Wednesday, August 5, 2015

അദ്ധ്യായം 53 -സൂറത്തുന്നജ്മ് -ഭാഗം-02

(മക്കയിൽ അവതരിച്ചു  - സൂക്തങ്ങൾ 62
(19  മുതൽ  31  വരെ സൂക്തങ്ങളുടെ വ്യാഖ്യാനം )

بسم الله الرحمن الرحيم

റഹ് മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


19  .  أَفَرَأَيْتُمُ اللَّاتَ وَالْعُزَّى

(19) എന്നാൽ ലാത്തയെയും ഉസ്സയെയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? (അവ ആരാധിക്കപ്പെടുവാൻ അർഹതയുള്ളതാണോ?)



 20. وَمَنَاةَ الثَّالِثَةَ الْأُخْرَى

(20) മറ്റെ മൂന്നാമത്തെ മനാത്തയെ കുറിച്ചും?


അള്ളാഹുവിന്റെ അപാരമായ കഴിവുകളിലേക്കും മുഹമ്മദ് നബി()യുടെ സത്യ സന്ധതയിലേക്കും ആധികാരികതയിലേക്കും ശക്തമായ തെളിവുകളാണ് അദ്ധ്യായത്തിന്റെ ആദ്യ ഭാഗത്ത് സമർത്ഥിച്ചത് .ശേഷം ഇവിടെ ചോദിക്കുന്നത് അതി ശക്തിമാനായ അള്ളാഹുവിനു പുറമേ നിങ്ങൾ മിനഞ്ഞെടുക്കുന്ന നിസ്സാര വസ്തുക്കൾക്ക് ആരാധനയർപ്പിക്കുന്നതിന്റെ വിവരക്കേട് ഒന്ന് ലോചിച്ചു നോക്കൂ.അതെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്നാണിവിടെ ചോദിക്കുന്നത്. ഥാഇഫുകാ ആരാധിച്ചിരുന്ന ബിംബമാണ് ലാത്ത! മക്കയുടെയും ഥാഇഫിന്റെയും ഇടയിലുള്ള ഒരു മരമായിരുന്നു ഉസ്സാ! ഒരു ക്ഷേത്രത്തിലായിരുന്നു അത് ഖുറൈശികൾ അതിനെ ആരാധിച്ചിരുന്നു മക്കയുടെയും മദീനയുടെയും ഇടയിൽ മുശല്ലൽ എന്ന സ്ഥലത്ത് പ്രതിഷ്ഠിക്കപ്പെട്ട ഒരു ബിംബമാണ് മനാത്ത്! ഖുസാ: ഹുദൈൽ, ഔസ്, ഖസ്റജ്, മുതലായ ഗോത്രങ്ങളായിരുന്നു അതിനെ ആരാധിച്ചിരുന്നത്. അറബി മുശ്‌രിരിക്കുകൾ ആരാധിച്ചിരുന്ന അനേകം ബിംബങ്ങളിൽ ഏറ്റവും പ്രസിദ്ധി നേടിയവയാണ് മൂന്നെണ്ണം. മറ്റേ മൂന്നാമത്തത് എന്ന പ്രയോഗം അതിനെ നിന്ദിക്കുന്ന ഒരു പ്രയോഗമാണ്


ഇമാം റാസി()എഴുതുന്നു.  “ഈ അദ്ധ്യായത്തിന്റെ ആദ്യത്തിൽ നബി()യുടെ പ്രവാചകത്വം സ്ഥിരീകരിച്ചപ്പോൾ പ്രവാചകന്റെ ദൌത്യവുമായി ഏറ്റവും ബന്ധപ്പെട്ട കാര്യം വിശദീകരിക്കാൻ തുടങ്ങി. അഥവാ അള്ളാഹുവിന്റെ ഏകത്വം സ്ഥിരീകരിക്കലും ബഹുദൈവാരാധനയെ നിഷേധിക്കലും (ഇതാണല്ലോ ഏറ്റവും ആദ്യം എല്ലാ പ്രവാചകരും നടപ്പാക്കിയത്) ലാത്തയേയും ഉസ്സയെയും കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ? എന്ന ചോദ്യം അള്ളാഹുവിനോട് ഈ നിസ്സാര വസ്തുക്കളെ സമമാക്കുന്നതിന്റെ ബുദ്ധി ശൂന്യത സമർത്ഥിക്കുന്നുണ്ട്. ലാത്ത ഥാഇഫിലെ സഖീഫ് ഗോത്രക്കാർ ആരാധിച്ചിരുന്ന ബിംബമാണ്. നെയ്യ് ഉപയോഗിച്ച് ക്ഷണമുണ്ടാക്കി ആളുകൾക്ക് നൽകിയിരുന്ന ഒരു നല്ല മനുഷ്യൻ മരണപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ പ്രതിമയുണ്ടാക്കി ആരാധിക്കുകയും ലാത്ത എന്ന് പേരു വെക്കുകയും ചെയ്തതാണെന്നും അഭിപ്രായമുണ്ട്. ഉസ്സാ ആരാധിക്കപ്പെട്ടിരുന്ന ഒരു മരമാണ്. നബി() ഖാലിദ് ബിൻ വലീദ്()നെ അയച്ച് അത് മുറിച്ച് കളയുകയും മുറിച്ചപ്പോൾ അതിന്റെ അകത്ത് നിന്ന് ഒരു പെൺ പിശാച് പാറിപ്പറക്കുന്ന മുടിയുമായി പുറത്ത് വരികയും എന്റെ നാശമേ. എന്ന് പറഞ്ഞ് നില വിളിക്കുകയും ഖാലിദ്()നിസ്സങ്കോജം അതിനെ കൊലപ്പെടുത്തുകയും ചെയ്തു. ഇത് നബി()യോട് അറിയിച്ചപ്പോൾ ഇനി ഉസ്സാ ആരാധിക്കപ്പെടില്ലെന്ന് നബി()പ്രതികരിക്കുകയും ചെയ്തു.  ഹുദൈൽ ഗോത്രവും ഖുസാ അ:ഗോത്രക്കാരുമൊക്കെ ആരാധിച്ചിരുന്ന ഒരു കല്ലാണ് മനാത്ത. ഈ ബിംബങ്ങൾക്ക് ഇങ്ങനെ പരാമർശത്തിൽ ക്രമം വന്നതിന്റെ കാരണം ലാത്ത മനുഷ്യ രൂപത്തിലുണ്ടാക്കപ്പെട്ടതിനാലും ഉസ്സാ മരമായിരുന്നതിനാലും മനാത്ത നിർജ്ജീവ വസ്തുവായ കല്ലായതിനാലുമാണ്. അതായത് മരത്തേക്കാൾ ശ്രേഷ്ഠമാണ് മനുഷ്യൻ. കല്ലിനേക്കാൾ ശ്രേഷ്ഠമാണ് മരം (റാസി28/279)



21. أَلَكُمُ الذَّكَرُ وَلَهُ الْأُنثَى

(21)നിങ്ങൾക്ക് ആണും അവന്(അള്ളാഹുവിനു്)പെണ്ണുമോ?



22. تِلْكَ إِذًا قِسْمَةٌ ضِيزَى

(22) അങ്ങനെയാണെങ്കിൽ അത് അനീതിപരമായ ഒരു പങ്കുവെക്കലാണ്


തങ്ങൾ ആരാധിച്ചു വരുന്ന ബിംബങ്ങളിൽ ചിലത് മലക്കുകളുടെ പ്രതിഷ്ഠകളാണെന്നും മലക്കുകൾ അള്ളാഹുവിന്റെ പെൺ മക്കളാണെന്നും ആയിരുന്നു മക്കക്കാരുടെ വിശ്വാസം.പെൺ മക്കളാണെങ്കിലോ അവർ വെറുക്കുന്ന ഒരു വിഭാഗവും! സ്ഥിതിക്ക് തങ്ങളിഷ്ടപ്പെടുന്ന മക്കൾ അവർക്കും അവർ വെറുക്കുന്ന പെൺ മക്കൾ ള്ളാഹുവിനും നിശ്ചയിക്കുന്ന ഓഹരി വെക്കൽ തീരേ നീതീകരിക്കാൻ കഴിയാത്തതാണ് എന്നാണിവിടെ സൂചിപ്പിക്കുന്നത്



23. إِنْ هِيَ إِلَّا أَسْمَاء سَمَّيْتُمُوهَا أَنتُمْ وَآبَاؤُكُم مَّا أَنزَلَ اللَّهُ بِهَا مِن سُلْطَانٍ إِن يَتَّبِعُونَ إِلَّا الظَّنَّ وَمَا تَهْوَى الْأَنفُسُ وَلَقَدْ جَاءهُم مِّن رَّبِّهِمُ الْهُدَى

(23)അത് നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകൾ മാത്രമാണ്.അതിനെ പറ്റി യാതൊരു ലക്ഷ്യവും അള്ളാഹു അവതരിപ്പിച്ചിട്ടില്ല വെറും ഊഹത്തെയും തങ്ങളുടെ മനസ്സുകൾ ഇഛിക്കുന്നതിനെയുമല്ലാതെ അവർ( മുശ് രിക്കുകൾ)പിൻ പറ്റുന്നില്ല(വാസ്തവത്തിൽ)അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ നിന്ന് നേർമാർഗം വന്നു കിട്ടിയിട്ടുണ്ട് താനും(എന്നിട്ടും അവർ കൃത്രിമ ദൈവങ്ങളെ കൈവിടുന്നില്ല)


ധാരാളം വസ്തുക്കളെ ദൈവങ്ങളാക്കി കൊണ്ട് നടന്നിരുന്ന ജനതയുടെ നിലപാടുകളെ പൂർണ്ണമായി അള്ളാഹു നിരാകരിക്കുകയാണ്.ലാത്ത,ഉസ്സ,മനാത്ത എന്നിങ്ങനെ ചില വസ്തുക്കൾക്ക് പേരു വെച്ചതും അവയെ ആരാധിക്കുന്നതും നിങ്ങൾ സ്വന്തം മിനഞ്ഞെടുത്തതാണെന്നും അതിനു അള്ളാഹു അനുവാദം തരികയോ തെളിവിന്റെ ഒരു സൂചന നൽകുകയോ ചെയ്തിട്ടില്ലെന്നും അള്ളാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്ന് കാര്യ കാരണ സഹിതം വിശദീകരിക്കപ്പെട്ടിട്ടുണ്ടെന്നിരിക്കെ നിലപാട് തികച്ചും നിഷേധാത്മകമാണെന്ന് സാരം.


ഇമാം റാസി()എഴുതുന്നു.അള്ളാഹുവിനെ മാത്രം ആരാധിക്കണമെന്ന കാര്യം ഉറപ്പാണെന്നിരിക്കെ ആ ഉറപ്പ് സ്വീകരിക്കാതെ ഊഹങ്ങളുടെ പിന്നാലെ പോയത് വളരെ മോശം!ഇവിടെ പറഞ്ഞ  നേർമാർഗം എന്നതിന്റെ ഉദ്ദേശം ഖുർആനാണെന്നും അള്ളാഹുവിന്റെ ദൂതന്മാരാണെന്നും പ്രവാചകന്മാരുടെ അമാനുഷിക സിദ്ധികളാണെന്നും അഭിപ്രായമുണ്ട്(റാസി 28/230)



24. أَمْ لِلْإِنسَانِ مَا تَمَنَّى

(24) അതല്ല മനുഷ്യന് അവൻ കൊതിക്കുന്നതെല്ലാം ലഭിക്കുമെന്നുണ്ടോ?


അള്ളാഹുവിന്റെ കല്പനകൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന ജനതയുടെ നിലപാട് കണ്ടാൽ മനുഷ്യനു സ്വതന്ത്രമായി താൻ ആഗ്രഹിക്കുന്നതെന്തും വിവേചന രഹിതമായി ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് അവനു നേടാൻ സാധിക്കുമെന്നുമാണ് തോന്നുക എന്നാൽ നിലപാട് ഒരിക്കലും ശരിയല്ലെന്നാണ് ഇവിടെ സൂചിപ്പിക്കുന്നത്. അതിന്റെ കാരണമാണ് താഴേയുള്ള സൂക്തം



25. فَلِلَّهِ الْآخِرَةُ وَالْأُولَى

(25) എന്നാൽ പരലോകവും ഇഹലോകവും അള്ളാഹുവിന്റേതാണ്



രണ്ട് ലോകത്തിന്റെയും ഉടമസ്ഥൻ അള്ളാഹുവാണ്.അവന്റെ തീരുമാനത്തിനും ഇഷ്ടത്തിനുമനുസരിച്ചാണ് കാര്യങ്ങൾ നടക്കേണ്ടത്.അതിനു വിരുദ്ധമായ നിലപാടുകൾ സ്വന്തം നാശത്തിന്റെ വഴി തുറക്കാനേ സഹായിക്കൂ.ഇമാം റാസി()എഴുതുന്നു.മനുഷ്യൻ തന്റെ ഇഷ്ടമനുസരിച്ച് ഒരു ആരാധ്യനെ തിരഞ്ഞെടുത്താൽ രണ്ട് ലോകത്തിന്റെയും ഉടമസ്ഥനായ അള്ളാഹു ഒരു പക്ഷെ ഭൂമിയിൽ നിന്ന് തന്നെ അവനെ ശിക്ഷിക്കും.ഇല്ലെങ്കിൽ തന്നെ പരലോകത്ത് അതിന്റെ ദുരന്തം അവൻ ഏറ്റു വാങ്ങേണ്ടി വരും(റാസി 28/285)


26. وَكَم مِّن مَّلَكٍ فِي السَّمَاوَاتِ لَا تُغْنِي شَفَاعَتُهُمْ شَيْئًا إِلَّا مِن بَعْدِ أَن يَأْذَنَ اللَّهُ لِمَن يَشَاء وَيَرْضَى

(26) ആകാശങ്ങളിൽ എത്രയോ മലക്കുകളുണ്ട് അള്ളാഹു ഉദ്ദേശിക്കുകയും അവൻ തൃപ്തിപ്പെടുകയും ചെയ്യുന്നവർക്ക് (ശുപാർശ ചെയ്യുവാൻ)അവൻ അനുമതി നൽകിയ ശേഷമല്ലാതെ ആ മലക്കുകളുടെ ശുപാർശ ഒട്ടും പ്രയോജനപ്പെടുകയില്ല


മലക്കുകളുടെ പ്രതിഷ്ഠയാണെന്ന് പറഞ്ഞ് ചില വിഗ്രഹങ്ങളെ ആരാധിച്ച സത്യ നിഷേധികൾ അവർ ശുപാർശ ചെയ്ത് തങ്ങളെ രക്ഷിക്കുമെന്ന് ധരിക്കേണ്ടതില്ലെന്നും അള്ളാഹുവിന്റെ അനുമതിയോടെ അവൻ ഇഷ്ടപ്പെടുന്നവർക്ക് മാത്രമേ അവർ ശുപാർശ ചെയ്യുകയുള്ളൂവെന്നും ബഹുദൈവ വാദികൾ ആ ഗണത്തിൽ വരില്ലെന്നും സാരം.അള്ളാഹു അല്ലാത്ത ദൈവങ്ങളെ ആരാധിക്കുന്നവർ പറയാറുള്ള ഒരു ദുർ ന്യായത്തിനുള്ള ശക്തമായ മറുപടിയാണീ സൂക്തം.അള്ളാഹുവിന്റെ സമ്മതമില്ലാതെ തന്നെ ശുപാർശ ചെയ്ത് തങ്ങളെ രക്ഷപ്പെടുത്താൻ  ഈ ദൈവങ്ങൾക്കാകും എന്നാണ് അവരുടെ വാദം.എന്നാൽ ഒരിക്കലും അത് സാദ്ധ്യമല്ല എന്ന് ധാരാളം സ്ഥലത്ത് ഖുർ ആൻ വ്യക്തമാക്കിയിരിക്കുന്നു.ശുപാർശയേ നടക്കില്ല എന്നല്ല ഇതിന്റെ അർത്ഥം.അള്ളാഹുവിന്റെ അനുമതിയോടെ ശുപാർശ ചെയ്യാൻ പലർക്കും അവകാശമുണ്ട്.ആ ശുപാർശ ഫലപ്രദവുമാണ്. ഉദാഹരണം രണ്ടാം അദ്ധ്യായം (അൽ ബഖറ:255)മത് സൂക്തം നോക്കാം.



 (2.255)  مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ

(2/255)അള്ളാഹുവിന്റെ അനുമതി കൂടാതെ ശുപാർശ ചെയ്യാൻ ആരാണുള്ളത്.?

അള്ളാഹുവിന്റെ സമ്മതം കൂടാതെ ശുപാർശ ചെയ്ത് കീഴ് ദൈവങ്ങൾ ഞങ്ങൾക്ക് വാങ്ങിത്തരുമെന്ന ബഹു ദൈവ വാദികളുടെ വാദം നിരാകരിക്കുന്നതോടൊപ്പം നബിമാരുടെയും ഔലിയാക്കളുടെയും അനുമതിയോടെയുള്ള ശുപാർശയെ സാധൂകരിക്കുകയും ചെയ്യുന്ന വ്യക്തമായ പ്രഖ്യാപനമാണിത്



27. إِنَّ الَّذِينَ لَا يُؤْمِنُونَ بِالْآخِرَةِ لَيُسَمُّونَ الْمَلَائِكَةَ تَسْمِيَةَ الْأُنثَى


(27)
നിശ്ചയമായും പരലോകത്തിൽ വിശ്വസിക്കാത്തവർ പെണ്ണുങ്ങളുടെ നാമകരണം (പോലെ)മലക്കുകൾക്ക് നാമകരണം ചെയ്യുന്നു



28. وَمَا لَهُم بِهِ مِنْ عِلْمٍ إِن يَتَّبِعُونَ إِلَّا الظَّنَّ وَإِنَّ الظَّنَّ لَا يُغْنِي مِنَ الْحَقِّ شَيْئًا


(28)
അവർക്കാകട്ടെ അതെക്കുറിച്ച് ഒരു അറിവുമില്ല. അവർ ഊഹത്തെ മാത്രമാണ് പിൻ പറ്റുന്നത് ഊഹമാകട്ടെ സത്യത്തെക്കുറിച്ച് ഒട്ടും ഉപകരിക്കുന്നതേയല്ല

പരലോകത്തിൽ വിശ്വാസമില്ലാത്തവരായതോടൊപ്പം തന്നെ മുശ് രിക്കുകൾ  മലക്കുകളെ അള്ളാഹുവിന്റെ പെൺ മക്കളായി അവതരിപ്പിക്കുകയും മലക്കുകൾക്ക് സ്ത്രീകളുടെ പേരു പറയുകയും ചെയ്യുന്നു മലക്കുകൾ അള്ളാഹുവിന്റെ പെൺ മക്കളാണെന്നതിനും അവർക്ക് ഈ പേരുകളുണ്ടെന്നതിനും യാതൊരു തെളിവുമില്ല .വെറും ഊഹത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണിവർ ഇങ്ങനെ ചെയ്യുന്നത് .ഊഹമാകട്ടെ സത്യവുമായി ഒരു ബന്ധവുമില്ലാത്തതാണ് താനും.


ഇമാം റാസി()എഴുതുന്നു. നാവിനെ നന്നായി സൂക്ഷിക്കണമെന്ന് ഈ സൂക്തം പഠിപ്പിക്കുന്നു മൂന്ന് കാര്യങ്ങൾ സൂക്ഷിക്കണമെന്ന് ഇവിടെ വ്യക്തമാവുന്നു(1)പ്രശംസ അർഹിക്കാത്തവരെ പ്രശംസിക്കൽ. ലാത്തയും ഉസ്സയും ദൈവങ്ങളാണെന്ന് അവർ പറഞ്ഞത് ഇതിനുദാഹരണം (2) ആക്ഷേപം അർഹിക്കാത്തവരെ ആക്ഷേപിക്കൽ അള്ളാഹുവിന്റെ ബഹുമാനികളായ അടിമകളെ ദൈവങ്ങളെന്ന് പറയുന്നത് സത്യത്തിൽ അവരെ ആക്ഷേപിക്കുന്നതിനു ഉദാഹരണമാണ് (3) അവസ്ഥ അറിയപ്പെടാത്തവരെ ആക്ഷേപിക്കൽ പാടില്ലെന്നും ഇത് തെളിയിക്കുന്നു (റാസി28/294)




  29.فَأَعْرِضْ عَن مَّن تَوَلَّى عَن ذِكْرِنَا وَلَمْ يُرِدْ إِلَّا الْحَيَاةَ الدُّنْيَا



(29)(
നബിയേ)അത് കൊണ്ട് നമ്മുടെ സ്മരണ വിട്ട് തിരിഞ്ഞ് കളയുകയും ഐഹിക ജീവിതം മാത്രം ഉദ്ദേശിക്കുകയും ചെയ്യുന്നവരിൽ നിന്ന് തങ്ങൾ ഒഴിഞ്ഞ് നിൽക്കുക


30. ذَلِكَ مَبْلَغُهُم مِّنَ الْعِلْمِ إِنَّ رَبَّكَ هُوَ أَعْلَمُ بِمَن ضَلَّ عَن سَبِيلِهِ وَهُوَ أَعْلَمُ بِمَنِ اهْتَدَى

(30)അവരുടെ അറിവിൽ നിന്നുള്ള ആകെത്തുകയാണത് .താങ്കളുടെ രക്ഷിതാവ് തന്നെയാണ് അവന്റെ മാർഗത്തിൽ നിന്ന് തെറ്റിപ്പോയവരെക്കുറിച്ച് ഏറ്റവും അറിയുന്നവൻ.നേർമാർഗം പ്രാപിച്ചവരെപ്പറ്റി കൂടുതൽ അറിയുന്നവനും അവൻ തന്ന.

അള്ളാഹുവിനെയും പരലോകത്തെയും കുറിച്ച് ഏത് പ്രവാചകൻ പ്രബോധനം ചെയ്യുമ്പോഴും ബഹു ദൈവ വാദികൾ അത് അവഗണിക്കുയായിരുന്നു.മക്കയിലെ ബഹുദൈവ വാദികളും അത് തന്നെ ചെയ്യുന്നു ഐഹിക ജീവിതം മാത്രം ചിന്തിച്ച് കഴിയുന്ന-പരലോക വിചാരം അശേഷം ഇല്ലാത്ത-ഇവരെ ഉപദേശിച്ചിട്ട് ഒരു ഫലവുമില്ല അതിനാൽ അവരെ തള്ളിക്കളയുവാൻ-അവഗണിക്കാൻ- അള്ളാഹു നിർദ്ദേശിക്കുകയാണിവിടെ.കാരണം അവരുടെ അറിവിന്റെ ആകെത്തുക ഈ ജീവിതവും അതിലെ സുഖ ഭോഗങ്ങളും മാത്രമാണ് അതിനപ്പുറമൊന്നും അവരുടെ മനസ്സിൽ കയറുകയില്ല അവരോട് ഉപദേശിച്ചിട്ട് പ്രയോജനവുമില്ല.നബി()പ്രാർത്ഥനയിൽ ഇങ്ങനെ വന്നിരിക്കുന്നു
اللهم لاتجعل الدنيا أكبر همنا ولا مبلغ علمنا

അള്ളാഹുവേ! ഇഹലോകത്തെ നീ ഞങ്ങളുടെ പ്രധാന വിചാരമാക്കരുതേ.ഞങ്ങളുടെ അറിവിന്റെ ആകെത്തുകയുമാക്കരുതേ

നമ്മളും ഈ പ്രാർത്ഥന നടത്തേണ്ടതാണ്.കാരണം ഐഹിക ജീവിതത്തിൽ ഭ്രമിച്ചവർക്ക് അനന്തമായി വസിക്കേണ്ട പരലോകത്തെക്കുറിച്ചുള്ള ചിന്തയോ ആ ജീവിതം സന്താഷകരമാക്കാനായി ഇവിടെ സ്വീകരിക്കേണ്ട മുൻ കരുതലുകളെ കുറിച്ചുള്ള ചിന്തയോ ഉണ്ടാവുകയില്ല

ഇമാം റാസി()എഴുതുന്നു. “നബി()  ഹൃദയത്തിനു ചികിത്സിക്കുന്ന ഡോക്ടറാണ്.ചികിത്സയുടെ ക്രമമനുസരിച്ചാണ് ഡോക്ടർ ചികിത്സിക്കുക ഭക്ഷണത്തിലെ ക്രമീകരണം മതിയാവുന്നിടത്ത് മരുന്ന് നൽകില്ല.ചെറിയ മരുന്നു ഫലപ്രദമാവുന്നിടത്ത് ശക്തിയുള്ള മരുന്ന് നൽകില്ല.ശക്തമായ മരുന്നു ഫലിക്കുമെങ്കിൽ ഓപ്പറേഷനിലേക്ക് നീങ്ങുകയില്ല.ഇത് പോലെയാണ് നബി()യുടെ പ്രബോധന ക്രമം.ആദ്യം അള്ളാഹുവിന്റെ ദിക് റിലേക്കും (ദിക് റ് മനസ്സിനു  സമാധാനം നൽകും)പിന്നീട് ചിന്തിക്കാൻ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. പിന്നീട് താക്കീതുകൾ നൽകി ഇതൊന്നും ഫലിക്കാതെ വരുന്ന ഘട്ടത്തിലാണ് അവഗണിക്കാനുള്ള നിർദ്ദേശം നൽകിയത്(റാസി28/295)



31. وَلِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ لِيَجْزِيَ الَّذِينَ أَسَاؤُوا بِمَا عَمِلُوا وَيَجْزِيَ الَّذِينَ أَحْسَنُوا بِالْحُسْنَى

(31)ആകാശ ഭൂമിയിലുള്ളതെല്ലാം അള്ളാഹുവിന്നുള്ളതാണ്.തിന്മ ചെയ്തവർക്ക് അവർ പ്രവർത്തിച്ചതനുസരിച്ച് പ്രതിഫലം നൽകുവാനും നന്മ ചെയ്തവർക്ക് ഏറ്റവും നല്ല പ്രതിഫലം (സ്വർഗ്ഗീയാനുഗ്രഹങ്ങൾ)നൽകുവാനും വേണ്ടിയത്രെ(സന്മാർഗികളിൽ നിന്ന് ദുർമാർഗികളെ അവൻ വേർതിരിച്ചത്)

മനുഷ്യന്റെ സൽ പ്രവർവർത്തനങ്ങൾ കൊണ്ട് അള്ളാഹുവിന്റെ അധികാരത്തിൽ വർധനവുണ്ടാക്കാനോ തിന്മ ചെയ്യുന്നത് കൊണ്ട് അള്ളാഹുവിനു എന്തെങ്കിലും പ്രയാസം വരാതിരിക്കാനോ അല്ല നന്നായി ജീവിക്കാൻ അള്ളാഹു മനുഷ്യനെ ഉത്ബോധിപ്പിക്കുന്നത്.കാരണം ആകാശ ഭൂമിയിലുള്ളതെല്ലാം അള്ളാഹുവിന്റെ പൂർണ്ണ നിയന്ത്രണത്തിലുള്ളതാണ്.നന്മ ചെയ്യുന്നത് സ്വന്തത്തിന്റെ സന്തോഷത്തിലേക്കും തിന്മ ചെയ്യുന്നവൻ സ്വന്തത്തിന്റെ നാശത്തിലേക്കും  സ്വയം എത്തുകയാണ്.ആകാശ ഭൂമിയുള്ളതിന്റെയെല്ലാം ഉടമസ്ഥനായ അള്ളാഹു ചീത്ത പ്രവർത്തനത്തിലേർപ്പെടുന്നവർക്ക് അതിന്റെ ശിക്ഷ നൽകാനും നല്ലത് ചെയ്യുന്നവർക്ക് വലിയ പ്രതിഫലം കൊടുക്കാനും തീരുമാനിച്ചത് ചിന്താ ശേഷിയുള്ളവർ ഉൾക്കൊള്ളുകയും നന്മയിൽ സജീവത പുലർത്താൻ ശ്രമിക്കുകയും ചെയ്യേണ്ടത് തന്നെ!.തിന്മ ചെയ്യുന്നവർക്ക് ചെയ്ത തിന്മയുടെ ശിക്ഷ മാത്രമേ നൽകുകയുള്ളൂവെന്നും അതേ സമയം നന്മ ചെയ്യുന്നവർക്ക് ഏറ്റവും നല്ല പ്രതിഫലം നൽകുമെന്നും പറഞ്ഞതിൽ നിന്ന് ചീത്തയുടെ മോശവും നന്മയുടെ മഹത്വവും തിരിച്ചറിയേണ്ടതാണ്.ഉത്തര വാദിത്വ ബോധത്തോടെ ജീവിക്കാനും രണ്ട് ലോകത്തും വിജയിക്കാനും അള്ളാഹു നമ്മെ തുണക്കട്ടെ ആമീൻ


മറ്റ് ഭാഗങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക >>>    ഭാഗം-01 , ഭാഗം-03 ,ഭാഗം-04

No comments: