Monday, June 21, 2021

അദ്ധ്യായം 40 | സൂറത്ത് ഗാഫിർ سورة غافر| ഭാഗം 05

അദ്ധ്യായം 40  | സൂറത്ത് ഗാഫിർ سورة غافر| ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 85


(Part -5  -   സൂക്തം 44 മുതൽ 52 വരെ സൂക്തങ്ങളുടെ വിവരണം )

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 


(44)
فَسَتَذْكُرُونَ مَا أَقُولُ لَكُمْ وَأُفَوِّضُ أَمْرِي إِلَى اللَّهِ إِنَّ اللَّهَ بَصِيرٌ بِالْعِبَادِ


എന്നാൽ ഞാൻ നിങ്ങളോട് പറയുന്നത് വഴിയെ നിങ്ങൾ ഓർക്കും എന്റെ കാര്യം ഞാൻ അള്ളാഹുവിങ്കലേക്ക് ഏല്പിച്ച് വിടുന്നു തീർച്ചയായും അള്ളാഹു ദാസന്മാരെപ്പറ്റി കണ്ടറിയുന്നവനാകുന്നു


ആ സത്യ വിശ്വാസി ഇവരോടുള്ള സംസാരം തുടരുകയാണ് അദ്ദേഹം പറയുന്നു ഞാൻ നിങ്ങളോട് കല്പിക്കുന്ന കാര്യത്തിന്റെ സത്യവും വിരോധിക്കുന്ന കാര്യങ്ങളുടെ യാഥാർഥ്യവും നിങ്ങൾക്ക് ഞാൻ നൽകിയ സദുപദേശത്തിന്റെ പ്രാധാന്യവും നിങ്ങൾക്ക് ഞാൻ വിവരിച്ച് തന്ന തെളിവുകളുടെ ആധികാരികതയും നിങ്ങൾ ഓർക്കുകയും എന്നെ അനുസരിക്കാത്തതിന്റെ പേരിൽ നിങ്ങൾ ദു:ഖിക്കുകയും ചെയ്യുന്ന സാഹചര്യം വരാനിരിക്കുന്നുണ്ട് പക്ഷെ അന്നത്തെ നിങ്ങളുടെ ദു:ഖവും തിരിച്ചറിവും പ്രത്യേകിച്ച് ഒരു ഗുണവും നിങ്ങൾക്ക് നൽകുകയില്ല ഞാൻ എന്റെ കാര്യങ്ങൾ
അള്ളാഹുവിലേക്ക് ഏല്പിച്ച് അവനോട് സഹായം അർത്ഥിച്ച് സത്യം സ്വീകരിക്കാൻ സന്മനസ്സില്ലാത്ത നിങ്ങളുമായി ഞാൻ ബന്ധം വിടുകയാണ് നിങ്ങളുടെ കൂടെ ഇനിയും ഞാൻ തുടരുന്നതിൽ കാര്യമില്ല എന്റെ നാഥൻ അവന്റെ അടിമകൾ ചെയ്യുന്നതെല്ലാം കാണുന്നുണ്ട് സന്മാർഗത്തിലെത്താൻ യോഗ്യരാരാണ് വഴിതെറ്റി നടക്കുന്നതാരാണ് എന്നെല്ലാം അവനു നന്നായറിയാം ഓരോരുത്തരെ കുറിച്ചും വ്യക്തമായ തെളിവുകൾ അവന്റെ അടുത്തുണ്ട് അവൻ യുക്തമായ നിലപാട് സ്വീകരിക്കാനും അത് നടപ്പാക്കാനും ശക്തനാണ് (ഇബ്നുകസീർ).
ഇതും പറഞ്ഞ് അവരുടെ ഇടയിൽ നിന്ന് അദ്ദേഹം പുറത്തിറങ്ങി പിന്നീട് അവർക്ക് അന്വേഷിച്ചിട്ടും അദ്ദേഹത്തെ കണ്ടെത്താനായില്ല (ബഗ്‌വി)
അവർ അദ്ദേഹത്തെ കൊല്ലാൻ ശ്രമിക്കുകയും അദ്ദേഹം കാട്ടിലേക്ക് ഓടി മറയുകയും ചെയ്തു പിന്നീട് ഇവർക്ക് അദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞതുമില്ല (ഖുർതുബി)



(45)
فَوَقَاهُ اللَّهُ سَيِّئَاتِ مَا مَكَرُوا وَحَاقَ بِآلِ فِرْعَوْنَ سُوءُ الْعَذَابِ

 

അപ്പോൾ അവർ നടത്തിയ കുതന്ത്രങ്ങളുടെ ദുഷ്ഫലങ്ങളിൽ നിന്ന് അള്ളാഹു അദ്ദേഹത്തെ കാത്തു. ഫിർ ഔന്റെ ആളുകളെ കടുത്ത ശിക്ഷ വലയം ചെയ്യുകയുമുണ്ടായി


ഭൂമിയിൽ അദ്ദേഹത്തെ പിടികൂടാൻ അവർക്കായില്ല മൂസാ നബി عليه السلامക്കൊപ്പം അദ്ദേഹത്തെ അള്ളാഹു രക്ഷപ്പെടുത്തി പരലോകത്ത് സ്വർഗം കൊണ്ട് അള്ളാഹു അദ്ദേഹത്തെ സന്തോഷിപ്പിക്കുകയും ചെയ്യും അതേ സമയം ഫറോവയും സംഘവും ഭൂമിയിൽ ചെങ്കടലിൽ മുക്കി കൊല്ലപ്പെട്ടു.പരലോകത്ത് അവരെ നരകത്തിൽ കിടത്തുകയും ചെയ്യും (ഇബ്നു കസീർ)

 

(46)
النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ

 

നരകം! രാവിലെയും വൈകുന്നേരവും അവർ അതിനു മുൻപിൽ പ്രദർശിപ്പിക്കപ്പെടും ആ അന്ത്യ സമയം നിലവിൽ വരുന്ന ദിവസം ഫിർഔന്റെ ആളുകളെ ഏറ്റവും കഠിനമായ ശിക്ഷയിൽ നിങ്ങൾ പ്രവേശിപ്പിക്കുക (എന്ന് കല്പിക്കപ്പെടും)


ഫറോവയുടെയും സംഘത്തിന്റെയും ആത്മാക്കൾക്ക് എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും നരകം കാണിക്കപ്പെടുകയും ഇത് നിങ്ങളുടെ വീടാണെന്ന് അവരോട് പറയപ്പെടുകയും ചെയ്യും അന്ത്യനാൾ വരെ ഈ ശൈലി തുടരും പരലോകത്ത് എത്തിയാൽ അവരെ നരകത്തിൽ പ്രവേശിപ്പിക്കാൻ അള്ളാഹു മലക്കുകളോട് നിർദ്ദേശിക്കുകയും ചെയ്യും .ഇത് അവർക്ക് മാത്രമല്ല നബി തങ്ങൾ പറഞ്ഞിട്ടുണ്ട് ഏതൊരാൾ മരണപ്പെട്ടാലും രാവിലെയും വൈകുന്നേരവും അവന്റെ പരലോകത്തെ താമസ സ്ഥലം അവനു പ്രദർശിപ്പിക്കപ്പെടും സ്വർഗാവകാശിക്ക് സ്വർഗവും നരകാവകാശിക്ക് നരകവും. എന്നിട്ട് ഇതാണ് നിന്റെ ഭവനം എന്ന് അവനോട് പറയപ്പെടുകയും ചെയ്യും ഇത്  അന്ത്യനാൾ വരെ തുടരും (ബഗ്‌വി)


മരണ ശേഷം പുനർജന്മം വരെയുള്ള ‘ബർസഖീ‘ ജീവിതത്തിൽ ശിക്ഷയുണ്ടെന്ന അഹ്‌ലുസ്സുന്നത്തിന്റെ നിലപാട് ശരിയാണെന്നതിനുള്ള വലിയൊരു അടിസ്ഥാനമാണ് ഈ സുക്തം. ഇമാം ബുഖാരി
رحمة الله عليه ആഇശ ബീവി رضي الله عنهاയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു “ഒരു യഹൂദി സ്ത്രീ ആഇശ ബീവി رضي الله عنهاയുടെ അടുത്ത് വന്നു എന്നിട്ട് അവർ പറഞ്ഞു അള്ളാഹു നിങ്ങളെ ഖബ്‌ർ ശിക്ഷയെ തൊട്ട് കാക്കട്ടെ എന്ന്. അങ്ങിനെ നബി തങ്ങൾ വന്നപ്പോൾ ഖബ്‌ർ ശിക്ഷയെ സംബന്ധിച്ച് ആഇശ ബീവി رضي الله عنهاതങ്ങളോട് ചോദിച്ചു തങ്ങൾ പറഞ്ഞു അതെ.ഖബ്‌ർ ശിക്ഷ സത്യമാണ് എന്ന് ആഇശ ബീവി رضي الله عنهاപറയുന്നു അതിനു ശേഷം ഖബ്‌ർ ശിക്ഷയെ തൊട്ട് കാവൽ തേടാതെ ഒരു നിസ്കാരവും നബി തങ്ങൾ നിസ്കരിച്ചിട്ടില്ല (ഇബ്നുകസീർ)


നിസ്കാരത്തിലെ അവസാന അത്തഹിയ്യാത്തിൽ നാലു കാര്യങ്ങളെ തൊട്ട് കാവൽ തേടൽ
നിർബന്ധമാണെന്ന് പല ഇമാമുകളും അഭിപ്രായപ്പെട്ടിട്ടുണ്ട്.

أللهم اني أعوذ بك من عذاب القبر ومن عذاب النار ومن فتنة المحيا والممات ومن فتنة المسبح الدجال

( ഖബ്‌ർ ശിക്ഷയെ തൊട്ടും നരക ശിക്ഷയെ തൊട്ടും ജീവിത, മരണ പരീക്ഷണത്തെ തൊട്ടും ദജ്ജാലിന്റെ ഫിത്‌നയെ തൊട്ടും ) നിർബന്ധമില്ലെന്ന് പറയുന്നവരും അത് ഒഴിവാക്കൽ കറാഹത്താണെന്ന് പറയുന്നുണ്ട് എന്നത് നാം ഓർക്കുക ആ പ്രാർത്ഥനയുടെ പ്രാധാന്യമാണിത് കാണിക്കുന്നത്. ഖബ്‌ർ പരലോക ജീവിതത്തിലെ പ്രഥമ ഘട്ടമാണെന്നും അവിടെ രക്ഷപ്പെട്ടവർക്കേ തുടർന്നുള്ള ഘട്ടങ്ങളിൽ വിജയിക്കാനാവൂ എന്നും ഇസ്‌ലാം പഠിപ്പിച്ചിട്ടുണ്ട്

 

(47)
وَإِذْ يَتَحَاجُّونَ فِي النَّارِ فَيَقُولُ الضُّعَفَاء لِلَّذِينَ اسْتَكْبَرُوا إِنَّا كُنَّا لَكُمْ تَبَعًا فَهَلْ أَنتُم مُّغْنُونَ عَنَّا نَصِيبًا مِّنَ النَّارِ

 

നരകത്തിൽ അവർ അന്യോന്യം ന്യായ വാദം നടത്തുന്ന സന്ദർഭം (ശ്രദ്ധേയമാകുന്നു) അപ്പോൾ ദുർബലർ അഹംഭാവം നടിച്ചവരോട് പറയും തീർച്ചയായും ഞങ്ങൾ നിങ്ങളെ പിന്തുടർന്ന് ജീവിക്കുകയായിരുന്നു അതിനാൽ നരക ശിക്ഷയിൽ നിന്നുള്ള വല്ല വിഹിതവും ഞങ്ങളിൽ നിന്ന്  ഒഴിവാക്കിത്തരാൻ നിങ്ങൾക്ക് കഴിയുമോ?


നരകത്തിലെത്തിയ ഫറോവയും അനുയായികളുമുൾപ്പെടെ എല്ലാവരും ഒന്നുകിൽ അവിശ്വാസത്തിന്റെ പ്രചാരകരും നേതാക്കളും ആയിരിക്കും അല്ലെങ്കിൽ നേതാക്കളുടെ വാക്കിൽ കുടുങ്ങിപ്പോയ അനുയായികളായിരിക്കും ഈ നേതാക്കളോട് അനുയായികൾ നടത്തുന്ന തർക്കവും വാഗ്വാദവുമാണിത് അതായത് ഭൂമിയിൽ നിങ്ങൾ പറയുന്നതെല്ലാം അനുസരിച്ചാണ് ഞങ്ങൾ ജീവിച്ചത് അത് കാരണം ഈ അവസ്ഥയിലായി.നിങ്ങളില്ലായിരുന്നുവെങ്കിൽ ഞങ്ങൾ സത്യവിശ്വാസം സ്വീകരിക്കുകയും രക്ഷപ്പെടുകയും ചെയ്തേനേ അത് കൊണ്ട് ഈ ശിക്ഷയിൽ നിന്ന് എന്തെങ്കിലും നീക്കം ചെയ്യാൻ നിങ്ങളെക്കൊണ്ടാവുമോ? (ഥിബ്‌രി)

 

(48)
قَالَ الَّذِينَ اسْتَكْبَرُوا إِنَّا كُلٌّ فِيهَا إِنَّ اللَّهَ قَدْ حَكَمَ بَيْنَ الْعِبَادِ


അഹംഭാവം നടിച്ചവർ പറയും തീർച്ചയായും നമ്മളെല്ലാം ഇതിൽ തന്നെയാകുന്നു തീർച്ചയായും
അള്ളാഹു ദാസന്മാർക്കിടയിൽ വിധി കല്പിച്ചു കഴിഞ്ഞു

നേതാക്കളുടെ നിസ്സഹായതയും കൈ മലർത്തലുമാണിത് അള്ളാഹു ഓരോരുത്തർക്കും അർഹിക്കുന്നത് വിധിച്ച് കഴിഞ്ഞു ഇനി അനുഭവിക്കുക തന്നെ ഞങ്ങളും നിങ്ങളെ പോലെ ഇവിടെ തന്നെ ശിക്ഷ അനുഭവിക്കുന്നത് നിങ്ങൾ കാണുന്നില്ലേ എന്ന്.

 

(49)
وَقَالَ الَّذِينَ فِي النَّارِ لِخَزَنَةِ جَهَنَّمَ ادْعُوا رَبَّكُمْ يُخَفِّفْ عَنَّا يَوْمًا مِّنَ الْعَذَابِ


നരകത്തിലുള്ളവർ നരകത്തിന്റെ കാവൽക്കാരോട് പറയും നിങ്ങൾ നിങ്ങളുടെ രക്ഷിതാവിനോടൊന്ന് പ്രാർത്ഥിക്കുക ഞങ്ങൾക്ക് ഒരു ദിവസത്തെ ശിക്ഷയെങ്കിലും അവൻ ലഘൂകരിച്ചു തരട്ടേ


നരകക്കാർ ശിക്ഷയുടെ ഘട്ടങ്ങളിൽ അള്ളാഹുവോട് ഇതൊന്ന് ലഘൂകരിച്ച് തരാൻ, നരകത്തിൽ നിന്നൊന്ന് പുറത്ത് കടത്താൻ നിരന്തരം പറയും നിന്ദ്യരായി ഇവിടെ കിടക്കുക എന്നോട് സംസാരിക്കരുത് എന്നായിരിക്കും അള്ളാഹുവിന്റെ മറുപടി അപ്പോഴാണിവർ നരകത്തിന്റെ കാവൽക്കാരായ മലക്കുകളോട് ഒരു ദിനമെങ്കിലും ഈ ശിക്ഷയൊന്ന് ഒഴിവാക്കാൻ ഞങ്ങൾക്ക് വേണ്ടി ഒന്ന് പറയാമോ എന്ന് കെഞ്ചുന്നത്


(50)
قَالُوا أَوَلَمْ تَكُ تَأْتِيكُمْ رُسُلُكُم بِالْبَيِّنَاتِ قَالُوا بَلَى قَالُوا فَادْعُوا وَمَا دُعَاء الْكَافِرِينَ إِلَّا فِي ضَلَال


അവർ (കാവൽക്കാർ) പറയും നിങ്ങളിലേക്കുള്ള ദൂതന്മാർ വ്യക്തമായ തെളിവുകളും കൊണ്ട് നിങ്ങളുടെ അടുത്ത് വന്നിട്ടുണ്ടായിരുന്നില്ലേ
? അവർ (നരകക്കാർ) പറയും.അതെ.അവർ (കാവൽക്കാർ )പറയും എന്നാൽ നിങ്ങൾ തന്നെ പ്രാർത്ഥിച്ചുകൊള്ളുക സത്യ നിഷേധികളുടെ പ്രാർത്ഥന വൃഥാവിലായിപ്പോവുകയേയുള്ളൂ

ദൂതന്മാർ വന്നില്ലായിരുന്നുവോ എന്ന് ചോദിക്കാൻ കാരണം അതിനു മുമ്പ് ആരെയും ശിക്ഷിക്കില്ല എന്ന് അള്ളാഹു തീരുമാനിച്ചത് കൊണ്ടും ഞങ്ങൾക്ക് ഇക്കാര്യങ്ങൾ ആരും പറഞ്ഞു തന്നില്ല തന്നിരുന്നുവെങ്കിൽ ഞങ്ങൾ അത് സ്വീകരിച്ചേനേ എന്ന് ന്യായം പറയാതിരിക്കാനുമാണ്
ദൂതന്മാർ വന്നിരുന്നു എന്ന് സമ്മതിക്കലോട് കൂടി ഇനി ന്യായം പറയാൻ ഒന്നുമില്ലെന്ന് ബോദ്ധ്യപ്പെടുമ്പോഴാണ് നിങ്ങൾക്ക് വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കില്ല സ്വന്തം തന്നെ പ്രാർത്ഥിച്ചോളൂ എന്ന് മലക്കുകൾ പറയുന്നത്. സത്യ നിഷേധികൾക്ക് ശുപാർശ പറയാൻ
അള്ളാഹു ആർക്കും അനുമതി കൊടുത്തിട്ടില്ല അനുമതിയില്ലാതെ ആരും അവിടെ സംസാരിക്കുകയും ചെയ്യുകയില്ല


(51)
إِنَّا لَنَنصُرُ رُسُلَنَا وَالَّذِينَ آمَنُوا فِي الْحَيَاةِ الدُّنْيَا وَيَوْمَ يَقُومُ الْأَشْهَادُ


തീർച്ചയായും നാം നമ്മുടെ ദൂതന്മാരെയും വിശ്വസിച്ചവരെയും ഐഹിക ജീവിതത്തിലും സാക്ഷികൾ രംഗത്ത് വരുന്ന ദിവസത്തിലും സഹായിക്കുക തന്നെ ചെയ്യും

അള്ളാഹു തന്റെ പ്രവാചകന്മാർക്കും സത്യവിശ്വാസികൾക്കും എല്ലായ്പ്പോഴും സഹായിക്കുമെന്നാണ് ഇവിടെ പറയുന്നത് അവരെ ഉപദ്രവിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്തവരെ അള്ളാഹു പിടികൂടും തുടക്കത്തിൽ അവിശ്വാസികൾ അവരുടെ അജണ്ട നടപ്പാക്കുന്നുവെന്നത് ഇതിനെതിരല്ല കാരണം അത് താൽക്കാലിക പ്രതിഭാസം മാത്രമാണ് അന്തിമ വിജയം നബിമാർക്കും സത്യ വിശ്വാസികൾക്കും തന്നെയാണ് പരലോകത്ത് സാക്ഷികൾ രംഗത്ത് വരുന്ന ദിനം അവർക്കാണ് ദൈവിക സഹായം എന്നത് വ്യക്തം ഭൂമിയിലും ഇങ്ങനെ തന്നെയെന്നാണ് അള്ളാഹു പറഞ്ഞത് പല നബിമാരും കൊല്ലപ്പെട്ടില്ലേ?പലരും അക്രമിക്കപ്പെട്ടില്ലേ എന്നതൊന്നും ഇതിനു അപവാദമല്ല കാരണം അത്തരം അക്രമികൾക്കെല്ലാം കടുത്ത തിരിച്ചടികൾ അള്ളാഹു കൊടുത്തിട്ടുണ്ട് അവസാനം ഈസാ നബി عليه السلام നീതിമാനായ ഭരണാധികാരിയും വിധികർത്താവുമായി  വന്ന് ദജ്ജാലിനെയും  കൂട്ടാളികളെയും കൊന്ന് കളയും വിധം ഈ സഹായം അള്ളാഹു നൽകിയിട്ടുണ്ട് കൊല്ലപ്പെട്ട പ്രവാചകന്മാരുടെ കൊലയാളികൾക്ക് അവരെ അക്രമിക്കുന്ന ഭരാണാധികളെ നൽകി അള്ളാഹു ശിക്ഷ വിധിച്ചതും പല നബിമാരുടെയും എതിരാളികളെ അള്ളാഹു ശിക്ഷയിറക്കി നശിപ്പിച്ചതും ഈ സഹായത്തിന്റെ ഭാഗമാണ് നബി തങ്ങളുടെ എതിരാളികൾക്ക് അള്ളാഹു നൽകിയ പരീക്ഷണവും ദുർബലമായി തുടങ്ങിയ ഇസ്‌ലാമിക സംവിധാനം എല്ലാ രാജ്യങ്ങളെയും കീഴടക്കി വിജയിച്ചതും മക്ക തന്നെ തികച്ചും സമാധാനപരമായി എതിർ ശബ്ദമില്ലാത്ത വിധം ഇസ്‌ലാമിന്റെ വിളനിലമായതും ഈ സഹായത്തിന്റെ ഭാഗം തന്നെ

 

(52)
يَوْمَ لَا يَنفَعُ الظَّالِمِينَ مَعْذِرَتُهُمْ وَلَهُمُ اللَّعْنَةُ وَلَهُمْ سُوءُ الدَّارِ


അതായത് അക്രമികൾക്ക് അവരുടെ ഒഴിവ്കഴിവ് പ്രയോജനപ്പെടാത്ത ദിവസം.അവർക്കാകുന്നു ശാപം.അവർക്കാകുന്നു ചീത്ത ഭവനം

വിശ്വസിക്കാതിരിക്കാൻ എന്ത് ന്യായം പറഞ്ഞാലും അതൊന്നും സ്വീകരിക്കപ്പെടാതെ നരകത്തിലേക്ക് തള്ളപ്പെടുന്ന ശാപത്തിനർഹരായ അവിശ്വാസികൾ ശിക്ഷിക്കപ്പെടുമ്പോൾ അള്ളാഹുവിന്റെ സഹായം കൊണ്ട്  വിജയിക്കുകയായിരിക്കും വിശ്വാസികൾ
അള്ളാഹു നമ്മെ അവന്റെ സഹായം ലഭിക്കുന്നവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ

(തുടരും) ഇൻശാ അള്ളാഹ്

No comments: