Monday, October 10, 2011

അദ്ധ്യായം 58 : സൂറത്തുൽ മുജാദില-ഭാഗം-01

سورة المجادلة

മദീനയിൽ അവതരിച്ചു : സൂക്തങ്ങൾ 22



ആമുഖം

ഈ അദ്ധ്യായത്തിലെ എല്ലാ സൂക്തങ്ങളിലും അള്ളാഹു എന്ന പദം ഒന്നോ അതിലധികമോ പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്.

മുജാദില:എന്നാൽ തർക്കിക്കുന്നവൾ എന്നാണർത്ഥം



വിവാഹ മോചനത്തിനായി أنت علي كظهرأمي (എന്നെ സംബന്ധിച്ച് നീ എന്റെ മാതാവിന്റെ മുതുകു പോലെയാകുന്നു) എന്ന് ഭാര്യയോട് പറയൽ ജാഹിലിയ്യാകാലത്ത് അറബികൾക്കിടയിൽ നടപ്പുണ്ടായിരുന്നു. മാതാവുമായി ഭാര്യാഭര്‍തൃ ബന്ധം പാടില്ലാത്തത് പോലെ നാം തമ്മിലും പാടില്ല എന്ന് സാരം. ഇങ്ങനെ പറഞ്ഞുകഴിഞ്ഞാൽ വിവാഹ ബന്ധംവേർപെട്ടതായി കണക്കാക്കപ്പെട്ടിരുന്നു ഇതിനാണ് ളിഹാർ എന്ന് പറയുന്നത്


ഔസുബ്നുസ്സ്വാമിത്(റ) ഒരു വൃദ്ധനായ സഹാബിയായിരുന്നു. വയസ്സായതോടെ തന്റെ സ്വഭാവത്തിൽ ചില മാറ്റങ്ങളുണ്ടാവാൻ തുടങ്ങി) ചില സമയത്ത് ഭാര്യയോടുള്ള ആഗ്രഹം അടക്കാൻ പറ്റാതായി(റാസി)) ഭാര്യയായ ഖൌല ബീവിയുടെ സംസാരം ഒരിക്കൽ തനിക്ക് ഇഷ്ടപ്പെട്ടില്ല.ഉടൻ താൻ അവരെ ളിഹാർ ചെയ്തു.താമസിയാതെത്തന്നെ അദ്ദേഹം ഖേദിക്കുകയും പറഞ്ഞ വാക്ക് മടക്കിയെടുത്തു എന്ന നിലയിൽ ഭാര്യയെ സമീപിക്കുകയും ചെയ്തു. പക്ഷെ ഭാര്യ അത് അനുവദിച്ചില്ല.നിങ്ങൾ ളിഹാർ ചെയ്ത സ്ഥിതിക്ക് അള്ളാഹുവിന്റെയും റസൂലിന്റെയും വിധി എന്താണെന്ന് അറിയാതെ പറ്റില്ലെന്ന് അവർ പറഞ്ഞു.(ഇസ് ലാമിലെ ആദ്യത്തെ ളിഹാറായിരുന്നു അത്) ഖൌല:ബീവി(റ)നബി(സ)യെ സമീപിച്ചു കൊണ്ടിങ്ങനെ പറഞ്ഞു. അള്ളാഹുവിന്റെ ദൂതരേ! ഔസ് എന്നെ വിവാഹം ചെയ്തപ്പോൾ ഞാൻ യുവതിയായിരുന്നു ഇപ്പോൾ എനിക്ക് വയസ്സായി.കുറെ മക്കളുമുണ്ട്.ഇപ്പോൾ അദ്ദേഹം എന്നെ ളിഹാർ ചെയ്തിരിക്കുന്നു.അങ്ങനെ ചെയ്തതിൽ അദ്ദേഹത്തിനും വിഷമമുണ്ട്.അതിനാൽ എന്റെ കാര്യത്തിൽ വല്ല ഒഴികഴിവുമുണ്ടെങ്കിൽ അത് ഞങ്ങൾക്ക് വലിയ ആശ്വാസമാവുമായിരുന്നു. അപ്പോൾ നബി(സ) പറഞ്ഞു.നിങ്ങളുടെ കാര്യത്തിൽ ഒന്നും അള്ളാഹു എനിക്ക് അവതരിപ്പിച്ചു തന്നിട്ടില്ല.നിങ്ങൾ അദ്ദേഹത്തിനു നിഷിദ്ധമാണെന്നല്ലാതെ ഒന്നും ഞാൻ കാണുന്നില്ല. അപ്പോൾ ഖൌല:ബീവി അദ്ദേഹം എന്നെ ത്വലാഖ് ചൊല്ലിയിട്ടില്ലല്ലോ എന്നും മറ്റും പറഞ്ഞ് അവർ നബി(സ)യോട് തർക്കിച്ചു. പിന്നീട് ഇങ്ങനെ പരാതി പറയുവാൻ തുടങ്ങി. അള്ളാഹുവേ! ഞാൻ ഒറ്റപ്പെടുന്നതിലുള്ള കഷ്ടപ്പാടും ഞാൻ പിരിഞ്ഞു പോകുന്നതിലുള്ള വിഷമതയും നിന്നോട് ഞാൻ സങ്കടപ്പെടുന്നു. എനിക്ക് കുറെ ചെറിയ മക്കളുണ്ട്.അവരെ അദ്ദേഹത്തോടൊപ്പം നിർത്തിയാൽ അവർ (ഉമ്മയുടെ പരിചരണം കിട്ടാതെ) പാഴായിപ്പോകും.എന്റെ കൂടെ നിർത്തിയാൽ (ഭക്ഷണം കിട്ടാതെ) അവർ വിശന്ന് പോകും അത് കൊണ്ട് അള്ളാഹുവേ ഞാൻ നിന്നോട് സങ്കടപ്പെടുന്നു നിന്റെ പ്രവാചകന് എന്റെ കാര്യത്തിൽ നീ വഹ് യ് നൽകേണമേ! അധികം താമസിയാതെ ഈ അദ്ധ്യായത്തിന്റെ ഒന്നു മുതൽ നാലു കൂടിയ സൂക്തങ്ങൾ അവതരിച്ചു(ളിഹാർ ചെയ്തവർ പ്രായശ്ചിത്തം ചെയ്ത് പഴയപോലെ ജീവിതം തുടരാം അത് ത്വലാഖായി കണക്കാക്കേണ്ടതില്ല എന്ന് സ്ഥിരീകരിക്കുന്നതാണീ സൂക്തങ്ങൾ)


ഒരിക്കൽ വഴിയോരത്ത് ഒരു വൃദ്ധയായ സ്ത്രീ ഉമർ ബിൻ ഖഥാബ്(റ)നെ വഴിയിൽ തടഞ്ഞു നിർത്തി.വളരെ നേരം സംസാരിച്ചു.കൂടെയുള്ള ചിലർ എന്തിനാണീ വൃദ്ധക്ക് വേണ്ടി ഇങ്ങനെ സമയം കളയുന്നത് എന്ന് ചോദിച്ചപ്പോൾ ഈ സ്ത്രീ ആരാണെന്ന് നിങ്ങൾക്ക് അറിയാമോ? ഈ സ്ത്രീയുടെ സങ്കടം കേട്ട് അള്ളാഹു അതിനു ഉത്തരം ചെയ്ത സ്ത്രീയാണ്.അവർ എന്നെ രാത്രി വരെ ഇവിടെ തടഞ്ഞ് നിർത്തിയാലും നിസ്ക്കാര സമയത്ത് പോയി നിസ്ക്കരിച്ച് വീണ്ടും ഞാൻ അവരുടെ വാക്കുകൾക്ക് കാതോർക്കും.അവർക്ക് പറയാനുള്ളത് തീർന്നല്ലാതെ ഞാൻ മടങ്ങില്ല എന്ന് ഉമർ(റ)പറഞ്ഞു.ആ വൃദ്ധയാണീ ഖൌല:(റ) ഇബ്നു കസീർ/ഖുർത്വുബി)


بسم الله الرحمن الرحيم


പരമ കാരുണികനും കരുണാവാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു

1)

قَدْ سَمِعَ اللَّهُ قَوْلَ الَّتِي تُجَادِلُكَ فِي زَوْجِهَا وَتَشْتَكِي إِلَى اللَّهِ وَاللَّهُ يَسْمَعُ تَحَاوُرَكُمَا إِنَّ اللَّهَ سَمِيعٌ بَصِيرٌ


തന്റെ ഭർത്താവിന്റെ കാര്യത്തിൽ തങ്ങളോട് തർക്കിക്കുകയും അള്ളാഹുവിങ്കലേക്ക് സങ്കടം ബോധിപ്പിക്കുകയും ചെയ്യുന്നവളുടെ വാക്ക് അള്ളാഹു കേൾക്കുക തന്നെ ചെയ്തിരിക്കുന്നു(സ്വീകരിച്ചിരിക്കുന്നു) നിങ്ങൾ രണ്ട് പേരും സംഭാഷണം നടത്തുന്നത് അള്ളാഹു കേൾക്കുന്നുമുണ്ടായിരുന്നു, നിശ്ചയമായും അള്ളാഹു കേൾക്കുന്നവനും കാണുന്നവനുമാകുന്നു


ഇവിടെ തർക്കിക്കുന്നവൾ ഖൌല ബിൻത് ഖുവൈലിദ് ആണെന്നും തർക്ക വിഷയം ളിഹാറാണെന്നും മുകളിലെ ആമുഖ വിശദീകരണത്തിൽ നിന്ന് വ്യക്തമായിട്ടുണ്ടല്ലോ!

2)
الَّذِينَ يُظَاهِرُونَ مِنكُم مِّن نِّسَائِهِم مَّا هُنَّ أُمَّهَاتِهِمْ إِنْ أُمَّهَاتُهُمْ إِلَّا اللَّائِي وَلَدْنَهُمْ وَإِنَّهُمْ لَيَقُولُونَ مُنكَرًا مِّنَ الْقَوْلِ وَزُورًا وَإِنَّ اللَّهَ لَعَفُوٌّ غَفُورٌ  

 
നിങ്ങളിൽ നിന്ന് സ്വന്തം ഭാര്യമാരെ ളിഹാർ(ഭാര്യമാരെ മാതാക്കൾക്ക് തുല്യമായി പ്രഖ്യാപിക്കൽ) ചെയ്യുന്നവർ(അബദ്ധമാണ് പ്രവൃത്തിക്കുന്നത്) ഇവർ(ഭാര്യമാർ) അവരുടെ മാതാക്കളല്ല അവരുടെ മാതാക്കൾ അവരെ പ്രസവിച്ച സ്ത്രീകൾ മാത്രമാണ് നിശ്ചയമായും അവർ നിഷിദ്ധമായ വാക്കും അസത്യവുമാണ് പറയുന്നത് നിശ്ചയമായും അള്ളാഹു വളരെ മാപ്പ് നൽകുന്നവനും പൊറുക്കുന്നവനുമാകുന്നു



നീ എന്റെ ഉമ്മയെപോലെയാണെന്ന് പറയുമ്പോഴേക്ക് അവൾ മാതാവാകില്ലെന്നും മാതാക്കൾക്ക് തുല്യരായി ഭാര്യമാരെ പറയുന്നത് വളരെ മോശമായ വാക്കും കള്ളവുമാണ്.കാരണം ഉമ്മ നിങ്ങളെ പ്രസവിക്കുന്നവരാണ്.ഭാര്യമാർ നിങ്ങളെ പ്രസവിച്ചരല്ലല്ലോ! എന്നും അങ്ങനെ നിങ്ങൾ പറഞ്ഞുപോയ ഈ കള്ളം അള്ളാഹു മാപ്പ് നൽകുമെന്നുമാണിവിടെ പറഞ്ഞത് ഇത്തരം അനാവശ്യവാക്കുകൾ പറഞ്ഞതിൽ നിന്ന് രക്ഷപ്പെടാനായി പ്രായശ്ചിത്തം അള്ളാഹു വെച്ച അനുഗ്രഹം തന്നെ

3)

وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا ذَلِكُمْ

تُوعَظُونَ بِهِ وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ


തങ്ങളുടെ ഭാര്യമാരോട് ളിഹാർ (ഭാര്യമാരെ മാതാക്കൾക്ക് തുല്യമായി പ്രഖ്യാപിക്കൽ) ചെയ്യുകയും എന്നിട്ട് പറഞ്ഞതിൽ മടങ്ങുകയും ചെയ്യുന്നവർ പരസ്പരം സ്പർശിക്കുന്നതിനു മുമ്പായി അവർ ഒരു അടിമയെ സ്വതന്ത്രമാക്കണം ഇപ്പറഞ്ഞത് മൂലം നിങ്ങൾക്ക് ഉപദേശം നൽകപ്പെടുകയാണ് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അള്ളാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു

ളിഹാർ ചെയ്ത ശേഷം അതിൽ മടങ്ങാനുദ്ദേശിക്കുന്നവർ(വീണ്ടും ഭാര്യയുമായി ശാരീരിക ബന്ധം പുലർത്തുക എന്നാണ് മടങ്ങുക എന്നതിന്റെ താല്പര്യം)സ്പർശനത്തിനു മുമ്പ് പ്രായശ്ചിത്തം ചെയ്യണം അതിനു ശേഷമേ സ്പർശനം പാടുള്ളൂ.ഒരു അടിമയെ മോചിപ്പിക്കലാണ് പ്രായശ്ചിത്തം.


നിങ്ങൾക്ക് ഉപദേശം നൽകപ്പെടുകയാണെന്നതിന്റെ താല്പര്യം അള്ളാഹു നിങ്ങളോടിത് കൽ‌പ്പിച്ചിരിക്കുന്നു ഇതിൽ അമാന്തമരുതെന്നാണ്. ഇതിലൊരു വീഴ്ചയും വരുത്തരുത് കാരണം നിങ്ങൾ പ്രവൃത്തിക്കുന്നതൊക്കെ അള്ളാഹു സൂക്ഷ്മമായി അറിയുന്നുണ്ട് എന്ന് അള്ളാഹു പറഞ്ഞിരിക്കുകയാണിവിടെ

4)

فَمَن لَّمْ يَجِدْ فَصِيَامُ شَهْرَيْنِ مُتَتَابِعَيْنِ مِن قَبْلِ أَن يَتَمَاسَّا فَمَن لَّمْ يَسْتَطِعْ فَإِطْعَامُ سِتِّينَ مِسْكِينًا ذَلِكَ لِتُؤْمِنُوا بِاللَّهِ وَرَسُولِهِ وَتِلْكَ حُدُودُ اللَّهِ وَلِلْكَافِرِينَ عَذَابٌ أَلِيمٌ



ഇനി ആർക്കെങ്കിലും അടിമ ലഭിച്ചിട്ടില്ലെങ്കിൽ പരസ്പരം സ്പർശിക്കുന്നതിനു മുമ്പ് അവൻ തുടർച്ചയായി രണ്ട് മാസം നോമ്പ് അനുഷ്ഠിക്കണം ആർക്കെങ്കിലും (അതിനും) സാധിക്കാതെ വന്നാൽ അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകണം അത് (ഇങ്ങനെയെല്ലാം വിവരിച്ച് തരുന്നത് )അള്ളാഹുവിലും അവന്റെ ദൂതനിലും നിങ്ങൾ വിശ്വസിക്കുവാൻ വേണ്ടിയാണ്.അള്ളാഹുവിന്റെ നിയമ പരിധികളാണിത് സത്യ നിഷേധികൾക്ക് വേദനാജനകമായ ശിക്ഷയുണ്ട്

അടിമയെ സ്വതന്ത്രമാക്കാൻ സാധിക്കാത്തവൻ(അടിമയെ ലഭിക്കാത്തത് കൊണ്ടോ അടിമയെ വാങ്ങാനുള്ള ധനസ്ഥിതി ഇല്ലാത്തത് കൊണ്ടോ ആവാം)ഭാര്യയുമായുള്ള ശാരീരികബന്ധത്തിനു മുമ്പ് തുടർച്ചയായി രണ്ട് മാസം നോമ്പ് അനുഷ്ഠിക്കണം.അതിനു കഴിയാത്ത പക്ഷം അറുപത് സാധുക്കൾക്ക് ഭക്ഷണം നൽകണം ഇതാണ് പ്രായശ്ചിത്തത്തിന്റെ ക്രമം.അടിമയില്ലെങ്കിൽ നോമ്പ് അതു സാദ്ധ്യമല്ലെങ്കിൽ ഭക്ഷണം എന്ന ക്രമം പാലിക്കണം .അഥവാ അടിമയെ ലഭിക്കുമെങ്കിൽ നോമ്പു കൊണ്ടും നോമ്പിനു കഴിയുമെങ്കിൽ ഭക്ഷണം കൊടുത്തു കൊണ്ടും പ്രായശ്ചിത്തം സാധുവാകുകയില്ല. ഇതൊരു കർശന നിയമമാണെന്നും അള്ളാഹുവിലും അവന്റെ ദൂതനിലും വിശ്വസിച്ചവർ ഇത് സ്വീകരിച്ചേ മതിയാവൂ എന്നും ളിഹാർ ചെയ്യൽ കുറ്റവും പ്രായശ്ചിത്തം അള്ളാഹുവിനുള്ള അനുസരണവുമാണെന്നും അത് അംഗീകരിക്കാതെ നിഷേധം കൈക്കൊണ്ടാൽ ശിക്ഷ സുനിശ്ചിതമാണെന്നുമുണർത്തിയിരിക്കുകയാണ്


ഇമാം റാസി(റ)എഴുതുന്നു. ഈ സൂക്തങ്ങൾ അവതരിച്ചപ്പോൾ നബി(സ) ഔസിനോട് തന്റെ സമീപത്ത് വരാ‍നായി ആളെ അയച്ചു.ഔസ്(റ)വന്നപ്പോൾ നബി(സ) അദ്ദേഹത്തോട് ചോദിച്ചു.ഇങ്ങനെ ഭാര്യയോട് പറയാൻ നിങ്ങൾക്ക് എന്തായിരുന്നു പ്രേരണ?അദ്ദേഹം പറഞ്ഞു.പിശാചാണ് എന്നെ അതിനു പ്രേരിപ്പിച്ചത്.എനിക്ക് വല്ല ഇളവും ഉണ്ടോ നബിയേ!?അപ്പോൾ നബി(സ) ഈ നാല് സൂക്തങ്ങൾ ഓതിക്കൊണ്ട് നിങ്ങൾക്ക് ഒരു അടിമയെ മോചിപ്പിക്കാനാവുമോ എന്ന് നബി(സ) ചോദിച്ചു.അള്ളാഹുവെ തന്നെ സത്യം എനിക്കതിനു കഴിവില്ല എന്ന് ഔസ്(റ)പറഞ്ഞു.എന്നാൽ തുടരെ രണ്ട് മാസം നോമ്പെടുക്കാനാവുമോ എന്ന് നബി(സ) ചോദിച്ചു.അപ്പോൾ ഒരു ദിവസത്തിൽ രണ്ട് തവണയെങ്കിലും ഭക്ഷണം കഴിച്ചില്ലെങ്കിൽ എന്റെ കണ്ണിൽ ഇരുട്ട് കയറുകയും മരിക്കുമെന്ന് ഞാൻ ഭയപ്പെടുകയും ചെയ്യുന്നു (നോമ്പനുഷ്ഠിക്കാൻ കഴിയില്ല എന്ന് സാരം) അപ്പോൾ നബി(സ) ചോദിച്ചു.എന്നാൽ അറുപത് സാധുക്കൾക്ക് ഭക്ഷണം കൊടുക്കാൻ കഴിയുമോ?അത് ചെയ്യാം പക്ഷെ തങ്ങൾ എന്നെ സഹായിക്കണം എന്ന് ഔസ്(റ) പറഞ്ഞു.അങ്ങനെ നബി(സ)പകുതി നൽകുകയും പകുതി അദ്ദേഹം എടുക്കുകയും ചെയ്തു കൊണ്ട് അറുപത് സാധുക്കൾക്ക് ഭക്ഷണം കൊടുത്ത് കൊണ്ട് പ്രായശ്ചിത്തം ചെയ്തു

5)

إِنَّ الَّذِينَ يُحَادُّونَ اللَّهَ وَرَسُولَهُ كُبِتُوا كَمَا كُبِتَ الَّذِينَ مِن قَبْلِهِمْ وَقَدْ أَنزَلْنَا آيَاتٍ بَيِّنَاتٍ وَلِلْكَافِرِينَ عَذَابٌ مُّهِينٌ 


 നിശ്ചയമായും അള്ളാഹുവോടും അവന്റെ റസൂലിനോടും മത്സരം നടത്തുന്നവർ അവർക്ക് മുമ്പുള്ളവർ നിന്ദിക്കപ്പെട്ടത് പോലെ നിന്ദിക്കപ്പെടുന്നതാണ്.വ്യക്തമായ പല ലക്ഷ്യങ്ങളും നാം അവതരിപ്പിക്കുക തന്നെ ചെയ്തിരിക്കുന്നു സത്യ നിഷേധികൾക്ക് നിന്ദ്യമായ ശിക്ഷയുണ്ട്


അള്ളാഹുവിനെ അനുസരിക്കുന്ന സത്യവിശ്വാസികളെക്കുറിച്ച് പറഞ്ഞതിനു ശേഷം അള്ളാഹുവിനോടും പ്രവാചകനോടും എതിര് നിൽക്കുകയും മത്സരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് പറയുകയാണ്.അള്ളാഹുവും അവന്റെ ദൂതനും നിശ്ചയിച്ച നിയമ പരിധികൾ അതിലംഘിച്ച് അവരോട് മത്സരവും ശത്രുതയും നടത്തുന്ന ഇക്കൂട്ടർക്കുള്ള ശക്തമായ താക്കീതാണീ സൂക്തം.അള്ളാഹുവിന്റെ നിയമങ്ങളെ വെല്ലുവിളിക്കുന്നവർ നിന്ദിക്കപ്പെടുമെന്നാണ് അള്ളാഹു പറയുന്നത്.അള്ളാഹു നിയോഗിച്ച പ്രവാചകനമാരെ ധിക്കരിക്കുക വഴി മുമ്പും പല വമ്പന്മാരും വഷളായിട്ടുണ്ട് എന്ന ചരിത്ര സത്യം ചൂണ്ടിക്കാട്ടിയാണ് അള്ളാഹു ഇത് പറയുന്നതെന്നത് ചിന്തിക്കുന്നവർക്ക് മറ്റൊരു തെളിവ് വേണ്ടാത്ത വിധം ഉൾക്കൊള്ളാനാവും.ബദ് റിലും മറ്റും മക്ക മുശ് രിക്കുകൾ ഇത് അനുഭവിച്ചിട്ടുണ്ട് . كُبِتُوا എന്നതിനു ശപിക്കപ്പെട്ടു , നശിപ്പിക്കപ്പെട്ടു, ശിക്ഷിക്കപ്പെട്ടു എന്നും അർത്ഥമുണ്ട്(ഖുർത്വുബി)


വ്യക്തമായ പല ലക്ഷ്യങ്ങളും നാം അവതരിപ്പിക്കുക തന്നെ ചെയ്തിരിക്കുന്നു എന്ന് പറഞ്ഞത് മുമ്പ് പ്രവാചകരോട് മത്സരിച്ചവർക്കുണ്ടായ ദുരവസ്ഥ വിശദീകരിച്ചിരിക്കുന്നു എന്നത് ഉൾക്കൊള്ളുന്നുണ്ട്.ഭൂമിയിലെ തിരിച്ചടി കൊണ്ട് മാത്രം ഈ ധിക്കാരികളുടെ ദുരവസ്ഥ അവസാനിക്കുന്നില്ലെന്നും പരലോകത്തും ഇവരെ കാത്തിരിക്കുന്നത് നിന്ദ്യമായ ശിക്ഷയാണെന്നും ഉണർത്താനാണ് സത്യ നിഷേധികൾക്ക് നിന്ദ്യമായ ശിക്ഷയുണ്ട് എന്ന് ഉണർത്തിയിരിക്കുന്നത്


6)

يَوْمَ يَبْعَثُهُمُ اللَّهُ جَمِيعًا فَيُنَبِّئُهُم بِمَا عَمِلُوا أَحْصَاهُ اللَّهُ وَنَسُوهُ وَاللَّهُ عَلَى كُلِّ شَيْءٍ شَهِيدٌ


അവരെയെല്ലാം അള്ളാഹു എഴുന്നേൽ‌പ്പിക്കുന്ന ദിവസം. അപ്പോൾ അവർ പ്രവൃത്തിച്ചിരുന്നതിനെപ്പറ്റി അവരെ അവൻ വിവരമറിയിക്കും അള്ളാഹു അത് കണക്കാക്കി വെക്കുകയും അവരത് മറക്കുകയും ചെയ്തിരിക്കുന്നു അള്ളാഹു എല്ലാ കാര്യത്തിന്റെ മേലിലും സാക്ഷിയാണ്


അവർക്ക് നിന്ദ്യമായ ശിക്ഷ ലഭിക്കുന്ന ദിനം ഉയിർത്തെഴുന്നേൽ‌പ്പിക്കുന്ന ദിനമാനെന്നാണിവിടെ ഉണർത്തുന്നത്.അവർ ഭൂമിയിൽ വെച്ച് നടത്തിയ എല്ലാ ധിക്കാര നടപടികളുടെയും കുറ്റപത്രം അവർക്ക് മുന്നിൽ വിശദീകരിക്കപ്പെടുമെന്നാണ് അപ്പോൾ അവർ പ്രവൃത്തിച്ചിരുന്നതിനെപ്പറ്റിഅവരെ അവൻ വിവരമറിയിക്കും എന്ന് പറഞ്ഞതിന്റെ താല്പര്യം.ഓരോരുത്തരുടെയും പ്രവൃത്തികൾ അവരവരുടെ രേഖയിൽ എഴുതിവെക്കാനായി അള്ളാഹു മലക്കുകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും അള്ളാഹു ഉണർത്തിയിട്ടുണ്ട്. ഓരോരുത്തരുടെയും ജീവിതം അവർക്ക് മുന്നിൽ തുറന്ന് വെച്ച് നിന്റെ ജീവ ചരിത്രം നീ തന്നെ വായിക്കുക എന്ന് അള്ളാഹു പറയുന്ന പുനരുന്ഥാന ദിനത്തെ വിശദമായി ഖുർ ആൻ വിശദീകരിച്ചിട്ടുണ്ട് അള്ളാഹു എല്ലാ കാര്യത്തിന്റെ മേലിലും ശാക്ഷിയാണ് എന്ന് പറഞ്ഞത് നമ്മുടെ ഒരു ചലനവും അള്ളാഹുവിനു അവ്യക്തമല്ലെന്നാണ്.സ്വകാര്യ നിമിഷങ്ങളിൽ നാഥനെ വിസ്മരിക്കുന്നവർ ഈ വാക്ക്യമൊന്നു ഓർക്കേണ്ടത് തന്നെ!

7)

أَلَمْ تَرَ أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ مَا يَكُونُ مِن نَّجْوَى ثَلَاثَةٍ إِلَّا هُوَ رَابِعُهُمْ وَلَا خَمْسَةٍ إِلَّا هُوَ سَادِسُهُمْ وَلَا أَدْنَى مِن ذَلِكَ وَلَا أَكْثَرَ إِلَّا هُوَ مَعَهُمْ أَيْنَ مَا كَانُوا ثُمَّ يُنَبِّئُهُم بِمَا عَمِلُوا يَوْمَ الْقِيَامَةِ إِنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ 



ആകാശ ഭൂമികളിലുള്ളതെല്ലാം അള്ളാഹു അറിയുമെന്ന് അങ്ങേക്ക് അറിയില്ലേ?മൂന്നാളുകൾ കൂടി ഗൂഢസംഭാഷണം നടത്തുമ്പോൾ അവൻ അവരിൽ നാലാമനായിട്ടില്ലാതിരിക്കില്ല അഞ്ചാളുകൾ ഗൂഢസംഭാഷണം നടത്തുമ്പോൾ അവൻ അവരിൽ ആറാമനായിട്ടല്ലാതെയും ഉണ്ടാവുകയില്ല അതിലും താഴെയുള്ളതാവട്ടെ കൂടിയതാവട്ടെ (അവർ എവിടെയായിരുന്നാലും ശരി )അവരൊന്നിച്ച് അവനുണ്ടായിട്ടല്ലാതെ അത് സംഭവിക്കുകയില്ല അനന്തരം അവർ പ്രവർത്തിച്ചതിനെ പറ്റി ഖിയാമത്ത് നാളിൽ അവൻ അവരെ വിവരം അറിയിക്കും അള്ളാഹു എല്ലാ കാര്യത്തെക്കുറിച്ചും നല്ലവണ്ണം അറിയുന്നവൻ തന്നെയാകുന്നു


അള്ളാഹു എല്ലാ കാര്യത്തിന്റെ മേലിലും സാക്ഷിയാണെന്ന് മുൻ സൂക്തത്തിൽ പറഞ്ഞല്ലോ .എവിടെ വെച്ചും എത്ര രഹസ്യമായും നടത്തുന്ന കാര്യങ്ങളെല്ലാം അള്ളാഹു അറിയുമെന്നും എന്നിട്ട് അതെക്കുറിച്ച് അന്ത്യനാളിൽ അവരെ ബോദ്ധ്യപ്പെടുത്തുമെന്നുമാണ് ഇവിടെ പറയുന്നത് .അള്ളാഹു അവരോടൊപ്പമുണ്ടാവുമെന്ന് പറഞ്ഞതിന്റെ താല്പര്യം അള്ളാഹുവിന്റെ അറിവ് അവരെ പരിപൂർണ്ണമായും വലയം ചെയ്തിട്ടുണ്ട് എന്നാണ്.കാരണം അള്ളാഹു സ്ഥലത്തിലേക്ക് ചേർത്തിപ്പറയപ്പെടുന്നതിനെ തൊട്ട് പരിശുദ്ധനാണെന്ന് നാം ഇവിടെ മനസ്സിലാക്കണം

ഇവിടെ അവരോടൊപ്പം അള്ളാഹു ഉണ്ടെന്ന് പറഞ്ഞത് അവന്റെ അറിവ് കൊണ്ടുള്ള ഒപ്പമാണുദ്ദേശ്യമെന്നതിൽ അഭിപ്രായ വ്യത്യാസമേഇല്ല എന്ന് അഥവാ ഇജ്മാഅ് ഉണ്ടെന്ന് പലരും ഉദ്ധരിച്ചിട്ടുണ്ട് അറിവ് മാത്രമല്ല അള്ളാഹുവിന്റെ കേൾവിയും കാഴ്ചയുമെല്ലാം അവരെ വലയം ചെയ്തിട്ടുണ്ടാവും ഈ സൂക്തത്തിന്റെ തുടക്കത്തിലും ഒടുക്കത്തിലും അള്ളാഹുവിന്റെ അറിവിനെ പരാമർശിച്ചത് ശ്രദ്ധേയം തന്നെ(ഇബ്നു കസീർ)

8)

أَلَمْ تَرَ إِلَى الَّذِينَ نُهُوا عَنِ النَّجْوَى ثُمَّ يَعُودُونَ لِمَا نُهُوا عَنْهُ وَيَتَنَاجَوْنَ بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَإِذَا جَاؤُوكَ حَيَّوْكَ بِمَا لَمْ يُحَيِّكَ بِهِ اللَّهُ وَيَقُولُونَ فِي أَنفُسِهِمْ لَوْلَا يُعَذِّبُنَا اللَّهُ بِمَا نَقُولُ حَسْبُهُمْ جَهَنَّمُ يَصْلَوْنَهَا فَبِئْسَ الْمَصِيرُ


ഒരു കൂട്ടരെ തങ്ങൾ കണ്ടിട്ടില്ലേ? ഗൂഢ സംഭാഷണത്തെക്കുറിച്ച് അവർ നിരോധിക്കപ്പെട്ടു നിരോധിക്കപ്പെട്ടതിലേക്ക് അവർ പിന്നെയും മടങ്ങുന്നു പാപവും അതിക്രമവും റസൂലിനോട് അനുസരണക്കേടും കൊണ്ട് അവർ പരസ്പരം ഗൂഢ സംഭാഷണം നടത്തുന്നു തങ്ങളുടെ അടുക്കൽ വന്നാൽ അള്ളാഹു തങ്ങളെ അഭിവാദ്യം ചെയ്തിട്ടില്ലാത്തത് കൊണ്ട് തങ്ങളെ അവർ അഭിവാദ്യം ചെയ്യുന്നു നാം ഈ പറയുന്നതിനു അള്ളാഹു നമ്മെ ശിക്ഷിക്കാത്തതെന്ത് കൊണ്ട് എന്ന് അവർ തമ്മതമ്മിൽ ചോദിക്കുകയാണ്! നരകം അവർക്ക് മതി.അതിൽ അവർ കടക്കും ആപര്യവസാന സ്ഥലം വളരെ ചീത്ത തന്നെ!

മദീനയിൽ താമസിച്ചിരുന്ന ജൂതന്മാർക്കിടയിൽ കൂടി മുസ്ലിംകൾ കടന്ന് പോകുമ്പോൾ ആ യഹൂദികൾ പരസ്പരം രഹസ്യമായി എന്തൊക്കെയോ സംസാരിക്കുകയും അവരുടെ കണ്ണുകൾ കൊണ്ട് മുസ് ലിംകൾക്ക് നേരെ ആംഗ്യം കാണിക്കുകയും ചെയ്യാറുണ്ടായിരുന്നു അറേബ്യയുടെ പല ഭാഗത്തും വെച്ച് പല അറബി ഗോത്രങ്ങളുമായി സമരങ്ങൾ നടക്കുന്ന കാലമായതിനാൽ തങ്ങളുടെ സഹോദരങ്ങൾക്ക് വല്ല വിപത്തും സംഭവിച്ച വിവരങ്ങൾ അറിഞ്ഞിട്ടാകുമോ ഇവർ രഹസ്യമായി സംസാ‍രിക്കുന്നതെന്ന് മുസ്ലിംകൾ സംശയിക്കുകയും അത് അവരെ ദു:ഖത്തിലാഴ്ത്തുകയും ചെയ്യും.ഇതിൽ കപടന്മാരും ജൂതർക്കൊപ്പം കൂടിയിരുന്നു .ഈ ദു:ഖ വിവരം നബി(സ)യെ വിശ്വാസികൾ അറിയിച്ചപ്പോൾ ജൂതരോട് മേലിൽ ഈ രഹസ്യ സംഭാഷണം നടത്തരുതെന്ന് വിലക്കി.എന്നിട്ടും ആ പ്രവൃത്തി അവർ തുടർന്നു .അപ്പോഴാണീ സൂക്തം അവതരിച്ചത് .അവർ സ്വന്തം പാപം ചെയ്യുന്നവ കൊണ്ടും മറ്റുള്ളവരോട് അക്രമം കാണിക്കാനാവശ്യമായകൊണ്ടും നബി(സ)യെ ധിക്കരിക്കുന്ന വിഷയങ്ങൾ കൊണ്ടുമാണവർ രഹസ്യ സംഭാഷണം നടത്തിയിരുന്നത് അതാവട്ടെ അവരോട് വിലക്കപ്പെട്ടതായിരുന്നു താനും!

ജൂതന്മാർ നബി(സ)യുടെ അടുക്കൽ വരുമ്പോൾ അവർ നബി(സ)ക്ക് സലാം പറയുന്നു എന്ന വ്യാജേന അഭിവാദ്യം ചെയ്തിരുന്നു അസ്സലാമു അലൈക്കും എന്ന ഇസ് ലാമിലെ അഭിവാദ്യ വാക്കാണ് പറയുന്നതെന്ന് തോന്നിപ്പിച്ചു കൊണ്ട് السام عليكمഅസ്സാമു അലൈക്കും (നിങ്ങൾക്ക് മരണം ) എന്നായിരുന്നു അവർ പറഞ്ഞിരുന്നത് ഇങ്ങനെ നബിക്കെതിരെ പറഞ്ഞിട്ടും എന്ത് കൊണ്ടാണ് അള്ളാഹു നമ്മെ ശിക്ഷിക്കാത്തതെന്ന് അവർ ഊറ്റം കൊള്ളുകയും ചെയ്തിരുന്നു അവരുടെ കുതന്ത്രങ്ങൾ അള്ളാഹു അറിഞ്ഞിട്ടുണ്ടെന്നും അതിനു നരകം എന്ന വളരെ മോശമായ സങ്കേതം തന്നെ അവരെ കാത്തിരിക്കുന്നുണ്ടെന്നുമാണ് അള്ളാഹു പറയുന്നത് ഇനി എന്ത് ശിക്ഷയാണ് അവർക്ക് വേണ്ടത്?


നബി(സ)യുടെ അടുത്ത് വന്ന് ജൂതന്മാർ അസ്സാമു അലൈക്കുമെന്ന് പറഞ്ഞ ഒരു സമയം ആഇശ:(റ) വ അലൈക്കുമുസ്സാം എന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു നബി(സ) ആഇശ ബീവിയെ സാന്ത്വനിപ്പിച്ചു കൊണ്ട് പറഞ്ഞു. മോശമായ പ്രയോഗമൊന്നും അള്ളാഹു ഇഷ്ടപ്പെടില്ല .അപ്പോൾ ആഇശ ബീവി(റ)ചോദിച്ചു അവർ പറഞ്ഞത് അങ്ങ് കേട്ടില്ലെ?നബി(സ) പറഞ്ഞു.ഞാൻ പറഞ്ഞ മറുപടി നീ കേട്ടില്ലേ ?


വ അലൈക്കും എന്നാണല്ലോ ഞാൻ പറഞ്ഞത് !അതായത് നിങ്ങൾക്ക് മരണമെന്ന് അവർ ഇങ്ങോട്ട് പറയുമ്പോൾ ഇങ്ങോട്ട് പറഞ്ഞത് തന്നെ നിങ്ങൾക്കും ഉണ്ടാവട്ടെ എന്നാണതിന്റെ അർത്ഥം .അത്തരക്കാർ സലാം പറയുമ്പോൾ വ അലൈക്കും എന്ന് മറുപടി പറയാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട് നമുക്കെതിരെയുള്ള അവരുടെ പ്രാർഥന സ്വീകരിക്കപ്പെടില്ലെന്നും അവിടുന്ന് പറഞ്ഞു(ഇബ്നു കസീർ)

9)

يَا أَيُّهَا الَّذِينَ آمَنُوا إِذَا تَنَاجَيْتُمْ فَلَا تَتَنَاجَوْا بِالْإِثْمِ وَالْعُدْوَانِ وَمَعْصِيَتِ الرَّسُولِ وَتَنَاجَوْا بِالْبِرِّ وَالتَّقْوَى وَاتَّقُوا اللَّهَ الَّذِي إِلَيْهِ تُحْشَرُونَ 



സത്യ വിശ്വാസികളേ നിങ്ങൾ പരസ്പരം രഹസ്യ സംഭാഷണം നടത്തുന്നതായാൽ കുറ്റകരവും അതിക്രമവും റസൂലിനോട് അനുസരണക്കേടും കൊണ്ട് നിങ്ങൾ രഹസ്യ സംഭാഷണം നടത്തരുത്.നന്മകൊണ്ടും ഭയഭക്തികൊണ്ടും നിങ്ങൾ രഹസ്യ സംഭാഷണം നടത്തുക.നിങ്ങൾ അള്ളാഹുവെ സൂക്ഷിക്കുക.അവങ്കലേക്കാണ് നിങ്ങളെ ഒരുമിച്ച് കൂട്ടപ്പെടുന്നത്



രഹസ്യ സംഭാഷണം പാടേ വിരോധമാണെന്നില്ല.നല്ല കാര്യത്തിനും ദൈവ ഭക്തിക്കനുഗുണമാവും വിധം ആവശ്യമെങ്കിൽ രഹസ്യ സംഭാഷണമാവാം അപ്പോഴും അള്ളാഹു നിരീക്ഷിക്കുന്നു എന്ന ബോധം നിങ്ങളെ നയിക്കണം ജൂതരും കപടന്മാരും നടത്തിയ പോലെ തെറ്റിനും ധിക്കാരത്തിനും രഹസ്യ സംഭാഷണമരുത് .ഒരു രഹസ്യ സംഭാഷണവും മറ്റൊരുത്തനെ വേദനിപ്പിക്കുന്നതാവരുത് .മൂന്നാളുണ്ടെങ്കിൽ രണ്ടാളുകൾ(മൂന്നാമനെ മാറ്റി നിർത്തി-അവന്റെ അനുവാദമില്ലാതെ) രഹസ്യം പറയരുത് അത് അവനെ വേദനിപ്പിക്കും എന്ന നബി വചനം ഇവിടെ പ്രസക്തമാണ്

10)

إِنَّمَا النَّجْوَى مِنَ الشَّيْطَانِ لِيَحْزُنَ الَّذِينَ آمَنُوا وَلَيْسَ بِضَارِّهِمْ شَيْئًا إِلَّا بِإِذْنِ اللَّهِ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ 



നിശ്ചയമായും ആ രഹസ്യ സംഭാഷണം പിശാചിൽ നിന്നുള്ളത് തന്നെയാണ് സത്യവിശ്വാസികളെ ദു:ഖിപ്പിക്കുവാൻ വേണ്ടിയാണത് അള്ളാഹുവിന്റെ വേണ്ടുക കൂടാതെ അത് അവർക്ക് ഒട്ടും ഉപദ്രവം ചെയ്യുന്നതല്ല സത്യ വിശ്വാസികൾ അള്ളാഹുവിങ്കലേക്ക് ഭരമേൽ‌പ്പിച്ചു കൊള്ളട്ടെ

ഇവരുടെ ഈ രഹസ്യ സംഭാഷണം പിശാചിന്റെ ദുർ ബോധനം നിമിത്തമാണെന്നും എന്നാൽ ആ സംഭാഷണം മുഖേന അള്ളാഹുവിന്റെ അനുവാദമില്ലാതെ ഒരു ഉപദ്രവവും നിങ്ങൾക്കെതിരെ കൊണ്ടു വരാൻ അവർക്കാവില്ലെന്നും അതിനാൽ അവരുടെ ദുഷ്പ്രവർത്തനത്തെ അവഗണിച്ച് നിങ്ങൾ അള്ളാഹുവിൽ ഭരമേൽ‌പ്പിക്കുക എന്നാണിവിടെ പറയുന്നത്

അള്ളാഹുവിനെ രഹസ്യത്തിലും പരസ്യത്തിലും സൂക്ഷിക്കാനും അവന്റെ പൊരുത്തം ലഭിക്കാനും അള്ളാഹു നമ്മെ അനുഗ്രഹിക്കട്ടെ ആമീൻ

(ഈ അദ്ധ്യായത്തിന്റെ ബാക്കി ഭാഗം അടുത്ത പോസ്റ്റില്‍ തുടരും)ഇൻശാ അള്ളാഹ്

2 comments:

വഴികാട്ടി / pathfinder said...

ഈ അദ്ധ്യായത്തിലെ എല്ലാ സൂക്തങ്ങളിലും അള്ളാഹു എന്ന പദം ഒന്നോ അതിലധികമോ പ്രാവശ്യം ആവർത്തിച്ചിട്ടുണ്ട്.
മുജാദില:എന്നാൽ തർക്കിക്കുന്നവൾ എന്നാണർത്ഥം


വിവാഹ മോചനത്തിനായി أنت علي كظهرأمي (എന്നെ സംബന്ധിച്ച് നീ എന്റെ മാതാവിന്റെ മുതുകു പോലെയാകുന്നു) എന്ന് ഭാര്യയോട് പറയൽ ജാഹിലിയ്യാകാലത്ത് അറബികൾക്കിടയിൽ നടപ്പുണ്ടായിരുന്നു. മാതാവുമായി ഭാര്യാഭര്‍തൃ ബന്ധം പാടില്ലാത്തത് പോലെ നാം തമ്മിലും പാടില്ല എന്ന് സാരം. ഇങ്ങനെ പറഞ്ഞുകഴിഞ്ഞാൽ വിവാഹ ബന്ധംവേർപെട്ടതായി കണക്കാക്കപ്പെട്ടിരുന്നു ഇതിനാണ് ളിഹാർ എന്ന് പറയുന്നത്

ബഷീർ said...

വ്യക്തമായ വിശദീകരണത്തിനു നന്ദി.. ഈ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ സാധിക്കട്ടെ ആമീന്‍