Friday, August 20, 2010

അദ്ധ്യായം 108 :സൂറത്തുൽ കൗസർ

അദ്ധ്യായം 108 -സൂറത്തുൽ കൌസർ   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ   3

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.إِنَّا أَعْطَيْنَاكَ الْكَوْثَرَ

(നബിയേ)നിശ്ചയമായും തങ്ങൾക്ക് നാം ധാരാളം നന്മകൾ നല്കിയിരിക്കുന്നു.

വളരെ അധികരിച്ച നന്മ എന്ന അർത്ഥത്തിലാണ് അറബികൾ (അൽ കൌസർ)എന്ന് ഉപയോഗിക്കാറുള്ളത് ഇതേ അർത്ഥം തന്നെയാണിവിടെ ഇബ്നു അബ്ബാസ് رضي الله عنه അടക്കം പല വ്യാഖ്യാതാക്കളും പറഞ്ഞിട്ടുള്ളത്. അതായത് നബി  ക്ക് അള്ളാഹു ധാരാളം അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അള്ളാഹു പരലോകത്ത് നബി ﷺ ക്ക് നൽകുന്ന കൌസർ എന്ന തടാകമാണുദ്ദേശ്യമെന്നും വ്യഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്. അള്ളാഹു തങ്ങൾക്ക് നൽകിയ അനുഗ്രഹങ്ങളിൽപെട്ടത് തന്നെയാണീ തടാകം എന്ന് വെക്കുമ്പോൾ ആദ്യം പറഞ്ഞ അർത്ഥം കൂടുതൽ അർത്ഥ വ്യാപ്തിയുള്ളതാകുന്നു.ഇമാം ഖുർത്വുബി  رحمة الله عليه   പറയുന്നു. കൌസർ എന്നത് സ്വർഗത്തിലുള്ള ഒരു നദിയാണ്.രണ്ട് പാർശ്വവും സ്വർണ്ണത്താലുണ്ടാക്കപ്പെട്ട ആനദിയിലെ മണ്ണിനു കസ്തൂരിയേക്കാൾ സുഗന്ധവും വെള്ളത്തിനു തേനിനേക്കാൾ മാധുര്യവും ഉണ്ട്


മഹ്ശറിൽ ജനങ്ങൾ വിചാരണക്ക് നിൽക്കുമ്പോഴും തങ്ങൾക്ക് നൽകപ്പെടുന്ന ഒരു വെള്ളത്തിന്റെ തടാകമുണ്ട്. നന്മ തിന്മകൾ തൂക്കിക്കണക്കാകുന്നതിനു മുമ്പ് നല്ലവരായ ആളുകൾക്ക് അതിൽ നിന്ന് നബി വെള്ളം കുടിപ്പിക്കും.അപ്പോൾ വെള്ളം കുടിക്കാൻ വന്ന ചിലരെ അവിടെ നിന്ന് ആട്ടിയോടിക്കപ്പെടും നബിക്ക് ശേഷം മതത്തിൽ പുത്തൻ വാദങ്ങൾ ഉന്നയിച്ചവരാണാ ഹതഭാഗ്യർ(ഖുർത്വുബി.20/157.158)

എന്റെ ഹൌള് ഒരു മാസത്തെ വഴി അകലമുള്ളതാണ്.അതിന്റെ ഭാഗങ്ങൾ സമമാകുന്നു(സമ ചതുരമാണ്)അതിലെ വെള്ളം പാലിനേക്കാൾ വെള്ളയും അതിന്റെ വാസന കസ്തൂരിയേക്കാൾ നല്ലതും അതിലെ കൂജ(പാന പാത്രം)കൾ ആകാശത്തിലെ നക്ഷത്രങ്ങൾ കണക്കെയുള്ളതുമാകുന്നു അതിൽ നിന്ന് ആരെങ്കിലും കുടിച്ചാൽ അവനു ഒരു കാലത്തും ദാഹമുണ്ടാവുകയില്ല(ബുഖാരി,ഹദീസ് നമ്പർ 6579)

ഹൌളുൽ കൌസറിന്റെ അടുത്ത് ഞാൻ നേരത്തേ ചെന്ന് നിങ്ങളെ കാത്ത് നിൽക്കുമെന്ന് നബിപറഞ്ഞിട്ടുണ്ട്(ബുഖാരി ഹദീസ് നമ്പർ 6575)

ഹൌളുൽ കൌസറിന്റെ മഹത്വം വിശദീകരിക്കുന്ന ധാരാളം ഹദീസുകൾ കാണാം.അത് കുടിക്കാൻ നമുക്ക് അള്ളാഹു അനുഗ്രഹം ചെയ്യട്ടെ ആമീൻ. ഇവിടെ പറഞ്ഞ കൌസർ എന്നതിനു വേറെയും ധാരാളം വ്യഖ്യാനങ്ങൾ ഉണ്ട്. ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു.ഇവിടെ പറഞ്ഞ കൌസർ നബിക്ക് സ്വർഗത്തിൽ നൽകപ്പെട്ട നദിയാണ് എന്നും മഹ്ശറിൽ നൽകപ്പെട്ട നദിയാണെന്നും നുബുവ്വത്തും ഖുർആനുമാണെന്നും ഇസ്‌ലാം ആണെന്നും, മത നിയമങ്ങളെ നമുക്ക് അള്ളാഹു ലളിതമാക്കിത്തന്നതാണെന്നും നബി ﷺ ക്ക് ധാരാളം ശിഷ്യന്മാരെയും അനുയായികളെയും നൽകിയതാണെന്നും നബിതങ്ങൾക്ക് അള്ളാഹു നൽകിയ പ്രശസ്തിയും പ്രശംസയും ആണെന്നും അള്ളാഹുവിലേക്ക് എല്ലാം എൽ‌പ്പിക്കാനും മറ്റുള്ളതൊന്നും കാര്യാമാക്കാതിരിക്കാനും സാധിക്കുംവിധം തങ്ങളുടെ ഹൃ‌ദയത്തിൽ അള്ളാഹു നൽകിയ പ്രഭയാണതെന്നും സമൂഹത്തെ രക്ഷിക്കാനായി നബിക്ക് അള്ളാഹു നൽകിയ ശുപാർശാധികാരമാണതെന്നും സത്യ സാക്ഷ്യ വാക്യമായ
 لا اله الا الله محمد رسول الله ആണെന്നും മത വിജ്ഞാനമാണെന്നും അഞ്ച് നേരത്തെ നിസ്ക്കാരമാണെന്നും അഭിപ്രായമുണ്ട്.(ഖുർത്വുബി 20/158)

ഈ പറഞ്ഞ വ്യാഖ്യാനങ്ങളൊന്നും പരസ്പര വൈരുദ്ധ്യമല്ല എന്നതിനാൽ ഈ അർത്ഥങ്ങളെല്ലാം സ്വീകാര്യമാണ്. ഇതിലൊക്കെ ധാരാളം നന്മകൾ അടങ്ങിയിട്ടുണ്ടല്ലോ ! എന്നാൽ ഏറ്റവും പ്രബലമായ അഭിപ്രായം ഹൌളുൽ കൌസർ എന്ന പാനീയം എന്നാണെന്നാണ് ഇമാം ഖുർത്വുബി رحمة الله عليه  യുടെ പക്ഷം

2
.فَصَلِّ لِرَبِّكَ وَانْحَرْ

അത് കൊണ്ട് തങ്ങളുടെ നാഥനു വേണ്ടി തങ്ങൾ നിസ്ക്കരിക്കുകയും ബലിയറുക്കുകയും ചെയ്യുക.

മറ്റ് പ്രവാചകന്മാർക്ക് നൽകിയതിനേക്കാൾ എത്രയോ അനുഗ്രഹങ്ങൾ നബിക്ക് അള്ളാഹു നൽകിയിട്ടുണ്ട് അതിനു നന്ദിയായി അള്ളാഹുവിനു നിസ്കരിക്കാനും ബലിയറുക്കാനും നിർദ്ദേശിക്കുന്നു ഈ ഉപദേശം നബി  നന്നായി നടപ്പാക്കിയിട്ടുണ്ടെന്ന് അവിടുത്തെ ചരിത്രം സാക്ഷ്യ വഹിക്കുന്നു.

ദീർഘമായി നിസ്കരിച്ച് തങ്ങളുടെ കാലിൽ നീരു വരികയും അത് കണ്ടപ്പോൾ ആയിശرضي الله  عنها തങ്ങൾ എന്തിനാണ്‌ ഇങ്ങനെ കഷ്ടപ്പെടുന്നത് ? അവിടുന്ന് പാപ സുരക്ഷിതൻ അല്ലെ?എന്ന് ചോദിക്കുകയും അള്ളാഹു എനിക്ക് നല്കിയ അളവറ്റ അനുഗ്രഹത്തിന്‌ ഞാൻ നന്ദിയുള്ളവനാവണ്ടേ ! എന്ന് നബി  മറുപടി പറഞ്ഞതും ഹദീസിൽ ഉണ്ട്.നിസ്കാരമാണ്‌ എനിക്ക് ഏറ്റവും സന്തോഷം എന്ന് നബി  വിശദീകരിച്ചതും കൂടി ഇതോട് ചേർത്ത് വായിക്കുക. ഇവിടെ പറഞ്ഞ നിസ്കാരം അഞ്ച് നേരത്തെ നിസ്കാരമാണുദ്ദേശ്യമെന്നും ബലി പെരുന്നാൾ നിസ്കാരമാണെന്നും അഭിപ്രായമുണ്ട്

ബലിയറുക്കുക എന്നത് ഉള്‌ഹിയ്യത്ത് അറുക്കുക എന്നതാണ്‌ ഉദ്ദേശ്യം. وَانْحَرْ എന്നതിനു നിസ്കരിക്കാൻ ആരംഭിക്കുമ്പോൾ കൈകൾ ഉയർത്തുകയും പിന്നീട് അത് നെഞ്ചിനടുത്തേക്ക്(താഴെ) താഴ്ത്തി വലത് കൈ ഇടത് കയ്യിന്റെ മേൽ നെഞ്ചിനു താഴെ നിസ്കാരത്തിൽ വെക്കുക എന്നാണ്‌ ചില വ്യാഖ്യാതാക്കൾ പറഞ്ഞത്(അദ്ദുർ അൽ മൻഥൂർ 6/689) وَانْحَرْ എന്നതിനു നെഞ്ച് ഖിബ്‌ലയിലേക്ക് തിരിക്കണം നിസ്കാരത്തിൽ എന്നും വ്യാഖ്യാനമുണ്ട്(ത്വബരി 15/370).

ഇമാം ബൈളാവി رحمة الله عليه എഴുതുന്നു.അറബികളുടെ അടുത്ത് ബഹുമാനമുള്ള മൃഗങ്ങളെ ബലി അറുത്ത് സാധുക്കൾക്ക് നല്കണം. അഥവാ കഴിഞ്ഞ സൂറത്തിൽ പറഞ്ഞ സാധുവിനെ അകറ്റുന്ന കപടന്റെ ശൈലിക്കെതിരെ വിശ്വാസിക്ക് വേണ്ടത് അവനെ സഹായിക്കുന്ന ശൈലിയാണ്‌  എന്നാണിവിടെ പറയുന്നത് (ബൈളാവി 2/626)

3
.إِنَّ شَانِئَكَ هُوَ الْأَبْتَرُ

നിശ്ചയമായും തങ്ങളോട് വിദ്വേഷം വെക്കുന്നവൻ തന്നെയാണ്‌ വാലറ്റവൻ (ഭാവിയില്ലാത്തവൻ)

പാരമ്പര്യവും നല്ല സ്മരണയും നില നില്ക്കാത്തവൻ എന്നാണ്‌ ابتر എന്നതിന്റെ ആശയം അതേ സമയം നബിയുടെ സന്താന പരമ്പരയും അവിടുത്തെ പ്രശസ്തിയും അന്ത്യ നാൾ വരെയും നിലനില്ക്കുകയും പരലോകത്ത് വർണിക്കാൻ പറ്റാത്ത അത്രയും മഹത്വം നൽകുകയും ചെയ്തിട്ടുണ്ട് (ബൈളാവി2/626).

നബിയുടെ ആൺ മക്കൾ ചെറുപ്പത്തിലേ മരണപ്പെടുന്നതിനെ സൂചിപ്പിച്ച് കൊണ്ട് മുഹമ്മദ്നബി പിന്മുറക്കാരില്ലാത്ത വിധം വേരറ്റവരാണ്‌എന്ന് ആസ്വി ബിൻ വാഇൽ എന്നവൻ ആക്ഷേപിച്ചപ്പോൾ അവനെ എതിർത്തു കൊണ്ടാണ്‌ അള്ളാഹു ഈ ആയത്ത് ഇറക്കിയത്. ഉഖ്ബത്തുബിൻ അബീ മുഐത്തിനെ കുറിച്ചാണെന്നും നബിയെ ആക്ഷേപിച്ച എല്ലാവരെക്കുറിച്ചും ആണെന്നും അഭിപ്രായമുണ്ട് (ത്വബരി 15/371).

നബി  യുടെ മഹത്വം സ്ഥിരീകരിച്ച് കൊണ്ടും നബിയെ ആക്ഷേപിക്കുന്നത് അള്ളാഹു വകവെച്ച് തരില്ലെന്നും ഈ സൂക്തം നമ്മെ പഠിപ്പിക്കുന്നു നബി പറഞ്ഞു. ആരെങ്കിലും സൂറത്തുൽ കൗസർ പാരായണം ചെയ്താൽ സ്വർഗത്തിലെ എല്ലാ നദികളിൽ നിന്നും അവർക്ക് അള്ളാഹു കുടിപ്പിക്കുകയും ബലി പെരുന്നാൾ ദിനത്തിൽ അള്ളാഹുവിനു ബലിയറുക്കുന്നവരുടെ എണ്ണം കണ്ട് പത്ത് നന്മകൾ അവർക്ക് അള്ളാഹു കണക്കാക്കുകയും ചെയ്യും(ബൈളാവി2/626)അള്ളാഹു നമ്മെയെല്ലാം നബിയെ ആദരിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ آمين

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  




وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين

4 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 108 സൂറത്തുൽ കൌസർ
മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 3

വഴികാട്ടി / pathfinder said...

edited and updated . pdf file also added

with god's grace said...

ningalude mobile number kittumo ?

വഴികാട്ടി / pathfinder said...

send me ur contact number to vilakk@gmail.com and the reason you want to contact .we will contact you soon insha Allah