Tuesday, October 25, 2011

അദ്ധ്യായം 59 : സൂറത്തുൽ ഹശ്ർ-ഭാഗം-01

سورة الحشر

മദീനയിൽ അവതരിച്ചു :സൂക്തങ്ങൾ 24

 
بسم الله الرحمن الرحيم

പരമകാരുണികനും മഹാകാരുണ്യവാനുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു



سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ  (1

ആകാശ ഭൂമിയിലുള്ളവയെല്ലാം അള്ളാഹുവിന്റെ പരിശുദ്ധിയെ പ്രകീർത്തിക്കുന്നു അവൻ പ്രതാപവാനും അഗാധജ്ഞനുമത്രെ

അള്ളാഹുവിന്റെ പരിശുദ്ധി എല്ലാ വസ്തുക്കളും അവയുടെതായ ശൈലിയിൽ പ്രകീർത്തനം ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്.അള്ളാഹു യാതൊരു കുറവുകളുമില്ലാത്തവനാണെന്നും അവനിലേക്ക് മക്കളെയോ പങ്കാളികളെയോ ചേർത്തിപ്പറയപ്പെടാൻ പറ്റില്ലെന്നുമൊക്കെ ഈ പ്രകീർത്തനത്തിന്റെ പ്രധാന ഉദ്ദേശ്യമാണ്.പങ്കാളികളെയോ മക്കളെയോ സ്വീകരിക്കേണ്ട ഒരു ആവശ്യവുമില്ലാത്ത വിധം അള്ളാഹു പ്രതാപിയും അഗാധജ്ഞനുമത്രെ എന്നാണിവിടെ സൂചിപ്പിക്കുന്നത്


هُوَ الَّذِي أَخْرَجَ الَّذِينَ كَفَرُوا مِنْ أَهْلِ الْكِتَابِ مِن دِيَارِهِمْ لِأَوَّلِ الْحَشْرِ مَا ظَنَنتُمْ أَن يَخْرُجُوا وَظَنُّوا أَنَّهُم مَّانِعَتُهُمْ حُصُونُهُم مِّنَ اللَّهِ فَأَتَاهُمُ اللَّهُ مِنْ حَيْثُ لَمْ يَحْتَسِبُوا وَقَذَفَ فِي قُلُوبِهِمُ الرُّعْبَ يُخْرِبُونَ بُيُوتَهُم بِأَيْدِيهِمْ وَأَيْدِي الْمُؤْمِنِينَ فَاعْتَبِرُوا يَا أُولِي الْأَبْصَارِ (2

വേദക്കാരിൽ നിന്നുള്ള സത്യ നിഷേധികളെ ഒന്നാമത്തെ നാടുകടത്തലിൽ സ്വഭവനങ്ങളിൽ നിന്ന് പുറത്താക്കിയവനാണ് അവൻ.അവർ പുറത്ത് പോകുമെന്ന് നിങ്ങൾ വിചാരിച്ചിരുന്നില്ല തങ്ങളുടെ കോട്ടകൾ അള്ളാഹുവിൽ നിന്ന് തങ്ങളെ തടുത്തു രക്ഷിക്കുന്നവയാണെന്ന് അവർ ധരിക്കുകയും ചെയ്തു.എന്നാൽ അവർ ഊഹിക്കാത്ത ഭാഗത്തുകൂടി അള്ളാഹു(വിന്റെ ശിക്ഷ)അവർക്ക് വരികയും അവരുടെ ഹൃദയങ്ങളിൽ അവൻ ഭീതി ഇട്ടുകൊടുക്കുകയും ചെയ്തു. അവർ തങ്ങളുടെ വീടുകളെ സ്വന്തം കൈകൾ കൊണ്ടും സത്യവിശ്വാസികളുടെ കൈകൾകൊണ്ടും നശിപ്പിക്കുന്നു അതിനാൽ കണ്ണുള്ളവരേ നിങ്ങൾ ആലോചിക്കൂ!


ഹശ്ർ എന്നാൽ നാട് കടത്തൽ എന്ന് അർത്ഥം. മദീനയുടെ പരിസരങ്ങളിൽ താമസിച്ചിരുന്ന ജൂത ഗോത്രങ്ങളിലൊന്നായിരുന്നു ബനുന്നളീർ.(ബനൂ ഖുറൈള: ബനൂ ഖൈനുഖാഅ് എന്നിവയായിരുന്നു മറ്റു രണ്ട് ഗോത്രങ്ങൾ) നബി(സ)മദീനയിൽ വന്ന ശേഷം അവരുമായി സമാധാന ഉടമ്പടിയിലേർപ്പെട്ടു പിന്നീട് അവർ കരാർ ലംഘിക്കുകയും നബി(സ)യെയും സത്യ വിശ്വാസികളെയും ഉപദ്രവിക്കുകയും ചെയ്തു കൊണ്ടിരുന്നു അതിനെത്തുടർന്ന് അവർക്കെതിരെ ചില നടപടികളെടുക്കാൻ നബി(സ) തീരുമാനിച്ചു. ഹിജ്റയുടെ നാലാം വർഷം റബീഉൽ അവ്വലിലായിരുന്നു അത്. ആ സംഭവമാണിവിടെ വിശദീകരിക്കുന്നത്.അതിനാൽ ഈ സൂറത്തിനു സൂറത്തുന്നളീർ എന്നും പേരുണ്ട്

ദുഷ്ടരായ ജൂതന്മാർ സത്യവിശ്വാസികളെ കഠിനമായി ഉപദ്രവിച്ചു കൊണ്ടിരുന്നു ഇമാം റാസി(റ) എഴുതുന്നു. ബനൂനളീർ ഗോത്രക്കാർ നബി(സ)യുമായി ഞങ്ങൾ ഉപകാരത്തിനും ഉപദ്രവത്തിനുമുണ്ടാവില്ല എന്ന നിലയിൽ സന്ധിയുണ്ടാക്കി. ബദ്റിൽ മുസ്‌ലിംകൾക്ക് അഭിമാനകരമായ വിജയമുണ്ടായപ്പോൾ ഇത് തൌറാത്തിൽ പറഞ്ഞ പ്രവാചകൻ തന്നെ എന്ന് അവർ പറഞ്ഞു, എന്നാൽ ഉഹ്ദിൽ മുസ്‌ലിംകൾക്ക് ഒരു ഘട്ടത്തിൽ ചെറിയ പരാജയം ഉണ്ടായെന്ന് തോന്നിയപ്പോൾ(യഥാർത്ഥത്തിൽ ഉഹ്ദിലും ആത്യന്തികമായി മുസ്‌ലിംകള് തന്നെയാണ് വിജയിച്ചത്)നബി(സ)യോടുണ്ടാക്കിയ കരാറിൽ നിന്ന് അവർ പിൻ മാറുകയും അവരുടെ നേതാവായ ക‌അബ്‌ബുനുൽ അശ്റഫിന്റെ നേത്രത്വത്തിൽ നാല്പതാളുകൾ മക്കയിൽ ചെന്ന് അബൂസുഫ് യാനുമായി കഅ്ബയുടെ സമീപത്ത് വെച്ച് സന്ധിയുണ്ടാക്കി .അപ്പോൾ മുഹമ്മദ്‌ബിന് മസ്‌ലമത്തല് അൻസാരി(റ)നെ നബി(സ) ഈ ജൂത നേതാവിനെ കൈകാര്യം ചെയ്യാൻ ഏൽ‌പ്പിക്കുകയും വിശ്വാസ വഞ്ചന കാണിച്ച ജൂത നേതാവിനെ മുഹമ്മദ്‌ബിന് മസ്ലമ(റ) കൊലപ്പെടുത്തുകയും ചെയ്തു പിന്നീട് മദീനയിലെ ബനൂ നളീറിന്റെ താമസ സ്ഥലത്തേക്ക് നബി(സ)യും സഹാബികളും മാർച്ച് ചെയ്യുകയും കരാർ ലംഘിച്ച അവരോട് മദീന വിട്ട് പോകാൻ നിർദ്ദേശിക്കുകയും ചെയ്തു.ഇവിടം വിട്ട് പോകുന്നതിനേക്കാൾ നല്ലത് മരണമാണെന്നായിരുന്നു അവരുടെ പ്രതികരണം മദീനയിലെ കപടന്മാരുടെ നേതാവായ അബ്ദുള്ളാഹിബ്നു ഉബയ്യിബ്നു സുലൂൽ ഒരിക്കലും നിങ്ങൾ ഇവിടം വിട്ട് പോകേണ്ടതില്ലെന്നും മുഹമ്മദ് നബി(സ) നിങ്ങൾക്കെതിരെ യുദ്ധം ചെയ്താൽ നിങ്ങൾക്കൊപ്പം ഞങ്ങൾ ഉണ്ടാകുമെന്നും നിങ്ങൾ നാട് വിട്ട് പോകേണ്ടി വന്നാൽ ഞങ്ങളും നിങ്ങളുടെ കൂടെയുണ്ടാവുമെന്നും ജൂതന്മാർക്ക് ഉറപ്പ് കൊടുത്തു അങ്ങനെ അവർ അവരുടെ കോട്ടക്കുള്ളിൽ ഒത്തുകൂടി മുസ്‌ലിംകൾ കോട്ട വളയുകയും അവരെ ഉപരോധിക്കുകയും ചെയ്തു ഈ ഉപരോധം ഇരുപത്തൊന്ന് ദിവസം തുടർന്നു(ദിവസത്തിന്റെ എണ്ണത്തിൽ വേറെയും അഭിപ്രായമുണ്ട്) തങ്ങളെ സഹായിക്കാമെന്നേറ്റ കപടന്മാർ അവരെ സഹായിച്ചില്ലെന്ന് മാത്രമല്ല അവർ ശരിക്കും തങ്ങളെ വഞ്ചിച്ചു എന്ന് ജൂതന്മാർക്ക് മനസിലായപ്പോൾ അവർക്ക് മനസിൽ ഭയം തോന്നി.അപ്പോൾ ജൂതന്മാർ നബി(സ)യുമായി സന്ധിക്ക് തയാറാണെന്ന് അറിയിച്ചു,പക്ഷെ വഞ്ചകന്മാരുമായി കരാർ ചെയ്യുന്നതിൽ കാര്യമില്ലെന്നറിയാവുന്ന നബി(സ) ജൂതന്മാർ നാട് വിട്ട് പോവുക എന്നതിൽ കുറഞ്ഞ ഒന്നും സ്വീകാര്യമല്ലെന്നറിയിച്ചു. മൂന്ന് വീട്ടുകാർക്ക് ഒരു ഒട്ടകത്തിനു ചുമക്കാവുന്ന ആയുധങ്ങളല്ലാത്ത സാധനങ്ങൾ കൊണ്ട് പോകാനും അനുവാദം നൽകി അങ്ങനെ അവർ സിറിയയിലെ അരീഹാഅ്أريحاء  അദ്‌രിആത്ത് (أذرعات) എന്നിവിടങ്ങളിലേക്ക് നാട് വിട്ടു. അബുൽ ഹഖീഖിന്റെ കുടുംബവും ഹുയയ്യുബ്നു അഖ്തബിന്റെ കുടുംബവും ഒഴികെയുള്ളവരാണ് സിരിയയിൽ പോയത്.അവർ ഖൈബറിലേക്കും ഹീറായിലേക്കുമാണ് മാറിത്താമസിച്ചത്(റാസി)

ഇവിടെ ഒന്നാമത്തെ നാടുകടത്തൽ എന്ന് പറയാൻ കാരണം അറേബ്യൻ ഉപദ്വീപിൽ നിന്ന് ഇത്തരമൊരു ദുരനുഭവം അവർക്ക് ആദ്യമായാണ് എന്ന നിലക്കാണ്.കാരണം അവർ അറേബ്യയിൽ വേദം ലഭിച്ചവരെന്ന നിലക്ക് വലിയ പത്രാസിലും ബഹുമാനത്തിലുമായിരുന്നു നേരത്തേ കഴിഞ്ഞിരുന്നത് എന്ന അർത്ഥത്തിലാണെന്നാണ് ഇബ്നു അബ്ബാസ്(റ) അടക്കം ധാരാളം വ്യാഖ്യാതാക്കൾ പറയുന്നത്.ഇനിയും നാടു കടത്തലിനു അവർ വിധേയരാവാൻ പോകുന്നത് കൊണ്ടാണ് ആദ്യത്തേതാണീ പുറത്താവൽ എന്നും മറ്റും വ്യാഖ്യാനമുണ്ട്(റാസി)

>അവർ പുറത്ത് പോകുമെന്ന് നിങ്ങൾ വിചാരിച്ചിരുന്നില്ല< എന്ന് പറഞ്ഞത് അവരുടെ ശക്തിയും സ്വാധീനവും കാരണത്താൽ ഇത്ര പെട്ടെന്ന് അവർ ഒഴിഞ്ഞു പോകുമെന്ന് മുസ്‌ലിംകൾ കരുതിയില്ലെന്നാണ്

>തങ്ങളുടെ കോട്ടകൾ അള്ളാഹുവിൽ നിന്ന് തങ്ങളെ തടുത്തു രക്ഷിക്കുന്നവയാണെന്ന് അവർ ധരിക്കുകയും ചെയ്തു,,,<

അവരുടെ കോട്ട അത്രക്കും സുശക്തമായിരുന്നുവെന്നും നബി(സ)ക്ക് തങ്ങളെ ഒന്നും ചെയ്യാനാവില്ലെന്നും അവർ ധരിച്ചിരുന്നു അതാണ് നബി(സ)ക്കെതിരിൽ നിൽക്കാൻ അവർക്ക് ധൈര്യം നൽകിയത് എന്നത്രെ ഇവിടെ പറയുന്നത്

.. >എന്നാൽ അവർ ഊഹിക്കാത്ത ഭാഗത്തുകൂടി അള്ളാഹു (വിന്റെ ശിക്ഷ) അവർക്ക് വരികയും <

അവരുടെ നേതാവായ കഅബുബ്നുൽ അശ്റഫിനെ മുസ്‌ലിംകൾ കൊല ചെയ്തത് അവർക്ക് വല്ലാത്ത ആഘാതമായിരുന്നു അതോടെ അവരുടെ ശക്തി ചോരുകയും അവരുടെ സംഘ ശക്തി നശിക്കുകയും ചെയ്തു ഇത് അവർ തീരേ പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് ഇവിടെ പറയുന്നത് അവർ ഊഹിക്കാത്ത ഭാഗത്ത് കൂടി അള്ളാഹുവിന്റെ സഹായം മുസ്‌ലിംകൾക്ക് വന്നു എന്നും ഇവിടെ വ്യാഖ്യാനമുണ്ട്(റാസി)

>അവരുടെ ഹൃദയങ്ങളിൽ അവൻ ഭീതി ഇട്ടുകൊടുക്കുകയും ചെയ്തു<

നബി(സ)ക്ക് അള്ളാഹു നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ പെട്ടതാണ് ശത്രുക്കളുടെ മനസിൽ മുസ്‌ലിംകളെ സംബന്ധിച്ച് ഭയം ഇട്ടു കൊടുക്കുക എന്നത് .

അവരുടെ വീടുകളെ അവരുടെ കൈകൊണ്ടും മുസ്ലിംകളുടെ കൈ കൊണ്ടും നശിപ്പിച്ചു എന്ന് പറഞ്ഞതിനെക്കുറിച്ച് ഇമാം റാസി(റ)എഴുതുന്നു .ജൂതന്മാർ എന്തായാലും നാട് വിട്ട് പോകേണ്ടി വരുമെന്ന് ഉറപ്പായപ്പോൾ ഞങ്ങൾ പോയതിനു ശേഷം ഈ വീടുകൾ മുസ്‌ലിംകൾ ഉപയോഗിക്കുന്നതിൽ ജൂതന്മാർക്ക് അസൂയ തോന്നുകയും അവർ അകത്ത് പരമാവധി കേട് വരുത്തുകയും ചെയ്തു എന്നാണ്. മുസ്ലിംകൾ പുറത്ത് നിന്നും അവയെ നശിപ്പിക്കുന്നുണ്ടായിരുന്നു മുസ്‌ലിംകൾ അവരുടെ നേരെ തിരിയാൻ കാരണം ജൂതന്മാർ തന്നെയാണല്ലോ അതാണ് മുസ്‌ലിംകളുടെ കൈകൊണ്ടും അവരുടെ വീടുകളെ അവർ നശിപ്പിച്ചു എന്ന് പറഞ്ഞത് .ആയത്തിനൊടുവിൽ കണ്ണുള്ളവരോട് ആലോചിക്കാൻ പറഞ്ഞതിൽ വലിയ അർത്ഥമുണ്ട്.തങ്ങളുടെ കോട്ടയും സ്വാധീനവും അവരുടെ രക്ഷയായി അവർ കണ്ടുവെങ്കിലും അള്ളാഹു വിന്റെ തീരുമാനത്തിൽ നിന്ന് ഒരു കോട്ടയും ഒരു സ്വാധീനവും അവർക്ക് ഉപകരിച്ചില്ല എന്ന് വരുമ്പോൾ ചിന്തിക്കുന്നവർ അള്ളാഹുവിനെ ഭയപ്പെടേണ്ടതിന്റെ ആവശ്യകതയും അവനിൽ എല്ലാം ഏൽ‌പ്പിക്കണം എന്നും ഇതിൽ നിന്ന് മനസ്സിലാക്കുക തന്നെ ചെയ്യും എന്ന് ഇത് തെളിയിക്കുന്നു ഇമാം റാസി(റ) എഴുതുന്നു അള്ളാഹുവിലല്ലാതെ നിങ്ങൾ അഭയം തേടരുത് ഒരു പ്രബഞ്ചത്യാഗിയായ വ്യക്തി തന്റെ ആ ത്യാഗത്തിലോ ഒരു പണ്ഡിതൻ തന്റെ പാണ്ഡിത്യത്തിലോ അഭയം കണ്ടെത്തരുത്. കാരണം വലിയ ത്യാഗിയും പണ്ഡിതനുമായിരുന്നു ബൽആം എന്ന മനുഷ്യൻ.(പക്ഷെ അയാൾ പട്ടിയേക്കാൾ മോശം എന്ന വിധത്തിലാണ് വിലയിരുത്തപ്പെട്ടത്) അള്ളാഹുവിൽ ഭരമേല്പിച്ചാൽ അവനു അള്ളാഹു മതി എന്ന് ഖുർആൻ പഠിപ്പിക്കുന്നുണ്ടല്ലോ!


وَلَوْلَا أَن كَتَبَ اللَّهُ عَلَيْهِمُ الْجَلَاء لَعَذَّبَهُمْ فِي الدُّنْيَا وَلَهُمْ فِي الْآخِرَةِ عَذَابُ النَّارِ(3

ഈനാടു വിട്ടുപോകൽ അവരുടെ മേൽ അള്ളാഹു വിധിച്ചിരുന്നില്ലെങ്കിൽ ഇഹത്തിൽ വെച്ചുതന്നെ അള്ളാഹു അവരെ (മറ്റൊരുവിധത്തിൽ)ശിക്ഷിക്കുമായിരുന്നു പരലോകത്തിൽ അവർക്ക് നരകശിക്ഷയുണ്ട്

നബി(സ)യുടെ എതിരിൽ വഞ്ചനയും കരാർ ലംഘനവും കാണിച്ച ഈ ജൂതന്മാർക്ക് നാട് വിട്ടുപോകൽ എന്ന ശിക്ഷ ഇല്ലെങ്കിലും അവർ മറ്റു നിലയിൽ (കൊല്ലപ്പെടലുൾപ്പെടെ) ശിക്ഷിക്കപ്പെടുമായിരുന്നു പരലോകം എന്തായാലും അവർക്ക് വിഷമകരം തന്നെ എന്നാണിവിടെ സൂചിപ്പിക്കുന്നത്

ذَلِكَ بِأَنَّهُمْ شَاقُّوا اللَّهَ وَرَسُولَهُ وَمَن يُشَاقِّ اللَّهَ فَإِنَّ اللَّهَ شَدِيدُ الْعِقَابِ (4

 അത് അള്ളാഹുവോടും അവന്റെ റസൂലിനോടും അവർ മത്സരിച്ചത് കൊണ്ടാകുന്നു അള്ളാഹുവിനോട് വല്ലവനും മത്സരിച്ചാൽ നിശ്ചയമായും അള്ളാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു

അവർ ഈ വിധം പരീക്ഷിക്കപ്പെട്ടത് അള്ളാഹുവിനോടും റസൂലിനോടും മത്സരിച്ചത് കൊണ്ടാണ്.അത്തരക്കാർ കഠിന ശിക്ഷക്ക് വിധേയരാവുക തന്നെ ചെയ്യും .ഇത്തരക്കാർക്ക് ശിക്ഷ ഉറപ്പ് തന്നെ എന്ന് അള്ളാഹു പറയുന്നത് അത്തരം തെറ്റുകളിലേക്ക് പോകാതിരിക്കും വിധം ജനങ്ങളെ തിന്മയിൽ നിന്ന് തടയാൻ വേണ്ടിയാണ്


مَا قَطَعْتُم مِّن لِّينَةٍ أَوْ تَرَكْتُمُوهَا قَائِمَةً عَلَى أُصُولِهَا فَبِإِذْنِ اللَّهِ وَلِيُخْزِيَ الْفَاسِقِينَ (5

(സത്യവിശ്വാസികളേ)നിങ്ങൾ ഈത്തപ്പനയിൽ നിന്ന് വല്ലതും മുറിക്കുകയോ അല്ലെങ്കിൽ അവയെ മുരടുകളിൽ നിലകൊള്ളുന്നതായി വിടുകയോ ചെയ്തിട്ടുണ്ടെങ്കിൽ അത് അള്ളാഹുവിന്റെ അനുവാദപ്രകാരമാണ് (സത്യവിശ്വാസികളെ അന്തസ്സുള്ളവരാക്കുവാനും)അ ധിക്കാരികളെ നിന്ദിക്കുവാനും വേണ്ടി ആകുന്നു (അത്)


യഹൂദികളുടെ കോട്ട ഉപരോധിച്ചപ്പോൾ അവരെ വിഷമിപ്പിക്കാനും ഭയപ്പെടുത്താനുമായി അവരുടെ ഈത്തപ്പനകൾ മുറിച്ചു കളയുവാൻ നബി(സ) സഹാബികൾക്ക് നിർദ്ദേശം നൽകി .അപ്പോൾ മുഹമ്മദ്(സ)നന്മ ചെയ്യുന്ന ആളാണെന്നല്ലേ പറയുന്നത് കൃഷി നശിപ്പിക്കുന്നത് നന്മയാണോ എന്ന് ശത്രുക്കൾ ആക്ഷേപമുന്നയിച്ചു.ജൂതന്മാർ നാടുവിടുന്നതോടെ മുസ്ലിംകൾക്ക് ഗനീമത്തായി ലഭിക്കാവുന്ന മുതൽ എന്തിനു നമ്മൾ തന്നെ നശിപ്പിക്കണമെന്ന സംശയം ചില മുസ്‌ലിംകള്ക്കും തോന്നാതിരുന്നില്ല.എന്നാൽ പ്രത്യേക പരിതസ്ഥിതിയിൽ ഇത് ആവാശ്യമായിരുന്നെന്നും തന്റെ അനുമതിയോടെയാണതുണ്ടായതെന്നും അള്ളാഹു വ്യക്തമാക്കിയിരിക്കുകയാണ്. എതിരാളികളെ നിന്ദിക്കലും കോട്ടയിൽ നിന്ന് അവരെ പുറത്ത് ചാടിക്കലും സത്യവിശ്വാസികൾക്ക് അന്തസ്സ് നിലനിർത്താനുമാണിത് എന്നാണിവിടെ പറയുന്നത്


അവരുടെ ഏറ്റവും വിലയുള്ള ധനമായി അവർ കണ്ടിരുന്നതാണ് ഈത്തപ്പനകൾ.അത് തങ്ങളുടെ ശത്രുക്കൾ നശിപ്പിക്കുന്നത് കാണേണ്ടി വരുന്നത് വല്ലാത്ത ശിക്ഷ തന്നെയല്ലെ!

ഇവിടെلينة ലീനത്ത് എന്നാൽ അജ്വ,ബർനീ എന്നീ ഈത്തപ്പഴങ്ങളല്ലാത്താവയാണുദ്ദെശ്യമെന്ന് ഇമാം റാസി(റ)രേഖപ്പെടുത്തിയിട്ടുണ്ട്


وَمَا أَفَاء اللَّهُ عَلَى رَسُولِهِ مِنْهُمْ فَمَا أَوْجَفْتُمْ عَلَيْهِ مِنْ خَيْلٍ وَلَا رِكَابٍ وَلَكِنَّ اللَّهَ يُسَلِّطُ رُسُلَهُ عَلَى مَن يَشَاء وَاللَّهُ عَلَى كُلِّ شَيْءٍ قَدِير (6)

അവരിൽ നിന്ന് തന്റെ റസൂലിനു അള്ളാഹു കൈവരുത്തിക്കൊടുത്തതെന്തോ അതിനു വേണ്ടി നിങ്ങൾ കുതിരകളെയോ ഒട്ടകങ്ങളെയൊഓടിച്ചിട്ടില്ല.പക്ഷെ താനുദ്ദേശിക്കുന്നവരുടെ മേൽ തന്റെ ദൂതന്മാരെ അവൻ അധികാരപ്പെടുത്തുന്നു അള്ളാഹു എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു

ബനൂനളീർ വിട്ടുപോയ സ്വത്തിനെക്കുറിച്ചാണിവിടെ പറയുന്നത്.ശത്രുക്കളുമായി ഏറ്റുമുട്ടാതെയും പടവെട്ടാതെയും അള്ളാഹു തന്റെ റസൂലിന് അധീനപ്പെടുത്തിക്കൊടുത്തതാണിത് .ഇങ്ങനെ യുദ്ധമില്ലാതെ ലഭിക്കുന്ന സ്വത്തിനു (ശത്രുക്കൾ ഒഴിച്ചിട്ട് പോയതിനാലോ അല്ലെങ്കിൽ അവർ കൊലയിൽ നിന്ന് രക്ഷപ്പെടാനായി നികുതിയിനത്തിലല്ലാതെ നൽകിയതിനാലോ ആവാം ഇങ്ങനെ ലഭിക്കുന്നത്) ഫൈഅ്(فيء) എന്നാണ് പറയുക. ശത്രുക്കളുമായി യുദ്ധം നടത്തുകയും എന്നിട്ട് അവരിൽ നിന്ന് ലഭിക്കുന്ന സ്വത്തിനു ഗനീമത്ത് എന്നും പറയും

മദീനയുടെ വളരെ അടുത്ത് താമസിച്ചിരുന്ന ബനൂനളീറിനെ നേരിടാൻ വാഹനപ്പുറത്ത് വരേണ്ട കാര്യം പോലുമില്ലാത്തതിനാൽ നബി(സ) അല്ലാതെ ആരും വാഹനത്തിൽ അല്ല അങ്ങോട്ട് വന്നത് (നബി(സ)ഒട്ടകപ്പുറത്തായിരുന്നു വന്നത്)ഏതായാലും ശത്രുക്കളിൽ നിന്ന് ലഭിച്ച ധനം ഗനീമത്ത് പോലെ ഓഹരി ചെയ്യാതെ നബി(സ)ക്ക് യുക്തമെന്ന് തോന്നും വിധം കൈകാര്യം ചെയ്യാൻ അള്ളാഹു അനുവാദം നൽകി.അപ്പോൾ മക്കയിൽ നിന്ന് പാലായനം ചെയ്തെത്തിയ സാധുക്കളായ സഹാബികൾക്ക് അത് നബി(സ)വിതരണം ചെയ്തു അബൂദുജാന: (റ) സഹ്_ലുബ്നു ഹുനൈഫ്(റ) ഹാരിസുബ്നുസ്വിമത്(റ)എന്നീ മദീനക്കാർ വളരെ സാധുക്കളായത് കൊണ്ട് അവർക്കും നബി(സ)നൽകി (റാസി)

സാധാരണ ഗനീമത്ത് ഓഹരി ചെയ്യുമ്പോലെ ഇതും ചെയ്യുന്നില്ലേ എന്ന് അന്വേഷിച്ച സഹാബികളുടെ അറിവിലേക്കായാണ് ഇത് ഗനീമത്തല്ല പ്രത്യുത ഫൈഅ് ആണെന്ന് അള്ളാഹു അറിയിച്ചത് (റാസി)


مَّا أَفَاء اللَّهُ عَلَى رَسُولِهِ مِنْ أَهْلِ الْقُرَى فَلِلَّهِ وَلِلرَّسُولِ وَلِذِي الْقُرْبَى وَالْيَتَامَى وَالْمَسَاكِينِ وَابْنِ السَّبِيلِ كَيْ لَا يَكُونَ دُولَةً بَيْنَ الْأَغْنِيَاء مِنكُمْ وَمَا آتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا وَاتَّقُوا اللَّهَ إِنَّ اللَّهَ شَدِيدُ الْعِقَابِ  (7


(എന്നുവെച്ചാൽ) അള്ളാഹു തന്റെ റസൂലിനു നാട്ടുകാരിൽ നിന്ന് കൈവരുത്തിക്കൊടുത്തതെന്തോ അത് അള്ളാഹുവിനും അവന്റെ റസൂലിനും (റസൂലിന്റെ)അടുത്ത കുടുംബങ്ങൾക്കും അനാഥ കുട്ടികൾക്കും അഗതികൾക്കും വഴിയാത്രക്കാർക്കും ഉള്ളതാകുന്നു ആ ധനം നിങ്ങളിലുള്ള ധനികന്മാർക്കിടയിൽ കൈമാറ്റപ്പെടുന്നതാവാതിരിക്കാനായിട്ടാണ്(അങ്ങനെ വിതരണം ചെയ്യാൻ കല്പിച്ചത്) റസൂൽ നിങ്ങൾക്ക് നൽകിയതെന്തോ അത് സ്വീകരിച്ചുകൊള്ളുക റസൂൽ നിങ്ങളോട് വിരോധിച്ചതെന്തോ അതിൽ നിന്ന് അകന്ന് നിൽക്കുക അള്ളാഹുവിനെ സൂക്ഷിക്കുകയും ചെയ്യുക നിശ്ചയമായും അള്ളാഹു കഠിനമായി ശിക്ഷിക്കുന്നവനാകുന്നു

ബനൂനളീറിൽ നിന്ന് ലഭിച്ചത് പോലുള്ള ഫൈഅ് ഇനത്തിൽ പെട്ട ധനം ഭാഗിക്കേണ്ട ക്രമമാണിവിടെ പറയുന്നത്.അത് അള്ളാഹുവിനും അവന്റെ റസൂലിനും അവിടുത്തെ അടുത്ത കുടുംബങ്ങൾക്കും അനാഥകൾ, സാധുക്കൾ, യാത്രക്കാർ എന്നിവർക്കുമുള്ളതാണ്.അള്ളാഹുവിനുള്ളത് എന്നതിന്റെ താല്പര്യം അള്ളാഹു നിശ്ചയിക്കുന്ന പ്രകാരം ഓഹരിച്ചെയ്യണമെന്നാണ്.ഇത് ഇവരിൽ ഓഹരി ചെയ്യപ്പെടാനായി അള്ളാഹു പറഞ്ഞ കാരണം ശ്രദ്ധേയമാണ് ധനം ധനികർക്കിടയിൽ മാത്രം കൈമാറപ്പെടുന്ന ഒരു വസ്തുവാകരുത്. ധനം ധനികർക്ക് മാത്രം കൈകാര്യം ചെയ്യാനവസരമുണ്ടായാൽ പോരാ. സാധുക്കൾക്കുമുണ്ടാവണം അതിനു അവസരം.അതിനാൽ സാധുവിനെ പരിഗണിക്കേണ്ട സന്ദർഭങ്ങളൊന്നും ഇസ്‌ലാം പാഴാക്കുകയില്ല .ഇത് ഫലപ്രദമായി നടപ്പാക്കാനാണ് സക്കാത്ത് നിശ്ചയിച്ചതും പൂഴ്ത്തിവെപ്പും പലിശയും അടക്കം ധനവിനിയോഗത്തിലെ ചൂഷണ വഴികളെ മുഴുവൻ ഇസ്‌ലാം നിരോധിച്ചതും ! ഉള്ളവന്റേത് പിടിച്ച് പറിച്ച് സേവനം നടത്തുന്ന ചിന്താഗതിയല്ല ഇസ്‌ലാം ഇതിനു കണ്ടെതെന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്

റസൂൽ നൽകിയത് സ്വീകരിക്കുക വിരോധിച്ചത് വർജ്ജിക്കുക എന്നത് അവിടുന്ന് കൊണ്ടുവന്ന എല്ലാ നിയമങ്ങൾക്കും സാമ്പത്തിക വിഷയങ്ങൾക്കും ബാധകമാണ്. നബി(സ) വാക്ക് കൊണ്ടോ പ്രവർത്തി കൊണ്ടോ സമ്മതം കൊണ്ടോ വ്യക്തമായോ വ്യംഗ്യമായോ കാണിച്ചു തന്നതെല്ലാം ഇതിൽ ഉൾപ്പെടുന്നു .നബി(സ) കാണിച്ചു തന്നതെല്ലാം അംഗീകരിക്കുക എന്നാൽ കാണിച്ചു തരാത്തതൊക്കെ തെറ്റാണെന്ന് അർത്ഥമില്ല. പാടില്ലെന്ന് വിലക്കിയത് വർജ്ജിക്കണം എന്നേയുള്ളൂ. നബി(സ)പഠിപ്പിച്ചതാണെങ്കിൽ പോലും തന്റെ യുക്തിക്ക് നിരക്കുന്നില്ലെന്ന നിലക്ക് അത് തള്ളിക്കളയാൻ വെമ്പുന്നത് വലിയ അപകടം തന്നെ


لِلْفُقَرَاء الْمُهَاجِرِينَ الَّذِينَ أُخْرِجُوا مِن دِيارِهِمْ وَأَمْوَالِهِمْ يَبْتَغُونَ فَضْلًا مِّنَ اللَّهِ وَرِضْوَانًا وَيَنصُرُونَ اللَّهَ وَرَسُولَهُ أُوْلَئِكَ هُمُ الصَّادِقُونَ(8

തങ്ങളുടെ വാസസ്ഥലങ്ങളിൽ നിന്നും സ്വത്തുക്കളിൽ നിന്നും പുറത്താക്കപ്പെട്ട മുഹാജിറുകളായ ദരിദ്രർക്കുള്ളതാണ് (വിശിഷ്യാ ആ ധനം) അവർ അള്ളാഹുവിൽ നിന്നുള്ള അനുഗ്രഹവും സംത്ര്‌പ്തിയും തേടുന്നവരും അള്ളാഹുവിനെയും അവന്റെ റസൂലിനെയും സഹായിക്കുന്നവരും ആയ സ്ഥിതിയിലാണ്(അവർ പുറത്താക്കപ്പെട്ടത്)അവർ തന്നെയാണ് സത്യവാന്മാർ

നാടും വീടും സ്വത്തുക്കളും വിട്ട് ഉടുതുണിക്ക് മറുതുണിയില്ലാതെ മദീനയിൽ അഭയം പ്രാപിച്ച മുഹാജിറുകൾക്ക് ബനൂന്നളീർ കൈവിട്ടു പോയ സ്വത്തിൽ അവകാശമുണ്ടെന്നാണ് ഈ വാക്യത്തിൽ പറയുന്നത് അവർ അള്ളാഹുവിന്റെ തൃപ്തിയും അനുഗ്രഹവും ആഗ്രഹിച്ചും അവന്റെ ദീനിനെയും റസൂലിനെയും സഹായിക്കുവാനുമായിട്ടാണ് എല്ലാം ഉപേക്ഷിച്ച് മദീനയിൽ വന്നത് തങ്ങളുടെ വിശ്വാസത്തിലും നടപടിയിലുമെല്ലാം തികച്ചും സത്യസന്ധരാണവർ

ഇമാം റാസി(റ)എഴുതുന്നു “ഈ മുഹാജിറുകൾക്ക് കുറേ വിശേഷണങ്ങൾ അള്ളാഹു പറഞ്ഞിരിക്കുന്നു.(ധരിദ്രർ,പാലായനം ചെയ്തവർ,വീട്ടിൽ നിന്നും സ്വത്തിൽ നിന്നും പുറത്താക്കപ്പെട്ടവർ” അള്ളാഹുവിന്റെ തൃപ്തിയും ഔദാര്യവും(സ്വർഗം) തേടുന്നവർ ( സ്വന്തം ശരീരം കൊണ്ടും സമ്പത്ത് കൊണ്ടും അള്ളാഹുവിനെയും റസൂലിനെയും സഹായിക്കുന്നവർ,സത്യവാന്മാർ) എന്നിവയാണാ വിശേഷണങ്ങൾ. അതായത് അള്ളാഹുവിനും റസൂലിനും വേണ്ടി തങ്ങളുടെ സന്തോഷങ്ങളെ വിട്ടൊഴിഞ്ഞ് ശത്രുക്കളുടെ പീഢനങ്ങളെ അവഗണിച്ചും സഹിച്ചും സത്യ സന്ധത നിലനിർത്തിയും സത്യാവാന്മാർ എന്ന സ്ഥാനം നേടിയവരാണവർ(റാസി)


وَالَّذِينَ تَبَوَّؤُوا الدَّارَ وَالْإِيمَانَ مِن قَبْلِهِمْ يُحِبُّونَ مَنْ هَاجَرَ إِلَيْهِمْ وَلَا يَجِدُونَ فِي صُدُورِهِمْ حَاجَةً مِّمَّا أُوتُوا وَيُؤْثِرُونَ عَلَى أَنفُسِهِمْ وَلَوْ كَانَ بِهِمْ خَصَاصَةٌ وَمَن يُوقَ شُحَّ نَفْسِهِ فَأُوْلَئِكَ هُمُ الْمُفْلِحُون (9

അവരുടെ മുമ്പായി(മുഹാജിറുകളുടെ വരവിനു മുമ്പായി)തന്നെ വാസസ്ഥലം സൌകര്യപ്പെടുത്തിവെച്ചവരും സത്യവിശ്വാസം സ്വീകരിച്ചവരുമായവർക്കുമുള്ളതാണ്(ആ ധനം) തങ്ങളുടെ അടുക്കലേക്ക് പാലായനം ചെയ്തെത്തിയവരെ അവർ സ്നേഹിക്കുന്നു മുഹാജിറുകൾക്ക് നൽകപ്പെട്ടതിനെ സംബന്ധിച്ച് തങ്ങളുടെ മനസ്സുകളിൽ ഒരു അസൂയയും അവർ കണ്ടെത്തുകയില്ല സ്വന്തത്തിനു ആവശ്യമുണ്ടെങ്കിൽ പോലും തങ്ങളേക്കാൾ (മറ്റുള്ളവർക്ക്) അവർ പ്രാധാന്യം നൽകും മനസ്സിന്റെ പിശുക്കിൽ നിന്ന് അഥവാ ആർത്തിയിൽ നിന്ന് )ആര് സുരക്ഷിതരായോ അവർ തന്നെയാണ് വിജയികൾ

മുഹാജിറുകൾ മദീനയിൽ എത്തുന്നതിനു മുമ്പ് തന്നെ സത്യവിശ്വാസം സ്വീകരിക്കുകയും മദീനയിൽ താമസിക്കുകയും നാടുവിട്ട് വരുന്ന മുഹാജിറുകൾക്ക് താമസിക്കാൻ സ്വന്തം നാട്ടിൽ സാഹചര്യമൊരുക്കുകയും ചെയ്തവരാണ് അൻസാറുകൾ(സഹായികൾ)എന്ന് വിളിക്കപ്പെടുന്ന മദീനാ വാസികൾ.അവരിലുള്ള സാധുക്കൾക്കും നേരത്തേ പറഞ്ഞ ഫൈഇൽ അവകാശമുണ്ടെന്നാണിവിടെ പറയുന്നത് (അൻസാരികളിൽ ചിലർക്ക് നബി(സ)അതിൽ നിന്ന് നൽകി എന്ന് നേരത്തേ വിശദീകരിച്ചത് ഓർക്കുമല്ലോ) അൻസാരികളുടെ ചില ഗുണങ്ങളാണിതിൽ പരാമർശിക്കുന്നത്(സ്വന്തം നാട്ടിലേക്ക് വന്ന മുഹാജിറുകൾക്ക് ഇവിടെ നിന്ന് ലഭിച്ച സമ്പത്ത് നൽകുന്നതിൽ ഒരു വിഷമവും തോന്നിയില്ല എന്നത് അവർ പ്രശംസിക്കപ്പെടാനുള്ള വലിയ കാരണമാണെന്ന് ഇമാം റാസി എഴുതുന്നുണ്ട്) മുഹാജിറുകളെ അവർ സ്നേഹിക്കുന്നു.മുഹാജിറുകൾക്ക് നബി(സ)എന്ത് നൽകിയാലും അവർക്കതിൽ യാതൊരു അസൂയയോ വിഷമമോ ഇല്ല എന്നും സ്വന്തം ആവശ്യങ്ങൾ പോലും മാറ്റിവെച്ച് ഇവർക്ക് വേണ്ടി അവർ സഹായം ചെയ്യുന്നു എന്നൊക്കെയാണ് അൻസാരികളുടെ മഹത്വമായി പറയുന്നത്.ഇതിനൊക്കെ അത്ഭുതകരമായ ഉദാഹരണങ്ങൾ ചരിത്രത്തിലുണ്ട്(മദീനയിലേക്ക് വന്നവർക്ക് തങ്ങളുടെ സ്വത്ത് കൈമാറാനും സ്വന്തം ഭാര്യമാരെ മൊഴിചൊല്ലി അവർക്കൊരു കുടുംബജീവിതമുണ്ടാക്കിക്കൊടുക്കാൻ പോലും മദീനക്കാർ തയാറായിരുന്നു എന്ന് ചരിത്രം രേഖപ്പെടുത്തുന്നുണ്ട്)

ആർത്തിയോട്കൂടിയുള്ള പിശുക്കാണ് ശുഹ്ഹ് (شُحَّ) എന്ന് പറയുന്നത്.അതായത് മറ്റൊരാളുടെ അടുത്തുള്ളത് തനിക്ക് ലഭിക്കണമെന്ന് മോഹിക്കുകയും തന്റെ കൈയിലുള്ളത് ചെലവഴിക്കാതെ ലുബ്ദത കാണിക്കുകയും ചെയ്യുക എന്നാണ്. ഇബ്നു സൈദ് പറഞ്ഞതായി ഇമാം റാസി(റ) പറയുന്നു.ആരെങ്കിലും അള്ളാഹു വിലക്കിയതൊന്നും സ്വീകരിക്കാതിരിക്കുകയും കൊടുക്കാൻ കൽ‌പ്പിച്ചതൊന്നും തടഞ്ഞ് വെക്കാതിരിക്കുകയും ചെയ്താൽ മനസ്സിന്റെ പിശുക്കിൽ നിന്ന് അവൻ സംരക്ഷിക്കപ്പെട്ടു(റാസി)മനുഷ്യന്റെ ആത്മീയ നാശത്തിന്റെ കാരണമായി പിന്തുടരപ്പെടുന്ന ദേഹേഛയും അനുസരിക്കപ്പെടുന്ന പിശുക്കും സ്വയം മതിപ്പ് തോന്നലും നബി(സ)പഠിപ്പിച്ചിട്ടുണ്ട്


وَالَّذِينَ جَاؤُوا مِن بَعْدِهِمْ يَقُولُونَ رَبَّنَا اغْفِرْ لَنَا وَلِإِخْوَانِنَا الَّذِينَ سَبَقُونَا بِالْإِيمَانِ وَلَا تَجْعَلْ فِي قُلُوبِنَا غِلًّا لِّلَّذِينَ آمَنُوا رَبَّنَا إِنَّكَ رَؤُوفٌ رَّحِيمٌ (10


അവർക്ക് ശേഷം വന്നവർക്കുമുള്ളതാണ്.(ഈ ധനം) അവർ പറയും ഞങ്ങളുടെ രക്ഷിതാവേ!ഞങ്ങൾക്കും സത്യവിശ്വാസത്തോടെ മുൻ കഴിഞ്ഞു പോയ ഞങ്ങളുടെ സഹോദരങ്ങൾക്കും നീ പൊറുക്കേണമേ ഞങ്ങളുടെ ഹ്ര്‌ദയങ്ങളിൽ സത്യവിശ്വാസികളോട് ഒരു പകയും നീ ഉണ്ടാക്കരുതേ!ഞങ്ങളുടെ റബ്ബേ!നിശ്ചയം നീ വളരെ കൃപയുള്ളവനും പരമകാരുണികനുമാകുന്നു


ഫൈഇന്റെ അവകാശികളായ മൂന്നാം വിഭാഗമാണിവിടെ വിവരിക്കുന്നത് സഹാബികളുടെ ശിഷ്യന്മാരായ താബിഉകൾ ആണിവിടെ പ്രധാനമായും ഉദ്ദേശ്യം.അവരെ മാതൃകയാക്കി ജീവിക്കുന്ന അന്ത്യനാൾ വരെ വരുന്ന പിൻ ഗാമികളും ഇതിൽ പെടുന്നു.ഇങ്ങനെയുള്ള ദരിദ്രർക്കും അതാതുകാലങ്ങളിൽ ലഭിക്കുന്ന ഫൈഇൽ അവകാശമുണ്ടെന്ന് സാരം .ആ മുൻ ഗാമികൾവെട്ടിത്തെളിയിച്ച പാതയിൽ കൂടി അവരിൽ നിന്ന് ലഭിച്ച പ്രകാശത്തിന്റെ സഹായത്താലാണല്ലൊ പിൻഗാമികൾ മുന്നേറുന്നത്.അതിനാൽ അവരോടുള്ള സ്നേഹ ബഹുമാന സൂചകമായാണ് തങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം അവർക്കു വേണ്ടി കൂടി പ്രാർത്ഥിക്കുന്നത് .ആപുണ്യാത്മാക്കളോട് തങ്ങളുടെ ഹ്ര്‌ദയങ്ങളിൽ ഒരു വെറുപ്പും പകയും നൽകരുതെന്നും ആ പ്രാർത്ഥനയിൽ പറയുന്നു .ആ മുൻ ഗാമികളോട് സ്നേഹവും ബഹുമാനവുമുള്ളവരുടെ ഹൃദയത്തിൽ നിന്നും നാവിൽ നിന്നുമല്ലാതെ ഇത്തരമൊരു പ്രാർത്ഥന പുറപ്പെടുകയില്ല .മുൻ ഗാമികളെക്കുറിച്ച് മതിപ്പ് പ്രകടിപ്പിക്കുന്നതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നവർ കണിശമായും മാറിചിന്തിക്കേണ്ടിയിരിക്കുന്നു.ഇമാം റാസി(റ) എഴുതുന്നു ഈ സൂക്തം എല്ലാ സത്യ വിശ്വാസികളെയും ഉൾക്കൊള്ളുന്നുണ്ട്.കാരണം സത്യ വിശ്വാസികൾ ഒന്നുകിൽ മുഹാജിറുകളോ അൻസാറികളോ അല്ലെങ്കിൽ അവർക്ക് ശേഷം വന്നവരോ ആണല്ലോ.മുഹാജിറുകൾക്കും അൻസാറുകൾക്കും ശേഷം വന്നരുടെ സ്വഭാവമായി മുൻഗാമികളായ മുഹാജിർ/അൻസാറിനെ അവർ പ്രാർത്ഥന കൊണ്ടും അനുഗ്രഹ വാക്കുകൾ കൊണ്ടും ഓർക്കുന്നവരാണെന്നും ഇങ്ങനെ ചെയ്യാത്തവരും അവരെ ചീത്ത വാക്കുകളുമായി പരാമർശിക്കുകയും ചെയ്യുന്നവർ ഈ സൂക്തത്തിന്റെ വ്യക്തമായ താല്പര്യമനുസരിച്ച് സത്യവിശ്വാസികൾ എന്നതിന്റെ പുറത്താകുന്നു .മുൻഗാമികൾക്ക് പിഴവ് പറ്റിയെന്നും തങ്ങളാണ് ശരിയായ ആശയക്കാരെന്നുമൊക്കെ വിളിച്ചു കൂവുന്നവർ ഈ സൂക്തമൊന്നു മനസ്സിരുത്തി വായിച്ചെങ്കിൽ..എന്നാഗ്രഹിച്ചു പോവുകയാണ്.അള്ളാഹു മുൻഗാമികളെ ബഹുമാനിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ



ബാക്കി ഭാഗം അടുത്ത പോസ്റ്റില് ..ഇൻശാ അള്ളാഹ്

1 comment:

വഴികാട്ടി / pathfinder said...

അദ്ധ്യായം 59 : സൂറത്തുൽ ഹശ്ർ-

മദീനയിൽ അവതരിച്ചു :സൂക്തങ്ങൾ 24