Monday, January 17, 2022

അദ്ധ്യായം 38 | സൂറത്ത് സ്വാദ് سورة ص | ഭാഗം 09

അദ്ധ്യായം 38  | സൂറത്ത് സ്വാദ്  سورة ص | ക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 88


(Part -9  -   സൂക്തം 65 മുതൽ 70 വരെ സൂക്തങ്ങളുടെ വിവരണം )

 

 

 

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ

 

പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(65)
قُلْ إِنَّمَا أَنَا مُنذِرٌ وَمَا مِنْ إِلَهٍ إِلَّا اللَّهُ الْوَاحِدُ الْقَهَّارُ


(
നബിയേ) പറയുക. ഞാനൊരു മുന്നറിയിപ്പുകാരൻ മാത്രമാണ് ഏകനും സർവ്വാധിപതിയുമായ അള്ളാഹുവല്ലാതെ യാതൊരു ദൈവവുമില്ല


തന്റെ സമൂഹത്തിലെ ബഹുദൈവ വാദികളോട് പറയാനായി നബി തങ്ങളോട് അള്ളാഹു പറയുന്നത് “ഓ ഖുറൈശ് സമൂഹമേ! നിങ്ങളുടെ അവിശ്വാസം കാരണമായി അതി ശക്തമായ ശിക്ഷ നിങ്ങളിൽ ഇറങ്ങുന്നതിനെക്കുറിച്ച്, അള്ളാഹുവിന്റെ അതൃപ്തി നിങ്ങളിൽ സംഭവിക്കുന്നതിനെക്കുറിച്ച് നിങ്ങൾക്ക് താക്കീതു നൽകുന്നവനാണ് ഞാൻ അതിനാൽ ആ ശിക്ഷ വരും മുമ്പേ പശ്ചാത്തപിച്ച് മടങ്ങുക. ജാഗ്രത പാലിക്കുക ഇതാണ് നിങ്ങളോട് എനിക്ക് പറയാനുള്ളത്. നിങ്ങൾ ദൈവങ്ങളായി സങ്കല്പിക്കുന്നവക്കൊന്നും ദൈവമാകാൻ യാതൊരു അർഹതയും ഇല്ല. ആരാധനക്കർഹനാവുക (ഇലാഹ് ആവുക), എല്ലാം നിയന്ത്രിക്കുന്നവനാവുക (റബ്ബാവുക) എന്നീ ഗുണങ്ങൾക്ക് ഏകനായ എല്ലാം അടക്കി ഭരിക്കുന്ന അള്ളാഹുവിനല്ലാതെ അർഹതയില്ല. ലോകത്തിലെ എല്ലാ വസ്തുക്കളും അവനെയാണ് ആരാധ്യനായി അംഗീകരിക്കുന്നത് യാതൊരു ഉപകാരമാവട്ടെ ഉപദ്രവമാകട്ടെ ചെയ്യാൻ കഴിയാത്ത വസ്തുക്കളെ അള്ളാഹുവിന്റെ സ്ഥാനത്തേക്ക് ഉയർത്തുന്നതിനേക്കാൾ മോശമായി മറ്റെന്തുണ്ട്?” (ഥിബ്‌രി)


ഇമാം റാസി
رحمة الله عليهഎഴുതുന്നു  ഈ അദ്ധ്യായത്തിന്റെ തുടക്കത്തിൽ അള്ളാഹു മാത്രമാണ് ആരാധ്യൻ എന്ന് സ്ഥിരീകരിച്ചു കൊണ്ട് ഞാൻ താക്കീതുകാരനാണ് എന്ന് നബി തങ്ങൾ പറഞ്ഞപ്പോൾ തങ്ങൾ മാരണക്കാരനും കള്ളം പറയുന്നവരുമാണെന്ന് പറഞ്ഞ് തങ്ങളെ അവർ പരിഹസിക്കുകയായിരുന്നു പിന്നീട് മുൻ കാല നബിമാരുടെ ചരിത്രങ്ങൾ പറഞ്ഞു ശത്രുക്കളുടെ നിഷേധം ഇല്ലാതാക്കാനും നബി തങ്ങൾക്ക് ക്ഷമ കൈവരിക്കാനും വഴിയൊരുക്കി. അതിനു ശേഷം വിശ്വാസികൾക്ക് ലഭിക്കുന്ന സുഖങ്ങളും അവിശ്വാസികൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങളും വിശദീകരിച്ചു പിന്നീട് അള്ളാഹുവിന്റെ ഏകത്വവും നബി തങ്ങളുടെ പ്രവാചകത്വവും സ്ഥിരീകരിക്കുകയും പുനർജന്മം സത്യമാണെന്ന് വീണ്ടും സ്ഥാപിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി ഞാൻ താക്കീതുകാരനാണെന്നും അള്ളാഹു മാത്രമേ ആരാധ്യനുള്ളൂ  എന്ന് വിവരിക്കുകയാണിവിടെ. വിഷയ സമർത്ഥനത്തിന്റെ ഉയർന്ന നിലവാരമുള്ള ക്രമീകരണമാണിത് ശത്രുവിന്റെ സന്ദേഹങ്ങൾ പറഞ്ഞ് അതിനുള്ള മറുപടി വിശദീകരിക്കുക. ശേഷം ആവശ്യമായ തെളിവുകൾ സമർത്ഥിക്കുക ആവശ്യമില്ലാത്തത് നീക്കം ചെയ്ത ശേഷം ആവശ്യമുള്ളത് സ്ഥാപിക്കുക. ഒരു ഫലകത്തിലെ മോശമായ വരകൾ ഒഴിവാക്കിയ ശേഷമാണല്ലോ ശരിയായ വരകൾ സ്ഥാപിക്കുക ഈ ക്രമീകരണത്തിന്റെ സൌന്ദര്യം ഉൾക്കൊള്ളുന്ന ആർക്കും ഈ അദ്ധ്യായത്തിന്റെ ഇതു വരെയുള്ള സമർത്ഥന രീതിയുടെയും വിഷയ ക്രമീകരണത്തിന്റെയും സൌന്ദര്യം സമ്മതിക്കേണ്ടി  വരും. ഞാൻ താക്കീതുകാരനാണെന്ന് പറഞ്ഞാൽ അള്ളാഹുവിന്റെ ഏകത്വവും എന്റെ പ്രവാചകത്വവും മരണ ശേഷമുള്ള പുനർജന്മവും നിഷേധിക്കുന്നവർ അനുഭവിക്കാൻ പോകുന്ന ശിക്ഷയുടെ സാഹചര്യങ്ങൾ വിശദീകരിക്കുകയും അവ അംഗീകരിക്കുന്നവർക്കുള്ള പ്രതിഫലം വിവരിക്കുകയും ചെയ്യുന്ന ആൾ എന്നാണ്. സർവാധിപതിയാണ് എന്ന ഭാഗം അള്ളാഹുവിന്റെ ഏകത്വത്തിന്റെ വ്യക്തമായ തെളിവാണ്. എല്ലാം അടക്കി ഭരിക്കാൻ കഴിയുന്നവനാണ് അള്ളാഹു എന്ന് വന്നാൽ അവന്റെ ഭരണത്തിൻ കീഴിൽ തന്നെയാണല്ലോ ഇവർ ആരാധിക്കുന്ന ബിംബങ്ങളും വരുന്നത് സർവ ശക്തനെ ആരാധിക്കാതെ അവന്റെ കീഴിലുള്ളവർക്ക് അത് വകവെച്ച് കൊടുക്കുന്നത് ശരിയായ ബുദ്ധി സമ്മതിക്കുമോ? ഒരിക്കലും സമ്മതിക്കില്ല. അതിനാൽ അവനല്ലാതെ ഒരു ആരാധ്യനുമില്ല എന്ന് വ്യക്തമായി (റാസി)


(66)
رَبُّ السَّمَاوَاتِ وَالْأَرْضِ وَمَا بَيْنَهُمَا الْعَزِيزُ الْغَفَّارُ


ആകാശങ്ങളുടെയും ഭൂമിയുടെയും അവക്കിടയിലുള്ളതിന്റെയും രക്ഷിതാവും പ്രതാപ ശാലിയും ഏറെ പൊറുക്കുന്നവനുമത്രെ അവൻ


അതെ, ആകാശ ഭൂമിയുടെ അധിപനും അവകളിൽ ക്രയവിക്രയം ചെയ്യുന്നവനും തെറ്റുകളിൽ നിന്ന് പശ്ചാത്തപിക്കുകയും ഈമാനിന്റെ ശരിയായ നിലപാടുകൾ ഉയർത്തിപ്പിടിക്കുകയും ചെയ്യുന്ന അടിമകൾക്ക് പൊറുത്തു കൊടുക്കുന്ന, അള്ളാഹുവിനു പുറമേ ദൈവങ്ങളെ സ്ഥാപിക്കുകയും അവന്റെ നിയമങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന ധിക്കാരികളെ ശിക്ഷിക്കാൻ  പ്രതാപിയുമായ നാഥൻ!
ഇമാം റാസി
رحمة الله عليه എഴുതുന്നു കഴിഞ്ഞ സൂക്തത്തിൽ അള്ളാഹു സർവ്വാധിപതിയാണ് എന്ന് പരിചയപ്പെടുത്തിയപ്പോൾ അവന്റെ ശിഷയെക്കുറിച്ച് ഭയം വരുന്നു.  ഏറെ പൊറുക്കുന്നവനാണ് എന്ന് പറയുന്നത് അവന്റെ കാരുണ്യത്തിൽ പ്രതീക്ഷ നൽകുന്നതുമാണ് (റാസി)

അള്ളാഹുവിന്റെ  ശിക്ഷയിലുള്ള ഭയവും കാരുണ്യത്തിലുള്ള പ്രതീക്ഷയും സമന്വയിപ്പിച്ച് കൊണ്ടു പോകണം എന്ന തത്വം ഇവിടെ സഥാപിച്ചിരിക്കുകയാണ്


(67)
قُلْ هُوَ نَبَأٌ عَظِيمٌ


പറയുക. അത് ഒരു ഗൌരവമുള്ള വർത്തമാനമാകുന്നു


ഖുർആൻ മുന്നോട്ട് വെക്കുന്ന പുനർജന്മവും അന്ത്യനാളുമാണിവിടെ ഉദ്ദേശ്യം (അന്ത്യ നാളിനെക്കുറിച്ച് ഗൌരവമുള്ള വർത്തമാനം എന്ന പ്രയോഗം ഖുർആൻ തന്നെ എഴുപത്തിയെട്ടാം അദ്ധ്യായം അന്നബഅ് രണ്ടാം സൂക്തത്തിൽ പരാമർശിച്ചിട്ടുണ്ട്) ഖുർആൻ ആണ് ഉദ്ദേശ്യം എന്നും അഭിപ്രായമുണ്ട് (ബഗ്‌വി)

ഖുർആൻ ആണിവിടെ പറയുന്ന വർത്തമാനം ഖാളി ശുറൈഹി رضي الله عنهനോട് ഒരാൾ ചോദിച്ചു താങ്കൾ നബഅ് കൊണ്ടാണോ എന്റെ മേൽ വിധിക്കുക ? അപ്പോൾ ഖാളി ശുറൈഹ് رضي الله عنهപറഞ്ഞു നബഅ് ഖുർആൻ അല്ലയോ എന്ന് എന്നിട്ട് അദ്ദേഹം തെളിവായി ഈ സൂക്തം പാരായണം ചെയ്തു (ഥിബ്‌രി)

അള്ളാഹു നിങ്ങളിലേക്ക് ദൂതന്മാരെ അയച്ചു എന്നതാണ് ഗൌരവമുള്ള വർത്തമാനം (ഇബ്നുകസീർ) അഥവാ അള്ളാഹു അവനെക്കുറിച്ച് പരിചയപ്പെടുത്താനും അവന്റെ മത നിയമങ്ങൾ വിവരിക്കാനും ദൂതന്മാരെ നിയോഗിച്ചാൽ അവരെ അവഗണിക്കുന്നതും നിഷേധിക്കുന്നതും ഗുരുതരമായ അച്ചടക്ക ലംഘനമായിരിക്കും അപ്പോൾ ദൂതന്മാരെ അയക്കുന്നു എന്ന വാർത്തയും ഗൌരവം തന്നെ

വിചാരണയും പ്രതിഫലവും ശിക്ഷയും ആണ് ഗൌരവമുള്ള വാർത്ത അത് അവഗണിക്കാവതല്ല (ഖുർതുബി)

ഇമാം റാസി رحمة الله عليه എഴുതുന്നു ഇവിടെ പറയുന്ന ഗൌരവ വാർത്ത എന്നതിനെക്കുറിച്ച് അള്ളാഹു ഏകനാണ് എന്നും, നബി തങ്ങൾ പ്രവാചകനാണ് എന്നും, പുനർജന്മവും വിചാരണയും ഉണ്ട് എന്നതും ഉദ്ദേശ്യമാകാം. കാരണം ഈ മൂന്ന് വിഷയവും ഈ അദ്ധ്യായത്തിന്റെ ആദ്യം മുതൽ വിവരിച്ചു വരുന്നുണ്ട് (റാസി)

(68)
أَنتُمْ عَنْهُ مُعْرِضُونَ


നിങ്ങൾ അത് അവഗണിച്ചുകളയുന്നവരാകുന്നു


മുൻ സൂക്തത്തിൽ പറഞ്ഞ നബഅ് എന്തായാലും അത് അവഗണിച്ചു പോവുന്നവരാണ് നിങ്ങൾ എന്നാണ് ഇവിടെ പറയുന്നത് അഥവാ ഖുർആൻ ആണെന്ന വീക്ഷണപ്രകാരം ഖുർആൻ അനുസരിച്ച് പ്രവർത്തിക്കാതെയും ഖുർആൻ മുന്നോട്ട് വെക്കുന്ന തെളിവുകളെ വിശ്വസിക്കാതെയും ജീവിക്കുന്നു എന്ന് സാരം

വർത്തമാനം എന്നതിന്റെ ഉദ്ദേശം അന്ത്യനാൾ ആണെന്ന് വെച്ചാൽ അത് അവഗണിക്കുക എന്നാൽ അതിനു വേണ്ടി തയാറാവാതിരിക്കുക എന്നാവും അർത്ഥം.  അള്ളാഹു ഏകനാണ് എന്ന അഭിപ്രായമനുസരിച്ച് അവനെ മാത്രം ആരാധിക്കുന്നതിൽ വീഴ്ച പറ്റുന്നതും അവനെ ആരാധിക്കാതിരിക്കുന്നതും ഗുരുതരമാണെന്ന് അർത്ഥം. പ്രവാചകത്വമാണ് വാർത്ത എന്ന ആശയമനുസരിച്ച് തങ്ങളുടെ കല്പനകളെ അവഗണിക്കുന്നതും തള്ളിക്കളയുന്നതും ഗുരുതരമായ കുറ്റമാണ് എന്ന് വരും
ഇമാം റാസി
رحمة الله عليهഎഴുതുന്നു നിങ്ങൾ അത് അവഗണിക്കുന്നു എന്ന് പറയുന്നതിന്റെ ഉള്ളിൽ ഈ ആശയങ്ങൾ നന്നായി ചിന്തിക്കാനുള്ള പ്രേരണയുണ്ട്.അവ ചിന്തിച്ച് അതിനനുസരിച്ച് പ്രവർത്തിക്കുന്നതും അതിൽ സൂക്ഷ്മത പാലിക്കുന്നതും  നിത്യ വിജയത്തിനും അത് അവഗണിക്കുന്നതും നിസ്സാരവൽക്കരിക്കുന്നതും  സ്ഥിര പരാചയത്തിനും കാരണമാണെന്നും വ്യക്തമാക്കുന്നു (റാസി)
(69)
مَا كَانَ لِي مِنْ عِلْمٍ بِالْمَلَإِ الْأَعْلَى إِذْ يَخْتَصِمُونَ


അത്യുന്നത സമൂഹം വിവാദം നടത്തിയിരുന്ന സന്ദർഭത്തെപ്പറ്റി എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല


നബി തങ്ങളുടെ സത്യ സന്ധതയും ആധികാരികതയും ദൈവിക സന്ദേശങ്ങൾ തനിക്ക് നൽകപ്പെടുന്നുണ്ട് എന്നതിന്റെയും ഏറ്റവും വ്യക്തമായ ഒരു തെളിവാണ് ഇവിടെ പറയുന്നത്. അതായത് ആദം നബി عليه السلام യെ സൃഷ്ടിക്കാൻ അള്ളാഹു തീരുമാനിക്കുകയും അത് സംബന്ധമായി മലക്കുകളോട് (അവരാണ് ഇവിടെ പറഞ്ഞഅത്യുന്നത സമൂഹം’) അഭിപ്രായം ചോദിക്കുകയും എന്തിന് രക്തച്ചൊരിച്ചിലും കുഴപ്പവുമുണ്ടാക്കുന്ന ഒരു വിഭാഗത്തെ സൃഷ്ടിക്കണം നിന്നെ ആരാധിക്കാൻ/നിന്റെ പരിശുദ്ധിയെ വാഴ്ത്താൻ ഞങ്ങളുണ്ടല്ലോ എന്ന് മലക്കുകൾ പറയുകയും ചെയ്തു. അതാണ് അവർ നടത്തിയ വിവാദം. മലക്കുകളോട് സുജൂദ് ചെയ്യാൻ അള്ളാഹു നിർദ്ദേശിച്ചതും മലക്കുകളോടൊപ്പമുണ്ടായിരുന്ന ഇബ്‌ലീസ് ആ കല്പനയെ ധിക്കരിച്ചതും തുടർന്ന് സ്വർഗത്തിൽ നിന്ന് പുറത്താക്കപ്പെട്ടതും ഈ വിവാദത്തിന്റെ ഭാഗമായി വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നുണ്ട്. ഈകാര്യങ്ങളെല്ലാം ഖുർആൻ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഇവിടുത്തെ വിഷയം ഇതാണ്. അഥവാ നബി തങ്ങൾക്ക് ദൈവിക നിർദേശങ്ങൾ ലഭിക്കുന്നില്ലെങ്കിൽ തങ്ങൾ ജനിക്കുക പോലും ചെയ്യുന്നതിനു മുമ്പ് നടന്ന ഈ ചർച്ചകളും വിവരങ്ങളും തങ്ങൾക്ക് എങ്ങനെ ലഭിക്കും? അപ്പോൾ ദൈവിക സന്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തന്നെയാണ് തങ്ങൾ സംസാരിക്കുന്നത് എന്ന് വ്യക്തം

ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു ഇവിടെ പറഞ്ഞ അത്യുന്നത സമൂഹം മലക്കുകളാണ്. അവർ ആദം നബി عليه السلامയുടെ സൃഷ്ടിപ്പിനെക്കുറിച്ച് തർക്കിച്ചു അഥവാ കുഴപ്പമുണ്ടാക്കുന്നവരെ ഭൂമിയിൽ നീ സൃഷ്ടിക്കുകയാണോ നാഥാ എന്ന് അവർ ചോദിച്ചു അത് പോലെ (ആദം നബി عليه السلامക്ക് സുജൂദ് ചെയ്യാൻ അള്ളാഹു കല്പിച്ചപ്പോൾ) ഞാനാണ് ആദമിനേക്കാൾ മഹത്വമുള്ളവൻ എന്ന് ഇബ്‌ലീസും തർക്കിച്ചു .ഈ കാര്യങ്ങളെല്ലാം അവിടെ സന്നിഹിതനല്ലാതിരുന്ന മുഹമ്മദ് നബി എങ്ങനെ പറയും?അതിനു ഒരു ഉത്തരമേ ഉള്ളൂ ദൈവികമായി തനിക്ക് നൽകപ്പെടുന്ന ശക്തി കൊണ്ടാണ് തങ്ങൾ സംസാരിക്കുന്നത് അപ്പോൾ നബി തങ്ങൾ സത്യവാനാണ് (തങ്ങൾ സ്വന്തമായി മിനഞ്ഞുണ്ടാക്കിയതാണ് ഖുർആൻ എന്ന് പറയുന്നവർ കള്ളം പറയുന്നവരുമാണ്) എന്ന് തെളിയിക്കുന്ന വ്യക്തമായ അമാനുഷിക സംഭവം (മുഅ്ജിസത്ത്) തന്നെയാണിത്. എന്നിട്ടുമെന്തേ ഖുർആനിനെക്കുറിച്ച് ചിന്തിച്ച് നബി തങ്ങളുടെ സത്യ സന്ധത അവർ ഉൾക്കൊള്ളാത്തത് അത് കൊണ്ടാണ്

പറയുക.അത് ഒരു ഗൌരവമുള്ള വർത്തമാനമാകുന്നു
നിങ്ങൾ അത് അവഗണിച്ചുകളയുന്നവരാകുന്നു

എന്ന് കഴിഞ്ഞ സൂക്തങ്ങളിൽ പറഞ്ഞതിനോട് ചേർത്ത് ഈ കാര്യം പറഞ്ഞത് (ഖുർതുബി)

ഇബ്നു കസീർ رحمة الله عليه എഴുതുന്നു “അള്ളാഹുവിൽ നിന്ന് ദിവ്യബോധനം ലഭിക്കുന്നില്ലെങ്കിൽ ആദം നബി عليه السلامയുടെ കാര്യത്തിൽ അത്യുന്നത സമൂഹം തർക്കത്തിലേർപ്പെട്ടതും ഇബ്‌ലീസ് ആദം നബി عليه السلامക്ക് സുജൂദ് ചെയ്യാൻ വിസമ്മതിച്ചതും തനിക്കാണ് ആദമിനേക്കാൾ عليه السلام മഹത്വം എന്ന് വാദിച്ചതും ഞാൻ എവിടെ നിന്ന് അറിയാനാണ്  എന്നാണ് തങ്ങൾ ഇവിടെ പറയുന്നത് മുആദ് ബിൻ ജബൽ رضي الله عنه പറയുന്നു ഒരു ദിനം പ്രഭാത നിസ്കാരം നിർവഹിക്കാൻ നബി തങ്ങൾ വളരെ സമയം താമസിച്ചു പിന്നീട് തങ്ങൾ ധൃതിയിൽ വന്ന് പെട്ടെന്ന് നിസ്ക്കാരം പൂർത്തിയാക്കി എന്നിട്ട് ഞങ്ങളുടെ നേരേ തിരിഞ്ഞ് ഞാൻ ഇന്നു വൈകിവരാനുണ്ടായ കാരണം വിശദീകരിക്കാം എന്ന് പറഞ്ഞ് തങ്ങൾ സംസാരിക്കാൻ തുടങ്ങി. ഞാൻ രാത്രി എഴുന്നേറ്റ് എനിക്ക് നിശ്ചയിക്കപ്പെട്ട രാത്രി നിസ്ക്കാരം നിർവഹിച്ചു എന്നിട്ട് എനിക്കുറക്കം വന്നു ആ ഉറക്കത്തിൽ നാഥനായ അള്ളാഹു അത്യുന്നത സമൂഹം എന്തിലാണ് തർക്കിക്കുന്നതെന്ന് അങ്ങേക്ക് അറിയാമോ എന്ന് ചോദിച്ചു ഞാൻ പറഞ്ഞു അറിയില്ല ഇത് മൂന്ന് തവണ ആവർത്തിച്ചു പിന്നീട് അള്ളാഹു എനിക്ക് പ്രത്യേക അനുഗ്രഹം നൽകുകയും എന്റെ ഹൃദയത്തിൽ അതിന്റെ പ്രതിഫലനം അനുഭവപ്പെടുകയും ചെയ്തു അപ്പോൾ എനിക്ക് എല്ലാ കാര്യങ്ങളും വെളിപ്പെടുകയും അറിവ് ലഭിക്കുകയും ചെയ്തു. എന്നിട്ട് അള്ളാഹു എന്നോട് ചോദിച്ചു എന്ത് വിഷയത്തിലാണ് അത്യുന്നത സമൂഹം തർക്കിക്കുന്നത് എന്ന്. ഞാൻ പറഞ്ഞു ദോഷങ്ങൾ പൊറുപ്പിക്കുന്ന (കഫ്ഫാറാത്ത്) കാര്യങ്ങളിലാണ്. അള്ളാഹു ചോദിച്ചു എന്താണ് ആ കാര്യങ്ങൾ? ഞാൻ പറഞ്ഞു സംഘടിതമായ നിസ്ക്കാരത്തിനു വേണ്ടി കാല്പാദങ്ങൾ ചലിപ്പിക്കലും നിസ്ക്കാരങ്ങൾക്ക് ശേഷം (അടുത്ത നിസ്ക്കാരം പ്രതീക്ഷിച്ച്) പള്ളികളിൽ ഇരിക്കലും വിഷമകരമായ സാഹചര്യത്തിലും പൂർണ്ണമായി വുളൂ ചെയ്യലുമാണ് (ഈ കാര്യങ്ങൾ മുഖേന ദോഷങ്ങൾ അള്ളാഹു പൊറുത്തു തരും എന്ന് സാരം) പിന്നീട് അള്ളാഹു ചോദിച്ചു പദവികൾ (ദറജാത്ത്) എന്താണ് ? ഞാൻ പറഞ്ഞു  ഭക്ഷണം നൽകലും നല്ല വാക്ക് പറയലും ജനങ്ങൾ ഉറങ്ങുന്ന നേരത്ത് നിസ്ക്കരിക്കലുമാണ് (ഇത് നമ്മുടെ സ്ഥാനം വർദ്ധിപ്പിക്കുന്ന കാര്യങ്ങളാണ്. അള്ളാഹു പറഞ്ഞു തങ്ങൾ ചോദിക്കുക എന്ന് (എന്ത് ചോദിക്കണം എന്ന് നിർണയിക്കാത്തത് കൊണ്ട് എന്തും ചോദിക്കാം ) തങ്ങൾ പറഞ്ഞു

أللهم اني أسألك فعل الخيرات وترك المنكرات وحب المساكين  وأن تغفر لي وترحمني  واذا أردت فتنة بقوم فتوفني غير مفتون وأسألك حبك وحب من يحبك وحب عمل يقربني الي حبك

 

 അള്ളാഹുവേ നന്മകൾ പ്രവർത്തിക്കാനും തിന്മകൾ ഒഴിവാക്കാനും സാധുക്കളെ സ്നേഹിക്കാനും എനിക്ക് അവസരം നൽകണേ! എനിക്ക് പൊറുത്തു തരികയും എന്നെ അനുഗ്രഹിക്കുകയും ചെയ്യേണമേ! ഒരു സമൂഹത്തിനു നീ കുഴപ്പം ഉദ്ധേശിക്കുന്നുവെങ്കിൽ കുഴപ്പത്തിൽ പെടാതെ എന്നെ നീ പിടിക്കേണമേ! നിന്റെ ഇഷ്ടവും നിന്നെ സ്നേഹിക്കുന്നവരുടെ ഇഷ്ടവും നിന്റെ ഇഷ്ടത്തിലേക്ക് അടുപ്പിക്കന്ന പ്രവർത്തനം ചെയ്യാനുള്ള ഭാഗ്യവും നിന്നോട്  ഞാൻ ആവശ്യപ്പെടുന്നു” ഇത്രയും പറഞ്ഞ ശേഷം തങ്ങൾ പറഞ്ഞു ഇവ സത്യമാണ് ഇത് നിങ്ങൾ പഠിക്കുക എന്ന്. (ഇബ്നുകസീർ)


ഈ ഹദീസിൽ പറഞ്ഞ അത്യുന്നത സമൂഹം തർക്കിക്കുന്നത് എന്താണെന്ന് അറിയാമോ എന്ന് ചോദിച്ചതും തങ്ങൾ വിവരിച്ചതും ഈ സുക്കതത്തിൽ പറഞ്ഞ തർക്കമല്ല എന്നാണ് ഇബ്നു കസീർ
رحمة الله عليهഅഭിപ്രായപ്പെടുന്നത് ഇതും ആയത്തിൽ പറഞ്ഞതിൽ പെടുമെന്ന അഭിപ്രായം ഇമാം ഖുർതുബിയും رحمة الله عليه രേഖപ്പെടുത്തുന്നു.
ഇമാം റാസി رحمة الله عليهഎഴുതുന്നു ‘മനുഷ്യനെ എന്തിനു പടക്കുന്നു എന്ന മലക്കുകളുടെ ചോദ്യത്തിനു നിങ്ങൾക്കറിയാത്തത് എനിക്കറിയാം എന്നാണ് അള്ളാഹു മറുപടി പറഞ്ഞത് ആ മറുപടിയുടെ വിശദീകരണം സൃഷ്ടികൾ നാലു വിധമാണ് (ഒന്ന്) ബുദ്ധിയും വിവേകവുമുണ്ട് എന്നാൽ വികാരം ഇല്ല അതാണ് മലക്കുകൾ.(രണ്ട്) വികാരമുണ്ട് അറിവും വിവേകവുമില്ല അതാണ് മൃഗങ്ങൾ (മൂന്ന്) വികാരവും വിവേകവുമില്ല അതാണ് അചേതന വസ്തുക്കൾ (നാല്) വിവേകവും വികാരവുമുള്ളവർ അതാണ് മനുഷ്യൻ. അപ്പോൾ കുഴപ്പത്തിലേക്കും രക്തച്ചൊരിച്ചിലിലേക്കും  നയിക്കുന്ന വികാരമുള്ളവനാണ് മനുഷ്യനെങ്കിലും സ്നേഹത്തിലേക്കും അനുസരണത്തിലേക്കും സേവന സന്നദ്ധതയിലേക്കും അവനെ നയിക്കുന്ന വിവേകമുള്ളവനാണ് മനുഷ്യൻ .അപ്പോൾ മൃഗീയതയിൽ നിന്ന് മാറി മനുഷ്യത്വത്തിന്റെ ഉയർന്ന നിലവാരം കാത്തു സൂക്ഷിച്ചാൽ അവനോളം മഹത്വം നേടാൻ ആർക്കും സാധിക്കില്ല എങ്കിൽ മനുഷ്യത്വത്തിന്റെ മികവ് പരിഗണിക്കുമ്പോൾ അതിനാണ് മഹത്വം എന്ന് സാരം.

ഇവിടെ തർക്കം വിവാദം എന്നൊക്കെ പറഞ്ഞത് ചോദ്യവും ഉത്തരവും നടന്നു എന്ന അർത്ഥത്തിൽ മനസ്സിലാക്കിയാൽ മതി. അല്ലാതെ അള്ളാഹുവിന്റെ തീരുമാനത്തെ എതിർത്തു എന്ന് ചിന്തിക്കരുത് (റാസി)(70)
إِن يُوحَى إِلَيَّ إِلَّا أَنَّمَا أَنَا نَذِيرٌ مُّبِينٌ


ഞാനൊരു സ്പഷ്ടമായ താക്കീതുകാരനായിരിക്കേണ്ടതിനു മാത്രമാണ് എനിക്ക് സന്ദേശം നൽകപ്പെടുന്നത്

ഞാൻ ഈ തർക്കം അറിഞ്ഞത് ദിവ്യ ബോധനത്തിലൂടെ മാത്രമാണ് ഇത് അള്ളാഹു എനിക്ക് അറിയിച്ചു തന്നത് ആത്മാർത്ഥതയും അനുസരണവും നിലനിർത്താനും വിവരക്കേടും അരുതായ്മകളും നിർമാർജ്ജനം ചെയ്യാനുമാണ്

അള്ളാഹുവിന്റെ നിർദേശങ്ങൾ ജനങ്ങളിലെത്തിച്ച് അവർക്ക് വേണ്ട ഉൽബോധനം നൽകാനാണ് എന്നോട് കല്പനയുള്ളത്. എന്ന് തങ്ങൾ പ്രഖ്യാപിക്കുക എന്നാണിവിടെ പറയുന്നത്

 

അള്ളാഹു നമ്മെ സജ്ജനങ്ങളിൽ ഉൾപ്പെടുത്തട്ടെ ആമിൻ
(തുടരും)

ഇൻശാ‍ അള്ളാഹ്

 

No comments: