Saturday, November 26, 2011

അദ്ധ്യായം 60 -സൂറത്തുല്‍ മുംതഹന-ഭാഗം-02

മദീനയിൽ അവതരിച്ചു : സൂക്തങ്ങൾ 13

بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
 
 
ഭാഗം-01 സൂക്തം 1 - 9  ഇവിടെ ക്ലിക് ചെയ്ത് വായിക്കുക
 
 
يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ اللَّهُ أَعْلَمُ بِإِيمَانِهِنَّ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ وَآتُوهُم مَّا أَنفَقُوا وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ وَلَا تُمْسِكُوا بِعِصَمِ الْكَوَافِرِ وَاسْأَلُوا مَا أَنفَقْتُمْ وَلْيَسْأَلُوا مَا أَنفَقُوا ذَلِكُمْ حُكْمُ اللَّهِ يَحْكُمُ بَيْنَكُمْ وَاللَّهُ عَلِيمٌ حَكِيمٌ (10

സത്യവിശ്വാസികളേ.സത്യവിശ്വാസിനികളായ സ്ത്രീകൾ സ്വദേശം വിട്ടവരായി നിങ്ങളുടെ അടുത്ത് വന്നാൽ അവരെ നിങ്ങൾ പരീക്ഷിക്കണം.അവരുടെ വിശ്വാസത്തെക്കുറിച്ച് അള്ളാഹു ഏറ്റവും അറിയുന്നവനാണ് എന്നിട്ട് സത്യവിശ്വാസികളാണെന്ന് അവരെക്കുറിച്ച് നിങ്ങൾ മനസ്സിലാക്കിയാൽ അവരെ സത്യനിഷേധികളിലേക്ക് നിങ്ങൾ മടക്കി അയക്കരുത്,ആ സ്ത്രീകൾ അവർക്കും അവർ ആസ്ത്രീകൾക്കും അനുവദനീയമാവുകയില്ല സത്യ നിഷേധികൾ ചിലവഴിച്ചത് അവർക്ക് നിങ്ങൾ കൊടുക്കുകയും വേണം.ആ സ്ത്രീകൾക്ക് അവരുടെ മഹ്റ് കൊടുക്കുന്നതായാൽ അവരെ വിവാഹം ചെയ്യുന്നതിനു നിങ്ങൾക്ക് തെറ്റില്ല അവിശ്വാസികളുടെ വിവാഹ ബന്ധത്തിനുമേൽ നിങ്ങൾ പിടിച്ചു നിൽക്കരുത് നിങ്ങൾ ചിലവഴിച്ചത് നിങ്ങൾ ചോദിച്ചു വാങ്ങിക്കൊള്ളുക .അവർ ചിലവഴിച്ചത് അവരും ചോദിച്ചുവാങ്ങിക്കൊള്ളട്ടെ ഇതെല്ലാം അള്ളാഹുവിന്റെ നിയമമാകുന്നു അവൻ നിങ്ങൾക്കിടയിൽ വിധിനൽകുന്നു അള്ളാഹു സർവജ്ഞനും അഗാധജ്ഞനുമാണ്


സത്യനിഷേധികളിൽ നിന്ന് മൈത്രീബന്ധം സ്ഥാപിക്കാൻ പാടുള്ളവരെയും അല്ലാത്തവരെയും വിവരിച്ച ശേഷം സത്യനിഷേധികളുമായി മുസ്ലിംകൾ പാലിക്കേണ്ട ചില കാര്യങ്ങൾ അള്ളാഹു വിവരിക്കുകയാണ് ഹുദൈബിയ്യാ സന്ധിയിൽ ഉണ്ടാക്കിയ വ്യവസ്ഥയനുസരിച്ച് മുശ് രിക്കുകളുടെ പക്ഷത്ത് നിന്ന് മുസ്_ലിം പക്ഷത്തേക്ക് വരുന്നവരെ തിരിച്ചയക്കണം ഈ സന്ധി ഒപ്പിട്ട ശേഷം മക്കയിൽ നിന്ന് മുസ് ലിമായി മദീനയിലേക്ക് വന്ന ചിലരെ നബി(സ) തിരിച്ചയക്കുകയും ചെയ്തു എന്നാൽ ആ തിരിച്ചയക്കണമെന്ന വ്യവസ്ഥ സ്ത്രീകൾക്ക് ബാധകമല്ലെന്നാണിവിടെ ഉണർത്തുന്നത്

ഇബ്നു അബ്ബാസ്(റ)പറഞ്ഞതായി ഇമാം ഖുർത്വുബി(റ)ഉദ്ധരിക്കുന്നു.മക്കക്കാരാരെങ്കിലും നബി(സ)യുടെ അടുത്ത് വന്നാൽ അവരെ മക്കക്കാരിലേക്ക് തന്നെ മടക്കിഅയക്കണമെന്ന കരാർ ഒപ്പിട്ട സമയത്ത് സഈദ:ബിൻതുൽ ഹാരിസ് അൽ-അസ് ലമിയ്യ എന്നവർ നബി(സ)യുടെ അടുത്തെത്തി.(കരാർ ഒപ്പിട്ട് കഴിഞ്ഞു നബി(സ)ഹുദൈബിയ്യയിൽ നിന്ന് മടങ്ങുന്നതിനു മുമ്പായിരുന്നു അത്)പുറകെ അവരുടെ ഭർത്താവായ സൈഫിയ്യുബ്നു റാഹിബ് എന്ന അവിശ്വാസിയും അവിടെയെത്തി.എന്നിട്ട് അയാൾ പറഞ്ഞു. മുഹമ്മദ്!(സ) ,എന്റെ ഭാര്യയെ എനിക്ക് തിരിച്ചു നൽകണം കാരണം നിങ്ങളുണ്ടാക്കിയ കരാരിൽ അത് വ്യവസ്ഥ ചെയ്തിട്ടുണ്ട്.താങ്കൾ ഒപ്പിട്ട കരാറിലെ മഷിയുണങ്ങും മുമ്പെ ഈ കരാർ ലംഘിക്കരുത് .അപ്പോൾ അള്ളാഹു ഈ സൂക്തം അവതരിപ്പിച്ചു.സമാനമായ വെറെയും സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിണ്ട് വിശ്വാസികളായി തങ്ങളെ സമീപിക്കുന്ന മക്കക്കാരെ മടക്കി അയക്കണമെന്ന കരാറിൽ ആദ്യമേ സ്ത്രീകളെ വാക്കാൽ തന്നെ ഉൾപ്പെടുത്തിയിരുന്നുവെന്നും.പൊതു പ്രയോഗത്തിൽ അവർ കൂടി ഉൾ‌പ്പെട്ടതാണെന്നും ഭിന്നാഭിപ്രായമുണ്ട് രണ്ടായാലും സ്ത്രീകൾക്കീ നിയമം ബാധകമാക്കരുതെന്ന് അള്ളാഹു വ്യക്തമാക്കിയിരിക്കുകയാണീ സൂക്തത്തിലൂടെ.(ഖുർത്വുബി)

സ്ത്രീ, പുരുഷനേക്കാൾ ലോല ഹൃദയമുള്ളവളായതിനാലും സത്യ വിശ്വാസത്തിന്റെ മേന്മയുള്ള അവളെ സത്യനിഷേധി തന്റെ ശാരീരിക ബന്ധത്തിനുപയോഗിക്കുന്നതിലെ അനൌചിത്യം സൂക്ഷിച്ചുമാണ് സ്ത്രീകളെ മടക്കി അയക്കരുതെന്ന് ഇസ്ലാം വ്യവസ്ഥ ചെയ്തത്(ഖുർത്വുബി). മക്കയിലുള്ള സ്ത്രീകൾ പലപ്പോഴും ഭർത്താവിനോട് വല്ല പിണക്കവുമുണ്ടായാൽ ഞാൻ മദീനയിലേക്ക് ഹിജ്റ പോകുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു അതിനാൽ ശരിക്കും സത്യവിശ്വാസ സംരക്ഷണത്തിനു തന്നെയാണോ അവർ വന്നത് എന്ന് പരീക്ഷിച്ച് മാത്രമേ അവരെ സ്വീകരിക്കാവൂ എന്ന് ഇസ്ലാം പറഞ്ഞു

