Wednesday, July 15, 2009

അദ്ധ്യാ‍യം 89 ; സൂറ അൽ-ഫജ്‌ർ-ഭാഗം-2

അദ്ധ്യായം 89 സൂറത്തുൽ  ഫജ്‌ർ  | മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ   30

15 മുതൽ 30 വരെ സൂക്തങ്ങളുടെ വിവരണം

ഭാഗം 1 ( 1 മുതൽ 14 വരെ സൂക്തങ്ങളുടെ വിവരണം ) ഇവിടെ ക്ലിക് ചെയ്ത് വായിക്കാം
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ


പരമ കാരുണികനും കരുണാമയനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

15 فَأَمَّا الْإِنسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ

എന്നാൽ മനുഷ്യൻ-തന്റെ നാഥൻ അവനെ പരീക്ഷിക്കുകയും എന്നിട്ടവനെ ആദരിക്കുകയും അവനു സൗഖ്യം നൽകുകയും ചെയ്താൽ എന്റെ നാഥൻ എന്നെ ആദരിച്ചിരിക്കുന്നു എന്ന് അപ്പോൾ അവൻ പറയും

16. وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ

ഇനി റബ്ബ്‌ തന്നെ പരീക്ഷിക്കുകയും എന്നിട്ട്‌ അവന്റെ മേൽ അവന്റെ ഉപജീവനം കുടുസ്സാക്കുകയും ചെയ്താലോ അപ്പോൾ അവൻ പറയും എന്റെ റബ്ബ്‌ എന്നെ അപമാനിച്ചിരിക്കുന്നു എന്ന് !

മനുഷ്യരിൽ പൊതുവെ കാണുന്ന ഒരു സ്വഭാവമാണിത്‌.സമൃദ്ധിയും സന്തോഷവും ലഭിച്ചാൽ അത്‌ തനിക്ക്‌ അല്ലാഹു തന്ന അംഗീകാരവും ആദരവുമാണെന്ന് ധരിക്കുകയും വിഷമവും ദാരിദ്ര്യവുമാണ്‌ ലഭിക്കുന്നതെങ്കിൽ അല്ലാഹു എന്നെ അപമാനിച്ചു എന്ന് പരാതിപ്പെടുകയും ചെയ്യുക. വാസ്തവത്തിൽ ഭൗതിക ജീവിതത്തിൽ ലഭിക്കുന്ന സുഖങ്ങളാവട്ടെ ദുരിതങ്ങളാവട്ടെ അതൊന്നും അല്ലാഹുവിന്റെ ഇഷ്ടത്തിന്റെയോ വെറുപ്പിന്റെയോ മാനദണ്ഡമല്ല പ്രത്യുത രണ്ടും അല്ലാഹുവിൽ നിന്നുള്ള പരീക്ഷണമാകുന്നു. സൗഖ്യത്തിൽ അല്ലാഹുവിനു നന്ദി രേഖപ്പെടുത്തുകയും ദു:ഖത്തിൽ ക്ഷമ കൈക്കൊള്ളുകയും ചെയ്യുക വഴി താൻ പ്രതിഫലാർഹനാവുകയും ചെയ്യും ഇതാണ്‌ ശരിയായ വിശ്വാസിയുടെ കാഴ്ചപ്പാട്‌. എന്നാൽ സുഖത്തിൽ മതിമറന്ന് ആഹ്ലാദിക്കാനും ദുരിതത്തിൽ പൊറുതികേട്‌ കാണിക്കാനുമാണ്‌ മനുഷ്യനു താൽപര്യം ഇത്‌ ശരിയായ നിലപാടല്ലെന്നു ഉണർത്തുകയാണ്‌.

 മുൻ സൂക്തത്തിൽ പറഞ്ഞ അല്ലാഹുവിന്റെ നിരീക്ഷണവുമായി ബന്ധപ്പെട്ടതാണ്‌ ഈ സൂക്തം. അതായത്‌ മനുഷ്യൻ പരലോക രക്ഷക്ക്‌ വേണ്ടി പ്രവർത്തിക്കുന്നുണ്ടോ എന്ന് അല്ലാഹു നിരീക്ഷിക്കുന്നു പക്ഷെ അവന്റെ ചിന്ത മുഴുവനും ഭൂമിയിലെ സുഖങ്ങളിലായിപ്പോകുന്നു ഇവിടെ സുഖം കിട്ടിയാൽ അവൻ സന്തോഷിക്കുകയും കിട്ടിയില്ലെങ്കിൽ വ്യസനിക്കുകയും ചെയ്യുന്നു(റാസി 31/157) എന്നാൽ സത്യ വിശ്വാസി ഇവിടെയുള്ള സുഖവും ദു:ഖവും അനന്തമായ പരലോക ജീവിതത്തിന്റെ സന്തോഷത്തിനായി ഉപയോഗപ്പെടുത്തുകയാണ് വേണ്ടത് അതിനു സുഖത്തിനു നന്ദിയും ദു:ഖത്തിനു ക്ഷമയും കൈകൊള്ളണം

17. كَلَّا بَل لَّا تُكْرِمُونَ الْيَتِيمَ

അങ്ങനെ വേണ്ട! പക്ഷെ (അതിനു പുറമെ) നിങ്ങൾ അനാഥയെ ആദരിക്കുന്നില്ല

18. وَلَا تَحَاضُّونَ عَلَى طَعَامِ الْمِسْكِينِ

പാവപ്പെട്ടവന്റെ ഭക്ഷണ കാര്യത്തിൽ പരസ്പരം പ്രോത്‌സാഹിപ്പിക്കുന്നുമില്ല.

നന്മയിൽ നന്ദി രേഖപ്പെടുത്തുകയും തിന്മയിൽ ക്ഷമകൈക്കൊള്ളുകയും ചെയ്യുന്നില്ലെന്നു മാത്രമല്ല അനാഥകളുടെയും പാവങ്ങളുടെയും കാര്യത്തിൽ നിങ്ങൾ ശ്രദ്ധിക്കുന്നുമില്ല ഏതെങ്കിലും വിധേന സ്വത്ത്‌ വാരിക്കൂട്ടാനും ധനത്തോട്‌ അമിതമോഹം കാണിക്കാനും നിങ്ങൾ വ്യഗ്രത കാണിക്കുന്നു അല്ലാഹു ഇവിടെ പ്രയോഗിച്ചത്‌ ചിന്തനീയമാണ്‌. അനാഥകൾക്ക്‌ സഹായം ചെയ്യുന്നില്ലെന്നോ അഗതികൾക്ക്‌ അന്നം നൽകുന്നില്ലെന്നോ അല്ല അല്ലാഹു പറഞ്ഞത്‌. അനാഥയെ ആദരിക്കുന്നില്ലെന്നും അഗതികൾക്ക്‌ അന്നം കൊടുക്കാൻ പ്രോൽസാഹിപ്പിക്കുന്നില്ലെന്നുമാണ്‌ അതായത്‌ അവർക്ക്‌ അന്നം കൊടുത്താൽ മാത്രം പോരാ അവരെ ആദരിക്കണം ചിലർ അനാഥകൾക്ക്‌ അന്നം നൽകും പക്ഷെ അവരെ അവജ്ഞയോടെകാണും ഇത്‌ ശരിയല്ല. പാവപ്പെട്ടവന്ന് ആഹാരം നൽകിയാൽ പോരാ അവരുടെ ഉന്നമനത്തിന്നായുള്ള പ്രവർത്തനത്തിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തി ഫലപ്രദമായ ഇടപെടൽ നടത്തണം. അപ്പോൾ അനാഥർക്ക്‌ സഹായം ചെയ്യാത്തവരുടെയും അഗതികളെ പരിഗണിക്കാത്തവരുടെയും അവസ്ഥ എന്തു മാത്രം പരിതാപകരമായിരിക്കും!

നബി() പറഞ്ഞതായി അബൂഹുറൈറ:( رضي الله عنه)റിപ്പോർട്ട്‌ ചെയ്യുന്നു ഏറ്റവും നല്ല മുസ്‌ലിം ഭവനം തനിക്ക്‌ വീട്ടുകാരാൽ ഗുണം ചെയ്യപ്പെടുന്ന അനാഥനുള്ള വീടും ഏറ്റവും ചീത്തഭവനം വിഷമിപ്പിക്കപ്പെടുന്ന അനാഥനുള്ള മുസ്‌ലിം ഭവനവുമാണ്‌എന്നിട്ട്‌ ഞാനും അനാഥയെ സംരക്ഷിക്കുന്നവനും ഇപ്രകാരമാണെന്ന് വിരലുകൾ ചേർത്ത്‌ പിടിച്ച്കൊണ്ട്‌ നബി() പറഞ്ഞു(ഇബ്നു കസീർ 4/744)

19. وَتَأْكُلُونَ التُّرَاثَ أَكْلًا لَّمًّا

നിങ്ങൾ അനന്തരാവകാശ സ്വത്തുക്കൾ ഒന്നായി ഒരുമിച്ചുകൂട്ടി തിന്നുകയും ചെയ്യുന്നു

20. وَتُحِبُّونَ الْمَالَ حُبًّا جَمًّا

ധനത്തെ നിങ്ങൾ അമിതമായി സ്നേഹിക്കുകയും ചെയ്യുന്നു.

അന്യായമായി ധനസമ്പാദനത്തിനുള്ള വഴികൾ അന്വേഷിക്കുകയും അനന്തരവാകാശികളെപ്പോലും കബളിപ്പിക്കുകയും അക്രമിക്കുകയും ചെയ്തുകൊണ്ട്‌ പണം പിടുങ്ങുന്നവരെ ഇന്ന് ധാരാളമായി കാണാവുന്നതാണ്‌ എന്തു ചെയ്തും പണം സമ്പാദിക്കുകയും ആർഭാഢമായി ജീവിക്കുകയും ചെയ്യലാണ്‌ മനുഷ്യന്റെ മഹത്വം എന്ന ഒരു തെറ്റായ കാഴ്ച്ചപ്പാട്‌ സമൂഹം വെച്ച്‌ പുലർത്തുന്നുവെന്നത്‌ വളരെ ദു:ഖകരം തന്നെ. ലോകത്ത്‌ കാണുന്ന അനീതിയുടെയും അഴിമതിയുടെയും കാരണം മറ്റൊന്നല്ല. ധനം എങ്ങനെ സമ്പാദിച്ചുവെന്നും എന്തിൽ ചിലവഴിച്ചുവെന്നും കണക്ക്‌ ബോധിപ്പിക്കാതെ പരലോകത്ത്‌ രക്ഷപ്പെടാനാവില്ലെന്ന തിരുനബി വചനം എത്രമാത്രം ചിന്തനീയമാണ് !.

നബി() പറഞ്ഞു. നിങ്ങൾക്കെല്ലാം തന്റെ അനന്തരാവകാശിയുടെ ധനത്തോടാണ്‌ സ്വന്തം ധനത്തേക്കാൾ താൽപര്യം എന്ന്.അപ്പോൾ ശിഷ്യന്മാർ ചോദിച്ചു. നബിയേ! സ്വന്തം ധനത്തോടല്ലേ എല്ലാവർക്കും കൂടുതൽ താൽപര്യമുണ്ടാവുക? നബി() പറഞ്ഞു. സ്വന്തം ധനം എന്ന് പറയുന്നത്‌ നാം കഴിച്ചു ദഹിച്ച ഭക്ഷണവും ഉടുത്ത്‌ ദ്രവിച്ച വസ്ത്രവും ധർമ്മം ചെയ്ത ധനവുമാണ്‌.(മറ്റുള്ളതൊക്കെ തന്റെ മരണത്തോടെ അനന്തരാവകാശികൾക്കുള്ളതായി മാറും. ആ ധനം കെട്ടിപ്പൂട്ടി വെക്കാനും ഏത്‌ വിധേനെയും വെട്ടിപ്പിടിക്കാനുമാണല്ലോ മനുഷ്യൻ ശ്രമിക്കുന്നത്‌ എന്ന് സാരം)21. كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا

അങ്ങനെ വേണ്ടാ! ഭൂമി പൊടിപൊടിയാക്കപ്പെട്ടാൽ

22. وَجَاء رَبُّكَ وَالْمَلَكُ صَفًّا صَفًّا

തങ്ങളുടെ നാഥന്റെ കൽപനയും (അവന്റെ വമ്പിച്ച ശക്തിയുടെ ദൃഷ്ടാന്തങ്ങളും) അണിയണിയായി മലക്കുകളും വരികയും ചെയ്താൽ

23
. وَجِيءَ يَوْمَئِذٍ بِجَهَنَّمَ يَوْمَئِذٍ يَتَذَكَّرُ الْإِنسَانُ وَأَنَّى لَهُ الذِّكْرَى

അന്നു ജഹന്നം(നരകം)കൊണ്ടുവരപ്പെടുകയും ചെയ്താൽ അന്നത്തെ ദിവസം (താൻ ചെയ്ത തെറ്റുകളെ) മനുഷ്യൻ ഓർക്കുന്നതാണ്‌ ആ ഓർമ്മ അവന്ന് എങ്ങനെ പ്രയോജനപ്പെടാനാണ്‌?

24
. يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي

അവൻ പറയും അയ്യോ!എന്റെ ഈ ജീവിതത്തിനു വേണ്ടി ഞാൻ മുൻ കൂട്ടി(വല്ലതും) ചെയ്തു വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു എന്ന്

25. فَيَوْمَئِذٍ لَّا يُعَذِّبُ عَذَابَهُ أَحَدٌ

അപ്പോൾ അന്നത്തെ ദിവസം അല്ലാഹുവിന്റെ ശിക്ഷ പോലെ ആരും ശിക്ഷിക്കുകയില്ല

26. وَلَا يُوثِقُ وَثَاقَهُ أَحَدٌ

അവന്റെ പിടിച്ചു കെട്ടൽ(പോലെ) ഒരാളും പിടിച്ചു ബന്ധിക്കുന്നതുമല്ല.

ഭൂമി പൊടി പൊടിയാക്കപ്പെടുക എന്നത്‌ ഖിയാമത്ത്‌ നാളിനെ സംബന്ധിച്ചും അല്ലാഹുവും മലക്കുകളും വരുമെന്ന് പറഞ്ഞത്‌ വിചാരണയെ സംബന്ധിച്ചുമാണ്‌. സർവ്വാധിപതിയായ ലോക രക്ഷിതാവിന്റെ മുന്നിൽ ഒരു അഭിഭാഷകന്റെയോ മദ്ധ്യവർത്തിയുടെയോ സഹായമില്ലാതെ വിചാരണ ചെയ്യപ്പെടുന്ന ആഘട്ടത്തിൽ (നബി()യുടെ മഹത്തായ ശുപാർശക്ക്‌ ശേഷമാണിത്‌ സംഭവിക്കുക) അല്ലാഹുവിന്റെ മഹാ സൃഷ്ടികളായ കണക്കറ്റ മലക്കുകൾ വരിവരിയായി ആ മഹാ സദസ്സിനെ വലയം ചെയ്യും . ജഹന്നം എന്ന നരകം അവിടെ പ്രദർശിപ്പിക്കപ്പെടും ഈ സന്ദർഭത്തിൽ പാപിയായ മനുഷ്യന്ന് താൻ ഭൂമിയിൽ വെച്ച്‌ ചെയ്ത കുറ്റങ്ങളെല്ലാം ഓർമ്മവരും അങ്ങനെ വലിയ ദു:ഖത്തോടെ അയ്യോ! കഴിഞ്ഞ ജീവിതത്തിൽ വെച്ച്‌ ഈ ജീവിതത്തിനു വേണ്ടി സൽക്കർമ്മങ്ങൾ ചെയ്തു വെച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ എന്ന് അവൻ വിലപിക്കും പക്ഷെ അപ്പോഴത്തെ ഓർമ്മകൊണ്ടോ വിലാപം കൊണ്ടോ യാതൊരു ഫലവും അവനു ലഭിക്കില്ല ശിക്ഷയിൽ നിന്ന് അവന്നു യാതൊരു ഒഴിവുമില്ല അല്ലാഹുവിന്റെ ശിക്ഷയെന്ന പിടുത്തത്തിൽ നിന്ന് അവൻ രക്ഷപ്പെടില്ല ഭൂമിയിലുണ്ടായിരുന്ന ഒരുധിക്കാരിയുടെയും ശിക്ഷയുടെ പോലെയായിരിക്കില്ല അല്ലാഹുവിന്റെ ശിക്ഷ അതി കഠിനമായിരിക്കും. ഭൂമിയിലെ പ്രവർത്തനത്തിന്റെ ഫലം നേരിൽ കാണുമ്പോൾ എന്തെങ്കിലും ചെയ്യാമായിരുന്നു എന്ന് ആഗ്രഹിച്ചത്‌ കൊണ്ട്‌ കാര്യമില്ല .അതിനാൽ നല്ല പ്രതിഫലം വാങ്ങാനായി ഈ ജീവിതം ഉപയോഗപ്പെടുത്തുക. ബുദ്ധിമാൻ സ്വശരീരത്തെ അല്ലാഹുവിനു കീഴ്പ്പെടുത്തുകയും മരണശേഷമുള്ള ജീവിതത്തിനു വേണ്ടി അദ്ധ്വാനിക്കുകയും ചെയ്തവനാണ്‌ എന്ന നബി വചനം ശ്രദ്ധേയമത്രെ!

27. يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ
ഹേ സമാധാനമടഞ്ഞ ആത്മാവേ!

28
. ارْجِعِي إِلَى رَبِّكِ رَاضِيَةً مَّرْضِيَّةً

സ്വയം തൃപ്തിപ്പെട്ടു കൊണ്ടും അല്ലാഹുവിന്റെ തൃപ്തിക്ക്‌ പാത്രമായിക്കൊണ്ടും നിന്റെ രക്ഷിതാവിലേക്ക്‌ നീ മടങ്ങിക്കൊള്ളുക

29. فَادْخُلِي فِي عِبَادِي

എന്നിട്ട്‌ എന്റെ അടിമകളിൽ നീ പ്രവേശിക്കുക

30. وَادْخُلِي جَنَّتِي

എന്റെ സ്വർഗ്ഗത്തിലും പ്രവേശിക്കുക


സൃഷ്ടിച്ചു രക്ഷിക്കുന്ന നാഥനിൽ വിശ്വസിച്ചും അവന്റെ മഹത്വം അംഗീകരിച്ചും അവനെ മാത്രം ആരാധിച്ചും അവന്റെ വിധിവിലക്കുകൾ പാലിച്ചും നിയമ നിർദ്ദേശങ്ങൾ നടപ്പാക്കിയും സന്തോഷത്തിൽ നന്ദി രേഖപ്പെടുത്തിയും വിഷമങ്ങളിൽ ക്ഷമിച്ചും സദാ സമയവും അല്ലാഹുവിനെ സ്മരിച്ചും കഴിഞ്ഞു കൂടുന്നവരത്രെ സമാധാനമടഞ്ഞ ആത്മാക്കൾ എന്നതിന്റെ വിവക്ഷ. അത്തരക്കാരുടെ മരണ സമയത്തും ഖിയാമത്ത്‌ നാളിലും ആശ്വാസത്തിന്റെ സന്ദേശങ്ങൾ നിരന്തരം അവർക്ക്‌ ലഭിച്ചുകൊണ്ടിരിക്കും ജീവിതത്തിൽ സമാധാനമുണ്ടായിരുന്ന അവർക്ക്‌ മരണ ശേഷമുള്ള ജീവിതത്തിലും സന്തോഷവും അഗീകാരവും ലഭിക്കും അല്ലാഹുവിന്റെ ഇഷ്ടത്തിലേക്കും ഇഷ്ട ദാസന്മാരുടെ കൂട്ടത്തിലേക്കും സുഖ സമ്പന്നമായ സ്വർഗ്ഗത്തിലേക്കും കടന്ന് വരാനുള്ള ക്ഷണം വിലമതിക്കാനാവാത്ത അംഗീകാരം തന്നെയല്ലേ ! അതിനു യോഗ്യത നേടാനായി പരിശ്രമിക്കുക അല്ലാഹു നമുക്കെല്ലാം ഈ മഹാ ഭാഗ്യം നൽകുമാറാവട്ടെ ആമീൻപ്രിയ സഹോദരങ്ങളെനല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ.  امين
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുകവിളക്ക്  സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുകതെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ  

وصلى الله علي سيدنا محمد واله وصحبه

ومن تبعهم باحسان الي يوم الدين والحمد لله رب العالمين

1 comment:

വഴികാട്ടി / pathfinder said...

edited and updated new . pdf file also added