളാഹുവിന്റെ അധീശത്വം സമ്മതിക്കലും അവനെ മാത്രം ആരാധിക്കലും. അതാണ് അള്ളാഹു ഈ ഭവനത്തിന്റെ നാഥനെ ആരാധിക്കുക എന്ന് പറഞ്ഞത്(റാസി32/99)

ഭയത്തിൽ നിന്ന് അഭയം നൽകി എന്നതിനു വിവിധ വ്യാഖ്യാനങ്ങളുണ്ട്.

ഇമാം റാസിرحمة الله عليه  എഴുതുന്നു. ‘(1)നാട്ടിലും യാത്രയിലും അവർ മറ്റുള്ളവരിൽ നിന്നുള്ള അക്രമത്തിൽ നിന്ന് അള്ളാഹു അഭയം നൽകി(മറ്റുള്ളവർക്ക് അന്ന് ആ നിർഭയത്വമില്ലായിരുന്നു). (2) ആനക്കാരുടെ അക്രമത്തിൽ നിന്ന് അവർക്ക് നിർഭയത്വം നൽകി. (3) കുഷ്ഠ രോഗത്തിൽ നിന്ന് നിർഭയത്വം നൽകി(ആ നാട്ടിൽ കുഷ്ഠം വരില്ല) .(4) അധികാരം അവരല്ലാത്തവരിൽ വരുന്നതിനെ തൊട്ട് നിർഭയത്വം നൽകി .(5) ഇസ്‌ലാം മതം  കൊണ്ട് അള്ളാ‍ഹു നിർഭയത്വം നൽകി. (6) അറിവില്ലായ്മയുടെ വിശപ്പിനെ തൊട്ട് ദിവ്യ ബോധനത്തിന്റെ ഭക്ഷണം അള്ളാഹു അവർക്ക് ഭക്ഷിപ്പിക്കുകയും വഴികേടിന്റെ ഭയത്തെ തൊട്ട് സന്മാർഗത്തിന്റെ വിശദീകരണം കൊണ്ട് അള്ളാഹു അഭയം നൽകി. അതായത് മക്കക്കാർ നബിﷺ നിയോഗിക്കപ്പെടുന്നതിനു മുമ്പ് അറിവില്ലാത്തവരായിരുന്നു പിന്നീട് നബി വരികയും അവിടുത്തേക്ക് ഗ്രന്ഥം നൽകപ്പെടുകയും ചെയ്ത് കൊണ്ട് ലോകത്തെ ഏറ്റവും വിവരമുള്ളവരായി അവർ മാറി. കേവലം ശരീരത്തിനാവശ്യമായ ഭക്ഷണത്തിനു തന്നെ നാം നന്ദി ചെയ്യാൻ നിർബന്ധിക്കപ്പെട്ടവരാണെങ്കിൽ ആത്മാവിന്റെ ഭക്ഷണം ലഭിച്ചതിനു എന്തായാലും നന്ദി ചെയ്യേണ്ടതല്ലേ !. ഇതൊക്കെ ഇവിടെ സൂചനയുണ്ട്‘ (റാസി 32/101)



സൂറ:ഖുറൈശ് ആരെങ്കിലും ഓതിയാൽ കഅബ പ്രദക്ഷിണം ചെയ്യുന്നവരുടെയും ഭജനമിരിക്കുന്നവരുടെയും എണ്ണം കണ്ട് അള്ളാഹു പത്ത് നന്മകൾ നൽകും എന്ന് നബി  പറഞ്ഞിരിക്കുന്നു (ബൈളാവി 2/624)


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  

وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

2 comments:

വഴികാട്ടി / pathfinder said...

سورة قريش

ഖുറൈശിനെ കുറിച്ച് മാത്രം പ്രതിപാദിച്ചിട്ടുള്ളതും അതേ പേർ നൽകപ്പെട്ടതുമായ അദ്ധ്യായമാണിത്

വഴികാട്ടി / pathfinder said...

edited and updated -pdf file also added