അവരുടെ വിഷയത്തിൽ സ്വീകരിക്കേണ്ട നടപടി ഇനി പറയുന്നവയാണ്

(1)സത്യ നിഷേധികളുടെ പക്ഷത്ത് നിന്ന് മുസ്ലിം പക്ഷത്തേക്ക് സത്യവിശ്വാസം ഉൾക്കൊണ്ടു എന്ന് പറഞ്ഞു വരുന്ന സ്ത്രീകളെ അവരുടെ വാദം ശരിയാണോ എന്ന് ഉറപ്പ് വരുത്താനായി ഒന്ന് പരീക്ഷിക്കണം അവരുടെ യഥാർത്ഥനിലയെന്താണെന്ന് അള്ളാഹുവിനു നന്നായി അറിയാം പക്ഷെ ബാഹ്യ നില നോക്കിയാണല്ലോ ഈ ലോകത്ത് നടപടികൾ സ്വീകരിക്കേണ്ടത് അത് കൊണ്ട് മുസ് ലിംകൾക്ക് അവരുടെ നില വ്യക്തമാവേണ്ടതുണ്ട് ഈ കല്പന പ്രകാരം നബി(സ)യുടെ അടുത്ത് വന്ന സ്ത്രീകളെ മുസ്ലിംകൾ പരീക്ഷിച്ചു താൻ മദീനയിലേക്ക് വന്നത് ഭർത്താവിനോടുള്ള വിരോധം കൊണ്ടല്ലെന്നും മറുനാട്ടിലേക്ക് യാത്ര ചെയ്യാനുള്ള ആഗ്രഹം കൊണ്ടല്ലെന്നും ഭൌതിക നേട്ടം ലക്ഷ്യമാക്കിയല്ലെന്നും മദീനയിലുള്ള ഏതെങ്കിലും പുരുഷനെ മോഹിച്ചല്ലെന്നും പ്രത്യുത അള്ളാഹുവോടും റസൂലിനോടുമുള്ള സ്നേഹം കൊണ്ട് മാത്രമാണെന്നും അള്ളാഹു മാത്രമെ ആരാധ്യനുള്ളൂ എന്ന് ഞാൻ സത്യം ചെയ്യുന്നു എന്നും ഓരോ സ്ത്രീയിൽ നിന്നും സത്യവാങ്മൂലം ലഭിച്ച ശേഷമേ നബി(സ) അവരെ സ്വീകരിച്ചുള്ളൂ

(2)പരീക്ഷണത്തിൽ അവർ സത്യവിശ്വാസിനികളായിത്തന്നെയാണ് വന്നതെന്ന് തെളിഞ്ഞാൽ പിന്നെ അവരെ സത്യനിഷേധികളായ ഭർത്താക്കളുടെയോ നാട്ടുകാരുടെയോ അടുക്കലേക്ക് തിരിച്ചയക്കരുത്

(3‌)സത്യവിശ്വാസിനികളായ സ്ത്രീകളും സത്യനിഷേധികളായ പുരുഷന്മാരും തമ്മിൽ വിവാഹ ബന്ധം, പാടില്ല മതപരമായി ഇരു ദ്രുവങ്ങളിലായതാണ് അവരെ പിരിക്കാൻ കാരണം അല്ലാതെ രണ്ട് നാട്ടിലായി എന്നതല്ല.(മതപരമായ വിശുദ്ധിക്ക് കളങ്കം വരുത്തുന്ന വ്യത്യസ്ഥ ആശയക്കാർ തമ്മിലുള്ള വിവാഹത്തിന്റെ അപകടം ഇവിടെ നമുക്ക് മനസിലാക്കാം)


(4)സ്ത്രീ ഇസ്ലാം സ്വീകരിക്കുകയും ഭർത്താവ് സത്യനിഷേധത്തിൽ തുടരുകയും ചെയ്താൽ അവർ തമ്മിലുള്ള വിവാഹ ബന്ധം വെർപ്പെടുന്നതാണ്പക്ഷെ ആ ഭാര്യാഭർത്താക്കൾ തമ്മിൽ സംയോഗം നടന്നിട്ടുണ്ടെങ്കിൽ അവളുടെ ഇദ്ദ: കഴിയുന്നതിനു മുമ്പ് അവനും ഇസ് ലാമിലേക്ക് വന്നാൽ വിവാഹ ബന്ധം വേർപെടുന്നതല്ല ആദ്യ വിവാഹത്തിന്മേൽ തന്നെ അവർക്ക് ഭാര്യാ ഭർത്താക്കളായി തുടരാം

(5)ഭർത്താവ് മുസ്ലിമാവുകയും ഭാര്യ സത്യ നിഷേധത്തിൽ തുടർന്നാലും വിവാഹ ബന്ധം മുറിയുന്നതാണ്

(6)സ്ത്രീ മുസ്ലിമായതിനെത്തുടർന്ന് വിവാഹ ബന്ധം വേർപെട്ടുപോകുന്ന സ്ത്രീകളെ നിബന്ധനകൾ അനുസരിച്ച് മുസ്ലിംകൾക്ക് വിവാഹം ചെയ്യാവുന്നതാണ് ഈ ആയത്തിന്റെ അവതരണത്തോടെ ഇത് ഇസ്ലാമിലെ സ്ഥിര നിയമമായി .ഇതിനു മുമ്പ് ഇവയെക്കുറിച്ച് പ്രത്യേകനിയമങ്ങളൊന്നും വന്നിട്ടില്ലായിരുന്നു അത് കൊണ്ടായിരുന്നു നബി(സ)യുടെ പുത്രി സൈനബ്(റ)യെ വിവാഹം ചെയ്ത അബുൽ ആസി അവിശ്വാസത്തിൽ തുടർന്നിട്ടും അദ്ദേഹത്തോടൊപ്പം താമസിക്കാൻ മകൾക്ക് നബി(സ)അനുവാദം നൽകിയത്.പിന്നീട് സൈനബ്(റ)യെ മദീനയിലെത്തിക്കാൻ നിർബന്ധിക്കപ്പെടുകയും ഭർത്താവിനെ വിട്ട് അവർ മദീനയിലെത്തുകയും ചെയ്തു.പിന്നീട് അബുൽ ആസ്വി മുസ് ലിമായതിനു ശേഷമാണ് ഒന്നിക്കാൻ നബി(സ)അനുവദിച്ചത്

(7) മേൽ പ്രകാരം വിവാഹ ബന്ധം മുറിഞ്ഞ സ്ത്രീകളെ മുസ്ലിംകൾ വിവാഹം ചെയ്യുമ്പോൾ അവർക്ക് മര്യാദയനുസരിച്ച് മഹ് റ് നൽകണം അവർ ചിലവഴിച്ചത് എന്നതിന്റെ വിവക്ഷ മഹ്ർ ആണ്

(8)മുൻ വിവാഹങ്ങളിൽ അവർക്ക് ഭർത്താക്കൾ നൽകിയിരുന്ന മഹ് റുകൾ മുസ്ലിംകൾക്ക് സത്യ നിഷേധികളുടെ ഭാഗത്ത് നിന്നും സത്യ നിഷേധികൾക്ക് മുസ്ലിംകളുടെ ഭാഗത്ത് നിന്നും തിരിച്ചു വാങ്ങാവുന്നതാണ് ഈ ഇനത്തിൽ മുസ്ലിംകൾ നൽകേണ്ട സംഖ്യ ഗനീമത്ത് തുടങ്ങിയ പൊതു ഭണ്ഡാരത്തിൽ നിന്ന് ഭരണാധികാരി നൽകേണ്ടതാണ്

ഇമാം റാസി(റ)എഴുതുന്നു.ഈ സൂക്തത്തിന്റെ ഘടനയിൽ ഒരു വലിയ സൌന്ദര്യം ഉണ്ട്.അതായത് സത്യ നിഷേധികൾ മൂന്ന് വിഭാഗമാണ്

(1)സത്യനിഷേധത്തിൽ തന്നെ മാറ്റമില്ലാതെ തുടരുന്നവർ അവരോട് സ്വീകരിക്കേണ്ട സമീപമനമാണ് ഈ അദ്ധ്യായത്തിലെ നാലാം സൂക്തത്തിൽ

 قَدْ كَانَتْ لَكُمْ أُسْوَةٌ حَسَنَةٌ فِي إِبْرَاهِيمَ وَالَّذِينَ مَعَهُ إِذْ قَالُوا لِقَوْمِهِمْ إِنَّا بُرَاء مِنكُمْ وَمِمَّا تَعْبُدُونَ مِن دُونِ اللَّهِ كَفَرْنَا بِكُمْ وَبَدَا بَيْنَنَا وَبَيْنَكُمُ الْعَدَاوَةُ وَالْبَغْضَاء أَبَدًا حَتَّى تُؤْمِنُوا بِاللَّهِ وَحْدَه

ഇബ് റാഹീമി(അ)ലും അവരോടൊന്നിച്ചുള്ളവരിലും നിങ്ങൾക്ക് മാത്ര്‌കയുണ്ടായിട്ടുണ്ട്.അവർ തങ്ങളുടെ ജനതയോട് പറഞ്ഞ സന്ദർഭം.നിശ്ചയമായും ഞങ്ങൾ നിങ്ങളിൽ നിന്നും അള്ളാഹുവെക്കൂടാതെ നിങ്ങൾ ആരാധിക്കുന്നവയിൽ നിന്നും ഒഴിവായവരാകുന്നു അള്ളാഹു ഒരുവൻ എന്ന നിലക്ക് നിങ്ങൾ അവനിൽ വിശ്വസിക്കുന്നത് വരെ എക്കാലത്തും ഞങ്ങൾ നിങ്ങളെ നിഷേധിക്കുകയും ഞങ്ങൾക്കും നിങ്ങൾക്കുമിടയിൽ ശത്രുതയും അമർഷവും വെളിപ്പെടുകയും ചെയ്തിരിക്കുന്നു

വിവരിച്ചത്

(2)ഇപ്പോൾ ശത്രുക്കളാണെങ്കിലും ആ ശാത്രവം അവരിൽ നിന്ന് നീങ്ങുമെന്ന് പ്രതീക്ഷിക്കാവുന്നവർ.ഈ അദ്ധ്യായത്തിലെ ഏഴാം സൂക്തം(

عَسَى اللَّهُ أَن يَجْعَلَ بَيْنَكُمْ وَبَيْنَ الَّذِينَ عَادَيْتُم مِّنْهُم مَّوَدَّةً وَاللَّهُ قَدِيرٌ وَاللَّهُ غَفُورٌ رَّحِيمٌ

നിങ്ങൾക്കും അവരിൽ നിന്ന് നിങ്ങൾ ശത്രുതവെച്ചവർക്കുമിടയിൽ അള്ളാഹു സ്നേഹബന്ധം ഉണ്ടാക്കിയേക്കാം അള്ളാഹു സർവശക്തനാണ് വളരെ പൊറുക്കുന്നവനും പരമ കാരുണികനുമാണ്)

ഇതിലേക്ക് സൂചനയാണ്

(3)ശത്രുത ഒഴിവാക്കി സത്യത്തിലേക്ക് വരുന്നവർ. ഈ അവസ്ഥയിലേക്കാണ് ഈ സൂക്തം വിരൽ ചൂണ്ടുന്നത്,ഓരോഘട്ടത്തിലും അവർക്ക് അർഹതപ്പെട്ട സമീപനം അവരോട് സ്വീകരിക്കണമെന്ന് അള്ളാഹു കൽ‌പ്പിച്ചതിലൂടെ സത്സ്വഭാവത്തിന്റെ എല്ലാ വഴികളും അള്ളാഹു അറിയിച്ചിരിക്കുകയാണ്(റാസി)



وَإِن فَاتَكُمْ شَيْءٌ مِّنْ أَزْوَاجِكُمْ إِلَى الْكُفَّارِ فَعَاقَبْتُمْ فَآتُوا الَّذِينَ ذَهَبَتْ أَزْوَاجُهُم مِّثْلَ مَا أَنفَقُوا وَاتَّقُوا اللَّهَ الَّذِي أَنتُم بِهِ مُؤْمِنُونَ(11

നിങ്ങളുടെ ഭാര്യമാരിൽ നിന്ന് ആരെങ്കിലും അവിശ്വാസികളുടെ കൂട്ടത്തിലേക്ക്(പോയിട്ട് നിങ്ങൾക്ക്) നഷ്ടപ്പെടുകയും എന്നിട്ട് നിങ്ങൾ അനന്തര നടപടി എടുക്കുകയും ചെയ്യുകയാണെങ്കിൽ ആരുടെ ഭാര്യമാർ വിട്ടുപോയിട്ടുണ്ടോ അവർ ചിലവ് ചെയ്തത് പോലെയുള്ളത് നിങ്ങൾ അവർക്ക് കൊടുത്തുകൊള്ളുക നിങ്ങൾ യാതൊരുവനിൽ വിശ്വസിക്കുന്നവരാണോ ആ അള്ളാഹുവിനെ സൂക്ഷിക്കുക

മുസ്ലിംകളുടെ ഭാര്യമാരിൽ ആരെങ്കിലും ശത്രുപക്ഷത്തേക്ക് പോവുകയും അവരിൽ നിന്ന് മഹ്ർ തിരിച്ചു കിട്ടാൻ മാർഗമില്ലാതാവുകയും ചെയ്താൽ അതിനുള്ള നിവാരണമാണിവിടെ പറയുന്നത് അതായത് അമുസ്ലിംകളുമായി അതിനു ശേഷം അനന്തരനടപടിയെടുക്കുവാൻ അവസരം ലഭിക്കുമ്പോൾ ആ നഷ്ട സംഘ്യ കൊടുക്കണം യുദ്ധത്തിൽ ഗനീമത്ത് ലഭിക്കുമ്പോൾ അതിൽ നിന്നോ മുസ്ലിംകളുടെ ഭാഗത്ത് നിന്ന് അവർക്ക് നൽകേണ്ട മഹ് റുകളിൽ നിന്നോ ഇത് കൊടുക്കേണ്ടതാണ് ഗനീമത്തിൽ നിന്ന് ഇത് കഴിച്ചു ബാക്കിയുള്ളതെ ഓഹരി ചെയ്യേണ്ടതുള്ളൂ



يَا أَيُّهَا النَّبِيُّ إِذَا جَاءكَ الْمُؤْمِنَاتُ يُبَايِعْنَكَ عَلَى أَن لَّا يُشْرِكْنَ بِاللَّهِ شَيْئًا وَلَا يَسْرِقْنَ وَلَا يَزْنِينَ وَلَا يَقْتُلْنَ أَوْلَادَهُنَّ وَلَا يَأْتِينَ بِبُهْتَانٍ يَفْتَرِينَهُ بَيْنَ أَيْدِيهِنَّ وَأَرْجُلِهِنَّ وَلَا يَعْصِينَكَ فِي مَعْرُوفٍ فَبَايِعْهُنَّ وَاسْتَغْفِرْ لَهُنَّ اللَّهَ إِنَّ اللَّهَ غَفُورٌ رَّحِيمٌ(12


നബിയേ.സത്യവിശ്വാസിനികളായ സ്ത്രീകൾ തങ്ങൾ അള്ളാഹുവിനോട് യാതൊന്നിനെയും പങ്കു ചേർക്കുകയില്ലെന്നും മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും തങ്ങളുടെ സന്താനങ്ങളെ കൊന്നുകളയുകയില്ലെന്നും മന:പൂർവം കെട്ടിച്ചമക്കുന്ന യാതൊരു കള്ളവാദവും കൊണ്ട് വരികയില്ലെന്നും ഒരു നല്ല കാര്യത്തിലും തങ്ങളോട് അനുസരണക്കേട് കാണിക്കുകയില്ലെന്നും ബൈഅത്ത്(പ്രതിജ്ഞ) ചെയ്യുവാനായി തങ്ങളുടെ അടുക്കൽ വന്നാൽ അവരോട് പ്രതിജ്ഞ വാങ്ങുകയും അവർക്ക് വേണ്ടി അള്ളാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യുക നിശ്ചയമായും അള്ളാഹു വളരെ പൊറുക്കുന്നവനും പരമ കാരുണികനുമാകുന്നു

