Monday, February 6, 2017

അദ്ധ്യായം 47 -സൂറത്തു മുഹമ്മദ് -ഭാഗം-02


സൂറത്തു മുഹമ്മദ്  | മദീനയിൽ അവതരിച്ചു  | സൂക്തങ്ങൾ 38

Part 2  ( 16 മുതൽ 26 വരെയുള്ളസൂക്തങ്ങളുടെവിവരണം )

Part 1 ( 1 മുതൽ 15 വരെയുള്ള സൂക്തങ്ങളുടെ വിവരണം  ഇവിടെ ക്ലീക് ചെയ്ത് വായിക്കുക


بسم الله الرحمن الرحيم

റഹ്മാനുംറഹീമുമായഅള്ളാഹുവിന്റെഎല്ലാനാമങ്ങളുംപറഞ്ഞ്അനുഗ്രഹംതേടിഞാൻആരംഭിക്കുന്നു


وَمِنْهُم مَّن يَسْتَمِعُ إِلَيْكَ حَتَّى إِذَا خَرَجُوا مِنْ عِندِكَ قَالُوا لِلَّذِينَ أُوتُوا الْعِلْمَ مَاذَا قَالَ آنِفًا أُوْلَئِكَ الَّذِينَ طَبَعَ اللَّهُ عَلَى قُلُوبِهِمْ وَاتَّبَعُوا أَهْوَاءهُمْ



(16)
തങ്ങളിലേക്ക് ചെവി കൊടുക്കുന്ന ചിലർ അവരിലുണ്ട്.അങ്ങനെ തങ്ങളുടെ അടുത്ത് നിന്ന് അവർ പുറത്ത് കടന്നാൽ ജ്ഞാനം നൽകപ്പെട്ടവരോട് എന്താണ് നബി  ഇപ്പോൾ പറഞ്ഞതെന്ന് അവർ ചോദിക്കും തങ്ങളുടെ ഹൃദയങ്ങൾക്ക് അള്ളാഹു മുദ്ര വെച്ചിട്ടുള്ളവരാണവർ അവർ തങ്ങളുടെ തന്നിഷ്ടങ്ങളെ പിൻ പറ്റി നടക്കുകയും ചെയ്യുന്നു

മദീനയിലെ കപട വിശ്വാസികളുടെ ചില ദുസ്വഭാവമാണിവിടെ സൂചിപ്പിക്കുന്നത്.അവർ മുസ്ലിംകൾക്കൊപ്പം നബി യുടെ സദസ്സിൽ വന്നിരിക്കുകയും ഉപദേശം ശ്രദ്ധാപൂർവം കേൾക്കുകയും ചെയ്യും സദസ്സ് പിരിഞ്ഞാൽ സഹാബിമാരോട് എന്താണിപ്പോൾ നബി പറഞ്ഞത് എന്ന് അവർ ചോദിക്കും.ഉൾക്കൊള്ളാവുന്ന ഒന്നും ഉപദേശത്തിലില്ലെന്ന് പരിഹസിക്കലാണവരുടെ ലക്ഷ്യം.സഹാബിമാരുടെ ആത്മവീര്യം തകർക്കാനാവുമോ എന്ന് അവർ ശ്രമിക്കുകയാണിതിലൂടെ .അത്തരം ദുശ്ശക്തികളുടെ ഹൃദയങ്ങൾക്ക് അള്ളാഹു സീൽ ചെയ്തിരിക്കുന്നു.തന്നിഷ്ടക്കാരായ അവരുടെ മനസ്സിലേക്ക് ഒരു നന്മയും കടക്കുകയില്ല.അബ്ദുള്ളാഹിബിൻ ഉബയ്യ് ബിൻ സുലൂൽ, രിഫാഅത്തുബിൻ താബൂത് തുടങ്ങിയ കപടന്മാരാണിവിടെ ചോദ്യക്കാർ.ജ്ഞാനം നൽകപ്പെട്ടവർ ഇബ്‌നു അബ്ബാസ് رضي الله عنه, ഇബ്‌നു മസ്‌ഊദ് رضي الله عنه നെ പോലുള്ള സഹാബികളാണ്.മഹാനായ ഖതാദ رضي الله عنه പറഞ്ഞു.ആളുകൾ രണ്ട് വിധമുണ്ട്.ഒരാൾ അള്ളാഹുവിനെക്കുറിച്ച് മനസ്സിലാക്കിയവനാണ്.അവൻ കേൾക്കുന്ന കാര്യങ്ങൾ അവനു ഉപകാരമുള്ളതായിരിക്കും. രണ്ടാമൻ അള്ളാഹുവെക്കുറിച്ച് മനസിലാക്കാത്തവനാണ്. അവൻ കേൾക്കുന്നതൊന്നും അവന് ഉപകരിക്കുകയില്ലതാനും!..പറയപ്പെടാറുണ്ട്. മനുഷ്യർ മൂന്ന് വിഭാഗമാണ് (1) കേട്ട് പ്രവർത്തിക്കുന്നയാൾ (2) കേട്ട് മനസ്സിലാക്കുന്നയാൾ (3) അശ്രദ്ധമായി കേട്ട് ഒഴിവാക്കുന്നയാൾ (ഖുർതുബി)ഈ മൂന്നാം കക്ഷിയിലാണ് ഈ പറഞ്ഞ കപടന്മാർക്ക് അംഗത്വമുള്ളത്



وَالَّذِينَ اهْتَدَوْا زَادَهُمْ هُدًى وَآتَاهُمْ تَقْواهُمْ


(17)
സന്മാർഗം പ്രാപിച്ചവർക്ക് അള്ളാഹു സന്മാർഗം വർദ്ധിപ്പിച്ച് കൊടുക്കുകയും വേണ്ടത്ര സൂക്ഷ്മതാ ബോധം നൽകുകയും ചെയ്യും


കപടന്മാരും സത്യ നിഷേധികളും ബോധപൂർവം അള്ളാഹുവിന്റെയും റസൂലിന്റെയും മാർഗം തള്ളിക്കളയുമ്പോൾ അവർക്ക്  എങ്ങിനെ സന്മാർഗം ലഭിക്കും? എന്നാൽ സന്മാർഗം സ്വീകരിക്കാൻ സന്നദ്ധരായ സത്യവിശ്വാസികളുടെ സ്ഥിതി മറിച്ചാണ് അവർക്ക് അള്ളാഹു മേൽക്കുമേൽ സന്മാർഗം നൽകുകയും അവർക്കുണ്ടായിരിക്കേണ്ട സൂക്ഷ് മതയും ഭയഭക്തിയും അവർക്ക് നൽകുകയും ചെയ്യും.അവർ സത്യത്തെ സ്വീകരിക്കാൻ സന്നദ്ധരായത് കൊണ്ടാണിത്



فَهَلْ يَنظُرُونَ إِلَّا السَّاعَةَ أَن تَأْتِيَهُم بَغْتَةً فَقَدْ جَاء أَشْرَاطُهَا فَأَنَّى لَهُمْ إِذَا 

جَاءتْهُمْ ذِكْرَاهُمْ



(18)
ഇനി അന്ത്യ സമയത്തെ-അത് അവർക്ക് അവിചാരിതമായി വന്നത്തെന്നുന്നതിനെ-യല്ലാതെ അവർ മറ്റു വല്ലതും നോക്കിക്കൊണ്ടിരിക്കുന്നുണ്ടോ?എന്നാൽ അതിന്റെ അടയാളങ്ങൾ വന്നെത്തുക തന്നെ ചെയ്തിരിക്കുന്നു,അപ്പോൾ അത് അവർക്ക് വന്നു കഴിഞ്ഞാൽ അവരുടെ ഓർമ അവർക്കെങ്ങനെ പ്രയോചനപ്പെടും?

