അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75
(Part -4 - സൂക്തം 32 മുതൽ 40 വരെ
സൂക്തങ്ങളുടെ വിവരണം )
നബി ﷺതങ്ങൾ എല്ലാ
രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി رضي الله عنهاപറയുന്നുണ്ടെന്ന് ഇമാം
നസാഈ رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട്
(ഇബ്നുകസീർ)
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(32)
فَمَنْ أَظْلَمُ مِمَّن كَذَبَ
عَلَى اللَّهِ وَكَذَّبَ بِالصِّدْقِ إِذْ جَاءهُ أَلَيْسَ فِي جَهَنَّمَ مَثْوًى
لِّلْكَافِرِينَ
അപ്പോൾ ﷲ അള്ളാഹുവിന്റെ
പേരിൽ കള്ളം പറയുകയും സത്യം തനിക്ക് വന്നെത്തിയപ്പോൾ അതിനെ നിഷേധിച്ച് തള്ളുകയും
ചെയ്തവനേക്കാൾ കടുത്ത അക്രമി ആരുണ്ട്? നരകത്തിലല്ലയോ
സത്യ നിഷേധികൾക്കുള്ള പാർപ്പിടം?
ﷲഅള്ളാഹുവിന്റെ മേലിൽ കളവ് കെട്ടിപ്പറയുകയും അവനോടൊപ്പം മറ്റ് ആരാധ്യന്മാരെ
സ്ഥാപിക്കുകയും, മലക്കുകൾ ﷲഅള്ളാഹുവിന്റെ പെൺ മക്കളാണെന്ന് തട്ടിവിടുകയും, പ്രവാചകർ കൊണ്ടുവന്ന സത്യങ്ങളെ
തള്ളിപ്പറയുകയും ചെയ്ത ബഹുദൈവാരാധകരോടുള്ള സംബോധനയാണിത്. അതായത്
അസത്യത്തിന്റെ രണ്ട് വഴികളാണിവർ ഒരുമിച്ച് കൂട്ടിയിരിക്കുന്നത് ﷲഅള്ളാഹുവിന്റെ പേരിൽ കള്ളം പറയുക, നബി ﷺതങ്ങളെ നിഷേധിക്കുക. അതായത് സത്യത്തെ അവഗണിച്ച്
അസത്യത്തെ നെഞ്ചേറ്റിയ നിർഭാഗ്യവാന്മാർ! അത്തരക്കാർ തന്നെയാണ് ഏറ്റവും വലിയ
അക്രമികൾ എന്ന് ﷲഅള്ളാഹു സ്ഥാപിച്ചിരിക്കുന്നു ഇവർക്കുള്ള പാർപ്പിടം നരകം തന്നെ എന്ന്
വ്യക്തമാക്കുകയും ചെയ്തിരിക്കുന്നു (ഇബ്നുകസീർ)
സത്യത്തെ നിഷേധിക്കുക എന്നതിന് ഖുർആനിനെ നിരാകരിക്കുക എന്ന് വ്യാഖ്യാനമുണ്ട് (ബഗ്‌വി/ഖുർതുബി/ഥിബ്‌രി)
(33)
وَالَّذِي جَاء بِالصِّدْقِ
وَصَدَّقَ بِهِ أُوْلَئِكَ هُمُ الْمُتَّقُونَ
സത്യവും കൊണ്ട് വരികയും അതിൽ വിശ്വസിക്കുകയും ചെയ്തതാരോ അത്തരക്കാർ തന്നെയാകുന്നു
സൂക്ഷ്മത പാലിച്ചവർ
ﷲഅള്ളാഹുവിന്റെ ഏകത്വത്തിലേക്കും അവന്റെ പ്രവാചകന്മാരെ സത്യമാക്കുന്നതിലേക്കും ﷲഅള്ളാഹുവിന്റെ ദൂതന്മാർ കൊണ്ടുവന്ന ആശയങ്ങൾ ജീവിതത്തിൽ
പകർത്താൻ പ്രോത്സാഹിപ്പിക്കുന്നതിലേക്കും ക്ഷണിക്കുന്നവരെല്ലാം സത്യം കൊണ്ടുവരിക
എന്നതിന്റെ പരിധിയിൽ വരും. സത്യം എന്നതിന്റെ വിവക്ഷ ഖുർആനും സത്യ സാക്ഷ്യ വാക്യമായ
ﷲഅള്ളാഹു
മാത്രമാണ് ആരാധ്യൻ (ലാഇലാഹ ഇല്ലള്ളാഹ്) എന്നതുമാണ്. അതിൽ
വിശ്വസിക്കുന്നവർ എന്നത് ലോകത്തുള്ള എല്ലാ സത്യ വിശ്വാസികളുമാണ് മറ്റ് പല വ്യാഖ്യാനങ്ങളും ഇവിടെ
പറയപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ സൂക്തത്തിലെ വ്യാപകാർത്ഥത്തിലുള്ള നിഷേധികൾക്കെതിരിൽ
വിശ്വാസികളെ ഈ സൂക്തം പരിജയപ്പെടുത്തുമ്പോൾ അതേ വ്യാപകാർത്ഥം തന്നെയാണ് വരേണ്ടത്
എന്നതാണിതിന്റെ ന്യായം(ഥിബ്‌രി)
ഈ സൂക്തത്തിന്റെ ഉദ്ദേശ്യം ചില പ്രത്യേക വ്യക്തികളാണെന്ന് സൂചിപ്പിക്കുന്ന
വ്യാഖ്യാനങ്ങളെ നിരാകരിക്കുകയാണിവിടെ ഇമാം ഥിബ്‌രി رحمة الله عليه ചെയ്യുന്നത്. അതായത് മുപ്പത്തി രണ്ടാം സൂക്തം ﷲഅള്ളാഹുവിന്റെ മേലിൽ കള്ളം പറയുകയും ﷲഅള്ളാഹുവിന്റെ ഗ്രന്ഥവും മറ്റ് ദിവ്യ സന്ദേശങ്ങളും
നിഷേധിക്കുകയും ﷲഅള്ളാഹുവിന്റെ ഏകത്വത്തെ നിരാകരിക്കുകയും ചെയ്ത എല്ലാവരെയും ഉൾക്കൊള്ളുമ്പോൾ
അതിന്റെ എതിരിൽ ﷲഅള്ളാഹുവിന്റെ ഏകത്വം സമ്മതിക്കുകയും അവന്റെ ഗ്രന്ഥത്തെയും മറ്റ് ദിവ്യ ബോധനങ്ങളെയും
ശരിവെക്കുകയും ചെയ്ത നബി ﷺതങ്ങളുടെ
കാലത്തും പിന്നീടുള്ള എല്ലാ കാലത്തും വരുന്ന ഇതേ നിലപാടുകാരെയും ഈ വാക്യം
ഉൾക്കൊള്ളേണ്ടതും ഈ പ്രശംസയുടെ പരിധിയിൽ അവരെ കൂടി ഉൾപ്പെടുത്തേണ്ടതും അനിവാര്യമാണ്
എന്നാണ് മഹാൻ പറയുന്നത് അത് വളരെ പ്രസക്തവുമാണ്.
സത്യവുമായി വന്നത് നബി ﷺതങ്ങളും
അതിൽ വിശ്വസിച്ചത് അബൂബകർ സിദ്ദീഖു رضي
الله عنهമാണ്, സത്യവുമായി വന്നത് ജിബ്‌രീലും عليه السلام വാസ്തവമാക്കിയത് നബി ﷺതങ്ങളുമാണ് തുടങ്ങിയ വ്യാഖ്യാനങ്ങളും ഇവിടെ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ വ്യാപകാർത്ഥമുള്ള വ്യാഖ്യാനം തന്നെയാണ് മറ്റു വ്യാഖ്യാതാക്കളും കൂടുതൽ
പ്രബലമാക്കുന്നത്
മുകളിൽ പറഞ്ഞ സ്വഭാവമുള്ളവർ ബിംബാരാധനയിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയും കടമകൾ
ശരിയായി നിർവഹിക്കുകയും ദോഷങ്ങളെ കയ്യൊഴിക്കുകയും ﷲഅള്ളാഹുവിന്റെ ശിക്ഷയെ ഭയപ്പെടുകയും ചെയ്യുന്നവരുമാണെന്ന്
അവരെ പ്രശംസിക്കുകയാണീ സൂക്തത്തിന്റെ അവസാന ഭാഗം
(34)
لَهُم
مَّا يَشَاءونَ عِندَ رَبِّهِمْ ذَلِكَ جَزَاء الْمُحْسِنِينَ
അവർക്ക് തങ്ങളുടെ രക്ഷിതാവിങ്കൽ അവർ ഉദ്ദേശിക്കുന്നതെന്തോ അതുണ്ടായിരിക്കും അതത്രെ
സദ്‌വൃത്തർക്കുള്ള പ്രതിഫലം
അവർക്ക് അന്ത്യ നാളിൽ
അവരാഗ്രഹിക്കുന്നതെന്തും ലഭിക്കും ഭൂമിയിൽ അള്ളാഹുവിനെ അനുസരിക്കുകയും അവന്റെ
വിരോധങ്ങളെ ഒഴിവാക്കുകയും ചെയ്ത് നന്മ പ്രവർത്തിച്ചവരായത് കൊണ്ടാണീ പ്രതിഫലം (ഥിബ്‌രി)
ഭൂമിയിൽ അവർക്ക് നാഥനിൽ നിന്നുള്ള പ്രശംസയും പരലോകത്ത് പ്രതിഫലവും ലഭിക്കുന്നു
(ഖുർതുബി)
(35)
لِيُكَفِّرَ اللَّهُ عَنْهُمْ
أَسْوَأَ الَّذِي عَمِلُوا وَيَجْزِيَهُمْ أَجْرَهُم بِأَحْسَنِ الَّذِي كَانُوا
يَعْمَلُونَ
അവർ പ്രവർത്തിച്ചതിൽ നിന്ന് ഏറ്റവും ചീത്തയായത് പോലും അള്ളാഹു അവരിൽ നിന്ന്
മായ്ച്ചുകളയുകയും അവർ പ്രവർത്തിച്ചതിൽ ഏറ്റവും ഉത്തമമായതനുസരിച്ച് അവർക്കവൻ
പ്രതിഫലം നൽകുകയും ചെയ്യും
അവരുടെ ജീവിതത്തിൽ വന്നു പോയ
അരുതായ്മകളുണ്ടെങ്കിൽ അവരിൽ നിന്നുണ്ടായ ഈ മഹത്തായ നന്മ കാരണത്താൽ അവകളെ അള്ളാഹു
മായ്ച്ചു കളയുകയും നന്മകളെ അവൻ എടുത്തു കാണിക്കുകയും ചെയ്യും ഇത് ﷲഅള്ളാഹുവിന്റെ മഹത്തായ അനുഗ്രഹമാകുന്നു
(36)
أَلَيْسَ اللَّهُ بِكَافٍ
عَبْدَهُ وَيُخَوِّفُونَكَ بِالَّذِينَ مِن دُونِهِ وَمَن يُضْلِلِ اللَّهُ فَمَا
لَهُ مِنْ هَادٍ
തന്റെ ദാസന് ﷲഅള്ളാഹു മതിയായവനല്ലയോ? അവന്ന് പുറമേയുള്ളവരെപ്പറ്റി അവർ തങ്ങളെ ഭയപ്പെടുത്തുന്നു വല്ലവനെയും ﷲഅള്ളാഹു പിഴവിലാക്കുന്ന പക്ഷം അവന്ന് വഴികാട്ടാൻ
ആരുമില്ല
ഈ സൂക്തം അവതരിച്ചത് സംബന്ധമായി
വ്യാഖ്യാതാക്കളെല്ലാം പറയുന്നത് നബി ﷺതങ്ങൾ ബിംബാരാധനയെ നിരാകരിക്കുകയും ഇവകൾക്ക് ഉപകാര
ഉപദ്രവങ്ങളൊന്നും ചെയ്യാൻ സാധിക്കില്ലെന്ന് ആരാധിക്കുന്നവരെ ഉണർത്തുകയും
ചെയ്തപ്പോൾ അവർ നബി ﷺതങ്ങളെ
നേരിട്ട രീതി ഖുർആൻ പറയുന്നുണ്ട് ഞങ്ങളുടെ ദൈവങ്ങളെ അംഗീകരിച്ചില്ലെങ്കിൽ
നിങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ വരുമെന്ന് അവർ ഭയപ്പെടുത്തി. അപ്പോൾ ﷲഅള്ളാഹു അതിനു മറുപടിയായി പറഞ്ഞതാണിത്. ﷲഅള്ളാഹുവിനെ മാത്രം ആരാധ്യനായി അംഗീകരിക്കുന്ന നബി ﷺ തങ്ങൾക്ക് ﷲഅള്ളാഹു മതിയായവനല്ലയോ എന്ന്. അതാണ് ഈ
സൂക്തത്തിൽ തന്നെ അവന്ന് പുറമെയുള്ളവരെപ്പറ്റി അവർ തങ്ങളെ ഭയപ്പെടുത്തുന്നു എന്ന്
പറഞ്ഞത് ﷲഅള്ളാഹുവല്ലാത്ത ദൈവങ്ങളെ സ്ഥാപിക്കുന്നവർ വഴിതെറ്റിയവരാണെന്നും ഇതേ നിലപാട്
തുടർന്നാൽ അവർക്ക് നേർവഴി അസാധ്യമാണെന്നുമാണ് ﷲഅള്ളാഹു തുടർന്ന് പറയുന്നത് ഇവരുടെ ദൈവങ്ങൾക്ക് നബി ﷺ തങ്ങളെ ഒന്നും ചെയ്യാൻ സാധിക്കില്ല കാരണം തങ്ങളുടെ സംരക്ഷണം ﷲഅള്ളാഹു ഏറ്റെടുത്തിരിക്കുന്നു എന്ന് ചുരുക്കം.
ﷲഅള്ളാഹു പോരേ
തന്റെ അടിമക്ക് എന്ന ഈ പ്രസ്താവനയെ ദുർവ്യാഖ്യാനിച്ച് മഹാന്മാരോടുള്ള ബന്ധത്തെ
തള്ളിപ്പറയാനുള്ള ഒരു ശ്രമം ചില സാധുക്കൾ ഇവിടെ നടത്താറുണ്ട് അത് നൂറുശതമാനവും
ദുർവ്യാഖ്യാനം തന്നെയാണ്. കാരണം ﷲഅള്ളാഹു മതി എന്നതിനു മറ്റാരുമായും ഒരു ബന്ധവും പാടില്ല
എന്നല്ല അർത്ഥം ആരുമായി ബന്ധപ്പെടുന്നതും ﷲഅള്ളാഹുവിന്റെ കെയറോഫിലേ നടക്കൂ എന്നാണ്. ഇത് ഇങ്ങനെ മനസ്സിലാക്കിയില്ലെങ്കിൽ ഇവർക്കും
തർക്കമില്ലാത്ത സാധാരണ ﷲഅള്ളാഹുവല്ലാത്തവരോടുള്ള ബന്ധവും ഒഴിവാക്കേണ്ടി വരില്ലേ? അതോ ആ
വിഷയത്തിൽ ﷲഅള്ളാഹു പോരാ എന്ന് ഇത്തരക്കാർക്ക് തോന്നിത്തുടങ്ങിയോ എന്ന് അവർ
വിശദീകരിക്കേണ്ടതാണ് മഹാന്മാരോടുള്ള മുസ്‌ലിംകളുടെ
ബന്ധം ﷲഅള്ളാഹു അംഗീകരിച്ചതും അവൻ വകവെച്ചു തന്നതുമാണെന്ന് ഇനി എന്നാണാവോ ഇവർക്ക്
മനസ്സിലാക്കാൻ സാധിക്കുക എന്നേ തൽക്കാലം പറയുന്നുള്ളൂ
(37)
وَمَن يَهْدِ اللَّهُ فَمَا لَهُ
مِن مُّضِلٍّ أَلَيْسَ اللَّهُ بِعَزِيزٍ ذِي انتِقَامٍ
വല്ലവനെയും ﷲഅള്ളാഹു നേർവഴിയിലാക്കുന്ന പക്ഷം അവനെ വഴിപിഴപ്പിക്കുവാനും
ആരുമില്ല ﷲഅള്ളാഹു പ്രതാപിയും ശിക്ഷാനടപടി എടുക്കുന്നവനും അല്ലയോ?
ﷲഅള്ളാഹുവിൽ വിശ്വസിക്കാനും അവന്റെ ഗ്രന്ഥമനുസരിച്ച് പ്രവർത്തിക്കാനും സൌഭാഗ്യം
ലഭിച്ചവരെ സത്യത്തിൽ നിന്ന് തെറ്റിച്ച് കൊണ്ടുപോകാൻ ആർക്കും സാധ്യമല്ല .സത്യ
നിഷേധികൾക്ക് അർഹമായ ശിക്ഷ കൊടുക്കാൻ ശക്തൻ തന്നെയാകുന്നു ﷲഅള്ളാഹു
(38)
وَلَئِن سَأَلْتَهُم مَّنْ خَلَقَ
السَّمَاوَاتِ وَالْأَرْضَ لَيَقُولُنَّ اللَّهُ قُلْ أَفَرَأَيْتُم مَّا
تَدْعُونَ مِن دُونِ اللَّهِ إِنْ أَرَادَنِيَ اللَّهُ بِضُرٍّ هَلْ هُنَّ
كَاشِفَاتُ ضُرِّهِ أَوْ أَرَادَنِي بِرَحْمَةٍ هَلْ هُنَّ مُمْسِكَاتُ رَحْمَتِهِ
قُلْ حَسْبِيَ اللَّهُ عَلَيْهِ يَتَوَكَّلُ الْمُتَوَكِّلُونَ
ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് ആരെന്ന് തങ്ങൾ അവരോട് ചോദിക്കുന്ന പക്ഷം
തീർച്ചയായും അവർ പറയും ﷲഅള്ളാഹു എന്ന്.എങ്കിൽ അള്ളാഹുവിനു പുറമേ നിങ്ങൾ
ആരാധിക്കുന്നവയെ പറ്റി നിങ്ങൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ?എനിക്ക് വല്ല ഉപദ്രവവും വരുത്താൻ ﷲഅള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടെങ്കിൽ അവക്ക് അവന്റെ
ഉപദ്രവം നീക്കം ചെയ്യാനാവുമോ?അല്ലെങ്കിൽ അവൻ
എനിക്ക് വല്ല അനുഗ്രഹവും ചെയ്യാൻ ഉദ്ദേശിച്ചാൽ അവക്ക് അവന്റെ അനുഗ്രഹം പിടിച്ച്
വെക്കാനാവുമോ? അങ്ങ് പറയുക എനിക്ക് ﷲഅള്ളാഹു മതി അവന്റെ മേലാകുന്നു
ഭരമേൽപ്പിക്കുന്നവർ ഭരമേൽപ്പിക്കുന്നത്
ബഹുദൈവാരാധകന്മാരുടെ ഇരട്ടത്താപ്പ്
ചൂണ്ടിക്കാണിക്കുകയാണിവിടെ. ഇബ്നുകസീർ رحمة الله عليهഎഴുതുന്നു മുശ്‌രിക്കുകൾ എല്ലാ വസ്തുക്കളെയും പടച്ചത് ﷲഅള്ളാഹുവാണെന്ന് സമ്മതിക്കുകയും അതോടൊപ്പം ഒരു ഉപകാരമോ
ഉപദ്രവമോ ചെയ്യാത്ത വസ്തുക്കളെ ﷲഅള്ളാഹുവോടൊപ്പം ആരാധിക്കുകയും ചെയ്തു. അതിലെ പൊരുത്തക്കേട് സൂചിപ്പിക്കുകയാണിവിടെ ഒരു ശക്തിയുമില്ലാത്ത വസ്തുക്കളെ
സകല ശക്തിയുടെയും ഉടമയായ നാഥന്റെ നിലവാരത്തിലേക്കുയർത്തുന്നത് എത്ര വലിയ അപരാധം
എന്നാണിതിന്റെ ചുരുക്കം .എനിക്ക് ﷲഅള്ളാഹു മതിയെന്നും അവന്റെ മേലിൽ തന്നെയാണ് ഭരമേൽപ്പിക്കുന്നവരൊക്കെ
ഭരമേൽപ്പിക്കേണ്ടത് എന്നുമാണ് തുടർന്ന് പറയുന്നത് . നബി ﷺ തങ്ങൾ പറഞ്ഞു ആരെങ്കിലും ഏറ്റവും ശക്തനാവാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ
ﷲഅള്ളാഹുവിന്റെ
മേൽ ഭരമേൽപ്പിക്കട്ടെ ആരെങ്കിലും ഏറ്റവും വലിയ ധനികനാവാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ
തന്റെ കൈകളിലുള്ളതിനേക്കാൾ ﷲഅള്ളാഹുവിന്റെ അധികാരത്തിലുള്ളത് കൊണ്ട് അവൻ ഉറപ്പിക്കട്ടെ
ആരെങ്കിലും ജനങ്ങളിൽ ഏറ്റവും മാന്യനാവാൻ ഇഷ്ടപ്പെടുന്നുവെങ്കിൽ അവൻ
എല്ലായ്പ്പോഴും ﷲഅള്ളാഹുവിനെ സൂക്ഷിക്കട്ടെ (ഇബ്നു കസീർ)
ആകാശം പടച്ചത് ﷲഅള്ളാഹുവാണെന്ന ആ പ്രസ്താവന അവർ ദൈവ വിശ്വാസികളാണെന്നതിനു തെളിവായി
മനസ്സിലാക്കാവതല്ല. കാരണം അവർ പറയുന്ന ﷲഅള്ളാഹു അവർ മനസ്സിലാക്കിയ ദൈവിക സഭയിലെ തലവനാണ് എന്നാൽ
യഥാർത്ഥ ﷲഅള്ളാഹു പങ്കുകാരില്ലാത്ത ഏകനാണ് അഥവാ അവർ ﷲഅള്ളാഹു എന്ന വാക്ക് പറയുന്നുണ്ടെങ്കിലും നബി തങ്ങൾ
പഠിപ്പിച്ച അള്ളാഹു അല്ലാത്തതിനാൽ അതിൽ പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്ന് നാം
മനസ്സിലാക്കണം അത് കൊണ്ടാണ് ഇങ്ങനെ പറഞ്ഞ അവരെ അവിശ്വാസികൾ എന്ന് ﷲഅള്ളാഹു പരിജയപ്പെടുത്തിയത്
(39)
قُلْ يَا قَوْمِ اعْمَلُوا عَلَى
مَكَانَتِكُمْ إِنِّي عَامِلٌ فَسَوْفَ تَعْلَمُونَ
പറയുക. എന്റെ ജനങ്ങളേ
നിങ്ങളുടെ നിലപാടനുസരിച്ച് നിങ്ങൾ പ്രവർത്തിച്ച് കൊള്ളുക.ഞാനും പ്രവർത്തിച്ചുകൊണ്ടിരിക്കുക
തന്നെയാകുന്നു എന്നാൽ വഴിയെ നിങ്ങൾക്കറിയുമാറാകും
സത്യ മതത്തിന്റെ സന്ദേശം ശരിയായി
വിശദീകരിച്ചിട്ട് അതുൾക്കൊള്ളാത്തവരോടുള്ള താക്കീതിന്റെ ശൈലിയാണിത് അതായത് ഇത്രയും
വ്യക്തമായി കാര്യങ്ങൾ വിശദീകരിച്ചിട്ടും നിങ്ങൾ ബിംബാരാധനയിൽ കടിച്ചു
തൂങ്ങുന്നുവെങ്കിൽ നിങ്ങൾ ഇഷ്ടം പോലെ ചെയ്യുക അതിന്റെ ദുരന്തം പിന്നീട് നിങ്ങൾക്ക്
മനസ്സിലാവുക തന്നെ ചെയ്യും. അതായത് ﷲഅള്ളാഹുവിന്റെ ശിക്ഷ വന്നെത്തുമ്പോൾ ആരായിരുന്നു
സത്യവാന്മാർ,ആരായിരുന്നു അസത്യ വാദികൾ എന്ന് മനസ്സിലാകും (പക്ഷെ പിന്നീട് തിരിച്ചു പോക്കിനു
സാദ്ധ്യതയുണ്ടാവില്ല എന്ന് ഓർത്തുവെക്കുക)
(40)
مَن يَأْتِيهِ عَذَابٌ يُخْزِيهِ
وَيَحِلُّ عَلَيْهِ عَذَابٌ مُّقِيمٌ
അപമാനകരമായ ശിക്ഷ വന്നെത്തുന്നതും ശാശ്വതമായ ശിക്ഷ വന്നിറങ്ങുന്നതും ആർക്കാണെന്ന് (അപ്പോൾ അവർക്ക് അറിയാം)
ഭൂമിയിൽ അപമാനകരമായ ശിക്ഷകൾ, നാണം കെട്ട തോൽവികൾ അവരെ
പിടികൂടുകയും പരലോകത്ത് അവരെ വരിഞ്ഞു മുറുക്കുന്ന ഒരിക്കലും തീരാത്ത കഠിന ശിക്ഷ
തന്നെ അവർക്ക് വന്നെത്തുകയും ചെയ്യും (അന്ന് അവർക്ക് ഉറപ്പാകും പ്രവാചകരുടെ
പ്രസ്താവനകൾ സത്യവും ഞങ്ങളുടെ അവകാശ വാദങ്ങൾ നിരർത്ഥകവും ആയിരുന്നുവെന്ന്.പക്ഷെ ആ
ബോദ്ധ്യപ്പെടലു കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല കാരണം പിന്നീട് ഒരു മടക്കമോ
പശ്ചാത്തപിച്ച് വിജയിക്കാനുള്ള സന്ദർഭമോ ﷲഅള്ളാഹു അനുവദിക്കുന്നതല്ല. മാത്രവുമല്ല
പിന്നീട് ദുരിതങ്ങളിൽ നിന്ന് മോചനം സാധ്യമാക്കുന്ന മരണമോ ശാന്തത സമ്മാനിക്കുന്ന
ജീവിതമോ അവർക്കില്ല അനസ്യൂതം തുടരുന്ന കരളലിയിപ്പിക്കുന്ന കഠിന ശിക്ഷ മാത്രം അവർ
അനുഭവിച്ചു കൊണ്ടിരിക്കും )
കാര്യങ്ങൾ ശരിയായി മനസ്സിലാക്കി നാഥനെ അനുസരിക്കാൻ അവൻ നമ്മെ തുണക്കട്ടെ ആമീൻ
(തുടരും)
ഇൻശാഅള്ളാഹ്
No comments:
Post a Comment