Monday, October 18, 2021

അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | ഭാഗം 02

അദ്ധ്യായം 38  | സൂറത്ത് സ്വാദ്  سورة ص | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88


(Part -2  -   സൂക്തം 12 മുതൽ 20 വരെ സൂക്തങ്ങളുടെ വിവരണം )

 

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(12)
كَذَّبَتْ قَبْلَهُمْ قَوْمُ نُوحٍ وَعَادٌ وَفِرْعَوْنُ ذُو الْأَوْتَادِ


അവർക്ക് മുമ്പ് നൂഹിന്റെ ജനതയും ആദ് സമുദായവും ആണികളുറപ്പിച്ചിരുന്ന ഫിർ ഔനും നിഷേധിച്ചു തള്ളിയിട്ടുണ്ട്


നബി തങ്ങളെ നിഷേധിച്ച മക്കക്കാരുടെ നിലപാടുകൾ കഴിഞ്ഞ സൂക്തങ്ങളിൽ വിശദമാക്കിയ അള്ളാഹു അവർക്ക് ഉൽബോധനമാകും വിധവും നബി തങ്ങളെ ആശ്വസിപ്പിക്കും വിധവും  മുമ്പ് അവരുടെ ഇതേ നിലപാട് സ്വീകരിച്ചിരുന്ന സമൂഹങ്ങൾക്കുണ്ടായ ദുരന്തം വിവരിക്കുകയാണ്. അതായത് അവരെല്ലാം പ്രവാചകന്മാരുടെ കല്പനകളെ തള്ളിക്കളയുകയും നിഷേധ വഴിയിലൂടെ സഞ്ചരിക്കുകയും ചെയ്തപ്പോൾ അവർക്ക് അള്ളാഹു കടുത്ത ശിക്ഷകൾ തന്നെ നൽകുകയും അവരെ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. നൂഹ് നബി عليه السلامയുടെ ജനതയും ഹൂദ് നബി عليه السلامയുടെ ജനതയായ ആദ് സമൂഹവും ആണികളുറപ്പിച്ചിരുന്ന (അതിന്റെ ഉദ്ദേശ്യം ഫറോവയുടെ കല്പനകളെന്തും നടപ്പാക്കാൻ സദാ സന്നദ്ധരായി നിൽക്കുന്ന പട്ടാളക്കാരാണെന്നും തന്റെ ശിക്ഷക്ക് വിധേയവരാവുന്നവരെ ആണിയിൽ തറച്ച് തളക്കുന്ന പ്രാകൃത ശിക്ഷാ രീതി സ്വീകരിച്ചിരുന്നത് കൊണ്ട് അങ്ങനെ പറഞ്ഞതാണെന്നും സുഭദ്രമായ കെട്ടിടങ്ങൾ നിർമിച്ചിരുന്നതിനെ സംബന്ധിച്ച് പറഞ്ഞതാണെന്നും, ഈജിപ്തിലെ പിരിമിഡുകൾ ഉദാഹരണം എന്നും മറ്റും അഭിപ്രായമുണ്ട്) ഫറോവയും ഈ വിധം നിഷേധിക്കുകയും അവർ ദയനീയമായി ശിക്ഷിക്കപ്പെടുകയും ചെയ്തു. അതായത് അള്ളാഹുവിനെ വെല്ലുവിളിച്ച് കേമനാവാമെന്ന് ആരും ധരിക്കണ്ട. അത്തരക്കാർക്കെല്ലാം കടുത്ത തിരിച്ചടി നേരിടേണ്ടി വരിക തന്നെ ചെയ്യും. ഈ പ്രഖ്യാപനം സത്യത്തെ നിരാകരിക്കുന്നവർക്ക് താക്കീതും സത്യം സ്ഥാപിക്കാൻ പരിശ്രമിക്കുന്ന നബി തങ്ങൾക്കും അനുയായികൾക്കും പ്രതീക്ഷയും നൽകുന്നതാണ്. അതായത് അന്തിമ വിജയം സത്യത്തിനാണ് അള്ളാഹു മുമ്പ് നൽകിയിട്ടുള്ളത് ഇവിടെയും അതു തന്നെ ആവർത്തിക്കപ്പെടും എന്ന് സാരം

 

(13)
وَثَمُودُ وَقَوْمُ لُوطٍ وَأَصْحَابُ الأَيْكَةِ أُوْلَئِكَ الْأَحْزَابُ


സമൂദ് സമുദായവും
, ലൂത് നബി عليه السلامയുടെ  ജനതയും, മരക്കൂട്ടങ്ങളിൽ വസിച്ചിരുന്നവരും (സത്യത്തെ നിഷേധിച്ചു തള്ളിയിട്ടുണ്ട്) അക്കൂട്ടരത്രെ (സത്യത്തിനെതിരിൽ അണിനിരന്ന)  സഖ്യ കക്ഷികൾ

 

സാലിഹ് നബി عليه السلامയുടെ ജനതയാണ് സമൂദ്  സമുദായം. അവർ സാലിഹ് നബി عليه السلامയോട് പാറയിൽ നിന്ന് ഒട്ടകത്തെ കൊണ്ടു വരാൻ വെല്ലുവിളിക്കുകയും ഒട്ടകം വന്നാൽ വിശ്വസിക്കാം എന്ന് വാക്ക് കൊടുക്കുകയും ചെയ്തു. ഒട്ടകം വന്നപ്പോൾ വിശ്വസിച്ചില്ലെന്ന് മാത്രമല്ല ഒട്ടകത്തെ ഉപദ്രവിക്കരുതെന്ന നിർദ്ദേശവും പാലിച്ചില്ല അതിനെ അവർ അറുത്തു. അവരെ അള്ളാഹു നശിപ്പിക്കുകയും ചെയ്തു
 സ്വവർഗ രതിയെന്ന അധാർമ്മിക പ്രവർത്തനം നടത്തിയിരുന്നവരാണ് ലൂഥ് നബി
عليه السلاയുടെ ജനത. അത്തരം അധർമങ്ങൾ ഒഴിവാക്കണമെന്ന കല്പന അവർ സ്വീകരിച്ചില്ല. ലൂഥ് നബി عليه السلامയെ വിശ്വസിക്കുകയും ചെയ്തില്ല എന്ന് മാത്രമല്ല ഈ വിശുദ്ധനെ നമുക്കിവിടെ നിന്ന് പുറത്താക്കാം എന്ന് പറഞ്ഞ് പരിഹസിക്കുക കൂടി ചെയ്തു അവരും നശിപ്പിക്കപ്പെട്ടു
മരക്കൂട്ടങ്ങളിൽ വസിച്ചിരുന്നവർ ശുഐബ് നബി
عليه السلامയുടെ ജനതയാണ് മരങ്ങളെ ആരാധിക്കുന്ന ആൾക്കാരായിരുന്നു അവർ എന്ന് വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്. അളവിലും തൂക്കത്തിലും കൃത്രിമം കാണിക്കുന്ന തിന്മ നിർബാധം അവിടെ നടന്നിരുന്നു ശുഐബ് നബി عليه السلام അതിനെതിരിൽ ഉൽബോധനം നടത്തി സദുപദേശം അവർ ഉൾക്കൊണ്ടില്ല അവരെല്ലാം നശിപ്പിക്കപ്പെട്ടു

 
അക്കൂട്ടരത്രെ (സത്യത്തിനെതിരിൽ അണിനിരന്ന) കക്ഷികൾ
എന്ന് പറഞ്ഞത് അവർ മക്കക്കാരേക്കാൾ കായികമായും സാമ്പത്തികമായും സന്താന വർദ്ധനവിനാലും ശക്തന്മാരായിരുന്നു എന്നിട്ടും അള്ളാഹുവിന്റെ ശിക്ഷ വന്നപ്പോൾ അതിനെ പ്രതിരോധിക്കാനാവതെ തകർന്നടിഞ്ഞു പിന്നെയാണോ ആപേക്ഷികമായി ദുർബലരായ മക്കക്കാരെ നശിപ്പിക്കുന്നത്. അത് കൊണ്ട് ചിന്തിച്ച് കാര്യങ്ങൾ വിലയിരുത്തുകയും സത്യത്തോടുള്ള എതിർപ്പ് അവസാനിപ്പിക്കുകയും ചെയ്യുക എന്ന് സാരം


(14)
إِن كُلٌّ إِلَّا كَذَّبَ الرُّسُلَ فَحَقَّ عِقَابِ


ഇവരാരും തന്നെ ദൂതന്മാരെ നിഷേധിച്ചു കളയാതിരുന്നിട്ടില്ല അങ്ങനെ എന്റെ ശിക്ഷ (അവരിൽ) അനിവാര്യമായിത്തീർന്നു


മുമ്പ് പറഞ്ഞവരെല്ലാം സത്യം നിഷേധിച്ചു പ്രവാചകന്മാരെ അവഗണിച്ചു എന്റെ ശിക്ഷ അവരിൽ സംഭവിക്കുകയും ചെയ്തു. അത് കൊണ്ട് നിങ്ങൾ കരുതിയിരിക്കുക,കടുത്ത ജാഗ്രത പുലർത്തുക എന്നാണ് അള്ളാഹു പറഞ്ഞത് (ഇബ്നുകസീർ)

 

(15)
وَمَا يَنظُرُ هَؤُلَاء إِلَّا صَيْحَةً وَاحِدَةً مَّا لَهَا مِن فَوَاقٍ


ഒരൊറ്റ ഘോര ശബ്ദമല്ലാതെ മറ്റൊന്നും ഇക്കൂട്ടർ നോക്കിയിരിക്കുന്നില്ല (അത് സംഭവിച്ചു കഴിഞ്ഞാൽ) ഒട്ടും സാവകാശമുണ്ടായിരിക്കുകയില്ല


ഇവിടെ പറയുന്ന ഘോര ശബ്ദം ഇസ്‌റാഫീൽ എന്ന മലക്കിന്റെ സൂർ എന്ന കാഹളത്തിലെ ഊത്താണ് അത് നടന്ന് കഴിഞ്ഞാൽ ലോകത്തിന്റെ നാശമായി പിന്നീട് നന്മയിലേക്ക് തിരിച്ചു വരാനോ തെറ്റുകൾ ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കാനോ അവസരമുണ്ടാവുകയില്ല. അതിനു മുമ്പ് നന്നാവാൻ ശ്രമിക്കാത്തവരുടെ കാര്യം കഷ്ടം തന്നെ എന്ന് ചുരുക്കം


(16)
وَقَالُوا رَبَّنَا عَجِّل لَّنَا قِطَّنَا قَبْلَ يَوْمِ الْحِسَابِ


അവർ പറയുന്നു ഞങ്ങളുടെ രക്ഷിതാവേ
, വിചാരണയുടെ ദിവസത്തിനു മുമ്പ് തന്നെ ഞങ്ങൾക്കുള്ള (ശിക്ഷയുടെ) വിഹിതം ഞങ്ങൾക്കൊന്ന് വേഗത്തിലാക്കിത്തന്നേക്കണേ എന്ന്


പുനർജന്മത്തെയും, രക്ഷാ-ശിക്ഷകളെയും എല്ലാം നിഷേധിച്ചിരുന്ന മക്കക്കാർ പരിഹാസ പൂർവം പറഞ്ഞതാണിത്. അതായത് വിചാരണ നാളും പിന്നെ ശിക്ഷയുമൊക്കെയുണ്ടെങ്കിൽ ഞങ്ങൾക്ക് അത് നേരത്തേ തന്നെ തന്നേക്ക് എന്ന്. അങ്ങനെ ഒന്നും വരാനില്ല എന്ന മൂഢ ധാരണയിൽ നിന്നുള്ള വെല്ലുവിളിയാണിത്. അത്തരം പ്രാർത്ഥന തന്നെയാണ് എട്ടാം അദ്ധ്യായം അൻഫാൽ 32 ലെ മുഹമ്മദ് നബി പറയുന്നത് സത്യമാണെങ്കിൽ ഞങ്ങളുടേ മേൽ ആകാശത്ത് നിന്ന് കല്ലുമഴ വർഷിപ്പിക്കുകയോ മറ്റേതെങ്കിലും വേദനയേറിയ ശിക്ഷ കൊണ്ടു വരികയോ ചെയ്യുക,
എന്നത്. നബി പറയുന്ന സ്വർഗീയ സുഖ സൌകര്യങ്ങളായാലും നരക ശിക്ഷാ ദുരിതങ്ങളായാലും പരലോകത്തേക്ക് നീക്കി വെക്കാതെ ഇപ്പോൾ തന്നെ ഞങ്ങൾക്ക് കൊണ്ടു വാ എന്നും ഇവിടെ അർത്ഥമുണ്ടെന്ന് ഇമാം ഥിബ്‌രി رحمة الله عليه പറഞ്ഞിട്ടുണ്ട് (ഇബ്നുകസീർ)



(17)
اصْبِرْ عَلَى مَا يَقُولُونَ وَاذْكُرْ عَبْدَنَا دَاوُودَ ذَا الْأَيْدِ إِنَّهُ أَوَّابٌ


(നബിയേ) അവർ പറയുന്നതിനെപ്പറ്റി തങ്ങൾ ക്ഷമിച്ചുകൊള്ളുക.
നമ്മുടെ കയ്യൂക്കുള്ള ദാസനായ ദാവൂദ് നബി عليه السلامയെ അങ്ങ് അനുസ്മരിക്കുകയും ചെയ്യുക. തീർച്ചയായും അദ്ദേഹം (നാഥനിലേക്ക്) ഏറ്റവുമധികം ഖേദിച്ചു മടങ്ങിയവരാകുന്നു


കഴിഞ്ഞ സൂക്തത്തിൽ പറഞ്ഞ വിചാരണ നാളിനു മുമ്പ് ഞങ്ങൾക്കുള്ള ശിക്ഷയുടെ വിഹിതം വേഗത്തിലാക്കണം, എന്ന് അവർ പറഞ്ഞത് പരിഹാസമാണെന്ന് നാം വിശദീകരിച്ചല്ലോ സ്വഭാവികമായും പ്രബോധന രംഗത്തുള്ളവർക്ക് ഇത് മന:പ്രയാസമുണ്ടാക്കും അത് അവരെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന വിഷയവുമാണ് അത് ക്ഷമിക്കാനും അതിന്റെ പേരിൽ അന്തിമ വിജയവും ദൈവിക സഹായവും തങ്ങൾക്കുണ്ടാവുമെന്ന് സന്തോഷവാർത്ത അറിയിക്കാനും വേണ്ടി ഒരു ചരിത്രം അള്ളാഹു പറയുകയാണിവിടെ. വിജ്ഞാനത്തിലും പ്രവർത്തനങ്ങളിലും ശക്തനായിരുന്ന ദാവൂദ് നബി عليه السلامയുടെ രിത്രം. ദാവൂദ് നബി عليه السلامക്ക് ആരാധനയിൽ ശക്തിയും ഇസ്‌ലാമിനെക്കുറിച്ചുള്ള അറിവും നൽകപ്പെട്ടിരുന്നു എന്നും അവർ രാത്രിയുടെ മൂന്നിലൊരു ഭാഗം നിസ്ക്കരിക്കുകയും ജീവിതത്തിന്റെ പകുതി നോമ്പ് നോൽക്കുകയും ചെയ്തിരുന്നു എന്നും ചരിത്രത്തിലുണ്ട് എന്ന് ഖതാദ:പറയുന്നു ഈ ആശയം ബുഖാരി, മുസ്‌ലിം رحمة الله عليهഎന്നിവർ റിപ്പോർട്ട് ചെയ്ത ഹദീസിലും വ്യക്തമാണ്. നബി തങ്ങൾ പറഞ്ഞു അള്ളാഹുവിനു ഏറ്റവും ഇഷ്ടമുള്ള നിസ്ക്കാരം ദാവൂദ് നബി عليه السلامയുടെ നിസ്ക്കാരമാണ് നോമ്പും അങ്ങനെ തന്നെ. അവർ രാത്രിയുടെ പകുതി ഉറങ്ങുകയും മൂന്നിലൊരു ഭാഗം എഴുന്നേറ്റ് നിസ്ക്കരിക്കുകയും വീണ്ടും ആറിലൊരു ഭാഗം ഉറങ്ങുകയും ചെയ്യും ഒരു ദിനം നോമ്പ് എടുത്ത് അടുത്ത ദിനം നോമ്പ് മുറിക്കും ശത്രുവിനെ കണ്ടുമുട്ടിയാൽ ഒരിക്കലും ഓടുകയില്ല. അവർ തന്റെ എല്ലാ കാര്യങ്ങളിലും അള്ളാഹുവിലേക്ക് മടങ്ങുന്നവരായിരുന്നു (ഇബ്നുകസീർ)


(18)
إِنَّا سَخَّرْنَا الْجِبَالَ مَعَهُ يُسَبِّحْنَ بِالْعَشِيِّ وَالْإِشْرَاقِ


സന്ധ്യാ സമയത്തും
,സൂര്യോദയ സമയത്തും സ്തോത്രകീർത്തനം നടത്തുന്ന നിലയിൽ നാം പർവ്വതങ്ങളെ അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക തന്നെ ചെയ്തു

അസ്‌ർ മുതൽ രാത്രി വരെയും രാവിലെ മുതൽ കുറെ സമയവും ദാവൂദ് നബി عليه السلام അള്ളാഹുവിന് സ്തുതികീർത്തനം നടത്തുമായിരുന്നു. ദാവൂദ് നബി عليه السلامക്കൊപ്പം പർവ്വതങ്ങളും ഈ സ്തുതികീർത്തനങ്ങളിൽ ഒപ്പം കൂടിയിരുന്നു (ഥിബ്‌രി)


പർവതങ്ങൾ ദാവൂദ് നബി
عليه السلامക്കൊപ്പം സ്തുതിയിൽ ചേർന്നത് അവിടുത്തെ അമാനുഷിക സിദ്ധിയാണ്. പർവതങ്ങളുടെ കീർത്തനങ്ങൾ ദാവൂദ് നബി عليه السلامക്ക് മനസ്സിലാകുമായിരുന്നു. ദാവൂദ് നബി عليه السلامക്ക് നല്ല സ്വരമാധുരിയുണ്ടായിരുന്നു അവിടുന്ന് സ്തുതികീർത്തനം ചൊല്ലുമ്പോൾ പക്ഷികളും അത് ശ്രദ്ധാപൂർവ്വം കേൾക്കുകയും ഒപ്പം ചൊല്ലുകയും ചെയ്യുമായിരുന്നു (ഖുർതുബി)


സുര്യോദയ സമയത്ത് സ്തുതികീർത്തനം നടത്തിയിരുന്നു എന്നതിനോട് ചേർത്ത് സൂര്യൻ ഉദിച്ചുയർന്ന ശേഷമുള്ള (സൂര്യോദയം മുതൽ ഇരുപത് മിനുട്ട് കഴിഞ്ഞാൽ ളുഹാ നിസ്ക്കാരത്തിന്റെ സമയം തുടങ്ങുകയും ഉച്ച വരെ നീണ്ടുനിൽക്കുകയും ചെയ്യും.അതിനിടക്ക് എപ്പോഴും നിസ്ക്കരിക്കാം )  ളുഹാ നിസ്കാരം ഖുർആൻ വ്യാഖ്യാതാക്കൾ ചർച്ച ചെയ്യുന്നുണ്ട്.
വലിയ പ്രാധാന്യമുള്ള സുന്നത്ത് നിസ്ക്കാരമാണ് ളുഹാ.ചുരുങ്ങിയത് രണ്ടു റക്‌അത്തും കൂടിയാൽ എട്ട് റക്‌അത്തുമാണ് (പന്ത്രണ്ടാണ് കൂടിയത് എന്നും അഭിപ്രായമുണ്ട്) നിങ്ങളിൽ ഓരോരുത്തരും രാവിലെയാകുമ്പോൾ അവന്റെ ശരീരത്തിന്റെ ഓരോ പാർട്ടും ക്രമമായി ചലിക്കുന്നതിനു അള്ളാഹുവിനു നന്ദിയായി ധർമം ചെയ്യേണ്ടതുണ്ട്. നിങ്ങളുടെ തസ്‌ബീഹും (സുബ്‌ഹാനള്ളാഹ്) തഹ്‌ലീലും (ലാഇലാഹ ഇല്ലള്ളാഹ്) തക്‌ബീറും (അള്ളാഹു അക്‌ബർ) നന്മ കല്പിക്കലും തിന്മ വിരോധിക്കലും എല്ലാം ധർമം തന്നെയാണ് എന്നാൽ ഒരാൾ നിസ്ക്കരിക്കുന്ന രണ്ട് റക്‌അത്ത് ളുഹാ നിസ്കാരം ഇതിനു കിടപിടിക്കുന്നതാണ്”.
ഇമാം ബുഖാരിയും മുസ്‌ലിമും
رحمة الله عليه അബൂഹുറൈറ: رضي الله عنهയിൽ നിന്ന് ഉദ്ധരിക്കുന്നു എന്റെ ഉറ്റ ചങ്ങാതി നബി തങ്ങൾ മൂന്ന് കാര്യം എന്നെ ഉപദേശിച്ചു മരണം വരെ ഞാൻ അത് ഉപേക്ഷിക്കുകയില്ല എല്ലാ മാസത്തിലും മൂന്ന് ദിനം (ചന്ദ്രമാസത്തിലെ പതിമൂന്ന്, പതിനാല്, പതിനഞ്ച്) സുന്നത്ത് നോമ്പ് എടുക്കാനും ളുഹാ നിസ്ക്കരിക്കാനും ഉറങ്ങുന്നതിനു മുമ്പ് വിത്‌ർ (ഇശാഅ് നിസ്ക്കരിച്ച ശേഷം ചുരുങ്ങിയത് ഒരു റക്‌അത്തും കൂടിയാൽ പതിനൊന്ന് റക്‌അത്തുമുള്ള അതി ശ്രേഷ്ഠമായ ഒരു സുന്നത്ത് നിസ്ക്കാരമാണ് ഇത്) നിസ്ക്കരിക്കാനും ആണ് തങ്ങൾ കല്പിച്ചത്.(ഖുർതുബി)


(19)
وَالطَّيْرَ مَحْشُورَةً كُلٌّ لَّهُ أَوَّابٌ


ശേഖരിക്കപ്പെട്ട നിലയിൽ പറവകളെയും (നാം കീഴ്പെടുത്തി) എല്ലാം തന്നെ അദ്ദേഹത്തിലേക്ക് ഏറ്റവും അധികം വിനയത്തോടെ തിരിഞ്ഞവയായിരുന്നു

ദാവൂദ് നബി عليه السلامസ്തുതികീർത്തനം നടത്തുമ്പോൾ പറവകൾ അന്തരീക്ഷത്തിൽ നിലയുറപ്പിച്ച് ദാവൂദ് നബി عليه السلامക്കൊപ്പം തസ്‌ബീഹ് ചൊല്ലിയിരുന്നു. പക്ഷികൾ ദാവൂദ് നബി عليه السلامക്കൊപ്പം തസ്‌ബീഹ് ചൊല്ലാൻ മലക്കുകൾ അവകളെ ഒരുമിച്ച് കൂട്ടുകയോ അല്ലെങ്കിൽ കാറ്റ് അവകളെ ഒരുമിപ്പിക്കുകയോ ചെയ്തിരുന്നു. ദാവൂദ് നബി عليه السلامയോട് അവകൾ അനുസരണം കാണിച്ചിരുന്നുവെന്നോ അള്ളാഹുവിനോട് അവ അനുസരണം കാണിക്കുന്നുവെന്നോ വിനയത്തോടെ തിരിഞ്ഞവയായിരുന്നു എന്നതിനു വ്യാഖ്യാനമുണ്ട് (ഖുർതുബി)


(20)
وَشَدَدْنَا مُلْكَهُ وَآتَيْنَاهُ الْحِكْمَةَ وَفَصْلَ الْخِطَابِ


അദ്ദേഹത്തിന്റെ ആധിപത്യം നാം സുശക്തമാക്കുകയും അദ്ദേഹത്തിനു നാം തത്വജ്ഞാനവും തീർപ്പുകല്പിക്കുവാൻ വേണ്ട സംസാര വൈഭവവും നൽകുകയും ചെയ്തു


ശക്തമായ അധികാരസ്ഥിരത നൽകപ്പെട്ടു എന്നോ ജന മനസ്സിൽ അദ്ധേഹത്തിന്റെ ഭരണത്തെക്കുറിച്ചുള്ള ഗാംഭീര്യം നൽകപ്പെട്ടു എന്നോ ശക്തമായ സൈനിക സാന്നിദ്ധ്യം നൽകപ്പെട്ടു എന്നോ അള്ളാഹുവിങ്കൽ നിന്നുള്ള സഹായം മുഖേന ശക്തി നൽകപ്പെട്ടു എന്നോ ആവാം ആധിപത്യം സുശക്തമാക്കി എന്നതിന്റെ വിവക്ഷ (ഖുർതുബി‌

തത്വജ്ഞാനം നൽകപ്പെട്ടു എന്നാൽ നബിയാക്കി എന്നതോ, ഗ്രന്ഥത്തെക്കുറിച്ചുള്ള അറിവ് ലഭിച്ചു എന്നോ കർമശാത്രജ്ഞാനം നൽകപ്പെട്ടു എന്നോ ആവാം (ഖുർതുബി)

തീർപ്പ് കല്പിക്കാൻ വേണ്ട സംസാര വൈഭവം എന്നാൽ സത്യവും അസത്യവും വേർതിരിയും വിധം സംസാരിക്കാനുള്ള കഴിവ്  എന്നോ ചുരുങ്ങിയ വാക്കുകളിൽ വിശാലമായ ആശയം ഉൾക്കൊള്ളിക്കുന്ന ശൈലി എന്നോ ആവാം (ഖുർതുബി‌)

ഇത്രയും പറഞ്ഞത് ദാവൂദ് നബി عليه السلامയുടെ ചരിത്രമാണ് ഇത് ഓർക്കുമ്പോൾ പ്രബോധന രംഗത്തെ പ്രയാസങ്ങളിൽ തങ്ങൾക്ക് സമാധാനം ലഭിക്കും


അള്ളാഹു നമുക്കെല്ലാം നല്ലത് വരുത്തട്ടെ ആമീൻ
(തുടരും)
  ഇൻശാ അള്ളാഹ്




No comments: