Thursday, April 7, 2016

അദ്ധ്യായം 48 - സൂറത്തുൽ ഫത്‌ഹ് -ഭാഗം-02

അദ്ധ്യായം 48 | സൂറത്തുൽ ഫത്ഹ്  | മദീനയിൽ അവതരിച്ചു  | സൂക്തങ്ങൾ 29



Part 2  (  7 to 17 )

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


പരമ കാരുണികനും കരുണാമയനുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


Part 1  (  1 to  7  ) click here to read

 (8)
إِنَّا أَرْسَلْنَاكَ شَاهِدًا وَمُبَشِّرًا وَنَذِيرًا

(
നബിയേ) നിശ്ചയം തങ്ങളെ ഒരു സാക്ഷിയും സന്തോഷ വാർത്ത അറിയിക്കുന്നവരും താക്കീത് നൽകുന്നവരുമായി നാം അയച്ചിരിക്കുന്നു
 
നബി നിയോഗിതനായത് ലോകത്തിനു മുഴുവനും അനുഗ്രഹമാണ്. അനുഗ്രഹത്തിന്റെ ചില വശങ്ങളാണിവിടെ സൂചിപ്പിക്കുന്നത്. നബി സാക്ഷിയാകുന്നത് തന്റെ ഉമ്മത്തിന്റെ മേലിലും മുൻ കാല നബിമാരുടെ മേലിലുമാണ്. അള്ളാഹുവിനെ അനുസരിക്കുന്നവർക്ക് സ്വർഗം കൊണ്ടുള്ള സന്തോഷവാർത്തയും  ധിക്കരിക്കുന്നവർക്ക്  നരകം കൊണ്ടുള്ള താക്കീതും നൽകുമെന്നാണ് ഇവിടെ പറയുന്നത് (ദുർ അൽ മൻഥൂർ 6/63)


(9)
لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتُعَزِّرُوهُ وَتُوَقِّرُوهُ وَتُسَبِّحُوهُ بُكْرَةً وَأَصِيلًا


നിങ്ങൾ അള്ളാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുവാനും അവനെ സഹായിക്കുകയും ബഹുമാനിക്കുകയും രാവിലെയും വൈകുന്നേരവും അവനു തസ്ബീഹ് ചൊല്ലുകയും ചെയ്യുവാൻ വേണ്ടി


അള്ളാഹുവും റസൂലും നൽകിയ വാഗ്ദാനങ്ങളും വിജാരണയും പുനർജന്മവുമെല്ലാം വിശ്വാസത്തിന്റെ ഭാഗമായി വരും.സഹായിക്കുക എന്നാൽ അനിവാര്യമാകുമ്പോൾ യുദ്ധത്തിൽ സംബന്ധിച്ചു പോലും ദീനിനെ സഹായിക്കണമെന്നാണ്.ബഹുമാനിക്കുക എന്നാൽ അള്ളാഹുവിന്റെ കല്പനയുടെ മഹത്വം സീകരിക്കുന്നത് കൂടിയാണ് എല്ലായ്പ്പോഴും അള്ളാഹുവിന്റെ പരിശുദ്ധി വാഴ്ത്തിക്കൊണ്ടിരിക്കണമെന്നാണ് രാവിലെയും വൈകുന്നേരവും തസ്‌ബീഹ് ചൊല്ലുക എന്ന് പറഞ്ഞതിന്റെ താല്പര്യം (ദുർ അൽ മൻഥൂർ)


(10)
إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَى نَفْسِهِ وَمَنْ أَوْفَى بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا


നിശ്ചയം തങ്ങളോട് പ്രതിജ്ഞ ചെയ്യുന്നവർ അള്ളാഹുവിനോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത് അള്ളാഹു അവരുടെ പ്രതിജ്ഞ നന്നായി കാണുന്നുണ്ട് അതിനാൽ വല്ലവനും പ്രതിജ്ഞ ലംഘിച്ചാൽ അവർ തനിക്കെതിരായി തന്നെയാണത് ലംഘിക്കുന്നത് അള്ളാഹുവുമായി ഉടമ്പടി ചെയ്തതിനെ ആരു നിറവേറ്റിയോ അവന്നു മഹത്തായ പ്രതിഫലം അള്ളാഹു കൊടുക്കുക തന്നെ ചെയ്യും

