അദ്ധ്യായം 41 | സൂറത്ത് ഫുസ്സിലത്ത് سورة فصلت | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 54
(Part -2 - 09 മുതൽ 16 വരെ സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ
നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(9)
قُلْ
أَئِنَّكُمْ لَتَكْفُرُونَ بِالَّذِي خَلَقَ الْأَرْضَ فِي يَوْمَيْنِ
وَتَجْعَلُونَ لَهُ أَندَادًا ذَلِكَ رَبُّ الْعَالَمِينَ
(നബിയേ) പറയുക രണ്ട്
ദിനങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനിൽ നിങ്ങൾ അവിശ്വസിക്കുകയും അവന്ന് നിങ്ങൾ
സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ
ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്
ﷲഅള്ളാഹുവിനു പുറമേ മറ്റു പലതിനെയും ആരാധിച്ചവർക്കുള്ള വിമർശനമാണിവിടെ ﷲഅള്ളാഹു പറയുന്നത് എല്ലാം സൃഷ്ടിക്കുകയും എല്ലാത്തിനെയും
തന്റെ നിയന്ത്രണത്തിലാക്കുകയും എല്ലാം ക്രമീകരിക്കുകയും ചെയ്ത ﷲഅള്ളാഹുവിനോട് അവന്റെ തന്നെ ചില സൃഷ്ടികളെ സമമാക്കുക എന്ന
അക്രമത്തെ അള്ളാഹു തള്ളിപ്പറയുകയാണ് .അവൻ എല്ലാം ഇപ്പോഴും നിയന്ത്രിച്ചു
കൊണ്ടിരിക്കുന്നു (ഇബ്നു കസീർ)
ഇമാം ഥിബ്‌രി رحمة الله عليه എഴുതുന്നു ‘ജൂതന്മാർ നബി ﷺതങ്ങളുടെ അടുത്ത് വന്ന് ആകാശ ഭൂമികളുടെ
സൃഷ്ടിപ്പിനെക്കുറിച്ച് ചോദിച്ചു തങ്ങൾ പറഞ്ഞു അള്ളാഹുﷲ ഞായർ, തിങ്കൾ എന്നീ ദിനങ്ങളിലായി ഭൂമിയെ പടച്ചു ചൊവ്വാഴ്ച
പർവതങ്ങളെയും അതിലുള്ള ഉപകാരങ്ങളെയും പടച്ചു മരം, വെള്ളം, നകരങ്ങൾ തുടങ്ങിയവ ബുധനാഴ്ചയും
പടച്ചു ഈ നാലു ദിനങ്ങളിലെ സംഭവങ്ങൾ വിവരിച്ച് നബി ﷺതങ്ങൾ ഈ സൂക്തം പാരായണം ചെയ്തു
രണ്ട് ദിനങ്ങളിലായി ഭൂമിയെ സൃഷ്ടിച്ചവനിൽ നിങ്ങൾ
അവിശ്വസിക്കുകയും അവന്ന് നിങ്ങൾ സമന്മാരെ സ്ഥാപിക്കുകയും തന്നെയാണോ ചെയ്യുന്നത്? അവനാകുന്നു ലോകങ്ങളുടെ രക്ഷിതാവ്
വ്യാഴം ആകാശത്തെയും വെള്ളി നക്ഷത്രങ്ങൾ, സൂര്യൻ, ചന്ദ്രൻ, മലക്കുകൾ
എന്നിവയും ( ആ ദിനത്തിലെ അവസാന മൂന്ന് മണിക്കൂർ വരെ പടച്ചു ശേഷിച്ച മൂന്ന് മണിക്കൂറിലെ
ആദ്യ മണിക്കൂറിൽ മരിക്കുന്നവരുടെ അവധിയും രണ്ടാം മണിക്കൂറിൽ ലോകത്ത്
സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളും മൂന്നാം മണിക്കൂറിൽ ആദം നബി عليه السلامയെ
പടക്കുകയും സ്വർഗത്തിൽ താമസിപ്പിക്കുകയും തനിക്ക് സുജൂദ് ചെയ്യാൻ ഇബ്‌ലീസിനോട്
കല്പിക്കുകയും (ആ കല്പന അവഗണിച്ചതിനാൽ) അവനെ സ്വർഗത്തിൽ നിന്ന് പുറത്താക്കുകയും
ചെയ്തു(ഇത്രയും പറഞ്ഞപ്പോൾ) ജൂതന്മാർ ചോദിച്ചു പിന്നെ എന്തുണ്ടായി? തങ്ങൾ പറഞ്ഞു
ആകാശം പടക്കാൻ കരുതി എന്ന്. അപ്പോൾ അവർ പറഞ്ഞു ഈ ഉത്തരം പൂർത്തിയാക്കിയാൽ നിങ്ങൾ
പറഞ്ഞത് ശരിയാകുമായിരുന്നു അതായത് അവർ പറഞ്ഞു പിന്നെ അള്ളാഹു
ﷲ വിശ്രമിച്ചു എന്ന്. അപ്പോൾ നബി ﷺതങ്ങൾക്ക് (ﷲഅള്ളാഹുവെ കുറിച്ച് മോശം പരാമർശനം അവരിൽ നിന്ന് വന്നതിനാൽ )
ശക്തമായ രോഷമുണ്ടായി. നബി ﷺതങ്ങളെ
ആശ്വസിപ്പിച്ച് ﷲഅള്ളാഹുവിനു ഈ സൃഷ്ടിപ്പ് കാരണത്താൽ ക്ഷീണം ബാധിച്ചില്ലെന്നും ഇവരുടെ ഇത്തരം ആരോപണങ്ങളിൽ
തങ്ങൾ ക്ഷമ കൈക്കൊള്ളണം എന്നും ഖുർആൻ അവതരിക്കുകയും ചെയ്തു (ഥിബ്‌രി)
ﷲഅള്ളാഹു പടച്ച്
നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന ഭൂമിയിൽ അവൻ നൽകിയ ആനുകൂല്യങ്ങൾ അനുഭവിച്ച്
ജീവിക്കുന്ന മനുഷ്യൻ ﷲ അള്ളാഹു തന്നെ സൃഷ്ടിച്ച് സംരക്ഷിക്കുന്ന പലതിനെയും
അള്ളാഹുവിന്റെ സ്ഥാനത്ത് പ്രതിഷ്ഠിക്കുന്നു എന്നത് അങ്ങേ അറ്റം ബുദ്ധിശൂന്യതയും നന്ദികേടുമാണ്
ഇതാണ് തുടർന്ന് ﷲഅള്ളാഹു ചോദിച്ചത് അള്ളാഹുവിൽ അവിശ്വസിച്ച് നിങ്ങൾ അവന്ന് സമന്മാരെ
സ്ഥാപിക്കുകയാണോ എന്ന്!
അള്ളാഹു ഇവർ പറയുന്ന ദൈവങ്ങളുൾപ്പെടെ ലോകം നിയന്ത്രിച്ചു കൊണ്ടിരിക്കുന്നു എല്ലാ
വസ്തുക്കളും, അവന്റെ അധികാര പരിധിയിൽ വരുന്നവയാണ് അവന്റെ നിയന്തണത്തിലുള്ള അശക്തരായ ചിലതിന്
അള്ളാഹുവിന്റെ സ്ഥാനം നൽകുന്നവർ എത്രമേൽ അബദ്ധം സംഭവിച്ചവരാണ് എന്നാണ് ഇവിടെ
ഉണർത്തുന്നത്
(10)
وَجَعَلَ فِيهَا رَوَاسِيَ مِن
فَوْقِهَا وَبَارَكَ فِيهَا وَقَدَّرَ فِيهَا أَقْوَاتَهَا فِي أَرْبَعَةِ
أَيَّامٍ سَوَاء لِّلسَّائِلِينَ
അതിൽ (ഭൂമിയിൽ ) -അതിന്റെ ഉപരിഭാഗത്ത് –ഉറച്ച് നിൽക്കുന്ന
പർവതങ്ങൾ അവൻ സ്ഥാപിക്കുകയും അതിൽ അഭിവൃദ്ധിയുണ്ടാക്കുകയും അതിലെ ആഹാരങ്ങൾ അവിടെ
വ്യവസ്ഥപ്പെടുത്തിവെക്കുകയും ചെയ്തിരിക്കുന്നു നാലു ദിവസങ്ങളിലായിട്ടാണ് അവനത്
ചെയ്തത് ആവശ്യപ്പെടുന്നവർക്ക് വേണ്ടി ശരിയായ അനുപാതത്തിൽ
ഭൂമിക്ക് ഇളക്കം തട്ടാതെ ഉറച്ച് നിൽക്കാൻ
ആണിയെന്നോണമാണ് ﷲഅള്ളാഹു കൂറ്റൻ പർവതങ്ങളെ ഭൂമിക്ക് മുകളിൽ സ്ഥാപിച്ചത് അതിൽ മരങ്ങളും പഴങ്ങളും
അടക്കം മനുഷ്യന്റെ ജീവിതം മെച്ചപ്പെടുത്താൻ ആവശ്യമായതെല്ലാം ഒരുക്കി ആഹാരങ്ങൾ
ക്രമീകരിച്ച ﷲഅള്ളാഹു മനുഷ്യരടക്കം ഭൂമിയിലുള്ള കോടാനുകോടി ജീവികകൾക്ക് ജനിക്കുവാനും ജീവിക്കുവാനും
ഓരോരുത്തരുടെയും ജിവിതാവശ്യങ്ങൾ നിർവഹിക്കുവാനും സൌകര്യപ്രദമായ വിധത്തിൽ അന്നം
ഉൾപ്പെടെ നൂറായിരം കാര്യങ്ങൾ ഒരുക്കി വെച്ച് ഇവിടുത്തെ വാസത്തിനു വേണ്ട പശ്ചാത്തല
സൌകര്യങ്ങൾ സജ്ജീകരിച്ചു. ‘അഭിവൃദ്ധിയുണ്ടാക്കുക’, എന്നതിൽ ഒരു വിത്തിട്ടാൽ അനേകം ഇരട്ടിയായി തിരിച്ചു തരുന്ന
സംവിധാനമുൾപ്പെടെയുള്ള കാര്യങ്ങളിലേക്ക് വിരൽ ചൂണ്ടുകയാണ്
ആഹാരങ്ങൾവ്യവസ്ഥപ്പെടുത്തി എന്നതിൽ മനുഷ്യന്റെ കച്ചവടവും വ്യത്യസ്ഥ നാടുകളിലുള്ള
വ്യത്യസ്ഥ വിഭവങ്ങളും അത് വാങ്ങാനും വിൽക്കാനും രാജ്യങ്ങൾ വിട്ട് കടന്നുള്ള
സഞ്ചാരങ്ങളും യാത്രകളും അതിലൂടെ മനുഷ്യൻ സ്വരൂപിക്കുന്ന ധനാഗമന മാർഗങ്ങളുമെല്ലാം
ഉൾപ്പെടും
പൂർണമായ നാലു ദിനം കൊണ്ട് ﷲഅള്ളാഹു ഇവകൾ സംവിധാനിച്ചു എന്ന് പറഞ്ഞത് കാര്യങ്ങളിലെല്ലാം
അവധാനതയും സൂക്ഷ്മതയും പുലർത്തണമെന്ന സന്ദേശമുണ്ട് ഒരു നിമിഷം കൊണ്ട് ﷲഅള്ളാഹുവിനു ഇതെല്ലാം സാദ്ധ്യമാണ് എന്നത് നാം ഓർക്കണം
(11)
ثُمَّ اسْتَوَى إِلَى السَّمَاء
وَهِيَ دُخَانٌ فَقَالَ لَهَا وَلِلْأَرْضِ اِئْتِيَا طَوْعًا أَوْ كَرْهًا
قَالَتَا أَتَيْنَا طَائِعِينَ
അതിനു പുറമേ അവൻ ആകാശത്തിന്റെ നേർക്ക് തിരിഞ്ഞു അത് ഒരു പുകയായിരുന്നു എന്നിട്ട്
അതിനോടും ഭൂമിയോടും അവൻ പറഞ്ഞു നിങ്ങൾ അനുസരണ പൂർണമോ നിർബന്ധിതമായോ വരിക അവ രണ്ടും
പറഞ്ഞു ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു
ആകാശത്തിന്റെ നേർക്ക് തിരിഞ്ഞു എന്നാൽ ആകാശം
സൃഷ്ടിക്കാൻ കരുതി എന്നാണ്.അത് ഒരു പുകയായിരുന്നു എന്നത് വെള്ളത്തിന്റെ ആവിയാണെന്ന് വ്യാഖ്യാതാക്കൾ
പറയുന്നുണ്ട്
ആകാശത്തോടും ഭൂമിയോടും അനുസരണത്തോടെയോ നിർബന്ധിതമായോ വരിക എന്ന് പറഞ്ഞാൽ എന്റെ
കല്പന നിങ്ങൾ അനുസരിക്കുകയും എന്റെ നിർദേശങ്ങൾ നടപ്പാക്കുകയും ചെയ്യുക എന്നാണ്
അഥവാ ആകാശത്തോട് സൂര്യ, ചന്ദ്ര, നക്ഷത്രാദി സംവിധാനങ്ങളെ വെളിപ്പെടുത്തുവാനും കാറ്റ്,മേഘം എന്നിവയെ
സജീവമാക്കാനും ഭൂമിയോട് പഴങ്ങൾ, പുഴകൾ,സസ്യങ്ങൾ ഉൾപ്പെടെ മനുഷ്യ നന്മക്കായി ﷲഅള്ളാഹു സംവിധാനിച്ച സൌകര്യങ്ങളെ പുറത്തെടുക്കാനും കല്പിച്ചു
എന്നാണ്.അനുസരണയോടെ നാഥന്റെ കല്പനകൾ അനുസരിക്കുന്നു എന്നായിരുന്നു അവയുടെ
പ്രതികരണം. അനുസരണയുള്ളവരായി ഞങ്ങൾ വന്നിരിക്കുന്നു എന്നാൽ അവകൾക്ക്
അള്ളാഹു സംസാര ശേഷി നൽകി അവ അങ്ങനെ പ്രതികരിച്ചു എന്നോ പ്രവർത്തിയിൽ അവയുടെ അനുസരണം
വ്യക്തമാക്കി എന്നോ ആവാം എന്നാൽ ഭൂരിപക്ഷ ഉലമാക്കളും പറയുന്നത് സംസാരിച്ചു എന്ന്
തന്നെയാണെന്നും ഭൂമിയിൽ നിന്ന് കഅ്ബ: നില കൊള്ളുന്ന ഭാഗവും ആകാശങ്ങളിൽ നിന്ന്
അതിന്റെ നേർ സൂത്രത്തിലെ സഥലവുമാണ് സംസാരിച്ചതെന്നും അബൂനസ്‌റുസ്സക്‌സക്കീ رحمة الله عليهഎന്നവർ പറഞ്ഞിട്ടുണ്ടെന്നും അതാണ് ആ സ്ഥലം ഹറമായി ആദരിക്കപ്പെട്ടതെന്നും ഇമാം
ഖുർതുബി رحمة الله عليه എഴുതിയിട്ടുണ്ട്
(12)
فَقَضَاهُنَّ سَبْعَ سَمَاوَاتٍ
فِي يَوْمَيْنِ وَأَوْحَى فِي كُلِّ سَمَاء أَمْرَهَا وَزَيَّنَّا السَّمَاء
الدُّنْيَا بِمَصَابِيحَ وَحِفْظًا ذَلِكَ تَقْدِيرُ الْعَزِيزِ الْعَلِيمِ
അങ്ങനെ രണ്ടു ദിവസങ്ങളിലായി അവയെ അവൻ ഏഴു
ആകാശങ്ങളാക്കിത്തീർത്തു ഓരോ ആകാശത്തിലും അതാതിന്റെ കാര്യം അവൻ നിർദേശിക്കുകയും
ചെയ്തു സമീപത്തുള്ള ആകാശത്തെ നാം ചില വിളക്കുകൾ കൊണ്ട് അലങ്കരിക്കുകയും സംരക്ഷണം
ഏർപെടുത്തുകയും ചെയ്തു പ്രതാപ ശാലിയും സർവ്വജ്ഞനുമായ ﷲഅള്ളാഹു വ്യവസ്ഥപ്പെടുത്തിയതത്രെ അത്
ആകാശങ്ങളുടെ സൃഷ്ടിപ്പ് രണ്ട് ദിവസം കൊണ്ട് ﷲഅള്ളാഹു സമ്പൂർത്തീകരിക്കുകയും ഓരോ ആകാശങ്ങളിലേയും
നിയന്ത്രണങ്ങളും മറ്റു ആവശ്യ കാര്യങ്ങളും അവൻ ക്രമീകരിക്കുകയും ചെയ്തു (വ്യാഴവും
വെള്ളിയുമാണാ ദിനങ്ങൾ എന്ന് ഹദീസുകളിൽ നിന്ന് മനസ്സിലാക്കാം –ഇബ്നുകസീർ)
ഭൂമിയിലുള്ളവർക്ക് പ്രകാശം നൽകുന്ന
വിളക്കുകളായി ഒന്നാനാകാശത്ത് നക്ഷത്രങ്ങളെ നാം സംവിധാനിക്കുകയും പിശാചുക്കൾക്ക്
ആകാശ ലോകത്തെ രഹസ്യം ചോർത്താനുള്ള സാഹചര്യം നിർത്തലാക്കി അതിനുള്ള കാവലായി നക്ഷത്രങ്ങളെ
അവൻ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു
ഓരോന്നിന്റെയും ചലനങ്ങളെ നിയന്ത്രിക്കാനും അറിയാനും സാധിക്കുന്ന നാഥന്റെ
വ്യവസ്ഥയാണിത്.
ശത്രുവിനെ ശിക്ഷിക്കാൻ കഴിയുന്നവനും അടിമകളുടെ രഹസ്യ പരസ്യങ്ങൾ അറിയുകയും അവരെ
നിയന്ത്രിക്കുകയും ചെയ്യുന്നവനുമായ നാഥന്റെ ക്രമീകരണമാണിത് എന്നാണ് ഇവിടെ
ഉദ്ദേശ്യം (ഥിബ്‌രി)
ആദ്യം പടച്ചത് ഭൂമിയിയാണെന്നും ആകാശം പിന്നീടാണ് സൃഷ്ടിച്ചതെന്നും ഈ സൂക്തം
തെളിയിക്കുന്നുണ്ട് സൂറത്തുന്നാസിആത്തി(അദ്ധ്യായം 79)ലെ “അതിനു ശേഷം ഭൂമിയെ അവൻ വികസിപ്പിച്ചു”, എന്ന പരാമർശനം സൃഷ്ടിപ്പിനെക്കുറിച്ചല്ലെന്നും സൃഷ്ടിപ്പും
വികസനവും രണ്ടാണെന്നും ഇബ്നു അബ്ബാസ് رضي الله عنه വിവരിച്ചിട്ടുണ്ട് എന്ന് ഇമാം ഖുർതുബീ رحمة الله عليهഎഴുതുന്നു
(13)
فَإِنْ أَعْرَضُوا فَقُلْ
أَنذَرْتُكُمْ صَاعِقَةً مِّثْلَ صَاعِقَةِ عَادٍ وَثَمُودَ
എന്നിട്ട് അവർ തിരിഞ്ഞ് കളയുന്ന പക്ഷം തങ്ങൾ പറഞ്ഞേക്കുക ആദ്, സമൂദ് എന്നീ സമുദായങ്ങൾക്ക് നേരിട്ട ഭയങ്കര ശിക്ഷ പോലെയുള്ള ഒരുശിക്ഷയെ പറ്റി
ഞാനിതാ നിങ്ങൾക്ക് താക്കീത് നൽകുന്നു
ആകാശങ്ങളുടെയും ഭൂമിയുടെയും അവയിലടങ്ങിയ
മറ്റു പ്രാപഞ്ചിക രഹസ്യങ്ങളുടെയും അവസ്ഥകൾ കണ്ണ് തുറന്ന് കാണാൻ ഒരു ബുദ്ധിമാൻ
ശ്രമിച്ചാൽ ﷲ അള്ളാഹുവിന്റെ അജയ്യതയും ശക്തിയും മറ്റൊന്നിനും അവനോട്
താരതമ്യമില്ലെന്നും സുതരാം വ്യക്തമാവും.എന്നിട്ടും അള്ളാഹുവിനെ മനസ്സിലാക്കാൻ
ഒരാൾക്ക് സാധിക്കുന്നില്ലെങ്കിൽ, അള്ളാഹുവിനോട് അവന്റെ പടപ്പുകളെ സമമാക്കാൻ അവൻ
തയാറാവുന്നുവെങ്കിൽ, ഉടമയും അടിമയും ഒരു പോലെയാണെന്ന് വാദിക്കാൻ ധൈര്യം കാണിക്കുന്നുവെങ്കിൽ, (ഇതൊക്കെ നബി ﷺ തങ്ങളുടെ പ്രഥമ പ്രബോധിതരായ അറേബ്യൻ മുശ്‌രിക്കുകൾ ചെയ്തിരുന്നു)
മുൻ കാലങ്ങളിലെ നിഷേധികൾക്ക് വന്നു ഭവിച്ച ദുരന്തങ്ങൾ നിങ്ങളെയും പിടികൂടുക തന്നെ
ചെയ്യുമെന്ന് താക്കീത് നൽകുകയല്ലാതെ മറ്റെന്ത് വഴി ഇതാണ് ഇവിടെ സൂചിപ്പിക്കുന്നത്
(14)
إِذْ جَاءتْهُمُ
الرُّسُلُ مِن بَيْنِ أَيْدِيهِمْ وَمِنْ خَلْفِهِمْ أَلَّا تَعْبُدُوا إِلَّا
اللَّهَ قَالُوا لَوْ شَاء رَبُّنَا لَأَنزَلَ مَلَائِكَةً فَإِنَّا بِمَا
أُرْسِلْتُمْ بِهِ كَافِرُونَ
അവരുടെ മുന്നിലൂടെയും പിന്നിലൂടെയും ചെന്ന് അള്ളാഹുവേയല്ലാതെ നിങ്ങൾ ആരാധിക്കരുത്
എന്ന് പറഞ്ഞു കൊണ്ട് അവരുടെ അടുത്ത് ദൈവ ദൂതന്മാർ ചെന്ന സമയത്ത് അവർ പറഞ്ഞു
ഞങ്ങളുടെ രഷിതാവ് ഉദ്ദേശിച്ചിരുന്നുവെങ്കിൽ അവൻ മലക്കുകളെ ഇറക്കുമായിരുന്നു അതിനാൽ
നിങ്ങൾ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ അതിൽ തീർച്ചയായും ഞങ്ങൾ
വിശ്വാസമില്ലാത്തവരാകുന്നു
ആദ്,സമൂദ് പോലുള്ള മുൻ സമുദായങ്ങളുടെ സമീപം
സജീവമായ പ്രബോധനവുമായി (അതാണ്
മുന്നിലൂടെയും പിന്നിലൂടെയും ദൂതന്മാർ വന്നു എന്ന് പറഞ്ഞതിന്റെ സാരം) ദൂതന്മാർ
വരികയും ഉടമയെ മാത്രം ആരാധിക്കണം അടിമകളെ ആരാധിക്കരുത് (ﷲഅള്ളാഹുവിനു യാതൊരു പങ്കാളിയും ഇല്ല) എന്ന് സലക്ഷ്യം
ഉൽബോധനം നടത്തുകയും അനുസരിക്കുന്നവർക്ക് സന്തോഷവാർത്തയും ധിക്കരിക്കുന്നവർക്ക്
താക്കീതും നൽകുകയും ﷲഅള്ളാഹുവിന്റെ ശത്രുക്കളിൽ മുമ്പ് നടന്ന ശിക്ഷകളെ
വിവരിച്ചും അള്ളാഹുവിന്റെ ഇഷ്ടദാസന്മാരായ മുൻ കഴിഞ്ഞു പോയ മഹാന്മാർക്ക് അള്ളാഹു
നൽകിയ അനുഗ്രഹങ്ങളെക്കുറിച്ച് സോദാഹരണം വിവരിച്ചും അവരെ നല്ലവരാക്കാൻ
ശ്രമിച്ചപ്പോൾ ജനതയുടെ പ്രതികരണം
ഇങ്ങനെയായിരുന്നു.ഞങ്ങൾ അള്ളാഹുവിനെ മാത്രം ആരാധിക്കണം എന്ന് ﷲഅള്ളാഹുവിനു ഉദ്ദേശ്യമുണ്ടായിരുന്നുവെങ്കിൽ ഇത് പറയാൻ അവൻ
മലക്കുകളെ നിയോഗിക്കുമായിരുന്നു ഞങ്ങളെ പോലെ മനുഷ്യരായ നിങ്ങളെ
അയക്കുമായിരുന്നില്ല അപ്പോൾ ﷲഅള്ളാഹുവിനു അവനെ മാത്രം ആരാധിക്കണമെന്ന നിർബന്ധമൊന്നുമില്ല
മറിച്ച് ഞങ്ങൾ ഈ ദൈവങ്ങളെപൂജിക്കുന്നത്
അവന് ഇഷ്ടമുള്ള കാര്യമാണ് ആകയാൽ നിങ്ങൾ പറയുന്ന ഈ ആശയം ഞങ്ങൾ
നിഷേധിക്കുകയാണ് അത് സമ്മതിക്കാൻ ഞങ്ങൾ ഒരുക്കമല്ല ഇതായിരുന്നു അവരുടെ പ്രതികരണം
(15)
فَأَمَّا عَادٌ فَاسْتَكْبَرُوا
فِي الْأَرْضِ بِغَيْرِ الْحَقِّ وَقَالُوا مَنْ أَشَدُّ مِنَّا قُوَّةً أَوَلَمْ
يَرَوْا أَنَّ اللَّهَ الَّذِي خَلَقَهُمْ هُوَ أَشَدُّ مِنْهُمْ قُوَّةً
وَكَانُوا بِآيَاتِنَا يَجْحَدُونَ
എന്നാൽ ആദ് സമുദായം ന്യായം കൂടാതെ ഭൂമിയിൽ അഹംഭാവം നടിക്കുകയും ഞങ്ങളേക്കാൾ
ശക്തിയാൽ മികച്ചവർ ആരുണ്ട്? എന്ന് പറയുകയുമാണ് ചെയ്തത് അവർക്ക് കണ്ട് കൂടേ
അവരെ സൃഷ്ടിച്ച അള്ളാഹു തന്നെയാണ് അവരേക്കാൾ ശക്തിയിൽ മികച്ചവനെന്ന് ? നമ്മുടെ ദൃഷ്ടാന്തങ്ങളെ അവർ നിഷേധിച്ച് കളയുകയായിരുന്നു
ഹൂദ് നബി عليه السلامയുടെ
സമുദായമാണ് ആദ് സമൂഹം.ഹൂദ് നബി عليه السلامയും
വിശ്വാസികളും അവരെ സന്മാർഗത്തിലേക്ക് ക്ഷണിച്ചപ്പോൾ അത് സ്വീകരിക്കുന്നതിനു പകരം
അവർ അഹങ്കരിച്ചു ഞങ്ങൾക്ക് വല്ല ശിക്ഷയും വരുന്നുണ്ടെങ്കിൽ അത് തടയാൻ ഞങ്ങൾ
കരുത്തുള്ളവരാണ് ആജാനബാഹുക്കളായിരുന്ന എന്തും എടുത്ത് മറിക്കാനുള്ള മസിൽ
പവറുണ്ടായിരുന്ന അവർ (അറുപത് മുതൽ നൂറ് മുഴം വരെ പൊക്കമുള്ളവരായിരുന്നു അവർ)
അവരുടെ ശക്തിയിൽ അഹങ്കരിച്ചു കൊണ്ട് ഹൂദ് നബിയെ നേരിട്ട രീതിയാണിത് എന്നാൽ അതിന്
അള്ളാഹു പറഞ്ഞ മറുപടി നോക്കുക നിങ്ങൾക്ക് ഈ നീളവും കൈകരുത്തും തന്ന ﷲഅള്ളാഹുവിനേക്കാൾ നിങ്ങൾ ശക്തന്മാരാവുമോ?അവൻ നൽകിയ ശക്തി മാത്രമേ നിങ്ങൾക്കുള്ളൂ
.എന്നാൽ ഇത്രയും യുക്തി ഭദ്രമായി അവരുടെ നിലപാട് ശരിയല്ലെന്ന് വിശദീകരിച്ചിട്ടും
അവർ അത് സ്വീകരിക്കാൻ തയാറായില്ല അവർ നിഷേധത്തിൽ തന്നെ മുന്നോട്ട് പോയി
(16)
فَأَرْسَلْنَا عَلَيْهِمْ رِيحًا
صَرْصَرًا فِي أَيَّامٍ نَّحِسَاتٍ لِّنُذِيقَهُمْ عَذَابَ الْخِزْيِ فِي
الْحَيَاةِ الدُّنْيَا وَلَعَذَابُ الْآخِرَةِ أَخْزَى وَهُمْ لَا يُنصَرُونَ
അങ്ങനെ ദുരിതം പിടിച്ച ഏതാനും ദിവസങ്ങളിൽ അവരുടെ നേർക്ക്
ഉഗ്രമായ ഒരു ശീതക്കാറ്റ് നാം അയച്ചു ഐഹിക ജീവിതത്തിൽ അവർക്ക് അപമാനകരമായ ശിക്ഷ നാം
ആസ്വദിപ്പിക്കാൻ വേണ്ടിയത്രെഅത് എന്നാൽ പരലോകത്തിലെ ശിക്ഷയാണ് കൂടുതൽ അപമാനകരം
അവർക്ക് സഹായമൊന്നും നൽകപ്പെടുകയുമില്ല
ﷲഅള്ളാഹുവിനെ വെല്ലുവിളിക്കും വിധം അവർ അഹങ്കാരികളായപ്പോൾ അള്ളാഹു അവർക്ക് നേരെ
അതി ശക്തമായി അടിച്ചു വീശുന്ന ഘോര ശബ്ദമുള്ള തണുത്ത കാറ്റിനെ അയച്ചു (സ്വന്തം
ശക്തി കൊണ്ട് ﷲഅള്ളാഹുവിന്റെ ശിക്ഷയെ പ്രതിരോധിക്കാമെന്ന് കരുതിയ അവർ ഏഴു രാവും എട്ട് പകലും
നീണ്ടു നിന്ന ഈ ശിക്ഷയിൽ അടപടലം തകർന്നു പോയി.നാഥന്റെ ശക്തിക്കുമുന്നിൽ നിമിഷ നേരം
കൊണ്ട് അവരുടെ കളികൾ അവസാനിച്ചു ഇത് ശക്തിയിൽ അഹങ്കരിച്ചവർക്ക് ഭൂമിയിൽ ലഭിച്ച
നാണക്കേടാണ് എന്നാൽ ഇത് കൊണ്ട് അവരുടെ ദുരിതം തീരുന്നില്ല പരലോകത്ത് അവരെ
കാത്തിരിക്കുന്നത് ഇതിലും അപമാനകരമായ ശിക്ഷയാണ് ഇവിടെ ശിക്ഷ വന്നപ്പോൾ കയ്യും
കെട്ടി നിന്ന് അനുഭവിക്കാൻ മാത്രമേ അവർക്കായുള്ളൂ ഒരാളും സഹായിക്കാനുണ്ടായില്ല
പരലോകത്തും ഇത് തന്നെയാണ് അവസ്ഥ.
മൂന്ന് വർഷം മഴയില്ലാതെ പരീക്ഷിച്ച ശേഷമാണ് ﷲഅള്ളാഹു അവർക്ക് ഈ നിന്ദ്യമായ ശിക്ഷ നൽകിയതെന്ന് ഇമാം ബഗ്‌വി
رحمة
الله عليهഎഴുതുന്നു.ആദ് സമൂഹം നേരിട്ട
ശിക്ഷയെ കുറിച്ച് വിശുദ്ധ
ഖുർആൻ പല സ്ഥലത്തും വിശദീകരിച്ചിട്ടുണ്ട്.
ഈ ചരിത്രത്തിൽ നിന്ന് ﷲഅള്ളാഹുവിനെ വെല്ലുവിളിക്കാനോ പ്രവാചകാധ്യാപനങ്ങൾക്കു നേരെ പുറം തിരിഞ്ഞു നിൽക്കാനോ ശ്രമിക്കുന്നത് അങ്ങേ അറ്റം മോശമാണ്
എന്ന് നമുക്ക് മനസ്സിലാക്കാം ﷲഅള്ളാഹു നല്ലത് ഉൾക്കൊള്ളാൻ നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment