Sunday, November 7, 2010

അദ്ധ്യായം 67 ; സൂറത്തുൽ മുൽക്ക് (ഭാഗം-02)

മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ - 30


( 6 മുതൽ 14 വരെയുള്ള സൂക്തങ്ങളുടെ വിവരണം )



ഈ സൂറത്തിന്റെ വിവരണം സൂക്തം 1 മുതൽ 5 വരെ ഇവിടെ വായിക്കാം


بسم الله الرحمن الرحيم


കരുണാനിധിയും പരമ കാരുണികനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ആരംഭിക്കുന്നു





തങ്ങളുടെ രക്ഷിതാവിൽ അവിശ്വസിക്കുന്നവർക്ക് നരകശിക്ഷയുണ്ട് ആ മടക്കസ്ഥലം വളരെ ചീത്ത!

അള്ളാഹുവിന്റെ അളവറ്റ ശക്തിയും കഴിവും വിശദീകരിച്ചുവല്ലോ കഴിഞ്ഞ സൂക്തങ്ങളിൽ, അതോടൊപ്പം അള്ളാഹു നമ്മെ വെറുതെ പടച്ചതല്ല എന്നും നാം എങ്ങനെ പ്രവൃർ‌ത്തിക്കുന്നു എന്ന പരീക്ഷണം നടത്തുമെന്നും ധിക്കാരികളെ ശിക്ഷിക്കാൻ അവൻ യോഗ്യനാണെന്നും പാശ്ചാത്താപിക്കുന്നവർക്ക് അവൻ പൊറുക്കുമെന്നും അവിടെ വിശദീകരിച്ചുവല്ലൊ ആ ആശയം വ്യക്തമാക്കുകയാണ്‌‌ അള്ളാഹുവിനെ ധിക്കരിക്കുകയും നിഷേധിക്കുകയും ചെയ്യുന്നവർക്ക് നരകശിക്ഷയുണ്ടെന്നും ആ സ്ഥലം വളരെ മോശമാണെന്നും ആശിക്ഷ പിശാചുക്കൾക്ക് മാത്രമല്ല എല്ലാ നിഷേധികൾക്കും ഉണ്ടാകും എന്ന് വ്യക്തമാക്കുകയാണിവിടെ



അവരെ ആനരകത്തിൽ ഇടപ്പെട്ടാൽ തിളച്ച് മറിഞ്ഞുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ അതിനൊരു ഗർജ്ജനം അവർ കേൾക്കുന്നതാണ്‌.

തീയിലേക്ക് വിറൿ‌ എറിയപ്പെടുന്നത് പോലെ അവിശ്വാസികളെ നരകത്തിൽ എറിയപ്പെടും.അപ്പോൾ നരകത്തിനു ശക്തമായ ശബ്ദം ഉണ്ടാവും അത് നരകത്തിന്റെ ശക്തമായ ജ്വാലയുടെ കാഠിന്യത്താലുണ്ടാവുന്ന ശബ്ദമാണ്‌ണ്‌. കഴുതയുടെ ശബ്ദം പോലെ വളരെ മോശമായ ശബ്ദമായിരിക്കും അത് എന്നും നരകത്തിന്റെ ശക്തമായ നിശ്വാസം (ദേഷ്യപ്പെടുന്നവന്റെ ശ്വാസോച്ച്വാസം പോലെ)ആണു ആ ശബ്ദം എന്നും നരകത്തിലെറിയപ്പെടുമ്പോൾ ഇവരിൽ നിന്ന് തന്നെ പുറപ്പെടുന്ന (ഭയത്താലുണ്ടാവുന്ന) ശബ്ദമാണെന്നും അഭിപ്രായമുണ്ട് നരകത്തിന്റെ ശബ്ദം എന്ന ആദ്യത്തെ അഭിപ്രായമാൺ‌ പ്രബലം(റാസി30.56) തിളച്ചുമറിയുന്ന സ്ഥിതിയിൽ എന്ന് പറഞ്ഞതിനെക്കുറിച്ച് ഇമാം റാസിയും ഖുർത്വുബിയുമൊക്കെ എഴുതുന്നു. മുജാഹിദ്(റ)പറഞ്ഞു. കുറഞ്ഞ ധാന്യമണികളെക്കൊണ്ട് ധാരാളം വെള്ളം തിളക്കുന്നത് പോലെ നരകക്കാരെ കൊണ്ട് നരകം തിളക്കും എന്നാണ്‌ ഇതിന്റെ താല്പര്യം,നരകം ദേഷ്യത്തിന്റെ കാഠിന്യത്താൽ തിളക്കുമെന്നും കാണാം



അമർഷം മൂലം അത് പൊട്ടിപ്പിളരാറാകും.ഓരോ കൂട്ടം ആളുകൾ അതിൽ ഇടപ്പെടുമ്പോഴൊക്കെയും അതിലെ പാറാവുകാർ അവരോട് ചോദിക്കും നിങ്ങൾക്ക് താക്കീതുകാർ ആരും വന്നിരുന്നില്ലേ?



അവർ പറയും അതെ. ഞങ്ങൾക്ക് താക്കീതുകാരൻ വരികതന്നെ ചെയ്തിരുന്നു എന്നിട്ട് ഞങ്ങൾ അദ്ദേഹത്തെ നിഷേധിച്ചു അള്ളാഹു ഒന്നും അവതരിപ്പിച്ചിട്ടില്ല നിങ്ങൾ വലിയ വഴികേടിൽ തന്നെയാണ്‌ എന്ന് ഞങ്ങൾ അവരോട് പറയുകയും ചെയ്തു.

അമർഷം മൂലം അത് പൊട്ടിപ്പിളരാറാകും. എന്നത് ആലംങ്കാരികമായി പറയുന്നതാണ്‌‌. സത്യനിഷേധികളോടുള്ള ശക്തമായ അമർഷം കാരണത്താലുണ്ടാവുന്ന നരകത്തിന്റെ തീഷ്ണതയാണിത് സൂചിപ്പിക്കുന്നത്.നരകം ഒരു ജീവിയല്ലല്ലോ പിന്നെ എങ്ങനെയാണ്‌‌ അത് ദേഷ്യപ്പെടും എന്ന് പറയുക? എന്ന ചോദ്യത്തിന്റെ നിവാരണം പലരൂപത്തിലുമുണ്ട്.(1)ദേഷ്യം വരാൻ ജീവൻ അനിവാര്യമല്ല. അള്ളാഹു അതിൽ ഒരു തരം ജീവ് സൃ‌ഷ്ടിക്കുന്നതിനു കുഴപ്പവും ഇല്ല(2)നരകത്തിന്റെ ശക്തമായ ജ്വാലയെയും അതിന്റെ ശബ്ദത്തെയും ദേഷ്യം പിടിച്ച ഒരാളുടെ ശബ്ദത്തോടും ചലനത്തോടും തുലനം ചെയ്തതാണ്‌ ‌(3)നരകത്തിന്റെ കാവല്ക്കാരായ മലക്കുകളുടെ ദേഷ്യവും ഇവിടെ ഉദ്ദേശിക്കാം(റാസി 30.56)

നരകത്തിന്റെ പാറാവുകാർ എന്ന് പറഞ്ഞത് മാലിൿ(അ)എന്ന മലക്കും സഹായികളായ സബാനിയാക്കളുമാണ്‌‌. നിങ്ങൾക്ക് താക്കീതുകാർ ആരും വന്നിരുന്നില്ലേ? എന്ന ചോദ്യം അവരെ ഭയപ്പെടുത്താനുള്ള ചോദ്യമാണ്‌‌ അതും ഒരു തരം ശിക്ഷയാണ്‌‌



അവർ(വീണ്ടും)പറയും ഞങ്ങൾ (അവർ പറഞ്ഞത് )കേൾക്കുകയോ മനസ്സിലാക്കുകയോ ചെയ്തിരുന്നുവെങ്കിൽ ഞങ്ങൾ ഈ ജ്വലിക്കുന്ന നരകക്കാരാകുമായിരുന്നില്ല.



അങ്ങനെ അവർ തങ്ങളുടെ കുറ്റം സമ്മതിച്ചു പറയും അപ്പോൾ ജ്വലിക്കുന്ന നരകക്കാർ (അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന്)വളരെ വിദൂരം!

ഭൂമിയിൽ വെച്ച് പ്രവാചകന്മാരെയും സത്യ പ്രബോധകരെയും തള്ളിക്കളയുകയും അവർ അള്ളാഹുവിന്റെ നിർദ്ദേശപ്രകാരം ഒന്നും പറയുകയല്ലെന്നും സ്വന്തം വകയായി പറഞ്ഞതാണെന്നും അത് സ്വീകരിക്കാൻ ഞങ്ങളെക്കിട്ടില്ലെന്നും അഹങ്കാരം പറഞ്ഞവർ പരലോകത്ത് നരകത്തിലെ ശിക്ഷക്ക് വിധേയരാവുമ്പോഴുള്ള കുറ്റസമ്മതമാണിത് .ഞങ്ങൾ പ്രവാചകന്മാരെ നിഷേധിച്ചിരുന്നുവെന്നും കാര്യങ്ങൾ യഥാവിധി ചിന്തിക്കുകയും നല്ലത് കേൾക്കുകയും ചെയ്തിരുന്നെങ്കിൽ ഈ ദുരവസ്ഥ ഞങ്ങൾക്ക് വരില്ലായിരുന്നു എന്ന കുമ്പസാരം പക്ഷെ അവരെ രക്ഷിക്കുകയില്ല അതാണ്‌‌ അവർ അള്ളാഹുവിന്റെ അനുഗ്രഹത്തിൽ നിന്ന് വളരെ വിദൂരം എന്ന് പറഞ്ഞത്



നിശ്ചയമായും തങ്ങളുടെ നാഥനെ അദൃ‌ശ്യമായ നിലയിൽ ഭയപ്പെടുന്നവർക്ക് പാപമോചനവും മികച്ച പ്രതിഫലവുമുണ്ട്


സത്യ നിഷേധികളെയും അവരുടെ ദയനീയമായ ശിക്ഷയെയും നിസ്സഹായമായ പരിണിതിയെയും കുറിച്ചുണർത്തിയതിനു ശേഷം ഭക്തന്മാർക്ക് ലഭിക്കുന്ന നേട്ടങ്ങളെക്കുറിച്ച് പറയുകയാണ്‌‌.(അത് ഖുർആനിന്റെ ഒരു ശൈലിയാണ്‌. സത്യനിഷേധികൾക്ക് ലഭിക്കുന്ന ശിക്ഷ ഉണർത്തിയ ഉടനെ വിശ്വാസികൾക്ക് ലഭിക്കുന്ന പ്രതിഫലത്തെ ഉണർത്തുക ചിലപ്പോൾ മറിച്ചും പറയുക എന്നത്)അദൃ‌ശ്യമായ നിലയിൽ എന്ന് പറഞ്ഞത് നമ്മുടെ കണ്ണ് കൊണ്ട് നാം അള്ളാഹുവെ കാണുന്നില്ല ഈ ഭൂമിയിൽ വെച്ച് കാണുകയുമില്ല (പരലോകത്ത് സത്യവിശ്വാസികൾ അവനെ കാണും അള്ളാഹു നമുക്കെല്ലാം ആ ഭാഗ്യം നല്കട്ടെ) പക്ഷെ അവന്റെ എണ്ണിയാലൊടുങ്ങാത്ത അനുഗ്രഹങ്ങളിലൂടെയും പ്രാപഞ്ചിക പ്രതിഭാസങ്ങളുടെ അത്യത്ഭുതങ്ങളിലൂടെയും അവൻ ഉള്ളവനാണെന്ന് മനസിലാക്കാൻ ബുദ്ധിയുള്ളവർക്ക് സാധിക്കും അവനെ നാം കാണുന്നില്ലെങ്കിലും അവൻ നമ്മെ കാണുകയും നമ്മെ അവൻ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്ന ബോധത്തോടെ പ്രത്യക്ഷമായും പരോക്ഷമായും സൂക്ഷ്മതയുള്ള ജീവിതം നയിക്കുന്നവരാണ്‌‌ ഭാഗ്യവാന്മാർ .അവർക്ക് അള്ളാഹു നല്കുന്ന ഭാഗ്യം തന്നിൽ നിന്ന് വന്നുപോയ അരുതായ്മകൾ പൊറുത്ത് കൊടുക്കുകയും അളവറ്റ പ്രതിഫലം നല്കുകയും ചെയ്യുക എന്നതാണ്‌‌.





നിങ്ങളുടെ സംസാരം പതുക്കെയാക്കുക അല്ലെങ്കികിൽ ഉറക്കെയാക്കുക(രണ്ടും സമമാൺ‌ കാരണം)അവൻ ഹൃ‌ദയങ്ങളിലുള്ളതെല്ലാം നല്ലവണ്ണം അറിയുന്നവൻ തന്നെയാകുന്നു



സൃ‌ഷ്ടിച്ചവൻ അറിയുകയില്ലേ? അവനാകട്ടെ അതി നിഗൂഢ രഹസ്യം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാണെന്നിരിക്കെ.

അള്ളാഹുവിന്റെ വിശാലവും നിഗൂഢവുമായ ജ്ഞാനത്തെക്കുറിച്ചാണ്‌‌ ഈ സൂക്തങ്ങളിൽ അള്ളാഹു പറയുന്നത് പതുക്കെ പറഞ്ഞാലും ഉറക്കെ പറഞ്ഞാലും അവനു തുല്യമാൺ‌ എല്ലാത്തിനെയും പടച്ച അള്ളാഹുവിനറിയില്ലേ അവന്റെ പടപ്പുകൾ എന്ത് പറയുന്നു എന്നും എന്ത് ചെയ്യുന്നു എന്നും!ഈ ആയത്തുകൾ ഇറങ്ങാനുണ്ടായ പാശ്ചാത്തലം വ്യാഖ്യാതാക്കൾ പറയുന്നതിങ്ങനെയാണ്‌‌.ജൂതന്മാർ നബി(صلى الله عليه وسلم)യെക്കുറിച്ച് പലപ്പോഴും പല ആക്ഷേപങ്ങളും പറയുമായിരുന്നു.അതിനെ സംബന്ധിച്ച് നബി(صلى الله عليه وسلم)ക്ക് ദിവ്യബോധനവുമായി ജിബ്‌രീൽ(عليه وسلم)വരികയും ചെയ്യും.അപ്പോൾ അവർ പറഞ്ഞു.നബി(صلى الله عليه وسلم)യെക്കുറിച്ച് ആക്ഷേപം പറയുമ്പോൾ പതുക്കെ പറയാം അല്ലെങ്കിൽ മുഹമ്മദ്നബി(صلى الله عليه وسلم)യുടെ റബ്ബ് കേൾക്കും എന്ന്.അപ്പോൾ ആണ്‌ ഈ സൂക്തങ്ങൾ ഇറങ്ങിയത് (ഖുർത്വുബി)നിങ്ങൾ പതുക്കെ പറഞ്ഞാലും ഉറക്കെ പറഞ്ഞാലും അതിനുള്ള കഴിവ് നിങ്ങൾക്ക് നല്കിയ അള്ളാഹു അത് അറിയാതിരിക്കില്ല എന്ന്!

അവതരണ കാരണം ഇതാണെങ്കിലും എന്ത് വിഷയത്തിനും ഈ തത്വം ബാധകമാണ്‌.നാം പരസ്യമായി പറഞ്ഞാലും രഹസ്യമായി പറഞ്ഞാലും മാത്രമല്ല മനസിൽ കരുതുന്നത് പോലും അള്ളാഹു അറിയാതിരിക്കില്ല എന്ന് നാം മനസിലാക്കണം. നമ്മുടെ വാക്കുകളും പ്രവർത്തനങ്ങളും അള്ളാഹു വീക്ഷിക്കുന്നു എന്ന ചിന്തയിൽ നിന്നാണ്‌ ജീവിത വിശുദ്ധി കൈവരികയുള്ളൂ.അള്ളാഹു നല്ലത് ചിന്തിക്കാനും നന്മ പ്രവർത്തിക്കാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

ബാക്കി ഭാഗം അടുത്ത പോസ്റ്റിൽ തുടരും ഇൻശാ അള്ളാഹ്

2 comments:

വഴികാട്ടി / pathfinder said...

അദ്ധ്യായം 67 ; സൂറത്തുൽ മുൽക്ക്

6 മുതൽ 14 വരെയുള്ള സൂക്തങ്ങളുടെ വിവരണം

Zulfukhaar-ദുല്‍ഫുഖാര്‍ said...

goof effort