Sunday, July 10, 2011

അദ്ധ്യായം-72-സൂറത്തുൽ ജിന്ന്-ഭാഗം-02

മക്കയിൽ അവതരിച്ചു - സൂക്തങ്ങൾ 28

بسم الله الرحمن الرحيم

പരമ കാരുണികനും കരുണാനിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു




ഭാഗം-01 , സൂക്തം 1 മുതൽ 17 വരെ ഇവിടെ ക്ലിക് ചെയ്ത് വായിക്കുക




وَأَنَّ الْمَسَاجِدَ لِلَّهِ فَلَا تَدْعُوا مَعَ اللَّهِ أَحَدًا (18



നിശ്ചയമായും പള്ളികൾ അള്ളാഹുവിന്നുള്ളതാകുന്നു അതിനാൽ അള്ളാഹുവോടൊപ്പം മറ്റാരെയും നിങ്ങൾ ആരാധിക്കരുത്

പള്ളികൾ അള്ളാഹുവിനുള്ളതാകുന്നു എന്നും അത് കൊണ്ട് അവനോടൊപ്പം മറ്റാരെയും ആരാധിക്കരുതെന്നും എനിക്ക് ബോധനം നൽകപ്പെട്ടിരിക്കുന്നു എന്നാണിവിടെ പറയുന്നത്. ആരെയും വിളിക്കരുതെന്ന് പറഞ്ഞത് കൊണ്ട് ഒരു ആരാധ്യനെയും വിളിക്കരുത് എന്നാണുദ്ദേശ്യമെന്ന് ഖുർആൻ തന്നെ പലസ്ഥലത്തും വിശദീകരിച്ചിട്ടുണ്ട് അത് കൊണ്ട് തന്നെ ദുആ എന്നതിന്റെ വിശദീകരണത്തിൽ എല്ലാ വ്യാഖ്യാതാക്കളും പറഞ്ഞത് ആരാധിക്കുക എന്നത്രെ!

ഇതിനു വിരുദ്ധമായി വിളിച്ചു പ്രാർത്ഥിക്കുക എന്ന് തെറ്റായി അർത്ഥ കല്പന ചെയ്യുകയും മഹാന്മാരോടുള്ള സഹായാർത്ഥനയിലേക്ക് ഇതിനെ ചേർക്കുകയും ചെയ്യാവതല്ല എന്ന് പ്രത്യേകം നാമിവിടെ ഓർക്കണം. ഉദാഹരണമായി ഏറ്റവും പ്രാമാണിക വ്യാഖ്യാതാക്കളിൽ പ്രമുഖനായ ഇബ്നു ജരീർ അത്ത്വിബ് രി(റ) എഴുതുന്നു.


فلاتدعوا) أيهاالناس (مع الله أحدا)ولاتشركوا به فيها شيئا ولكن أفردواله التوحيد وأخلصوا له العبادة


ഓ ജനങ്ങളേ! അള്ളാഹുവോടൊപ്പം നിങ്ങൾ ആരെയും ആരാധിക്കരുത് അവനോടൊപ്പം ആരാധനയിൽ ആരെയും നിങ്ങൾ പങ്ക് ചേർക്കരുത് മറിച്ച് അള്ളാഹുവിന്റെ ഏകത്വം നിങ്ങൾ നിലനിർത്തുകയും അവനു മാത്രം ആരാധനയെ നിങ്ങൾ തനിപ്പിക്കുകയും ചെയ്യുക(ത്വിബ് രി 29/123)

അപ്പോൾ അള്ളാഹുവല്ലാത്തവരെ ആരാധിക്കരുതെന്ന മൌലിക സിദ്ധാന്തം സ്ഥിരീകരിക്കാൻ വന്ന സൂക്തങ്ങളെടുത്ത് ആരാധന അള്ളാഹുവിനു മാത്രമേ പാടുള്ളൂ എന്ന് മനസ്സറിഞ്ഞ് വിശ്വസിക്കുന്ന മഹത്തുക്കൾ അള്ളാഹുവിന്റെ അടിമകളാണെന്ന് ഉറച്ച് വിശ്വസിക്കുന്ന സത്യ വിശ്വാസികൾക്കെതിരിൽ ഇത്തരം സൂക്തങ്ങൾ ദുരുപയോഗം ചെയ്തു കൂടാത്തതാണെന്ന് ഇവിടെ പ്രത്യേകം ശ്രദ്ധിക്കുക

ഇവിടെ പറഞ്ഞ മസാജിദ് എന്നതിന്റെ സാരം എന്താണെന്ന വിഷയത്തിൽ വിവിധ വ്യാഖ്യാനങ്ങളുണ്ട് ആരാധനക്ക് വേണ്ടി മത വിശ്വാസികൾ നിർമ്മിക്കുന്ന വീടുകൾ(പള്ളികൾ) ആണെന്നാണ് ഒരു വ്യാഖ്യാനം. എല്ലാ സ്ഥലവും ആണ് എന്ന വ്യാഖ്യാനവും ചിലർ പറഞ്ഞു നബി(സ)യുടെ ഒരു ഹദീസ് ആണ് ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനം.‘’ഭൂമിയെ എനിക്ക് മസ്ജിദും(നിസ്കരിക്കാവുന്ന സ്ഥലം)ശുദ്ധീകരണത്തിനുതകുന്നതു(വെള്ളം ലഭ്യമായില്ലെങ്കിൽ മണ്ണ് ഉപയോഗിച്ച് തയമ്മും എന്ന ശുദ്ധീകരണമാണുദ്ദേശ്യം)മാക്കിയിരിക്കുന്നു ‘’ഈ ഹദീസിൽ ഭൂമിയെ നിസ്ക്കരിക്കാവുന്ന സ്ഥലം എന്ന അർത്ഥത്തിൽ മസ്ജിദ് എന്നാണ് പ്രയോഗിച്ചത്. സുജൂദ് ചെയ്യാനാവശ്യമായ അവയവങ്ങൾ എന്നും മസാജിദിനു വ്യാഖ്യാനമുണ്ട്. അതായത് രണ്ട് കല്പാദങ്ങൾ, രണ്ട് മുട്ടുകാലുകൾ, രണ്ട് കൈകൾ, മുഖം എന്നിവയാണിവിടെ ഉദ്ദേശ്യം അതായത് ഈ അവയവങ്ങൾ അള്ളാഹുവിന്റെ അനുഗ്രഹങ്ങളാണ് അത് ഉപയോഗിച്ച് അള്ളാഹുവല്ലാത്തവർക്ക് സാഷ്ടാംഗമരുത് അങ്ങനെ ചെയ്യുന്നത് അള്ളാഹുവോടുള്ള നിഷേധമാകും. മസാജിദ് എന്നതിനു നിസ്ക്കാരങ്ങൾ എന്നും വ്യാഖ്യാനമുണ്ട് ഇതിലെ ഒന്നാം വ്യാഖ്യാനമാണ് കൂടുതൽ പ്രബലം(ഖുർത്വുബി)

അള്ളാഹു അല്ലാത്തവരെ ആരാധിക്കരുതെന്ന് തുടർന്ന് പറഞ്ഞത് പ്രധാനമായും മസ്ജിദുൽ ഹറാമിൽ വെച്ച് അള്ളാഹുവല്ലാത്ത ദൈവങ്ങൾക്ക് ആരാധനകളർപ്പിച്ച മക്കാ‍ മുശ്‌രിക്കുകൾക്കുള്ള താക്കീതാണ് ജൂത കൃ‌സ്ത്യാനികൾ അവരുടെ ആരാധനാലയങ്ങളിൽ പ്രവേശിച്ചാൽ ബഹുദൈവാരാധന നടത്തിയിരുന്നു അപ്പോൾ നബി(സ)യോടും സത്യ വിശ്വാസികളോടും അള്ളാഹുവെ മാത്രം ആരാധിക്കാനായി അള്ളാഹു കൽ‌പ്പിച്ചതാണെന്നത്രെ മുജാഹിദ്(റ)ന്റെ പക്ഷം. പള്ളികൾ അള്ളാഹുവിന്റെ ദിക്‌റുകൾക്ക് മാത്രമായി ചുരുക്കണം തമാശകൾക്കോ കച്ചവടത്തിനോ വിശ്രമത്തിനോ യാത്രക്കിടയിലെ ഇടത്താവളമായോ ഒന്നും ഉപയോഗിക്കരുതെന്നാണ് മറ്റൊരു വ്യാഖ്യാനം. കളഞ്ഞ് പോയ വസ്തു കിട്ടിയിട്ടുണ്ടോ എന്ന് പള്ളിയിൽ വെച്ച് വിളിച്ച് ചോദിക്കുന്നത് കേട്ടാൽ നിനക്ക് അള്ളാഹു അത് മടക്കിത്തരാതിരിക്കട്ടെ എന്ന് പറയണം കാരണം പള്ളികൾ അതിനു വേണ്ടിയല്ല നിർമ്മിക്കപ്പെട്ടതെന്ന് ഹദീസിൽ വന്നത് ഓർക്കുക.


وَأَنَّهُ لَمَّا قَامَ عَبْدُ اللَّهِ يَدْعُوهُ كَادُوا يَكُونُونَ عَلَيْهِ لِبَدًا (19


നിശ്ചയം അള്ളാഹുവിന്റെ അടിമ (നബി(സ-) അവനു ഇബാദത്ത് ചെയ്ത് കൊണ്ട് നിന്നപ്പോൾ അവർ ആ അടിമയുടെ മേൽ കൂട്ടം കൂട്ടമായി തിങ്ങിക്കൊണ്ടിരിക്കുമാറായി(എന്നും ദിവ്യബോധനം നൽകപ്പെട്ടതായി പറയുക)

ഇവിടെ പറഞ്ഞ അള്ളാഹുവിന്റെ അടിമ മുഹമ്മദ് നബി(സ)യാണ് .താഇഫിൽ നിന്നുള്ള മടക്കയാത്രയിൽ ബഥ്നു നഖ്‌ലയിൽ വെച്ച് നിസ്ക്കരിക്കുമ്പോൾ ഖുർആൻ പാരായണം കേട്ട ജിന്നുകൾ ശ്രദ്ധിച്ച് കേൾക്കാനുള്ള ആവേശത്തിൽ തിരക്ക് കൂട്ടി ചിലർ ചിലരുടെ മേലിലൂടെ മറിയുന്ന സാഹചര്യമുണ്ടായി എന്നാണിവിടെ ഒരു വ്യാഖ്യാനം. പ്രബോധനത്തിലേർപ്പെട്ട നബി(സ)യെ എങ്ങനെ തകർക്കാമെന്ന് ചിന്തിക്കാനായി ശത്രുക്കൾ നബി(സ)ക്കെതിരെ ഒത്ത് കൂടിയതാണെന്നും വ്യാഖ്യാനമുണ്ട്. പക്ഷെ അള്ളാഹു നബി(സ)യെ സഹായിച്ചു അവരുടെ കുതന്ത്രം തകർന്നു പോയി


قُلْ إِنَّمَا أَدْعُو رَبِّي وَلَا أُشْرِكُ بِهِ أَحَدًا (20



(നബിയേ) പറയുക നിശ്ചയം എന്റെ നാഥനു മാത്രമേ ഞാൻ ആരാധിക്കുകയുള്ളൂ അവനോട് മറ്റാരെയും ഞാൻ പങ്ക് ചേർക്കുകയില്ല


നബി(സ)യോട്, ഇന്നാട്ടിലെ എല്ലാ നടപടിക്രമങ്ങളും തകർത്ത് ബഹുദൈവാരാധനയെ എതിർക്കാനും ഏകദൈവ സിദ്ധാന്തം സ്ഥാപിക്കാനും നിങ്ങൾ ശ്രമിച്ചാൽ ജനം നിങ്ങളെ എതിർക്കുമെന്നും അത് നേരിടാൻ നബിക്കാവില്ലെന്നും അതിനാൽ ഈ ശ്രമം ഉപേക്ഷിച്ച് നാട്ടുനടപ്പിനൊപ്പം നിന്നാൽ നിങ്ങൾക്ക് ഞങ്ങൾ അഭയം തരാമെന്നും മക്ക മുശ്‌രിക്കുകൾ പറഞ്ഞു അതിന്റെ മറുപടിയാണിത് എന്ത് കഷ്ടപ്പാടുകൾ നേരിടേണ്ടി വന്നാലും ബഹുദൈവാരാധനക്ക് ഞാനില്ലെന്നും പ്രത്യുത ഏകദൈവാരാധനയേ ഞാൻ നടത്തൂ എന്ന്!


قُلْ إِنِّي لَا أَمْلِكُ لَكُمْ ضَرًّا وَلَا رَشَدًا(21


പറയുക ഞാൻ നിങ്ങൾക്ക് ഒരു ഉപദ്രവത്തെയോ നന്മയെയോ ഉടമപ്പെടുത്തുന്നില്ല


നിങ്ങളിൽ നിന്ന് വല്ല ബുദ്ധിമുട്ടും ഇല്ലായ്മ ചെയ്യാനോ നന്മ വല്ലതും ഉണ്ടാക്കിത്തരാനോ അള്ളാഹുവിന്റെ അനുവാദത്തോടെയല്ലാതെ എനിക്ക് കഴിയില്ല അതായത് എന്റെ പ്രബോധനം നിങ്ങൾ സ്വീകരിച്ചാലും ഇല്ലെങ്കിലും നിങ്ങളെ ഒന്നും ചെയ്യാൻ എനിക്ക് കഴിയില്ല. എല്ലാത്തിന്റെയും ഉടമസ്ഥൻ അള്ളാഹുവത്രെ അവനെ അനുസരിക്കണം എന്ന് ഉപദേശിക്കലാണെന്റെ കടമ സ്വീകരിച്ചാൽ നിങ്ങൾക്ക് നല്ലത് ഇല്ലെങ്കിലും എന്റെ ബാദ്ധ്യത ഞാൻ നിറവേറ്റിയിരിക്കുന്നു


قُلْ إِنِّي لَن يُجِيرَنِي مِنَ اللَّهِ أَحَدٌ وَلَنْ أَجِدَ مِن دُونِهِ مُلْتَحَدًا (22

പറയുക നിശ്ചയം അള്ളാഹുവിൽ നിന്ന് എന്നെ ആരും രക്ഷിക്കുകയില്ല അവനെ കൂടാതെ ഒരു അഭയ സ്ഥാനവും ഞാൻ കണ്ടെത്തുന്നതുമല്ല തന്നെ


അള്ളാഹു എന്നെ ശിക്ഷിക്കാൻ തീരുമാനിച്ചാൽ എന്നെ ആരും രക്ഷിക്കുകയില്ലെന്നും അവനെ ഒഴിവാക്കി മറ്റൊരു അഭയസ്ഥാനം എനിക്കുണ്ടാക്കിത്തരാൻ മറ്റാർക്കും കഴിയില്ലെന്നും പറയാ‍നാണ് അള്ളാഹു നിർദ്ദേശിക്കുന്നത് .നാട്ടു നടപ്പിനൊപ്പം നിന്നാൽ അഭയം ഞങ്ങൾ തരാമെന്ന് നബി(സ)ക്ക് അവർ നൽകിയ വാഗ്ദാനത്തിന്റെ ഉത്തരമാണിത്.അള്ളാഹുവിൽ നിന്ന് വിട്ടുള്ള അഭയത്തിൽ ഞാൻ വിശ്വസിക്കുന്നില്ല എന്ന് ചുരുക്കം



إِلَّا بَلَاغًا مِّنَ اللَّهِ وَرِسَالَاتِهِ وَمَن يَعْصِ اللَّهَ وَرَسُولَهُ فَإِنَّ لَهُ نَارَ جَهَنَّمَ خَالِدِينَ فِيهَا أَبَدًا
(23

അള്ളാഹുവിങ്കൽ നിന്നുള്ള സന്ദേശം എത്തിക്കലും അവന്റെ ദൌത്യം നിർവഹിക്കലുമല്ലാതെ (മറ്റൊന്നും എന്റെ അധീനത്തിലില്ല) വല്ലവനും അള്ളാഹുവിന്റെയും അവന്റെ റസൂലിന്റെയും കല്പന ലംഘിക്കുന്ന പക്ഷം അവനു നരകാഗ്നിയുണ്ടായിരിക്കും തീർച്ച. അതിൽ എന്നെന്നും അവർ നിത്യ വാസികളായിക്കൊണ്ട്

ഉപകാരമോ ഉപദ്രവമോ ഞാൻ ഉടമയാക്കുന്നില്ലെന്ന് നേരത്തേ പറഞ്ഞല്ലോ .എനിക്ക് അള്ളാഹു നൽകിയത് അവന്റെ സന്ദേശം നിങ്ങളിലേക്കെത്തിക്കുന്ന ചുമതലയാണ്.(ആ ചുമതല ഞാൻ നിർവഹിച്ചില്ലെങ്കിൽ എനിക്ക് അവനിൽ അഭയം ലഭിക്കില്ലെന്ന് ഞാൻ വിശ്വസിക്കുന്നുവെന്ന് സാരം)
അള്ളാഹുവിന്റെയും റസൂലിന്റെയും കല്പന ലംഘിക്കുക എന്നതിന്റെ പരിധിയിൽ എല്ലാ തെറ്റുകളും വരും എന്നാൽ ശിർക്കാകുന്നു ഇതിൽ ഏറ്റവും ഗൌരവം. നരകത്തിൽ നിത്യവാസികളാവുക എന്നത് സത്യവിശ്വാസമില്ലാതെ മരിക്കുന്നവർക്കാണ്. സത്യവിശ്വാസത്തോടെ മരിച്ചവർ കുറ്റവാളികളാണെങ്കിൽ അള്ളാഹു അത് പൊറുത്തില്ലെങ്കിൽ അതിന്റെ തോതനുസരിച്ച് നരക ശിക്ഷ അനുഭവിച്ച ശേഷം നരകത്തിൽ നിന്ന് രക്ഷപ്പെടും അപ്പോൾ എന്നെന്നും നരകത്തിലാവുമെന്ന് പറഞ്ഞത് ഈമാനില്ലാതെ മരിച്ചവരെക്കുറിച്ചാണ് എന്ന് വ്യക്തം(ഖുർത്വുബി)


حَتَّى إِذَا رَأَوْا مَا يُوعَدُونَ فَسَيَعْلَمُونَ مَنْ أَضْعَفُ نَاصِرًا وَأَقَلُّ عَدَدًا(24



അങ്ങനെ തങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അവർ കണ്ടാൽ ആരുടെ സഹായികളാണ് ഏറ്റവും ബലഹീനരും എണ്ണത്തിൽ ഏറ്റവും കുറഞ്ഞവരും എന്നെല്ലാം അവർക്ക് മനസ്സിലായിക്കൊള്ളും

താക്കീത് ചെയ്യപ്പെടുന്ന കാര്യം എന്നത് ശിക്ഷയാണ്. അതിൽ പരലോക ശിക്ഷയും ഭൌതിക ശിക്ഷയും (ബദ്‌റിൽ ശത്രുക്കൾക്ക് നേരിട്ടത് പോലുള്ളത്)ഉൾപ്പെടും .ശിക്ഷ നേരിൽ കാണുമ്പോൾ സത്യ നിഷേധികൾ വളരെ ദുർബലരായും ന്യൂനപക്ഷമായും അവർക്ക് തന്നെ ബോദ്ധ്യപ്പെടും.ഭൂമിയിൽ സത്യവിശ്വാസികളെ അവഗണിച്ചവർക്കൊക്കെ അവർക്ക് പരലോകത്ത് ലഭിക്കുന്ന അംഗീകാരം കാണുമ്പോൾ സത്യ നിഷേധത്തിന്റെ അപകടം മനസിലാവുമെന്ന് ചുരുക്കം


قُلْ إِنْ أَدْرِي أَقَرِيبٌ مَّا تُوعَدُونَ أَمْ يَجْعَلُ لَهُ رَبِّي أَمَدًا(25



പറയുക നിങ്ങളോട് താക്കീത് ചെയ്യപ്പെടുന്ന കാര്യം അടുത്ത് തന്നെ ഉണ്ടാകുന്നതാണോ അതല്ല എന്റെ നാഥൻ അതിനു വല്ല (ദീർഘമായ) കാലാവധിയും ഏർപ്പെടുത്തുന്നതാണോ എന്നൊന്നും എനിക്കറിഞ്ഞു കൂടാ

താക്കീത് ചെയ്യപ്പെടുന്നത് അന്ത്യനാളാണെന്നും മറ്റ് ശിക്ഷകളാണെന്നും അഭിപ്രായമുണ്ട് ഏതായാലും ആ ശിക്ഷ എപ്പോഴാണ് സംഭവിക്കുക എന്ന് എന്റെ വിഷയമല്ല അള്ളാഹു നിശ്ചയിച്ച സമയത്താണത് നടക്കുക എന്ന് സാരം



عَالِمُ الْغَيْبِ فَلَا يُظْهِرُ عَلَى غَيْبِهِ أَحَدًا
(26


അവൻ അദ്ര്‌ശ്യകാര്യങ്ങൾ അറിയുന്നവനാകുന്നു എന്നാൽ തന്റെ അദ്ര്‌ശ്യകാര്യങ്ങളുടെ മേൽ അവൻ ഒരാൾക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല



إِلَّا مَنِ ارْتَضَى مِن رَّسُولٍ فَإِنَّهُ يَسْلُكُ مِن بَيْنِ يَدَيْهِ وَمِنْ خَلْفِهِ رَصَدًا
(27


അവൻ തൃ‌പ്തിപ്പെട്ട ദൂതനല്ലാതെ.അപ്പോൾ നിശ്ചയമായും അള്ളാഹു ആ റസൂലിന്റെ മുന്നിലും പിന്നിലും പാറാവുകാരെ ഏർപ്പെടുത്തുക തന്നെ ചെയ്യുന്നതാണ്


ബുദ്ധിക്കോ പഞ്ചേന്ദ്രിയങ്ങൾക്കോ അതീതമായ കാര്യങ്ങൾക്കാണ് അദൃ‌ശ്യം എന്ന് പറയുന്നത് . അതിൽ നിന്ന് അള്ളാഹു അവന്റെ ഇഷ്ടദാസന്മാർക്ക് മാത്രമേ അറിയിച്ച് കൊടുക്കുകയുള്ളൂ എന്നാണിവിടെ പറയുന്നത്.അപ്പോൾ അള്ളാഹുവിന്നല്ലാതെ അദൃ‌ശ്യമറിയില്ലെന്നത് സ്വന്തമായ അറിവിനെക്കുറിച്ചാണെന്നും അള്ളാഹു അവന്റെ ഇഷ്ടക്കാർക്ക് അത് അവൻ അറിയിച്ച് കൊടുക്കുകയാണെന്നും വ്യക്തമാവുന്നു. എങ്കിൽ മഹത്തുക്കൾക്ക് അദൃ‌ശ്യമറിയില്ലെന്ന ചർച്ച അനാവശ്യമാണെന്ന് മനസ്സിലാക്കാമല്ലൊ.ഇവിടെ പറഞ്ഞ ദൂതർ എന്നതിൽ പ്രവാചകരും മലക്കുകളും പെടും പാറാവുകാരെ ഏർപ്പെടുത്തുമെന്നതിന്റെ വിവക്ഷ ഇങ്ങനെയാണ് ജിബ്‌രീൽ(അ)വഹ്‌യുമായി വരുമ്പോൾ പാറാവുകാരായ നാലു മലക്കുകൾ തന്നോടൊപ്പമുണ്ടാകുന്നതാണ്(ഥിബ്‌രി)

വഹ്‌യിനിടക്ക് പിശാച് ദുർബോധനം നടത്താതിരിക്കാനുള്ള ശക്തമായ മുൻ കരുതലാണീ പാറാവുകാർ! നബി(സ)ക്കു ലഭിക്കുന്ന വാർത്തയുടെ സത്യ സന്ധതയും ഭദ്രതയുമാണിവിടെ വ്യക്തമാവുന്നത് .


ഈ നിലക്കുള്ള അദൃ‌ശ്യങ്ങൾ ഔലിയാക്കളായ മഹത്തുക്കൾക്ക് അള്ളാഹു അറിയിച്ച് കൊടുക്കുകയില്ലെന്ന് നേരത്തേ പറഞ്ഞ (അദൃ‌ശ്യകാര്യങ്ങളുടെ മേൽ അവൻ ഒരാൾക്കും വെളിപ്പെടുത്തിക്കൊടുക്കുന്നതല്ല അവൻ തൃ‌പ്തിപ്പെട്ട ദൂതനല്ലാതെ.) സൂക്തത്തിൽ നിന്ന് തെറ്റിദ്ധരിക്കരുത്. കാരണം പ്രവാചകന്മാരല്ലാത്ത മഹത്തുക്കൾക്ക് അള്ളാഹു അദൃ‌ശ്യം അറിയിച്ച് കൊടുക്കുമെന്ന് ഖുർആനും ഹദീസും സ്ഥിരീകരിക്കുന്നുണ്ട്. ഉദാഹരണമായി ഖുർആൻ സൂറത്തുൽ ഖസസ്(അദ്ധ്യായം 28) ഏഴാം സൂക്തത്തിൽ പറയുന്നു.



وَأَوْحَيْنَا إِلَى أُمِّ مُوسَى أَنْ أَرْضِعِيهِ فَإِذَا خِفْتِ عَلَيْهِ فَأَلْقِيهِ فِي الْيَمِّ وَلَا تَخَافِي وَلَا تَحْزَنِي إِنَّا رَادُّوهُ إِلَيْكِ وَجَاعِلُوهُ مِنَ الْمُرْسَلِينَ



മൂസാ(അ)യുടെ മാതാവിന്‌ നാം ബോധനം നൽകി: അവന്ന്‌ നീ മുലകൊടുത്തു കൊള്ളുക. ഇനി അവന്റെ കാര്യത്തിൽ നിനക്ക്‌ ഭയം തോന്നുകയാണെങ്കിൽ അവനെ നീ നദിയിൽ ഇട്ടേക്കുക. നീ ഭയപ്പെടുകയും ദുഃഖിക്കുകയും വേണ്ട. തീർച്ചയായും അവനെ നാം നിന്റെ അടുത്തേക്ക്‌ തിരിച്ച്‌ കൊണ്ട്‌ വരുന്നതും , അവനെ ദൈവദൂതൻമാരിൽ ഒരാളാക്കുന്നതുമാണ്‌.


ഇവിടെ മൂസാ(അ)ന്റെ മാതാവിനു അള്ളാഹു ബോധനം നൽകിയതായി വ്യക്തമാവുന്നു അവർ റസൂലല്ലെന്ന് ഉറപ്പാണു താനും കാരണം പുരുഷന്മാരെയല്ലാതെ ദൂതന്മാരാക്കില്ലെന്ന് അള്ളാഹു സൂറത്തുൽ അമ്പിയാ‍അ്(അദ്ധ്യായം 21)ലെ ഏഴാം സൂക്തത്തിൽ പറയുന്നു



وَمَا أَرْسَلْنَا قَبْلَكَ إِلاَّ رِجَالاً نُّوحِي إِلَيْهِمْ فَاسْأَلُواْ أَهْلَ الذِّكْرِ إِن كُنتُمْ لاَ تَعْلَمُونَ




അങ്ങേക്ക്​ മുമ്പ്‌ പുരുഷൻമാരെ യല്ലാതെ നാം ദൂതൻമാരായി നിയോഗിച്ചിട്ടില്ല. അവർക്ക്‌ നാം ബോധനം നൽകുന്നു. നിങ്ങൾ ( ഈ കാര്യം ) അറിയാത്തവരാണെങ്കിൽ വേദക്കാരോട്‌ ചോദിച്ച്‌ നോക്കുക



ഖള്ർ(അ) നു ധാരാളം അദൃ‌ശ്യങ്ങൾ അറിയിച്ച് കൊടുത്തത് അദ്ധ്യായം 18ൽ(സൂറത്തുൽ കഹ്‌ഫ്) കാണാം എന്നാൽ ഈ ഖിള് ർ(അ) നബിയല്ലെന്നും അഭിപ്രായമുണ്ടല്ലൊ


മർയം ബീവി(റ) ക്ക് മലക്കുകൾ മുഖേന അദൃ‌ശ്യങ്ങൾ അറിയിക്കപ്പെട്ടതായി മൂന്നാം അദ്ധ്യായം(ആലു ഇംറാൻ) 42 ൽ കാണാം



وَإِذْ قَالَتِ الْمَلاَئِكَةُ يَا مَرْيَمُ إِنَّ اللّهَ اصْطَفَاكِ وَطَهَّرَكِ وَاصْطَفَاكِ عَلَى نِسَاء الْعَالَمِينَ



മലക്കുകൾ പറഞ്ഞ സന്ദർഭവും ( ശ്രദ്ധിക്കുക: ) മർയമേ, തീർച്ചയായും അല്ലാഹു നിങ്ങളെ പ്രത്യേകം തെരഞ്ഞെടുക്കുകയും, നിങ്ങൾക്ക്‌ പരിശുദ്ധി നൽകുകയും, ലോകത്തുള്ള സ്ത്രീകളിൽ വെച്ച്‌ ഉൽകൃഷ്ടയായി നിങ്ങളെ തെരഞ്ഞെടുക്കുകയും ചെയ്തിരിക്കുന്നു.


ഔലിയാക്കൾക്ക് അള്ളാഹു അദൃശ്യം അറിയിച്ചു കൊടുക്കുമെന്ന് അറിയിക്കുന്ന ഹദീസുകളും ധാരാളമുണ്ട് ഉദാഹരണമായി ഇമാം ബുഖാരി തന്റെ സ്വഹീഹിന്റെ 6990 –മത് ഹദീസായി പറയുന്നത്
“നബി(സ)പറഞ്ഞു സന്തോഷവാർത്തകൾ നൽകുന്നവ ഒഴിച്ച് പ്രവാചകത്വത്തിൽ നിന്ന് ഒന്നും ശേഷിച്ചിട്ടില്ല“ സന്തോഷ വാർത്തകർ നൽകുന്നവ എന്താണെന്ന് സഹാബികൾ ചോദിച്ചു നബി(സ) പറഞ്ഞു നല്ല സ്വപ്നമാവുന്നു .


പ്രവാചകരല്ലാത്തവർക്ക് നല്ല സ്വപ്നം മുഖേന ചില അദൃ‌ശ്യങ്ങൾ അറിയിക്കപ്പെടുന്നുവെന്ന് ഇതിൽ നിന്നു വ്യക്തമാണ്.


അപ്പോൾ ഈ സൂറയിലെ ഇഷ്ടപ്പെട്ട ദൂതന്മാർക്കല്ലാതെ അദൃശ്യം അറിയിച്ച് കൊടുക്കില്ലെന്നതിനു പൂർണ്ണമായ അറിയിച്ച് കൊടുക്കൽ ദൂതന്മാർക്കാണെന്നേ അർത്ഥമുള്ളൂ ഔലിയാക്കൾ ഒന്നും അറിയില്ലെന്നല്ല(അമ്പിയാഇനേക്കാൾ താഴെയാണല്ലൊ ഔലിയാഇന്റെ സ്ഥാനം) ഈ ആശയം തഫ്സീർ അബുസ്സുഊദിൽ കാണാം



لِيَعْلَمَ أَن قَدْ أَبْلَغُوا رِسَالَاتِ رَبِّهِمْ وَأَحَاطَ بِمَا لَدَيْهِمْ وَأَحْصَى كُلَّ شَيْءٍ عَدَدًا (28



അവർ തങ്ങളുടെ നാഥന്റെ ദൌത്യങ്ങൾ എത്തിച്ചു കൊടുത്തിരിക്കുന്നുവെന്ന് വെളിവായി അറിയുവാൻ വേണ്ടി(യാണത്) അവരുടെ അടുക്കലുള്ളത് അള്ളാഹു പൂർണ്ണമായി അറിയുന്നു അവൻ എല്ലാ വസ്തുക്കളുടെയും എണ്ണം കണക്കാക്കുകയും ചെയ്തിരിക്കുന്നു

ഇവിടെ വെളിവായി അറിയുന്നത് നബി(സ)യാണ് അതായത് മലക്കുകൾ അള്ളാഹുവിൽ നിന്ന് ലഭിച്ച ദൌത്യം ശരിയായ നിലക്ക് എത്തിച്ച് തന്നു എന്ന് നബി(സ)ക്ക് വ്യക്തമായി അറിയാൻ വേണ്ടി എന്ന് സാരം .


മറ്റൊരു വ്യാഖ്യാനം ദൂതന്മാർ അവരുടെ നാഥനിൽ നിന്നുള്ള ദൌത്യം വ്യക്തമായി ജനങ്ങൾക്ക് എത്തിച്ച് കൊടുത്തിട്ടുണ്ടെന്ന് മുശ്‌രിക്കുകൾ അറിയാൻ വേണ്ടി എന്നാവും എന്നിട്ടും അവർ നബിയെ എതിർത്തുവെന്നത് അവരുടെ നിലപാട് തെറ്റാണെന്ന് ഉണർത്തലാവും അപ്പോൾ ഉദ്ദേശ്യം.

അവരുടെ അടുക്കലുള്ളത് പൂർണ്ണമായി അള്ളാഹു അറിയുകയും എല്ലാ വസ്തുക്കളും എണ്ണം കണക്കാക്കുകയും ചെയ്യുമെന്ന് പറഞ്ഞാൽ അള്ളാഹു എല്ലാം വസ്തു നിഷ്ഠമായി അറിയുന്നു പ്രബോധന ബാധ്യത ദൂതന്മാർ നിർവഹിച്ചോ എന്നതും ആ കൂട്ടത്തിൽ പെട്ടത് തന്നെ എന്ന് സാരം


സർവജ്ഞനായ നാഥനെ അനുസരിക്കാൻ അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

1 comment:

വഴികാട്ടി / pathfinder said...

നിശ്ചയമായും പള്ളികൾ അള്ളാഹുവിന്നുള്ളതാകുന്നു അതിനാൽ അള്ളാഹുവോടൊപ്പം മറ്റാരെയും നിങ്ങൾ ആരാധിക്കരുത്