Thursday, October 1, 2015

അദ്ധ്യായം-51-സൂറത്തുദ്ദാരിയാത്ത് -Az-Zariyat (The Winds that Scatter)

سورة الذاريات

സൂറത്തുദ്ദാരിയാത്ത്  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 60

1 മുതൽ 21 വരെയുള്ള സൂക്തങ്ങളുടെ വിവരണം ഇവിടെ ക്ലിക് ചെയ്ത് വായിക്കാം بسم الله الرحمن الرحيم

റഹ് മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


هَلْ أَتَاكَ حَدِيثُ ضَيْفِ إِبْرَاهِيمَ الْمُكْرَمِينَ  .24

(24) ഇബ്റാഹീം നബി () യുടെ മാന്യാതിഥികളുടെ വാർത്ത തങ്ങൾക്ക് കിട്ടിയിട്ടുണ്ടോ?

ലൂഥ് നബി عليــه الســلام യുടെ ജനതയെ നശിപ്പിക്കാനുള്ള കല്പനയുമായി വരുന്ന മലക്കുകൾ അങ്ങോട്ട് പോകുന്ന വഴിയിൽ ഇബ്റാഹീം നബി عليــه الســلام ന്റെ സമീപത്ത് വന്നു.അവിടെ നടന്ന സംഭവങ്ങളാണിവിടെ പരാമർശിക്കുന്നത്

ഇമാം റാസി എഴുതുന്നു. ‘ഇതിൽ നബി യെ ആശ്വസിപ്പിക്കലുണ്ട്.അതായത് സ്വന്തം ജനത തന്നെ നിഷേധിക്കുകയും തള്ളിക്കളയുകയും ചെയ്യുമ്പോൾ അത്തരമൊരു സമീപനം നിഷേധികൾ തന്നോട് മാത്രമല്ല ചെയ്തിട്ടുള്ളത് മുൻ കാലത്തും നബിമാർ നിഷേധിക്കപ്പെട്ടിട്ടുണ്ട്.അതിന്റെ തുടർച്ചയാണ് നബിയോട് ശത്രുക്കൾ കാണിക്കുന്നത് എന്ന് ഉണർത്തുകയാണ് പൂർവീകരും അനുഭവിച്ചതാണിത് എന്ന് വരുമ്പോൾ നബി യുടെ മനസ്സിനു ക്ഷമിക്കാനുള്ള കരുത്ത് നേടാനാകുമല്ലോ സന്ദേശം നൽകാൻ ഇവിടെ ഇബ്റാഹീം നബിയെ عليــه الســلام തിരഞ്ഞെടുത്തത് നബി ക്ക് ഇബ്റാഹീം നബി عليــه الســلام യോടുള്ള പ്രത്യേക ബന്ധവും നബി ഇബ്റാഹീമീ സരണിയിൽ ആയത് കൊണ്ടുമാണ്. ധിക്കാരികളായ സമുദായത്തിനു മുന്നറിയിപ്പുമാണീ സംഭവം.എന്ത് കൊണ്ടാണ് മലക്കുകളെ അതിഥികൾ എന്ന് പറഞ്ഞത് യഥാർത്ഥത്തിൽ അവർ അതിഥികളല്ലല്ലോ?എന്ന് ചോദിച്ചാൽ ഉത്തരം ഇങ്ങനെയാണ് ‘അവർ അതിഥികളാണെന്ന് ഇബ്റാഹീം നബി عليــه الســلام ധരിച്ചുവല്ലോ. ധാരണ അവിടുത്തോടുള്ള ബഹുമാനം കൊണ്ട് അള്ളാഹു അംഗീകരിച്ചതാണ്. സൂക്ഷ്മാലുക്കളുടെ വാക്കുകളിൽ വന്നിട്ടുണ്ട് സത്യവാൻ പറയുന്നത് ഉണ്ടാവും സത്യത്തിൽ ഉയർന്ന സ്ഥാനത്തെത്തിയവൻ ഉണ്ടാവാൻ പോവുന്നത് പറയും(റാസി28/197)

അള്ളാഹുവിന്റെ ഇഷ്ട ദാസന്മാർക്ക് ലഭിക്കുന്ന അംഗീകാരം ഉൾക്കൊള്ളാനായാൽ പല ഔലിയാക്കളുടെയും ചില പ്രസ്താവനകളെ നിഷേധിക്കാൻ മുതിരുന്നവർക്ക് അതിൽ നിന്ന് പിന്മാറാൻ പ്രചോദനമായേനേ!

അതിഥികൾക്ക് മാന്യന്മാർ എന്ന് വിശേഷണം പറഞ്ഞത് ഒന്നുകിൽ മലക്കുകൾ മാന്യന്മാരായ അടിമകളാണെന്ന്  بل عباد مكرمون (الأنبياء 26)  
 
അവരെ കുറിച്ച് ഖുർആൻ പറഞ്ഞത് കൊണ്ടാണ്.   അല്ലെങ്കിൽ ഇബ്റാഹീം നബി عليــه الســلام അവരെ ആദരിച്ചത് കൊണ്ടാണ്. എന്ത് ആദരവാണ് ഇബ്റാഹീം നബി عليــه الســلام അവർക്ക് നൽകിയത് എന്ന് ചോദിക്കുകയാണെങ്കിൽ ഞാൻ പറയാം ‘പ്രസന്ന മുഖത്തോടെ അവരെ സ്വീകരിച്ചു, മാന്യമായൊരിടത്ത് ഇരുത്തി, പെട്ടെന്ന് സൽക്കാരം തയാറാക്കി, അവരെ സ്നേഹത്തോടെ തിന്നാൻ ക്ഷണിച്ചു ഇതൊക്കെയാണ് (റാസി 28/197)

إِذْ دَخَلُوا عَلَيْهِ فَقَالُوا سَلَامًا قَالَ سَلَامٌ قَوْمٌ مُّنكَرُونَ  .25


(25) അതായത് അദ്ദേഹത്തിന്റെ അടുത്ത് അവർ പ്രവേശിച്ച അവസരം.എന്നിട്ട് അവർ സലാം പറഞ്ഞു. അദ്ദേഹം പറഞ്ഞു. ‘സലാം’ അപരിചിതരായ ആളുകൾ

അപരിചിതരായ അതിഥികൾ ഇബ്റാഹീം നബി عليــه الســلام യോട് സലാം പറഞ്ഞു.നബി സലാം മടക്കി ഇവിടെ സലാം എന്ന് മാത്രം രണ്ട് വിഭാഗവും പറഞ്ഞു എന്നല്ല മറിച്ച് അഭിവാദ്യമായി പറയേണ്ട വാക്കുകൾ പറഞ്ഞു.എന്നാണ് .ഒരാൾ സലാം പറഞ്ഞാൽ അത്രയോ അതിനേക്കാൾ ഭാംഗിയായോ പ്രത്യഭിവാദ്യം ചെയ്യണമെന്ന് ഖുർആൻ പറഞ്ഞിട്ടുണ്ട്. ഇബ്റാഹീം നബിയും عليــه الســلام അങ്ങനെ തന്നെ ചെയ്തിട്ടുണ്ട് (ഏറ്റവും ഭംഗിയായ പ്രത്യഭിവാദ്യം തന്നെ പറഞ്ഞു). സുന്ദര യുവ പുരുഷ രൂപത്തിൽ നല്ല ഗാംഭീര്യ മുഖത്തോടെ ഇവിടെ വന്ന അതിഥികൾ ജിബ്രീൽ, മീകാഈൽ, ഇസ്റാഫീൽ എന്നീ മലക്കുകളായിരുന്നു. മനുഷ്യ രൂപത്തിൽ വന്ന മലക്കുകളെകുറിച്ചാണ് ഇബ്റാഹീം നബി عليــه الســلام അപരിചിതർ എന്ന് പറഞ്ഞത്   (ഇബ്നു കസീർ 4/342)

