Thursday, September 23, 2010

അദ്ധ്യായം 111 -സൂറത്തുൽ മസദ്

അദ്ധ്യായം 111  സൂറത്തുൽ മസദ്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ   5


അവതരണ പശ്ചാത്തലം


   (الشعراء 214)وَأَنذِرْ عَشِيرَتَكَ الْأَقْرَبِينَ 


തങ്ങളുടെ അടുത്ത ബന്ധുക്കളെ താക്കീത് ചെയ്യുക എന്ന വാക്യം(അശ്ശുഅറാഅ് 214)അവതരിച്ചപ്പോൾ നബി   സഫാ മലയിൽ കയറി അടുത്ത കുടുംബാംഗങ്ങളെ വിളിച്ചു വരുത്തി ഞാൻ അള്ളാഹുവിന്റെ ശിക്ഷയെക്കുറിച്ച് നിങ്ങളെ താക്കീത് ചെയ്യാൻ അയക്കപ്പെട്ട ദൂതനാണ് എന്ന് അവരെ പൊതുവായും ഓരോരുത്തരെ പേർ വിളിച്ച് പ്രത്യേകമായും അറിയിച്ചു അപ്പോൾ നബി യുടെ പിതൃവ്യനായ അബൂലഹബ് കൈകുടഞ്ഞെഴുന്നേറ്റ് കൊണ്ട് പറഞ്ഞു 
 ألهذا جمعتنا سائرالأيام تبالك  (എല്ലാ നാളുകളിലും നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ ഒരുമിച്ച് കൂട്ടിയത്’?)എന്ന്..ഇതിനെ തുടർന്നാണ് ഈ അദ്ധ്യായം അവതരിച്ചത്(ബുഖാരി, മുസ്‌ലിം)

അബൂലഹബ്, നബിﷺ യെ സമീപിച്ച് ഒരിക്കൽ ചോദിച്ചു.ഞാൻ ഈ മതത്തിൽ വന്നാൽ എനിക്ക് എന്ത് ലഭിക്കും? മറ്റ് മുസ്‌ലിംകൾക്ക് നൽകുന്നതൊക്കെ നൽകും എന്ന് നബി പറഞ്ഞുഅപ്പോൾ എനിക്ക് പ്രത്യേകത ഒന്നും ഇല്ലേ!? എന്ന് അയാൾ ചോദിച്ചു.നിങ്ങൾ എന്താണ് ആവശ്യപ്പെടുന്നതെന്ന് നബി ചോദിച്ചപ്പോൾ അയാൾ പറഞ്ഞു എന്നെയും ഇവരെയും സമമാക്കിയ ഈ മതം നശിക്കട്ടെ എന്ന് ! . അപ്പോഴാണീ അദ്ധ്യായം അവതരിച്ചത് എന്നും,


നബിയെ കാണാൻ വരുന്ന പലരും അബൂലഹബിനെ സമീപിച്ച് ഞങ്ങളേക്കാൾ മുഹമ്മദ്നെ നിങ്ങൾക്ക് അറിയാമല്ലോ എന്ന് ചോദിക്കുമ്പോൾ അയാൾ പറയും മുഹമ്മദ് മഹാനുണയനും ആഭിചാരക്കാരനുമാണെന്ന്. അതിനാൽ നബിയെ കാണാൻ വരുന്ന പലരും കാണാതെ തിരിച്ച് പോകുമായിരുന്നു.എന്നാൽ ഒരു കൂട്ടം ആളുകൾ അബൂലഹബ് ഇങ്ങനെ നുണ പറഞ്ഞപ്പോൾ ഞങ്ങൾ എന്തായാലും മുഹമ്മദ്യെ കണ്ടിട്ടേ പോകുന്നുള്ളൂ എന്ന് പറഞ്ഞുഅപ്പോൾ അബൂലഹബ് പറഞ്ഞു ഞങ്ങൾ മുഹമ്മദിനെ ഒരു പാട് ചികിത്സിച്ചു പക്ഷെ അവൻ നശിക്കുകയേ ഉള്ളൂ എന്ന്. അപ്പോഴാണ് അവതരിച്ചതെന്നും, അബൂലഹബ് ഒരിക്കൽ കല്ലു കൊണ്ട് നബിയെ എറിയാൻ ശ്രമിച്ചു അള്ളാ‍ഹു അത് തടഞ്ഞു.അങ്ങനെ നബിയെ എറിയാൻ ശ്രമിച്ചവന്റെ കൈ നശിക്കട്ടെ എന്ന് അർത്ഥം വരുന്ന അദ്ധ്യായം അവതരിച്ചു എന്നും അഭിപ്രായമുണ്ട്(ഖുർത്വുബി20/172)

അബൂലഹബിനെയും ഭാര്യയെയും സംബന്ധിച്ച് ആക്ഷേപിച്ച് കൊണ്ട് ഈ അദ്ധ്യായം അവതരിച്ചപ്പോൾ അബൂലഹബിന്റെ ഭാര്യ ദേഷ്യത്തോടെ നബിയെ അന്വേഷിച്ചിറങ്ങി.നബി കഅബയുടെ അടുത്ത് ഇരിക്കുകയായിരുന്നു സിദ്ദീഖ്رضي الله عنهകൂടെയുണ്ട്.കൈനിറയെ കല്ലുമായാണ് വരവ്.അടുത്ത് വന്നിട്ടും അവൾക്ക് നബിയെ കാണാനായില്ല(അള്ളാഹു അവളുടെ കണ്ണിന് മറയിട്ടു) അവൾ അബൂബക്കറിرضي الله عنهനെ മാത്രമേ കണ്ടുള്ളൂ. അബൂബക്കർرضي الله عنهനോട് അവൾ പറഞ്ഞു നിന്റെ നേതാവ് മുഹമ്മദ് നബി എന്നെ ആക്ഷേപിക്കുന്നുണ്ടെന്ന് ഞാൻ അറിഞ്ഞു. മുഹമ്മദിനെ കണ്ടാൽ ഈ കല്ല് കൊണ്ട് ഞാൻ മുഹമ്മദിന്റെ വായിൽ നിറക്കും.എന്നിട്ടവൾ ഇങ്ങിനെ പാടി

مذمما عصينا * وأمره أبينا *ودينه قلينا 


(ആക്ഷേപിക്കുന്നവനെ ഞങ്ങൾ ധിക്കരിക്കും .മുഹമ്മദിന്റെ കല്പനകളെ ഞങ്ങൾ വിസമ്മതിക്കുകയും, പഠിപ്പിക്കുന്ന മതത്തെ ഞങ്ങൾ വെറുക്കുകയും ചെയ്യും)

അങ്ങനെ അവൾ മടങ്ങിപ്പോയി.അപ്പോൾ അബൂബക്കർرضي الله عنه ചോദിച്ചു.നബിയേ! അവൾ തങ്ങളെ കണ്ടില്ലേ? നബി പറഞ്ഞുഅള്ളാഹു അവളുടെ കണ്ണിനെ എന്നെ തൊട്ട് തെറ്റിച്ചു(ഖുർത്വുബി.20/171)


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1.تَبَّتْ يَدَا أَبِي لَهَبٍ وَتَبَّ


അബൂലഹബിന്റെ ഇരു കൈകളും നാശമടയട്ടെ. അവൻ നാശമടയുകയും ചെയ്തു.

നബി പ്രബോധനം തുടങ്ങിയ അന്ന് മുതൽ തന്നെ അവിടുത്തെ കഠിന ശത്രുവായി നില കൊണ്ടയാളാണ് പിതൃ‌വ്യൻ അബൂലഹബ്(ല.അ). നബി  ജനങ്ങൾ കൂടുന്നിടത്തൊക്കെ ചെന്ന് പ്രബോധനം നടത്തുമ്പോൾ അവിടെ ചെന്ന് മുഹമ്മദ്  കള്ള വാദിയാണെന്നും ആരും അത് സ്വീകരിക്കരുതെന്നും ഇവൻ പറയുമായിരുന്നു.

നബിയുടെ അയൽ വാസിയായിരുന്ന അബൂലഹബ് അയൽപക്കബന്ധം പാലിച്ചില്ലെന്ന് മാത്രമല്ല പല മലിന വസ്തുക്കളും നബി യുടെ വീട്ടിലേക്ക് വലിച്ചെറിയുമായിരുന്നു ഖുറൈശി നേതാവു കൂടിയായ അബൂലഹബിനു നബി യെ ഉപദ്രവിക്കാൻ ധാരാളം അവസരങ്ങൾ ഉണ്ടായിരുന്നു. ഇസ്‌ലാമിന്നും നബിക്കുമെതിരിൽ അബൂലഹബിന്റെ ശത്രുത ഇത്രയും രൂക്ഷമായത് കൊണ്ട് തന്നെയാണ് അള്ളാഹു ഇവനെ പേരെടുത്ത് ആക്ഷേപിച്ചത്.നബിയോടുള്ള അവന്റെ വെറുപ്പ് കാരണത്താൽ അള്ളാഹു അവനെ വെറുത്തു. കോപിച്ചു. ഇതാണ് നമുക്കിതിൽ നിന്ന് മനസിലാവുന്നത്.അബ്ദുൽ ഉസ്സാ എന്നായിരുന്നു ഇവന്റെ നാമം. ജ്വലിക്കുന്ന മുഖമായിരുന്നു അയാ‍ൾക്ക്.അത് കൊണ്ടാണ് അബൂലഹബ്(ജ്വലിക്കുന്ന മുഖമുള്ളവൻ) എന്ന് അറിയപ്പെട്ടത് നരകത്തിലെ തീജ്വാലയിൽ കിടന്ന് പുളയുന്നവൻ എന്ന അർത്ഥത്തിലാണിത് എന്നും അഭിപ്രായമുണ്ട്(ഖുർത്വുബി20/173)

അറബികൾ.കഠിനമായ പ്രതിഷേധ വേളകളിൽ ശപിച്ച് പറയാറുള്ള വാക്കാണ് تبالك (നിനക്ക് നാശം) എന്നത് .അതേ വാക്ക് ഉപയോഗിച്ചാണ് അള്ളാഹു അവനെ ശപിച്ചത്.അവന്റെ കൈകൾ രണ്ടും നശിക്കട്ടെ എന്ന് പറഞ്ഞതിന്റെ താല്പര്യം അവൻ മുഴുവനും നശിക്കട്ടെ എന്നാണ് ഈ വചനത്തിലെ ഒന്നാമത്തെ تَبَّتْ എന്നത് നശിക്കട്ടെ എന്ന് പ്രാർത്ഥനാരൂപത്തിലും രണ്ടാമത്തെ تَبَّ എന്നത് നശിച്ചിരിക്കുന്നു എന്ന് വർത്തമാന രൂപത്തിലുമാണ് ഉപയോഗിച്ചിട്ടുള്ളത്

2.مَا أَغْنَى عَنْهُ مَالُهُ وَمَا كَسَبَ

അവന്റെ സ്വത്തുക്കളും അവൻ സമ്പാദിച്ച് വെച്ചതും അവനു പ്രയോചനപ്പെട്ടില്ല.

ഇബ്നു അബ്ബാസ് رضي الله عنه പറയുന്നു.നബിതന്റെ അടുത്ത ബന്ധുക്കളെ സത്യത്തിലേക്ക് ക്ഷണിച്ചപ്പോ‍ൾ അബൂലഹബ് പറഞ്ഞു. എന്റെ സഹോദര പുത്രൻ പറയുന്നത് സത്യമാണെങ്കിൽ ഞാൻ എന്റെ ധനവും മക്കളെയും പകരം നൽകി അതിന്റെ ബുദ്ധിമുട്ടിൽ നിന്ന് രക്ഷപ്പെടും എന്ന്. അതിന്റെ മറുപടിയാണിത്(ഖുർത്വുബി 20/174). അവന്റെ ധനം, മക്കൾ, സ്വാധീനം മുതലായതൊന്നും അവനു ഇവിടെ ഉപകരിച്ചില്ലെന്നും പരലോകത്ത് ഉപകരിക്കില്ലെന്നുമാണ് ഇവിടെ ഉണർത്തുന്നത്. ഇഹത്തിൽ തന്നെ ഈ ഉപകരിക്കായ്മ അവനു അനുഭവപ്പെട്ടു. അവന്റെ മകനെ ശാമിലേക്കുള്ള യാത്രാ മദ്ധ്യേ നരി പിടിക്കുകയായിരുന്നു. അബൂലഹബ് തന്നെ വസൂരി പോലുള്ള ഒരു രോഗം പിടിച്ച് ദുർഗന്ധം നിമിത്തം ആളുകൾ അങ്ങോട്ട് അടുക്കാത്ത വിധം ജനങ്ങളിൽ നിന്ന്  അകറ്റപ്പെട്ടു. മരണം നടന്നപ്പോൾ ശവം സംസ്ക്കരിക്കാൻ പോലും ആളെക്കിട്ടാതെ ഈ നേതാവിനെ കൂലിക്കാരാണ് മറമാടിയത്. ബദ്‌ർ യുദ്ധം കഴിഞ്ഞ് വൈകാതെ(യുദ്ധത്തിൽ അവൻ പങ്കെടുത്തിരുന്നില്ല)അവൻ മരണപ്പെട്ടു


3سَيَصْلَى نَارًا ذَاتَ لَهَبٍ

ജ്വാലയുള്ള അഗ്നിയിൽ അവൻ പിന്നീട് കിടന്നെരിയും.

ഈലോകത്തുണ്ടായ നാണക്കേടുകൾക്ക് പുറമെ പരലോകത്ത് അവൻ കത്തിജ്ജ്വലിക്കുന്ന നരകത്തിൽ കടന്നെരിയും എന്നാണ് അള്ളാഹു ഉണർത്തുന്നത്


4.وَامْرَأَتُهُ حَمَّالَةَ الْحَطَبِ

അവന്റെ ഭാര്യയും (അഗ്നിയിൽ കിടന്നെരിയും).അതെ ആ വിറകു ചുമക്കുന്നവൾ.

അവനു യോജിച്ച കൂട്ട് തന്നെയായിരുന്നു തന്റെ ഭാര്യ. ഉമ്മു ജമീൽ.അബൂസുഫ്‌യാൻرضي الله عنهന്റെ സഹോദരിയായിരുന്ന അവൾ ഭർത്താവിനെ പോലെ അള്ളാഹുവിന്റെ ശാപത്തിനു അർഹയായി ഭർത്താവിനൊപ്പം നരകത്തിൽ പ്രവേശിക്കുമെന്നാണ് അള്ളാഹു ഉണർത്തുന്നത്.

വിറക് ചുമക്കുന്നവൾ എന്ന് അവളെ വിശേഷിപ്പിച്ചത് അവളെ നിന്ദിച്ചതാണ് ഏഷണിക്കാരെ സംബന്ധിച്ച് വിറകുണ്ടാക്കുന്നവൻ എന്ന് അറബികൾ പ്രയോഗിക്കാറുണ്ടെന്നും അതനുസരിച്ച് ഏഷണിക്കാരി എന്ന അർത്ഥത്തിലാണ് ആവാക്ക് ഉപയോഗിച്ചതെന്നുമാണ് വ്യാഖ്യാതാക്കളിൽ ചിലർ പറയുന്നത്.നബി യെക്കുറിച്ച് അവൾ പല ഏഷണിയും പറയറുണ്ടായിരുന്നു.നബി യെ ഉപദ്രവിക്കാനായി അവൾ മുള്ളു ചുമന്ന് കൊണ്ട് വരികയും നബി നടക്കുന്ന വഴിയിൽ അത് മണ്ണിൽ പൂഴ്ത്തിവെക്കുകയും ചെയ്തിരുന്നെന്നും അതിനെ ഉദ്ദേശിച്ചാണ് ആ പേരു പറഞ്ഞതെന്നുമാണ് മറ്റൊരു പക്ഷം


5فِي جِيدِهَا حَبْلٌ مِّن مَّسَدٍ
അവളുടെ കഴുത്തിൽ ഈത്തപ്പന നാരിനാൽ പിരിച്ച ഒരു കയർ ഉണ്ടായിരിക്കുന്നതാണ്‌

വിറക് ചുമക്കുന്നവർ അതിനുള്ള കയർ കൊണ്ട് നടക്കുമല്ലൊ അതാണ് അവളുടെ കഴുത്തിൽ പിരിച്ച കയറുണ്ടെന്ന് പറഞ്ഞത് .നരകത്തിലുള്ള അവളുടെ ശിക്ഷയുടെ കാര്യമാണുദ്ദേശിച്ചതെന്നും അഭിപ്രായമുണ്ട് ഏത് അർത്ഥത്തിലായാലും നബിക്കെതിരിൽ ഈ ലോകത്ത് പ്രവർത്തിച്ച അവൾക്ക് അതിനനുസരിച്ചുള്ള ശിക്ഷ തന്നെ പരലോകത്ത് ലഭിക്കും എന്ന് വ്യക്തം.അള്ളാഹു ഇത്തരം അവസ്ഥയിൽ നിന്ന് നമ്മെയെല്ലാം രക്ഷപ്പെടുത്തട്ടെ ആമീൻ

പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

2 comments:

haribsha said...

അള്ളാഹു താങ്കളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അര്ഹമായ പ്രതിഫലം നല്‍കി അനുഗ്രഹിക്കട്ടേ. കത്തിയാളുന്ന നരക കുണ്ടില്‍ നിന്നും നമ്മെ എല്ലാവരെയും കാത്തു രക്ഷിക്കട്ടെ -- ആമീന്‍

വഴികാട്ടി / pathfinder said...

edited and updated with pdf file