അദ്ധ്യായം 36 | സൂറത്ത് യാസീൻ سورة يس
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 83
(Part -5 - സൂക്തം 18 മുതൽ 24 സൂക്തങ്ങളുടെ വിവരണം )
بسم الله الرحمن الرحيم
റഹ്മാനും റഹീമുമായ
ﷲഅള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം
തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു
(18)
قَالُوا إِنَّا
تَطَيَّرْنَا بِكُمْ لَئِن لَّمْ تَنتَهُوا لَنَرْجُمَنَّكُمْ وَلَيَمَسَّنَّكُم
مِّنَّا عَذَابٌ أَلِيمٌ
അവർ പറഞ്ഞു നിങ്ങൾ കാരണമായി ഞങ്ങൾ അവലക്ഷണത്തിലായിരിക്കുന്നു (നിങ്ങളെ ഒരു
ദു:ശകുമനമായാണ് ഞങ്ങൾ കാണുന്നത്) നിങ്ങൾ
(ഈ പ്രവർത്തനത്തിൽ നിന്ന്) വിരമിക്കുന്നില്ലെങ്കിൽ ഞങ്ങൾ നിങ്ങളെ എറിയുകയും
നിങ്ങൾക്ക് ഞങ്ങളിൽ നിന്ന് വേദനാജനകമായ ശിക്ഷ അനുഭവപ്പെടുകയും ചെയ്യും തീർച്ച
രണ്ട് പ്രബോധകന്മാർ ആ നാട്ടിലെത്തിയപ്പോൾ
ജനങ്ങൾ അവരെ കളവാക്കുകയും മൂന്നാമതൊരാൾ ആ രണ്ടാളെ പിന്തുണച്ച് എത്തുകയും ചെയ്ത
ശേഷവും ജനങ്ങൾ നിഷേധം ശക്തമാക്കി ഞങ്ങൾ സത്യ പ്രചാരകരായ ദൂതന്മാർ തന്നെയാണെന്ന്
ശക്തമായി ദൂതൻമാരും വാദിച്ചു. പരസ്പരമുള്ള ഘണ്ഡനങ്ങൾ ശക്തമായപ്പോൾ നിഷേധത്തിന്റെ
അളവ് ഒന്നു കൂടി വർദ്ധിപ്പിക്കാൻ ശത്രുക്കൾ തീരുമാനിച്ചു അതിന്റെ ഭാഗമാണ് നിങ്ങൾ
കാരണം ഞങ്ങൾ അവലക്ഷണത്തിലായിരിക്കുന്നു എന്ന പരാമർശനം നിങ്ങൾ അടിയന്തിരമായി ഈ
പ്രബോധനം നിർത്തിപ്പോകണമെന്നും അല്ലാത്ത
പക്ഷം നിങ്ങളെ കായികമായി നേരിടേണ്ടി വരുമെന്നും അവർ ഭീഷണി മുഴക്കുന്നതാണിവിടെ
കാണുന്നത്
‘എറിയും’ എന്ന് പറഞ്ഞത് ചീത്ത വാക്കുകൾ കൊണ്ട് നിങ്ങളെ ആക്ഷേപിക്കുമെന്നും ‘നിങ്ങൾക്ക്
ഞങ്ങളിൽ നിന്ന് വേദനാജനകമായ ശിക്ഷ അനുഭവപ്പെടുമെന്ന്’ പറഞ്ഞതിന് വാക്കിൽ
മാത്രം നിർത്താതെ നന്നായി വേദനിപ്പിക്കും വിധം അടിക്കുമെന്നും അർത്ഥമാകാം.
‘എറിയുമെ’ന്നതിനു കല്ല് കൊണ്ട് എറിയുമെന്നും അത് ഒന്നോ രണ്ടോ കല്ല് കൊണ്ടുള്ള
ഏറായിരിക്കില്ല എന്നും ‘വേദനാജനകമായ ശിക്ഷ അനുഭവപ്പെടുമെന്ന്’ പറഞ്ഞതിന് മരണം വരെ അത് തുടരുമെന്നും ആവാം അർത്ഥം (റാസി)
ആ ദൂതന്മാർ അവലക്ഷണമാണെന്ന് പറയാൻ അവർ കണ്ടെത്തിയ കാരണം അവർക്ക് കുറച്ച്
നളത്തേക്ക് മഴ കിട്ടാതെ വന്നതായിരുന്നു. മഴ ഇല്ലാത്തത് ഇവരുടെ പ്രബോധനം
കൊണ്ടാണെന്ന് കല്പിത കഥ മിനയുകയായിരുന്നു അവർ (ബഗ്‌വി)
നിങ്ങളെ പോലുള്ള പ്രബോധകർ ഒരു നാട്ടിൽ വന്നാൽ ആ നാട്ടിൽ ശിക്ഷ ഇറങ്ങുക തന്നെ
ചെയ്യും അത് കൊണ്ടാണ് നിങ്ങൾ ദു:ശകുനമാണെന്ന് ഞങ്ങൾപറയുന്നത് എന്ന് ആ നാട്ടുകാർ
ആരോപിച്ചു (ഇബ്നുകസീർ)
ഞങ്ങളുടെ
നാട്ടിൽ എന്ത് ബുദ്ധിമുട്ട് വന്നാലും അത് നിങ്ങൾ കാരണമായാണ് ഉണ്ടാവുക എന്ന് ഞങ്ങൾ
വിശ്വസിക്കുന്നു എന്ന് അവർ പറഞ്ഞു (ഥിബ്‌രി)
(19)
قَالُوا
طَائِرُكُمْ مَعَكُمْ أَئِن ذُكِّرْتُم بَلْ أَنتُمْ قَوْمٌ مُّسْرِفُونَ
ദൂതന്മാർ പറഞ്ഞു നിങ്ങളുടെ അവലക്ഷണം നിങ്ങളോടൊന്നിച്ചു തന്നെയാണുള്ളത് നിങ്ങൾക്ക്
ഉപദേശം നൽകപ്പെട്ടത് കൊണ്ടാണോ
(ഇങ്ങനെയെല്ലാം പറയുന്നത്?) പക്ഷെ നിങ്ങൾ അതിരുവിട്ട ഒരു ജനത തന്നെയാണ്.
‘നിങ്ങളിൽ ഞങ്ങൾ അവലക്ഷണം കാണുന്നു’ എന്ന നാട്ടുകാരുടെ പരാമർശനത്തിനു
ദൂതന്മാർ പറഞ്ഞ മറുപടിയാണിത് ‘അവലക്ഷണം നിങ്ങളോടൊപ്പം തന്നെയാണുള്ളത്’, അഥവാ സത്യ
നിഷേധം, ബഹുദൈവത്വം എന്നതാണ് നിങ്ങളിലുള്ള
അവലക്ഷണം. അഥവാ നിങ്ങൾക്ക് എന്തെങ്കിലും ദുരിതങ്ങൾ വരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ
പാപത്തിന്റെ ശമ്പളം മാത്രമാണ് അതിനു നന്മ ഉപദേശിക്കുന്ന ഞങ്ങളെ പഴിച്ചിട്ട്
കാര്യമില്ല എന്ന് സാരം
കൃത്യമായ തെളിവുകൾ മുഖേന ശരിയായ വിശ്വാസം
നിങ്ങൾക്ക് വ്യക്തമാക്കി തന്നതിനാണോ ഞങ്ങളോട് നിങ്ങൾ ഈവിധം ഭീഷണി മുഴക്കുന്നത്
എങ്കിൽ അനുഗ്രഹം പ്രതീക്ഷിക്കപ്പെടേണ്ടവരെയും ആദരവ് കൊണ്ട് വരവേൽക്കപ്പെടേണ്ടവരെയും സംബന്ധിച്ച് അവലക്ഷണം ആരോപിക്കുകയും അവരെ
കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്ന നിങ്ങൾ ശരിയുടെയും ന്യായത്തിന്റെയും എല്ലാ
സീമകളും ലംഘിച്ച ഒരു കൂട്ടം അതിക്രമികൾ തന്നെയാണെന്ന് പറയാതെ വയ്യ. കാരണം തെളിവുകൾ
അവതരിപ്പിച്ചത് സ്വീകരിക്കുന്നില്ലെങ്കിൽ പോലും അതിന്റെ എതിർ നിലപാട്
സ്വീകരിക്കാതിരിക്കാനുള്ള മര്യാദയെങ്കിലും നിങ്ങൾ കാണിക്കേണ്ടതല്ലേ അതും
കാണിക്കാതെ സത്യത്തിന്റെ എതിരിൽ ഏതറ്റം വരെയും പോകാമെന്ന് ചിന്തിക്കുന്ന നിങ്ങളെ
പരിധിവിട്ടവർ എന്ന് മാത്രമേ വിളിക്കാനാവൂ. ഈ ദൂതന്മാർ തെളിവുകൾ ഹാജറാക്കിയതും ആ
നാട്ടുകാർ ആരാധിക്കുന്ന ദൈവങ്ങൾക്ക് ഇതൊന്നും സാധ്യമല്ലെന്ന് അവർ തന്നെ
സമ്മതിച്ചതും തെളിവുകൾക്ക് മുന്നിൽ മറ്റൊന്നും പറയാൻ സാധിക്കാതെ രാജാവും കുറേ
ആളുകളും വിശ്വസിച്ചതുമെല്ലാം നാം നേരത്തേ വിശദീകരിച്ചിട്ടുണ്ടല്ലോ (റാസി)
(20)
وَجَاء مِنْ أَقْصَى
الْمَدِينَةِ رَجُلٌ يَسْعَى قَالَ يَا قَوْمِ اتَّبِعُوا الْمُرْسَلِينَ
ആ പട്ടണത്തിന്റെ അങ്ങേ
അറ്റത്ത് നിന്ന് ഒരു പുരുഷൻ ഓടി വന്നു അദ്ദേഹം പറഞ്ഞു എന്റെ ജനങ്ങളേ! നിങ്ങൾ ഈ
ദൂതന്മാരെ പിൻ പറ്റുക
ആ പട്ടണത്തിന്റെ അറ്റത്ത് നിന്ന് ഒരാൾ ഓടി
വന്ന് തന്റെ വിശ്വാസം പ്രഖ്യാപിക്കുന്നതും നാട്ടുകാരോട് വിശ്വസിക്കാൻ
കല്പിക്കുന്നതും ദൂതന്മാരുടെ പ്രബോധനം ആ നാട്ടിൽ ഒന്നാകെ പ്രതിഫലിച്ചിട്ടുണ്ടെന്ന്
തെളിയിക്കുന്നുണ്ട്. ഈ ചരിത്രം പറയുക വഴി നബി ﷺ തങ്ങൾക്കും അനുയായികൾക്കും മനസ്സിനു സമാധാനം നൽകലും ഇതിൽ ഉണ്ട്.പ്രബോധന
രംഗത്ത് തങ്ങൾ അനുഭവിക്കുന്നത് പോലുള്ള ദുരനുഭവങ്ങൾ മുമ്പും നടന്നു
കൊണ്ടിരുന്നതാണെന്നും സത്യത്തെ പിന്തുണക്കാൻ തയാറായവർ എല്ലാ കാലത്തും
പ്രവാചകന്മാരോടൊപ്പം ഉറച്ച് നിന്നിട്ടുണ്ടെന്നും ഇത് നബി ﷺ തങ്ങളുടെ, പീഢനം അനുഭവിക്കുന്ന അനുചരന്മാർക്കും സമാധാനം
നൽകുന്നതാണെന്നും മനസ്സിലാക്കാം. ഇവിടെ ഒരു പുരുഷൻ എന്ന പ്രയോഗം വന്നയാൾ ആരാണെന്ന്
അറിയാവുന്നതോടെ എന്തിനാണ് നടത്തിയത് എന്ന് ചോദിച്ചാൽ അതൊരു ലക്ഷണമൊത്ത
പുരുഷനാണെന്ന് ധ്വനിപ്പിക്കാനാണ്. നേരത്തേ പരിചിതനല്ലാത്ത ഒരാൾ ഈ നാട്ടിൽ നിന്ന്
വിശ്വസിച്ചു എന്നത് പ്രവാചകന്മാരുടെ പ്രബോധനത്തിന്റെ അംഗീകാരമായി
ഉയർത്തിക്കാണിക്കാനുമാണ്
പട്ടണത്തിന്റെ അങ്ങേ അറ്റത്ത് നിന്ന് വന്നയാൾ ‘ഹബീബുന്നജ്ജാർ’ ആണ് അദ്ദേഹം നേരത്തേ ബിംബം നിർമ്മിക്കുന്ന
ശില്പിയായിരുന്നു പിന്നീട് നബി ﷺ തങ്ങൾ വരുന്നതിനു മുമ്പ് തന്നെ
വേദങ്ങളിൽ നബി ﷺ തങ്ങളുടെ വിശേഷണം കണ്ടതിനാൽ നബി ﷺ തങ്ങളെക്കൊണ്ട് വിശ്വസിച്ച
ആളാണ്. നാട്ടുകാരോട് ഗുണകാംക്ഷാ മന:സ്ഥിതി ഉള്ളതിനാലാണ് അദ്ദേഹം വിശ്വസിക്കാൻ
ആവശ്യപ്പെട്ടു കൊണ്ട് ഓടി വന്നത്. അദ്ദേഹം വന്ന് നിങ്ങൾ ദൂതന്മാരെ പിന്തുടരൂ എന്ന്
പറഞ്ഞത് അവരുടെ നന്മ ആഗ്രഹിച്ചു കൊണ്ടാണ് (റാസി)
ഹബീബുന്നജ്ജാർ
കുഷ്ഠ രോഗം പിടിപെട്ട ആളായിരുന്നു എഴുപത് കൊല്ലം ഇതിൽ നിന്ന് സുഖം തേടി
ബിംബങ്ങൾക്ക് മുന്നിൽ പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു നിരാശയായിരുന്നു ഫലം
ആ സമയത്താണ് ദൂതന്മാരെ കാണുന്നതും തെളിവ് ചോദിച്ചപ്പോൾ രോഗം സുഖമാക്കും എന്ന് അവർ
പറഞ്ഞതും എഴുപത് കൊല്ലമായി നടക്കാത്ത കാര്യം ഒരു ദിവസം കൊണ്ട് സാധിക്കുമെങ്കിൽ അത്
അത്യത്ഭുതം തന്നെയാണല്ലോ എന്ന് കരുതി അദ്ദേഹം വിശ്വസിക്കുകയും ദൂതന്മാർ ദുആ
ചെയ്തപ്പോൾ രോഗം സുഖമാവുകയും ചെയ്തു സന്തോഷവാനായ അദ്ദേഹം ജോലി ചെയ്ത്
കിട്ടുന്നതിന്റെ പകുതി സാധുക്കളെ സഹായിക്കാനും പകുതി തന്റെ കുടുംബത്തെ പോറ്റാനും
ഉപയോഗിച്ചു വരികയായിരുന്നു അപ്പോഴാണ് ദൂതന്മാരെ കൊന്നു കളയാൻ നാട്ടുകാർ പദ്ധതി
ഇടുന്നതായി താൻ അറിയുന്നതും സദുപദേശവുമായി നാട്ടുകാരെ സമീപിക്കുന്നതും (ഖുർതുബി)
അദ്ദേഹത്തിന്റെ പൂർവ ചരിത്രത്തെ സംബന്ധിച്ച് വേറെയും അഭിപ്രായങ്ങളുണ്ട്
(21)
اتَّبِعُوا مَن لاَّ
يَسْأَلُكُمْ أَجْرًا وَهُم مُّهْتَدُونَ
അതായത് നിങ്ങളോട് യാതൊരു പ്രതിഫലവും ആവശ്യപ്പെടാത്തവരെ നിങ്ങൾ പിൻപറ്റുക അവരാകട്ടെ
സന്മാർഗം സിദ്ധിച്ചവരുമാണ്
ഏറ്റവും നല്ല പ്രബോധന രീതിയാണിത് അതായത് ദൂതന്മാരെ
പിന്തുടരൂ എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അവർ ദൂതന്മാരാണെന്ന് സമ്മതിക്കാത്ത ആളുകളാണ്
ഇവർ എന്ന് ഓർത്തപ്പോൾ അദ്ദേഹം ഒരു പടി താഴോട്ട് ഇറങ്ങിയതാണ് അതായത് ജനങ്ങൾ ഒരു വഴിയിൽ പ്രവേശിക്കുമ്പോൾ അത് നേരായ
വഴിയാവണം എന്ന് ആഗ്രഹിക്കും ഒരു വഴി നേരായ വഴിയാണ് എന്ന് മനസ്സിലായാൽ അത് പിൻ
പറ്റൽ നിർബന്ധമാണ് നേരായ വഴി മനസിലായിട്ടും അത് പിൻ പറ്റാതിരിക്കുന്നത് ഒന്നുകിൽ ആ
വഴി പറഞ്ഞു തരുന്നവർ അതിനു കൂലി ചോദിക്കുമ്പോഴായിരിക്കും അല്ലെങ്കിൽ ഈ വഴി കാണിക്കുന്നയാൾ ശരിയായ
വഴിയിലാണോ എന്ന് സംശയിക്കുമ്പോഴായിരിക്കും എന്നാൽ ഈ ദൂതന്മാർ അവരുടെ പ്രബോധനത്തിനു
കൂലി ചോദിക്കുന്നില്ല എന്ന് മാത്രമല്ല അവർ അവതരിപ്പിക്കുന്ന വഴി ശരിയായ
വഴിയാണെന്നതിനു ആവശ്യമായതിലധികം തെളിവ് സമർത്ഥിക്കുകയും ചെയ്തിരിക്കുന്നു
എന്നിരിക്കെ അവർ ദൂതന്മാരല്ലെന്നോ അവർ സന്മാർഗത്തിൽ അല്ലെന്നോ പറയാൻ നിങ്ങൾക്ക്
കഴിയില്ല ആസ്ഥിതിക്ക് നിങ്ങൾ അവരെ പിന്തുടരൽ മാത്രമേ നിങ്ങൾക്ക് മുന്നിൽ
മാർഗമുള്ളൂ. അത് കൊണ്ട് അവരെ പിന്തുടരുക എന്ന് യുക്തിഭദ്രമായ നിലയിൽ അദ്ദേഹം
നാട്ടുകാരോട് പറഞ്ഞു
(22)
وَمَا لِي لاَ أَعْبُدُ
الَّذِي فَطَرَنِي وَإِلَيْهِ تُرْجَعُونَ
എന്നെ സൃഷ്ടിച്ചവന്ന് ഞാൻ ആരാധന ചെയ്യാതിരിക്കാൻ എനിക്ക് എന്ത് ന്യായമാണുള്ളത്? അവങ്കലേക്ക് തന്നെയാണ് നിങ്ങൾ മടക്കപ്പെടുന്നതും
ദൂതന്മാരെ പിന്തുടരാൻ അദ്ദേഹം നിർദ്ദേശിച്ചത്
നാട്ടുകാർക്കിഷ്ടപ്പെട്ടില്ല അപ്പോൾ അവർ അദ്ദേഹത്തെ ആക്ഷേപിക്കുകയും നീയും
ഇവരെക്കൊണ്ട് വിശ്വസിച്ചിരിക്കുകയാണോ എന്ന് ചോദിക്കുകയും ചെയ്തു അതിന്റെ
മറുപടിയാണ് ഹബീബുന്നജ്ജാർ പറയുന്നത് എനിക്ക് ഇത് വിശ്വസിക്കാതിരിക്കാൻ എന്ത്
ന്യായമാണുള്ളത് എന്ന്.
ഇമാം റാസി رحمة الله
عليهഎഴുതുന്നു
അവർ സന്മാർഗത്തിലാണെന്ന് നേരത്തേ പറഞ്ഞതിനെ തെളിവ് സഹിതം വിവരിക്കുകയാണ് ഈ
സൂക്തത്തിൽ.അതായത് ഈ ദൂതന്മാർ അചേതന വസ്തുക്കളെ ആരാധിക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് എന്നെന്നും ജീവിച്ചിരിക്കുന്നവനും എല്ലാം
നിയന്ത്രിക്കുന്നവനുമായ ﷲ അള്ളാഹുവിനെ
ആരാധിക്കാനാണ് ക്ഷണിക്കുന്നത് ഒരു ഉപകാരവും, ഉപദ്രവവും ചെയ്യാത്ത വസ്തുക്കളെ ഒഴിവാക്കി
എല്ലാ അനുഗ്രഹങ്ങളുടെയും ഉടമസ്ഥനെ ആരാധിക്കാനാണ് ഉപദേശിക്കുന്നത് ഇത് ശരിയല്ലെന്ന്
ചിന്താ ശേഷിയുള്ള ആർക്കെങ്കിലും പറയാനാവുമോ? ഇല്ലായ്മയിൽ നിന്ന് എന്നെ സൃഷ്ടിച്ചവനെ
മറന്ന് എനിക്ക് ഒരു ഉപകാരവും ചെയ്ത് തരാത്ത ഞാൻ അതിനെ ആരാധിച്ചില്ലെങ്കിൽ എനിക്ക്
ഒരു ഉപദ്രവവും ഉണ്ടാക്കാൻ സാധിക്കാത്ത വസ്തുവിനെയാണോ ഞാൻ ആരാധിക്കേണ്ടത്?
എന്നെ സൃഷ്ടിച്ചവന്ന് ഞാൻ ആരാധന ചെയ്യാതിരിക്കാൻ
എനിക്ക് എന്ത് ന്യായമാണുള്ളത്? എന്ന ശൈലിയിൽ ചില രഹസ്യങ്ങളുണ്ട് എന്നെ സൃഷ്ടിച്ച
അള്ളാഹുവിനെ ആരാധിക്കാതിരിക്കാൻ എനിക്ക് എന്ത് ന്യായമാണുള്ളത് എന്ന ചോദ്യത്തിൽ ﷲ അള്ളാഹുവിന്റെ ഭാഗത്ത് നിന്ന്
അതിനു തടസ്സമില്ല എന്നും എന്റെ ഭാഗത്ത് നിന്നും അതിനു തടസ്സമില്ല എന്നും ആ
സ്ഥിതിക്ക് ഞാൻ അവനെ ആരാധിച്ചേ പറ്റൂ എന്ന ആശയമുണ്ട് അതോടൊപ്പം അവരോട് സംസാരിക്കുമ്പോൾ
നിങ്ങൾക്ക് എന്ത് ന്യായമുണ്ട് എന്ന് ചോദിക്കാതെ ‘എനിക്ക് എന്ത് ന്യായമുണ്ട്’ എന്ന്
ചോദിച്ചതിൽ എന്റെ അവസ്ഥ എനിക്ക്
അറിയാമല്ലോ അത് പറയാൻ പ്രത്യേക കാരണം വേണ്ടതില്ല എന്ന് സ്ഥാപിക്കാനാണ് അതേ സമയം
നിങ്ങൾക്ക് എന്ത് തടസ്സമാണ് എന്ന് ഇദ്ദേഹം ചോദിച്ചാൽ തടസ്സമില്ല എന്ന ഉറപ്പിനു
പകരം അവർക്ക് വല്ല തടസ്സവുമുണ്ടോ എന്ന് അന്വേഷിക്കലാണു ഉദ്ദേശ്യം എന്ന് ധരിക്കാൻ
ഇടയുണ്ട് അത് ഒഴിവാക്കാനും ﷲ അള്ളാഹുവിനെ മാത്രമേ ആരാധിക്കാവൂ
എന്ന് സ്ഥാപിക്കാനും ഈ ശൈലി സഹായകമായി.രണ്ടാമതായി ‘എന്നെ ഇല്ലായ്മയിൽ നിന്ന്
പടച്ചവൻ’ എന്ന പ്രയോഗത്തിലൂടെ അവനെ ഞാൻ ബഹുമാനിക്കാൻ കടപ്പെട്ടവനാണ് എന്ന്
സമ്മതിക്കലുണ്ട് ആ ബഹുമാനമാണ് ആരാധനയിലൂടെ പ്രകടമാക്കുന്നത് മൂന്നാമതായി ﷲഅള്ളാഹു എന്നെ പടച്ചു അത് കൊണ്ട് ഞാൻ അവനെ ആരാധിക്കണം എന്ന്
പറയുന്നത് ﷲഅള്ളാഹു നിങ്ങളെ പടച്ചു അത് കൊണ്ട് ഞാൻ അവനെ ആരാധിക്കണം എന്ന്
പറയുന്നതിനേക്കാൾ കൂടുതൽ വ്യക്തതയുണ്ട്
‘അവനിലേക്കാണ് നിങ്ങളുടെ മടക്കം’ എന്ന പ്രയോഗം ﷲ അള്ളാഹുവിന്റെ ശിക്ഷയെ ഭയപ്പെടണം
അതോടൊപ്പം അവന്റെ കാരുണ്യം പ്രതീക്ഷിക്കണം എന്നീ ആശയങ്ങൾ പ്രകാശിപ്പിക്കുന്നുണ്ട്
(റാസി)
(23)
أَأَتَّخِذُ مِن
دُونِهِ آلِهَةً إِن يُرِدْنِ الرَّحْمَن بِضُرٍّ لاَّ تُغْنِ عَنِّي
شَفَاعَتُهُمْ شَيْئًا وَلاَ يُنقِذُونِ
അവനു പുറമേ മറ്റു വല്ല ആരാധ്യന്മാരെയും ഞാൻ സ്വീകരിക്കുകയോ? മഹാ കാരുണ്യവാനായ ﷲ അള്ളാഹു എനിക്ക് വല്ല വിഷമത്തെയും ഉദ്ദേശിക്കുന്ന
പക്ഷം ആ ആരാദ്ധ്യന്മാരുടെ ശുപാർശ എനിക്കൊട്ടും
ഫലപ്പെടുകയില്ല അവർ എന്നെ രക്ഷിക്കുകയുമില്ല
ﷲ അള്ളാഹുവിനെ മാത്രം ആരാധിക്കലാണ്
തൌഹീദ് ആ ആശയം പൂർത്തീകരിക്കാനാണ് ഈ പറയുന്നത് ﷲ അള്ളാഹുവിനെ ആരാധിക്കാതിരിക്കാൻ
എനിക്ക് എന്ത് ന്യായമുണ്ട് എന്ന കഴിഞ്ഞ സൂക്തത്തിലെ ചോദ്യം ആരാധ്യനുണ്ട് എന്ന്
സ്ഥിരീകരിച്ചു എനിക്ക് ഒരു ഉപകാരവും ചെയ്യാത്തവനെ ഞാൻ ആരാധ്യനാക്കുകയോ എന്ന
ഇവിടുത്തെ ചോദ്യം ആ അള്ളാഹുവിനു പങ്കുകാരില്ല എന്നും സ്ഥാപിച്ചു അപ്പോൾ لا
إله إلا
الله എന്ന ആശയം പൂർണമായി (റാസി)
അവനു പുറമേ മറ്റു വല്ല ആരാധ്യന്മാരെയും ഞാൻ സ്വീകരിക്കുകയോ? എന്ന
ചോദ്യം അവരെ ഭയപ്പെടുത്താനും അവരെ ആരാധിക്കാൻ സാദ്ധ്യമല്ല എന്ന്
സ്ഥിരീകരിക്കാനുമാണ് (ഇബ്നുകസീർ)
(24)
إِنِّي إِذًا لَّفِي
ضَلاَلٍ مُّبِينٍ
അപ്പോൾ അങ്ങനെ ചെയ്യുന്ന പക്ഷം ഞാൻ തീർച്ചയായും വ്യക്തമായ ദുർമാർഗത്തിൽ
തന്നെയായിരിക്കും
ﷲഅള്ളാഹു
മാത്രമേ ആരാധ്യനുള്ളൂ എന്ന് കാര്യകാരണ സഹിതം സ്ഥിരീകരിക്കപ്പെട്ട ശേഷവും അള്ളാഹു
അല്ലാത്തവരെ ആരാധിക്കുന്ന പക്ഷം ഞാൻ വ്യക്തമായ വഴികേടിൽ ആയിത്തീരും അതിനാൽ ഞാൻ
അള്ളാഹുവിനെ മാത്രമേ ആരാധിക്കുകയുള്ളൂ എന്ന് സ്ഥിരീകരിക്കുകയാണിവിടെ
ﷲഅള്ളാഹു
നമ്മെ സത്യ വിശ്വാസികളിൽ ഉൾപ്പെടുത്തട്ടെ آمین
(തുടരും) إِنْ شَاءَ ٱللَّٰهُ
No comments:
Post a Comment