ഉം നിർവഹിക്കാൻ മക്കയിലേക്ക് പുറപ്പെട്ട നബി യെയും സംഘത്തേയും അങ്ങോട്ട് പ്രവേശിപ്പിക്കില്ലെന്ന് വാശി പിടിച്ച മക്കാ നിവാസികളുമായി സംസാരിക്കാനും മക്കയിലുള്ള ബലഹീനരായ മുസ്ലിംകളെ ആശ്വസിപ്പിക്കാനുമായി ഉസ്മാൻ رضي الله عنه നെ മക്കയിലേക്ക് നബി അയച്ചതും സമയവായത്തിനു വഴങ്ങാത്ത മക്കക്കാർ ഉസ്മാൻ رضي الله عنه നെ തടഞ്ഞു വെച്ചതും ഉസ്മാൻ رضي الله عنه കൊല്ലപ്പെട്ടുവെന്ന വാർത്ത മുസ്ലിംകൾക്കിടയിൽ പരന്നതും അങ്ങേയറ്റം അക്രമപരമായ നയതന്ത്ര പ്രതിനിധിയെ അക്രമിക്കുക എന്ന അപരാധം ചെയ്ത മക്കക്കാരെ വെറുതെ വിട്ടുകൂടാ എന്ന വികാരം മുസ്ലിംകൾക്കിടയിൽ വ്യാപമാകുകയും മക്കക്കാരോട് മരണം  വരെ പൊരുതാൻ തയാറാണെന്ന് സഹാബികൾ നബി യോട് കരാർ ചെയ്തതും വിശദമായി ആമുഖത്തിൽ നാം പറഞ്ഞത് ഓർക്കുക.ഇവിടെ കരാർ ചെയ്തത് പ്രത്യക്ഷത്തിൽ നബി യോടാണെങ്കിലും യഥാർത്ഥത്തിൽ അള്ളാഹുവോട് തന്നെയാണെന്നും അത് ലംഘിക്കുന്നത് മഹാ അപരാധമായിരിക്കുമെന്നും കരാർ പാലിക്കുന്നവരെ കാത്തിരിക്കുന്നത് വലിയ പ്രതിഫലം തന്നെയാണെന്നും അള്ളാഹു ഉണർത്തുകയാണിവിടെ


(11)
سَيَقُولُ لَكَ الْمُخَلَّفُونَ مِنَ الْأَعْرَابِ شَغَلَتْنَا أَمْوَالُنَا وَأَهْلُونَا فَاسْتَغْفِرْ لَنَا يَقُولُونَ بِأَلْسِنَتِهِم مَّا لَيْسَ فِي قُلُوبِهِمْ قُلْ فَمَن يَمْلِكُ لَكُم مِّنَ اللَّهِ شَيْئًا إِنْ أَرَادَ بِكُمْ ضَرًّا أَوْ أَرَادَ بِكُمْ نَفْعًا بَلْ كَانَ اللَّهُ بِمَا تَعْمَلُونَ خَبِيرًا

