Tuesday, July 26, 2011

അദ്ധ്യായം-74 -സൂറത്തുൽ മുദ്ദസ്സിർ-ഭാഗം-01

سورة المدثر
മക്കയിൽ അവതരിച്ചു -സൂക്തങ്ങൾ 56بسم الله الرحمن الرحيمപരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നുيَا أَيُّهَا الْمُدَّثِّر (1ഹേ! പുതച്ച് മൂടിയവരേ!നബി(സ)ക്ക് ആ‍ദ്യമായി അവതരിച്ചത് ഖുർആനിലെ അദ്ധ്യായം 96(സൂറത്തുൽ അലഖ്) ലെ ആദ്യ സൂക്തങ്ങളാണ്. അതിനു ശേഷം കുറച്ച് കാലം ബോധനം ലഭിക്കാത്ത അവസ്ഥയുണ്ടായി.അത് നബി(സ)ക്ക് വിഷമമുണ്ടാക്കി .പിന്നെ ആദ്യമായി അവതരിച്ചത് ഈ അദ്ധ്യായമാണ്. അതെ കുറിച്ച് നബി(സ) പറഞ്ഞതായി ജാബിർ(റ) പറയുന്നു 'ഞാൻ നടക്കുമ്പോൾ ആകാശത്ത് നിന്നും ഒരു ശബ്ദം കേട്ടു കണ്ണുയർത്തി നോക്കിയപ്പോൾ ഹിറാഗുഹയിൽ തന്നെ സമീപിച്ച അതേ മലക്ക് ആകാശത്തിനും ഭൂമിക്കുമിടയിൽ ഒരു പീഠമിട്ട് അതിന്മേൽ ഇരിക്കുന്നു!അപ്പോൾ ഭയം തോന്നി വീഴാറായി. അങ്ങനെ വീട്ടിൽ വന്ന് പുതപ്പിട്ട് മൂടാൻ വീട്ടുകാരോട് പറഞ്ഞു അങ്ങനെ വീട്ടുകാർ പുതപ്പിട്ട് മൂടി .ആ സമയത്ത് ഈ അദ്ധ്യായത്തിന്റെ ആദ്യ ഭാഗം (അഞ്ചാം സൂക്തം വരെ)ഇറങ്ങി.قُمْ فَأَنذِرْ (2

എഴുന്നേൽക്കുകയും എന്നിട്ട്(ദുഷിച്ച നടപടികളെക്കുറിച്ച് ജനങ്ങളെ) താക്കീത് ചെയ്യുകയും ചെയ്യുക

പ്രവാചകത്വം നേരത്തേ ലഭിച്ചിരുന്നെങ്കിലും പ്രബോധനം നിർവഹിക്കാനുള്ള നിർദ്ദേശം ഈ ആയത്തിലൂടെയാണ് ലഭിക്കുന്നത് നുബുവ്വത്തിന്റെ കുടെ രിസാലത്ത് കൂടി ലഭിച്ചുവെന്ന് സാരം

പ്രബോധനത്തിന്റെ പ്രധാനമായ രണ്ട് ഭാഗമാണ് നന്മ ചെയ്യുന്നവർക്കുള്ള സുവിശേഷം നൽകലും, തിന്മയെക്കുറിച്ച് താക്കീത് ചെയ്യലും .ഇവിടെ താക്കീതിന്റെ ശൈലി മാത്രം പറഞ്ഞത് ബിംബാരാധനയിലും അവിശ്വാസത്തിലും മൂടുറച്ച ഒരു സമൂഹത്തെയാണ് പ്രബോധനം ചെയ്യേണ്ടത് എന്നതിനാലാണ് താക്കീതിനു ഇവിടെ പ്രാധാന്യം വന്നത്.

وَرَبَّكَ فَكَبِّرْ (3അങ്ങയുടെ നാഥനെ മഹത്വപ്പെടുത്തുക

നിസ്സാര വസ്തുക്കൾക്ക് പോലും ആരാധനക്ക് അർഹത ചാർത്തിക്കൊടുത്ത ജനതക്ക് മുന്നിൽ ആരാധിക്കപ്പെടാനുള്ള അർഹതയുള്ളവൻ അള്ളാഹു മാത്രമെന്ന സത്യം പ്രകാശിപ്പിക്കും വിധം അവന്റെ മഹത്വം സമൂഹത്തിനു ബോദ്ധ്യപ്പെടുത്താനാണിത്.പലരും ആരോപിച്ചത് പോലെ അള്ളാഹുവിനു ഭാര്യയോ മക്കളോ പങ്കാളിയോ ഇല്ലെന്ന് സ്ഥിരീകരിക്കുകയാണ്وَثِيَابَكَ فَطَهِّرْ (4അങ്ങയുടെ വസ്ത്രത്തെ അങ്ങ് ശുദ്ധിയാക്കുകശുദ്ധിക്കും വൃ‌ത്തിക്കും മുന്തിയ പരിഗണന നൽകുന്ന ഇസ്‌ലാം വസ്ത്രം വലിച്ചിഴച്ചും മാലിന്യം പുരളുന്നത് ഗൌനിക്കാതെയും നടക്കുന്നവർക്ക് പാഠമാവാനാണീ നിർദ്ദേശം നൽകുന്നത്.

ഇവിടെ വസ്ത്രം എന്നതിനു ധാരാളം വ്യാഖ്യാനങ്ങളുണ്ട്.

(1) പ്രവർത്തനം ശുദ്ധിയാക്കുക എന്നാണ്.ഈ വ്യാഖ്യാനത്തിന്റെ ന്യായം ഒരാളുടെ പ്രവർത്തനങ്ങൾ നന്നായാൽ അയാളുടെ വസ്ത്രം ശുദ്ധമാണെന്നും പ്രവർത്തനം മോശമായാൽ വസ്ത്രം മോശമായവൻ എന്നും അവർ പ്രയോഗിക്കാറുണ്ട് എന്നതത്രെ.മനുഷ്യനെ അവൻ മരണപ്പെടുമ്പോഴുള്ള രണ്ട് വസ്ത്രത്തിലായി പരലോകത്ത് ഒരുമിച്ച് കൂട്ടും എന്ന നബി വചനത്തിനു അവൻ ചെയ്ത നല്ലതും ചീത്തയുമായ പ്രവർത്തനത്തോടൊപ്പം ഒരുമിച്ച് കൂട്ടും എന്ന വ്യാഖ്യാനം ഈ ന്യായത്തിന്റെ തെളിവായി കാണാവുന്നതാണ്

(2) ഹൃ‌ദയത്തെ ശുദ്ധിയാക്കുക എന്നാണ്.അതായത് ഹൃ‌ദയത്തെ തെറ്റുകളിൽ നിന്നും വഞ്ചനയിൽ നിന്നും ശുദ്ധിയാക്കുക .ഹൃ‌ദയ ശുദ്ധി സകല നന്മയുടെയും അടിസ്ഥാനമായി നബി(സ) പരിചയപ്പെടുത്തിയത് സ്മരണീയമാണ്‌

(3) ആത്മാവിനെ ശുദ്ധിയാക്കുക എന്നാണ്.അത്മീയ നാശമാണല്ലോ ഏറ്റവും വലിയ നാശം

(4) ശരീരത്തെ ശുദ്ധിയാക്കുക അഥവാ ബാഹ്യമായ തെറ്റുകളില്ലാത്ത ജീവിതം നയിക്കുക

(5) കുടുംബത്തെ ശുദ്ധിയാക്കുക എന്നാണ് അതായത് ഭാര്യമാരെയും സന്താനങ്ങളെയുമൊക്കെ സദുപദേശത്തിലൂടെയും മര്യാദ പഠിപ്പിച്ചും തെറ്റുകളിൽ നിന്ന് സൂക്ഷിക്കുക ഭാര്യമാരെ കുറിച്ച് അവർ നിങ്ങളുടെ വസ്ത്രങ്ങളാണെന്ന് ഖുർആൻ തന്നെ പറഞ്ഞിട്ടുണ്ടല്ലോ! ഭാര്യമാരെ ശുദ്ധിയാക്കുക എന്ന വ്യാഖ്യാനം നടത്തിയവർ അതിന്റെ ഉദ്ദേശ്യം പതിവ്രതകളായ സത്യ വിശ്വസിനികളെ ഭാര്യമാരായി തിരഞ്ഞെടുക്കണമെന്നും അവരുമായുള്ള ശാരീരിക ബന്ധം മുൻ ദ്വാരത്തിൽ മാത്രമാവണമെന്നും (ഗുദ മൈഥുനം ശക്തമായ കുറ്റമാണെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്) ആർത്തവമില്ലാത്ത സമയത്ത് മാത്രം ശാരീരിക ബന്ധം നടത്തണമെന്നും (ആർത്തവ സമയത്ത് ബന്ധപ്പെടുന്നവരെ അള്ളാഹു പരലോകത്ത് കാരുണ്യത്തോടെ നോക്കുകയില്ലെന്ന് നബി(സ) പഠിപ്പിച്ചിട്ടുണ്ട്) വ്യാഖ്യാനിച്ചിട്ടുണ്ട്

(6) സ്വഭാവം നന്നാക്കുക.വസ്ത്രത്തിനു മനുഷ്യനോടുള്ള ബന്ധം പോലെ അവന്റെ സ്വഭാവത്തെ കാണാവുന്നതാണ് മനുഷ്യനെ നന്നാക്കുന്നതിൽ അവന്റെ സ്വഭാവ ശുദ്ധി പ്രധാനം തന്നെയാണ്,സൽ സ്വഭാവത്തിന്റെ പ്രാധാന്യം ധാരാളം ഹദീസുകളിൽ കാണാം

(7) മതത്തെ ശുദ്ധിയാക്കുക അഥവാ അള്ളാഹു ഇഷ്ടപ്പെട്ട ദീൻ തന്നെ സ്വീകരിക്കണം മനുഷ്യനുമായി മതത്തിനുള്ള ബന്ധം വസ്ത്രം പോലെ അവനെ ചുറ്റി നിൽക്കുന്നു മതത്തിന്റെ നിർദ്ദേശങ്ങൾ നന്നായി പാലിക്കണം .നബി(സ) പറഞ്ഞു.ഞാൻ കുറെ ആളുകളെ(സ്വപ്നത്തിൽ)കണ്ടു. അവരുടെ മേലിൽ മുല വരെ മാത്രവും അതിനു താഴെയുമൊക്കെ വസ്ത്രമുണ്ട് എന്നാൽ ഉമർബിൻ ഖത്വാബ്(റ)വലിച്ചിഴക്കാവുന്ന അത്രയും വസ്ത്രത്തിലാണുള്ളത് എന്ന് പറഞ്ഞു. സഹാബികൾ എന്താണതിന്റെ വ്യാഖ്യാനം എന്ന് നബി(സ)യോട് ചോദിച്ചപ്പോൾ മതം എന്നായിരുന്നു നബി(സ) യുടെ മറുപടി. അപ്പോൾ വസ്ത്രം എന്നതിനു മതം എന്ന വ്യാഖ്യാനം സ്വീകാര്യം തന്നെ

(8) വസ്ത്രം ശുദ്ധിയാക്കുക .വസ്ത്രം ശുദ്ധിയാക്കുക എന്നതിനു ധാരാളം വ്യാഖ്യാനമുണ്ട് ചെളിയിൽ നിന്ന് വൃ‌ത്തിയാക്കുക .നിലത്തിട്ടടിക്കാത്ത വിധം ഉയർത്തുക, (ഞെരിയാണിക്ക് താഴോട്ടിറങ്ങുന്ന വസ്ത്രം നരകത്തിലാണ് അഹങ്കാരത്തോടെ വസ്ത്രം താഴ്ത്തിയുടുക്കുന്നവരെ അള്ളാഹു പരലോകത്ത് കാരുണ്യത്തിന്റെ നോട്ടം നോക്കില്ല എന്നിങ്ങനെ വസ്ത്രം താഴ്ത്തുന്നതിന്റെ അപകടം ധാരാളം ഹദീസുകളിൽ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.എന്നിട്ടും അത് പുല്ലു പോലെ തള്ളിക്കളഞ്ഞ് വസ്ത്രം നിലത്തു കൂടി വലിച്ചിഴക്കുന്നവർ എത്രമേൽ അപരാധികളാണെന്ന് ചിന്തിച്ചിരുന്നെങ്കിൽ!) മാലിന്യങ്ങളിൽ നിന്ന് വെള്ളം കൊണ്ട് കഴുകി ശുദ്ധിയാക്കുക അനുവദനീയമായ മാർഗത്തിലൂടെ മാത്രം വസ്ത്രം ലഭ്യമാക്കുക എന്നിവയും വസ്ത്രം ശുദ്ധിയാക്കുക എന്നതിന്റെ വ്യാഖ്യാനത്തിൽ വരും (ഖുർതുബി)وَالرُّجْزَ فَاهْجُرْ (5


വിഗ്രഹാരാധനയെ അങ്ങ് വെടിയുക

നമ്മെ പടച്ച നാഥനല്ലാതെ ആരാധന സമർപ്പിക്കുന്നത് ഏറ്റവും വലിയ പാപമാണ് അത് നിർബാധം തുടരുന്ന സമൂഹത്തെ ബോധവത്കരിക്കാനാണ് ഈ നിർദ്ദേശം വിഗ്രഹാരാധനയെ വർജ്ജിക്കുക എന്ന്!


എല്ലാ തിന്മകളും വർജ്ജിക്കുക എന്നും ശിക്ഷയിലേക്ക് നമ്മെ അടുപ്പിക്കുന്ന എല്ലാം വർജ്ജിക്കുക എന്നും വ്യാഖ്യാനമുണ്ടിവിടെഇമാം റാസി(റ) എഴുതുന്നു.തിന്മകളെ വെടിയുക എന്ന് പറയുമ്പോൾ നബി(സ)യിൽ നിന്ന് തിന്മ വരാം എന്ന് ഇതിൽ നിന്ന് ഊഹിക്കാവതല്ല.കാരണം അതിന്റെ ആശയം തിന്മ ചെയ്യാത്ത അവസ്ഥ നിലനിർത്തണം എന്നാണ്. ഒരു വിശ്വാസി അള്ളാഹുവേ എന്നെ സന്മാർഗത്തിലാക്കണേ എന്ന് പ്രാർത്ഥിച്ചാൽ ഞാൻ ഇപ്പോൾ സന്മാർഗത്തിലല്ല എന്നല്ല മറിച്ച് എന്നെ ഇപ്പോഴുള്ള സന്മാർഗത്തിൽ ഉറപ്പിച്ച് നിർത്തണേ എന്നാണ് അർത്ഥം (റാസി)وَلَا تَمْنُن تَسْتَكْثِرُ(6അധികം ലഭിക്കാൻ ആഗ്രഹിച്ചു കൊണ്ട് അങ്ങ് ഔദാര്യം ചെയ്ത് കൊടുക്കരുത്

ജനത്തിൽ നിന്ന് കൂടുതൽ ലാഭം നേടാനായി വല്ല ഉപകാരവും ആർക്കും ചെയ്യരുത് അള്ളാഹുവിന്റെ തൃ‌പ്തി നേടാനായി മാത്രമാണ് അത്തരം കാര്യങ്ങൾ ചെയ്യേണ്ടത് എന്ന് ഉണർത്തുകയാണ്വല്ല നല്ല കാര്യവും ചെയ്യുമ്പോൾ അത് ധാരാളമായെന്ന ധാരണയുണ്ടാകരുതെന്നും അത് പോരാ ഇനിയും വർദ്ധിപ്പിക്കണമെന്ന ചിന്തയുണ്ടാക്കണമെന്നും വ്യാഖ്യാനമുണ്ട്ജീവിതത്തിൽ അള്ളാഹുവിന്റെ കല്പനകളൊക്കെ നബി(സ) പാലിച്ചപ്പോൾ ഞാൻ ഇപ്പോൾ ധാരാളം ചെയ്തു എന്ന് തോന്നരുതെന്നും അള്ളാഹു ചെയ്തു തന്ന അനുഗ്രഹത്തിനു ഞാൻ എത്ര തന്നെ നന്മ ചെയ്താലും അധികമാവില്ലെന്ന് ചിന്തിക്കണം എന്ന് സാരം.നബി(സ) ഈ ചിന്ത സജീവമാക്കിയത് കൊണ്ട് കാലിൽ നീരു വന്ന് വീർക്കും വരെ നിസ്ക്കരിച്ചിരുന്നതായി ഹദീസിൽ വന്നത് ഓർക്കുകوَلِرَبِّكَ فَاصْبِرْ(7


തങ്ങളുടെ നാഥനു വേണ്ടി തങ്ങൾ ക്ഷമിക്കുക


അള്ളാഹുവിന്റെ വഴിയിലേക്ക് ക്ഷണിക്കുമ്പോൾ പ്രതികരണം പലപ്പോഴും മോശമാവും അതൊക്കെ അള്ളാഹുവിന്റെ പ്രീതിക്കായി ക്ഷമിക്കണമെന്നാണ് ഉപദേശംക്ഷമ പല വിധമുണ്ട് ; ആരാധനകൾ നിർവഹിക്കാനുള്ള ക്ഷമ. തെറ്റുകളിൽ നിന്ന് മാറി നിൽക്കാനുള്ള ക്ഷമ പരീക്ഷണങ്ങൾ നേരിടുമ്പോഴുള്ള ക്ഷമ. ഈ ക്ഷമകളെല്ലാം അള്ളാഹുവിന്റെ പൊരുത്തത്തിനായി നിർവഹിക്കുമ്പോഴാണത് പ്രതിഫലാർഹമാവുന്നത്.فَإِذَا نُقِرَ فِي النَّاقُورِ (8എന്നാൽ കാഹളത്തിൽ ഊതപ്പെട്ടാൽകാഹളത്തിൽ ഊതപ്പെടുന്നത് അന്ത്യനാളിനോടനുബന്ധിച്ചാണ്فَذَلِكَ يَوْمَئِذٍ يَوْمٌ عَسِيرٌ(9അപ്പോഴത്-അന്നത്തെ ദിവസം-പ്രയാസമുള്ള ദിനമായിരിക്കുംഅന്നത്തെ ഗൌരവം പലയിടത്തും ഖുർആൻ വിശദീകരിച്ചിട്ടുണ്ട്عَلَى الْكَافِرِينَ غَيْرُ يَسِيرٍ (10


സത്യ നിഷേധികളുടെ മേൽ ലഘുവല്ലാത്ത(ദിനമായിരിക്കുമത്)


തങ്ങൾക്ക് അനുഭവിക്കാനുള്ള ശിക്ഷ കൺ മുന്നിൽ കാണുമ്പോൾ ആ ദിനം അവർക്ക് വല്ലാത്ത ഭാരം സമ്മാനിക്കും. അവിശ്വാസികൾക്ക് ഓരോ കുരുക്കിൽ നിന്നും അതിലും ഭീതിതമായ കുരുക്കിലേക്കായിരിക്കും വീഴേണ്ടി വരിക എന്നാൽ കുറ്റവാളികളായ സത്യ വിസ്വാസികൾക്ക് കുരുക്കുകൾ അഴിഞ്ഞഴിഞ്ഞ് അവസാനം സ്വർഗത്തിലെത്തി സന്തോഷിക്കാനാവും( വിശ്വാസത്തോടെ മരിക്കാൻ കഴിഞ്ഞാൽ പൊറുക്കപ്പെടാത്ത പാപങ്ങളുണ്ടെങ്കിൽ അതിന്റെ തോതനുസരിച്ച് ശിക്ഷ അനുഭവിച്ച ശേഷമായാലും അയാൾക്ക് അള്ളാഹുവിന്റെ അനുഗ്രഹത്തോടെ രക്ഷപ്പെടാം.എന്നാൽ സത്യ നിഷേധി കഷ്ടപ്പാടിൽ നിന്ന് കഷ്ടപ്പാടിലേക്ക് കൂപ്പു കുത്തിക്കൊണ്ടേയിരിക്കും അതാണ് അവർക്ക് ലഘുവല്ലാത്ത ദിനമായിരിക്കുമത് എന്ന് പറഞ്ഞത്)
ذَرْنِي وَمَنْ خَلَقْتُ وَحِيدًا(11എന്നെയും ഞാൻ ഏകനായിക്കൊണ്ട് സൃ‌ഷ്ടിച്ച ഒരുത്തനെയും വിട്ടേക്കുക

ഇതൊരു താക്കീതിന്റെ സ്വരമാണ് അവനെ ഞാൻ കൈകാര്യം ചെയ് തോളാം എന്ന് സാരം ഏകനായിക്കൊണ്ട് ഞാൻ സ്ര്‌ഷ്ടിച്ചവൻ എന്നതിന്റെ ആശയം മക്കളോ സന്താനങ്ങളോ ഒന്നും ഇല്ലാത്തവനായ നിലയിൽ എന്നാണ്.അവന്റെ സമ്പത്തും സന്താനങ്ങളുമെല്ലാം പിന്നെ ഞാൻ അവനു നൽകിയതാണ് (അതിന്റെ ബലത്തിൽ അഹങ്കരിക്കുന്നത് എത്ര മോശം! എന്ന് സാരം)ഇവിടെ പറഞ്ഞ ഒരുത്തൻ വലീദ് ബിൻ മുഗീറ:യാണ്. എല്ലാവരും ഏകനായാണ് പടക്കപ്പെട്ടതെങ്കിലും അവനെ ഇവിടെ പ്രത്യേകം പറയാൻ കാരണം അനുഗ്രഹങ്ങളെ നിഷേധിക്കുന്നതിലും നബി(സ)യെ ബുദ്ധിമുട്ടിക്കുന്നതിലും അവനു പ്രത്യേക താല്പര്യമുണ്ടായിരുന്നു. അവർക്കിടയിലെ ഏകൻ എന്ന് അവനെക്കുറിച്ച് പറയപ്പെടാറുമുണ്ടായിരുന്നു ഞാൻ ഏകന്റെ മകൻ ഏകനാണ്(അതുല്യനാണ്) എന്ന് അവൻ തന്നെ പറഞ്ഞിരുന്നതായി ഇബ്നു അബ്ബാസ്(റ)പറഞ്ഞിട്ടുണ്ട് വലീദിനോ പിതാവ് മുഗീറക്കോ അറബികൾക്കിടയിൽ തുല്യരുണ്ടായിരുന്നില്ല എന്നായിരുന്നു അവന്റെ വിശ്വാസം അതിനനുസരിച്ചുള്ള വാക്ക്-വഹീദ്-എന്ന് അള്ളാഹു പറഞ്ഞതാണ്(അള്ളാഹു അത് അംഗീകരിച്ചതല്ല)ഏകനായിക്കൊണ്ട് എന്നത് അള്ളാഹുവെക്കുറിച്ചാണെന്നും അഭിപ്രായമുണ്ട്,അഥവാ ഞാൻ ആരുടെയും സഹായമില്ലതെയാണ് അവനെ പടച്ചത് അവനെ ശിക്ഷിക്കാനും എനിക്ക് ആരുടെയും സഹായം ആവശ്യമില്ല എന്നാവും അപ്പോൾ അർത്ഥംوَجَعَلْتُ لَهُ مَالًا مَّمْدُودًا(12അവന്ന് ഞാൻ സമൃ‌ദ്ധമായ സമ്പത്ത് ഉണ്ടാക്കിക്കൊടുക്കുകയും ചെയ്തുമക്കക്കും ഥാഇഫിനുമിടയിൽ ധാരാളം ഒട്ടകമുൾപ്പെടെയുള്ള ജീവികളും തോട്ടങ്ങളും അടിമകളും അടക്കം വലിയ വരുമാന മാർഗങ്ങൾ അള്ളാഹു അവനു നൽകി എന്നാണിവിടെ ഉണർത്തുന്നത്.ആയിരക്കണക്കിനു ദീനാറിന്റെ വിറ്റുവരവുണ്ടായിരുന്നു വലീദിനു എന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്وَبَنِينَ شُهُودًا(13(സദസ്സുകളിൽ) സന്നിഹിതരാവുന്ന സന്തതികളെയും (ഉണ്ടാക്കിക്കൊടുത്തു)വലീദിന്റെ മക്കളുടെ എണ്ണത്തിൽ 7,10,12,13 എന്നിങ്ങനെ വിവിധ അഭിപ്രായങ്ങളുണ്ട് ഏതായാലും അവരിൽ നിന്ന് മൂന്ന് പേർ (ഖാലിദ്,ഹിശാം,വലീദ്) സത്യ വിശ്വാസം സ്വീകരിച്ചു . സദസ്സിൽ സന്നിഹിതരായിരുന്ന മക്കൾ എന്നതിന്റെ വ്യാഖ്യാനം എല്ലാ കൈകാര്യത്തിനും പിതാവിനൊപ്പം മക്കൾ സന്നിഹിതരായിരുന്നുവെന്നും പിതാവിനെപോലെ എന്തിനും ഏതിനും നിലകൊള്ളാൻ മക്കളും സജീവമായിരുന്നുവെന്നും മക്ക വിട്ട് പോകാതെ അവിടെ തന്നെ നില നിന്നിരുന്നുവെന്നും അഭിപ്രായമുണ്ട്.സമ്പത്ത് നൽകി അള്ളാഹു അനുഗ്രഹിച്ചിട്ടും അഹങ്കാരിയായ വലീദിനു ഈ സൂക്തം അവതരിച്ചതിനു ശേഷം സമ്പത്തിൽ തകർച്ച തുടങ്ങുകയും തകർന്നടിഞ്ഞ നിലയിൽ തന്നെ അയാൾ നശിക്കുകയും ചെയ്തു(ധനം അള്ളാഹു നൽകുന്ന അനുഗ്രഹമാണ് അഹങ്കരിക്കുന്നവരെ അവൻ കൈകാര്യം ചെയ്യുക തന്നെ ചെയ്യും എന്ന് മനസിലാക്കാത്തവർ എത്ര വലിയ പരാചിതർ!)وَمَهَّدتُّ لَهُ تَمْهِيدًا(14


അവന്നു ഞാൻ നല്ല സൌകര്യങ്ങൾ ചെയ്ത് കൊടുക്കുകയും ചെയ്തുധനത്തിൽ വർദ്ധനവും ജീവിതത്തിൽ വിശാലതയും സ്വസ്ഥതയും തന്റെ വാക്കുകൾക്ക് ജനം കാതോർക്കും വിധമുള്ള സ്വീകാര്യതയും നൽകി.അതാണിവിടെ ഉദ്ദേശ്യംثُمَّ يَطْمَعُ أَنْ أَزِيدَ(15പിന്നെയും ഞാൻ വർദ്ധിപ്പിച്ചു കൊടുക്കുവാൻ അവൻ ആഗ്രഹിക്കുന്നു

പിന്നെയും ധനം കൂടാൻ അവൻ ആഗ്രഹിക്കുന്നു എന്നും മുഹമ്മദ്(സ) പറയുമ്പോലെ ഒരു സ്വർഗമുണ്ടെങ്കിൽ അതും എനിക്ക് വേണ്ടി തന്നെയായിരിക്കും പടക്കപ്പെട്ടിരിക്കുക എന്നും അവൻ ആഗ്രഹിച്ചു എന്നും ആ ധാരണ തിരുത്താൻ തുടർന്നുള്ള ഭാഗം അള്ളാഹു അവതരിപ്പിച്ചു എന്നും കാണാംكَلَّا إِنَّهُ كَانَ لِآيَاتِنَا عَنِيدًا(16അതൊരിക്കലുമല്ല നിശ്ചയമായും അവൻ നമ്മുടെ ദൃ‌ഷ്ടാന്തങ്ങളോട് മാത്സര്യം കാണിക്കുന്നവനായിരിക്കുന്നുഅവന്റെ ആഗ്രഹം ഒരിക്കലും നടക്കില്ല.കാരണം അനുഗ്രഹം നില നിർത്തി തരാൻ അവൻ നന്ദിയുള്ളവനായില്ലെന്ന് മാത്രമല്ല നമ്മുടെ തെളിവുകൾക്ക് നെരെ മാത്സര്യം പ്രകടിപ്പിക്കുകയും സത്യത്തോട് ശാത്രവം കാണിക്കുകയും ചെയ്തുമറ്റൊരു വ്യാഖ്യാനവും ഇവിടെ കാണാം.അതായത് തന്റെ പ്രൌഢിയും പെരുമയും തന്റെ കാല ശേഷവും നില നിൽക്കുമെന്നും എന്നാൽ മുഹമ്മദ്(സ) വഫാത്തോടെ വിസ്മരിക്കപ്പെടുമെന്നും അവൻ ആഗ്രഹിച്ചു കാരണം നബി(സ)യുടെ പിൻ തുടർച്ചക്കായി ആണ്മക്കൾ ജീവിച്ചിരിക്കുന്നില്ലല്ലോ എന്ന് അവൻ പറഞ്ഞു .അതിന്റെ മറുപടിയാണ് നബി(സ) എന്നും സ്മരിക്കപ്പെടും എന്നാൽ ഇവന്റെ നാശം ഇവന്റെ ജീവിത കാലത്ത് തന്നെ അവനു കാണേണ്ടി വന്നു

سَأُرْهِقُهُ صَعُودًا(17


പ്രയാസമുള്ള ഒരു കയറ്റം കയറാൻ വഴിയെ നാം അവനെ നിർബന്ധിക്കുംകയറ്റം കയറുന്നത് എങ്ങോട്ട് എന്നതിൽ വിവിധ അഭിപ്രായങ്ങളുണ്ട് തീയിന്റെ ഒരു മലയാണതെന്നും വളരെ നാൾ അതിൽ കയറാൻ നരക വാസികൾ നിർബന്ധിക്കപ്പെടുമെന്നും അതാണിവിടെ ഉദ്ദേശ്യമെന്നും നരകത്തിൽ ഒരു കല്ലുണ്ടെന്നും അതിനു മുകളിൽ അവർ കൈ വെച്ചാൽ അത് ഉരുകുമെന്നും കൈ എടുത്താൽ പഴയ പോലെ അത് മാറുമെന്നും നാല്പത് വർഷം കൊണ്ട് മുൻ ഭാഗത്ത് നിന്ന് ചങ്ങലകളാൽ അവൻ വലിക്കപ്പെട്ടും പിന്നിൽ നിന്ന് ദണ്ഡുകൊണ്ട് അടി കൊണ്ടും ആ പാറയുടെ മുകളിൽ അവൻ എത്തുമെന്നും പിന്നീട് താഴേക്ക് എറിയപ്പെടുമെന്നും ഇത് തുടർന്ന് കൊണ്ടേയിരിക്കുമെന്നും മറ്റും അഭിപ്രായമുണ്ട്എന്തായാലും ഭൂമിയിലെ സകല സൌഭാഗ്യങ്ങളിലും വിരാജിച്ച വലീദിനെ പോലുള്ളവർ ഒരു സുഖവും ലഭിക്കാത്ത വിധം ശിക്ഷയിൽ കുരുങ്ങുകയും സുഖജീവിതമില്ല എന്നാൽ മരണവുമില്ല എന്ന വിധത്തിൽ വിഷമിക്കും.ആ നരകത്തിൽ നിന്ന് അള്ളാഹു നമ്മെ രക്ഷിക്കട്ടെ (ആമീൻ)إِنَّهُ فَكَّرَ وَقَدَّرَ(18നിശ്ചയമായും അവൻ ചിന്തിക്കുകയും അവനൊന്ന് കണക്കാക്കുകയും ചെയ്തുഅവൻ ചിന്തിച്ചത് നബി(സ)യെ സംബന്ധിച്ചും ഖുർ‌ആനെക്കുറിച്ചുമാണ്. കണക്കാക്കിയത് എന്ത് പറഞ്ഞ് നബി(സ)യെ ആക്ഷേപിക്കണമെന്നാണ്فَقُتِلَ كَيْفَ قَدَّرَ(19


അതിനാൽ അവൻ കൊല്ലപ്പെടട്ടെ(നശിക്കട്ടെ) എങ്ങനെയെല്ലാമാണ് അവൻ കണക്കാക്കിയത്

ثُمَّ قُتِلَ كَيْفَ قَدَّرَ(20


പിന്നെയും അവൻ കൊല്ലപ്പെടട്ടെ എങ്ങനെയെല്ലാമാണവൻ കണക്കാക്കിയത്

ശപിക്കപ്പെടട്ടെ എന്നതും കൊല്ലപ്പെടട്ടെ എന്നതുമൊക്കെ പ്രാർത്ഥനയാണ് നബി(സ)യെക്കുറിച്ച പറയാൻ പറ്റാത്ത പലതും പറഞ്ഞ അവനുള്ള ശിക്ഷ ആവർത്തിച്ചു ലഭിക്കുമെന്ന താക്കീതാണിത്.എങ്ങനെയെല്ലാമാണ് അവൻ കണക്കാക്കിയത് എന്ന ചോദ്യം അവന്റെ പ്രവർത്തനത്തെ അങ്ങേഅറ്റം ആക്ഷേപിക്കാനാണ്. ഒരിക്കലും പറഞ്ഞ് കൂടാത്തത് അവൻ പറഞ്ഞു എന്ന് സാരംثُمَّ نَظَرَ(21


പിന്നീട് അവനൊന്ന് നോക്കിഎങ്ങിനെയൊക്കെ സത്യത്തെ തകർക്കൻ കഴിയുമെന്ന് അവൻ ചിന്തിച്ചതിനെ കുറിച്ചാണ് അവനൊന്ന് നോക്കി എന്ന് പറഞ്ഞത്ثُمَّ عَبَسَ وَبَسَرَ(22പിന്നെ അവൻ മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തുസത്യ വിശ്വാസികൾ വലീദിനെ സത്യത്തിലേക്ക് ക്ഷണിച്ചപ്പോൾ അത് രസിക്കാതെ അവൻ മുഖം ചുളിക്കുകയും അസഹിഷ്ണുത പ്രകടിപ്പിക്കുകയും ചെയ്തു ദേഷ്യം കൊണ്ടാണ് മുഖം കറുത്തു എന്ന് പറഞ്ഞത്ثُمَّ أَدْبَرَ وَاسْتَكْبَرَ (23എന്നിട്ട്(സത്യത്തിൽ നിന്ന്) പിന്തിരിയുകയും അഹംഭാവം നടിക്കുകയും ചെയ്തുപ്രബോധനം സ്വീകരിക്കാതെ അവൻ വീട്ടിലേക്ക് മടങ്ങി എന്നാണ് പിന്തിരിഞ്ഞു എന്നതിന്റെ അർത്ഥം സത്യം മനസിലായിട്ടും അതുൾക്കൊള്ളാത്തതിനെക്കുറിച്ചാണ് അഹംഭാവം നടിച്ചു എന്ന് പറഞ്ഞത്فَقَالَ إِنْ هَذَا إِلَّا سِحْرٌ يُؤْثَرُ (24എന്നിട്ടവൻ പറഞ്ഞു ഇത്(ഖുർആൻ) മറ്റു ചിലരിൽ നിന്ന് ഉദ്ധരിക്കപ്പെടുന്ന കേവല ജാല വിദ്യ മാത്രമാണ്സത്യത്തിനു നേരെയുള്ള അവന്റെ അഹങ്കാരത്തിന്റെ തെളിവാണിത്.മറ്റുള്ളവരിൽ നിന്നു ഉദ്ധരിക്കപ്പെടുന്ന ജാലവിദ്യയാണിത് അള്ളാഹുവിന്റെ വാക്കല്ല എന്ന് അവൻ പറഞ്ഞുإِنْ هَذَا إِلَّا قَوْلُ الْبَشَرِ(25ഇത് മനുഷ്യന്റെ വാക്ക് മാത്രമാണ്ദൈവിക വചനമല്ലെന്ന് വരുത്താനാണീ വാചകമടിسَأُصْلِيهِ سَقَرَ(26വഴിയെ ഞാൻ അവനെ സഖറിൽ(നരകത്തിൽ) ഇട്ടെരിക്കുന്നതാണ്സത്യത്തെ നിരാകരിച്ചതിന്റെ ശിക്ഷയായി അവനെ നരകത്തിലിട്ട് കത്തിക്കും,നരകത്തിന്റെ ഒരു പേരാണ് സഖർ എന്നത്

وَمَا أَدْرَاكَ مَا سَقَرُ(27സഖർ എന്താണെന്ന് തങ്ങൾക്ക് അറിവ് നൽകിയതെന്താണ്

لَا تُبْقِي وَلَا تَذَرُ (28(അതിലിടുന്ന ഒന്നിനെയും) അത് ബാക്കിയാക്കുകയോ വിട്ടുകളയുകയോ ഇല്ല

നരകത്തിൽ പ്രവേശിച്ചവന്റെ എല്ല് തൊലി മാംസം അടക്കം ഒന്നിനെയും കരിക്കാതെ വിടില്ല അഥവാ അവൻ മൊത്തം ഈ ശിക്ഷയുടെ രുചി അനുഭവിക്കണംلَوَّاحَةٌ لِّلْبَشَرِ(29


അത് തൊലി കരിച്ച് രൂപം മാറ്റിക്കളയുന്നതാണ്ശിക്ഷയുടെ ഗൌരവമാണിത്. വലീദിന്റെ കാര്യത്തിലാണീ സൂക്തങ്ങൾ ഇറങ്ങിയതെങ്കിലും അള്ളാഹുവിന്റെ അനുഗ്രഹങ്ങൾ അനുഭവിച്ച് അതിനു നന്ദി ചെയ്യേണ്ടതിനു പകരം നന്ദികേട് കാണിക്കുകയും അള്ളാഹുവിനെ ധിക്കരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ഇത് ബാധകമാണ് സത്യം വ്യക്തമായിട്ടും ദുരഭിമാനം സംരക്ഷിക്കാനോ മറ്റെന്തെങ്കിലും കാര്യ ലാഭത്തിനോ വേണ്ടി അസത്യത്തിൽ നിലകൊള്ളുന്നവരും ഇത് ചിന്തിക്കേണ്ടതാണ്عَلَيْهَا تِسْعَةَ عَشَرَ(30അതിന്റെ പാറാവുകാരായി പത്തൊമ്പത് പേരുണ്ട്പത്തൊമ്പത് മലക്കുകൾ എന്നത് പത്തൊമ്പത് എണ്ണം എന്നോ പത്തൊമ്പത് വിഭാഗം എന്നോ പത്തൊമ്പത് നേതാക്കൾ എന്നോ ഒക്കെ വ്യാഖ്യാനമുണ്ട് .11 മുതൽ 30 കൂടിയ വാക്യങ്ങൾ ഖുറൈശി പ്രമുഖനായ വലീദ് ബിൻ മുഗീറയെക്കുറിച്ചാണവതരിച്ചത് സംഭവത്തിന്റെ ചുരുക്കം ഇങ്ങനെയാണ് ഒരിക്കൽ നബി(സ)സൂറത്ത് ഗാഫിറിന്റെ(നാല്പതാം അദ്ധ്യായം)ആദ്യ ഭാഗം പാരായണം ചെയ്യുന്നത് വലീദ് കേൾക്കാനിടയായി അത് അവനിൽ പരിവർത്തനമുണ്ടാക്കി സ്വജനതയുടെ അടുത്ത് വന്ന് അവൻ പറഞ്ഞു, ഞാൻ മുഹമ്മദിൽ(സ) നിന്ന് ചില വചനങ്ങൾ കേൾക്കാനിടയായി അത് ഒരിക്കലും മനുഷ്യന്റെയൊ ജിന്നിന്റെയോ വാക്കുകൾ അല്ല കവിതയോ ജോത്സ്യമോ അല്ല അതിനു വല്ലാത്ത മധുരവും ഭംഗിയുമുണ്ട് അതിന്റെ അടിഭാഗം പച്ച പിടിച്ചതും മേൽഭാഗം പഴം ഉൽ‌പ്പാദിപ്പിക്കുന്നതുമാണ് അത് മേൽ‌പ്പോട്ടുയരുകയല്ലാതെ ഒരിക്കലും താഴോട്ട് വരില്ല. ഇത് കേട്ടപ്പോൾ വലീദ് മതം മാറി എന്നും ഇത് ഖുറൈശികൾ മൊത്തം മതം മാറാൻ കാരണമാവുമെന്നും ഖുറൈശികൾ ഭയപ്പെട്ടു വിവരമറിഞ്ഞ അബൂജഹ് ൽ വലീദിന്റെ അടുത്ത് ചെന്ന് ഒരു കരണം മറിച്ചിൽ നടത്താൻ തീർമാനിച്ചു.വളരെ ദു:ഖം ഭാവിച്ച് വലീദിനെ അബൂജഹ് ൽ സമീപിച്ചു.വലീദ് ചോദിച്ചു നിനക്കെന്താണിത്ര ദു:ഖം? അബൂജഹ് ൽ പറഞ്ഞു എങ്ങനെ ദു:ഖിക്കാതിരിക്കും?ഖുറൈശികൾ നിങ്ങൾക്ക് വേണ്ടി കുറെ ധനം ശേഖരിക്കുന്നുണ്ട് താങ്കൾ മുഹമ്മദി(സ)ന്റെയും അബൂബക്കറി(റ)ന്റെയും അടുത്ത് ഭക്ഷണത്തിൽ നിന്ന് മിച്ചമുള്ളത് യാചിക്കാൻ പോകുന്നുണ്ടല്ലോഎന്ന്. ദുരഭിമാനിയും അഹങ്കാരിയുമായ വലീദിനു ദേഷ്യം വന്നു ഞാൻ ഖുറൈശിൽ വെച്ച് ഏറ്റവും ധനമുള്ളവനാണെന്ന് ആർക്കാണറിയാത്തത് എന്ന് ചോദിച്ചു.അബൂജഹലിന്റെ തന്ത്രം ഫലിച്ചു അവൻ പറഞ്ഞു അങ്ങനെയാണെങ്കിൽ നിങ്ങൾക്ക് മുഹമ്മദ്(സ) പറയുന്നതിനോട് എതിർപ്പുണ്ടെന്ന് വ്യക്തമാവുന്ന ഒരു പ്രസ്താവന നിങ്ങൾ നടത്തണം വലീദ് അത് സമ്മതിച്ചു ഖുറൈശികൾ കൂടിയിരിക്കുന്ന സദസ്സിൽ ചെന്ന് വലീദ് ചോദിച്ചു മുഹമ്മദ്(സ) ഭ്രാന്തനാണെന്ന് നിങ്ങൾ പറയുന്നു എന്നാൽ ഭ്രാന്തിന്റെ വല്ല ലക്ഷണവും മുഹമ്മദി(സ)ൽ നിങ്ങൾ കണ്ടിട്ടുണ്ടോ?അവർ പറഞ്ഞു ഇല്ല.കവിയാണെന്ന് നിങ്ങൾ ആരോപിക്കുന്നു എന്നാൽ എപ്പോഴെങ്കിലും മുഹമ്മദ്(സ) കവിത ചൊല്ലിയിട്ടുണ്ടോ?അവർ പറഞ്ഞു ഇല്ല.വലീദ് ചോദിച്ചു കളവ് പറയുന്ന ആളാണെന്ന് നിങ്ങൾ പറയുന്നു വല്ല കളവും മുഹമ്മദ്(സ)പറഞ്ഞതായി നിങ്ങൾക്ക് പരിചയമുണ്ടോ?അവർ പറഞ്ഞു ഇല്ല . പ്രശ്നം വെക്കുന്നവരാണ് മുഹമ്മദ്(സ) എന്ന് നിങ്ങൾ പറയുന്നു എന്നാൽ പ്രശ്നം വെച്ച് പറയുന്നവരുടെ വല്ല സ്വഭാവവും നബിയിൽ നിങ്ങൾ കണ്ടിട്ടുണ്ടോ?അവർ പറഞ്ഞു ഇല്ല.അപ്പോൾ ഖുറൈശികൾ വലീദിനോട് ചോദിച്ചു എന്താണ് നബിയെ പറ്റി പറയുക?അപ്പോൾ അവൻ പറഞ്ഞു ഞാൻ ഒന്ന് ആലോചിക്കട്ടെ അങ്ങനെ ആലോചിച്ച് അവൻ പറഞ്ഞു.മാരണക്കാരനാണ് മുഹമ്മദ്(സ) ആ മാരണം മുഖേനയല്ലെ ബാപ്പയെയും മകനെയും ഭാര്യയെയും ഭർത്താവിനെയും സഹോദരനെയും സഹോദരനെയും വേർപിരിക്കുന്നത് അങ്ങനെ നബി(സ)യെ വലീദ് ആക്ഷേപിച്ചപ്പോൾ ഖുറൈശികൾക്ക് സന്തോഷമായി വലീദ് മതം മാറിയാലുണ്ടാകുന്ന അപകടം ഒഴിഞ്ഞു കിട്ടിയല്ലോ എന്ന ആശ്വാസം. ഈ സന്ദർഭത്തിലാണ് പതിനൊന്നുമുതൽ ഇതു വരെയുള്ള സൂക്തങ്ങൾ ഇറങ്ങിയത്
وَمَا جَعَلْنَا أَصْحَابَ النَّارِ إِلَّا مَلَائِكَةً وَمَا جَعَلْنَا عِدَّتَهُمْ إِلَّا فِتْنَةً لِّلَّذِينَ كَفَرُوا لِيَسْتَيْقِنَ الَّذِينَ أُوتُوا الْكِتَابَ وَيَزْدَادَ الَّذِينَ آمَنُوا إِيمَانًا وَلَا يَرْتَابَ الَّذِينَ أُوتُوا الْكِتَابَ وَالْمُؤْمِنُونَ وَلِيَقُولَ الَّذِينَ فِي قُلُوبِهِم مَّرَضٌ وَالْكَافِرُونَ مَاذَا أَرَادَ اللَّهُ بِهَذَا مَثَلًا كَذَلِكَ يُضِلُّ اللَّهُ مَن يَشَاء وَيَهْدِي مَن يَشَاء وَمَا يَعْلَمُ جُنُودَ رَبِّكَ إِلَّا هُوَ وَمَا هِيَ إِلَّا ذِكْرَى لِلْبَشَرِ (31
നരകത്തിന്റെ മേൽ നോട്ടക്കാരായി നാം നിശ്ചയിച്ചിരിക്കുന്നത് മലക്കുകളെ മാത്രമാണ് സത്യ നിഷേധികൾക്കുള്ള ഒരു കേവല പരീക്ഷണമായാണ് അവരുടെ എണ്ണം നാം നിശ്ചയിച്ചിരിക്കുന്നത് .വേദം നൽകപ്പെട്ടവർ ഉറപ്പായി വിശ്വസിക്കാനും സത്യ വിശ്വാസികൾക്ക് വിശ്വാസം വർദ്ധിക്കുവാനും വേദം നൽകപ്പെട്ടവരും സത്യ വിശ്വാസികളും സംശയിക്കാതിരിക്കുവാനും ഈ ഉദാഹരണം കൊണ്ട് അള്ളാഹു എന്താണ് ഉദ്ദേശിക്കുന്നത് എന്ന് ഹൃ‌ദയങ്ങളിൽ രോഗമുള്ളവരും സത്യ നിഷേധികളും പറയുവാൻ വേണ്ടിയുമാകുന്നു (അത്).അപ്രകാരം താൻ ഉദ്ദേശിക്കുന്നവരെ അള്ളാഹു വഴി പിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ അവൻ സന്മാർഗ്ഗത്തിലാക്കുകയും ചെയ്യുന്നു തങ്ങളുടെ നാഥന്റെ സൈന്യങ്ങളെ അവനല്ലാതെ അറിയുകയില്ല ഇത് മനുഷ്യർക്ക് ഒരുൽബോധനം മാത്രമാകുന്നുനരകത്തിന്റെ പാറാവുകാർ പത്തൊമ്പത് പേരാണെന്ന് പറഞ്ഞപ്പോൾ അബൂജഹ്‌ലും മറ്റും പരിഹാസ പൂർവം സംസാരിച്ചു ആ പത്തൊമ്പത് മലക്കുകളെ നേരിടാനും അവരെ പരാചയപ്പെടുത്തി നരകത്തിൽ നിന്ന് രക്ഷപ്പെട്ട് സ്വർഗത്തിലെത്താനും നമുക്ക് പ്രയാസമുണ്ടാവില്ല എന്നും എന്താണീ പത്തൊമ്പതിന്റെ കണക്ക്? എന്ത് കൊണ്ട് ഇരുപതായില്ല? എന്നിങ്ങനെയുള്ള ചോദ്യങ്ങൾ പരിഹാസ പൂർവം അവർ ചോദിച്ചു ഇതിന്റെ മറുപടിയാണ് നരകത്തിന്റെ കാവൽ നാം മലക്കുകളെ തന്നെ ഏല്പിച്ചത് അവർ ശിക്ഷ അനുഭവിക്കുന്നവരുടെ വകുപ്പിൽ പെട്ടവരായിരുന്നുവെങ്കിൽ ചിലപ്പോൾ വർഗ്ഗ സ്നേഹം മൂത്ത് ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്തിയേനേ! അത് പോലെ ചിലപ്പോൾ അവർ തമ്മിൽ ഏറ്റുമുട്ടി കാവൽക്കാരെ പരാചയപ്പെടുത്തിയേനേ! എന്നാൽ മലക്കുകളാകുന്ന അടിമകളെ പരാചയപ്പെടുത്താൻ നിങ്ങൾക്ക് കഴിയില്ല പത്തൊമ്പത് ആയാലും ഒരാളായാലും ! പിന്നെ പത്തൊമ്പത് എണ്ണം എന്നത് അള്ളാഹു പരീക്ഷണാർത്ഥമാക്കിയതാണ് സത്യ നിഷേധികളെ പരീക്ഷിക്കാനാണ് എന്നാണു അള്ളാഹു പറയുന്നത്. എണ്ണം എത്രയായാലും സത്യ വിശ്വാസികൾക്ക് അള്ളാഹു പറഞ്ഞത് സമ്മതമാണ് അത് വിശ്വസിക്കാൻ അവർ സന്നദ്ധരുമാണ്. എണ്ണത്തെ പരിഹാസത്തിനുപയോഗിച്ചത് കപടന്മാരും നിഷേധികളുമാണ് ഇതെന്തൊരു ഉപമയാണ്?എന്താണിത് കൊണ്ട് ഉദ്ദേശിച്ചത്? എന്നൊക്കെ അവർ പറഞ്ഞ് കുടുങ്ങിയതാണ് എന്നാൽ വേദം നൽകപ്പെട്ടവർക്ക് ഖുർ‌ആനിലുള്ള വിശ്വാസം ഉറപ്പാവാൻ ഈ എണ്ണം കാരണമായി. കാരണം അവരുടെ ഗ്രന്ഥത്തിൽ പറഞ്ഞതിനോട് ഖുർആനിലുള്ളത് യോജിക്കുന്നു എന്ന് വരുമ്പോൾ അവർക്ക് സത്യം കൂടുതൽ ബോദ്ധ്യപ്പെടുമല്ലൊ നരകത്തെക്കുറിച്ചും അതിലെ ശിക്ഷയെക്കുറിച്ചും പറയുന്നത് ജനങ്ങൾക്ക് ഉൽബോധനം നൽകാനും അവരെ ഓർമ്മപ്പെടുത്താനുമാണ് അവയെ പരിഹസിക്കാനുള്ള മാർഗമാക്കുന്നത് അപകടകരമാണെന്ന് ഉണർത്തുകയാണ് അള്ളാഹു ഇതൊക്കെ മനസിലാക്കി നന്നായാൽ അവർക്ക് കൊള്ളാം നിഷേധിക്കുന്നതിന്റെ ശിക്ഷയും അവർക്ക് തന്നെയാവും


നാഥന്റെ സൈന്യം എന്ന് പറഞ്ഞത് മലക്കുകളെക്കുറിച്ചാണ്.മലക്കുകളുടെ എണ്ണം വളരെ കൂടുതലാണ്.(വെറും പത്തൊമ്പത് എണ്ണം മാത്രമല്ല)
വിശുദ്ധ ഖുർ‌ആനും നരകത്തെക്കുറിച്ചുള്ള മുന്നറിയിപ്പുമൊക്കെ മനുഷ്യനു നന്നാവാനുള്ള ഉൽബോധനം മാത്രമാണെന്ന് അള്ളാഹു ഉണർത്തിയിരിക്കുകയാണ്അള്ളാഹു നമ്മെയെല്ലാം ഉൽബോധനം സ്വീകരിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ (തുടരും) ഇൻശാ അള്ളാഹ്

1 comment:

വഴികാട്ടി / pathfinder said...

അദ്ധ്യായം 74 മുദ്ദസിർ

വിശദീകരണം-ഭാഗം-01