മൂന്ന് പേരടക്കം പത്ത് മലക്കുകളുണ്ടായിരുന്നു എന്നും പന്ത്രണ്ട് പേരുണ്ടായിരുന്നുവെന്നും പക്ഷാന്തരമുണ്ട് (റാസി)

فَرَاغَ إِلَى أَهْلِهِ فَجَاء بِعِجْلٍ سَمِينٍ .26

(26) ഉടനെ അദ്ദേഹം തന്റെ ഭാര്യയുടെ അടുത്തേക്ക് (പതുങ്ങി) ചെന്നു എന്നിട്ട് തടിച്ചു കൊഴുത്ത ഒരു പശുക്കുട്ടിയെ (വേവിച്ച് ) കൊണ്ടു വന്നു

അതിഥികളോട് സംസാരിക്കുന്നതിനിടയിൽ അവർക്ക് ഭക്ഷണമൊരുക്കാനായി ഭാര്യക്ക് നിർദ്ദേശം കൊടുക്കാനായി നബി തന്ത്രപൂർവം അടുക്കളയിലെത്തി.ഭക്ഷണം തയാറാക്കുമ്പോൾ നല്ല പശുവിന്റെ കുട്ടിയെ (അത് പശുക്കുട്ടിയോ കാളയോ ആവാം) അറുത്ത് നല്ല സൽക്കാരം ഒരുക്കി. പതുങ്ങി ചെന്നു എന്ന് പറഞ്ഞത് അതിഥികൾക്ക് യാതൊരു സംശയവും തോന്നാത്ത വിധവും അവരെ അവഗണിച്ചു എന്ന് ചിന്തിക്കാൻ അവസരം നൽകാതെയും എന്നാൽ അതിഥികൾക്ക് സൽക്കാരം ഒരുക്കാൻ ഭാര്യക്ക് നിർദ്ദേശം കൊടുക്കാനുമായി സശ്രദ്ധം പോയി എന്ന് നമുക്ക് മനസ്സിലാക്കാനാണ്

فَقَرَّبَهُ إِلَيْهِمْ قَالَ أَلَا تَأْكُلُونَ .27

(27)
എന്നിട്ട് അത് അവരുടെ അടുത്തേക്ക് വെച്ചു. അദ്ദേഹം ചോദിച്ചു നിങ്ങൾ തിന്നുന്നില്ലേ?

വിരുന്നൊരുക്കിയ ഇബ്റാഹീം നബി عليــه الســلام ഭക്ഷണം അതിഥികളുടെ അടുത്തേക്ക് എത്തിച്ചു കൊടുത്തു.മുന്നിലേക്കെത്തിച്ചത് മറ്റൊരു സ്ഥലത്തേക്ക് വരുത്തി അവരെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ,തിന്നുക, എന്ന ആജ്ഞ ഒരു പക്ഷെ അതിഥികൾക്ക് വിഷമമായാലോ എന്ന് കരുതി ,തിന്നുകയല്ലേ, എന്ന് സ്നേഹത്തോടെ ചോദിച്ചു പക്ഷെ അവർ ഭക്ഷണത്തിലേക്ക് കൈ നീട്ടുന്നില്ല അതാണ് അടുത്ത ആയത്തിൽ പറയുന്നത്
ഇബ്നു കസീർ എഴുതുന്നു ‘ആതിഥ്യ മര്യാദയുടെ ഉന്നത രൂപം ഇതിൽ ഉണ്ട്.കാരണം അപ്രതീക്ഷിതമായി എത്തിയ അതിഥികൾ അറിയാതെ അവർക്ക് ഭക്ഷണം തയാറാക്കുകയും തന്റെ സമ്പത്തിലെ നല്ലൊരു പശുവിൻ കുട്ടിയെ തന്നെ അതിനായി അറുക്കുകയും വളരെ സ്വകാര്യമായി തയാറാക്കിയ ഭക്ഷണം അവരുടെ അടുത്തേക്ക് കൊണ്ടു പോയി വെച്ചു കൊടുക്കുകയും തിന്നുക എന്ന കല്പനക്ക് പകരം തിന്നുകയല്ലേ എന്ന സൂചനാ വാക്യം സൌമ്മ്യമായി പറയുകയും ചെയ്തു (ഇബ്നു കസീർ 4/342)

അതിഥി സൽക്കാരം വളരെ പ്രാധാന്യത്തോടെയാണ് ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത്. അള്ളാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ അതിഥിയെ ആദരിക്കട്ടെ എന്ന നബി വചനം ഇവിടെ സ്മരിക്കുക. ഇബ്റാഹീം നബി عليــه الســلام അതിഥി സൽക്കാരത്തിൽ വളരെ തൽപ്പരനും അതിഥികളെ കിട്ടാൻ ധാരാളം നടന്ന് അന്വേഷിക്കുന്നവരുമായിരുന്നു.അപ്പോൾ പിന്നെ അങ്ങോട്ട് എത്തിയ അതിഥികളെ നന്നായി സൽക്കരിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ!

فَأَوْجَسَ مِنْهُمْ خِيفَةً قَالُوا لَا تَخَفْ وَبَشَّرُوهُ بِغُلَامٍ عَلِيمٍ .28

(28) (
എന്നാൽ അവർ തിന്നില്ല) അപ്പോൾ അദ്ദേഹത്തിനു അവരെക്കുറിച്ച് ഭയം തോന്നി.താങ്കൾ പേടിക്കേണ്ട എന്ന് അവർ പറഞ്ഞു.നല്ല ജ്ഞാനിയായ ഒരു ആൺകുട്ടിയെക്കുറിച്ച് അവർ അദ്ദേഹത്തിനു സന്തോഷ വാർത്ത അറിയിക്കുകയും ചെയ്തു

അവർ ഭക്ഷണത്തിലേക്ക് ആഗ്രഹം കാണിക്കാതിരിക്കുകയും കൈ നീട്ടാതിരിക്കുകയും ചെയ്തപ്പോൾ ഇബ്റാഹീം നബി عليــه الســلام ക്ക് ഭയം തോന്നി .അത് മനസ്സിലാക്കിയ അതിഥികൾ പറഞ്ഞു.ഞങ്ങൾ മലക്കുകളാണ് അത് കൊണ്ടാണ് ഭക്ഷണം കഴിക്കാത്തത് അതിനാൽ ഭയപ്പെടേണ്ടതില്ല. അതോടൊപ്പം ഉത്തമനായ ഒരു കുഞ്ഞ് നിങ്ങൾക്കുണ്ടാവുമെന്ന് അവർ സന്തോഷ വാർത്തയറിയിക്കുകയും ചെയ്തു

فَأَقْبَلَتِ امْرَأَتُهُ فِي صَرَّةٍ فَصَكَّتْ وَجْهَهَا وَقَالَتْ عَجُوزٌ عَقِيمٌ  .29

(29) അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ ഒരു ശബ്ദം മുഴക്കി മുന്നോട്ട് വരികയും മുഖത്തടിച്ച് വന്ധ്യയായ ഒരു കിഴവി (ഞാൻ ഇനി പ്രസവിക്കുകയോ) എന്ന് പറയുകയും ചെയ്തു

അപ്രതീക്ഷിതമായി കേട്ട വാർത്ത സാറ ബീവിرضي الله عنها   യിൽ  വലിയ അത്ഭുതമുണ്ടാക്കി.എന്തെങ്കിലും അത്ഭുതം കേട്ടാൽ സാധാരണ സ്ത്രീകൾ ചെയ്യുന്നത് പോലെ നെറ്റിയിലടിച്ചു ശബ്ദമുണ്ടാക്കി.എന്നിട്ട് അവർ പറഞ്ഞത് നല്ല പ്രായത്തിൽ പോലും ഗർഭ ധാരണത്തിനു ശേഷിയില്ലാതിരുന്ന ഞാൻ ഇനി വയസ്സുകാലത്ത് പ്രസവിക്കുകയോ എന്നാണ്

قَالُوا كَذَلِكَ قَالَ رَبُّكِ إِنَّهُ هُوَ الْحَكِيمُ الْعَلِيمُ .30

(30)
അവർ പറഞ്ഞു അപ്രകാരമാണ് നിങ്ങളുടെ നാഥൻ തീരുമാനിച്ചിട്ടുള്ളത് അവൻ യുക്തിയുക്തം പ്രവർത്തിക്കുന്നവനും സർവജ്ഞനും തന്നെയാകുന്നു

ഇതൊന്നും അള്ളാഹുവിനു പ്രയാസമുള്ള കാര്യമല്ലെന്നും തക്ക സമയത്ത് യുക്തിയുക്തം പ്രവർത്തിക്കുന്നവനാന് അള്ളാഹു  എന്നും അവർ പറഞ്ഞു

قَالَ فَمَا خَطْبُكُمْ أَيُّهَا الْمُرْسَلُونَ .31

(31)
അദ്ദേഹം ചോദിച്ചു ഹേ ദൂതന്മാരേ! എന്നാൽ നിങ്ങളുടെ കാര്യമെന്താണ്?

അതിഥികളുടെ സന്ദർശനത്തിൽ മറ്റെന്തോ ഉദ്ദേശമുണ്ടോ എന്ന് തോന്നിയത് കൊണ്ടാണ് നിങ്ങളുടെ കാര്യമെന്താണെന്ന് ഇബ്റാഹീം നബി عليــه الســلام ചോദിക്കുന്നത്

قَالُوا إِنَّا أُرْسِلْنَا إِلَى قَوْمٍ مُّجْرِمِينَ .32

(32)
അവർ പറഞ്ഞു.നിശ്ചയം കുറ്റവാളികളായ ഒരു ജനതയുടെ അടുത്തേക്ക് ഞങ്ങൾ അയക്കപ്പെട്ടിരിക്കുകയാണ്

സ്വവർഗ രതിയിലൂടെ മുമ്പൊന്നുമില്ലാത്ത ദുർവൃത്തിയിൽ മുഴുകുകയും ലൂഥ് നബി عليــه الســلام യുടെ ഉപദേശങ്ങൾ അവഗണിക്കുകയും ചെയ്ത  അക്രമികളായിരുന്നു സദൂം ഗോത്രക്കാർ .അവരുടെ അതിക്രമം എല്ലാ സീമകളും ലംഘിച്ചപ്പോൾ അവരെ നശിപ്പിക്കാനായി അള്ളാഹു ഞങ്ങളെ അയച്ചിരിക്കുന്നു എന്ന് അതിഥികൾ വിശദീകരിച്ചു.ആ ജനത ഇബ്റാഹീം നബി عليــه الســلام യുടെ ജനതയല്ലെന്നിരിക്കെ അവരെ നശിപ്പിക്കാൻ പോകുമ്പോൾ ഈ മലക്കുകൾ ഇബ്റാഹീം നബിയുടെ അടുത്ത് എന്തിന് വന്നു എന്ന ചോദ്യം ഉണ്ട്.അതിൽ വലിയ യുക്തിയുണ്ടെന്നാണ് ഉത്തരം.നബിമാരുടെ നേതാവാണ് ഇബ്റാഹീം നബി عليــه الســلام എന്നതാണ് ഒന്ന്.ലൂഥ് നബിയും عليــه الســلام ആ അർത്ഥത്തിൽ ഇബ്റാഹീം നബി عليــه الســلام യുടെ കീഴിലുള്ളയാളാണല്ലോ.അവരെ നശിപ്പിക്കുമ്പോൾ വലിയ നേതാവിനോട് വിവരം പറയുന്നത് ഒരു രാജ നീതിയുടെ ഭാഗമാണ്.രണ്ടാമതായി അവർ കുറേ ജനങ്ങളുണ്ട്.അവർ നശിക്കുന്നതിൽ സ്വാഭാവികമായും ഇബ്റാഹീം നബി عليــه الســلام ക്ക് ദു:ഖമുണ്ടാവും.ആ നശിക്കുന്നതിനേക്കാൾ എത്രയോ ആളുകൾ തന്റെ സന്താന പരമ്പരയിലൂടെ അള്ളാഹു ഇവിടെ സൃഷ്ടിക്കും അതിനായി നിങ്ങൾക്ക് അള്ളാഹു ഒരു കുട്ടിയെ നൽകും എന്ന് സന്തോഷ വാർത്ത നൽകി ആ ദു:ഖത്തിന്റെ തോത് കുറക്കാനാണ്(റാസി 28/197)

ഈ സന്തോഷ വാർത്തയിൽ പറഞ്ഞ കുട്ടി ഇസ്ഹാഖ് നബി
عليــه الســلام ആണ്.തന്റെ മകനായ യ അ്ഖൂബ് നബി عليــه الســلام യിലൂടെയാണല്ലോ ബനൂ ഇസ്റാഈൽ എന്ന വലിയൊരു സമൂഹവും അവരിൽ തന്നെ ധാരാളം നബിമാരുമുണ്ടായത്.ഇതാണീ സന്തോഷ വാർത്തയുടെ പൊരുൾ

لِنُرْسِلَ عَلَيْهِمْ حِجَارَةً مِّن طِينٍ .33

(33) കളി മണ്ണു കൊണ്ടുള്ള കല്ലുകൾ ഞങ്ങൾ അവരുടെ മേൽ അയക്കുവാൻ വേണ്ടി

ഞങ്ങളുടെ ദൌത്യം കളി മണ്ണ് കൊണ്ടുണ്ടാക്കിയ കല്ലുകൾ ആ ജനതയുടെ മേലിൽ അയക്കുക എന്നതാണ്
مُسَوَّمَةً عِندَ رَبِّكَ لِلْمُسْرِفِينَ .34

(34)
അതിക്രമികൾക്കു വേണ്ടി താങ്കളുടെ രക്ഷിതാവിങ്കൽ അടയാളപ്പെടുത്തപ്പെട്ട (കല്ലുകൾ)

തീയിൽ ചുട്ടെടുത്തതും ഓരോരുത്തരുടെയും പേരുകൾ എഴുതപ്പെട്ടതുമായ കല്ലുകൾ കൊണ്ടാണ് അവർ എറിയപ്പെട്ടത് .കല്ലു കൊള്ളുന്നവർ അപ്പോൾ തന്നെ നശിക്കുകയും ചെയ്തു

فَأَخْرَجْنَا مَن كَانَ فِيهَا مِنَ الْمُؤْمِنِينَ .35


(35)
അങ്ങനെ അവിടെയുണ്ടായിരുന്ന സത്യ വിശ്വാസികളെ നാം പുറത്തേക്ക് കൊണ്ടു പോയി

അവരെ നാം രക്ഷപ്പെടുത്തി എന്ന് സാരം
فَمَا وَجَدْنَا فِيهَا غَيْرَ بَيْتٍ مِّنَ الْمُسْلِمِينَ .36

(36) എന്നാൽ  മുസ്‌ലിംകളിൽ നിന്നുള്ള ഒരു വീടല്ലാതെ നാം അവിടെ കണ്ടെത്തിയില്ല

അത് ലൂഥ് നബി عليــه الســلام ന്റെ വീടായിരുന്നു. വിശ്വാസികളായി അവർ മാത്രമേ അവിടെയുടാണ്ടായിരുന്നുള്ളൂ.അവിശ്വാസവും തെമ്മാടിത്തവും വ്യാപകമായാൽ ചുരുക്കം വിശ്വാസികളുടെ ആരാധന കൊണ്ട് ശിക്ഷയിൽ നിന്ന് അവർ രക്ഷപ്പെടില്ല.എന്നാൽ കൂടുതൽ ആളുകൾ നന്മയുടെ വാക്താക്കളാവുകയും കുറച്ചു പേർ കളവും വ്യഭിചാരവുമായി കഴിയുകയും ചെയ്യുന്നുണ്ടെങ്കിൽ നല്ലവരുടെ സൽ പ്രവർത്തനത്തിന്റെ മഹത്വം കൊണ്ട് മോശക്കാരെ കൂടി ഇവിടെ ശിക്ഷിക്കുന്നതിൽ നിന്ന് അള്ളാഹു രക്ഷപ്പെടുത്തും.ഉദാഹരണമായി പറയാം.ഒരു പണ്ഡിതൻ ശരീരം പോലെയും ധാരാളം സൽകർമ്മികൾ ഭക്ഷണം പോലെയും അവിശ്വാസികളും തമ്മാടികളും വിഷം പോലെയുമാണ്.അപ്പോൾ ശരീരത്തിൽ ഉപകാരമില്ലാതാവുകയും ഉപദ്രവങ്ങൾ ധാരാളമുണ്ടാവുകയും ചെയ്താൽ ആ ശരീരം നശിക്കും.എന്നാൽ ഉപദ്രവം ഇല്ലാതാവുകയും ഉപകാരമുണ്ടാവുകയും ചെയ്താൽ ആ ശരീരത്തിനു നല്ല ജീവിതവും വളർച്ചയും ലഭിക്കും.ഇനി ഉപകാരവും ഉപദ്രവവും ഉണ്ടെങ്കിൽ കൂടുതൽ ഉള്ളത് ഏതാണോ അതിനനുസരിച്ചായിരിക്കും ഫലം ഇത് പോലെയാണ് നാടുകളുടെയും മനുഷ്യരുടെയും അവസ്ഥ.നല്ല മനുഷ്യരും സൽക്കർമ്മങ്ങളും ധാരാളമുണ്ടെങ്കിൽ ഇവരുടെ സാന്നിദ്ധ്യത്തിന്റെ മഹത്വം കൊണ്ട് ചില്ലറ തെമ്മാടികളെ അള്ളാഹു ഇവിടെ ശിക്ഷിക്കാതെ വിടും.എന്നാൽ തമ്മാടികൾക്കാണ് മുൻ തൂക്കമെങ്കിൽ ആ നാടിന്റെ കാര്യം പോക്കാണ്.അതാണിവിടെ സംഭവിച്ചത്.ലൂഥ് നബിയുടെ വീട് മാത്രമേ അവിടെ നല്ലവരുടെതായി ഉണ്ടായിരുന്നുള്ളൂ.മുസ്ലിം,മുഅ്മിൻ എന്നി പദങ്ങൾ സാങ്കേതികമായി ചെറിയ വ്യത്യാസമുണ്ട് എല്ലാ മുഅ്മിനും മുസ്ലിമാണ്.എന്നാൽ എല്ലാ മുസ്‌ലിമും മുഅ്മിൻ എന്ന പദവി കരസ്ഥമാക്കണമെന്നില്ല(റാസി 28/205)

وَتَرَكْنَا فِيهَا آيَةً لِّلَّذِينَ يَخَافُونَ الْعَذَابَ الْأَلِيمَ .37

(37)
വേദനാജനകമായ ശിക്ഷയെ ഭയപ്പെടുന്നവർക്ക് ഒരു ദൃഷ്ടാന്തം നാം അതിൽ അവശേഷിപ്പിക്കുകയും ചെയ്തു

അവർക്ക് അള്ളാഹു നൽകിയ ശിക്ഷയെക്കുറിച്ച് ചിന്തിക്കുന്ന സത്യ വിശ്വാസിക്ക് എന്തായാലും ഇതിൽ വലിയ പാഠമുണ്ട്. പേരെഴുതിയ കല്ലുകൾ ഓരോരുത്തരെയും നശിപ്പിക്കുന്ന രൂപവും അവർ മരിച്ചു കിടക്കുന്നിടം ദുർഗന്ധമുള്ളൊരു തടാകം പോലെയാക്കിയതും ചിന്തിക്കുന്നവർക്ക് ധിക്കാരികളുടെ അധ:പതനവും അള്ളാഹുവിന്റെ ശക്തിയും ഉൾക്കൊള്ളാൻ സഹായിക്കും.അത്തരം ശിക്ഷകൾ ഏറ്റു വാങ്ങേണ്ടി വരുന്ന ധിക്കാരം എന്റെ ജീവിതത്തിൽ ഒരിക്കലുമുണ്ടാകരുതെന്ന തീരുമാനത്തിൽ അവനെ എത്തിക്കാനും ഇതുപകരിക്കും

وَفِي مُوسَى إِذْ أَرْسَلْنَاهُ إِلَى فِرْعَوْنَ بِسُلْطَانٍ مُّبِينٍ .38

(38)
മൂസാ عليــه الســلام യുടെ ചരിത്രത്തിലുമുണ്ട് (ദൃഷ്ടാന്തങ്ങൾ) വ്യക്തമായ പ്രമാണവുമായി  ഫറോവയുടെ അടുത്തേക്ക് നാം നിയോഗിച്ച സന്ദർഭം

അത്ഭുത വടിയും കൈ പ്രകാശിക്കുന്നതും അടക്കം ശത്രുക്കളെ അമ്പരപ്പിക്കുന്ന തെളിവുകളുമായി മൂസാ നബി عليــه الســلام  ഫറോവയുടെ അടുത്ത് ചെല്ലാൻ അള്ളാഹു നിർദ്ദേശിച്ചു.അതോടൊപ്പം ജാല വിദ്യക്കാരുടെ തട്ടിപ്പും പ്രവാചകരുടെ അമാനുഷിക സിദ്ധികളുടെ യാഥാർത്ഥ്യവും അവരെ മൂസാ നബി عليــه الســلام  ബോദ്ധ്യപ്പെടുത്തി
فَتَوَلَّى بِرُكْنِهِ وَقَالَ سَاحِرٌ أَوْ مَجْنُونٌ .39

(39) എന്നിട്ട് അവൻ തന്റെ സൈന്യ സമേതം തിരിഞ്ഞു കളഞ്ഞു മൂസാ ഒരു ജാല വിദ്യക്കാരനോ,ഭ്രാന്തനോ ആണ് എന്നവൻ പറയുകയും ചെയ്തു

ഫറോവയും അവന്റെ പട്ടാളവും മൂസാ നബി عليــه الســلام കൊണ്ട് വന്ന തെളിവുകൾ ഉൾക്കൊള്ളാൻ തയാറായില്ലെന്ന് മാത്രമല്ല ഇത് മായാജാലമാണെന്നും മൂസാ നബിക്ക് ഭ്രാന്താണെന്നുമൊക്കെ പറഞ്ഞ് കളിയാക്കുകയും ചെയ്തു.ഫറോവയുടെ ജാല വിദ്യക്കാരനോ അല്ലെങ്കിൽ ഭ്രാന്തനോ എന്ന പരാമർശത്തെ കുറിച്ച് ഇമാം റാസി رحمة الله عليه എഴുതുന്നു ‘അവൻ അങ്ങനെ പറഞ്ഞത് എന്തായാലും മൂസാ നബിക്ക് عليــه الســلام  ജിന്നുമായി ബന്ധമുണ്ട്.ഭ്രാന്താണെങ്കിൽ ജിന്ന് ഇങ്ങോട്ട് വന്ന് ബുദ്ധിമുട്ടിക്കുന്നു.ജാല വിദ്യയാണെങ്കിൽ ജിന്നിനെ അങ്ങോട് സേവിക്കുന്നു.അതായത് ജാല വിദ്യക്കാരൻ തന്റെ ഇഷ്ടത്തിനു ജിന്നുമായി ബന്ധപ്പെടുന്നു. ഭ്രാന്തനെ ജിന്ന് ഉപദ്രവിക്കുന്നു.രണ്ടാണെങ്കിലും മൂസാ നബിയെعليــه الســلام  പറ്റി ഞാൻ പറയുന്നത് സത്യമാണെന്ന് വരുത്തലായിരുന്നു ഫറോവയുടെ ലക്ഷ്യം (റാസി 28/207)

فَأَخَذْنَاهُ وَجُنُودَهُ فَنَبَذْنَاهُمْ فِي الْيَمِّ وَهُوَ مُلِيمٌ .40

(40) അത് കൊണ്ട് അവനെയും അവന്റെ സൈന്യങ്ങളെയും  നാം പിടിച്ചു.എന്നിട്ട് അവരെ നാം കടലിൽ എറിഞ്ഞുകളഞ്ഞു.അവൻ ആക്ഷേപകരമായത് പ്രവർത്തിക്കുന്നവനായിരുന്നു

ചെങ്കടലിൽ മുക്കി കൊല്ലപ്പെടുകയായിരുന്നു അവനും അവന്റെ സൈന്യവും  കാരണം അവൻ നിഷേധിയും തമ്മാടിയും സത്യത്തോട് മത്സരിക്കുന്നവനുമായിരുന്നു.ഇതിൽ മൂസാ നബി عليــه الســلام  യുടെ ശ്രേഷ്ഠതയും സത്യ വിശ്വാസികൾക്കുള്ള സന്തോഷ വാർത്തയുമുണ്ട്.   അള്ളാഹുവിന്റെ തൃപ്തിക്ക് വേണ്ടിയാണ് ഫറോവയുടെ നാശം മൂസാ നബി عليــه الســلام ആഗ്രഹിച്ചത്. ‘ഞാനാണ് വലിയ പടച്ചവൻ‘ എന്ന് പറഞ്ഞത്  ഫറോവയുടെ നാശത്തിലേക്ക് നയിച്ചു.എന്നതാണ് മൂസ നബി عليــه الســلام യുടെ ശ്രേഷ്ഠത.സത്യത്തോടും അതിന്റെ വാക്താക്കളോടും മത്സരിക്കുന്നവർ എത്ര വലിയവരും സ്വാധീനമുള്ളവരുമായിരുന്നാലും ആത്യന്തികമായി സത്യ വിശ്വാസിക്കാണ് അള്ളാഹു വിജയം നൽകുക എന്നതാണ് വിശ്വാസികൾക്കുള്ള സന്തോഷ വാർത്ത. മത്സ്യം വിഴുങ്ങിയ യൂനുസ് നബി عليــه الســلام തസ്ബീഹ് ചൊല്ലിയപ്പോൾ അള്ളാഹു രക്ഷപ്പെടുത്തി.എന്നാൽ ശിക്ഷയെന്ന നിലക്ക് ചെങ്കടലിൽ മുക്കപ്പെട്ടപ്പോൾ                 ءامنت أنه لا اله الا الذي ءامنت به بنوا اسرائيل (يونس 90) ഇസ്റയേലികൾ വിശ്വസിച്ച അള്ളാഹു മാത്രമേ ആരാദ്ധ്യനുള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നു  എന്ന് പറഞ്ഞിട്ടും ഫറോവക്കത്  ഉപകരിച്ചില്ല എന്നത് സത്യ വിശ്വാസിക്കുള്ള സന്തോഷ വാർത്തയാണ് (റാസി 28/207)

وَفِي عَادٍ إِذْ أَرْسَلْنَا عَلَيْهِمُ الرِّيحَ الْعَقِيمَ .41

(41) ആദ് സമുദായത്തിലുമുണ്ട് (ദൃഷ്ടാന്തം) അവരുടെ മേൽ ഒട്ടും ഗുണകരമല്ലാത്ത കാറ്റ് നാം അയച്ച സന്ദർഭം

ഹൂദ് നബി عليــه الســلام യുടെ സമുദായമായിരുന്നു ആദ് സമൂഹം.പ്രവാചക കല്പനകൾ ധിക്കരിച്ചപ്പോൾ അള്ളാഹു അവരെ ശിക്ഷിച്ചു.ശക്തമായി വീശിയടിച്ച പടിഞ്ഞാറൻ കാറ്റ് അവരെ നാമാവശേഷമാക്കി നബി പറഞ്ഞതായി ഇബ്നു അബ്ബാസ്  رضي الله عنه റിപ്പോർട്ട് ചെയ്യുന്നു ‘കിഴക്കൻ കാറ്റുകൊണ്ട് എന്നെ സഹായിക്കപ്പെട്ടു.പടിഞ്ഞാറൻ കാറ്റു കൊണ്ട് ആദ് സമൂഹം നശിപ്പിക്കപ്പെട്ടു ‘ ഇത് ഇമാം ബുഖാരി رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നു കസീർ 4/345)

ഇമാം റാസി
رحمة الله عليه  എഴുതുന്നു ‘ഈ ചരിത്രവും നബിയെ സമാധാനിപ്പിക്കാനുള്ളതാണ്.ഇവിടെ പറഞ്ഞ ആദ് സമൂഹത്തിന്റെ ചരിത്രത്തിലും ഇനി പറയുന്ന സമൂദ് വർഗത്തിന്റെ ചരിത്രത്തിലും നബിമാരെ പറഞ്ഞില്ല മൂസാ عليــه الســلام  ഇബ്റാഹീം عليــه الســلام നബിമാരെ പറഞ്ഞ പോലെ. ഇവിടെ മൊത്തം ആറ്ചരിത്രങ്ങളാണ് പറയുന്നത് ഇബ്റാഹീം നബി عليــه الســلام യുടെ ചരിത്രവും സന്തോഷ വാർത്തയും, ലൂഥ് നബിയു عليــه الســلام ടെ ജനതയുടെ ചരിത്രവും അവിടെയുള്ള വിശ്വാസികളുടെ  രക്ഷപ്പെടലും, മൂസാ നബി عليــه الســلام യുടെ ചരിത്രവും. ഇതിൽ മൂന്നിലും പ്രവാചകന്മാരെയും വിശ്വാസികളെയും പരാമർശിച്ചു.കാരണം ഇവിടെ രക്ഷപ്പെട്ടവർ ധാരാളമാണ് .ഇബ്റാഹീം നബി عليــه الســلام യുടെയും മൂസ നബി عليــه الســلامയുടെയും ചരിത്രത്തിൽ നിന്ന് ഇക്കാര്യം വ്യക്തമാണ്.ലൂഥ് നബിعليــه الســلام യുടെ കാര്യത്തിൽ രക്ഷപ്പെട്ടവർ ഒരു വീട്ടുകാർ മാത്രമാണെങ്കിലും നശിച്ചതും ഒരു പ്രദേശത്തുകാർ മാത്രമാണല്ലൊ.അവരിലേക്ക് ചേർത്തി നോക്കിയാൽ ഈ ഒരു വീട്ടുകാർ ധാരാളം എന്ന് പറയാവുന്നതാണ്.ആദ് സമൂഹം, സമൂദ് ഗോത്രം, നൂഹ് നബിعليــه الســلام യുടെ ജനത എന്നിവരിൽ നിന്ന് നശിച്ചവർ രക്ഷപ്പെട്ടവരെ അപേക്ഷിച്ച് എത്രയോ ഇരട്ടിയായിരുന്നു.അപ്പോൾ ആദ്യ മൂന്ന് ചരിത്രം രക്ഷപ്പെടലു കൊണ്ടുള്ള സമാധാനം നൽകാനും അവസാനത്തെ മൂന്നെണ്ണം ശത്രുവിനെ നശിപ്പിക്കുമെന്ന സമാധാനം നൽകാനുമാണ്

مَا تَذَرُ مِن شَيْءٍ أَتَتْ عَلَيْهِ إِلَّا جَعَلَتْهُ كَالرَّمِيمِ .42

(42) അത് ഏതൊരു സാധനത്തിന്മേൽ വന്നെത്തിയാലും അതിനെ തുരുമ്പ് പോലെ ആക്കാതെ വിട്ടു കളഞ്ഞിരുന്നില്ല


ആ കാറ്റ് എന്തിനെ സ്പർശിച്ചാലും അത് നശിക്കുമെന്ന ആ കാറ്റിന്റെ സ്വഭാവമാണ് സൂക്തത്തിൽ പറയുന്നത്

وَفِي ثَمُودَ إِذْ قِيلَ لَهُمْ تَمَتَّعُوا حَتَّى حِينٍ  .43

(43) സമൂദ് സമുദായത്തിലുമുണ്ട് (ദൃഷ്ടാന്തം) ഒരു (നിശ്ചിത) സമയം വരെ നിങ്ങൾ ജീവിത സുഖം അനുഭവിക്കുക  എന്ന് അവരോട് പറയപ്പെട്ട സന്ദർഭം

ആയുസ്സ് തീരും വരെ എന്ന് സാരം
فَعَتَوْا عَنْ أَمْرِ رَبِّهِمْ فَأَخَذَتْهُمُ الصَّاعِقَةُ وَهُمْ يَنظُرُونَ .44

(44) എന്നിട്ട് അവർ തങ്ങളുടെ രക്ഷിതാവിന്റെ കല്പനക്കെതിരായി ധിക്കാരം കൈകൊണ്ടു.തന്നിമിത്തം അവർ നോക്കി കൊണ്ടിരിക്കെ ഒരു ഭയങ്കര ശബ്ദം അവരെ പിടികൂടി

സാലിഹ് നബി  عليــه الســلامയുടെ ജനതയായിരുന്നു സമൂദുകാർ.പാറയിൽ നിന്ന് ഒട്ടകം കൊണ്ടു വന്നാൽ സത്യ വിശ്വാസം സ്വീകരിക്കാമെന്ന് അവർ നബി عليــه الســلام യോട് പറഞ്ഞു.സാലിഹ് നബി عليــه الســلام യുടെ പ്രാർത്ഥനാ ഫലമായി അത്തരം അമാനുഷിക സിദ്ധി കാണിക്കാൻ അള്ളാഹു അവസരം നൽകി.ഒട്ടകത്തെ ഉപദ്രവിക്കരുതെന്നും ഒന്നിടവിട്ട ദിവസങ്ങളിൽ കുടി വെള്ളം അതിനു മാത്രമായി വിട്ട് കൊടുക്കണമെന്നും അവരോട് നബി നിർദ്ദേശിച്ചുവെങ്കിലും അവർ നിർദ്ദേശം അവഗണിക്കുകയും ഖുദാർ എന്നവൻ അതിനെ അറുക്കുകയും ചെയ്തു.അവർക്കെതിരെയുള്ള ശിക്ഷ മൂന്ന് ദിനം കൊണ്ട് വരുമെന്ന് നബി അവരെ അറിയിച്ചു.അവർ നോക്കി നിൽക്കെ ഘോരമായ ശബ്ദം വരികയും അവർ മരിച്ചു വീഴുകയും ചെയ്തു. ഇബ്നു കസീർ എഴുതുന്നു ‘മൂന്ന് ദിവസം അവർ ശിക്ഷ കാത്തിരുന്നു നാലാം നാൾ രാവിലെ ശിക്ഷ അവരെ പിടികൂടി (ഇബ്നു കസീർ)


فَمَا اسْتَطَاعُوا مِن قِيَامٍ وَمَا كَانُوا مُنتَصِرِينَ .45

(45)
അപ്പോൾ അവർക്ക് എഴുന്നേൽക്കാൻ (രക്ഷപ്പെടാൻ) കഴിവുണ്ടായില്ല അവർ സ്വയം രക്ഷാ നടപടി കൈക്കൊള്ളുന്നവരുമായിരുന്നില്ല

ശിക്ഷ വന്നപ്പോൾ അവരെ രക്ഷപ്പെടുത്താൻ അവർക്കോ മറ്റാർക്കെങ്കിലുമോ ആർക്കുമായില്ല

وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا قَوْمًا فَاسِقِينَ .46

(46)
ഇവർക്ക് മുമ്പ് നൂഹി عليــه الســلام ന്റെ ജനതയെയും (നാം നശിപ്പിക്കുകയുണ്ടായി) നിശ്ചയം അവർ ദുർനടപ്പുകാരായ ഒരു ജനത തന്നെയായിരുന്നു

നൂഹ് നബി عليــه الســلام തൊള്ളായിരത്തി അമ്പത്  വർഷം നിരന്തരം ജനങ്ങളെ നന്മയിലേക്ക് ക്ഷണിച്ചുവെങ്കിലും നിഷേധത്തിന്റെ വർദ്ധനവു കൊണ്ടായിരുന്നു അവർ നൂഹ് നബി عليــه الســلام യോട് പ്രതികരിച്ചത് അവസാനം അവരെ നശിപ്പിക്കാൻ അള്ളാഹുവോട് ദുആ ചെയ്യുകയും ഥൂഫാൻ ജല പ്രളയം മുഖേന അവർ നശിപ്പിക്കപ്പെടുകയും ചെയ്തു

وَالسَّمَاء بَنَيْنَاهَا بِأَيْدٍ وَإِنَّا لَمُوسِعُونَ .47

(47)
ആകാശത്തെ (നമ്മുടെ) ശക്തി കൊണ്ട് നാം സ്ഥാപിച്ചു.നിശ്ചയം നാം വിശാലമാക്കുന്നവനാകുന്നു

ആകാശത്തെ നമുക്ക് ഒരു മേൽപ്പുര കണക്കെ ഒരു തൂണിന്റെ പോലും താങ്ങില്ലാതെ സൃഷ്ടിച്ചു എന്നത് അള്ളാഹുവിന്റെ അപാരമായ ശക്തിയുടെ തെളിവാകുന്നു.നോക്കെത്താ ദൂരത്തോളം വിശാലമായിക്കിടക്കുന്ന ആകാശത്തെ നാം തന്നെയാണ് സംവിധാനിച്ചിരിക്കുന്നത് എന്ന് സാരം

وَالْأَرْضَ فَرَشْنَاهَا فَنِعْمَ الْمَاهِدُونَ .48


(48)
ഭൂമിയാകട്ടെ നാം അതിനെ വിരിപ്പാക്കിയിരിക്കുന്നു.എന്നാൽ അത് വിതാനിച്ചവൻ എത്ര നല്ലവൻ!

ഭൂമിയെ സൃഷ്ടികൾക്ക് വിരിപ്പു പോലെ ഉപയോഗപ്രദമാക്കിയത് നാം തന്നെ എന്ന് സാരം

وَمِن كُلِّ شَيْءٍ خَلَقْنَا زَوْجَيْنِ لَعَلَّكُمْ تَذَكَّرُونَ .49

(49)
നിങ്ങൾ ചിന്തിക്കുവാൻ വേണ്ടി എല്ലാ വസ്തുക്കളിൽ നിന്നും നാം ഇണകളെ സൃഷ്ടിക്കുകയും ചെയ്തു

സൃഷ്ടികളിൽ മൊത്തം ഇണകളെ കാണാം.ആകാശം/ഭൂമി, രാവ്/പകൽ, കര/കടൽ, ഇരുട്ട്/വെളിച്ചം, വിശ്വാസം/അവിശ്വാസം, ജീവിതം/മരണം, വിജയം/പരാജയം, സ്വർഗം/നരകം, പുരുഷൻ/സ്ത്രീ എന്നിങ്ങനെ ജീവികളിലും സസ്യങ്ങളിലുമടക്കം എല്ലാത്തിലും ഇണകൾ എന്ന സംവിധാനം അള്ളാഹു വെച്ചിരിക്കുന്നു. ഇത് നിങ്ങൾ ചിന്തിക്കാനും പങ്കാളിത്തവും ഇണയും ആവശ്യമില്ലാത്തവനും ഏകനായ ആരാദ്ധ്യനും അവൻ മാത്രമാണെന്നും  അവനെ മാത്രം ആരാധിക്കണമെന്നും ഉണർത്താനുമാണ്

فَفِرُّوا إِلَى اللَّهِ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ .50


(50)
ആകയാൽ (ജനങ്ങളേ!) നിങ്ങൾ അള്ളാഹുവിങ്കലേക്ക് ഓടിപ്പോവുക.നിശ്ചയം ഞാൻ നിങ്ങൾക്ക് അള്ളാഹുവിൽ നിന്നുള്ള വ്യക്തമായ ഒരു താക്കീതുകാരനാകുന്നു

നിങ്ങളുടെ എല്ലാ കാര്യത്തിലും നിങ്ങൾ അവനിലേക്ക് അഭയം പ്രാപിക്കുകയും അവന്റെ സഹായം പ്രതീക്ഷിക്കുകയും ചെയ്യുക.എല്ലാ കഴിവിന്റെയും ഉടമസ്ഥൻ അവനാണെന്ന് നാം ഉൾക്കൊള്ളണം ബാഹ്യമായി പല കാരണങ്ങളും അള്ളാഹു വെച്ചിട്ടുണ്ട് ആ കാരണങ്ങൾ ഭൌതികമോ അഭൌതികമോ ആവാം.അവയെ കാരണങ്ങൾ എന്ന അടിസ്ഥാനത്തിൽ നമുക്ക് ഉപയോഗപ്പെടുത്തുകയുമാവാം. പക്ഷെ  ആത്യന്തികമായി എല്ലാ കഴിവും കാര്യവും അള്ളാഹുവിനു മാത്രമാകുന്നു എന്ന് ഉൾക്കൊള്ളുകയും അവനെ മാത്രം ആരാധിക്കുകയും ചെയ്യുക.ഈ സന്ദേശം നിങ്ങളിലെത്തിക്കുന്ന താക്കീതുകാരനാകുന്നു ഞാൻ എന്നാണ് നബി യോട് ജനങ്ങളെ അറിയിക്കാനായി അള്ളാഹു പറയുന്നത്

وَلَا تَجْعَلُوا مَعَ اللَّهِ إِلَهًا آخَرَ إِنِّي لَكُم مِّنْهُ نَذِيرٌ مُّبِينٌ .51

(51)
നിങ്ങൾ അള്ളാഹുവോട് കൂടെ മറ്റൊരു ആരാധ്യനെ സ്വീകരിക്കരുത്.ഞാൻ നിങ്ങൾക്ക് അള്ളാഹുവിങ്കൽ നിന്നുള്ള വ്യക്തമായ ഒരു താക്കീതുകാരൻ തന്നെയാകുന്നു

നേരത്തേ പറഞ്ഞ കഴിവുകളെല്ലാം അള്ളാഹുവിനു മാത്രമാകുന്നു.അതിനാൽ ആരാധനയെന്ന പരമമായ വണക്കം അവനോട് മാത്രമേ ആകാവൂ.ഇതിനു വിരുദ്ധം ചെയ്താൽ നിങ്ങൾ അള്ളാഹുവിന്റെ കഠിന ശിക്ഷക്ക് വിധേയരാവുക തന്നെ ചെയ്യും എന്ന് മുന്നറിയിപ്പു നൽകാനായി അള്ളാഹു നിയോഗിച്ച താക്കീതുകാരൻ തന്നെയാകുന്നു ഞാൻ എന്നാണ് നബി പറയുന്നത്

كَذَلِكَ مَا أَتَى الَّذِينَ مِن قَبْلِهِم مِّن رَّسُولٍ إِلَّا قَالُوا سَاحِرٌ أَوْ مَجْنُونٌ  .52


(52)
അപ്രകാരം ഇവരുടെ മുമ്പുണ്ടായിരുന്നവർക്ക് ഒരു ദൈവദൂതനും വന്നിരുന്നില്ല.ഇവൻ ഒരു ജാല വിദ്യക്കാരനോ ഭ്രാന്തനോ ആണെന്ന് അവർ പറഞ്ഞിട്ടല്ലാതെ

നബി () യെ അള്ളാഹു ആശ്വസിപ്പിക്കുകയാണീ വാക്യത്തിലൂടെ.വ്യക്തമായ തെളിവുകളും ഹൃദയ സ്പർക്കായ ഉപദേശങ്ങളും നൽകിയിട്ടും നബി യെ കളവാക്കിയ മുശ്‌രിക്കുകളുടെ നിലപാടിൽ തങ്ങൾ വിഷമിക്കേണ്ടതില്ലെന്നും തങ്ങളുടെ മുമ്പ് വന്ന നബിമാരെല്ലാം സ്വ ജനതയാൽ അപഹസിക്കപ്പെടുകയും ആക്ഷേപിക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നും ഭ്രാന്തനാണെന്നും ജാല വിദ്യക്കാരനാണെന്നുമുള്ള ദുരാരോപണം അവർക്കു നേരെയെല്ലാം ഉണ്ടായിട്ടുണ്ടെന്നും പതിവ് തങ്ങളുടെ പ്രബോധിത സമൂഹവും തെറ്റിച്ചില്ലെന്നേയുള്ളൂവെന്നും അത് തങ്ങൾ കാര്യമാക്കേണ്ടതില്ലെന്നും ഉണർത്തുകയാണ്

أَتَوَاصَوْا بِهِ بَلْ هُمْ قَوْمٌ طَاغُونَ  .53

(53)
ഇതിനെപ്പറ്റി അവർ പരസ്പരം വസ്വിയ്യത്ത് ചെയ്തിരിക്കുകയാണോ? (അതൊന്നുമല്ല) പക്ഷെ അവർ അതിക്രമികളായ ജനതയാണ്

എല്ലാ നബിമാർക്ക് നേരെയും ഒരേ രൂപത്തിലുള്ള ആക്ഷേപങ്ങൾ വന്നത് ഓരോ തലമുറയും അടുത്ത തലമുറക്ക് ഇങ്ങനെ പറയാനായി ഉപദേശം എഴുതിവെച്ചത് കൊണ്ടാണോ എന്ന് സംശയം വരാം എന്നാൽ അങ്ങനെ എഴുതിവെച്ചത് കൊണ്ടൊന്നുമല്ല അവരെല്ലാവരും ധിക്കാരികളും ഒരേ മനസ്സുള്ളവരുമായത് കൊണ്ട് മുൻ ഗാമികൾ പറഞ്ഞത് പോലെ പിൻ ഗാമികളും പറഞ്ഞുവെന്നെയുള്ളൂ എന്ന് സാരം
فَتَوَلَّ عَنْهُمْ فَمَا أَنتَ بِمَلُومٍ .54


(54)
അത് കൊണ്ട് തങ്ങൾ അവരെ വിട്ട് തിരിഞ്ഞു കളയുക തങ്ങൾ (അതിൽ) ആക്ഷേപാർഹനല്ല

അവരുടെ ആക്ഷേപങ്ങളെ തങ്ങൾ കാര്യമാക്കണ്ട.അവർ വിശ്വസിക്കാത്തതിൽ തങ്ങൾ ആക്ഷേപിക്കപ്പെടുകയുമില്ല.

وَذَكِّرْ فَإِنَّ الذِّكْرَى تَنفَعُ الْمُؤْمِنِينَ  .55


(55)
തങ്ങൾ അവരെ (ഉപദേശിച്ച്) ഓർമ്മപ്പെടുത്തുക.ഓർമപ്പെടുത്തൽ സത്യ വിശ്വാസികൾക്ക് ഫല പ്രദമാവുക തന്നെ ചെയ്യും


തങ്ങൾ ഉപദേശം തുടരുക.നല്ല മനസ്സുകൾക്ക് അത് ഉപകരിക്കുക തന്നെ ചെയ്യും

وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ  .56


(56)
എനിക്ക് ഇബാദത്ത് ചെയ്യുവാൻ വേണ്ടി മാത്രമാണ് ജിന്നുകളെയും മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടുള്ളത്
എന്നെ അറിഞ്ഞു ആരാധന ചെയ്യാൻ വേണ്ടി മാത്രമാണ് മനുഷ്യ ജിന്ന് വർഗങ്ങളെ ഞാൻ സൃഷ്ടിച്ചിട്ടുള്ളത്. എന്നാൽ ഇത് ഉൾക്കൊണ്ടവർ സത്യ വിശ്വാസികൾ മാത്രം

مَا أُرِيدُ مِنْهُم مِّن رِّزْقٍ وَمَا أُرِيدُ أَن يُطْعِمُونِ .57


(57) അവരിൽ നിന്ന് യാതൊരു ഉപജീവനവും ഞാൻ ഉദ്ദേശിക്കുന്നില്ല.അവർ എനിക്ക് ആഹാരം നൽകുവാനും ഞാൻ ഉദ്ദേശിക്കുന്നില്ല


അള്ളാഹുവിനു ആരാധന ചെയ്യാൻ അവൻ നിർദ്ദേശിച്ചത് അവരുടെ ആരാധന കൊണ്ട് അള്ളാഹുവിനു ഒന്നും നേടാനല്ല മറിച്ച് അവർക്ക് അത് കൊണ്ട് മഹത്വം കൈവരാനാണ്.അത് കൊണ്ട് തന്നെ അവനെ മാത്രം ആരാധിക്കുന്നവർക്ക് അള്ളാഹു പൂർണ്ണ പ്രതിഫലം നൽകും.അനുസരിക്കാത്തവർക്ക് കഠിന ശിക്ഷയും നൽകും .അവരിലേക്ക് അള്ളാഹുവിനു ഒരു ആവശ്യവും ഇല്ല.എന്നാൽ അവർ അള്ളാഹുവിലേക്ക് എല്ലായ്പ്പോഴും ആവശ്യക്കാരാണ് താനും. ഇതാണിവിടെ ഉണർത്തുന്നത്

إِنَّ اللَّهَ هُوَ الرَّزَّاقُ ذُو الْقُوَّةِ الْمَتِينُ .58


(58)
നിശ്ചയം പ്രബലമായ ശക്തിയുള്ള അള്ളാഹു തന്നെയാണ് ഉപജീവനം നൽകുന്നവൻ

അള്ളാഹുവിനു അവർ ഭക്ഷണം നൽകുന്നില്ലെന്ന് മാത്രമല്ല അവർക്ക് ഭക്ഷണം അള്ളാഹുവാകുന്നു നൽകുന്നത് എന്ന് സാരം.ചില ദൈവിക രേഖകളിലുള്ളതായി ഇബ്നു കസീർ ഉദ്ധരിക്കുന്നു അള്ളാഹു പറഞ്ഞു.മനുഷ്യാ! നിന്നെ ഞാൻ പടച്ചത് എന്നെ ആരാധിക്കാനാണ് അത് കൊണ്ട് നീ (ലക്ഷ്യം മറന്ന്) കളിക്കരുത്.നിനക്കുള്ള ഭക്ഷണം ഞാൻ ഏറ്റിരിക്കുന്നു അതിനാൽ നീ ക്ഷീണിതനാവണ്ട.എന്നെ നീ അന്വേഷിച്ചാൽ നീ കണ്ടെത്തും എന്നെ നീ കണ്ടെത്തിയാൽ എല്ലാം നീ എത്തിക്കും എന്നെ നിനക്ക് നഷ്ടമായാൽ എല്ലാം നിനക്ക് നഷ്ടമാവുകയും ചെയ്യും ഞാൻ മറ്റെന്തിനേക്കാളും നിനക്ക് ഇഷ്ടപ്പെട്ടതാവണം(ഇബ്നു കസീർ 4/346)

فَإِنَّ لِلَّذِينَ ظَلَمُوا ذَنُوبًا مِّثْلَ ذَنُوبِ أَصْحَابِهِمْ فَلَا يَسْتَعْجِلُونِ .59


(59)
എന്നാൽ നിശ്ചയം അക്രമം പ്രവർത്തിച്ചവർക്ക് തങ്ങളുടെ (പൂർവീകരായ) കൂട്ടാളികളുടെ ഓഹരി പോലെ (ശിക്ഷയിൽ നിന്നുള്ള) ഓഹരിയുണ്ട് അതിനാൽ (അതിനു വേണ്ടി) എന്നോട് അവർ ധൃതി കൂട്ടാതിരിക്കട്ടെ

അക്രമികളിൽ പലരുടെയും അവസ്ഥ മുൻ സൂക്തങ്ങളിൽ ഉണർത്തിയല്ലോ.അത് പോലെ ശിക്ഷ ധിക്കാരികളെയും കാത്തിരിക്കുന്നുണ്ട്.അത് എപ്പോൾ വരുമെന്ന് ചോദിച്ച് ധൃതി കൂട്ടേണ്ടതില്ല അത് അവരെ ബാധിക്കുക തന്നെ ചെയ്യും എന്ന് സാരം

فَوَيْلٌ لِّلَّذِينَ كَفَرُوا مِن يَوْمِهِمُ الَّذِي يُوعَدُونَ .60


(60)
സത്യ നിഷേധികൾക്ക് തങ്ങളോട് താക്കീത് നൽകപ്പെടുന്ന ദിവസം മൂലം വമ്പിച്ച നാശം!


സ്വന്തം പ്രവർത്തികൾക്കുള്ള ശിക്ഷ നൽകാനായി അള്ളാഹു ഒരുക്കിയ അന്ത്യ നാളാണ് ഇവിടെ ഉദ്ദേശ്യം.അന്നേ ദിനം അവരുടെ പ്രവർത്തനത്തിനു അർഹമായ പ്രതിഫലം ലഭിക്കും.അപ്പോൾ നിഷേധികൾക്ക് സന്തോഷത്തിനു വകയൊന്നുമുണ്ടാവില്ലെന്ന് മാത്രമല്ല അവരെ ദു:ഖിപ്പിക്കാനും സങ്കടപെടുത്താനും ആവശ്യമായ ശിക്ഷയുടെ വിവിധയിനങ്ങൾ കൺ മുന്നിൽ കാണുമ്പോൾ ഞങ്ങൾ നശിച്ചുവെന്ന് അവർക്ക് ബോദ്ധ്യമാവുക തന്നെ ചെയ്യും.അതാണ് ആ ദിവസം മൂലം അവർക്ക് വമ്പിച്ച നാശം എന്ന് പറഞ്ഞത്.അന്നേദിവസം വിജയികളാവാനാവശ്യമായ മുൻ കരുതലുകളെടുക്കാനും അള്ളാഹുവിന്റെ പൊരുത്തം നേടാനും അവൻ നമ്മെ സഹായിക്കട്ടെ ആമീൻപ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ

ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين


No comments: