Friday, March 9, 2012

അദ്ധ്യായം 57-സൂറത്തുൽ ഹദീദ്-ഭാഗം-01


 
سورة الحديد

മദീനയിൽ അവതരിച്ചു  :സൂക്തങ്ങൾ 29


ഹദീദ്   : എന്നാൽ ഇരുമ്പ് എന്നാണ്.ഈ അദ്ധ്യായത്തിലെ ഇരുപത്തി അഞ്ചാം സൂക്തത്തിൽ ഇരുമ്പിനെ നാം പടച്ചു എന്ന് പറഞ്ഞതിൽ നിന്നാണ് ഈ നാമം ലഭിച്ചത്



بسم الله الرحمن الرحيم


പരമ കാരുണികനും കരുണാ വാരിധിയുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞു അനുഗ്രഹം തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു



سَبَّحَ لِلَّهِ مَا فِي السَّمَاوَاتِ وَالأَرْضِ وَهُوَ الْعَزِيزُ الْحَكِيمُ (1


ആകാശ ഭൂമികളിലുള്ളവയെല്ലാം ആള്ളാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു അവൻ പ്രതാപ ശാലിയും അഗാധജ്ഞനുമാണ്

വാക്ക് കൊണ്ടോ പ്രവർത്തികൊണ്ടോ ബുദ്ധിയുള്ള വസ്തുക്കളിൽ നിന്നോ അല്ലാത്തവയിൽ നിന്നോ ജീവികളിൽ നിന്നോ അല്ലാത്തവയിൽ നിന്നോ ഏത് തരത്തിലായാലും സൃഷ്ടാവിന്റെ മഹത്വം പ്രകീർത്തനം ചെയ്യുക എന്ന അർത്ഥത്തിലാണ് ആകാശ ഭൂമിയിലുള്ളവയെല്ലാം അള്ളാഹുവിന്റെ വിശുദ്ധിയെ വാഴ്ത്തുന്നു എന്ന് പറഞ്ഞത് എല്ലാ വസ്തുക്കളും അള്ളാഹുവിന്റെ വിശുദ്ധിയെ പ്രകീർത്തനം ചെയ്യുന്നുണ്ട് എല്ലാ ന്യൂനതയിൽ നിന്നും അള്ളാഹു പരിശുദ്ധനാണെന്ന പ്രഖ്യാപനമാണ് പരിശുദ്ധിയെ വാഴ്ത്തുക എന്നതിന്റെ സാരം.അള്ളാഹു സ്ഥലത്തിലേക്ക് ആവശ്യമുണ്ടെന്ന് പറയുന്നതും അവനു പങ്കാളികളുണ്ടെന്ന് പറയുന്നതുമെല്ലാം ന്യൂനതകളാണ് അതിൽ നിന്നെല്ലാം അള്ളാഹു പരിശുദ്ധനാണെന്ന് പ്രഖ്യാപിക്കലാണ് തസ്ബീഹ്,

ഖുർആൻ ചിലയിടത്ത്
سَبَّحَ سَبَّحَ

എന്ന് ഭൂതകാല ക്രിയയും ചിലയിടത്ത്

يسبح

എന്ന് ഭാവികാല ക്രിയയുംപ്രയോഗിച്ചിട്ടുണ്ട്.എല്ലാ കാലത്തും അവന്റെ പരിശുദ്ധി വാഴ്ത്തിക്കൊണ്ടേയിരിക്കുന്നു എന്ന് അറിയിക്കുന്നതാണീ പ്രയോഗങ്ങൾ

لَهُ مُلْكُ السَّمَاوَاتِ وَالأَرْضِ يُحْيِي وَيُمِيتُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ(2

ആകാശ ഭൂമികളുടെയെല്ലാം ആധിപത്യം അവന്നാകുന്നു അവൻ ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നു അവൻ എല്ലാ കാര്യത്തിനും കഴിവുള്ളവനാകുന്നു

സത്തയിലും വിശേഷണങ്ങളിലുമെല്ലാം സ്വയം പര്യാപ്തനും മറ്റുള്ളവരെല്ലാം അവനിലേക്ക് ആശ്രയിക്കുകയും ചെയ്യുന്നവനാണ് അള്ളാഹു.അത് കൊണ്ട് തന്നെ എല്ലാം അവന്റെ അധികാരത്തിലാണ് .ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്നതും അവൻ തന്നെ അവൻ ഉദ്ദേശിക്കുന്നതെന്തും നടപ്പാക്കാൻ അള്ളാഹു കഴിവുള്ളവനാകുന്നു

هُوَ الأَوَّلُ وَالآخِرُ وَالظَّاهِرُ وَالْبَاطِنُ وَهُوَ بِكُلِّ شَيْءٍ عَلِيمٌ (3

അവൻ ആദ്യനും അന്ത്യനും പ്രത്യക്ഷനും പരോക്ഷനുമായുള്ളവനാകുന്നു അവൻ എല്ലാ കാര്യത്തെക്കുറിച്ചും ഏറ്റവും അറിയുന്നവനുമാണ്


അള്ളാഹു ആദ്യനാണ് എന്ന് പറഞ്ഞതിനർത്ഥം അവന്റെ മുമ്പ് ഒന്നുമില്ലെന്നും അവന്ന് ഒരു ഇല്ലായ്മ ഉണ്ടായിട്ടില്ലെന്നുമാണ്

അവൻ അന്ത്യനാണെന്നതിന്റെ സാരം എല്ലാം നശിച്ചാലും അവനു നാശം വരാതെ ശേഷിക്കുന്നതാണ് എന്നാകുന്നു

അവൻ പ്രത്യക്ഷനാണെന്നതിന്റെ സാരം പ്രപഞ്ചമഖിലവും അവൻ ഉള്ളവനാണെന്നതിന്റെ സ്പഷ്ടമായ തെളിവാകുന്നു എന്നാണ്

അവൻ പരോക്ഷനാണെന്നതിന്റെ സാരം ഇവിടെ വെച്ച് നമ്മുടെ ദൃഷ്ടി കൊണ്ട് അവൻ കാണപ്പെടാത്തവനാണെന്നാണ്

هُوَ الَّذِي خَلَقَ السَّمَاوَاتِ وَالأَرْضَ فِي سِتَّةِ أَيَّامٍ ثُمَّ اسْتَوَى عَلَى الْعَرْشِ يَعْلَمُ مَا يَلِجُ فِي الأَرْضِ وَمَا يَخْرُجُ مِنْهَا وَمَا يَنزِلُ مِنَ السَّمَاء وَمَا يَعْرُجُ فِيهَا وَهُوَ مَعَكُمْ أَيْنَ مَا كُنتُمْ وَاللَّهُ بِمَا تَعْمَلُونَ بَصِيرٌ(4


അവൻ ആകാശ ഭൂമികളെ ആറു ദിവസങ്ങളിലായി സൃഷ്ടിച്ചവനാണ് എന്നിട്ട് അവൻ അർശിന്റെ മേൽ ആധിപത്യം നടത്തി ഭൂമിയിൽ കടക്കുന്നതും അതിൽ നിന്ന് പുറത്ത് വരുന്നതും ആകാശത്തിൽ നിന്ന് ഇറങ്ങുന്നതും അങ്ങോട്ട് കയറിപ്പോകുന്നതും അവൻ അറിയുന്നുണ്ട് നിങ്ങൾ എവിടെയാണെങ്കിലും അവൻ (അറിവ് കൊണ്ട്)നിങ്ങളൊന്നിച്ചുണ്ട് നിങ്ങൾ പ്രവർത്തിക്കുന്നതിനെപ്പറ്റി അള്ളാഹു കണ്ടറിയുന്നവനാകുന്നു

ആറ് നാളുകൾ എന്നതിന്റെ വിവക്ഷ ആറു നാളുകൾകൂടിയ സമയമെന്നാണ്.നമുക്ക് സുപരിചിതമായ ആറു ദിവസം എന്നാണ് ഉദ്ദേശ്യം എന്നാണ് ഭൂരിപക്ഷാഭിപ്രായം,.ഇമാം ഖുർതുബി(റ)എഴുതുന്നു.അള്ളാഹുവിനു വേണമെങ്കിൽ ഒരു സെക്കന്റ് കൊണ്ട് തന്നെ ഇവ പടക്കാമായിരുന്നു എന്നാൽ കാര്യങ്ങൾ അവധാനതയോടെ ചെയ്യണമെന്ന് മനുഷ്യരെ പഠിപ്പിക്കുകയാണുദ്ദേശ്യം.ഓരോദിവസത്തിനും ആയിരം കൊല്ലത്തെ ധൈർഘ്യമുള്ള ദിവസങ്ങളാണുദ്ദേശ്യമെന്നും ഒരു അഭിപ്രായമുണ്ട്.

അർശ് എന്നാൽ ഭാഷയിൽ സിംഹാസനമെന്നാണർത്ഥം.എല്ലാ ആകാശങ്ങളെയും വലയം ചെയ്തിരിക്കുന്ന അതി ഗംഭീരമായ ഒരു വസ്തുവാണത് അതിനെ അള്ളാഹു തന്റെ പൂർണ്ണ നിയന്ത്രണത്തിൽ ഒതുക്കിയിരിക്കുന്നുവെന്നാണിവിടെ ആധിപത്യം നടത്തി എന്ന് പറഞ്ഞത്

അള്ളാഹുവിന്റെ അപാരമായ കഴിവിനെയും നിസ്തുല്യമായ മഹത്വത്തെയും പ്രകടമാക്കാനാണിത് പറഞ്ഞത്

ആകാശ ഭൂമിയെ പടച്ചതും അർശിൽ ആധിപത്യം നടത്തിയതും അവന്റെ ശക്തിയുടെ തെളിവായത് പോലെ ഭൂമിയിൽ കടക്കുന്നതും അതിൽ നിന്ന് പുറത്ത് വരുന്നതും ആകാശത്തിൽ നിന്ന് ഇറങ്ങുന്നതും അങ്ങോട്ട് കയറിപ്പോകുന്നതും അവൻ അറിയുന്നുണ്ട് എന്നത് അവന്റെ അറിവിന്റെ പൂർണ്ണത തെളിയിക്കുന്നു

നിക്ഷേപങ്ങൾ,മരിച്ചു മറമാടപ്പെട്ടവർ,ദ്രവിച്ചു പോയവ,വറ്റിപ്പോയ ജലാംശങ്ങൾ,എന്നിങ്ങനെയുള്ളവയാണ് ഭൂമിയിൽ കടക്കുന്നവ കൊണ്ട് ഉദേശ്യം.

സസ്യങ്ങൾ ജീവികൾ ഉറവുകൾ തുടങ്ങി ഭൂമിക്കുള്ളിൽ നിന്ന് പുറത്ത് വരുന്നവയാണ് ഭൂമിയിൽ നിന്ന് പുറത്ത് വരുന്നവ കൊണ്ട് വിവക്ഷ.

മഴ മഞ്ഞ് കാറ്റ് ഇടി മലക്കുകൾ ദൈവ കല്പനകൾ എന്നിവയൊക്കെ ആകാശത്ത് നിന്ന് ഇറങ്ങുന്നവയിൽ പെടുന്നുമനുഷ്യ കർമ്മങ്ങൾ,ആത്മാക്കൾ ആവി.വാതകംതുടങ്ങിയതൊക്കെ ആകാശത്തേക്ക് കയറിപ്പോകുന്നവയിൽ പെടുന്നു

നിങ്ങൾ എവിടെയാണെങ്കിലും അവൻ നിങ്ങളൊന്നിച്ചുണ്ട്

എന്നതിന്റെ ആശയം അള്ളാഹു നാം എവിടെയാണെങ്കിലും നമ്മെ അറിയുന്നുണ്ടെന്നും നമ്മെ അവനാണ് സംരക്ഷിക്കുന്നത് എന്നുമാണ്.അല്ലാതെ സ്ഥലം കൊണ്ടും ഭാഗം കൊണ്ടും നമ്മോടൊപ്പമാണ് എന്നല്ല.കാരണം അള്ളാഹു സ്ഥലത്തിലേക്ക് ആവശ്യമാകുന്നവനേ അല്ല

لَهُ مُلْكُ السَّمَاوَاتِ وَالأَرْضِ وَإِلَى اللَّهِ تُرْجَعُ الأُمُورُ(5

ആകാശഭൂമികളുടെ ആധിപത്യം അവന്നാകുന്നു അള്ളാഹുവിലേക്ക് തന്നെയാണ് കാര്യങ്ങൾ മടക്കപ്പെടുന്നതും


ആകാശ ഭൂമികളുടെ ആധിപത്യമുള്ള അള്ളാഹുവിലേക്ക് കാര്യങ്ങൾ മടക്കപ്പെടുമെന്നത് പുനർജന്മം സ്ഥിരീകരിക്കുന്നുണ്ട്


يُولِجُ اللَّيْلَ فِي النَّهَارِ وَيُولِجُ النَّهَارَ فِي اللَّيْلِ وَهُوَ عَلِيمٌ بِذَاتِ الصُّدُورِ (6


അവൻ രാത്രിയെ പകലിൽ കടത്തുന്നു പകലിനെ രാത്രിയിലും കടത്തുന്നു ഹൃദയങ്ങളിലുള്ളതിനെപ്പറ്റി അവൻ നല്ലവണ്ണം അറിയുന്നവനുമാകുന്നു

രാപ്പകൽ മാറി വരുന്ന പ്രതിഭാസമാ‍ണല്ലോ ഈ മാറ്റം ഉണ്ടാക്കുന്നവൻ അള്ളാഹുവാണെന്നും നിങ്ങളുടെ മനസ്സിലുള്ളത് അവൻ നന്നായി അറിയുന്നു എന്നും പലയിടത്തും ഖുർ ആൻ ഉണർത്തിയത് ഇക്കാര്യം നാം കൂടുതൽ ചിന്തിക്കാനാണ്



آمِنُوا بِاللَّهِ وَرَسُولِهِ وَأَنفِقُوا مِمَّا جَعَلَكُم مُّسْتَخْلَفِينَ فِيهِ فَالَّذِينَ آمَنُوا مِنكُمْ وَأَنفَقُوا لَهُمْ أَجْرٌ كَبِيرٌ (7


(ജനങ്ങളേ) നിങ്ങൾ അള്ളാഹുവിലും അവന്റെ റസൂലിലും വിശ്വസിക്കുകയും അവൻ ഏതൊന്നിൽ നിങ്ങളെ പ്രാതിനിധ്യം നൽകപ്പെട്ടവരാക്കിയിരുന്നുവോ അതിൽ നിന്ന് ചിലവഴിക്കുകയും ചെയ്യുക എന്നാൽ നിങ്ങളിൽ നിന്ന് ആര് വിശ്വസിക്കുകയും ചിലവഴിക്കുകയും ചെയ്തിട്ടുണ്ടോ അവർക്ക് വലിയ പ്രതിഫലമുണ്ട്

അള്ളാഹുവിന്റെ ഏകത്വവും അവന്റെ അപാരമായ ശക്തിയും അറിവും ഉണർത്തിയതിനു ശേഷം നമ്മോടുള്ള കല്പനകൾ അള്ളാഹു പ്രഖ്യാപിക്കുകയാണ് .ആദ്യമായി അള്ളാഹുവിനെയും റസൂലിനെയും വിശ്വസിക്കണം എന്നാണ് കല്പിക്കുന്നത്

രണ്ടാ‍മതായി ധനം ചിലവഴിക്കണം എന്ന് കൽ‌പ്പിക്കുന്നു .ആ ധനം നാഥൻ നമ്മെ ഏൽ‌പ്പിച്ചതാണ് അതിൽ നമ്മുടെ കൈകാര്യം എങ്ങനെ എന്ന് അവൻ നിരീക്ഷിക്കുകയും ചെയ്യും ഈ വിശ്വാസവും ചിലവഴിക്കലും നിർവഹിക്കുന്നവർക്ക് വലിയ പ്രതിഫലമുണ്ടെന്നാണ് അള്ളാഹു തുടർന്ന് പറഞ്ഞത്



وَمَا لَكُمْ لا تُؤْمِنُونَ بِاللَّهِ وَالرَّسُولُ يَدْعُوكُمْ لِتُؤْمِنُوا بِرَبِّكُمْ وَقَدْ أَخَذَ مِيثَاقَكُمْ إِن كُنتُم مُّؤْمِنِينَ (8

നിങ്ങൾക്ക് എന്ത് പറ്റി?നിങ്ങൾ അള്ളാഹുവിൽ വിശ്വസിക്കുന്നില്ല?റസൂലാകട്ടെ നാഥനിൽ വിശ്വസിക്കാനായി നിങ്ങളെ ക്ഷണിച്ചു കൊണ്ടിരിക്കുന്നു അള്ളാഹു നിങ്ങളുടെ കരാർ വാങ്ങിയിട്ടുണ്ട് നിങ്ങൾ സത്യ വിശ്വാസികളാണെങ്കിൽ!


നിങ്ങൾക്ക് സത്യവിശ്വാസം സ്വീകരിക്കുന്നതിനു എന്ത് തടസ്സമാണുള്ളത് എന്നാണ് അള്ളാഹു താക്കിതിന്റെ സ്വരത്തിൽ ചോദിക്കുന്നത് അള്ളാഹുവിൽ വിശ്വസിക്കാൻ റസൂൽ(സ) ജനങ്ങളെ ക്ഷണിക്കുന്നുണ്ട് അത്മീയ ലോകത്ത് വെച്ച് അള്ളാഹു എല്ലാവരോടും കരാർ വാങ്ങുകയും

ചെയ്തിരിക്കുന്നു(എന്നിട്ടുമെന്തേ നിങ്ങൾക്ക് വിശ്വസിക്കാൻ തടസ്സമെന്ന ചോദ്യം വലിയ ഗൌരവമുള്ള ചോദ്യം തന്നെ!



هُوَ الَّذِي يُنَزِّلُ عَلَى عَبْدِهِ آيَاتٍ بَيِّنَاتٍ لِيُخْرِجَكُم مِّنَ الظُّلُمَاتِ إِلَى النُّورِ وَإِنَّ اللَّهَ بِكُمْ لَرَؤُوفٌ رَّحِيمٌ(9

അവൻ തന്റെ അടിമയുടെ മേൽ വ്യക്തമായ പല ദൃഷ്ടാന്തങ്ങളും ഇറക്കിക്കൊടുക്കുന്നവനാണ് ആ അടിമ നിങ്ങളെ ഇരുട്ടുകളിൽ നിന്ന് പ്രകാശത്തിലേക്ക് കൊണ്ടു വരാൻ വേണ്ടി.നിശ്ചയമായും അള്ളാഹു നിങ്ങളെപ്പറ്റി വളരെ കൃപയുള്ളവനും കരുണയുള്ളവനും തന്നെയാകുന്നു


വിശുദ്ധ ഖുർ ആനും പ്രവാചക നിയോഗവും പ്രവാചകന്റെ അമാനിഷിക സിദ്ധികളുമാണ്ഇവിടെ ഉദ്ദേശ്യം അവിശ്വാസത്തിന്റെ ഇരുട്ടിൽ നിന്ന് വിശ്വാസത്തിന്റെ പ്രകാശത്തിലേക്ക് കൊണ്ടു വരാനാണിത് .അള്ളാഹുവിനു അടിമകളോടുള്ള കരുണയും ക്ര്‌പയും കൊണ്ടാണ് അള്ളാഹു ഇത്രയും വ്യക്തമായി തെളിവുകൾ നൽകിയത്



وَمَا لَكُمْ أَلاَّ تُنفِقُوا فِي سَبِيلِ اللَّهِ وَلِلَّهِ مِيرَاثُ السَّمَاوَاتِ وَالأَرْضِ لا يَسْتَوِي مِنكُم مَّنْ أَنفَقَ مِن قَبْلِ الْفَتْحِ وَقَاتَلَ أُوْلَئِكَ أَعْظَمُ دَرَجَةً مِّنَ الَّذِينَ أَنفَقُوا مِن بَعْدُ وَقَاتَلُوا وَكُلا وَعَدَ اللَّهُ الْحُسْنَى وَاللَّهُ بِمَا تَعْمَلُونَ خَبِيرٌ (10

അള്ളാഹുവിന്റെ മാർഗത്തിൽ ചിലവഴിക്കാതിരിക്കുന്നതിനു എന്ത് ന്യായമാണ് നിങ്ങൾക്കുള്ളത്?ആകാശ ഭൂമികളുടെ അനന്തരവകാശം അള്ളാഹുവിന്നുള്ളതാണല്ലോ?(എന്നിട്ടും) നിങ്ങളിൽ നിന്ന് മക്കാ വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവർ (അങ്ങനെ അല്ലാത്തവരോട്) സമമാവുകയില്ല അവർ അതിനു ശേഷം ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവരേക്കാൾ മികച്ച പദവിയുള്ളവരാകുന്നു എല്ലാവർക്കും അള്ളാഹു ഏറ്റവും നല്ല പ്രതിഫലം വഗ്ദാനം ചെയ്തിട്ടുണ്ട് നിങ്ങൾ പ്രവർത്തിക്കുന്നതിനെ പറ്റി അള്ളാഹു സൂക്ഷ്മമായി അറിയുന്നവനാകുന്നു

ആദ്യം വിശ്വസിക്കാനും ചിലവഴിക്കാനും കൽ‌പ്പിച്ച ശേഷം വിശ്വാസത്തിന്റെ കല്പനയെ മുൻ സൂക്തത്തിൽ അള്ളാഹു ശക്തിപ്പെടുത്തി വിശ്വസിക്കാതിരിക്കാൻ എന്ത് ന്യായമാണുള്ളതെ ചോദ്യത്തിലൂടെ.

ഈ സൂക്തത്തിൽ ചിലവഴിക്കാനുള്ള കല്പനയെ ശക്തിപ്പെടുത്തുകയാണ് ചിലവഴിക്കാതിരിക്കാൻ എന്ത് ന്യായമാണ് നിങ്ങൾക്കുള്ളത് നിങ്ങളുടെ കയ്യിലുള്ള ധനം അടക്കം എല്ലാം അള്ളാഹുവിനുള്ളതാണ് അതിൽ നിന്ന് തൽക്കാലം നിങ്ങളുടെ കയ്യിൽ അവൻ നൽകിയത് അവന്റെ മാർഗത്തിൽ ചിലവഴിക്കാതിരിക്കാൻ നിങ്ങൾക്ക് ഒരു ന്യായവുമില്ല എന്ന് ശക്തമായി ഉണർത്തുകയാണ്

ഇമാം റാസി(റ)എഴുതുന്നു.നമ്മുടെ കയ്യിലുള്ള ധനം നമ്മുടെ കയ്യിൽ നിന്ന് പുറത്ത് പോകൽ അനിവാര്യമാണ് ഒന്നുകിൽ നാം നല്ല വഴിക്ക് ചിലവഴിച്ച് കൊണ്ട്.അല്ലെങ്കിൽ നമ്മുടെ മരണം മുഖേന നമ്മുടെ അനന്തരാവകാശികളിലേക്ക് കൈമാറ്റം ചെയ്യപ്പെട്ടു കൊണ്ട്.നാം അള്ളാഹുവിന്റെ മാർഗത്തിൽ ചിലവഴിച്ചാൽ അള്ളാഹുവിന്റെ അടുത്ത് നാം പ്രശംസാർഹരാവും.അതേ സമയം നാഥന്റെ ബാദ്ധ്യത നിറവേറ്റാതെ നാം കൂട്ടിവെക്കുന്ന ധനത്തിന്റെ പേരിൽ നാം ആക്ഷേപാർഹരുമാവും അപ്പോൾ ബുദ്ധിയുള്ള മനുഷ്യൻ തന്റെ കയ്യിൽ നിന്ന് കൈമാറ്റം ചെയ്യപ്പെടുന്ന രീതി പ്രശംസാർഹമാവാനല്ലേ ശ്രമിക്കേണ്ടത് എന്നാണിതിന്റെ സാരം

തുടർന്ന് മക്കാ‍ വിജയത്തിനു മുമ്പ് ചിലവഴിക്കുകയും യുദ്ധം ചെയ്യുകയും ചെയ്തവർ മക്കാ വിജയത്തിനു ശേഷം ചിലവഴിച്ചവരേക്കാൾ ശ്രേഷ്ഠരാണെന്ന് ഉണർത്തുന്നു

കാലത്ത് ചിലവഴിച്ച അബൂബക്കർ (റ)നെ പോലുള്ളവരുടെ ശ്രേഷ്ടത ഈ സൂക്തം വ്യക്തമാക്കുന്നു യുദ്ധം ചെയ്ത അലി(റ)നെ പോലുള്ളവരുടെ ശ്രേഷ്ടതയും ഈ സൂക്തം വ്യക്തമാക്കുന്നു ഇസ് ലാമിലേക്ക് നേരത്തേ കടന്നു വന്നവർക്ക് പിൽക്കാലത്തുള്ളവരേക്കാൾ ലഭിക്കുന്ന മഹത്വവും ഈ സൂക്തം അറിയിക്കുന്നു ശത്രുക്കൾക്ക് ശക്തി കൂടുകയും മുസ് ലിംകൾക്ക് ബലഹീനതയും ഉണ്ടായിരുന്ന കാലമാണ് മക്കാ വിജയത്തിനു മുമ്പുള്ള കാലഘട്ടം.അന്നാണ് ഏറ്റവും കൂടുതൽ സഹായം ആവശ്യമുണ്ടായിരുന്നത് അതിനാൽ അന്നത്തെ സഹായത്തിനു മഹത്വം കൂടുതലുണ്ട് എന്റെ സഹാബികളെ നിങ്ങൾ ചീത്ത പറയരുത് നിങ്ങളിലൊരാൾ ഉഹ് ദ് മലയോളം സ്വർണ്ണം ധർമ്മം ചെയ്താലും എന്റെ ഒരു സഹാബിയുടെ ഒരു മുദ്ദി(600ഗ്രാം)നോളമോ അതിന്റെ പകുതിയോളമോ അത് വരില്ല എന്ന ഹദീസ് സ്മര്യമാണ്(റാസി)

മക്കാ വിജയത്തിനു മുമ്പൊ ശേഷമോ ഉള്ള എല്ലാവർക്കും അള്ളാഹു നല്ല പ്രതിഫലം അഥവാ സ്വർഗം വാഗ്ദാനം ചെയ്തിരിക്കുന്നു സ്ഥാന വ്യത്യാസങ്ങളുണ്ടെങ്കിലും എന്നാണിവിടെ ഉണർത്തുന്നത്

അള്ളാഹു നിങ്ങളുടെ പ്രവർത്തനങ്ങളെ സൂക്ഷ്മമായി അറിയുന്നു എന്ന പ്രയോഗം നാം ചെയ്യുന്ന ഒരു പ്രവർത്തനവും വിസ്മ്ര്‌തിയിലാവുകയില്ലെന്നും നമ്മുടെ നിയ്യത്തിനനുസരിച്ച് പ്രതിഫലം ലഭിക്കുമെന്നും അറിയിക്കുന്നുണ്ട്
مَن ذَا الَّذِي يُقْرِضُ اللَّهَ قَرْضًا حَسَنًا فَيُضَاعِفَهُ لَهُ وَلَهُ أَجْرٌ كَرِيمٌ (11

അള്ളാഹുവിനു നല്ല കടം നൽകുന്നവൻ ആരാണ്?എന്നാൽ അവന്ന് അത് അള്ളാഹു ഇരട്ടിപ്പിച്ച് കൊടുക്കുന്നതാണ് മാന്യമായ പ്രതിഫലവും അവന്നുണ്ടായിരിക്കും

അള്ളാ‍ഹുവിന്റെ മാർഗത്തിൽ ചിലവഴിക്കുന്നതിനെയാണിവിടെ നല്ല കടം എന്നത് കൊണ്ട് ഉദ്ദേശ്യം.കടം നൽകിയാൽ പകരം നൽകുന്നത് പോലെ ധർമ്മം ചെയ്യുന്നവർക്ക് അള്ളാഹു മഹത്തായ പ്രതിഫലം പകരം നൽകുമെന്ന നിലക്ക്

ഇതിനെ കടത്തോട് സാമ്യപ്പെടുത്തി പറഞ്ഞതാണ് ധർമ്മം കൊടുക്കുന്നത് നല്ലതാവാൻ വിവിധ നിബന്ധനകളുണ്ട് നല്ല തൃ‌പ്തിയോടെ നൽകുക,അള്ളാഹുവിന്റെ പൊരുത്തം ആഗ്രഹിക്കുക,ധർമ്മം കൊടുക്കുന്നത് അനുവദനീയമായ ധനത്തിൽ നിന്നാവുക

അവന്റെ കയ്യിലുള്ള മാന്യമായതിൽ നിന്നാവുക -ഏറ്റവും താഴ്ന്നതിൽ നിന്നാവരുത്-തനിക്ക് അതിനോട് ഇഷ്ടമുള്ള അവസ്ഥയിൽ തന്നെ നൽകുക,ഏറ്റവും ആവശ്യമുള്ളതിലേക്ക് നൽകുക, രഹസ്യമായി നൽകുക(പ്രശസ്തി ആഗ്രഹിക്കാതിരിക്കുക)കൊടുത്ത ശേഷം അത് എടുത്ത് പറഞ്ഞോ അതിന്റെ പേരിൽ ധർമ്മം ലഭിച്ചവനെ ബുദ്ധിമുട്ടിച്ചോ അതിന്റെ പുറകിൽ കൂടാതിരിക്കുക,എത്ര കൂടുതൽ കൊടുത്താലും അത് അല്പമായി കാണുക,നൽകുന്നവൻ നൽകപ്പെടുന്നവനേക്കാൾ യോഗ്യനാണെന്ന് ധരിക്കാതിരിക്കുക എന്നിങ്ങനെയുള്ള നിബന്ധനകൾ പാലിച്ചു കൊണ്ട് ധർമ്മം ചെയ്യുന്നതിനെയാണ് നല്ല കടം എന്ന് വിശേഷിപ്പിച്ചിരിക്കുന്നത്(റാസി)



ഇരട്ടിപ്പിച്ച് നൽകുമെന്നത് അള്ളാഹു അതിനു ഒരു പാട് പ്രതിഫലം നൽകുമെന്ന വാഗ്ദാനമാണ് പത്ത് മുതൽ എഴുന്നൂറിരട്ടിയും അതിനപ്പുറവുമൊക്കെ നൽകുമെന്ന് പലയിടത്തും വിശദീകരിക്കപ്പെട്ടിട്ടുണ്ട് അള്ളാഹു അവന്റെ പൊരുത്തവും പ്രതിഫലവും ലഭിക്കുന്നവരിൽ നമ്മെ ഉൾപ്പെടുത്തട്ടെ ആമീൻ



അടുത്ത പോസ്റ്റിൽ തുടരും ഇൻശാ അള്ളാഹ്

1 comment:

വഴികാട്ടി / pathfinder said...

"അദ്ധ്യായം 57-സൂറത്തുൽ ഹദീദ്"
മദീനയിൽ അവതരിച്ചു :സൂക്തങ്ങൾ 29

ഹദീദ് : എന്നാൽ ഇരുമ്പ് എന്നാണ്.ഈ അദ്ധ്യായത്തിലെ ഇരുപത്തി അഞ്ചാം സൂക്തത്തിൽ ഇരുമ്പിനെ നാം പടച്ചു എന്ന് പറഞ്ഞതിൽ നിന്നാണ് ഈ നാമം ലഭിച്ചത്