Monday, April 22, 2024

അദ്ധ്യായം 35 : സൂറത്തു ഫാത്വിർ سورة فاطر | ഭാഗം 01

അദ്ധ്യായം 35  | സൂറത്തു ഫാത്വിർ  سورة فاطر

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 45

(Part -1  -   സൂക്തം 1 മുതൽ 10 വരെ സൂക്തങ്ങളുടെ വിവരണം )

 


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 


(1)
ٱلْحَمْدُ لِلَّهِ فَاطِرِ ٱلسَّمَـٰوَٰتِ وَٱلْأَرْضِ جَاعِلِ ٱلْمَلَـٰٓئِكَةِ رُسُلًا أُو۟لِىٓ أَجْنِحَةٍۢ مَّثْنَىٰ وَثُلَـٰثَ وَرُبَـٰعَ ۚ يَزِيدُ فِى ٱلْخَلْقِ مَا يَشَآءُ ۚ إِنَّ ٱللَّهَ عَلَىٰ كُلِّ شَىْءٍۢ قَدِيرٌۭ


ആകാശങ്ങളും ഭൂമിയും മുൻ മാതൃകയില്ലാതെ സൃഷ്ടിച്ചുണ്ടാക്കിയവനും രണ്ടും മൂന്നും നാലും ചികറകുകളുള്ള മലക്കുകളെ ദൂതന്മാരായി നിയോഗിച്ചവനുമായ
അള്ളാഹുവിനാകുന്നു സർവ സ്തുതിയും.സൃഷ്ടിയിൽ താൻ ഉദ്ദേശിക്കുന്നത് അവൻ അധികമാക്കുന്നു തീർച്ചയായും അള്ളാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു

എല്ലാ സ്തുതികളുടെയും ഉടമസ്ഥൻ അള്ളാഹു മാത്രമാണ് കാരണം ആകാശങ്ങളെയും ഭൂമിയെയും അവയിൽ അടങ്ങിയിട്ടുള്ള അസംഘ്യം സംവിധാനങ്ങളും മുൻ മാതൃകയില്ലാതെ പടച്ചവനാണവൻ. അവയിലൂടെ നാം അനുഭവിക്കുന്ന എല്ലാ സൗകര്യങ്ങളും അള്ളാഹു തന്നെയാണ് സംവിധാനിച്ചിട്ടുള്ളത്.

 .
രണ്ടാമത്തെ അനുഗ്രഹമാണ് മലക്കുകളെ വിവിധ ദൗത്യവുമായി
അള്ളാഹു നിയോഗിക്കുന്നു എന്നത് ആ ദൗത്യങ്ങളിലെല്ലാം ആത്യന്തികമായി നമുക്ക് നന്മയുണ്ടാകും. ഉദാഹരണമായി സ്വവർഗ രതിയുടെ വൈകൃതങ്ങളിൽ അഭിരമിച്ചിരുന്ന ലൂഥ് നബി عليه السلامയുടെ ജനതയെ നശിപ്പിക്കാൻ വരുന്ന മലക്കുകൾ അതിലൂടെ ലോകത്തിനു നൽകുന്ന പാഠം മൂല്യങ്ങളെ ഉയർത്തി പിടിക്കാൻ നമുക്ക് ബാധ്യതയുണ്ടെന്നും മൂല്യത്തകർച്ച നമ്മുടെ നാശത്തിലേ കലാശിക്കൂ എന്നുമാണ്. അതേ യാത്രയിൽ തന്നെ ഈ മലക്കുകൾ ഇബ്റാഹിം നബി عليه السلامക്ക് സന്താന സൗഭാഗ്യം കൊണ്ട് സന്തോഷവാർത്ത അറിയിക്കുകയും ചെയ്തതായി ഖുർആൻ പറയുന്നു. ദിവ്യ സന്ദേശവുമായും മറ്റ് പല കാര്യങ്ങളുമായും മലക്കുകൾ വരുന്നു. അവരുടെ സ്ഥാനത്തിനനുസരിച്ചും വരവിൻ്റെ ഗൗരവമനുസരിച്ചും ചിറകുകൾ ഉള്ളവരായി അവർ വരും ഇവിടെ നാല് വരെ ചിറകുകളാണ് പറഞ്ഞത് എന്നാൽ ചിറക് നാലിൽ ക്ലിപ്തമല്ല കാരണം ജിബ്‌രീലിനെ നബി തങ്ങൾ 600 ചിറകുമായി മിഅ്റാജിൻ്റെ യാത്രയിൽ കണ്ടതായി സ്ഥിരീകരണം വന്നിട്ടുണ്ട് എന്ന് വ്യാഖ്യാതാക്കൾ വിവരിക്കുന്നുണ്ട്.


സൃഷ്ടിയിൽ
അള്ളാഹു ഉദ്ദേശിക്കുന്നത് വർദ്ധിപ്പിക്കും എന്നാൽ ശബ്ദ മാധുര്യവും, സൗന്ദര്യവും, സൽസ്വഭാവവും, ബുദ്ധിയും, വിവേകവും അടക്കം പല നന്മയും പലരിലും പല അളവിലായി അള്ളാഹു സംവിധാനിക്കും എന്നാണ്. ഇതെല്ലാം അള്ളാഹുവിൻ്റെ വിവേചനാധികാരത്തിൽ പെടുന്നവയാണ് അതിൻ്റെ സ്ഥിരീകരണമാണ് അള്ളാഹു എല്ലാത്തിനും കഴിവുള്ളവനാണ് എന്ന വാക്യം.


(2)
مَّا يَفْتَحِ ٱللَّهُ لِلنَّاسِ مِن رَّحْمَةٍۢ فَلَا مُمْسِكَ لَهَا ۖ وَمَا يُمْسِكْ فَلَا مُرْسِلَ لَهُۥ مِنۢ بَعْدِهِۦ ۚ وَهُوَ ٱلْعَزِيزُ ٱلْحَكِيمُ


അള്ളാഹു മനുഷ്യർക്ക് വല്ല കാരുണ്യവും തുറന്ന് കൊടുക്കുന്ന പക്ഷം അത് പിടിച്ചു വെക്കാൻ ആരുമില്ല അവൻ വല്ലതും പിടിച്ചു വെക്കുന്ന പക്ഷം അതിനു ശേഷം അത് വിട്ട് കൊടുക്കാനും ആരുമില്ല അവനത്രെ പ്രതാപിയും യുക്തിമാനും.

സാമ്പത്തിക അനുഗ്രഹങ്ങൾ, ആരോഗ്യം, അറിവ്, പ്രവാചകത്വം തുടങ്ങി ഏത് അനുഗ്രഹങ്ങൾക്ക് അള്ളാഹു അവൻ്റെ അടിമകളിൽ നിന്ന് ആരെ പരിഗണിച്ചാലും അത് തടയാൻ ഒരാൾക്കും സാധിക്കില്ല. ഇവകൾ ഒരാൾക്ക് നൽകുന്നില്ല എന്ന് അള്ളാഹു തീരുമാനിച്ചാൽ അത് കൊടുപ്പിക്കാനും ഒരാൾക്കുമാവില്ല കാരണം തീരുമാനങ്ങൾ നടപ്പാക്കാനുള്ള പ്രതാപം അള്ളാഹുവിനുണ്ട് എന്ത് എവിടെ എപ്പോൾ ചെയ്യണം എന്ന് യുക്തമായി തീരുമാനിക്കാനും അവൻ തന്നെയാണ് യോഗ്യൻ.


ഈ സൂക്തം നമ്മുടെ വിശ്വാസത്തെ ശരിയായി ഉറപ്പിക്കുന്ന കാര്യമാണ് നൽകുന്നവനും തടയുന്നവനും
അള്ളാഹു മാത്രമാണ് എന്ന് മനസിലാക്കിയാൽ ഒരാൾക്ക് ലഭിച്ച അനുഗ്രഹത്തിൻ്റെ പേരിൽ നമുക്ക് അദ്ദേഹത്തോട് അസൂയ തോന്നാവതല്ല. നമുക്ക് ലഭിക്കാത്തതിൻ്റെ പേരിൽ അസ്വസ്ഥതയും ശരിയല്ല കാരണം ആർക്കാണ് എപ്പോഴാണ് എന്താണ് നൽകേണ്ടത് എന്ന് നമ്മെ പടച്ച തമ്പുരാൻ നന്നായി അറിയും അവൻ്റെ തീരുമാനമാണത് അതിനെ നിറഞ്ഞ മനസോടെ സ്വീകരിക്കലാണ് നമ്മുടെ കടമ. എന്ന് മാത്രമല്ല ഈ വിശ്വാസം നമുക്ക് ഉണ്ടെങ്കിൽ ജീവിതത്തിൽ നാം എപ്പോഴും സമാധാനമുള്ളവരും സംതൃപ്തി ഉള്ളവരുമായിരിക്കും .ഇതിനു വിപരീതമായി നാം വിഷമം പ്രകടിപ്പിച്ചാലും വിഷമിക്കാം എന്നല്ലാതെ പ്രത്യേകിച്ച് ഫലമൊന്നുമില്ല താനും. ഒരു തിരിച്ചടിഉണ്ടാകുമ്പോൾ ആത്മഹത്യയിലേക്ക് നീങ്ങുന്നവരും സന്തോഷമുണ്ടാകുമ്പോൾ അഹങ്കരിക്കുന്നവരും നാഥനെ മറന്നു പോകുന്നവരാണ് എന്ന് നാം തിരിച്ചറിയണം. നബി തങ്ങൾ നിസ്കാര ശേഷം അള്ളാഹുവേ നീ നൽകിയതിനെ തടയുന്നവനില്ല നീ തടഞ്ഞതിനെ നൽകുന്നവനുമില്ല നിൻ്റെ ശിക്ഷയെതൊട്ട് സമ്പത്തുള്ളവനു തൻ്റെ സമ്പത്ത് ഉപകരിക്കുകയില്ല എന്ന് അർത്ഥം വരുന്ന പ്രാർത്ഥന നിസ്കാര ശേഷം നിർവഹിക്കാറുണ്ട് എന്ന് വ്യാഖ്യാതാക്കൾ വിവരിക്കുന്നു ഈ സൂക്തത്തിൻ്റെ ആശയമാണ് ആ പ്രാർത്ഥന(3)

يَـٰٓأَيُّهَا ٱلنَّاسُ ٱذْكُرُوا۟ نِعْمَتَ ٱللَّهِ عَلَيْكُمْ ۚ هَلْ مِنْ خَـٰلِقٍ غَيْرُ ٱللَّهِ يَرْزُقُكُم مِّنَ ٱلسَّمَآءِ وَٱلْأَرْضِ ۚ لَآ إِلَـٰهَ إِلَّا هُوَ ۖ فَأَنَّىٰ تُؤْفَكُونَ

 

ഹേ മനുഷ്യരേ! അള്ളാഹു നിങ്ങൾക്ക് ചെയ്ത അനുഗ്രഹം നിങ്ങൾ ഓർമിക്കുക ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അള്ളാഹു അല്ലാത്ത വല്ല സൃഷ്ടാവും ഉണ്ടോ? അവനല്ലാതെ യാതൊരു ആരാധ്യനുമില്ല അപ്പോൾ നിങ്ങൾ എങ്ങിനെയാണ് ( ആ സത്യത്തിൽ നിന്ന്) തെറ്റിക്കപ്പെടുന്നത് ?


എല്ലാ അനുഗ്രഹങ്ങളുടെയും ഉടമസ്ഥൻ അള്ളാഹുവാണെന്ന് കഴിഞ്ഞ സൂക്തത്തിൽ സ്ഥിരീകരിച്ച ശേഷം ആ അനുഗ്രഹങ്ങൾ ഓർമിക്കണമെന്ന് കല്പിക്കുമ്പോൾ അത് കൊണ്ട് ഉദ്ദേശിക്കുന്നത് അനുഗ്രഹ ദാതാവായ അള്ളാഹുവിന് നന്ദി കാണിക്കണമെന്നും അവൻ നൽകിയ അനുഗ്രഹങ്ങൾ ഉപയോഗിച്ച് അവൻ്റെ അനിഷ്ടത്തിനു കാരണമാകുന്ന കാര്യങ്ങൾ ചെയ്യരുതെന്നുമാണ്. തുടർന്ന് ആകാശത്ത് നിന്നും ഭൂമിയിൽ നിന്നും നിങ്ങൾക്ക് ഉപജീവനം നൽകാൻ അള്ളാഹുവല്ലാത്ത വല്ല സൃഷ്ടാവുമുണ്ടോ എന്ന ചോദ്യം വളരെ ഗൗരവമുള്ളതാണ്. മറ്റൊരു സൃഷ്ടാവില്ല എന്ന് വ്യക്തവുമാണ് .ആ സ്ഥിതിക്ക് ഏറ്റവും വലിയ അനുഗ്രഹങ്ങൾ നിങ്ങൾക്ക് നൽകിയ നാഥനു മാത്രം നിങ്ങൾ സമർപ്പിക്കേണ്ട ഏറ്റവും വലിയ വിനയം പ്രകടിപ്പിക്കൽ എന്ന ആരാധന മറ്റൊർക്കെങ്കിലും നൽകുന്നത് ശരിയാണോ ? ഒരിക്കലും ശരിയല്ല ഇതാണ് ഈ ചോദ്യത്തിനു ശേഷം അവനല്ലാതെ യാതൊരു ആരാധ്യനുമില്ല എന്ന് അള്ളാഹു പറഞ്ഞത് . ആകാശം പടച്ചത് ആരാണ്, മഴ വർഷിപ്പിക്കുന്നത് ആരാണ് എന്നൊക്കെ ചോദിച്ചാൽ  അള്ളാഹുവാണെന്ന് അവർ പറഞ്ഞിരുന്നു അവർ അള്ളാഹുവല്ലാത്ത ധാരാളം ദൈവങ്ങളുണ്ടെന്ന് പറയുകയും ചെയ്തു ഈ ഇരട്ടത്താപ്പ് ചോദ്യം ചെയ്തു കൊണ്ടാണ് നിങ്ങൾ എങ്ങിനെയാണ് ആ സത്യത്തിൽ നിന്ന് തെറ്റിക്കപ്പെട്ടത് എന്ന് ചോദിക്കുന്നത്

(4)
وَإِن يُكَذِّبُوكَ فَقَدْ كُذِّبَتْ رُسُلٌۭ مِّن قَبْلِكَ ۚ وَإِلَى ٱللَّهِ تُرْجَعُ ٱلْأُمُورُ

 

അവർ തങ്ങളെ കളവാക്കുകയാണെങ്കിൽ തങ്ങൾക്ക് മുമ്പും ദൂതന്മാർ കളവാക്കപ്പെട്ടിട്ടുണ്ട് അള്ളാഹുവിങ്കലേക്കാണ് കാര്യങ്ങൾ മടക്കപ്പെടുന്നത്

യുക്തിഭദ്രമായി സത്യവിശ്വാസത്തിനാവശ്യമായ കാര്യങ്ങൾ നബി തങ്ങൾ വിവരിച്ചിട്ടും അതിനോട് പുറം തിരിഞ്ഞ് നിൽക്കുന്ന നിലപാട് സ്വീകരിച്ച ജനങ്ങളുടെ പെരുമാറ്റത്തിൽ വല്ലാതെ വിഷമിച്ച നബി തങ്ങളെ ആശ്വസിപ്പിക്കാനാണ് ഈ പ്രഖ്യാപനം. സത്യത്തെ കളവാക്കപ്പെടുന്നത് ആദ്യമായിട്ടല്ല തങ്ങൾക്ക് മുമ്പ് വന്ന ദൂതന്മാർക്കും ഈ ദുരനുഭവമുണ്ടായിട്ടുണ്ട് . അതിനാൽ തങ്ങൾ ക്ഷമ കൈക്കൊള്ളുകയും പ്രബോധനം തുടരുകയും ചെയ്യുക എന്ന് സാരം(5)

يَـٰٓأَيُّهَا ٱلنَّاسُ إِنَّ وَعْدَ ٱللَّهِ حَقٌّۭ ۖ فَلَا تَغُرَّنَّكُمُ ٱلْحَيَوٰةُ ٱلدُّنْيَا ۖ وَلَا يَغُرَّنَّكُم بِٱللَّهِ ٱلْغَرُورُ


ഹേ മനുഷ്യരേ! നിശ്ചയമായും
അള്ളാഹുവിൻ്റെ വാഗ്ദാനം സത്യമാകുന്നു ഐഹിക ജീവിതം നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ പരമ വഞ്ചകനായ പിശാചും അള്ളാഹുവിൻ്റെ കാര്യത്തിൽ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ


മരണ ശേഷം പുനർജന്മവും വിചാരണയും കർമങ്ങൾക്ക് പ്രതിഫലം നൽകലുമെല്ലാം ഉണ്ട് എന്ന് അള്ളാഹു ചെയ്ത വാഗ്ദാനം സത്യമാണ് . അതിനു യാതൊരു ലംഘനവുണ്ടാവുകയില്ല അതിനാൽ ഭൗതിക ജീവിതത്തിലെ ചില താൽക്കാലിക സുഖങ്ങളിൽ മുഴുകി അനന്തമായ പരലോകം ജീവിതം നശിപ്പിക്കരുത്.യഥാർത്ഥമായ ആസ്വാദനത്തിൻ്റെയും സുഖത്തിൻ്റെയും സ്ഥലം ഇവിടെയല്ല. കാരണം ഇവിടെയുള്ളത് നശ്വരമാണ്. സമയ ബന്ധിതവും. എന്തെങ്കിലും തടസ്സം വന്നാൽ ഇവിടുത്തെ സുഖം ആസ്വദിക്കാനുമാകില്ല (സുഖിക്കാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കി വെച്ച ഒരാൾക്ക് ഒരു ജലദോഷം വന്നാൽ പിന്നെ അയാൾക്ക് ആ സുഖം ആസ്വദിക്കാനാകുമോ?)  അതിനാൽ ഇവിടുത്തെ സുഖാസ്വാദനത്തിനു വേണ്ടി പരലോക വിജയത്തിനാവശ്യമായ നിയമങ്ങളെയും നിയന്ത്രണങ്ങളെയും നിങ്ങൾ അവഗണിക്കരുത് . അത്തരം ഒരു അവഗണനയിലേക്ക് നിങ്ങളെ തള്ളിവിടാൻ പരമാവധി പരിശ്രമിക്കുന്നവനാണ് പരമ വഞ്ചകനായ പിശാച്. അവൻ നിങ്ങൾക്ക് തിന്മകളെ അലംകൃതമാക്കി കാണിക്കുകയും തെറ്റു കുറ്റങ്ങളെ നിസ്സാരമാക്കി തോന്നിപ്പിക്കുകയും ചെയ്യും എന്ത് ചെയ്താലും ഭയപ്പെടേണ്ടതില്ല അള്ളാഹു പൊറുത്ത് തരും എന്ന് തോന്നിപ്പിച്ച് തെറ്റിനെ നിസ്സാര വൽക്കരിക്കുന്നത് ഉദാഹരണം. അവൻ്റെ കെണിയിൽ പെടാതെ ഒരിക്കലും നശിക്കാത്ത പരലോക സുഖത്തിനായി ഐഹിക ലോകത്ത് ഉത്തരവാദിത്ത ബോധത്തോടെ ജീവിക്കുക


(6)
إِنَّ ٱلشَّيْطَـٰنَ لَكُمْ عَدُوٌّۭ فَٱتَّخِذُوهُ عَدُوًّا ۚ إِنَّمَا يَدْعُوا۟ حِزْبَهُۥ لِيَكُونُوا۟ مِنْ أَصْحَـٰبِ ٱلسَّعِيرِ


തീർച്ചയായും പിശാച് നിങ്ങളുടെ ശത്രുവാകുന്നു അതിനാൽ അവനെ നിങ്ങൾ ശത്രുവായി തന്നെ ഗണിക്കുക അവൻ തൻ്റെ പക്ഷക്കാരെ ക്ഷണിക്കുന്നത് അവർ നരകാവകാശികളുടെ കൂട്ടത്തിലായിരിക്കാൻ വേണ്ടി മാത്രമാണ്


പിശാച് വളരെ നേരത്തെ തന്നെ (ആദിമ മനുഷ്യനായ ആദം നബിയുടെ കാലം മുതൽക്ക് തന്നെ) നിങ്ങളോട് ശത്രുതയുള്ളവനാണ് അത് അവൻ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട് അവൻ നിങ്ങൾക്ക് ഭംഗിയാക്കി കാണിക്കുന്നതെല്ലാം ആത്യന്തികമായി നിങ്ങളുടെ പരാചയം ഉറപ്പുവരുത്താനുള്ള കാര്യങ്ങളാണ്. അത് നിങ്ങൾ തിരിച്ചറിഞ്ഞ് അവനോട് നിങ്ങളും ശത്രുത പ്രഖ്യാപിക്കുക .അഥവാ വിശ്വാസത്തിലും കർമങ്ങളിലും അവനെ നിരാശനാക്കി അള്ളാഹുവിൻ്റെ തൃപ്തി ഉറപ്പു വരുത്താൻ നിങ്ങൾ തീരുമാനമെടുക്കുക .നിങ്ങളെ ചതിക്കാൻ പല കുതന്ത്രങ്ങളും അവൻ പയറ്റുമെന്നും ഞാൻ അതിൽ കുടുങ്ങുകയില്ലെന്നുമുള്ള  ജാഗ്രത നിങ്ങൾക്കുണ്ടാവണം കാരണം അവൻ്റെ ദുർബോധനങ്ങൾ മുഴുവനും നരകത്തിൽ നിങ്ങളെ എത്തിക്കാൻ വേണ്ടിയുള്ളതാണ്. ദേഹേഛകൾക്ക് അടിമപ്പെടുത്തിയും ഭൗതികതയിൽ ലയിപ്പിച്ചും അത് ഉറപ്പാക്കാനാണ് പിശാച് ശ്രമിക്കുന്നത്. അവനെ ഞാൻ സന്തോഷിപ്പിക്കില്ല എൻ്റെ പ്രവർത്തനം കൊണ്ടും വാക്കുകൾ കൊണ്ടും ഞാൻ അവനെ നിരാശപ്പെടുത്തിക്കൊണ്ടേയിരിക്കും എന്ന ഉറച്ച നിലപാടും അതിനനുസരിച്ച പ്രവർത്തനവും നടത്തി മാത്രമേ ഈ ലക്ഷ്യം നേടാനാവൂ

 

(7)
ٱلَّذِينَ كَفَرُوا۟ لَهُمْ عَذَابٌۭ شَدِيدٌۭ ۖ وَٱلَّذِينَ ءَامَنُوا۟ وَعَمِلُوا۟ ٱلصَّـٰلِحَـٰتِ لَهُم مَّغْفِرَةٌۭ وَأَجْرٌۭ كَبِيرٌ


അവിശ്വസിച്ചവരാരോ അവർക്ക് കഠിന ശിക്ഷയുണ്ട് വിശ്വസിക്കുകയും സൽകർമങ്ങൾ പ്രവർത്തിക്കുകയും ചെയ്തവരാരോ അവർക്ക് പാപ മോചനവും വലിയ പ്രതിഫലവുമുണ്ട്


വിശ്വാസികൾക്ക് സുവിശേഷവും അവിശ്വാസികൾക്ക് താക്കീതുമാണീ സൂക്തം നല്ല പ്രതിഫലവും പാപ മോചനവും ഉറപ്പ് വരുത്താൻ സത്യ വിശ്വാസവും സൽകർമങ്ങളും സജീവമാക്കുക ഇല്ലെങ്കിൽ അസഹനീയവും കാഠിന്യമേറിയതുമായ ശിക്ഷയായിരിക്കും കാലാകാലം നിങ്ങൾ അനുഭവിക്കേണ്ടി വരിക (അള്ളാഹു നമുക്ക് കാവൽ നൽകട്ടെ ആമീൻ)


(8)

أَفَمَن زُيِّنَ لَهُۥ سُوٓءُ عَمَلِهِۦ فَرَءَاهُ حَسَنًۭا ۖ فَإِنَّ ٱللَّهَ يُضِلُّ مَن يَشَآءُ وَيَهْدِى مَن يَشَآءُ ۖ فَلَا تَذْهَبْ نَفْسُكَ عَلَيْهِمْ حَسَرَٰتٍ ۚ إِنَّ ٱللَّهَ عَلِيمٌۢ بِمَا يَصْنَعُونَ

 

എന്നാൽ തൻ്റെ ദുഷ് പ്രവർത്തികൾ അലംകൃതമായി തോന്നിക്കപ്പെടുകയും അങ്ങനെ അത് നല്ലതായി കാണുകയും ചെയ്തവൻ്റെ കാര്യമോ ? (വിശ്വാസിയുടെ കാര്യം പോലെയല്ല) അള്ളാഹു താൻ ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യുന്നതാണ് അതിനാൽ അവരെ പറ്റിയുള്ള കൊടും ഖേദം നിമിത്തം തങ്ങളുടെ പ്രാണൻ പോകാതിരിക്കട്ടെ തീർച്ചയായും അള്ളാഹു അവർ പ്രവർത്തിക്കുന്നതിനെപ്പറ്റി അറിവുള്ളവനാകുന്നു


ഒരാൾ തെറ്റായ കാര്യങ്ങൾ ചെയ്യുകയും എന്നിട്ട് അതാണ് ശരിയായ കാര്യം എന്ന് ധരിക്കുകയും ചെയ്യുന്ന അവസ്ഥയാണിവിടെ അള്ളാഹു പറയുന്നത് അവൻ ഒരിക്കലും കാര്യങ്ങളെ ശരിയായി വിലയിരുത്തി സത്യത്തെ നന്നായി കാണാനും അസത്യത്തെ തെറ്റാണെന്ന് മനസിലാക്കി ഒഴിവാക്കാനും തയാറാവനെപ്പോലെയല്ല ആദ്യത്തവൻ അധ:പതനത്തിൻ്റെ ആഴിയിലേക്ക് ആഴ്ത്തപ്പെടുമ്പോൾ രണ്ടാമത്തെയാൾ വിജയത്തിൻ്റെ ഉന്നതിയിലേക്ക് ഉയർത്തപ്പെടുകയാണ് ചെയ്യുക .ശരിയും തെറ്റും വേർതിരിച്ച് വിവരിച്ചിട്ടും തെറ്റ് തിരഞ്ഞെടുക്കാൻ വാശിപിടിക്കുന്നവനെ അള്ളാഹു അവൻ്റെ പാട്ടിനു വിടും അതേ സമയം സത്യം കണ്ടെത്തി അത് നടപ്പാക്കണമെന്ന് ചിന്തിക്കുന്നവർക്ക് അതിനുള്ള സാഹചര്യവും അള്ളാഹു ഉണ്ടാക്കും അതാണ് അള്ളാഹു ഉദ്ദെശിക്കുന്നവരെ വഴി പിഴപ്പിക്കുകയും അവൻ ഉദ്ദേശിക്കുന്നവരെ നേർവഴിയിലാക്കുകയും ചെയ്യും എന്ന് പറഞ്ഞതിൻ്റെ താല്പര്യം .

 

നിഷേധാത്മക നിലപാടേ സ്വീകരിക്കൂ എന്ന് വാശി പിടിച്ച് അവിശ്വാസത്തെ പുൽകുന്നവരുടെ നിലപാടിൽ വേദനിച്ച് തങ്ങൾക്കെന്തെങ്കിലും ആരോഗ്യ  പ്രശ്നങ്ങളോ അപകടങ്ങളോ വരുത്തി വെക്കും വിധം തങ്ങൾ മാനസികമായി വിഷമിക്കേണ്ടതില്ല .അവരുടെ പ്രവർത്തനങ്ങൾ അള്ളാഹു ശരിയായി മനസിലാക്കുകയും അവർക്ക് അർഹതപ്പെട്ട പ്രതിഫലം തന്നെ അവർക്ക് ഞാൻ നൽകുകയും ചെയ്യും എന്നാണ് അള്ളാഹു പറഞ്ഞത്


ഇവിടെ പറഞ്ഞ തൻ്റെ ചീത്ത പ്രവർത്തനങ്ങൾ അലംകൃതമായി കാണുന്നവർ എന്ന് പറഞ്ഞത് ഇസ്ലാമിൽ പുത്തൻ വാദങ്ങൾ കൊണ്ട് വരുന്നവർക്ക് കൂടി ബാധകമാണെന്ന് വ്യാഖ്യാതാക്കൾ വിവരിക്കുന്നുണ്ട്. തെറ്റായ നിലപാട് സ്വീകരിച്ച് അതാണ് സത്യം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നതാണല്ലോ അവരുടെ സ്വഭാവം!

  

(9)
وَٱللَّهُ ٱلَّذِىٓ أَرْسَلَ ٱلرِّيَـٰحَ فَتُثِيرُ سَحَابًۭا فَسُقْنَـٰهُ إِلَىٰ بَلَدٍۢ مَّيِّتٍۢ فَأَحْيَيْنَا بِهِ ٱلْأَرْضَ بَعْدَ مَوْتِهَا ۚ كَذَٰلِكَ ٱلنُّشُورُ


അള്ളാഹുവാണ് കാറ്റുകളെ അയച്ചവൻ.അങ്ങനെ അവ മേഘത്തെ ഇളക്കിവിടുന്നു എന്നിട്ട് ആ മേഘത്തെ നിർജീവമായ നാട്ടിലേക്ക് നാം തെളിച്ച് കൊണ്ട് പോവുകയും അത് മുഖേന ഭൂമിയെ അതിൻ്റെ നിർജീവാവസ്ഥക്ക് ശേഷം നാം സജീവമാക്കുകയും ചെയ്യുന്നു അത് പോലെ തന്നെയാകുന്നു ഉയിർത്തെഴുന്നേല്പ്

വരണ്ടുണങ്ങി ഒരു പുല്ല് പോലും ഇല്ലാതെ കിടക്കുന്ന ഭൂമിയിലേക്ക് മഴ വർഷിപ്പിച്ച് അതിൽ എല്ലായിനം കായ് കനികളും കൃഷിയും പഴങ്ങളും സജീവമാക്കി മാറ്റുന്നത് നാം കാണുന്നില്ലേ? ഉണങ്ങിയ അവസ്ഥയിൽ നിന്ന് പച്ചപ്പ് കൊണ്ട് സജീവമാകുമ്പോൾ എത്ര വലിയ മാറ്റമാണ് കാണുന്നത് ഇത് നമ്മുടെ അനുഭവത്തിൽ എപ്പോഴും ഉള്ള കാര്യമാണ്. ഉണങ്ങിക്കിടക്കുമ്പോൾ ഇവിടെ ഇത്തരം ഒരു പച്ചപ്പ് സ്വപ്നം കാണാൻ പോലും പറ്റുമോ? എന്നാൽ അവിടെ മഴ വർഷിപ്പിച്ച് സമൃദ്ധമായ വിഭവങ്ങൾ അള്ളാഹുവാണ് സംവിധാനിച്ചത് ഇത് അള്ളാഹുവിനു പ്രയാസമല്ലാത്തത് പോലെ മരിച്ച് മണ്ണിൽ ലയിച്ചവരെ പുനർജനിപ്പിക്കുന്നതും അള്ളാഹുവിനു പ്രയാസമുള്ള കാര്യമല്ല.


(10)
مَن كَانَ يُرِيدُ ٱلْعِزَّةَ فَلِلَّهِ ٱلْعِزَّةُ جَمِيعًا ۚ إِلَيْهِ يَصْعَدُ ٱلْكَلِمُ ٱلطَّيِّبُ وَٱلْعَمَلُ ٱلصَّـٰلِحُ يَرْفَعُهُۥ ۚ وَٱلَّذِينَ يَمْكُرُونَ ٱلسَّيِّـَٔاتِ لَهُمْ عَذَابٌۭ شَدِيدٌۭ ۖ وَمَكْرُ أُو۟لَـٰٓئِكَ هُوَ يَبُورُ


ആരെങ്കിലും പ്രതാപം ആഗ്രഹിക്കുന്നുവെങ്കിൽ പ്രതാപമെല്ലാം
അള്ളാഹുവിൻ്റെ അധീനത്തിലാകുന്നു അവങ്കലേക്കാണ് ഉത്തമ വചനങ്ങൾ കയറിപ്പോകുന്നത്. നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു ദുഷിച്ച തന്ത്രങ്ങൾ പ്രയോഗിക്കുന്നതാരോ അവർക്ക് കഠിന ശിക്ഷയുണ്ട് അത്തരക്കാരുടെ തന്ത്രം നാശമടയുക തന്നെ ചെയ്യും

 

പ്രതാപവും മഹത്വവും ആഗ്രഹിക്കുന്നവർ അതിനായി അള്ളാഹുവോട് ആവശ്യപ്പെടുക കാരണം അവനാണ് അതിൻ്റെ അധികാരി. ഭൗതികമായി എന്തെങ്കിലും പുരോഗതിയുള്ളവർക്കൊപ്പിച്ച് നിന്ന് അതാണ് പ്രതാപത്തിൻ്റെ മാർഗം എന്ന് ധരിക്കരുത് യഥാർഥ പ്രതാപം വേണമെങ്കിൽ അള്ളാഹുവിൻ്റെ ഏകത്വം (തൗഹീദ്) ഉൾക്കൊള്ളണം അതിനനുസരിച്ചുള്ള സൽകർമങ്ങൾ അനുഷ്ഠിക്കുകയും വേണം സൽകർമങ്ങൾ ഫലപ്രദമാവാൻ തൗഹീദ് ശരിയാവണം അതാണ് അവങ്കലേക്കാണ് ഉത്തമ വചനങ്ങൾ കയറിപ്പോകുന്നത്.നല്ല പ്രവർത്തനത്തെ അവൻ ഉയർത്തുകയും ചെയ്യുന്നു  എന്ന് പറഞ്ഞത് . ഉത്തമ വചനങ്ങൾ എന്നതിൽ ഒന്നാമത്തേത് തൗഹീദിൻ്റെ വാക്യമാണെങ്കിലും സുബ്ഹാനള്ളാഹ്, അൽ ഹംദുലില്ലാഹ്, അള്ളാഹു അക്ബർ എന്നിവയെല്ലാം അതിൽ ഉൾപ്പെടും. ദുഷിച്ച തന്ത്രങ്ങൾ പ്രയോഗിക്കുന്നതാരോ അവർക്ക് കഠിന ശിക്ഷയുണ്ട്

നബി തങ്ങളെ കൊല ചെയ്യാനോ വീട്ടു തടങ്കലിലാക്കാനോ നാട് കടത്താനോ വഴി തേടിക്കൊണ്ടുള്ള ഖുറൈശികളുടെ ഗൂഡാലോചനയാണിവിടെ ഉദ്ദേശം. അവർക്ക് അതിനു ശിക്ഷ കിട്ടും എന്ന്.അത് മാത്രമല്ല അത്തരം കുതന്ത്രം ആർ നടത്തിയാലും അവൻ ശിക്ഷക്കർഹനാണ് എന്ന് കൂടി ഇവിടെ മനസിലാക്കാം.

സൽകർമം ചെയ്യുന്നവർ തന്നെ ആളുകളെ കാണിക്കാനാണ് അത് ചെയ്യുന്നതെങ്കിൽ അത് ഫലശൂന്യമായിരിക്കും അള്ളാഹുവിൻ്റെ തൃപ്തി ലക്ഷ്യം വെച്ച് മാത്രമായിരിക്കണം നാം കർമം ചെയ്യേണ്ടത്. അള്ളാഹു നമ്മെ നല്ലവരിൽ ഉൾപ്പെടുത്തട്ടെ ആമീൻ


(തുടരും)  إِنْ شَاءَ ٱللَّٰهُ

No comments: