Friday, August 16, 2024

അദ്ധ്യായം 34 : സൂറത്തു സബഅ് سورة سبأ | ഭാഗം 02

അദ്ധ്യായം 35 : സൂറത്തു സബഅ്  سورة سبأ    

മക്കയിൽ അവതരിച്ചു സൂക്തങ്ങൾ 54

(Part -2  -   സൂക്തം 15 മുതൽ 23  വരെ സൂക്തങ്ങളുടെ വിവരണം )

 

 


بسم الله الرحمن الرحيم


റഹ്മാനും റഹീമുമായ  അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

 

 

(15)
لَقَدْ كَانَ لِسَبَإٍۢ فِى مَسْكَنِهِمْ ءَايَةٌۭ ۖ جَنَّتَانِ عَن يَمِينٍۢ وَشِمَالٍۢ ۖ كُلُوا۟ مِن رِّزْقِ رَبِّكُمْ وَٱشْكُرُوا۟ لَهُۥ ۚ بَلْدَةٌۭ طَيِّبَةٌۭ وَرَبٌّ غَفُورٌۭ


തീർച്ചയായും സബഅ് ദേശക്കാർക്ക് തങ്ങളുടെ താമസസ്ഥലത്ത് തന്നെ ദൃഷ്ടാന്തമുണ്ടായിരുന്നു അതായത് വലതു ഭാഗത്തും ഇടതുഭാഗത്തുമായി രണ്ട് തോട്ടങ്ങൾ.(അവരോട് പറയപ്പെട്ടു) നിങ്ങളുടെ രക്ഷിതാവ് തന്ന ഉപജീവനത്തിൽ നിന്ന് നിങ്ങൾ ഭക്ഷിക്കുകയും അവനോട് നിങ്ങൾ നന്ദി കാണിക്കുകയും ചെയ്യുക.നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവും.

ദാവൂദ് നബിعليه السلامയുടെയും സുലൈമാൻ നബി عليه السلامയുടെയും ചരിത്രം വിവരിച്ച് അള്ളാഹുവിനു നന്ദി ചെയ്തവരെ പരാമർശിച്ച ശേഷം നന്ദികേട് കൊണ്ട് പരാചയപ്പെട്ടുപോയ വിഭാഗത്തിൻ്റെ ഉദാഹരണം വിവരിക്കുകയാണ് അള്ളാഹു .


ഇമാം ഇബ് നു കസീർ رحمة الله عليهവിവരിക്കുന്നു. സബഅ് എന്നത് അബ്ദു ശംശ് ബിൻ യശ്ജബ് എന്ന ആളുടെ സന്താന പരമ്പരയാണ് അദ്ദേഹം നല്ല വിശ്വാസിയായിരുന്നു. നല്ല സഹായ മനസ്ഥിതിയുള്ള ആളുമായിരുന്നു. നബി തങ്ങളെ സംബന്ധിച്ച് നേരത്തേ തന്നെ സന്തോഷവാർത്ത അറിയിച്ച് അദ്ദേഹം കവിത ചൊല്ലിയിരുന്നു അതിൻ്റെ അശയം ഇങ്ങനെ മനസിലാക്കാം

നമ്മുടെ ശേഷം ഹറാമിൽ വിട്ടുവീഴ്ച ചെയ്യാത്ത ഒരു നബി നന്നായി ഭരണം നടത്തും. അവർക്ക് ശേഷം ആക്ഷേപത്തിനു പഴുതില്ലാതെ ഭരിക്കുന്ന പല ഭരണാധികാരികളും വരും. അഹ് മദ് എന്ന് പേരുള്ള ആ നബി നിയുക്തനായ ശേഷം ഒരു വർഷമെങ്കിലും എനിക്ക് ജീവിക്കാൻ അവസരമുണ്ടായിരുന്നെങ്കിൽ അദ്ദേഹത്തിൻ്റെ ആശയത്തിനു ശക്തിപകർന്നും സഹായം ചെയ്തും ഞാൻ കൂടെ നിന്നേനേ. അദ്ദേഹം രംഗത്ത് വരുമ്പോൾ നിങ്ങൾ അദ്ദേഹത്തിൻ്റെ സഹായികളാവുകയും എൻ്റെ സലാം അദ്ദേഹത്തിനു പറയുകയും വേണം’.


പത്ത് സന്താനങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു അവരിൽ ചിലർ യമനിലും മറ്റു ചിലർ ശാമിലും താമസമാക്കി. ആ പരമ്പര പലയിടത്തും വ്യാപിച്ചു തുബ്ബഅ് രാജാവ് അവരുടെ കൂട്ടത്തിൽ പെട്ടവരാണ്. ബിൽഖീസ് രാജ്ഞി അവരിൽ പെട്ടവരാണ് മദീനയിൽ താമസിച്ച ഔസും
, ഖസ്റജും അതിൽ പെട്ടവരാണ് എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

 

സമൃദ്ധിയുടെ നടുവിലായിരുന്നു ആദ്യ കാലത്ത് അവർ ജീവിച്ചിരുന്നത്. വലതുഭാഗത്തും ഇടതുഭാഗത്തുമായി രണ്ട് തോട്ടങ്ങളുണ്ടായിരുന്നു. അത് സമൃദ്ധമായിരുന്നു ഒരാൾ ഒരു വട്ടി തലയിൽ വെച്ച് അല്പ ദൂരം തോട്ടത്തിലൂടെ നടന്ന് നീങ്ങിയാൽ ആ വട്ടി നിറയെ പഴങ്ങൾ അതിൽ വീണിട്ടുണ്ടാവും അത്രയും വിളവുണ്ടായിരുന്നു. അത് മുഖേന അവർ നല്ല ക്ഷേമ ജീവിതം നയിച്ചു വരികയായിരുന്നു. നാട്ടുകാർ നന്ദിയുള്ളവരും ആയിരുന്നു ഇതെല്ലാം അവർക്ക് അള്ളാഹു നൽകിയതാണെന്ന ബോധം അവർക്കുണ്ടായിരുന്നു അതാണ് നല്ലൊരു രാജ്യവും ഏറെ പൊറുക്കുന്ന രക്ഷിതാവുംഎന്ന് പറഞ്ഞത്.
ഈ വിളവിൻ്റെ രഹസ്യം ഇബ്നുകസീർ 
رحمة الله عليهതന്നെ വിവരിക്കുന്നു സബഇലുണ്ടായിരുന്ന നല്ലൊരു ഭരണാധികാരി അവിടെ ഒരു അണക്കെട്ട് പണിതു. സദ്ദ് മആരിബ്എന്ന് അത് അറിയപ്പെട്ടു. മഴവെള്ളം ഭൂമിയിൽ തങ്ങി നിൽക്കണം നേരത്തേ വെള്ളം ഉപകാരത്തിനു കിട്ടാത്ത വിധം നഷ്ടപ്പെട്ടുപോകുന്ന പ്രകൃതിയായിരുന്നു അവിടെ. പുഴയും കിണറും കുളവും ഒന്നും അവിടെ ഇല്ല. താഴ്വരയിലൂടെ ഒഴുകി വരുന്ന വെള്ളം ചെറിയ രൂപത്തിൽ തടഞ്ഞു നിർത്താൻ ജനങ്ങൾ ശ്രമിച്ചിരുന്നെങ്കിലും പെട്ടെന്ന് വെള്ളം വലിഞ്ഞു പോകുന്ന അവസ്ഥയുണ്ടായിരുന്നു അതിനാൽ ജലക്ഷാമവും വിള നാശവും അവർ അനുഭവിച്ചിരുന്നു ഇതിൻ്റെ പരിഹാരത്തിനായി സബഅ് അണക്കെട്ട് പണിതു. നേരത്തേ മരുഭൂമിയായി വരണ്ടു കിടന്ന   പ്രദേശമായിരുന്ന മആരിബ്  അതോടെ സമൃദ്ധിയിലേക്ക് കുതിച്ചുയർന്നു. സമ്പൽ സമൃദ്ധിയുടെ നാട്! കൃഷിയും പഴങ്ങളും സജീവമായി .അതോടെ നാട്ടുകാർ സന്തോഷത്തിലായി ദാരിദ്ര്യത്തിൻ്റെ വറച്ചട്ടിയിൽ നിന്ന് സമൃദ്ധിയുടെ സന്തോഷത്തിലേക്കുള്ള മാറ്റം. ഇത് അവർക്ക് നാഥൻ്റെ അനുഗ്രഹത്തിനും കഴിവിനുമുള്ള തെളിവായി മാറി

നല്ല നാട് എന്നതിനു തീരേ വിഷമില്ലാത്ത, ശല്യമുണ്ടാക്കുന്ന ജീവികൾ ഇല്ലാത്ത, ശുദ്ധമായ അന്തരീക്ഷമുള്ള നാട് എന്നും വ്യഖ്യാനമുണ്ട് (ഇബ്നുകസീർ)


ഇതെല്ലാം ചെയ്ത് തന്ന നാഥനു നന്ദി ചെയ്ത് ജീവിക്കാൻ
അള്ളാഹു അവരോട് കല്പിച്ചു  

 

(16)

فَأَعْرَضُوا۟ فَأَرْسَلْنَا عَلَيْهِمْ سَيْلَ ٱلْعَرِمِ وَبَدَّلْنَـٰهُم بِجَنَّتَيْهِمْ جَنَّتَيْنِ ذَوَاتَىْ أُكُلٍ خَمْطٍۢ وَأَثْلٍۢ وَشَىْءٍۢ مِّن سِدْرٍۢ قَلِيلٍۢ



എന്നാൽ അവർ പിന്തിരിഞ്ഞു കളഞ്ഞു അപ്പോൾ അണക്കെട്ടിൽ നിന്നുള്ള ജലപ്രവാഹത്തെ അവരുടെ നേരെ നാം അയച്ചു അവരുടെ ആ രണ്ട് തോട്ടങ്ങൾക്ക് പകരം കയ്പുള്ള കായ്കനികളും കാറ്റാടി മരവും അല്പം ചില ഇലന്ത മരങ്ങളും ഉള്ള രണ്ട് തോട്ടങ്ങൾ നാം അവർക്ക് നൽകുകയും ചെയ്തു

നല്ലവരായി ജീവിച്ചതിനു ശേഷം നന്ദികേടിൻ്റെയും അനുസരണമില്ലായ്മയുടെയും സാഹചര്യം ആ നാട്ടിൽ തലപൊക്കി. അള്ളാഹുവിൻ്റെ അനുഗ്രഹം ലഭിക്കാനുള്ള അർഹത നഷ്ടപ്പെട്ട് ശിക്ഷ ഏറ്റുവാങ്ങാൻ അവർ യോഗ്യതയുള്ളവരായി അപ്പോൾ അവരുടെ സന്തോഷത്തിൻ്റെയും സമൃദ്ധിയുടെയും കാരണമായിരുന്ന അണക്കെട്ട് പൊട്ടി അവരിലേക്ക് ജലത്തിൻ്റെ പ്രവാഹമുണ്ടായി .വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ കൃഷി നശിച്ചു വീടുകൾ തകർന്നു ദുരിതജീവിതം അവരിലേക്ക് തിരിച്ചെത്തി. സമൃദ്ദമായ രണ്ടു തോട്ടത്തിനു പകരം അവിടെ പിന്നീട് കയ്പുള്ള കായ്കനികളും കാറ്റാടി മരങ്ങളും അല്പം ഇലന്തമരങ്ങളും നിറഞ്ഞ ഫലപ്രദമല്ലാത്ത രണ്ടു തോട്ടങ്ങൾ നാം പകരം നൽകി

 


(17)
ذَٰلِكَ جَزَيْنَـٰهُم بِمَا كَفَرُوا۟ ۖ وَهَلْ نُجَـٰزِىٓ إِلَّا ٱلْكَفُورَ


അവർ നന്ദികേട് കാണിച്ചതിന് നാം അവർക്ക് പ്രതിഫലമായി നൽകിയതാണത്.കടുത്ത നന്ദികേട് കാണിക്കുന്നവൻ്റെ നേരെയല്ലാതെ നാം ശിക്ഷാ നടപടി എടുക്കുമോ
?


അനുഗ്രഹം നൽകിയ അള്ളാഹുവോട് അനുസരണക്കേട് കാണിച്ച ജനതക്ക് ലഭിക്കേണ്ടതായ പ്രതിഫലം തന്നെയാണ് ലഭിച്ചത് നന്ദികേടിനു തിരിച്ചടി തന്നെയല്ലേ പ്രതിഫലം കൊടുക്കേണ്ടത്

 


(18)

وَجَعَلْنَا بَيْنَهُمْ وَبَيْنَ ٱلْقُرَى ٱلَّتِى بَـٰرَكْنَا فِيهَا قُرًۭى ظَـٰهِرَةًۭ وَقَدَّرْنَا فِيهَا ٱلسَّيْرَ ۖ سِيرُوا۟ فِيهَا لَيَالِىَ وَأَيَّامًا ءَامِنِينَ


അവർക്കും (സബഅ് ദേശക്കാർക്കും) നാം അനുഗ്രഹം നൽകിയ (സിറിയൻ) ഗ്രാമങ്ങൾക്കുമിടയിൽ തെളിഞ്ഞു കാണാവുന്ന പല ഗ്രാമങ്ങളും നാം ഉണ്ടാക്കി.അവിടെ നാം യാത്രക്ക് താവളങ്ങൾ നിർണ്ണയിക്കുകയും ചെയ്തു. രാപ്പകലുകളിൽ നിർഭയരായിക്കൊണ്ട് നിങ്ങൾ അതിലൂടെ സഞ്ചരിച്ച് കൊള്ളുക (എന്ന് നാം നിർദ്ദേശിക്കുകയും ചെയ്തു)


സബഇൻ്റെയും ശാമിൻ്റെയും ഇടയിൽ യാത്രക്കാൾക്ക് ദൂരെനിന്ന് കാണാവുന്ന അവർക്ക് പകൽ വിശ്രമത്തിനും രാത്രി താമസത്തിനും സൗകര്യമുള്ള താവളങ്ങൾ സംവിധാനിക്കുകയും ചെയ്തു. ആരെയും ഭയപ്പെടാതെ അവിടങ്ങളിൽ താമസിക്കാൻ നിർദ്ദേശിക്കുകയാണ്. ഒരു വിശ്രമ കേന്ദ്രത്തിൽ നിന്ന് അടുത്ത കേന്ദ്രത്തിനിടയിലുള്ള ദൂരം എത്രയാണെന്ന് അവർക്ക് തന്നെ കണക്ക് കൂട്ടാൻ സാധിക്കുന്ന രീതിയിലാണ് നാഥൻ സംവിധാനിച്ചത്.അപ്രതീക്ഷിതമായുണ്ടാകുന്ന പിടിച്ചു പറിയും മറ്റും ഭയപ്പെടാതെ ജനവാസ കേന്ദ്രങ്ങൾ അള്ളാഹു സംവിധാനിച്ചു

 


(19)
فَقَالُوا۟ رَبَّنَا بَـٰعِدْ بَيْنَ أَسْفَارِنَا وَظَلَمُوٓا۟ أَنفُسَهُمْ فَجَعَلْنَـٰهُمْ أَحَادِيثَ وَمَزَّقْنَـٰهُمْ كُلَّ مُمَزَّقٍ ۚ إِنَّ فِى ذَٰلِكَ لَـَٔايَـٰتٍۢ لِّكُلِّ صَبَّارٍۢ شَكُورٍۢ


അപ്പോൾ അവർ പറഞ്ഞു ഞങ്ങളുടെ രക്ഷിതാവേ! ഞങ്ങളുടെ യാത്രാ താവളങ്ങൾക്കിടയിൽ നീ അകലമുണ്ടാക്കേണമേ. അങ്ങനെ അവർക്ക് തന്നെ അവർ ദ്രോഹം വരുത്തിവെച്ചു അപ്പോൾ അവരെ നാം കഥാവശേഷരാക്കിക്കളഞ്ഞു അവരെ നാം സർവത്ര ചിന്നഭിന്നമാക്കി.ക്ഷമാശീലനും നന്ദിയുള്ളവനുമായ ഏതൊരാൾക്കും തീർച്ചയായും അതിൽ ദൃഷ്ടാന്തമുണ്ട്



ഇടക്കിടെ വിശ്രമ കേന്ദ്രങ്ങൾ ലഭിച്ചതിലുള്ള സന്തോഷത്തിനു നന്ദി പറയുന്നതിനു പകരം ആ ജനത താവളങ്ങൾക്കിടയിൽ ദൂരം നൽകാൻ ആവശ്യപ്പെട്ടു. ഇത് കടുത്ത നന്ദി കേടും കഷ്ടപ്പാട് സ്വയം ചോദിച്ചു വാങ്ങലുമാണ്. ഫലമോ അവർ ചിന്നഭിന്നമായി പോവുകയും അവരുടെ പ്രൗഡി നഷ്ടമാവുകയും ചെയ്തു. അങ്ങനെ അവർ ഒരു പഴങ്കഥയായി.അഥവാ ഇങ്ങനെയൊരു നാടുണ്ടായിരുന്നു ഇപ്പോൾ അതൊന്നും കാണാനില്ല എന്ന് ജനം പറയുന്ന സാഹചര്യം. മൂസാ നബിയുടെ ജനതക്ക് തീഹ് മരുഭൂമിയിൽ കട്ടിത്തേനും കാടയിറച്ചിയും കഴിച്ച് ജീവിക്കാൻ അള്ളാഹു സൗകര്യം ചെയ്തപ്പോൾ  പച്ചക്കറി കൂടി വേണം എന്ന് ആവശ്യപ്പെട്ടത് പോലെയാണിതും എന്ന് വ്യാഖ്യാതാക്കൾ വിവരിച്ചിട്ടുണ്ട്.ഇവർ പഴങ്കഥയായി മാറിയത് ചിന്തിക്കുന്നവർക്ക് പാഠമാണ്.നന്ദിയും ക്ഷമയുമാണ് നാം പുലർത്തേണ്ടത് നന്ദികേടും അക്ഷമയും നമ്മെ കൂടുതൽ അപകടത്തിലെത്തിക്കും




(20)
وَلَقَدْ صَدَّقَ عَلَيْهِمْ إِبْلِيسُ ظَنَّهُۥ فَٱتَّبَعُوهُ إِلَّا فَرِيقًۭا مِّنَ ٱلْمُؤْمِنِينَ


തീർച്ചയായും തൻ്റെ ധാരണ ശരിയാണെന്ന് ഇബ് ലീസ് അവരിൽ തെളിയിച്ചു അങ്ങനെ അവർ അവനെ പിന്തുടർന്നു ഒരു സംഘം സത്യവിശ്വാസികൾ ഒഴികെ

മനുഷ്യരെ വഴിതെറ്റിക്കുകയും തൻ്റെ വഴിയിലേക്ക് കൊണ്ട് വരികയും ചെയ്യും എന്ന് ശപഥം ചെയ്ത ഇബ്‌ലീസ് തൻ്റെ ധാരണ ശരിയാണെന്ന് തെളിയിച്ചു .അഥവാ മനുഷ്യർ പലപ്പോഴും അവനെ പിന്തുടർന്നു ആ കൂട്ടത്തിൽ ഈ സബഉകാരും പെട്ടുപോയി എന്ന് സാരം. എന്നാൽ ഒരു സംഘം വിശ്വാസികളെ സ്വാധീനിക്കുന്നതിൽ പിശാച് പരാചയപ്പെട്ടു.


മനുഷ്യനിൽ ആത്മാവുള്ള കാലത്തോളം അവനെ വഴിതെറ്റിക്കാൻ ഞാൻ പരിശ്രമിക്കുമെന്നും അവന്ന് വാഗ്ദാനങ്ങളും മോഹങ്ങളും നൽകി അവനെ വഞ്ചിക്കുമെന്നും പിശാച് പറഞ്ഞപ്പോൾ
അള്ളാഹു പറഞ്ഞത് അവൻ്റെ മരണ സമയമെത്തും വരെ ഞാൻ അവനെതൊട്ട് പശ്ചാത്താപം തടയില്ല എന്നോട് പ്രാർത്ഥിച്ചാൽ ഉത്തരം കൊടുത്തും എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് നൽകിയും പൊറുക്കലിനെ തേടിയാൽ പൊറുത്ത് കൊടുത്തും ഞാൻ അവനെ സഹായിക്കും എന്ന് അള്ളാഹു പറഞ്ഞു. അഥവാ പിശാചിൻ്റെ കെണിയിൽ പെടരുതെന്ന് നിർബന്ധമുള്ളയാൾക്ക് രക്ഷ നൽകാൻ അള്ളാഹു സഹായിക്കും

 


(21)
وَمَا كَانَ لَهُۥ عَلَيْهِم مِّن سُلْطَـٰنٍ إِلَّا لِنَعْلَمَ مَن يُؤْمِنُ بِٱلْـَٔاخِرَةِ مِمَّنْ هُوَ مِنْهَا فِى شَكٍّۢ ۗ وَرَبُّكَ عَلَىٰ كُلِّ شَىْءٍ حَفِيظٌۭ


അവന്ന് (ഇബ്‌ലീസിന്ന്) അവരുടെ മേൽ യാതൊരു അധികാരവും ഉണ്ടായിരുന്നില്ല പരലോകത്തിൽ വിശ്വസിക്കുന്നവരെ അതിനെപറ്റി സംശയത്തിൽ കഴിയുന്നവരുടെ കൂട്ടത്തിൽ നിന്ന് നാം തിരിച്ചറിയുവാൻ വേണ്ടി മാത്രമാണിത്
. തങ്ങളുടെ രക്ഷിതാവ് ഏത് കാര്യവും നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു

പിശാചിന്ന് മനുഷ്യരുടെ മേൽ ഒരു അവകാശവും അള്ളാഹു നൽകിയിട്ടില്ല എന്നാൽ പിശാച് അവരെ അടിച്ചോ, നിർബന്ധിച്ചോ അവൻ്റെ കൂടെ കൂട്ടാൻ ആവില്ല അവൻ ചില ദുരാഗ്രഹങ്ങളും ചതിയും ജനത്തിൻ്റെ മുമ്പിൽ അവതരിപ്പിക്കുമ്പോൾ പലരും അതിൽ കുടുങ്ങുകയാണ്. പരലോകത്തിൽ വിശ്വസിച്ചും വിചാരണയെ കുറിച്ച് ആലോചിച്ചും പ്രതിഫലം ആഗ്രഹിച്ചും ജീവിക്കുന്നവരാര്? അല്ലാത്തവരാര് എന്ന് തിരിച്ചറിയാനാണ് ഈ രീതിയിൽ അവനു അവസരം നൽകിയത്. പിശാചിന്റെ കെണി മനസിലാക്കി ജാഗ്രത പാലിക്കുന്നവരെ സ്വാധീനിക്കാൻ പിശാചിന്നാവില്ല.എന്നാൽ ധാരാളം ആളുകൾ പിശാചിന്റെ ഇഷ്ടത്തിനു തുള്ളുന്നവരാണ്. അവരെ അവൻ വഴിതെറ്റിക്കുകയും ചെയ്യും

 


(22)
قُلِ ٱدْعُوا۟ ٱلَّذِينَ زَعَمْتُم مِّن دُونِ ٱللَّهِ ۖ لَا يَمْلِكُونَ مِثْقَالَ ذَرَّةٍۢ فِى ٱلسَّمَـٰوَٰتِ وَلَا فِى ٱلْأَرْضِ وَمَا لَهُمْ فِيهِمَا مِن شِرْكٍۢ وَمَا لَهُۥ مِنْهُم مِّن ظَهِيرٍۢ




തങ്ങൾ പറയുക.
അള്ളാഹുവിനു പുറമേ  (ദൈവങ്ങളാണെന്ന്) നിങ്ങൾ ജല്പിച്ചു കൊണ്ടിരിക്കുന്നവരോടെല്ലാം നിങ്ങൾ പ്രാർത്ഥിച്ചു നോക്കുക ആകാശത്തിലാകട്ടെ ഭൂമിയിലാകട്ടെ ഒരണുവിൻ്റെ തൂക്കം പോലും അവർ ഉടമപ്പെടുത്തുന്നില്ല അവരണ്ടിലും അവർക്ക് യാതൊരു പങ്കുമില്ല അവരുടെ കൂട്ടത്തിൽ അവന്ന് സഹായിയായി ആരുമില്ല



കഴിഞ്ഞ സൂക്തങ്ങളിൽ നന്ദി ചെയ്യുന്നവരുടെയും നിഷേധികളുടെയും അവസ്ഥകൾ വിവരിക്കുകയും നിഷേധികൾ അനുഭവിക്കേണ്ടി വന്ന തിരിച്ചടികൾ ഉൽബോധിപ്പിക്കുകയും ചെയ്ത ശേഷം അള്ളാഹുവല്ലാത്ത ആരാദ്ധ്യന്മാരെ സ്ഥാപിച്ചവരോട് വീണ്ടും സംസാരിക്കാൻ അള്ളാഹു നബി തങ്ങളോട് പറയുകയാണ് അള്ളാഹുവിനു പുറമേ ആരാധ്യന്മാരാണെന്ന് നിങ്ങൾ ജല്പിക്കുന്ന ശക്തികളോട് ഒരു ബുദ്ധിമുട്ട് നീക്കാനോ ഒരു ഉപകാരം കൊണ്ട് വരാനോ നിങ്ങൾ ഒന്ന് പ്രാർത്ഥിച്ചു നോക്കൂ അവർ നിങ്ങൾക്ക് ഉത്തരം ചെയ്യുമോ എന്ന്. ശേഷം അള്ളാഹു തന്നെ വിവരിച്ചു അവർക്ക് ഉത്തരം ചെയ്യാനാവില്ല. ആകാശങ്ങളിലോ ഭൂമിയിലോ ഒരു അധികാവരവും അവർ ഉടമപ്പെടുത്തുന്നില്ല അവയുടെ സൃഷ്ടിപ്പിലോ അധികാരത്തിലോ ഒരു പങ്കാളിത്തവും ആ ദൈവങ്ങൾക്കില്ല. ആകാശ-ഭൂമിയുടെ നിയന്ത്രണത്തിൻ്റെ ഒരു രംഗത്തും ഇവരുടെ സഹായം അള്ളാഹു ആവശ്യപ്പെടുന്നുമില്ല.അപ്പോൾ ഇതെല്ലാം നിയന്ത്രിക്കുന്ന സർവശക്തനായ അള്ളാഹുവിനു മാത്രം അർഹതപ്പെട്ട ആരാധനയിൽ ഒരു കഴിവും കാര്യവുമില്ലാത്തവയെ പങ്കാളികളാക്കുന്നത് എത്രമാത്രം അപഹാസ്യമാണ് എന്ന് സാരം


(23)
وَلَا تَنفَعُ ٱلشَّفَـٰعَةُ عِندَهُۥٓ إِلَّا لِمَنْ أَذِنَ لَهُۥ ۚ حَتَّىٰٓ إِذَا فُزِّعَ عَن قُلُوبِهِمْ قَالُوا۟ مَاذَا قَالَ رَبُّكُمْ ۖ قَالُوا۟ ٱلْحَقَّ ۖ وَهُوَ ٱلْعَلِىُّ ٱلْكَبِيرُ


ആർക്കുവേണ്ടി അവൻ അനുമതി നൽകിയോ അവർക്കല്ലാതെ അവൻ്റെയടുക്കൽ ശുപാർശ പ്രയോചനപ്പെടുകയില്ല അങ്ങനെ അവരുടെ ഹൃദയങ്ങളിൽ നിന്ന് പരിഭ്രമം നീങ്ങിക്കഴിയുമ്പോൾ അവർ ചോദിക്കും നിങ്ങളുടെ രക്ഷിതാവ് എന്താണ് പറഞ്ഞതെന്ന്. അവർ മറുപടി പറയും സത്യമാണ് (അവൻ പറഞ്ഞത്) അവൻ ഉന്നതനും മഹാനുമാകുന്നു

ബഹുദൈവ വാദികൾ മലക്കുകളെയും മറ്റും ആരാധിക്കുകയും അവർ ഞങ്ങൾക്ക് അള്ളാഹുവിങ്കൽ ശുപാർശ ചെയ്യാനാണ് ആരാധന എന്ന് വാദിക്കുകയും ചെയ്തിരുന്നു അതിൻ്റെ മറുപടിയാണിത്. അള്ളാഹു ആർക്ക് വേണ്ടി ശുപാർശ ചെയ്യാൻ അനുമതി കൊടുത്തോ അവർക്ക് വേണ്ടി അള്ളാഹുവിൻ്റെ അനുമതിയോടെ മാത്രമേ അവർ ശുപാർശ ചെയ്യുകയുള്ളൂ. അള്ളാഹുവല്ലാത്തവരെ ആരാധിക്കുക എന്ന കടുത്ത അക്രമം ചെയ്തവർക്ക് വേണ്ടി ശുപാർശക്ക് അള്ളാഹു അനുവാദം നൽകുകയില്ല . അള്ളാഹു അനുവാദം നൽകാതെ ഒരു മഹാനും ശുപാർശ ചെയ്യില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ് നബി തങ്ങളുടെ പരലോകത്തെ ശുപാർശയെ സംബന്ധിച്ചുള്ള ഹദീസ്.നബി തങ്ങൾ സുജൂദിൽ കിടക്കുകയും  സ്തുതി വാചകങ്ങൾ ഉരുവിടുകയും ചെയ്യും തല ഉയർത്താനും ശുപാർശ ചെയ്യാനും അള്ളാഹു അനുമതി നൽകും . അപ്പോൾ തങ്ങൾ ശുപാർശ ചെയ്യും’ . ബഹുദൈവാരാധകർ വിശ്വസിച്ചിരുന്നത് ഈ ദൈവങ്ങൾക്ക് അനുമതിയില്ലാതെ തന്നെ അവർക്കാവശ്യമായത് ശുപാർശ ചെയ്ത് പിടിച്ച് വങ്ങിക്കൊടുക്കാൻ സാധിക്കും എന്നായിരുന്നു.അപ്പോൾ ശുപാർശ ചെയ്യുമെന്ന വിശ്വാസമല്ല കുഴപ്പം അള്ളാഹുവിൻ്റെ അനുമതിയില്ലാതെ ശുപാർശ ചെയ്യും എന്ന് പറയുന്നതാണ് പ്രശ്നം .വിശ്വാസിയും ബഹുദൈവാരാധകരും വേർതിരിയുന്നത് ഈ പോയിൻ്റിലാണ്. മഹാന്മാരുടെ ശുപാർശ നാം പ്രതീക്ഷിക്കുന്നുണ്ട് പക്ഷെ അത് അള്ളാഹുവിൻ്റെ അന്മതിയോടെയാണ് സാധ്യമാവുക എന്നാണ് നമ്മുടെ വിശ്വാസം. സത്യവിശ്വാസികൾക്ക് ശുപാർശ ചെയ്യാനേ അള്ളാഹു അനുമതി നൽകുകയുള്ളൂ എന്നു കൂടി ഖുർആൻ പഠിപ്പിച്ചിട്ടുണ്ട് (ഇരുപത്തി ഒന്നാം അദ്ധ്യായം –അൽ അമ്പിയാഅ്-28 അള്ളാഹു തൃപ്തിപ്പെട്ടവർക്ക് വേണ്ടിയല്ലാതെ അവർ ശുപാർശ ചെയ്യുകയില്ലഏകദൈവ വിശ്വാസം സ്വീകരിച്ചവർ എന്നാണ് ഇവിടെ ഉദ്ദേശ്യം )
അവരുടെ ഹൃദയങ്ങളിൽ നിന്ന് പരിഭ്രമം നീങ്ങിക്കഴിയുമ്പോൾഎന്ന് പറഞ്ഞത് അന്ത്യനാളിൽ ശുപാർശ ചെയ്യുന്നവരും ശുപാർശ ചെയ്യപ്പെടുന്നവരും അള്ളാഹുവിൻ്റെ അനുമതിക്കായി വളരെ ഭയത്തോടെ നിൽക്കും അനുമതി ലഭിക്കുന്നതോടെ ഭയം നീങ്ങും അപ്പോൾ അവർ പരസ്പരം ചോദിക്കും എന്താണ് അള്ളാഹു പറഞ്ഞത് ? അവർ മറുപടി പറയും സത്യമാണ് പറഞ്ഞത്. അള്ളാഹു പൊരുത്തപ്പെടുന്ന വിശ്വാസികൾക്ക് ശുപാർശക്ക് അനുമതി നൽകുമെന്നാണാ സത്യം എന്ന് ഇമാം ബൈളാവി വിവരിക്കുന്നു

അള്ളാഹു നമ്മെ വിജയികളിൽ ചേർക്കട്ടെ ആമീൻ


(തുടരും)
ഇൻശാ അള്ളാഹ്






ശാശ്വതമായ വിജ്ഞാനത്തിന്റെ വെളിച്ചം തേടുന്നവരുടെ പാതയില്‍ വഴികാട്ടിയായി,www.vazhikaati.com

No comments: