Monday, February 23, 2009

അദ്ധ്യായം 79 ( അന്നാസിആത്ത്‌ ) سورة النازعات part-2



അദ്ധ്യായം 79  സൂറ : അന്നാസിആത്ത് سورة النازعات   | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 46  

بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

( part-2 ( സൂക്തങ്ങൾ 15-26) )



هَلْ أتَاكَ حَدِيثُ مُوسَى.15

(നബിയേ) മൂസാ നബിയുടെ വർത്തമാനം താങ്കൾക്ക്‌ വന്നുവോ?


സീനാ പർവ്വതത്തിലെ ഥുവാ- താഴ്‌വരയിൽ വെച്ച്‌ അല്ലാഹു മൂസാനബിയോട്‌ സംസാരിച്ച കാര്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌. ഖുർആൻ മുമ്പ്‌ പലയിടത്തും ഇത്‌ വിശദീകരിച്ചിട്ടുണ്ട്‌ പ്രബോധന വീഥിയിൽ പ്രയാസങ്ങളുടെ വേലിയേറ്റം അനുഭവപ്പെട്ടിരുന്ന നബി() യെ ആശ്വസിപ്പിക്കുകയാണ്‌ അല്ലാഹു. അഥവാ സത്യ സന്ദേശവുമായി തന്നെ നന്നായി സ്നേഹിച്ചിരുന്ന നാട്ടുകാരുടെ ഇയടയിലേക്കിറങ്ങിയ നബി() യെ നാട്ടുകാർ അംഗീകരിക്കുന്നതിനു പകരം കഷ്ടപ്പെടുത്താനും ഉപദ്രവിക്കാനും തുടങ്ങിയപ്പോൾ ഈ നിസ്സഹകരണം തങ്ങൾക്ക്‌ മാത്രമല്ലെന്നും മുൻ കാല നബിമാർക്കും ഇതേപോലുള്ള ദുരനുഭവങ്ങൾ ധാരാളമുണ്ടായിട്ടുണ്ടെന്നും അറിയിച്ചു കൊണ്ട്‌ നബി()ആശ്വസിപ്പിക്കുകയാണ്‌ അല്ലാഹു. (ഖുർത്വുബി).

നബി() തങ്ങളുടെ കാലഘട്ടത്തിലെ ശത്രുക്കളേക്കാൾ പ്രബലനായിരുന്ന ഫറോവയുടെ സ്വാധീനവും കഴിവുകളും ഉപയോഗിച്ച്‌ മൂസാ(عليه السلام) നെതിരെ എന്തൊക്കെ ക്രൂരത അവൻ കാട്ടിയിട്ടുണ്ട്‌ എന്നത്‌ ചിന്തിച്ച്‌ ആശ്വാസം കണ്ടെത്താനാണ്‌ ഈ പരാമർശം മൂസാ (عليه السلام) നെ ദ്രോഹിച്ച ഫറോവയെ അല്ലാഹു പാഠം പഠിപ്പിച്ച പോലെ തങ്ങളെ കഷ്ടപ്പെടുത്തിയ ശത്രുക്കൾക്കും അർഹമായ ശിക്ഷ ലഭിക്കും എന്ന് ഈ സൂക്തങ്ങൾ സൂചിപ്പിക്കുന്നു(റാസി 31-36)



إِذْ نَادَاهُ رَبُّهُ بِالْوَادِ الْمُقَدَّسِ طُوًى .16

അതായത്‌ 'ഥുവാ' എന്ന പരിശുദ്ധ താഴ്‌വരയിൽ വെച്ച്‌ തന്റെ റബ്ബ്‌ അദ്ദേഹത്തെ വിളിച്ചു പറഞ്ഞ സന്ദർഭം(ഉള്ള വർത്തമാനം)


ഥൂർ പർവ്വതം എന്നത്‌ ധാരാളം ചരിത്രങ്ങൾ പറയാനുള്ള സീനാ മലയാണ്‌ അതിന്റെ താഴ്‌വരയാണ്‌ 'ഥുവാ' എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഥുവായിൽ വെച്ച്‌ മൂസാ(عليه السلام)നോട്‌ അല്ലാഹു നടത്തിയ സംഭാഷണവും അവിടെ നടന്ന മറ്റ്‌ കാര്യങ്ങളും ത്വാഹാ സൂറത്തിന്റെ 9മുതൽ 36 കൂടിയ സൂക്തങ്ങളിൽ അല്ലാഹു സവിസ്തരം പ്രതിപാദിച്ചിട്ടുണ്ട്‌. അത്‌ നമുക്കിങ്ങനെ വായിക്കാം മൂസാ(عليه السلام)ന്റെ വർത്തമാനം തങ്ങൾക്ക്‌ വന്നുവോ?


അതായത്‌ അദ്ദേഹം ഒരു തീകണ്ട സന്ദർഭം! അപ്പോൾ തന്റെ കുടുംബത്തോട്‌‌ മൂസാ(عليه السلام) പറഞ്ഞു നിങ്ങൾ ഇവിടെ നിൽക്കുക ഞാനൊരു തീ കണ്ടിരിക്കുന്നു ഞാൻ നിങ്ങൾക്ക്‌ അതിൽ നിന്ന് തീക്കൊള്ളി(കത്തിച്ചെടുത്ത്‌)കൊണ്ട്‌ വരാം അല്ലെങ്കിൽ ആ തീയുടെ അടുത്ത്‌ വെച്ച്‌ ഒരു വഴികാട്ടിയെ കണ്ടേക്കാം. അങ്ങനെ മൂസാ(عليه السلام) അതിനടുത്ത്‌ ചെന്നപ്പോൾ ഇപ്രകാരം വിളിച്ച്‌ പറയപ്പെട്ടു ( 'ഹേ മൂസാ!ഞാൻ നിന്റെ രക്ഷിതാവാണ്‌ ആകയാൽ താങ്കൾ താങ്കളുടെ രണ്ട്‌ ചെരിപ്പുകൾ അഴിച്ച്‌ വെക്കുക നിശ്ചയം താങ്കൾ ത്വുവാ എന്ന പരിശുദ്ധ താഴ്‌വരയിലാകുന്നു. എന്റെ ദൗത്യത്തിനും സമ്പാഷണത്തിനും താങ്കളെ ഞാൻ തിരഞ്ഞെടുത്തിരിക്കുന്നു അതിനാൽ ബോധനം നൽകപ്പെടുന്നതിനെ ശ്രദ്ധിച്ച്‌ കേൾക്കുക നിശ്ചയം ഞാൻ തന്നെയാണ്‌ അല്ലാഹു ഞാൻ മാത്രമാണ്‌ ആരധ്യൻ! അത്കൊണ്ട്‌ താങ്കൾ എന്നെ മാത്രം ആരാധിക്കുക എന്നെ സ്മരിക്കുന്നതിന്നായി നിസ്ക്കാരം നിലനിർത്തുകയും ചെയ്യുകനിശ്ചയം അന്ത്യ നാൾ വരുന്നതാണ്‌ ഓരോ ആളുകൾക്കും താൻ പരിശ്രമിക്കുന്നതിനു പ്രതിഫലം നൽകപ്പെടുന്നതിന്നായി ഞാൻ അത്‌ ഗോപ്യമായി വെക്കുന്നതാണ്‌. അതിനാൽ അതിൽ വിശ്വസിക്കാതിരിക്കുകയും തന്നിഷ്ടത്തെ പിൻപറ്റുകയും ചെയ്യുന്നവർ അതിൽ നിന്ന് താങ്കളെ തടയാതിരിക്കട്ടെ (തടഞ്ഞാൽ)താങ്കൾ നാശമടയും. താങ്കളുടെ വലതു കയ്യിൽ എന്താണ്‌ മൂസാ?(അല്ലാഹു ചോദിച്ചു)അദ്ദേഹം പറഞ്ഞു അത്‌ എന്റെ വടിയാകുന്നു അതിനുമേൽ ഞാൻ (ആശ്വാസത്തിനായി)ഊന്നുകയും ആടുകൾക്ക്‌ (ഇല)തച്ച്‌ കൊഴിച്ച്‌ കൊടുക്കുകയും ചെയ്യും അതിൽ വേറെയും ഉപയോഗങ്ങളുണ്ട്‌. അല്ലാഹു പറഞ്ഞു അത്‌ (വടി) ഇടുക മൂസാ! അങ്ങനെ അദ്ദേഹം അത്‌ ഇട്ടു .അപ്പോൾ അത്‌ ഓടുന്ന ഒരു പാമ്പായിരിക്കുന്നു! അല്ലാഹു പറഞ്ഞു അതിനെ പിടിക്കുക പേടിക്കണ്ട. നാം അതിനെ ആദ്യ സ്ഥിതിയിൽ തന്നെ ആക്കിതീർക്കും. താങ്കളുടെ കൈ പാർശ്വത്തിലേക്ക്‌ ചേർത്ത്‌ വെക്കുക എന്നാലതു യാതൊരു ദൂഷ്യവും കൂടാതെ-വേളുത്തതായി പുറത്ത്‌ വരും മറ്റൊരു ദൃഷ്ടാന്തമെന്ന നിലക്ക്‌ നമ്മുടെ വലിയ ദൃഷ്ടാന്തങ്ങളിൽ നിന്ന് ചിലത്‌ താങ്കൾക്ക്‌ കാണിച്ചു തരാൻ വേണ്ടിയത്രെ. ഇത്‌ നീ ഫിർഔനിന്റെ അടുത്തേക്ക്‌ പോവുക നിശ്ചയം അവൻ അതിക്രമിയായിരിക്കുകയാണ്‌ അദ്ദേഹം പറഞ്ഞു അല്ലാഹുവേ എന്റെ ഹൃദയം എനിക്ക്‌ നീ വിശാലമാക്കിത്തരേണമേ!. എന്റെ കാര്യം എനിക്ക്‌ എളുപ്പമാക്കിത്തരികയും ചെയ്യേണമേ! എന്റെ നാവിൽ നിന്നു നീ കെട്ടഴിച്ച്‌ തരികയും ചെയ്യേണമേ! എന്നാൽ അവർ എന്റെ വാക്ക്‌ ഗ്രഹിച്ച്‌ കൊള്ളും എന്റെ കുടുംബത്തിൽ നിന്ന് എനിക്കൊരു സഹായിയെ നീ നിശ്ചയിച്ച്‌ തരികയും ചെയ്യേണമേ!അതായത്‌ എന്റെ സഹോദരൻ ഹാറൂനിനെ! ഹാറൂൻ(അ)യെക്കൊണ്ട്‌ എന്റെ എന്റെ ശക്തി നീ ഉറപ്പിച്ച്‌ തരേണമേ! എന്റെ കൃത്യനിർവ്വഹണകാര്യത്തിൽ അവനെയും നീ പങ്ക്‌ ചേർത്ത്‌ തരേണമേ!ഞങ്ങൾ നിനക്ക്‌ ധാരാളമായി (നിന്റെ) പരിശുദ്ധിയെ പ്രകീർത്തനം ചെയ്യാനും ഞങ്ങൾ നിന്നെ അധികമായി സ്മരിക്കാനും വേണ്ടി. നിശ്ചയം നീ ഞങ്ങളെ പറ്റി കണ്ടറിയുന്നവനാകുന്നു!അല്ലാഹു പറഞ്ഞു. താങ്കൾ ചോദിച്ചത്‌ നൽകപ്പെട്ടിരിക്കുന്നു മൂസാ! )

ഇത്രയുമാണാ സംഭവം അതിലെ ഏതാനും കാര്യങ്ങളാണ്‌ ഇവിടെ അല്ലാഹു സൂചിപ്പിക്കുന്നത്


اذْهَبْ إِلَى فِرْعَوْنَ إِنَّهُ طَغَى 17

താങ്കൾ ഫറോവയുടെ അടുക്കലേക്ക്‌ പോവുക നിശ്ചയമായും അവൻ (ധിക്കാരത്തിൽ) അതിരു കവിഞ്ഞിരിക്കുന്നു.

പരിധി ലംഘിക്കുക എന്നാണ്‌ ത്വുഗ്‌യാൻ എന്ന് പറഞ്ഞാൽ. എന്തിലാണവൻ പരിധി ലംഘിച്ചത്‌ എന്ന് ഇവിടെ വ്യക്തമാക്കപ്പെട്ടില്ല അത്‌ കൊണ്ട്‌ ഖുർആൻ വ്യാഖ്യാതാക്കൾ ഇവിടെ രണ്ട്‌ അഭിപ്രായക്കാരാണ്‌ (1) അല്ലാഹുവിന്റെ മേൽ അഹങ്കരിക്കുകയും അവനെ നിഷേധിക്കുകയും ചെയ്തു എന്നാണ്‌ ഒരു പക്ഷം (2) ബനൂ ഇസ്രയേലിനോട്‌ അതിക്രമം കാണിച്ച്‌ എന്ന് മറ്റൊരു പക്ഷം. രണ്ടും ഉദ്ദേശ്യമാണെന്നാണ്‌ എന്റെ പക്ഷം! അഥവാ അല്ലാഹുവിനെ നിഷേധിക്കുക വഴി അല്ലാഹുവോടും സൃഷ്ടികളെ അടിമകളാക്കി തന്നെ ആരാധിപ്പിച്ച വകയിൽ സൃഷ്ടികളോടും അവൻ അഹങ്കാരം കാണിച്ചു (റാസി31-37)

18فَقُلْ هَل لَّكَ إِلَى أَن تَزَكَّى

എന്നിട്ട്‌(ഇങ്ങനെ ചോദിക്കുക)പരിശുദ്ധി പ്രാപിക്കുന്നതിനു നിനക്ക്‌ ഒരുക്കമുണ്ടോ?

وَأَهْدِيَكَ إِلَى رَبِّكَ فَتَخْشَى19

രക്ഷിതാവിങ്കലേക്ക്‌ ഞാൻ നിന്നെ വഴി കാണിക്കുകയും അങ്ങനെ നീ അവനെ വഴിപ്പെടുകയും ചെയ്യുവാൻ നീ ഒരുക്കമുണ്ടോ?

നിന്റെ ഇപ്പോഴുള്ള അഹങ്കാരം മാറ്റിവെച്ച്‌ നന്നാവാനുള്ള ഒരു വഴിയുമായാണ്‌ ഞാൻ വന്നതെന്നും നന്നാവാൻ ഒരുക്കമാണോ എന്നും ആണ്‌ ചോദ്യം. നന്നാവാൻ നീ തീരുമാനിക്കുന്നുവെങ്കിൽ അല്ലാഹുവേക്കുറിച്ച്‌ നിനക്ക്‌ ഭക്തിയുണ്ടാവാൻ ആവശ്യമായതൊക്കെ ഞാൻ കാണിച്ച്‌ തരാം എന്നാണ്‌ മൂസാ(عليه السلام)പറയുന്നത്‌


فَأَرَاهُ الْآيَةَ الْكُبْرَى 20

അങ്ങനെ അദ്ദേഹം(മൂസാനബി) അവന്നു വമ്പിച്ച (ആ) ദൃഷ്ടാന്തം കാണിച്ച്‌ കൊടുത്തു

അല്ലാഹുവിനെഅനുസരിക്കുന്നതിനും മുമ്പ്‌ ആവശ്യമാണ്‌ അവനെക്കുറിച്ചുള്ള അറിവ്‌ എന്ന് ഈ സൂക്തങ്ങൾ വ്യക്തമാക്കുന്നു. അത്‌ കൊണ്ടാണ്‌ വഴികാണിക്കാം എന്നതിനു ശേഷം മാത്രം അല്ലാഹുവിനെ ഭയപ്പെടുന്ന വിഷയം പറഞ്ഞത്‌ അത്‌ പോലെ ഭയം ഉണ്ടാവാൻ അറിവ്‌ കൂടാതെ കഴിയില്ലെന്നും വ്യക്തമായി അത്‌ കൊണ്ടാണ്‌ അല്ലാഹു തന്നെ പറഞ്ഞത്‌ നിശ്ചയം അല്ലാഹുവിനെ കുറിച്ച്‌ അറിയുന്നവർ മാത്രമാണ്‌ അവനെ ഭയപ്പെടുന്നവർ (സൂറ:ഫാതിർ 28)

ഭയമാണ്‌ എല്ലാ നന്മയുടെയും നാരായ വേര്‌ എന്നും അല്ലാഹുവിനെ ഭയപ്പെടുന്നവരിൽ നിന്ന് നന്മകൾ മാത്രമേ ഉണ്ടാവുകയുള്ളൂ എന്ന് ഇതിൽ നിന്ന് വ്യക്തം !(റാസി31-38/39)

മൂസാ(عليه السلام) കാണിച്ച്‌ കൊടുത്ത വലിയ രണ്ട്‌ ദൃഷ്ടാന്തങ്ങൾ വടി നിലത്തിട്ട്‌ പാമ്പാക്കലും കൈ പാർശ്വത്തിലേക്ക്‌ വെച്ച്‌ പുറത്തേക്കെടുത്താൽ പ്രകാശിക്കുന്നതുമായിരുന്നു.

21فَكَذَّبَ وَعَصَى

അപ്പോൾ അവൻ നിഷേധിക്കുകയും അനുസരണക്കേട്‌ കാണിക്കുകയും ചെയ്തു

ثُمَّ أَدْبَرَ يَسْعَى 22

പിന്നീട്‌ അവൻ (മൂസാ നബിക്കെതിരിൽ)പരിശ്രമിക്കുന്നവനായിക്കൊണ്ട്‌ പിന്തിരിഞ്ഞു പോയി
فَحَشَرَ فَنَادَى 23

അങ്ങനെ അവൻ (തന്റെ ജനങ്ങളെ) ഒരുമിച്ച്കൂട്ടി എന്നിട്ടവൻ വിളിച്ചു(പ്രഖ്യാപിച്ചു)

فَقَالَ أَنَا رَبُّكُمُ الْأَعْلَى24

എന്നിട്ടവൻ പറഞ്ഞു ഞാനാണ്‌ നിങ്ങളുടെ സമുന്നതനായ രക്ഷിതാവ്‌!

മൂസാ (عليه السلام) കാണിച്ച തെളിവുകൾ അംഗീകരിക്കുന്നതിനു പകരം അവൻ ഇത്‌ ജാല വിദ്യയാണെന്ന് പറഞ്ഞു തള്ളിക്കളയുകയും നിങ്ങൾക്ക്‌ ഞാനല്ലാതൊരു രക്ഷിതാവില്ലെന്ന് പറഞ്ഞ്‌ അഹങ്കരിക്കുകയും ഇതിനു വേണ്ടി ജനങ്ങളെ ഒരുമിച്ച്‌ കൂട്ടുകയും ചെയ്തു അവൻ!

فَأَخَذَهُ اللَّهُ نَكَالَ الْآخِرَةِ وَالْأُولَى 25

അപ്പോൾ അല്ലാഹു അവനെ പരലോകത്തിന്റെയും ഇഹലോകത്തിന്റെയും ശിക്ഷാനടപടിയായി അല്ലാഹു അവനെ ശിക്ഷിച്ചു.

ചെങ്കടലിൽ ഫറോവയെ മുക്കിക്കൊന്നത്‌ ഇഹലോകത്ത്‌ അവന്ന് ലഭിച്ച ശിക്ഷയാണെങ്കിൽ പരലോകത്ത്‌ കത്തി എരിയുന്ന നരകം അവനെ കാത്തിരിക്കുന്നു!

إِنَّ فِي ذَلِكَ لَعِبْرَةً لِّمَن يَخْشَى26

നിശ്ചയം ഭയപ്പെടുന്നവർക്ക്‌ അതിൽ ഒരു വലിയ പാഠമുണ്ട്‌.

മനുഷ്യൻ എത്ര തന്നെ സ്വാധീനമുള്ളവനായാലും അല്ലാഹുവിനെ വെല്ലുവിളിക്കുന്നതും നിരാകരിക്കുന്നതും തെറ്റ്‌ തന്നെ!ഫറോവയുടെ ദാരുണ മരണം ചിന്താശേഷിയുള്ളവരുടെയെക്കെ മനസ്സിൽ അല്ലാഹുവോടുള്ള ഭയത്തിന്റെ ശക്തമായ പ്രതിഫലനം ഉണ്ടാക്കും എന്ന് സാരം!


( part-2 ( സൂക്തങ്ങൾ  27 to 46) ) CLICK HERE TO READ


4 comments:

വഴികാട്ടി / pathfinder said...

സൂറ: അന്നാസിആത്ത്‌ 79- سورة النازعات ( part-2 ( സൂക്തങ്ങൾ 15-26) )

prachaarakan said...

good
thanks for this post

വഴികാട്ടി / pathfinder said...

dear readers,

please read the last part
സൂറ: അന്നാസിആത്ത്‌ 79- سورة النازعات
സൂക്തങ്ങൾ 27-46

വഴികാട്ടി / pathfinder said...

EDITED AND UPDATED WITH PDF FILE