മക്കാ വിജയത്തെതുടർന്ന് മക്കക്കാരായ പലരും സത്യ വിശ്വാസം സ്വീകരിക്കുകയും തങ്ങൾ ഭാവിയിൽ ഇസ്ലാമിക നിയമമനുസരിച്ച് ജീവിക്കാമെന്ന് നബി(സ)യോട് ഉടമ്പടി ചെയ്യുകയുമുണ്ടായി കൂട്ടത്തിൽ മക്കയിലെ സ്ത്രീകളും ബൈഅത്തിനു വന്നിരുന്നു അവരിൽ നിന്നു വാങ്ങേണ്ട ഉടമ്പടിയുടെ രൂപമാണ് ഈ വാക്യത്തിൽ പരാമർശിക്കുന്നത്.കണ്ണിൽ കാണുന്നതിനെയെല്ലാം പൂജിച്ചിരുന്ന അവരോട് ഇനി ഒരിക്കലും അള്ളാഹു അല്ലാത്ത ഒന്നിനും നിങ്ങൾ ആരാധിക്കരുതെന്നും കളവ് നടത്തരുതെന്നും വ്യഭിചരിക്കരുതെന്നും പ്രതിജ്ഞ ചെയ്യണം. പെൺകുഞ്ഞ് ജനിച്ചാലുടൻ കുഴിച്ചു മൂടുന്ന പതിവ് ജാഹിലിയ്യ അറബികൾക്കുണ്ടായിരുന്നല്ലോ!അതിനെ സൂചിപ്പിച്ചാണ് സന്താനങ്ങളെ കൊന്നുകളയില്ലെന്ന കാര്യം പറഞ്ഞത് ഈ കൊല ചിലപ്പോൾ സ്ത്രീകളും ചിലപ്പോൾ പുരുഷന്മാരും ചെയ്തിരുന്നു മറ്റു നിലക്കുള്ള കൊലകളും നടന്നിരുന്നു അതൊന്നും ഇനി ഉണ്ടാവരുതെന്നാണ് ഉടമ്പടിയുടെ സാരം,ഭർത്താവിന്റേതല്ലാത്ത സന്താനത്തെ ഭർത്താവിലേക്ക് ചേർത്ത് പറയുന്നതിനെ സൂചിപ്പിച്ചാണ് കെട്ടിച്ചമക്കുന്ന കള്ളവാദം എന്ന് പറഞ്ഞത് പരപുരുഷ ബന്ധങ്ങളും അസാന്മാർഗിക ജീവിതരീതിയും ഏഷണി പോലുള്ള തിന്മകളും ഇതിന്റെ പരിധിയിൽ വരുന്നതാണ്. നബി(സ) എന്ത് കൽ‌പ്പിച്ചാലും അനുസരിക്കണമെന്നാണ് ഒരു നല്ല കാര്യത്തിലും തങ്ങളോട് അനുസരണക്കേട് കാണിക്കുകയില്ലെന്നു പറഞ്ഞത്.വേണ്ടപ്പെട്ടവർ മരണപ്പെട്ടാൽ അട്ടഹസിക്കലും കിടന്നുരുണ്ടും മുടി പിടിച്ചു വലിച്ചും വസ്ത്രം കിറിപ്പറിച്ചും പൊറുതികേട് കാണിക്കരുതെന്നും അന്യ പുരുഷന്മ്രുമായി ഒറ്റക്ക് ഒരു സ്ത്രീയും കൂടരുതെന്നും അനിയന്ത്രിതമായ സ്ത്രീ പുരുഷ സങ്കലനം നടക്കരുതെന്നുമെല്ലാം ഈ കല്പനയുടെ പരിധിയിൽ വരുന്നുണ്ട്. ബൈഅത്തിന്റെ സമയത്ത് വർജ്ജിക്കേണ്ട കാര്യങ്ങൾ മാത്രമാണിവിടെ സൂചിപ്പിച്ചത്. പ്രവർത്തിക്കേണ്ട ശഹാദത്ത് ചൊല്ലൽ, നിസ്ക്കരിക്കൽ,സക്കാത്ത് കൊടുക്കൽ, നോമ്പ് നോൽക്കൽ, ഹജ്ജ് ചെയ്യൽ, വലിയ അശുദ്ധിയുണ്ടായാൽ കുളിച്ച് ശുദ്ധിയാവൽ എന്നിവയൊന്നും പറഞ്ഞില്ലല്ലോ എന്ന ചോദ്യത്തിനു വിരോധങ്ങൾ എല്ലാ കാലത്തും വിരോധമായി തന്നെ നില നിൽക്കുന്നതാണ്. പ്രവർത്തിക്കെണ്ടവ ചിലപ്പോഴെങ്കിലും ചെയ്യേണ്ടതില്ലാത്ത അവസ്ഥയുണ്ടാവാം.അത് കൊണ്ട് വർജ്ജിക്കേണ്ടതിന്റെ ഗൌരവം ചൂണ്ടിക്കാണിച്ചതാണ് എന്നാണ് ഉത്തരം. നബി(സ)അവരോട് ബൈഅത്ത് ചെയ്തത് സംസാരത്തിലൂടെ മാത്രമായിരുന്നു പരസ്ത്രീ സ്പർശനം ഉണ്ടായിരുന്നില്ല.എന്താണ് കൈതരാത്തതെന്ന് ചോദിച്ച സ്ത്രീയോട് ഞാൻ സ്ത്രീകൾക്ക് കൈകൊടുക്കുന്നതല്ല എന്ന് നബി(സ)പറഞ്ഞു (ഖുർത്വുബി)



يَا أَيُّهَا الَّذِينَ آمَنُوا لَا تَتَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِمْ قَدْ يَئِسُوا مِنَ الْآخِرَةِ كَمَا يَئِسَ الْكُفَّارُ مِنْ أَصْحَابِ الْقُبُورِ(13

സത്യ വിശ്വാസികളേ.അള്ളാഹു കോപിച്ച ഒരു ജനതയോട് നിങ്ങൾ മൈത്രീബന്ധം സ്ഥാപിക്കരുത് ഖബ് റുകളിൽ ഉള്ളവരെ പറ്റി സത്യനിഷേധികൾ നിരാശപ്പെട്ടത് പോലെ അവർ പരലോകത്തെ സംബന്ധിച്ച് നിരാശപ്പെടുക തന്നെ ചെയ്തിരിക്കുന്നു


അദ്ധ്യായത്തിന്റെ തുടക്കത്തിൽ പറഞ്ഞ കാര്യം ഒന്നു കൂടി സൂചിപ്പിക്കുകയാണിവിടെ. അള്ളാഹു കോപിച്ച ജനത എന്ന് പറഞ്ഞതിൽ അള്ളാഹുവിന്റെ ശാപ/കോപത്തിനിരയായ എല്ലാവരും പെടും പരലോകത്തെ സംബന്ധിച്ച് നിരാശപ്പെട്ടു എന്ന് പറഞ്ഞത് പരലോക നന്മയെതൊട്ട് നിരാശരായി എന്നത്രെ. ഖബ് റുകളിൽ ഉള്ളവരെ പറ്റി സത്യനിഷേധികൾ നിരാശപ്പെട്ടത് പോലെ എന്നാൽ മരിച്ചു മണ്ണടിഞ്ഞവർ ഇനി തിരിച്ചു വരുമെന്ന് അവർ പ്രതീക്ഷിക്കാത്തത് പോലെ പരലോക നമയെ തൊട്ടും അവർ നിരാശരാണെന്ന് സാരം ഖബ് റിലുള്ളവർ എല്ലാ നന്മയെ തൊട്ടും നിരാശരായത് പോലെ എന്നും വ്യഖ്യാനമുണ്ട്

അള്ളാഹു നമ്മെ ഇരുലോകത്തെയും നന്മപ്രതീക്ഷയുള്ളവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ



3 comments:

saifu kcl said...

آميـــــــــــــــــــــــــــــــــــن

sunnikerala said...

ഈ തഫ്സീര്‍ ഒക്കെ pdf ഫയല്‍ ആക്കി ഷെയര്‍ ചെയ്യാന്‍ പറ്റുമോ ?
അല്ലെങ്കില്‍ മെയില്‍ ചെയ്തു തരാന്‍ പറ്റുമോ ?

വഴികാട്ടി / pathfinder said...

ഫാതിഹയുടെ പി.ഡി.എഫ് പോസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി വൈകാതെ പോസ്റ്റ് ചെയ്യാം. ഇന്‍ശാ അല്ലാഹ്

അഭിപ്രായങ്ങള്‍ അറിയിക്കുക