മേൽ പറഞ്ഞ പ്രകാരം ഹൃദയം മരവിച്ചവർക്ക് ഇനി ബോധം വരാൻ വല്ലതും കാത്തിരിക്കാനുണ്ടെങ്കിൽ അത് ലോകാവസാന ഘട്ടമാണ് അത് വരുമ്പോൾ അവർക്കെല്ലാം ഓർമവരും.പക്ഷെ അപ്പോൾ ഓർത്തത് കൊണ്ട് ഒരു പ്രയോചനവുമില്ല.അന്ത്യഘട്ടത്തിന്റെ ലക്ഷണങ്ങൾ ഇപ്പോൾ തന്നെ വന്നിരിക്കുന്നു നബി യുടെ നിയോഗം തന്നെ അതിന്റെ ഒരു അടയാളമാകുന്നു അവിടുന്നു അന്ത്യപ്രവാചകരാണല്ലോ .നബി സ്വന്തം ചൂണ്ടുവിരലും നടുവിരലും കാട്ടിക്കൊണ്ടിങ്ങനെ പ്രസ്താവിച്ചു

بعثت انا والساعة كهاتين
 

ഞാനും അന്ത്യനാളും രണ്ടുവിരൽ പോലെ അടുത്തതായിട്ടാണ് എന്നെ നിയോഗിക്കപ്പെട്ടിരിക്കുന്നത് (ബുഖാരി,മുസ്ലിം)

ഇത് മാത്രമല്ല അന്ത്യ നാളിന്റെ ലക്ഷണമായി പലകാര്യങ്ങളും അവിടുന്ന് പ്രസ്താവിച്ചിട്ടുണ്ട് അവയിൽ ചിലതെല്ലാം വന്നു കഴിഞ്ഞു ഇനിയും പലതും വരാനിരിക്കുന്നുമുണ്ട്


       ذكريهم    എന്നതിനു അവരുടെ നന്മയും തിന്മയും ഓർമിപ്പിക്കൽ എന്നും അവരെ സന്തോഷിപ്പിക്കും വിധത്തിലോ ഭയപ്പെടുത്തും വിധത്തിലോ അവരുടെ പേരു വിളിക്കപ്പെടുകയെന്നും വ്യാഖ്യാനമുണ്ട്. അനസ് رضي الله عنه നബി യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്,നിങ്ങളുടെ പേരുകൾ നിങ്ങൾ നന്നാക്കണം കാരണം പരലോകത്ത് (നിങ്ങളുടെ പേര് വിളിച്ചു കൊണ്ട് മനുഷ്യാ!നിന്റെ പ്രകാശത്തിലേക്ക് എഴുന്നേറ്റു വാ! മനുഷ്യാ! നീ എഴുന്നേറ്റു വാ!നിനക്ക് പ്രകാശമില്ല എന്നിങ്ങനെ വിളിക്കപ്പെടും (ഖുർതുബി)പ്രകാശത്തിലേക്ക് എഴുന്നേറ്റു വരുന്നവർ സത്യവിശ്വസികളും പ്രകാശമില്ലാത്തവർ നിഷേധികളുമായിരിക്കും


فَاعْلَمْ أَنَّهُ لَا إِلَهَ إِلَّا اللَّهُ وَاسْتَغْفِرْ لِذَنبِكَ وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَاللَّهُ يَعْلَمُ 

مُتَقَلَّبَكُمْ وَمَثْوَاكُمْ



(19)
ആകയാൽ (നബിയേ)അള്ളാഹു മാത്രമേ ആരാധ്യനുള്ളൂ എന്ന് തങ്ങൾ അറിഞ്ഞു കൊള്ളുക.തങ്ങൾക്കും സത്യവിശ്വാസി,വിശ്വാസിനികൾക്കും വേണ്ടി തങ്ങൾ പൊറുക്കലിനെ തേടുക നിങ്ങളുടെ ചലനസ്ഥാനവും വാസസ്ഥാനവും അള്ളാഹു അറിയിയുന്നുണ്ട്

ആരാധ്യൻ അള്ളാഹു മാത്രമേയുള്ളൂ എന്നതാണ് തൌഹീദിന്റെ കാതൽ.അതിൽ അശേഷം സംശയമുണ്ടാവരുതെന്ന് ഉണർത്തുകയും സ്വന്തത്തിനും മറ്റുവിശ്വാസികൾക്ക് വേണ്ടിയും പൊറുക്കലിനെ തേടണമെന്നും നിർദേശിച്ചിരിക്കുകയാണീ സൂക്തത്തിൽ. പകലിൽ പല ജോലികളിൽ മുഴുകുമ്പോഴും രാത്രിയിൽ ഒരിടത്ത് ഒതുങ്ങിക്കൂടുമ്പോഴും നിങ്ങളുടെ എല്ലാ സ്ഥിതിയും അള്ളാഹു അറിയുന്നുണ്ട് എന്നാണ് നിങ്ങളുടെ ചലനസ്ഥാനവും വാസസ്ഥാനവും അള്ളാഹു അറിയിയുന്നുണ്ട് എന്ന് പറഞ്ഞതിന്റെ സാരം.ഐഹികജീവിതത്തിൽ നിങ്ങൾ കറങ്ങിക്കൊണ്ടിരിക്കുമ്പോഴത്തെ അവസ്ഥയും പാരത്രിക ജീവിതത്തിൽ എത്തിച്ചേർന്നാലത്തെ സ്ഥിതിയും അള്ളാഹുവിനറിയാം എന്നും പിതാക്കളുടെ മുതുകുകളിൽ നിന്ന് മാതാക്കളുടെ ഗർഭാ പാത്രത്തിലേക്കുള്ള നിങ്ങളുടെ സഞ്ചാരവും ഭൂമിയിലുള്ള ജീവിതവും അവന് അറിയാമെന്നും ഗർഭത്തിൽ നിന്ന് ഭൂമിയിലേക്കുള്ള വരവും ഭൂമിയിൽ നിന്ന് ഖബ്റിലേക്കുള്ള യാത്രയും അറിയാമെന്നും ഇവിടെ വ്യാഖ്യാനമുണ്ട്

ഇവിടെ ആരാധ്യൻ അള്ളാഹു മാത്രമേയുള്ളൂ എന്ന് അറിയുക എന്ന് പറഞ്ഞത് അതിൽ അടിയുറച്ച് നിൽക്കണം എന്ന അർത്ഥത്തിലാണ്.അല്ലെങ്കിൽ സംബോധന നബി
യോടാണെങ്കിലും ഉദ്ദേശം സമുദായമാണ്.ഇങ്ങനെ പറയാനുണ്ടായ കാരണം സത്യനിഷേധികളുടെയും കപടന്മാരുടെയും നിലപാടിൽ നബി ക്ക് വലിയ മന:പ്രയാസം നേരിട്ടപ്പോൾ അവിടുത്തെ സമാധാനിപ്പിക്കാൻ വേണ്ടി അള്ളാഹു പറഞ്ഞതാണ്.അഥവാ എല്ലാ പ്രയാസവും നീക്കുന്നവൻ അള്ളാഹു മാത്രമാണ് അതിനാൽ അങ്ങയുടെ മനസിൽ ഇവരെ ബന്ധപ്പെടുത്തേണ്ടതില്ല  എന്ന് ഉണർത്താനാണ് ഇത് പറഞ്ഞത് (ഖുർതുബി)
തങ്ങൾക്ക് വേണ്ടി പൊറുക്കലിനെ തേടാൻ പറഞ്ഞത് തങ്ങളിൽ നിന്ന് ദോഷം സംഭവിക്കുമെന്ന അർത്ഥത്തിലല്ല.മറിച്ച് ദോഷമില്ലാത്ത തങ്ങൾ തന്നെ പൊറുക്കലിനെ തേടുന്നുവെങ്കിൽ ദോഷികൾ അത് മാതൃകയാക്കുക തന്നെ വേണം എന്ന് ഉണർത്താനാണ്.അല്ലെങ്കിൽ ദോഷം വരാതെ സംരക്ഷിക്കണം എന്ന് പ്രാർത്ഥിക്കാൻ പറഞ്ഞതാണ്.വിശ്വാസികൾക്ക് വേണ്ടി പൊറുക്കലിനെ തേടുക എന്നത് അവർക്ക് വേണ്ടി തങ്ങൾ ശുപാർശ ചെയ്യണമെന്ന കല്പനയാണ്(ഖുർതുബി) നബി യുടെ പൊറുക്കലിനെ തേടലിന്റെ ഗുണവും വിശ്വാസികൾക്ക് തന്നെയാണ് ലഭിക്കുക എന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്


وَيَقُولُ الَّذِينَ آمَنُوا لَوْلَا نُزِّلَتْ سُورَةٌ فَإِذَا أُنزِلَتْ سُورَةٌ مُّحْكَمَةٌ وَذُكِرَ فِيهَا الْقِتَالُ رَأَيْتَ الَّذِينَ فِي قُلُوبِهِم مَّرَضٌ يَنظُرُونَ إِلَيْكَ نَظَرَ الْمَغْشِيِّ عَلَيْهِ مِنَ 

الْمَوْتِ فَأَوْلَى لَهُمْ


(20)

(സമരവിധി ഉൾക്കൊള്ളുന്ന) ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെടാത്തതെന്താണെന്ന് സത്യവിശ്വാസികൾ ചോദിക്കുന്നുഅങ്ങനെ നിയമം വ്യക്തമായി വിവരിക്കപ്പെട്ട ഒരു അദ്ധ്യായം അവതരിപ്പിക്കപ്പെടുകയും അതിൽ യുദ്ധത്തെക്കുറിച്ച് പറയപ്പെടുകയും ചെയ്താൽ ഹൃദയങ്ങളിൽ രോഗമുള്ളവരെ മരണം (അടുത്തത്നിമിത്തം ബോധക്ഷയം വന്നവൻ നോക്കുന്നത് പോലെ തങ്ങളിലേക്ക് നോക്കുന്നതായി തങ്ങൾക്ക് കാണാം അപ്പോൾ അവർക്ക് വലിയ നാശം

ശത്രുക്കളാൽ ബഹിഷ് കൃതരായ മുസ്ലിംകൾ മദീനയിൽ ചെന്ന ശേഷം അവിടെ ഇസ്ലാമിനു ശക്തി ലഭിച്ചു. സമയത്ത്  വിശുദ്ധ യുദ്ധത്തിന്റെ പ്രതിഫലം ആഗ്രഹിച്ചു കൊണ്ട് യുദ്ധം സംബന്ധിച്ച് വല്ല സന്ദേശവും അള്ളാഹു അവതരിപ്പിച്ചെങ്കിൽ നന്നായിരുന്നു എന്ന് സത്യവിശ്വാസികൾ ആഗ്രഹിച്ചു എന്നാൽ പ്രത്യക്ഷത്തിൽ വിശ്വാസികളായി അഭിനയിക്കുന്ന കപടന്മാർ യുദ്ധ സംബന്ധമായ വല്ല സൂക്തങ്ങളും അവതരിക്കുന്നതിൽ വലിയ തോതിൽ അസ്വസ്ഥത പ്രകടിപ്പിക്കും.അവരുടെ ഭീരുത്വവും സത്യനിഷേധികളോട് അവർക്കുള്ള താല്പര്യവും ഈ വെറുപ്പിനു കാരണമാണ്


طَاعَةٌ وَقَوْلٌ مَّعْرُوفٌ فَإِذَا عَزَمَ الْأَمْرُ فَلَوْ صَدَقُوا اللَّهَ لَكَانَ خَيْرًا لَّهُمْ


(21)
അനുസരിക്കലും നല്ല വാക്ക് പറയലുമാണ് (അവർ ചെയ്യേണ്ടിയിരുന്നത്) അങ്ങനെ(യുദ്ധത്തിന്റെ )കാര്യം തീരുമാനിച്ചു കഴിഞ്ഞാൽ അവർ അള്ളാഹുവിനോട് ചെയ്ത പ്രതിജ്ഞ സാക്ഷാൽക്കരിച്ചിരുന്നുവെങ്കിൽ അത് അവർക്ക് ഉത്തമമാകുമായിരുന്നു

കപടന്മാരുടെ ഒളിച്ചോട്ടം തികച്ചും അനുചിതമാണ് അള്ളാഹുവിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനൊ അവന്റെ തീരുമാനം മറികടക്കാനോ അവർക്കൊരിക്കലും സാധിക്കില്ല നിലക്ക് അവർ അള്ളാഹുവിന്റെ കല്പനകൾ അനുസരിക്കുകയും നല്ല വാക്കുകൾ പറയുകയുമാണ് ചെയ്യേണ്ടിയിരുന്നത് യുദ്ധം ചെയ്യേണ്ട അവസരം വന്നാൽ യാതൊരു പരിഭ്രമവും കൂടാതെ അതിൽ സംബന്ധിക്കുകയും മുമ്പ് പ്രകടിപ്പിച്ചിരുന്ന സന്നദ്ധത സാക്ഷാൽക്കരിക്കുകയും ചെയ്യുകയാണവരുടെ ബാദ്ധ്യത അങ്ങനെ ചെയ്തിരുന്നുവെങ്കിൽ അതായിരുന്നു അള്ളാഹുവിന്റെ കല്പന ലംഘിക്കുന്നതിനേക്കാളും നബി യോട് അനുസരണക്കേട് കാണിക്കുന്നതിനേക്കാളും അവർക്ക് ഗുണകരം


فَهَلْ عَسَيْتُمْ إِن تَوَلَّيْتُمْ أَن تُفْسِدُوا فِي الْأَرْضِ وَتُقَطِّعُوا أَرْحَامَكُمْ


(22)
എന്നാൽ നിങ്ങൾ അധികാരം നേടിയാൽ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബ ബന്ധങ്ങളെ മുറിച്ചു കളയുകയും ചെയ്തേക്കുമോ?

കപട വിശ്വാസികളുടെ സ്ഥിതി മേൽ പറഞ്ഞ നിലക്കായിരിക്കെ അവരുടെ കയ്യിൽ അധികാരം കിട്ടിക്കഴിഞ്ഞാൽ അവർ നാട്ടിൽ കൈക്കൂലിയും അക്രമവുമടക്കം പലതരം കുഴപ്പങ്ങളായിരിക്കും ഉണ്ടാക്കിത്തീർക്കുക .അധികാരം എത്തിച്ചേരുന്ന കൈകൾ പലപ്പോഴും കുഴപ്പങ്ങളുണ്ടാക്കുകയും അഹങ്കാരികളാവുകയും ചെയ്യും അവർ കപടന്മാരാവുക കൂടി ചെയ്താൽ പിന്നെ പറയുകയും വേണ്ട സത്യം കണ്ട് മനസ്സിലാക്കുവാനോ അത് കേട്ട് ഗ്രഹിക്കുവാനോ അവർ ഒട്ടും തയാറില്ലാത്തവരാണ് നിലക്ക് കുഴപ്പമുണ്ടാക്കുവാനും കുടുംബ ബന്ധം മുറിക്കുവാനുമൊക്കെ അവർ മുന്നിലായിരിക്കും

മറ്റൊരു അർഥം ഇവിടെയുണ്ട്.നിങ്ങൾ അള്ളാഹുവിന്റെ ഗ്രന്ഥത്തെയും വിധികളെയും വിട്ട് പിന്തിരിയുന്ന പക്ഷം പഴയ അന്ധകാരത്തിലേക്ക് തന്നെ തിരിച്ചു പോവുകയും കുഴപ്പക്കാരാവുകയും ചെയ്യും .കുഴപ്പങ്ങളിൽ പെട്ടത് തന്നെയാണ് കുടുംബ ബന്ധം മുറിക്കലെങ്കിലും അത് പ്രത്യേകം പറഞ്ഞത് അതിന്റെ ഗൌരവം കാണിക്കാനാണ്


أُوْلَئِكَ الَّذِينَ لَعَنَهُمُ اللَّهُ فَأَصَمَّهُمْ وَأَعْمَى أَبْصَارَهُمْ


(23)
അള്ളാഹു ശപിച്ചവരത്രെ അവർ.അങ്ങനെ അവൻ അവർക്ക് ബധിരത നൽകുകയും അവരുടെ നയനങ്ങളെ അന്ധമാക്കുകയും ചെയ്തിരിക്കുന്നു

ധിക്കാരത്തിന്റെ ആൾ രൂപങ്ങളും നിഷേധത്തിന്റെ അങ്ങേയറ്റവും എത്തിയ ഇവരെ അള്ളാഹു ശപിക്കുകയും അവന്റെ അനുഗ്രഹത്തിൽ നിന്ന് അകറ്റുകയും ചെയ്തു.സത്യം കേട്ടാലും അതുൾക്കൊള്ളാനോ യാഥാർത്ഥ്യം കണ്ടാലും അതിന്റെ നിചസ്ഥിതി ചിന്തിക്കാനോ സാധിക്കാതെ ഗ്രാഹ്യശേഷിയില്ലാത്ത മൃഗതുല്യരായിപ്പോയി അവർ


أَفَلَا يَتَدَبَّرُونَ الْقُرْآنَ أَمْ عَلَى قُلُوبٍ أَقْفَالُهَا


(24)
അവർക്ക് ഖുർആൻ മനസ്സിരുത്തി ചിന്തിച്ചു നോക്കിക്കൂടേ?(എന്നാൽ കാര്യം മനസ്സിലാക്കാമല്ലോ) അതോ അവരുടെ ഹൃദയങ്ങളുടെ മേൽ അതിന്റെ പൂട്ടുകളുണ്ടോ?

കപടന്മാരുടെ നിറം മാറ്റവും ഓളിച്ചോട്ടവും നേരത്തേ സൂചിപ്പിച്ചുവല്ലോ.ഖുർ ആൻ ശരിക്ക് ചിന്തിച്ച് മനസ്സിലാക്കാനവർ സന്നദ്ധരായാൽ മതിയായിരുന്നു.പക്ഷെ അതിനവർ ഒരുക്കമല്ല അവരുടെ ഹൃദയങ്ങളിലേക്ക് ഒരുവിധ നന്മയും കടക്കാൻ പഴുതില്ലാത്ത വിധം അവ ദുഷിച്ചു പോയിരിക്കുന്നു


إِنَّ الَّذِينَ ارْتَدُّوا عَلَى أَدْبَارِهِم مِّن بَعْدِ مَا تَبَيَّنَ لَهُمُ الْهُدَى الشَّيْطَانُ 

سَوَّلَ لَهُمْ وَأَمْلَى لَهُمْ


(25)
നിശ്ചയം തങ്ങൾക്ക് സന്മാർഗം വ്യക്തമായിക്കഴിഞ്ഞ ശേഷം പിന്നോട്ട് തിരിച്ചു പോയവർ തങ്ങളുടെ പ്രവൃത്തികെളെ പിശാച് അവർക്ക് അലംകൃതമാക്കിക്കൊടുക്കുകയും അവരെ അവൻ വഞ്ചിക്കുകയും ചെയ്തിരിക്കുകയാണ്

പിന്നോട്ട് തിരിച്ച്  പോയവർ എന്നത് കൊണ്ട് ഉദ്ധേശം കപടന്മാരാണ്.ഇതാണ് ഇബ്നു അബ്ബാസ് رضي الله عنه ന്റെ പക്ഷം. അവരുടെ ഗ്രന്ഥത്തിലൂടെ നബി യുടെ വിശേഷണങ്ങൾ മനസിലായിട്ടും നബി യെ നിരാകരിച്ച വേദക്കാരിലെ നിഷേധികളാണത് കൊണ്ട് ഉദ്ദേശ്യമെന്നാണ് ഖതാദ رضي الله عنه ന്റെ അഭിപ്രായം.പിശാച് അവരുടെ തെറ്റുകളെഅവർക്ക് അലംകൃതമാക്കി കൊടുക്കുകയും ധീർഘായുസ്സ് അവർക്ക് വാഗ്ദാനം ചെയ്യുകയും വ്യാമോഹങ്ങളിൽ അവരെ തളച്ചിടുകയും ചെയ്തു.


ذَلِكَ بِأَنَّهُمْ قَالُوا لِلَّذِينَ كَرِهُوا مَا نَزَّلَ اللَّهُ سَنُطِيعُكُمْ فِي بَعْضِ الْأَمْرِ وَاللَّهُ 


يَعْلَمُ إِسْرَارَهُمْ 


(26)
അത് ചില കാര്യങ്ങളിൽ നിങ്ങളെ ഞങ്ങൾ അനുസരിച്ചു കൊള്ളാമെന്ന് അള്ളാഹു അവതരിപ്പിച്ചതിനെ (ഖുർ ആനിനെ) വെറുത്തിട്ടുള്ളവരോട് അവർ പറഞ്ഞത് നിമിത്തമാണ് അവർ രഹസ്യമാക്കുന്നത് അള്ളാഹു അറിയുന്നുണ്ട്

അള്ളാഹു അവതരിപ്പിച്ചതിനെ വെറുക്കുന്നവർ എന്നത് ഇസ്ലാമിന്റെ പ്രത്യക്ഷ ശത്രുക്കളായ സത്യനിഷേധികളാണ്.അവരുമായി രഹസ്യബാന്ധവം ഉണ്ടാക്കിയിരിക്കുകയാണ് കപടന്മാർ.അവർ പല കുത്തിത്തിരിപ്പുകളും കുതന്ത്രങ്ങളും ചെയ്തു കൊന്ടിരിക്കുന്നു അവരുടെ   അവിശുദ്ധ കൂട്ട്കെട്ട് അള്ളാഹു നന്നായി അറിയുന്നവൻ തന്നെയാണ് എന്ന വാക്യം അവർക്കുള്ള ശക്തമായ താക്കീതാണ്.അഥവാ ഞങ്ങൾ മുഹമ്മദ് നബി യുടെ കൂടെ നിന്ന് കൊണ്ട് തന്നെ നബിയുടെ കല്പനകൾക്കെതിരു നിൽക്കുമെന്നും യുദ്ധത്തിനു പോകാതെയും മറ്റും സത്യവിശ്വാസികളിൽ ഭീരുത്വം വളർത്താൻ ശ്രമിക്കുമെന്നും പുറത്ത് ഇസ്‌ലാമിനോട് സ്നേഹം നടിക്കുന്ന ഞങ്ങളുടെ ഉള്ള് മുഴുവനും ഇസ്‌ലാമിനോടുള്ള ശാത്രവമാണെന്നും അവർ മുശ്‌രിക്കുകളോട് സ്വകാര്യം പറഞ്ഞു.പക്ഷെ അള്ളാഹു അത് നബി ക്ക് അറിയിച്ച് കൊടുത്തു കൊണ്ട് അവരെ അവൻ നിന്ദ്യരാക്കി (ഖുർതുബി)


അള്ളാഹു സത്യവിശ്വാസികളുടെ കൂട്ടത്തിൽ നമ്മെയെല്ലാം ചേർക്കട്ടെ ആമീൻ


Part 3 click here


=================================================================
പ്രിയസഹോദരങ്ങളെനല്ലത്ഉൾകൊള്ളാനുംജീവിതത്തിൽപകർത്താനുംനാഥൻഅനുഗ്രഹിക്കട്ടെ. امين
ഇത്മറ്റ്സഹോദരങ്ങളിലേക്കുംഎത്തിക്കുക.

വിളക്ക്സന്ദർശിക്കുകയുംഅഭിപ്രായങ്ങൾഅറിയിക്കുകയുംചെയ്യുകതെറ്റുകുറ്റങ്ങൾചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾഅല്ലാഹുപൊറുത്തുതരട്ടെ. ദുആവസിയത്തോടെ

وصلى الله علي سيدنا محمد واله وصحبه
ومن تبعهم باحسان الي يوم الدين والحمد لله رب العالمين


സന്ദർശിക്കുകwww.vazhikaati.comവിവരങ്ങൾക്ക്vilakk@gmail.com












No comments: