Monday, January 22, 2024

അദ്ധ്യായം 36 : സൂറത്തു യാസീൻ سورة يس | ഭാഗം 02

അദ്ധ്യായം 36  | സൂറത്ത് യാസീൻ سورة يس  

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 83

(Part -2  -   സൂക്തം 6 മുതൽ 10 വരെ സൂക്തങ്ങളുടെ വിവരണം )

 


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

(6)
لِتُنذِرَ قَوْمًا مَّا أُنذِرَ آبَاؤُهُمْ فَهُمْ غَافِلُونَ


ഒരു ജനതയെ തങ്ങൾ താക്കീത് ചെയ്യുവാനായി (തങ്ങൾ പ്രവാചകരായി നിയോഗിതനായി). അവരുടെ പിതാക്കൾക്ക് താക്കീത് നൽകപ്പെട്ടിട്ടില്ല. അതിനാൽ അവർ അശ്രദ്ധരായിക്കഴിയുകയാണ്


തങ്ങളെ അള്ളാഹു പ്രവാചകനായി നിയോഗിച്ചത് താക്കീത് നൽകാനാണ് എന്ന് സാരം. താക്കീത് നൽകപ്പെടാത്ത ജനതയായിരുന്നു അറബികൾ.  അവർക്ക് താക്കീത് നൽകുക എന്നതായിരുന്നു നബി തങ്ങളുടെ പ്രഥമ ദൗത്യം. നബി തങ്ങൾ അറബികളിലേക്ക് മാത്രമല്ല എല്ലാവരിലേക്കും ദൂതനായി വന്നതാണെന്ന കാര്യം ഇപ്പറഞ്ഞതിനെതിരല്ല. പ്രഥമ സംബോധിതർ മക്കയിലെ അറബികളായിരുന്നുവല്ലോ അവരാവട്ടെ നബി തങ്ങളുടെ കുടുംബക്കാരും നാട്ടുകാരും ആണ് താനും. ആദ്യമായി കുടുംബക്കാരോട് പ്രബോധനം നടത്താൻ അള്ളാഹു കല്പിച്ച കാര്യം ഖുർആൻ തന്നെ (ഇരുപത്തി ആറാം അദ്ധ്യായ അശ്ശുഅറാഅ് 214  (അടുത്ത ബന്ധുക്കൾക്ക് തങ്ങൾ താക്കീത് നൽകുക) പറയുന്നുണ്ട്. ആ നിലക്കാണ് ഇവിടെ അവരെ താക്കീത് ചെയ്യാൻ എന്ന് പറഞ്ഞിട്ടുള്ളത്
എല്ലാവരിലേക്കും റസൂലാണെന്ന് ഖുർആനും ഹദീസുമെല്ലാം ധാരാളമായി പ്രസ്താവിച്ചിട്ടുണ്ട് ഉദാഹരണമായി ഏഴാം അദ്ധ്യായം 
അഅ്റാഫ് 158’ (നബിയേ! അങ്ങ് പറയുക ഹേ ജനങ്ങളേ ഞാൻ നിങ്ങളിലേക്ക് മുഴുവനും റസൂലാകുന്നു ) വിവരിച്ചിരിക്കുന്നു (ഇബ്നുകസീർ). ‘ജനങ്ങളേഎന്ന് വിളിച്ച് വ്യാപകമായ അർത്ഥത്തിൽ പ്രബോധനം ചെയ്യാനുള്ള കല്പന ഇവിടെ നമുക്ക് വായിക്കാം. ഇമാം മുസ്‌ലിം رضي الله عنه റിപ്പോർട്ട് ചെയ്യുന്ന ഒരു നബി വചനം അബൂഹുറൈറ: رضي الله عنه നബി തങ്ങളിൽ നിന്ന് ഉദ്ധരിക്കുന്നു ഞാൻ ഏതൊരു നാഥന്റെ നിയന്ത്രണത്തിലാണോ അവൻ തന്നെ സത്യം. ഈ സമൂഹത്തിൽ എന്നെക്കുറിച്ച് കേട്ട ശേഷം എന്നെ വിശ്വസിക്കാത്ത ആരും നരകത്തിൽ പ്രവേശിക്കുക തന്നെ ചെയ്യും


ഇമാം അഹ്‌മദ്  
رحمة الله عليهഅലി رضي الله عنهയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു നബി തങ്ങൾ പറഞ്ഞു ഓ അബ്ദുൽ മുത്തലിബിന്റെ സന്താനങ്ങളേ! നിശ്ചയം ഞാൻ  നിങ്ങളിലേക്ക് പ്രത്യേകമായും എല്ലാ ജനങ്ങളിലേക്കും പൊതുവായും നിയോഗിക്കപ്പെട്ട ദൈവ ദൂതനാകുന്നു
നബി
തങ്ങൾ പ്രവാചകനായി നിയോഗിക്കപ്പെടുന്നതിനു മുമ്പ് അവരെ ഉൽബോധിപ്പിക്കാൻ ഒരു ദൂതൻ ഇല്ലാത്തതിനാൽ അവർ തികച്ചും ലക്ഷ്യ ബോധമില്ലാത്തവരും കുത്തഴിഞ്ഞ ജീവിതം നയിച്ചിരുന്നവരുമായിരുന്നു  അതാണ് അവർ അശ്രദ്ധരായിക്കഴിയുകയാണ് എന്ന് പറഞ്ഞത്

ഈ സൂക്തത്തിനു മറ്റൊരു രൂപത്തിലും വ്യാഖ്യാനമുണ്ട് അവരുടെ പിതാക്കൾക്ക് താക്കീത് നൽകപ്പെട്ടത് കൊണ്ട് ഒരു ജനതക്ക് താക്കീത് നൽകാനായി തങ്ങളെ ദൈവദൂതനാക്കി എന്നാണ് ആ വ്യാഖ്യാനം അപ്പോൾ പിതാക്കൾക്ക് താക്കീത് നൽകിയെങ്കിലും അവർ അത് അവഗണിച്ചു അശ്രദ്ധയിലായി എന്നാകും അർത്ഥം


(7)
لَقَدْ حَقَّ الْقَوْلُ عَلَى أَكْثَرِهِمْ فَهُمْ لَا يُؤْمِنُونَ


നിശ്ചയം അവരിൽ അധികമാളുകൾക്കും ശിക്ഷയുടെ വാക്ക് സ്ഥിരപ്പെട്ടിരിക്കുന്നു അതിനാൽ അവർ (സത്യം) വിശ്വസിക്കുകയില്ല
.


അടിസ്ഥാന രേഖയായ ലൌഹുൽ മഹ്‌ഫൂളിഅള്ളാഹുവിനെയും റസൂലിനെയും വിശ്വസിക്കാത്ത ജനതയെ (അവരാണ് മഹാ ഭൂരിപക്ഷം) അവർ വിശ്വസിക്കാത്ത കാരണത്താൽ അള്ളാഹുവിന്റെ ശിക്ഷ അവർക്ക് നിർബന്ധമാണ് എന്ന രൂപത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് അത് കൊണ്ട് തന്നെ അവർ അള്ളാഹുവിനെ അംഗീകരിക്കുകയോ പ്രവാചകരുടെ നിലപാടുകൾ സത്യമാണെന്ന് സമ്മതിക്കുകയോ ചെയ്യില്ല (ഇബ്നുകസീർ)
എത്ര വ്യക്തതയോടു കൂടി സത്യ വിശ്വാസത്തിന്റെ ആധികാരികത അവരെ ബോധ്യപ്പെടുത്തിയാലും അത് ഉൾക്കൊള്ളേണ്ടതില്ല എന്ന മുൻ വിധിയാണ് അവർക്കുണ്ടായിരുന്നത് അത് കൊണ്ട് തന്നെ പ്രവാചകാദ്ധ്യാപനങ്ങൾക്ക് ചെവികൊടുക്കാനുള്ള സന്മനസ്സ് അവർ കാണിച്ചില്ല .ഈ നിഷേധാത്മക നിലപാടാണ് ഇവിടെ വ്യക്തമാക്കുന്നത്.

നബി തങ്ങളെ നിയോഗിച്ചത് താക്കീത് നൽകാനാണെന്ന് വ്യക്തമാക്കിയപ്പോൾ അള്ളാഹു സൂചന നൽകുന്ന കാര്യം താക്കീത് നൽകൽ മാത്രമാണ് നബി തങ്ങളുടെ ദൌത്യം ജനങ്ങളെ സന്മാർഗത്തിൽ എത്തിക്കൽ അല്ല എന്നാണ് നബി തങ്ങളുടെ താക്കീത് കേട്ട ധാരാളം ആളുകൾ വിശ്വസിച്ചിട്ടില്ലല്ലോ .അതിന്റെ കാരണമാവിടെ പറയുന്നത് (റാസി)


സത്യവും അസത്യവും വേർതിരിച്ച് ജനങ്ങൾക്ക് മനസ്സിലാക്കാൻ പറ്റും വിധം
അള്ളാഹു രണ്ടും വിവരിച്ചു എന്നിട്ട് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും വിവേചിച്ച് മനസ്സിലാക്കാനുള്ള വിശേഷ ബുദ്ധിയും അള്ളാഹു മനുഷ്യനു നൽകി. പ്രവാചകാദ്ധ്യാപനങ്ങൾ പിന്തുടർന്നാൽ വിജയം വരിക്കാമെന്നും അവഗണിച്ചാൽ നരകത്തിലെത്തുമെന്നും താക്കീതും നൽകി . ഇനി സത്യം സ്വീകരിക്കാതെ ഒരാൾ നരകത്തിലെത്തിയാൽ അവന്റെ സ്വാതന്ത്ര്യം അവൻ ദുരുപയോഗം ചെയ്തു അവന്റെ വിശേഷ ബുദ്ധി അവൻ ശരിയായി വിനിയോഗിച്ചില്ല എന്നതിന്റെ പേരിൽ അവൻ ശിക്ഷിക്കപ്പെട്ടാൽ അതിന്റെ ഉത്തരവാദി അവൻ തന്നെയാണ് അതിനു മാറ്റാരെയും പഴിക്കേണ്ടതില്ല  


(8)
إِنَّا جَعَلْنَا فِي أَعْنَاقِهِمْ أَغْلاَلاً فَهِيَ إِلَى الأَذْقَانِ فَهُم مُّقْمَحُونَ


നിശ്ചയമായും അവരുടെ കഴുത്തുകളിൽ (കൈകളോട് കൂടി ) വമ്പിച്ച ചില ആമങ്ങൾ നാം ഏർപ്പെടുത്തിയിട്ടുണ്ട് അത് താടയെല്ലുകൾ വരെ എത്തിയിരിക്കും തന്നിമിത്തം അവർ തല ഉയർത്തപ്പെട്ടവരാകുന്നു

സത്യ വിശ്വാസം സ്വീകരിക്കില്ലെന്ന് സ്ഥിരീകരിക്കപ്പെട്ട വിഭാഗത്തെ സംബന്ധിച്ച് സത്യത്തിലേക്ക് അവർക്ക് ഒരു അടുപ്പവുമില്ലാത്തവരെന്ന നിലക്ക് ഒരു ഉപമയിലൂടെ പറയുകയാണിവിടെ രണ്ട് കൈകളും കഴുത്തിലേക്ക് ചെർത്ത് വെച്ച് താടിയെല്ലിന് താഴെ കുരുക്കിട്ട കാരണത്താൽ തല ഉയർത്തി നിൽക്കുന്നവനു തല താഴ്ത്താൻ സാധിക്കില്ലല്ലൊ ഇത് പോലെയാണ് ഇവർക്ക് സത്യം എത്ര വ്യക്തമായി മുന്നിൽ കണ്ടാലും അത് വിശ്വസിക്കാനാവില്ല. ആയത്തിൽ കഴുത്തിന്റെ കാര്യമേ പറഞ്ഞിട്ടുള്ളൂ എങ്കിലും കൈ കൂടി അവിടെ ഉദ്ദേശ്യമായതിനാലാണ് അത് കൂടി വിശദീകരിച്ചിരിക്കുന്നത് (ഇബ്നുകസീർ)


ഇമാം റാസി
رحمة الله عليهഎഴുതുന്നു ഈ സൂക്തം കൊണ്ട് ഉദ്ദേശ്യം എന്താണ് എന്നത് സംബന്ധമായി വിവിധ അഭിപ്രായങ്ങളുണ്ട് (1) അവർ അള്ളാഹുവിന്റെ മാർഗത്തിൽ ഒന്നും ചിലവഴിക്കാതെ പിശുക്ക് കാണിക്കുന്നവരായി  (2)അബൂജഹ്‌ൽ തന്റെ രണ്ട് കൂട്ടുകാർക്കൊപ്പം നബി തങ്ങളുടെ തല തകർക്കുമെന്ന് ശപഥം ചെയ്യുകയും അതിനായി ഒരു കല്ലെടുത്ത് ഉയർത്തിയപ്പോൾ ആ കല്ല് കയ്യിൽ ഒട്ടുകയും കൈ കഴുത്തിൽ ഒട്ടുകയും ചെയ്തു (3) കൈ കഴുത്തിലേക്ക് ചേർത്ത് ബന്ധിച്ചാൽ നിസ്സഹായനാകുന്നത് പോലെ സത്യം സ്വീകരിക്കാൻ അവർക്ക് സാധിക്കുന്നില്ല (റാസി)

(9)
وَجَعَلْنَا مِن بَيْنِ أَيْدِيهِمْ سَدًّا وَمِنْ خَلْفِهِمْ سَدًّا فَأَغْشَيْنَاهُمْ فَهُمْ لاَ يُبْصِرُونَ


അവരുടെ മുന്നിലും പിന്നിലും ഓരോ മറ നാം ഏർപ്പെടുത്തിയിട്ടുണ്ട് അങ്ങനെ അവരെ നാം മൂടിപ്പൊതിഞ്ഞിരിക്കുകയാണ് അതിനാൽ അവർ കണ്ടറിയുന്നില്ല

സത്യത്തിലേക്ക് വരുന്നതിനെ തടയുന്ന ഒരു മറ അവർക്ക് മുന്നിലും പിന്നിലും ഉണ്ടായതിനാൽ ഒരു നന്മയുടെയും ഉപകാരം അവർക്ക് ലഭിക്കുകയോ വ്യക്തമായ തെളിവ് കണ്ട് ബോധ്യമാവുകയോ ചെയ്യുന്നില്ല
ഇബ്നുകസീർ
رحمة الله عليهഎഴുതുന്നു നബി തങ്ങളെ നേരിട്ട് കണ്ടാൽ ഞാൻ അത് ചെയ്യും, ഇത് ചെയ്യും (അക്രമിക്കും) എന്നിങ്ങനെ വീമ്പ് പറഞ്ഞ അബൂജഹ്‌ലിന്റെ പ്രസ്താവനക്കുള്ള പ്രതികരണമാണിത് നബി തങ്ങളെ ഉപദ്രവിക്കാൻ കരുതി അവൻ വന്നാൽ ഇതാ നബി തങ്ങൾ എന്ന് കൂടെയിരിക്കുന്നവർ വിളിച്ച് പറഞ്ഞാൽ പോലും എവിടെ നബി തങ്ങൾ എന്ന് ചോദിക്കേണ്ട അവസ്ഥയിലായി അവൻ. അതേക്കുറിച്ചാണ് മുന്നിലും പിന്നിലും മറ നാം ഏർപ്പെടുത്തി എന്ന് പറഞ്ഞത്.

ഇമാം ഖുർതുബി رحمة الله عليه എഴുതുന്നു ഈ സൂക്തം അവതരിച്ചത് അബൂജഹ്‌ലിന്റെയും മഖ്സൂമിയ്യ ഗോത്രത്തിലെ അവന്റെ രണ്ട് ചങ്ങാതിമാരുടെയും കാര്യത്തിലാണ്. ഞാൻ മുഹമ്മദ് നബിയെ നിസ്ക്കരിക്കുന്നതായി കണ്ടാൽ ഞാൻ കല്ലു കൊണ്ട് നബി യുടെ തല തകർക്കും എന്ന് അവൻ സത്യം ചെയ്തു നബി തങ്ങൾ നിസ്ക്കരിക്കാൻ പോകുന്നത് കണ്ടപ്പോൾ തങ്ങളെ എറിയാനായി അവൻ കല്ല് പൊക്കി എറിയാനാഞ്ഞപ്പോൾ കൈ കഴുത്തിലേക്ക് മടങ്ങുകയും കല്ല് കയ്യിൽ ഒട്ടിപ്പിടിക്കുകയും ചെയ്തു അങ്ങനെ അവൻ തന്റെ ചങ്ങാതിമാരുടെ അടുത്തേക്ക് വന്നു തന്റെ അനുഭവം വിവരിച്ചു അപ്പോൾ രണ്ടാമൻ (വലീദ് ബിൻ മുഗീറ‌) പറഞ്ഞു ഞാൻ നബി യുടെ തല തകർക്കും എന്ന്. അങ്ങനെ നിസ്ക്കരിക്കുന്ന തങ്ങളുടെ അടുത്തെത്തിയ വലീദീന്റെ കാഴ്ച അള്ളാഹു ഇല്ലായ്മ ചെയ്തു അപ്പോൾ തങ്ങളുടെ ശബ്ദം അവൻ കേൾക്കുന്നുവെങ്കിലും കാണാൻ സാധിക്കാതെ മടങ്ങി വന്ന് നബിയുടെ ശബ്ദം കേൾക്കുന്നു കാണാനായില്ല എന്ന് നിരാശയോടെ പറഞ്ഞു അപ്പോൾ മൂന്നാമൻ ഞാൻ നബിയുടെ തല തകർത്തേ മടങ്ങൂ എന്ന് വാശിയോടെ പറഞ്ഞു കല്ലുമെടുത്ത് തങ്ങളുടെ തല തകർക്കാൻ പോയയാൾ പുറകിലേക്ക് മടങ്ങുകയും ബോധം കെട്ട് വീഴുകയും ചെയ്തു ബോധം തെളിഞ്ഞപ്പോൾ അവൻ പറഞ്ഞത് ഒരു വലിയ കുതിര (അതുപോലെ ഒരു കുതിരയെ മുമ്പ് ഞാൻ കണ്ടിട്ടില്ല) എന്റെയും നബിയുടെയും ഇടയിൽ മറയിട്ടു. ലാത്ത, ഉസ്സ തുടങ്ങിയ നമ്മുടെ ദൈവങ്ങൾ തന്നെ സത്യം ഞാൻ നബിയുടെ അടുത്തേക്ക് പോയാൽ അത് എന്നെ പിടിച്ചു തിന്നേനേ എന്ന്. അത് സംബന്ധമായി അള്ളാഹു അവതരിപ്പിച്ചതാണിത്. മറ്റൊരു അഭിപ്രായം ഉത്‌ബത്ത്, ശൈബത്ത്, അബൂജഹ്‌ൽ, ഉമയ്യത്ത്, എന്നീ ഖുറൈശി പ്രമുഖർ നബി തങ്ങൾക്ക് ഉപദ്രവം ഏല്പിക്കാനായി നബി തങ്ങൾ പുറത്തിറങ്ങുന്നതും നോക്കി ഇരുന്നു തങ്ങൾ യാസീൻ സൂറത്തിലെ  ഈ ഒമ്പതാം സൂക്തം  പാരായണം  ചെയ്ത് കൊണ്ട്  കയ്യിലുള്ള മണ്ണ് അവർക്ക് നേരെ ഏറിഞ്ഞു അപ്പോൾ അവർ തല താഴ്ത്തുകയും തങ്ങൾ അവർക്കിടയിലൂടെ പുറത്തേക്ക് പോവുകയും ചെയ്തു (നബി തങ്ങളുടെ ഹിജ്‌റയുടെ സമയത്തും ഇത് പോലെ സംഭവിച്ചിട്ടുണ്ട്). അവരുടെ മുന്നിലും പുറകിലും മറ ഏർപ്പെടുത്തി എന്നതിനു ഇഹലോകത്തും പരലോകത്തും മറ ഏർപ്പെടുത്തി അഥവാ ഈ ലോകത്ത് മത നിയമങ്ങൾ സ്വീകരിക്കുന്നതിനെ തൊട്ട് അവർ അന്ധരായി എന്നും പരലോകത്തെ പുനർജന്മത്തെ തൊട്ട് അവർ കാഴ്ച നഷ്ടപ്പെട്ടവരായി എന്നും വ്യാഖ്യാനമുണ്ട് ഇഹലോകം അവർക്ക് ഭംഗിയായി തോന്നുകയും അത് പരലോകത്തെ നിഷേധിക്കാൻ അവർക്ക് പ്രചോദനമായി എന്നും ആണിതിന്റെ സാരം എന്നും വ്യാഖ്യാനമുണ്ട്  ഉൾക്കൊള്ളേണ്ട കാര്യങ്ങളെ നിരാകരിക്കുന്ന സ്വഭാവം അവരിൽ വ്യാപകമായപ്പോൾ സത്യം കാണാൻ അവർക്ക് സാധിക്കാതെ പോയി   (ഖുർതുബി)


(10)
وَسَوَاء عَلَيْهِمْ أَأَنذَرْتَهُمْ أَمْ لَمْ تُنذِرْهُمْ لاَ يُؤْمِنُونَ


തങ്ങൾ അവരെ താക്കീത് ചെയ്യലും താക്കീത് ചെയ്യാതിരിക്കലും അവർക്ക് സമമാണ് അവർ വിശ്വസിക്കുകയില്ല

അവരെ താക്കീത് ചെയ്താലും അവർ സ്വീകരിക്കില്ല എന്ന് ചുരുക്കം താക്കീത് കൊണ്ട് ഫലമില്ലെങ്കിൽ പിന്നെ തങ്ങൾ എന്തിനു അത് ചെയ്യുന്നു എന്ന് ചോദിച്ചാൽ തങ്ങളുടെ ഉത്തരവാദിത്തം നിർവഹിക്കുക വഴി തങ്ങൾക്ക് അതിൽ ഗുണമുണ്ട് അത് ഒഴിവാക്കിയാൽ തങ്ങൾ കൃത്യ വിലോപം കാണിച്ചവരാവുമല്ലോ. അത് കൊണ്ടാണ് തങ്ങൾ താക്കീത് ചെയ്യുന്നതും ചെയ്യാതിരിക്കുന്നതും അവർക്ക് സമമാണ് എന്ന് പറഞ്ഞത്. തങ്ങൾക്ക് സമമാണ് എന്ന് പറയാതിരുന്നതും

 

അള്ളാഹു നമ്മെ ഇരുലോക വിജയികളിൽ പെടുത്തട്ടെ ആമീൻ
(തുടരും) ഇൻശാ അള്ളാഹ്


==================================================


ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: