അദ്ധ്യായം 90 സൂറ: അൽ ബലദ് |
മക്കയിൽ അവതരിച്ചു | സൂക്തങ്ങൾ 20
بِسْمِ اللّهِ الرَّحْمـَنِ الرَّحِيمِ
പരമ കാരുണികനും കരുണാമയനുമായ ﷲ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ്
അനുഗ്രഹം തേടിക്കൊണ്ട് ഞാൻ
ആരംഭിക്കുന്നു
1. لَا أُقْسِمُ بِهَذَا الْبَلَدِ
ഈ രാജ്യത്തെക്കൊണ്ട് ഞാൻ സത്യം ചെയ്യുന്നു
2.وَأَنتَ حِلٌّ بِهَذَا الْبَلَدِ
താങ്കൾ ഈ രാജ്യത്ത് അനുവദനീയനാണ് താനും.
നബി(ﷺ) ജനിച്ച് വളർന്ന രാജ്യമായ മക്കയെ കൊണ്ടാണ് വാക്യം ഒന്നിൽ സത്യം
ചെയ്തിരിക്കുന്നത്. പുരാതന കാലം മുതൽക്ക് തന്നെ പാവനവും പ്രശസ്തവുമായ ഒരു
രാജ്യമാണ് മക്ക. ലോകത്ത് ഒന്നാമതായി സ്ഥാപിതമായ ആരാധനാലയമായ കഅബ മക്കയിലാണ്
സ്ഥിതി ചെയ്യുന്നത് കഅബയുടെ നാനാ ഭാഗത്തും വ്യാപിച്ച് കിടക്കുന്ന ഒരു നിശ്ചിത
ഭൂപ്രദേശം ഹറം ആയി അല്ലാഹു പ്രഖ്യാപിച്ചിട്ടുണ്ട്. അത്രയും സ്ഥലത്ത് വേട്ട
മൃഗങ്ങളെ വേട്ടയാടാനോ അതിലുള്ള വൃക്ഷങ്ങളോ സസ്യങ്ങളോ നശിപ്പിക്കാനോ അവിടെ വെച്ച്
ആരെയെങ്കിലും കൊലപ്പെടുത്തുവാനോ യുദ്ധം ചെയ്യുവാനോ പാടില്ല. മുമ്പ് കാലം മുതലേ
തുടർന്ന് വന്നിരുന്ന ഈ ശൈലി ഇസ്ലാമും അംഗീകരിക്കുകയും സ്ഥിരപ്പെടുത്തുകയും
ചെയ്തു.
മക്കക്കാർ പല വൃത്തികേടുകളും ചെയ്യുമ്പോഴും ഈ ആദരവ് അവരും സമ്മതിച്ചിരുന്നു.
അതിനാൽ ഈ നാടിനെ സത്യത്തിനുപയോഗിക്കുന്നത് അവരുടെ ഹൃദയങ്ങളെ കൂടി
തൊട്ടുണർത്താനാണ് ഇമാം റാസി رحمة الله عليه എഴുതുന്നു മക്ക ഉൾക്കൊള്ളുന്ന ഹറമിനു ധാരാളം
മഹത്വമുണ്ട് അവിടെ പ്രവേശിച്ചവൻ നിർഭയനായി അത് എല്ലാ നാട്ടുകാരുടെയും ഖിബ്ലയാക്കി.
അവിടേക്ക് ലക്ഷ്യം വെച്ച് ആരാധനക്കെത്തൽ കഴിവുള്ളവർക്ക് അല്ലാഹു
ബാദ്ധ്യതയാക്കി. വേട്ടയാടൽ അവിടെ നിശിദ്ധമാക്കി. ഇങ്ങനെയെല്ലാം മഹത്വമുള്ള
മക്കയിലെ കഅ്ബക്ക് സൂത്രത്തിൽ (നേർ മുകളിൽ),
‘ബൈത്തുൽ
മഅ്മൂർ’ എന്ന ഭവനം ഉപരിലോകത്ത് അവൻ സ്ഥാപിച്ചു
ഇങ്ങനെയൊക്കെ മഹത്വമുള്ള മക്കയെപിടിച്ച് സത്യം ചെയ്യുമ്പോൾ അത് സവിശേഷ
ശ്രദ്ധയർഹിക്കുന്നു (റാസി 31/167)
എന്നാൽ ഹറമിൽ വെച്ച് യുദ്ധം പാടില്ലെന്ന നിയമം നബി(ﷺ) ക്ക് അല്ലാഹു
ഇളവ് ചെയ്ത് മക്കം ഫത്ഹിന്റെ ദിനത്തിൽ യുദ്ധം അനുവദിച്ചു കൊടുത്തു. അതാണ്
രണ്ടാം സുക്തത്തിലെ തങ്ങൾ ഈ രാജ്യത്ത് അനുവദനീയനാണ് എന്നതിന്റെ സാരം എന്ന്
വ്യാഖ്യാതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്. ഹിജ്റയുടെ എട്ടാം കൊല്ലം നടന്ന
മക്കാവിജയദിനത്തിലാണ് ഇതിനാസ്പദമായ സംഭവമുണ്ടായത് ലോകത്തിന്റെ പലഭാഗത്തും ഇസ്ലാം
പടർന്ന് പന്തലിക്കുമ്പോഴും ഇസ്ലാമിന്റെ ഈറ്റില്ലമാവേണ്ട മക്കയും ആദ്യ ആരാധനാലയമായ
കഅ്ബയും ബിംബാധിപത്യത്തിൽ തന്നെ നീങ്ങുന്ന വൈരുദ്ധ്യത്തിനു അറുതിവരുത്താൻ നബി(ﷺ) മക്കക്കാരുടെ
ഒരു കരാർ ലംഘനത്തിന്റെ ചുവട് പിടിച്ച് സൈന്യസമേതം മക്കയിലെത്തുകയും ഹറമിന്റെ
മഹത്വത്തിനു ഹാനിവരാത്തവിധം മക്കയെ മോചിപ്പിക്കുകയും ചെയ്തു. എന്നാലും ചെറിയ ചില
സംഘട്ടനങ്ങൾ നടന്നത് ആനാട്ടിന്റെ പാരമ്പര്യത്തിനു യോചിച്ചതല്ലല്ലോ എന്ന
സംശയത്തിന്റെ നിവാരണമാണ് തങ്ങൾക്ക് അല്ലാഹു അത് അനുവദിച്ചുവെന്ന രണ്ടാം
സൂക്തത്തിന്റെ പ്രഖ്യാപനം.
ഇവിടെ ശ്രദ്ധേയമായ ഒരു ചോദ്യവും ഉത്തരവും ഇമാം റാസി(رحمة الله عليه) രേഖപ്പെടുത്തുന്നു.അതായത് ഈ സൂക്തങ്ങൾ
അവതരിക്കുന്നത് നബി(ﷺ) മക്കയിൽ ജീവിക്കുമ്പോഴാണ് എന്നാൽ ഈ സംഭവം (മക്കാ വിജയവും
അനുബന്ധ സംഭവവും) നബി(ﷺ) മദീനയിൽ എത്തിയതിനു ശേഷം അവസാന കാലഘട്ടത്തിലും! ഇത് രണ്ടും
എങ്ങനെ പൊരുത്തപ്പെടും? ഉത്തരം : വരാനിരിക്കുന്ന കാര്യങ്ങളെ
സംഭവിക്കുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ നടന്നതായി പ്രയോഗിക്കുന്ന ഖുർആനിന്റെ
ശൈലി അനുസരിച്ചാണിത് പറഞ്ഞിരിക്കുന്നത് (റാസി 31/168)
നബി(ﷺ)യുടെ ജനനവും താമസവും മക്കയുടെ സവിശേഷതക്ക് കാരണമാണെന്നും ഇവിടെ
വ്യാഖ്യാനമുണ്ട്. തങ്ങൾ ഈ നാട്ടിൽ ഇറങ്ങി എന്നാവും അപ്പോൾ ഈ സൂക്തത്തിന്റെ ആശയം.
മക്കക്കാർ എല്ലാ മഹത്വങ്ങളും ഈ നാട്ടിനു വകവെച്ചു കൊടുക്കുമ്പോൾ തന്നെ തങ്ങളെ
ബുദ്ധിമുട്ടിക്കുന്നതും സൗകര്യം ലഭിച്ചാൽ കൊല്ലാൻ നോക്കുന്നതും അനുവദനീയമായി
കാണുന്നതിനാൽ അവരുടെ വിശ്വാസത്തിൽ തങ്ങളെ ഉപദ്രവിക്കുന്നത് ഈ നാട്ടുകാർ
അനുവദനീയമായി കാണുന്നു എന്നും വ്യാഖ്യാനമുണ്ട് (റാസി 31/167)
3.وَوَالِدٍ وَمَا وَلَدَ
ജനയിതാവിനെയും അത് ജനിപ്പിച്ചതിനെയും കൊണ്ട് (ഞാൻ സത്യം
ചെയ്തു പറയുന്നു)
ഇവിടെ ജനയിതാവ് ആദം(عليه
السلام)ഉം
ജനിപ്പിച്ചത് തന്റെ മക്കളും എന്നാണ് ഒരു വ്യാഖ്യാനം. അല്ലാഹുവിന്റെ സൃഷ്ടികളിൽ
ഏറ്റവും അത്ഭുതമുള്ള ഗ്രാഹ്യവും പലതും കണ്ടെത്താനുള്ള കഴിവും ഉള്ളവരാണവർ. അവരിൽ
നബിമാരും സത്യദീനിന്റെ പ്രബോധകരുമുണ്ട് ആദം(عليه السلام) നെ ആദരിച്ച് മലക്കുകളെക്കൊണ്ട് ആദം(عليه السلام)ന്നു അല്ലാഹു സുജൂദ്
ചെയ്യിപ്പിച്ചിട്ടുണ്ട്. ഇബ്റാഹീം(عليه السلام)ഉം ഇസ്മാഈൽ(عليه
السلام)മുമാണ്
ജനയിതാവ് എന്നും ജനിപ്പിച്ചത് നബി(ﷺ)യും എന്നും അഭിപ്രായമുണ്ട്. എന്നാൽ
ജനിപ്പിക്കുന്ന എല്ലാവരും അവർ ജനിപ്പിക്കുന്നവരും എന്ന വ്യാപകമായ ആശയം ആണ്
ഉദ്ദേശ്യമെന്നും അഭിപ്രായമുണ്ട്. ഇമാം ത്വബരി رحمة الله عليه ഈ
അഭിപ്രായത്തെയാണ് ബലപ്പെടുത്തിയത്(ത്വബരി 30/215)
4.لَقَدْ خَلَقْنَا الْإِنسَانَ فِي كَبَدٍ
നിശ്ചയം മനുഷ്യനെ വിഷമങ്ങളിലായിക്കൊണ്ട് നാം
സൃഷ്ടിച്ചിരിക്കുന്നു.
പലതരം ക്ലേശങ്ങൾ സഹിക്കുന്ന പ്രകൃതിയോടെയാണ് അല്ലാഹു മനുഷ്യനെ
സൃഷ്ടിച്ചിരിക്കുന്നത് എന്നാണ് മുൻ സത്യവാചകങ്ങൾക്ക് ശേഷം അല്ലാഹു പറയുന്നത്.
കുറച്ച്കാലം മാതാവിന്റെ ഗർഭാശയമാകുന്ന ഇടുങ്ങിയ ഒരു ഇരുട്ടറയിൽ മനുഷ്യൻ
അസ്വതന്ത്രനായി കഴിഞ്ഞു കൂടി. ശേഷം പുറത്ത് വന്നതും ക്ലേശം സഹിച്ചു തന്നെ! അന്ന്
മുതൽ ശാരീരികവും മാനസികവും സാമ്പത്തികവും കുടുംബപരവും സാമൂഹികവുമായി ധാരാളം
ക്ലേശങ്ങൾ അവൻ സഹിക്കുന്നു. ഇനി മരണം,
ഖബ്റിലെ
ചോദ്യം, ഖബ്റിലെ ശിക്ഷ, പുനർജ്ജന്മം, വിചാരണ
തുടങ്ങി പല രംഗത്തും അവൻ ക്ലേശങ്ങൾ സഹിക്കേണ്ടി വരും. ഇതൊക്കെ വ്യക്തമായിട്ടും
ഭൗതിക ജീവിതം കരുപ്പിടിപ്പിക്കാനായി ഏത് കഷ്ടപ്പാടുകളും സഹിക്കാൻ തയാറാവുന്ന
മനുഷ്യൻ പക്ഷെ പരലോക രക്ഷക്കായി അൽപം പോലും ബുദ്ധിമുട്ടാൻ തയാറാവുന്നില്ല എന്നത്
അത്ഭുതമായിരിക്കുന്നു!
ഇമാം റാസി رحمة الله عليه ഇവിടെ മറ്റൊരു വ്യാഖ്യാനം പറയുന്നു. അതായത് ഭൂമിയിൽ യാതൊരു രസവും
മനുഷ്യൻ അനുഭവിക്കുന്നില്ല മറിച്ച് വേദനകളോ അതിൽ നിന്നുള്ള രക്ഷപ്പെടലോ മാത്രമാണ്
അവൻ അനുഭവിക്കുന്നത് അതായത് അവൻ രസം അനുഭവിക്കുന്നു എന്ന് ധരിക്കുന്നിടത്തൊക്കെ
യഥാർത്ഥത്തിൽ ഒരു വേദനയിൽ നിന്ന് രക്ഷപ്പെടുക മാത്രമാണ് ചെയ്യുന്നത്. ഭക്ഷണം
കഴിക്കുമ്പോൾ യഥാർത്ഥത്തിൽ വിശപ്പെന്ന വേദനയിൽ നിന്ന് രക്ഷപ്പെടുക. വസ്ത്രം
ധരിക്കുമ്പോൾ ചൂടിന്റെ- തണുപ്പിന്റെ വേദനയിൽ നിന്ന് രക്ഷപ്പെടുക മാത്രമാണ്
ചെയ്യുന്നത് അപ്പോൾ വേദനയോ അതിൽ നിന്നുള്ള രക്ഷപ്പെടലോ മാത്രമാണിവിടെ നടക്കുന്നത്
എന്നത്രെ മനുഷ്യനെ വിഷമങ്ങളിലായിക്കൊണ്ട് നാം സൃഷ്ടിച്ചു എന്ന് പറഞ്ഞത്. അതിനാൽ
യഥാർത്ഥ സുഖത്തിനുള്ള ഒരു സ്ഥലം വേണം അതത്രെ പരലോകത്ത് അല്ലാഹു സംവിധാനിച്ചത്
ഇത് അവന്റെ മഹത്തായ അനുഗ്രഹമത്രെ(റാസി 31/169)
5.أَيَحْسَبُ أَن لَّن يَقْدِرَ عَلَيْهِ أَحَدٌ
തന്റെ മേൽ ആർക്കും കഴിവുണ്ടാവുകയില്ലെന്നവൻ
വിചാരിക്കുന്നുവോ?
താൻ എന്ത് ചെയ്താലും തന്നെ ആരും തടയാനില്ലെന്നും ചോദ്യം
ചെയ്യപ്പെടുകയില്ലെന്നും ധരിക്കാൻ മാത്രം അഹങ്കാരിയായി മാറുന്നു ചില മനുഷ്യർ!
വാസ്തവത്തിൽ അവൻ ബലഹീനനാണ് താനും!
6.يَقُولُ أَهْلَكْتُ مَالًا لُّبَدًا
ഞാൻ വളരെയധികം ധനം (ചിലവാക്കി) നശിപ്പിച്ചു എന്ന് അവൻ
(വമ്പ്)പറയുന്നു.
താൻ വല്ലാതെ ധനം ചിലവഴിച്ച് ധർമ്മം ചെയ്തിട്ടുണ്ടെന്ന് അവൻ വീമ്പിളക്കുന്നു നബി(ﷺ) യെ തകർക്കാൻ പണം ചിലവാക്കുന്നത് ബഹുമതിയായിക്കണ്ട അവിശ്വാസിയുടെ ജൽപനമാണിത് അല്ലാഹു ഇഷ്ടപ്പെടാത്തതിനും അധർമ്മത്തിനും സഹായം ചെയ്താൽ തന്നെ അത് സ്വീകാര്യമല്ലെന്നിരിക്കെ വെറും വീമ്പ് പറയാനായി ഇങ്ങനെ അവകാശവാദമുന്നയിക്കുന്നതിന്റെ നിരർത്ഥകത ചൂണ്ടിക്കാണിക്കുകയാണിവിടെ
7.أَيَحْسَبُ أَن لَّمْ يَرَهُ أَحَدٌ
അവനെ ആരും കണ്ടിട്ടില്ലെന്നു അവൻ വിചാരിക്കുന്നുവോ?
അവൻ എന്ത് ചെയ്താലും തന്നെ ആരും കാണുന്നില്ലെന്നുള്ള മിഥ്യാധാരണയിൽ നിന്നാണ് ഇങ്ങനെയുള്ള അനാവശ്യ അവകാശവാദങ്ങൾ അവൻ ഉന്നയിക്കുന്നത്. എന്നാൽ അല്ലാഹു അവന്റെ എല്ലാ പ്രവർത്തനങ്ങളും നിരീക്ഷിച്ചു കൊണ്ടേയിരിക്കുന്നുണ്ട്. അവന്റെ സമ്പത്ത് എങ്ങനെ സംഭരിച്ചു എന്നും എന്തിൽ ചിലവഴിച്ചുവെന്നും അല്ലാഹു ചോദിക്കുക തന്നെ ചെയ്യും എന്ന് അവനെ ഓർമ്മപ്പെടുത്താനാണ് അവന്റെ ചിന്തയെ അല്ലാഹു തുറന്ന് കാട്ടുന്നത്
8.أَلَمْ نَجْعَل لَّهُ عَيْنَيْنِ
അവനു രണ്ട് കണ്ണ് നാം ഉണ്ടാക്കിക്കൊടുത്തിട്ടില്ലേ?
ധിക്കാരിയായ മനുഷ്യന്റെ നിലപാടിനെ എതിർത്ത അല്ലാഹു തന്റെ കഴിവിന്റെയും
മനുഷ്യന്റെ കഴിവുകേടിന്റെയും തെളിവുകൾ അവനെ ബോദ്ധ്യപ്പെടുത്തുകയാണിവിടെ. കാണാൻ
രണ്ട് കണ്ണുകൾ!എന്തൊരു അനുഗ്രഹമാണിത്. ഈ ധിക്കാരി സ്വയം സംവിധാനിച്ചതല്ല അത്
മറിച്ച് നാഥൻ നൽകിയതാണ്. അതുപയോഗിച്ച് ലോകത്തെ ദർശിക്കുന്ന മനുഷ്യൻ പ്രകൃതിയിലെ
അത്യത്ഭുതങ്ങൾ കണ്ട് നാഥന്റെ ശക്തി ഉൾക്കൊള്ളുന്നതിനു പകരം ധിക്കാരിയായി
മാറുന്നത് എന്ത് മാത്രം ധിക്കാരമല്ല !
9.وَلِسَانًا وَشَفَتَيْنِ
ഒരു നാവും രണ്ട് ചുണ്ടുകളും (കൊടുത്തിട്ടില്ലേ?)
സംസാരിക്കാനും ആശയവിനിമയം നടത്താനും ഭക്ഷണത്തിന്റെ രുചിയറിയാനും മറ്റും വേണ്ടി
ഒരു നാവും അതിന്റെ സുരക്ഷിതത്വത്തിനായി രണ്ട് ചുണ്ടുകളും സംവിധാനിച്ചത്
അല്ലാഹുവല്ലേ. ആ നാവിന്റെ എല്ലാ ഉപയോഗങ്ങളും അനുഭവിച്ച് അത് നൽകിയ നാഥനെ ധിക്കരിക്കുന്നത്
എന്ത് മാത്രം കാടത്തമല്ല! എന്ന് സൂചിപ്പിക്കുന്നു.
നബി(ﷺ) പറയുന്നു. അല്ലാഹു പറയുകയാണ്. ‘മനുഷ്യാ!
വ്യക്തവും അവ്യക്തവുമായ എണ്ണിക്കണക്കാക്കാനാവാത്ത അനുഗ്രഹങ്ങൾ ഞാൻ നിനക്ക്
നൽകിയില്ലേ ! അതിനു നന്ദി രേഖപ്പെടുത്താൻ നിനക്ക് സാദ്ധ്യമല്ല. ഞാൻ നിനക്ക്
നൽകിയ അനുഗ്രഹങ്ങളിൽ പെട്ടതാണ് നിന്റെ രണ്ട് കണ്ണുകൾ. നിനക്ക് ഞാൻ അനുവദിച്ചത്
മാത്രം നീ ആകണ്ണ് ഉപയോഗിച്ച് കാണണം അല്ലാത്തത് കാണാതിരിക്കാനായി ആ കണ്ണുകൾക്ക്
ഞാൻ സംവിധാനിച്ച മൂടികൾ നീ ഉപയോഗിക്കണം (കണ്ണടച്ചാൽ ഒന്നും കാണാതിരിക്കാനുള്ള
സൗകര്യം മഹാ അനുഗ്രഹമല്ലേ!) നിനക്ക് ഞാൻ ഒരു നാവും അതിനു ശക്തമായ കവറും നൽകി. ഞാൻ അനുവദിച്ചത് മാത്രം ആ നാവുപയോഗിച്ച്
നീ സംസാരിക്കണം മറ്റു വല്ലതും സംസാരിക്കാൻ തോന്നുമ്പോൾ നീ ആ കവർ ഉപയോഗിച്ച്
നാവിനെ മൂടി വെക്കുക. നിനക്ക് ഞാൻ ഗുഹ്യാവയവം നൽകി. അത് നല്ല മറയിലായിട്ടാണ് ഞാൻ
സംവിധാനിച്ചത് അനുവദിക്കപ്പെട്ടിടത്ത് മാത്രം നീ അത് ഉപയോഗിക്കുകയും
അല്ലാത്തിടത്ത് ഈ മറയിൽ തന്നെ അത് സൂക്ഷിക്കുകയും ചെയ്യുക. എന്റെ ദേഷ്യത്തിനു
കാരണമാവാതെ ജീവിക്കുക കാരണം എന്റെ ദേഷ്യമോ
അതിനുള്ള ശിക്ഷയോ നിനക്ക് താങ്ങാനാവില്ല (ഇബ്നു കസീർ 4/748)
അപ്പോൾ ഈ അവയവങ്ങൾക്ക് അല്ലാഹു നൽകിയ സംരക്ഷണത്തിന്റെ മൂടികൾ നമ്മെ
ചിന്തിപ്പിക്കുക തന്നെ വേണം.അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ ആമീൻ
10.وَهَدَيْنَاهُ النَّجْدَيْنِ
(തെളിഞ്ഞ്കാണുമാർ) ഉയർന്ന് നിൽക്കുന്ന രണ്ട്
വഴികൾ നാം അവന്ന് കാട്ടിക്കൊടുക്കുകയും ചെയ്തിരിക്കുന്നു.
ഇവിടെ പറയുന്ന രണ്ട് വഴികൾ നന്മയുടെയും തിന്മയുടെയും വഴികളാണെന്നാണ് കൂടുതൽ
വ്യാഖ്യാതാക്കളും അഭിപ്രായപ്പെടുന്നത് ഒരു കുഞ്ഞിന്റെ വളർച്ചയുടെ പ്രധാന ഘടകമായി
വർത്തിക്കുന്ന മാതാവിന്റെ സ്ഥനങ്ങളാണുദ്ദേശ്യമെന്നും ചിലർ അഭിപ്രായപ്പെടുന്നു.
സത്യാസത്യ വിവേചന ശക്തി നൽകി അല്ലാഹു ആദരിച്ച മനുഷ്യന് നന്മയും തിന്മയും
വേർത്തിരിച്ച് മനസിലാക്കാനായി അല്ലാഹു സംവിധാനിച്ചതാണീ വഴികൾ അതിൽ സംശയം പോലും
തോന്നേണ്ടതില്ലാത്ത വിധം ആ രണ്ട് വഴികളും വെവ്വേറേ തെളിഞ്ഞു പൊന്തിക്കാണത്തക്ക
വണ്ണം അല്ലാഹു അവയെ വ്യക്തമായി വിവരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള അനുഗ്രഹങ്ങളെല്ലാം
ചെയ്ത് കൊടുത്തിട്ടും മനുഷ്യൻ അതിനു നന്ദിയായി നന്മയുടെ മാർഗത്തിൽ പ്രവേശിക്കാൻ
മുതിരുന്നില്ല എന്ന് അവനെ കുറ്റപ്പെടുത്തുകയും നന്മയുടെ വഴിയിലെത്താനുള്ള ചില
വഴികൾ ചൂണ്ടിക്കാണിക്കുകയുമാണ് തുടർന്നുള്ള സൂക്തങ്ങളിൽ
11.فَلَا اقْتَحَمَ الْعَقَبَةَ
എന്നിട്ടവൻ ചുര മാർഗത്തിൽ തിരക്കിക്കടന്നില്ല.
12.وَمَا أَدْرَاكَ مَا الْعَقَبَةُ
ചുരമാർഗമെന്നാൽ എന്താണെന്ന് തങ്ങൾക്ക് അറിവ്നൽകിയത്
എന്താണ് ?
13.فَكُّ رَقَبَةٍ
(അതെ)അടിമയെ വിടുതലാക്കുക(മോചിപ്പിക്കുക)
14. أَوْ إِطْعَامٌ فِي يَوْمٍ ذِي مَسْغَبَةٍ
അല്ലെങ്കിൽ പട്ടിണിയുള്ള ദിവസത്തിൽ ഭക്ഷണം നൽകുക
15.يَتِيمًا ذَا مَقْرَبَةٍ
കുടുംബ ബന്ധമുള്ള അനാഥക്ക്
16. أَوْ مِسْكِينًا ذَا مَتْرَبَةٍ
അല്ലെങ്കിൽ മണ്ണ് പുരണ്ട(കടുത്ത ദാരിദ്ര്യമുള്ള) സാധുവിന്(എന്നിവയാണത്)
17.ثُمَّ كَانَ مِنَ الَّذِينَ آمَنُوا وَتَوَاصَوْا بِالصَّبْرِ وَتَوَاصَوْا بِالْمَرْحَمَةِ
അതിനുപുറമെ വിശ്വസിക്കുകയും ക്ഷമ കൊണ്ട് പരസ്പരം ഉപദേശം
നൽകുകയും കാരുണ്യം കൊണ്ട് പരസ്പരം ഉപദേശം നൽകുകയും ചെയ്തവരുടെ കൂട്ടത്തിൽ അവൻ
ആയിത്തീരുകയും (ഉണ്ടായില്ല)
18.أُوْلَئِكَ أَصْحَابُ الْمَيْمَنَةِ
അങ്ങനെയുള്ളവർ (ശുഭകരമായ)വലതുപക്ഷത്തിന്റെ ആൾക്കാരത്രെ!
19.وَالَّذِينَ كَفَرُوا بِآيَاتِنَا هُمْ أَصْحَابُ الْمَشْأَمَةِ
നമ്മുടെ ലക്ഷ്യങ്ങളെ അവിശ്വസിച്ചവരാകട്ടെ അവർ(അശുഭകരമായ)
ഇടതുപക്ഷത്തിന്റെ ആൾക്കാരാണ്
20.عَلَيْهِمْ نَارٌ مُّؤْصَدَةٌ
അവരുടെ മേൽ അടച്ച് മൂടപ്പെട്ട അഗ്നിയുണ്ടായിരിക്കും.
പർവ്വതങ്ങളിലുള്ള വിഷമകരമായ മാർഗത്തിനാണ് അഖബ:എന്ന് പറയുക. എന്നാൽ ഇവിടെ
ഉദേശ്യം വിവിധ വിഷമങ്ങൾ സഹിക്കുന്ന മനുഷ്യൻ- ധാരാളം അനുഗ്രഹങ്ങൾ അല്ലാഹു നൽകിയത്
അനുഭവിക്കുന്ന അവൻ പരലോക വിജയം നേടുന്നതിനായി ക്ലേശങ്ങൾ സഹിക്കണം .അതിൽ
സാമ്പത്തികവും മാനുഷികവും ശാരീരികവും മാനസികവുമൊക്കെയായിട്ടുള്ള വിഷയങ്ങൾ കടന്ന്
വരും അതിന്റെ ഏതാനും സാമ്പിളുകളാണ് അല്ലാഹു ഉണർത്തുന്നത്. അടിമത്വത്തിന്റെ
അസ്വസ്ഥതകളിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ രാജപാതയിലേക്ക് മനുഷ്യനെ എത്തിക്കുന്ന
സുകൃതമാണ് അടിമ മോചനം അതിനാവശ്യമായ കാര്യങ്ങൾ ചെയ്യുക, പഞ്ഞകാലങ്ങളിൽ
അടുത്ത ബന്ധുക്കളായ അനാഥകൾക്കും ദാരിദ്ര്യത്തിന്റെ പടുകുഴിയിലകപ്പെട്ട അഗതികൾക്കും
അന്നം നൽകുക. സത്യവിശ്വാസം സ്വീകരിക്കുകയും ക്ഷമ,കാരുണ്യം എന്നിവകൊണ്ട് പരസ്പരം
ഉപദേശിക്കുകയും ചെയ്യുക എന്നിങ്ങയുള്ള സൽക്കർമ്മങ്ങളിൽ താൽപര്യമുള്ളവരുടെ കൂടെ
ചേർന്ന് നിൽക്കുക ഇങ്ങനെയുള്ളവരാണ് അല്ലാഹുവിന്റെ ഇഷ്ടം കരസ്ഥമാക്കിയ വലതു
പക്ഷക്കാർ. അവർക്ക് മാത്രമേ രക്ഷയുള്ളൂ.അല്ലാത്തവർ ദൗർഭാഗ്യത്തിന്റെ ഇടതു
പക്ഷമാണ്. അവർക്ക് അട്ടിയാക്കപ്പെടുന്ന അഗ്നിയിലാണ് വാസസ്ഥലം. അതിനാൽ
അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ ഓരോസമയത്തും അനുഭവിച്ച് അവനെക്കുറിച്ച് ചിന്തിക്കാത്ത
നന്ദികേടിനു അവസാനം കുറിച്ച് ഇതൊക്കെ നൽകിയ നാഥന്റെ ഇഷ്ടവും പൊരുത്തവും
വാങ്ങാനാവശ്യമായ വഴികളിലെത്താൻ പരിശ്രമിക്കുക.ജീവ കാരുണ്യ പ്രവർത്തനങ്ങളും
നിരാലംബർക്ക് താങ്ങായി നിലകൊള്ളലും പൂർവ്വോപരി സത്യവിശ്വാസം കൈക്കൊള്ളലും
വിശ്വാസികളുടെ കൂട്ടായ്മയിൽ സഹകാരികളായി നിലകൊള്ളലും ഇതിനുള്ള മാർഗങ്ങളാണ്.
ഇത് ഉൾക്കൊണ്ട് ജീവിക്കാൻ അല്ലാഹു നമ്മെ തുണക്കട്ടെ ആമീൻ
പ്രിയ സഹോദരങ്ങളെ, നല്ലത് ഉൾകൊള്ളാനും ജീവിതത്തിൽ പകർത്താനും നാഥൻ അനുഗ്രഹിക്കട്ടെ. امين .
ഇത് മറ്റ് സഹോദരങ്ങളിലേക്കും എത്തിക്കുക. വിളക്ക്
സന്ദർശിക്കുകയും അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. തെറ്റു കുറ്റങ്ങൾ ചൂണ്ടിക്കാട്ടുമല്ലോ. പിഴവുകൾ അല്ലാഹു പൊറുത്തു തരട്ടെ. ദുആ വസിയത്തോടെ
وصلى الله علي سيدنا محمد
واله وصحبه
ومن تبعهم
باحسان الي يوم الدين والحمد لله رب العالمين
3 comments:
അദ്ധ്യായം 90 സൂറ: അൽ ബലദ് വിശദീകരണം
വഴികാട്ടിയുടെ വിളക്ക് കൂടുതൽ പ്രകാശം പരത്തട്ടെ. നന്ദി ഈ വിശദീകരണങ്ങൾക്ക്
ആശംസകൾ
EDITED AND UPDATED ,PDF FILE ALSO ADDED
Post a Comment