Monday, September 13, 2021

അദ്ധ്യായം 39 | സൂറത്ത് സുമർ سورة الزمر | ഭാഗം 08

അദ്ധ്യായം 39  | സൂറത്ത് സുമർ  سورة الزمر  | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 75


(Part -8  -   സൂക്തം 62മുതൽ 68 വരെ സൂക്തങ്ങളുടെ വിവരണം )

 

 

നബിതങ്ങൾ എല്ലാ രാത്രിയിലും ഈ സൂറത്ത് ഓതിയിരുന്നതായി ആയിശ ബീവി رضي الله عنهاപറയുന്നുണ്ടെന്ന് ഇമാം നസാഈ رحمة الله عليه റിപ്പോർട്ട് ചെയ്തിട്ടുണ്ട് (ഇബ്നുകസീർ)

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(62)
اللَّهُ خَالِقُ كُلِّ شَيْءٍ وَهُوَ عَلَى كُلِّ شَيْءٍ وَكِيلٌ


അല്ലാഹു എല്ലാ വസ്തുക്കളുടെയും സൃഷ്ടാവാകുന്നു അവൻ എല്ലാ വസ്തുക്കളുടെ മേലും കൈകാര്യ കർത്താവുമാകുന്നു


അള്ളാഹു എല്ലാ വസ്തുക്കളെയും പടക്കുകയും അതിന്റെ നിയന്ത്രണവും അധികാരവും ഏറ്റെടുക്കുകയും ചെയ്യുന്നു അവയിലെല്ലാം എന്തൊക്കെ നടക്കണമെന്ന് അവൻ തീരുമാനിക്കുകയും അവയെ സംരക്ഷിക്കുന്ന കാര്യം അവൻ നടപ്പാക്കുകയും ചെയ്യുന്നു.അത് കൊണ്ട് ആരാധിക്കപ്പെടുക എന്ന വിശേഷണത്തിനു അവൻ മാത്രമാണ് അർഹൻ.ഒന്നിന്റെയും ഒരു നിയന്ത്രണാധികാരവുമില്ലാത്ത വസ്തുക്കളെ ആരാധിക്കുന്നത് എത്രമാത്രം തെറ്റായ നിലപാടാണാണ് എന്നത് ചിന്തനീയം തന്നെ


(63)
لَهُ مَقَالِيدُ السَّمَاوَاتِ وَالْأَرْضِ وَالَّذِينَ كَفَرُوا بِآيَاتِ اللَّهِ أُوْلَئِكَ هُمُ الْخَاسِرُونَ


ആകാശങ്ങളുടെയും ഭൂമിയുടെയും താക്കോലുകൾ അവന്റെ അധീനത്തിലാകുന്നു
അള്ളാഹുവിന്റെ ദൃഷ്ടാന്തങ്ങളെ നിഷേധിച്ചവരാരോ അവർ തന്നെയാകുന്നു നഷ്ടക്കാർ


അകാശ, ഭൂമികളുടെ ഖജനാവുകളുടെ താക്കോൽ അള്ളാഹുവിങ്കലാണ് അഥവാ ആ ഖജനാവിൽ നിന്ന് ആർക്കെല്ലാം എന്തെല്ലാം കൊടുക്കണം എന്ന് അവനാണ് തീരുമാനിക്കുന്നത് ചിലർക്ക് അവൻ ധാരാളമായി നൽകുന്നു ചിലർക്ക് നൽകാതിരിക്കുന്നു ഇതിലൊന്നും മറ്റാർക്കും യാതൊരു കാര്യവുമില്ല.സ്പഷ്ടമായ തെളിവുകൾ അള്ളാഹു നൽകിയിട്ടും അതെല്ലാം നിഷേധിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നവർ അവരുടെ ഭാഗ്യം നഷ്ടപ്പെടുത്തിയവരാണ് കാരണം പരലോകത്ത് അവർ സാശ്വതമായി നരകത്തിൽ പ്രവേശിപ്പിക്കപ്പെടുകയും ഭൂമിയിൽ വിശ്വാസത്തിൽ നിന്ന് പിന്തിരിയുക വഴി പരാചയം സമ്മതിക്കുകയും ചെയ്തിരിക്കുന്നു (ഥിബ്‌രി)
ഇമാം ബൈഹഖി
رحمة الله عليه ഇബ്നു ഉമറി رضي الله عنهൽ നിന്ന് ഉദ്ധരിക്കുന്നു ഉസ്മാൻ ബിൻ അഫ്ഫാൻ رضي الله عنه നബി തങ്ങളോട് എന്താണ് ആകാശ, ഭൂമികളുടെ താക്കോൽ എന്ന് ചോദിച്ചു അപ്പോൾ നബി തങ്ങൾ പറഞ്ഞു ഇത് ആരും (നിങ്ങൾക്ക് മുമ്പ്) എന്നോട് ചോദിച്ചിട്ടില്ല  

لااله الاالله والله أكبر وسبحان الله وبحمده أستغفر الله ولاحول ولاقوة الابالله العلي العظيم هو الأول والاخر والظاهر والباطن يحيي ويميت بيده الحيروهو علي كل شيء قدير

 

ഇതാണത്. ആരെങ്കിലും രാവിലെയും വൈകുന്നേരവും പത്തു തവണ വീതം ഇവ ചൊല്ലിയാൽ ആറ് കാര്യങ്ങൾ അള്ളാഹു അവനു നൽകുന്നതാണ് (1) ഇബ്‌ലീസിൽ നിന്ന് അവൻ സംരക്ഷിക്കപ്പെടും (2) പന്ത്രണ്ടായിരം മലക്കുകൾ അവന്റെ അടുത്ത് സന്നിഹിതരാകും (3) ഒരു കൂമ്പാരം പ്രതിഫലം അവനു നൽകപ്പെടും (4) അവന് ഒരു പദവി ഉയർത്തപ്പെടും (5) അള്ളാഹു സ്വർഗസ്ത്രീകളെ അവനു വിവാഹം ചെയ്തു കൊടുക്കും (6) എല്ലാ വേദഗ്രന്ഥങ്ങളും (ഖുർആൻ, തൌറാത്ത്, ഇഞ്ചീൽ, സബൂർ) പരായണം ചെയ്തവനെ പോലെ പ്രതിഫലം അവനു നൽകപ്പെടും ഹജ്ജും ഉംറയും നിർവഹിച്ച് അത് സ്വീകരിക്കപ്പെട്ടവനു നൽകുന്നത് പോലുള്ള പ്രതിഫലത്തിന്നും അവൻ അർഹനാകും. ഇത് പാരായണം ചെയ്ത രാത്രിയിൽ അവൻ മരണപ്പെട്ടാൽ അവൻ രക്ത സാക്ഷിയായി മരിക്കുന്നതാണ് (ഖുർതുബി/ഇബ്നുകസീർ) ഇത്രയും പ്രാധാന്യമുള്ള ഈ വാക്യങ്ങൾ പാരായണം ചെയ്യാൻ ശ്രദ്ധിക്കുമല്ലോ
ആകാശ ഭൂമികളുടെ താക്കോൽ
അള്ളാഹുവിന്റെ അധീനത്തിലാണ് എന്ന് പറഞ്ഞാൽ അതെല്ലാം നിയന്ത്രിക്കുന്നതും കൈകാര്യം ചെയ്യുന്നതും അവനാണ് എന്ന് സാരം ആ കുറ്റമറ്റ നിയന്ത്രണം നിരന്തരം നാമെല്ലാം കണ്ടു കൊണ്ടിരിക്കുന്നു എന്നിട്ടും അള്ളാഹുവെ നിഷേധിക്കാൻ മുതിരുന്നവർ എത്രവലിയ നിഷേധികളാണ് അവർ ആത്യന്തികമായി പരാജയം ഏറ്റെടുത്തവർ തന്നെ എന്നാണിവിടെ പറയുന്നത് (റാസി)


(64)
قُلْ أَفَغَيْرَ اللَّهِ تَأْمُرُونِّي أَعْبُدُ أَيُّهَا الْجَاهِلُونَ


(നബിയേ) പറയുക
,ഹേ വിവരം കെട്ടവരേ! അപ്പോൾ അള്ളാഹു അല്ലാത്തവരെ ഞാൻ ആരാധിക്കണമെന്നാണോ നിങ്ങൾ എന്നോട് കല്പിക്കുന്നത്?

മക്കയിലെ അവിശ്വാസികൾ നബി തങ്ങളെ അവരുടെ പാരമ്പര്യ വിശ്വാസത്തിലേക്ക് ക്ഷണിച്ചപ്പോഴാണ് ഈ സൂക്തം അവതരിച്ചത് (ബഗ്‌വി)
ഇബ്നു അബ്ബാസ്
رضي الله عنه പറഞ്ഞു മക്ക മുശ്‌രിക്കുകൾ അവരുടെ വിവരദോഷം കാരണത്താൽ നബി തങ്ങളെ അവരുടെ ആരാധ്യ വസ്തുക്കളെ ആരാധിക്കാൻ ക്ഷണിക്കുകയും എന്നാൽ അള്ളാഹുവിനെ അവർ കൂടി  ആരാധിക്കുമെന്ന ഒരു ഒത്തുതീർപ്പ് ഉണ്ടാക്കാമെന്ന് പറയുകയും ചെയ്തതിനുള്ള മറുപടിയാണിത് ഹേ വിവരമില്ലാത്തവരേ! എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന എല്ലാ കഴിവിന്റെയും കാര്യത്തിന്റെയും ഉടമയായ അള്ളാഹുവിനു പുറമെ ഒരു കഴിവുമില്ലാത്തവരെ ഞാൻ ആരാധിക്കണമെന്നാണോ നിങ്ങൾ എന്നോട് കല്പിക്കുന്നത്. അഥവാ ഞാൻ അതിനു സന്നദ്ധനല്ല തന്നെ എന്ന് സാരം (ഇബ്നുകസീർ)
അപ്പോൾ നിലവിൽ അവർ
അള്ളാഹുവിനെ ആരാധിക്കുന്നില്ലെന്നും ഒത്തു തീർപ്പ് വ്യവസ്ഥയുടെ ഭാഗമായി ആരാധിക്കുന്നത് ആലോചിക്കാമെന്നുമാണ് അവർ പറയുന്നത്. ഇതാണവരുടെ അവസ്ഥ എന്നിരിക്കെ അവർക്ക് അള്ളാഹുവിൽ വിശ്വാസമുണ്ടായിരുന്നു എന്ന് പറയുന്നവരുടെ അവസ്ഥ എത്ര ദയനീയം!


(65)
وَلَقَدْ أُوحِيَ إِلَيْكَ وَإِلَى الَّذِينَ مِنْ قَبْلِكَ لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ وَلَتَكُونَنَّ مِنَ الْخَاسِرِينَ


നിശ്ചയമായും തങ്ങൾക്കും തങ്ങളുടെ മുമ്പുള്ളവർക്കും സന്ദേശം നൽകപ്പെട്ടിട്ടുളത് ഇതത്രെ! (
അള്ളാഹുവിനു) തങ്ങൾ പങ്കാളികളെ സ്ഥാപിച്ചാൽ തീർച്ച അങ്ങയുടെ കർമം നിഷ്ഫലമായിപ്പോകുകയും അങ്ങ് നഷ്ടക്കാരുടെ കൂട്ടത്തിൽ ആകുകയും ചെയ്യും


അള്ളാഹു മാത്രമാണ് ആരാധനക്കർഹൻ, ഈ സന്ദേശം എല്ലാ നബിമാരിലേക്കും നൽകിയ അള്ളാഹു അതിനു വിരുദ്ധമായി അള്ളാഹു അല്ലാത്തവരെ ആരാധിച്ചാൽ -ശിർക്ക് ചെയ്താൽ- അഥവാ അതേ നിലപാടിലായി മരണപ്പെട്ടാൽ ചെയ്ത സുകൃതങ്ങളെല്ലാം നിശ്‌ഫലമാകും. പരായം വരികയും ചെയ്യും അത്തരം അക്രമം ആരിൽ നിന്നുണ്ടായാലും സ്ഥിതി ഇതു തന്നെയാണ് എന്ന് ഉണർത്തിയിരിക്കുകയാണ്. നബി തങ്ങളോടാണ് സംബോധനയെങ്കിലും അവിടുത്തെ സമൂഹത്തെ ഉൽബോധിപ്പിക്കലാണ് ലക്ഷ്യം. കാരണം നബി തങ്ങളിൽ നിന്ന് ശിർക്ക് പോയിട്ട് ഒരു ചെറു തെറ്റ് പോലും വരാത്ത വിധം അള്ളാഹു സംരക്ഷണം നൽകിയവരാണ്. ശിർക്കിന്റെ ഗൌരവം ചൂണ്ടിക്കാണിക്കലും ഇവിടെ പ്രധാനം തന്നെയാണ്(66)
بَلِ اللَّهَ فَاعْبُدْ وَكُن مِّنْ الشَّاكِرِينَ

 

അല്ല. അള്ളാഹുവെ തന്നെ അങ്ങ് ആരാധിക്കുകയും നന്ദിയുള്ളവരുടെ കൂട്ടത്തിൽ ആവുകയും ചെയ്യുകതങ്ങളുടെ ജനതയുടെ വാക്ക് കേട്ട് ശിർക്ക് ചെയ്യുന്നത് ചിന്തിക്കുക പോലും വേണ്ട അള്ളാഹുവെ മാത്രം ആരാധിച്ചും അവന്റെ അനുഗ്രഹങ്ങൾക്ക് നന്ദി ചെയ്തും ജീവിതം വിജയപ്രദമാക്കുക. നബി തങ്ങൾ ഇത് ഭംഗിയായി നിർവഹിക്കുകയും ചെയ്ത. കാലിൽ നീരു വന്ന് വീർക്കുന്നത് വരെ ദീർഘമായി നിന്ന് നിസ്ക്കരിച്ച തങ്ങളോട് പത്നി  ചോദിച്ചല്ലൊ എന്തിനാണിത്രയും കഷ്ടപ്പെടുന്നത് എന്ന്. അവിടുത്തെ ഉത്തരം ഞാൻ നന്ദിയുള്ള അടിമയാവണ്ടയോ ആഇശാ എന്നായിരുന്നു


(67)
وَمَا قَدَرُوا اللَّهَ حَقَّ قَدْرِهِ وَالْأَرْضُ جَمِيعًا قَبْضَتُهُ يَوْمَ الْقِيَامَةِ وَالسَّماوَاتُ مَطْوِيَّاتٌ بِيَمِينِهِ سُبْحَانَهُ وَتَعَالَى عَمَّا يُشْرِكُونَ


അള്ളാഹുവെ കണക്കാക്കേണ്ട നിലയിൽ അവർ കണക്കാക്കിയിട്ടില്ല ഉയിർത്തെഴുന്നേല്പിന്റെ നാളിൽ ഭൂമി മുഴുവൻ അവന്റെ നിയന്ത്രണത്തിലായിരിക്കും ആകാശങ്ങളും അവൻ നിയന്ത്രിക്കുന്നുണ്ടാകും അവനത്രെ പരിശുദ്ധൻ.അവർ പങ്കു ചേർക്കുന്നതിനെല്ലാം അവൻ അതീതനായിരിക്കുന്നു


മുശ്‌രിക്കുകൾ അള്ളാഹുവിനെ അർഹമായി മനസ്സിലാക്കിയില്ല അത് കൊണ്ടാണ് അവനോടൊപ്പം മറ്റു പലതിനെയും അവർ ആരാധിച്ചത്.വാസ്തവത്തിൽ അവക്കും അള്ളാഹുവിനും തമ്മിൽ യാതൊരു താരതമ്യവും ഇല്ല. അവൻ സർവ ശക്തൻ, എല്ലാം അവന്റെ നിയന്ത്രണത്തിൽ. അതേ സമയം ഇവർ പറയുന്ന ദൈവങ്ങൾ ഒരു പുൽക്കൊടി പോലും സൃഷ്ടിച്ചവരോ ഉടമാവകാശമുള്ളവരോ അല്ല എന്നിരിക്കെ അള്ളാഹുവിനു നൽകുന്ന അതേ ബഹുമാനം ഈ വസ്തുക്കൾക്ക് നൽകുക വഴി അള്ളാഹുവെ പരിഹസിക്കുകയും അവമതിക്കുകയുമാണ് അവർ ചെയ്യുന്നത്. തുടർന്ന് അള്ളാഹു പറഞ്ഞ ആകാശ ഭൂമികളുടെ നിയന്ത്രണത്തെ പറ്റിയുള്ള പരാമർശനങ്ങളിൽ പിടിക്കുക,വലതു കൈ തുടങ്ങിയ ബാഹ്യാർത്ഥങ്ങൾ ആ പദങ്ങൾക്ക് പറയാവതല്ല.അതുകൊണ്ടാണ് ആകാശവും ഭൂമിയും എല്ലാം അവന്റെ നിയന്ത്രണത്തിലാണ് എന്ന അർത്ഥം നാം പറഞ്ഞത്.കാരണം അള്ളാഹുവിനെ സൃഷ്ടികളോട് തുലനം ചെയ്യുന്നതോ അവനു അവയവങ്ങൾ സ്ഥാപിക്കുന്നതോ ആയ പരാമർശനങ്ങളെല്ലാം അബദ്ധമാണ്. ഇബ്നു കസീർ رحمة الله عليهഎഴുതുന്നു ഈ സൂക്തവുമായി ബന്ധപ്പെട്ട് ധാരാളം നബി വചനങ്ങൾ വന്നിട്ടുണ്ട് ഇതിലും ഇതുപോലുള്ളവയിലും നാം സ്വീകരിക്കേണ്ട മാർഗം മുൻഗാമികളുടെ നിലപാടാണ് അത് ഖുർആനിലോ ഹദീസിലോ വന്ന പദപ്രയോഗങ്ങൾ അങ്ങനെ തന്നെ പറയുകയും അതിൽ അർത്ഥം പറഞ്ഞോ രൂപം തോന്നിപ്പിക്കും വിധമോ സംസാരിക്കാതിരിക്കുക എന്നതാണ് (ഇബ്നുകസീർ) പിൽകാലക്കാരായ പണ്ഡിതന്മാരിൽ ചിലർ അള്ളാഹുവിനു അനുയോജ്യമായ വിധം അർത്ഥം പറയാമെന്ന് പറഞ്ഞിട്ടുണ്ട് അതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണത്തിലാണ് തുടങ്ങിയ അർത്ഥങ്ങൾ നാം പറഞ്ഞിട്ടുള്ളത്


ഉയിർത്തെഴുന്നേല്പിന്റെ നാളിൽ ആകാശങ്ങളും ഭൂമിയും അവന്റെ നിയന്ത്രണത്തിലായിരിക്കും എന്ന് പറഞ്ഞതിൽ നിന്ന് ഇപ്പോൾ അങ്ങനെ അല്ല എന്ന് മനസ്സിലാക്കരുത്.ഇപ്പോഴും എപ്പോഴും എല്ലാം അള്ളാഹുവിന്റെ നിയന്ത്രണത്തിൽ തന്നെയാണ് എന്നാൽ അന്ത്യനാളിൽ ആ നിയന്ത്രണം വളരെ പ്രകടമായിരിക്കും ഇവിടെ ബാഹ്യമായി അത് എന്റെതാണ് ഇത് അവന്റേതാണ് എന്നിങ്ങനെ അവകാശ വാദങ്ങളുണ്ടാകും എന്നാൽ അന്ത്യനാളിൽ ആരും ഒന്നിനും അവകാശ വാദമുന്നയിക്കുകയില്ല.ആർക്കാണിന്നിന്റെ അധികാരം എന്ന് അള്ളാഹു ചോദിക്കും എല്ലാം അടക്കി ഭരിക്കുന്ന അള്ളാഹുവിനു തന്നെ എന്ന് അവൻ മറുപടിയും പറയും എന്ന് ഖുർ ആൻ അദ്ധ്യായം നാല്പത് (ഗാഫിർ) പതിനാറാം സൂക്തത്തിൽ പറഞ്ഞത് ഇവിടെ സ്മര്യമാണ്

 


(68)
وَنُفِخَ فِي الصُّورِ فَصَعِقَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاء اللَّهُ ثُمَّ نُفِخَ فِيهِ أُخْرَى فَإِذَا هُم قِيَامٌ يَنظُرُونَ


കാഹളത്തിൽ ഊതപ്പെടും.
അപ്പോൾ ആകാശത്തുലുള്ളവരും ഭൂമിയിലുള്ളവരും ചലനമറ്റവരായിത്തീരും. അള്ളാഹു ഉദ്ദേശിച്ചവരൊഴികെ. പിന്നീട് അതിൽ (കാഹളത്തിൽ) മറ്റൊരിക്കൽ ഊതപ്പെടും അപ്പോഴതാ അവർ എഴുന്നേറ്റ് നോക്കുന്നു


ലോകത്തിന്റെ നാശത്തോടനുബന്ധിച്ച് ഇസ്‌റാഫീൽ സൂർ എന്ന കാഹളത്തിൽ ഊതും, അപ്പോൾ അള്ളാഹു ഉദ്ദേശിച്ച ചിലർ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം മരിക്കും പിന്നീട് അള്ളാഹു നേരത്തെ മരിക്കാത്തവരുടെ ആത്മാവ് പിടിക്കും അതിൽ അവസാനം മരണം കൊണ്ട് ഏല്പിക്കപ്പെട്ട മലക്കായിരിക്കും അപ്പോൾ അള്ളാഹു മാത്രം ശേഷിക്കും ഉണ്ടാവലിനു തുടക്കമില്ലാത്ത വിധം അനാദ്യനായിരുന്ന അള്ളാഹു നാശം ഒരിക്കലുമില്ലാത്ത വിധം എന്നെന്നും ശേഷിക്കുന്ന അവസ്ഥയിലായിരിക്കും എല്ലാവരും മരിച്ച ശേഷം ഒരു ഇടവേള കഴിഞ്ഞ് (ആ ഇട വേള നാല്പത് ആണ്. നാല്പത് ദിവസമോ, മാസമോ, വർഷമോ വ്യക്തമാക്കപ്പെട്ടിട്ടില്ല്ല) ഇസ്‌റാഫീൽ عليه السلا എന്ന മലക്കിനെ അള്ളാഹു ആദ്യം ജീവിപ്പിക്കും എന്നിട്ട് സൂറിൽ ഒരിക്കൽ കൂടി ഊതാൻ കല്പിക്കും അത് എല്ലാവരും പുനർജനിക്കാനുള്ള ഊത്താണ്. ആ ഊത്തോടെ എല്ലാവരും പുനർജ്ജനിക്കും മഹ്‌ശർ മൈതാനിയിൽ എല്ലാവരും ഒരുമിച്ച് കൂടും അപ്പോഴത്തെ ഭീതിയും ഭയവുമാണ് എഴുന്നേറ്റ് നോക്കുന്നു എന്ന് പറഞ്ഞത് (ഇബ്നുകസീർ)


ഇവിടെ സൂറിൽ ഊതപ്പെടുമ്പോൾ
അള്ളാഹു ഉദ്ദേശിച്ചവരൊഴികെ ചലനമറ്റവരാവും എന്ന് പറഞ്ഞത് ആരെയാണ് ഉദ്ദേശിക്കുന്നത് എന്നത് സംബന്ധമായി വിവിധ അഭിപ്രായങ്ങളുണ്ട്.ശുഹദാക്കളാണെന്നും ജിബ്‌രീൽ, മീഖാഈൽ, ഇസ്‌റാഫീൽ, عليهم الصلاة والسلام മരണം കൊണ്ട് ഏല്പിക്കപ്പെട്ട മലക്ക് (അസ്‌റാഈൽ) عليه السلامഎന്നിവരാണെന്നും അഭിപ്രായമുണ്ട്. അനസ് رضي الله عنه നബി തങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു നബി തങ്ങൾ ഈ സൂക്തം പാരായണം ചെയ്തു അപ്പോൾ ആരെയാണ് അള്ളാഹു ചലനമറ്റു പോകുന്നവരിൽ നിന്ന് ഒഴിവാക്കിയത് എന്ന് അവർ ചോദിച്ചു തങ്ങൾ പറഞ്ഞു അത് ജിബ്‌രീൽ, മീഖാഈൽ, ഇസ്‌റാഫീൽ, മലക്കുൽ മൌത്ത് عليهم الصلاة والسلامഎന്നിവരാണ്. പിന്നീട് മരണം കൊണ്ട് ഏല്പിക്കപ്പെട്ട മലക്കിനോട് അള്ളാഹു ചോദിക്കും ഇനി ആരാണ് മരിക്കാൻ ബാക്കിയുള്ളത് എന്ന് –അത് അള്ളാഹുവിനു നന്നായി അറിയാം- അപ്പോൾ മലക്ക് പറയും ജിബ്‌രീൽ, മീഖാഈൽ, ഇസ്‌റാഫീൽ عليهم الصلاة والسلامഎന്നിവരും ദുർബലനായ ഈ വിനീതനായ ദാസനും ബാക്കിയുണ്ട് എന്ന്. അപ്പോൾ ഇസ്‌റാഫീൽ, മീഖാഈൽ عليهم الصلاة والسلام എന്നിവരെ മരിപ്പിക്കാൻ അള്ളാഹു കല്പിക്കും അതിനു ശേഷം നിങ്ങൾ മരിക്കുക എന്ന് മരണത്തിന്റെ മലക്കിനോട് അള്ളാഹു പറയും. അപ്പോൾ ആ മലക്കും മരിക്കും. പിന്നീട് ജിബ്‌രീലി عليه السلامനോട് അള്ളാഹു ചോദിക്കും ഇനി ആരാണ് ബാക്കിയുള്ളത് എന്ന്.അപ്പോൾ ജിബ്‌രീൽ عليه السلامപറയും എന്നെന്നും ശേഷിക്കുന്ന നാഥനായ നീയും മരണത്തിലൂടെ നശിച്ചു പോകുന്ന ജിബ്‌രീലും عليه السلامബാക്കിയുണ്ട് എന്ന്. അപ്പോൾ ജിബ്‌രീലേ, താങ്കൾക്കും മരണം ഒഴിവാക്കാനാവില്ലല്ലോ എന്ന് അള്ളാഹു പറയും ജിബ്‌രീൽ عليه السلام ചില പ്രത്യേക വാക്യങ്ങൾ മുഖേന അള്ളാഹുവെ സ്തുതിച്ച് സുജൂദിൽ കിടന്ന് മരണപ്പെടും (ഖുർതുബി)ഏറ്റവും അവസാനം മരിക്കുന്നത് മലക്കുൽ മൌത് عليه السلامആണെനും ജിബ്‌രീൽ عليه السلامആണെന്നും അഭിപ്രായ വ്യത്യാസമുണ്ട്


അന്ത്യനാളിൽ വിജയിക്കുന്നവരിൽ
അള്ളാഹു നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ

(തുടരും)


ഇൻശാ അള്ളാഹ്
No comments: