അദ്ധ്യായം
43 | സൂറത്തുസ്സുഖ്‌റുഫ് | മക്കയിൽ അവതരിച്ചു |വാക്യങ്ങൾ 89
‘സുഖ്‌റുഫ്’ എന്നാൽ സ്വർണം. ഈ അദ്ധ്യായത്തിലെ മുപ്പത്തഞ്ചാം സൂക്തത്തിൽ ഈ
പദം വന്നിട്ടുണ്ട് അതിൽ നിന്നാണ് ഈ അദ്ധ്യായത്തിനു ഈ പേർ സിദ്ധിച്ചത് ഖുർആനിനെ
സംബന്ധിച്ച വിവരണം, അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങൾ,
അറബികളുടെ സത്യ നിഷേധം, പൂർവ
ചരിത്രങ്ങൾ ഉദ്ധരിച്ചു കൊണ്ട് അവർക്ക് നൽകുന്ന താക്കീതുകൾ, പരലോക
ശിക്ഷകൾ, പരലോക നേട്ടങ്ങൾ,
മൂസാ നബിയുടെയും ഫറോവയുടെയും കഥ തുടങ്ങിയ പല വിഷയങ്ങളും ഈ
അദ്ധ്യായത്തിൽ ചർച്ചയുണ്ട്
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ
നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
ഭാഗം
-10 ( 81 മുതൽ 89 വരെ )
(81)
قُلْ إِن كَانَ لِلرَّحْمَنِ وَلَدٌ فَأَنَا أَوَّلُ الْعَابِدِينَ
قُلْ إِن كَانَ لِلرَّحْمَنِ وَلَدٌ فَأَنَا أَوَّلُ الْعَابِدِينَ
തങ്ങൾ പറയുക. മഹാ കാരുണ്യവാനായ (അള്ളാഹുവിന്) സന്താനമുണ്ടായിരുന്നെങ്കിൽ ഞാൻ അതിനെ ആരാധിക്കുന്നവരിൽ ആദ്യത്തെയാളായിരിക്കും
അള്ളാഹുവിനു പങ്കാളികളെയും സന്താനങ്ങളെയും സ്ഥാപിക്കുന്നവർക്കുള്ള ശക്തമായ മറുപടിയാണിത്. അതായത് നബി ﷺതങ്ങളോട് അള്ളാഹു നിർദ്ദേശിക്കുന്നത് നിങ്ങൾ പറയുന്നത് പോലെ അള്ളാഹുവിനു സന്താനമുണ്ടായിരുന്നുവെങ്കിൽ ആ സന്താനത്തെ ആദ്യമായി ആരാധിക്കുന്നത് ഞാനാകുമായിരുന്നു. പക്ഷെ അള്ളാഹുവിനു സന്താനമില്ല അതിനാൽ അള്ളാഹുവിനു പുറമേ നിങ്ങൾ പറയുന്ന എല്ലാ ദൈവങ്ങളെയും ഞാൻ നിഷേധിക്കുന്നു
(82)
سُبْحَانَ رَبِّ السَّمَاوَاتِ وَالْأَرْضِ رَبِّ الْعَرْشِ عَمَّا يَصِفُونَ
سُبْحَانَ رَبِّ السَّمَاوَاتِ وَالْأَرْضِ رَبِّ الْعَرْشِ عَمَّا يَصِفُونَ
ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്, സിംഹാസനത്തിന്റെ നാഥൻ അവർ പറഞ്ഞുണ്ടാക്കുന്നതിനെത്തൊട്ടെല്ലാം പരിശുദ്ധനാകുന്നു.
അള്ളാഹുവിനു മക്കളുണ്ട്. അവന്ന് പങ്കാളികളുണ്ട് എന്നെല്ലാം പറഞ്ഞുണ്ടാക്കിയ ആളുകൾ പറഞ്ഞുണ്ടാക്കിയ ആരോപണങ്ങളുമായി അള്ളാഹുവിനു യാതൊരു ബന്ധവുമില്ല.അതിൽ നിന്നെല്ലാം പരിശുദ്ധനായ അള്ളാഹു ഏകനും മറ്റാരിലേക്കും ആശ്രയിക്കേണ്ടതില്ലാത്തവനുമാണ്.അവനു സന്താനങ്ങളില്ല.അവൻ മറ്റാരോടും തുല്യനുമല്ല.ആകാശങ്ങളെയും ഭൂമിയെയും മഹാ സിംഹാസനത്തെയും സൃഷ്ടിച്ച അള്ളാഹുവിന്റെ സൃഷ്ടികൾ തന്നെയാണ് ഈസാ നബിയും ഉസൈറുമെല്ലാം.അവരെ അള്ളാഹുവിന്റെ മക്കളെന്ന് ആരോപിക്കുന്നത് മഹാ കഷ്ടം തന്നെ
(83)
فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ
فَذَرْهُمْ يَخُوضُوا وَيَلْعَبُوا حَتَّى يُلَاقُوا يَوْمَهُمُ الَّذِي يُوعَدُونَ
അത് കൊണ്ട് തങ്ങൾ അവരെ വിട്ടേക്കുക.അവർക്ക് താക്കീത് നൽകപ്പെടുന്ന ആ ദിവസം അവർ കണ്ട് മുട്ടുന്നത് വരെ അവർ അസംബന്ധങ്ങൾ പറയുകയും കളിതമാശകളിൽ ഏർപ്പെടുകയും ചെയ്തു കൊള്ളട്ടെ
വഴികേടിലും അജ്ഞതയിലും കഴിഞ്ഞു കൂടുന്ന ആ ജനതയെ തങ്ങൾ അവരുടെ പാട്ടിനു വിട്ടേക്കുക.(സത്യം ബോദ്ധ്യപ്പെടുത്താനാവശ്യമായ വിധത്തിൽ അവരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടും അത് ഉൾക്കൊള്ളാൻ തയാറാവാതെ പ്രവാചകർക്ക് നേരെ പരിഹാസം ചൊരിയുന്നവരെ അവരുടെ പാട്ടിനു വിടാനാണ് അള്ളാഹു നിർദ്ദേശിക്കുന്നത്.സത്യം പറഞ്ഞു കൊടുക്കുക.അത് സ്ഥാപിക്കാനാവശ്യമായ തെളിവുകൾ നൽകുക.അത് തങ്ങൾ ഭംഗിയായി നിർവഹിച്ച ശേഷവും സത്യത്തിനു നേരെ കൊഞ്ഞനം കുത്തുന്നവർ മർക്കടമുഷ്ടിയുമായി നടക്കുകയാണ് അവർ ദുർവാശിക്കാരുമാണ് അവരുടെ നാശം അവർ സ്വയം തിരഞ്ഞെടുത്തിരിക്കുകയാണ് അവരുടെ ഈ ധിക്കാരത്തിനുള്ള പ്രതിഫലം അന്ത്യനാളിൽ അവർ അനുഭവിക്കുക തന്നെ ചെയ്യും അത് വരെ ഈ നിഷേധത്തിന്റെ രസം അവർ അനുഭവിക്കട്ടെ. അന്ന് അവർക്ക് മനസ്സിലാകും ഞങ്ങൾ സത്യത്തിനു നേരെ പുറം തിരിഞ്ഞു നിന്നതിന്റെ പ്രതിഫലം എന്താണെന്ന്.!
(84)
وَهُوَ الَّذِي فِي السَّمَاء إِلَهٌ وَفِي الْأَرْضِ إِلَهٌ وَهُوَ الْحَكِيمُ الْعَلِيمُ
അവൻ ആകാശത്ത് ആരാധ്യനായിട്ടുള്ളവനാണ് .ഭൂമിയിലും അവൻ തന്നെയാണ് ആരാധ്യൻ.അവൻ തന്നെയാകുന്നു യുക്തിമാനും സർവജ്ഞനും
ആകാശത്തും ഭൂമിയിലും ആരാധിക്കപ്പെടാൻ അർഹത അള്ളാഹുവിനു മാത്രമാണ്.അതിനാൽ അവനോട് നിങ്ങൾ ആരാധനയുടെ കാര്യത്തിൽ ആരെയും പങ്ക് ചേർക്കരുത്. അവനെ മാത്രം ആരാധ്യനായി അംഗീകരിക്കാൻ നിങ്ങൾ തയാറാവണം.അവൻ അവന്റെ സൃഷ്ടികളെ നിയന്ത്രിക്കുന്നതിലും അവരുടെ കാര്യങ്ങൾ ക്രമീകരിക്കുന്നതിലും അവൻ ഉദ്ദേശിക്കുന്നതിനെ അവർക്ക് കീഴ്പെടുത്തി കൊടുക്കുന്നതിലും യുക്തമായി പ്രവർത്തിക്കുന്നവനും അവർക്ക് ആത്യന്തികമായി നന്മ എന്താണെന്ന് ശരിയായി അറിയുന്നവനുമാണ് (ഥബ്‌രി)
അള്ളാഹുവിനു പങ്കാളികളുണ്ടെന്നും സന്താനങ്ങളുണ്ടെന്നുമുള്ള വാദത്തെ നിരാകരിക്കുകയാണ് അഥവാ അവൻ മാത്രമേ ആരാധനക്കർഹനുള്ളൂവെന്ന് സ്ഥാപിക്കുകയാണ് ഈ സൂക്തം (ഖുർതുബി)
ഇമാം റാസി رحمة الله
عليه എഴുതുന്നു. “ഈ സൂക്തം അള്ളാഹു ആകാശത്ത് സ്ഥിരമായി ഉള്ളവനല്ലെന്നതിന്റെ
വ്യക്തമായ തെളിവാണ്.കാരണം അള്ളാഹു ഈ സൂക്തത്തിൽ ആകാശവുമായി അള്ളാഹുവിനുള്ള ബന്ധം
ആരാധ്യനായിരിക്കൽ എന്ന നിലക്കാണ് ഭൂമിയോട് ആ നിലക്ക് അവനു ബന്ധമുള്ളത് പോലെ
തന്നെ.അപ്പോൾ അള്ളാഹു ഭൂമിയിൽ ആരാധ്യനാണ് എന്നതിൽ നിന്ന് അവൻ ഭൂമിയിൽ
സ്ഥിരതയുള്ളവനാണെന്ന് അർത്ഥമാക്കാത്തത് പോലെ ആകാശത്തിൽ ആരാധ്യനാണെന്നതിനും അവൻ
ആകാശത്ത് സ്ഥിരതയുള്ളവൻ എന്ന് അർത്ഥമില്ല(റാസി)
(85)
وَتَبَارَكَ الَّذِي لَهُ مُلْكُ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا وَعِندَهُ عِلْمُ السَّاعَةِ وَإِلَيْهِ تُرْجَعُونَ
ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും ആധിപത്യം ഏതൊരുത്തനാണോ അവൻ അനുഗ്രഹ പൂർണനാകുന്നു.അവന്റെ അടുത്ത് തന്നെയാകുന്നു ആ അന്ത്യ സമയത്തെ പറ്റിയുള്ള അറിവ്.അവന്റെ അടുത്തേക്ക് തന്നെ നിങ്ങൾ മടക്കപ്പെടുകയും ചെയ്യും
ആകാശ ഭൂമിയും അവയിലുള്ളതുമെല്ലാം സൃഷ്ടിച്ചതും മറ്റാരുടെയും സമ്മർദ്ധത്തിനു വിധേയനാകാതെ അവയെ നിയന്ത്രിക്കുന്നതും അള്ളാഹുവാണെന്നതിനാൽ അവൻ സന്താനങ്ങളിൽ നിന്ന് പരിശുദ്ധനാണ്.അവൻ ഉദ്ദേശിക്കുന്നത് (സൃഷ്ടിച്ചോ സംഹരിച്ചോ) നടപ്പാക്കാൻ കഴിവുള്ള അവൻ എല്ലാ ന്യൂനതകളിൽ നിന്നും പോരായ്മകളിൽ നിന്നും മുക്തനാണ് അന്ത്യനാൾ എപ്പോൾ സംഭവിക്കുമെന്ന് വെളിപ്പെടുത്തുന്നതും അവൻ തന്നെ.അന്ത്യനാൾ സംഭവിച്ചാൽ എല്ലാവരും അവന്റെ വിചാരണക്കായി വരികയും നന്മക്ക് പ്രതിഫലവും തിന്മക്ക് ശിക്ഷയും അനുഭവിക്കുകയും വേണ്ടിവരും (ഇബ്നു കസീർ)
ആകാശ ഭൂമിയും അതിലുള്ളതും അള്ളാഹുവിന്റെ അധികാരത്തിലും അവന്റെ നിയന്ത്രണത്തിലുമാണെന്നിരിക്കെ അവയിൽ ചിലത് എങ്ങനെയാണ് അവന്റെ പങ്കാളിയാണെന്ന് പറയുക?അഥവാ അവനു പങ്കാളിയില്ല എന്ന് സാരം(ഥബ്‌രി)
(86)
وَلَا يَمْلِكُ الَّذِينَ يَدْعُونَ مِن دُونِهِ الشَّفَاعَةَ إِلَّا مَن شَهِدَ بِالْحَقِّ وَهُمْ يَعْلَمُونَ
അവന്നു പുറമേ ഇവർ ആരെ ആരാധിക്കുന്നുവോ അവർ ശുപാർശ അധീനപ്പെടുത്തുന്നില്ല അറിഞ്ഞ് കൊണ്ട് തന്നെ സത്യത്തിന് സാക്ഷ്യം വഹിച്ചവരൊഴികെ
അള്ളാഹുവിനെയല്ലാതെ ഇവർ ആരെയൊക്കെ ദൈവമാക്കിയോ അവർക്കൊന്നും ശുപാർശക്കുള്ള അധികാരമുണ്ടാവില്ല അഥവാ ഇവരെ ശുപാർശ ചെയ്ത് അവർ രക്ഷിക്കുമെന്ന് ധരിക്കേണ്ടതില്ല.എന്നാൽ ഇവർ ആരാദ്ധ്യരായി കാണുകയും യഥാർത്ഥത്തിൽ അവർ അള്ളാഹുവിനെ ശരിയായി മനസ്സിലാക്കുകയും ചെയ്ത ഈസാ, ഉസൈർ, മലക്കുകൾ തുടങ്ങിയവർക്കെല്ലാം അള്ളാഹുവിന്റെ അനുമതിയോടെ ശുപാർശക്ക് അധികാരമുണ്ടാകും.അവർ അള്ളാഹുവിനെ മാത്രം ആരാധിച്ചിരുന്ന സത്യവിശ്വാസികൾക്ക് വേണ്ടി ശുപാർശ ചെയ്യുകയും ചെയ്യും (ഥബ്‌രി)
ഖുറൈശികളിലെ നള്റുബ്നുൽ ഹാരിസും സംഘവും ഒരിക്കൽ പറഞ്ഞു മുഹമ്മദ് നബി പറയുന്നത് സത്യമാണെങ്കിൽ (പരലോകം ഉണ്ട് പുനർജന്മം നടക്കും രക്ഷ ശിക്ഷകളുണ്ടാകും എന്നതൊക്കെ ) ഞങ്ങൾക്കൊന്നും ഭയപ്പെടാനില്ല കാരണം ഞങ്ങൾ മലക്കുകളെ സഹായികളാക്കിയവരാണ് അവർ ഞങ്ങളെ ശുപാർശയിലൂടെ രക്ഷിക്കും എന്ന്.അപ്പോൾ ഈ സൂക്തം അവതരിച്ചു.അതായത് മലക്കുകളും മറ്റു മഹാന്മാരും ശുപാർശ ചെയ്യുന്നത് അള്ളാഹുവിനെ മാത്രം ആരാധിച്ചവർക്ക് മാത്രമായിരിക്കും അല്ലാതെ മലക്കുകളെ പടച്ചവന്റെ പങ്കാളികളാക്കിയവർക്ക് അവർ ശുപാർശ ചെയ്യുകയോ അത് മുഖേന മുശ്രിക്കുകൾ രക്ഷപ്പെടുകയോ ഇല്ല(ഖുർതുബി)
അപ്പോൾ ഖുർആൻ ശുപാർശയെ പൂർണമായി നിരാകരിക്കുന്നില്ല.മറിച്ച് മഹാന്മാർ സത്യ വിശ്വാസികൾക്ക് വേണ്ടി ശുപാർശ ചെയ്യുകയും അത് മുഖേന അവർക്ക് രക്ഷ ലഭിക്കുകയും ചെയ്യും എന്ന് സ്ഥിരീകരിക്കുകയും അള്ളാഹുവിനു പങ്കാളികളെ സ്ഥാപിച്ച് ശിർക്ക് എന്ന മഹാ പാതകം ചെയ്തവർക്ക് അവരുടെ ആരാദ്ധ്യന്മാരായി അവർ കണ്ട മഹത്തുക്കൾ പോലും ശുപാർശ ചെയ്യുകയോ അവരുടെ രക്ഷക്ക് വേണ്ട സംവിധാനത്തിൽ ഏർപ്പെടുകയോ ഇല്ല .അതായത് സത്യവിശ്വാസി മഹാന്മാർ ശുപാർശകരാണെന്ന് വിശ്വസിക്കുന്നതിനെ അള്ളാഹു അംഗീകരിക്കുകയും മുശ്രിക്കുകൾ അവരുടെ ആരാദ്ധ്യർ ശുപാർശകരാണെന്ന് പറഞ്ഞതിനെ നിരാകരിക്കുകയും ചെയ്തു.അത് കൊണ്ട് ശുപാർശക്കാരെ സ്ഥാപിക്കുന്നത് നിരുപാധികം തെറ്റല്ലെന്നും വിശ്വാസം ശരിയാക്കിയവർക്ക് ശുപാർശക്കാരുണ്ടെന്നും എല്ലാ ശുപാർശക്കാരെയും ഒരേപോലെ കണ്ട് ആക്ഷേപിക്കുന്ന ശൈലി ചിലരിൽ കണ്ട് വരുന്നത് ഖുർആനിന്റെ നിർദേശത്തിനു തീർത്തും വിരുദ്ധമാണെന്നും ബോദ്ധ്യമായി (അൽഹംദുലില്ലാഹ്)
ഈ വിഷയം ഇത്രയും പറയാൻ കാരണം നമ്മുടെ ചില സാധാരണക്കാർ മുശ്രിക്കുകളും ശുപാർശകരെയാണ് പ്രതീക്ഷിക്കുന്നത്.ഭൂരിപക്ഷം വരുന്ന മുസ്ലിംകളും ശുപാർശക്കാരെയാണ് പ്രതീക്ഷിക്കുന്നത് രണ്ടും ഒരുപോലെ അപകടമാണ് എന്ന് പറഞ്ഞ് യഥാർത്ഥ മുസ്ലിംകളെ ആക്ഷേപിക്കുന്നതിലെ ഖുർആൻ വിരുദ്ധത കാണുമ്പോഴുള്ള ശക്തമായ വേദന കൊണ്ടാണ്.അത്തരക്കാർ നല്ല ഗുരുക്കന്മാരിൽ നിന്ന് ഖുർ ആൻ പഠിക്കുകയല്ലാതെ ഇത്തരം അജ്ഞതക്ക് മറ്റ് മരുന്നുകളൊന്നുമില്ല എന്ന് സസ്നേഹം ഉണർത്തുന്നു.
(87)
وَلَئِن سَأَلْتَهُم مَّنْ خَلَقَهُمْ لَيَقُولُنَّ اللَّهُ فَأَنَّى يُؤْفَكُونَ
ആരാണ് അവരെ സൃഷ്ടിച്ചതെന്ന് തങ്ങൾ അവരോട് ചോദിച്ചാൽ തീർച്ചയായും അവർ പറയും അള്ളാഹു എന്ന്.അപ്പോൾ എങ്ങനെയാണ് അവർ വ്യതിചലിപ്പിക്കപ്പെടുന്നത്?
ഇബ്നു കസീർ رحمة الله عليه എഴുതുന്നു.. “അള്ളാഹുവിനു പുറമേ പല ദൈവങ്ങളെയും ആരാധിക്കുന്നവരോട് ആരാണ് അവരെ സൃഷ്ടിച്ചത് എന്ന് ചോദിച്ചാൽ അള്ളാഹു മാത്രമാണ് സൃഷ്ടിച്ചതെന്നും മറ്റാർക്കും അതിൽ പങ്കാളിത്തമില്ലെന്നും അവർ സമ്മതിക്കും.അതോടൊപ്പം തന്നെ ഒരു കഴിവുമില്ലാത്ത ഒരു അധികാരവുമില്ലാത്ത പലതിനെയും അവർ ആരാധിക്കുകയും ചെയ്യും ഇത് അങ്ങേയറ്റത്തെ ബുദ്ധിശൂന്യതയും വിവരക്കേടും തന്നെയാണ്.ഇത് കൊണ്ടാണ് ഈ സൂക്തത്തിന്റെ അവസാനം അള്ളാഹു.
‘അപ്പോൾ എങ്ങനെയാണ് അവർ(സത്യത്തിൽ നിന്ന്) വ്യതിചലിപ്പിക്കപ്പെടുന്നത് ? ’ എന്ന് ചോദിച്ചത്. അഥവാ എല്ലാം പടച്ചത് അള്ളാഹുവാണെന്ന പ്രസ്താവനയും മറ്റു പലതിനെയും അവർ ആരാധിക്കുന്നതും തമ്മിൽ പൊരുത്തപ്പെടുന്നില്ല എന്ന് ചുരുക്കം
(88)
وَقِيلِهِ يَارَبِّ إِنَّ هَؤُلَاء قَوْمٌ لَّا يُؤْمِنُونَ
وَقِيلِهِ يَارَبِّ إِنَّ هَؤُلَاء قَوْمٌ لَّا يُؤْمِنُونَ
എന്റെ രക്ഷിതാവേ! ഇവർ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന് പ്രവാചൻ പറയുന്നതും അള്ളാഹു അറിയും
ആരാണ് പടച്ചത് എന്ന ചോദ്യത്തിനു അള്ളാഹു എന്ന അവരുടെ മറുപടി ചൂണ്ടിക്കാട്ടി അവർക്ക് അള്ളാഹുവിൽ വിശ്വാസമുണ്ടായിരുന്നുവെന്ന് വെറുതെ വാദിക്കുന്ന ചിലരെ നാം കാണാറുണ്ട്.അവർക്കുള്ള വ്യക്തമായ ഖണ്ഡനമാണ് ഈ സൂക്തം.അള്ളാഹുവാണ് പടച്ചത് എന്ന് പറയുന്നത് വിശ്വാസമായി പരിഗണിക്കാനാവില്ലെന്ന് ഇവിടെ ബോദ്ധ്യമാകുന്നു കാരണം നബി തങ്ങൾ അവരെക്കുറിച്ച് പറയുകയാണ്
“എന്റെ രക്ഷിതാവേ! ഇവർ വിശ്വസിക്കാത്ത ഒരു ജനതയാകുന്നു എന്ന്” .
ഇബ്നുകസീർ رحمة الله
عليه പറയുന്നു ‘മുഹമ്മദ് നബി ﷺ തന്നെ
കളവാക്കിയവരെക്കുറിച്ച് പരാതിപറയുകയാണ്.നാഥാ ഇവർ സത്യവിശ്വാസമില്ലാത്തവരാണെന്ന്!(ഇബ്നുകസീർ)
എന്നിട്ടും ഇവർക്ക് അള്ളാഹുവിൽ വിശ്വാസമുണ്ടായിരുന്നു എന്ന് വാദിക്കുന്നത് എന്ത് മാത്രം ധിക്കാരമല്ല!
(89)
فَاصْفَحْ عَنْهُمْ وَقُلْ سَلَامٌ فَسَوْفَ يَعْلَمُونَ
فَاصْفَحْ عَنْهُمْ وَقُلْ سَلَامٌ فَسَوْفَ يَعْلَمُونَ
അതിനാൽ തങ്ങൾ അവരെ വിട്ട് തിരിഞ്ഞ് കളയുക.’സലാം’ എന്ന് പറയുകയും ചെയ്യുക. അവർ വഴിയെ അറിഞ്ഞ് കൊള്ളും
അവർ പറയുന്ന മോശമായ വാദങ്ങൾക്ക് മറുപടി പറയാതെ തങ്ങൾ അവരെ അവഗണിക്കുക.അവർ കാണിക്കുന്ന ഈ നിഷേധത്തിന്റെ പ്രതിഫലം അവർ അനുഭവിക്കുക തന്നെ ചെയ്യും എന്ന് അള്ളാഹു താക്കീത് ചെയ്തിരിക്കുകയാണ് അള്ളാഹു അവന്റെ ദീൻ എല്ലായിടത്തും വ്യാപിപ്പിക്കുകയും ജനം കൂട്ടം കൂട്ടമായി ഈ മതത്തിൽ പ്രവേശിക്കുകയും ചെയ്യും (ഇബ്നു കസീർ)
“സലാം” എന്ന് പറയുക എന്നതിന്റെ ഉദ്ദേശ്യം അവർക്ക് അഭിവാദ്യമർപ്പിക്കുക എന്നല്ല മറിച്ച് അവരിൽ നിന്ന് യാത്ര പറഞ്ഞ് പിരിയുക എന്ന് അർത്ഥത്തിലാണ് മനസ്സിലാക്കേണ്ടത് (ഥബ്രി)
അള്ളാഹു നമ്മെ സന്മാർഗത്തിൽ അടിയുറപ്പിച്ച് നിർത്തട്ടെ ആമീൻ
No comments:
Post a Comment