Wednesday, January 6, 2016

അദ്ധ്യായം 50 : സൂറത്തു ഖാഫ്-ഭാഗം-02


അദ്ധ്യായം  50 :  സൂറത്തു ഖാഫ് | മക്കയിൽ അവതരിച്ചു |സൂക്തങ്ങൾ 45

ഭാഗം -01  (01 മുതൽ 18 വരെ സൂക്തങ്ങളുടെ വിവരണം ഇവിടെ ക്ലിക് ചെയ്ത് വായിക്കുക )

ഭാഗം -02  (19 മുതൽ 45 വരെ സൂക്തങ്ങളുടെ വിവരണം )




بسم الله الرحمن الرحيم

റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
 19. وَجَاءتْ سَكْرَةُ الْمَوْتِ بِالْحَقِّ ذَلِكَ مَا كُنتَ مِنْهُ تَحِيدُ

മരണത്തിന്റെ കഠിന വേദന യാഥാർത്ഥ്യമായി വരുന്നതാണ്.നീ ഏതൊന്നിൽ നിന്ന് ഒഴിഞ്ഞു മാറിക്കൊണ്ടിരിക്കുന്നുണ്ടോ അതത്രെ ഇത് (എന്ന് പറയപ്പെടും)

ഇത് എല്ലാ മനുഷ്യരോടുമുള്ള സംബോധനയാണെന്നും നിഷേധിയോട് മാത്രമായുള്ള സംബോധനയാണെന്നും മറ്റും വീക്ഷണമുണ്ട്.നീ ഒഴിഞ്ഞു മാറാൻ ശ്രമിക്കുന്ന മരണം സംശയ രഹിതമായി നിന്റെ മുമ്പിൽ എത്തുമെന്നും പിന്നീട് രക്ഷപ്പെടാൻ ഒരു പഴുതുമുണ്ടായിരിക്കില്ല .അതിനാൽ അതിനു ഒരുങ്ങി നിൽക്കുകയാണ് ചെയ്യേണ്ടത് എന്ന് സാരം.മരണ വേദന യാഥാർഥ്യമാണെന്ന് ധാരാളം നബി വചനങ്ങളിൽ വന്നിട്ടുണ്ട്

 20. وَنُفِخَ فِي الصُّورِ ذَلِكَ يَوْمُ الْوَعِيدِ

കാഹളത്തിൽ ഊതപ്പെടുന്നതാണ്.അത് താക്കീത് ചെയ്യപ്പെട്ട ദിവസമാകുന്നു

കാഹളത്തിലെ രണ്ടാമത്തെ ഊത്താണിവിടെ ഉദ്ദേശ്യം.അത് സത്യ നിഷേധികൾക്ക് ശിക്ഷയും സൽ ജനങ്ങൾക്ക് രക്ഷയും ലഭിക്കുന്ന ദിനമാണ്.അത് താക്കീത് ചെയ്യപ്പെട്ട ദിനമാണെന്ന് പറഞ്ഞത്   ദിനം വരിക തന്നെ ചെയ്യുമെന്നും അന്നേ ദിവസം രക്ഷ ലഭിക്കുന്നവരിൽ ഉൾപ്പെടാൻ പരിശ്രമിക്കണമെന്ന് കൂടിയാണ്
 21. وَجَاءتْ كُلُّ نَفْسٍ مَّعَهَا سَائِقٌ وَشَهِيدٌ

എല്ലാ ദേഹവും (അന്ന് മഹ്ശറിൽ ) വരുന്നതാണ് അതിനെ തെളിച്ച് കൊണ്ടു വരുന്ന ഒരാളും സാക്ഷിയും അതിനോടൊന്നിച്ചുണ്ടായിരിക്കും

മഹ്ശറിൽ വരാതെ ഒരാൾക്കും രക്ഷയില്ല.ഖബ്റിൽ നിന്ന് മഹ്ശറിലേക്ക് ഓരോരുത്തരെയും തെളിച്ച് കൊണ്ട് വരുന്ന ഒരാൾ എന്നതിന്റെ ഉദ്ദേശ്യം മലക്ക് എന്നാണ്.സാക്ഷി എന്നതും മലക്കു തന്നെ അവൻ ഇന്ന പ്രവർത്തനങ്ങൾ നടത്തി എന്ന് മലക്ക് സാക്ഷിയാവും.ഇതാണ് ഒരു വീക്ഷണം.ഇതാണ് ഇബ്നു ജരീർ (رضي الله عنه) പ്രബലമാക്കിയത് ഉസ്മാനുബ്നു അഫ്ഫാൻ (رضي الله عنه) ഖുതുബ നിർവഹിക്കുമ്പോൾ സൂക്തം ഓതുകയും അള്ളാഹുവിലേക്ക് മനുഷ്യനെ തെളിക്കുന്ന ഒരാളുണ്ടാവുമെന്നും അവന്റെ പ്രവർത്തനങ്ങൾക്ക് ഒരു സാക്ഷിയുണ്ടാകുമെന്നും പറഞ്ഞു.

തെളിക്കുന്നത് മലക്കും സാക്ഷി കർമ്മവുമാണെന്നും തെളിക്കുന്നത് മലക്കും സാക്ഷി സ്വന്തം ശരീരം തന്നെയാണെന്നും അഭിപ്രായമുണ്ട് (ഇബ്നു കസീർ4/327)
താൻ ചെയ്ത് വെച്ച കാര്യങ്ങളെ സംബന്ധിച്ച് കൈകൾ സംസാരിക്കുകയും കാലുകൾ സാക്ഷി പറയുകയും ചെയ്യുമെന്ന് ഇവിടെ ഉദ്ദേശമുണ്ട് (ഖുർത്വുബി17/12)

 22. لَقَدْ كُنتَ فِي غَفْلَةٍ مِّنْ هَذَا فَكَشَفْنَا عَنكَ غِطَاءكَ فَبَصَرُكَ الْيَوْمَ حَدِيدٌ

നിശ്ചയം ഇതിനെക്കുറിച്ചെല്ലാം നീ അശ്രദ്ധയിലായിരുന്നു ഇപ്പോൾ നിനക്ക് നിന്റെ മൂടി നാം നീക്കിത്തന്നിരിക്കുന്നു.അതിനാൽ ഇന്ന് നിന്റെ കാഴ്ച വളരെ മൂർച്ചയുള്ളതായിരിക്കുന്നു (എന്ന് പറയപ്പെടും)

അശ്രദ്ധയിലായിരുന്നു എന്ന സംബോധന ആരോടാണെന്ന വിഷയത്തിൽവിവിധ വീക്ഷണമുണ്ട്.(1) നബി () യോടാണ്.അതായത് ഖുറൈശികളുടെ വിവരമില്ലായ്മ നിലനിൽക്കുന്ന കാലത്താണല്ലോ നബി () ജനിക്കുന്നത് അന്ന് പ്രവാചകത്വത്തെക്കുറിച്ചൊന്നും തങ്ങൾ ചിന്തിച്ചിരുന്നില്ലല്ലോ എന്ന്!  (2) ഇത് കൊണ്ട് ഉദ്ദേശ്യം ബഹുദൈവാരാധകരാണ്.അഥവാ പരലോക ജീവിതത്തെക്കുറിച്ച് നബി () എത്ര ഉൽബോധനം നടത്തിയപ്പോഴും അവർ അതൊന്നും ശ്രദ്ധിക്കാനോ അത് പരിഗണിക്കാനോ തയാറായില്ല (3) ഇത് എല്ലാവരോടുമുള്ള വാക്യമാണ്. തമ്മാടിയോടും ഗുണവാനോടും ഒരു പോലെ( വ്യാഖ്യാനമാണ് കൂടുതൽ വ്യാഖ്യാതാക്കളും പ്രബലമാക്കുന്നത്) .അതായത് ഭൂമിയിൽ ജീവിക്കുമ്പോൾ പരലോകത്ത് മനുഷ്യൻ അഭിമുഖീകരിക്കേണ്ടി വരുന്ന കാര്യങ്ങളെക്കുറിച്ചൊന്നും വലിയ ഗ്രാഹ്യമുണ്ടായിരുന്നില്ല.എന്നാൽ പരലോകത്ത് അവൻ ഹാജറാക്കപ്പെടുകയും അവിടുത്തെ ഓരോ സംവിധാനങ്ങൾ നേരിൽ കാണുകയും ചെയ്യുമ്പോൾ എല്ലാ വിഷയങ്ങളുടെയും യാഥാർത്ഥ്യം കാണാനുതകും വിധം കണ്ണിന്റെ മൂടി നീക്കപ്പെടുകയും കാഴ്ച ശക്തി വർദ്ധിക്കുകയും ചെയ്യുന്നു.നന്മ/തിന്മ തൂക്കുന്ന തുലാസും പ്രതിഫല/ശിക്ഷാ പ്രഖ്യാപനവുമെല്ലാം നേരിൽ കാണുമ്പോൾ എങ്ങനെ ബോദ്ധ്യമാവാതിരിക്കും എന്ന് സാരം (ഖുർതുബി)

 23. وَقَالَ قَرِينُهُ هَذَا مَا لَدَيَّ عَتِيدٌ

അവന്റെ കൂട്ടുകാരൻ പറയും ഇതാ എന്റെ അടുക്കൽ തയ്യാറായിട്ടുള്ളത്

ഓരോ മനുഷ്യന്റെയും കർമ്മങ്ങൾ രേഖപ്പെടുത്താൻ ഏല്പിക്കപ്പെട്ട മലക്കാണിവിടെ കൂട്ടുകാരൻ എന്ന് പറഞ്ഞതിന്റെ ഉദ്ദേശ്യം. മലക്ക് കർമങ്ങൾ രേഖപ്പെടുത്തിയ ഗ്രന്ഥം കൊണ്ട് വന്ന് പറയുന്നതാണ്  ഇത് നിന്റെ ജീവിതത്തിൽ നിന്ന് എല്ലാം ഞാൻ രേഖപ്പെടുത്തിയതാണ്.നീ ചെയ്തത് ഒന്നും വിട്ടു പോകാതെ ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നാൽ നീ ചെയ്യാത്ത ഒന്നും ഇതിൽ എഴുതി ചേർത്ത് നിന്ന ഉപദ്രവിച്ചിട്ടുമില്ല

 24. أَلْقِيَا فِي جَهَنَّمَ كُلَّ كَفَّارٍ عَنِيدٍ

സത്യ നിഷേധിയും ധിക്കാരിയുമായിട്ടുള്ള ഏതൊരുത്തനെയും നിങ്ങൾ നരകത്തിലിടുക (എന്ന് മലക്കുകളോട് കല്പനയുണ്ടാകും)

നിങ്ങൾ എന്ന് രണ്ട് പേരോടുള്ള നിർദ്ദേശമാണിതിൽ.ഇതിനെക്കുറിച്ച് വിവിധ അഭിപ്രായമുണ്ട്.ഒരാളോട് തന്നെ രണ്ടാളോടുള്ള സംബോധനാ വാക്യം പ്രയോഗിക്കൽ അറബി സാഹിത്യത്തിൽ; പ്രസിദ്ധമാണ്. നിലക്ക് ഒരു മലക്കിനോടുള്ള നിർദ്ദേശത്തെ വിവരിച്ചതാണ്എന്നാണ് ഒരു വീക്ഷണം.മറ്റൊരു വീക്ഷണം തെളിച്ച് കൊണ്ട് വന്ന മലക്കും ഇവന്റെ കർമങ്ങൾ രേഖപ്പെടുത്തുന്ന മലക്കുമാണ് ഉദ്ദേശം.അപ്പോൾ രണ്ടാളും ഇടുക എന്ന പ്രയോഗം വ്യാഖ്യാനമില്ലാതെ തന്നെ ശരിയാവും.(ഖുർതുബി)

 25. مَّنَّاعٍ لِّلْخَيْرِ مُعْتَدٍ مُّرِيبٍ

അതായത് നന്മയെ തടയുന്നവനും അതിക്രമിയും സംശയാലുവുമായ ഏതൊരുത്തനെയും

നന്മയെ തടയുന്നവൻ എന്നതിലെ നന്മ നിർബന്ധ ദാനമായ സക്കാത്ത് ആണെന്നാണ് ഒരു പക്ഷം.എല്ലാ നിർബന്ധ ബാദ്ധ്യതകളുമെന്ന് മറ്റൊരു പക്ഷം.അതിക്രമി എന്നാൽ സംസാരത്തിലും പെരുമാറ്റത്തിലും മറ്റു വിഷയങ്ങളിലും അതിരു കടന്നവൻ എന്നാണ്.സംശയാലു എന്നത് അള്ളാഹുവിന്റെ ഏകത്വത്തെക്കുറിച്ച് സശയിക്കുകയും ബഹുദൈവത്വം കൊണ്ട് നടക്കുകയും ചെയ്യുന്നവൻ എന്ന് സാരം.ഇത്തരം സ്വഭാവം ആരിലുണ്ടോ അവരെല്ലാം നരകത്തിനർഹരായിരിക്കും എന്ന് ഇവിടെ മനസ്സിലാക്കുകയും ബാധ്യതാ നിർവഹണത്തിൽ കണിശത പാലിക്കുകയും ചെയ്യുക.അള്ളാഹു നമ്മെയെല്ലാം നരകത്തിൽ നിന്ന് രക്ഷപ്പെടുത്തട്ടെ (ആമീൻ)

 26. الَّذِي جَعَلَ مَعَ اللَّهِ إِلَهًا آخَرَ فَأَلْقِيَاهُ فِي الْعَذَابِ الشَّدِيدِ

അതായത് അള്ളാഹുവോടൊപ്പം വേറെ ആരാദ്ധ്യനെ സ്ഥാപിച്ചവനെ.അതിനാൽ നിങ്ങൾ അവനെ കഠിനമായ ശിക്ഷയിൽ ഇട്ടേക്കുക

തൌഹീദിനു പകരം ശിർക്ക് ചെയ്യുകയും നിഷേധിയാവുകയും ചെയ്തവനെ നിങ്ങൾ നരകത്തിലിടുക.കാരണം മാപ്പർഹിക്കാത്ത പാതകമാണ് അള്ളാഹുവിനു പങ്കാളികളെ സ്ഥാപിക്കുക എന്നത്
قَالَ قَرِينُهُ رَبَّنَا مَا أَطْغَيْتُهُ وَلَكِن كَانَ فِي ضَلَالٍ بَعِيدٍ27.

അവന്റെ കൂട്ടുകാരൻ പറയും ഞങ്ങളുടെ രക്ഷിതാവേ! ഞാൻ അവനെ വഴിതെറ്റിച്ചിട്ടില്ല പക്ഷെ അവൻ (സത്യത്തിൽ നിന്ന്) വിദൂരമായ വഴിപിഴവിൽ ആവുകയാണ് ചെയ്തത്

ഇവിടെ പറഞ്ഞ കൂട്ടുകാരൻ പിശാചാണ്.(ഓരോരുത്തരിലും എല്ലായ്പോഴും പിശാചിന്റെ ദുർബോധനവും മലക്കിന്റെ ഉൽബോധനവും നടക്കുന്നുണ്ട്.ഇതിൽ ചിലർ മലക്കിന്റെ ഉൽബോധനത്തിനു മുൻഗണന നൽകും അവർ നല്ലവരായി മാറും. വേറേ ചിലർ പിശാചിന്റെ ദുർബോധനം സ്വീകരിക്കും അവർ ദുർമാർഗ്ഗികളുമാവും) പരലോകത്ത് വരുന്ന ധിക്കാരി അള്ളാഹുവിന്റെ ശിക്ഷ മുന്നിൽ കാണുമ്പോൾ പിശാചിനെ കുറ്റപ്പെടുത്തി ഇവനാണ് എന്നെ വഴിതെറ്റിച്ചത് എന്ന് പറയും.അപ്പോൾ പിശാചിന്റെ മറുപടിയാണ് ഞാൻ അവനെ വഴിതെറ്റിച്ചതല്ല എന്റെ വാക്കുകൾ കേട്ട് കൊണ്ട് അവൻ സ്വയം വഴികേടിനെ തിരഞ്ഞെടുത്തതാണ് എന്ന്.
 28. قَالَ لَا تَخْتَصِمُوا لَدَيَّ وَقَدْ قَدَّمْتُ إِلَيْكُم بِالْوَعِيدِ

അള്ളാഹു പറയും.നിങ്ങൾ എന്റെ അടുക്കൽ തർക്കിക്കേണ്ട.നിങ്ങൾക്ക് ഞാൻ മുമ്പ് തന്നെ താക്കീത് നൽകിയിട്ടുണ്ട്

ഇവിടെ നിങ്ങൾ തമ്മിൽ തർക്കിച്ചിട്ട് പ്രത്യേകിച്ചൊരു പ്രയോജനവുമില്ല. ഇതൊക്കെ നേരത്തേ തന്നെ പ്രവാചകർന്മാർ മുഖേന ഞാൻ നിങ്ങളോട് പറഞ്ഞിരുന്നു.ഇവിടെ ഒഴിവുകഴിവുകൾ പറയാനുള്ള സ്ഥലമല്ല കയ്യിലിരുപ്പിന്റെ പ്രതിഫലം വാങ്ങാനുള്ള സ്ഥലമാണ് എന്ന് ചുരുക്കം.സത്യ നിഷേധിയുടെ നിരാശ കൂട്ടുന്ന പ്രഖ്യാപനമാണിത്

 29. مَا يُبَدَّلُ الْقَوْلُ لَدَيَّ وَمَا أَنَا بِظَلَّامٍ لِّلْعَبِيدِ

എന്റെ അടുക്കൽ വാക്ക് മാറ്റപ്പെടുകയില്ല ഞാൻ അടിമകളോട് ഒട്ടും അനീതി കാട്ടുന്നവനുമല്ല

ഞാൻ നേരത്തേ തന്നെ നിലപാട് പറഞ്ഞിട്ടുണ്ട് അതിനു മാറ്റമുണ്ടാവില്ല നന്മ ചെയ്തവനു പ്രതിഫലവും തിന്മ ചെയ്തവനു അതിനു അനുയോജ്യമായ ശിക്ഷയും എന്നതാണാ നിലപാട്.കുറ്റം ചെയ്യാത്ത ഒരാളെയും ഞാൻ ശിക്ഷിക്കില്ല എന്നാണ് അക്രമിക്കില്ലെന്നതിന്റെ ആശയം

 30. يَوْمَ نَقُولُ لِجَهَنَّمَ هَلِ امْتَلَأْتِ وَتَقُولُ هَلْ مِن مَّزِيدٍ

നീ നിറഞ്ഞ് കഴിഞ്ഞുവോ എന്ന് നാം നരകത്തോട് നാം ചോദിക്കുകയും കൂടുതൽ എന്തെങ്കിലുമുണ്ടോ എന്ന് നരകം പറയുകയും ചെയ്യുന്ന ദിവസം

ഇനിയും ആളുണ്ടെങ്കിൽ ഞാൻ സ്വീകരിക്കാം എന്ന് നരകം പറയുന്ന ദിനം എന്നത് വിശ്വാസികൾ ഗൌരവത്തോടെ കാണേണ്ടതും അതിൽ നിന്ന് രക്ഷ നേടാൻ സൂക്ഷ്മ ജീവിതം നയിക്കേണ്ടതുമാണ്.അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

 31. وَأُزْلِفَتِ الْجَنَّةُ لِلْمُتَّقِينَ غَيْرَ بَعِيدٍ

ദോഷ ബാധയെ സൂക്ഷിക്കുന്നവർക്ക് സ്വർഗത്തെ അകലത്തല്ലാത്ത വിധം വളരെ അടുത്ത് കൊണ്ട് വരപ്പെടുന്നതാണ്

സ്വർഗം അടുപ്പിക്കപ്പെടുമെന്ന് പറഞ്ഞതിനു ഭൂമിയിൽ ജീവിക്കുമ്പോൾ തന്നെ നല്ലവരോട് സ്വർഗത്തെ അടുപ്പിക്കപ്പെട്ടു എന്നാണ് ഒരു വ്യാഖ്യാനം അതായത് തെറ്റുകളിൽ നിന്ന് മാറി നിൽക്കാനുള്ള നിർദ്ദേശം അള്ളാഹു നൽകിയപ്പോൾ അതുൾക്കൊണ്ട് മനസ്സിലേക്ക് സ്വർഗത്തെ അവർ അടുപ്പിച്ചു.(മനുഷ്യ ശരീരം വെറുക്കുന്ന ധാരാളം കാര്യങ്ങൾ കൊണ്ടാണ് സ്വർഗത്തിനു വേലി കെട്ടിയിരിക്കുന്നത് എന്ന നബി വചനം ഇവിടെ നാം സ്മരിക്കുക) സ്വർഗത്തിൽ എത്തിയതിനു ശേഷം അടുപ്പിക്കപ്പെട്ടു എന്നാണ് മറ്റൊരു അഭിപ്രായം.അതായത് സ്വർഗത്തിൽ പ്രവേശിച്ചാൽ വിശാലമായ സ്വർഗത്തിൽ അവരുടെ താമസ സ്ഥലം അവരിലേക്ക് അടുപ്പിക്കുമെന്നാണ് (അല്ലെങ്കിൽ വിശാലമായ സ്വർഗത്തിൽ  തന്റെ താംസ സ്ഥലം കണ്ട് പിടിക്കാൻ കഴിയാതെ വിഷമിക്കുമല്ലോ!)

هَذَا مَا تُوعَدُونَ لِكُلِّ أَوَّابٍ حَفِيظٍ 32.

ഇത് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാണെന്ന് (അവരോട് പറയപ്പെടും) അതായത് (അള്ളാഹുവിലേക്ക്) നല്ല വണ്ണം മടങ്ങുകയും (അവന്റെ നിയമ വിധികൾ) വേണ്ട വിധം സൂക്ഷിക്കുകയും ചെയ്യുന്ന എല്ലാവർക്കും (സ്വർഗം അടുപ്പിക്കപ്പെടുന്നതാണ്)

പ്രവാചകന്മാരിലൂടെ നിങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതാണിതെന്ന് അവരോട് പറയപ്പെടും  പ്രവാചകാദ്ധ്യാപനം സ്വീകരിച്ച് ഭൂമിയിൽ ജീവിച്ചത് കൊണ്ടാണല്ലോ സൌഭാഗ്യം ഞങ്ങൾക്ക് ലഭിച്ചത് എന്ന് മനസ്സിലാകുമ്പോൾ പ്രഖ്യാപനം അവർക്ക് അത് വലിയ സന്തോഷം പ്രധാനം ചെയ്യുന്നതാണ്

തെറ്റ് പറ്റിയാൽ ആത്മാർത്ഥമായി പശ്ചാത്തപിച്ച് മടങ്ങുകയും പരമാവധി തെറ്റ് വരാതെ സൂക്ഷിക്കുകയും ചെയ്ത അള്ളാഹുവിന്റെ അടിമകൾക്കുള്ളതാണ് സ്വർഗം.സ്വകാര്യമായി ഇരുന്ന് ദോഷങ്ങളെ കുറിച്ച് ഓർക്കുകയും അള്ളാഹുവോട് പൊറുക്കലിനെ തേടുകയും ചെയ്യുന്നവനാണ് അവ്വാബ് എന്ന് ചില മഹാന്മാർ പറയുന്നു ഒരു സ്ഥലത്ത് ഇരുന്നാൽ പൊറുക്കലിനെ തേടാതെ എഴുന്നേൽക്കാത്തവരാണ് അവ്വാബ് എന്ന് മറ്റൊരു വീക്ഷണമുണ്ട് . അബൂ ഹുറൈറ (رضي الله عنه) റിപ്പോർട്ട് ചെയ്യുന്നു ഒരാൾ സദസ്സിൽ നിന്ന് ഏഴുന്നേൽക്കുന്ന സമയത്ത്
سبحانك اللهم وبحمدك لااله الاأنت أستغفرك وأتوب اليك                           
എന്ന് ചൊല്ലിയാൽ സദസ്സിൽ വെച്ച് അവനിൽ നിന്ന് വന്നു പോയ ദോഷങ്ങൾ പൊറുക്കപ്പെടും (തുർമുദി). നബി ()യുടെ പതിവായിരുന്നു ഇങ്ങനെ ചൊല്ലൽ എന്ന് കാണാം (ഖുർതുബി)

ഹഫീള്‘ എന്നതിനു തന്റെ പശ്ചാത്താപത്തിനു തകരാറുണ്ടാവും വിധം വീണ്ടും തെറ്റിലേക്ക് മടങ്ങുന്നതിനെക്കുറിച്ച് സൂക്ഷിക്കുന്നവൻ എന്നാണ് ഒരു വ്യാഖ്യാനം എപ്പോഴും അള്ളാഹുവിന്റെ ഓർമ്മ നില നിർത്തുകയും സന്താപത്തിലെന്ന പോലെ സന്തൊഷത്തിലും ഓർമ്മ നില നിർത്തുന്നവൻ എന്നാണ് മറ്റൊരു വ്യാഖ്യാനം (റാസി)

33. مَنْ خَشِيَ الرَّحْمَن بِالْغَيْبِ وَجَاء بِقَلْبٍ مُّنِيبٍ


അതായത് അദൃശ്യമായിക്കൊണ്ട് തന്നെ കരുണാനിധിയായ അള്ളാഹുവിനെ ഭയപ്പെടുകയും വിനയ ഹൃദയത്തോടെ (അവന്റെ അടുക്കൽ) വരികയും ചെയ്തവർക്ക്

സ്വകാര്യ ജീവിതത്തിൽ പോലും അള്ളാഹുവിന്റെ നിയമങ്ങളെ സൂക്ഷിക്കുകയും ആരാധനകളിൽ സജീവത കാണിക്കുന്ന ഹൃദയം ലഭിക്കുകയും ആത്മാർത്ഥത ഉണ്ടാവുകയും  ചെയ്തവർ എന്ന് സാരം.അബൂബകർ അൽ വർറാഖ് (رضي الله عنه) പറഞ്ഞു “അള്ളാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നവന്റെ ലക്ഷണം അള്ളാഹുവിന്റെ മഹത്വം മനസ്സിലാക്കുകയും അവനു താഴ്മ കാണിക്കുകയും അവൻ എന്ത് പറഞ്ഞാലും അത് ഏറ്റെടുക്കുകയും സ്വന്തം ദേഹേഛകളെ ഒഴിവാക്കുകയും ചെയ്യലാണ് “(ഖുർതുബി)

  ادْخُلُوهَا بِسَلَامٍ ذَلِكَ يَوْمُ الْخُلُودِ34.

നിങ്ങൾ സമാധാന പൂർവം ഇതിൽ പ്രവേശിച്ചു കൊള്ളുക (എന്നവരോട് പറയപ്പെടും) അത് സ്ഥിരവാസ (ആരംഭ) ത്തിന്റെ ദിവസമാകുന്നു

സ്വർഗത്തിൽ പ്രവേശിക്കുമ്പോഴുള്ള അഭിവാദ്യമാണിത്.ഇനി ഒരിക്കലും ഇവിടെ നിന്ന് കുടിയിറക്കപ്പെടുകയില്ല എന്നത് കൊണ്ടാണ് സ്ഥിരവാസത്തിന്റെ ദിവസം എന്ന് പറഞ്ഞത് ഇത് അവർക്ക് വലിയ അളവിലുള്ള സമാധാനം ലഭിക്കാൻ വേണ്ടിയുള്ള സന്ദേശമാണ്

 35. لَهُم مَّا يَشَاؤُونَ فِيهَا وَلَدَيْنَا مَزِيدٌ

അവർ ഉദ്ദേശിക്കുന്നതെല്ലാം അവർക്കതിൽ ഉണ്ടായിരിക്കുന്നതാണ്.കൂടുതൽ നൽകുവാൻ നമ്മുടെ അടുക്കൽ മറ്റു ചിലതുമുണ്ട്

അവർ ആഗ്രഹിക്കുന്നതും അവർക്ക് സന്തോഷം തോന്നുന്നതുമെല്ലാം അവിടെ അവർക്ക് ലഭ്യമാണ് എന്നതിന്റെ പുറമേ കൂടുതൽ നൽകാനുള്ളത്‘ എന്നതിന്റെ വ്യാഖ്യാനം അള്ളാഹുവെ കാണുക എന്ന ഏറ്റവും പ്രധാനപ്പെട്ട അനുഗ്രഹമാണ് .ഇബ്നു മസ്ഊദ് (رضي الله عنه) ഉദ്ധരിക്കുന്നു.നിങ്ങൾ ജുമുഅ: നിസ്കാരത്തിലേക്ക് പെട്ടെന്ന് വരിക കാരണം അള്ളാഹു തആലാ എല്ലാ വെള്ളിയാഴ്ചയിലും സ്വർഗ വാസികൾക്ക് അവനെ കാണാൻ അവസരം നൽകും .ഇബ്നു മുബാറക് (رضي الله عنه) പറഞ്ഞു അവർ ജുമുഅക്ക് നേരത്തേ വരുന്നതിന്റെ തോതനുസരിച്ച് ആയിരിക്കും കാണാൻ അവസരമുണ്ടാവുക എന്നിട്ട് മുമ്പ് കണ്ടിട്ടില്ലാത്ത ആദരവ് അള്ളാഹു അവർക്ക് നൽകും കർപ്പൂരക്കുന്നിൽ കയറി നിന്നാകും അവർ അള്ളാഹുവെ ദർശിക്കുക എന്നും റിപ്പോർട്ട് വന്നിട്ടുണ്ട്(ഖുർതുബി)

 36. وَكَمْ أَهْلَكْنَا قَبْلَهُم مِّن قَرْنٍ هُمْ أَشَدُّ مِنْهُم بَطْشًا فَنَقَّبُوا فِي الْبِلَادِ هَلْ مِن مَّحِيصٍ


ഇവർക്ക് മുമ്പ് എത്ര തലമുറകളെയാണ് നാം നശിപ്പിച്ചു കളഞ്ഞത്! അവർ ഇവരേക്കാൾ എത്രയോ കയ്യൂക്കുള്ളവരായിരുന്നു അങ്ങനെ അവർ നാടുകളിൽ പരക്കം പാഞ്ഞു (എന്നിട്ട് നമ്മുടെ ശിക്ഷ വന്നപ്പോൾ) ഓടി രക്ഷപ്പെടാൻ വല്ല സങ്കേതവും ലഭിച്ചുവോ?

നബി ()യെ നിഷേധിച്ചവരുടെ കണ്ണ് തുറപ്പിക്കേണ്ട പരാമർശനമാണിത് ഇവരേക്കാൾ ശക്തന്മാരായിരുന്ന മുൻ കാല നിഷേധികൾക്ക് അള്ളാഹുവിന്റെ ശിക്ഷ വന്നപ്പോൾ ഓടി രക്ഷപ്പെടാൻ ഒരു പഴുതും ലഭിച്ചില്ല .അത് പോലെ ഇവരും സത്യം സ്വീകരിച്ചില്ലെങ്കിൽ നിന്ദ്യരായി കീഴടങ്ങേണ്ടി വരും.പരലോക ശിക്ഷയെ നിഷേധിക്കുന്ന മുശ്രിക്കുകൾക്ക് അവരുടെ മുൻ ഗാമികൾ അനുഭവിച്ച ഇഹലോക ശിക്ഷയെ നിഷേധിക്കാൻ കഴിയില്ലല്ലോ.അത് കൊണ്ട് അള്ളാഹു അത് ഓർമ്മപെടുത്തുകയും ഇത് പോലെ പരലോക ശിക്ഷയും നിഷേധികളെ പിടികൂടുക തന്നെചെയ്യുമെന്ന് ഉണർത്തുകയുമാണ്

إِنَّ فِي ذَلِكَ لَذِكْرَى لِمَن كَانَ لَهُ قَلْبٌ أَوْ أَلْقَى السَّمْعَ وَهُوَ شَهِيدٌ 37.

ചിന്തിക്കുന്ന ഹൃദയമുള്ളവന് അല്ലെങ്കിൽ ഹൃദയ സാന്നിധ്യമുള്ളവനായിക്കൊണ്ട് ശ്രദ്ധിച്ച് കേൾക്കുന്നവന് അതിൽ വലിയ പാഠമുണ്ട് തീർച്ച.

അദ്ധ്യായത്തിലും മറ്റും പരാമർശിച്ച വിഷയങ്ങൾ മനസ്സിരുത്തി ചിന്തിക്കുകയോ ഉൽബോധനങ്ങൾ ഹൃദയ സാന്നിദ്ധ്യത്തോടെ കേൾക്കുകയോ ചെയ്യുന്നവർക്ക് നന്നാവാൻ ഇത് ധാരാളം മതിയായതാണ്

وَلَقَدْ خَلَقْنَا السَّمَاوَاتِ وَالْأَرْضَ وَمَا بَيْنَهُمَا فِي سِتَّةِ أَيَّامٍ وَمَا مَسَّنَا مِن لُّغُوبٍ 38.

നിശ്ചയമായും ആകാശ ഭൂമികളെയും അവക്കിടയിലുള്ളതിനെയും ആറു ദിനങ്ങളിലായി നാം സൃഷ്ടിച്ചു.(എന്നിട്ട്) ഒരു ക്ഷീണവും നമ്മെ ബാധിച്ചിട്ടില്ല

അള്ളാഹുവിന്റെ വലിയ ശക്തിയുടെ തെളിവായി ആകാശ ഭൂമിയുടെയും അവയിലുള്ളതിന്റെയും സൃഷ്ടിപ്പിനെ എടുത്ത് കാണിച്ച് പ്രധാനപ്പെട്ടൊരു കാര്യം അള്ളാഹു പറഞ്ഞത് ശ്രദ്ധിക്കുക.ഇത്രയും വലിയ സൃഷ്ടിപ്പ് നടത്തിയിട്ട് ഒരു ക്ഷീണവും ബാധിച്ചിട്ടില്ല! ഇതിനെക്കുറിച്ച് രണ്ട് നിരീക്ഷണങ്ങളുണ്ട് (ഒന്ന്) ജൂതന്മാരുടെ ആരോപണത്തിന്റെ മറുപടിയാണിത്.അവർ പറഞ്ഞിരുന്നത് അള്ളാഹു ഞായറാഴ്ച സൃഷ്ടിപ്പ് തുടങ്ങുകയും വെള്ളിയാഴ്ച അതിൽ നിന്ന് വിരമിക്കുകയും ചെയ്ത് ശനിയാഴ്ച വിശ്രമിച്ചു( വാദത്തെ അള്ളാഹു വിമർശിക്കുന്നു)

(
രണ്ട്) ക്ഷീണം ബാധിച്ചില്ല എന്നത് മുശ്രിക്കുകൾക്ക് മറുപടിയാണ്.അതായത് ഇത്രയും വലിയ ആകാശവും ഭൂമിയും പടച്ച അള്ളാഹുവിനു മനുഷ്യനെ പുനർജനിപ്പിക്കുന്നത് ഒരു പ്രയാസവുമില്ല എന്ന് സ്ഥാപിക്കുക വഴി പുനർജന്മത്തെ നിഷേധിക്കുന്നത് മൌഢ്യമാണെന്ന് സ്ഥാപിക്കുന്നു (റാസി)

 39. فَاصْبِرْ عَلَى مَا يَقُولُونَ وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ

അതിനാൽ (നബിയേ) ഇവർ പറയുന്നതിനെ പറ്റി ക്ഷമിച്ചു കൊള്ളുക സൂര്യോദയത്തിനു മുമ്പും അതിന്റെ അസ്തമനത്തിനു മുമ്പും തങ്ങളുടെ രക്ഷിതാവിനെ സ്തുദിക്കുന്നതോടൊപ്പം അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുകയും ചെയ്ത് കൊള്ളുക

 40. وَمِنَ اللَّيْلِ فَسَبِّحْهُ وَأَدْبَارَ السُّجُودِ

രാത്രിയിൽ നിന്നും (ഏതാനും സമയം) അവന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക സുജൂദിന്റെ പിന്നിലും (അത് ചെയ്യുക)

അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുക എന്നതിൽ ഇവിടെ പ്രധാനമായും വിവക്ഷിക്കുന്നത് നിസ്ക്കാരമാണ്.സൂര്യോദയത്തിനു മുമ്പ് എന്നത് കൊണ്ട് സുബ്ഹി നിസ്കാരവും അസ്തമനത്തിനു മുമ്പ് എന്നത് കൊണ്ട് ളുഹ്റും അസ്റും  എന്നിവയും രാത്രിയിൽ നിന്ന് ഏതാനും സമയം എന്നത് കൊണ്ട് മഗ്രിബ്,ഇശാഅ് എന്നിവയുമാണ് ഉദ്ദേശം .സുജൂദ്,റുകൂഅ് നിൽക്കൽ എന്നിങ്ങനെയുള്ള വാക്കുകൾ നിസ്ക്കാരത്തെ ഉദ്ദേശിച്ച് ഖുർ ആൻ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്.സുജ്ജൂദിന്റെ പിന്നിൽ എന്ന് പറഞ്ഞത് നിസ്ക്കാര ശേഷം എന്നാണ്.അതിന്റെ ഉദ്ദേശ്യം നിർബന്ധ നിസ്ക്കാരങ്ങൾക്ക് ശേഷമുള്ള സുന്നത് നിസ്ക്കാരമാണെന്നാണ് ഒരു വീക്ഷണം.സുബ്ഹിക്കും അസ്റിനുമൊഴിച്ച് എല്ലാ നിസ്ക്കാര ശേഷവും സുന്നത്ത് നിസ്ക്കാരമുണ്ടല്ലോ.നിസ്ക്കാരത്തിനു ശേഷമുള്ള ദിക്റുകളാണുദ്ദേശമെന്നാണ് മറ്റൊരു വീക്ഷണം നിസ്ക്കാര ശേഷം നടത്തുന്ന ദിക്റും ദുആയും തെളിയിക്കുന്നതാണ് സൂക്തം.നിസ്ക്കാര ശേഷമുള്ള പ്രധാനപ്പെട്ട ചില ദിക്റുകളും ചില പ്രാർത്ഥനകളും ഹദീസുകളിൽ വന്നത് ഓർക്കുകയും നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ഉടൻ എഴുന്നേറ്റ് ഓടുന്ന സംസ്ക്കാരം നാം ഒഴിവാക്കുകയും വേണം

41.  وَاسْتَمِعْ يَوْمَ يُنَادِ الْمُنَادِ مِن مَّكَانٍ قَرِيبٍ

(മനുഷ്യാ) അടുത്ത സ്ഥലത്ത് നിന്ന് വിളിക്കുന്ന ഒരാൾ വിളിച്ചു പറയുന്ന ദിവസത്തെ നീ ശ്രദ്ധിച്ചു കൊണ്ടിരിക്കുക

പുനർജീവിതത്തിനു വേണ്ടിയുള്ള ഇസ്റാഫീൽ (عليه السلام) ന്റെ അവസാന ഊത്തിനെ പറ്റിയാണിവിടെ സൂചിപ്പിക്കുന്നത് അടുത്ത സ്ഥലം എന്നത് കൊണ്ടുദ്ദേശിക്കുന്നത് ബൈത്തുൽ മുഖദ്ദസിലുള്ള പറയാണെന്നാണ് ഒരു വ്യാഖ്യാനം ഇമാം ഇബ്നു കസീർ (رحمة الله عليه ) എഴുതുന്നു ‘ഖതാദ(رضي الله عنه) പറഞ്ഞു, ബൈതുൽ മുഖദ്ദസിലെ പാറമേൽ കയറി നിന്ന് ഓ ദ്രവിച്ച എല്ലുകളേ!,വേർപെട്ട് പോയ അവയവങ്ങളേ!വിധി പ്രഖ്യാപനത്തിലേക്ക് ഒരുമിച്ച് കൂടാൻ അള്ളാഹു നിങ്ങളോട് കൽപ്പിച്ചിരിക്കുന്നു എന്ന് വിളിച്ച് പറയാൻ ഒരു മലക്കിനോട് അള്ളാഹു കല്പിക്കുമെന്ന് കഅ്ബുൽ അഹ്ബാർ(رضي الله عنه) പറഞ്ഞിരിക്കുന്നു(ഇബ്നു കസീർ)

ഭൂമിയിൽ നിന്ന് ആകാശത്തോട് ഏറ്റവും അടുത്തതും ഭൂമിയുടെ മദ്ധ്യ ഭാഗവും എന്ന് മറ്റൊരു നിരീക്ഷണം (ഖുർതുബി)


42. يَوْمَ يَسْمَعُونَ الصَّيْحَةَ بِالْحَقِّ ذَلِكَ يَوْمُ الْخُرُوجِ


അതായത് ഘോര ശബ്ദം അവർ യഥാർത്ഥമായി തന്നെ കേൾക്കുന്ന ദിവസം!അത് (ഖബ്റുകളിൽ നിന്ന്) പുറപ്പെടുന്ന ദിവസമാകുന്നു

മരിച്ചു കിടന്ന സ്ഥലത്ത് നിന്ന് എല്ലാവരും എഴുന്നേൽക്കുന്നത് വിളി കേട്ടു കൊണ്ടായിരിക്കും

43. إِنَّا نَحْنُ نُحْيِي وَنُمِيتُ وَإِلَيْنَا الْمَصِيرُ


നിശ്ചയമായും നാം തന്നെ ജീവിപ്പിക്കുകയും മരണപ്പെടുത്തുകയും ചെയ്യുന്നു.നമ്മുടെ അടുക്കലേക്ക് തന്നെയാണ് മടങ്ങി വരലും

ശൂന്യതയിൽ നിന്ന് മനുഷ്യനെ ജനിപ്പിക്കുകയും പിന്നീട് അവനെ മരിപ്പിക്കുകയും ചെയ്ത അള്ളാഹുവിനു ഇങ്ങനെയുള്ള ഒരു പുനർജന്മം നൽകുന്നത് പ്രയാസമുള്ള കാര്യമേ അല്ല

44. يَوْمَ تَشَقَّقُ الْأَرْضُ عَنْهُمْ سِرَاعًا ذَلِكَ حَشْرٌ عَلَيْنَا يَسِيرٌ

അതായത് ഭൂമി അവരിൽ നിന്ന് പിളർന്ന് പോകുന്ന ദിവസം!അപ്പോൾ അവർ ധൃതിയിൽ വരും .നമുക്ക് എളുപ്പമുള്ള ഒരുമിച്ചു കൂട്ടലാണത്

ഭൂമിക്കുള്ളിൽ കിടന്നിരുന്നവർ അതിന്റെ പുറത്തേക്ക് തള്ളപ്പെടുകയും പുതു ജീവൻ ലഭിച്ച അവർ ധൃതിയിൽ മഹ്ശർ മൈതാനിയിൽ ഒരുമിച്ചു കൂടും കൂട്ടലും അള്ളാഹുവിനു നിഷ് പ്രയാസം സാദ്ധ്യം തന്നെ

45. نَحْنُ أَعْلَمُ بِمَا يَقُولُونَ وَمَا أَنتَ عَلَيْهِم بِجَبَّارٍ فَذَكِّرْ بِالْقُرْآنِ مَن يَخَافُ وَعِيدِ

അവർ പറയുന്നതിനെ പറ്റി നാം നല്ല വണ്ണം അറിയുന്നവനാകുന്നു (നബിയേ) തങ്ങൾ അവരുടെ മേൽ നിർബന്ധം ചെലുത്തുന്ന ആളല്ല .ആകയാൽ എന്റെ താക്കീത് ഭയപ്പെടുന്നവരെ തങ്ങൾ ഖുർആൻ മുഖേന ഉൽബോധിപ്പിക്കുക

അവർ തങ്ങളെ കളവാക്കുന്നതും ചീത്ത പറയുന്നതുമെല്ലാം നാം നന്നായി അറിയുന്നുണ്ട് (അവർക്ക് അർഹമായത് നാം നൽകും) ഉപദേശം നൽകലാണ് തങ്ങളുടെ ബാദ്ധ്യത അവരെ നേർമാർഗത്തിലാക്കലല്ല.അത് കൊണ്ട് ഉൽബോധനം നടത്തുക അവർ സ്വീകരിച്ചാലും ഇല്ലെങ്കിലും! ഖുർആൻ നന്നാവാൻ ഉദ്ദേശിക്കുന്നവർക്ക് ആവശ്യമായ നേർവഴി വിവരിക്കുന്നുണ്ടല്ലോ!

അള്ളാഹു ഈ ഉപദേശങ്ങൾ സ്വീകരിക്കുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ


പ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെامين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  
وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين







No comments: