അദ്ധ്യായം
49 | സൂറത്തുൽ ഹുജുറാത്ത് -
سورة الحجرات | മദീനയിൽ അവതരിച്ചു | സൂക്തങ്ങൾ 18
(part - 2 - 9 മുതൽ 18 വരെ സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
وَإِن طَائِفَتَانِ مِنَ الْمُؤْمِنِينَ اقْتَتَلُوا فَأَصْلِحُوا بَيْنَهُمَا فَإِن بَغَتْ إِحْدَاهُمَا عَلَى الْأُخْرَى فَقَاتِلُوا الَّتِي تَبْغِي حَتَّى تَفِيءَ إِلَى أَمْرِ اللَّهِ فَإِن فَاءتْ فَأَصْلِحُوا بَيْنَهُمَا بِالْعَدْلِ وَأَقْسِطُوا إِنَّ اللَّهَ يُحِبُّ الْمُقْسِطِينَ (49:9
സത്യവിശ്വാസികളിൽ നിന്നുള്ള രണ്ട് വിഭാഗങ്ങൾ പരസ്പരം
സമരത്തിലായാൽ നിങ്ങൾ അവർക്കിടയിൽ യോജിപ്പുണ്ടാക്കുക എന്നിട്ട് അവരിൽ ഒരു വിഭാഗം
മറു വിഭാഗത്തിനെതിരിൽ അതിക്രമം പ്രവർത്തിച്ചാൽ അതിക്രമം പ്രവർത്തിച്ചവർ
അള്ളാഹുവിന്റെ കല്പനയിലേക്ക് മടങ്ങി വരുന്നത് വരെ നിങ്ങൾ അവരോട് സമരം ചെയ്യണം
അങ്ങനെ ആ വിഭാഗം മടങ്ങിവരികയാണെങ്കിൽ നീതി പൂർവം അവർക്കിടയിൽ
രഞ്ജിപ്പുണ്ടാക്കുകയും നിങ്ങൾ നീതി പൂർവം പെരുമാറുകയും ചെയ്യുക നിശ്ചയമായും നീതി
പാലിക്കുന്നവരെ അള്ളാഹു ഇഷ്ടപ്പെടുന്നതാകുന്നു
രണ്ട് വ്യക്തികൾ തമ്മിലോ/ രണ്ട് വിഭാഗങ്ങൾ തമ്മിലോ വല്ല വഴക്കോ പ്രശ്നങ്ങളോ ഉണ്ടായാൽ മറ്റു മുസ്ലിംകൾ പ്രത്യേകിച്ചും നേതൃ നിരയിലുള്ളവർ അവർക്കിടയിൽ സമാധാനവും രജ്ഞിപ്പുമുണ്ടാക്കണം എന്നാൽ ഒരു വിഭാഗം യോജിപ്പിനു സമ്മതിക്കുകയും മറു ഭാഗം നീതിക്കും നിയമത്തിനും വഴങ്ങാതെ അക്രമം തുടരുകയും ചെയ്യുകയാണെങ്കിൽ അക്രമിക്കെതിരിൽ-അവർ നീതിക്ക് വഴങ്ങാൻ തയാറാകും വരെ- മറ്റുള്ളവരെല്ലാം ഒന്നിച്ചു നിന്ന് സമരം ചെയ്യണം .അവർ തമ്മിൽ പ്രശ്നം ഉണ്ടാക്കുകയോ യോജിപ്പിലെത്തുകയോ ചെയ്യട്ടെ നമുക്കതിൽ കാര്യമൊന്നുമില്ല എന്ന് ഒരിക്കലും സമുദായം കരുതാവതല്ല ഇങ്ങനെ നീതിയുടെ പക്ഷത്ത് സമൂഹം ഒന്നിച്ചു നിന്നാൽ അക്രമികൾ ഒറ്റപ്പെടുകയും അവർ യോജിപ്പിനു വഴങ്ങാൻ നിർബന്ധിതരാവുകയും ചെയ്യും .യോജിപ്പിനു അവർ തയാറായാൽ പിന്നെ അവരോട് പഴയ വിദ്വേഷം വെച്ച് പുലർത്തരുത് അവരോട് നീതിയോടെയും നിഷ്പക്ഷതയോടെയും പെരുമാറണം നന്നാവാൻ തീരുമാനിച്ചവരോട് അനീതി ചെയ്തു കൂടാ .കാരണം നീതി പാലിക്കുന്നവരെയാണ് അള്ളാഹു സ്നേഹിക്കുന്നത്.അനസ് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു നബി ﷺ പറഞ്ഞു ‘നിന്റെ സഹോദരനെ അവൻ മർദ്ധിതനായാലും
മർദ്ധകനായാലും നീ സഹായിക്കണം.ഞാൻ ചോദിച്ചു
മർദ്ധിതനെ സഹായിക്കണമെന്ന് പറഞ്ഞത് മനസ്സിലായി പക്ഷെ അക്രമിയെ ഞാൻ എങ്ങനെ സഹായിക്കും?നബി ﷺ പറഞ്ഞത് അക്രമത്തിൽ നിന്ന് അവനെ തടയുക
എന്നത് അവനെ സഹായിക്കലാണ്(ബുഖാരി) അപ്പോൾ അക്രമം കണ്ട് നിൽക്കാൻ പറ്റില്ല അക്രമിയുടെ കൈപിടിക്കുകയും അവനെ പിന്തിരിപ്പിക്കാൻ
ശ്രമിക്കുകയും വേണം.നീതി പാലിക്കുന്നവർക്ക് ധാരാളം മഹത്വമുള്ളതായി
ഹദീസുകളിൽ കാണാം .ഉദാഹരണമായി നബി ﷺ പറഞ്ഞതായി അബ്ദുള്ളാഹിബിൻ അംറ് رضي الله عنه റിപ്പോർട്ട് ചെയ്യുന്നു ഭൂമിയിൽ നീതി പാലിക്കുന്നവർക്ക് വേണ്ടി
പരലോകത്ത് അള്ളാഹു മുത്തുകളാലുള്ള പീഢങ്ങൾ നൽകുന്നതാണ് (ഇബ്നു കസീർ )
إِنَّمَا الْمُؤْمِنُونَ إِخْوَةٌ فَأَصْلِحُوا بَيْنَ أَخَوَيْكُمْ وَاتَّقُوا اللَّهَ لَعَلَّكُمْ تُرْحَمُونَ (49:10
സത്യ വിശ്വാസികൾ സഹോദരങ്ങൾ തന്നെയാണ്
.അതിനാൽ നിങ്ങളുടെ രണ്ട് സഹോദരങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കുകയും അള്ളാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക.നിങ്ങൾ
കരുണ ചെയ്യപ്പെടുവാൻ വേണ്ടി
സത്യ വിശ്വാസികൾ എവിടെയായിരുന്നാലും ഒരേ മാതാപിതാക്കളുടെ സന്താനങ്ങളെന്നോണം സ്നേഹത്തോടും കൃപയോടും കൂടി ജീവിക്കണം .കാരണം അവരെ ഒന്നിപ്പിക്കുന്ന കുറേ ഘടങ്ങളുണ്ട്.ഒരേ നാഥൻ,ഒറ്റ നേതാവ്, ഒറ്റ ഭാഷ (മതത്തിന്റെ ഔദ്യോഗിക ആരാധനകൾക്ക്), ഒറ്റ ഗ്രന്ഥം (ഖുർആൻ), ഒരേ കേന്ദ്രം (കഅ്ബ:))ഇങ്ങനെയുള്ള സമൂഹം ഈ യോജിപ്പിന്റെ തല്പര്യത്തിനനുസരിച്ച് ജീവിക്കണം.തനിക്ക് താൻ ഇഷ്ടപ്പെടുന്നത് തന്റെ സഹോദരനും ഇഷ്ടപ്പെടുന്നത് വരെ നിങ്ങൾ സത്യ വിശ്വാസി ആവുകയില്ല എന്ന നബി വചനം ഈ ആശയം വ്യക്തമാക്കുന്നുണ്ട്.സത്യവിശ്വാസികൾ പരസ്പര സ്നേഹത്തിലും ബന്ധത്തിലും അനുകമ്പയിലും ഒരു ശരീരം പോലെയാണ് അതിലെ ഒരു അവയവത്തിനു രോഗം ബാധിച്ചാൽ ശരീരത്തിന്റെ മറ്റു ഭാഗങ്ങൾ പനികൊണ്ടും ഉറക്കമൊഴിക്കൽ കൊണ്ടും അതിനോട് ഐക്യ ദാർഢ്യം പ്രകടിപ്പിക്കുമല്ലോ എന്ന ഹദീസ് ഈ വസ്തുതയോട് നാം ചേർത്ത് വായിച്ചാൽ വിശ്വാസികൾ തമ്മിലുണ്ടാവേണ്ട സൌഹൃദത്തിന്റെ ആഴം നമുക്ക് ഊഹിക്കാവുന്നതാണ്
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَومٌ مِّن قَوْمٍ عَسَى أَن يَكُونُوا خَيْرًا مِّنْهُمْ وَلَا نِسَاء مِّن نِّسَاء عَسَى أَن يَكُنَّ خَيْرًا مِّنْهُنَّ وَلَا تَلْمِزُوا أَنفُسَكُمْ وَلَا تَنَابَزُوا بِالْأَلْقَابِ بِئْسَ الاِسْمُ الْفُسُوقُ بَعْدَ الْإِيمَانِ وَمَن لَّمْ يَتُبْ فَأُوْلَئِكَ هُمُ الظَّالِمُونَ (49:11)
സത്യ വിശ്വാസികളേ!
ഒരു ജനതയും മറ്റൊരു ജനതയെ പരിഹസിക്കരുത്.ഇവർ (പരിഹസിക്കപ്പെടുന്നവർ)
അവരേക്കാൾ
(പരിഹസിക്കുന്നവരേക്കാൾ)
നല്ലവരായേക്കാം.ചില
സ്ത്രീകൾ മറ്റു സ്ത്രീകളെയും പരിഹസിക്കരുത് ഇവർ
(പരിഹസിക്കപ്പെടുന്ന
സ്ത്രീകൾ) അവരേക്കാൾ (പരിഹസിക്കുന്ന സ്ത്രീകളേക്കാൾ)
ഉത്തമരായേക്കാം നിങ്ങൾ നിങ്ങളെത്തന്നെ
(പരസ്പരം)
കുത്തു വാക്കുകൾ പറയരുത്.നിങ്ങൾ
പരിഹാസപ്പേരുകൾ കൊണ്ട് പരസ്പരം വിളിക്കുകയുമരുത്.സത്യ
വിശ്വാസം കൈക്കൊണ്ടതിനു ശേഷം അധാർമികമായ പേരു വിളിക്കുന്നത് എത്ര ചീത്ത!
വല്ലവരും പശ്ചാത്തപിക്കുന്നില്ലെങ്കിൽ അവർ അക്രമികൾ തന്നെയാണ്
ചിലർക്ക് ചില കുറ്റങ്ങളും കുറവുകളുമുണ്ടായേക്കാം അവരിൽ തന്നെ പല ഗുണങ്ങളുമുണ്ടാകും അതിനാൽ പുരുഷനായാലും സ്ത്രീയായാലും ആർക്കും മറ്റുള്ളവരെ പരിഹസിക്കാനോ നിന്ദിക്കാനോ അർഹതയില്ല.ഇതാണീ സൂക്തത്തിൽ അള്ളാഹു അറിയിക്കുന്നത്.മുൻ സൂക്തത്തിൽ വിശ്വാസികൾ സഹോദരങ്ങളാണെന്ന് പറഞ്ഞുവല്ലോ.ആ സാഹോദര്യം തകർക്കുന്ന വിഷയമാണീ പരിഹാസം.തുടർന്ന് പറഞ്ഞ കുത്തുവാക്ക് പറയലും മോശമായ ഇരട്ടപ്പേരു വിളിക്കലും ഈ സാഹോദര്യത്തിന്റെ ഊഷ്മളത തകർക്കാനേ ഉപകരിക്കൂ അതാണിത്തരം ദു:സ്വഭാവങ്ങളെയെല്ലാം ഖുർആൻ വിലക്കുന്നത്.ഇവിടെ ഖുർആനിന്റെ പ്രയോഗം നോക്കൂ ‘നിങ്ങൾ നിങ്ങളെത്തന്നെ കുത്തുവാക്കുകൾ പറയരുത്‘ ഒരാൾ മറ്റൊരാളെ കുത്തുവാക്ക് പറയുമ്പോൾ അത് തന്നെത്തന്നെ പറയുന്നതായാണ് ഇസ്ലാം കാണുന്നത് ഹാസ്യ നാമങ്ങൾ പറഞ്ഞ് കളിയാക്കുന്നതിനെയാണിവിടെ ആക്ഷേപിക്കുന്നത്.മഹത്വത്തെയോ സ്നേഹത്തെയോ സൂചിപ്പിക്കുന്ന ഇരട്ടപ്പേരാണെങ്കിൽ അത് പരിഹാസമല്ല.അത് വിളിക്കുന്നതിനു വിരോധവുമില്ല ചീത്തപ്പേരുകൾ കൊണ്ട് സഹോദരനെ വിളിക്കുന്നത് ഇസ്ലാമിക സംസ്ക്കാരമല്ല അത്തരക്കാർ അതിൽ നിന്ന് പിന്മാറി പശ്ചാത്തപിക്കേണ്ടത് അനിവാര്യം തന്നെ നബി ﷺ പറഞ്ഞു
ليس المؤمن بالطعان ولااللعان ولاالفاحش ولاالبذي (സത്യവിശ്വാസി കുത്തിപ്പറയുന്നവനോ ശപിക്കുന്നവനോ മ്ലേഛനോ അസഭ്യം പറയുന്നവനോ ആയിരിക്കുകയില്ല‘തുർമുദി, ബൈഹഖി)
ഇസ്ലാമിന്റെ ഉൽബോധനം വരുന്നതിനു മുമ്പ് ഇത്തരം തെറ്റായ നടപടികൾ സംഭവിച്ചിട്ടുണ്ടാകും.എന്നാൽ ഇനി അതിൽ നിന്നെല്ലാം പശ്ചാത്തപിച്ച് മടങ്ങുകയാണ് വേണ്ടത് എന്നാൽ ഉൽബോധനം വന്നതിനു ശേഷവും ഇത്തരം തിന്മകൾ ചെയ്യുകയാണെങ്കിൽ അവർ വലിയ അക്രമികളാവുകയും ശിക്ഷക്കർഹരുമാവുമെന്ന് സാരം
يَا أَيُّهَا الَّذِينَ آمَنُوا اجْتَنِبُوا كَثِيرًا مِّنَ الظَّنِّ إِنَّ بَعْضَ الظَّنِّ إِثْمٌ وَلَا تَجَسَّسُوا وَلَا يَغْتَب بَّعْضُكُم بَعْضًا أَيُحِبُّ أَحَدُكُمْ أَن يَأْكُلَ لَحْمَ أَخِيهِ مَيْتًا فَكَرِهْتُمُوهُ وَاتَّقُوا اللَّهَ إِنَّ اللَّهَ تَوَّابٌ رَّحِيمٌ (49:12
സത്യവിശ്വാസികളെ! ഊഹങ്ങളിൽ
മിക്കതും നിങ്ങൾ വർജ്ജിക്കുക
(കാരണം)
നിശ്ചയം ഊഹങ്ങളിൽ ചിലത് കുറ്റകരമാണ്.നിങ്ങൾ
ചാരവൃത്തി നടത്തുകയോ നിങ്ങളിൽ ചിലർ മറ്റു ചിലരെ പരദൂഷണം പറയുകയോ അരുത് തന്റെ സഹോദരൻ മരിച്ച സ്ഥിതിയിൽ അവന്റെ മാംസം തിന്നുന്നത് നിങ്ങളിൽ ഒരാൾ ഇഷ്ടപ്പെടുമോ?എന്നാൽ
അത് നിങ്ങൾ വെറുക്കുന്നു നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുക.നിശ്ചയം
അള്ളാഹു ധാരാളമായി പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യവാനുമാകുന്നു
കൃത്യമായ ബോദ്ധ്യമില്ലാതെ ഒരു വിഷയത്തിലും തീരുമാനമെടുക്കരുത്.കാരണം ഊഹങ്ങൾ പലതും തെറ്റായിരിക്കും.അത് കൊണ്ട് ചില സാഹചര്യ തെളിവുകളുടെയും മറ്റും പേരു പറഞ്ഞ് പലതും നമ്മൾ ധരിക്കും എന്നാൽ സത്യം അതായിരിക്കണമെന്നില്ല.അത് കൊണ്ട് ഊഹത്തിന്റെ അടിസ്ഥാനത്തിൽ ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ചെയ്യരുത്.കാരണം അത് പലപ്പോഴും നിരപരാധിയെ അപരാധിയാക്കാനും വലിയ നാശവും കുഴപ്പവും സമൂഹത്തിൽ ഉടലെടുക്കാനും കാരണമാകും .ഇതൊന്നും സത്യവിശ്വാസിക്ക് ചേർന്നതല്ല എന്നാണ് ഊഹങ്ങളിൽ മിക്കതും നിങ്ങൾ ഉപേക്ഷിക്കുക എന്ന് പറഞ്ഞതിന്റെ സാരം. ഇതേ അദ്ധ്യായത്തിലെ ആറാം സൂക്തം മുമ്പ് വിശദീകരിച്ചത് ഇവിടെ ഓർക്കുക. ഹാരിസത്തു ബിൻ നുഅ്മാൻ رضي الله عنه നബി ﷺ പറഞ്ഞതായി റിപോർട്ട് ചെയ്യുന്നു ‘മൂന്ന് കാര്യങ്ങൾ എന്റെ സമുദായത്തിന്റെ കൂടെപ്പിറപ്പാണ് ലക്ഷണം നോക്കൽ,അസൂയ,ചീത്ത ധാരണ എന്നിവയാണാ കാര്യങ്ങൾ.ഒരാൾ ചോദിച്ചു ഇവകളെ എങ്ങനെ അവ ബാധിച്ചവരിൽ നിന്ന് ഒഴിവാക്കാം? നബി ﷺ പറഞ്ഞു.നിനക്ക് അസൂയ തോന്നിയാൽ നീ അള്ളാഹുവോട് പൊറുക്കലിനെ തേടുക,ധാരണ തോന്നിയാൽ അത് സത്യമെന്ന് ഉറപ്പിക്കാതിരിക്കുക,ലക്ഷണം നോക്കിയാൽ അത് പരിഗണിക്കാതെ (അള്ളാഹുവിൽ ഭരമേല്പിച്ച്) തീരുമാനവുമായി മുന്നോട്ട് പോവുക (ഇബ്നു കസീർ 4/310)
രണ്ടാമത് പറഞ്ഞത് ചാരവൃത്തിനടത്തരുതെന്നാണ് മറ്റുള്ളവരുടെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുവാനായി നടത്തുന്ന ശ്രമങ്ങളാണത് ഇത് വലിയ തെറ്റാണ് വിശ്വാസികൾക്കിടയിൽ ഭിന്നിപ്പിനും കലഹത്തിനും അവമതിപ്പിനുമെല്ലാം അത് കാരണമാകും.മറ്റുള്ളവരുടെ
കുറവുകൾ അന്വേഷിച്ചു നടക്കരുതെന്ന് മാത്രമല്ല വല്ല പോരായ്മയും കണ്ടാൽ പോലും അത് മറച്ചു
വെക്കുകയും അവന്റെ അഭിമാനത്തിനു ക്ഷതമേൽപ്പിക്കാതിരിക്കുകയും
ചെയ്യണമെന്നാണ് ഇസ്ലാമിന്റെ നയം. ഉഖ്ബ
رضي
الله عنه ന്റെ എഴുത്തുകാരൻ ദജീൻ رضي الله عنه പറഞ്ഞു,ഞാൻ ഉഖ്ബയോട്
പറഞ്ഞു ഞങ്ങളുടെ ചില അയൽക്കാർ കള്ള് കുടിക്കുന്നത് കണ്ടപ്പോൾ ഞാൻ അവരെക്കുറിച്ച് പോലീസിനു
വിവരം നൽകുകയും അവരെ പോലീസ് പിടികൂടുകയും ചെയ്തു.അപ്പോൾ ഉഖ്ബ
പറഞ്ഞു അങ്ങനെ ചെയ്യരുത് അവരെ ഉപദേശിക്കുകയും ഭയപ്പെടുത്തുകയും ചെയ്യുക .അങ്ങനെ ചെയ്തിട്ടും ഫലമുണ്ടായില്ല അപ്പോൾ ഞാൻ വീണ്ടും പോലീസിനെ വിളിച്ചു അവരെ
അറസ്റ്റ് ചെയ്യിപ്പിച്ചു എന്ന് ദജീൻ പറഞ്ഞു അപ്പോൾ ഉഖ്ബയുടെ മറുപടി നിനക്ക് നാശം നീ
അങ്ങനെ ചെയ്യരുതായിരുന്നു കാരണം നബി ﷺ പറയുന്നത്ഞാൻ കേട്ടു ഒരു വിശ്വാസിയുടെ
ന്യൂനത ആരെങ്കിലും മറച്ചു വെച്ചാൽ ജീവനോടെ കുഴിച്ചു മൂടപ്പെട്ട പെൺകുട്ടിയെ ജിവിതത്തിലേക്ക്
തിരിച്ച് കൊണ്ടു വന്നവനെപ്പോലെ പ്രതിഫലത്തിനർഹനാണ്
(ഇബ്നു കസീർ).കുറ്റങ്ങൾ നാം കണ്ടാൽ പോലും ഗുണകാംക്ഷാപരമായി
അവനെ സ്വകാര്യമായി ഉപദേശിക്കുകയല്ലാതെ അത് പുറത്ത് പറഞ്ഞ് അവനെ നാറ്റിക്കാൻ പാടില്ല.എന്നാൽ ഇന്ന് നാം കാണുന്നതോ ഒരാളിൽ ഒരു കുറ്റമുണ്ടെങ്കിൽ അത് മറ്റുള്ളവർ ആഘോഷിക്കുന്നു
അവനോട് മാത്രം അതെക്കുറിച്ച് പറയുന്നുമില്ല.ഇത് ശരിയായ സംസ്ക്കാരമല്ല
തന്നെ
.
മൂന്നാമതായി പറഞ്ഞ പരദൂഷണം പൊതുവിൽ കാണുന്ന ഒരു ദു:സ്വഭാവമാണ്.പരദൂഷണമെന്നാൽ നിന്റെ സഹോദരനെക്കുറിച്ച് അവനിഷ്ടമില്ലാത്തത് പറയുക എന്നാകുന്നു എന്ന് നബി ﷺ പറഞ്ഞപ്പോൾ ഞാൻ പറയുന്നത് എന്റെ സഹോദരനിൽ ഉണ്ടെങ്കിലോ?എന്ന് സഹാബികൾ ചോദിച്ചപ്പോൾ നീ പറയുന്നത് അവനിലുണ്ടെങ്കിൽ നീ പരദൂഷണം പറഞ്ഞു അവനിൽ അതില്ലെങ്കിൽ അവനെക്കുറിച്ച് കളവ് കെട്ടിപ്പറഞ്ഞു എന്നായിരുന്നു നബി ﷺ യുടെ മറുപടി.(മുസ്ലിം)
മൂന്നാമതായി പറഞ്ഞ പരദൂഷണം പൊതുവിൽ കാണുന്ന ഒരു ദു:സ്വഭാവമാണ്.പരദൂഷണമെന്നാൽ നിന്റെ സഹോദരനെക്കുറിച്ച് അവനിഷ്ടമില്ലാത്തത് പറയുക എന്നാകുന്നു എന്ന് നബി ﷺ പറഞ്ഞപ്പോൾ ഞാൻ പറയുന്നത് എന്റെ സഹോദരനിൽ ഉണ്ടെങ്കിലോ?എന്ന് സഹാബികൾ ചോദിച്ചപ്പോൾ നീ പറയുന്നത് അവനിലുണ്ടെങ്കിൽ നീ പരദൂഷണം പറഞ്ഞു അവനിൽ അതില്ലെങ്കിൽ അവനെക്കുറിച്ച് കളവ് കെട്ടിപ്പറഞ്ഞു എന്നായിരുന്നു നബി ﷺ യുടെ മറുപടി.(മുസ്ലിം)
അപ്പോൾ ഒരാളെക്കുറിച്ച് അവനിലുള്ളതാണെങ്കിൽ പോലും കുറ്റം പറയാൻ അനുവാദമില്ല എന്നിട്ടല്ലേ ഇല്ലാത്തത് പറയൽ! അസാന്നിദ്ധ്യത്തിൽ പറയുന്നത് മാത്രമല്ല ഒരാൾക്ക് വെറുപ്പുള്ളത് അവന്റെ സാന്നിദ്ധ്യത്തിലും പറയാവതല്ല .പരദൂഷണം ശരിക്കും മനുഷ്യനെ പച്ചക്ക് തിന്നുന്നത് പോലെയാണെന്നാണ് അള്ളാഹു തുടർന്ന് പറഞ്ഞത് .മരിച്ചവന്റെ മാംസം തിന്നാൻ നമുക്ക് താല്പര്യമില്ല എന്നാൽ പരദൂഷണം ഒരു തരം മാംസ തീറ്റയാണ്. നബി ﷺ പറഞ്ഞതായി ബുർദ رضي الله عنه പറയുന്നു ‘നാവ് കൊണ്ട് വിശ്വസിക്കുകയും മനസ്സിലേക്ക് അത് പ്രവേശിക്കാതിരിക്കുകയും ചെയ്ത സമൂഹമേ! നിങ്ങൾ മുസ്ലിംകളെ പരദൂഷണം പറയുകയോ അവരുടെ സ്വകാര്യത ചികയുകയോ ചെയ്യരുത്.കാരണം മുസ്ലിംകളുടെ സ്വകാര്യത പരിശോധിക്കാനിറങ്ങുന്നവരുടെ കുറ്റങ്ങൾ അള്ളാഹു പരിശോധിക്കും അള്ളാഹു ഒരാളുടെ സ്വകാര്യത പരിശോധിച്ചാൽ അവന്റെ വീട്ടിൽ വെച്ച് തന്നെ അള്ളാഹു അവനെ വഷളാക്കും ഒരു മുസ്ലിമിന്റെ അഭിമാനം നാം തകർക്കരുതെന്ന് മാത്രമല്ല അതിനെ പ്രതിരോധിക്കാൻ സാധിക്കുന്നവൻ അത് ചെയ്തില്ലെങ്കിൽ പോലും അവൻ കുറ്റവാളിയാകുമെന്നാണ് ഇസ്ലാമിന്റെ നിലപാട് (ഇബ്നു കസീർ 4/314)
എന്നാൽ ഖേദകരമെന്ന് പറയട്ടെ മദ്യപാനവും പലിശയും വ്യഭിചാരവുമെല്ലാം കുറ്റമായതിനാൽ ഉപേക്ഷിക്കുന്ന സത്യ വിശ്വാസികൾ പോലും ഇത്രയും ഗുരുതരമായ പരദൂഷണത്തിന്റെ ഗൌരവം ഉൾക്കൊള്ളുന്നില്ലെന്നതാണ് ഖേദകരം! ഇത്തരം തെറ്റുകളിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ വിശ്വാസിയെ പര്യാപ്തമാക്കുന്നത് ദൈവ ഭക്തി ഒന്ന് മാത്രമായതിനാലാണ് തുടർന്ന് അള്ളാഹുവെ സൂക്ഷിക്കുക എന്ന കലപന വന്നത് മുമ്പ് സംഭവിച്ചു പോയതിൽ പശ്ചാത്തപിക്കണമെന്നും അള്ളാഹു അത് സ്വീകരിക്കുമെന്നും തുടർന്ന് പറഞ്ഞിരിക്കുന്നു
يَا أَيُّهَا النَّاسُ إِنَّا خَلَقْنَاكُم مِّن ذَكَرٍ وَأُنثَى وَجَعَلْنَاكُمْ شُعُوبًا وَقَبَائِلَ لِتَعَارَفُوا إِنَّ أَكْرَمَكُمْ عِندَ اللَّهِ أَتْقَاكُمْ إِنَّ اللَّهَ عَلِيمٌ خَبِيرٌ (49:13
ജനങ്ങളേ!
നിശ്ചയം ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമായി നിങ്ങളെ നാം സൃഷ്ടിച്ചിരിക്കുന്നു നിങ്ങൾ പരസ്പരം അറിഞ്ഞു പരിചയപ്പെടുവാനായി നിങ്ങളെ നാം ശാഖകളും ഗോത്രങ്ങളുമാക്കുകയും ചെയ്തിരിക്കുന്നു നിശ്ചയമായും നിങ്ങളിൽ നിന്ന് അള്ളാഹുവിങ്കൽ അത്യാദരണീയൻ ഏറ്റവും ഭയഭക്തിയുള്ളവൻ തന്നെ. അള്ളാഹു സർവജ്ഞനും
സൂക്ഷ്മജ്ഞനും തന്നെയാകുന്നു
വളരെ അമൂല്യമായ ഒരു തത്വമാണിവിടെ ഖുർആൻ പ്രഖ്യാപിച്ചിട്ടുള്ളത് കഴിഞ്ഞ സൂക്തങ്ങളിൽ അള്ളാഹു സത്യ വിശ്വാസികളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള ചില നിർദ്ദേശങ്ങളാണ് നൽകിയിരുന്നതെങ്കിൽ ഈ വാക്യം ലോകജനതയെ ആകമാനം സംബോധന ചെയ്യുകയാണ് മനുഷ്യരെ! നിങ്ങളെല്ലാം ഒരു പുരുഷനിൽ നിന്നും ഒരു സ്ത്രീയിൽ നിന്നുമാണ്.അഥവാ ആദം عليه السلام ഹവ്വാ رضي الله عنها എന്നിവരിൽ നിന്നാണ്.ആ നിലക്ക് വർണ്ണ/വർഗ വ്യത്യാസം കൊണ്ട് നിങ്ങൾക്കിടയിൽ ഉച്ച നീചത്വം കല്പിച്ചു കൂടാ .നിങ്ങളെ വിവിധ ശാഖകളും ഗോത്രങ്ങളുമാക്കിയത് പരസ്പരം അറിഞ്ഞിരിക്കേണ്ടതിനു –ഇന്ന ഗോത്രക്കാരനായ ഇന്നവന്റെ മകൻ ഇന്നവൻ എന്നിങ്ങനെ മനസ്സിലാക്കേണ്ടതിനു-വേണ്ടിയാണ് ഒരാളുടെ മഹത്വത്തിന്റെ മാനദണ്ഡം അവന്റെ ദൈവ ഭക്തിയാണ് കൂടുതൽ ഭക്തനാരോ അവനാണ് കൂടുതൽ ഉന്നതൻ അവന്റെ ഗോത്രമേതായാലും ശരി അവന്റെ വർണ്ണം എന്തായാലും ശരി.ദൈവ ഭക്തിയില്ലെങ്കിൽ പിന്നെ ഉന്നത തറവാട്ടുകാരനായതു കൊണ്ടോ നല്ല വർണ്ണമുണ്ടായത് കൊണ്ടോ മഹത്വമുണ്ടാവില്ല. ഈ വസ്തുത ഉൾക്കൊള്ളാത്തതിന്റെ പേരിൽ ഇന്നും വർണ്ണവെറിയും വർഗീയ ചേരിതിരിവും നടമാടുന്നുവെന്നത് എന്ത് മാത്രം ഖേദകരമല്ല!
قَالَتِ الْأَعْرَابُ آمَنَّا قُل لَّمْ تُؤْمِنُوا وَلَكِن قُولُوا أَسْلَمْنَا وَلَمَّا يَدْخُلِ الْإِيمَانُ فِي قُلُوبِكُمْ وَإِن تُطِيعُوا اللَّهَ وَرَسُولَهُ لَا يَلِتْكُم مِّنْ أَعْمَالِكُمْ شَيْئًا إِنَّ اللَّهَ غَفُورٌ رَّحِيمٌ (49:14)
ഞങ്ങൾ സത്യവിശ്വാസം സ്വീകരിച്ചിരിക്കുന്നു
എന്ന് ഗ്രാമവാസികളായ അറബികൾ പറഞ്ഞു (നബിയേ) പറയുക.നിങ്ങൾ
വിശ്വസിച്ചിട്ടില്ല പക്ഷെ ഞങ്ങൾ അനുസരിച്ചു എന്ന് നിങ്ങൾ പറയുക
.നിങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം ഇതുവരെ കടന്നിട്ടില്ല നിങ്ങൾ അള്ളാഹുവിനെയും അവന്റെ റസൂലിനെയും അനുസരിക്കുന്ന പക്ഷം നിങ്ങളുടെ കർമങ്ങളിൽ നിന്ന് ഒന്നും അവൻ കുറച്ച് കളയുന്നതല്ല നിശ്ചയം അള്ളാഹു വളരെ പൊറുക്കുന്നവനും കരുണ ചെയ്യുന്നവനുമാകുന്നു
മദീനാ പട്ടണത്തിനു വെളിയിൽ ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന ‘അസദ്‘ ഗോത്രക്കാരിൽ ചിലർ നബി ﷺ യുടെ അടുത്ത് വന്ന് ഇങ്ങനെ പറഞ്ഞു .‘മറ്റു പല അറബ് ഗോത്രങ്ങളും അങ്ങയോട് യുദ്ധത്തിനു പുറപ്പെട്ടത് പോലെ ഞങ്ങൾ ചെയ്തിട്ടില്ല എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് വലിയ ക്ഷാമം നേരിട്ടിരിക്കുന്നു അങ്ങ് ഞങ്ങളെ സഹായിക്കണം ഞങ്ങൾ വിശ്വാസിച്ചിരിക്കുന്നു‘ അവരെപറ്റിയാണീ സൂക്തം .അതായത് സത്യവിശ്വാസം (ഈമാൻ)
ഹൃദയത്തിൽ സ്ഥാനം പിടിക്കേണ്ടതാണ് പിന്നീട് സംശയമോ ദൌർബല്യമോ വരാത്ത വിധം അത് സുദൃഢമായിരിക്കണം നാവു കൊണ്ട് ഞങ്ങൾ വിശ്വസിച്ചു എന്ന് പറഞ്ഞാൽ പോരാ.നിങ്ങൾ ഇത് വരെയും അങ്ങനെ വിശ്വസിച്ചിട്ടില്ല എന്നാൽ നിങ്ങൾ യുദ്ധത്തിനും അക്രമങ്ങൾക്കും മുതിരാതിരിക്കുക വഴി ഞങ്ങൾ അനുസരിച്ചു –കീഴൊതുങ്ങി- എന്ന് പറയാവുന്നതാണ് ‘നിങ്ങളുടെ ഹൃദയങ്ങളിൽ സത്യവിശ്വാസം ഇതുവരെ കടന്നിട്ടില്ല‘ എന്ന പ്രയോഗത്തിൽ നിന്ന് അവർ പിന്നീട് യഥാർത്ഥ സത്യവിശ്വാസികളായേക്കാം എന്ന സൂചനയുണ്ട്.
إِنَّمَا الْمُؤْمِنُونَ الَّذِينَ آمَنُوا بِاللَّهِ وَرَسُولِهِ ثُمَّ لَمْ يَرْتَابُوا وَجَاهَدُوا بِأَمْوَالِهِمْ وَأَنفُسِهِمْ فِي سَبِيلِ اللَّهِ أُوْلَئِكَ هُمُ الصَّادِقُونَ (49:15)
അള്ളാഹുവിലും
അവന്റെ റസൂലിലും വിശ്വസിക്കുകയും പിന്നീട് ഒട്ടും സംശയിക്കാതിരിക്കുകയും തങ്ങളുടെ ധനങ്ങൾ കൊണ്ടും ദേഹങ്ങൾ കൊണ്ടും അള്ളാഹുവിന്റെ മാർഗത്തിൽ ധർമ്മസമരം നടത്തുകയും ചെയ്യുന്നതാരോ അവർ തന്നെയാണ്
(യഥാർത്ഥ)
സത്യവിശ്വാസികൾ .അവർ തന്നെയാണ്
സത്യസന്ധന്മാരും
ഈമാനിന്റെ സ്ഥാനം ഹൃദയമാണ് ഈമാൻ അനുസരിച്ചുള്ള അനുസരണവും പ്രവർത്തനവുമാണ് ഇസ്ലാം ഈമാൻ കൂടാതെയുള്ള ഇസ്ലാം അള്ളാഹുവിങ്കൽ സ്വീകാര്യമല്ല ഈമാനിന്റെ അനിവാര്യ ഫലമാണ് ഇസ്ലാം. ഇസ്ലാം ഉണ്ടായെന്ന് വെച്ച് ഈമാൻ ഉണ്ടാകണമെന്നില്ല അതു കൊണ്ടാണ് കപടവിശ്വാസികൾ എന്ന ഒരു വിഭാഗമുണ്ടായത് എന്നാൽ ഹൃദയത്തിൽ വിശ്വാസമുണ്ടോ എന്ന് അള്ളാഹുവിനേ അറിയൂ.അത് കൊണ്ട് പ്രത്യക്ഷത്തിൽ ഇസ്ലാമിനെ അംഗീകരിച്ചു കാണുന്ന ആരെക്കുറിച്ചും അവൻ മുസ്ലിമും മുഅ്മിനുമാണെന്ന് നാം വിധിക്കും .പക്ഷെ യഥാർത്ഥ വിശ്വാസിയാകണമെങ്കിൽ ഒട്ടും സംശയമില്ലാത്ത ദൃഢ വിശ്വാസമുണ്ടാകണം ഇതാണ് ‘പിന്നീട് ഒട്ടും സംശയിക്കാതിരിക്കുകയും‘ എന്ന് പറഞ്ഞതിന്റെ താല്പര്യം
قُلْ أَتُعَلِّمُونَ اللَّهَ بِدِينِكُمْ وَاللَّهُ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ (49:16
(നബിയേ) പറയുക നിങ്ങളുടെ മത (വിശ്വാസ)ത്തെപ്പറ്റി
നിങ്ങൾ അള്ളാഹുവിനെ അറിയിക്കുകയാണോ?
അള്ളാഹുവാകട്ടെ ആകാശ ഭൂമികളിലുള്ളതെല്ലാം അറിയുന്നു എല്ലാ കാര്യത്തെപ്പറ്റിയും സൂക്ഷ്മജ്ഞനാണ് അള്ളാഹു
മുമ്പ് പറഞ്ഞ ഗ്രാമവാസികളുടെ ഭാവവും പ്രസ്താവനകളും കണ്ടാൽ അവരുടെ വിശ്വാസ നടപടികളെക്കുറിച്ച് അള്ളാഹുവിനു അറിയില്ലെന്നും അത് കൊണ്ട് അത് അവർ അള്ളാഹുവെ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുകയാണെന്ന് തോന്നിപ്പോകും എന്നാൽ ആകാശഭൂമികളിലുള്ളതെല്ലാം അറിയുന്ന അള്ളാഹു ഇതും വ്യക്തമായി അറിയുന്നവൻ തന്നെ!ഇത് മനസ്സിലാക്കാതെയാണ് അവർ സംസാരിക്കുന്നത്
يَمُنُّونَ عَلَيْكَ أَنْ أَسْلَمُوا قُل لَّا تَمُنُّوا عَلَيَّ إِسْلَامَكُم بَلِ اللَّهُ يَمُنُّ عَلَيْكُمْ أَنْ هَدَاكُمْ لِلْإِيمَانِ إِن كُنتُمْ صَادِقِينَ (49:17
അവർ ഇസ്ലാം
മതം സ്വീകരിച്ചത് തങ്ങളോട് അവർ ചെയ്ത ഒരു ഔദാര്യമായി അവർ എടുത്ത് കാണിക്കുന്നു
(നബിയേ)
പറയുക നിങ്ങൾ ഇസ്ലാം
മതം സ്വീകരിച്ചത് എന്നോട് ചെയ്ത ഒരു ഔദാര്യമായി നിങ്ങൾ എടുത്ത് കാണിക്കരുത്.പക്ഷെ
നിങ്ങൾ യാഥാർത്ഥ്യം പറയുന്നവരാണെങ്കിൽ സത്യവിശ്വാസത്തിലേക്ക് നിങ്ങൾക്ക് മാർഗദർശനം നൽകുക വഴി അള്ളാഹു നിങ്ങളോട് ഔദാര്യം കാണിക്കുകയാണ് ചെയ്തിരിക്കുന്നത്
അവർ നബി ﷺ യോട് യുദ്ധം ചെയ്യാതെ അനുസരണം കാണിച്ചത് വലിയ ഔദാര്യമായി അവർ അവതരിപ്പിക്കുകയും അതിന്റെ പേരിൽ അള്ളാഹുവും റസൂലും അവരോട് അങ്ങോട്ട് കടപ്പാടുള്ളവരാണെന്ന മട്ടിൽ സംസാരിക്കുകയും ചെയ്യുന്നു.എന്നാൽ അവർ വിശ്വസിച്ചു എന്ന് പറയുന്നത് സത്യമാണെങ്കിൽ അവർക്കതിനു പ്രചോദനമേകിയത് അള്ളാഹുവാണെന്ന് അവർ മനസ്സിലാക്കണം അപ്പോൾ അള്ളാഹു അവർക്കാണ് ഔദാര്യം ചെയ്ത് കൊടുത്തത് അത് കൊണ്ട് അവർ അള്ളാഹുവോടാണ് കടപ്പെട്ടിരിക്കുന്നത്
എന്ന് സാരം
إِنَّ اللَّهَ يَعْلَمُ غَيْبَ السَّمَاوَاتِ وَالْأَرْضِ وَاللَّهُ بَصِيرٌ بِمَا تَعْمَلُونَ (49:18
നിശ്ചയം അള്ളാഹു ആകാശ ഭൂമികളിലെ അദൃശ്യകാര്യങ്ങൾ അറിയുന്നുണ്ട് നിങ്ങളുടെ പ്രവർത്തനങ്ങളെപ്പറ്റി അള്ളാഹു നല്ലവണ്ണം കണ്ടറിയുന്നവനാണ്
അവരുടെ വിശ്വാസ നടപടിയുൾപ്പെടെ ചെറുതും വലുതുമായ സർവകാര്യങ്ങളും അള്ളാഹു കാണുന്നവനും അറിയുന്നവനുമാണ് അത് മനസ്സിലാക്കിയാവണം വിശ്വാസിയുടെ ജീവിതം സ്വകാര്യതയിലും അള്ളാഹുവിനെ വിസ്മരിക്കരുത്.അള്ളാഹു നമുക്കെല്ലാം അതിനു തൌഫീഖ് നൽകട്ടെ ആമീൻ
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم
باحسان الي يوم الدين والحمد لله رب العالمين
No comments:
Post a Comment