Wednesday, August 26, 2015

അദ്ധ്യായം 53 - സൂറത്തുന്നജ്മ് -ഭാഗം-04


മക്കയിൽ അവതരിച്ചു  ( സൂക്തങ്ങൾ 62)

മുൻ ഭാഗങ്ങൾക്ക് ഇവിടെ ക്ലിക് ചെയ്യുക >>>  ഭാ‍ഗം-01 ,  ഭാഗം-02 , ഭാഗം-03  


(40  മുതൽ  62  വരെ സൂക്തങ്ങളുടെ വ്യാഖ്യാനം )

بسم الله الرحمن الرحيم


റഹ് മാനും റഹീമുമായ അള്ളാഹുവിന്റെ എല്ലാ നാമങ്ങളും പറഞ്ഞ് അനുഗ്രഹം തേടി ഞാൻ ആരംഭിക്കുന്നു
40.  وَأَنَّ سَعْيَهُ سَوْفَ يُرَى

(40)തന്റെ പ്രവർത്തനം പിന്നീട് അവന് കാണിക്കപ്പെടുക തന്നെ ചെയ്യുമെന്നും


ഈ സൂക്തത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ത്വിബ് രി () എഴുതുന്നു. “ഓരോരുത്തരും തന്റെ പ്രവർത്തനത്തിന്റെ പ്രതിഫലം അന്ത്യ നാളിൽ കാണുക തന്നെ ചെയ്യും നന്മക്ക് നന്മയും തിന്മക്ക് തിന്മയും എന്ന നിലക്ക് .ഒരു തെറ്റിന്റെ പേരിലും അത് ചെയ്തവൻ മാത്രമേ ശിക്ഷയനുഭവിക്കേണ്ടി വരികയുള്ളൂ .നന്മയുടെ പ്രതിഫലമാവട്ടെ അത് ചെയ്തവന്നു തന്നെയാണ് നൽകപ്പെടുക.തന്റെ കുറ്റം വേറെ ഒരാൾ ഏറ്റെടുക്കാം എന്ന വ്യവസ്ഥയിൽ ഇസ് ലാമിൽ നിന്നു പുറത്ത് പോയവനെയാണിവിടെ ഉദ്ദേശിക്കുന്നത്.അവന്റെ ജാമ്യം കൊണ്ട് ഒരു കാര്യവുമില്ലെന്നും തന്റെ ശിക്ഷ താൻ തന്നെ അനുഭവിക്കേണ്ടി വരുമെന്നും (കുറ്റം ചെയ്തവനാണല്ലോ ശിക്ഷ അനുഭവിക്കേണ്ടത്) വ്യക്തമാക്കുകയാണിവിടെ” (ഥിബ് രി  27/86)


41. ثُمَّ يُجْزَاهُ الْجَزَاء الْأَوْفَى

(41)
പിന്നീട് അവന് അതിന്റെ പ്രതിഫലം പരിപൂർണ്ണമായി  നൽകപ്പെടുമെന്നും

സൂക്തങ്ങളുടെ അവതരണ പശ്ചാത്തലം നാം നേരത്തേ പറഞ്ഞു.എന്നാൽ അവതരണ ഹേതു എന്ത് തന്നെയായാലും സത്യത്തിൽ നിന്ന് പിൻ മാറുകയും കൊടുത്ത് തീർക്കുകയോ ചെയ്ത് തീർക്കുകയോ ചെയ്യേണ്ട ബാധ്യതകൾ മുഴുവൻ നിറവേറ്റാതെ കുറേ ഭാഗം വിട്ടു കളയുകയും  ചെയ്യുന്നവരെല്ലാം ഇതിൽ ഉൾപ്പെടുന്നുണ്ട്.സത്യം നിഷേധിക്കുകയും ബാധ്യതകൾ നിറവേറ്റാതിരിക്കുകയും ചെയ്യുന്നവർ തങ്ങളുടെ കുറ്റങ്ങൾ മറ്റു വല്ലവരും ഏറ്റെടുക്കുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ  അറിവ് അവർക്ക് എവിടെ നിന്ന് കിട്ടി? അദൃശ്യമായ വല്ല അറിവും ലഭിച്ചിട്ട് അത് മൂലമാണോ ഇത് അവർ മനസ്സിലാക്കിയത്? അതുണ്ടാവാൻ നിവൃത്തിയില്ല കാരണം ഖുർആനിലും പൂർവ്വ വേദങ്ങളിലുമൊന്നും അങ്ങനെയില്ല. അവയിലുള്ളത് നേരേ മറിച്ചാണ് ഏതൊരാളും മറ്റൊരാളുടെ കുറ്റം ഏറ്റെടുക്കില്ല എന്നാണ് വാക്യം മുപ്പത്തിഎട്ടിൽ പറയുന്നത് മഹ് ശറിൽ വെച്ച് മനുഷ്യനു തന്റെ കർമ്മങ്ങൾ കാണിച്ച് കൊടുത്ത് അവനെ ബോധ്യപ്പെടുത്തുകയും പിന്നീട് അതിന്റെ പ്രതിഫലം പൂർണ്ണമായി നൽകപ്പെടുകയും ചെയ്യും അതാണ് 40,41,വാക്യങ്ങളിൽ വ്യക്തമാക്കുന്നത്


42. وَأَنَّ إِلَى رَبِّكَ الْمُنتَهَى


(42) താങ്കളുടെ രക്ഷിതാവിങ്കലേക്ക് തന്നെയാണ് എല്ലാം ചെന്നെത്തുന്നത് എന്നും

എല്ലാ കാര്യങ്ങളുടെയും എല്ലാ ആളുകളുടെയും മടക്കം അള്ളാഹുവിലേക്ക് തന്നെയാണ്.എന്നിട്ട് എല്ലാവർക്കും നല്ലവർക്ക് അതിനനുസരിച്ചും ചീത്ത ചെയ്തവർക്കു അതിനനുസരിച്ചുംഅവൻ തന്നെയാണ് പ്രതിഫലം കൊടുക്കുക


43. وَأَنَّهُ هُوَ أَضْحَكَ وَأَبْكَى

(43)അവൻ തന്നെയാണ് ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നത് എന്നും

എല്ലാം അവന്റെ അധികാരത്തിലും നിയന്ത്രണത്തിലും തന്നെയാണ്.ചിരിപ്പിക്കുന്നതും കരയിപ്പിക്കുന്നതും അതിനുള്ളകാരണങ്ങൾ നിയന്ത്രിക്കുന്നതും അവൻ തന്നെ ഇമാം ഥിബ് രി () എഴുതുന്നു “സ്വർഗ്ഗത്തിൽ പ്രവേശിപ്പിച്ചു കൊണ്ട് സ്വർഗ്ഗക്കാരെ ചിരിപ്പിക്കുന്നതും നരകത്തിൽ കടത്തി നരകാവകാശികളെ കരയിക്കുന്നതും ഭൂമിയിൽ അവനുദ്ദേശിക്കുന്നവരെ ചിരിപ്പിക്കുന്നതും ഉദ്ദേശിക്കുന്നവരെ കരയിപ്പിക്കുന്നതും അവൻ തന്നെ” (ഥിബ് രി 27/87)


44.وَأَنَّهُ هُوَ أَمَاتَ وَأَحْيَا

(44) അവൻ തന്നെയാണ് മരിപ്പിക്കുകയും ജീവിപ്പിക്കുകയും ചെയ്യുന്നത് എന്നും


മരണവും ജീവിതവും അവൻ ഉണ്ടാക്കുന്നതാണ് ഇന്ദ്രിയത്തുള്ളിക്ക് ജീവിതത്തിലേക്ക് പുരോഗതി നൽകുന്നതാണ് ജീവിപ്പിക്കുക എന്നതിന്റെ താല്പര്യം


45. وَأَنَّهُ خَلَقَ الزَّوْجَيْنِ الذَّكَرَ وَالْأُنثَى

(45) അവൻ തന്നെയാണ് ആണ്,പെണ്ണ്എന്നീ രണ്ടിണകളെ  സൃഷ്ടിച്ചതെന്നും


ആൺ പെൺ എന്നിങ്ങനെ ഭിന്ന ലിംഗക്കാരെ സൃഷ്ടിച്ച് ഒരാളെ മറ്റൊരാൾക്ക് ഇണയാക്കി നൽകുക എന്ന അനുഗ്രഹം അള്ളാഹു ചെയ്തത് തന്നെ


46.مِن نُّطْفَةٍ إِذَا تُمْنَى

(46)ഒരു ഇന്ദ്രിയ ബിന്ദുവിൽ നിന്ന്അത് (ഗർഭാശയത്തിൽ) സ്രവിക്കപ്പെടുമ്പോൾ

ഗർഭാശയത്തിൽ സ്രവിക്കപ്പെടുന്ന നിസ്സാരമായ ഒരു ഇന്ദ്രിയത്തുള്ളിയാൽ അത്ഭുതകരമായ മനുഷ്യനെ പുരുഷൻ സ്ത്രീ എന്നിങ്ങനെ ഇണകളായി സൃഷ്ടിച്ചതും അവൻ തന്നെ47. وَأَنَّ عَلَيْهِ النَّشْأَةَ الْأُخْرَى

(47)അവന്റെ മേൽ തന്നെയാണ് മറ്റേ സൃഷ്ടിക്കലും (പുനർജീവിപ്പിക്കലും) എന്നും

ഇങ്ങനെ സൃഷ്ടിച്ച അള്ളാഹുവിന് മരണ ശേഷം നിങ്ങളെ പുനർജ്ജനിപ്പിക്കുന്നതും പ്രയാസമില്ല.ഈ ഇണകൾ മരിച്ച് മണ്ണടിഞ്ഞ ശേഷം പുതിയ ഒരു സൃഷ്ടിയായി അവനെ പുനർജ്ജനിപ്പിക്കുന്ന കാര്യം അള്ളാഹു ഏറ്റെടുത്തിരിക്കുന്നു48. وَأَنَّهُ هُوَ أَغْنَى وَأَقْنَى

(48)അവൻ തന്നെയാണ് (മനുഷ്യനെ) ധനികനാക്കിയതും (ധനത്തിന്റെ) സൂക്ഷിപ്പുകാരനാക്കിയതും എന്നും

ചിലർക്ക് സാമ്പത്തിക ശേഷി നൽകി പരാശ്രയ ജീവിതത്തിൽ നിന്ന് രക്ഷപ്പെടുത്തിയതും സമ്പത്ത് നശിപ്പിച്ച് കളയാതെ സൂക്ഷിച്ച് വെക്കുവാനുള്ള പ്രാപ്തി നൽകിയതും അവൻ തന്നെ.
അള്ളാഹു അവനു ധനം നൽകുകയും അവൻ സംതൃപ്തനാവുകയും ചെയ്തു എന്നും അവനെ തൃപ്തിപ്പെടുത്തി എന്നും. അവനു ധനം നൽകിയ അള്ളാഹു മറ്റു പലരെയും അവനെ ആശ്രയിക്കുന്നവനാക്കി എന്നും അള്ളാഹു ഉദ്ദേശിച്ചവരെ ധനികരും അവൻ ഉദ്ദേശിച്ചവരെ ദരിദ്രരും ആക്കി എന്നും ഇവിടെ വിവിധ വ്യാഖ്യാനങ്ങളുണ്ട് (ഥിബ് രി 27/88)49. وَأَنَّهُ هُوَ رَبُّ الشِّعْرَى


(49)അവൻ തന്നെയാണ് ശിഅ് റാ നക്ഷത്രത്തിന്റെ രക്ഷിതാവ് എന്നും

നല്ല തിളക്കമുള്ള ഒരു നക്ഷത്രമാണ് ശിഅ് റാ എന്നത്.പണ്ട് കാലത്ത് ചില അറബികൾ അതിനെ ആരാധിച്ചു ന്നിരുന്നത് കൊണ്ടാണ് അതിനെ പ്രത്യേകം എടുത്തു പറഞ്ഞത് അജ്ഞാത കാലത്ത് ആരാധിക്കപ്പെട്ട ഈ നക്ഷത്രത്തിന്റെ നാഥൻ അള്ളാഹുവാണെന്ന് പറഞ്ഞതിന്റെ താല്പര്യം ഈ നക്ഷത്രത്തെ ആരാധിക്കുകയും അതിന്റെ ഉടമസ്ഥനെ വിസ്മരിക്കുകയും ചെയ്യുന്ന നിലപാട് ഒഴിവാക്കി യഥാർത്ഥ ആരാധ്യനായ അള്ളാഹുവിനെ ആരാധിക്കുവാനുള്ള ഉപദേശമാണിതിൽ അടങ്ങിയിട്ടുള്ളത് (ഥിബ് രി)50. وَأَنَّهُ أَهْلَكَ عَادًا الْأُولَى

(50)അവൻ തന്നെയാണ് ആദ്യ സമുദായമായ ആദിനെ നശിപ്പിച്ചതെന്നും

ഹൂദ് നബി () യുടെ ജനതയാണ് ആദ് സമൂഹം’ ഇറമിന്റെ മകൻ ആദിന്റെ സന്താന പരമ്പരയാണത്. ശക്തന്മാരും ധിക്കാരികളുമായിരുന്ന അവർ പ്രവാചകാദ്ധ്യാപനങ്ങൾക്ക് നേരേ പുറം തിരിഞ്ഞു നിൽക്കുകയും സത്യത്തെ വെല്ലു വിളിക്കുകയും താക്കീതുകളെ നിരന്തരം അവഗണിക്കുകയും ചെയ്തപ്പോൾ അവരെ അള്ളാഹു ശിക്ഷിച്ചു ഖുർആൻ പറയുന്നു .ആഞ്ഞു വീശുന്ന അത്യുഗ്രമായ കാറ്റു കൊണ്ടാണ് അവർ നശിപ്പിക്കപ്പെട്ടത് തുടർച്ചയായ എഴു രാത്രിയും എട്ട് പകലും കാറ്റിനെ അവരുടെ നേർക്ക് അള്ളാഹു തിരിച്ചു വിട്ടു.അപ്പോൽ കടപുഴകി വീണ ഈത്തപ്പന തടികൾ കണക്കെ ആ കാറ്റിൽ ജനം വീണു കിടക്കുന്നതായി അങ്ങേക്ക് കാണാം

സൂറത്തുൽ ഹാഖ
:യുടെ ആറ്‌,ഏഴ് വാക്യങ്ങളിൽ അള്ളാഹു ഇങ്ങനെ അത് വിശദീകരിച്ചിട്ടുണ്ട്51. وَثَمُودَ فَمَا أَبْقَى


(51)സമൂദ് സമുദായത്തെയും.എന്നിട്ട് (അവരിൽ നിന്ന് ആരെയും) അവൻ ബാക്കിയാക്കിയില്ല

സ്വാലിഹ് നബിയുടെ ജനതയാണ് സമൂദ് പാറകൾ തുരന്ന് അതിന്റെ അകത്ത് മനുഷ്യനു താമസിക്കാനായി സൌകര്യം ഒരുക്കിയ ബുദ്ധി രാക്ഷസന്മാർ.പക്ഷെ സാലിഹ് നബി () എന്ന പ്രവാചകന്റെ കല്പനകൾക്കെതിരിൽ നില കൊള്ളുകയും കുറ്റങ്ങൾ ആവർത്തിക്കുകയും ചെയ്തപ്പോൾ ശക്തമായ ഒരു ശബ്ദം മുഖേന അള്ളാഹു അവരെ നശിപ്പിച്ചു52. وَقَوْمَ نُوحٍ مِّن قَبْلُ إِنَّهُمْ كَانُوا هُمْ أَظْلَمَ وَأَطْغَى

(52)
അതിന്റെ മുമ്പ് നൂഹി ()ന്റെ ജനതയെയും (അവൻ നശിപ്പിച്ചിട്ടുണ്ട്) അവർ ഏറ്റവും അക്രമം ചെയ്തവരും ഏറ്റവും ധിക്കാരം പ്രവർത്തിച്ചവരും തന്നെയായിരുന്നു


എല്ലാ പ്രവാചക വിരോധികളും അക്രമികളാണെങ്കിലും പിന്നീട് വന്ന എല്ലാ ധിക്കാരികളേക്കാൾ അതിക്രമികളായിരുന്നു ഇവർ.നൂഹ നബി (അ) തൊള്ളായിരത്തി അമ്പത് കൊല്ലം രാപ്പകൽ ഭേധമില്ലാതെ തന്റെ  ജനതയെ സത്യത്തിലേക്ക് ക്ഷണിച്ചു എന്നാൽ ജനം അനുകൂലമായി പ്രതികരിച്ചില്ലെന്ന് മാത്രമല്ല ശക്തമായ പരിഹാസവും അക്രമവും കൊണ്ട് നൂഹ് നബി () യെ കഷ്ടപ്പെടുത്തുകയായിരുന്നു അവർ.നൂഹ് നബി () യെ അവർ പലപ്പോഴും അടിച്ചു ബോധം കെടുത്തുമായിരുന്നു പക്ഷെ ബോധം തിരിച്ചു കിട്ടുമ്പോൾ വിവരമില്ലാത്ത ഈ ജനതയോട് നീ പൊറുക്കേണമേ നാഥാ എന്ന് പ്രാർത്ഥിക്കുകയായിരുന്നു മഹാൻ ചെയ്തിരുന്നത്.പക്ഷെ നൂഹ് നബി () യുടെ പ്രബോധനം കേൾക്കാൻ പോലും സന്മനസ്സില്ലാത്ത അവസ്ഥയിലേക്ക് അവർ അഥ:പതിക്കുകയും അവർ നന്നാവുമെന്ന പ്രതീക്ഷയുടെ അവസാന കണികയും നഷ്ടപ്പെടുകയും ചെയ്തപ്പോൾ അവർക്കെതിരെ നൂഹ് നബി () പ്രാർത്ഥിക്കുകയും അള്ളാഹു അവരെ ശിക്ഷിക്കുകയും ചെയ്തു.ഥൂഫാൻ ജല പ്രളയം മുഖേന മുക്കിക്കൊല്ലപ്പെടുകയായിരുന്നു ആ ധിക്കാരികൾ.

53. وَالْمُؤْتَفِكَةَ أَهْوَى


(53) കീഴ്മേലായി മറിഞ്ഞു കിടക്കുന്ന ആ രാജ്യത്തെ അവൻ വീഴ്ത്തി 

ലൂഥ് നബി () യുടെ ജനതയുടെ നാടായ സദൂം ആണ് ഇവിടെ പറഞ്ഞത് മുമ്പൊന്നും കാണാത്ത ഒരു ദുഷ് പ്രവൃത്തിയുടെ വക്താക്കളായിരുന്നു അവർ.സ്വവർഗ്ഗ രതിയിലായിരുന്നു അവർ മുഴുകിയിരുന്നത്.അതിനെതിരിൽ പ്രകൃതി വിരുദ്ധ നിലപാടുകൾ നിർമ്മാർജ്ജനം ചെയ്യാൻ അള്ളാഹു ലൂഥ് നബി () യെ അങ്ങോട്ട് നിയോഗിച്ചു പക്ഷെ ലൂഥ് നബി () യുടെ സദുപദേശം ഉൾക്കൊള്ളുന്നതിനു പകരം നിഷേധത്തിന്റെ ആൾ രൂപങ്ങളാവാനും ധിക്കാരത്തിന്റെ കൊടുമുടിയിൽ കയറി നിന്ന് പ്രവാചകനെ വെല്ലു വിളിക്കാനുമായിരുന്നു അവർ ശ്രമിച്ചത് അപ്പോൾ അള്ളാഹു അവരെ നശിപ്പിച്ചു.നശിപ്പിച്ച രൂപമാണ് കീഴ്മേൽ മറിക്കൽ.

അള്ളാഹുവിന്റെ നിർദ്ദേശപ്രകാരം ഏഴാം ഭൂമിയുടെ അടി മുതൽ പുഴക്കി എടുത്ത് ആകാശത്തേക്ക് ഉയർത്തുകയും ഭൂമിയിലേക്ക് മറിച്ചിടുകയും ചെയ്തു.ഇതാണ് ഒരു വ്യാഖ്യാനംസത്യത്തെ കളവാക്കിയവരെ അള്ളാഹു നശിപ്പിച്ചു എന്നും ഇവിടെ വ്യാഖ്യാനമുണ്ട്
(ഥിബ് രി 27/91)


54.فَغَشَّاهَا مَا غَشَّى


(54)എന്നിട്ട് അതിനെ ആവരണം ചെയ്തതെല്ലാം ആവരണം ചെയ്തു

നാട്ടുകാരുടെ മേൽ കല്ലു മഴ വർഷിച്ചതിനെ സൂചിപ്പിച്ചതാണ് ആവരണം എന്ന് പറഞ്ഞത്.മറിച്ചിടപ്പെട്ട ആഗ്രാമക്കാരുടെ മേൽ പ്രത്യേകം അടയാളപ്പെടുത്തപ്പെട്ട കല്ലുകൾ വർഷിച്ചു.ഓരോരുത്തരുടെയും പേരുകൾ പ്രത്യേകം രേഖപ്പെടുത്തിയ ശക്തമായ തീയിൽ ചുട്ടെടുക്കപ്പെട്ട കല്ലുകളായിരുന്നു അത്.ആ കല്ലുകൾ ഓരോരുത്തരെയും നശിപ്പിക്കാൻ പോന്നവയായിരുന്നു (ഥിബ് രി 27/92) 

55. فَبِأَيِّ آلَاء رَبِّكَ تَتَمَارَى

(55)എന്നിരിക്കെ (മനുഷ്യാ) നിന്റെ രക്ഷിതാവിന്റെ അനുഗ്രഹങ്ങളിൽ ഏതൊന്നിനെക്കുറിച്ചാണ് നീ സംശയിക്കുന്നത്?

മനുഷ്യൻ പ്രത്യക്ഷത്തിൽ അനുഭവിച്ചു കൊണ്ടിരിക്കുന്നതും ചിന്തിച്ചാൽ മനസ്സിലാക്കാൻ കഴിയുന്നതുമായ പല കാര്യങ്ങളും നിരത്തിക്കാട്ടിയ ശേഷം തന്റെ അനുഗ്രഹങ്ങളിൽ സംശയം വെച്ച് പോരുന്ന മനുഷ്യനോട് അള്ളാഹു ചോദിക്കുന്നതിതാണ് നിന്റെ റബ്ബിന്റെ ഏത് അനുഗ്രഹത്തെക്കുറിച്ചാണ് നീ സംശയിക്കുന്നത്? എന്തൊരു ഗാംഭീര്യമുള്ള ചോദ്യം! മേൽ വിവരിച്ച കാര്യങ്ങൾ മുന്നിൽ വെച്ച് കൊണ്ട് ചോദ്യത്തിന്റെ ഗൌരവം ഒന്നാലോചിക്കുക.നബിമാരെ ധിക്കരിച്ചവരും സത്യത്തെ അവഗണിച്ചവരും ദു:ഖിക്കേണ്ടി വരും അതിനാൽ ഓർക്കുക നിഷേധത്തിന്റെ ശൈലി വെടിഞ്ഞ് അനുസരണത്തിന്റെ സ്വഭാവം സ്വീകരിക്കുകയും നാഥന്റെ അനുഗ്രഹത്തിനു യോഗ്യത നേടുകയും ചെയ്യുക ഇതാണിവിടെ നാം ഉൾക്കൊള്ളേണ്ട പാഠം

നബി()യുടെ ഉന്നത നിലപാടും അവിടുത്തേക്ക് സന്ദേശം ലഭിക്കുന്ന മാർഗവും വിവരിച്ച ശേഷം അവിടുത്തെപ്പറ്റിയാണ് താഴെ വിവരിക്കുന്നത്

56.هَذَا نَذِيرٌ مِّنَ النُّذُرِ الْأُولَى


 (56)ഇവർ (നബി -) പൂർവീകരായ താക്കീതുകാരിൽ പെട്ട  ഒരു താക്കീതുകാരനാകുന്നു


മനുഷ്യ സമൂഹത്തിന്റെ ആരംഭം മുതലേ പല താക്കീതുകാരും (പ്രവാചകരും) വന്ന് പോയിട്ടുണ്ട് നബി() കൂട്ടത്തിന്റെ ഭാഗമാണ്. രംഗത്ത് പുതിയതായി പ്രത്യക്ഷപ്പെട്ട ഒരാളല്ല എന്നാൽ അവിടുന്ന് അവസാനത്തെ പ്രവാചകരാണ് ഇനി പ്രവാചകൻ വരാനില്ല

ഞാൻ നിങ്ങളോട് നൽകുന്ന താക്കീതുകളെല്ലാം മുൻ വേദങ്ങളിലും നൽകപ്പെട്ടിട്ടുള്ള താക്കീതുകളാണെന്നും ഇവിടെ വ്യാഖ്യാനമുണ്ട്

57. أَزِفَتْ الْآزِفَةُ

(57)ആസന്നമായ  സംഭവം  (ഇതാ) അടുത്തു കഴിഞ്ഞു

ലോകാവസാനം അടുത്തു കഴിഞ്ഞു ലോകത്തിന് ഇനി കൂടുതൽ ആയുസ്സില്ല അതിനായി ഒരുങ്ങുകയും തിന്മകളിൽ നിന്ന് ഒഴിവാകുകയും ചെയ്യുകഇമാം ഇബ്നു കസീർ () എഴുതുന്നു
സഹ് ലുബ്നു സഅ്ദ് () വിൽ നിന്ന് ഇമാം അഹ് മദ് () ഉദ്ധരിക്കുന്നു. “നബി() പറഞ്ഞു.നിങ്ങൾ നിസ്സാരമായി കാണുന്ന ദോഷങ്ങളെ നിങ്ങൾ സൂക്ഷിക്കണം കാരണം നിസ്സാരമായി കാണുന്ന ദോഷങ്ങളുടെ ഉപമ ഒരു താഴ്വരയിൽ ഇറങ്ങിയ ഒരു കൂട്ടം ജനങ്ങളുടെ ഉപമയാണ്.അവരിൽ ഓരോരുത്തരും മരത്തിന്റെ ചെറിയ ഓരോ ചുള്ളികൾ കൊണ്ട് വന്നു അവ ഉപയോഗിച്ച് അവർക്കാവശ്യമായ റൊട്ടി അവർ ചുട്ടെടുത്തു. ഇത് പോലെ നിസ്സാരമായിക്കാണുന്ന ദോഷങ്ങൾ ധാരാളമായി ചെയ്താൽ വിചാരണ സമയത്ത് ഒരാൾ നശിക്കാൻ അത് മതിയാവും (ഇബ്നു കസീർ 4/378) ഈ ഹദീസിന്റെ താല്പര്യം ഇതാണ്.നിസ്സാരമായി നാം കാണുന്ന തിന്മകൾ ധാരാളം ഒരുമിച്ചു കൂടുമ്പോൾ നമ്മെ പരലോകത്ത് നരകത്തിലെത്തിക്കാൻ അത് കാരണമാവും.ഒരാൾ മരത്തിന്റെ ചെറിയ ഒരു ചുള്ളി കൊണ്ട് വന്നാൽ അത് കൊണ്ട് മാത്രം ഒന്നും ചെയ്യാൻ കഴിയില്ല പക്ഷെ അങ്ങനെയുള്ള കുറേ ചുള്ളികളുണ്ടായാൽ ഭക്ഷണം പാകം ചെയ്യാൻ അത് മതിയാവുമല്ലോ.നിസ്സാരമല്ലേ എന്ന് കരുതി ചെയ്യുന്ന തെറ്റുകൾ ഒരുമിച്ച് കൂടുമ്പോൾ  അത് വലിയ അപകടമാവും (പല തുള്ളി പെരുവെള്ളം എന്ന് പറയാറില്ലെ നാം അത് പോലെ! )

58. لَيْسَ لَهَا مِن دُونِ اللَّهِ كَاشِفَةٌ

(58)അള്ളാഹുവിനു പുറമെ അതിനെ തട്ടിയകറ്റുന്ന  ഒരു ശക്തിയുമില്ല

ലോകാവസാനം വരുമ്പോൾ അതിനെ തട്ടി മാറ്റാനോ തടഞ്ഞു നിറുത്തുവാനോ ഒരു ശക്തിയുമുണ്ടാവില്ലഅത് എപ്പോൾ സംഭവിക്കുമെന്ന് വെളിപ്പെടുത്താൻ അള്ളാഹുവിനല്ലാതെ സാദ്ധ്യമല്ല എന്നും വ്യാഖ്യാനമുണ്ട്

     أَفَمِنْ هَذَا الْحَدِيثِ تَعْجَبُونَ 59

 (59) എന്നിരിക്കെ വാർത്തയെ (ഖുർ ആനെ) ക്കുറിച്ചാണോ നിങ്ങൾ അത്ഭുതപ്പെടുന്നത്


വസ്തുത ഇതായിരിക്കെ ഖുർ ആൻ കേട്ട സമയത്ത് അതിൽ വിശ്വസിക്കുന്നതിനു പകരം അതിനെ നിഷേധിക്കുകയും പരിഹസിക്കുകയുമാണോ ചെയ്യുന്നത്? നബി  () ക്ക് ഈ ഖുർ ആൻ അവതരിപ്പിക്കപ്പെട്ടതിന്റെ പേരിൽ നിങ്ങൾ ആശ്ചര്യപ്പെടുകയാണോ  ഖുർ ആനിലുള്ളത് സത്യമല്ലെന്ന സന്ദേഹം നിങ്ങൾക്കുണ്ടോ എന്നെല്ലാം ഈ ചോദ്യത്തിൽ അടങ്ങിയിട്ടുണ്ട്

 60.وَتَضْحَكُونَ وَلَا تَبْكُونَ


(60)നിങ്ങൾ ചിരിക്കുകയും കരയാതിരിക്കുകയും ചെയ്യുന്നതും?

പരിഹസിച്ച് ചിരിക്കുന്നതിനു പകരം നിങ്ങൾ ചെയ്യേണ്ടിയിരുന്നത് ഇതിന്റെ ഗൌരവം ആലോജിച്ച് കരയുകയായിരുന്നു ഖുർ ആനിൽ അടങ്ങിയിട്ടുള്ള ഗൌരവതരമായ പാഠങ്ങളും ധിക്കാരികൾക്കുള്ള താക്കീതുകളും നിഷേധികൾ അനുഭവിച്ച ശിക്ഷകളുമൊക്കെ ഓർത്ത് കരയുകയും അത്തരമൊരു അപകടത്തിൽ നിന്ന് രക്ഷപ്പെടാനും ശാശ്വത വിജയം കരസ്ഥമാക്കാനുമായി ഖുർആനികാദ്ധ്യാപനങ്ങളെ സ്വീകരിക്കുകയുമല്ലേ ചിന്താ ശേഷിയുള്ളവൻ ചെയ്യേണ്ടത്.അതിനു പകരം ഇതിനെ അപഹസിക്കുകയും തള്ളിക്കളയുകയും ചെയ്യുന്നത് എന്തു മാത്രം ധിക്കാരമാണ്!

 61.وَأَنتُمْ سَامِدُونَ


(61) നിങ്ങളാവട്ടെ അശ്രദ്ധ കാട്ടുന്നവരും വിനോദം കൊള്ളുന്നവരുമാകുന്നു

നിങ്ങൾ ഐഹിക ജീവിതത്തിന്റെ സുഖത്തിൽ ലയിക്കുകയും വരാനിരിക്കുന്ന അപകടങ്ങൾ അവഗണിക്കുകയും ചെയ്യുന്നുവല്ലോ!
 62.فَاسْجُدُوا لِلَّهِ وَاعْبُدُوا

(62) അത് കൊണ്ട് നിങ്ങൾ അള്ളാഹുവിനു സുജൂദ് ചെയ്യുകയും അവനെ ആരാധിക്കുകയും ചെയ്തു കൊള്ളുക

ചിന്താ ശേഷിയുള്ള മനുഷ്യന്റെ കടമ  ഗൌരവതരമായ വിഷയം ഉൾക്കൊള്ളുകയും അള്ളാഹുവിന്റെ വിനീത ദാസനായി അവനെ ആരാധിക്കുകയും അവനു സാഷ്ടാംഗം ചെയ്യുകയുമാണ്. അള്ളാഹുവിനു മാത്രമാണ് നിങ്ങൾ സുജൂദ് ചെയ്യേണ്ടത് മറ്റു ദൈവങ്ങളെ സ്ഥാപിക്കുന്നതും അവകളെ ആരാധിക്കുന്നതും ശരിയല്ല തന്നെ.  ( വാക്യം ഓതിയാൽ ഓത്തിന്റെ സുജൂദ് സുന്നത്തുണ്ട്. )

ഇബ്നു അബ്ബാസ് () പറയുന്നു,നബി() അദ്ധ്യായം പാരായണം ചെയ്തപ്പോൾ സുജൂദ് ചെയ്തു.അവിടെയുണ്ടായിരുന്ന മുസ് ലിംകളും മുശ് രിക്കുകളും ജിന്നും നബി()യോടൊപ്പം സുജൂദ് ചെയ്തതായി ഇമാം ബുഖാരി ഉദ്ധരിഛ്സിട്ടുണ്ട് (ഇബ്നു കസീർ  4/379)
അള്ളാഹുവിന്റെ താക്കീതുകൾ മനസ്സിലാക്കി രണ്ടു ലോക രക്ഷയും സാദ്ധ്യമാവും വിധം ജീവിതത്തെ ക്രമീകരിക്കാൻ അള്ളാഹു നമ്മെയെല്ലാം അനുഗ്രഹിക്കട്ടെ ആമീൻ

ഈ അദ്ധ്യായം പാരായണം ചെയ്താൽ മക്കയിൽ നബി
()യെ അംഗീകരിച്ചവരുടെയും നിഷേധിച്ചവരുടെയും എണ്ണമനുസരിച്ച് പത്ത് നന്മകൾ അള്ളാഹു അവനു നൽകും (ബൈളാവി 2/444)

1 comment:

വഴികാട്ടി / pathfinder said...

ചിന്താ ശേഷിയുള്ള മനുഷ്യന്റെ കടമ ഈ ഗൌരവതരമായ വിഷയം ഉൾക്കൊള്ളുകയും അള്ളാഹുവിന്റെ വിനീത ദാസനായി അവനെ ആരാധിക്കുകയും അവനു സാഷ്ടാംഗം ചെയ്യുകയുമാണ്. അള്ളാഹുവിനു മാത്രമാണ് നിങ്ങൾ സുജൂദ് ചെയ്യേണ്ടത് മറ്റു ദൈവങ്ങളെ സ്ഥാപിക്കുന്നതും അവകളെ ആരാധിക്കുന്നതും ശരിയല്ല തന്നെ