അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88
(Part -4 - സൂക്തം 25 മുതൽ 29 വരെ സൂക്തങ്ങളുടെ വിവരണം )
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട്
ഞാൻ ആരംഭിക്കുന്നു
(25)
فَغَفَرْنَا لَهُ
ذَلِكَ وَإِنَّ لَهُ عِندَنَا لَزُلْفَى وَحُسْنَ مَآبٍ
അപ്പോൾ അദ്ദേഹത്തിനു നാം അത് മാപ്പാക്കി. തീർച്ചയായും അദ്ദേഹത്തിന് നമ്മുടെ അടുക്കൽ സാമീപ്യവും മടങ്ങിവരാൻ
ഉത്തമമായ സ്ഥാനവുമുണ്ട്
ദാവൂദ് നബി عليه السلامക്ക് ﷲഅള്ളാഹു മാപ്പ് നൽകി ﷲഅള്ളാഹുവിങ്കൽ ഉന്നത സ്ഥാനമുള്ളവരാണ് അദ്ദേഹം. അന്ത്യനാളിൽ സ്വർഗത്തിലെ ഉന്നത പദവികളായിരിക്കും അവർക്ക് നൽകപ്പെടുന്നത്. ഇബ്നുകസീർ رحمة الله عليه എഴുതുന്നു തന്റെ പശ്ചാത്താപവും ഭരണ നിർവണത്തിലെ നീതിയും ഈ
സ്ഥാനങ്ങൾ ലഭിക്കാൻ കാരണമാണ്. സഹീഹായ ഹദീസിൽ വന്നത് ഓർക്കുക. നീതിമാന്മാർ
അന്ത്യനാളിൽ പ്രകാശ പീഢങ്ങളിലായിരിക്കും കുടുംബത്തിലും ഭരണത്തിലും നീതി
പുലർത്തുന്നവരായിരുന്നു അവർ. മറ്റൊരു നബിവചനം ഇങ്ങനെ വായിക്കാം “അന്ത്യനാളിൽ ﷲഅള്ളാഹുവിനു ഏറ്റവും ഇഷ്ടവും അടുപ്പവുമുണ്ടാവുക നീതിമാനായ
ഭരണാധികാരിയോടായിരിക്കും ഏറ്റവും ദേഷ്യവും കടുത്ത ശിക്ഷക്ക് അർഹനുമാവുന്നത്
അക്രമിയായ ഭരണാധികാരിയും” മറ്റൊരു നബി വചനവും കൂടി ഇവിടെ കാണാം അന്ത്യനാളിൽ ദാവൂദ് നബി عليه السلامയെ
അർശിന്റെ അടുത്ത് നിർത്തപ്പെടും ഭൂമിയിൽ വെച്ച് നിങ്ങൾ എന്നെ പുകഴ്ത്തിയിരുന്ന
പോലെ ആ സുന്ദര ശബ്ദത്തിൽ എന്നെ പുകഴ്ത്തുക എന്ന് ﷲഅള്ളാഹു പറയുകയും ചെയ്യും അപ്പോൾ ആ കഴിവെല്ലാം
നഷ്ടപ്പെട്ടില്ലേ എന്ന് ദാവൂദ് നബി عليه السلامചോദിക്കും
ﷲഅള്ളാഹു പറയും
നിങ്ങൾക്ക് ഞാനത് മടക്കിത്തരുന്നു എന്ന് അങ്ങനെ ദാവൂദ് നബി عليه السلام അള്ളാഹു ﷲവിനെ പുകഴ്ത്തുമ്പോൾ അത് ശ്രവിക്കുന്ന സ്വർഗാവകാശികൾ
സ്വർഗത്തിന്റെ മറ്റു സുഖങ്ങളെല്ലാം വിസ്മരിക്കും (ഇബ്നുകസീർ)
(26)
يَا دَاوُودُ إِنَّا جَعَلْنَاكَ
خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ
الْهَوَى فَيُضِلَّكَ عَن سَبِيلِ اللَّهِ إِنَّ الَّذِينَ يَضِلُّونَ عَن سَبِيلِ
اللَّهِ لَهُمْ عَذَابٌ شَدِيدٌ بِمَا نَسُوا يَوْمَ الْحِسَابِ
(ﷲഅള്ളാഹു പറഞ്ഞു) ഓ ദാവൂദ്! തീർച്ചയായും അങ്ങയെ
നാം ഭൂമിയിൽ ഒരു പ്രതിനിധിയാക്കിയിരിക്കുന്നു ആകയാൽ ജനങ്ങൾക്കിടയിൽ ന്യായപ്രകാരം
അങ്ങ് വിധികല്പിക്കുക. തന്നിഷ്ടത്തെ
പിന്തുടർന്ന് പോകരുത് കാരണം അത് ﷲഅള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് അങ്ങയെ
തെറ്റിച്ചുകളയും ﷲഅള്ളാഹുവിന്റെ മാർഗത്തിൽ നിന്ന്
തെറ്റിപ്പോകുന്നവരാരോ അവർക്കു തന്നെയാകുന്നു
കഠിനമായ ശിക്ഷയുള്ളത്
കണക്കുനോക്കുന്ന ദിവസത്തെ അവർ മറന്നുകളഞ്ഞതിന്റെ ഫലമത്രെ അത്
ﷲഅള്ളാഹുവിന്റെ വിധികൾ പ്രഖ്യാപിക്കാനും അവന്റെ നിർദ്ദേശങ്ങൾ നടപ്പാക്കാനുമുള്ള
അധികാരം നൽകി ഭൂമിയിൽ അങ്ങയെ നാം നിയമിച്ചിരിക്കുന്നു മതപരവും ഭൌതികവുമായ എല്ലാ
വിഷയങ്ങളിലും നീതി ഉയർത്തിപ്പിടിച്ച് കൊണ്ട് അങ്ങ് വിധി പ്രഖ്യാപിക്കണം തന്റെ
വിധിക്ക് ആധാരമാവേണ്ടത് സത്യവും നീതിയുമായിരിക്കണം സ്വജന പക്ഷപാതമോ, സൌഹൃദവലയമോ, ചിലരോടുള്ള
പ്രത്യേക ഇഷ്ടമോ, അപരനോടുള്ള വെറുപ്പോ വിധിയെ സ്വാധീനിക്കരുത്. അങ്ങനെ വല്ലതും
സംഭവിച്ചാൽ ആ കാര്യം ﷲഅള്ളാഹുവിന്റെ മാർഗത്തിൽ നിന്നും ഹൃജുവായ വഴിയിൽ നിന്നും
തങ്ങളെ തെറ്റിക്കും. അത്തരക്കാരെ കാത്തിരിക്കുന്നത് കഠിന ശിക്ഷയും വലിയ
തിരിച്ചടിയുമാണ്.കാരണം വിജാരണ നാളിനെ വിസ്മരിച്ചു കൊണ്ടാണ് അവർ ഇത്തരം അതിക്രമം
കാണിച്ചത്
ഭരണാധികാരികൾ നീതിയോട് കൂടി മാത്രമേ ഭരണം നടത്താവൂ എന്ന നാഥന്റെ ഉപദേശവും അത്
അവഗണിക്കുന്ന ഭരണാധികാരികൾക്കുള്ള കടുത്ത താക്കീതുമാണ് ഈ സൂക്തം. ഇത് പക്ഷെ വളരെ ശ്രമകരമായ ജോലിയാണ് സ്വന്തക്കാരെ പരിഗണിക്കാതെ നീതി
ഉയർത്തിപ്പിടിക്കാൻ നല്ല ത്യാഗ മനസ്ഥിതി അനിവാര്യമാണ്. അത് കൊണ്ട്
തന്നെയാണ് നീതിമാനായ ഭരണാധികാരിക്ക് ﷲഅള്ളാഹു പരലോകത്ത് അർശിന്റെ തണൽ നൽകി ആദരിക്കും എന്ന് നബി ﷺതങ്ങൾ പഠിപ്പിച്ചിട്ടുള്ളത്.
(27)
وَمَا خَلَقْنَا السَّمَاء
وَالْأَرْضَ وَمَا بَيْنَهُمَا بَاطِلًا ذَلِكَ ظَنُّ الَّذِينَ كَفَرُوا فَوَيْلٌ
لِّلَّذِينَ كَفَرُوا مِنَ النَّارِ
ആകാശവും ഭൂമിയും അവക്കിടയിലുള്ളതും നാം നിരർത്ഥകമായി സൃഷ്ടിച്ചതല്ല സത്യ
നിഷേധികളുടെ ധാരണയത്രെ അത്. ആകയാൽ
സത്യ നിഷേധികൾക്ക് നരക ശിക്ഷയാൽ മഹാ നാശം
ﷲഅള്ളാഹു ആകാശവും ഭൂമിയും അവയിലടിങ്ങയിവയും സൃഷ്ടിച്ചത് വെറുതെ ഒരു
ലക്ഷ്യവുമില്ലാതെയല്ല. മറിച്ച് ഇവയിലെ അത്ഭുതങ്ങളും സൂക്ഷ്മമായ ക്രമീകരണവും ഒരു
വലിയ ലക്ഷ്യത്തോടെ തന്നെയാണ് അതായത് ഇതെല്ലാം സംവിധാനിച്ച നാഥന്റെ ശക്തിയും കഴിവും
ചിന്തിച്ച് അവനെ വിശ്വസിക്കാൻ ചിന്താശേഷിയുള്ളവനെ പാകപ്പെടുത്താനാണ്. അവനെ വെല്ലുവിളിക്കാനോ പരാജയപ്പെടുത്താനോ ആർക്കും സാധിക്കില്ല എന്നത് ഈ
അത്ഭുതങ്ങൾ തെളിയിക്കുന്നുണ്ട് അതിനാൽ അവനെ അറിഞ്ഞ് ആരാധിക്കാനും അവന്റെ ഏകത്വം
സമ്മതിക്കാനും ﷲഅള്ളാഹു ഉണർത്തുകയാണ്. ലക്ഷ്യബോധമുള്ള ജീവിതം നയിച്ച് പരലോകത്ത്
നല്ല പ്രതിഫലം വാങ്ങാനും നിഷേധികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമ്പോൾ അതിൽ നിന്ന്
രക്ഷപ്പെടാനും ഈ ചിന്ത അവനെ പാകപ്പെടുത്തുന്നു എന്നാൽ നിഷേധികളുടെ ധാരണ ഈ
പ്രാപഞ്ചിക അത്ഭുതങ്ങളുടെ സൃഷ്ടിപ്പിനു പിന്നിൽ പ്രത്യേക ലക്ഷ്യമൊന്നുമില്ലെന്നാണ്. അത് കൊണ്ട് തന്നെ ഇവിടെയുള്ള ജീവിതമാണ് യഥാർത്ഥ ജീവിതമെന്നും മരണ ശേഷമുള്ള
പുനർജന്മം അസാദ്ധ്യമാണെന്നുമാണ് അവർ ധരിക്കുന്നതും വിശ്വസിക്കുന്നതും. ആ തെറ്റായ വിശ്വാസം അവർക്ക് വലിയ നാശവും നരകവും സമ്മാനിക്കുമെന്നതാണ് യാഥാർത്ഥ്യം (ഇബ്നുകസീർ)
(28)
أَمْ نَجْعَلُ الَّذِينَ آمَنُوا
وَعَمِلُوا الصَّالِحَاتِ كَالْمُفْسِدِينَ فِي الْأَرْضِ أَمْ نَجْعَلُ
الْمُتَّقِينَ كَالْفُجَّارِ
അതല്ല സത്യം വിശ്വസിക്കുകയും സൽക്കർമങ്ങൾ
പ്രവർത്തിക്കുകയും ചെയ്തവരെ ഭൂമിയിൽ കുഴപ്പമുണ്ടാക്കുന്നവരെപ്പോലെ നാം ആക്കുമോ? അതല്ല ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ?
ﷲഅള്ളാഹുവിനെയും റസൂലിനെയും വിശ്വസിക്കുകയും അവരുടെ കൽപനകൾക്ക് അനുസൃതമായി
പ്രവർത്തിക്കുകയും വിരോധങ്ങളെ വർജ്ജിക്കുകയും ചെയ്ത് സൂക്ഷ്മ ജീവിതം നയിക്കുന്നവരെ
ﷲഅള്ളാഹുവിനു
പങ്കാളികളെ സ്ഥാപിക്കുക എന്ന അക്രമം പ്രവർത്തിക്കുകയും അവന്റെ കല്പനകളെ അവഗണിച്ചും
വിരോധങ്ങൾ പ്രവർത്തിച്ചും ജീവിച്ചവരെപ്പോലെ നാം ആക്കുമെന്നോ (അതായത് നല്ല ജീവിതം
നയിച്ചവർക്ക് പ്രത്യേകമായി ഒരു നേട്ടവും ലഭിക്കില്ലെന്ന്) അല്ലെങ്കിൽ ആ
സൂക്ഷ്മാലുക്കളെ തമ്മാടികളെ പോലെ നാം കാണുമെന്നോ അവർ ധരിക്കുന്നുവോ? എങ്കിൽ ആ ധാരണ
സത്യമേ അല്ല (ഥിബ്‌രി)
ധർമ്മനിഷ്ഠ പാലിക്കുന്നവരെ ദുഷ്ടന്മാരെ പോലെ നാം ആക്കുമോ?
എന്ന ചോദ്യം പുനർജന്മത്തെ നിഷേധിക്കുകയും
ഇവിടെ എങ്ങനെ ജീവിച്ചാലും, മരിച്ചാൽ എല്ലാവരും നശിക്കുക മാത്രമാണ് എന്ന് വാദിക്കുകയും ചെയ്തവർക്കുള്ള മറുപടിയാണ് അഥവാ പുനർജന്മം സത്യമാണ്
നല്ലവർക്കും അല്ലാത്തവർക്കും രണ്ടുരീതിയിലുള്ള ജീവിതം ﷲഅള്ളാഹു സമ്മാനിക്കുകയും ചെയ്യും. കാരണം സൂക്ഷ്മ
ജീവിതം നയിച്ചവർ നാഥനെ ഭയപ്പെട്ടും അവന്റെ നിർദേശങ്ങൾ സ്വീകരിച്ചും തന്റെ വിചാര, വികാരങ്ങൾക്ക്
കടിഞ്ഞാണിട്ടും മാതൃകായോഗ്യമായി ജീവിച്ചവരാണ്. അവരുടെ
ത്യാഗപൂർണമായ ജീവിതത്തിനു അർഹമായ സമ്മാനം ലഭിക്കണം എന്ന് തന്നെയാണല്ലോ യുക്തി. അതേ സമയം തെമ്മാടികൾ വിധിവിലക്കുകൾ ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല പല
അപരാധങ്ങളും ജീവിതത്തിൽ അവർ ചെയ്തു കൂട്ടി. തന്റെ
താൽക്കാലിക സന്തോഷങ്ങൾക്ക് പ്രാധാന്യം നൽകിയപ്പോൾ അപരനുണ്ടായ പ്രയാസം പോലും അവൻ
പരിഗണിച്ചില്ല. പല സമയത്തും മറ്റുള്ളവർ ഇവന്റെ അതിക്രമത്തിനു വിധേയരാവേണ്ടി
വരിക കൂടി ചെയ്തിട്ടുണ്ടാവും. ഈ രണ്ടു കക്ഷികളും മരണ ശേഷം ഒരു പോലെ ആയാൽ
ശരിയാവില്ല. ഭൂമിയിൽ നന്നായി ജീവിച്ചവനു പരിഗണനയും മോശമായി ജീവിച്ചവനു
അവഗണനയും ലഭിക്കണം. അത് ﷲഅള്ളാഹു നിർവഹിക്കുക തന്നെ ചെയ്യും എന്ന് ഉണർത്തിയിരിക്കുകയാണ്. മറ്റൊരു രീതിയിൽ
പറഞ്ഞാൽ സൂക്ഷ്മാലുക്കൾ ഭൂമിയിൽ ജീവിച്ചപ്പോൾ എന്നെ തൃപ്തിപ്പെടുത്തുന്ന
പ്രവർത്തനങ്ങൾ മുന്നോട്ട് വെച്ചവരാണ് അത് കൊണ്ട് തന്നെ പരലോകത്ത് അവരെ
തൃപ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയും അവർക്ക് വിജയം സമ്മാനിക്കുകയും
ചെയ്യുന്ന വിധത്തിൽ അനുഗ്രഹീതമായ സ്വർഗം ഞാൻ അവർക്ക് ഒരുക്കി വെച്ചു. അതേ സമയം ധിക്കാരികൾ ഭൂമിയിൽ എന്നെ ദേഷ്യം പിടിപ്പിക്കുകയും എന്റെ വെറുപ്പ്
ഏറ്റുവാങ്ങുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നടത്തുകയായിരുന്നു അതിനാൽ അവർക്ക് അർഹമായ
അസ്വസ്ഥത സമ്മാനിക്കാൻ നരകത്തിന്റെ ശിക്ഷയാണ് അവർക്ക് ഒരുക്കിയിട്ടുള്ളത് അല്ലാതെ
മരണത്തോടെ എല്ലാം അവസാനിക്കുമെന്ന ഇവരുടെ വാദത്തിനു യാതൊരു അടിസ്ഥാനവുമില്ല കാരണം ﷲഅള്ളാഹു നന്മ ചെയ്തവന്റെ പ്രതിഫലം നഷ്ടപ്പെടുത്തുകയോ
അകാരണമായി ആരെയെങ്കിലും അക്രമിക്കുകയോ ചെയ്യുകയില്ല എന്നാൽ സ്വയം അക്രമം
നടത്തിയവർക്ക് അതിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്വാഭാവികം മാത്രം!
ഇമാം ഇബ്നുകസീർ رحمة الله عليه ഇവിടെ എഴുതുന്നത് ശ്രദ്ധേയമാണ് അക്രമവും ധിക്കാരവും
കൈമുതലാക്കിയവർക്ക് ഇവിടെ സമ്പത്തും മറ്റും വർദ്ധിക്കുന്നതും അതേ സന്തോഷാവസ്ഥയിൽ
ജീവിച്ച് മരണപ്പെടുന്നതും നാം കാണുന്നുണ്ട്. അതേ സമയം ﷲഅള്ളാഹുവിന്റെ നിയമങ്ങൾ പാലിച്ച് ജീവിക്കുന്നവർക്ക് വലിയ
പ്രയാസവും മനോവിഷമവും അനുഭവിക്കേണ്ടി വരുന്നതും നാം കാണുന്നു അപ്പോൾ
അനുസരിച്ചവർക്കുള്ള അംഗീകാരം ﷲഅള്ളാഹു ഇവിടെ നൽകുന്നില്ലെങ്കിൽ അതിനു മറ്റൊരിടം
ശരിയാക്കുന്നുണ്ട് എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത് അതാണ് പരലോകം ഈ അടിസ്ഥാന
ആശയം യുക്തി ഭദ്രവും ശരിയുമാണ്. ഇതിലേക്കാണ് ﷲഅള്ളാഹു ഈ സൂക്തത്തിൽ സൂചന നൽകുന്നത്
(29)
كِتَابٌ
أَنزَلْنَاهُ إِلَيْكَ مُبَارَكٌ لِّيَدَّبَّرُوا آيَاتِهِ وَلِيَتَذَكَّرَ
أُوْلُوا الْأَلْبَابِ
തങ്ങൾക്ക് നാം അവതരിപ്പിച്ചു തന്ന അനുഗ്രഹീത ഗ്രന്ഥമത്രെ ഇത്.ഇതിലെ
ദൃഷ്ടാന്തങ്ങളെപ്പറ്റി അവർ ചിന്തിച്ചുനോക്കുന്നതിനും ബുദ്ധിമാന്മാർ
ഉൽബുദ്ധരാകേണ്ടതിനും വേണ്ടി
വിശുദ്ധ ഖുർആൻ നബി ﷺതങ്ങൾക്ക് ﷲഅള്ളാഹു അവതരിപ്പിച്ച അനുഗ്രഹീത ഗ്രന്ഥമാണ്.അതിന്റെ ആശയങ്ങൾ
ചിന്തിക്കുകയും അത് ജീവിതത്തിൽ പകർത്തി വിജയിക്കുകയും ചെയ്യാൻ ബുദ്ധിമാന്മാർ സമയം
കണ്ടെത്തണം. ഖുർആൻ മുന്നോട്ട് വെക്കുന്ന ആശയങ്ങൾ യുക്തിഭദ്രവും കാലിക
പ്രസക്തിയുള്ളവയും മനുഷ്യന്റെ ആത്യന്തിക വിജയത്തിനു ഉപയുക്തവും ആണ്. ആശയം ചിന്തിച്ച് കൊണ്ടുള്ള ഖുർആൻ പാരായണം ഹൃദയം ശുദ്ധിയാവാനുള്ള മരുന്നാണെന്ന്
മഹത്തുക്കൾ പറഞ്ഞത് ഇവിടെ ഓർക്കേണ്ടത് തന്നെ. ഇമാം ഖുർതുബി رحمة الله عليهഎഴുതുന്നു ഖുർആൻ സാവധാനം പാരായണം ചെയ്യുകയാണ് വേണ്ടത് എന്ന് ഇവിടെ നിന്ന്
മനസ്സിലാക്കാം. കാരണം ആശയം ചിന്തിക്കാൻ ഏറ്റവും ഫലപ്രദമായ രീതി അതാണല്ലൊ. ആശയം
ചിന്തിക്കുക എന്നാൽ ഖുർആനിക കല്പനകൾ പ്രാവർത്തികമാക്കുക എന്ന് കൂടിയാണ് അർത്ഥം
(ഖുർതുബി)
അക്ഷരങ്ങൾ ഹൃദിസ്ഥമാക്കുകയും നിയന്ത്രണങ്ങൾ അവഗണിക്കുകയും ചെയ്യുന്നവൻ ഖുർആനിനെ
ചിന്തിക്കുന്നവനല്ല. അതായത് ഞാൻ ഖുർആൻ പാരായണം ചെയ്തു എന്ന് ഒരാൾ പറയുന്നു
എന്നാൽ അവന്റെ സ്വഭാവത്തിലോ പ്രവർത്തനത്തിലോ അത് പ്രകടമാവുന്നുമില്ല അങ്ങനെയുള്ളവൻ
ഖുർആൻ ചിന്തിക്കുന്നുവെന്ന് പറയാവതല്ല എന്ന് ഹസൻ ബസരി رحمة الله عليهപറഞ്ഞതായി ഇബ്നുകസീർ ഉദ്ധരിക്കുന്നുണ്ട്
അപ്പോൾ ഖുർആൻ മുന്നോട്ട് വെക്കുന്ന നിർദേശങ്ങൾ ജീവിതത്തിൽ നടപ്പാക്കണം. സഞ്ചരിക്കുന്ന ഖുർആനായി നമ്മുടെ ജീവിതം മാറണം നബി ﷺ തങ്ങളുടെ സ്വഭാവം ഖുർആനായിരുന്നു എന്ന വചനത്തിന്റെ പൊരുളും മറ്റൊന്നല്ല ﷲഅള്ളാഹു നമുക്ക് തൌഫീഖ് നൽകട്ടെ ആമീൻ
(തുടരും)
ഇൻശാ അള്ളാഹ്
No comments:
Post a Comment