Thursday, June 30, 2011

അദ്ധ്യായം-72-സൂറത്തുൽ ജിന്ന്-ഭാഗം-01

മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 28


بسم الله الرحمن الرحيم


പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു


നമ്മുടെ ദൃ‌ഷ്ടികൾക്ക് ഗോചരമല്ലാത്ത തീ കൊണ്ട് സൃ‌ഷ്ടിക്കപ്പെട്ട ഒരു തരം ജീവികളാണ് ജിന്നുകൾ.(ഗോചരമല്ലെന്ന് പറഞ്ഞത് അവരുടെ ശരിയായ രൂപത്തിൽ കാണാനാവില്ലെന്നാണ്. അതേസമയം മറ്റു പലതായും അവർ രൂപാന്തരപ്പെടുകയും അപ്പോൾ നമുക്ക് കാണാൻ സാധിക്കുകയും ചെയ്യും. സക്കാത്തിന്റെ ധനം കളവ് നടത്തി കാവൽക്കാരനായ അബൂഹുറൈറ”(റ)നെ പറ്റിക്കാൻ മനുഷ്യ കോലത്തിൽ വന്ന ഇബ് ലീസിന്റെ കഥ ഹദിസു ഗ്രന്ഥങ്ങൾ വിവരിച്ചിട്ടുണ്ടല്ലോ)

ഒരു കൂട്ടം ജിന്നുകൾ നബി(സ)യിൽ നിന്ന് ഖുർആൻ കേൾക്കുകയും അവർ ഖുർആനിലും നബി(സ)യിലും വിശ്വസിച്ച് സ്വന്തം സമുദായത്തെ അതിലേക്ക് ക്ഷണിക്കുകയും ചെയ്ത സംഭവമാണ് ഈ അദ്ധ്യായത്തിലെ പ്രധാന പരാമർശം


1. قُلْ أُوحِيَ إِلَيَّ أَنَّهُ اسْتَمَعَ نَفَرٌ مِّنَ الْجِنِّ فَقَالُوا إِنَّا سَمِعْنَا قُرْآنًا عَجَبًا


(നബിയേ!)പറയുക ജിന്നുകളിൽ നിന്നുള്ള ഒരു സംഘം (ഖുർആൻ)ശ്രദ്ധിച്ച് കേട്ടുവെന്ന് എനിക്ക് ദിവ്യ ബോധനം നൽകപ്പെട്ടിരിക്കുന്നു എന്നിട്ട് അവർ പറഞ്ഞു നിശ്ചയമായും അത്ഭുതകരമായ ഒരു ഖുർആൻ ഞങ്ങൾ കേട്ടു എന്ന്.


2. يَهْدِي إِلَى الرُّشْدِ فَآمَنَّا بِهِ وَلَن نُّشْرِكَ بِرَبِّنَا أَحَدًا


അത് സന്മാർഗത്തിലേക്ക് വഴി കാട്ടുന്നുണ്ട് തന്മൂലം ഞങ്ങൾ അതിൽ വിശ്വസിച്ചിരിക്കുന്നു ഞങ്ങളുടെ രക്ഷിതാവിനോട് ഞങ്ങൾ ആരെയും പങ്ക് ചേർക്കുകയില്ല തന്നെ

നബി(സ) യുടെ അടുത്ത് ജിന്നുകൾ ഒന്നിലധികം തവണ വന്നതായി ഹദീസുകളിൽ ഉണ്ട് നബി(സ) ഥാഇഫിലെ സഖീഫ് ഗോത്രക്കാരെ സത്യത്തിലേക്ക് ക്ഷണിക്കുകയെന്ന മഹാ ദൌത്യവുമായി പുറപ്പെടുകയും അവരുടെ നിഷേധാത്മക നിലപാടിലും ആക്രമണത്തിലും മനം നൊന്ത് തിരിച്ച് പോരും വഴി ബഥ്നു നഖ്‌ല: എന്ന സ്ഥലത്ത് വെച്ച് നിസ്ക്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുന്നത് ഒരു സംഘം ജിന്നുകൾ കേൾക്കുകയും അവർ സത്യവിശ്വാസത്തിലേക്ക് കടന്നു വരികയും ചെയ്തു . ആ ഖുർആൻ കേട്ടമാത്രയിൽ തന്നെ ഇത് സത്യത്തിലേക്ക് വഴികാട്ടിയാണെന്ന് അവർക്ക് ബോദ്ധ്യപ്പെട്ടു .അതിന്റെ അടിസ്ഥാനത്തിൽ ഏകദൈവ വിശ്വാസം സ്വീകരിക്കുന്നുവെന്നും ബഹുദൈവ സിദ്ധാന്തം ഞങ്ങൾ സ്വീകരിക്കില്ലെന്നും അഥവാ ഇനിയും പിശാചിനെ അനുസരിക്കില്ലെന്നും അവർ പ്രഖ്യാപിച്ചു. ഖുർആൻ കേട്ട മാത്രയിൽ ഇത്രയും സുവ്യക്തമായി ജിന്നുകൾ ഖുർആനിനെ വിലയിരുത്തിയിട്ടും അറേബ്യൻ മുശ്‌രിക്കുകൾക്ക് അങ്ങനെ വിലയിരുത്താനായില്ലല്ലൊ എന്നത് അത്ഭുതം തന്നെ (ഖുർത്വുബി).

പത്തിൽ താഴെയുള്ള സംഘത്തിനാണ് നഫർ എന്ന് പറയുക

ഈ പ്രസ്താവനയിൽ നിന്ന് കുറെ കാര്യങ്ങൾ മനസ്സിലാവുന്നുണ്ട്(1) നബി(സ) മനുഷ്യരിലേക്ക് മാത്രമുള്ള പ്രവാചകനല്ല(2) ജിന്നുകൾക്ക് മനുഷ്യ ഭാഷയും സംസാരവും മനസ്സിലാക്കാൻ കഴിയും(3) ജിന്നുകൾ മത നിയമങ്ങൾക്ക് വിധേയരാണ്(4) സാമൂഹ്യം ജീവിതം നയിക്കുകയും പരസ്പരം ഉപദേശം നടത്തുന്നവരും തന്നെയാണ് ജിന്ന് സമൂഹവും എന്നിവ അതിൽ പെട്ടതത്രെ!

അത്ഭുതകരാമായ ഖുർആൻ എന്ന് പറഞ്ഞത് സംസാര വ്യക്തതയിലും അർത്ഥ ഗാംഭീര്യതയിലും നന്മയുടെ ആധിഖ്യത്തിലും തുല്യതയില്ലാത്ത ഗ്രന്ഥമാവുന്നതിലുമൊക്കെയാണ്


3. وَأَنَّهُ تَعَالَى جَدُّ رَبِّنَا مَا اتَّخَذَ صَاحِبَةً وَلَا وَلَدًا


നമ്മുടെ രക്ഷിതാവിന്റെ മഹത്ത്വം ഉന്നതം തന്നെയാകുന്നു അവൻ സഹധർമ്മിണിയെയോ സന്താനത്തെയോ സ്വീകരിച്ചിട്ടില്ല.

جَدُّ ന്നതിനു മഹത്വം എന്നതിനു പുറമെ ശക്തി,അനുഗ്രഹം കല്പന തുടങ്ങിയ അർത്ഥവും വ്യാഖ്യാതാക്കൾ പറഞ്ഞിട്ടുണ്ട്

അള്ളാഹുവിനു ഭാര്യയും സന്താനങ്ങളുമുണ്ടെന്ന വാദത്തെത്തൊട്ട് അള്ളാഹു പരിശുദ്ധനാണെന്നും അവനു അതിലേക്ക് ആവശ്യമില്ലെന്നും അവൻ ഭാര്യ സന്താനങ്ങളെ ഉണ്ടാക്കിയിട്ടില്ലെന്നും ഞങ്ങൾ ഉറച്ച് വിശ്വസിക്കുകയാണെന്ന് അവർ പറഞ്ഞു


4. وَأَنَّهُ كَانَ يَقُولُ سَفِيهُنَا عَلَى اللَّهِ شَطَطًا


നിശ്ചയമായും നമ്മിലുള്ള ഭോഷന്മാർ അള്ളാഹുവിന്റെ പേരിൽ അതിരുവിട്ട അസത്യം പറയാറുണ്ടായിരുന്നു

അള്ളാഹുവിന്റെ വിശുദ്ധിക്ക് നിരക്കാത്ത വർത്തമാനം പറഞ്ഞിരുന്നവർ ഭോഷന്മാരാണെന്നും ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ഇവിടെ പറഞ്ഞ ഭോഷൻ ഇബ്‌ലീസ് ആണെന്നും മൊത്തം മുശ്‌രിക്കുകളായ ജിന്നുകളാണെന്നും അഭിപ്രായമുണ്ട്


5. وَأَنَّا ظَنَنَّا أَن لَّن تَقُولَ الْإِنسُ وَالْجِنُّ عَلَى اللَّهِ كَذِبًا


നിശ്ചയമായും മനുഷ്യരും ജിന്നുകളും അള്ളാഹുവിന്റെ പേരിൽ കള്ളം പറയുകയേയില്ലെന്ന് ഞങ്ങൾ ധരിച്ചിരുന്നു

അള്ളാഹുവേക്കുറിച്ച് ഇത്തരം അബദ്ധങ്ങൾ ഞങ്ങൾ വിശ്വസിച്ച് പോയത് അള്ളാഹുവെക്കുറിച്ച് ഇവരാരും കള്ളം പറയില്ലെന്ന ധാരണയിലായിരുന്നു എന്നാൽ ഖുർ‌ആൻ കേട്ടപ്പോഴാണല്ലോ അള്ളാഹുവെക്കുറിച്ചും കള്ളം പറയുന്ന മനുഷ്യരും ജിന്നുംകളുമൊക്കെയുണ്ടെന്ന് ഞങ്ങൾക്ക് ബോദ്ധ്യമായത് എന്ന് സാരം


6. وَأَنَّهُ كَانَ رِجَالٌ مِّنَ الْإِنسِ يَعُوذُونَ بِرِجَالٍ مِّنَ الْجِنِّ فَزَادُوهُمْ رَهَقًا


നിശ്ചയം മനുഷ്യരിൽ നിന്നുള്ള ചില പുരുഷന്മാർ ജിന്നുകളിൽ നിന്നുള്ള ചില പുരുഷന്മാരോട് അഭയം തേടാറുണ്ടായിരുന്നു അങ്ങനെ അവർ ഇവർക്ക് ഗർവ് വർദ്ധിപ്പിച്ചു

അറബികൾ ഏതെങ്കിലും വിജനമായ പ്രദേശത്ത് കൂടി സഞ്ചരിക്കുമ്പോൾ ആ പ്രദേശ വാസികളായ ജിന്നുകളിൽ നിന്ന് വല്ല ഉപദ്രവവും നേരിട്ടാലോ എന്ന് ഭയപ്പെടുകയും ഉപദ്രവം ഇല്ലാതിരിക്കാനായി ഈ പ്രദേശത്തെ നേതാവായ ജിന്നിനോട് ഞങ്ങൾ അഭയം തേടുന്നു എന്ന് പറയുകയും ചെയ്യാറുണ്ടായിരുന്നു ഇങ്ങനെ പറഞ്ഞാൽ പിന്നെ ജിന്നിന്റെ ഉപദ്രവം ഉണ്ടാവില്ലെന്ന് ധരിക്കുകയും ചെയ്തിരുന്നു ഇത് ആ ജിന്നുകൾക്ക് അഹങ്കാരവും ധിക്കാരവും വർദ്ധിപ്പിച്ചു(ഞങ്ങളെ മനുഷ്യർക്ക് പേടിയാണെന്ന് അവർ ധരിച്ചു) ഇതിനെ പറ്റിയാണ് ആ നല്ല ജിന്നുകൾ പറഞ്ഞത് മനുഷ്യർ കാവൽ തേടാറുണ്ടായിരുന്നു അത് ജിന്നുകൾക്ക് അഹങ്കാരം വർദ്ധിപ്പിച്ചു എന്ന്


7. وَأَنَّهُمْ ظَنُّوا كَمَا ظَنَنتُمْ أَن لَّن يَبْعَثَ اللَّهُ أَحَدًا


നിശ്ചയമായും അള്ളാഹു ആരേയും പുനർജ്ജനിപ്പിക്കുകയില്ലെന്ന് നിങ്ങൾ ധരിച്ചത് പോലെ അവരും ധരിച്ചിരിക്കുന്നു

മരണശേഷമുള്ള പുനർജ്ജന്മത്തെ മക്ക മുശ്‌രിക്കുകൾ നിഷേധിച്ചിരുന്നല്ലൊ. മണ്ണിൽ ലയിച്ച ഞങ്ങളെ എങ്ങനെ പുനർജ്ജനിപ്പിക്കുമെന്നായിരുന്നു അവരുടെ വാദം. ഇത് പോലെ പുനർജ്ജന്മം അസാദ്ധ്യമെന്ന് വിശ്വസിച്ചിരുന്ന ജിന്നുകളുമുണ്ടായിരുന്നുവെന്ന് സാരം പുനർജ്ജന്മത്തെ നിഷേധിച്ചിരുന്നുവെന്നതിനു പുറമേ റസൂലായി ആരെയും നിയോഗിക്കുകയില്ലെന്ന് അവർ ധരിച്ചു എന്നും ഇവിടെ വ്യാഖ്യാനമുണ്ട് നബി(സ) പ്രവാചകനാണെന്ന് പറഞ്ഞപ്പോൾ അങ്ങനെ ഒരു പ്രവാചകത്വം നൽകണമെങ്കിൽ മുഹമ്മദ്(സ)യെക്കാൾ സാമ്പത്തികമായും നേത്ര്വ പരമായുമൊക്കെ മുൻ നിരയിലുള്ള ഞങ്ങളിവിടെ ഉണ്ടല്ലോ ഒരിക്കലും പ്രവാചകത്വം നബി(സ) ക്ക് ലഭിക്കില്ലെന്ന് മക്കക്കാർ നിഷേധിച്ചിരുന്നു ഇത് പോലുള്ള വിശ്വാസം ജിന്നുകൾക്കുമുണ്ടായിരുന്നു എന്നും അർത്ഥമാവാം


8. وَأَنَّا لَمَسْنَا السَّمَاء فَوَجَدْنَاهَا مُلِئَتْ حَرَسًا شَدِيدًا وَشُهُبًا


നിശ്ചയം നാം ആകാശത്തെ സ്പർശിച്ചു അപ്പോൾ അത് ശക്തിമത്തായ പാറാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടതായി നാം കണ്ടെത്തി


9. وَأَنَّا كُنَّا نَقْعُدُ مِنْهَا مَقَاعِدَ لِلسَّمْعِ فَمَن يَسْتَمِعِ الْآنَ يَجِدْ لَهُ شِهَابًا رَّصَدًا


നാം ആകാശത്തിൽ നിന്ന് ചില ഇരിപ്പിടങ്ങളിൽ ഇരിക്കാറുണ്ടായിരുന്നു എന്നാൽ ഇപ്പോൾ വല്ലവനും ചെവി കൊടു(ത്തുകേൾക്കാൻ ശ്രമി)ക്കുന്നതായാൽ അവനെ വീക്ഷിച്ചു കൊണ്ടിരിക്കുന്ന ഒരു തീജ്വാലയെ അവൻ കണ്ടെത്തുന്നതാണ്

ജിന്നുകളിൽ പെട്ട ദുഷ്ടന്മാർ -പിശാചുക്കൾ-മുൻകാലത്ത് ആകാശത്ത് ചില പ്രത്യേക സ്ഥലങ്ങളിൽ പതിയിരിക്കുകയും മലക്കുകൾ തമ്മിൽ പറയുന്ന ഭൂമിയിൽ നടക്കാനിരിക്കുന്ന ചില രഹസ്യ വിവരങ്ങൾ കട്ട് കേൾക്കുകയും ചെയ്യുകയും അതിൽ ധാരാളം കളവുകൾ ചേർത്ത് ഭൂമിയിലുള്ള തങ്ങളുടെ സേവക്കാർക്ക് എത്തിച്ച് കൊടുക്കുകയും ചെയ്തിരുന്നു. എന്നാൽ നബി(സ)യുടെ നിയോഗത്തോടെ പിശാചുക്കൾക്ക് ആകാശത്തേക്കുള്ള പ്രവേശനം തടയപ്പെട്ടു അഥവാ ആകാശത്തിലേക്ക് കയറാനോ അവിടെയുള്ള കാര്യങ്ങൾ കട്ട് കേൾക്കാ‍നോ ശ്രമിച്ചാൽ നക്ഷത്രങ്ങളിൽ നിന്നുള്ള ഉൽക്കകളാൽ അവർ എറിഞ്ഞോടിക്കപ്പെടുകയും ചെയ്തു അതിനെക്കുറിച്ചാണ് ആകാശം പാരാവുകാരാലും തീജ്വാലകളാലും നിറക്കപ്പെട്ടുവെന്നും ചെവി കൊടുത്ത് കട്ട് കേൾക്കാൻ ശ്രമിച്ചാൽ തീജ്വാലയെ കണ്ടെത്തുമെന്നും അവർ പറഞ്ഞത്.


10. وَأَنَّا لَا نَدْرِي أَشَرٌّ أُرِيدَ بِمَن فِي الْأَرْضِ أَمْ أَرَادَ بِهِمْ رَبُّهُمْ رَشَدًا


ഭൂമിയിലുള്ളവർക്ക് തിന്മയാണോ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത് അതല്ല അവരുടെ രക്ഷിതാവ് നന്മയാണോ അവർക്കുദ്ദേശിച്ചിരിക്കുന്നത് എന്നൊന്നും നമുക്കറിഞ്ഞു കൂടാ.

ഇങ്ങനെ ആകാശത്ത് കാവലേർപ്പെടുത്തി ഞങ്ങളുടെ ആകാശ സഞ്ചാരവും വാർത്ത ചോർത്തലും തടയുക വഴി വല്ല അനിഷ്ടവും ഭൂമിയിലുള്ളവർക്ക് ഉണ്ടാക്കാനാണോ അല്ലെങ്കിൽ വല്ല നന്മയും നൽകാനാണോ അള്ളാഹു ഉദ്ദേശിക്കുന്നതെന്നൊന്നും ഞങ്ങൾക്കറിയില്ല എന്ന് സാരം

ഇമാം ത്വിബ്‌രി(റ) എഴുതുന്നു. ആകാശത്ത് നിന്ന് അവർ തടയപ്പെട്ടപ്പോൾ പിശാചുക്കൾ ഇബ്‌ലീസിന്റെ അടുത്ത് ചെന്ന് പറഞ്ഞു. ഞങ്ങൾക്ക് ആകാശത്തേക്ക് പ്രവേശനം തടയപ്പെട്ടിരിക്കുന്നു.അപ്പോൾ ഇബ് ലീസ് പറഞ്ഞു.ആകാശം ഈവിധത്തിൽ സംരക്ഷിക്കപ്പെടുന്നത് ഒന്നുകിൽ ഭൂമിയിലേക്ക് അള്ളാഹു പെട്ടെന്ന് ഇറക്കുന്ന ഒരു ശിക്ഷയുടെ തുടക്കമായോ അല്ലെങ്കിൽ നന്മസംസ്ഥാപിക്കാനും മാർഗദർശനം നൽകാനും വരുന്ന ഒരു നബിയെ അയക്കുന്നതിന്റെ ആരംഭമോ ആയിരിക്കണം എന്ന്!



11. وَأَنَّا مِنَّا الصَّالِحُونَ وَمِنَّا دُونَ ذَلِكَ كُنَّا طَرَائِقَ قِدَدًا


നിശ്ചയമായും നമ്മിൽ നല്ലവരുണ്ട് അല്ലാത്തവരുമുണ്ട് നാം വിവിധ മാർഗക്കാരായിരിക്കയാണ്

സ്വാലിഹ് എന്നാൽ അള്ളാഹുവിനെ നന്നായി അനുസരിക്കുന്ന മുസ്‌ലിം എന്നാണ് അല്ലാത്തവർ എന്നതിന്റെ വിവക്ഷ കാഫിറുകൾ. മുശ്‌രിക്കുകൾ എന്നത്രെ!


وَأَنَّا ظَنَنَّا أَن لَّن نُّعجِزَ اللَّهَ فِي الْأَرْضِ وَلَن نُّعْجِزَهُ هَرَبً ا (12


നിശ്ചയമായും നാം ഭൂമിയിൽ അള്ളാഹുവിനെ പരാചയപ്പെടുത്തന്നതേയല്ലെന്നും ഓടിപ്പോയി അവനെ തോൽ‌പ്പിക്കാൻ നമുക്ക് കഴിയുന്നതല്ലെന്നും നാം ഉറപ്പായി ധരിച്ചിട്ടുണ്ട്


അള്ളാഹു ഞങ്ങളെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ ഓടി രക്ഷപ്പെടാൻ ഞങ്ങൾക്ക് സാധിക്കാത്ത വിധം ഞങ്ങളെ പൂട്ടാൻ അള്ളാഹു ശക്തനാണെന്ന് ഇപ്പോൾ ഞങ്ങൾക്ക് ഉറപ്പായിട്ടുണ്ടെന്ന് സാരം


وَأَنَّا لَمَّا سَمِعْنَا الْهُدَى آمَنَّا بِهِ فَمَن يُؤْمِن بِرَبِّهِ فَلَا يَخَافُ بَخْسًا وَلَا رَهَقًا (13

സന്മാർഗം(ഖുർ ആൻ) കേട്ടപ്പോൾ നാമതിൽ വിശ്വസിക്കുക തന്നെ ചെയ്തു എന്നാൽ വല്ലവനും തന്റെ റബ്ബിൽ വിശ്വസിക്കുന്ന പക്ഷം അവനു വല്ല നഷ്ടമോ അനീതിയോ ഭയപ്പെടേണ്ടി വരില്ല

ഖുർ‌ആൻ കേട്ടപ്പോൾ ഞങ്ങൾ അത് വിശ്വസിച്ചു എന്നും അത് അള്ളാഹുവിൽ നിന്നാണെന്ന് ഞങ്ങൾക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ടെന്നും അള്ളാഹുവിൽ അർഹമായി വിശ്വസിച്ചാൽ ചെയ്ത നന്മകൾക്ക് പ്രതിഫലം തരാതെയോ മറ്റുള്ളവരുടെ തിന്മ തന്റെ മേലിൽ അടിച്ചേൽ‌പ്പിച്ചു കൊണ്ടോ പ്രയാസപ്പെടുത്തുമെന്ന് ഭയപ്പെടേണ്ടതില്ല എന്ന് അവർ പറഞ്ഞു


14 ) وَأَنَّا مِنَّا الْمُسْلِمُونَ وَمِنَّا الْقَاسِطُونَ فَمَنْ أَسْلَمَ فَأُوْلَئِكَ تَحَرَّوْا رَشَدًا

നിശ്ചയമായും നമ്മിൽ മുസ് ലിംകളുണ്ട് സന്മാർഗം തെറ്റി നടക്കുന്നവരും നമ്മിലുണ്ട് എന്നാൽ ആരെങ്കിലും (അള്ളാഹുവിനു) കീഴൊതുങ്ങുന്ന പക്ഷം അവർ നേർമാർഗം ഉദ്ദേശിച്ചിരിക്കുന്നു


15 ) وَأَمَّا الْقَاسِطُونَ فَكَانُوا لِجَهَنَّمَ حَطَبًا


സന്മാർഗം തെറ്റി നടക്കുന്നവരാവട്ടെ അവർ നരകത്തിനു വിറകായിത്തീരുന്നതാണ് (ഇങ്ങനെയെല്ലാം ആ ജിന്നുകൾ പ്രസ്താവിച്ചു)


ജിന്നുകൾ അവരെക്കുറിച്ചുള്ള ചില കാര്യങ്ങളാണിവിടെ പരാമർശിക്കുന്നത് ഞങ്ങളിൽ നല്ലവരും അല്ലാത്തവരുമുണ്ട് പിഴച്ച മാർഗം സ്വീകരിച്ചാൽ അള്ളാഹു ശിക്ഷിക്കുമെന്നും അവന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനോ അവനെ പരാചയപ്പെടുത്താനോ നമുക്ക് സാധിക്കില്ലെന്നും സത്യ വിശ്വാസിക്ക് ഒന്നും ഭയപ്പെടാനില്ലെന്നും അല്ലാത്തവർക്ക് നരകം തന്നെയാണാധാരമെന്നുമൊക്കെയുള്ള സാരോപദേശങ്ങളാണ് ഖുർ‌ആൻ കേട്ട ജിന്നുകൾ തങ്ങളുടെ ജനതക്ക് നൽകുന്നത് മനുഷ്യരിലെന്ന പോലെ ജിന്നുകളിലും സത്യ വിശ്വാസികളും അല്ലാത്തവരുമുണ്ടെന്നും അള്ളാഹുവിന്റെ വിധി വിലക്കുകൾ അവർക്കും ബാധകമാണെന്നും ഈ പ്രസ്താവനയിൽ നിന്ന് മനസിലാക്കാം.ഒന്നാം വാക്യത്തിലെ അവർ പറഞ്ഞു എന്ന് പറഞ്ഞതിന്റെ തുടർച്ചയാണ് അവരുടെ വാചകമായി അള്ളാഹു ഇത് വരെ ഉണർത്തിയത്

ഇവിടെ ഒരു ചോദ്യമുണ്ട്. ജിന്നുകൾ തീ കൊണ്ട് പടക്കപ്പെട്ടവരല്ലേ ?അപ്പോൾ അവരെ തീയിലിട്ടിട്ട് എന്ത് കാര്യം?മറുപടി നരകത്തിൽ തീ ശിക്ഷയായി അവർക്ക് അനുഭവപ്പെടും വിധം അവരുടെ പ്രക്ര്‌തം മാറ്റപ്പെടുമെന്നാണ്(റാസി)


16 ) وَأَلَّوِ اسْتَقَامُوا عَلَى الطَّرِيقَةِ لَأَسْقَيْنَاهُم مَّاء غَدَقًا


ആ മാർഗത്തിൽ (ഇസ്‌ലാമിൽ) അവർ ഉറച്ചു നിൽക്കുകയാണെങ്കിൽ അവർക്ക് നാം ധാരാളം വെള്ളം കുടിക്കുവാൻ കൊടുക്കും (എന്നും എനിക്ക് വഹ് യ് നൽകപ്പെട്ടിരിക്കുന്നു)


ധാരാളം വെള്ളം കുടിക്കുവാൻ കൊടുക്കുമെന്നതിന്റെ താല്പര്യം ജീവിത മാർഗം സുഖകരമാക്കിക്കൊടുക്കുമെന്നാണ്.സത്യമാർഗത്തിൽ ഉറച്ചു നിന്നാൽ എന്ന് പറഞ്ഞത് മനുഷ്യനും ജിന്നിനും ബാധകമാണ്


(17) لِنَفْتِنَهُمْ فِيهِ وَمَن يُعْرِضْ عَن ذِكْرِ رَبِّهِ يَسْلُكْهُ عَذَابًا صَعَدًا


അതിൽ അവരെ പരീക്ഷിക്കുവാൻ വേണ്ടി(യാണത്) വല്ലവനും തന്റെ രക്ഷിതാവിന്റെ ഉൽബോധനം (ഖുർ‌ആൻ) വിട്ട് തിരിഞ്ഞു പോകുന്ന പക്ഷം അവനെ അള്ളാഹു കഠിന ശിക്ഷയിൽ പ്രവേശിപ്പിക്കുന്നതാണ്

എന്നാൽ ഭൌതിക സുഖം ലഭിക്കുമ്പോൾ ചിലർ അള്ളാഹുവിനെ മറക്കാനും അധർമ്മകാരികളായി മാറാനും തുടങ്ങും, അവരെ ശക്തമായ ശിക്ഷ കാത്തിരിക്കുന്നുവെന്ന താക്കീതാണീ സൂക്തം. ഭൌതിക നേട്ടങ്ങൾ അള്ളാഹു ഇവിടെ നൽകുന്നത് നമ്മെ അവൻ ഇഷ്ടപ്പെട്ടു എന്നതിന്റെ തെളിവല്ല.മറിച്ച് അതും ഒരു പരീക്ഷണമാണ്. നാഥനു നന്ദിയോടെ ജീവിക്കാൻ ഈ സൌകര്യം ഒരാൾ ഉപയോഗപ്പെടുത്തിയാൽ അവൻ ശാശ്വതവിജയം നേടുകയും ധനം അഹങ്കാരിയാക്കിയവൻ എന്നെന്നേക്കുമായി പരാചയപ്പെടുകയും ചെയ്യും.ദുനിയാവ് മധുരവും പച്ചപ്പുമുള്ളതാണ് അള്ളാഹു നിങ്ങളെ അതിൽ പ്രതിനിധിയാക്കുകയും നിങ്ങൾ എങ്ങനെ പ്രവൃ‌ത്തിക്കുന്നുവെന്ന് അവൻ ശ്രദ്ധിക്കുകയും ചെയ്യുന്നുവെന്ന നബി വചനം നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടതാണ്

അള്ളാഹു സത്യവിശ്വാസമുൾക്കൊള്ളാനും ഇരു ലോക വിജയം കരസ്ഥമാക്കാനും നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ.

തുടരും.. ഇൻശാ അള്ളാഹ്

1 comment:

വഴികാട്ടി / pathfinder said...

അദ്ധ്യായം 72 സൂറത്തുൽ ജിന്ന് മക്കയിൽ അവതരിച്ചു. സൂക്തങ്ങൾ 28