ഗ്രാമീണ അറബികളിൽ നിന്ന് പിന്നോക്കം നിന്നവർ തങ്ങളോട് പിന്നീട് പറയും ഞങ്ങളുടെ സമ്പത്തും കുടുംബങ്ങളും ഞങ്ങളെ  ജോലിത്തിരക്കിലാക്കി.അതിനാൽ ഞങ്ങൾക്ക് വേണ്ടി അങ്ങ് പൊറുക്കലിനെ തേടണം എന്ന്.അവരുടെ ഹൃദയങ്ങളിൽ ഇല്ലാത്തത് അവർ അവരുടെ നാവുകൾ കൊണ്ട് പറയുകയാണ് എന്നാൽ അള്ളാഹു നിങ്ങളിൽ വല്ല തിന്മയും ഉദ്ദേശിക്കുകയോ അവൻ നിങ്ങൾക്ക് വല്ല നന്മയും ഉദ്ദേശിക്കുകയോ ചെയ്താൽ നിങ്ങൾക്ക് വേണ്ടി അള്ളാഹുവിൽ നിന്ന് വല്ലതും തടയുവാൻ കഴിവുള്ളവൻ ആരാണുള്ളത് എന്ന് തങ്ങൾ ചോദിക്കുക.മാത്രമല്ല നിങ്ങൾ പ്രവർത്തിക്കുന്നതിനെ സംബന്ധിച്ച് അള്ളാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു

നബി മക്കയിലേക്ക് ഉം നിർവഹിക്കാൻ പുറപ്പെടുന്ന സമയത്ത് പല അറബ് ഗോത്രങ്ങളെയും അവിടുന്ന് ക്ഷണിച്ചിരുന്നു അപ്പോൾ ജുഹൈന,മുസൈന, അശ്ജഅ്, ഗിഫാർ എന്നീ ഗോത്രങ്ങൾ ക്ഷണം സ്വീകരിച്ചില്ല .സത്യവിശ്വാസം മനസ്സിൽ അടിയുറച്ചു കഴിഞ്ഞിട്ടില്ലാത്ത ഗ്രാമ വാസികളായിരുന്നു അവർ .നബി ഒരു യുദ്ധമുദ്ധേശിച്ചല്ല പുറപ്പെടുന്നതെന്ന് പ്രത്യക്ഷത്തിൽ തന്നെ കാണാമായിരുന്നു.കാരണം ഉം റയിൽ അറുക്കപ്പെടേണ്ട ബലിമൃഗങ്ങളെയും കൊണ്ടായിരുന്നു അവിടുന്ന് പുറപ്പെട്ടിരുന്നത് മാത്രമല്ല ഒരു യുദ്ധായുധങ്ങളും സഹാബികൾ കൂടെക്കരുതിയിരുന്നുമില്ല എങ്കിലും ഖുറൈശികളുമായി അഥവാ ഒരു ഏറ്റുമുട്ടലുണ്ടായാൽ വിശ്വാസികൾക്ക് വലിയ നാശം സംഭവിക്കുമെന്നും നാം അപകടത്തിലാവുമെന്നും അവർ ഭയപ്പെട്ടു.അത് കൊണ്ടാണ് അവർ നബി യുടെ കൂടെ പുറപ്പെടാതിരുന്നത്.പക്ഷെ യാത്ര വലിയ വിജയമാവുകയും ഹുദൈബിയാ സന്ധി ചരിത്രമാവുകയും ചെയ്തപ്പോൾ സംഘത്തോടൊപ്പം ചേരാതിരുതിരുന്നതിൽ ജാള്യത തോന്നിയ മേൽ ഗോത്രങ്ങൾ  നബി ക്കു മുന്നിൽ നടത്തുന്ന കരണം മറിച്ചിലാണീ പ്രതികരണം.മദീനയിൽ തിരിച്ചെത്തുമ്പോൾ നടക്കാനിരിക്കുന്ന ചില കാര്യങ്ങളെ നേരത്തെ തന്നെ അള്ളാഹു നബി യെ അറിയിച്ചതാണിവിടെ പറയുന്നത്.നിങ്ങളുടെ ഈ കുമ്പസാരം യാഥാർത്ഥ്യമല്ലെന്നു അള്ളാഹുവിനറിയാമെന്നും നിങ്ങളുടെ ഭയം നിങ്ങളെ രക്ഷിക്കുകയില്ലെന്നും അള്ളാഹു നിങ്ങൾക്ക് വല്ല അപകടവും ഉദ്ദേശിച്ചാൽ അത് തടയാൻ ഈ ഉപായം കൊണ്ടാവില്ലെന്നുമൊക്കെ ഉണർത്തിയിരിക്കുകയാണിവിടെ


(12)
بَلْ ظَنَنتُمْ أَن لَّن يَنقَلِبَ الرَّسُولُ وَالْمُؤْمِنُونَ إِلَى أَهْلِيهِمْ أَبَدًا وَزُيِّنَ ذَلِكَ فِي قُلُوبِكُمْ وَظَنَنتُمْ ظَنَّ السَّوْءِ وَكُنتُمْ قَوْمًا بُورًا

മാത്രമല്ല .റസൂലും സത്യവിശ്വാസികളും അവരുടെ കുടുംബങ്ങളിലേക്ക് ഒരിക്കലും മടങ്ങുകയില്ലെന്ന് നിങ്ങൾ ധരിച്ചു അത് നിങ്ങളുടെ ഹൃദയങ്ങളിൽ ഭംഗിയാ(യി തോന്നി)ക്കപ്പെടുകയും നിങ്ങൾ തെറ്റായ ധാരണ ധരിക്കുകയും ചെയ്തു നിങ്ങൾ നാശമടയുന്ന ഒരു ജനതയാകുന്നു

അവർ നബി യോടു കൂടി പുറപ്പെടാത്തതിനു വാസ്തവത്തിൽ അവർക്ക് ശരിയായ കാരണങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ഖുറൈശികളാൽ മുസ്ലിംകൾ വംശ നാശം സംഭവിക്കും വിധം കൊല്ലപ്പെടുമെന്നും ഞങ്ങളും ദുരന്തത്തിനിരയാവുമെന്ന് ഭയപ്പെട്ടത് കൊണ്ടാണ് അവർ പുറപ്പെടാതിരുന്നതെന്നും മുസ്ലിംകൾ വിജയിച്ചു വന്നപ്പോഴുള്ള കരണം മറിച്ചിൽ അള്ളാഹു അറിയുന്നുണ്ടെന്നും ഉണർത്തുകയും ഇതേ മന:സ്ഥിതി യുമായി മുന്നോട്ട് പോയാൽ നിങ്ങൾ നശിക്കുക തന്നെ ചെയ്യുമെന്നും ഉണർത്തിയിരിക്കുകയാണിവിടെ .അള്ളാഹു മുസ്ലിംകൾക്ക് സഹായം നൽകുകയില്ലെന്ന ധാരണയാണിവിടെ പറയുന്ന തെറ്റായ ധാരണ കൊണ്ടുദ്ദേശ്യം


(13)
وَمَن لَّمْ يُؤْمِن بِاللَّهِ وَرَسُولِهِ فَإِنَّا أَعْتَدْنَا لِلْكَافِرِينَ سَعِيرًا

അള്ളാഹുവിലിം അവന്റെ റസൂലിലും ആരു വിശ്വസിസിക്കുന്നില്ലയോ സത്യ നിഷേധികൾക്ക് നിശ്ചയമായും ജ്വലിക്കുന്ന അഗ്നി നാം ഒരുക്കി വെച്ചിരിക്കുന്നു

രഹസ്യത്തിലും പരസ്യത്തിലും ആത്മാർത്ഥമായി അള്ളാഹുവെ ഉൾക്കുള്ളുകയും അവന്റെ അനുഗ്രഹത്തിൽ പ്രതീക്ഷയർപ്പിക്കുകയും അഥവാ അവൻ വല്ല പരീക്ഷണവും തന്നാൽ അത് ക്ഷമയോട് കൂടി ഏറ്റെടുക്കുകയും ചെയ്യുകയാണ് വിശ്വാസികൾ ചെയ്യേണ്ടത്.അപ്പോൾ തിരിച്ചടിയുണ്ടാവുന്നത് പോലും ഒരു തരം സുഖമായി അവർക്ക് അനുഭവപ്പെടണം.അതിനു പകരം പരസ്യമായി ഒരു നിലപാട് പ്രഖ്യാപിക്കുകയും മനസ്സിൽ അതിനു വിരുദ്ധമായത് വെച്ചു പുലർത്തുകയും ചെയ്താൽ  അവർ വിശ്വാസികളായിരിക്കില്ല മറിച്ച് കപടന്മാരാവും അവർക്ക് കത്തിയെരിയുന്ന നരകം തന്നെയാണ് അള്ളാഹു തയാർ ചെയ്തിട്ടുള്ളത്


(14)
وَلِلَّهِ مُلْكُ السَّمَاوَاتِ وَالْأَرْضِ يَغْفِرُ لِمَن يَشَاء وَيُعَذِّبُ مَن يَشَاء وَكَانَ اللَّهُ غَفُورًا رَّحِيمًا

ആകാശ ഭൂമികളുടെ ആധിപത്യം അള്ളാഹുവിന്നാകുന്നു അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ അവൻ ശിക്ഷിക്കുകയും ചെയ്യുന്നു അള്ളാഹു വളരെ പൊറുക്കുന്നവനും വലിയ കരുണ ചെയ്യുന്നവനുമാകുന്നു


ആകാശ ഭൂമികളുടെ ഉടമസ്ഥനായ അള്ളാഹു ധിക്കാരികൾക്ക് അർഹമായ ശിക്ഷ നൽകും.എന്നാൽ പറ്റിയ തെറ്റ് മനസ്സിലാക്കി തിരുത്തുകയും താഴ്മ കാണിക്കുകയും പിന്നീടുള്ള ജീവിതം വിശുദ്ധമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നവർക്ക് മുമ്പ് സംഭവിച്ചു പോയ തെറ്റുകൾ അള്ളാഹു മാപ്പ് നൽകുക തന്നെ ചെയ്യും എന്നാണിവിടെ സൂചിപ്പിക്കുന്നത്

(15)
سَيَقُولُ الْمُخَلَّفُونَ إِذَا انطَلَقْتُمْ إِلَى مَغَانِمَ لِتَأْخُذُوهَا ذَرُونَا نَتَّبِعْكُمْ يُرِيدُونَ أَن يُبَدِّلُوا كَلَامَ اللَّهِ قُل لَّن تَتَّبِعُونَا كَذَلِكُمْ قَالَ اللَّهُ مِن قَبْلُ فَسَيَقُولُونَ بَلْ تَحْسُدُونَنَا بَلْ كَانُوا لَا يَفْقَهُونَ إِلَّا قَلِيلًا


നിങ്ങൾ ഗനീമത്ത് സ്വത്തുക്കളിലേക്ക്-അവ എടുക്കാനായി- പോകുന്ന സമയത്ത് പിന്നോക്കം നിന്നവർ പറഞ്ഞേക്കും,,നിങ്ങൾ ഞങ്ങളെ വിട്ടേക്കുക ഞങ്ങൾ നിങ്ങളെ അനുഗമിക്കട്ടെ,,എന്ന്!അള്ളാഹുവിന്റെ വാക്യത്തെ മാറ്റാൻ അവർ ഉദ്ദേശിക്കുകയാണ് തങ്ങൾ പറയുക നിങ്ങൾ ഞങ്ങളെ അനുഗമിക്കുകയില്ല (അഥവാ അനുഗമിക്കരുത്) അള്ളാഹു മുമ്പ് തന്നെ അങ്ങനെ പറഞ്ഞിട്ടുണ്ട് (എന്ന് തങ്ങൾ പറയുക) അപ്പോൾ അവർ പറഞ്ഞേക്കും പക്ഷെ നിങ്ങൾ ഞങ്ങളോട് അസൂയ കാണിക്കുകയാണെന്ന്.അല്ല.അവർ അല്പം മാത്രമേ കാര്യങ്ങൾ ഗ്രഹിക്കുന്നുള്ളൂ


ഹിജ്: ആറാം കൊല്ലം ദുൽഖ അ്ദ: മാസത്തിലാണല്ലോ ഹുദൈബിയാ സന്ധി നടന്നത് .അതിൽ സംബന്ധിക്കാത്തവാരായിരുന്നു ഗ്രാമീണർ എന്നാൽ .ഏഴാം കൊല്ലം തന്നെ വഞ്ചകന്മാരായ ജൂതന്മാരുമായി യുദ്ധം വേണ്ടി വന്നു യുദ്ധത്തിൽ വിജയവും ധാരാളം ഗനീമത്തും (യുദ്ധവേളയിൽ ശത്രുക്കളിൽ നിന്ന് പിടിച്ചെടുക്കുന്ന സ്വത്ത്) ലഭിക്കുവാൻ നല്ല സാദ്ധ്യതയുണ്ടായിരുന്നു അത് കൊണ്ട് ഹുദൈബിയ്യാ സംഭവത്തിൽ നിന്ന് മാറി നിന്നവർ ഖൈബറിലേക്ക് പുറപ്പെടാൻ തയാറാവുമെന്നും അപ്പോൾ അവരെ അതിൽ സഹകരിപ്പിക്കരുതെന്നും അവിടെ നിന്ന് ലഭിക്കുന്ന ഗനീമത്ത് ഹുദൈബിയ്യയിൽ പങ്കെടുത്തവർക്ക് മാത്രമുള്ളതാണെന്നും നബി ക്ക് അള്ളാഹു അറിയിച്ചു കൊടുത്തതാണിവിടെ പറയുന്നത്, ഗനീമത്ത് സ്വത്ത് എടുക്കാൻ പോവുക, എന്ന് പറഞ്ഞത് ഖൈബറിലേക്കുള്ള യാത്രയെ ഉദ്ദേശിച്ചാണ്
അള്ളാഹുവിന്റെ വാക്യം  മാറ്റാൻ അവർ ഉദ്ദേശിച്ചു, എന്ന് പറഞ്ഞത് ഖൈബറിൽ നിന്ന് ലഭിക്കുന്ന സമ്പത്ത് ഹുദൈബിയ്യയിൽ സംബന്ധിച്ചവർക്ക് മാത്രം നൽകുമെന്ന വഗ്ദാനമാകുന്നു.ഞങ്ങളും കൂടി പുറപ്പെടാം ഞങ്ങളെ തടയരുതെന്ന് അവർ പറയുന്നത് ഗനീമത്ത് ലക്ഷ്യം വെച്ചാണ്.അത് അവർക്ക് അവകാശപ്പെട്ടതല്ലെന്ന് അള്ളാഹു പറഞ്ഞിരിക്കെ ഞങ്ങളും വരുമെന്ന് പറയുന്നത് അള്ളാഹുവിന്റെ തീരുമാനത്തെ അട്ടിമറിക്കുമെന്ന് പ്രഖ്യാപിക്കുമ്പോലെയാണല്ലോ.യുദ്ധത്തിനുള്ള ഒരു മുൻ കരുതലും ഇല്ലാത്ത സമയത്ത് യുദ്ധത്തിനു ഒട്ടും വിമുഖത കാട്ടാതെ അതിനു സന്നദ്ധരായ ധീരരായ മഹാന്മാരാണല്ലോ ഹുദൈബിയ്യയിൽ സംബന്ധിച്ചവർ.അതേ സമയം ഘട്ടത്തിൽ വല്ല അപായവും പറ്റിയാലോ എന്ന് പേടിച്ച് വീട്ടിലിരുന്നവരാണല്ലോ മറുഭാഗം.അത് കൊണ്ട് പ്രതികൂലാവസ്ഥയിൽ ത്യാഗ സന്നദ്ധരായവർ മാത്രം മതി ഖൈബറിന്റെ വിജയത്തിന്റെ ആനുകൂല്യം അനുഭവിക്കാൻ എന്ന് അള്ളാഹു തീരുമാനിച്ചുവെന്നാണിവിടെ സൂചിപ്പിക്കുന്നത് . സത്യം അവരോട് പറയുമ്പോൾ നിങ്ങൾക്ക് ഞങ്ങളോട് അസൂയയാണെന്ന് പറയുന്ന ഭീരുക്കൾ വസ്തുത ചിന്തിക്കാത്തത് കൊണ്ടാണങ്ങനെ പറയുന്നത് എന്ന് അള്ളാഹു ഉണർത്തിയിരിക്കുകയാണിവിടെ


(16)
قُل لِّلْمُخَلَّفِينَ مِنَ الْأَعْرَابِ سَتُدْعَوْنَ إِلَى قَوْمٍ أُوْلِي بَأْسٍ شَدِيدٍ تُقَاتِلُونَهُمْ أَوْ يُسْلِمُونَ فَإِن تُطِيعُوا يُؤْتِكُمُ اللَّهُ أَجْرًا حَسَنًا وَإِن تَتَوَلَّوْا كَمَا تَوَلَّيْتُم مِّن قَبْلُ يُعَذِّبْكُمْ عَذَابًا أَلِيمًا

ഗ്രാമീണ അറബികളിൽ നിന്ന് പിന്നോക്കം നിന്നവരോട് തങ്ങൾ പറയുക ശക്തിയായ സമര ശേഷിയുള്ള ഒരു ജനതയുമായി നേരിടുവാൻ പിന്നീട് നിങ്ങൾ ക്ഷണിക്കപ്പെടും  നിങ്ങൾ അവരോട് യുദ്ധം ചെയ്യണം അല്ലെങ്കിൽ അവർ കീഴൊതുങ്ങണം .അപ്പോൾ നിങ്ങൾ അനുസരിക്കുന്ന പക്ഷം അള്ളാഹു നിങ്ങൾക്ക് നല്ല പ്രതിഫലം നൽകും നിങ്ങൾ മുമ്പ് പിന്തിരിഞ്ഞത് പോലെ പിന്തിരിയുകയാണെങ്കിൽ അവൻ നിങ്ങൾക്ക് വേദനാജനകമായ ശിക്ഷ നൽകുന്നതാണ്


ശക്തിയായ സമര ശേഷിയുള്ളവർ എന്ന് പറഞ്ഞത് ആരെക്കുറിച്ചാണെന്നതിൽ വിവിധ അഭിപ്രായം വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്  ഹവാസിൻ ഗോത്രമാണെന്നും സഖീഫുകാരാണെന്നും ബനൂഹനീഫ ഗോത്രമാണെന്നും പേർഷ്യക്കാരാണെന്നും റോമക്കാരാണെന്നും മറ്റും അഭിപ്രായമുണ്ട് എന്നാൽ അതൊരു പ്രത്യേക ജനതയെയോ യുദ്ധത്തെയോ ഉദ്ദേശിച്ചല്ല ഭാവിയെപറ്റി പൊതുവിൽ പറഞ്ഞതാണെന്നാണ് മറ്റൊരു പക്ഷം മഹാനായ ഇബ്നു ജരീർ رحمة الله عليه പ്രബലമാക്കിയത് അഭിപ്രായമാണ് (ഇബ്നു കസീർ) മുശ്രിക്കുകളെ സംബന്ധിച്ചിടത്തോളം മക്കാ വിജയത്തിനു ശേഷം ഒന്നുകിൽ ഇസ്ലാം സ്വീകരിക്കുക അല്ലെങ്കിൽ യുദ്ധത്തിനൊരുങ്ങുക എന്ന നിലപാടാണ് സ്വീകരിക്കപ്പെട്ടിട്ടുള്ളത് സ്വമേധയാ അവർ ഇസ്ലാം സ്വീകരിക്കുക ഇനി അവർ യുദ്ധത്തിലേക്കാണ് പോകുന്നതെങ്കിൽ അള്ളാഹു മുസ്ലിംകളെ അതിൽ സഹായിക്കുമെന്നാണിവിടെ പറയുന്നത്

ഖൈബറിലേക്ക് കൊണ്ട് പോകാത്തതിനു നിങ്ങൾ വിഷമിക്കേണ്ടതില്ല കാരണം യുദ്ധങ്ങൾ ഇനിയും വരും അത്തരം സന്ദർഭങ്ങളിൽ ശത്രുക്കൾ കീഴൊതുങ്ങുന്നത് വരെ അവരോട് പൊരുതാൻ നിങ്ങൾക്ക് അവസരമുണ്ടാകും അങ്ങനെ യുദ്ധത്തിനു വിളിക്കപ്പെടുമ്പോൾ അനുസരിക്കുകയും യുദ്ധം ചെയ്യുകയും ചെയ്താൽ അള്ളാഹു നിങ്ങൾക്ക് നല്ല പ്രതിഫലം തരും അതേ സമയം ആഘട്ടത്തിലും മുമ്പ് ചെയ്ത പോലെ പിന്തിരിയുകയും ഉഴപ്പുകയും ചെയ്താൽ ശക്തമായ ശിക്ഷ നിങ്ങൾ ഏറ്റു വാങ്ങേണ്ടി വരും എന്ന് ഗ്രാമീണരെ അറിയിക്കുകയാണിവിടെ


(17)
لَيْسَ عَلَى الْأَعْمَى حَرَجٌ وَلَا عَلَى الْأَعْرَجِ حَرَجٌ وَلَا عَلَى الْمَرِيضِ حَرَجٌ وَمَن يُطِعِ اللَّهَ وَرَسُولَهُ يُدْخِلْهُ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ وَمَن يَتَوَلَّ يُعَذِّبْهُ عَذَابًا أَلِيمًا


അന്ധന്റെയും മുടന്തന്റെയും രോഗിയുടെയും മേലിൽ കുറ്റമില്ല അള്ളാഹുവിനും അവന്റെ റസൂലിനും ആരെങ്കിലും വഴിപ്പെട്ടാൽ അവനെ താഴ്ഭാഗത്ത് കൂടി നദികൾ ഒഴുകുന്ന സ്വർഗങ്ങളിൽ അള്ളാഹു പ്രവേശിപ്പിക്കും.വല്ലവനും പിന്തിരിഞ്ഞാൽ അവനു വേദനാജനകമായ ശിക്ഷ അവൻ നൽകുകയും ചെയ്യും



യുദ്ധത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനുള്ള കാരണമുള്ളവരാണ് അന്ധന്മാരും മുടന്തുള്ളവരും രോഗികളും.അവർ യുദ്ധത്തിൽ നിന്ന് വിട്ട് നിൽക്കുന്നത് കൊണ്ട് അവർക്ക് കുറ്റമില്ലെന്നാണിവിടെ പറയുന്നത് .എന്നാൽ ഇത്തരം തടസ്സങ്ങളില്ലാത്തവർ യുദ്ധമാവട്ടെ മറ്റേത് കല്പനകളാവട്ടെ അത് സ്വീകരിച്ചു മുന്നോട്ട് പോയാൽ വലിയ പ്രതിഫലത്തിനും സ്വർഗത്തിനും അർഹരാവുകയും ഭൌതിക സന്തോഷത്തിനു വേണ്ടി യുദ്ധത്തിൽ നിന്നും പടച്ചവന്റെ മറ്റു കല്പനകളിൽ നിന്നു മാറി നിന്നാൽ കഠിനമായ ശിക്ഷക്കും അവർ അർഹരാവുമെന്നാണ് തുടർന്ന് പറയുന്നത്
അള്ളാഹു അവനെഅനുസരിക്കുന്നവരിൽ നമ്മെയെല്ലാം ഉൾപ്പെടുത്തട്ടെ ആമീൻ


ഭാഗം 03  ഇവിടെ വായിക്കാം  >>>

No comments: