Monday, December 25, 2023

അദ്ധ്യായം 37 : സൂറത്തു അസ്സാഫാത്ത് الصافات سورة | ഭാഗം 13

അദ്ധ്യായം 37  | സൂറത്ത് അസ്സാഫാത്ത്   الصافات

سورة മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 182

(Part -13  -   സൂക്തം 139 മുതൽ 148 വരെ സൂക്തങ്ങളുടെ വിവരണം )


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(139)
وَإِنَّ يُونُسَ لَمِنَ الْمُرْسَلِينَ

 

യൂനുസ് നബിയും ദൈവ ദൂതരിൽ ഒരാൾ തന്നെ.


യൂനുസ് നബി عليه السلام യുടെ ചരിത്രമാണ് ഇനി പറയുന്നത്. യൂനുസ് നബി عليه السلام യുടെ ചരിത്രം പത്താം അദ്ധ്യായം യൂനുസ് 98 ലും ഇരുപത്തി ഒന്നാം അദ്ധ്യായം അൽ-അമ്പിയാഅ് 87/88 ലും അറുപത്തി എട്ടാം അദ്ധ്യായം അൽ ഖലം 48 മുതൽ 50 കൂടിയ സൂക്തങ്ങളിലും ഖുർആൻ പരാമർശിച്ചിട്ടുണ്ട്.

 
ഇറാഖിലെ പ്രസിദ്ധ നഗരമായ അൽ മൂസിലി (മോസുൾ) ന്റെ കിഴക്കുള്ള
നീനവായിലേക്ക് ദൈവ ദൂതനായി നിയോഗിച്ചതായിരുന്നു യൂനുസ് നബി عليه السلام യെ. എന്നാൽ തന്റെ ജനത വിശ്വാസികളാവാൻ കൂട്ടാക്കിയില്ല അവർക്ക് അള്ളാഹു മൂന്ന് ദിനത്തിനുള്ളിൽ ശിക്ഷ നൽകും എന്ന് അറിയിപ്പുണ്ടായി. ഇത് പറഞ്ഞിട്ടും ജനത്തിനു മാറ്റം ഇല്ലാതായപ്പോൾ അവർക്ക് ശിക്ഷ വരുമെന്നുറപ്പുള്ള യൂനുസ് നബി عليه السلام ധർമ്മ രോഷത്തോടെ  നാടു വിട്ടു. തുടർന്നുണ്ടായ സംഭവങ്ങളാണ് ഇവിടെ വിവരിക്കുന്നത്  


(140)

إِذْ أَبَقَ إِلَى الْفُلْكِ الْمَشْحُونِ

 

ഭാരം നിറക്കപ്പെട്ട കപ്പലിലേക്ക് അദ്ദേഹം ഓടിപ്പോയ സന്ദർഭം (സ്മരണീയമത്രെ)

അള്ളാഹുവിന്റെ അനുമതിയില്ലാതെ പോയത് കൊണ്ടാണ് ഓടിപ്പോയി എന്ന് പരാമർശിച്ചത് (ഖുർതുബി)


(141)

فَسَاهَمَ فَكَانَ مِنْ الْمُدْحَضِينَ

 

എന്നിട്ട് അദ്ദേഹം നറുക്കെടുപ്പിൽ പങ്കാളിയാവുകയും പരാജിതരിൽ ആയിത്തീരുകയും ചെയ്തു


നാട് വിട്ട യൂനുസ് നബി عليه السلام കടൽക്കരയിലെത്തുകയും പുറപ്പെടാൻ തയാറായ ഒരു കപ്പലിൽ കയറി യാത്ര ആരംഭിക്കുകയും ചെയ്തു .പാതി വഴിയിൽ കപ്പൽ ആടിയുലയുകയും യാത്രക്കാർ അപകടത്തിലാവുകയും ചെയ്യുമെന്ന് ഭയപ്പെട്ട സമയത്ത്  ആരോ ഒരാൾ ശരിയല്ലാത്ത രീതിയിൽ യാത്ര ചെയ്യുന്നത് കൊണ്ടാണ് കടൽ പ്രക്ഷുബ്ദമാകുന്നത് എന്ന നിഗമനത്തിൽ അവർ എത്തിയപ്പോഴാണ് ആ വ്യക്തിയെ കണ്ടെത്താനായി നറുക്കെടുപ്പ് നടത്തിയത് മൂന്ന് തവണ നറുക്കിട്ടപ്പോഴും തന്റെ പേരു തന്നെ ലഭിക്കുകയും തന്നെ കടലിലെറിയാൻ യൂനുസ് നബി عليه السلام നിർദ്ദേശിക്കുകയും ചെയ്തു പക്ഷെ യൂനുസ് നബി عليه السلام യെക്കണ്ടിട്ട് ഒരു കുറ്റവാളിയെന്ന് ജനത്തിനു വിശ്വസിക്കാനായില്ല അത് കൊണ്ട് തന്നെ കടലിലെറിയാൻ ജനങ്ങൾ ശങ്കിച്ചു എന്നാൽ യാത്രക്കാരുടെ സുരക്ഷക്കായി യൂനുസ് നബി عليه السلام തന്നെ സ്വയം കപ്പലിൽ നിന്ന് കടലിൽ ഇറങ്ങാൻ തയാറാവുകയായിരുന്നു (ഇബ്നുകസീർ)


(142)
فَالْتَقَمَهُ الْحُوتُ وَهُوَ مُلِيمٌ


അങ്ങനെ ആക്ഷേപവിധേയനായിരിക്കെ ആ തിമിംഗലം അദ്ദേഹത്തെ വിഴുങ്ങി

 കടലിലേക്ക് ചാടിയ യൂനുസ് നബി  عليه السلام യെ വിഴുങ്ങാൻ മത്സ്യത്തിനു അള്ളാഹു കല്പന കൊടുത്തു. ഇത് തനിക്കുള്ള ഭക്ഷണമല്ല അത് കൊണ്ട് യൂനുസ് നബി عليه السلام യുടെ ശരീരത്തിന് (എല്ലുകൾക്കോ, മാംസത്തിനോ) പോറലേൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കല്പിച്ചു. അങ്ങനെ യൂനുസ് നബി عليه السلام യെ വിഴുങ്ങിയ ആ മത്സ്യം കടലുകളിലെല്ലാം യൂനുസ് നബി عليه السلام യുമായി ചുറ്റുകയും ചെയ്തു. മത്സ്യത്തിന്റെ വയറ്റിലകപ്പെട്ട താൻ മരണമടഞ്ഞുവോ എന്ന് പോലും യൂനുസ് നബി عليه السلام സംശയിക്കുകയും ശരീര ഭാഗങ്ങൾ ചലിപ്പിക്കുകയും ചെയ്തു. ചലിക്കുന്നുവെന്ന് മനസിലായപ്പോൾ മത്സ്യത്തിൻ്റെ വയറ്റിൽ വെച്ച് പ്രാർത്ഥിക്കാൻ തുടങ്ങി ആ പ്രാർത്ഥനക്കിടയിൽ യൂനുസ് നബി عليه السلام ഇങ്ങനെ പറയുന്നുണ്ടായിരുന്നു നാഥാ! മനുഷ്യരിൽ ഒരാളും എത്തിപ്പെടാത്ത സ്ഥലത്ത് ഞാൻ നിനക്കൊരു പള്ളിയുണ്ടാക്കിയിരിക്കുന്നു
മത്സ്യത്തിന്റെ വയറ്റിൽ യൂനുസ് നബി
عليه السلام താമസിച്ചത് എത്രകാലമാണ് എന്നത് സംബന്ധമായി വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട് ഒരു മണിക്കൂർ, മൂന്ന് ദിനം, ഒരു ആഴ്ച, നാല്പത് ദിനം, ഒരു പകലിന്റെ ഭൂരിഭാഗ സമയം എന്നൊക്കെ വീക്ഷണമുണ്ട് (ഇബ്നുകസീർ)



(143)
فَلَوْلَآ أَنَّهُۥ كَانَ مِنَ ٱلْمُسَبِّحِينَ


എന്നാൽ അദ്ദേഹം  അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്നവരിൽ പെട്ടവനായിരുന്നില്ലെങ്കിൽ


മത്സ്യത്തിന്റെ വയറ്റിൽ വെച്ച് തസ്ബീഹ് ചൊല്ലിയിരുന്നില്ലെങ്കിൽ എന്നും, നേരത്തെ അദ്ദേഹം തസ്ബീഹ് ചൊല്ലുന്നവരായിരുന്നില്ലെങ്കിൽ എന്നും ഇവിടെ വ്യാഖ്യാനമുണ്ട്. സമൃദ്ധിയിൽ നീ അള്ളാഹുവിനെ അറിഞ്ഞാൽ (സന്തോഷ വേളയിലും അവനെ ആരാധിക്കാൻ സന്മനസ്സ് കാണിച്ചാൽ) പ്രയാസമുണ്ടാകുന്ന നേരത്ത് അള്ളാഹു നിന്നെ അറിയും (നിന്നെ അവൻ രക്ഷിക്കും) എന്ന് ഹദീസിൽ വന്നത് ഈ അഭിപ്രായത്തെ ബലപ്പെടുത്തുന്നുണ്ട് . യൂനുസ് നബി عليه السلام നേരത്തെയും മത്സ്യത്തിന്റെ വയറ്റിൽ വെച്ചും തസ്ബീഹ് നിർവഹിച്ചിരുന്നു. മത്സ്യത്തിന്റെ വയറ്റിൽ വെച്ച് യൂനുസ് നബി عليه السلام ചൊല്ലിയ തസ്ബീഹ് മലക്കുകൾ കേൾക്കുകയും ദൂര സ്ഥലത്ത് നിന്ന് നിന്റെ  ഒരു അടിമ തസ്ബീഹ് ചൊല്ലുന്ന ക്ഷീണിച്ച ശബ്ദം ഞങ്ങൾ കേൾക്കുന്നുവല്ലോ എന്ന് മലക്കുകൾ അള്ളാഹുവോട് പറയുകയും അത് എന്റെ അടിമ യൂനുസ് ആണ് എന്ന് അള്ളാഹു പറയുകയും ചെയ്തു അപ്പോൾ മലക്കുകൾ പറഞ്ഞു അള്ളാഹുവേ ഈ അടിമയുടെ ധാരാളം കർമങ്ങൾ നീ സ്വീകരിക്കുകയും പ്രാർത്ഥനകൾക്ക് നീ ഉത്തരം നൽകുകയും ചെയ്തിരുന്നതല്ലേ സന്തോഷ വേളയിൽ നിന്നെ ആരാധിച്ചിരുന്ന അദ്ദേഹത്തെ പ്രതിസന്ധിയിൽ നീ അനുഗ്രഹിക്കുന്നില്ലേ എന്ന് മലക്കുകൾ ചോദിക്കുകയും അതെ ഞാൻ അനുഗ്രഹിക്കും എന്ന് അള്ളാഹു പറയുകയും കടൽ തീരത്ത് അദ്ദേഹത്തെ കൊണ്ടു വന്നാക്കാൻ അള്ളാഹു മത്സ്യത്തിനു കല്പന കൊടുക്കുകയും ചെയ്തു.


അബൂ ഹുറൈറ:
رضي الله عنه ഉദ്ധരിച്ചതായി ഇബ്നു കസീർ رحمة الله عليه തുടർന്ന് പറഞ്ഞത് ഇങ്ങനെയാണ് മത്സ്യം അള്ളാഹുവിന്റെ നിർദ്ദേശ പ്രകാരം കടൽ തീരത്ത് യൂനുസ് നബി عليه السلام യെ എത്തിച്ചു പ്രസവിക്കപ്പെട്ട കുഞ്ഞിനെ പോലെ ശരീരം ലോലമായിരുന്നു ചുരങ്ങ വള്ളികൾ മുളപ്പിച്ച് അതിന്റെ തണലിൽ ഇരിക്കാൻ അള്ളാഹു അവസരമുണ്ടാക്കി കാട്ടിൽ നിന്നെത്തിയ ജീവികൾ രാവിലെയും വൈകുന്നേരവും തനിക്ക് കുടിക്കാനായി പാൽ നൽകി. ചുരങ്ങ വള്ളിയുടെ ചുവട്ടിൽ സ്വസ്ഥമായി വിശ്രമിക്കുകയും പാൽ കുടിക്കുകയും ചെയ്തപ്പോൾ ആരോഗ്യം വീണ്ടെടുത്തു (ഇബ്നുകസീർ)

 

(144)
لَلَبِثَ فِى بَطْنِهِۦٓ إِلَىٰ يَوْمِ يُبْعَثُونَ


ജനങ്ങൾ ഉയിർത്തെഴുന്നേൽപ്പിക്കപ്പെടുന്ന നാൾ വരെ അതിന്റെ ഉദരത്തിൽ തന്നെ കഴിഞ്ഞു കൂടേണ്ടി വരുമായിരുന്നു



മത്സ്യത്തിന്റെ വയർ തന്റെ ഖബ്‌ർ ആകുമായിരുന്നു എന്ന് സാരം. എന്നാൽ തസ്ബീഹ് ചൊല്ലിയതിന്റെ കാരണത്താൽ അള്ളാഹു തന്നെ രക്ഷപ്പെടുത്തി. (പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ അള്ളാഹുവിന്റെ ദിക്‌ർ വളരെ ഫലപ്രദമാണെന്ന് സാരം. 

യൂനുസ് നബി عليه السلام ചൊല്ലിയ തസ്ബീഹ് لا إله إلا أنت سبحانك إني كنت من الظالمين   എന്ന ദിക്റായിരുന്നു എന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട് 


(145)

فَنَبَذْنَـٰهُ بِٱلْعَرَآءِ وَهُوَ سَقِيمٌ


അങ്ങനെ രോഗിയായ നിലയിൽ അദ്ദേഹത്തെ നാം കടൽ തീരത്ത് എത്തിച്ചു

മത്സ്യത്തിന്റെ വയറ്റിൽ കിടന്ന കാരണത്താൽ ഉണ്ടായ ക്ഷീണമാണിവിടെ ഉദ്ദേശ്യം


(146)
وَأَنۢبَتْنَا عَلَيْهِ شَجَرَةً مِّن يَقْطِينٍ


അദ്ദേഹത്തിനു മീതെ ചുരുക്കച്ചെടി നാം മുളപ്പിക്കുകയും ചെയ്തു


മരങ്ങളും കെട്ടിടങ്ങളും ഒന്നുമില്ലാത്ത കടൽ തീരത്ത് തനിക്ക് വിഷമം നേരിടാതിരിക്കാൻ അള്ളാഹു ചെയ്ത സൌകര്യമാണിത് .ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു.അങ്ങനെ വൃക്ഷത്തണലിൽ ആരോഗ്യം വീണ്ടെടുത്ത യൂനുസ് നബി عليه السلام ഒരു ദിനം കാണുന്നത് തനിക്ക് തണലേകിയിരുന്ന വൃക്ഷം ഉണങ്ങിയതായിട്ടാണ് (അതോടെ സൂര്യന്റെ ചുട് വിഷമം ഉണ്ടാക്കി ) അപ്പോൾ യൂനുസ് നബി عليه السلام കടുത്ത ദു:ഖത്താൽ  കരഞ്ഞു അപ്പോൾ നിങ്ങൾക്ക് ചെറിയ ബുദ്ധിമുട്ട് വന്നപ്പോൾ കരയുകയാണോ ഒരു ലക്ഷത്തിലധികം ആളുകളുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ ഓർക്കുന്നില്ലേ? എന്ന് താൻ ചോദിക്കപ്പെട്ടു. ആ സമയം തന്റെ ജനതയെ സംബന്ധിച്ച് യൂനുസ് നബി عليه السلام ചിന്തിച്ചു. നാട്ടുകാരുടെ അവസ്ഥ എന്തായിരിക്കും എന്ന്!
ചുരങ്ങ നബി
തങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ട ഭക്ഷണമായിരുന്നു എന്നും മാംസവും ചുരങ്ങയും കൂടി കറിവെച്ച് നബി തങ്ങൾക്ക് നൽകിയപ്പോൾ പാത്രത്തിൽ നിന്ന് ചുരങ്ങ പ്രത്യേകം തിരഞ്ഞെടുത്ത് തങ്ങൾ കഴിക്കുന്നത് കണ്ടത് മുതൽ ഞാനും ചുരങ്ങയെ ഇഷ്ടപ്പെട്ടു തുടങ്ങി എന്ന് അനസ് പറഞ്ഞതായി ഖുർതുബിയും رحمة الله عليه മറ്റും ഉദ്ധരിക്കുന്നുണ്ട്



(147)

وَأَرْسَلْنَـٰهُ إِلَىٰ مِا۟ئَةِ أَلْفٍ أَوْ يَزِيدُونَ

 

ഒരു ലക്ഷത്തിൽ പരം ആളുകളിലേക്ക് അദ്ദേഹത്തെ നാം പ്രവാചകനായി നിയോഗിച്ചു.



നേരത്തേ യൂനുസ് നബി عليه السلام യുടെ പ്രബോധിത സമൂഹമായിരുന്ന നീനവാ പ്രദേശത്തുകാർ തന്നെ കളവാക്കുകയും നിഷേധിക്കുകയും ചെയ്തപ്പോൾ അവർക്ക് അള്ളാഹു ശിക്ഷ ഇറക്കും എന്ന് താക്കീത് നൽകി എന്നിട്ടും അവർക്ക് മാറ്റമുണ്ടായില്ല അപ്പോൾ ശിക്ഷ അവരിൽ ഇറങ്ങുമെന്ന് ഉറപ്പിച്ച യൂനുസ് നബി عليه السلام ശിക്ഷ വരും മുൻപേ അവരിൽ നിന്ന് രക്ഷപ്പെടാനായി യാത്ര തിരിച്ചു ( അള്ളാഹുവോട് അനുവാദം ചോദിക്കാതെ പുറപ്പെട്ടത് കൊണ്ടാണ് താൻ പരീക്ഷിക്കപ്പെട്ടതെന്ന് നേരത്തേ നാം പറഞ്ഞുവല്ലോ) എന്നാൽ യൂനുസ് നബി عليه السلامതങ്ങളുടെ അടുത്ത് നിന്ന് പോയതോടെ ശിക്ഷ ഇറങ്ങുമെന്ന് ഉറപ്പിച്ച നാട്ടുകാർ അള്ളാഹുവിലേക്ക് ഖേദിച്ച് മടങ്ങുകയും സത്യ വിശ്വാസം സ്വീകരിക്കുകയും ചെയ്തു അപ്പോൾ അള്ളാഹു അവരെ സ്വീകരിക്കുകയും അവർക്ക് പൊറുത്ത് കൊടുക്കുകയും ചെയ്തു. നിഷേധത്തിനു ശേഷം നന്നായി ജീവിക്കുന്ന അവരിലേക്ക് വീണ്ടും പ്രവാചകനായി പോകാൻ അള്ളാഹു യൂനുസ് നബി عليه السلامയോട് കല്പിച്ചു അതാണിവിടെ പറയുന്നത്. ഒരു ലക്ഷത്തിൽ പരം എന്നതിൽ വ്യത്യസ്ഥ അഭിപ്രായങ്ങളുണ്ട് ഒരു ലക്ഷത്തേക്കാൾ കൂടുതലുള്ളത് എഴുപതിനായിരം പേരുണ്ടായിരുന്നു എന്ന് വരെ അഭിപ്രായമുണ്ട്.



(148)
فَـَٔامَنُوا۟ فَمَتَّعْنَـٰهُمْ إِلَىٰ حِينٍ


അപ്പോൾ അവർ സത്യ വിശ്വാസം സ്വീകരിച്ചു അങ്ങനെ കുറേ നാളത്തേക്ക് അവർക്ക്
നാം സുഖ ജീവിതം നൽകി



വിശ്വാസികളായ അവരെ ശിക്ഷയിൽ നിന്ന് അള്ളാഹു ഒഴിവാക്കുകയും അവർക്ക് മരണം വരെ ആവശ്യമായ അനുഗ്രഹങ്ങൾ നൽകി സുഖമായി ജീവിക്കാൻ അവസരം നൽകുകയും ചെയ്തു.

 
പശ്ചാത്തപിച്ച് കഴിഞ്ഞ കാല ജീവിതത്തിലെ കുറവുകൾ പരിഹരിച്ചാൽ
അള്ളാഹു സ്വീകരിക്കും എന്നതിനുള്ള വ്യക്തമായ തെളിവാണിത്
 നമ്മെ
അള്ളാഹു സ്വീകരിക്കട്ടെ ആമീൻ


(തുടരും) ഇൻശാ അള്ളാഹ്
.

 

No comments: