Wednesday, May 6, 2009

അദ്ധ്യായം 83, സൂറ :മുതഫ്‌ഫിഫീൻ سورة المطففين (ഭാഗം-2)

അദ്ദ്യായം 83 സൂറ: അൽ മുതഫ്ഫീൻ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 36
(നബി മദീനയിൽ എത്തിയ ഉടനെ അവതരിച്ചത് എന്നും അഭിപ്രായമുണ്ട്)


بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


ഭാഗം 2 : (7 മുതൽ 21 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം )


ഭാഗം 1 ( 1 മുതൽ 6 വരെ ) ഇവിടെ ക്ലിക് ചെയ്ത് വായിക്കുക



7. كَلَّا إِنَّ كِتَابَ الفُجَّارِ لَفِي سِجِّينٍ

വേണ്ട! നിശ്ചയം ദുർമ്മാർഗികളുടെ രേഖ :സിജ്ജീനിൽ തന്നെയാകുന്നു.

8.وَمَا أَدْرَاكَ مَا سِجِّينٌ

സിജ്ജീൻ എന്നാൽ എന്താണെന്ന് തങ്ങൾക്ക്‌ അറിവ്‌ നൽകിയതെന്താണ്‌?

9.كِتَابٌ مَّرْقُومٌ

എഴുതപ്പെട്ട ഒരു ഗ്രന്ഥമാണ്‌ (അത്‌)

അളത്തത്തിലും തൂക്കത്തിലും കുറവ്‌ വരുത്തുക എന്ന വലിയൊരു കുറ്റത്തിന്റെ വിശദീകരണത്തിനു ശേഷം അതിന്റെ തുടർച്ചയായി വരുന്ന വിഷയങ്ങൾ വിശദീകരിക്കുയാണ്‌ ഇവിടെ كَلَّا എന്ന പ്രയോഗം പുനർജ്ജന്മ-വിചാരണ ഓർക്കാതെ അളത്തത്തിലും തൂക്കത്തിലും കുറവ്‌ വരുത്തുന്ന പ്രവർത്തനം അവസാനിപ്പിച്ച്‌ യാഥാർത്ഥ്യ ബോധത്തിലേക്ക്‌ കടന്ന് വരണമെന്ന നിർദ്ദേശത്തിന്റെ ഭാഗമാണ്‌. സിജ്ജീൻ എന്നാൽ പിശാചുക്കൾ ഉൾപ്പെടെ ദുഷ്ക്കർമ്മികളുടെ പ്രവർത്തനങ്ങൾ എല്ലാം രേഖപ്പെടുത്തിയ ഒരു കേന്ദ്രമാണെന്നും നരകം തന്നെയാണെന്നും മറ്റും അഭിപ്രായങ്ങളുണ്ട്‌ അതിന്റെ ഭയങ്കരതയും ഗൗരവവും ചൂണ്ടിക്കാട്ടുന്നതാണ്‌ 8-മത്‌ സൂക്തം. 9-മത്‌ വാക്യം സിജ്ജീൻ എന്നതിന്റെ ഒരു നിർവ്വജനമല്ല മറിച്ച്‌ അതിന്റെ ഒരു വിവരണമാണ്‌ എല്ലാം രേഖപ്പെടുത്തി വെച്ചിരിക്കുന്നതാണ്‌ അതെന്ന് ചുരുക്കം.

ഇമാം ത്വബരി رحمة الله عليه എഴുതുന്നു. ബറാഅ് رضي الله عنه നബി യിൽ നിന്ന് റിപ്പോർട്ട്‌ ചെയ്യുന്നു. ദുർമാർഗിയുടെ ആത്മാവിനെ കുറിച്ച്‌ വിശദീകരിച്ച്‌ കൊണ്ട്‌ നബി പറഞ്ഞു ശരീരത്തിൽ നിന്ന് പിടിച്ചെടുത്ത ആത്മാവുമായി മലക്കുകൾ ആകാശത്തേക്ക്‌ കയറും അപ്പോൾ മലക്കുകൾ പറയും ഏതാണീ വൃത്തികെട്ട ആത്മാവ്‌? അങ്ങനെ ആകാശ കവാടം തുറക്കാൻ ആവശ്യപ്പെടും അപ്പോൾ ആ ആത്മാവിനു വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെടുകയില്ല. പിന്നീട്‌ നബി സൂറ: അ അ്റാഫി ലെ 40-മത്‌ വചനം പാരായണം ചെയ്തു.


إِنَّ الَّذِينَ كَذَّبُواْ بِآيَاتِنَا وَاسْتَكْبَرُواْ عَنْهَا لاَ تُفَتَّحُ لَهُمْ أَبْوَابُ السَّمَاء وَلاَ يَدْخُلُونَ الْجَنَّةَ حَتَّى يَلِجَ الْجَمَلُ فِي سَمِّ الْخِيَاطِ وَكَذَلِكَ نَجْزِي الْمُجْرِمِينَ


അവർക്ക്‌(ദുരാത്മാക്കൾക്ക്‌)വേണ്ടി ആകാശ കവാടങ്ങൾ തുറക്കപ്പെടുകയോ അവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയോ ഇല്ല.സൂചിക്കുഴലിലൂടെ ഒട്ടകം പ്രവേശിക്കുന്നത്‌ വരെ..(അഅ്റാഫ്‌ 40)അപ്പോൾ അല്ലാഹു പറയും അവന്റെ ഗ്രന്ഥം താഴേ ഭൂമിയിലുള്ള സിജ്ജീനിൽ രേഖപ്പെടുത്തൂ എന്ന്.(ത്വബരി 30/106) ഇവിടെ സിജ്ജീൻ താഴേഭൂമിയിലാണെന്ന് സ്ഥിരീകരിക്കുന്നു.


10.وَيْلٌ يَوْمَئِذٍ لِّلْمُكَذِّبِينَ
വ്യാജമാക്കുന്നവർക്ക്‌ അന്നത്തെ ദിവസം മഹാനാശം!

11.الَّذِينَ يُكَذِّبُونَ بِيَوْمِ الدِّينِ

അതായത്‌ പ്രതിഫല ദാന ദിനത്തെ നിഷേധിക്കുന്നവർക്ക്‌


12.وَمَا يُكَذِّبُ بِهِ إِلَّا كُلُّ مُعْتَدٍ أَثِيمٍ

മഹാപാപിയായ അതിക്രമികളല്ലാതെ അതിനെ നിഷേധിക്കുകയില്ല താനും!


13إِذَا تُتْلَى عَلَيْهِ آيَاتُنَا قَالَ أَسَاطِيرُ الْأَوَّلِينَ

നമ്മുടെ ആയത്തുകൾ(ലക്ഷ്യം)അവനു ഓതിക്കേൾപ്പിക്കപ്പെട്ടാൽ ഇത്‌ പൂർവ്വീകരുടെ പഴങ്കഥ(ഐതിഹ്യം) കളാണെന്ന് അവൻ പറയും.

പ്രതിഫല ദിനത്തെ നിഷേധിക്കുന്നവർക്ക്‌ അന്നേ ദിവസം വലിയ ശിക്ഷ ലഭിക്കും അവരുടെ മൂന്ന് ലക്ഷണങ്ങളാണ്‌ അല്ലാഹു പറയുന്നത്‌ 1)അതിക്രമി :-അതായത്‌ ശരിയായ വഴിയിൽ നിന്ന് തെറ്റിയവർ. 2) കുറ്റവാളി :- അതായത്‌ തെറ്റുകളിൽ മുഴുകിയവർ. 3)ലക്ഷ്യങ്ങൾ ഓതിക്കേൾപ്പിച്ചാൽ അത്‌ ഐതിഹ്യമാണെന്നോ കെട്ട്കഥയാണെന്നോ ഒക്കെ പറഞ്ഞ്‌ സത്യത്തെ നിരാകരിക്കുന്നവർ.

ഇമാം റാസി رحمة الله عليه എഴുതുന്നു മനുഷ്യനു രണ്ട്‌ തരം കഴിവുകളുണ്ട്‌ ഒന്ന് ചിന്താപരം. അല്ലാഹുവിനെ ശരിയായി അറിയുന്നതിലൂടെയാണ്‌ അതിന്റെ പൂർണ്ണത കൈവരിക രണ്ട്‌ കർമ്മ പരം. നന്മ ഏതാണെന്ന് കൃത്യമായി അറിയലും തദനുസാരം പ്രവൃത്തിക്കലിലൂടെയുമാണതിന്റെ പൂർണ്ണത എന്നാൽ അല്ലാഹുവിനെ പറ്റി അസത്യം പറയുന്നതിലൂടെ അല്ലാഹുവിനെ അറിയുക എന്ന ചിന്താപരമായ കഴിവുകൾ അവൻ നശിപ്പിക്കുന്നു.അല്ലാഹുവിനു പുനർജ്ജനിപ്പിക്കാൻ കഴിയില്ലെന്ന വാദം ആ ഗണത്തിലാണ്‌ വരിക. ആ തോന്നലിൽ നിന്നാണ്‌ ദേഷ്യവും വികാരവും അവനിൽ നുരഞ്ഞ്‌ പൊങ്ങുന്നതും കുറ്റവാളിയാവാൻ അവൻ ധൈര്യം കാണിക്കുന്നതും .ഇതാണ്‌ കർമ്മ പരമായ ശക്തിയുടെ അപചയം(റാസി 31/86-87)

അല്ലാഹു നിശ്ചയിച്ച നിയമങ്ങളെ കുറിച്ച്‌ ഉൽബോധനം നൽകപ്പെട്ടാൽ എല്ലാ കാലത്തുമുള്ള താന്തോന്നികളുടെ പ്രതികരണമാണിവിടെ ഖുർആൻ പറയുന്നത്‌. ലക്ഷ്യങ്ങൾ -മത മൂല്യങ്ങൾ കേൾക്കുമ്പോൾ അത്‌ പിന്തിരിപ്പനാണ്‌ പഴഞ്ചനാണ്‌ എന്നൊക്കെയുള്ള പ്രതികരണം മുഖേന തൃപ്തിയടയുക എന്നത്‌ തങ്ങൾ ചെയ്ത്‌ കൊണ്ടിരിക്കുന്ന തെറ്റുകൾക്ക്‌ മറയിടാനാണ്‌ അത്തരക്കാർ ഉപയോഗിക്കുന്നത്‌ എന്നാൽ ഇത്തരക്കാരുടെ ഈ നിഷേധാത്മക നിലപാടിനുള്ള കാരണമാണ്‌ അടുത്ത സൂക്തത്തിൽ അല്ലാഹു സൂചിപ്പിക്കുന്നത്‌

14.كَلَّا بَلْ رَانَ عَلَى قُلُوبِهِم مَّا كَانُوا يَكْسِبُونَ

അങ്ങനെയല്ല!പക്ഷെ അവർ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്‌ അവരുടെ ഹൃദയങ്ങളിൽ കറപിടിപ്പിച്ചിരിക്കുന്നു.

അഥവാ ഖുർആനോ ഇസ്‌ലാമിക പ്രമാണങ്ങളോ കെട്ട്‌ കഥയോ അസത്യമോ ആയതല്ല അവർ വിശ്വസിക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം മറിച്ച്‌ അവരുടെ കുറ്റങ്ങളുടെ ആധിക്യത്താൽ ഹൃദയം കറ പിടിക്കുകയും അതിലേക്ക്‌ നന്മയൊന്നും പ്രവേശിക്കാതാവുകയും ചെയ്തതാണ്‌ ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു. അബൂഹുറൈറ: رضي الله عنه ൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസിലിങ്ങനെ കാണാം. 'നബി പറഞ്ഞു; ഒരാൾ ഒരു പാപം ചെയ്താൽ അത്‌ അവന്റെ ഹൃദയത്തിൽ ഒരു കറുത്ത പുള്ളിയായിത്തീരും ആ പുള്ളി എടുത്ത്‌ മാറ്റാനായി അവൻ പശ്ചാത്താപിച്ചാൽ അവന്റെ ഹൃദയം തെളിഞ്ഞു വരും അതെ സമയം പാപം വർദ്ധിച്ചാൽ ഹൃദയം കൂടുതൽ കറുത്ത്‌ പോകും അതാണ്‌ അല്ലാഹു അവരുടെ പ്രവർത്തനം കാരണത്താൽ അവരുടെ ഹൃദയത്തിൽ കറപിടിപ്പിച്ചിരിക്കുന്നു എന്ന് അല്ലാഹു പറഞ്ഞത്‌. (ഖുർത്വുബി 19/183)

അപ്പോൾ പാപങ്ങൾ വർദ്ധിക്കും തോറും കറ കൂടുന്നതിനാൽ നന്മകൾ പ്രവേശിക്കാത്ത ചെളിക്കുണ്ടായി ഹൃദയം മാറും. അത്‌ കഴുകി വൃത്തിയാക്കാനായി തൗബ എന്ന പശ്ചാത്താപത്തിന്റെ ശുദ്ധീകരണ പ്രക്രിയ ഉപയോഗപ്പെടുത്തണം. അത്‌ ചെയ്യാത്തവരത്രെ സത്യത്തോട്‌ പുറം തിരിഞ്ഞു നിൽക്കുന്ന ഹതഭാഗ്യരൊക്കെ!

15.كَلَّا إِنَّهُمْ عَن رَّبِّهِمْ يَوْمَئِذٍ لَّمَحْجُوبُونَ 

വേണ്ട! നിശ്ചയം അന്നത്തെ ദിവസം അവർ തങ്ങളുടെ നാഥനിൽ നിന്നും മറയിടപ്പെടുന്നവർ തന്നെയായിരിക്കും

16.ثُمَّ إِنَّهُمْ لَصَالُوا الْجَحِيمِ

അനന്തരം നിശ്ചയം അവർ ജ്വലിക്കുന്ന അഗ്നിയിൽ പ്രവേശിക്കുന്നവർ തന്നെയാണ്‌.

സത്യത്തോട്‌ പുറം തിരിഞ്ഞു നിൽക്കുകയും, കുറ്റത്തിൽ മുങ്ങുകയും ചെയ്തവർക്ക്‌ അല്ലാഹുവിനെ കാണാനാവില്ലെന്നാണ്‌ അല്ലാഹു പറയുന്നത്‌ അവരുടെ വാസ സ്ഥലം കത്തിജ്വലിക്കുന്ന നരകമാണെന്ന മുന്നറിയിപ്പും അല്ലാഹു നൽകുന്നു അതിനാൽ ഏറ്റവും ആനന്ദദായകമായ ദൈവിക ദർശനത്തിനു വേണ്ടി ജീവിതത്തെ തിന്മകളിൽ നിന്ന് മുക്തമാക്കാൻ ശ്രദ്ധിക്കേണ്ടവരാണ്‌ നാം. കാരണം കുറ്റവാളിയായതിനാൽ കറ പുരണ്ട മനസിനുടമയായത്‌ കൊണ്ടാണ്‌ അവൻ അല്ലാഹിവിനെ തൊട്ട്‌ മറയിടപ്പെട്ടതെന്ന് വ്യക്തമാവുന്നതോടെ തെളിഞ്ഞ മനസിന്റെ ഉടമക്ക്‌, വിശുദ്ധ ജീവിതം നയിച്ചവർക്ക്‌, ദൈവീക ദർശനം യാഥാർത്ഥ്യമാകുമെന്ന് കൂടി ഉറപ്പാകുന്നു. ഇതിനായി ശ്രമിക്കാൻ അല്ലാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

17.ثُمَّ يُقَالُ هَذَا الَّذِي كُنتُم بِهِ تُكَذِّبُونَ

പിന്നെ അവരോട്‌ പറയപ്പെടും ഇതത്രെ നിങ്ങൾ നിഷേധിച്ച്‌ കൊണ്ടിരുന്നത്‌ എന്ന്!

ഒരു വല്ലാത്ത പ്രതികരണമാണിത്‌. ജീവിതം സുഖിക്കാനുള്ളതാണെന്നും ഈ ജീവിതത്തിനു ശേഷം ശൂന്യതയാണെന്നും ജൽപ്പിക്കുന്നവർക്ക്‌ കനത്ത മറുപടിയാണീ സൂക്തം. ഇപ്പോൾ എന്തായി നീ നിഷേധിച്ച ആ നരകം അനുഭവിക്കാനായില്ലേ എന്ന ഓർമ്മപ്പെടുത്തൽ ഏതൊരു നിഷേധിയുടെയും കരൾ പിളർക്കുന്ന അനുഭവം തന്നെ! അല്ലാഹു നമ്മെ രക്ഷപ്പെടുത്തട്ടെ ആമീൻ


18.كَلَّا إِنَّ كِتَابَ الْأَبْرَارِ لَفِي عِلِّيِّينَ

വേണ്ട! നിശ്ചയം പുണ്യവാന്മാരുടെ ഗ്രന്ഥം ഇല്ലിയ്യീനിൽ തന്നെയായിരിക്കും


19.وَمَا أَدْرَاكَ مَا عِلِّيُّونَ

ഇല്ലിയ്യീൻ എന്നാൽ എന്താണെന്ന് തങ്ങൾക്ക്‌ വിവരം നൽകിയതെന്താണ്‌?

20.كِتَابٌ مَّرْقُومٌ
എഴുതപ്പെട്ട ഒരു ഗ്രന്ഥമത്രെ അത്‌
21.يَشْهَدُهُ الْمُقَرَّبُونَ

അതിന്റെ അടുക്കൽ (അല്ലാഹുവിന്റെ സാമീപ്യം സിദ്ധിച്ചവർ സന്നിഹിതരാവുന്നതാണ്‌)

ദുർമ്മാർഗികളുടെ അവസ്ഥ വിശദീകരിച്ചതിനു ശേഷം പുണ്യവാന്മാരുടെ അവസ്ഥ വിശദീകരിക്കുകയാണ്‌. ഇല്ലിയ്യീൻ എന്നാൽ വളരെ ഉന്നതവും ശ്രേഷ്ടവുമായ ഒരു പ്രത്യേക സ്ഥാനമാണെന്നും സ്വർഗമാണെന്നും മറ്റും അഭിപ്രായമുണ്ട്‌. അവിടെ മലക്കുകൾ സന്നിഹിതരാവുമെന്നത്‌ സജ്ജനങ്ങളുടെ ഗ്രന്ഥങ്ങൾക്ക്‌ അല്ലാഹു നൽകുന്ന ആദരണീയമായ സ്ഥാനമാണ്‌ നമുക്ക്‌ മനസിലാക്കിത്തരുന്നത്‌.


ഇമാം ഖുർത്വുബി رحمة الله عليه എഴുതുന്നു. പുണ്യാത്മാക്കളുടെ സൽപ്രവർത്തനങ്ങൾക്ക്‌ എല്ലാ ആകാശത്തുമുള്ള മലക്കുകൾ സാക്ഷികളാവുന്നു, അതായത്‌ ഒരു സത്യ വിശ്വാസി ഒരു സൽക്കർമ്മം ചെയ്താൽ ആരേഖയുമായി മലക്കുകൾ ആകാശത്തേക്ക്‌ കയറിപ്പോകും സൂര്യൻ ഭൂമിയിൽ പ്രകാശം പരത്തുന്നത്‌ പോലെ ആ രേഖ ആകാശത്തൊക്കെ പ്രകാശം പരത്തും.അങ്ങനെ അത്‌ ഇസ്രാഫീൽ عليه السلام ന്റെ അടുത്തെത്തിക്കുകയും അദ്ദേഹം അതിനെ സീൽ ചെയ്ത്‌ സൂക്ഷിക്കുകയും ചെയ്യും. ഇതാണ്‌ മലക്കുകൾ സന്നിഹിതരാവും എന്നതിന്റെ താൽപര്യം!(ഖുർത്വുബി 19/186)

ഭാഗം 3 ( 22 മുതൽ 36 വരെ ) ഇവിടെ ക്ലിക് ചെയ്ത് വായിക്കുക

5 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 83 മുതഫ്ഫിഫീൻ

ഭാഗം 2 : (7 മുതൽ 21 വരെയുള്ള സൂക്തങ്ങളുടെ വിശദീകരണം )

Unknown said...

വിളക്കിന്റെ വെളിച്ചം കൂടുതൽ പേർക്ക് ഫലം ചെയ്യട്ടെ
അണിയറയിലുള്ളവർക്ക് ആശംസകൾ

Anonymous said...

ALL THE BEST

ഈ ബ്ലോഗ് എന്റെ നിത്യ ജീവിതത്തിൽ വളരെ മാറ്റങ്ങളുണ്ടാക്കി . അല്ലാഹു അനുഗ്രഹിക്കട്ടെ

Anonymous said...

വളരെ നല്ല വിവരണം. അല്ലാഹു സ്വീകരിക്കട്ടെ. ആമീൻ

വഴികാട്ടി / pathfinder said...

edited and updated. pdf file added