Tuesday, October 18, 2011

അദ്ധ്യായം 58- സൂറത്തുൽ മുജാദില-ഭാഗം-02


ഭാഗം ഒന്ന് (1-10) ഇവിടെ ക്ലിക് ചെയ്ത് വായിക്കുക
سورة المجادلة

മദീനയിൽ അവതരിച്ചു : സൂക്തങ്ങൾ 22

بسم الله الرحمن الرحيم

പരമ കാരുണികനും കരുണാവാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു


 
 
 

(11)

يَا أَيُّهَا الَّذِينَ آمَنُوا إِذَا قِيلَ لَكُمْ تَفَسَّحُوا فِي الْمَجَالِسِ فَافْسَحُوا يَفْسَحِ اللَّهُ لَكُمْ وَإِذَا قِيلَ انشُزُوا فَانشُزُوا يَرْفَعِ اللَّهُ الَّذِينَ آمَنُوا مِنكُمْ وَالَّذِينَ أُوتُوا الْعِلْمَ دَرَجَاتٍ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ


സത്യ വിശ്വാസികളേ! സദസ്സുകളിൽ വിശാലത ചെയ്യുക എന്ന് നിങ്ങളോട് പറയപ്പെട്ടാൽ വിശാലത നൽകുക എന്നാൽ അള്ളാഹു നിങ്ങൾക്ക് വിശാലത ചെയ്തു തരുന്നതാണ് നിങ്ങളോട് എഴുന്നേൽക്കുക എന്ന് പറയപ്പെട്ടാൽ നിങ്ങൾ എഴുന്നേൽക്കുക എന്നാൽ നിങ്ങളിൽ നിന്നുള്ള സത്യവിശ്വാസികളെയും അറിവ് നൽകപ്പെട്ടവരെയും അള്ളാഹു പല പടികൾ ഉയർത്തുന്നതാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അള്ളാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു

അഭിവാദ്യം ചെയ്യുന്നു എന്ന വ്യാജേന നബി(സ)യെ ജൂതന്മാർ അസ്സാമു അലൈക്കും എന്ന് പറഞ്ഞ് ചീത്ത വിളിച്ചതിനെ അള്ളാഹു നേരത്തേ തുറന്ന് കാണിക്കുകയും അവരെ അതിന്റെ പേരിൽ ആക്ഷേപിക്കുകയും ചെയ്തിരുന്നുവല്ലോ! അതിനെ തുടർന്ന് സദസ്സുകളിൽ കാണിക്കേണ്ട മര്യാദകളെയാണിവിടെ പരാമർശിക്കുന്നത്

സദസ്സിലേക്ക് ആദ്യമാദ്യം വരുന്നവർ മുന്നിൽ സീറ്റ് പിടിക്കുന്നത് സ്വാഭാവികമാണല്ലൊ! എന്നാലും പിന്നീട് വരുന്നവർക്ക് കൂടി സൌകര്യം ചെയ്ത് കൊടുക്കാൻ നേരത്തെ എത്തിയവർ സഹകരിക്കണം പിന്നീട് വരുന്നവരോട് അവർക്ക് കൂടി നബി(സ)യുടെ വാക്കുകൾ കേൾക്കാനും നബി(സ)യെ കാണാനും സൌകര്യം ഉണ്ടാക്കും വിധം അവരൊട് കരുണ കാണിക്കണം എന്നാണിവിടെ പറയുന്നത് കാരണം നബി(സ)യുടെ സദസ്സിൽ മുന്നിൽ മുന്നിൽ ഇരിക്കാൻ സഹാബികൾ നന്നായി പരിശ്രമിക്കാറുണ്ടായിരുന്നു അതിനാൽ മറ്റുള്ളവർക്ക് കൂടി പരമാവധി സൌകര്യം ചെയ്യണം എന്നാണിതിന്റെ താല്പര്യം.

ഈ സൂക്തത്തിന്റെ അവതരണ പാശ്ചാത്തലത്തെ സംബന്ധിച്ച് വിവിധ അഭിപ്രായമുണ്ട്.ഇമാം ഖുർതുബി(റ)എഴുതുന്നു

ഇവിടെ പറഞ്ഞ സദസ്സുകൾ യുദ്ധത്തിനുള്ള അണികളാണ്.അണിയിൽ ആദ്യമാദ്യം നിൽക്കാനും രക്ത സാക്ഷിത്വം ലഭിക്കാനും തിക്കും തിരക്കുമുണ്ടാക്കുമായിരുന്ന സഹാബികളോടാണീ നിർദ്ദേശമുണ്ടായത് എന്നാണ് ഹസൻ(റ) തുടങ്ങിയവർ അഭിപ്രായപ്പെടുന്നത്. മുഖാതിൽ(റ) പറയുന്നതിങ്ങനെയാണ്. ഒരു വെള്ളിയാഴ്ച ദിവസം .നബി(സ)യുടെ സദസ്സ് ശരിക്കും കുടുസ്സാ(തിങ്ങി നിറഞ്ഞ )യിരിക്കുന്നു ബദ് റിൽ പങ്കെടുത്ത സഹാബികളെ നബി(സ) പ്രത്യേകം ആദരിക്കാറുണ്ടായിരുന്നു തിങ്ങി നിറഞ്ഞ സദസ്സിലേക്ക് ബദ്‌രീങ്ങളിൽ പെട്ട സാബിത് ബിൻ ഖൈസ്(റ)അടക്കമുള്ള ചിലർ കടന്നു വന്നു അവർക്ക് സദസ്സിൽ ഇടം കിട്ടാതെ അവർ നിൽക്കുന്നത് കണ്ട നബി(സ) ക്ക് വിഷമമാവുകയും ബദ്‌രീങ്ങളല്ലാത്ത ചില സഹാബികളോട് എഴുന്നേറ്റ് ഇവർക്ക് സ്ഥലം നൽകാൻ നബി(സ) നിർദ്ദേശിക്കുകയും ചെയ്തു .സ്വാഭാവികമായും എഴുന്നേറ്റവർക്ക് വിഷമമായി.


കപടവിശ്വാസികൾ ഈ സന്ദർഭം മുതലെടുത്ത് നബി(സ)പക്ഷപാതിത്വം കാണിച്ചുവെന്നും വൈകി വന്നവർക്ക് വേണ്ടി നേരത്തേ സ്ഥലം പിടിച്ചവരെ എഴുന്നേൽ‌പ്പിക്കുക വഴി ഇവർ അനീതി ചെയ്യുന്നു എന്നും മറ്റും ആക്ഷേപിച്ചു,ആ സമയത്താണ് ഈ സൂക്തം അവതരിച്ചത് .അവതരണ പാശ്ചാത്തലം പ്രത്യേകമായ ഒരു സംഭവമാണെങ്കിലും എല്ലാ സദസ്സുകളിലും ആവശ്യമായ സഹകരണം ചെയ്തു കൊടുക്കേണ്ടതുണ്ടെന്നും അതിനു നിർദ്ദേശിക്കപ്പെടുമ്പോൾ അത് അനുസരിക്കണമെന്നും ഇതിൽ സൂചനയുണ്ട്

നിങ്ങൾ സദസ്സിൽ വിശാലത ചെയ്താൽ അള്ളാഹു നിങ്ങൾക്ക് വിശാലത ചെയ്യും എന്ന് പറഞ്ഞതിന്റെ അർത്ഥം നിങ്ങൾക്ക് ഖബ്‌റിൽ വിശാലത ചെയ്യുമെന്നും നിങ്ങളുടെ ഹൃദയത്തിൽ വിശാലത നൽകുമെന്നും ഭക്ഷണത്തിൽ വിശാലത നൽകുമെന്നും ഇവിടെയും പരലോകത്തും വിശാലത ചെയ്യുമെന്നും അർത്ഥമാകാം(ഖുർത്വുബി/റാസി)


ഇമാം റാസി(റ) എഴുതുന്നു അള്ളാഹുവിന്റെ അടിമകൾക്ക് നന്മയുടെയും സന്തോഷത്തിന്റെയും കവാടം ആരു തുറന്നാലും ദുനിയാവിന്റെയും ആഖിറത്തിന്റെയും അനുഗ്രഹങ്ങൾ അള്ളാഹു അവർക്ക് തുറന്ന് കൊടുക്കും എന്ന് ഈ സൂക്തത്തിൽ നിന്ന് മനസ്സിലാക്കാം എന്ന് അറിയുക ഇവിടെ പറഞ്ഞ വിശാലത ചെയ്യണം എന്ന കല്പന വെറും സദസ്സിലേക്ക് മാത്രം ബാധകമല്ല മറിച്ച് മറ്റുള്ളവരിലേക്ക് എല്ലാ നന്മകളും എത്തിക്കലും അവരുടെ മനസ്സിനു സന്തോഷമുണ്ടാക്കലും ഇതിൽ പെടും,ഒരാൾ തന്റെ സഹോദരനെ സഹായിക്കുമ്പോഴെല്ലാം അള്ളാഹു തന്നെ സഹായിച്ചു കൊണ്ടേയിരിക്കും എന്ന ഹദീസ് ഇതിലേക്ക് സൂചിപ്പിക്കുന്നു(റാസി)

ഇവിടെ എഴുന്നേൽക്കുക എന്നാൽ സദസ്സിൽ നിന്ന് എഴുന്നേൽക്കുക എന്നോ നല്ല കാര്യങ്ങളിലേക്ക് –അത് നിസ്ക്കാരം യുദ്ധം എന്നിങ്ങനെഎന്ത് തന്നെയായാലും- അതിലേക്ക് എഴുന്നേൽക്കുക എന്നും ആവാം.ചിലർ നിസ്ക്കരിക്കാൻ മടി കാണിച്ചപ്പോഴാണിത് അവതരിച്ചതെന്നും നബി(സ)യുടെ വീട്ടിൽ ഒത്ത് കൂടുന്നവർ എഴുന്നേൽക്കാൻ നിർദ്ദേശം കിട്ടിയാലും ഏറ്റവും അവസാനത്തെ ആളായി എഴുന്നേൽക്കാമെന്ന നിലക്ക് ചിലർ താമസിച്ചപ്പോഴാണിത് അവതരിച്ചത് എന്നും അഭിപ്രായമുണ്ടെങ്കിലും എല്ലാ നല്ലതിലേക്കും എഴുന്നേൽക്കാൻ കല്പന കിട്ടിയാൽ എഴുന്നേൽക്കണം എന്ന വ്യാപകമായ ആശയമുൾക്കൊള്ളുന്ന അഭിപ്രായമാണിവിടെ പ്രബലം.


സത്യവിശ്വാസികളെയും അറിവ് നൽകപ്പെട്ടവരെയും അള്ളാഹു പല പടികൾ ഉയർത്തുന്നതാണ് എന്നത് പരലോകത്ത് പ്രതിഫലം മുഖേനയും ഇവിടെ ബഹുമാനം മുഖേനയുമാണ് ഉയർത്തുക. അതായത് സത്യവിശ്വാസികൾക്ക് അതില്ലാത്തവരേക്കാളും അറിവുള്ളവർക്ക് അതില്ലാത്തവരേക്കാളും മഹത്വം നൽകുമെന്ന് സാരം.

ഇബ്നു മസ് ഊദ്(റ) പറയുന്നത് അറിവുള്ളവരെ അള്ളാഹു പ്രശംസിക്കുകയാണ്.അറിവും വിശ്വാസവുമുള്ളവർക്ക് അറിവില്ലാത്ത വിശ്വാസികളേക്കാൾ സ്ഥാനമുണ്ട്.ധനികരായിരുന്ന ചിലർക്ക് ദരിദ്രരായ സഹാബികൾ അടുത്തിരിക്കുന്നത് ചെറിയ അസ്വസ്ഥതയുണ്ടാക്കിയിരുന്നു.അവരുടെ ധാരണ ശരിയല്ലെന്നും ധനമല്ല വിശ്വാസവും അറിവുമാണ് അള്ളാഹുവിന്റെ അടുത്ത് മഹത്വത്തിന്റെ മാനദണ്ഡമെന്നും ഉണർത്തിയിരിക്കുകയാണീ പ്രഖ്യാപനത്തിലൂടെ. ഉമർ(റ) ചെറിയ പ്രായക്കാരനായിരുന്ന ഇബ്നു അബ്ബാസ്(റ) നു തന്റെ ആലോചനാ സദസ്സിൽ വലിയ പരിഗണന നൽകിയിരുന്നു. മുതിർന്ന ചില സഹാബികൾക്ക് ഇതിൽ ചെറിയ നീരസം തോന്നി.അവർ ആ നീരസം ഉമർ(റ) നെ അറിയിച്ചു അപ്പോൾ അവരെയും ഇബ്നു അബ്ബാസി(റ)നെയും ഒരു സദസ്സിൽ വിളിച്ചു വരുത്തി ആദ്യം മുതിർന്നവരോട് സൂറത്തുന്നസ്‌റിന്റെ ( اذاجاء نصر الله والفتح (വ്യാഖ്യാനം ചോദിക്കുകയും അവർ മൌനം പാലിക്കുകയും ചെയ്തു അപ്പോൾ ഇബ്നു അബ്ബാസ്(റ)നോട് എന്താണതിന്റെ വ്യാഖ്യാനമെന്ന് ചോദിക്കുകയും നബി(സ)യുടെ ആയുസ്സ് തീരാറായെന്ന് നബി(സ)യെ അള്ളാഹു അറിയിച്ചതാണെന്ന് ഇബ്നു അബ്ബാസ്(റ)പറയുകയും അത് തന്നെയാണ് താനും മനസിലാക്കിയിട്ടുള്ളതെന്ന് ഉമർ(റ)പറയുകയും ചെയ്തു.(ബുഖാരി) അറിവുള്ളവർ പ്രായം കുറഞ്ഞവരാണെങ്കിലും ആദരിക്കപ്പെടേണ്ടവരാണെന്ന് ഇത് തെളിയിക്കുന്നു.

അള്ളാഹു സുലൈമാൻ നബി(അ)ന് അറിവ്/ധനം/അധികാരം ഇതിൽ ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാൻ അവസരം കൊടുത്തപ്പോൾ താൻ അറിവ് തിരഞ്ഞെടുത്തു അപ്പോൾ ധനവും അധികാരവും അള്ളാഹു നൽകി(ഖുർത്വുബി)

അറിവിന്റെ മഹത്വവും പണ്ഡിതന്റെ ശ്രേഷ്ഠതയും വ്യക്തമാക്കുന്ന ധാരാളം സൂക്തങ്ങൾ ഖുർ ആനും നബി വചനങ്ങളും അറിയിക്കുന്നുണ്ട്

സത്യവിശ്വാസവും അറിവുമുള്ളവർ മറ്റുള്ളവർക്ക് വിട്ട് വീഴ്ച ചെയ്യുന്നത് അവർക്ക് താഴ്ചയല്ല അള്ളാഹുവിങ്കൽ ഉയർച്ചയാണുണ്ടാക്കുക എന്ന് ഈ വാക്യം അറിയിക്കുന്നു .അറിവുള്ളവർ മറ്റുള്ളവരോട് മഹത്വം ചോദിച്ചു വാങ്ങേണ്ടതല്ലെങ്കിലും മറ്റുള്ളവർ അവരുടെ സ്ഥാനം പരിഗണിക്കുകയും അവർക്ക് മുൻ ഗണന നൽകേണ്ട സ്ഥാനത്ത് അത് നൽകുകയും വേണം എന്നും ഇതിൽ നിന്ന് ഗ്രഹിക്കാം

(12)

يَا أَيُّهَا الَّذِينَ آمَنُوا إِذَا نَاجَيْتُمُ الرَّسُولَ فَقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَةً ذَلِكَ خَيْرٌ لَّكُمْ وَأَطْهَرُ فَإِن لَّمْ تَجِدُوا فَإِنَّ اللَّهَ غَفُورٌ رَّحِيمٌ

സത്യ വിശ്വാസികളേ നിങ്ങൾ റസൂലു(സ)മായി രഹസ്യ സംഭാഷണം നടത്തുവാനുദ്ദേശിച്ചാൽ നിങ്ങളുടെ രഹസ്യ സംഭാഷണത്തിനു മുമ്പിൽ എന്തെങ്കിലുമൊരു ധർമ്മം ചെയ്യുക അത് നിങ്ങൾക്ക് ഉത്തമവും കൂടുതൽ ശുദ്ധീകരണവുമാണ് ഇനി അത് നിങ്ങൾക്ക് കിട്ടിയില്ലെങ്കിൽ അള്ളാഹു ഏറ്റവും പൊറുക്കുന്നവനും പരമ കാരുണികനും തന്നെയാവുന്നു

നബി(സ)യുമായി രഹസ്യ സംഭാഷണത്തിനു (കാര്യം ചെറുതോ വലുതോ ആവട്ടെ)പലരും അവിടുത്തെ സന്നിധിയിൽ വന്നുകൊണ്ടിരുന്നു. അവിടുത്തെ വിലയേറിയ സമയം നഷ്ടപ്പെടുത്തുക എന്ന ദുഷ്ടലാക്കോടെ കപടന്മാരും അക്കൂട്ടത്തിലുണ്ടാകും ഇതിൽ ഒരു നിയന്ത്രണമുണ്ടാക്കുവാനായി നബി(സ)യുടെ അടുത്ത് സഹസ്യ സംഭാഷണത്തിനു വരുന്നവർ ധർമ്മ വിഷയത്തിലേക്ക് എന്തെങ്കിലും സമർപ്പിക്കണമെന്നാണ് ഇവിടെ നിർദ്ദേശിക്കുന്നത് ഇത്ര സംഘ്യ വേണമെന്നൊന്നും നിഷ്ക്കർശിക്കപ്പെട്ടിട്ടില്ല സത്യ വിശ്വാസികളും അല്ലാത്തവരും നിഷ്ക്കളങ്കരും അല്ലാത്തവരും തമ്മിൽ വേർതിരിക്കാനും അതേസമയം സാധുക്കൾക്ക് ഒരു പ്രയോചനമാവാനും സംഭാഷണത്തിനു ചെല്ലുന്നവരുടെ ഉദ്ദേശ്യശുദ്ധി വ്യക്തമാവാനും ഇത് ഉതകുമല്ലോ

ഈസുക്തം ഇറങ്ങിയപ്പോൾ അലി(റ)നബി(സ)യോട് ചോദിച്ചു എത്രയാണ് ധർമ്മം നൽകേണ്ടത്?ഒരു ദീനാർ ആക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം? അലി(റ)പറഞ്ഞു അത് ജനങ്ങൾക്ക് കഴിയില്ല.അര ദീനാറായാലോ? അതും സാധിക്കില്ല എന്ന് അലി(റ)പറഞ്ഞു പിന്നെ എത്ര സാധിക്കും എന്ന് നബി(സ) ചോദിച്ചു അലി(റ)പറഞ്ഞു ഒരു ഗോതമ്പ് മണിയുടെ തൂക്കത്തിനുള്ള സ്വർണ്ണമാവാം.അപ്പോൾ നബി(സ) പറഞ്ഞു.നിങ്ങൾ ഭൌതികതയോട് മനസ്സ് അകറ്റിയവൻ തന്നെ എന്ന്.അപ്പോൾ താഴെയുള്ള സൂക്തം അള്ളാഹു അവതരിപ്പിച്ചു കൊണ്ട് ഈ നിയമം ദുർബലപ്പെടുത്തി.അപ്പോൾ അലി(റ)പറഞ്ഞു എന്നെക്കൊണ്ട് അള്ളാഹു ഈ സമുദായത്തിനു നിയമത്തിൽ ഇളവ് നൽകി .ഇവിടെ രഹസ്യ സംഭാഷണത്തിനു ആരും ധർമ്മം കൊടുക്കുന്നതിനു മുമ്പ് തന്നെ ഈ നിയമം ദുർബലപ്പെടുത്തി എന്നും അല്പ കാലം സഹാബികൾ ഈ നിയമമനുസരിച്ച് പ്രവർത്തിച്ചതിനു ശേഷമാണ് ദുർബലപ്പെടുത്തിയത് എന്നും അഭിപ്രായമുണ്ടെന്നും കൂടുതൽ വ്യക്തത രണ്ടാമത്തെ അഭിപ്രായത്തിനാണെന്നും ഇമാം ഖുർത്വുബി തന്റെ തഫ്സീറിൽ രേഖപ്പെടുത്തുന്നുണ്ട്.കാരണം അലി(റ) ആണ് ആദ്യമായി ഈ നിർദ്ദേശമനുസരിച്ച് രഹസ്യ സംഭാഷണത്തിനു മോതിരം ധർമ്മം ചെയ്തത് എന്ന് മുജാഹിദ്(റ)വിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

ഇമാം ഖുശൈരി(റ)വും മറ്റും അലി(റ)പറഞ്ഞതായി റിപ്പോർട്ട് ചെയ്യുന്നത് എന്റെ മുമ്പും എന്റെ ശേഷവും ഒരാളും അതനുസരിച്ച് പ്രവർത്തിച്ചിട്ടില്ലാത്ത (ഞാൻ മാത്രം ചെയ്ത) ഒരു സൂക്തം ആണീ സൂക്തം എന്നാണ്.എന്തായാലും ഈ നിയമം ദുർബലപ്പെടുത്തിയ സൂക്തമാണ് താഴെ വരുന്നത്

ഇബ്നു ഉമർ(റ)പറഞ്ഞു. അലി(റ) നു മൂന്ന് ഭാഗ്യം ലഭിച്ചു അതിൽ നിന്ന് ഒന്ന് ലഭിക്കുന്നതായിരുന്നു ചുവന്ന ഒട്ടകത്തേക്കാൾ എനിക്ക് പ്രിയങ്കരം.(1) ഫാത്വിമ ബീവിയെ വിവാഹം ചെയ്ത് കൊടുത്തത്(2)ഖൈബറിൽ പതാക വാഹകനാക്കിയത്(3)ഈ സംഭാഷണത്തിനു മുമ്പ് ധർമ്മം ചെയ്യണമെന്ന കല്പന ദുർബലപ്പെടുത്താൻ കാരണക്കാരനായത് എന്നിവയാണാ മൂന്ന് കാര്യം (ഖുർത്വുബി)
(13)

أَأَشْفَقْتُمْ أَن تُقَدِّمُوا بَيْنَ يَدَيْ نَجْوَاكُمْ صَدَقَاتٍ فَإِذْ لَمْ تَفْعَلُوا وَتَابَ اللَّهُ عَلَيْكُمْ فَأَقِيمُوا الصَّلَاةَ وَآتُوا الزَّكَاةَ وَأَطِيعُوا اللَّهَ وَرَسُولَهُ وَاللَّهُ خَبِيرٌ بِمَا تَعْمَلُونَ

നിങ്ങളുടെ രഹസ്യ സംഭാഷണത്തിനു മുമ്പിൽ വല്ല ദാനധർമ്മങ്ങളും ചെയ്യുന്നതിൽ നിങ്ങൾ(ദാരിദ്ര്യം)ഭയപ്പെടുന്നുവോ?എന്നാൽ നിങ്ങൾ അത് ചെയ്യാതിരുന്നാൽ -അള്ളാഹു അതിനെപ്പറ്റി നിങ്ങൾക്ക് വിട്ടുവീഴ്ച ചെയ്തു തന്നിട്ടുണ്ട് –നിങ്ങൾ നിസ്ക്കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സക്കാത്ത് കൊടുക്കുകയും അള്ളാഹുവിനെയും റസൂലിനെയും അനുസരിക്കുകയും ചെയ്ത് കൊള്ളുക.നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അള്ളാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു

രഹസ്യ സംഭാഷണത്തിനു മുമ്പ് ധർമ്മം ചെയ്യണമെന്ന കല്പന ദുർബലപ്പെടുത്തുകയാണീ സൂക്തം .ഈ രണ്ട് സൂക്തങ്ങളുടെ ഇടയിലെ സമയം പത്ത് രാത്രിയായിരുന്നുവെന്നും ഒരു രാത്രിയായിരുന്നുവെന്നും പകലിന്റെ അല്പ സമയം മാത്രമായിരുന്നുവെന്നും അഭിപ്രായമുണ്ട്.മുൻ ആയത്തനുസരിച്ച് പ്രവർത്തിച്ചുവെന്നും ആരും പ്രവർത്തിക്കുന്നതിനു മുമ്പ് തന്നെ ദുർബലമായെന്നുമുള്ള വിശദീകരണം നേരത്തേ പറഞ്ഞത് ഓർക്കുക.ധർമ്മം ചെയ്യേണ്ടത് നിയമമല്ലെന്ന് പറഞ്ഞയുടൻ പ്രധാനപ്പെട്ട മറ്റു ചില നിർദ്ദേശങ്ങളാണ് നിസ്ക്കാരം നില നിർത്തുക(സമയ നിഷ്ഠ പാലിക്കുക നിസ്ക്കാരത്തിന്റെ മര്യാദകൾ മുഴുവനും പാലിക്കുക എന്നതൊക്കെ നിസ്ക്കാരം നിലനിർത്തുക എന്നതിന്റെ വിവക്ഷയാണ്) സക്കാത്ത് കൊടുക്കുക അള്ളാഹുവിന്റെയും രസൂലിന്റെയും നിർദ്ദേശങ്ങൾ പാലിക്കുക എന്നിവയൊക്കെ കണിശമായി നിങ്ങൾ പാലിക്കണം കാരണം അള്ളാഹു നിങ്ങൾ പ്രവർത്തിക്കുന്നത് സൂക്ഷ്മമായി അറിയും ആ ചിന്ത നിങ്ങൾക്ക് എപ്പോഴും വേണ്ടതാണ് എന്ന് സാരം

(14)
أَلَمْ تَرَ إِلَى الَّذِينَ تَوَلَّوْا قَوْمًا غَضِبَ اللَّهُ عَلَيْهِم مَّا هُم مِّنكُمْ وَلَا مِنْهُمْ وَيَحْلِفُونَ عَلَى الْكَذِبِ وَهُمْ يَعْلَمُونَ

അള്ളാഹുവിന്റെ കോപത്തിനു പാത്രീഭവിച്ച ഒരു ജനതയുമായി മൈത്രീബന്ധം സ്ഥാപിച്ചവരെ തങ്ങൾ കണ്ടില്ലേ?അവർ നിങ്ങളിൽ പെട്ടവരും ആ ജനതയിൽ പെട്ടവരുമല്ല അറിയുന്നവരായും കൊണ്ട് തന്നെ അവർ വ്യാജത്തിന്റെ പെരിൽ സത്യം ചെയ്യുന്നു

കപട വിശ്വാസികളുടെ അവസ്ഥയാണിവിടെ വിശദീകരിക്കുന്നത് അവർ അള്ളാഹുവിന്റെ ശാപ കോപത്തിനർഹരായ ജൂതന്മാരുമായി വലിയ കൂട്ടുകെട്ടിലും സ്നേഹത്തിലുമായിരുന്നു ഇസ് ലാമിനോടും മുസ് ലിംകളോടുമുള്ള അടങ്ങാത്ത പകയും വിരോധവുമല്ലാതെ അവരെ തമ്മിൽ അടുപ്പിക്കുന്ന മറ്റൊരു ഘടകവും ഉണ്ടായിരുന്നില്ല അവർ യഥാർത്ഥത്തിൽ യഹൂദികളല്ല മുസ് ലിംകളുമല്ല പ്രത്യത രണ്ട് കൂട്ടർക്കുമിടയിൽ അവരുടെ അടുത്ത് അവരുടെ കൂടെയും ഇവരുടെ അടുത്ത് എത്തുമ്പോൾ ഇവരുടെ കൂടെയും ആണെന്ന് അഭിനയിക്കുകയും മുസ് ലിംകളുടെ രഹസ്യങ്ങൾ യഹൂദികൾക്ക് ചോർത്തിക്കൊടുക്കുകയും ചെയ്തിരുന്നു സത്യവിശ്വാസികളാണെന്ന് അവർ കള്ള സത്യം ചെയ്യുമായിരുന്നു .ഞങ്ങൾ വിശ്വസിച്ചിട്ടില്ലെന്ന് അവർക്ക് നന്നായി അറിയാമായിരുന്നു

(15)
أَعَدَّ اللَّهُ لَهُمْ عَذَابًا شَدِيدًا إِنَّهُمْ سَاء مَا كَانُوا يَعْمَلُونَ

അള്ളാഹു അവർക്ക് കഠിന ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട് അവർ പ്രവർത്തിച്ചു കൊണ്ടിരുന്നത് എത്രയോ ചീത്ത തന്നെ

ഈ ക ബളിപ്പിക്കലിനു പകരമായി പരലോകത്ത് വലിയ ശിക്ഷ തന്നെ അവർക്ക് തയാറായിക്കഴിഞ്ഞിട്ടുണ്ട്.അവരുടെ ഈ കാപട്യം വളരെ മോശം തന്നെ

(16)

اتَّخَذُوا أَيْمَانَهُمْ جُنَّةً فَصَدُّوا عَن سَبِيلِ اللَّهِ فَلَهُمْ عَذَابٌ مُّهِينٌ
അവർ തങ്ങളുടെ സത്യങ്ങളെ ഒരു മറയാക്കി വെച്ചിരിക്കുകയാണ് അങ്ങനെ അവർ അള്ളാഹുവിന്റെ മാർഗത്തിൽ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു തന്നിമിത്തം അവർക്ക് അപമാനകരമായ ശിക്ഷയുണ്ട്

ഈ കള്ള സത്യം വിശ്വാസികളെ വഞ്ചിക്കാൻ അവർ ഒരു മറയാക്കിയിരിക്കുന്നു.അവരുടെ സത്യം കേൾക്കുമ്പോൾ നിഷ്ക്കളങ്കരായ മുസ് ലിംകൾ ഇവർ ശരിയായ വിശ്വാസികൾ തന്നെ എന്ന് ധരിക്കുമായിരുന്നു ഈ കുതന്ത്രത്തിനും കപളിപ്പിക്കലിനും പരലോകത്ത് അവർ വലിയ വില കൊടുക്കേണ്ടി വരും എന്നാണിവിടെ ഉണർത്തുന്നത്

ഇബ്നു അബ്ബാസ്(റ)ൽ നിന്ന് ഇക് രിമ;റ)ഉദ്ധരിക്കുന്നു. നബി(സ)ഒരിക്കൽ ഒരു മരത്തണലിൽ ഇരിക്കുകയായിരുന്നു അപ്പോൾ നബി(സ) കൂടെയുള്ളവരോട് പറഞ്ഞു ഇപ്പോൾ നിങ്ങളുടേ അടുത്തേക്ക് നീലക്കണ്ണുള്ള ഒരാൾ വരും പിശാചിന്റെ നോട്ടമായിരിക്കും അയാൾക്ക് .വൈകാതെ നബി(സ)പറഞ്ഞ പോലുള്ള ഒരാൾ അവിടെ വന്നു അപ്പോൾ നബി(സ) അവനോട് ചോദിച്ചു എന്തിനാണ് നീയും നിന്റെ ആളുകളും എന്നെ ചീത്ത പറയുന്നത്? ഉടന അവൻ പറഞ്ഞു ഞാൻ അവരെ കൂട്ടി വരാം. അങ്ങനെ അവനും കൂട്ടാളികളും ഒന്നിച്ച് വന്ന് ഞങ്ങൾ തങ്ങളെ ചീത്ത പറഞ്ഞിട്ടേയില്ലെന്ന് കള്ള സത്യം ചെയ്തു. അപ്പോഴാണീ സൂക്തം, അവതരിച്ചത്.കള്ള സത്യം തങ്ങളുടെ എല്ലാ തെറ്റുകൾക്കും മറയാക്കിയവരാണിവർ എന്ന് സാരം

(17)
لَن تُغْنِيَ عَنْهُمْ أَمْوَالُهُمْ وَلَا أَوْلَادُهُم مِّنَ اللَّهِ شَيْئًا أُوْلَئِكَ أَصْحَابُ النَّارِ هُمْ فِيهَا خَالِدُونَ

അവരുടെ സ്വത്തുക്കളാവട്ടെ സന്താനങ്ങളാവട്ടെ അവരിൽ നിന്ന് അള്ളാഹുവിന്റെ ശിക്ഷ തടയുവാൻ ഒട്ടും പ്രയോചനപ്പെടുന്നതല്ല അവർ നരകക്കാരാണ് അവരതിൽ നിത്യവാസികളായിരിക്കും

മുഖാതിൽ എന്നവർ പറയുന്നു. ‘കപടന്മാർ നബി(സ)യെ ആക്ഷേപിച്ചു കൊണ്ട് മുഹമ്മദ് നബിക്ക് അന്ത്യ നാളിൽ വലിയ സഹായം ലഭിക്കുമെന്നാണ് താൻ പറയുന്നത് എന്നാൽ അങ്ങനെ ഒരു ദിനമുണ്ടെങ്കിൽ ഞങ്ങൾക്ക് സന്താന/സമ്പത്തിന്റെ ബലത്തിൽ അന്നും സഹായം ലഭിക്കുമെന്ന് അവർ പറഞ്ഞു അതിന്റെ മറുപടിയാണ് അവർക്കന്ന് സന്താനങ്ങളോ സമ്പത്തോ ശിക്ഷ തടയാൻ പര്യാപ്തമാവില്ലെന്ന് പറഞ്ഞത്

(18)
يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيَحْلِفُونَ لَهُ كَمَا يَحْلِفُونَ لَكُمْ وَيَحْسَبُونَ أَنَّهُمْ عَلَى شَيْءٍ أَلَا إِنَّهُمْ هُمُ الْكَاذِبُونَ

അവരെ എല്ലാവരെയും അള്ളാഹു പുനർജ്ജീവിപ്പിക്കുന്ന ദിവസം അപ്പോൾ നിങ്ങളോട് സത്യം ചെയ്തിരുന്നത് പോലെ അള്ളാഹുവിനോടും അവർ സത്യം ചെയ്യുന്നതാണ് തങ്ങൾ(ഫലപ്രദമായ)ഒരു കാര്യത്തിലാണെന്ന് അവർ വിചാരിക്കുകയും ചെയ്യും അറിയുക!നിശ്ചയമായും അവർ തന്നെയാണ് കളവ് പറയുന്നവർ

ഈ ലോകത്ത് കള്ള സത്യം ചെയ്ത് കാര്യം നേടിയിരുന്നത് പോലെ അള്ളാഹുവിന്റെ സന്നിധിയിൽ വെച്ചും അവർ കള്ള സത്യം ചെയ്തു നോക്കും അത് പ്രയോചനപ്പെടുമെന്നവർ ധരിക്കുകയും ചെയ്യും പക്ഷെ അത് മുഖേന അവർക്ക് രക്ഷപ്പെടാനാവില്ല കാരണം സത്യം മാത്രം പുലരുന്ന ദിനമാണത് .പ്രവാചക കല്പനകൾ ധിക്കരിക്കുന്ന ഈ നിഷേധാത്മക നിലപാടാണ് ശരിയായ നിലപാട് എന്നവർ വിചാരിക്കുന്നു പക്ഷെ അവർ കള്ളം പറയുന്നവർ തന്നെ എന്നാണ് അള്ളാഹു ഉണർത്തുന്നത്
(19)
اسْتَحْوَذَ عَلَيْهِمُ الشَّيْطَانُ فَأَنسَاهُمْ ذِكْرَ اللَّهِ أُوْلَئِكَ حِزْبُ الشَّيْطَانِ أَلَا إِنَّ حِزْبَ الشَّيْطَانِ هُمُ الْخَاسِرُونَ

പിശാച് അവരെ കീഴടക്കി വെച്ചിരിക്കുകയാണ് അങ്ങനെ അള്ളാഹുവിനെക്കുറിച്ചുള്ള സ്മരണ അവർക്കവൻ വിസ്മരിപ്പിച്ചു അവർ പിശാചിന്റെ പാർട്ടിയാണ് അറിയുക!പിശാചിന്റെ പാർട്ടി തന്നെയാണ് സഷ്ടക്കാർ

പിശാചിന്റെ അജണ്ടയാണിവർ നടപ്പാക്കുന്നത് അള്ളാഹുവിന്റെ വിധികൾ നിരാകരിക്കുക വഴി അവർ അള്ളാഹുവിനെ വിസ്മരിച്ചു.അത് പിശാചിന്റെ താല്പര്യമാണ് .പിശാചിനെ അനുസരിക്കുന്നവർ നഷ്ടം ഏറ്റുവാങ്ങേണ്ടതായി വരും എന്നാണിവിടെ സൂചിപ്പിക്കുന്നത്

(20)
إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ أُوْلَئِكَ فِي الأَذَلِّينَ

അല്ലാഹുവോടും അവന്റെ ദൂതനോടും മത്സരം നടത്തുന്നവർ ഏറ്റവും നിന്ദ്യന്മാരുടെ കൂട്ടത്തിലായിരിക്കും തീർച്ച

പിശാചിനെ പ്രീതിപ്പെടുത്തിയും അള്ളാഹുവിനെയും റസൂലിനെയും ധിക്കരിക്കുകയും ചെയ്യുന്നവർ പരലോകത്ത് നിന്ദ്യരാവും എന്നാണിവിടെ പറയുന്നത്



(21)
كَتَبَ اللَّهُ لَأَغْلِبَنَّ أَنَا وَرُسُلِي إِنَّ اللَّهَ قَوِيٌّ عَزِيزٌ



നിശ്ചയമായും ഞാനും എന്റെ ദൂതന്മാരും വിജയിക്കുക തന്നെ ചെയ്യുമെന്ന് അള്ളാഹു രേഖപ്പെടുത്തി വെച്ചിട്ടുണ്ട് നിശ്ചയം അള്ളാഹു ശക്തനും പ്രതാപവാനുമാകുന്നു

ഇവർ എന്ത് കള്ള സത്യം ചെയ്താലും അള്ളാഹുവിനും ദൂതർക്കുമെതിരിൽ ആർ സംഘം ചേർന്നാലും അവർ പരാചയപ്പെടുകയും അവർക്കെതിരെ അള്ളാഹുവും അവന്റെ ദൂതരും വിജയിക്കുക തന്നെ ചെയ്യും എന്ന് അള്ളാഹു നെരത്തേ തന്നെ തീരുമാനിച്ചിട്ടുണ്ടെന്നും അതിൽ മാറ്റം വരില്ലെന്നും അള്ളാഹു തന്റെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിവുള്ളവനാണെന്നും ഉണർത്തിയിരിക്കുകയാണ്

മക്കയും ഥാഇഫും പരിസരങ്ങളും ഇസ് ലാമിക നിയന്ത്രണത്തിൽ വന്നപ്പോൾ പേർഷ്യൻ.റോമൻ സാമ്രാജ്യങ്ങളും ഇസ് ലാമിന്റെ കീഴിൽ വരുമെന്ന് ഞങ്ങൾ പ്രത്യാശിക്കുന്നു എന്ന് സഹാബികൾ പറഞ്ഞപ്പോൾ കപടനായ അബ്ദുള്ളാഹിബിൻ ഉബയ്യിനിബ്നി സലൂൽ പറഞ്ഞു.നിങ്ങൾ കീഴ് പെടുത്തിയ ഈ നാടുകൾ പോലെയല്ല പേർഷ്യയും റോമും.അവർ ശക്തമായ സംവിധാനങ്ങളുള്ളവരാണ്.അവരെ കീഴടക്കാം എന്ന ധാരണ പോലും ആപത്താണ് എന്ന്,അപ്പോഴാണീ സൂക്തം അവതരിച്ചത് (ഖുർത്വുബി)അള്ളാഹുവിനെയും അവന്റെ ദൂതരേയും പരാചയപ്പെടുത്താൻ ആർക്കുമാവില്ലെന്നാണിവിടെ ഉണർത്തുന്നത്

(22)
لَا تَجِدُ قَوْمًا يُؤْمِنُونَ بِاللَّهِ وَالْيَوْمِ الْآخِرِ يُوَادُّونَ مَنْ حَادَّ اللَّهَ وَرَسُولَهُ وَلَوْ كَانُوا آبَاءهُمْ أَوْ أَبْنَاءهُمْ أَوْ إِخْوَانَهُمْ أَوْ عَشِيرَتَهُمْ أُوْلَئِكَ كَتَبَ فِي قُلُوبِهِمُ الْإِيمَانَ وَأَيَّدَهُم بِرُوحٍ مِّنْهُ وَيُدْخِلُهُمْ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا رَضِيَ اللَّهُ عَنْهُمْ وَرَضُوا عَنْهُ أُوْلَئِكَ حِزْبُ اللَّهِ أَلَا إِنَّ حِزْبَ اللَّهِ هُمُ الْمُفْلِحُونَ



അള്ളാഹുവിലും അന്ത്യ നാളിലും വിശ്വസിക്കുന്ന ഒരു ജനത അള്ളാഹുവിനോടും അവന്റെ റസൂലിനോടും മത്സരിക്കുന്നവരുമായി സ്നേഹ ബന്ധം പുലർത്തുന്നതായി തങ്ങൾ കാണുകയില്ല അവർ ആ ജനതയുടെ പിതാക്കളോ പുത്രന്മാരോ സഹോദരങ്ങളോ കുടുംബക്കാരോ ആയിരുന്നാലും ശരി അവരുടെ ഹ്ര്‌ദയങ്ങളിൽ അവൻ സത്യ വിശ്വാസം രേഖപ്പെടുത്തുകയും തന്റെ പക്കൽ നിന്നുള്ള ഒരു ആത്മാവ് കൊണ്ട് അവൻ അവരെ ബലപ്പെടുത്തുകയും ചെയ്തിരിക്കുന്നു താഴ്ഭാഗങ്ങളിൽ കൂടി അരുവികൾ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വർഗങ്ങളിൽ അവൻ അവരെ പ്രവേശിപ്പിക്കും .അവർ അതിൽ നിരന്തരവാസികളായ നിലയിൽ.അള്ളാഹു അവരെ സംബന്ധിച്ചും അവർ അവനെ സംബന്ധിച്ചും തൃപ്തിപ്പെട്ടിരിക്കുന്നു അള്ളാഹുവിന്റെ പാർട്ടിയാണവർ.അറിയുക നിശ്ചയം അള്ളാഹുവിന്റെ പാർട്ടി തന്നെയാണ് വിജയികൾ


അള്ളാഹുവിലും അന്ത്യനാളിലും വിശ്വസിക്കുകയും അതേ സമയം അള്ളാഹുവോടും റസൂലിനോടും മത്സരിച്ചും എതിർത്തും നിൽക്കുന്നവരോട് മൈത്രീ ബന്ധം പുലർത്തുകയും ചെയ്യുക എന്നത് ഒരിക്കലും ഒത്ത് പോകില്ല അത് അവരുടെ പിതാക്കൾ/പുത്രന്മാർ എന്നിങ്ങനെ എത്ര അടുത്ത ബന്ധുക്കളായാലും ശരി .ഇങ്ങനെ സത്യ വിശ്വാസത്തിനു മുൻ ഗണന കൊടുക്കുന്നവർക്ക് സത്യവിശ്വാസത്തിന്റെ ആത്മീയ ചൈതന്യവും നാഥനിൽ നിന്നുള്ള പ്രത്യേക ശക്തിയും ലഭിക്കും ശാശ്വതമായ സ്വർഗീയ സുഖങ്ങളും അവർക്കുണ്ടാവും അതിലും പ്രധാനം അള്ളാഹു അവരെ ത്ര്‌പ്തിപ്പെടുക എന്നതാണ് ഇവർ അള്ളാഹുവിന്റെ പാർട്ടിയുമാണ് എന്നിങ്ങനെയുള്ള മഹത്വങ്ങളാണ് ഇവരെക്കുറിച്ച് അള്ളാഹു പറയുന്നത്


കറ കളഞ്ഞ സത്യ വിശ്വാസിയുടെ ജീവിതം തികച്ചും അത്ഭുതകരമാവും .ഈ സൂക്തത്തിന്റെ അവതരണകാരണമായി ധാരാളം സംഭവങ്ങൾ ഉദ്ധരിക്കപ്പെടുന്നുണ്ട് .നേരത്തേ നാം പറഞ്ഞ കപട നേതാവ് അബ്ദുള്ളയുടെ മകൻ അബ്ദുള്ള(റ)നല്ല വിശ്വാസിയായിന്നു അദ്ദേഹം ഒരിക്കൽ നബി(സ)യുടെ അടുത്ത് ഇരിക്കുകയായിരുന്നു.അപ്പോൾ നബി(സ) വെള്ളം കുടിക്കുകയായിരുന്നു.അപ്പോൾ സഹാബിയായ അബ്ദുള്ള(റ) പറഞ്ഞു.നബിയേ!അങ്ങ് അല്പം വെള്ളം അതിൽ ബാക്കി വെച്ചാൽ അവിടുന്ന് കുടിച്ച വെള്ളത്തിന്റെ അനുഗ്രഹീതമായ ബാക്കി എന്റെ ബാപ്പാക്ക് കുടിപ്പിക്കാമായിരുന്നു അങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ മനസ്സൊന്നു ശുദ്ധമായാലോ..എന്ന് പറഞ്ഞു നബി(സ) വെള്ളം ബാക്കി വെക്കുകയും മകൻ അത് കപടനായ ഉപ്പയുടെ അടുത്ത് കൊണ്ട് പോവുകയും ചെയ്തു.ഇത് എന്താണെന്ന് അന്വേഷിച്ച ബാപ്പയോട് നബി(സ) കുടിച്ച വെള്ളത്തിന്റെ ബാക്കിയാണെന്നും ഇത് നിങ്ങൾ കുടിക്കണമെന്നും പറഞ്ഞു നിന്റെ ഉമ്മയുടെ മൂത്രമാണ് ഇതിനേക്കാൾ നല്ലതെന്നായിരുന്നു ഭാഗ്യമില്ലാത്ത ആ മനുഷ്യന്റെ പ്രതികരണം .ഉടൻ തന്നെ മകൻ നബി(സ)യെ സമീപിച്ച് ആ ദുഷ്ടനെ കൊല്ലാ‍ാൻ അനുവാദം തരണമെന്ന് അപേക്ഷിച്ചു.ബാപ്പയല്ലെ.പറ്റുമ്പോലെ ഗുണം ചെയ്യുകയും നന്നായി വർത്തിക്കുകയും ചെയ്യുക എന്ന് നബി(സ)പറഞ്ഞു.അപ്പോഴാണീ സൂക്തം ഇറങ്ങിയത്

അബൂബക്കർ(റ)ന്റെ പിതാവ് അബൂ ഖുഹാഫ(റ) മുസ് ലിമാകുന്നതിനു മുമ്പ് നബി(സ)യെ ചീത്ത പറഞ്ഞു.അപ്പോൾ സിദ്ധീഖ്(റ)പിതാവിനെ പിടിച്ചു തള്ളുകയും പിതാവ് മുഖം കുത്തി വീഴുകയും ചെയ്തു.നബി(സ)യോട് ഇതെക്കുറിച്ച് പറഞ്ഞപ്പോൾ എന്തിനാണത് ചെയ്തത്?മേലിൽ ആവർത്തിക്കരുത് എന്ന് നബി(സ) പറഞ്ഞു.അപ്പോൾ ശാന്തനായ സിദ്ധീഖ്(റ)ന്റെ മറുപടി അള്ളാഹുവെ തന്നെ സത്യം അപ്പോൾ എന്റെ കൈയിൽ വാളുണ്ടായിരുന്നുവെങ്കിൽ ഞാൻ അദ്ദേഹത്തെ കൊല്ലുമായിരുന്നു എന്നായിരുന്നു


ഇബ്നു മസ് ഊദ്(റ)പറയുന്നത് അബൂ ഉബൈദ(റ)ന്റെ വിഷയത്തിലാണിത് അവതരിച്ചത് തന്റെ പിതാവായ ജറ് റാഹ് ഉഹ്ദ് യുദ്ധ വേളയിൽ(ബദ് റ് യുദ്ധ വേളയിൽ എന്നും അഭിപ്രായമുണ്ട്) തന്റെ മകനും സത്യവിശ്വാസിയുമായ അബൂ ഉബൈദ(റ)ന്റെ മുന്നിൽ വന്നു കൊണ്ടേയിരുന്നു മകന്റെ ആത്മവീര്യം തകർക്കുകയായിരുന്നു അയാളുടെ ലക്ഷ്യം മകൻ പല വട്ടം ഒഴിഞ്ഞു മാറിയിട്ടും വീണ്ടും വീണ്ടും തന്റെ മുന്നിൽ വന്നപ്പോൾ അവസാനം ബാപ്പയെ കൊല ചെയ്തു അത് നബി(സ)ക്ക് അംഗീകരിക്കാൻ പ്രയാസമായി .അപ്പോഴാണീ സൂക്തം അവതരിച്ചത്


പിതാ‍ക്കൾ സത്യത്തിനെതിരെ നിന്നപ്പോഴുണ്ടായ സംഭവങ്ങളാണീ പറഞ്ഞതൊക്കെ.ഈ അയത്ത് ഇറങ്ങാൻ കാരണം ഏത് തന്നെയായാലും ഇപ്പറഞ്ഞതിനെല്ലാം ഈ നിയമം ബാധകമാണ്.

മക്കളാണെങ്കിലും അവരെ സത്യ വിശ്വാസികൾ സ്നേഹിക്കില്ല എന്നതിനു ഉദാഹരണങ്ങൾ ധാരാളമുണ്ട്.അബൂബക്കർ(റ)ന്റെ മകൻ അബ്ദുള്ള ബദ് റ് യുദ്ധവേളയിൽ ശത്രു പക്ഷത്തായിരുന്നു അന്ന് സ്വന്തം മകനെ പോരാട്ടത്തിനു വെല്ലു വിളിച്ച് സിദ്ധീഖ്(റ)രംഗത്ത് വന്നു അപ്പോൾ നബി(സ) സിദ്ദീഖ്(റ)നോട് അങ്ങയെക്കൊണ്ട് ഞങ്ങൾക്ക് ഇനിയും സന്തോഷം നൽകുക എനിക്ക് നിങ്ങൾ കണ്ണിന്റെയും കാതിന്റെയും സ്ഥാനത്താണെന്ന് നിങ്ങൾക്കറിയാമല്ലോ എന്ന് പറഞ്ഞു.(സ്വന്തം മകൻ നബി(സ)ക്ക് എതിരായപ്പോൾ മകനോടുള്ള സ്നേഹം മാറ്റിവെച്ച് നബി(സ)യോടുള്ള ഇഷ്ടത്തിനു മുൻ തൂക്കം നൽകി)

സഹോദരങ്ങളാണെങ്കിലും നബി(സ)ക്ക് എതിരാണെങ്കിൽ അവർ വിലവെക്കില്ല ഉദാഹരണമായി മിസ് അബുബിൻ ഉമൈർ(റ) ബദ് റിൽ വെച്ച് സ്വന്തം സഹോദരൻ ഉബൈദ് ബിൻ ഉമൈറിനെ കൊലപ്പെടുത്തി

ക്കാരാണെങ്കിലും അവരെ സത്യ വിശ്വാസികൾ സ്നേഹിക്കില്ല.ഉദാഹരണം ഉമർ(റ) ബദ് റിൽ സ്വന്തം അമ്മാവൻ അസ്വി ബിൻ ഹിശാമിനെ കൊല ചെയ്തു ഹംസ(റ)അലി(റ)എന്നിവർ തങ്ങളുടെ കുടുംബക്കാരായ ഉത്ബത്ത്,ശൈബത്ത് വലീദ് എന്നിവരെ കൊല ചെയ്തു .അള്ളാഹുവിനോടും രസൂലിനോടും, ശാത്രവം കാണിക്കുന്നവർ എത്ര അടുത്തവരായാലും സത്യ വിശ്വാസികൾ പരിഗണിക്കില്ല എന്ന് ചുരുക്കം


ഒരു യഥാർത്ഥ സത്യ വിശ്വാസി നബി(സ)യെ സാധാരണക്കാരനെന്ന് പറയുന്ന പുത്തൻ വാദികളെയും തങ്ങളെ അവമതിക്കുന്നവരെയുമൊന്നും സ്നേഹിക്കില്ല എന്ന് ഇതിൽ നിന്ന് മനസ്സിലാക്കാം

അവരെ അള്ളാഹു തൃപ്തിപ്പെട്ടു എന്ന് പറഞ്ഞാൽ അവരുടെ നിഷ്ക്കളങ്കമായ വിശ്വാസവും തദടിസ്ഥാനത്തിലുള്ള പ്രവർത്തനവും അള്ളാഹുവിന്റെ തൃ‌പ്തിക്ക് അവരെ അർഹമാക്കി എന്നാണ്

അവർ അള്ളാഹുവെ തൃപ്തിപ്പെട്ടു എന്നാൽ അള്ളാഹുവിന്റെ വിധി വിലക്കുകളിലും അവർക്ക് അള്ളാഹുവിൽ നിന്ന് ലഭിച്ച പ്രതിഫലത്തിലും അവർ പൂർണ്ണ സംതൃപ്തരാകുന്നു എന്നാണ്

അള്ളാഹു അവന്റെ പൊരുത്തം നേടാൻ നമുക്കും തൌഫീഖ് നൽകട്ടെ ആമീൻ

 

No comments: